Showing posts with label marriage. Show all posts
Showing posts with label marriage. Show all posts

Thursday, July 14, 2011

ചില ഡേറ്റിംഗ് വിശേഷങ്ങള്‍!

നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂം‌മേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.

ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.

ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബി‌എ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബി‌എയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.

സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.

ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽ‌പ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!

ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻ‌കരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻ‌കരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻ‌കരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻ‌കരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക....  അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Thursday, June 2, 2011

പൊറോട്ടയും ചിക്കനും

ശ്യാമളയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ബാലകൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നത്. സ്ഥിരമായി ഉറങ്ങാൻ കിടക്കാറുള്ള സമയം ഇതല്ല, എങ്കിലും ഭാര്യയെ പിണക്കേണ്ടെന്ന് കരുതി. നിദ്രാദേവന്‍റെ കാരുണ്യത്തിനായി ഇടവിടാതെ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമടുത്തപ്പോൾ, ശ്യാമളയുടെ തന്തയ്ക്ക് വിളിച്ച് ബാലകൃഷ്ണന്‍ തൊട്ടടുത്ത മേശയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ, ഫോൺ ബ്രൌസ് ചെയ്യാൻ തുടങ്ങി. ഇന്‍ബോക്സിലെ സകലമാന സന്ദേശങ്ങളും ഓരോന്നായി അയാള്‍ വായിച്ചുതീര്‍ത്തു. ഗാലറിയില്‍ കണ്ടുമടുത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും കണോടിച്ചു. സ്വല്‍പ്പനേരം 3D ഫോര്‍മുല കാറോട്ടവും, അത് മടുത്തപ്പോള്‍ പാമ്പോട്ടവും നടത്തി നോക്കി. എന്നിട്ടും, ഉറക്കത്തിന്‍റെ കാര്യം തദൈവ!

മൊബൈലില്‍ നിന്നുള്ള തുടര്‍ച്ചയായ ബീപ്പ് ശബ്ദം ദുസഹമായപ്പോള്‍ ശ്യാമള ഫോണ്‍ തട്ടിപ്പറിച്ചത് ഓർക്കാപ്പുറത്തായിരുന്നു. ബാലകൃഷ്ണന്‍റെ കവിളിൽ ഒരു കിഴുക്കും, പിന്നെ അയാളുടെ തഴക്ക ദോഷങ്ങൾക്കെതിരെ മുറുമുറുത്ത് പ്രതിക്ഷേധം രേഖപ്പെടുത്തി ശ്യാമള തിരിഞ്ഞ് കിടന്നു, പിന്നെ മൊബൈല്‍ ഫോണ്‍ തലയിണക്കടിയിൽ ഒളിപ്പിച്ചു. അണ്ടി കളഞ്ഞ അണ്ണാനെ പോലെ ബാലകൃഷ്ണന്‍ മിഴിച്ചു. പിന്നെ തലചോറിഞ്ഞു, ഒരു കള്ളച്ചിരിയോടെ. ഗര്‍ഭിണിയായ ശ്യാമളയെ ഇനിയേതായാലും ടെന്‍ഷനടിപ്പിക്കേണ്ട എന്ന് കരുതി ബാലകൃഷ്ണന്‍ അൽ‌പ്പനേരം കണ്ണുകള്‍ അടച്ച് കിടന്നു. എന്നിട്ടും ഉറക്കം വന്നില്ല!

ഭാര്യമാര്‍ ഗര്‍ഭിണികളായാൽ എല്ലാ ഭർത്താക്കന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രിയായാൽ പഴയ പോലെ കൈയ്യും കാലും വിരുവിരുക്കാൻ തുടങ്ങും, നല്ല എല്ലിൻ കഷ്ണം കടിച്ച് പറിക്കാനും ഒക്കെ തോന്നും... പക്ഷേ കാര്യമുണ്ടാവില്ല, നല്ല വരിക്കച്ചക്ക പോലെ ഭാര്യ അടുത്ത് കിടപ്പുണ്ടായാലും! ബാലകൃഷ്ണന്‍റെ രാത്രികാല പ്രശ്നവും മറ്റൊന്നുമല്ല.

രാത്രി പത്തുമണിക്ക് മുമ്പുതന്നെ ടൈറ്റണച്ച് കിടന്നുറങ്ങണമെന്ന നിര്‍ബന്ധമാണ് ശ്യാമളയ്ക്ക്. അടുത്ത് കാലത്ത് തുടങ്ങിയ ശീലമാണിത്, അതും ഗര്‍ഭിണിയായതിന് ശേഷം. വാസ്തവം പറഞ്ഞാല്‍, വിവാഹത്തിന് മുമ്പ് വരെ അത്താഴം കഴിച്ചാലും ഇല്ലെങ്കിലും, എട്ട് മണിയെന്നൊരു സമയമുണ്ടെങ്കില്‍ അഡ്രസില്ലാതെ ഉറങ്ങുന്ന പ്രകൃതക്കാരിയായിരുന്നു ശ്യാമള. ബാലകൃഷ്ണനാവട്ടെ നേരെ തിരിച്ചും. എഞ്ചിൻ ചൂടാവുന്നത് തന്നെ രാത്രിയിലാണ്. കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ശീലം. ഏതായാലും, അമ്മയുടെ സ്പെഷ്യൻ ട്യൂഷൻ കാരണം വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭര്‍ത്താവിന് അനുയോജ്യയായ ഭാര്യയാവാന്‍ ശ്യാമള ഒരു ശ്രമം നടത്തിനോക്കിയിരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുക, പിന്നെ കുളിക്കുക, കണ്ണില്‍ ഈര്‍ക്കില്‍ കേറ്റി ബാലകൃഷ്ണന് ഉറക്കം വരുന്നതുവരെ ഉണര്‍ന്നിരിക്കുക, ഇടക്കിടെ അനിയന്ത്രിതമായി പുറത്തുവരുന്ന കോട്ടുവായ്കളെ ചവച്ചരച്ച് വിഴുങ്ങുക, സകലമാന പാചകകുറിപ്പുകളിലും ഗവേഷണം നടത്തി പാചകം പഠിക്കുക, ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത സീരിയലുകളെ തള്ളിപ്പറയുക, ക്രിക്കറ്റിന്റെ കടുത്ത ആരാധികയാവുക, ദിനവും പത്രം വായിക്കുക, തുണിയലക്കുക, പാത്രം കഴുകുക… ഇങ്ങനെ പോകുന്നു ശ്യാമളയുടെ “അതിവേഗ കുടുംബ പത്നീവൃത പരിശീലനക്കളരികള്‍‍”.

ശ്യാമളയുടെ മാതൃകാപരമായ കുടുംബ ജീവിതവും, അതിന്റെ അടുക്കും ചിട്ടയും കണ്ട് “താനെത്ര ഭാഗ്യവാനാണ്“ എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്യാമള ഗർഭിണിയാവുന്നത്. അതോടെ അവൾ ഭരണം അട്ടിമറിച്ചു, ഒരു അവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നെന്ന പോലെ! എന്തെടുത്താലും ഏനക്കേട്! പോരാത്തതിന് കൊഞ്ചല്‍ രൂപേണയുള്ള അനാവശ്യ പിടിവാശികള്‍, സ്നേഹത്തിന്‍റെ നിറക്കൂട്ടണിയിച്ച പരോക്ഷമായ ആജ്ഞാപനങ്ങള്‍, അതൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ പൊടിയുന്ന കണ്ണുനീരുകള്‍… പുരുഷനെ വറുതിയിലാക്കാന്‍ എന്തൊക്കെ വിദ്യകള്‍! ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മിക്കവാറും എല്ലാ സ്ത്രീകളും ഏതാണ്ടിങ്ങനെയാണ്. ലോകത്താരും പ്രസവിക്കാത്തതുപോലെയാണ് ചില പെണ്ണുങ്ങളുടെ നടപ്പും ഭാവവും. ഭര്‍ത്താക്കന്‍‌മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഈശ്വരന്‍ സ്ത്രീകള്‍ക്ക് നല്‍കിയ വരമാണോ ഈ ഗര്‍ഭം! പാവം ബാലകൃഷ്ണന്‍! വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഭാവി ഒരുവശത്ത്, പരോക്ഷമായിട്ടെങ്കിലും സ്നേഹത്തിന് വിലപേശുന്ന ഭാര്യ മറുവശത്ത്! ഇതിനിടയില്‍ സ്വന്തം ഇഷ്ടാനുഷ്ടങ്ങളെ പണയം വയ്ക്കുന്ന ഭര്‍ത്താക്കന്‍‌മാര്‍ എന്തൊക്കെ സഖിക്കണം!

ശ്യാമളയ്ക്കിത് ഏഴാം മാസം. എട്ട് മണിയായാല്‍ പണ്ടത്തേ പോലെ ശ്യാമള ലൈറ്റണച്ച് ഉറങ്ങാന്‍ കിടക്കും. കൂടെ ബാലകൃഷ്ണനും കിടന്നില്ലെങ്കില്‍ അവള്‍ മുറുമുറുക്കും. “ഏതവളെ ആലോചിക്കുവാ“ എന്ന തുറന്നടിക്കും. ഓഫീസ് കാര്യത്തിനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ “ഓഫീസ് ഓഫീസില്‍ മതി“ എന്നാജ്ഞാപിക്കും. പുകവലിക്കാന്‍ പാടില്ല, കുടിക്കാന്‍ പാടില്ല. നേരാം വണ്ണം ഭക്ഷണമില്ല. ഒരു ഗർഭം മൂലം എന്തൊക്കെ തലവേദനകൾ...! ശ്യാമള ഇപ്പോൾ ഉറക്കമുണരുന്നത് രാവിലെ ഒന്‍പത് മണിക്കാണ്. രാവിലെ നേരത്തെയെഴുന്നേറ്റ് ആഹാരമുണ്ടാക്കാന്‍ ശ്യാമളയുടെ ഗര്‍ഭം അനുവദിക്കാത്തതിനാല്‍, പ്രാതല്‍ ഒരുക്കാൻ ജോലിക്കാരി വരും. അവള്‍ തന്നെ തുണിയലക്കും, വീട് വൃത്തിയാക്കും, മുറ്റമടിക്കും, നല്ലൊരു കൂലി വാങ്ങി മടങ്ങുകയും ചെയ്യും. ഇതെല്ലാം കാണുമ്പോള്‍ ബാലകൃഷ്ണന് ചൊറിഞ്ഞോണ്ട് വരുമെങ്കിലും, നാലഞ്ച് പച്ചത്തെറികള്‍ മനസില്‍ വിളിച്ച് സമാധാനിക്കും. മനസ് തണുന്നതുവരെ എല്ലാ തെറികളും ഉറക്കെ വിളിക്കണമെന്നുണ്ടെങ്കിലും, പുറത്തുവരാനിരിക്കുന്ന സന്തതി ഭാവിയില്‍ “ആ, ആ, ഇ, ഈ“ ചേര്‍ത്ത് സ്വന്തം തന്തയെ അഭിസംബോധന ചെയ്താലോ എന്ന ഭയം കാരണം എല്ലാം ക്ഷമിക്കും. ഏതായാലും, ഭാര്യ ഗര്‍ഭിണിയായതോടെ ബാലകൃഷ്ണന്‍ ശരിക്ക് പഠിച്ചു. കല്യാണം കഴിക്കുന്നതോടെ ജീവിതം കോഞ്ഞാട്ടയാവുമെന്ന് പറയുന്നത് ചുമ്മാതാണ്. കല്യാണത്തോടെ ഒന്നും സംഭവിക്കുന്നില്ല. പക്ഷേ, ഭാര്യ ഗർഭിണിയായോ...? തീർന്നു! കണ്ടകശനി അതോടെ ആരംഭിക്കും! ബാലകൃഷ്ണന്‍ ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ശ്യാമളയുടെ വീട്ടുകാര്‍ പ്രസവത്തിന് വിളിക്കാന്‍ വരുന്നത് വരെ കാത്തുനില്‍ക്കാതെ, എത്രയും പെട്ടെന്ന് ഇവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കുക! പിന്നെ, ആറേഴ് മാസം സമാധാനം.

സമയം 11:00 മണി. കട്ടില്‍ കിടന്ന് ബോറടിച്ചപ്പോള്‍, ബാലകൃഷ്ണന്‍ പതുക്കെ എഴുന്നേറ്റു. ഒരു പൂച്ചയെ പോലെ പമ്മിപ്പമ്മി മേശക്കുള്ളില്‍ നിന്ന് സിഗററ്റെടുത്തു. പിന്നെ, വെള്ളം കുടിക്കാനെന്ന ഭാവേന അടുക്കളയിലെത്തി തീപ്പെട്ടി തപ്പിയെടുത്തു. അടുക്കളയിൽ വച്ച് സിഗററ്റ് കത്തിക്കാൻ പറ്റുകേല. സിഗററ്റിന്റെ ഗന്ധം എവിടെയുണ്ടെങ്കിലും അപ്പ അവൾ കണ്ടുപിടിക്കും. അവളുടെ തന്ത ചെറുപ്പത്തിലേ ചത്തുപോയത് പുകവലിച്ചതുകൊണ്ടാണത്രേ! അതുകൊണ്ട്, കുടുംബത്തിലെ ആരെയും പുകവലിക്കാൻ അനുവദിക്കില്ലെന്ന് അവൾ ശപഥം എടുത്തിരിക്കുകയാ! അതുകൊണ്ട്, അടുക്കള വാതിൽ തുറന്ന് ബാലകൃഷ്ണൻ വെളിയിലിറങ്ങി. കിണറ്റിനരിയിലെ തൊട്ടിൽ ഇരുപ്പുറപ്പിച്ച് സിഗററ്റ് കത്തിച്ചു. ഓരോ തവണ പുക അന്തരീക്ഷത്തിലേക്ക് ഊതി വിടുമ്പോഴും, ബാലകൃഷ്ണന്റെ ചിന്ത മുഴുവൻ അയൽ‌പത്തെ പെണ്ണുങ്ങളെ കുറിച്ചായിരുന്നു. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് പാപമാണെന്ന് ക്രോണിക് ബാച്ചിലറായ കർത്താവിന് പറയാം.... കല്യാണം കഴിഞ്ഞ് അധികനാൾ ആവുന്നതിന് മുമ്പ് തന്നെ പട്ടിണി കിടക്കേണ്ടി വന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ അങ്ങേർക്കെവിടെ മനസിലാവാൻ? അയല്‍‌പക്കത്തുള്ള ചില വീടുകളില്‍ ഇനിയും ലൈറ്റുകള്‍ അണച്ചിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ടിവിയുടെ സ്വരം അപ്പോഴും കേൾക്കാം. ഗോപാലൻ നായർ വീട്ടിലുണ്ടോ എന്തോ? ഇല്ലെങ്കിൽ, ഒരു കൈ നോക്കാമായിരുന്നു എന്ന ഭാവത്തിൽ ബാലകൃഷ്ണൻ ലുങ്കി പൊക്കി തുട ചൊരിഞ്ഞു. സ്വൽ‌പ്പം കഴിഞ്ഞപ്പോൾ സിഗററ്റ് തീർന്നു. തീ കുത്തിക്കെടുത്തി, പരിസരത്തുള്ള വീടുകളിലേക്ക് വീണ്ടും കണ്ണോടിച്ച് ബാലകൃഷ്ണൻ അടുക്കളയിലേക്ക് കയറി. ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളെല്ലാം സിങ്കില്‍ നിറഞ്ഞ് കിടക്കുന്നു. പാത്രങ്ങൾ കഴുകിവച്ചാല്‍ ശ്യാമള അതൊരു ശീലമാക്കുമെന്ന് അറിയാവുന്ന ബാലകൃഷ്ണന്‍ ഒരു ദാക്ഷണ്യം കൂടാതെ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. പിന്നെ, സോഫയില്‍ ചാരിക്കിടന്നു. ഇരുട്ടത്തിരുന്ന് സഹികെട്ടപ്പോള്‍, ബാലകൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച് ടിവി ഓണ്‍ചെയ്തു. ശബ്ദം മ്യൂട്ട് ചെയ്ത് പൂജ്യം മുതല്‍ മേലോട്ടുള്ള ചാനലുകൾ മാറ്റാൻ തുടങ്ങി. സാഹചര്യത്തിന് യോജിച്ച പരിപാടികളൊന്നും ഇല്ലെന്ന് മനസിലായപ്പോൾ ടിവി ഓഫ് ചെയ്തു. പിന്നെ, കണ്ണടച്ച് കിടന്നു.

ജീവിതമെന്ന് വച്ചാൽ കലാലയ ജീവിതം തന്നെയാണ്, ബാലകൃഷ്ണന്റെ ചിന്തകൾ ഏതാനും വർഷം പിന്നിലേക്ക് പോയി. അതിര്‍‌വരമ്പുകളില്ല, ഉത്തരവാദിത്തങ്ങളില്ല, ഒന്നിനെകുറിച്ചും ആകുലതയില്ല, ഭയമില്ല. ബാലകൃഷ്ണന്‍ എന്തൊക്കെയോ ആലോചിച്ച് ചിരിച്ചു. യൌവനത്തെ തോന്ന്യാസങ്ങളിലൂടെ അയാളുടെ മനസ് സഞ്ചരിക്കുകയായിരുന്നു. അയാളുടെ മുഖം പ്രസന്നമായി, എങ്കിലും ഏറെ വൈകാതെ അത് കറുത്ത് വിഷാദമായി. നഷ്ടപ്പെട്ടവയെ കുറിച്ച് ആലോചിച്ച് എന്ത് പ്രയോജനം? അല്ലേ?

അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു സിഗററ്റ് കൂടി വലിച്ചാലോ? എന്തിന്? അതുകൊണ്ട് എന്ത് പ്രയോജനം? ആർക്കെങ്കിലും ഫോൺ ചെയ്താലോ, ഓഫീസിൽ താൻ സ്ഥിരിമായി ശൃംഗരിക്കാറുള്ള ഏതെങ്കിലും പെണ്ണിനെ? അത് നടക്കുകേല, ഫോൺ ശ്യാമളയുടെ കൈയ്യിലാണെല്ലോ! ലാൻഡ് ലൈനിൽ നിന്ന് വിളിച്ചാലോ? എങ്കിലും, നമ്പറെല്ലാം ഫോണിലാണെല്ലോ! തന്നെയുമല്ല, ഈ സമയത്ത് ഫോൺ ചെയ്താൽ ഒരു ലവളുമാരും ഫോൺ എടുക്കില്ല. പുറത്തേയ്ക്ക് പോയാലോ? ബാറിൽ പോയി രണ്ട് പെഗടിച്ചാലോ? വഴിയിൽ വച്ച് ഏതെങ്കിലും നിശാസുന്ദരിമാരെ കണ്ടുമുട്ടിയാലോ! അതൊരു നല്ല ഐഡിയയാണ്. ബാലകൃഷ്ണൻ സോഫയിൽ നിന്ന് എഴുന്നേറ്റു. അയാളുടെ പുരുഷത്വവും ഒപ്പം എഴുന്നേറ്റ് നിൽക്കുന്നു! ലുങ്കിക്കൊപ്പം കൈയ്യിലൊതുങ്ങിയ വ്യാളിയെ ശക്തമായി അമർത്തി, അയാൾ ശബ്ദമുണ്ടാക്കാതെ മുറിയിൽ ചെന്നു. അലമാര തുറന്ന് പാൻസും ഷർട്ടും കരസ്ഥമാക്കി മുറിക്ക് പുറത്തിറങ്ങി. പിന്നെ, ധൃതിയിൽ ഷർട്ടും പാൻസും കുത്തിക്കയറി. പേഴ്സും വണ്ടിയുടെ താക്കോലും ബെഡ്‌റൂമിലെ മേശപ്പുറത്താണെല്ലോ! ബാലകൃഷ്ണൻ ഓർത്തു. വീണ്ടും മുറിയിൽ കയറണമല്ലേ? വേറെ വഴി? അയാൾ രണ്ടും കൽ‌പ്പിച്ച് തിരിച്ചുകയറി. പേഴ്സും താക്കോലും പോക്കറ്റിൽ തിരുകി വെളിയിലേക്കിറങ്ങാൻ തുനിയുമ്പോൾ പിന്നിൽ നിന്നൊരു വിളി. “എങ്ങോട്ടാ?” ബാലകൃഷ്ണന്റെ ഉള്ള് കാളിപ്പോയി. ഇവൾ ഉറങ്ങിയില്ലേ? ബാലകൃഷ്ണൻ എന്തുപറയണമെന്നറിയാതെ സ്തബ്ദനായി. ഒന്നും മിണ്ടിയില്ലെങ്കിൽ അവൾക്ക് സംശയം തോന്നാം. അതുകൊണ്ട് അയാൾ എന്തൊക്കെയോ പറയാൻ ശ്രമപ്പെട്ടു, എങ്കിലും ശബ്ദം പുറത്തുവന്നില്ല. ആരോ തൊണ്ടയിൽ പിടിച്ചതുപോലെ! “തീർന്നു, ഇവളെന്നെ ഇന്ന് പൊളിച്ചടുക്കും!” ബാലകൃഷ്ണൻ ഭയപ്പാടുകളോടെ ശ്യാമളയ്ക്ക് നേരെ തിരിഞ്ഞു. “പുറത്ത് പോവുകയാണോ? എന്നാ, പോയിട്ട് വരുമ്പോ എനിക്കൊരു അഞ്ച് പൊറോട്ടയും ചിക്കൻ കറിയും വാങ്ങീട്ട് വരണം. വല്ലാത്ത വിശപ്പ്!” ശ്യാമള പറഞ്ഞു, പിന്നെ തിരിഞ്ഞ് കിടന്നു. എവിടെന്നോ കിട്ടിയ ധൈര്യത്തിൽ, “ങും” എന്ന് മാത്രം ഗൌരവത്തോടെ മൂളി ബാലകൃഷ്ണൻ പുറത്തിറങ്ങി, ഇനിയെന്നും രാ‍ത്രി പൊറോട്ടയും ചിക്കനും വാങ്ങാൻ പോകാമല്ലോ എന്ന സന്തോഷത്തിൽ!

Friday, May 27, 2011

മടക്കയാത്രയിൽ കാലിടറുമ്പോൾ!


ആവേശകരമായ വേനൽ അവധി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടികളുടെ മുഖത്ത് നിഴലിക്കാറുള്ള വിരസത..., നിരുത്സാഹം! കടലാസുകൾ നിരത്തിയ മേശയ്ക്ക് മുന്നിൽ ചിന്താ നിമഗ്നയായിരുന്ന അവളുടെ മുഖത്തും അവയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നു, എന്നിട്ടും ഒരു വരി പോലും എഴുതാൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. ആശയങ്ങൾ പിടി കൊടുക്കാതെ അവൾക്ക് ചുറ്റും ഓടികളിച്ചു. വാക്കുകൾ അവൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും തഴമ്പ് വീണ അവളുടെ കൈകളിൽ നിന്ന് എഴുത്തിന്റെ അനുഭവം മാഞ്ഞുപോയിരുന്നു, അങ്ങനെ മാർദ്ദവമായ കൈകളിൽ നിന്ന് ആശയങ്ങൾ പലതും വഴുതി പോകുന്നു. പിടി കിട്ടിയ ചില ബലഹീന ആശയങ്ങൾ ശൂന്യമായ മനസിൽ പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്നു. അവയുടെ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞ ചിന്താമണ്ഡലം സ്മശാന സമമായി വിറങ്ങലിച്ച് നിൽക്കുന്നു. മലച്ചുകിടക്കുന്ന ആ മൃതദേഹങ്ങളെ കാണുമ്പോൾ, പിടി തരാതെ തനിക്ക് ചുറ്റും പല്ലിളിച്ച് ചുറ്റുന്ന ചിന്തകളെ കാണുമ്പോൾ അടക്കാനാവാത്ത അരിശം, അപകര്‍ഷതാബോധം, കുറ്റബോധം... തനിക്ക് എന്താണ് സംഭിച്ചത്? മുന്നോട്ട് നീങ്ങാൻ വഴിയില്ലാതെ പാറക്കെട്ടുകൾക്കിടയിലെവിടെയോ അകപ്പെട്ടതുപോലെ! ആ മനശ്ചാഞ്ചല്യത്തിൽ നിഷ്ക്രിയയായി അവൾ ഇരുന്നു. അപ്പോഴും, അതൊന്നുമറിയാതെ ഗോപിയേട്ടൻ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു!

സമയം രാത്രി 12:45. ഒരിക്കല്‍ കൂടി ഇതുപോലെ എഴുതാന്‍ ഇരിക്കാനാവുമെന്ന് കരുതിയതല്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതി. എങ്കിലും അതുണ്ടായില്ല, അവൾ അത്ഭുതത്തോടെ ഓർത്തു. ഗോപിയേട്ടന്റെ കൈപിടിച്ച് ജനിച്ച വീട്ടിന്റെ പടിയിറങ്ങുമ്പോൾ, ഒരു കാലത്ത് കവിതകൾ കൊണ്ട് നിറച്ച ഡയറികളും ഓർമ്മക്കുറിപ്പുകളും മനപ്പൂർവം ഉപേക്ഷിച്ചതാണ്, അതും അമ്മയുടെ നിർബന്ധം മൂലം! കല്യാണം കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ സമയമുണ്ടാവില്ലെന്നും, ഇനിയെങ്കിലും ഈ “ഭ്രാന്ത്” അവസാനിപ്പിക്കണമെന്നുമായിരുന്നു അമ്മയുടെ ശകാരം. അനുഭവസ്ഥയായ അമ്മയുടെ വാക്കുകൾ അനുസരിക്കണമെന്ന് തോന്നി. അമ്മ പറഞ്ഞത് പകുതി ശരി, അവൾ ഓർത്തു. അപ്രതീക്ഷിതമായി കാലം വച്ചുനീട്ടിയ മധുവിധുവിനും പ്രേമ സല്ലാപത്തിനുമിടയിൽ അവളിലെ എഴുത്ത് കാലഹരണപ്പെട്ട് പോയി, കുറച്ച് കാലം...! അപ്പോഴൊക്കെ അമ്മ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾ ഓർത്തു. മനസിന്റെ ഉള്ളറകളിലെവിടെയോ കവിതകളായി ഒളിപ്പിച്ച വിയർപ്പുമുട്ടലുകളെ ഞെക്കിപ്പിഴിഞ്ഞ്, അതിന്റെ നീരും സത്തയും പുറത്തെടുക്കാൻ പോന്ന ഒരു പൌരുഷത്തെ സ്വന്തമാക്കിക്കഴിയുമ്പോൾ, വാക്കുകളെ വികാരങ്ങൾ അമർച്ച ചെയ്യുന്നു, അതല്ലേ തനിക്കും സംഭവിച്ചത്? അവൾ ചോദിച്ചു. ജന്‍‌മസാഫല്യമെന്ന പോലെ, ഏതോ ഒരു നിർവൃതിയിൽ ശരീരങ്ങൾ ജഢസമാനം മുകളിലേക്ക് നോക്കിക്കിടക്കുമ്പോഴും, ആ മാസ്മരികതയുടെ കാന്തിക വലയത്തിൽ ജീവിതം തുടർന്നങ്ങോട്ട് ഭ്രമണം ചെയ്യാനാരംഭിക്കുമ്പോഴും, എഴുത്തുകാരി മരിക്കുന്നു. പറയാൻ പരിദേവനങ്ങളോ, വിയർപ്പുമുട്ടലുകളോ ഇല്ലാതിരിക്കുമ്പോൾ കവിത ജനിക്കുന്നതെങ്ങനെ? എന്നാൽ, വൈകാതെ സ്ഥിതി മാറുന്നു, അപരിമേയമെന്ന് കരുതിയ നിർവൃതികളുടെ അടിത്തട്ടിൽ എഴുന്നേറ്റ് നിൽക്കുന്നത് സ്വാർത്ഥതയുടെയും അഹംഭാവത്തിന്റേയും മാസക്കഷ്ണമാണെന്ന് കാണുമ്പോൾ, പിന്നെ അവിടെ തെറിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ജാരസന്തതികളാണെന്ന് മനസിലാവുമ്പോൾ! മധുവിധുവിന്റെ താല്‍ക്കാലികമായ അരാജകത്ത്വങ്ങള്‍ക്ക് ശേഷം, സ്വന്തം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ല, ഒന്നും!

ഈ ബോധോദയത്തിൽ നിന്നാണ് എഴുത്ത് പുനർജനിക്കുന്നത്. പക്ഷേ, അപ്പേഴേക്കും അക്ഷരങ്ങൾ മരിച്ചിട്ടുണ്ടാവും! ഭാവനകളിൽ അശ്ലീലാംശം കലർന്നിട്ടുണ്ടാവും, പ്രകൃതിയുടെ സ്പന്ദനങ്ങളോട് പഴയപോലെ പ്രതികരിക്കാൻ കഴിയാതായിട്ടുണ്ടാവും, നിസാര കാര്യങ്ങളോടുപോലും സംവേദിക്കാനുള്ള മനസിന്റെ കഴിവ് നഷ്ടമായിട്ടുണ്ടാവും, ഇന്ദ്രിയ ഗോചരത്വം നഷ്ടപ്പെട്ട് ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്ക് നടുവിലും കല്ലുപോലെ നിഷ്ക്രിയമായി നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാവും, കാൽ‌പ്പനികത പഴയപോലെ ചിറകുവിരിക്കാതായിട്ടുണ്ടാവും... ഇത്തരം കീറാമുട്ടികൾ മാർഗ തടസം സൃഷ്ടിച്ചുകൊണ്ട് വെല്ലുവിളി നടത്തുന്നു. യുദ്ധത്തിനോ അനുരഞ്ജനത്തിനോ വഴിയില്ലാതെ അവൾ സ്വയം പഴിക്കുന്നു. പ്രകൃതിയിലെ ഓരോ കണികയെയും ലാളിക്കുകയും മുത്തമിടുകയും ചെയ്ത അവളുടെ നഷ്ടപ്പെട്ട ആത്മഹര്‍ഷത്തെ ഓർത്ത് അവൾ വിലപിക്കുന്നു. പ്രകൃതിയ്ക്ക് പ്രണയലേഖനം കൊടുത്ത അവളുടെ നിഷ്ക്കളങ്കതയെ തീവ്രമായി സ്മരിക്കുന്നു. എല്ലാറ്റിനുമൊടുവിൽ, സ്വാതന്ത്രത്തിന്‍റെ സ്വച്ഛ താഴ്വരയില്‍ നിർവിഘ്നം വിഹരിച്ച സ്വന്തം ഭാവനയെ മനപ്പുർവം ഭോഗിക്കാന്‍ വിട്ടുകൊടുത്തതിൽ അവൾക്ക് പശ്ചാത്താപം തോന്നും. ഈ ചിന്തകളായിരുന്നു അവളുടെ മനസ് നിറയെ!

അവൾ ഗോപിയേട്ടനെ നോക്കി. ശരീരപേശികളെ നന്നായി അയച്ച്, സായംസന്ധ്യയിൽ ലഭിച്ച നിര്‍വൃതിയുടെ ലഹരി നുകർന്ന് സുഖമായി കിടന്നുറങ്ങുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അവൾക്ക് പരിഭവം തോന്നി, പിന്നെ ആഴമില്ലാത്ത ആവേശങ്ങളില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് തന്റെ പവിത്രമായ കവിഹൃദയത്തെ വ്യഭിചരിച്ചതിലുള്ള കുറ്റബോധവും. ആവേശങ്ങള്‍ മനുഷ്യന്‍റെ പാളിച്ചകളാണ്. അവ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുക ശൂന്യത മാത്രമായിരിക്കും, മരണത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ശൂന്യത. അവൾക്ക് തോന്നി.

ടേബിള്‍ ലാബിന്‍റെ വെളിച്ചത്തില്‍ അവൾ ക്ലോക്കിലേക്ക് നോക്കി. മണി 1:30. രാപ്പകല്‍ വിശ്രമമില്ലാതെ കറങ്ങുന്ന ഫാനിന്‍റെ മുറുമുറുപ്പല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. ഏറേ നാളത്തെ അജ്ഞാതവാസത്തിന് ശേഷം എഴുതാനിരുന്നപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തില്‍ ഫാനിന്‍റെ മുരള്‍ച്ച പുശ്ചം കലര്‍ന്ന അടക്കം പറച്ചിലായി അവൾക്ക് തോന്നി. ഗത്യന്തരമില്ലാതെ, ഫാനിന്‍റെ വൈദ്യുതിബന്ധം വിച്ഛേദിച്ച് അവൾ സമാധാനിക്കാന്‍ ശ്രമിച്ചു. ഫാനിന്‍റെ ഇതളുകള്‍ സാവധാനം നിശ്ചലമായി. പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത. സർവ ചരാചരങ്ങളും മരണത്തിലെന്നപോലെ കിടന്നുറങ്ങുമ്പോൾ, ഇനി താൻ മാത്രമേ “നിശ്ചലമാവാനുള്ളൂ“ എന്ന ഏകാന്തത അവളെ എന്തിനോ പ്രേരിപ്പിച്ചു, ഒരു നിമിഷത്തേക്കെങ്കിലും! എഴുത്ത് മരിക്കുമ്പോൾ ഒപ്പം ശരീരവും മരിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ? തനിക്ക് ചുറ്റും ആവീർഭവിക്കുന്ന ഏകാന്തതയെ മറികടക്കാനാനെന്ന പോലെ, എഴുതാന്‍ പറ്റിയ വിശേഷങ്ങള്‍ തിരഞ്ഞ് അവൾ പ്രയാണം ആരംഭിച്ചു. ആയിരം സൂര്യന്മാരുടെ പ്രകാശമൊക്കെയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഫലമായിരുന്നു ആ ശ്രമവും. ചിന്തകളെ ബിന്ദുവിൽ തറയ്ക്കാനുള്ള ഏകാഗ്രത കടം ചോദിക്കാൻ പോലും ആരുമില്ലെന്ന ദുഃഖം അവളെ തളർത്തി. എങ്കിലും, വിട്ടുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ആഴമായ ചിന്തയ്ക്കൊടുവിൽ നിർണ്ണയിച്ച വിഷയത്തെ ചുറ്റിപ്പറ്റി അവൾ ഓടി നടന്നു. എഴുതാൻ കൊള്ളാവുന്ന ചില ചിന്തകളെ അവൾ ഒരു കുറ്റിയിൽ കെട്ടിയിട്ടു. എങ്കിലും, അവളുടെ ഇച്ഛാശക്തിയെക്കാൾ ബലിഷ്ഠമായ ആ ചിന്തകൾ കയറുകൾ പൊട്ടിച്ച്, ഭാവനാ ലോകത്തിന്റെ വേലിക്കെട്ടുകളും തകർത്ത് ഇരുട്ടിലേക്കെവിടെയോ ഓടി രക്ഷപ്പെട്ടു. നിരാശയോടെ അവൾക്കത് നോക്കി നില്‍ക്കേണ്ടിവന്നു. എതിരാളിയില്ലാത്ത രണാങ്കണത്തില്‍ പടവെട്ടാന്‍ വാളുമായി നിൽക്കുന്ന യോദ്ധാവിനെ പോലെ ആവേശം കെട്ട് അവൾ കുനിഞ്ഞിരുന്നു, ശത്രുക്കൾക്ക് കൊല ചെയ്യാൻ യഥേഷ്ടം വിട്ടുകൊടുത്ത ഒരു ആത്മപരിത്യാഗിയെ പോലെ! മനോവ്യാപാരങ്ങളില്ലാത്ത ആ ആത്മസമർപ്പണം ഒരു ധ്യാനമായി, ഉമിത്തീയായി സാവധാനം അവളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. ചിന്തകളുടെയും വികാരങ്ങളുടെയും അഭാവം സൃഷ്ടിച്ച മൂകതയിൽ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” അവളിൽ പ്രകടമാവുന്നത് അവൾ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ വിരാചിതമാവുന്ന പ്രപഞ്ചത്തെ പോലെ... വാക്കുകള്‍ കൊണ്ട് മലീമസമാവാത്ത സംഗീതവും പോലെ... അത് അവളിൽ തമോഗര്‍ത്തം സൃഷ്ടിച്ചു! അതിന്റെ പ്രാഭവം അവളുടെ ആത്മാതിർത്തികളോളം പന്തലിച്ചു...

മണി മൂന്ന്! നിശ്ചലമായ ഫാനിന് താഴെ ഉറങ്ങിക്കിടക്കുന്ന ഗോപിയേട്ടന്റെ ദേഹമാസകലം വിയര്‍പ്പുകുമിളകള്‍. ചിന്തയില്ലാത്ത ലോകത്തിലെ സഞ്ചാരത്തിനിടയില്‍ മുറിയിലെ ഊഷ്മാവ് ഉയര്‍ന്നത് അവളറിഞ്ഞില്ല. പാതിയുറക്കത്തിൽ തട്ടിയുണര്‍ത്തിയതിന്‍റെ കുണ്ഡിതത്തോടെയാണെങ്കിലും, ഫാന്‍ ചിറകുകള്‍ മുറുമുറുപ്പോടെ വട്ടം തിരിയാന്‍ തുടങ്ങി. ഒന്നും എഴുതാനാവാത്തതിന്‍റെ നിരാശയുണ്ടായിരുന്നിട്ടും, എന്തെങ്കിലുമൊക്കെ ചിന്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെ അവൾ കട്ടിലിൽ കിടന്നു, അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!

Wednesday, May 11, 2011

കാമസൂത്ര (Kamasutra) എന്ന ജീവനകല


“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” ശൃംഗാര കലയെ കുറിച്ച്, പച്ചയായി പറഞ്ഞാൽ സെക്സിനെ കുറിച്ച്, ശാസ്ത്രീയമായി പ്രതിപാദിക്കുന്ന “കാമസൂത്ര” എന്നൊരു പൌരാണിക ഗ്രന്ഥം ഭാരതത്തിലുണ്ടെന്നറിഞ്ഞ് ഇവിടെ വരികയും, 1883-ൽ “The Kama Sutra of Vatsyayana” എന്ന പേരിൽ ആ‍ ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത വിഖ്യാത ഇംഗ്ലീഷുകാരൻ റിച്ചാർഡ് ഫ്രാൻസിസ് ബുർട്ടൻ അത്ഭുതത്തോടെ കുറിച്ച വരികളാണ് മുകളിൽ. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. കാമസൂത്രയെ കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നത് ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങൾ മാത്രമായിരുന്നിരിക്കില്ല; കാമന്ധതയും ഒപ്പം അതിനേക്കാൾ ഭയാനകമായ അജ്ഞതയും ഛിന്നഭിന്നമാക്കിയ ആയിരക്കണക്കിന് വരുന്ന ഭാരതീയ യുവതികളുടെ ജീവിതങ്ങളുമായിരുന്നു. ഓരോ വ്യക്തിക്കും ന്യായമായും ലഭിച്ചിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, അതുമൂലമുണ്ടാകുന്ന തിരുത്താൻ കഴിയാത്ത ദുരന്തങ്ങളും റിച്ചാർഡിന്റെ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, ക്രിസ്ത്യൻ യാഥാസ്ഥിതികയുടെ ശക്തി പ്രവാഹത്തിൽ വികൃതമാക്കപ്പെട്ട (ആശയക്കുഴപ്പത്തിലാക്കപ്പെട്ട) ലൈംഗീകത ചിന്തകളെ കുറിച്ചോർത്ത് അദ്ദേഹം പരിതപിച്ചിട്ടുണ്ടാവാണം. വേണ്ടത്ര ലൈംഗിക പരിജ്ഞാനമില്ലാതെ കിടക്കറ പങ്കിടാൻ തള്ളിവിടപ്പെട്ട്, ഒടുവിൽ അജ്ഞതയും തെറ്റിദ്ധാരണകളും സമ്മാനിച്ച പേക്കിനാവുകളോടെ വ്യത്യസ്ത ദ്രുവങ്ങളിൽ കിടന്നുറങ്ങാൻ പരിശീലിച്ച ദമ്പതിമാരെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ, ലൈംഗികത മാത്രമാണ് ജീവിതമെന്ന് കരുതി പങ്കാളിയുടെ മൃദുല വികാരങ്ങളെ കടിച്ചുമുറിച്ച സഹകാരികളെ അദ്ദേഹം പുശ്ചിച്ചിട്ടുണ്ടാവണം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ വാക്കുകളിലെ ഗൌരവം മനസിലാക്കാൻ നമുക്ക് ഇന്നും കഴിയാതെ പോകുന്നു, അതുകൊണ്ടാണെല്ലോ കാമസൂത്ര എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റി ചുളിയുന്നത്! കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. എന്നാല്‍, ആ ധാരണ തീരെ ശരിയല്ല. അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യുന്നതിന് മുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം അഭികാമ്യമെന്ന് കരുതുന്നു.

ആമുഖം

കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, എഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്‍റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മിലുള്ള ശൃംഗാര സംഭാഷണം കേട്ടശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവഭക്തനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. എന്തുതന്നെയായാലും, “വാത്സ്യായന കാമസൂത്ര” എന്നാണ് കാമസൂത്ര പരക്കെ അറിയപ്പെടുക.

ബീഹാറിലെ പാലിപുത്രയില്‍ (Paliputra) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍, അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്താണ്. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നുവെന്നും (Materialist) കാമസൂത്രയെ കൂടാതെ “ന്യായസൂത്രഭാഷ്യം” എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം. വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സ്ഥാനങ്ങളെ (Sexual Positions) കുറിച്ച് കാമസൂത്ര വിശദമാക്കുന്നു. ഈ 64 സ്ഥാനങ്ങളെയും “64 കലകള്‍” എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗിക വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീ വ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്‍റെ ഭാര്യയെ സ്വാധീക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. കാമസൂത്രയെ കുറിച്ച് എഴുതുന്നതു കൊണ്ട് ചുരുക്കം ചില നുറുങ്ങുകള്‍ കുറിച്ചു എന്നു മാത്രം. അതവിടെ നില്‍ക്കട്ടെ!

ഭാരത സംസ്ക്കാരത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം പഠന വിഷയമാക്കേണ്ട ഒന്നാണ്. ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പങ്ങളിലും കൊത്തുപണികളിലും പ്രതിഫലിച്ചു നില്‍ക്കുന്ന പൊതുവായ സ്വഭാവം ലൈംഗികതയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും പറയാനാവും. അടിസ്ഥാനപരമായ ഇത്തരം സങ്കല്‍പ്പങ്ങളില്‍ ലൈംഗികത എങ്ങനെ കടന്നുകൂടിയെന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നാം. നൂറ്റാണ്ടുകളുടെ ആദ്ധ്യാത്മീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കാമസൂത്ര പോലൊരു ഗ്രന്ഥം എങ്ങനെയുണ്ടായി? ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി കാമസൂത്ര രചിച്ചതിന് പിന്നിലെ പ്രചോദനം എന്തായിരിക്കും? കാമസൂത്രത്തിന് പിന്നിലുള്ള തത്വശാസ്ത്രമെന്താ‍ണ്?

കാമസൂത്ര അശ്ലീല പുസ്തകമോ?

കാമസൂത്രയില്‍ 37 അദ്ധ്യായങ്ങളുണ്ടെന്നും ശൃംഗാര കലയെ ഒരു പ്രഫഷണലിസത്തിന്‍റെ ശൈലിയില്‍ തന്നെ വിശകലം ചെയ്തിട്ടുണ്ടെന്നും പറഞ്ഞല്ലോ! എന്നാല്‍ കാമസൂത്രയുടെ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗിക സ്ഥാനങ്ങളെ കുറിച്ചും സംഭോഗ രീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്ര ചര്‍ച്ച ചെയ്യുന്നത്. ഇവിടെ “കാമം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗീകത മാത്രമല്ല, പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നുവെന്നത് രസകരമായ ഒരു സംഗതിയാണ്.

എങ്ങനെ നല്ല പൌരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃത്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങള്‍ കാമസൂത്ര ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു വിലകുറഞ്ഞ അശ്ലീല പുസ്തകമായി കാണുന്നത് നമ്മുടെ സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനമായിരിക്കും. “സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനം” എന്ന പ്രയോഗം മനപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കൊമേഴ്സ്യലായി പുസ്തകം വിറ്റഴിക്കുക എന്ന കച്ചവട തന്ത്രമല്ല കാമസൂത്ര എന്ന ആശയത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്, മറിച്ച് ഒരു സംസ്ക്കാരത്തിന്‍റെ മുഴുവല്‍ തത്വശാസ്ത്രമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

കാമസൂത്രയുടെ തത്വശാസ്ത്രം

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതം ഒരു ആത്മീയ തീര്‍ത്ഥയാത്രയാണ്. ഇതൊരു പുതിയ അറിവല്ല. എന്നാല്‍, ഈ ആത്മീയ യാത്രയില്‍ ലൈംഗീയതയ്ക്ക് എത്രമാത്രം സ്ഥാനമാണുള്ളത് എന്ന ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. ജീവിതത്തെ നാല് പ്രധാന ഘടകങ്ങളായി കാണാന്‍ കഴിയും. 1. ധര്‍മ്മം (Dharma), 2. അര്‍ത്ഥം (Artha), 3. കാമം (Kama), 4. മോക്ഷം (Moksha or Liberation). ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥം എന്നാൽ ലൌകീക സമൃദ്ധി, മോക്ഷം എന്നത് സാക്ഷാത്കാരം.

ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. അതായത്, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര! ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്യാസത്തില്‍ ആത്മാന്വേഷണം. കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്താണ്? ഒരു ഭാര്യയെന്ന നിലയില്‍, ഒരു ഭര്‍ത്താവെന്ന നിലയില്‍ നാം ഓരോരുത്തരും എന്തൊക്കെ ചെയ്യണം? അങ്ങനെ, ഗാർഹസ്ഥ്യം എന്ന ആശ്രമത്തിൽ ഒരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടുന്നതും അനുഷ്ഠിക്കേണ്ടുന്നതുമായ ധർമ്മങ്ങളെ കുറിച്ച് മാത്രമേ കാമസൂത്ര പഠിപ്പിക്കുന്നുള്ളൂ.

ഇവിടെ വാത്സ്യായനന്‍ കാമം പരമാമാണെന്ന് കാണിക്കുകയല്ല, കാമം ജീവിതത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. (മറ്റ് ചിലര്‍ കാമം പരമമാണെന്ന് പഠിപ്പിക്കുന്നുണ്ട്, അതവിടെ നില്‍ക്കട്ടെ!) ലൈംഗീകതയെ ശരിയായ രീതിയില്‍ തന്നെ നാം മനസിലാക്കുന്നതിന് വേണ്ടി കൂടിയാണിത്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ, അതാണ് ഹിന്ദുമതവും ഒപ്പം ബുദ്ധമതവും (Middle Path) അനുശാസിക്കുന്നത്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല. (മറ്റൊരു രസകരമായ കാര്യം ഓര്‍മ്മിച്ചു പോകുന്നു. വിവാഹിതനാകാതെ, ലൌകീക സുഖങ്ങളെ വെടിഞ്ഞ് എല്ലാറ്റിനോടും വിരക്തി കാണിക്കുന്നതിനെയാണ് സന്യാസം എന്ന് നാം പറയാറ്. എന്നാൽ അത്തരമൊരു സന്യാസം പ്രകൃതി വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം. ഭാരത സംസ്ക്കാരത്തിൽ അത്തരമൊരു സന്ന്യാസത്തിന് സ്ഥാനമില്ലെന്ന് തന്നെ പറയാം. ബ്രഹ്മചര്യത്തിനും ഗാര്‍ഹസ്ഥ്യത്തിനും വാനപ്രസ്ഥത്തിനും ശേഷം വരുന്ന ഒരു ജീവിതാവസ്ഥയാണ് സന്ന്യാസമെന്നത്. ഇവിടെ കാമമോ ധനമോ ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല.) ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന വാത്സ്യാനനന്‍റെ ആ സമീപനം നമുക്കുണ്ടായിരുന്നെങ്കില്...‍! കുടുംബ ജീവിതത്തെ ഇത്രയേറെ സന്തുലിതമായി കാണുന്ന മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന സംശയമാണ്, മതഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പോലും!

ജീവനകലയെ കുറിച്ചൊക്കെ നാം കേള്‍ക്കാറുണ്ടെല്ലോ! കാമസൂത്രയും അത്തരമൊരു ജീവനകലയാണ് പഠിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്. വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ഇന്നും “മ” പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലാണെന്നത് അതിനേക്കാൾ ശോചനീയം. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും, കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ. അഞ്ച് വര്‍ഷം തത്വശാസ്ത്രം പഠിക്കാന്‍ സര്‍വകലാശാലകള്‍ കയറിയിറങ്ങിയ ഞാന്‍ കാമസൂത്രയില്‍ ആരെങ്കിലും ഒരു പ്രബന്ധം അവതരിപ്പിച്ചതായിട്ടോ, ഒരു ക്ലാസെങ്കിലും എടുത്തയിട്ടോ കേട്ടിട്ടില്ല. താത്വിക ചര്‍ച്ചകളില്‍ പോലും കാമസൂത്ര ഒരു വിഷയമായിട്ടില്ല. ഇത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു പാളിച്ച തന്നെയാണ്. വാത്സ്യായന മഹര്‍ഷി ഒരു ഭൌതീകവാദിയായതുകൊണ്ടാണോ ഈ തീണ്ടല്‍? അതോ, നമ്മുടെ കപട സദാചാരം അതിന് നമ്മേ അനുവദിക്കാത്തതോ? ഒരുപക്ഷേ, ഏതെങ്കിലും ഒരു ഫോറിൻ യൂണിവേഴ്സിറ്റി കാമസൂത്രയെ സിലബസിൽ ഉൾപ്പെടുത്തി, അതിനെ മാധ്യമങ്ങള്‍ ചെണ്ട കൊട്ടി, സാസ്ക്കാരിക നായകന്മാരുടെ രാഷ്ട്രീയക്കാരും ‘കോപ്പിയടിക്കപ്പെട്ട’ പൈതൃകത്തിന്റെ പേരിൽ തല്ലുണ്ടാക്കി, പിന്നെ എല്ലാം കഴിയുമ്പോൾ, നമ്മുടെ കലാലയങ്ങള്‍ ഇതിനെ ഒരു പാഠ്യവിഷയമാക്കിയേക്കാം. (അല്ലെങ്കിലും, സായിപ്പ് ചെയ്യുന്നത് അനുകരിക്കാനാണെല്ലോ നമുക്കിഷ്ടം! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പൊടിപിടിച്ച് കിടന്ന “യോഗ” അടക്കമുള്ള പ്രാചീന വിദ്യകള്‍ നമ്മള്‍ തോളിലേറ്റാന്‍ തുടങ്ങിയത് എപ്പോഴാണ്?) അതുവരെ, കാമസൂത്രം വെറും പുരാണമായി തുടരും…!