Showing posts with label evil. Show all posts
Showing posts with label evil. Show all posts

Friday, June 17, 2011

വിച്ച് ഹണ്ട്: The Burning Times


കറുത്ത കുർബാനയെ കുറിച്ച് ഞാനെഴുതിയ കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ? അതിൽ, അധികം കാട് കയറാതിരിക്കാൻ, മനപ്പൂർവം പറയാതെ വിട്ട ഒരു ഭാഗം ഉണ്ടായിരുന്നു. അതാണ് വിച്ച് ഹണ്ട് (Witch Hunt). കറുത്ത കുർബാനയെ കുറിച്ച് ഇത്രയൊക്കെ പ്രതിപാദിച്ച സ്ഥിതിക്ക് വിച്ച് ഹണ്ടിനെ കുറിച്ച് കൂടി എന്തെങ്കിലും പറയാതിരിക്കുന്നത് അന്യായമാവും. കാരണം, അത്രമാത്രം ചരിത്ര ബന്ധമാണ് ഇവ രണ്ടിനും ഉള്ളത്!

ആമുഖം

വിച്ച് (Witch) എന്ന വാക്കിന്റെ പൊതുവായ അർത്ഥം മന്ത്രവാദി എന്നാണെങ്കിലും, മന്ത്രവാദിനിയെ സൂചിപ്പിക്കാനാണ് ‘വിച്ച്‘ എന്ന പദം അധികവും ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിലെ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയിലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥാപാത്രങ്ങളുടെ ഉറവിടം പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ജീവിച്ചിരുന്ന മന്ത്രവാദിനികൾ (വിച്ചുകൾ) ആയിരുന്നു. പതിനാലാം നൂറ്റാണ്ടുവരെ, അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തി പ്രാപിക്കുന്നത് വരെ, വിച്ചുകൾക്ക് ഇപ്പറഞ്ഞ ഭീതിജനകമായ ഒരു ഇമേജ് ഉണ്ടായിരുന്നില്ല. പരമ്പരാഗത ചികിത്സാരീതികളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും, പ്രത്യേകിച്ച് പേഗൺ പാരമ്പര്യം അനുസരിച്ച്, രോഗസൌഖ്യം നൽകുക പോലുള്ള സദ്പ്രവർത്തികൾ ചെയ്തിരുന്ന ഒരു പറ്റം സ്ത്രീകളെയാണ് വിച്ചുകൾ എന്ന് വിളിച്ചിരുന്നത്. എന്നാൽ, കഥ കീഴ്മേൽ മറിയുന്നത് കറുത്ത കുർബാനയുടെ ആവീർഭാവത്തോടെയാണ്.

കത്തോലിക്കാ പള്ളികളിൽ നിന്ന് ചില വിച്ചുകൾ സൂത്രത്തിൽ തിരുവോസ്തി മോഷ്ടിക്കുകയും, അവയെ കറുത്ത കുർബാനയിൽ വച്ച് നിന്ദിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിപക്ഷം വരുന്ന നിർദോഷികളായ വിച്ചുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. തിരുവോസ്തി മോഷണവും, കറുത്ത കുർബാനയും കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽ പെടുകയും, സഭ വിച്ചുകൾക്കെതിരെ സായുധ പോരാട്ടം അഴിച്ചുവിടുകയും ചെയ്തു. ഇതിനെയാണ് വിച്ച് ഹണ്ട് (Witch Hunt) എന്ന് വിളിക്കുന്നത്. നിരപരാധികളെന്നോ നിർദോഷികളെന്നോ നോക്കാതെ സകല വിച്ചുകളെയും പട്ടാളക്കാർ വകവരുത്തി. അങ്ങനെ, പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍, ഏകദേശം 5 ദശലക്ഷത്തോളം വിച്ചുകള്‍ ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് കണക്ക്, അതിൽ 90 ശതമാനവും സ്ത്രീകൾ ആയിരുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, എല്ലാ വിച്ചുകളും പ്രശ്നക്കാർ ആയിരുന്നില്ല. എന്നിട്ടും, അത്തരമൊരു പരിഗണന അവർക്ക് ആർക്കും ലഭിച്ചില്ല എന്നത് വിച്ചുകളുടെയും സഭയുടെയും ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്. (The Burning Times എന്നാണ് ഈ കാലഘട്ടം പൊതുവേ അറിയപ്പെടുന്നത്) മുകളിൽ പ്രതിപാദിച്ചുപോലെ, വിച്ച് ഹണ്ടിന്റെ പ്രത്യക്ഷ കാരണം കറുത്ത കുർബാന ആണെങ്കിലും, അതിന് മറ്റുചില കാരണങ്ങളും ഇല്ലാതില്ല. അതിൽ സുപ്രധാനമാണ് വിച്ചുകളെ കുറിച്ച് അക്കാലത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങൾ.

വിച്ചുകൾ സാത്താന്‍റെ കൂട്ടാളികളാണെന്നും, ആഭിചാരത്തിലൂടെ അവർ മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നുവെന്നും പേഗൻ ചിന്തകളെ നഖശിഖാന്തം എതിർത്തിരുന്ന ക്രൈസ്തവ നേതൃത്വം വിശ്വസിച്ചു. മന്ത്രവാദിനികള്‍ സാത്താന്‍റെ വെപ്പാട്ടികളാണെന്നും (അതുകൊണ്ട് തന്നെ വിച്ച് ഹണ്ടിൽ പിടിക്കപ്പെട്ടവരെ വ്യഭിചാര കുറ്റം ചുമത്തി), അവർ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ആചാരങ്ങൾ (അഥവാ കറുത്ത കുർബാന) നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അവർ വിശ്വസിച്ചു. യുദ്ധം, അകാല മരണം, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നതിന് വിച്ചുകൾ കാരണമായത്രേ! ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാല്‍ സ്ത്രീകള്‍ക്ക് നേരെ അന്നത്തെ പുരോഹിതന്മാർ വിഭാഗീയത പുലർത്തിയിരുന്നു. സ്ത്രീ ഒരു അശുദ്ധ ജീവിയാണെന്ന വിശ്വാസവും ഈ വിഭാഗീയതയ്ക്ക് പിന്നിൽ ഉണ്ട്. ഇതെല്ലാം വിച്ച് ഹണ്ടിന്റെ ആക്കം കൂട്ടിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വിച്ച് ഹണ്ടിലെല്ലാം നിഴലിച്ച് നിൽക്കുന്നതും ഈ സ്ത്രീ വിരുദ്ധ സമീപനമാണ്. അതുകൊണ്ടുതന്നെ, കൊല്ലപ്പെട്ട വിച്ചുകളില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. തെളിവോ വിചാരണയോ ഇല്ലാതെ പേഗൻ വിശ്വാസത്തെ കിടപിടിച്ച സ്ത്രീകളെല്ലാം നിഷ്ക്കരുണം മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു.

ഇനി രാഷ്ടീയ കാരണങ്ങൾ നോക്കാം. ക്രിസ്തുമതത്തിനെതിരെയും, ഭരണകൂടത്തിനെതിരെയും സംസാരിക്കുന്നവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുക --- ഇതായിരുന്നു വിച്ച് ഹണ്ടുകൾക്ക് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ കാരണം! അങ്ങനെ, ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും ചേർന്ന് മന്ത്രവാദത്തിന്റെ പേരിൽ ശത്രുക്കളെ മുഴുവന്‍ ജീവനോടെ ദഹിപ്പിച്ചു. ശത്രുക്കൾ മാത്രമല്ല, ക്രിസ്തുമതത്തെ അംഗീകരിക്കാത്ത പല അതിപുരാതന സമൂഹങ്ങളും സംസ്ക്കാരങ്ങളും അങ്ങനെ വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഫ്രാന്‍സിന്‍റെ നാഷണല്‍ ഹീറോയായി കരുതപ്പെടുന്ന ജോൻ ഓഫ് ആർക്കിന്‍റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തില്‍ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാന്‍ വയ്യ. സ്വപ്നത്തിൽ ലഭിച്ച ദര്‍ശനമനുസരിച്ച്, ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കിയ ജോനിന് രണാങ്കണത്തില്‍ വച്ച് മുറിവേൽക്കുകയും, തുടർന്ന് അവർ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയില്‍ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാര്‍ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തി പീഡിപ്പിച്ചു. 1431-ല്‍ അവര്‍ ജോനിനെ തീയില്‍ എറിഞ്ഞ് കൊന്നു. 1920-ല്‍ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ച സഭയ്ക്ക് അദ്ദേഹത്തെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം തന്നെ!

ഇനി, വിച്ച് ഹണ്ടിലെ സാമ്പത്തിക കാരണങ്ങൾ! മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, മന്ത്രവാദികളെ തിരഞ്ഞെടുക്കുന്നതിൽ വൻ അഴിമതിയും ഗൂഢാലോചനയും നടന്നിരുന്നു. ധനികരായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ഇവർ അഗ്നിയ്ക്ക് ഇരയാക്കി. അങ്ങനെ കണ്ടുകെട്ടിയ സമ്പത്ത് അവർ പരസ്പരം പങ്കിട്ടെടുക്കുമായിരുന്നത്രേ, യേശുവിന്റെ മേലങ്കി പങ്കിട്ടതുപോലെ! അതുപോലെ, പക, അസൂയ എന്നിവയും വിച്ച് ഹണ്ടുകളിൽ മുഖ്യപങ്ക് വഹിച്ചു.

പീഡനങ്ങള്‍

"വിച്ചുകളെ ജീവനോടെ ചുട്ടെരിക്കുക" എന്ന ശിക്ഷാമുറയാണ് വിച്ച് ഹണ്ടുകളിൽ പൊതുവേ അനുവർത്തിച്ച് കാണുന്നത്. എന്തുകൊണ്ടാവും അത്?

മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉടലെടുക്കുന്നത് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ (354-430) വാക്കുകളില്‍ നിന്നാണ്. “that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church.” ഇത് കൂടാതെ, പത്താം നൂറ്റാണ്ടില്‍ പേഗനിസം അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രവണതകൾക്കെതിരെ നിലവിലുണ്ടായിരുന്ന നിയമവും ഈ ശിക്ഷാ രീതിയ്ക്ക് പ്രചോദനമായി. ആ നിയമം ഇപ്രകാരമാണ്;

“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…”

അതവിടെ നിൽക്കട്ടെ. നമുക്ക് പീഡനമുറകളെ കുറിച്ച് നോക്കാം. വിച്ചുകളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് പോലെ ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം, പിടിക്കപ്പെട്ട വിച്ചിനെ കുന്തത്തിലോ മറ്റോ കെട്ടി തന്തൂരി ചിക്കന്‍ പൊള്ളിച്ചെടുക്കുന്നത് പോലെ കത്തിക്കുകയാണ് പതിവ്. ഇതിനായി സ്കോട്ട്ലാന്‍റില്‍ ഓരോ ദിവസവും 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നു. വിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ, അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും വിച്ച് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടികൂടി വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. ജീവനോടെ കത്തിക്കുന്നതിന് പുറമേ, പട്ടിണിക്കിടുക, വെള്ളത്തില്‍ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ ശിക്ഷകളും നടപ്പിലാക്കപ്പെട്ടു.

ഒരാൾ മന്ത്രവാദിനിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് പട്ടാളക്കാർ അവലംബിച്ചിരുന്ന ഒരു രീതി കൌതുകകരമാണ്. സംശയിക്കുന്ന ആളെ സൂചികൊണ്ട് കുത്തും. രക്തം വരാത്ത പക്ഷം അവളുടെ കാര്യം കട്ടപൊക! വിചാരണ അതിലും ഭ്രാന്തമായിരുന്നു. പ്രതിയെ മൂന്ന് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബാധിച്ച പ്രതി താന്‍ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തില്‍ ഒരുമിച്ചു കൂടുന്നതായും ഒക്കെ സമ്മതിച്ചു. കുറ്റം ഏറ്റുപറയാത്തവരെ മൃഗീയ പീഡിപ്പിച്ചു. ഇത്തരം പീഡനത്തില്‍ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നത്രേ.

കൊല്ലപ്പെട്ട വിച്ചുകളുടെ സംഖ്യ ചരിത്ര രേഖകളില്‍ നിന്ന്: റോം 100,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 10,000+ പേര്‍, ഇംഗ്ലണ്ട് 2,000+ പേര്‍, സ്കോട്ട്ലാന്‍റ് 3,069+ പേര്‍, സ്കന്‍ഡിനാവ 5,000+ പേര്‍, ഹംങ്കറി 1600+ പേര്‍, സ്പെയിന്‍ 3,686+! ഇതുവരെ എത്ര വിച്ചുകളാണ് കൊല്ലപ്പെട്ടെതെന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും, ഒരു ഏകദേശ കണക്കനുസരിച്ച് ജര്‍മനിയില്‍ മാത്രം 150 വര്‍ഷത്തിനിടയില്‍ 30,000 മുതല്‍ 100,000 വരെയുള്ള വിച്ചുകള്‍ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഈ നരഹത്യ തുടർന്നു.

ഉപസംഹാരം

കറുത്ത കുർബാനയുടെ ചരിത്രവുമായി ചേർന്ന് നിൽക്കുന്ന വിച്ച് ഹണ്ടിനെ കുറിച്ചുള്ള ലഘുവായ വിവരണം മാത്രമാണ് ഈ ലേഖനം. ചരിത്രത്തിന്റെ ഏടുകളിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിച്ച് ഹണ്ടിനെ ജനശ്രദ്ധയിലെത്തിക്കാനുള്ള എളിയ ശ്രമം! കൊല്ലപ്പെട്ട വിച്ചുകളുടെ നിരപരാധിത്വത്തെ കുറിച്ചോ, ഈ കൂട്ടക്കൊലയിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിനെ കുറിച്ചോ ലേഖകന് യാതൊരു വിധ അഭിപ്രായവും ഇല്ല, കുറ്റക്കാരായ വിച്ചുകൾക്കൊപ്പം ഒരു പറ്റം നിരുപദ്രവകാരികളായ സ്ത്രീകളും കുട്ടികളും ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുടെ പേരിൽ ഹോമിക്കപ്പെട്ടുവെന്നതിലെ ഒരു ചെറിയ ദുഃഖം ഒഴിച്ച്!

(പേഗൻ പാരമ്പര്യത്തിലെ വിച്ചുകളുടെ സ്ഥാനത്തെകുറിച്ചും, വിച്ച് ഹണ്ടുകളെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിലെ ഈ ഡോക്യുമെന്ററി പരമ്പര കാണുക.)

Friday, June 10, 2011

സാത്താന് രൂപമുണ്ടോ? (How Satan looks like?)

തിന്മ എന്നാൽ എന്ത്? (What is Evil?)  എന്ന എന്റെ മുൻ ലേഖനം വായിച്ചിരിക്കുമല്ലോ? വിശ്വാസത്തിന്റെ പുന്തുണയില്ലാതെ, ‘തിന്മ‘ എന്ന യാഥാർത്ഥ്യത്തെ ബൌദ്ധികമായി നിർവചിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. അതിന്റെ തുടർച്ചയായി ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

“തിന്മ“ എന്ന യാഥാർത്ഥ്യത്തെ നിർവചിക്കുന്ന കൂട്ടത്തിൽ, ചില പ്രസ്താവനകൾ കഴിഞ്ഞ ലേഖനത്തിൽ ഞാൻ നടത്തിയിരുന്നു. അവയിതാണ്: “കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്“. ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മയ്ക്ക് (സാത്താന്) ഒരു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി --- ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂ‍പം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സാത്താന്റെ (തിന്മയുടെ) രൂപം എന്താണ്?  തിന്മ എന്നത് വെറും അഭാവം മാത്രമോ, അതോ ഒരു മൂർത്തിയോ? എന്നീ ചോദ്യങ്ങളാണ് ഈ ലേഖനത്തിലെ ചർച്ചാവിഷയം.

സത്യത്തിൽ, തിന്മ വെറുമൊരു അഭാവം മാത്രമല്ല എന്നാണ് എന്റെ പരിമിതാമായ ആലോചനയിലും പഠനത്തിലും മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മറിച്ച്, അതൊരു സത്തയാണ്, മൂർത്തിയാണ്. (ഇത് എത്രപേർ സമ്മതിച്ചു തരുമെന്ന് എനിക്കറിയില്ല.) കുറേകൂടി വ്യക്തമായി പറഞ്ഞാൽ, പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) ---- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്... സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി... ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്നും, മുസ്ലീംഗങ്ങൾ ജിന്നെന്നും, ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു. തിന്മയെ കൊമ്പും വാലും ഉള്ള ഒരു ദുഷ്ട ജന്തുവായി ചിത്രീകരിക്കുന്നത് മതപണ്ഡിതന്മാർക്കിടയിൽ എനിക്കൊരു അന്ധവിശ്വാസിയുടെ പരിവേഷം വാങ്ങിത്തരുമെന്ന് ഉറപ്പാണ്. സാമൂഹിക പരിവർത്തനം ലക്‌ഷ്യം വയ്ക്കുന്ന ഒരു ആത്മീയ ഗുരുവും/മത പണ്ഡിതനും തിന്മ ഒരു മൂർത്തിയാണെന്ന് സമ്മതിച്ച് തരില്ല. കാരണം അങ്ങനെ സമ്മതിച്ചാൽ, സാത്താൻസേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം എളുപ്പം വഴിപിഴയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തിന്മയെ കുറിച്ച് അവർ പരമാവധി മൌനം പാലിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഏതായാലും, നമുക്കതിന്റെ ആവശ്യം ഇല്ലല്ലോ!

സാത്താന്റെ രൂപത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഡെവിൾസ് ബൈബിളിൾ (Devil's Bibile). പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഈ അത്യപൂർവ സാഹിത്യ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതിൽ സുപ്രധാനമായ ഒന്നാണ് സാത്താന്റെ രൂപം വെളിപ്പെടുത്തുന്ന ഒരു ചിത്രം. ഏതാണ്ട് 165 പൌണ്ട് ഭാരമുള്ള ഈ ഭീമൻ പുസ്തകത്തിലെ 290-മത്തെ പേജിൽ മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരിക ഘടന ഒത്തിണങ്ങിയ സാത്താന്റെ ചിത്രം കാണാം. (താഴെയുള്ള ചിത്രം നോക്കുക). ഒറ്റ നോട്ടത്തിൽ ഒരു കാർട്ടൂൺ കഥാപാത്രമായിട്ടോ വിശ്വസിക്കാൻ പ്രയാസമുള്ളതായിട്ടോ തോന്നാമെങ്കിലും, ഡെവിൾസ് ബൈബിളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് നമുക്ക് മനസിലാവും.


ഡെവിൾസ് ബൈബിളിൾ (Devil's Bibile)

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് (The Codex Gigas) ഡെവിൾസ് ബൈബിൾ. 900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 പന്നികളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസി ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാരികൾക്ക് വാക്കു നൽകുന്നു. (അച്ചടിയോ പേപ്പറോ ഇല്ലാതിരുന്ന ആ‍ കാലഘട്ടത്തിൽ ഒരു പുസ്തകം രചിക്കുക എന്നത് അഭ്യസ്തവിദ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹനീയ കർമ്മമായിരുന്നെന്ന് ഓർക്കുക.) അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരുധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! (ഡെവിൾസ് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താൽ‌പ്പര്യമുള്ളവർ നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ അഞ്ച് ഭാഗങ്ങളടങ്ങിയ ഈ ഡോക്യുമെന്ററി കാണുക.)

നരക സമാന അനുഭവങ്ങൾ (Hell like experiences)


സാത്താന്റെ രൂപത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നരക സമാന അനുഭവങ്ങളെ (Hell like experiences) കുറിച്ച് പറയാതിരിക്കുക അസാധ്യം. മരണാനന്തര ജീവിതത്തിലൂടെ (Life after Death)  എന്ന എന്റെ മുൻ ലേഖനം വായിച്ച ഒരാൾക്ക് Near-death experience (NDE) എന്നാണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. (എങ്കിലും, സംഗതി എന്താണെന്ന് ചുരുക്കി പറയാം. മസ്തിഷ്ക്ക മരണം സംഭിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം, ചില ആത്മീയ അനുഭവങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന പ്രതിഭാസത്തെയാണ് Near-death experience എന്ന് പറയുന്നത്.) Near-death experience-ലൂടെ കടന്നുപോകുന്ന ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ള മറ്റൊരു അനുഭവമാണ് നരക സമാന അനുഭവങ്ങൾ അഥവാ hell like experiances. ഈ നരക സമാന അനുഭവങ്ങളിൽ നല്ലൊരു ശതമാനം പേർക്കും സാത്താനെ മുഖാഭിമുഖം ദർശിക്കേണ്ടിവന്നതായി പറയപ്പെടുന്നു. ഓരോ വ്യക്തികളുടെയും വിശ്വാസങ്ങൾക്കനുസൃതം സാത്താന്റെ രൂപത്തിൽ വ്യത്യാസം കാണുന്നെങ്കിലും, മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരികഘടന ഒത്തിണങ്ങിയ ഒരു രൂപമാണ് സാത്താന് ഈ ദർശനങ്ങളിലൂടെ പൊതുവായി കൽ‌പ്പിച്ച് നൽകിയിരിക്കുന്നത്.

ക്രിസ്ത്യൻ ചിന്തകൾ

സ്വർഗത്തിൽ നിന്ന് ഉച്ഛാടനം ചെയ്യപ്പെട്ട റിബലുകളായ മാലാഖമാരാണ് ക്രിസ്തുമതത്തിന്റെ ഭാഷ്യത്തിൽ പിശാച് അല്ലെങ്കിൽ സാത്താൻ. ഉൽ‌പ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താൻ ഒരു മൂർത്തിയല്ലെന്നും, മനുഷ്യന്റെ തിന്മയിലേക്കുള്ള ചായ്‌വിന്റെ പ്രതീകം മാത്രമാണെന്നും വാദിക്കാമെങ്കിലും, അതിൽ കാര്യമില്ല. കാരണം, യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.

ഉപസംഹാരം

സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല. അതെന്തായാലും, ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ! ഭാവിയിലെപ്പോഴെങ്കിലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിലോ, ചർച്ചയിലോ ഏർപ്പെടേണ്ടിവരുമ്പോൾ നമ്മുടേതായൊരു വിശദീകരണം നൽകാൻ ഈ ലേഖനവും അതിനോടനുബന്ധിച്ച് നടന്നേക്കാവുന്ന അന്വേഷണങ്ങളും സഹായിക്കുമെന്ന് കരുതുന്നു. അത്രയൊക്കെയുള്ളൂ ഈ ലേഖനത്തിന്റെ ഉദ്ദേശവും!

Saturday, May 28, 2011

പടച്ചോനെ കാണ്മാനില്ല!


“ദൈവത്തെ കാണ്മാനില്ല“
ബ്രേക്കിംഗ് ന്യൂസ്!

വാര്‍ത്ത പരക്കുകയാണ്.
ആറ്റം ബോംബിട്ട പോലെ
ജനം പരക്കം പായുകയാണ്.
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിൽ തുടങ്ങി
തിരച്ചിൽ തുടങ്ങി
എന്താ പറ്റിയത്?
വാർത്തയാരാ ബ്രേക്ക്
ചെയ്തത്?
അതോ വെറും റൂമറോ?
ആര്‍ക്കുമറിയില്ല
ആകെ പ്രശ്നം!

ഇനി ആരോട് നമ്മൾ പ്രാര്‍ത്ഥിക്കും?
ആര് പ്രപഞ്ച ചക്രം തിരിക്കും?
ഇനി നമ്മുടെ ഭാവി?
പോപ്പ് എന്ത് പറയുന്നു?
അമേരിക്കയുടെ നിലപാടെന്താവും?
സെൻസെക്‌സ് തകരുമോ?
കുറ്റകൃത്യങ്ങൾ പെരുകുമോ?
എന്നിങ്ങനെ,
നൂറ് കൂട്ടം പോസ്റ്റുകൾ
ഒറ്റ ദിവസം കൊണ്ട്
ബ്ലോഗർമാർ എഴുതിക്കൂട്ടി.
എഴുതാനറിയാത്തവർ
ഫേയ്സ് ബുക്കിലും ട്വിറ്ററിലും
അങ്ങോട്ടുമിങ്ങോട്ടും കയർക്കുന്നു,
കരയുന്നു, വികാരം പങ്കുവയ്ക്കുന്നു.

പൊലീസും സകല മതക്കാരും
എല്ലാം അരിച്ച് പെറുക്കുകയാണ്.
നിരീശ്വരവാദികളും മുന്നിലുണ്ട്,
കലാപമുണ്ടായാൽ
തടി രക്ഷിക്കണ്ടേ?
രാഷ്ടീയക്കാരും ഒപ്പം കൂടി.
അടുത്ത മാസം ഇലക്ഷൻ.
ഫണ്ട് വേണം.
ബക്കറ്റ് പിരിവിന് തക്ക നേരം.
ദൈവാന്വേഷണ നിധികൾ
കവിഞ്ഞൊഴുകി.

ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയവും കരളും കാലിയാണ്.
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ പണ്ടേ സീറ്റുമില്ല
പിന്നെ, ഇങ്ങേരിതെവിടെ പോയി?
റിപ്പോട്ടറോട് ചാനലുകാരൻ
ചോദിക്കുന്നു.
വിക്കിയും തിക്കിയും ദൈവത്തിന്റെ
ജീവചരിത്രം മുഴുവൻ വിളമ്പി
ഒടുവിൽ അയാൾ പറയുന്നു:
“നോ ഐഡിയ!“

പാതിരിമാരും സ്വാമിമാരും
തെരുവിലുറങ്ങി.
കന്യാസ്ത്രീകളും ഒപ്പം കൂടി
കുറേ സ്ത്രീകളും ഒപ്പമുണ്ട്
കൊടി കെട്ടി കവലയില്‍ സമരമായി.
പൊലീസ് അനാസ്ഥ,
അന്വേഷണം ഇഴയുന്നു
എന്നൊക്കെ ആരോപണം.
കോടതി ഇടപെട്ടു
കേസിപ്പോൾ സിബിഐക്ക്!

തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
അങ്ങോട്ടുമിങ്ങോട്ടും കൈമലര്‍ത്തി
“ദൈവത്തെ കണ്ട് നാള്‍ പലതായി“
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി

സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
“കട്ടവന്‍ പോയാല്‍ കിട്ടിയവന്‍“
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര-ഭൌതിക വാദികള്‍,
പാപികള്‍, പണക്കാര്‍, വാറ്റുകാരും
കള്ളസ്വാമികൾ
എല്ലാവരും പിടിയിലായി.

“വിവരം ലഭിച്ചവര്‍ വിളിക്കുക
പ്രതിഫലം കാണിക്ക മുഴുവന്‍“!
പത്രത്തിലെല്ലാം പരസ്യം വന്നു
കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു
കോടികള്‍ തന്നാല്‍ വിവരം തരാം.
ശരിയെന്ന് ഇങ്ങേതല.
കിട്ടിയ വിവരങ്ങൾ ഫേയ്ക്കാണെന്ന്
പിന്നെ തെളിഞ്ഞു,
ഫോൺ ചെയ്തവരെല്ലാം
അകത്തുമായി.

മതങ്ങളെല്ലാം ഒത്തുകൂടി
കർമ്മപരിപാടികൾ
പ്ലാൻ ചെയ്യുന്നു.
ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?
“പോയവന്‍ പോട്ടെ“ എന്ന് ചിലര്‍.
ദൈവമില്ലെങ്കിൽ പൂട്ടിപ്പോകുമെന്ന്
മറ്റുചിലർ.

“ദൈവം കൊലചെയ്യപ്പെട്ടു“
-അടുത്ത ബ്രേക്കിംഗ് ന്യൂസ് -

പൂടയോ തുണിയോ മറ്റോ
കിട്ടിയത്രേ!
ആരാണിത് ചെയ്തത്?
മതസ്ഥരെല്ലാം വാളെടുത്തു
സര്‍ക്കാരിനെ പച്ച തെറിവിളിച്ചു
“ദൈവത്തിന് കാവല്‍ നല്‍കിയില്ല.“
പിന്നെ,
ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…

“ദൈവം അഫ്ഗാനിൽ ബന്ദി‍“
ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്

“ചുമ്മാ പുളുവടിക്കരുത്,
കക്ഷി ഇവിടില്ല”
അഫ്ഗാൻ  നേതൃത്വം ആണയിട്ടു.
വിശ്വാസമില്ലെന്ന് അമേരിക്ക.
ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി.
“ദൈവം അഫ്ഗാനിൽ തന്നെ“
എന്ന് സ്ഥിരീകരണം.

“ഓപ്പറേഷൻ പ്ലൂട്ടോ സ്ഫിയർ”
സേന കോംബൌണ്ടിൽ ഇടിച്ചിറങ്ങി
തുരുതുരാ വെടി, ചറപറാ ബോംബ്.
നാല് മണി നേരത്തെ
ശ്രമത്തിനൊടുവിൽ
ദൈവത്തെ രക്ഷിച്ചു
ഒരു പോറൽ പോലുമില്ലാതെ!
ഇപ്പോൾ കക്ഷി കടലിലെ ഏതോ
ഒളിസങ്കേതത്തിൽ.

നാട്ടിലെങ്ങും ആഘോഷം!
ദൈവത്തെ ഇനിയാരും തൊടാൻ പാടില്ല.
കനത്ത സുരക്ഷയും
ഇൻഷ്വറൻസും വേണം.
ദൈവത്തിന്റെ
സിംഹാസന പുനരവരോധനവും
ഉടൻ വേണം.
ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

***************************************

പ്രാപഞ്ചിക യാത്ര ഉഗ്രന്‍!
ടൂര്‍ കഴിഞ്ഞ് ദൈവമെത്തി.
സ്വർഗ വാതിലിൽ ദൈവം മുട്ടി
“ആരാ?“
വാതിൽ തുറന്ന് പത്രോസ് കേട്ടു.
“ഞാനാ”
എന്ന് ദൈവം.
“ഞാനെന്ന് വച്ചാൽ?“
പിന്നെയും ചോദ്യം.
“ഞാൻ തന്നെ” -- ഉത്തരം.
പത്രോസ് ക്ഷുഭിതനായ്
വാതിലടച്ചു.
ദൈവം മതിൽ ചാടി
അകത്ത് കടന്നു.
കാര്യമുണ്ടായില്ല!
കക്കാ‍നറിയില്ല, നിക്കാനറിയില്ല.
കാവൽക്കാർ കക്ഷിയെ
വരിഞ്ഞുകെട്ടി.
സിംഹാസന സമക്ഷം ഹാജരാക്കി.

“ഇതാരാണ്ടപ്പാ എന്റെ സ്ഥാനത്ത്
വേറൊരുത്തൻ?“
ദൈവത്തിന്റെ കണ്ണ്
തള്ളിപ്പോയി.
സൂക്ഷിച്ച് നോക്കി വാപൊളിച്ചു.
“ഇത് ലവനല്ലേ, ചെകുത്താനല്ലേ?”
“ഇവനെങ്ങനെ ഇവിടെ വന്നു?”

സിംഹാസനസ്ഥൻ എഴുന്നേറ്റു.
പടികളിറങ്ങി താഴെ വന്നു.
“ഇവനാണോ സ്വർഗത്തിൽ
തള്ളിക്കയറിയവൻ?“
അതേയെന്ന് മാലാഖമാർ!

സ്വർഗം കീഴടക്കാൻ
പലരും നടക്കുന്നുണ്ട്,
വേഷം മാറിയെത്തിയ ചെകുത്താനാവും
പാതാളത്തിലേക്ക് തള്ളിക്കോ
എന്ന് വിധി വാചകം.

Monday, May 9, 2011

തിന്മ എന്നാൽ എന്ത്? (What is Evil?)


ദൈവത്തിന്‍റെ അസ്ഥിത്വം ബുദ്ധിയുടെ സഹായത്തോടെ തെളിയിക്കാനാവുമെന്ന് സമർത്ഥിക്കുന്ന വിശുദ്ധ തോമസ് അക്വീനാസിന്‍റെ അഞ്ച് വാദങ്ങളെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം. ദൈവത്തിന്‍റെ അസ്ഥിത്വം ബൌദ്ധികമായി തെളിയിക്കാനാവുമെന്ന് തോമസ് അക്വീനാസ് പറയുമ്പോള്‍, ഉയര്‍ന്ന് വരാവുന്ന സംശയങ്ങളും വെല്ലുവിളികളും നിരവധിയാണ്. “ദൈവമുണ്ടെങ്കിൽ, ദൈവത്തിനും തിന്മയ്ക്കും (Evil) എങ്ങനെ ഒരേ സമയം സഹവർത്തിത്വത്തോടെ നിലനിൽക്കാൻ കഴിയും?” എന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. നിരീശ്വരവാധികളും ഭൌതീകവാദികളും ഉന്നയിക്കുന്ന അത്തരം ചില ചോദ്യങ്ങളില്‍ നിന്ന് തിന്മയെ കുറിച്ചുള്ള ഈ എളിയ പഠനം ആ‍രംഭിക്കാം എന്ന് കരുതുന്നു.

പരിപൂര്‍ണ്ണനും അനന്തനും സര്‍വ്വശക്തനും സര്‍വവ്യാപിയുമായ ദൈവത്തിന്‍റെ അസ്ഥിത്വം സാധ്യമാണെങ്കില്‍‍, തിന്‍‌മ എന്തുകൊണ്ട് ഉണ്ടാകുന്നു? ദൈവത്തിനും തിന്മയ്ക്കും ഒരേ സമയം നിലനിൽക്കാൻ സാധിക്കുമോ? ദൈവം എന്തുകൊണ്ട് തിന്മയില്ലാത്ത (അപൂർണ്ണതകളില്ലാത്ത) ഒരു ലോകം സൃഷ്ടിച്ചില്ല? നിഷ്ക്കളങ്കരായ മനുഷ്യന്‍ എന്തിന് പട്ടിണിയും രോഗവും ദാരിദ്രവും മൂലം മരിക്കുന്നു? ദൈവം സ്നേഹനിധിയായിരുന്നെങ്കില്‍, ഇവയെല്ലാം തടയുമായിരുന്നില്ലേ? അതോ, മനുഷ്യന്‍റെ ക്ലേശങ്ങള്‍ കണ്ട് കൈകൊട്ടിച്ചിരിക്കാനാണോ ദൈവത്തിന് ഇഷ്ടം? അല്ലെങ്കിൽ, ഇതൊന്നും കാണാന്‍ കഴിയാത്ത കണ്ണുപൊട്ടനും നിർദയനുമാണോ ദൈവം? ലോകത്തില്‍ തിന്‍‌മ ചെയ്യുന്നവര്‍ സുഖസമൃദ്ധിയില്‍ കഴിയുന്നു, ഒരു തെറ്റും ചെയ്യാത്ത പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, ഇതാണോ ദൈവത്തിന്‍റെ നീതി? ഇതിന്‍റെയെല്ലാം അര്‍ത്ഥം ദൈവം ഇല്ലന്നല്ലേ? ദൈവം സര്‍വശക്തനാണെങ്കില്‍, എന്തുകൊണ്ട് തിന്‍‌മയെ ദൈവം നശിപ്പിക്കുന്നില്ല? ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ആ നീണ്ട പട്ടിക.

അസ്ഥിത്വവാദികളായ തത്വചിന്തകന്‍‌മാരുടെ (Existentialist philosophers) കൃതികള്‍ വായിച്ചാല്‍ ഭ്രാന്തുപിടിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ നമുക്ക് കാണാനാവും. ചിന്തിക്കുന്ന മനുഷ്യന്‍റെ അന്തമില്ലാത്ത ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതഗ്രന്ഥങ്ങള്‍ അപര്യാപ്തമാണെന്നത് ഒരു ദുഃഖസത്യം തന്നെയാണ്. അഥവാ അവ ഉത്തരം നൽകുന്നുണ്ടെങ്കിൽ തന്നെ, അത് വിശ്വാസികള്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളു. നിരീശ്വരവാദിയെ ബോദ്ധ്യപ്പെടുത്താന്‍ മതഗ്രന്ഥങ്ങൾ അപര്യാപ്തമാണെന്ന് ചുരുക്കം. അത്തരം സന്ദർഭത്തിൽ, വിശ്വാസങ്ങളുടെയോ മതഗ്രന്ഥങ്ങളുടെയോ പിൻ‌ബലമില്ലാതെ, നിരീശ്വരവാദികളെയും ബോധ്യപ്പെടുത്തുന്ന തരത്തിൽ, ബുദ്ധിപരമായ ഉത്തരം ഈ  വിഷയത്തെ സംബന്ധിച്ച് നൽകാനാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

നന്‍‌മയ്ക്കും തിന്‍‌മയ്ക്കും സഹവര്‍ത്തിത്വത്തോടെ ഒരേസമയം എങ്ങനെ നിലനിൽക്കുക എന്നത് യുക്തിപരമായി (Logically) അസാധ്യമാണ്. ഇരുട്ടിനും വെളിച്ചത്തിനും ഒരേ സമയം നിലനില്‍ക്കാകാത്തതു പോലെയാണിത്. ഒന്നുകില്‍ പരിപൂര്‍ണ്ണമായ നന്‍മ മാത്രം നിലനില്‍ക്കണം, അല്ലെങ്കില്‍ തിന്‍‌മ. വൈരുദ്ധ്യശക്തികളായ ചെകുത്താനും ദൈവത്തിനും ഒരേ സമയം എങ്ങനെ ഒരു സ്ഥലത്ത് നിലനില്‍ക്കാനാവും? സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും “The Problem of Evil” എന്നാണ് വിളിക്കുക. ദൈവാസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന Problem of Evil-ലെ രസകരമായ വാദങ്ങളിലേയ്ക്ക്….

1) ദൈവം സര്‍വശക്തനാണ്.
2) ദൈവം എല്ലാം അറിയുന്നവനാണ്.
3) ദൈവം പരിപൂര്‍ണ്ണമായ നന്‍‌മയാണ്.
4) പക്ഷേ, തിന്‍‌മ നിലനില്‍ക്കുന്നു.

5) ദൈവം പരിപൂര്‍ണ്ണ നന്‍‌മയായിരുന്നെങ്കില്‍, തിന്‍‌മ ഉണ്ടാവുമായിരുന്നില്ല.
6) ദൈവം യഥാര്‍ത്ഥത്തില്‍ സര്‍വശക്തനായിരുന്നെങ്കില്‍, എല്ലാ തിന്‍‌മകളെയും തടയാന്‍ ദൈവത്തിന് കഴിയുമായിരുന്നു.
7)‌ ദൈവം എല്ലാം അറിയുന്നവനായിരുന്നെങ്കില്‍, തിന്‍‌മയെ എങ്ങനെ തടയണമെന്ന് ദൈവത്തിന് അറിയുമായിരുന്നു. തിന്‍‌മയെ തടയാന്‍ ദൈവത്തിന് കഴിയുന്നില്ലെങ്കില്‍, ദൈവം സര്‍വശക്തനല്ല.
9) തിന്‍‌മയെ തടുക്കാനുള്ള വഴി ദൈവത്തിന് അറിയാമായിരുന്നിട്ടും ദൈവം തിന്മയെ തടുക്കുന്നില്ല, അതിനാൽ ദൈവം ക്രൂരനാണ്.
10) എന്നാല്‍ തിന്‍‌മ നിലനില്‍ക്കുന്നു, അതിന്‍റെ അര്‍ത്ഥം ദൈവം സര്‍വശക്തനോ, എല്ലാം അറിയുന്നവനോ, നന്‍‌മയോ അല്ലെന്നാണ്.

11) ഇതൊന്നുമല്ലാത്ത ഒന്ന് ദൈവമല്ല.
12) അതിനാല്‍, ദൈവം ഇല്ല.

ലളിതമെന്ന് തോന്നാവുന്ന ഈ വാദത്തില്‍ ഒളിഞ്ഞിരിക്കുന്ന “അപകടം” അല്‍പ്പം സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ മനസിലാവും. ദൈവം ഉണ്ടെന്നും, അവൻ സർവശക്തനാണെന്നുമൊക്കെ അംഗീകരിച്ച് വളരെ പോസിറ്റീവ് ആയി ആരംഭിക്കുന്ന മുകളിലത്തെ വാദം അവസാനിക്കുന്നതാകട്ടെ “ദൈവം ഇല്ല” എന്ന നിഷേധാത്മക പ്രസ്താവനയിലാണ്. സത്യത്തിൽ, ഈ വാദം യുക്തിസജഹവും ന്യായവുമാണ്. ഇവിടെ, ദൈവത്തിന്‍റെ മേല്‍ പ്രതിയോഗികള്‍ ഇവിടെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ പലതാണ്. 1. ശക്തനായ ദൈവം തിന്‍‌മയെ തടുക്കുന്നില്ല. (അതിനാല്‍ ദൈവം ശക്തനല്ല.) 2. സ്നേഹനിധിയായ ദൈവം തിന്‍‌മയെ കണ്ടില്ലെന്ന് നടിക്കുന്നു. (അതിനാല്‍ ദൈവം ക്രൂരനാണ്.) 3. പൂര്‍ണ്ണനായ ദൈവം ഉള്ളപ്പോള്‍ എങ്ങനെ അപൂർണ്ണതയായ തിന്‍‌മയുണ്ടാകും? (അതിനാൽ ദൈവം പൂര്‍ണ്ണനല്ല.) ദൈവത്തിന്‍റെ സ്വഭാവത്തിന് (Nature) നേരെയുള്ള ആക്രമണമാണ് Problem of Evil-ല്‍ അവലംബിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം. പഞ്ചസാരയാണെങ്കില്‍ അത് മധുരിക്കും, മധുരിക്കുന്നില്ലെങ്കില്‍ അത് പഞ്ചസാരയല്ല, ഇതാണ് സംഭവം. ഏതായാലും, സംശയങ്ങൾ തികച്ചും ന്യായം തന്നെ.

നിരീശ്വര വാദം പ്രചരിക്കുന്നതിനുള്ള ഒരു സുപ്രധാന കാരണമാണ് Problem of Evil. പ്രീയപ്പെട്ടവരുടെ അകാല മരണമോ, ജീവിത തകർച്ചയോ മൂലം നിരീശ്വരവാദികളായ വ്യക്തികള്‍ക്ക് പറയാനുള്ള വാദവും ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. പരമ്പരാഗത ഈശ്വര സങ്കല്‍പ്പത്തിന് ചിട്ടയാര്‍ന്ന രൂപവും ഭാവവും നല്‍കിയ തോമസ് അക്വീനാസ്, ലൈബിനിസ് (Leibniz) തുടങ്ങിയവരുടെ ദൈവശാസ്ത്ര ചിന്തകളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ Problem of Evil-ന് കഴിഞ്ഞിട്ടുണ്ടെന്ന് എടുത്തു പറയണം. കാ‍ര്‍മ്മിക നിയമത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ല എങ്കിലും, വ്യക്തിയായ ദൈവത്തില്‍ (God who is a Person) വിശ്വസിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീംഗങ്ങളെ സംബന്ധിച്ച് Problem of Evil ഒരു ഊരാക്കുടുക്ക് തന്നെ. മതപരമായ ഉദ്ധരിണികളോ കഥകളോ പറഞ്ഞ് ഇതില്‍ നിന്ന് തലയൂരാനും കഴിയില്ല. ഏതായാലും, മതചായ്‌വുകള്‍ ഒട്ടുമില്ലാതെ ബൌദ്ധികമായ പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് Problem of Evil എന്ന പ്രശ്നത്തെ കീറിമുറിക്കാന്‍ സാധിക്കുമോ?

തിന്‍‌മ (Evil)

തിന്‍‌മ (Evil) എന്നാല്‍ എന്താണ്? കൊമ്പും വാലും ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്‍‌മ ഒരു അവസ്ഥ മാത്രമാണ്. അതായത്, “ന്യായമായി ലഭിക്കേണ്ട ഒരു നന്‍‌മയുടെ അഭാവത്തെയാണ് തിന്‍‌മ എന്ന് പറയുന്നത്.” (Evil is the absence of a due good.) നന്മയുടെ അഭാവത്തെയെല്ലാം തിന്‍‌മ എന്ന് വിളിക്കാന്‍ കഴിയില്ല. മനുഷ്യന് ചിറകില്ലാത്തത് നന്‍‌മയുടെ അഭാവം തന്നെയാണ്, പക്ഷേ അത് തിന്‍‌മയാകുന്നില്ല. അതേ സമയം, കാക്കയ്ക്ക് ചിറകില്ലെങ്കില്‍ അത് തിന്‍‌മയാണ്, കാരണം കാക്കയ്ക്ക് ന്യായമായി ലഭിക്കേണ്ട ചിറക് അവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. തിന്‍‌മ എന്ന ആശയത്തെ കുറിച്ച് കുറേക്കൂടി അറിഞ്ഞാല്‍ മാത്രമേ നമ്മുടെ വിഷയം കൂടുതല്‍ വ്യക്തമാവൂ. മരണം ഒരു തിന്‍‌മയാണോ? അല്ല എന്ന് നിസംശയം പറയാം. ഒരു ജീവിതത്തിന്‍റെ ന്യായമായ അവസാനമാണെല്ലോ മരണം. അത് കൊണ്ട് ഇതിനെ തിന്‍‌മ എന്ന് വിളിക്കാനാവില്ല. പക്ഷേ കൊലപാതകവും ആത്മഹത്യയും തിന്‍‌മയാണ്, കാരണം ന്യായമായ ജീവിതത്തെ മനപൂര്‍വ്വം നിഷേധിക്കുകയാണ് ഇവ രണ്ടും ചെയ്യുന്നത്. അതുപോലെ നാം തിന്‍‌മയെന്ന് കരുതിയിരിക്കുന്ന പലതും തിന്‍‌മ ആവണമെന്നില്ല. ന്യായമായ അഭാവം എന്ന മാനദണ്ഡം ഉപയോഗിച്ചാവണം നന്‍‌മ-തിന്‍‌മകളെ നിര്‍വചിക്കേണ്ടത്. (അങ്ങനെയൊരു സമീപനം ജീവിതത്തിലുണ്ടായാൽ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും.)

തിന്‍‌മ‍ രണ്ടുതരം

തിന്‍‌മയെ രണ്ടായി തിരിക്കാം, സ്വാഭാവിക തിന്‍‌മയെന്നും (Natural evil), ധാര്‍മ്മിക തിന്‍‌മയെന്നും (Moral evil). പ്രകൃതിദത്തമായോ സ്വാഭാവികമായോ സംഭവിക്കുന്ന നന്‍‌മയുടെ അഭാവത്തെ സ്വാഭാവിക തിന്‍‌മ (Natural evil) എന്ന് വിളിക്കാം. ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച, സുനാമി ഇവയെല്ലാം സ്വാഭാവിക തിന്‍‌മയുടെ ഗണത്തില്‍പ്പെടുന്നു. അതേ സമയം, മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനം മൂലം വന്നുഭവിക്കുന്ന തിന്‍മകളെ ധാര്‍മ്മിക തിന്‍‌മകൾ (Moral evil) എന്ന് വിളിക്കുന്നു. സ്വാതന്ത്രത്തിന്റെ ദുരുപയോഗം മൂലം ഉണ്ടാക്കുന്ന തിന്‍‌മകളാണ് ഈ ഗണത്തില്‍ പെടുക. യുദ്ധം, കൊലപാതകം, അക്രമം, മോഷണം തുടങ്ങിയവയെല്ലാം ധാര്‍മ്മിക തിന്‍‌മകളാണ്. ചില ധാര്‍മ്മിക തിന്‍‌മകള്‍ (Moral evil) സ്വാഭാവിക തിന്‍‌മകളായി (Natural evil) ഭവിക്കാറുമുണ്ട്. ഉദാഹരണമായി, പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമൂലം കൊടിയ വരള്‍ച്ച ബാധിക്കുക, പകര്‍ച്ച വ്യാധികള്‍ ബാധിക്കുക, അമിത വ്യാവസായികവല്‍ക്കരണം മൂലം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുക… ഇങ്ങനെ പോകുന്നു അത്തരം തിന്‍‌മകളുടെ പട്ടിക.

മനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയിലൂടെ ആവീർഭവിക്കുന്ന തിന്‍‌മകളെ (Moral evil) ദൈവത്തിന്‍റെമേല്‍ നേരിട്ട് ആരോപിക്കാന്‍ കഴിയില്ല, എന്നാൽ പരോക്ഷമായ കുറ്റാരോപണം സാധ്യമാണ്. കാരണം, മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിക്കുകയും ആ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം തിന്മയുണ്ടാവുമ്പോൾ അതിൽ ദൈവവും പരോക്ഷമായി പങ്കുകാരനാവുന്നു. അതായത്, മകൻ ചെയ്ത കുറ്റത്തിന് പൊലീസ് അയാളുടെ അച്ഛനെ സ്റ്റേഷനിൽ കൊണ്ടിരുത്തുന്നതുപോലെ!

പക്ഷേ, മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നതിലൂടെ ആത്യന്തികമായ ഒരു നന്മയാണ് ദൈവം ചെയ്തത്. അതിനാൽ തന്നെ, സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന് ദൈവം ഉത്തരവാധിയാവില്ല. ഇനി, കുട്ടിയുടെ കൈയ്യില്‍ വാള്‍ കൊടുത്തിട്ട് വെട്ടരുത് എന്ന് പറയുന്നത് പോലെയല്ലേ ദൈവം മനുഷ്യന് സ്വാതന്ത്രം കൊടുത്തതും – എന്ന് വാദിച്ചാല്‍, ശരിയാണ്! പക്ഷേ, ഓർക്കേണ്ടതിതാണ് --  സ്വതന്ത്ര ഇച്ഛാശക്തിയില്ലാത്ത, പരിണാമ ചങ്ങലയിൽ താഴേ തട്ടിൽ കിടക്കുന്ന ഏതെങ്കിലുമൊരു ജീവിയായി നാം പിറവിയെടുക്കാതിരുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്ന്  മനസിലാക്കിയാൽ ഇത്തരം അനാവശ്യ വാദങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.

ഇനി, സ്വാഭാവിക തിന്‍‌മയുടെ (Natural evil) കാര്യമെടുക്കാം. മനുഷ്യന്‍ മൂലം ഉണ്ടാകുന്ന തിന്‍മകള്‍ മാത്രം മാറ്റിനിര്‍ത്തിയാല്‍, സ്വാഭാവിക തിന്‍‌മ എന്ന് പറയാന്‍ ഒന്നും ഉണ്ടാവില്ല എന്നതാണ് രസകരമായ ഒരു കാര്യം. എങ്കിലും, ചിലര്‍ അന്ധരായി ജനിക്കുന്നു, ആരുടെയും കുറ്റം കൊണ്ടല്ലാതെ വികലാംഗരാവുന്നു, ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നു, അപകടങ്ങള്‍ സംഭവിക്കുന്നു, പ്രിയപ്പെട്ടവര്‍ രോഗബാധിതരാവുന്നു, അവര്‍ മരിക്കുന്നു, പട്ടിണി അനുഭവിക്കേണ്ടി വരുന്നു… ഈ തിന്‍‌മകളെ ദൈവത്തിന്‍റെ മേല്‍ ആരോപിക്കാനാവുമോ?

അന്ധനായി ജനിച്ച ഒരു കുട്ടിയുടെ കാര്യം നോക്കാം. കുട്ടി അന്ധനായി ജനിച്ചതിനുള്ള കാരണങ്ങള്‍ പലതാകാം. അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ, പാരമ്പര്യം മൂലമാണെന്നോ, അതുമല്ലെങ്കിൽ മാതാപിതാക്കളുടെ അമിത മദ്യപാനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, റേഡിയേഷൻ പോലുള്ള അന്തരീക്ഷ മലിനീകരണം പോലുള്ള കാ‍രണങ്ങൾ മൂലമെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളിലും, ദൈവം പരോക്ഷമായിട്ടേ തിന്മയുടെ കാരണക്കാ‍രനാവുന്നുള്ളൂ. തെങ്ങില്‍ നിന്ന് തേങ്ങ മാത്രമേയുണ്ടാവൂ എന്നത് പ്രകൃതി നിയമമാണെങ്കിൽ, അപര്യാപ്തമായ ചുറ്റുപാടില്‍ നിന്ന് അന്ധനായ ഒരു കുട്ടി ജനിക്കുന്നുവെന്നതും ഒരു പ്രകൃതി നിയമം മാത്രമല്ലേ! മറ്റൊരു ഉദാഹരണം കൂടി നോക്കിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.

പോസ്റ്റുമാന്‍ കൃഷ്ണന്‍‌കുട്ടി യൌസേപ്പിന്‍റെ തെങ്ങിന്‍ പുരയിടത്തിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ. പ്രതികരിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പ് തേങ്ങ അദ്ദേഹത്തിന്‍റെ തിരുമുഖം തകര്‍ക്കുന്നു. ഈ സംഭവത്തിലെ കുറ്റക്കാരന്‍ ആരാണ്?

തെങ്ങിന്‍‌പുരയിടത്തിലൂടെ നടന്നാല്‍ തേങ്ങ തലയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും കൃഷ്ണന്‍‌കുട്ടി ആ വഴിക്ക് തന്നെ പോയി. കുറ്റക്കാരന്‍ കൃഷ്ണന്‍‌കുട്ടി തന്നെ. ഹേയ്! അത് ശരിയല്ല, കുറ്റക്കാരന്‍ യൌസേപ്പാണ്. അങ്ങേര്‍ സമയത്തിന് സ്വന്തം പുരയിടത്തെ തേങ്ങ ഇട്ടിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവുമായിരുന്നോ? പക്ഷേ, കഴിഞ്ഞ ആഴ്ച അയാള്‍ തേങ്ങ ഇടിയിച്ചതാണെല്ലോ! ഹോ, അപ്പോ തേങ്ങയിട്ട കുമാരനാണ് കുറ്റക്കാരന്‍! പാകമായ തേങ്ങ ഒരെണ്ണം അയാള്‍ വെട്ടാതെ വിട്ടു. പാവം, അയാളെന്ത് പിഴച്ചു? കുറ്റക്കാരന്‍ തെങ്ങാണ്. നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന തെങ്ങിന്‍‌പുരയിടത്തിൽ പോസ്റ്റുമാന്റെ തലയിൽ തന്നെ തേങ്ങയിടാൻ തെങ്ങിന് എങ്ങനെ തോന്നി? അങ്ങനെ പറയല്ലേ.... മിണ്ടാപ്രാണി തെങ്ങിന് എന്തറിയാം! വല്ല കാറ്റോ, അണ്ണാനോ മൂലം തേങ്ങ വീണതായിരിക്കാം. അല്ലല്ല..., എല്ലാറ്റിനും കാരണം ദൈവമാണ്. ദൈവം തെങ്ങിനെ സൃഷ്ടിക്കാതിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാവുമായിരുന്നില്ലല്ലോ!

നമുക്ക് കാര്യത്തിലേക്ക് വരാം. മുകളില്‍പ്പറഞ്ഞ സംഭവം ഒരേസമയം സ്വാഭാവിക തിന്‍‌മയും ധാര്‍മ്മിക തിന്‍‌മയുമാണ്. ദൈവം ഇവിടെ നിസഹായനാണ്. മനുഷ്യന് ഉപകാരപ്രദമാവാന്‍ ദൈവം നൂറ്റാങ്ങുകള്‍ക്ക് മുമ്പ് തെങ്ങിനെ ‘സൃഷ്ടിച്ചു’. തെങ്ങ് പ്രകൃതിയുടെ പ്രേരണയനുസരിച്ച് ലോകമെമ്പാടും പെരുകി. അതില്‍ ഒരു വിത്ത് യൌസേപ്പിന്‍റെ തോട്ടത്തിലും എത്തിപ്പെട്ടു. അത് കൃത്യമായി കൃഷ്ണന്‍‌കുട്ടിയുടെ

തലയില്‍ വീഴുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. ഈ തിന്‍‌മയുടെ ശൃംഖലയില്‍ ദൈവത്തിന്‍റെ സ്ഥാനം വിദൂരത്ത് (Remote) മാത്രമാണ്. അതായത്, ദൈവം തെങ്ങില്‍ കയറുകയോ കൃഷ്ണന്‍‌കുട്ടി വന്ന തക്കത്തില്‍ തേങ്ങ തലയിലിടുകയോ ചെയ്തില്ല. പ്രകൃതിയുടെ ചലനത്തില്‍ സംഭവിച്ച ആകസ്മിക സംഭവം (Accident) മാത്രമായിരുന്നു അത്.

ദശലക്ഷക്കണക്കിന് പൊട്ടിത്തെറികള്‍, കൂട്ടിമുട്ടലുകള്‍, ഛിന്നിച്ചിതറലുകള്‍… ഇതൊക്കെയാണ് അനുനിമിഷം പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പൊട്ടിത്തെറികളും കൂട്ടിമുട്ടലുകളും തിയറി അനുസരിച്ച് തിന്‍‌മയാകുമോ? ഇല്ല. ഇതെല്ലാം തന്നെ ആകസ്മിക സംഭവങ്ങളാണ് (Accidents). പരിണാമത്തിലൂടെ സ്വതന്ത്രമായി സ്വയം വിടരുകയും പെരുകുകയും (Evolve and develope) ചെയ്യുന്ന ഈ പ്രപഞ്ചത്തില്‍ ആകസ്മിക സംഭവങ്ങള്‍ സ്വാഭാവികം മാത്രമാണ്. പ്രകൃതിക്ക് അതിന്‍റേതായ ഒരു ചലനാത്മകതയുണ്ട് (Dynamism). ഈ ഡയനാമിസത്തിന്‍റെ കാരണഭൂതന്‍ ദൈവം എന്ന ശക്തിയാണെങ്കിലും, പ്രപഞ്ചം സ്വതന്ത്രമായ താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ദൈവം എല്ലാ ദിവസവും ചര്‍ക്ക തിരിക്കുന്നതുപോലെ ഭൂമിയെ തിരിച്ചുകൊണ്ടിരിക്കുന്നില്ല. ഇനേര്‍ഷ്യ (Inertia) എന്ന തിയറിയനുസരിച്ച് പ്രപഞ്ചം അതിന്‍റേതായ രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നെന്നേയുള്ളൂ. അതിനാല്‍, ഈ ഡയനാമിസത്തില്‍ ഉണ്ടാവുന്ന ആകസ്മികതയെ (Accident) ദൈവത്തിന്‍റെ തലയില്‍ വയ്ക്കുന്നത് യുക്തിക്ക് ചേര്‍ന്നതല്ല.

ചുരുക്കത്തില്‍, ആത്യന്തികമായി ദൈവത്തിന് നേരിട്ട് (Directly) തിന്‍‌മയുണ്ടാക്കാന്‍ കഴിയില്ല, കാരണം ദൈവത്തിന് അഭാവം ഉണ്ടാക്കാന്‍ കഴിയില്ല (God can not create absence, beacause He himself is presence). പക്ഷേ, നിരവധി കാരണങ്ങള്‍ മൂലം പ്രപഞ്ചത്തില്‍ സ്വാഭാവിക തിന്‍‌മ (Natural evil) ഉണ്ടാകുന്നു. വസ്തുക്കളുടെ കാരണഭൂതന്‍ (Ultimate cause) എന്ന നിലയില്‍, എല്ലാ തിന്‍‌മകള്‍ക്കും പരോക്ഷമായി (Indirectly) ദൈവം ഉത്തരവാധിയാണ്. എന്നാല്‍ ദൈവം തിന്‍‌മ ഉണ്ടാക്കുന്നില്ല, മനുഷ്യന്‍ മൂലമോ ആകസ്മികത്വം മൂലമോ ഉണ്ടാവുന്ന തിന്‍‌മയെ ദൈവം അനുവദിക്കുക (Allow) മാത്രമാണ് ചെയ്യുന്നത്. അതായത്; തേങ്ങ കൃഷ്ണന്‍‌കുട്ടിയുടെ തലയിലേയ്ക്ക് ഇപ്പോ വീഴും എന്ന് കണ്ടിട്ടും ദൈവം ഇടയ്ക്ക് കയറി തേങ്ങയെ പിടിക്കുന്നില്ല. അത് വീഴാന്‍ തന്നെ ദൈവം അനുവദിക്കുന്നു. ഇതുപോലെ, ദൈവം പലപ്പോഴും തിന്മയെ അനുവദിക്കുന്നതായി കാണാൻ കഴിയും.

അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു, കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു... ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

ക്ലൈമാക്സിലെത്തിയ ശേഷം “നിയോഗം” എന്നുപറഞ്ഞ് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണെന്ന് ധരിക്കരുത്. ഇത് മനുഷ്യബുദ്ധിയുടെ നിസഹായതയാണ്. ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു, അതും ഒരു പ്രകൃതിനിയമം തന്നെ!

ഉപസംഹാരം

“തിന്‍‌മ” എന്ന ആയുധം ഉപയോഗിച്ച് ദൈവാസ്ഥിത്വത്തിന് തുരങ്കം വയ്ക്കാന്‍ കഴിയില്ല എന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. മേക്കപ്പിനൊക്കെ ഒരു പരുധിയില്ലേടെയ്… എന്ന് പറയുന്നതുപോലെ വിശദീകരണങ്ങള്‍ക്ക് പരിമിതികളുണ്ട്. അതറിയാവുന്നതുകൊണ്ടുതന്നെ, തുടർന്നുള്ള പഠനങ്ങളും ചർച്ചകളും വായനക്കാരന്റെ വ്യക്തി ജീവിതത്തിലേക്ക് വിടുന്നു, ആത്മാന്വേഷണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, നിഗൂഢമായ ജീവിത സത്യങ്ങൾ പകൽ പോലെ വിരാചിതമാകട്ടെ എന്ന ആശംസയോടെ!