Tuesday, May 31, 2011

ഞാൻ തൽ‌പരനല്ല!


ഈറ്റു നോവിനാൽ
അകത്തൊരു പെണ്‍കൊടി
കൈകാൽ കുതറി കരയുമ്പോൾ,
ചെവി പൊത്തി ഞാനാ
ഉമ്മറത്തിണ്ണയില്‍
സ്വൽ‌പ്പം
സ്വസ്ഥത നൽകാൻ പ്രാകുന്നു!

തെരുവിലെ കുപ്പ-
കൂനയിൽ ഉയരും
ബാല്യ കരങ്ങൾ
തുട്ടിനായ് കെഞ്ചവേ,
വിശപ്പറിയാത്ത ഞാൻ
ഒരു പുശ്ച ഭാവത്തില്‍
കീശകള്‍ വെറുതേ തിരയുന്നു.

തലക്കെട്ടഴിച്ചൊന്നു
വഴിവക്കിൽ മയങ്ങുവാൻ
ഒരു ബീഡി കൂലി കത്തിക്കവേ,
ചുമടുചുമ്മുന്ന ഭാരമറിയാതെ
ബീഡി പുകയില്‍ എന്‍
ശ്വാസം മുട്ടുന്നു.

കീറിപ്പറിഞ്ഞ
കുപ്പായത്തിലൊരു ചെക്കന്‍
കല്യാണ സദ്യകള്‍
വാരി വിഴുങ്ങുമ്പോള്‍,
അഭിമാന ക്ഷതമേറ്റയെന്‍ കൺകൾ
ഒരു വടി തപ്പാന്‍
മൂലകള്‍ പരതുന്നു.

കറവയറ്റ പശുവിന്‍
കണ്‍കളില്‍ മരണഭയം!
വായിലെ തിന്നാല്‍ മറന്ന
ഇളം പുല്ലിലും കാണാം!
ആത്മ ഭീതി തൻ ആഴമറിയാതെ
ഈര്‍ക്കില്‍ തിരയുന്നു
സ്വസ്ഥം പല്ലുകുത്താന്‍!

കടൽ കടന്നിതുവരെ
എത്താത്ത
കത്തും പ്രതീക്ഷിച്ച്
ഒരു പെണ്മണി
വഴിവക്കിൽ നിൽക്കവേ,
പരദൂഷണങ്ങള്‍
എൻ ചുറ്റും പുകയുന്നു.

ഊട്ടി വളര്‍ത്തിയ
കണ്മണി തറയിൽ
വീണത് കണ്ട്
അമ്മ ഓടുമ്പോൾ,
പെറ്റമ്മ തന്‍
ഗര്‍ഭ ദുഃഖമറിയാതെ,
അതി ലാളനയ്ക്ക്
ശാസന നൽകുന്നു.

ഇന്നലെ തുന്നിയ
ഉടുപ്പില്‍ നല്ലൊരു
പോക്കറ്റ് തുന്നാത്ത
കാര്യമോര്‍ക്കുമ്പോള്‍,
പുതുപുത്തന്‍ പേനയിനി
എവിടെ തിരുകും?
എന്നോർത്ത്
അറിയാതെ
കണ്ണുകൾ നനയുന്നു!

9 comments:

  1. ഞാൻ ഒന്നിലും തൽ‌പരനല്ല, പ്രത്യേകിച്ച് എന്റെ സാമൂഹിക പ്രതിബന്ധതകളിൽ!

    ReplyDelete
  2. കീറിപ്പറിഞ്ഞ
    കുപ്പായത്തിലൊരു ചെക്കന്‍
    കല്യാണ സദ്യകള്‍
    വാരി വിഴുങ്ങുമ്പോള്‍,
    അഭിമാന ക്ഷതമേറ്റയെന്‍ കൺകൾ
    ഒരു വടി തപ്പാന്‍
    മൂലകള്‍ പരതുന്നു.

    ഈ കവിത ഏറെ ഇഷ്ട്ടമായി.. ഐ ഡോണ്ട് കെയര്‍ എന്നതിന്റെ മലയാള അര്‍ത്ഥം ഇപ്പോഴാ പിടി കിട്ടിയത്...:) നന്ദി.

    ReplyDelete
  3. പത്രപ്രവര്‍ത്തനം മനസാക്ഷിയുമായി ഉടകിയോ ?

    ReplyDelete
  4. ദേവാ...

    ജോലി വേ, മനസാക്ഷി റേ. ;)

    ReplyDelete
  5. തെരുവിലെ കുപ്പ-
    കൂനയിൽ ഉയരും
    ബാല്യ കരങ്ങൾ
    തുട്ടിനായ് കെഞ്ചവേ,
    വിശപ്പറിയാത്ത ഞാൻ
    ഒരു പുശ്ച ഭാവത്തില്‍
    കീശകള്‍ വെറുതേ തിരയുന്നു.

    ReplyDelete
  6. അപരന്റെ കണ്ണിലൂടെ നോക്കുന്നത് എപ്പോഴും നല്ലതാണ്. സ്വയം തിരിച്ചറിയാന്‍ അതുപകരിക്കും. വീക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കും. സ്വന്തം ശരീരത്തില്‍ നിന്ന് വെളിയിലിറങ്ങി നോക്കുമ്പോഴാണ് പൊള്ളയായ നമ്മെ, വ്യര്‍ഥമായ ആദര്‍ശങ്ങളും, നാം തന്നെ കാണുന്നത്. നല്ല ആശയം.

    ReplyDelete
  7. കണ്ണുനനയിക്കുന്ന കാഴ്ച്ചകള്‍

    ReplyDelete
  8. ചിന്തിക്കാന്‍ ഒരു പ്രേരണാ പത്രം ..........
    നന്ദി .അവസാനം എനിക്കിഷ്ടമായില്ല.....
    ആശയത്തോട് വിയോജിപ്പില്ലെങ്കിലും.......

    ReplyDelete
  9. സമൂഹത്തില്‍ ഇത്രമാത്രമേ ഉള്ളോ ? ഉള്ളതിനെപറ്റിയും ഇല്ലതതിനെപറ്റിയും വിലപിചിട്ടെന്തു കാര്യം. ഐ ഡോണ്ട് കെയര്‍

    ReplyDelete