Monday, January 30, 2012

നിസ്സഹകരണം വരുത്തിയ വിനകള്‍


അഹിംസ ഒരു മനോഭാവമാണ്; യുഗങ്ങളോളം പഴക്കമുള്ള ദർശനം. അതിന്റെ വക്താവായി ജീവിതാവസാനം വരെ സമരം ചെയ്ത നിരവധി നേതാക്കന്മാരെ/ആത്മീയ ഗുരുക്കന്മാരെ നമുക്ക് അറിയാം. അവരിൽ ഏറ്റം സുപരിചിതനായ മുഖമാണ് മഹാത്മാ ഗാന്ധി. "അഹിംസ" എന്ന മതപരമായ/തത്വശാസ്ത്രപരമായ ഒരു ആദര്‍ശത്തെ രാഷ്ട്രീയ മേഖലയിൽ പ്രതിയോഗികൾക്കെതിരെ ഒരു സമരതന്ത്രമായി ഉപയോഗിച്ച ആദ്യവ്യക്തി മഹാത്മാഗാന്ധിയാണെന്ന് തോന്നുന്നു. ആത്യന്തികമായ വിജയം അഹിംസാ മാര്‍ഗങ്ങളിലൂടെ മാത്രമേ ലഭ്യമാക്കാനാവൂ എന്ന ഗാന്ധി ദർശനം ക്രിസ്തുവിന്‍റെയും മുഹമ്മദിന്‍റെയും ഭാരതീയ ഋഷിമാരുടെയും ചിന്തകളുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. അതവിടെ നില്‍ക്കട്ടേ!

ഗാന്ധിയുടെ അഹിംസാ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിസ്സഹകരണം ചെലുത്തിയ സ്വാധീനം അനര്‍വ്വചനീയമാണ്. വെള്ളക്കാർ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ മനപ്പൂര്‍വ്വം ലംഘിക്കുകയും, അവയോട് നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്ത ഗാന്ധിജിയുടെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും നടന്ന സ്വാതന്ത്ര്യസമരങ്ങളെ ഏകോപിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തുവെന്നതിൽ സംശയമില്ല.

എന്നാല്‍, ആ മഹാത്മാവ് നമ്മേ പഠിപ്പിച്ച "നിയമം ലംഘിക്കുക" എന്ന കീഴ്വഴക്കം സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യന്‍ ജനതയുടെ "ശപിക്കപ്പെട്ട സ്വഭാവമായി" മാറി എന്ന സത്യം പറയാതെ വയ്യ. നിസ്സഹകരണ പ്രസ്ഥാനത്തിലെ സമര രീതികളിലൂടെ ഗാന്ധിജി പഠിപ്പിക്കാന്‍ ഉദ്ദേശിച്ച "ആത്മീയതയെ" ഉള്‍ക്കൊള്ളുന്നതിന് അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ/സാമൂഹിക ചുറ്റുപാടുകൾക്ക് സാധിക്കാതെ പോയി എന്നത് ഒരു ചരിത്ര വസ്തുതയാണ്. തികച്ചും അച്ചടക്ക രാഹിത്യത്തിലേക്കുള്ള/"നിയമ ലംഘന ഹീറോയിസ"ത്തിലേക്കുള്ള മഹാത്മജിയുടെ ലൈസൻസായി ഇന്ത്യൻ ജനത നിസ്സഹകരണ പ്രസ്ഥാനത്തെ മുതലെടുത്തുവെന്ന് വേണമെങ്കിൽ പറയാം.

ഉദാഹരണമായി, 1922-ലെ ചൌരി ചൌരാ സംഭവത്തില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതും, അതില്‍ അനേകം പൊലീസുകാര്‍ കൊല്ലപ്പെട്ടതും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധിജി സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും, അതിനെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പരിഷ്ക്കരണ വാദികളായ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ള നല്ലൊരു ശതമാനം വരുന്ന നേതാക്കളും എതിര്‍ക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയേക്കാവുന്ന തിക്തഫലങ്ങളെ കുറിച്ചുള്ള മുന്‍‌കരുതല്‍ ഗാന്ധിജിക്ക് ഇല്ലായിരുന്നുവെന്നതിന് തെളിവുകളാണിവയൊക്കെ. അഹിംസാ മാർഗമായ നിസ്സഹകരണ പ്രസ്ഥാനം നിയമ ലംഘനത്തിനുള്ള ഒരു ലൈസൻസായോ, അതിന് പ്രചോദനം നൽകുന്ന ഒരു തരം ഹിറോയിസമായി യുവമനസുകളിൽ വേരുറയ്ക്കുമെന്ന്, ഈ അച്ചടക്കരാഹിത്യം ഇന്ത്യയുടെ ഭാവിയെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഉള്ള ദീർഘവീഷണം മഹാത്മാഗാന്ധിക്ക് ഇല്ലാതെ പോയി. ആത്മീയതയെയും, പ്രായോഗിക ജീവിതത്തെയും കൂട്ടിക്കുഴയ്ക്കുമ്പോൾ സംഭവിച്ചേക്കാവുന്ന ന്യൂനതയായി ഇതിനെ കണ്ടാൽ മതിയാവും.

സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം 65 വർഷം നമുക്ക് മുന്നോട്ട് വരാം, ഈ വർത്തമാന കാലത്തിലേക്ക്! മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് ഭാരതം. എവിടെ നോക്കിയാലും നിയമലംഘനങ്ങളും അച്ചടക്കരാഹിത്യവും...! സമൂഹിക നിയമങ്ങളെ/കീഴ്വഴക്കങ്ങളെ ബഹുമാനിക്കാനോ, അവയോട് ക്രിയാത്മകമായി പ്രതികരിക്കാനോ കഴിയാത്ത ഒരുതരം കുത്തഴിഞ്ഞ സംസ്ക്കാരം ഇന്ത്യയുടെ മാത്രം സംഭാവനയാണ്. എന്തിനും ഏതിനും സമരം ചെയ്യുക, റോഡിലേക്കിറങ്ങി അരാചകത്വം സൃഷ്ടിക്കുക, റോഡിൽ തുപ്പുക, ചവറുകൾ തെരുവിലേക്ക് വലിച്ചെറിയുക, പൊതുസ്ഥലത്ത് മലമൂത്രവിസർജനം ചെയ്യുക ട്രാഫിക് നിയമം ലംഘിക്കുക എന്ന് തുടങ്ങി യാതൊരുവിധ നല്ല ശീലങ്ങളുമില്ലാത്ത ഭൂരിപക്ഷം! നിയമങ്ങളുണ്ടായിട്ടും തികഞ്ഞ അനാസ്ഥ. ദൗർഭാഗ്യകരമെന്ന് പറയട്ടെ; ഒരു വലിയ ജനതയുടെ നിയമങ്ങളോടുള്ള ബഹുമാനക്കുറവും, അടിസ്ഥാനപരമായ അച്ചടക്കരാഹിത്യവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇവയെല്ലാം നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ചാപിള്ളയാണെന്ന് പറഞ്ഞാൽ അതൊരിക്കലും തെറ്റാവില്ല; ഒന്നുമില്ലെങ്കിലും ഇവയെല്ലാം പരോക്ഷമായിട്ടെങ്കിലും തുടങ്ങിവച്ചത് നിസ്സഹകരണ പ്രസ്ഥാനം തന്നെയാണ്.

മുൻപ് സൂചിപ്പിച്ചതുപോലെ, മതപരമായ ഒരാദര്‍ശമാണ് അഹിംസ. ആത്മീയനായി വളരാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ആത്മീയ മനോഭാവമാണിത്. എന്നാൽ, ഇതിനെ അന്ധമായി രാഷ്ട്രീയത്തിൽ പ്രയോഗിക്കാം എന്ന കണ്ടുപിടുത്തം നടത്തിയ മഹാത്മാഗാന്ധി തന്റെ ശ്രമങ്ങളിൽ എത്രമാത്രം വിജയിച്ചുവെന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്.

ഋഷിവര്യന്മാരും, ക്രിസ്തുദേവനുമൊക്കെ ഉദ്ദേശിച്ച അഹിംസ എന്തെന്ന് ഗാന്ധിക്ക് മനസിലായിക്കാണുമോ? ക്രിസ്തു സ്വയം സഹിച്ചതും ക്രൂശിക്കപ്പെട്ടതും ദൈവരാജ്യം എന്ന "സങ്കല്‍പ്പത്തിന്" വേണ്ടിയായിരുന്നു; മനുഷ്യ ഹൃദയങ്ങളുടെ രാജാവാകാൻ വേണ്ടിയായിരുന്നു.

ദൈവരാജ്യത്തിന് സദൃശ്യമായ ഒരു സാമ്രാജ്യം ഭൂമിയിൽ സ്ഥാപിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചിരുന്നെങ്കില്‍ കുരിശ് വലിച്ചെറിഞ്ഞ് അദ്ദേഹം വാളെടുക്കുമായിരുന്നു. കാരണം, അഹിംസയ്ക്ക് പരിമിതികൾ ഉണ്ട്, ലൗകീകമായ/രാഷ്ട്രീയമായ ഒരു പശ്ചാത്തലത്തിൽ! തീർത്തും ആത്മീയമായ മനോഭാവമാണത്. എന്നാല്‍, ഭഗവത്ഗീതയില്‍ നിന്നും ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നും വായിച്ചറിഞ്ഞ ഈ ആത്മീയ സമീപനത്തെ ഭൗതീകമായ സ്വാതന്ത്ര്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ച മഹാത്മാഗാന്ധി വഴിവിട്ട് സഞ്ചരിക്കുകയായിരുന്നില്ലേ? ഭാഗീകമായെങ്കിലും പരാജയപ്പെടുകയായിരുന്നില്ലേ? അങ്ങനെ തോന്നാറുണ്ട്, പലപ്പോഴും!

Thursday, January 5, 2012

പുല്ലുവില!


പിച്ചരുത്, മാന്തരുത്
ചുവരിൽ വരയ്ക്കരുത്
നഖം കടിക്കരുത്
മൂക്കിൽ കൈയ്യിടരുത്
മൂക്കിള നക്കരുത്
പേപ്പർ ചീന്തരുത്
ചോറ് ചിന്തരുത്
നിക്കറിൽ മുള്ളരുത്
ചോക്ലേറ്റ് തിന്നരുത്
ആരെയും കടിക്കരുത്
മുടിപിടിച്ച് വലിക്കരുത്
സൂചികൊണ്ട് കുത്തരുത്
മണ്ണുവാരിയെറിയരുത്
കൊഞ്ഞനം കുത്തരുത്
വഴക്കിടരുത്
കള്ളം പറയരുത്
കൈ ചപ്പരുത്
ചീപ്പ് കടിക്കരുത്
തുപ്പൽ പതയ്ക്കരുത്
വെള്ളം വായിൽ ചീറ്റരുത്
പെൻസിൽ കടിക്കരുത്
ചോക്ക് തിന്നരുത്
സോപ്പ് പതയ്ക്കരുത്
പഞ്ചസാര കക്കരുത്
പേന തുറക്കരുത്
തുണി കടിക്കരുത്
മൂത്രം പമ്പടിക്കരുത്
കണ്ടവരോട് മിണ്ടരുത്

ക്ലോസറ്റിൽ സോപ്പിടരുത്
വെറുതെ ഫ്ലെഷടിക്കരുത്
ഗ്യാസ് തുറക്കരുത്
കത്തിയെടുത്ത് അറുക്കരുത്
പാത്രം തറയിലിടരുത്
കുപ്പി പൊട്ടിക്കരുത്
പ്ലഗ്ഗിൽ കൈയ്യിടരുത്
സ്വിച്ചിൽ കളിക്കരുത്
പൈപ്പ് തുറക്കരുത്
വീട് എച്ചിലാക്കരുത്
ഫ്രിഡ്ജ് തുറക്കരുത്
ഫോണിൽ കളിക്കരുത്
എണ്ണക്കുപ്പി തുറക്കരുത്
പേപ്പർ കത്രിക്കരുത്
തീയിൽ കളിക്കരുത്
തീപ്പെട്ടി പെളിക്കരുത്
ചുവരിൽ പന്തെറിയരുത്
മോണിറ്ററിൽ തൊടരുത്
DVD എടുക്കരുത്
കണ്ണടയിൽ കൈ വയ്ക്കരുത്
കണ്ണാടി എടുക്കരുത്
പൗഡർ തട്ടിക്കളയരുത്
ന്യൂസ് പേപ്പർ പിരിക്കരുത്
കാർട്ടൂൺ ചാനൽ കാണരുത്
കളിപ്പാട്ടങ്ങൾ ഉടയ്ക്കരുത്
പൈസ വായിലിടരുത്
പേഴ്സ് എടുക്കരുത്
റബർ ചവയ്ക്കരുത്
മെഴുകുതിരി ഒടിക്കരുത്
ഉറക്കത്തിൽ ശല്യപ്പെടുത്തരുത്
മുഷിഞ്ഞ തുണി
വലിച്ചെറിയരുത്
ചെയറിൽ കയറി
അലമാര തുറക്കരുത്

വെളിയിൽ പോകരുത്
ഗേറ്റ് തുറന്നിടരുത്
ഗേറ്റിൽ തൂങ്ങരുത്
വാതിൽ ആഞ്ഞടിക്കരുത്
മണ്ണിൽ കളിക്കരുത്
വെള്ളത്തിൽ ഓടരുത്
നായയെ എറിയരുത്
നായ്ക്കുട്ടിയെ എടുക്കരുത്
അയയിൽ തൂങ്ങരുത്
തവളേം പാറ്റേം
പിടിക്കരുത്
ആരേലും വിളിച്ചാൽ
പോകരുത്
കണ്ടവർ തരുന്നത്
വാങ്ങി തിന്നരുത്
അപരിചിതരെ നോക്കി
ചിരിക്കരുത്
പള്ളിയിൽ ശബ്ദിക്കരുത്
റോഡിൽ വാശിപിടിക്കരുത്
അമ്മയെ നോക്കി
പഠിക്കരുത്....!

അതുകൊണ്ടാണെന്ന് തോന്നുണൂ,
എന്റെ മോന്
എന്നെ ഭയങ്കര വിലയാ;
പുല്ലുവില!

Tuesday, January 3, 2012

ഞങ്ങ പാവങ്ങളാണ്...


വീട് നിറയെ പൂച്ചികൾ...
രാത്രിയായാൽ,
ലൈറ്റിടാൻ തുടങ്ങിയാൽ
വീട് നിറയെ പ്രാണികൾ...

നോക്കൂ...
ആ ചുവരിലേക്ക് നോക്കൂ...
എത്ര തരം പ്രാണികളാണ്!
You name it! കാരണം,
ഇതിങ്ങടെയൊന്നിന്റെയും
പേരെനിക്കറിയില്ല!
വണ്ടുകളാണ് ഭൂരിപക്ഷം,
അതും പല ടൈപ്പിൽ!
നിറവ്യത്യാസമില്ല.
പിന്നെ, തൊട്ടാൽ നാറുന്ന
മറ്റേ പ്രാണി.
ദാണ്ട്രേ, ഒരു തുമ്പി.
കുട്ടിപ്പല്ലി.
ഇവിടെയെവിടെയോ ഒരു
തവളക്കുഞ്ഞ് ഉണ്ടായിരുന്നല്ലോ?
തേടുന്നില്ല...
തേടിയാൽ കിട്ടില്ല.
ജാതകദോഷം, ഹല്ലാതെന്ത്?
കൂട്ടത്തിൽ കൊതുകുകളുമുണ്ട്.
ആൺകൊതുകുകൾ!
ഇത്ര കൃത്യമായി എങ്ങനെ
എന്നല്ലേ?
ബുഹഹഹഹഹാ....
ചുവരിലിരിക്കുന്ന കൊതുകുകൾ
ആൺകൊതുകുകൾ.
നമ്മടെ നെഞ്ചത്തിരിക്കുന്നവ
പെൺകൊതുകുകൾ.
മനസിലായോ?

ഇവയെല്ലാം അപ്രത്തെ പറമ്പീന്ന്
വലിഞ്ഞ് കയറി വന്നതാ!
പറമ്പെന്ന് പറഞ്ഞാ പുഞ്ചപ്പാടം.
എന്തരാണീ "പുഞ്ച" എന്ന് മാത്രം
ചോദിക്കരുത്.
കൊറേ ഏക്കറ് വരും.
അതാണീ വീടിന്റെ
ഏറ്റവും വലിയ അട്രാക്ഷൻ!
പാടത്തിൽ വെള്ളപ്പൊക്കമാണ്;
നാലഞ്ച് നാളത്തെ
മഴ കസറി.
വെള്ളമിറങ്ങാൻ നാളേറെയാവും,
അതുവരെ തങ്ങാനാവും ഇവറ്റകൾ
ഈയുള്ളോന്റെ കുടിയിലേക്ക്
വലിഞ്ഞുകയറിയത്,
ഒരു വാക്കുപോലും
ചോദിക്കാതെ, പറയാതെ!

ഇതൊന്നും ശരിയല്ല, ക്ഷുദ്രജീവികളേ!
വീടിന്റെ കുടുംബസ്ഥൻ ഞാനല്ലേ?
അല്ലേ?
ആ നിലയിൽ
പടി കടക്കും മുമ്പ്
ഒരു വാക്ക്
ചോദിക്കണമായിരുന്നു!
അത് നാട്ടുനടപ്പ്.
നിങ്ങളോടെനിക്കൊരു
വിരോധവുമില്ല.
പക്ഷേങ്കില്,
നിങ്ങളെ കണ്ട് ഇനിയാ
എലികളും, പാറ്റകളും
പഴുതാരകളും
ഈ വീട്ടിൽ കയറി ഞരങ്ങും.
ചിലന്തികൾ വലകെട്ടും.
ശലഭങ്ങൾ കൂടുകെട്ടും.
കടിയെറുമ്പും ചോനന്മാരും
പാളയമടിക്കും.
പിന്നെ,
ഞാനൊരു പോങ്ങനാണെന്ന്
അവറ്റകൾ പറഞ്ഞ് പരത്തും.
കളിയാക്കി ചിരിക്കും.
നിങ്ങളെ പോലെയല്ല...,
വന്നാൽ പോകാത്ത ജാതികളാ....!
അതുകൊണ്ട് ഞാനൊന്ന്
തീരുമാനിച്ചു.
നാളെ തന്നെ, ഈ ജനാലകളിൽ
ഞാൻ നെറ്റടിപ്പിക്കും.
ആറ് മണിയായാൽ,
കതകുകൾ മുഴുവൻ അടയ്ക്കും.
പിന്നേം കടക്കാൻ ശ്രമിച്ചാൽ
ഇലട്രിക് ബാറ്റുകൊണ്ട് അടിക്കും.
ഒന്നും തോന്നരുത്!
ഞങ്ങ പാവങ്ങളാണ്,
ജീവിച്ച് പൊയ്ക്കോട്ടെ!

Monday, January 2, 2012

പനിച്ച് വിറച്ചിരിക്കുമ്പോൾ!

എട്ട് ദിവസമായി തുടരുന്ന പനിയുടെ ജൈത്രയാത്രയ്ക്ക് അഭിവാദ്യങ്ങൾ... ക്രിസ്തുമസിന് നാട്ടിൽ പോയപ്പോൾ തുടങ്ങിയതാണ് ഈ കാച്ചൽ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പനി പോയി. പക്ഷേ, ചെന്നൈയിൽ തിരിച്ചെത്തിയപ്പോൾ പിന്നെയും വന്നു. അതുകൊണ്ടുതന്നെ, ഇത്തവണത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പനിക്കിടയിലെ തുമ്മലും ചീറ്റലുമായി മാത്രം കടന്നുപോവുകയായിരുന്നു. ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല, ഫേസ്‌ബുക്കിൽ ഒരു സ്റ്റാറ്റസ് മെസേജിടാൻ പോലും മൂഡില്ലായിരുന്നു. ഏതായാലും, ഇത്തവണ ക്രിസ്തുമസും പുതുവത്സരവും തകർത്ത് ആഘോഷിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ....!

ചെന്നൈയിൽ കുറേ നാളുകളായി പെയ്യുന്ന കനത്ത മഴ എല്ലാ വിധത്തിലും പ്രതിയോഗിയായി നിൽക്കുകയാണ്. എന്തരായിരുന്നു അതിന്റെ പേര്? "താനെ..." ഹോ, എന്തൊക്കെ പേരുകൾ...!!! സാധാരണ തമിഴ്നാട്ടിൽ താനെ ഒന്നും സംഭവിക്കാറില്ല, ഒന്നുകിൽ അമ്മ ജയലളിത നിനൈക്കണം, അല്ലെങ്കിൽ കരുണാനിധി! "താനെ" എന്ന പേര് കേട്ടപ്പോൾ ആദ്യം അത്ഭുതം തോന്നി.

പറഞ്ഞുവന്നത് പനിയെ കുറിച്ചാണ്. ഉള്ളിലെ മ്ലാനത പുറംലോകത്ത് പ്രതിഫലിക്കുന്നതാണോ എന്നറിയില്ല; എവിടെയും മ്ലാനത. ആർക്കും ഒരു ഉന്മേഷവുമില്ല. ഇനി ഞാനൊരു മ്ലാങ്ങനായതുകൊണ്ട് തോന്നുന്നതാണോ എന്നും അറിയില്ല. എന്തരായാലും, ഇവിടത്തെ ബിരിയാണി കടകളിൽ മാത്രം ഒരു മ്ലാനതയുമില്ല. (നല്ലൊരു പറ്റം ചെന്നൈ നിവാസികൾക്കും ബിരിയാണിയെന്നാൽ ഭ്രാന്താണ്. പൊറോട്ടയും ചിക്കനും കേരളീയരുടെ ദേശീയ ഭക്ഷണമെന്ന് പറയുന്നതുപോലെയാണ് ഇവിടെ ബിരിയാണി.) ഇന്നലെ ഡോക്ടറിനെ പിന്നെയും പോയി കണ്ടു. അദ്ദേഹം നാഡിയും ഹൃദയമിടിപ്പും പരിശോധിച്ച് കുറച്ച് ഗുളികകൾക്ക് എഴുതിത്തന്നു. "രക്തം പരിശോധിക്കണോ ഡോക്ടർ?" "രണ്ട് ദിവസം കഴിഞ്ഞ് പാർക്കലാം! ചളി കുറഞ്ഞാൽ കാച്ചൽ പോവും!" "കുത്തിവയ്ക്കുന്നില്ലേ ഡോക്ടർ?" ഇഞ്ചക്ഷന് അഡീഷണൽ ചാർജ് ലഭിക്കുമല്ലോ എന്ന സന്തോഷത്തിൽ ഡോക്ടർ താമസംവിനാ ചന്തിക്ക് കുത്തി. പണ്ട് ആശുപത്രികളിൽ ഉപയോഗിച്ചിരുന്ന കുന്തം പോലുള്ള സിറിഞ്ച് അല്ലാതിരുന്നതിനാൽ ഒട്ടും വേദനിച്ചില്ല. "നണ്ട്രി ഡോക്ടർ." ക്ലിനിക്കിൽ നിന്ന് വെളിയിറങ്ങിയപ്പോൾ ചന്തിയുടെ പ്രാന്തപ്രദേശങ്ങളിൽ പെട്ടെന്നൊരു വേദന. 'എലിവിഷം കഴിച്ച എലികൾ വീട്ടിന്റെ വെളിയിൽ പോയി ചത്തോളും' എന്ന് പറയുന്ന പരസ്യങ്ങളെ പോലെയാണ് ഇന്നത്തെ കുത്തിവയ്പ്പുകൾ!!!! കുത്തിവച്ചിട്ടും പനി കുറഞ്ഞില്ല. ഇന്നോ നാളയോ പോയി രക്തം പരിശോധിക്കണം.

അതിനിനി, രക്തം എന്നൊരു സംഭവം എന്റെ ഞരമ്പുകളിൽ ഉണ്ടോ എന്തോ? ഒരു ബീഭൽസ സത്വം പോലെ, ആര് കണ്ടാലും ഒന്ന് ഞെട്ടുമാറ് ഒണങ്ങി എല്ലും തോലുമായിരിക്കുന്ന എന്നിലെ അവശേഷിച്ച ആവിയും നീരും പനി കൊണ്ടുപോയിട്ട് കാലം കൊറേ ആയല്ലോ! പനിയെ ഞാൻ കുറ്റം പറയുന്നില്ല, അല്ലേലും പനി എന്ത് പിഴച്ചു? നമ്മ പണ്ടേ ഇങ്ങനാ... എത്ര തിന്നാലും തടി വയ്ക്കില്ല, വിശപ്പിനാണെങ്കീ യാതൊരു കുറവുമില്ല. ഹോ!

ഇത്തവണ നാട്ടിൽ പോയപ്പോഴും തടിയുടെ പേരും പറഞ്ഞ് ചില തൈ കെളവിമാർ ആക്രമിക്കാൻ വന്നിരുന്നു. "നീയാകെ ക്ഷീണിച്ചുപോയല്ലോ" എന്ന സാംസ്ക്കാരിക മര്യാദ ജ്വലിക്കുന്ന കുശലാന്വേഷണത്തിന് പകരം, "നീ ഒണങ്ങി കോലം കെട്ടുപോയല്ലാടേയ്!", "നിനക്കൊന്നും തിന്നാൻ ഇല്ലേടേയ്?", "ഹാ, ഇതാര് ബൈജുവാ..." എന്ന് തുടങ്ങുന്ന പൈശാചികവും മൃഗീയവുമായ കമന്റുകൾ കൊണ്ട് അവറ്റകൾ എന്നെ പഴയ പോലെ തേജോവധം ചെയ്തു. ക്രിസ്തുമസിന്റെ പിറ്റേന്ന് എന്റെ കസിൻ സിസ്റ്ററിന്റെ കല്യാണമായിരുന്നതിനാൽ, കെളവിമാർക്കുണ്ടോ പഞ്ഞം? പക്ഷേ കേളൻ കുലുങ്ങുമോ?

പിന്നെ, ഞാൻ നേരത്തെ പറഞ്ഞ ബീഭൽസത മൂലം, പല വേണ്ടപ്പെട്ട ആളുകൾക്കും എന്നെ കല്യാണപന്തലിൽ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല എന്നതാണ് ഇതിലെ രസകരമായ ഒരു സംഗതി. അങ്ങനെ കുറേ നേരം രക്ഷപ്പെട്ട് നിന്നെങ്കിലും, സംഗതി വൈകാതെ പാളി. മൂന്നും നാലും മക്കളെയും പെറ്റ്, കണ്ടാൽ ഒരു പ്രസ്ഥാനമായി വികസിച്ച് നിന്ന ചില സഹപാഠി പെൺകുട്ടികൾ എന്നെ തൊണ്ടി സഹിതം പിടികൂടി. "ഹല്ല, ഇതാര്? ബൈജുവാ...?" എന്നും പറഞ്ഞ് അടുത്തുകൂടിയ അവർ അധികം വൈകാതെ വിശ്വരൂപം പുറത്തെടുത്തു. ഗ്രാമത്തെ പെണ്ണുങ്ങളായതിനാൽ കിട്ടിയ വെട്ടൊന്നും പാഴായില്ല. എന്നെ കുറച്ചുനാൾ ഉണക്കാനിട്ടിരുന്നെന്നും, നാല് മാസം എനിക്ക് ഭയങ്കര വയറ്റളക്കമായിരുന്നെന്നുമുള്ള ഗോമഡികൾ കാണിച്ച് എന്റെ നേർക്ക് വന്ന സലക മാരകായുധങ്ങളെയും ഞാൻ തടുക്കാൻ ശ്രമിച്ചു. പക്ഷേ, സകല കൂതറ കോമഡി സിഡികളും, സ്റ്റേജ്/റിയാലിറ്റി ഷോകൾ കണ്ട് കോമഡി-സെൻസ് വർദ്ധിച്ച ലവളുമാർ ചിരിച്ചില്ലെന്ന് മാത്രമല്ല, "എന്തരെടാ നീയീ പൊലമ്പണത്?" എന്ന ഭാവേന പരുഷമായി നോക്കുകയും ചെയ്തു. വല്ലച്ചാതി അവിടെ നിന്ന് രക്ഷപ്പെട്ട് ഭക്ഷണഹാളിൽ വന്നപ്പോൾ സദ്യയ്ക്ക് ക്യൂ നിന്ന മറ്റൊരു കൂട്ടം എന്നെ വലയിട്ട് പിടിച്ചു. നാട്ടിലെ പെണ്ണുങ്ങൾക്കും പയലുകൾക്കും എന്നെ കണികാണാൻ കിട്ടുന്നത് ക്രിസ്തുമസ്, ഓണം പോലുള്ള വണ്ടിതടയൽ സീസണിൽ മാത്രമായതിനാൽ, ഗ്രാമത്തിന്റെ എല്ലാവിധ അസാംസ്ക്കാരികതയോടും കൂടി കിട്ടിയ അവസരം അവർ നന്നായി ദുർവിനിയോഗിച്ചു.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. കാരണം, എന്റെ നാട്ടിലെ 20 വയസ് കഴിഞ്ഞ എല്ലാ പയ്യന്മാർക്കും മുടിഞ്ഞ തടിയാണ്. അഥവാ തടി വയ്ക്കുന്നില്ലെങ്കിൽ, പരുത്തിക്കുരുവും പുളിയങ്കുരുവും കൊടുത്ത് തടി വപ്പിച്ചെടുക്കും, അതാണ് അവിടത്തെ രീതി. അത്യാവശ്യം ചെറിയൊരു കുടവണ്ടിയെങ്കിലും ഇല്ലെങ്കിൽ മഹാനാണക്കേടാണെന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും, സ്ത്രീകൾ പ്രത്യേകിച്ച്.... എത്രവേണമെങ്കിലും തടിക്കാം, എന്നാൽ ലേശം പോലും മെലിയാൻ പാടില്ല. ഇതാണ് ഇവിടത്തെ പോളിസി. എന്നെക്കാളും 10 വയസിന് ഇളയ ഒരു ഇരട്ട സഹോദരന്മാർ എന്റെ നാട്ടിൽ ഉണ്ട്. ഇത്തവണ അവരെയും ഞാൻ കണ്ടു. കണ്ടു എന്ന് പറഞ്ഞാൽ അത് ഒട്ടും ശരിയാവില്ല, "കണ്ടുനിന്നു" എന്ന് വേണം പറയാൻ. രണ്ടുപേരും വിത്തുകാളകളെ പോലെ വളർന്നുനിൽക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്ക് മനസിലാവുന്നില്ല. നാട്ടിലെ ഭക്ഷണത്തിന്റെ പ്രത്യേകതയാണോ എന്തോ? ആയിരിക്കും! കൊറേക്കാലം ചെന്നൈയിൽ ജോലി ചെയ്ത് നാട്ടിൽ മടങ്ങിപ്പോയ ഒരു മെലിഞ്ഞ ചെക്കനെ അടുത്തിടെ കണ്ടപ്പോൾ അവനും മുടിഞ്ഞ തടി. ഇതെന്ത് മറിമായം? ഏതായാലും, ചാവുന്നതിന് മുമ്പ് കുറച്ച് നാൾ നാട്ടിൽ പോയി നിന്ന് ഈ തടിയൊന്ന് ശരിയാക്കണം...

ഗുളിക കഴിഞ്ഞാനുള്ള സമയം ആയിവരുന്നു. എന്തേലും കഴിച്ചിട്ട് വേണം ഗുളിക തിന്നാൻ. എത്രതന്നെ പനിയെന്ന് പറഞ്ഞാലും, വിശപ്പിന് മാത്രം യാതൊരു കുറവുമില്ല. അതെങ്കിലും ഉള്ളത് എന്റെ ഭാഗ്യം. കാണാം...!