Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts

Saturday, July 16, 2011

കുമാരന്‍റെ പെണ്‍സുഖം


കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ ജോലിക്കാരനാണ് കുമാരൻ. കഠിനാധ്വാനി. ഏത് ജോലിയും ചെയ്യും. ജോലിക്കിടയിൽ കുമാരൻ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. കാട്ടുപോത്ത് വന്നാലും കുമാരൻ അനങ്ങില്ല, അതാണ് ഡെഡീക്കേഷൻ. പക്ഷേ, ആകാശത്തെങ്ങാനും വിമാനത്തിന്റെ ശബ്ദം കേട്ടാൽ എല്ലാം തീരുന്നു. കുമാരനെ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വിമാനത്തെ കണ്ടുപിടിച്ചിട്ടേയുള്ളൂ വേറെ പണി. മുകളിലേക്ക് നോക്കി വാപൊളിച്ച് ലക്കും‌ ലഗാനവുമില്ലാതെ നടക്കും. പാടത്തായാലും, തെങ്ങിന്റെ മണ്ടേലായാലും ഇതുതന്നെ സ്ഥിതി. ദുബായിൽ നിന്ന് മുത്തശ്ചന്റെ കാണാൻ തറവാട്ടിലെത്തിയ കാരണവരുടെ കൊച്ചുമോൻ പറഞ്ഞ ചില കഥകൾ കേട്ടതിന് ശേഷമാണ് കുമാരന് വിമാന കമ്പം തുടങ്ങിയത്. അന്ന് തീരുമാനിച്ചതാണ്, മരിക്കുന്നതിന് മുമ്പ് ഒരു വിമാ‍നത്തെ നേരിട്ട് കാണണം. അതാണ് കുമാരന്‍റെ ജന്‍‌മാഭിലാഷം. കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ചാടി പുറപ്പെട്ടതിന്റെ പിന്നെ കാരണവും മറ്റൊന്നല്ല. ഇരവയ്ക്ക് വാങ്ങിയ പാന്‍സും ഷര്‍ട്ടും ഇന്‍സേര്‍ട്ട് ചെയ്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും, കാലില്‍ റബ്ബര്‍ ചെരുപ്പുമായി “തനി എക്സിക്യൂട്ടിവ് സ്റ്റൈലില്‍“ വിമാനത്താ‍വളത്തിൽ ബസിറങ്ങുമ്പോള്‍ കുമാരന്‍റെ മനസില്‍ നൂറുകണക്കിന് ബോയിംഗ് വിമാനങ്ങള്‍ തൂവാനത്തുമ്പികളെ പോലെ പറക്കുന്നുണ്ടായിരുന്നു.

പ്രൌഢ ഗംഭീരമായ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും കുമാരന്റെ നിയന്ത്രണം നഷ്ടമാവുമെന്ന് കരുതിയ കൂട്ടുകാരൻ കാണുന്നത് മുന്നോട്ട് ഒരടി പോലും വയ്ക്കാതെ വിഷണ്ണനായി നിൽക്കുന്ന കുമാരനെയാണ്. കൂട്ടുകാരന്‍ കാര്യം തിരക്കി. “വിമാന സ്റ്റാന്‍ഡിന്‍റെ മുന്നില്‍ ഒരൊറ്റ വിമാനം കൂടിയില്ലല്ലോ!” കൂട്ടുകാരന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ കുമാരന്റെ സംശയം കൂടി. “ഇനി ഇവനെങ്ങാനും തന്നെ പറ്റിക്കുകയാണോ? വിമാനം കാണിക്കാനെന്നും പറഞ്ഞ് കൊണ്ട് വന്ന് തന്നെ ഈ കാർ സ്റ്റാൻഡിൽ ഇറക്കിവിടാനുള്ള പരിപാടിയാണോ? ങാഹാ... കുമാരനെ അങ്ങനെ എളുപ്പമൊന്നും പറ്റിക്കാൻ പറ്റില്ല. ഇതല്ല, ഇതിന്റെ അപ്പുറത്തെ കാറുകൾ കുമാരൻ കണ്ടിട്ടുണ്ട്.“ കുമാരന്റെ വിമാനം കാണിച്ച് നാട്ടിലേക്ക് ബസ് കയറ്റി വിടാനുള്ള സമയവും സാവകാശവും ഇല്ലാത്തതിനാൽ കുട്ടുകാരൻ കുമാരന്റെ കൈയ്ക്ക് പിടിച്ച് യാത്ര പറഞ്ഞു. “നാട്ടിൽ വരുമ്പോൾ കുമാരന്റെ എന്താ കൊണ്ട് വരേണ്ടത്?” കൂട്ടുകാരൻ തിരക്കി. “നീയെനിക്ക് ഒരു കോപ്പും കൊണ്ട് വരണ്ട. മര്യാദയ്ക്ക് നീയെനിക്ക് വിമാനം കാണിച്ച് താ.” കുമാരന്റെ കൂടെ കൂട്ടിയത് വലിയ തലവേദനയായെന്ന് മനസിലാക്കിയ കൂട്ടുകാരൻ എങ്ങനെയെങ്കിലും തലയൂരാൻ അടുത്തുനിന്ന് പൊലീസുകാരന്റെ അടുക്കലേക്ക് കുമാരനെ പറഞ്ഞയച്ചു. പിന്നെ അയാൾ സൂത്രത്തിൽ അപ്രത്യക്ഷനായി.

ആരോരുമില്ലാത്തവർക്ക് ഈശ്വരൻ തുണ. ആ പൊലീസുകാരന്റെ സഹായത്തോടെ കുമാരൻ അങ്ങനെ സന്ദര്‍ശകർക്ക് വിമാനം കാണാനുള്ള വലിയ ഗ്യാലറിയിലെത്തി! മൂന്ന് വശവും കണ്ണാടി കൊണ്ട് മറച്ച ഒരു കണ്ണാടി കൂടായിരുന്നു അത്. വലിയ തിരക്കില്ലെങ്കിലും ഗ്യാലറിയുടെ മുന്‍‌നിരയിൽ മുഴുവൻ ഉന്തും തള്ളുമാണ്. സൌകര്യപ്രദമായ ഒരിടം കിട്ടാതെ, പേ പിടിച്ച നായയെ പോലെ കുമാരന്‍ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഗത്യന്തരമില്ലാതായപ്പോള്‍, മുന്‍പന്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിന് ബലക്ഷയം ബാധിച്ച ഒരിടം കണ്ടുപിടിക്കുക എന്ന അവസാന അടവ് പയറ്റാന്‍ കുമാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുറേ ചെറുപ്പക്കാരികളും തള്ളമാരും നിന്ന സ്ഥലത്ത് കുമാരന്‍ എത്തിപ്പെടുന്നത്.

നുഴഞ്ഞു കയറാൻ പറ്റിയ വിടവിനായി കുമാരന്‍ ഏറെ നേരം സഹിഷ്ണുതയോടെ കാത്തുനിന്നു. അതിനിടയില്‍, പറന്നുയരുന്ന വിമാനങ്ങളെ കഴുത്ത് നീട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കാന്‍ കുമാരന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, ഇങ്ങനെ അരകുറയായി വിമാനം കണ്ടിട്ട് കാര്യമില്ലല്ലോ! “കുറച്ചുകൂടി പൊക്കം വയ്ക്കേണ്ടതായിരുന്നു...!“ ഏതോ നല്ല ജനിസിൽ പെട്ട ചില ചേച്ചിമാരുടെ പൊക്കം കണ്ട് കുമാരൻ അസൂയപ്പെട്ടു. തരത്തിനുള്ള ചില ചേച്ചിമാരെ കയറി മുട്ടണമെന്ന് കുമാരന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും തൽക്കാലം ഇന്നത്തെ അജണ്ടയിൽ ഇല്ല. ആദ്യം വിമാനം കാണുക, അതുകഴിഞ്ഞാലോചിക്കാം തട്ടണോ മുട്ടണോ എന്ന്!

കുമാരന്‍റെ വെപ്രാളവും വേഷവും കണ്ട് ഭയന്ന ഒരു ഇളം‌മുറക്കാരി പേടിച്ച് അമ്മയുടെ കരവലയത്തിലേക്ക് കയറിയതോടെയാണ് കുമാരൻ അതുവരെ കാത്തിരുന്ന ന്യൂനമര്‍ദ്ദ പ്രദേശം സഫലമായത്. ഇനി, മുന്നില്‍ നില്‍ക്കുന്ന ഒരുത്തിയെ കൂടി ഒഴിവാക്കിയാല്‍ സൌകര്യമായി വിമാനം കാണാം. ആ പെണ്ണിന്‍റെ കഴുത്തിനിടയില്‍ കൂടിയും, ഇടക്കിടെ പാറുന്ന തലമുടിക്കിടയിലൂടെയും കുമാരന്‍ ഭാഗീകമായിട്ടെങ്കിലും വിമാനത്താവളത്തിന്‍റെ ഭൂപടം വരച്ചെടുത്തു. പിന്നെയും ചില സംശയങ്ങള്‍! വിമാനത്താവളത്തിന്‌ വിമാനത്താവളം എന്ന പേര് വരാൻ കാരണമെന്താണ്? കാറ്റ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പേരുകൾ വച്ചുനോക്കുമ്പോൾ വിമാന സ്റ്റാൻഡ് എന്ന പേരല്ലേ വരേണ്ടിരുന്നത്? പിന്നെ, വിമാനത്തിന്‌ മാത്രം ഹോണില്ലാത്തത് എന്തുകൊണ്ടാ‍ണ്? പാടത്തും പറമ്പത്തും നിന്നും താൻ എത്ര കൈ കാട്ടിയിട്ടും വിമാനം നിർത്താതെ പോകുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ പോവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ ഒരു ആൺ‌തരിയെങ്കിലും അടുത്തുണ്ടാവുമോ എന്നറിയാൻ കുമാരൻ തിരിയാന്‍ തുടങ്ങിയതേയുള്ളൂ. “എന്‍റമ്മോ....” എന്നൊരു നിലവിളിയോടെ കുമാരന്‍ ദേ കിടക്കുന്നു. അസൂയപൂണ്ട ഏതോ പട്ടണപ്പരിശ പിന്നില്‍ നിന്ന് തള്ളിയതാണ്. തള്ളലിന്‍റെ ഊക്കില്‍ സകല നിയന്ത്രണവും വിട്ട് കുമാരന്‍ മുന്നില്‍ നിന്ന പെണ്ണിന്‍റെ പുറത്തേക്ക് ചെന്നുവീണു. രണ്ട് ശരീരങ്ങളും മുന്നിലുണ്ടായിരുന്ന കണ്ണാടിയില്‍ അല്‍പ്പനേരം ഒട്ടിയിരുന്നു. കുമാരന്‍ മുകളില്‍ പെണ്ണ് അടിയില്‍! അതുവരെ ഇംഗ്ലീഷിലും മംഗ്ലീഷിലും വാചകമടിക്കുകയായിരുന്ന പെണ്ണുങ്ങളെല്ലാം “എന്റെമ്മച്ചിയേ” എന്ന് വിളിച്ച് നാലുപാടും ചിതറി. സ്പോഞ്ച് മെത്തയിൽ വീണ പോലെ കുമാരന്റെ ശരീരം കുളിര് കോരി. “ഹോ... ഇത്രയ്ക്ക് സോഫ്റ്റാണോ?” കുമാരന് ആ റിലേഷൻഷിപ്പിനെ അടുത്ത ലവലിലേക്ക് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിന് ആ പെണ്ണ് സമ്മതിക്കില്ലല്ലോ! എന്തുചെയ്യും? കിട്ടിയത് ആട്ടേ എന്ന് തൽക്കാലം സമാധാനിച്ച് കുമാരൻ സമനില വീണ്ടെടുത്തു, പിന്നെ ചിതറിയോടിയ പെണ്ണുങ്ങളുടെ സ്ഥാനം അപഹരിച്ച് കണ്ണാടിക്കൂടിലേക്ക് ചേർന്ന് നിന്നു. അതിന് ശേഷം ഒന്നുമറിയാത്തതു പോലെ, വിമാനത്തിന് കൈകാട്ടാനും ടാറ്റാ പറയാനും തുടങ്ങി.

ഇതുവരെ മുന്നില്‍ നിന്ന പെണ്ണിപ്പോള്‍ കുമാരന്‍റെ പിന്നിലാണ് നില്‍പ്പ്. കുമാരന്റെ തൂമ്പാ തട്ടി അവളുടെ ഡിക്കി ചളുങ്ങിയെന്ന് തോന്നുന്നു, ഇടക്കിടെ അവൾ പിന്നാമ്പുറം നോക്കുകയും അവിടം തടവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരോ തവണ തിരിയുമ്പോഴും അവളുടെ കൈ കുമാരന്‍റെ മുതുകില്‍ സ്പർശിച്ചു. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയില്‍ ആദ്യമൊന്നും കുമാരന്‍ അത് ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, വേദനയും അസ്വസ്ഥതയും മൂലം ഞെരിപിരി കൊള്ളുന്ന അവളുടെ ആട്ടവും അനക്കവും കുമാരൻ ശ്രദ്ധിക്കാൻ തുടങ്ങി, ചെവിയും തൊലിയും ഉപയോഗിച്ച്! തിരിഞ്ഞു നോക്കിയാൽ ഇതുവരെ ലഭിച്ച സ്പര്‍ശനസുഖം എന്നന്നേക്കുമായി നഷ്ടമായാലോ? അതുവരെ കൈ കാണിച്ചും പല്ലിളിച്ചും ഖുഷിയായി നിന്ന കുമാരൻ പെട്ടെന്ന് വടിയായി. ടെൻഷൻ! ടെൻഷൻ!

പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു. പരാജയമായിരുന്നു പരിണിത ഫലം. എങ്കിലും കുമാരൻ വിടുമോ? മുഖം കാണാൻ പറ്റീല്ലേങ്കിലും വേണ്ടില്ല. വേറെന്തെങ്കിലും കണ്ടാലും മതിയായിരുന്നു. കുമാരൻ കക്ഷത്തിനിടയിലൂടെ താഴേക്ക് നോക്കി. തൊട്ടുവന്ദിക്കാൻ തോന്നുന്ന സുന്ദരമായ പാദങ്ങൾ... ഹാവൂ..... അങ്ങനെ നെടുവീർപ്പിട്ട് നിൽക്കുമ്പോഴാണ് തനിക്ക് മുന്നിലെ കണ്ണാടിയില്‍ അവളുടെ മുഖം പ്രതിഫലിക്കുന്ന കാര്യം കുമാരന്റെ ശ്രദ്ധയിൽ പെടുന്നത്. തല പിന്നിലേക്ക് അഡ്ജസ്റ്റ് ചെയ്ത്, കണ്ണിന്‍റെ ലെന്‍സ് പരമാവധി ക്രമീകരിച്ച് കുമാരൻ നോക്കി. ചെന്താമര പോലെ ചുവന്നു തുടുത്ത ഒരു പെണ്‍കുട്ടി. അതിനടുത്ത് കറുത്ത് കരുവാളിച്ച ഒരു കോന്തൻ. സ്വന്തം രൂപം അവഗണിച്ച് കുമാരൻ വീണ്ടും വീണ്ടും നോക്കി. അവളുടെ സൌന്ദര്യം വ്യക്തമാവുന്തോറും കുമാരന്റെ ചങ്കടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി. ജീ‍വിതത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി ഇത്ര അടുത്ത്! മിന്നല്‍പ്പിണര്‍ പോലെ എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് മേലോട്ട് കയറിപ്പോവുന്നതുപോലെ! അതിന്റെ ചൂടിൽ മസ്തിഷ്ക്കവും നാവും വരളുന്നു. കണ്‍ധമനികള്‍ ചൂടുപിടിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു, അതിൽ ശ്വാസോച്ഛാസത്തിന്റെ നൃത്തം പാളുന്നു. അങ്ങനെ, ജീവിതത്തിനും മരണത്തിനുമുടയിൽ ഘടികാര സൂചിയാടുമ്പോഴാണ് വീണ്ടും ഒരു തണുപ്പ് മുതുകത്ത് അനുഭവപ്പെടുന്നത്. “ഈശ്വരാ… ഇതെന്ത് പരീക്ഷണമാണ്?” മുഖത്ത് പൊട്ടിയ സന്തോഷം മറച്ചുവച്ച്, മുഖം പരമാവധി ശോകമയമാക്കി കുമാരൻ മുകളിലേക്ക് നോക്കി ചോദിച്ചു. പിന്നെ, അപ്രതീക്ഷിതമായി വീണുകിട്ടിയ രതിസാഫല്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കുമാരന്‍ അനങ്ങാതെ സ്വയം നിന്നുകൊടുത്തു.

നിമിഷങ്ങളും മിനിറ്റുകളും ആരെയും വകവയ്ക്കാതെ മാർച്ച്‌പാസ് ചെയ്തുകൊണ്ടിരുന്നു. മൂക്കിലെ പാലം തകരുന്ന മാതിരി ആരോ അമർത്തി വിട്ട അധോവായുവാണ് കുമാരന്റെ തലയ്ക്ക് തട്ടി അയാളെ പരിസര ബോധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അശുദ്ധ വായുവിന്റെ മന്ദത മാറിയപ്പോൾ കുമാരന്‍റെ മനസില്‍ ലജ്ജയും അതിലുപരി ഒരു തരം ഭീതിയും രൂപപ്പെട്ടു. “ഛേ... എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും താനീ കാണിച്ചതെല്ലാം! തനിക്ക് അപരിചയമായ ഒരു സ്ഥലമാണെങ്കില്‍ കൂടി, ഇത്ര തരംതാഴാന്‍ പാടില്ലായിരുന്നു.” തനിക്ക് ഇപ്പോഴെങ്കിലും പരിസര ബോധം ഉണ്ടായതിൽ കുമാരൻ ആ‍രുടെയോ ഗ്യാസ് ട്രബിളിന് നന്ദി പറഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി! ഇടംവലം നോക്കാതെ അവിടെ നിന്ന് പതിയെ പിന്‍‌വാങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. അതിനുമുമ്പ്, തന്‍റെ പിന്നില്‍ നില്‍ക്കുന്ന ‘പ്രിയതമയുടെ’ മുഖം ശരിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!! കുമാരന്‍ കൊതിച്ചു. എവിടെയെങ്കിലും വച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പറയാമല്ലോ! സ്വന്തം വികാരങ്ങളെ തട്ടിയുണര്‍ത്തി ഇത്രയും നേരം മുലയൂട്ടിയ ആ പെണ്‍കുട്ടിയോടുള്ള ലജ്ജാവഹമായ കൃതജ്ഞതയോടും പ്രണയാതുര ഭാവത്തോടും കുമാരന്‍ മെല്ലെ തിരിഞ്ഞു. അവിടെ പെണ്ണ് പോയിട്ട് ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല! ഗ്ലാസ് കൊണ്ടടച്ച ഗ്യാലറിയിലെ ഉഷ്ണത്തില്‍ വിയർത്തൊഴുകിയ മുതുകില്‍ ഷര്‍ട്ട് ഒട്ടിപ്പിടിച്ചപ്പോള്‍ മനസില്‍ രൂപംകൊണ്ട മരീചികകളായിരുന്നു തനിക്ക് ലഭിച്ച തണുപ്പും, ‘പെണ്‍സുഖമെന്ന്’ കുമാരന്‍ വീട്ടിലെത്തിയപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

Friday, July 15, 2011

എങ്കിലും, ഞാനൊരു ഗേ അല്ല!

അസ്ഥിയിൽ പിടിച്ച പ്രണയം
എനിക്ക് അവനോട്!
കള്ളമല്ല, ഇതു സത്യം!
വർഷങ്ങൾക്ക് മുമ്പാണ്,
കൌമാരം പൂത്തുലഞ്ഞ്,
കായ്ക്കാൻ തുടങ്ങുമ്പോൾ!
വൈകിയെങ്കിലും
ഞാനത് തിരിച്ചറിഞ്ഞു.

അവനില്ലാത്തപ്പോൾ
ശ്വാസം മുട്ടുക;
കണ്ണുകൾ പരതുക;
ഇടനെഞ്ച് തുടിക്കുക;
സ്വൈര്യം നശിക്കുക;
പിന്നെ
അലസത, നിരാശ.
കാണുമ്പോഴാകട്ടെ,
ആ സാന്നിധ്യത്തിലാവട്ടെ,
മുഖത്ത് ആയിരം വസന്തം;
ആത്മാവിൽ ഉത്സവം;
കൊടിയും തോരണവും
ചെണ്ട മേളവും
പിന്നെ, വെടിക്കെട്ടും.
ആകപ്പാടെ ഉഷാർ!
അതിനെല്ലാം പിന്നിൽ
ഏതോ ഒരു നിർവൃതി.

അവനെന്റെ സഹപാഠി.
ഒരേ ബഞ്ചിൽ, ഒരേ മാർക്ക്
ഒരേ ഇഷ്ടങ്ങൾ
ഒരേ കുപ്പായങ്ങൾ
ഒരേ നോട്ടുബുക്കുകൾ
ഒരേ പേന
ഒരേ സോപ്പ്
ഒരേ ബക്കറ്റ്
ഒരേ ഹോസ്റ്റൽ മുറി
എന്തിനും ഏതിനും ഒപ്പം.

ഇതെങ്ങനെ സംഭവിച്ചു?
എനിക്കറിയില്ല.
കുറേ ആ‍ശയക്കുഴപ്പത്തിനും,
ചിന്തയ്ക്കുമൊടുവിൽ
ഞാൻ തിരിച്ചറിഞ്ഞു,
വൈകിയെങ്കിലും.

അവന്റെ കണ്ണുകൾ
എന്തൊരഴകാണ്!
കണ്മഷിയിട്ട പോലെ
ഇടതൂർന്ന കൺപീലികൾ!
അതിനിടയിൽ
നീലത്തടാകം പോലെ
കൃഷ്ണമണികൾ.
ബാല്യം വിടാത്ത കവിളുകൾ.
അതിലങ്ങിങ്ങായി
മുഖപ്പരുകൾ.
ആരും കൊതിക്കും
ചുവന്ന ചുണ്ടുകൾ.
അതിൽ വിടരും
കള്ള പുഞ്ചിരി.
ചിരിയിൽ തെളിയും
കുച്ചരിപ്പല്ലുകൾ.
കണ്ഠ മുഴയില്ലാത്ത
നഗ്നമാം കഴുത്ത്.
തടിച്ച മാറിടം
അതിൽ,
ഉന്തിൽ നിൽക്കും
റോസാപ്പൂ പോലെ
മുലക്കണ്ണുകൾ!
വീർത്ത വയറിൽ
കടൽച്ചുഴി പോലെ
അഴകാർന്ന പൊക്കിൾ.
തേൻ കുടം പോലെ
നിതംബം.
രോമം കിളിർക്കാത്ത
തുടകൾ.
ഈട്ടിത്തടി പോലെ
കാൽകൾ.
താമരപ്പൂ പോലെ
പാദം.
ആകെക്കൂടിയൊരു
പെൺ‌രൂപം.

“കുപ്പായമില്ലേൽ പെൺകുട്ടി“ എന്ന്
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്,
പലപ്പോഴും.
അതുകേട്ടവൻ
മുഖം ചുളിക്കാറുണ്ട്,
പിണങ്ങാറുമുണ്ട്.
എങ്കിലും,
എനിക്കവനോടുള്ള
പ്രണയം മാത്രം
ഞാൻ മറച്ചുവച്ചു.
ഒപ്പം, അവനോടുള്ള
അഭിനിവേശങ്ങളും.
ഒരു പക്ഷേ,
അവനെന്നിൽ നിന്ന്
അകന്നുപോയാലോ?

അവനുള്ള രാത്രികളിൽ
എനിക്ക് ഉറക്കം വന്നില്ല.
പ്രണയാതുരനായി,
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
പ്രകാശ കിരണങ്ങളുടെ
കണ്ണുവെട്ടിച്ച്
അവന്റെ കട്ടിലിൽ
ചെന്നിരിക്കാനും,
പിന്നെ പ്രണയാർദ്രമായി
ആ കാൽ വിരലുകളിൽ
സ്പർശിക്കാനും,
അവയെ ചുംബിക്കാനും,
കാലുകളിൽ
വിരലുകൾ ഓടിക്കാനും,
പൊക്കിൾ കുഴിയുടെ
ആഴമളക്കാനും
വിരലുകൾ വെമ്പി.
അടഞ്ഞിരിക്കും കൺകളിൽ
മുത്തമിടാനും,
ചെവികളിൽ ഊതാനും,
മൂക്കിൽ നാവ് കൊണ്ട്
സ്പർശിക്കാനും,
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
ഉരസാനും വ്യഗ്രത.
എങ്കിലും, അതിനൊന്നും
ഞാൻ മുതിർന്നില്ല.
ഭയം..., സദാചാര ബോധം....
പിന്നെ,
ഇതറിയുമ്പോൾ
അവനെന്നെ വെറുത്താലോ?

ഒടുവിൽ, എങ്ങനെയോ
ഞാൻ പറയാതെ തന്നെ
അവന് മനസിലായി
...

മനസിലൊളിപ്പിച്ച
എന്റെ അനുരാഗം.
എങ്കിലും, അവനെന്നെ
വെറുത്തില്ല, അകന്നുപോയില്ല.
പുരുഷമായി നോക്കിയില്ല.
കുത്തുവാക്കുപറഞ്ഞില്ല.
കുപിതനായില്ല.
മുഖം തിരിച്ചില്ല.
ശകാരിച്ചില്ല.
ആ ഒറ്റ മുറിയിൽ
ഞങ്ങൾ വീണ്ടും കഴിഞ്ഞു
ഏറെ നാളുകൾ!
കിടക്ക പങ്കിടാതെ,
പരസ്പരം പുണരാതെ.
ചുംബിക്കുകയോ,
സ്പർശിക്കുകയോ,
കൈ കോർക്കുകയോ,
ചെയ്യാതെ.
തികഞ്ഞ
സാത്വികരെ പോലെ!

Thursday, July 14, 2011

ചില ഡേറ്റിംഗ് വിശേഷങ്ങള്‍!

നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂം‌മേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.

ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.

ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബി‌എ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബി‌എയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.

സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.

ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽ‌പ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!

ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻ‌കരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻ‌കരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻ‌കരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻ‌കരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക....  അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Sunday, June 26, 2011

കൊഴിയാത്ത ധാന്യമണികള്‍

ലേഖ വീണ്ടും ഗര്‍ഭിണിയായി! ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, അവള്‍ അക്കാര്യം ആരെയും അറിയിച്ചില്ല. ഗര്‍ഭധാരണം ആ വേശ്യാലയത്തിൽ ഒരു വാർത്തയല്ല. അങ്ങനെയെങ്ങാനും സംഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് മണിച്ചേച്ചിയുടെ നിയമം. ചേരിയിലെ ജീർണ്ണിച്ചു തുടങ്ങിയ ആ ഇരുനില കെട്ടിടത്തിന്റെ ഉടമയാണ് മണിച്ചേച്ചി. പട്ടണത്തിൽ നടക്കുന്ന സകല കൂട്ടിക്കൊടുപ്പുകൾക്കും ഒത്താ‍ശ ചെയ്യുന്ന മണിച്ചേച്ചിയെ ചേരിയിലുള്ള ആബാലവൃദ്ധം ജനങ്ങൾക്കും ഭയമാണ്, എന്തിന് അവിടത്തെ രാഷ്ട്രീയക്കാർക്ക് പോലും! എങ്കിലും, ലേഖയ്ക്ക് അത് പറയാൻ തോന്നിയില്ല. വഴിയാത്രക്കാരുടെ ഓട്ടക്കീശയില്‍ നിന്ന് വീഴുന്ന ധാന്യമണികൾ ആരും പെറുക്കാറില്ല, എന്നാലും...! ലേഖയുടെ മനസ് മടിച്ചു.

കഴിഞ്ഞ ആറ് തവണയും ലേഖയ്ക്ക് ഗർഭഛിദ്രം നടത്തിയത് ഒരു നേഴ്സാണ്. വൈകുന്നേരങ്ങളിലാണ് അവർ എത്തുക. ആ കെട്ടിടത്തിൽ അവർക്ക് പ്രത്യേകം ഒരു മുറിയുണ്ട്, അതിൽ പൊക്കമുള്ള ഒരു ഇരുമ്പ് കട്ടിലും. ഓരോരുത്തരായി വേണം ചെല്ലാൻ. അകത്തുകടന്നാൽ കയറിയ ആൾ തന്നെ വാതിലടച്ച് കുറ്റിയിടണം, തുണിയഴിച്ച് കട്ടിലിൽ കിടക്കണം, പിന്നെ കാലുകൾ വിടർത്തണം. ആ സ്ത്രീ ഒന്നും പറയുകയോ മിണ്ടുകയോ ചെയ്യില്ല. അവർ പറയാതെ തന്നെ ഇവ ചെയ്തില്ലെങ്കിൽ മുതുകത്ത് അടിയാണ്, ചിലപ്പോൾ കട്ടിലേക്ക് പിടിച്ച് തള്ളും. ചികിത്സയ്ക്കിടയിൽ കരയാനോ ശബ്ദിക്കാനോ പാടില്ല. ശബ്ദിച്ചാൽ കൈയ്യിലിരിക്കുന്നത് വച്ച് തുടയിൽ കുത്തും. ആദ്യ രണ്ട് ഗർഭഛിദ്രങ്ങളോടെ ലേഖ പഠിച്ചു. ആ താടകയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചു. പക്ഷേ, ഫലമുണ്ടായില്ല! ക്വാണ്ഡം ഉപയോഗിച്ചാൽ സുഖം നഷ്ടമാവുമെന്ന് പറയുന്ന കസ്റ്റമേഴ്സിനെ പിന്നെ എന്തുചെയ്യാൻ കഴിയും?

ഇടനാഴിയില്‍ കേട്ട കാലൊച്ചയാണ് ലേഖയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് അവൾ എഴുന്നേറ്റു. സ്വൽ‌പ്പം നേരം മുമ്പ് വന്നുപോയ മനുഷ്യന്റെ പരാക്രമങ്ങള്‍ മൂലം അലങ്കോലമായ കട്ടിലിലെ കിടക്കവിരിയും തലയിണയും നേരെയാക്കി അവള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു. അരക്കെട്ടിലൂടെ അയഞ്ഞുതൂങ്ങുന്ന സാരിയുടെ അറ്റം കണ്ടുപിടിക്കുന്നതിനിടയിൽ, ആ കാലൊച്ച കതക് തുറന്ന് ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്നു. ആ കാലൊച്ച ആവേശത്തോടെ തന്നെ സമീപിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, പൊക്കിൾ താഴ്ത്തി തിരുകാൻ സ്വരൂപിച്ച സാരിത്തുമ്പിന്‍റെ പിടി അവൾ മെല്ലെ വിട്ടു. മുഖത്ത് നിന്ന് വിയര്‍പ്പുകണികകള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ സാരി മുഴുവന്‍ സാവധാനം നിലം പതിച്ചു. പിന്നെ, വില കൊടുത്തു വാങ്ങിയ ശരീരത്തിന്റെ നഗ്നത യാതൊരു പരിശ്രമവും കൂടാതെ വെളിവാക്കപ്പെട്ടതിന്റെ ലഹരിയിൽ ചുണ്ടുകൾ നുണയുന്ന ശബ്ദം തന്റെ പിന്നിൽ നിന്ന് വരുന്നത് അവൾ കേട്ടു.

വഴിയമ്പലങ്ങളില്‍ എണ്ണവിളക്കുമായി നില്‍ക്കുന്ന കല്‍‌പ്രതിമയെ പോലെ ലേഖ നിന്നു. എന്നിട്ടും, പിന്നിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവില്ലെന്ന് കണ്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു... പിന്നെ സ്വയം തിരിഞ്ഞ് തനിക്ക് മുന്നിൽ നിൽക്കുന്ന പുരുഷത്വത്തിന്റെ കണ്ണുകളിലേക്ക് നോക്കി, അപരിചിതമായ മരണ താഴ്വരയില്‍ ചെന്നകപ്പെട്ട പഥിതന്‍റെ ഭയപ്പാടുകള്‍ അവൾക്ക് ആ കണ്‍കളില്‍ കാണാമായിരുന്നു! അവ നന്നായി ആസ്വദിച്ച ശേഷം, ലേഖ കട്ടിലില്‍ ഇരുന്നു.

സങ്കോച രഹിതമായ അവളുടെ കണ്‍കളില്‍ നിന്ന് നിര്‍ഭരം പ്രസരിക്കുന്ന ഉദാസീനതയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ യുവത്വം കൈകൾ തുരുമി. മുൻ‌കൈയ്യെടുക്കേണ്ടത് താനാണെന്ന് അറിയാമായിരുന്നിട്ടും, ലേഖ അയാളുടെ ചേഷ്ടകളെ ആസ്വദിച്ച് കട്ടിലിൽ തന്നെ ഇരുന്നു, പുഞ്ചിരിക്കുന്ന ഒരു മനസുമായി! ഒടുവിൽ, സ്വന്തം കഴിവുകേട് സമ്മതിച്ച് ആ യുവാവ് കതക് തുറന്ന് ഇടനാഴിയിലൂടെ അതിവേഗം നടന്നകന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ! ലേഖയുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു, ഏറെ നാളുകൾക്ക് ശേഷം!

മനുഷ്യ ശ്രവങ്ങളുടെ മനം പുരട്ടുന്ന ദുർഗന്ധം വമിക്കുന്ന ആ കെട്ടിടത്തിലെ ഇടനാഴിയിൽ പിന്നെയും കാലൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. അവയെല്ലാം അവളുടെ മജ്ജയും മാംസവും ആവോളം രുചിച്ചു. എങ്കിലും, അവള്‍ ഗര്‍ഭിണിയാണെന്ന വിവരം മാത്രം അവിടെ ആരും അറിഞ്ഞില്ല. ഏറെ വൈകി, തന്‍റെയുള്ളില്‍ വളരുന്ന ഗര്‍ഭ ശ്രീമാനെ കുറിച്ച് പുറം‌ ലോകമറിയുമ്പോള്‍ ഈ മാംസച്ചന്തയില്‍ നിന്ന് താന്‍ പുറത്താവുമെന്ന് ലേഖയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ കെട്ടിടത്തിന്റെ ചുവരുകൾ ചാടിക്കടക്കാന്‍ വേറെ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, എങ്കിലും ഇവിടെ നിന്നും തനിക്ക് അജ്ഞാതമായ മരുപ്രദേശങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന അര്‍ത്ഥ ശൂന്യതകളിലും ഏകാന്തതയിലും ആവേശം പകരാന്‍..., പാപ പങ്കിലമായ ചുറ്റുപാടില്‍ കിടന്ന് ജീർണ്ണമായ തന്‍റെ നിഷ്ക്കളങ്ക വികാരങ്ങളെ ഒരു താരാട്ടുപാട്ടിലൂടെ പുനര്‍ജനിപ്പിക്കുവാന്‍..., മനുഷ്യമൃഗങ്ങൾ കടിച്ച് വലിച്ച നീരില്ലാത്ത മുലകളിൽ നിന്നും മാതൃത്വം ചുരത്തി സായൂജ്യമടയുവാൻ..., മനുഷ്യ വൈകൃതങ്ങൾ ഉഴുതുമറിച്ച തന്റെ ജനനേന്ദ്രിയങ്ങളെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവീകരിക്കാൻ..., സ്നേഹവായ്പ്പുകളോടെ ചുടു ചുംബനങ്ങൾ ആവോളം നൽകാൻ..., പിന്നെ അരോടും പരിഭവം പറയാതെ ഒരു നാള്‍ ആ കൈകളിൽ കിടന്ന് ചത്തൊടുങ്ങാൻ...  ഒരു തുണ! ലേഖ മൌനം ഭജിച്ചു.

Sunday, June 12, 2011

വെള്ളക്കടലാസിലെ വരി


“I love you too” – എന്ന് ഭാവന.

ആ വെള്ള കടലാസില്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അനന്തുവിന്റെ ചേച്ചിക്ക് അത് ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” കത്തും പൊക്കിപ്പിടിച്ച് അവൾ കൂവി വിളിച്ചു.

“എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ!. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” ചേച്ചിയുടെ കയ്യിൽ നിന്ന് കടലാസ് തട്ടിപ്പറിക്കാൻ അനന്തു ആവത് ശ്രമിച്ചു. “അമ്മേ ഇത് കണ്ടോ, ഇവനെന്നെ ഉപദ്രവിക്കുന്നു” ചേച്ചി വീണ്ടും ഒരു നമ്പര്‍ ഇറക്കി. “എന്താടാ ഇത്?” അമ്മ ഇടയ്ക്ക് കയറി. “ഒന്നുമില്ല!” കടലാസ് കിട്ടാത്തതിന്റെ കുണ്ഠിതം മറച്ച് ചേച്ചിയെ പിന്നിലേക്ക് തള്ളി അനന്തു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയി, അവനൊട്ടും ചേരാത്ത ഗൌരവത്തോടെ! അമ്മയറിഞ്ഞാൽ വിഷയം അച്ഛന്റെ ചെവിയിലുമെത്തുമെന്ന് അനന്തുവിന് നന്നായി അറിയാം.

വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് അനന്തു. അനന്തുവും ചേച്ചിയും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസമേയുള്ളൂ. പക്ഷേ, അവന്റെ അമ്മയാണെന്നാണ് അവളുടെ ഭാവം. അനന്തുവിന്റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക ചേച്ചിയുടെ സ്ഥിരം ഏർപ്പാടാണ്. അനന്തുവിനെ അച്ഛന് വലിയ ഇഷ്ടമാണ്. അതിന്റെ അസൂയയും അവൾക്ക് ഇല്ലാതില്ല. പിന്നെയുള്ളത് ഒരു ചേട്ടൻ. അനന്തുവിനേക്കാൾ അഞ്ച് വയസിന്‍റെ പ്രായ വ്യത്യാസമുള്ള കക്ഷിക്ക് എപ്പോഴും ഗൌരവമാണ്. അധികം ചിരിക്കില്ല, സംസാരിക്കില്ല. അതുകൊണ്ടുതന്നെ, അനന്തുവിന് ചേട്ടനെ അത്ര ഇഷ്ടമല്ല. അവർ തമ്മിൽ അധികം മിണ്ടാറുമില്ല.

ഉച്ചയായപ്പോള്‍ ചേട്ടന്‍ വന്നു. അയാളെ കണ്ട മാത്രയില്‍ ചേച്ചി കത്തും പൊക്കിപ്പിടിച്ച് ചേട്ടന്‍റെ അടുക്കലെത്തി. “ഇത് കണ്ടോ?” അവള്‍ ചോദിച്ചു. “ആരാ ഈ ഭാവന?” കത്ത് വാങ്ങി സസൂഷ്മം നോക്കി അയാള്‍ ആരാഞ്ഞു. “അനന്തുവിന്റെ ക്ലാസിലെ കുട്ടിയാ. അവര്‍ തമ്മില്‍ പൊരിഞ്ഞ പ്രേമമാ.” കള്ളച്ചിരിയോടെ ചേച്ചി വിസ്തരിച്ചു. അയാളുടെ മുഖം ചുവന്നു. “അവനെവിടെ?” അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ ചോദിച്ചു. “രാവിലെ തന്നെ കെട്ടിയെഴുന്നെള്ളി പോയി.” ചേച്ചി അറിയിച്ചു. അത് കേട്ടയുടന്‍ കതക് ആഞ്ഞടച്ച് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴിച്ചു!

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി എതിരെ വന്ന ചേട്ടന്റെ ബൈക്ക് കണ്ട് അനന്തു സൈക്കിള്‍ റോഡിനരികിലേക്ക് അടുപ്പിച്ചു. അനന്തുവിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് അമരുന്ന കടുത്ത സ്വരത്തോടെ ബൈക്ക് നിന്നു. “സൈക്കിള്‍ പൂട്ടി, വണ്ടിയില്‍ കയറ്.“ ചേട്ടന്റെ സ്വരത്തിലെ ആജ്ഞയുടെ ശകലങ്ങൾ അനന്തു തിരിച്ചറിഞ്ഞു. എവിടെ പോകുന്നു എന്നൊന്നും അവൻ ചോദിച്ചില്ല. സൈക്കിള്‍ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് അവൻ ബൈക്കില്‍ കയറി. പിന്നെ, ഞൊടിയിടയില്‍ ഒരു മിന്നായം പോലെ ബൈക്ക് അവിടെ നിന്ന് മറഞ്ഞു.

ഇടതൂര്‍ന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ അവർ സഞ്ചരിക്കുകയാണ്. അച്ഛന് ഭാഗം കിട്ടിയ നൂറേക്കര്‍ റബര്‍ തോട്ടത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് അനന്തു ഊഹിച്ചു. അച്ഛനോ പണിക്കാരോ ആരെങ്കിലും തോട്ടത്തിലുണ്ടാവും. എന്തെങ്കിലും ജോലി ചെയ്യാനുമുണ്ടാവും. അനന്തു കരുതി. തോട്ടത്തിലെത്തിയപ്പോള്‍ അച്ഛനുമില്ല, പണിക്കാരുമില്ല. അനന്തുവിന് സംശയം തുടങ്ങി. “നമ്മളെന്താ ചേട്ടാ ഇവിടെ?” മനസില്ലാമനസോടെ അവൻ ചോദിച്ചു.

“എനിക്ക് നിന്നോടല്‍പ്പം സംസാരിക്കാനുണ്ട്!“ ബൈക്കിന്റെ സ്റ്റാന്റിട്ട് ചേട്ടൻ ഇറങ്ങി. പിന്നെ, അടുത്തു നിന്ന അനന്തുവിന്റെ കണ്ണുകളെ ഈമ്പിയെടുക്കാനെന്ന പോലെ മുഖമടുപ്പിച്ച് ചോദിച്ചു: “ആരാടാ ഈ ഭാവന?” “എന്‍റെ ക്ലാസിലെ കുട്ടിയാ” അനന്തു അസ്വസ്ഥനായെങ്കിലും പറഞ്ഞൊപ്പിച്ചു. “നീയും അവളും തമ്മില്‍?” ചേട്ടന്റെ ചോദ്യം കേട്ട് അനന്തു പരുങ്ങി. എന്ത് പറയണമെന്നറിയാതെ വിഷമിച്ചു. “പറയെടാ” അയാളുടെ ശബ്ദം ഉയര്‍ന്നു. “അവളെന്‍റെ സുഹൃത്താ” അനന്തു പറഞ്ഞു. “കള്ളം പറയുന്നോടാ…. പട്ടി.” അയാളുടെ അടിയേറ്റ് അനന്തു വീണു. പിന്നെ ഒന്നും ഓർമ്മയില്ല, അവനെ ഉപേക്ഷിച്ച് ബൈക്ക് അവിടെ നിന്ന് പോയത് പോലും!

എതിരേ വീശുന്ന കാറ്റിനെ തുളച്ച് ബൈക്ക് അതിവേഗം നീങ്ങുന്നു. കാറ്റിൽ അയാളുടെ മുടി പാറിപ്പറക്കുന്നു. സായംസന്ധ്യയുടെ സ്വര്‍ണ്ണ കിരണങ്ങൾ അയാളുടെ മുഖത്തടിക്കുന്നു. എന്നിട്ടും, മുഖം പ്രസന്നമാകുന്നില്ല. കുണ്ടും കുഴികളും അവഗണിച്ച് ബൈക്കിന്‍റെ ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. എതിരെ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോൾ ആ ചക്രങ്ങള്‍ പെട്ടെന്ന് നിന്നു. സഡൺ ബ്രേക്കിന്റെ പെട്ടെന്നുള്ള അലർച്ച കേട്ട് പെണ്‍കുട്ടി നടുങ്ങി, അവള്‍ ഭാവനയായിരുന്നു! തനിക്ക് കുറുകേ നിൽക്കുന്ന ബൈക്കുകാരനെ ഒഴിഞ്ഞ് മാറി അവൾ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. “നിക്കടീ” അയാൾ അലറി. “നിനക്ക് പ്രേമിക്കാന്‍ ആ പട്ടിയെ മാത്രമേ കിട്ടിയുള്ളോ?“ അവൾ അയാളെ നോക്കി. ആ കണ്ണുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഞാനൊരു മണ്ടനെന്ന് നീ കരുതിയോ? നിന്‍റെ പുറകേ നടക്കാന്‍ എനിക്ക് അത്ര ഭ്രാന്തൊന്നുമില്ല. നിനക്കെന്നെ ഇഷ്ടമല്ലെങ്കില്‍ അത് നേരിട്ട് പറയണം. അല്ലാതെ, അനുജന് പ്രേമലേഖനം നൽകി എന്നെ വെറും വിഡ്ഢിയാക്കരുത്.” അയാളുടെ തൊണ്ടയിടറി. പിന്നെ കണ്ണുകള്‍ നിറഞ്ഞു, അതിൽ കോപത്തിന്റെയും നൈരാശ്യത്തിന്റെയും ലവണങ്ങൾ കലർന്നിരുന്നു. നിയന്ത്രണം നഷ്ടമാവുകയാണെന്ന് മനസിലാക്കിയ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനൊരുങ്ങി. അവള്‍ അയാളുടെ കൈയ്യില്‍ കടന്നുപിടിച്ചു. കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീഴുന്നതൊന്നും ഗൌനിക്കാതെ അവൾ ആ കൈ അമർത്തി, പിന്നെ ചോദിച്ചു: “എന്ത് പറ്റി, അനന്തു കത്ത് തന്നില്ലേ?”

(ചിത്രം കടപ്പാട്: ഗൂഗിൾ)

Saturday, June 11, 2011

നീ കൂടെയെങ്കിൽ


രു തിരിവെട്ടമായ്
നീ കൂടെയെങ്കിൽ
നിലവറയ്ക്കുള്ളിൽ കിടക്കാം
മയിൽ‌പ്പീലി കണ്ണുപോൽ
നീ കൂടെയെങ്കിൽ
പുസ്തകത്താളിൽ ഉറങ്ങാം

ദുർഘടം വഴിയിലും
നീ കൂടെയെങ്കിൽ
മുള്ളും പൂമെത്തയാക്കാം
ഞാൻ വരുവോളം
നീ കാക്കുമെങ്കിൽ
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

എൻ ഗുരുവാകാൻ
നിനക്കിഷ്ടമെങ്കിൽ
വിരലുകളൊക്കെയും വെട്ടിത്തരാം
അടുത്ത ജന്മത്തിലെൻ
ഇണയാവുമെങ്കിൽ
ഈ ജന്മമിന്നു ഞാനുപേക്ഷിക്കാം

ഇനിയൊരിക്കലും
പിണങ്ങാതിരുന്നാൽ
ശത്രുവിന്‍ പാദവും കുമ്പിട്ടിടാം
ഒരു തവണയെങ്കിലും
നോക്കിച്ചിരിച്ചാൽ
നിൻ കണ്മുന്നിൽ വരാതിരിക്കാം

നിന്റെയിഷ്ടങ്ങൾ
എന്നോട് ചൊല്ലിയാൽ
ഇത്തലയും താലത്തിൽ ഏകാം!
എൻ സാമീപ്യമൊരു
ശല്യമാണെങ്കിൽ
ഈ ദേഹവും ഞാൻ തന്നെ ഭക്ഷിച്ചിടാം!



ചിത്രം കടപ്പാട്:
www.amsterdam-artgallery.com

Monday, May 23, 2011

എന്റെ ബാല്യകാല സഖി

അദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓർമ്മകൾ എനിക്കില്ല. എങ്കിലും, എന്റെ ഊഹം ശരിയാണെങ്കിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ എന്റെ ഹൃദയപൂങ്കാവനത്തിൽ ആദ്യമായി അനുരാഗം തളിരിട്ടത്‌. അവളുടെ പേര്‌ ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തി പോലെ വിടർന്ന കണ്ണുകളുമുള്ള ഒരു നാടൻ പെൺകുട്ടി. മുട്ടോളം വരുന്ന പാവാടയും കയ്യിലൊരു സഞ്ചിയും നെറ്റിയിൽ വലിയ പൊട്ടുമായി ക്ലാസിൽ കയറിവരാറുള്ള അവൾ, പ്രൈമറി സ്കൂളിന്റെ പടിയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബാല്യകാല സ്മരണകളെ തട്ടിയുണർത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്‌. ഇന്നും അതാണ്‌ സംഭവിച്ചത്‌!

രണ്ടാം ക്ലാസിൽ പുതുതായെത്തിയ കുട്ടിയായിരുന്നു അവൾ. അദ്ധ്യയന വർഷം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞ ശേഷം പുതുതായി സ്കൂളിൽ ചേർന്ന ആ സുന്ദരി വളരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. പേരും വീടും വിലാസവും ചോദിക്കുന്നതിന്റെ കൂട്ടത്തിൽ, നഷ്ടമായ പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാമെന്ന ഉറപ്പുനൽകി അവളുടെ സൌഹൃദം സമ്പാദിക്കാൻ സഹപാഠികളായ ആണും പെണ്ണും മത്സരിച്ചു. ഇതിനൊന്നും വകുപ്പില്ലാതിരുന്ന അയൽ ക്ലാസിലെ വാനര സംഘങ്ങൾ മൂത്രമൊഴിക്കേണ്ട സമയത്തും ഭക്ഷണ സമയത്തും ക്ലാസുകളെ വേർതിരിക്കുന്ന തട്ടിയിൽ തുളയുണ്ടാക്കി ഒളിഞ്ഞുനോക്കുകയും, പന്തും ചോക്കും വടിയും എടുക്കാനെന്ന വ്യാജേന എന്റെ ക്ലാസിൽ നിരന്തരം കയറിയിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ജന്മനാൽ കിട്ടിയ കുശുമ്പ്‌ കൊണ്ടാവണം, അനാവശ്യമായി അവൾക്ക് ലഭിച്ചുകൊണ്ടിരുന്ന ജനശ്രദ്ധ കാരണം ആദ്യനാളുകളിൽ ഞാനവളെ നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

ഇംഗ്ളീഷ്‌ പഠിപ്പിച്ചിരുന്ന ഭദ്ര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്‌ ടീച്ചർ. ഹാജർ എടുത്തുയുടൻ, കഴിഞ്ഞ ദിവസം എടുത്ത പാഠത്തിൽ നിന്ന്‌ കേട്ടെഴുത്ത്‌ നടത്തുക ടീച്ചറിന്റെ പതിവാണ്‌. ഏറ്റവും കുറച്ച്‌ മാർക്ക്‌ കിട്ടുന്ന കുട്ടികളെ ബഞ്ചിൽ കയറ്റി നിർത്തി തുടയിൽ നുള്ളുക അവരുടെ നിത്യവിനോദമായിരുന്നു. ആദ്യ രണ്ട്‌ മാസങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഞാൻ, ദിവ്യ എത്തിയതോടെ കേട്ടെഴുത്തിൽ രണ്ടാം സ്ഥാനത്തേക്ക്‌ നിഷ്കരുണം പിന്തള്ളപ്പെട്ടു. ഹോം വർക്ക്‌ ചെയ്യുന്നതിലും, കാണാപാഠം പഠിക്കുന്നതിലും അവൾ എന്നേക്കാൾ കേമിയായിരുന്നു. ക്ലാസിൽ പ്രധമസ്ഥാനം നഷ്ടപ്പെട്ടതിന്റെ അപമാനഭാരവും പകയും ദിവ്യയെ കൂടുതൽ വെറുക്കാൻ വഴിതെളിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ചില നാളുകൾ അങ്ങനെ കടന്നുപോയി.

പത്ത്‌ ദിവസത്തെ ഓണാവധിക്കാലത്താണ്‌ കഥയിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത്. ഓണക്കാലമായിരുന്നതിനാൽ, സ്വന്തം വീട്ടിലെ അത്തപ്പൂക്കളം ഗംഭീരമാക്കാൻ അയലത്തെ പിള്ളേരുമായി പൊരിഞ്ഞ മത്സരം. സൂര്യനുദിക്കുന്നതിന്‌ മുമ്പേ ഉറക്കമുണർന്ന്‌, ചേച്ചിയേയും അനിയനെയും കൂട്ടി വീടുകളിൽ പൂ മോഷ്ടിക്കാൻ പോവുകയാണ്‌ ആദ്യ കലാപരിപാടി. നീണ്ട കമ്പിന്റെ അറ്റത്ത്‌ ബ്ലേഡ്‌ ഘടിപ്പിച്ച്‌, മതിലിലും മരക്കൊമ്പിലും കയറിയിരുന്നാണ്‌ പൂപറിക്കൽ. ഞെട്ടറ്റ്‌ വീഴുന്ന പൂക്കളെ ശബ്ദമുണ്ടാക്കാതെ ശേഖരിക്കുകയാണ്‌ അനിയന്റെയും ചേച്ചിയുടെയും ജോലി. പൂക്കളുടെ അവകാശം പറഞ്ഞ്‌ ഞാനും അയലത്തെ ചെക്കന്മാരും തമ്മിൽ പല തവണ സംഘർഷമുണ്ടായിട്ടുണ്ട്‌, ആ കൊച്ചുവെളുപ്പാംകാലങ്ങളിൽ. നാട്ടിലെ മുതിർന്ന ചേട്ടന്മാർ തിരുവോണത്തിന്‌ സംഘടിപ്പിക്കാറുള്ള അത്തപ്പൂക്കള മത്സരത്തോടെയാണ്‌ ഞങ്ങൾ കുട്ടികൾ തമ്മിലുടെ സംഘർഷം അതിന്റെ പൂർണ്ണതയിൽ എത്തിയിരുന്നത്‌. ആവശ്യത്തിലും അധികം പൂക്കൽ ശേഖരിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തപ്പൂക്കള മത്സരത്തിൽ ജയിക്കാനാവൂ. ഇതറിയാവുന്ന കുട്ടികൾ മത്സരത്തിന്റെ തലേന്ന്‌ തന്നെ പൂക്കൾ കുമിച്ചുകൂട്ടാൻ തുടങ്ങും. ഏതാനും ദിവസങ്ങളായി നടന്ന കനത്ത പൂഷ്പവേട്ട മൂലം ചുറ്റുവട്ടത്തെ ചെടികളിൽ മൊട്ടുകൾ പോലും അവശേഷിച്ചിട്ടുണ്ടാവില്ല. ആകെയുള്ള പോംവഴി മൈലുകൾ സഞ്ചരിച്ച് മറ്റ് ടെറിട്ടറികൾ ആക്രമിക്കുക എന്നതാണ്. അങ്ങനെ, പൂക്കൾ തേടിയുള്ള നീണ്ട നടപ്പിനിടയിലാണ് ഞാൻ ദിവ്യയുടെ വീട്ടുനടയിൽ എത്തിപ്പെടുന്നത്‌, തികച്ചും അപ്രതീക്ഷിതമായി. ചെളി പതച്ചുണ്ടാക്കിയ മതിലുകൾക്കുള്ളിൽ പുരാതനമായ ഒരു തറവാട്. അതായിരുന്നു ദിവ്യയുടെ വീട്.

കുണ്ടി കീറിയ നിക്കർ, കൈയ്യിൽ ബ്ലേഡ് തിരുകിയ വടി, തോളിൽ സഞ്ചി. ഇതാ‍യിരുന്നു എന്റെ വേഷം. ഒപ്പം അനിയനും ഉണ്ട്. സമയം വൈകിട്ട്‌ ഏഴ്‌ മണി ആയിട്ടുണ്ടാവും. വീടിന്‌ മുന്നിലെ തുളസിത്തറയിൽ എണ്ണവിളക്ക്‌ കത്തുന്നുണ്ട്‌. വീടിന്‌ ചുറ്റും നിറയെ വലിയ ഫലവൃക്ഷങ്ങൾ. തൃസന്ധ്യയിലെ അരണ്ട വെളിച്ചത്തിൽ ഏതോ വനാന്തരത്തിൽ എത്തിപ്പെട്ടതാണെന്നേ തോന്നൂ. തന്നെയുമല്ല, രക്തദാഹികളായ വടയക്ഷികൾക്ക്‌ കുപ്രസിദ്ധിയാർജ്ജിച്ച ഒരു കാവും തെങ്ങിൻ തോട്ടവും ആ പരിസരത്തുണ്ടായിരുന്നതിനാൽ അന്തരീക്ഷം കൂടുതൽ വന്യമായിരുന്നു. തറവാടിന്റെ മതിലിനോട്‌ ചേർന്നുള്ള കാലിത്തൊഴുത്തിനടുത്ത്‌ കനകാമ്പരവും ചെങ്കകവും ചെമ്പരത്തിയും റോസയും ജമന്തിയും പൂത്ത് നിൽക്കുന്നത്‌ പുറത്തുനിന്നുതന്നെ കാണാം. യക്ഷിസങ്കൽപ്പങ്ങളുടെ അതിപ്രസരം മൂലം നാട്ടിലെ മറ്റ് പൂമോഷ്ടാക്കളാരും ഇവിടെ കടക്കാൻ ധൈര്യം കാണിക്കാത്തതിൽ എനിക്ക്‌ ആഹ്ലാദം തോന്നി. ആവശ്യത്തിലധികം പൂക്കൾ ഒറ്റയടിക്ക്‌ കിട്ടുമല്ലോ എന്ന സന്തോഷത്തിലും, ഒപ്പം ഭയത്തിലും, സകല ദൈവങ്ങളെയും വിളിച്ച്‌ ഞാനും അനിയനും പമ്മിപ്പമ്മി തറവാട്ടിന്റെ ഗേറ്റിനോട്‌ ചേർന്ന്‌ ഒളിച്ചുനിന്നു. വൈദ്യുതിയെത്താത്ത പ്രദേശമായിരുന്നതിനാൽ ഒരു മണ്ണെണ്ണ വിളക്ക്‌ മാത്രമേ ഉമ്മുറത്ത്‌ ഉണ്ടായിരുന്നുള്ളൂ.

തൊഴുത്തിനടുത്തുള്ള പൂന്തോട്ടം വരെ ആരും കാണാതെ ഒറ്റയോട്ടത്തിൽ എത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഞാൻ തൊട്ടടുത്തുള്ള വൈക്കോൽ പന്തൽ താൽക്കാലിക ഒളിത്താവളമാക്കാൻ തീരുമാനിച്ചു. തോട്ടി അനിയനെ ഏൽപ്പിച്ച്‌, സഞ്ചിയുമായി ഞാൻ ഗേറ്റിനുള്ളിലേക്ക്‌ പ്രവേശിച്ചു, പിന്നെ ചെടികൾക്കിടയിലൂടെ മുട്ടുകുത്തി മുന്നോട്ട് നീങ്ങി. ദുരുദ്ദ്യേശത്തോടെ വളപ്പിൽ പ്രവേശിച്ച എന്നെ കാട്ടിക്കൊടുക്കാൻ തവളകളും ചീവീടുകളും ആവത് ശ്രമിച്ചുകൊണ്ടിരുന്നു. മുമ്പെപ്പൊഴോ പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ നിന്ന്‌ ഉന്മാദ ഗന്ധം എന്റെ നാസാരന്ത്രങ്ങളെ ലഹരിപിടിപ്പിച്ചു. മണ്ണിലെ ജലാംശം ആസ്വദിച്ച്‌ വല്ല ഇഴജന്തുക്കളും മാർഗമധ്യേ കിടപ്പുണ്ടാവുമോ? വീട്ടിൽ പട്ടിയുണ്ടാവുമോ? ഭീതികൾ മനസിലെ അലട്ടി. ഏതായാലും, ഒരു വിധേന ഞാൻ വൈക്കോൽ പന്തലിന്റെ പിന്നിലെത്തി.

എന്താണ്‌ നടക്കുന്നതെന്നറിയാൽ അനിയൻ ഗേറ്റിന്റെ വിടവിലൂടെ നിരീക്ഷിക്കുന്നുണ്ട്‌. സ്വൽ‌പ്പനേരത്തെ ഇളവേളയ്ക്ക് ശേഷം വിടർന്ന് നിൽക്കുന്ന പൂക്കളെ ലക്ഷ്യമാക്കി ഞാൻ വീണ്ടും നീക്കമാരംഭിച്ചു. അപ്പോഴാണ്‌ ഉമ്മറത്ത് ആരോ വന്നതായി എനിക്ക് തോന്നിയത്. ചെടികൾക്കിടയിൽ പതുങ്ങി ഒളിഞ്ഞുനോക്കുമ്പോൾ, മണ്ണെണ്ണ വിളക്കിന്റെ കാന്തിയിൽ പ്രകാശിക്കുന്ന ഒരു പെണ്മുഖം. യാദൃശ്ചികമായി നേത്രപടലത്തിൽ വിരാചിതമായ ആ സൗന്ദര്യത്തെ കണ്ട്‌ ഞാൻ വാതുറന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റി. ഇലകൾക്കിടയിലൂടെ ചന്ദ്രനെ പോലെ പ്രകാശിക്കുന്ന ആ മുഖം ഞാൻ ശരിക്കും കണ്ടു..., ദിവ്യ! ശ്രീകോവിലിനുള്ളിൽ പ്രശോഭിക്കുന്ന കനകവിഗ്രഹം പോലെ, പൗർണ്ണമി നിലാവ് പോലെ! തിണ്ണയിൽ കത്തിയ വിളിക്കിന്റെ നാമ്പിൽ നിന്ന്‌ മറ്റൊരു വിളക്ക്‌ കത്തിച്ച് അവൾ അകത്തേയ്ക്ക്‌ പോയി.

ഓണക്കാലം കഴിഞ്ഞ്‌ സ്കൂളിലെത്തുമ്പോൾ ഹൃദയം മുഴുവൻ അവളായിരുന്നു. പതിവ്‌ പോലെ ഗൗരവം ഭാവിച്ച്‌ ഞാൻ ഇരിക്കാൻ ശ്രമിച്ചു. എങ്കിലും, അനുസരണയില്ലാത്ത കൃഷ്ണമണികൾ അവളുടെ നേരെ ഇടക്കിടെ പാഞ്ഞുകൊണ്ടേയിരുന്നു. അവളുടെ വെളുത്ത കാലുകളിലെ വെള്ളിപ്പാദസരങ്ങളും, കുപ്പിവളകളും, കമ്മലും എന്റെ ധ്യാനവിഷയമായി. കാതുകൂർപ്പിച്ചുള്ള അവളുടെ ഇരുപ്പും ഏകാഗ്രതയും, ഉത്തരം പറയാനുള്ള ചൊടിയും എനിക്ക് ചുറ്റും കാന്തവലയങ്ങൾ സൃഷ്ടിച്ചു. അവളുടെ ഇമ്പമാർന്ന പദ്യപാരായണത്തിൽ ഞാൻ മയങ്ങി. അവളുടെ വിജയങ്ങളിൽ എന്റെ ആത്മാവ്‌ കോരിത്തരിച്ചു, പരാജയങ്ങളിൽ അലമുറയിട്ടു. അവളും ഞാനും ഒഴികെ ഈ അന്തരീക്ഷത്തിലുള്ളതെല്ലാം ഔട്ട് ഓഫ് ഫോക്കസായതുപോലെ!

ഉച്ചഭക്ഷണം കഴിഞ്ഞ്‌ കുട്ടികൾ കളിക്കാൻ പോകുമ്പോൾ അവളുടെ പുസ്തകസഞ്ചി പരിശോധിക്കാൻ എന്റെ മനസ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ജ്യോമട്രി ബോക്സിൽ അവൾ ഭദ്രമായി സൂക്ഷിച്ച സ്വകാര്യ വസ്തുക്കളെ തൊട്ടുനോക്കാൻ മനസ്‌ വെമ്പി. അവളുടെ സാന്നിധ്യത്തിൽ ഞാൻ ലജ്ജാവിവശനായി. സ്കൂളില്ലാത്ത ദിവസങ്ങളിൽ എന്റെ ശരീരം അവളുടെ വീടിനെ വളഞ്ഞു, രക്തദാഹികളായ വടയക്ഷികൾ മുത്തശ്ശിക്കഥകൾ മാത്രമായി. ഗൃഹപാഠങ്ങൾ മാറ്റിവച്ച് ഞാനെന്റെ സന്ധ്യായാത്രകൾ തുടർന്നുകൊണ്ടിരുന്നു, പല പല കാരണങ്ങൾ പറഞ്ഞ്!

വീട്ടുമുറ്റത്തെ അമ്മയുടെ അരുമ റോസാച്ചെടിയിൽ നിന്ന്‌ ഞാൻ പല തവണ പൂമൊട്ടുകൾ അടർത്തിയെടുത്തിട്ടുണ്ട്‌, ആരുമറിയാതെ അവളുടെ മുടിയിൽ ചൂടിക്കാൻ! മയിൽപ്പീലിയും, ഞവരപ്പച്ചിലയും, പെൻസിലും, നാരങ്ങാമിഠായിയും ഞാൻ കയ്യിലൊതുക്കിയിട്ടുണ്ട്, അവൾക്ക്‌ നൽകാൻ! എങ്കിലും, അവയെല്ലാം ഞാനെന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു. ഇന്നും സൂക്ഷിക്കുന്നു..., എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ അവൾക്ക് സമ്മാനിക്കാൻ!