“വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ എന്തുചെയ്യണം?” – എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ല! ശാരീരിക വൈകല്യങ്ങള്‍ മൂലം കുഞ്ഞുങ്ങൾക്ക് ജന്‍മം നല്‍കാന്‍ കഴിയാത്ത ദമ്പതിമാർക്ക് പോലും സസന്തോഷം പുത്രസൌഭാഗ്യം അനുഭവിക്കാവുന്ന കാലമാണിത്. ആധുനിക വൈദ്യശാസ്ത്രത്തിന് സ്തുതി! ഗര്‍ഭപാത്രങ്ങൾ വരെ വാങ്ങാൻ കിട്ടുന്ന ഇക്കാലമാണിത്. അൽപ്പം ഭാഗ്യവും പിന്നെ പണവും ഉണ്ടെങ്കിൽ, ഒന്നിനെയും നമുക്ക് പേടിക്കേണ്ടതില്ല, വിധിയെ പോലും! പക്ഷേ, വിരലിലെണ്ണാവുന്ന ദമ്പതിമാരെ ശാസ്ത്രവും ചിലപ്പോൾ കൈവിടാറുണ്ട്. എന്നാലും സങ്കടപ്പെടേണ്ടതില്ല. അവർക്ക് കുട്ടികളെ ദത്തെടുക്കാമല്ലോ!
പണ്ട് കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ദത്തെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം വര്‍ഷംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആഫ്രിക്ക, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കുട്ടികളെ ദത്തെടുക്കുന്നത് യൂറോപ്പില്‍ ഇന്നൊരു ഫാഷനായി മാറിക്കഴിഞ്ഞു. ദരിദ്ര രാഷ്ട്രങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുക്കുന്ന സെലിബ്രിറ്റികൾക്ക് സമൂഹത്തിൽ വലിയ മതിപ്പാണുള്ളതത്രേ! ഏതായാലും, ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോൾ, ദത്തെടുക്കുന്നതിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിൽക്കുന്ന രാജ്യം അമേരിക്കയാണ്. 2001-ല്‍ മാത്രം, ഏകദേശം 127,000 കുട്ടികളെയാണ് അമേരിക്കക്കാർ ദത്തെടുത്തത്. എന്തായാലും, ദത്തെടുക്കൽ പ്രക്രിയ നാം കരുതുന്നതുപോലെ എളുപ്പമല്ലെന്നതാണ് വാസ്തവം. ദത്തെടുക്കലിലെ നിബന്ധനകളെയും നൂലാമാലകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അതിനെ കുറിച്ച് ആലോചിക്കുന്ന ദമ്പതിമാർക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് കരുതുന്നു.
സിനിമകളില്‍ കാണുന്നതുപോലെ ചുമ്മാതങ്ങ് ആര്‍ക്കും ആരെയും ദത്തെടുക്കാന്‍ സാധിക്കില്ല. നിയമപരമായ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ദത്തെടുക്കല്‍ പൂര്‍ണ്ണമാവൂ. ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച്, ദത്തെടുക്കുന്ന ദമ്പതികള്‍ സാമ്പത്തികമായും ശാരീരികമായും മെച്ചപ്പെട്ട നിലയിലായിരിക്കണം. അതായത്, സാമ്പത്തിക-ശാരീരിക പ്രതിബന്ധങ്ങളില്ലാതെ ഒരു കുട്ടിയെ സസന്തോഷം വളർത്തിക്കൊണ്ട് വരാനുള്ള അന്തരീക്ഷം ദമ്പതികൾക്ക് നിർബന്ധമായും ഉണ്ടാവണം. ക്രിമിനല്‍ റെക്കോര്‍ഡുള്ള ഒരാള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ ഒരു രാജ്യത്തും അനുവാദമില്ല. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 25 വയസുണ്ടായിരിക്കണം. ദത്തെടുക്കുന്ന ആളിന്‍റെ ഏറ്റവും കൂടിയ പ്രായപരുധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ദമ്പതിമാര്‍ രണ്ടുപേരുടെയും വയസ് കൂട്ടിയാല്‍ 99 കവിയാന്‍ പാടില്ലെന്നുള്ളതാണ് അലിഖിതനിയമം. എന്നാല്‍, ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിയുടെ പ്രായം കണക്കിലെടുത്ത ശേഷം, ദമ്പതിമാരുടെ പ്രായപരുധിയില്‍ ഇളവ് ലഭ്യമാണ്. അതായത്, ഒരു വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന വ്യക്തിയുടെ ഉയര്‍ന്ന പ്രായപരുധി 46 വയസാണെങ്കില്‍, രണ്ട് വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന ആളുടെ ഉയര്‍ന്ന പ്രായപരുധി 47 ആണ്. 12 വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന രക്ഷിതാവിന്‍റെ വയസ് 55 വരെ ആകാം. അതുപോലെ, കുട്ടിയുടെ ശാരീരിക-മാനസിക ആവശ്യങ്ങള്‍ പരിഗണിച്ച്, സംസ്ഥാന സര്‍ക്കാരിന് രക്ഷിതാവിന്‍റെ പ്രായപരുധിയില്‍ ഇളവ് വരുത്താനും വകുപ്പുണ്ട്. നവജാതശിശുവിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന്‍റെ പ്രായപരുധി 25-39 ആണ്. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്‍മാര്‍ ദത്തെടുക്കാന്‍ അയോഗ്യരാണെങ്കിലും, അംഗീകൃത ഏജന്‍സികള്‍ വഴി അപേക്ഷിച്ചാല്‍ കുട്ടികളെ നേടാവുന്നതാണ്. എന്നാല്‍, അത്തരം വ്യക്തികള്‍ക്ക് ആണ്‍കുട്ടികളെ ദത്തെടുക്കാന്‍ മാത്രമേ അനുവാദമുണ്ടാകൂ.
1956-ലെ ഹൈന്ദവ ദത്തെടുക്കല്‍ നിയമപ്രകാരം (The Hindu Adoption and Maintenance Act of 1956), ഇന്ത്യന്‍ പൌരന്മാരായ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന മതസ്ഥർക്കെല്ലാവർക്കും കാര്യമായ നിബന്ധനകള്‍ ഒന്നുമില്ലാതെ എത്ര കുട്ടികളെ വേണമെങ്കിലും ദത്തെടുക്കാം. എന്നാല്‍, ഒരേ ലിംഗത്തില്‍പ്പെട്ട രണ്ട് കുട്ടികളെ ദത്തെടുക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നിന്ന് ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൌരന്മാര്‍, NRIs, ഇന്ത്യന്‍ പൌരന്മാരായ ക്രിസ്ത്യാനികള്‍, മുസ്ലീംഗങ്ങള്‍, പാഴ്സികള്‍, യഹൂദര്‍ എന്നിവര്‍ 1890-ലെ രക്ഷകര്‍ത്തൃ നിയമത്തിലെ (The Guardian and Wards Act of 1890) നിബന്ധനകള്‍ കൂടി പാലിച്ചിരിക്കണം എന്നാണ് വകുപ്പ്. ഇതനുസരിച്ച്, ദത്തെടുക്കുന്നയാള്‍ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ “നിയമപരമായ രക്ഷകര്‍ത്താവ്“ മാത്രമായിരിക്കും. അഹിന്ദുക്കളായ രക്ഷിതാക്കള്‍ ദത്തെടുക്കുമ്പോള്‍ അവര്‍ ജുവനയില്‍ ജസ്റ്റിസ് ആക്ടിലെ (Juvenile Justice Act of 2000) നിബന്ധനകള്‍ക്കും വിധേയരാണ്. മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ, ഇഷ്ടാനുസൃതം ദാനം ചെയ്യുകയോ ചെയ്ത കുട്ടികളെ ദത്തെടുക്കുന്ന ദമ്പതികള്‍ മാത്രം ഇപ്പറഞ്ഞ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചാല്‍ മതി.
(ഇന്ത്യന്‍ പൌരനായ ഒരു അഹിന്ദുവിനോ അല്ലെങ്കില്‍ വിദേശിയ്ക്കോ താന്‍ ആഗ്രഹിക്കുന്ന വിധം സുഗമമായി ഇന്ത്യയില്‍ നിന്ന് ദത്തെടുക്കാന്‍ കഴിയില്ലെന്നതാണ് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം. കാരണം, ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ അവര്‍ വെറും ‘രക്ഷകര്‍ത്താക്കള്‍’ മാത്രമായിരിക്കും. ഔദ്യോഗികമായി ഒരു കുട്ടിയെ സ്വപുത്രനായോ പുത്രിയായോ ദത്തെടുക്കാന്‍ നിയമം അഹിന്ദുക്കളെയും വിദേശികളെയും അനുവദിക്കുന്നില്ലെന്നത് കഷ്ടം തന്നെ. ഇന്ത്യയില്‍ നിന്ന് ദത്തെടുക്കുന്നതിന് വിദേശികള്‍ വൈമനസ്യം കാണിക്കുന്നതിനുള്ള പ്രധാന കാരണവും ഈ നിയമമാണ്.)
ദത്തെടുക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തെരഞ്ഞെടുക്കാനുള്ള അനുമതി ലഭിക്കുമോ? ഒരു കുടുംബം ദത്തെടുക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, അവരുടെ ഇഷ്ടമനുഷരിച്ചുള്ള വയസ്, ലിംഗം, നിറം, മതം, ആരോഗ്യം, മറ്റ് ശാരീരിക പ്രത്യേകതകള്‍ എന്നിവ ഒത്തിണങ്ങിയ ഒരു കുട്ടിയെ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍, ഈ ആവശ്യങ്ങള്‍ക്ക് അനുയോജ്യരായ കുട്ടികള്‍ അംഗീകൃത ഏജന്‍സികളില്‍ എപ്പോഴും ലഭ്യമായെന്ന് വരില്ല.
Central Adoption Resource Agency എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യയില്‍ നടക്കുന്ന ദത്തെടുപ്പുകളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചാല്‍ അംഗീകൃത ഏജന്‍സികളെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവില്‍, 75 അംഗീകൃത ഏജന്‍സികളാണ് ഇന്ത്യയില്‍ ഉള്ളത്. അതില്‍ നാലെണ്ണം കേരളത്തിലാണ്. എറണാകുളം, കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിൽ അവ പ്രവര്‍ത്തിക്കുന്നു. (ഇന്ത്യയിലെ മുഴുവന്‍ ഏജന്‍സികളുടെയും ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.)
ദത്തെടുക്കൽ അപേക്ഷയുമായി ഏജൻസികളെ സമീപിച്ച് കഴിഞ്ഞ ശേഷം, ഏജന്‍സികള്‍ അപേക്ഷകന്റെ വീടും ചുറ്റുപാടുകളും സന്ദര്‍ശിക്കുകയും, സാമ്പത്തിക-ആരോഗ്യ-മാനസിക-ധാര്‍മ്മിക-ക്രിമിനല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയാറാക്കുകയും ചെയ്യും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കുട്ടിയെ നിങ്ങള്‍ക്ക് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒറ്റ ദിവസം കൊണ്ടോ, അല്ലെങ്കിൽ മാസങ്ങൾ കൊണ്ടോ അവസാനിക്കുന്ന പ്രക്രിയ അല്ല ഇത്. ദത്തെടുപ്പ് പൂർത്തിയായാലും, കുട്ടിയെ കുറിച്ചുള്ള ക്ഷേമന്വേഷണങ്ങൾ ഏജൻസികൾ തുടർന്നുകൊണ്ടേയിരിക്കും. പരോക്ഷമായ ഇത്തരം അന്വേഷണങ്ങളിൽ കുട്ടി സുരക്ഷിതനല്ലെന്ന് കണ്ടാൽ, ദത്തെടുക്കൽ ചിലപ്പോൾ റദ്ദാക്കപ്പെട്ടേക്കാം.
ദത്തെടുത്ത് കഴിഞ്ഞാലും ചില കാര്യങ്ങൾ ദമ്പതിമാര്‍ മറക്കാൻ പാടില്ല. 1. ദത്തെടുത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് കരസ്ഥമാക്കുക. 2. ദത്തെടുക്കുന്ന കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പിതൃത്വാവകാശം പൂര്‍ണ്ണമായും അസാധുവായതായി ഉറപ്പുവരുത്തുക. 3. ദത്തെടുത്ത കുട്ടിയോട് ആരോഗ്യകരമായി എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് കുടുംബത്തിലെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവബോധം നല്‍കുക.
Central Adoption Resource Agency ആണ് ഇന്ത്യയിലെ ദത്തെടുപ്പുകളെ നിയന്ത്രിക്കുന്നതെന്ന് പറഞ്ഞല്ലോ. ദത്തെടുക്കല്‍ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ദത്തെടുക്കൽ പ്രക്രിയയ്ക്കായി ഒരു പ്രത്യേക സെക്ഷൻ തന്നെ ഈ വെബ്സൈറ്റിൽ ഉണ്ട്. അവിടെ, ദക്ഷിണേന്ത്യയിലെ അതാത് സംസ്ഥാനങ്ങളിൽ ഇന്ന് നിലവിലുള്ള ഓഫീസുകളുടെ മുഴുവൻ വിവരങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും, കൌൺസലിംഗിനും ആ ഓഫീസുകളുമായി ബന്ധപ്പെടണം.
കുറിപ്പ്: ദത്തെടുക്കല്‍ നിയമം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. അമേരിക്കയിലെ നിയമമനുസരിച്ച്, ദത്തെടുക്കുന്ന ദമ്പതികളില്‍ ഒരാള്‍ അമേരിക്കന്‍ പൌരനായിരിക്കണം. വൈവാഹിതരാണ് ദത്തെടുക്കുന്നതെങ്കില്‍ അവര്‍ വിവാഹം കഴിച്ചിട്ട് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തികഞ്ഞിരിക്കണം. ദത്തെടുക്കല്‍ സംബന്ധിച്ച ഈ നിയമങ്ങള്‍ സ്ഥിരമല്ലാത്തതിനാല്‍, ഓരോ രാജ്യത്തെയും നിയമങ്ങളെ കുറിച്ച് അപ്പപ്പോള്‍ അന്വേഷിക്കണം.
ദത്തെടുക്കൽ സംബന്ധിച്ച ഒരു സമഗ്ര പഠനമല്ല ഈ ലേഖനം. ഒരു വഴികാട്ടി. അത്രമാത്രം!
ReplyDeleteസ്വന്തമായി കുട്ടികളെ ഉണ്ടാക്കാനും ദത്തെടുക്കല്‍ നിയമങ്ങള്‍ പാലിക്കണം എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteInformative ആയ പോസ്റ്റ്. ഇതില്‍ ചിലതൊക്കെ ഞാനും അന്വേഷിച്ചിരുന്നു. നന്ദി.
ReplyDeleteഒരു ഏകികൃത സിവിൽ കോഡിനായി ഇനിയും അമാന്തിക്കണോ?
ReplyDeleteഹിന്ദുവിനും അഹിന്ദുവിനും ഓരോ ദത്തെടുക്കൽ നിയമം! കലികാലം തന്നെ...