“I love you too” – എന്ന് ഭാവന.
ആ വെള്ള കടലാസില്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അനന്തുവിന്റെ ചേച്ചിക്ക് അത് ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” കത്തും പൊക്കിപ്പിടിച്ച് അവൾ കൂവി വിളിച്ചു.
“എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ!. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” ചേച്ചിയുടെ കയ്യിൽ നിന്ന് കടലാസ് തട്ടിപ്പറിക്കാൻ അനന്തു ആവത് ശ്രമിച്ചു. “അമ്മേ ഇത് കണ്ടോ, ഇവനെന്നെ ഉപദ്രവിക്കുന്നു” ചേച്ചി വീണ്ടും ഒരു നമ്പര്‍ ഇറക്കി. “എന്താടാ ഇത്?” അമ്മ ഇടയ്ക്ക് കയറി. “ഒന്നുമില്ല!” കടലാസ് കിട്ടാത്തതിന്റെ കുണ്ഠിതം മറച്ച് ചേച്ചിയെ പിന്നിലേക്ക് തള്ളി അനന്തു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയി, അവനൊട്ടും ചേരാത്ത ഗൌരവത്തോടെ! അമ്മയറിഞ്ഞാൽ വിഷയം അച്ഛന്റെ ചെവിയിലുമെത്തുമെന്ന് അനന്തുവിന് നന്നായി അറിയാം.
വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് അനന്തു. അനന്തുവും ചേച്ചിയും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസമേയുള്ളൂ. പക്ഷേ, അവന്റെ അമ്മയാണെന്നാണ് അവളുടെ ഭാവം. അനന്തുവിന്റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക ചേച്ചിയുടെ സ്ഥിരം ഏർപ്പാടാണ്. അനന്തുവിനെ അച്ഛന് വലിയ ഇഷ്ടമാണ്. അതിന്റെ അസൂയയും അവൾക്ക് ഇല്ലാതില്ല. പിന്നെയുള്ളത് ഒരു ചേട്ടൻ. അനന്തുവിനേക്കാൾ അഞ്ച് വയസിന്‍റെ പ്രായ വ്യത്യാസമുള്ള കക്ഷിക്ക് എപ്പോഴും ഗൌരവമാണ്. അധികം ചിരിക്കില്ല, സംസാരിക്കില്ല. അതുകൊണ്ടുതന്നെ, അനന്തുവിന് ചേട്ടനെ അത്ര ഇഷ്ടമല്ല. അവർ തമ്മിൽ അധികം മിണ്ടാറുമില്ല.
ഉച്ചയായപ്പോള്‍ ചേട്ടന്‍ വന്നു. അയാളെ കണ്ട മാത്രയില്‍ ചേച്ചി കത്തും പൊക്കിപ്പിടിച്ച് ചേട്ടന്‍റെ അടുക്കലെത്തി. “ഇത് കണ്ടോ?” അവള്‍ ചോദിച്ചു. “ആരാ ഈ ഭാവന?” കത്ത് വാങ്ങി സസൂഷ്മം നോക്കി അയാള്‍ ആരാഞ്ഞു. “അനന്തുവിന്റെ ക്ലാസിലെ കുട്ടിയാ. അവര്‍ തമ്മില്‍ പൊരിഞ്ഞ പ്രേമമാ.” കള്ളച്ചിരിയോടെ ചേച്ചി വിസ്തരിച്ചു. അയാളുടെ മുഖം ചുവന്നു. “അവനെവിടെ?” അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ ചോദിച്ചു. “രാവിലെ തന്നെ കെട്ടിയെഴുന്നെള്ളി പോയി.” ചേച്ചി അറിയിച്ചു. അത് കേട്ടയുടന്‍ കതക് ആഞ്ഞടച്ച് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴിച്ചു!
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി എതിരെ വന്ന ചേട്ടന്റെ ബൈക്ക് കണ്ട് അനന്തു സൈക്കിള്‍ റോഡിനരികിലേക്ക് അടുപ്പിച്ചു. അനന്തുവിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് അമരുന്ന കടുത്ത സ്വരത്തോടെ ബൈക്ക് നിന്നു. “സൈക്കിള്‍ പൂട്ടി, വണ്ടിയില്‍ കയറ്.“ ചേട്ടന്റെ സ്വരത്തിലെ ആജ്ഞയുടെ ശകലങ്ങൾ അനന്തു തിരിച്ചറിഞ്ഞു. എവിടെ പോകുന്നു എന്നൊന്നും അവൻ ചോദിച്ചില്ല. സൈക്കിള്‍ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് അവൻ ബൈക്കില്‍ കയറി. പിന്നെ, ഞൊടിയിടയില്‍ ഒരു മിന്നായം പോലെ ബൈക്ക് അവിടെ നിന്ന് മറഞ്ഞു.
ഇടതൂര്‍ന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ അവർ സഞ്ചരിക്കുകയാണ്. അച്ഛന് ഭാഗം കിട്ടിയ നൂറേക്കര്‍ റബര്‍ തോട്ടത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് അനന്തു ഊഹിച്ചു. അച്ഛനോ പണിക്കാരോ ആരെങ്കിലും തോട്ടത്തിലുണ്ടാവും. എന്തെങ്കിലും ജോലി ചെയ്യാനുമുണ്ടാവും. അനന്തു കരുതി. തോട്ടത്തിലെത്തിയപ്പോള്‍ അച്ഛനുമില്ല, പണിക്കാരുമില്ല. അനന്തുവിന് സംശയം തുടങ്ങി. “നമ്മളെന്താ ചേട്ടാ ഇവിടെ?” മനസില്ലാമനസോടെ അവൻ ചോദിച്ചു.
“എനിക്ക് നിന്നോടല്‍പ്പം സംസാരിക്കാനുണ്ട്!“ ബൈക്കിന്റെ സ്റ്റാന്റിട്ട് ചേട്ടൻ ഇറങ്ങി. പിന്നെ, അടുത്തു നിന്ന അനന്തുവിന്റെ കണ്ണുകളെ ഈമ്പിയെടുക്കാനെന്ന പോലെ മുഖമടുപ്പിച്ച് ചോദിച്ചു: “ആരാടാ ഈ ഭാവന?” “എന്‍റെ ക്ലാസിലെ കുട്ടിയാ” അനന്തു അസ്വസ്ഥനായെങ്കിലും പറഞ്ഞൊപ്പിച്ചു. “നീയും അവളും തമ്മില്‍?” ചേട്ടന്റെ ചോദ്യം കേട്ട് അനന്തു പരുങ്ങി. എന്ത് പറയണമെന്നറിയാതെ വിഷമിച്ചു. “പറയെടാ” അയാളുടെ ശബ്ദം ഉയര്‍ന്നു. “അവളെന്‍റെ സുഹൃത്താ” അനന്തു പറഞ്ഞു. “കള്ളം പറയുന്നോടാ…. പട്ടി.” അയാളുടെ അടിയേറ്റ് അനന്തു വീണു. പിന്നെ ഒന്നും ഓർമ്മയില്ല, അവനെ ഉപേക്ഷിച്ച് ബൈക്ക് അവിടെ നിന്ന് പോയത് പോലും!
എതിരേ വീശുന്ന കാറ്റിനെ തുളച്ച് ബൈക്ക് അതിവേഗം നീങ്ങുന്നു. കാറ്റിൽ അയാളുടെ മുടി പാറിപ്പറക്കുന്നു. സായംസന്ധ്യയുടെ സ്വര്‍ണ്ണ കിരണങ്ങൾ അയാളുടെ മുഖത്തടിക്കുന്നു. എന്നിട്ടും, മുഖം പ്രസന്നമാകുന്നില്ല. കുണ്ടും കുഴികളും അവഗണിച്ച് ബൈക്കിന്‍റെ ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. എതിരെ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോൾ ആ ചക്രങ്ങള്‍ പെട്ടെന്ന് നിന്നു. സഡൺ ബ്രേക്കിന്റെ പെട്ടെന്നുള്ള അലർച്ച കേട്ട് പെണ്‍കുട്ടി നടുങ്ങി, അവള്‍ ഭാവനയായിരുന്നു! തനിക്ക് കുറുകേ നിൽക്കുന്ന ബൈക്കുകാരനെ ഒഴിഞ്ഞ് മാറി അവൾ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. “നിക്കടീ” അയാൾ അലറി. “നിനക്ക് പ്രേമിക്കാന്‍ ആ പട്ടിയെ മാത്രമേ കിട്ടിയുള്ളോ?“ അവൾ അയാളെ നോക്കി. ആ കണ്ണുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഞാനൊരു മണ്ടനെന്ന് നീ കരുതിയോ? നിന്‍റെ പുറകേ നടക്കാന്‍ എനിക്ക് അത്ര ഭ്രാന്തൊന്നുമില്ല. നിനക്കെന്നെ ഇഷ്ടമല്ലെങ്കില്‍ അത് നേരിട്ട് പറയണം. അല്ലാതെ, അനുജന് പ്രേമലേഖനം നൽകി എന്നെ വെറും വിഡ്ഢിയാക്കരുത്.” അയാളുടെ തൊണ്ടയിടറി. പിന്നെ കണ്ണുകള്‍ നിറഞ്ഞു, അതിൽ കോപത്തിന്റെയും നൈരാശ്യത്തിന്റെയും ലവണങ്ങൾ കലർന്നിരുന്നു. നിയന്ത്രണം നഷ്ടമാവുകയാണെന്ന് മനസിലാക്കിയ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനൊരുങ്ങി. അവള്‍ അയാളുടെ കൈയ്യില്‍ കടന്നുപിടിച്ചു. കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീഴുന്നതൊന്നും ഗൌനിക്കാതെ അവൾ ആ കൈ അമർത്തി, പിന്നെ ചോദിച്ചു: “എന്ത് പറ്റി, അനന്തു കത്ത് തന്നില്ലേ?”
(ചിത്രം കടപ്പാട്: ഗൂഗിൾ)
എന്തായിരിക്കും അവന്റെ പ്രതികരണം?
ReplyDeleteകഥയെ പൂർത്തിയാക്കുന്നത് എഴുതപ്പെടാത്ത ഈ ചിന്തകളാണെന്ന് തോന്നുന്നു.
ഇതിനെയല്ലെ 'communication gap' എന്നു പറയുന്നത്? :)
ReplyDeleteഎഴുത്തു നന്നായി.
കഥയിൽ യുക്തിക്ക് നിരക്കാത്തത് ചിലത് കാണുന്നു..
ചേട്ടനു തന്നെ അവൾ ഏല്പ്പിക്കാത്തതെന്ത്?
അനിയനോട് എന്തു കൊണ്ട് അവൾ കാര്യങ്ങൾ പറഞ്ഞില്ല?
എന്നൊക്കെ ചോദ്യങ്ങൾ വരും..
എഴുത്ത് തുടരൂ. ആശംസകൾ.
കഥയില്‍ ചോദ്യമില്ല ല്ലേ.
ReplyDeleteബൈജു ചേട്ടാ..എനിക്കിഷ്ടായി..വളരെ നന്നായിട്ടുണ്ട്..ആശംസകള്‍..
ReplyDeleteGood
ReplyDeleteആദ്യവരവിലും, വായനയിലും ഇഷ്ടപ്പെട്ടു.. നന്നായി എഴുത്ത്...
ReplyDeleteബൈജൂസ്... നന്നായിരിക്കുന്നു.. ഇഷ്ടപ്പെട്ടു.. :)
ReplyDeletegood one
ReplyDeleteഇഷ്ടപ്പെട്ടു......നന്നായിരിക്കുന്നു.....
ReplyDeleteഅതോ അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോ?
ReplyDeleteGood!!!!!!!!!!!
ReplyDeleteBest of luck!!!