“ഉഗ്രം കടൽ കാറ്റില്‍ പട്ടം പറത്തുന്ന
കുട്ടികള്‍ക്കുള്ളൊരു വാശി കണ്ടോ!
നേരേ പറക്കാത്ത പട്ടത്തിന്‍ പള്ളയില്‍
വെട്ടിവലിക്കുന്ന കാഴ്ച കണ്ടോ?”
കുട്ടികള്‍ക്കുള്ളൊരു വാശി കണ്ടോ!
നേരേ പറക്കാത്ത പട്ടത്തിന്‍ പള്ളയില്‍
വെട്ടിവലിക്കുന്ന കാഴ്ച കണ്ടോ?”
ഈ നാലുവരി കവിത ഡയറിയില്‍ കുത്തിക്കുറിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു! എന്നിട്ടും, ഞാനത് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ചില കവിതകൾ അങ്ങനെയാണ്, ഒന്നോ രണ്ടോ ഖണ്ഡിക എഴുതിക്കഴിഞ്ഞാൽ പിന്നെ വെടി തീരും. അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെ ഒറ്റ നിപ്പാണ്, ശുണ്ഠി പിടിച്ച കുതിരയെ പോലെ! ഇനി, ചക്ക ഇടിച്ച് പഴുപ്പിക്കുന്നതുപോലെ അൽപ്പം ബലം പ്രയോഗിക്കാമെന്ന് വച്ചാലോ! ചക്ക പിതുങ്ങുമെന്നല്ലാതെ ചുളകൾക്ക് സ്വാദ് തീരെയുണ്ടാവില്ല, വരികൾക്കും! അത്തരം കൃത്രിമത്വങ്ങളൊന്നും മനസ് അനുവദിച്ചില്ല. ഏതായാലും, എഴുതിയത് വെറും നാല് വരികൾ മാത്രമാണെങ്കിലും, കവിതയുടെ താളവും എഴുത്തിന്റെ വിധവും കാണുമ്പോൾ, “താങ്കൾക്കിത് എങ്ങനെയെങ്കിലും പൂർത്തിയാക്കാമായിരുന്നില്ലേ?” എന്നുള്ള ചോദ്യം ഉണ്ടാവുക സ്വാഭാവികം! പക്ഷേ, എന്നാ പറയാനാ....! എഴുതാൻ പറ്റണ്ടേ? ഇതാണ് ഒരു ശരാശരി കവിയുടെ അവസ്ഥ! കിട്ടിയാ ഊട്ടി, അല്ലെങ്കിൽ ചട്ടി!
ഈ കവിത മനസിൽ ആവീർഭവിച്ച സന്ദർഭം ഞാൻ ഇന്നും ഓർക്കുന്നു. മൌനഭാരം താങ്ങാനാവാതെ, ഏതോ ഒരു സായംസന്ധ്യയില്‍ കടല്‍ത്തീരത്തിലൂടെ അലക്‌ഷ്യമായി നടക്കുമ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരുപറ്റം കുട്ടികൾ! അവരായിരുന്നു പ്രചോദനം. ശക്തമായ കടല്‍ക്കാറ്റിനെ വകവയ്ക്കാതെ പട്ടം പറത്തുന്ന അവരെ ഞാനാദ്യം ഗൌനിച്ചതേയില്ല. പിന്നെ, യാദൃശ്ചികമായി തിരിഞ്ഞ് നോക്കേണ്ടി വന്നപ്പോൾ, ദൂരത്ത് നിന്ന് പട്ടം പറത്തുന്ന കുട്ടികളെ കാണാൻ ഒരു രസം. കടലിന്റെ പശ്ചാത്തലത്തിൽ, പട്ടങ്ങളുടെമേൽ വീറും വാശിയും കാണിക്കുന്ന കുട്ടികളുടെ ചിത്രം ഒരു ലാൻഡ്സ്കേപ്പായി മനസിൽ തെളിഞ്ഞപ്പോൾ ഒരു കൌതുകം. അതൊരു കവിതയായി രൂപം പ്രാപിക്കുകയായിരുന്നു. പെട്ടെന്ന് മനസില്‍ തോന്നിയ വരികള്‍ ഉടന്‍ തന്നെ കൈവെള്ളയില്‍ കുറിച്ചിട്ടു, പിന്നീട് മറന്നുപോയാലോ? ആ വരികളാണ് മുകളിൽ!
ബട്ടൻസില്ലാതെ പാറിപ്പറക്കുന്ന മുഷിഞ്ഞ കുപ്പായവും, ചന്തി കീറിയ നിക്കറുമായിരുന്നു മിക്കവാറും കുട്ടികളുടെ വേഷം. നിക്കറിൽ ബട്ടന്‍സുണ്ടായിരിന്നോ എന്ന് ചോദിച്ചാല്‍ അതും ഇല്ല. കീറിപ്പറിഞ്ഞ കുപ്പായത്തിലൂടെ പുറത്തുകണ്ട എല്ലുന്തിയ നെഞ്ചും, ഒട്ടിയ വയറും ആ കുട്ടികളുടെ ശോചനീയമായ ആവാസ വ്യവസ്ഥയിലേക്ക് എന്നെ തിരയടിച്ച് കൊണ്ടുപോയി. അന്നദാതാവായ കടലമ്മയുടെ മടിയിൽ കെട്ടിയുയര്‍ത്തിയ ചെറ്റക്കുടിലുകളാവും ഒരു പക്ഷേ ഇവരുടെ അന്തിയുറക്കം... കൊതുകുകളുടെ താരാട്ടുപാട്ടിലും, അകലങ്ങളിൽ നിന്ന് കേൾക്കാവുന്ന കടലിന്റെ ഇരമ്പലിലും സ്വപ്നം കണ്ടുറങ്ങുന്ന ഇവരുടെ വയറുകൾ അത്താഴപ്പട്ടിണിയിലാവും... പാഠപുസ്തകത്തിന്റെ പകുതിയെരിഞ്ഞ ഏടുകൾ അടുപ്പിലും പരിസരത്തും ചിതറി കിടപ്പുണ്ടാവും... മദ്യപാനിയായ അപ്പന്റെ ക്രൂരതയിൽ, അല്ലെങ്കിൽ തീരാവ്യാധിയിൽ ഇവരുടെ അമ്മമാർ തേങ്ങുന്നുണ്ടാവും... ദൈന്യമായ ചിന്തകൾ എന്റെ മനസിൽ വലിയ തിരമാലകൾ സൃഷ്ടിച്ചിട്ടും, അതൊന്നുമറിയാതെ ആ കുട്ടികൾ ഓടിക്കളിച്ചു. ശരീരത്തിന്റെ ദുരവസ്ഥ അവരുടെ മനോഭാവങ്ങളെ ബാധിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ജീവിതത്തിലെ അരക്ഷിതാവസ്ഥകളിലും ചിരിക്കുന്ന മുഖം നിലനിർത്തുക അത്ര എളുപ്പമല്ല. കൂരിരുട്ടിലേക്ക് ആ കുട്ടികൾ ഓടിയകലുന്നതുവരെ ഈ ചിന്തകൾ നിലയ്ക്കാത്ത തിരമാലകൾ പോലെ എന്നിൽ നുരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാനും വീട്ടിലേക്ക് തിരിച്ചു.
ചിന്തോദ്ദീപകമായ സ്മരണകളെ എത്രയും പെട്ടെന്ന് കവിതയാക്കാനുള്ള തത്രപ്പാടായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍! വീട്ടിലെത്തിയയുടനെ, മേശപ്പുറത്തെ ഡയറി തുറന്ന് കൈവെള്ളയില്‍ എഴുതിവച്ച വരികള്‍ പകര്‍ത്തി. പിന്നെ, കടല്‍ത്തീരത്തെ കാഴ്ചകളും, ചിന്തകളും പരസ്പരം ചാലിച്ച് വരികൾക്ക് ജന്മം നൽകാൻ ശ്രമമാരംഭിച്ചു. ചിന്തകൾ തീവ്രമായാലും വാക്കുകൾ ജനിക്കില്ല. കുറഞ്ഞാൽ ഒട്ടും ജനിക്കില്ല. ഇതൊരു വല്ലാത്ത അവസ്ഥ തന്നെ! വാക്കുകൾക്കൊത്ത ഒഴുക്കും, ഒഴുക്കിനൊത്ത വാക്കുകളും കിട്ടാതെ ഞാൻ കസേരയിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്നു... പേന കൊണ്ട് തല ചൊറിഞ്ഞു, പിന്നെ പേന വായിൽ വച്ച് കടിച്ചു... നീണ്ട നേരത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ, ഡയറി മടക്കി വച്ചു, പൂർത്തിയാക്കാത്ത മറ്റൊരു കവിതയ്ക്ക് കൂടി ജന്മം നൽകിയതിലുള്ള കുറ്റബോധത്തോടെ!
ഈ പോസ്റ്റ് കവിതയാണോ കഥയാണോ അല്ലെങ്കിൽ അനുഭവക്കുറിപ്പാണോ എന്നൊന്നും എനിക്കറിയില്ല. എന്തൊക്കെയോ എഴുതി, പിന്നെ അതെല്ലാം പ്രസിദ്ധീകരിച്ചു...! അത്രമാത്രം.
ReplyDelete“എന്തൊക്കെയോ എഴുതിയാലാം“ നന്നായിട്ടുണ്ട് :)
ReplyDelete"ചിന്തകൾ തീവ്രമായാലും വാക്കുകൾ ജനിക്കില്ല. കുറഞ്ഞാൽ ഒട്ടും ജനിക്കില്ല. ഇതൊരു വല്ലാത്ത അവസ്ഥ തന്നെ!"
ReplyDelete- വളരെ ശരി
ചിലപ്പോഴങ്ങിനെയാണു.വളരെ തീവ്രമായി മനസ്സിലേയ്ക്കലയടിച്ചെത്തുന്ന ഏതെങ്കിലും ഒരു വിഷയത്തിനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയശേഷം മുന്നോട്ട് തരിമ്പും നീങ്ങാതെ നില്‍ക്കും.ഞാനും അനുഭവസ്ഥനാണ്.
ReplyDeleteബൈജു ശരിക്കും ഇഷ്ടപ്പെട്ടുകേട്ടോ...
പൂർത്തിയാക്കാൻ ശ്രമിക്കൂ….നിങ്ങൾക്ക് അതു സാധിക്കും
ReplyDeleteiഇതാണ് എഴുത്തിലെ സത്യസന്ധത ...........
ReplyDeleteനിങ്ങളുടെ എഴുത്തിന്റെ സത്യം
മുന്‍ പോസ്റ്റുകളില്‍ കണ്ടിട്ടുണ്ട് .............
തോന്നലിന്റെ എഴുത്തിന് ..ആശംസകള്‍ ....