Showing posts with label death. Show all posts
Showing posts with label death. Show all posts

Sunday, April 15, 2012

ഒരു മാടപ്രാവിന്റെ രക്തം!


കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, ചിലപ്പോൾ അപ്രസക്തമെന്നും മറ്റ് ചിലപ്പോൾ അർത്ഥവത്തെന്നും തോന്നാറുള്ള ഒരു സംഭവമാണ് ഈ പോസ്റ്റിനാധാരം! ഞാനപ്പോൾ ഹൈസ്കൂളിൽ പഠിക്കുകയാണ്..., എട്ടിലോ ഒൻപതിലോ! അധികം ആരുമായും സംസാരിക്കാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടാതെ, വഴക്കിനോ വക്കാണത്തിനോ പോകാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന, പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെടുന്ന, നാണംകുണുങ്ങിയും, ശാന്തനും, അന്തർമുഖനുമായ ഒരു നാടൻ പയ്യനായിരുന്നു ഞാൻ!

എന്റെ ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കുട്ടികളും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവർ, ഏതാണ്ടിതേ സ്വഭാവക്കാർ തന്നെ, കാലത്തിന്റെ കുത്തൊഴുക്കിൽ പലരും പിന്നീട് മാറിയെങ്കിലും! തെക്കൻ കേരളത്തിൽ 80-കളിലും 90-ന്റെ ആദ്യപകുതിയിലും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളാണ് അതിനുള്ള പ്രധാന കാരണമെന്ന് ഞാൻ കരുതുന്നു. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. അവിടെയുള്ള കുട്ടികളെല്ലാം മാതാപിതാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും വിധേയരായിരിക്കും. തെറ്റ് ചെയ്താൽ തല്ല് ഉറപ്പാണ്. തല്ല് എന്ന് പറഞ്ഞാൽ പല തരം തല്ലാണ്. പേരക്കമ്പി, പുളിയങ്കമ്പ്, ചൂല്, മടൽ, തുടുപ്പ്, കയറ് എന്നിങ്ങനെ പോകുന്ന വിവിധ ഗുണമേന്മയിലുള്ള തല്ലുകൾക്ക് പുറമേ തല്ലുകളുടെ പശ്ചാത്തലവും മാറാം. തെറ്റിന്റെ കാഠിന്യമനുസരിച്ചാണ് ഇത്. മാവിലോ പ്ലാവിലോ കെട്ടിയിട്ട് തല്ലുക, ദേഹത്ത് മീറിൻ കൂട് പൊട്ടിച്ചിടുക, വിരളമായ ഘട്ടങ്ങളിൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കുക... ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവർക്കും തല്ല് കിട്ടുക എന്നൊരു ഐറ്റവും അന്നുണ്ടായിരുന്നു. (എന്റെ വീട്ടിൽ, തെറ്റ് ചെയ്തത് അനിയാണെങ്കിലും അടി കോമൺ ആണ്. ഏതെങ്കിലുമൊരു കുട്ടിയോട് പക്ഷപാതം കാട്ടിയെന്ന ചിന്ത വരാതിരിക്കാനാണ് അത്തരമൊരു നടപടിയെന്ന് അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോൾ ഇന്നത്തെ കുട്ടികൾ മഹാഭാഗ്യവാന്മാരാണ്. ഞങ്ങൾ വാങ്ങിയ തല്ലിന്റെ പകുതിയെങ്കിലും നിങ്ങക്ക് കിട്ടിയിരുന്നെങ്കിൽ നീയൊക്കെ പണ്ടേ നന്നായിപ്പോയേനേ!) ഞാനെന്റെ ജീവിതത്തിൽ വാങ്ങിക്കൂട്ടിയ അടിയുടെ മുക്കാൽ ശതമാനവും വാങ്ങിക്കൂട്ടിയത് സ്കൂളിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾ ഓഫീസിൽ പോകുന്നത് പോലെയാണ് സ്കൂളിൽ പോകുന്നത്. പണ്ട് അങ്ങനെയല്ല. സാറന്മാർ ക്ലാസിൽ വരുന്നത് തന്നെ തല്ലാനാണ്; കൈയ്യിൽ പുസ്തകം ഇല്ലെങ്കിലും ഒരു ചൂരൽ നിശ്ചയമായും കാണും. സാറ് എന്നെ അടിച്ചുവെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ ക്ലാസിൽ ചെയ്ത തെറ്റിന് വീട്ടിൽ നിന്നും കിട്ടും അടി.

അതുപോലെ, ഇന്നത്തെപോലെ കുട്ടികൾക്ക് അന്ന് സമൂഹത്തിൽ (വീട്ടിനുള്ളിലെ കാര്യമല്ല) മുന്തിയ പരിഗണനയോ, അനാവശ്യ ശ്രദ്ധയോ, പരിലാളനയോ കിട്ടിയിരുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. കല്യാണ വീടുകൾ, വാഹനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സിറ്റ് ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, മുതിർന്നവർ ചോദിച്ചാൽ അപ്പോ എഴുന്നേറ്റ് കൊടുത്തേക്കണം! അപരിചിതരായ മുതിർന്നവർക്ക് പോലും കുട്ടികളെ ശാസിക്കാൻ അധികാരമുണ്ടായിരുന്നു. എന്നെ പോലുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടിപ്പോയാൽ മൂന്നോ, നാലോ ജോഡി. അതിലപ്പുറം തുണി ഉണ്ടാവാറില്ല. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് ഇലട്രോണിക്സ് വിപ്ലവത്തിന്റെ അഭാവം! ഇന്നത്തെ പോലെ എല്ലാ വീടുകളിലും അന്ന് ടിവി ഇല്ല. കേബിൾ ടിവി ഇല്ല. മൊബൈൽ ഫോണില്ല... ഇതൊന്നും ഇല്ലാത്ത ആ കാലഘട്ടത്തെ കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഞാന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ശിലായുഗത്തിലായിരുന്നോ എന്ന് സംശയിച്ച് പോവാറുണ്ട്. ഏതായാലും, ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ കുട്ടികൾ താരതമ്യേന മിത-ഉൽസുകരോ, മന്ദരോ ആയിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വിധം ഉല്ലസിക്കാനോ, overexcited ആവാനോ ഉള്ള ഉപാധികൾ ഇല്ലാതിരുന്നതുകൊണ്ടാവാം ഞാനടക്കമുള്ള കുട്ടികൾ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, അച്ചടക്കമുള്ളവരും ദൈവഭയമുള്ളവരും, മൂല്യബോധമുള്ളവരോ ഒക്കെയായി മാറിയത്.

ഇത്രയും വായിച്ച് കഴിഞ്ഞിട്ട്, "പട്ടച്ചാരായം കുടിക്കും പോലെ" ഡ്രൈ ആയിരുന്നു എന്റെ കുട്ടിക്കാലമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! കറണ്ടടിച്ച കുട്ടിക്കാലം എന്ന പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ചൂടുള്ള പല അനുഭവങ്ങളെയും കൊണ്ട് സമ്പന്നവുമായിരുന്നു അത്, ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തവ, ഞങ്ങൾക്ക് മാത്രം ലഭിച്ച സൗഭാഗ്യം എന്ന് കരുതാവുന്നവ....!

കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്... പോകുംവഴി വാഴത്തോപ്പിൽ കയറി കൂമ്പിൽ വിരിഞ്ഞ പോളയടർത്തി തേൻ കുടിക്കുക... പിന്നെ, കൂമ്പിടിച്ച് അകത്തിരിക്കുന്ന മൃദുവായ ഭാഗം തിന്നുക. വയലുകളിലും തോടുകളിലും മൂഞ്ചൂട്ട കൊണ്ട് ഞണ്ട് പിടിക്കുക... തെങ്ങിൻ ചോട്ടിൽ വീണുകിടക്കുന്ന വലിയ വെള്ളയ്ക്കകളിൽ തുളയിട്ട് പുളിച്ചുതുടങ്ങിയ ഇളനീർ കുടിക്കുക... പിന്നെ, ദേഹത്തിലൊട്ടിയ സകലമാന ചേറോടും കൂടി കുളത്തിലേക്ക് കുതിക്കുക... വെള്ളത്തിലെ കളികൾ വേറെ! തൊട്ടുകളി, മുങ്ങാങ്കുഴിയിടൽ, താമരപറിക്കൽ, കരണംമറിയൽ, ചങ്ങാടം തുഴയൽ.... കുളിയും കളിയും ഒരു പരുവമായി ദേഹം ചൊറിഞ്ഞ് തുടങ്ങുമ്പോൾ, കരയിൽ ഉപേക്ഷിച്ച ചകിരിയിൽ അവശേഷിച്ച സോപ്പുകൊണ്ട് ദേഹം പതയ്ക്കുക. പിന്നേം വെള്ളത്തിലേക്ക് കരണം മറിയുക. ഒടുവിൽ, നീന്താൻ ഒരിറ്റ് ജീവൻ ബാക്കിയില്ലെന്ന് വരുമ്പോൾ, നല്ല വെള്ളത്തിൽ കുളിച്ചുകയറാനെന്നും പറഞ്ഞ് കുളത്തിന് നടുവിലോ ഏതെങ്കിലും മൂലയിലോ പോയി കലങ്ങാത്ത വെള്ളത്തിൽ ഔദ്യോഗിക സ്നാനം നടത്തുക. പിന്നെ തല തുവർത്തി വീട്ടിലേക്ക്... ഇനി ഈ വാനരപ്പട കണ്ടുമുട്ടുന്നത് അടുത്തുള്ള കൃഷ്ണക്ഷേത്രത്തിലെ ഭജനയ്ക്കാണ്. ഭക്തി മൂത്തിട്ടൊന്നുമല്ല; ഭജന കഴിഞ്ഞിട്ട് ക്ഷേത്രത്തിൽ എന്നും "പ്രസാദം" (അരി പായസം) വിളമ്പും. അതിനാണെങ്കിൽ ഒടുക്കലത്തെ മധുരവും. ക്ഷേത്രക്കുളത്തിലെ താമരയിലയിൽ വിളമ്പിയ പായസം നഖം ഇലയിൽ തൊടാതെ (നഖം താമരയിലയിൽ കൊണ്ടാൽ പായസം കയ്ക്കും) വളരെ ശ്രദ്ധിച്ച് ചൂടോടെ കഴിക്കുക. പിന്നെ, കൂടെ കിട്ടാറുള്ള പൊരിയും പഴവും വഴി നീളെ തിന്ന് വീട്ടിലേക്ക് മടങ്ങുക. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാവും... സ്പെഷ്യൽ ട്യൂഷനുകളില്ല, സീരിയൽ ഭ്രമമോ ടെലിവിഷൻ കമ്പമോ ഇല്ല. അതുകൊണ്ടുതന്നെ, അക്കാലത്ത് കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു, പ്രകൃതിയെയും അതിന്റെ വരദാനമായ ജീവിതത്തെയും ശരിക്കാസ്വദിക്കാൻ!

പുട്ടിന് തേങ്ങായിടുന്നത് പോലെ അൽപ്പനേരം എന്റെ ബാല്യകാലചരിതം പറഞ്ഞെന്നേയുള്ളൂ... കുട്ടിക്കാലത്ത് എന്തൊക്കെ കളികൾ കളിച്ചുവെന്ന് പറഞ്ഞാലും, എന്തുമാത്രം കുസൃതികൾ കാണിച്ചുവെന്ന് പറഞ്ഞാലും, അടിസ്ഥാനപരമായി ഞാനൊരു അന്തർമുഖനായിരുന്നു. എല്ലാം കഴിഞ്ഞാൽ ഒന്നുമറിയാത്ത കുട്ടീടെ ഭാവം! ഈ അന്തർമുഖതയിൽ നിന്ന് പുറത്തുവരുന്നത് കൂട്ടുകാരെ കാണുമ്പോഴായിരുന്നു... അപ്പോഴൊക്കെ എന്തെങ്കിലും ഒരബദ്ധം ഞാൻ കാണിക്കാറുണ്ട്.

പള്ളിപ്പെരുന്നാൾ അടുത്ത് വന്ന സമയമായിരുന്നു അത്. ഞാനന്ന് അൾത്താര ശുശ്രൂഷകൻ, നീണ്ട് മെലിഞ്ഞ ഒരു പയൽ! കുർബാനയ്ക്ക് ശേഷം ഞാനടക്കമുള്ള അൾത്താര ബാലന്മാരെ അച്ചനും യുവജനങ്ങളും പള്ളിയിൽ തന്നെ പിടിച്ച് നിർത്തി. പെരുന്നാൾ വരുന്നതിനാൽ, പള്ളിയുടെ കൂരയിലും ഉത്തരത്തിലും മറ്റുമിരിക്കുന്ന മാറാലകളും പ്രാവിൻ കൂടുകളുമെല്ലാം വൃത്തിയാക്കണം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച് തുടങ്ങിയിരുന്ന ഉത്തരത്തിൽ മുതിർന്ന ആളുകൾക്ക് കയറാൻ ഒരു മടി. തന്നെയുമല്ല, ഇത്തരം ജോലികൾ ചെയ്യാൻ മരംകേറികളായ ഞങ്ങൾ കുട്ടികൾക്ക് വലിയ ഉൽസാഹവുമായിരുന്നു. തന്നെയുമല്ല, പള്ളിക്ക് വേണ്ടി ഇത്തരം കടുപ്പമുള്ള ജോലികൾ ചെയ്താൽ അച്ചൻ ഞങ്ങളെ പള്ളിമേടയിൽ കൊണ്ട് പോയി വേണ്ട വിധം സൽക്കരിക്കുമെന്ന് ഞങ്ങൾക്കറിയാം. (അക്കാലത്ത്, പള്ളിമേടയിൽ പെട്ടെന്നൊന്നും ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. കൂടിപ്പോയാൽ സ്വീകരണമുറി വരെ. അച്ചൻ ഉപയോഗിക്കുന്ന കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവിടങ്ങളിൽ അച്ചനുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, അതും അത്യാവശ്യമെങ്കിൽ മാത്രം. പള്ളിമേടയിലെ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഉണ്ടാവും. പള്ളിയോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ നിന്നുള്ള, പഴുക്കാൻ വച്ചിരിക്കുന്ന കുലകളോ, മാമ്പഴങ്ങളോ അങ്ങനെ പലതും... അതിൽ നിന്ന് ഒരു പഴമോ മാമ്പഴമോ കിട്ടുക എന്നുപറഞ്ഞാൽ വലിയ കാര്യമായിരുന്നു, അന്നൊക്കെ.)

ചേട്ടന്മാരെല്ലാം ചേർന്ന് നടുവ് വളഞ്ഞ ഒരു ഏണി എവിടെനിന്നോ കൊണ്ടുവന്നു. എല്ലാരും കൂടി അതിനെ ചുവരിൽ ചാരി, ഓരോരുത്തരെയായി മുകളിലേക്ക് കയറ്റി. കുറച്ചുപേർ കഴിഞ്ഞ പെരുന്നാളിന് കെട്ടിയ തോരണങ്ങൾ നീക്കുന്നു, മറ്റുചിലർ മാറാലകൾ അടിക്കുന്നു, പിന്നെ ഒരു ത്രില്ലിന്റെ പേരിൽ അനാവശ്യമായി മുകളിൽ കയറിയ ചില ആശാന്മാർ ഉന്നതത്തിൽ നിന്നുള്ള അൾത്താരയുടെ വ്യൂ ആസ്വദിക്കുന്നു... ഇടക്കിടെ, ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. മാറാലകൾ അടിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ആൾപാർപ്പില്ലാത്ത ഏതാനും പ്രാവിൻ കൂടുകളും, അണ്ണാറക്കണ്ണന്റെ ചകിരിക്കൂടും വാരി താഴെയിട്ടു. ഒരുവശത്ത് കൂടി കയറി, ജോലിയെല്ലാം പൂർത്തിയാക്കി, മറ്റൊരു വശത്തുകൂടി താഴെ ഇറങ്ങുകയാണ് സാധാരണ പതിവ്. അങ്ങനെ, ജോലിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ഒരു പ്രാവിൻ കൂട് ശ്രദ്ധയിൽ പെടുന്നത്. മേൽക്കൂരയിൽ കുറുകെ വച്ചിട്ടുള്ള തടിയിൽ ഞാന്ന് കിടന്ന് ഞാൻ പ്രാവിൻ കൂട്ടിലേക്ക് തലനീട്ടി. നോക്കുമ്പോൾ, പൂട കിളിർക്കാത്ത രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ! "അണ്ണാ.... രണ്ട് പ്രാവണ്ണാ!!!" ഞാൻ വിളിച്ചുപറഞ്ഞു. "എടുക്കട്ടാ?" പിന്നെ ചോദിച്ചു. "ഓ... നീ എട്," ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഒരു ചേട്ടൻ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിൽ പ്രാവുകളെ വളർത്തുന്ന കുട്ടികൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ എടുത്ത് അവർക്ക് കൊടുക്കാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. അപ്പോഴാണ് ആരോ പറഞ്ഞത് മാടപ്രാവുകളെ വീട്ടിൽ വളർത്താൻ പാടില്ലത്രേ! അവറ്റകൾ കുറുകിയാൽ വീടിന് ദോഷം വരും! അപ്പോ, ഇനിയെന്ത് ചെയ്യും? വളർത്താനാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ സൂക്ഷിച്ച് ഇറക്കിയാൽ മതി. കൊല്ലാനാണെങ്കിൽ അതിന്റെ ആവശ്യമില്ല, ജോലിഭാരവും കുറയും! ഒടുവിൽ, പ്രാവിൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ടന്ന സ്ഥിതിയായപ്പോൾ ഒരു കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. നല്ല ഭാരം...! (പ്രായപൂർത്തിയായ പ്രാവുകളെക്കാൾ, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ഭാരവും വലിപ്പവും ഉണ്ടായിരിക്കും.) രണ്ടും കൽപ്പിച്ച്, മനസില്ലാമനസോടെ ആ കുഞ്ഞിനെ ഞാൻ താഴേക്കിട്ടു, ഏതാണ്ട് പത്ത്-പതിനഞ്ചടി മുകളിൽ നിന്ന്! പൊത്തോന്നൊരൊറ്റ വീഴ്ച! വീഴ്ചയുടെ ആഘാതത്തിൽ അത് കാഷ്ടിച്ചു, വയറിളകിയ പോലെ! "ചത്താടേയ്?" മുകളിലിരുന്ന് ഞാൻ കേട്ടു. "ഇല്ല!" ഹോ, ആശ്വാസം! അടുത്തതിനെയും അതുപോലെ താഴേക്കിട്ടു. പക്ഷേ, ആ വീഴ്ചയിൽ ആ പ്രാവിൽ നിന്ന് തെറിച്ചത് ചോരയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ, വീണയുടനെ അത് ചത്തു. ഞാൻ താഴെയിറങ്ങി.

വൃത്തിയാക്കൽ കഴിഞ്ഞതിനാൽ ചേട്ടന്മാരെല്ലാം ഏണിയുമായി പോയി. പള്ളിയുടെ വാതിലുകളെല്ലാം പൂട്ടി, താക്കോൽ മേടയിൽ വച്ചിട്ട് വീട്ടിലേക്ക് പോവുക എന്ന ജോലി മാത്രമേയുള്ളൂ ഇനി ഞങ്ങൾക്ക്. വീട്ടിൽ ചെന്നയുടൻ കളിക്കാൻ പോകേണ്ടുന്നതിനാൽ, ഞങ്ങൾ ചിലർ അതിവേഗം വാതിലുകളെല്ലാം പൂട്ടി. പക്ഷേ, താഴെ കിടക്കുന്ന പ്രാവുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലല്ലോ! "ഇതിനെ എന്തര് ചെയ്യോടേയ്?" "തൂക്കി വെളിയിലെറിയടേയ്!" കൂട്ടുകാർ നിർദ്ദേശിച്ചു. ചത്ത പ്രാവിനെ തൂക്കി വെളിയിൽ കൊണ്ട് പോയി അടുത്തുള്ള പറമ്പിലേക്ക് ഒറ്റയേറ്റ്! പുളിമരത്തിന്റെ മുകളിൽ കൂടി അത് എങ്ങോട്ടോ പോയി. പിന്നെ, പള്ളിയിലേക്ക് തിരിച്ചുകയറി അടുത്ത പ്രാവിനെ എടുത്തു. അതിന് ജീവനുണ്ട്. ഏതായാലും നുമ്മ ഇതിനെ കൊല്ലാൻ പോവുകയാണ്! അതിന് മുമ്പ്, ഇത് കൊണ്ടെന്തെങ്കിലും പരീക്ഷണം കാണിച്ചാലോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ, കൂട്ടുകൂടിയാൽ ഏത് അന്തർമുഖനും കുരുത്തം കെട്ടവനാവും. കൂട്ടുകാർ കൂടെയുള്ള ധൈര്യത്തിൽ, പ്രാവിനെ കൈകളിലെടുത്ത് ഞാൻ ചുറ്റും നോക്കി! അപ്പോഴാണ് മുകളിൽ ചുറ്റുന്ന ഫാനിനെ ഞാൻ കാണുന്നത്. അത് നല്ല ഐഡിയാ....! ചുറ്റുന്ന ഫാനിലേക്ക് ഇതിനെ എറിഞ്ഞുനോക്കിയാലോ? നല്ല രസമായിരിക്കും! ഫാനിന്റെ താഴെ പോയി നിന്ന്, റെഡി വൺ ടു ത്രീ പറഞ്ഞ് പ്രാവിനെ മുകളിലേക്ക് എറിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, മുകളിലേക്കുള്ള പോക്കിലും താഴേക്കുള്ള വരവിലും ഫാനിന്റെ പങ്കകളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ, ഒരു പോറൽ പോലും ഏൽക്കാതെ, പ്രാവ് എന്റെ കൈകളിലേക്ക് തന്നെ വന്നുവീണു. അങ്ങനെ വിട്ടാ പറ്റില്ലല്ലോ! ഒന്നിൽ പിഴച്ചാൽ മൂന്നിൽ - എന്നാണല്ലോ പ്രമാണം! ഞാൻ പ്രാവിനെ വീണ്ടും മുകളിലേക്ക് എറിഞ്ഞു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല. അതിവേഗം ചുറ്റുന്ന പങ്കകളിൽ തട്ടി ഛിന്നഭിന്നമായ പ്രാവിന്റെ ശരീരവും രക്തവും നാലുപാടും തെറിച്ചു. എന്റെ മുഖത്തും ഉടുപ്പിലുമെല്ലാം ചോര! കളറിൽ മുക്കിയ ബ്രഷ് ക്യാൻവാസിൽ കുടഞ്ഞതുപോലെ! അത്തരമൊരു നീണ്ട വർണ്ണചിത്രം പള്ളിയുടെ ചുവരിലും പ്രത്യക്ഷപ്പെട്ടു! കുടലും തലയും വേർപെട്ട് അവിടമാകെ ചിതറിക്കിടക്കുന്നു. ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നുപോയി! ഇതാണോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്? തികഞ്ഞ കുറ്റബോധത്തോടെ ഞാൻ വീട്ടിലേക്ക് പോയി.

കേവലം വെറുമൊരു പ്രാവിൻ കുഞ്ഞ്...! ആ ജീവിയോട് കാണിച്ച ക്രൂരത എന്നെ വേട്ടയാടാൻ തുടങ്ങി! ഭക്ഷണം കഴിക്കാനാവാതായി! എന്തെങ്കിലും വായിൽ വയ്ക്കുമ്പോൾ ഉടൻ ഓക്കാനം വരിക.... പ്രാവിൻ രക്തത്തിൽ രൂപം കൊണ്ട ചുവർചിത്രത്തിന്റെ ഓർമ്മകൾ എന്നെ ഭയപ്പെടുത്തി.... ഇതുപോലൊരു അന്ത്യം എനിക്കുണ്ടായാൽ...? രണ്ട് മൂന്ന് നാളത്തെ മാനസിക വൃഥയ്ക്കൊടുവിൽ എല്ലാം സാധാരണ ഗതിയിലായി. എങ്കിലും, ആ സംഭവത്തെ കുറിച്ചോർത്ത് ഞാനിന്നും പരിതപിക്കുന്നു. നിഷ്ക്കളങ്കയായ ഒരു പ്രാവിൻ കുഞ്ഞിന് ജീവൻ നിഷേധിച്ചതുകൊണ്ടല്ല; അതിലുപരി, എനിക്കെന്തോ വിവരിക്കാൻ കഴിയാത്ത മറ്റൊന്തോ കാരണങ്ങൾ മൂലം...!

Monday, June 20, 2011

ഞാനിനി ഇതു വഴിയില്ല

വാൾമുനയിൽ
ഊറി നില്‍ക്കും
രക്തത്തുള്ളി പോലെൻ
കണ്ണീര്‍ കണങ്ങള്‍!
കണ്മുനയിൽ
ഊറി നിന്നെൻ
കാഴ്ച മറയ്ക്കുന്നു
അശ്രുകണങ്ങള്‍!

ഇന്നലെ കഴിഞ്ഞ
ദുരന്ത നാടകം
മായാതെ നില്‍പ്പൂ
കണ്ണുകൾക്കുള്ളിൽ!
പിറകോട്ട് ചെന്നവ
തിരുത്തിക്കുറിക്കാൻ
ആവുമോ? ഇനി ഞാൻ
ഇനി ഇതു വഴിയില്ല!

ജനനം മുതൽ
ഈ നിമിഷം വരെ
അശ്രുകണങ്ങള്‍
എന്റെ തോഴന്‍!
എന്നെ ഓര്‍ത്ത്
എന്നും കരയുവാന്‍
എന്‍ കണ്ണുകളെങ്കിലും
ഉണ്ടായല്ലോ!

പണിതീരും മുമ്പേ
ഒലിച്ചുപോയെന്‍
മണിഗോപുരങ്ങള്‍!
കെട്ടിയുയർത്താൻ
ആവില്ല അവയിനി,
കാലങ്ങളായി നിനച്ചതെല്ലാം.

പോകുന്നു ഞാനെൻ
ഗേഹം തേടി.
പോകുന്നു ഞാനെൻ
സത്യം തേടി.
തിരികെ വിളിക്കരുത്,
എന്നെ ആരും!
തിരിഞ്ഞുനിൽക്കാൻ
ശേഷിയുമില്ല!
എന്നെ മറന്നേക്കൂ...
ഞാൻ പോകട്ടെ!

നടപ്പിന്റെ വേഗം
ഇനിയും കൂട്ടണം
ലോകാതിർത്തി വന്നാലും
പിന്നെയും നടക്കണം!
അങ്ങനെയെങ്കിലും
എൻ ഭൂതകാലത്തിൽ
നിന്നെനിക്ക്
ഓടിയകലണം,
വിദൂരത്തിലെത്തണം.

ഇനിയൊരു വരവില്ലെന്ന്
കാണുമ്പോൾ
കണ്ണുകൾ ആവേശം കാട്ടുന്നു,
പലതും,
അവസാനമായിട്ട്
കണ്ടു തീർക്കാൻ!
എങ്കിലും, ഞാനിനി
തിരിഞ്ഞുനോക്കില്ല!
എനിക്കാവില്ല, പിന്നെയും
ദുരന്ത സ്മരണകളെ
തട്ടിയുണർത്താൻ!

തമ്മില്‍ കാണാനിടയില്ല തീരമേ,
തിരികെയെത്താനിടയില്ല ഓളമേ,
ഇനിയെന്നെ കാണാന്‍
കൊതിക്കുന്ന നേരം
രാത്രി ആകാശസീമയിൽ
പരതി നോക്കാം!

Sunday, May 22, 2011

മലകള്‍ക്ക് ഉയരം പോരാ!


ഉയര്‍ന്ന മല
“എങ്കില്‍ ഇതുമതി!”
മനസിൽ ഉറപ്പിച്ചു.
പിന്നെ ആലോചിച്ചില്ല,
കിതപ്പുകളോടെ വലിഞ്ഞുകയറി.

പാറകൾ... വൻ വിടവുകൾ
ചരലുകൾ... വൻ താഴ്ചകൾ
ദാഹം... തലയ്ക്ക് മീതെ സൂര്യൻ
വിയർപ്പ്... കുത്തിനോവിക്കുന്ന
കുറ്റിച്ചെടികൾ...
എല്ലാം അവഗണിച്ച്
കയറ്റം തുടരുകയാണ്.

കല്ലുകള്‍ക്കൊട്ടും ഗ്രിപ്പില്ല
ഹവായ് ഇട്ടത് ഭാഗ്യം!
മനസിൽ കരുതി.
എങ്കിലും,
കാലുകൾ വിറച്ചു
ധമനികള്‍ വീർത്തു
കണ്ണുകൾ തൂങ്ങി
തല പമ്പരം ചുറ്റി
യാതനകളെല്ലാം സഹിച്ച്
കയറ്റം തുടരുകയാണ്.

എവിടെയെങ്കിലും
ഒന്നിരുന്നാലോ?
ശരീരം ചോദിച്ചു.
മുകളിൽ ചെന്നിട്ട് മതീന്ന്
മനസ്. കെഴങ്ങൻ!
ഇവനൊന്നുമറിയണ്ട!
ശരീരം പിറുപുറുത്തു.
അങ്ങനെ, സകലവും താങ്ങി
ഒരു വിധേന മുകളിലെത്തി.

മലയുടെ ഉന്നത ശിഖിരം
കാല് വഴുതിയാല്‍ തീര്‍ന്നു.
ഒരു നിമിഷം നിശബ്ദം,
ഉള്ളിലിരുന്ന് മനസ് ചോദിച്ചു
“ഹല്ലാ.. ഞാനെന്തിനീ മല കയറി?”

മരിക്കാന്‍!
ഓ! അക്കാര്യം ഞാന്‍ മറന്നു.

എല്ലാം മടുത്തു!
ദിവസമെല്ലാം ഒരു പോലെ,
ചെയ്തവ ചെയ്തും, കേട്ടവ കേട്ടും
ഒന്നിനും പുതുമകളില്ല!
എന്നും ഒരേ മുഖങ്ങള്‍
ഒരേ ഭാര്യ, ഒരേ സെക്സ്,
ഒരേ വീട്, ഒരേ ഓഫീസ്!
ഒന്നിനും “ഒരു ഇതില്ല”,
ഐ മീൻ ത്രില്ലില്ല.
തൊട്ടറിയാനിനി മരണം മാത്രം!
അതുകൂടി പരീക്ഷിച്ചു കളയാം

എങ്കിലുമൊരു ചെറുഭയം!
വീണുചിതറും, എല്ലുകള്‍ തകരും
പിടിവിട്ടാല്‍ വിട്ടതുതന്നെ.

“എങ്കിലുമിനി പുറകോട്ടില്ല“
ശ്വാസമടക്കി, കണ്ണുകളിറുക്കി…
ഛേയ്! മുന്നില്‍ ബ്ലൂ ഫിലിം റോളുകള്‍!
“കണ്ണടക്കാനും സമ്മതിക്കില്ല!”
അല്ലെങ്കില്‍ വേണ്ട, കണ്ണടക്കണ്ട,
എല്ലാം കണ്ടുതന്നെ മരിക്കാം.

ട്രയലുകൾ നോക്കാനാവില്ല
ആവുമായിരുന്നെങ്കിൽ
നാലഞ്ച് തവണ
ചാടിച്ചത്തുനോക്കാമായിരുന്നു.
ഇനി വേറെ വഴിയില്ല
ഈശ്വരനെ ധ്യാനിച്ച് ശക്തി കടം വാങ്ങി
അമ്മയോട് യാത്രാമൊഴി ചൊല്ലി
ഭാര്യയ്ക്ക് ഭാവുകങ്ങൾ നേർന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല.
ശ്വാസമടക്കി വായുവില്‍ കുതിച്ചു,
കൊക്കയിലേക്ക് സ്വയം വലിച്ചെറിഞ്ഞു

ഭാരമില്ലാതെ പറക്കുന്നു,
ആഴങ്ങളിലേക്ക് ഗമിക്കുന്നു
പാറകള്‍ മുന്നില്‍ തെളിയുന്നു
ദൂരമിങ്ങനെ കുറയുന്നു
അങ്ങനെ, എന്നുടല്‍ ഛിന്നിച്ചിതറുന്നു!

ശൂന്യത,
നിശബ്ദത!
“ചത്തിട്ടില്ല”
ഉള്ളില്‍ ആരോ പറഞ്ഞു.
ശ്വാസമുണ്ട്, വേദനയുമില്ല.
അതെന്താ അങ്ങനെ?
മലയ്ക്ക് ഉയരം പോരായിരുന്നോ?
പുല്ലിന്‍ മീതെ വീണതാണോ?
ആരെങ്കിലും വല വച്ചതാണോ?
ഹേയ്!
എങ്കിലും സംശയം!
കണ്ണുകൾ പതിയെ തുറന്നു.

തലയ്ക്ക് മീതെ ഉഷാ ഫാന്‍!
ചുവരില്‍ ട്യൂബ് ലൈറ്റ്!
അരികില്‍ പല്ലി,
അതിന് താഴെ കട്ടില്‍!
കട്ടിലിന് താഴെ ഞാൻ!
തൊട്ടടുത്ത് രണ്ടുണ്ട കണ്ണുകള്‍
അവയിൽ ഭാര്യയുടെ പുശ്ചം!

Saturday, May 14, 2011

മരണാനന്തര ജീവിതത്തിലൂടെ (Life after Death)


1991 ജനുവരി 9. ഓസ്ട്രേലിയയിലെ ഒരാശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അൻപത്തെട്ടുകാരൻ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. വീട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പുകൾ എടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കെന്നിന് വീണ്ടും ഒരസ്വസ്ഥത അനുഭവപ്പെടുന്നത്. അദ്ദേഹത്തെ പരിചരിച്ചിരുന്ന നേഴ്സുമാരും ഡോക്ടർമാരും ഓടിക്കൂടി. കെന്നിന് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും അടിയന്തിര നടപടികൾ ആരംഭിക്കുകയും ചെയ്തു. എങ്കിലും, മിനിറ്റുകൾക്കുള്ളിൽ കെൻ മരിച്ചു. കെന്‍ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ച ശേഷം മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിച്ചു. പരിഭ്രാന്തനായ മോർച്ചറി അധികൃതർ മരണത്തിൽ നിന്ന് ജീവനിലേക്ക് തിരിച്ചുകയറുന്ന ഒരത്ഭുത പ്രതിഭാസത്തിന് സാക്ഷികളാവുകയായിരുന്നു. മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് കെൻ ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്. ശാസ്ത്രവും മതവും ഒരു പോലെ നിശബ്ദമായ നിമിഷങ്ങൾ! ഒന്നിന് പിറകെ മറ്റൊന്നായി ആയിരക്കണക്കിന് ചോദ്യങ്ങൾ! ഒടുവിൽ തന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്താൻ കെൻ തയാറാവുകയും പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തു. ജിജ്ഞാസയുടെ പാര‌മ്യത്തിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

“There was blackness, Time no longer existed. There was no fear and no pain. Suddenly, I started to move forward, slowly but with a goal. I felt weightless, floating. A vastness of light appeared in the distance and all my thoughts were concentrate towards this space. As I drifted closer, there appeared to be a form within the light. There was a face but I could not clearly define it – as if it were a painting that had been smudged. But there were two arms outstretched and they were very clear, very definite. I went to the base of the light and, as the arms raised in what I took as a gesture of welcome, I felt ecstatic. There was no voice but, in my consciousness, I was made aware that I must return to my physical body – that there were things back on earth I was required to do.”

2008-ൽ, ‘സേതുലക്ഷ്മി’ എന്ന എന്റെ പഴയ ബ്ലോഗിൽ ഈ പോസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുമ്പോൾ, ഫാത്തിമ എന്ന മലയാളി അഭിപ്രായമായി കുറിച്ചിട്ട സ്വന്തം അനുഭവത്തെ ഉദ്ധരിക്കുക ഉചിതമെന്ന് കരുതുന്നു. അതിങ്ങനെയാണ്:

“i became aware of this blog from Malayala Manorama… i became very excited when i went through this blog… bz i am a person with the same experiences… when i was 10 years old, i was in a comma stage and later passed through the phase of death as a result of brain infection (viral encephalitis). according to my doctor, “it was a miracle”. later i shared my near-death-experiences with my close relatives and friends… and received different opinions from them. but now i am wondering that how this similarities happened to me and a person in Australia…. about one year before his experience…”

Near-death experience (NDE) എന്ന് വിളിക്കപ്പെടുന്ന ഇത്തരം അനുഭവങ്ങൾ കെൻ, ഫാത്തിമ എന്നീ രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. 1992-ല്‍ നടന്ന സര്‍വേ അനുസരിച്ച്, 80 ലക്ഷം അമേരിക്കക്കാർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. “മരിച്ചു” എന്ന് വിധിയെഴുതിക്കഴിഞ്ഞ ശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന ആളുകളുടെ അനുഭവങ്ങൾ നമ്മുടെ നാട്ടിലും വിരളമല്ല, ഫാത്തിമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം!

മതപരമായ പൊടിപ്പും തൊങ്ങലുകളും കൂട്ടിച്ചേർത്ത് ഒരു കൂട്ടം ആളുകൾ ഇത്തരം അനുഭവങ്ങളെ മതവൽക്കരിക്കരിക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ ഇതിനെയൊക്കെ മതിഭ്രമമെന്നോ മാനസിക വിഭ്രാന്തിയെന്നോ ആരോപിച്ച് പുശ്ചിച്ച് തള്ളുകയാണ് പതിവ്. ഏതായാലും, വിഷയവുമായി ബന്ധപ്പെട്ട മതവും ശാസ്ത്രവും ഉന്നയിക്കുന്ന വാദഗതികളിലേക്ക് കടക്കും മുമ്പ് മരണാനന്തരാനുഭവങ്ങളെ (near-death experience) കുറിച്ചുള്ള ചില പൊതുവായ വസ്തുതകൾ കൂടി നമുക്ക് നോക്കാം.

ചില പൊതുവായ വസ്തുതകൾ

1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് മരണാനന്തരാനുഭവങ്ങളെ കുറിച്ചുള്ള ചർച്ചകളും അന്വേഷണങ്ങളും ഊർജ്ജിതമായത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections and The Last Laugh എന്നിവയാണ് അവയിൽ സുപ്രധാനമായവ. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?

മരിച്ചതായി (എന്താണ് മരണം എന്നതിനെ കുറിച്ച് ലേഖനത്തിന്റെ ശേഷഭാഗങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്) വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യാശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയിലൂടെ മരണം സംഭവിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ അധികമായി ഉണ്ടായിട്ടുള്ളത്. ഇത്തരം അനുഭവസ്ഥരുടെ അനുഭവങ്ങൾക്കെല്ലാം ഒരു സാർവത്രീക സ്വഭാവം ഉണ്ടെന്നുള്ളതാണ് ഇതിലെ രസകരമായ വസ്തുത. അതായത്, താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക, മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക... തുടങ്ങിയ അനുഭവങ്ങളെല്ലാം പൊതുവായി എല്ലാവരിലും സംഭവിക്കുന്നു, അതിന്റെ സ്വഭാവത്തിലും കാഠിന്യത്തിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും! മരണാനന്തരാനുഭവങ്ങളിൽ സാർവത്രീകമായി സംഭവിക്കാവുന്ന അനുഭവങ്ങൾ ഒൻപതാണ്. ഡോ. മൂഡിയുടെ പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുള്ള ആ അനുഭവങ്ങൾ താഴെ പറയുന്നവയാണ്;

1. തുടര്‍ച്ചയായ മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.

2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.

3. താന്‍ ശരീരത്തിന് പുറത്ത് പുറത്ത് വന്നതായി അനുഭവിക്കുക: ഈ അനുഭവമുണ്ടായ പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ടത്രേ, പിന്നെ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും, പൂർവകാല ജീവിതത്തെ കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കും.

4. ടണലിലൂടെ അതിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഇരുണ്ട ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥരുടെ മാറുന്ന മതവിശ്വാസങ്ങൾ അനുസരിച്ച്, ചിലർക്ക് ആ പ്രകാശം ക്രിസ്തുവായും മറ്റുചിലർക്ക് മാലാഖയായും തോന്നിയിട്ടുള്ളതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അത് പ്രകാശം മാത്രമായിരിക്കും. ടണലിലൂടെയുള്ള യാത്രക്കിടയിൽ വല്ലാത്ത ഉന്‍‌മേഷവും സ്വാതന്ത്രവും അനുഭവിച്ചതായും, ചിലർക്ക് ഭയവും അനുഭവപ്പെട്ടതായും മൂറിന്‍റെ പഠനം പറയുന്നു. ഏതായാലും, ഈ അനുഭവം നരകത്തിലേയ്ക്കുള്ള യാത്രയായി ആർക്കും തോന്നിയിട്ടില്ലെന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു..

5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെയും ഗാലക്സികളെയും സൂഷ്മദർശിനിയിലൂടെന്ന പോലെ വളരെ അടുത്ത് കാണാന്‍ കഴിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.

6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുന്നതാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും, അവര്‍ തന്നെ അഭിവാദനം ചെയ്തതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിശ്വപ്രഭ എന്നൊക്കെ വിളിക്കാവുന്ന പടുകൂറ്റൻ പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ള അനുഭവമാണ് അടുത്തത്. ദൈവദര്‍ശനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.

8. അതിനുശേഷം, ആ പ്രകാശത്തിന് മുന്നില്‍ വച്ച്, ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം ഒരു അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നുവെന്ന് അവർക്കപ്പോൾ മനസിലായെന്നും അനുഭവസ്ഥര്‍ പറയുന്നു.

9. വിശ്വസമമായ ആ പ്രകാശം അവരോട് തിരികെ പോകാന്‍ പറയുന്നതാണ് അവസാനമായി ഉണ്ടാവുക. ജീവിതത്തിലേയ്ക്ക് തിരികെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടതായും, എന്നാല്‍ ജീവിച്ചിരുന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ ഒടുവിൽ തീരുമാനിച്ചതായും അനുഭവസ്ഥർ പറയുന്നു. പിന്നെ, പ്രകാശത്തിന് മുന്നിൽ നടക്കുന്ന സംഭാഷണങ്ങൾ ശാബ്ദികമായിരുന്നില്ലെന്നും (non oral communication), അത് being-to-being എന്ന തരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സംഭാഷങ്ങൾക്കിടയിൽ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അതിനൊക്കെ അവർ മറുപടി പറഞ്ഞതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി: “Are you prepared to die?”, “Are you ready to die?” “What have you done with your life to show me?”,  “What have you done with your life that is sufficient?”, “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!

താഴെപ്പറയുന്ന ഉദ്ദരണി ഒരാളുടെ അനുഭവമാണ്. ഇത് വായിച്ചാല്‍ കുറേക്കൂടി ഉള്‍ക്കാഴ്ച കിട്ടുമെന്ന് കരുതുന്നു.

“…there are not really words to describe this. Everything was very black, except that, way off from me, I could see this light. It was a very, very brilliant light, but not too large at first. It grew larger as I came nearer and nearer to it. I was trying to get to that light at the end… and I was trying to reach that point. It was not a frightening experience. It was more or less a pleasant thing. For immediately, being a Christian, I had connected the light with Christ, who said, “I am the light of the world.” I said to myself, “If this is it, if I am to die, then I know who waits for me at the end, there in that light.” It was a bright yellowish white – more white. It was tremendously bright; I just can’t describe it. It seemed that it covered everything, yet it didn’t prevent me from seeing everything around me – the operating room, the doctors and nurses, everything. I could see clearly, and it wasn’t blinding. At first, when the light came, I wasn’t sure what was happening, but then, it asked, it kind of asked me if I was ready to die. It was like talking to a person, but a person wasn’t there. The light’s what was talking to me, but in a voice. Now, I think that the voice that was talking to me actually realized that I wasn’t ready to die. You know, it was just kind of testing me more than anything else. Yet, from the moment the light spoke to me, I felt really good – secure and loved. The love which came from it is just unimaginable, indescribable. It was a fun person to be with! And it had a sense of humor, too – definitely!”

ശാസ്ത്രത്തിന്‍റെ മറുപടി

മരണാനന്തരാനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വിമര്‍ശനാത്മകമാ‍യ നിലപാടാണ് ശാസ്ത്രത്തിനുള്ളത്. മുകളില്‍ പ്രസ്താവിച്ച അനുഭവങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല, മാനസിക വിഭ്രാന്തി മൂലമുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമായാണ് വൈദ്യശാസ്ത്രം കാണുന്നത്. എന്നാല്‍, ഇത്തരം അനുഭവങ്ങളെ ശക്തമായി പിന്താങ്ങുന്നവരും വൈദ്യശാസ്ത്രത്തിൽ ഇല്ലാതില്ല. അതായത്, ഈ വിഷയം സംബന്ധിച്ച് വൈദ്യശാസ്ത്രത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്ന് ചുരുക്കം. അതവിടെ നില്‍ക്കട്ടെ! വൈദ്യശാസ്ത്രപരമായി മരണത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നം കുറേക്കൂടി വ്യക്തമാവുമെന്ന് കരുതുന്നു. അതുകൊണ്ട്, എന്താണ് മരണം എന്ന ചോദ്യത്തിലേക്ക്!

ഒരു ജീവിയുടെ ഭൌതീക നിലനില്‍പ്പില്‍ ഉണ്ടാകുന്ന പരിസമാപ്തിയാണ് മരണം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമോ ശ്വാസോച്ഛാസമോ നിലയ്ക്കുമ്പോള്‍ മരണം സംഭിക്കുന്നുവെന്ന ധാരണയാണ് നമ്മുടെയിടയിലുള്ളത്. എന്നാല്‍ ആ ധാരണ ശരിയല്ല. ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്, അത്തരമൊരു മരണത്തെ “ക്ലിനിക്കല്‍ മരണം” (clinical death) എന്നാണ് പറയുക. ഇതിനെ പരിപൂർണ്ണ മരണമായി കരുതാനാവില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരികെ വന്നവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണെല്ലോ! ശരീര അവയവങ്ങള്‍ നിലച്ചാല്‍ പോലും അവയുടെ ജോലി ചെയ്യുന്ന കൃത്രിമ ഉപകരണങ്ങള്‍ ഇന്ന് ലഭ്യവുമാണ്.

അതിനാല്‍, തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയെയാണ് (brain death) മരണം എന്നതാണ് വൈദ്യശാസ്ത്രപരമായ നിർവചനം. തലച്ചോറ് പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ (Brain waves) നിലക്കുന്നതോടെ ഒരു ജീവി പൂര്‍ണ്ണമായി മരിക്കുന്നു. തലച്ചോറില്‍ നിന്ന് വൈദ്യുത തരംഗങ്ങള്‍ നിലയ്ക്കാത്തിടത്തോളം കാലം ഒരാള്‍ മരിച്ചിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ഓര്‍മ്മ, ബോധം, ഇന്ദ്രിയങ്ങള്‍, ചിന്ത, ഭാഷ തുടങ്ങിയ സ്ഥായിയായ മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ “സെറിബ്രല്‍ കോര്‍ട്ടെക്സ്’’ നിശ്ചലമാവുമ്പോള്‍ ഒരു വ്യക്തി എന്നന്നേയ്ക്കുമായി മരിച്ചു എന്ന് പറയാം.

നമ്മുടെ വിഷയത്തില്‍, മരണാനന്തരാനുഭവം ഉണ്ടായെന്ന് പറയപ്പെടുന്ന എല്ലാര്‍ക്കും brain death സംഭവിച്ചിരുന്നതായി ഒരു കൂട്ടർ ഡോക്ടർമാർ തെളിവ് നിരത്തുമ്പോൾ, മറ്റൊരു കൂട്ടം അതിനെ അംഗീകരിക്കുന്നില്ല. അവർ നിരത്തുന്ന വാദം മറ്റൊന്നാണ്. അതായത്, ECG പോലുള്ള തോതുകള്‍ക്ക് ചിലപ്പോഴെങ്കിലും നേരിയ വൈദ്യുത തരംഗങ്ങളെ റീഡ് ചെയ്യാൻ കഴിയാതെ പോകാറുണ്ടെന്നും, ഇത്തരം യന്ത്രപ്പിശകുകൾ മൂലം brain death സംഭവിക്കാത്ത ആളുകൾക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്ന സർട്ടിഫിക്കറ്റ് നൽകപ്പെടാറുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ മരിച്ചുവെന്ന് വിധിക്കപ്പെട്ട അനുഭവസ്ഥരുടെ തലച്ചോറുകൾ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഹോർമോണുകളിൽ സംഭവിക്കുന്ന താളപ്പിഴകൾ മൂലം ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളാണ് മരണാനന്തരാനുഭവം പോലുള്ള തോന്നലുകൾ എന്ന് വിമര്‍ശകർ പറയുന്നു. ഹൃദയാഘാതം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞല്ലോ! ഇത്തരം അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മരണാനന്തര ജീവിതം പോലുള്ള തോന്നലുകള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമാണ്. നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക സാധ്യം.

ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അത്മീയ ജീവിതവും അനുദിന ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മരണാനന്തരാനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷവും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നു. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്ന് വിമർശകർ വിലയിരുത്തുന്നു. എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.

എങ്കിലും, അവരുടെ മറുവാദം ഇതാണ്: അനുഭവസ്ഥരുടെ മരണ സമയത്തെ തലച്ചോറുകളുടെ അവസ്ഥ എല്ലാവരിലും ഒന്നായിരുന്നുവെന്നും, അതുമൂലം സാർവത്രീകമായ അനുഭവങ്ങൾ ഉണ്ടായിരിക്കാമെന്നും അവർ പറയുന്നു. ഏതായാലും, മരണാനന്തര ജീവിതം എന്നൊരു അവസ്ഥ ഉണ്ട് എന്ന് തെളിയിക്കുന്ന ഇത്തരം അനുഭവങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചുരുക്കം.

മതത്തിന്‍റെ നിലപാട്

ശാസ്ത്രം അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുന്ന ഈ അനുഭവങ്ങളെ മതങ്ങൾ പിന്താങ്ങുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! മരണശേഷം ആത്മാവ് (Consciousness) നിലനില്‍ക്കുന്നുവെന്ന വിശ്വാസമാണ് ഈ പിന്തുണയ്ക്ക് പിന്നില്‍. ശരീരവും (body) ആത്മാവും (soul) കൂടിക്കലർന്ന ഒരസ്ഥിത്വമാണ് (being) മനുഷ്യൻ. ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയില്ലെങ്കിലും, അതിനെ “ബോധം” (Consciousness) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശരീരം ഭൌതികമാണെങ്കില്‍, ആത്മാവ് അഭൌതീകമാണ്. ആത്മാവ് ഒരു പദാര്‍ത്ഥം (Matter or Material) അല്ലാത്തതിനാല്‍ അത് അനശ്വരമാണെന്ന് മതങ്ങള്‍. ഈ വാദഗതി തത്വശാസ്ത്രപരമായി കഴമ്പുള്ള ഒന്നാണ്. ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും അവന്‍റെ ബോധത്തിന് (Consciousness) മരണമില്ല. ആത്മാവിന്‍റെ താല്‍ക്കാലിക താവളം മാത്രമാണ് ശരീരം. ആത്മാവ് ശരീരത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. (ആത്മ-ശരീര ബന്ധത്തെ കുറിച്ച് വേദങ്ങള്‍ പ്രതിപാദിക്കുന്ന തേരിന്റേയും തേരാളിയുടെയും ഉപമ ഓർക്കുക.)

“ഞാന്‍” എന്ന് ഓരോ വ്യക്തിയും പറയുമ്പോള്‍, അയാള്‍ വിവക്ഷിക്കുന്നത് അയാളുടെ ശരീരത്തെയല്ല, മറിച്ച് ശരീരത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ബോധത്തെയാണ്. ബോധം ശാരീരികമായ ഒന്നല്ലാത്തതിനാല്‍ അതിന് ഭൌതിക നിയമങ്ങളെ അതിലംഘിക്കാനാവും. ഉദാഹരണത്തിന്, ശരീരത്തിന് ഒരേ സമയം തിരുവനന്തപുരത്തും കൊച്ചിയിലും ആയിരിക്കാനാവില്ല, എന്നാല്‍ ബോധത്തിന് കഴിയും. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയെ അതിലംഘിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ ബോധത്തിനാവും. ബോധത്തിന് ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായത് അത് ആത്മീയമായതുകൊണ്ടാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ബോധത്തിന് ശരീരത്തിന് പുറത്ത് പ്രവര്‍ത്തിക്കാനാവുമെന്നും, ബോധത്തിന്‍റെ പ്രവര്‍ത്തനത്തിന് തലച്ചോറ് എന്ന അവയവം ആവശ്യമില്ലെന്നും, ബോധം ഭൌതിക പദാര്‍ത്ഥമായ തലച്ചോറിനെ അതിലംഘിക്കുന്നതാണെന്നും, അത് ആത്മീയമാണെന്നുമുള്ള വാദം ശരിയാണെങ്കില്‍, മുകളില്‍ പറഞ്ഞവരുടെ അനുഭവങ്ങള്‍ മുഴുവന്‍ ശരിയാണ്.

മരണാനന്തരാനുഭവങ്ങൾ സാധാരണക്കാരനിൽ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെങ്കിൽ, നിഷ്ഠയോടും, അച്ചടക്കത്തോടും ധ്യാനമുറകൾ അഭ്യസിക്കുന്ന ഒരു സാധകന് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം അനുഭവങ്ങൾ സാധ്യമാണ്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത്തരം അനുഭവങ്ങളിലേക്ക് യഥേഷ്ടം പ്രവേശിക്കാനും തിരിച്ചുവരാനും ഒരു സാധകന് സാധിക്കുന്നു. അയാൾ സ്വന്തം ശരീരത്തിൽ നിന്ന് പുറത്തിറങ്ങുന്നു, മറ്റൊരു വസ്തു എന്ന പോലെ അയാൾ സ്വന്തം ശരീരത്തെ വീക്ഷിക്കുന്നു. ഇത്തരം അനന്യസാധാരണമായ സിദ്ധികൾ നേടിയ സാധകന്മാർ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്, നമുക്കാർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണെന്ന് മാത്രം. ചുരുക്കത്തിൽ, ആത്മാവിന്‍റെ സ്വതന്ത്രമാകലും തുടർന്നുള്ള അതിന്റെ ബാഹ്യ വ്യാപരണങ്ങളും കേവലം തോന്നലുകളോ, മതിഭ്രമമോ അല്ല, മറിച്ച് അത് സാധ്യമായ യാഥാർത്ഥമാണ് -- എന്ന് മതങ്ങൾ.

ഉപസംഹാരം

തികച്ചും സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം മുഷിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക. ശാസ്ത്രവും മതവും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിത്. ഇതില്‍ ഏതാണ് ശരിയെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥ… സത്യം മനസിലാക്കാൻ, “ഒന്ന് മരിച്ചുനോക്കിയാലോ!” എന്നുപോലും ചിന്തിക്കേണ്ടിവരുന്ന സന്ദർഭം. സത്യമെന്തായാലും, അത് ഒരുനാൾ നമുക്ക് മുന്നിൽ വിരാചിതമാവുക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ!

Tuesday, May 10, 2011

മരണം വിളിക്കുന്നു

എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊൾക
സ്വന്തമാക്കാൻ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയുമെടുത്തുകൊൾക

സ്വപ്നങ്ങൾ വാരി നിറച്ചയെൻ കീശയി-
ലൊരു ചില്ലറ പോലും ബാക്കിയില്ല
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെ എടുത്തുകൊൾക

നിനക്കുള്ളതെല്ലാം നൽകി മടങ്ങുന്നു,
ഈ വാടകവീടും എടുത്തുകൊൾക
ഈ വഴിയിലൊരിക്കലും വരില്ല ഞാൻ
ഇനിയെന്റെ കണക്കുകളൊന്നും ബാക്കിയില്ല

യാത്ര ചൊല്ലാനിനി ആരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാൻ ആരുമില്ല
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത്‌ കുടിച്ചുകൊൾക!

മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിൻ മുമ്പിൽ
നീ നിന്റെ പങ്കുമെടുത്തുകൊൾക

നോട്ടുബുക്കിന്റെ ഉള്ളിലൊളിപ്പിച്ച
ചീന്തിയ ചിന്തകൾ ചുട്ടുകളയല്ലേ!
നിന്റെ മകനെത്രയോ ക്രൂരനെന്നോർക്കുകിൽ
അമ്മേ, നീയതും മറിച്ചു നോക്കിക്കൊൾക

ചിന്തകൾ വാരിവലിച്ചിട്ട കവിതകൾ,
ഇടനെഞ്ച്‌ കൊത്തിനുറുക്കിയ വചസുകൾ,
നുര പൊട്ടിയൊഴുകിയ കണ്ണീർക്കുമിളകൾ,
എല്ലാം പെറുക്കിയടുക്കി നോക്ക.

ഞെക്കിയമർത്തിപ്പിടിച്ചയെൻ ഭാവങ്ങൾ,
മുഖംമൂടിയാലെ മുറിവേറ്റ പാടുകൾ,
അതിലാണ്ട ചലവും മൗനനൊമ്പരങ്ങളും
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊൾക

പോറ്റിവളർത്തിയ കണ്മണിയിങ്ങനെ
പ്രാണൻ വെടിഞ്ഞാൽ സഖിക്കുമോ നീ?
എങ്കിലുമമ്മേ നീയെനിക്കേകണം
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!

ഇനിയൊരു ജന്മം ഉടനേയെടുക്കുവാൻ
നിന്റെ ഗർഭപാത്രം എന്നെ കാട്ടാതിരിക്കുക
ഛായപ്പൊലിമകൾ തേച്ചുമിനുക്കിയ
വേഷപ്പകർച്ചകൾ നൽകാതിരിക്കുക.

മൗനത്തിലുടനീളം ഗർജിക്കും ശ്വാസങ്ങൾ
ഇല്ലെന്നുവരികിലും, അമ്മേ നീയോർക്കുക
അനർത്ഥ സത്യങ്ങളിൽ മുമ്പേ മരിച്ചു നിൻ-
മകനെന്ന സത്യമിനിയറിഞ്ഞുകൊൾക.