Showing posts with label advaita. Show all posts
Showing posts with label advaita. Show all posts

Saturday, May 19, 2012

മതവും പരിണാമവും

അക്കാഡമിക് തലത്തിലും അല്ലാതെയുമായി, കഴിഞ്ഞ 12 വർഷത്തെ തത്വശാസ്ത്രപഠന കാലത്തിനിടയിൽ 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അത്തരം ഒട്ടുമുക്കാൽ സന്ദർഭങ്ങളിലും, മതത്തെക്കാളേറെ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ് അധികമെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾ...! മതങ്ങൾ കാലഹരണപ്പെട്ടുപോയെന്നും, ജീവിതത്തെയും അതിന്റെ നൂലാമാലകളെയും കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രം തന്നെ ധാരാളം മതിയെന്നുമുള്ള ചിന്തകൾ യുവാക്കൾക്കിടയിൽ അന്നും ഇന്നും ശക്തമാണ്. ഈ വാർത്തമാനകാലത്തിൽ, ശാസ്ത്രത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ ശാസ്ത്രത്തിന് നൽകാൻ കഴിയുമെന്നും, അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നുമുള്ള അവരുടെ വാദങ്ങൾ ശ്രദ്ധേയമാണ്. ഈ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിപ്പോകുന്നവരാണ് ഭൂരിപക്ഷം മത പണ്ഡിതന്മാരും.

ശാസ്ത്രം ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുകയാണ്, ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ ഉത്തരം നൽകാൻ പര്യാപ്തവുമാണ്. എല്ലാം സമ്മതിക്കുന്നു...! എന്നാൽ ഇതിന്റെ അർത്ഥം ശാസ്ത്രം മാത്രമേ വികാസം പ്രാപിക്കുന്നുള്ളൂ എന്നോ, മതത്തിന് അത്തരമൊരു കഴിവില്ല (static) എന്നോ അല്ല. മതവും ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുന്ന ഒന്നാണ്. എന്നാൽ, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം പേരും മതത്തിന്റെ ഈ ചലനാത്മകതെ മനപ്പൂർവം വിസ്മരിക്കുകയോ, നിസാരമായി കാണുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.... മതത്തിന് വളർച്ചയില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. (മതം എന്നതുകൊണ്ട് ഞാനിവിടെ അർത്ഥമാക്കുന്ന സ്ഥാപിതവൽക്കരിക്കപ്പെട്ട ഏതെങ്കിലുമൊരു സംവിധാനത്തെ അല്ലെന്നും, മനുഷ്യന്റെ ആത്മീയ ബോധത്തെയാണെന്നും (Religious Consciousness) എടുത്ത് പറയുകയാണ്.)

നമുക്കൊരു നിമിഷം ചരിത്രം പരിശോധിക്കാം... മനുഷ്യന്റെ ആത്മീയ ബോധം നൂറ്റാണ്ടുകളിലൂടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. ആ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല; അവസാനിക്കുകയുമില്ല. ശിലായുഗത്തെ മനുഷ്യനെയും ആധുനിക മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രാകൃതമായ വിശ്വാസങ്ങളിൽ നിന്ന് അദ്വൈതം വരെയുടെ ഉദാത്തമായ ചിന്തകളിലേക്ക് മനുഷ്യബോധത്തിന് വളരാൻ സാധിച്ചെങ്കിൽ, ഈ ബോധം ഇനിയും പക്വത പ്രാപിക്കുമെന്നും, മുമ്പില്ലാത്ത വിധം കുറേ കൂടി വ്യക്തമായ ഉൾക്കാഴ്ചകൾ മനുഷ്യകുലത്തിന് ലഭിക്കത്ത വിധം നിർണ്ണായകമായ വെളിപാടുകൾ സംഭവിക്കുമെന്നുമാണ് എന്റെ ആഴമായ വിശ്വാസം. യേശുവിന്റെയും, നബിയുടെയും ശങ്കരാചാര്യരുടെയും ജനനത്തോടെ മനുഷ്യന്റെ ആത്മീയബോധത്തിന് പുത്തൻ ഉണർവും കുതിച്ചുചാട്ടവും സംഭവിച്ചതുപോലെ, ഇനിയും അത്തരം പ്രതിഭാസങ്ങൾ സംഭവിച്ച് കൂടായ്കയില്ല. പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബോധത്തിന്റെ അടുത്ത നിർണ്ണായക വഴിത്തിരിവ് (turning point) എന്ന നിലയിൽ, മനുഷ്യൻ കുറേ കൂടി കാര്യങ്ങൾ സ്പഷ്ടമായി മനസിലാക്കാൻ കഴിയുന്ന ഒരു ഉന്നത ജീവിയായി (Higher Species) വളർന്നുകൂടായ്കയില്ല.

ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തിൽ 25 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ് ഇന്നത്തെ മനുഷ്യൻ. (എന്തിനേറെ പറയുന്നു... നമ്മളെ കടത്തിവെട്ടുന്നവരാണ് നമ്മുടെ മക്കൾ.) വെറും 25 വർഷത്തിനുള്ളിൽ ജീവിച്ചിരുന്ന രണ്ട് തലമുറകൾ തമ്മിൽ ഇത്രയേറെ വ്യത്യാസം പ്രകടമാണെങ്കിൽ, 500 വർഷത്തിന് ശേഷം ജീവിക്കാനിരിക്കുന്ന മനുഷ്യരുടെ സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.... മനുഷ്യബോധത്തിന്റെ (Human Consciousness) ഈ സാധ്യത ആത്മീയബോധത്തിന്റെ (Religious Consciousness) സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല കാൽപ്പനിക സിനിമകളിലും കാണാറുള്ളതുപോലെ, അന്യഗ്രഹ ജീവികൾക്ക് സമാനമായ ഗ്രഹണശേഷിയോ (Extrasensory Perception - ESP) ബൃഹത്തായ തലച്ചോറോ മനുഷ്യനിൽ വികാസം പ്രാപിക്കുകയാണെങ്കിൽ, മതത്തിലെ കീറാമുട്ടികളെന്ന് കരുതപ്പെടുന്ന അദ്വൈത പോലുള്ള സിദ്ധാന്തങ്ങൾ പുഷ്പം പോല മനസിലാക്കാൻ ഈ Higher Species-ന് ഒരുപക്ഷേ കഴിഞ്ഞേക്കും.... 500 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടികൾ നേഴ്സറി സ്ക്കൂളിൽ പഠിക്കുന്നത് ഒരുപക്ഷേ Quantum Mechanics-ഉം, Theory of Relativity-യും, Space and Time travel-ഉം ഒക്കെയായിരിക്കും....! അതിനാൽ, മതത്തിന്റെ സാധ്യത ശാസ്ത്രത്തിൽ നിന്ന് ഒട്ടും പിന്നിലല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യേശുവിനെയും നബിയെയും ശങ്കരാചാര്യരെയും കുറിച്ച് പറയുന്നതിനിടയിൽ യാദൃശ്ചികമായാണ് പരിണാമത്തിലേക്ക് കയറിയത്. നമുക്ക് തിരിച്ച് വരാം...! സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജന്മമെടുത്ത വേദങ്ങൾ അന്തർലീനമായി കിടന്ന "അദ്വൈതം" എന്ന ചിന്താശകലത്തിന് ഇന്ന് കാണുന്ന ക്രോഡീകൃതരൂപം നൽകിയത് ശങ്കരാചാര്യരാണ്. അതിന് മുമ്പും പിമ്പും മതത്തിന് (മനുഷ്യന്റെ ആത്മീയ ബോധത്തിന്) വികാസം സംഭവിച്ചിട്ടുണ്ട്. ബുദ്ധമതം തന്നെ വിവിധ രൂപത്തിലും ഭാവത്തിലും, ഒടുവിൽ സെൻ ബുദ്ധിസമായും വിവിധ രാജ്യങ്ങളിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം മതത്തിന്റെ ചലനാത്മകതയല്ലേ സൂചിപ്പിക്കുന്നത്? അതുപോലെ, ആത്മീയ ബോധത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിക്കുകയാണെങ്കിൽ, മനുഷ്യ ബോധത്തിന് പുത്തൻ വഴിത്തിരിവുകൾ സംഭാവന ചെയ്തുകൊണ്ട് ഒട്ടനവധി യോഗികൾ രംഗപ്രവേശനം ചെയ്തതും കാണാനാവും....! സത്യം മനസിലാക്കിയ അത്തരം യോഗികളുടെ പരമ്പര ഭൂമിയിൽ അന്യം നിന്നുപോയെന്ന് കരുതാനാവില്ല. യോഗികൾ ഇനിയും പിറന്നുകൂടായ്കയില്ല. മനുഷ്യബോധത്തെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുകൂടായ്കയില്ല. ഈ സാധ്യതകൾ എല്ലാം തന്നെ, ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതെന്ന് നാം കരുതുന്ന ചലനാത്മകത മതത്തിനും ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഒരുവശത്ത് ശാസ്ത്രം വികാസം പ്രാപിക്കുമ്പോൾ, മറ്റൊരു വശത്ത് മതവും വികാസം പ്രാപിക്കുന്നുവെന്നതാണ് യാഥാർത്ഥം. വ്യത്യാസമെന്താന്ന് വച്ചാൽ, ശാസ്ത്രത്തിന്റെ വികാസം കൊട്ടിഘോഷിക്കപ്പെടുന്നു, മതത്തിന്റെ പരിണാമം കൊട്ടിഘോഷിക്കപ്പെടുന്നില്ല. ശാസ്ത്രപണ്ഡിതന്മാരുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മതത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ മതത്തിന് നൽകാൻ കഴിയും, കാരണം മനുഷ്യന്റെ ആത്മീയ ബോധം വികാസം പ്രാപിക്കുകയാണ്... അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ..."

ഉപസംഹരിക്കും മുമ്പ്.... മതവും ശാസ്ത്രവും ഒരമ്മ പെറ്റ രണ്ട് മക്കളാണെന്നതിൽ സംശയമില്ല. അവർ തമ്മിലുള്ള കലഹവും സ്വരച്ചേർച്ചകളും സ്വാഭാവികം. അതിന്റെ അർത്ഥം ആരെങ്കിലും മറ്റവനെക്കാൾ ശ്രേഷ്ഠനെന്നോ നിസാരനെന്നോ അല്ല. Let them fulfil each other! അത്രേ എനിക്ക് പറയാനുള്ളൂ...!

Sunday, April 29, 2012

ഒരു സത്യാന്വേഷിയുടെ ആത്മഗതം!

ജീവിതത്തിൽ അത്യന്തം അഭിലഷണീയമായി ഒരേയൊരു കാര്യമേയുള്ളൂ..., സത്യം (Truth)! സത്യത്തിന് 'ധാർമ്മിക മാനദണ്ഡം' (moral standard) എന്നൊരു അർത്ഥം മാത്രമല്ല ഉള്ളത്. ആ അർത്ഥവുമല്ല ഞാനിവിടെ ഉദ്ദേശിക്കുക. സത്യമെന്നാൽ, അപരിമേയമായ ഒരു അവസ്ഥയാണത്, അനന്യമായ അനുഭവമാണത്, ദീപ്തമായ അറിവാണത്; ഒറ്റ വാക്കിൽ പറയാനാവാത്ത, ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായ, യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിൽ അന്തർലീനമായി കിടക്കുന്ന എന്തോ ഒന്ന്! അതിനെ 'ഈശ്വരൻ' എന്ന് വിളിച്ച്, ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ 'പ്രായോഗിക അബദ്ധത്തെ' (practical blunder) ഞാൻ പിന്നെയും ന്യായീകരിക്കുന്നില്ല. സത്യത്തെ ഈശ്വരനായി സങ്കൽപ്പിക്കുന്നതിൽ പ്രായോഗിക ലാഭം അനവധി ഉണ്ടായിരിക്കാം.... എന്നാൽ, സത്യത്തെ ഈശ്വരൻ എന്ന് വിളിക്കാതിരിക്കാനാണ് എനിക്കിഷ്ടം! കാരണം, സത്യത്തിന് 'ഈശ്വരൻ' എന്നൊരു 'മൂർത്തീഭാവം' നൽകി പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം അതിനും അതീതമാണ്; വേണമെങ്കിൽ, പുലബന്ധം പോലുമില്ലെന്ന് പറയാം. ഈ അർത്ഥത്തിൽ ഞാനൊരു നിരീശ്വരവാദി തന്നെ..., ഉന്മയുടെ മൂലകാരണം ശൂന്യതയാണെന്നും, പ്രപഞ്ചം സ്വയംഭൂവാണെന്നും, അതിന് വിരാചിതമാവാൻ ഈശ്വരന്റെ ആവശ്യമില്ലെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു പാവം ചിന്തകൻ!

ജീവിതത്തിന്റെ അർത്ഥം മുഴുവൻ തിരിച്ചറിവുകളിലാണ് അടങ്ങിയിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്, സത്യത്തെ കുറിച്ചുള്ള തിരിച്ചറിവുകളിൽ...! നാം ജനിക്കുന്നു... ഒരു പുരുഷായുസ്സ് മുഴുവൻ ജീവിക്കുന്നു.... എന്തിന് വേണ്ടി? തിരിച്ചറിവുകൾക്ക് വേണ്ടി...! ആ അറിവുകൾ മാത്രമാണ് സ്ഥായിയായത്, നിരന്തരമായത്, വിമോചനകരമായത്... മറ്റെല്ലാം അപ്രസക്തമാണെന്നോ, അനാവശ്യമാണെന്നോ ഇതിനർത്ഥമില്ല. സത്യത്തിന് പുറത്ത് ഒന്നുമില്ലാത്തതുകൊണ്ട്, ആവശ്യ-അനാവശ്യങ്ങളെ / പ്രസക്ത-അപ്രസക്തങ്ങളെ നിർണ്ണയിക്കുന്നത് ഒരു അസംബന്ധമാണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം, സത്യത്തിൽ നിന്നുള്ളതെല്ലാം സത്യമാണ്, പ്രസക്തവുമാണ്. അതിനാൽ, ഒന്നിനെയും നിഷേധിക്കാത്ത, ഒന്നിനോടും പുറംതിരിഞ്ഞ് നിൽക്കാത്ത, സ്വാഭാവികതകളെ ഇഷ്ടപ്പെടുന്ന തുറന്ന മനസാണ്, സ്വീകാര്യതയാണ് (receptivity) സത്യാന്വേഷണത്തിലെ ആദ്യ പടി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അത്ര എളുപ്പമല്ല! കാരണം, ജനിക്കുമ്പോൾ തന്നെ ഓരോ മനുഷ്യനും അവന്റെ ചുറ്റുപാടുകൾക്ക് വിധേയനാവുന്നു; conditioned ആവുന്നു. മതം, സംസ്ക്കാരം, വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ ഘടകങ്ങളും അവനെ സ്വാധീനിക്കുന്നു. സാവധാനം ഇത്തരം conditions അവന്റെ ചുറ്റും ഒരു പുറന്തോട് സൃഷ്ടിക്കുകയും, സത്യാന്വേഷണം അമ്പേ അസാധ്യമാക്കുകയും ചെയ്യുന്നു. ഈ പുറന്തോടിനെ പൊട്ടിച്ചെറിഞ്ഞ് സ്വയം സ്വതന്ത്രനാവുക എന്നത് നിസാര കാര്യമല്ല. ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾക്കായി ത്യജിക്കപ്പെടേണ്ടിയിരിക്കുന്നു; കൂർത്ത് മൂർത്ത കല്ലുകൾ മിനുസമുള്ളതാവേണ്ടിയിരിക്കുന്നു. പ്രസവവേദന പോലെ തീഷ്ണമായ ഈ പ്രക്രിയ കാലക്രമേണ ഒരാളെ സ്വയം-പരിത്യാഗത്തിന് (self-surrender) സജ്ജനാക്കുമ്പോൾ സത്യത്തിലേക്കുള്ള വാതിൽ താനേ തുറക്കുന്നു. എത്ര മനോഹരമായ കാഴ്ചയാണത്, ഇവയെല്ലാം ഭാവനയിൽ കാണുക എന്നത്!

മുമ്പ് സൂചിപ്പിച്ചത് പോലെ, സത്യത്തിലേക്കുള്ള യാത്ര സാഹസികവും ദുസഹവുമാണെങ്കിലും, ഒരു ഘട്ടം കഴിയുമ്പോൾ അതെത്ര ആനന്ദകരമാണെന്നും, അതിലെ ഓരോ വഴിത്തിരിവും എത്ര നിർവൃതിദായകമാണെന്നും ഒരു സത്യാന്വേഷിക്ക് മാത്രമേ മനസിലാവൂ...! സത്യത്തിലേക്കുള്ള ദൂരം കുറയുന്തോറും, ഓരോ കാൽവയ്പ്പും പിന്നെ ആവേശഭരിതമാവുന്നു, പ്രചോദനകരമാവുന്നു, താനുടൻ കണ്ടുമുട്ടാനിരിക്കുന്ന സത്യത്തിന്റെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നത് അനുഭവിക്കാൻ കഴിയുക... അതിന്റെ സാന്നിധ്യം അടുത്തെവിടെയോ ഉണ്ടെന്ന് ഗ്രഹിക്കാൻ കഴിയുക... സത്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കോ ഊഹാപോഹങ്ങൾക്കോ ഇടം നൽകാതെ (conditioned ആവാതെ) അനങ്ങാതെ അങ്ങനേ നിൽക്കുക... ചക്രവാളത്തിൽ നിന്നെത്തുന്ന ശബ്ദതരംഗങ്ങളിൽ സത്യത്തിന്റെ അംശമുണ്ടോ എന്ന് ചികഞ്ഞുനോക്കുക... പിന്നെ, ആ ദിശയിലേക്ക് മുന്നോട്ട് നീങ്ങുക. നീർത്തടാകത്തിലെ മരച്ചുവട്ടിൽ രാത്രി മുഴുവൻ കാത്തിരിക്കുന്ന കാമിനിയുടെ അടുത്തേക്കുള്ള യാത്ര പോലെ പ്രണയാതുരമാണ് ഇത്. പ്രണയിനിയുടെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചുള്ള, പ്രകോപനകരമായ ആ സാമീപ്യത്തെ കുറിച്ചുള്ള ചിന്തകളുടെ ഉന്മാദതയിൽ വഴിയോരക്കാഴ്ചകൾ ഒന്നും അയാൾ ഗൗനിക്കുന്നതേയില്ല. ഗൗനിച്ചാൽ തന്നെ അതയാളെ സ്പർശിക്കുന്നില്ല. അയാളുടെ മനസ് മുഴുവൻ കാമിനി മാത്രമാണ്. അവളോടുള്ള പ്രേമ പാരമ്യതയിൽ അയാൾ നിരന്തരം തപസ്സിരിക്കുന്നു... നീർച്ചാലുകൾ തേടുന്ന മാൻ‌പേട പോലെ ആവലോടെ അയാൾ മുന്നോട്ട് നീങ്ങുന്നു. മരുപ്പച്ച തേടിയുള്ള ദാഹാർദ്രനായ പഥിതന്റെ തീഷ്ണതയോടെ... എങ്കിലും അയാൾ ഓടുന്നില്ല. നടക്കുന്നു, വളരെ സാവധാനം...! കാരണം, അവളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്ന് അയാൾ കരുതുന്നില്ല; കടമ്പകൾ ഇനിയും ഉണ്ടായേക്കാം... പൂട്ടുകൾ പലതും ഇനിയും തുറക്കേണ്ടതുണ്ടാവാം... അതിനാൽ അയാൾ സ്വയം ശാന്തനാക്കുന്നു; ഗുരുവിന്റെ ഉൾവിളികൾ ശ്രദ്ധിക്കുന്നു.... അതനുസരിച്ച് അയാൾ നടക്കുന്നു, തയാറെടുക്കുന്നു, മണിയറയിലേക്ക് പ്രവേശിക്കാനിരിക്കുന്ന നവവധു അമ്മയുടെ മൗനം ശ്രവിക്കും പോലെ!!!! ഇന്നല്ലെങ്കിൽ നാളെ ഞാൻ നിന്നെ കണ്ടെത്തും. ചുംബനങ്ങൾ നൽകും, നിന്റെ മടിയിൽ തലവച്ചുറങ്ങും, നിന്നോടൊപ്പം യുഗാന്ത്യം വരെ ശയിക്കും. ആ പ്രാപഞ്ചിക മുഹൂർത്തത്തിലൂടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നിന്നിൽ നിപതിക്കും മുമ്പ് നീയറിയുക... സത്യമേ, ഞാൻ നിന്നെ പ്രണയിക്കുന്നു, കാമിക്കുന്നു... നിൻ തിരുദർശനത്തിനായ് ഈ തിരുനടയിൽ കാത്തിരിക്കുന്നു, ഒരു പൂങ്കുലയുമായ്!

Monday, April 2, 2012

എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)

കുറിപ്പ്: നമുക്കുണ്ടാവുന്ന അനുഭവങ്ങൾ എല്ലാം പുറത്ത് പറയരുതെന്നും, സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ/രഹസ്യങ്ങൾ പുറത്ത് പറയുമ്പോൾ മിതത്വം/വിവേകം പാലിക്കണമെന്നും എന്റെ പല സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. കാരണം, കേൾക്കുന്നവർ നമ്മേ ശരിയായി മനസിലാക്കണമെന്നില്ല, അംഗീകരിക്കണമെന്നില്ല. നല്ലതെന്ന് നാം കരുതുന്നവ ചിലപ്പോൾ ദോഷകരമായി ഭവിക്കാം, നാം പരിഹാസ്യരായി തീർന്നേക്കാം! ഏതായാലും, ആ ഭയം എനിക്കില്ല. കാരണം, എനിക്കുണ്ടായ ഒരനുഭവത്തെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമാണ് ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അതിനെ വായനക്കാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് തള്ളിക്കളയാം, നിർബാധം!

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അദ്വൈത ചിന്തകൾക്ക്, വേദ കാലഘട്ടത്തോളം! വേദങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്വൈത സത്യങ്ങളെ ക്രോഡീകരിച്ചതും, ചിട്ടയാർന്ന സംവിധാനമാക്കിയതും, അതിന്റെ ആദ്യ ബഹുജന പ്രചാരകനായതും ആദിശങ്കരനാണെന്നതിൽ സംശയമില്ല. അഹം ബ്രഹ്മാസ്മി (I am Brahman), തത്വമസി (That thou art), അയമാത്മ ബ്രഹ്മ (This Atman is Brahman) തുടങ്ങിയ അദ്വൈത ശ്ലോകങ്ങളുടെ പൊരുളും പെരുമയും ആദിശങ്കരന്റെ ജനനം കൊണ്ട് ധന്യമായ ഈ കേരളത്തിലെ ഓരോ മലയാളിക്കും സുപരിചിതമായതുകൊണ്ട് അദ്വൈത ചിന്തകളിലേക്ക് ഞാൻ കടക്കുന്നില്ല, ബോധപൂർവം! എങ്കിലും, അതിനെകുറിച്ചുള്ള എന്റെ ഒരേയൊരു വിലയിരുത്തൽ ഞാൻ പറയുകയാണ്. 2001-ൽ ആരംഭിച്ച എന്റെ തത്വശാസ്ത്ര പഠനത്തിനിടയിൽ ഒരിക്കൽ പോലും അദ്വൈത സിദ്ധാന്തത്തിലെ ഏതെങ്കിലുമൊരു കാര്യം സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതായി പറഞ്ഞ ഒരാളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല, അനന്തം സ്വാമിമാരുടെ അദ്വൈത ചിന്തകൾ കേട്ട് മടുത്തിട്ടുണ്ടെങ്കിലും! അദ്വൈതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിടവായി ഞാൻ കാണുന്നു, ഈ അനുഭവങ്ങളുടെ അഭാവം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ ഇടയിൽ തീർത്തും ബൗദ്ധിക/ആശയ തലത്തിൽ നിൽക്കുന്ന ഒന്നാണ് അദ്വൈത സിദ്ധാന്തം. അനുഭവത്തിന്റെ വെളിച്ചം അദ്വൈതചിന്തകളെ വിപ്ലവാത്മകമാക്കിയിട്ടില്ല എന്നതാണ് സത്യം! ഈ പശ്ചാത്തലത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ഒരു സ്വപ്നം പ്രാധാന്യമർഹിക്കുന്നത്, ഒന്നുമില്ലേലും വ്യക്തിപരമായ വീക്ഷണക്കോണിലൂടെ ചിന്തിക്കുമ്പോൾ...! അദ്വൈതം എന്താണെന്നും, "സർവ്വം ഒന്നാണ്" എന്ന് പറയുന്നതിന്റെ അനുഭവതലം എന്താണെന്നും വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം! വിസ്മയിപ്പിക്കുന്ന വെളിപാടായിരുന്നു അത്....! ഭാവിയിൽ വെറുതേയെങ്കിലും മറിച്ചുനോക്കാൻ ഞാനാ സ്വപ്നം ഇവിടെ അതേപടി പകർത്തുകയാണ്.

എന്റെ ഗുരുവും സുഹൃത്തുമായ ശ്രീ. കൃഷ്ണൻ കർത്തയുടെ പുളിയളക്കോണത്തുള്ള (തിരുവനന്തപുരം) സത്യസായി ആശ്രമം. ഇന്ന് കാണുന്ന ആശ്രമമല്ല സ്വപ്നത്തിലുള്ളത്. കുറച്ച് പഴക്കമുണ്ട്! ഓല മേഞ്ഞ്, വടക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ഭജനഹാൾ. ഞാൻ ഭജനഹാളിൽ ഒറ്റയ്ക്ക്! അവിടെങ്ങും ആരുമില്ല. സായംസന്ധ്യ... എങ്കിലും എങ്ങും പ്രകാശം നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് ആരുടെയോ അദൃശ്യമായ സാന്നിധ്യം ഭജനഹാളിൽ നിറയുന്നു..., അതിന്റെ ആധിക്യത്തിൽ എന്നിൽ ഭയം ജനിക്കുന്നു. ഭയം മൂലം ഞാൻ പെട്ടെന്ന് ഭജനഹാളിൽ നിന്ന് പുറത്തിറങ്ങുന്നു, പിന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഹാളിനുള്ളിൽ എന്റെ ബാഗ് വച്ച് മറന്ന കാര്യം ഞാൻ ഓർമ്മിക്കുന്നത്. ഞാൻ നിൽക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തിരിക്കുന്ന ബാഗിനെ അഴികൾക്കുള്ളിലൂടെ എനിക്ക് കാണാം. ഇനി എന്താ ചെയ്ക? ഭയം മൂലം അകത്ത് കേറാനും മടി. ഞാൻ ആലോചിക്കുന്നു... "ആ ബാഗ് എന്റെ കൈകളിലേക്ക് പറന്നുവന്നിരുന്നെങ്കിൽ?" മനസ് കൊണ്ട് ആശിച്ച് ഞാൻ വെറുതേ വലത് കൈ നീട്ടുന്നു. എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്, ഹാളിന് വെളിയിൽ നിൽക്കുന്ന എന്റെ കൈകളിലേക്ക് ബാഗ് പറന്നെത്തുന്നു. ഞാൻ സംഭ്രമിക്കുന്നു, സ്തംഭിച്ചുപോകുന്നു. ഇതെന്ത് മറിമായം? ഞാനെന്റെ കൈയെ തിരിച്ചും മറിച്ചും നോക്കുന്നു. ഇത് സ്വപ്നമല്ല. എനിക്കേതോ അത്ഭുതശക്തി കൈവന്നിരിക്കുന്നു. എന്നിൽ ആവേശം അലതല്ലുന്നു. സന്തോഷം കൊണ്ട് ഞാൻ നട്ടം കറങ്ങുന്നു. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല ഇപ്പൊ വെടിക്കും! ആദ്യം കൃഷ്ണേട്ടനോട് തന്നെ പറയാം. "കൃഷ്ണേട്ടാ..." ഉറക്കെ വിളിച്ച് ഞാനാ ആശ്രമത്തിലെങ്ങും ഓടി നടക്കുന്നു.

ഭജനഹാളിനടുത്തുള്ള റോഡിലൂടെ താഴേക്ക് ഇറങ്ങിവരികയാണ് കൃഷ്ണേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. "അതേ... ഇവിടെയൊരു അത്ഭുതം നടന്നു..." ഞാൻ ദൂരെ നിന്നേ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഓടിയെത്തിയ ഞാൻ അത്ഭുതസിദ്ധിയെ കുറിച്ച് പറയാൻ ഞാൻ നാവെടുക്കുന്നു. പക്ഷേ, കൂടെ ഉള്ള ആളുകളുമായി സംസാരിക്കുന്ന തിരിക്കിലാണ് അദ്ദേഹം. അതിൽ ഒരാൾ പൊലീസുകാരനാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നു. ഞാൻ അക്ഷമനായി കാത്തുനിൽക്കുന്നു. ഒടുവിൽ, തിരക്കൊഴിയുമ്പോൾ "എന്തത്ഭുതമാ നടന്നേ" എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാനും കൃഷ്ണേട്ടനും ആശ്രമത്തിന് താഴേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, സ്വൽപ്പം മുമ്പ് ഭജനഹാളിൽ നടന്ന സംഭവം ഞാൻ വിവരിക്കുന്നു. വിവരിച്ച് വിവരിച്ച് മെയ്‌മറന്ന് ഞാൻ നടക്കുകയാണ്. ഞാൻ കൃഷ്ണേട്ടനെ ശ്രദ്ധിക്കുന്നില്ല. കുറേ ദൂരം ചെന്ന് കഴിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നു. കൃഷ്ണേട്ടനെ കാണാനില്ല. ഞാൻ ചുറ്റും നോക്കുന്നു. അപ്പോൾ ഞാൻ കാണുന്നു, ധൂളി പോലെ സ്വയം വായുവിൽ അലിഞ്ഞില്ലാതായ അദ്ദേഹത്തിന്റെ ശരീരത്തെ! "കൃഷ്ണേട്ടാ..." ഞാൻ ഉറക്കെ വിളിക്കുന്നു. അപ്പോൾ ഒരു അശരീരി. "കൃഷ്ണൻ എന്നൊരാൾ നിലനിൽക്കുന്നില്ല." "ഞാനിത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് കൃഷ്ണേട്ടനോടാണല്ലോ," എന്ന് ഞാൻ. "നീ ഇത്രയും നേരം, ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്നത് നിന്നോട് തന്നെയായിരുന്നു" - എന്ന് അശരീരി. "എന്നോട് തന്നെയോ?" ഞാൻ സ്വയം ചോദിക്കുന്നു. ആ ചിന്തകൾക്കിടയിൽ, എന്റെ ചുറ്റുമുള്ള ലോകത്തിന് സാവധാനം പരിണാമം സംഭവിക്കുന്നു, വസ്തുക്കളെല്ലാം കാഴ്ചയിൽ ജല്ലിയായി (jelly) രൂപാന്തരം പ്രാപിക്കുന്നു, എന്റെ ശരീരം ഉൾപ്പെടെ!

എവിടെ നോക്കിയാലും ജല്ലിയായി, തിളങ്ങുന്ന ഒരു വസ്തു മാത്രം! കെട്ടിടങ്ങളുടെയും സാധനങ്ങളുടെയും ആകൃതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവ ഉണ്ടാക്കപ്പെട്ടിരുന്ന വസ്തുവിനാണ് മാറ്റം. സർവ്വം ജല്ലി മയം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു. അതും ജല്ലി തന്നെ. ഞാൻ താഴേക്ക് നോക്കുന്നു. ജല്ലിയായി മാറിയ എന്റെ പാദങ്ങൾ. അവ ഭൂമിയിലേക്ക് (ജല്ലിയിലേക്ക്) മുട്ടോളം ഇറങ്ങി നിൽക്കുന്നു, ചെളിയിൽ പുതഞ്ഞ പോലെ! ഞാൻ നടക്കാൻ ശ്രമിക്കുന്നു, വേച്ച് വേച്ച്! ഭൂമിയും ശരീരവും ഒന്നായി മാറിയതിനാൽ എനിക്ക് നടക്കാൻ കഴിയുന്നില്ല. സംഭ്രമത്തോടെ ഞാൻ ചുറ്റും നോക്കുന്നു. ഞാനല്ലാതെ മറ്റാരും തന്നെയില്ല. ഈ മഹാപ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരും നിലനിൽക്കാത്തതുപോലെ! എല്ലായിടത്തും ഞാൻ! എന്റെ പ്രതിബിംബം! ഞാനെന്ന ബോധം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു... എന്റെ കാലുകളിലൂടെ, എന്റെ തന്നെ ഭാഗമായി (extension) വിരാചിതമായി നിൽക്കുന്ന ഒരു ജല്ലി ഉലകം. എന്റെ കാലുകളെ feel ചെയ്യാവുന്നതുപോലെ ഈ പ്രപഞ്ചത്തെയും എനിക്ക് feel ചെയ്യാൻ കഴിയുന്നു..., എന്റെ തന്നെ ശ്വാസാച്ഛാസം പോലെ! എന്റെ ബോധം (consciousness) ഈ പ്രപഞ്ചവസ്തുക്കളിലൂടെ അനന്തതയിലേക്ക് നീണ്ടുകിടക്കുന്നതുപോലെ! എന്റെ ചുറ്റുമുള്ള വസ്തുക്കളെ ഞാൻ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ feel ചെയ്യാൻ കഴിയുന്നു, എന്റെ കൈകളിലേക്ക് നോക്കുമ്പോൾ ആ കൈകളെ എനിക്ക് feel ചെയ്യാനാവുന്നതുപോലെ! ഈ അനന്തതയുടെ അനന്തസാധ്യതയിൽ എന്റെയുള്ളിൽ എവിടെനിന്നോ ആനന്ദം വന്ന് നിറയുന്നു. ഞാനെന്ന ബോധം എന്നെ നിർവൃതിയിൽ ലയിപ്പിക്കുന്നു. എങ്കിലും, പെട്ടെന്ന് ഞാൻ നിരാശനാവുന്നു. എല്ലാമുണ്ടായിട്ടും ഈ ലോകത്തിൻ ഞാൻ ഏകനാണെന്ന തോന്നൽ. കുശലം പറയാനോ, തമാശ പറയാനോ ആരുമില്ലെന്ന ദുഃഖം. പെട്ടെന്ന് ഞാനാ ദുഃഖത്തിൽ നിന്ന് കരകയറുന്നു; ഇനിയെന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുന്നു. എനിക്ക് വേണ്ടി ഒരു ലോകം സൃഷ്ടിച്ചാലോ? അവിടത്തെ ലീലകളിൽ ആനന്ദനിർവൃതിയടഞ്ഞാലോ? പെട്ടെന്ന് എന്റെ ചുറ്റുമുള്ള ജല്ലി ഉലകത്തിന് പരിണാമം സംഭവിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് (as we see it now) ഞാൻ പ്രവേശിക്കുന്നു... ചെടികളും മരങ്ങളും ആകാശവും പറവകളുമെല്ലാം നാം കാണുന്നപോലെതന്നെ നിലനിൽക്കുന്ന ഒരു ലോകം. അവിടെ ഞാൻ യഥേഷ്ടം പറന്നുനടക്കുന്നു. ഞാനും ആ വസ്തുകളും രണ്ടാണെന്ന വ്യാജ പ്രതീതി ഞാൻ സ്വയം ജനിപ്പിക്കുന്നു. അതിലൂടെ ലഭിക്കുന്ന സ്വകാര്യതയിൽ ആനന്ദം കൊള്ളുന്നു. എനിക്കെന്ത് വേണമെങ്കിലും ഇപ്പോൾ കാട്ടിക്കൂട്ടാം! ഏത് കുസൃതിയാണ് ചെയ്യുക? ലാവണ്യയുടെ* വീട്ടിലേക്ക് പോയാലോ? അവളിപ്പോൾ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാലോ? എന്നാപ്പിന്നെ പോയ്ക്കളയാം. രണ്ടാലോചന ഇല്ല. ഞാൻ പറക്കുന്നു. നിനച്ച് തീരും മുമ്പ് അവളുടെ വീട്ടിലെത്തിക്കഴിഞ്ഞു. ഞാനകത്തേക്ക് ഒളിഞ്ഞ് നോക്കുന്നു. ഇത് ഞാനുദ്ദേശിച്ച ലാവണ്യയല്ല. വേറെയേതോ ലാവണ്യയാ...! ഇനി, പേരും അഡ്രസും കൃത്യമായി പറഞ്ഞാലേ കൊണ്ടാക്കൂ എന്നുണ്ടോ? സംശയം! അങ്ങനെയാണെങ്കീ അങ്ങനെ തന്നെ!!! (ഈ ഘട്ടത്തിൽ ഞാൻ ഉണരുകയാണ്.)

ഉണർന്നപ്പോൾ ഞാൻ തീർത്തും excited ആയിരുന്നു. ഉള്ളിൽ ആവേശം തിരതല്ലുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് ഉറക്കം വന്നില്ല. സ്വപ്നത്തെ കുറിച്ച് കൃഷ്ണേട്ടനോട് പറഞ്ഞേ തീരൂ. സ്വപ്നം മറന്നുപോകാതിരിക്കാൻ ഞാൻ പേപ്പറിൽ എഴുതിവച്ചു. വൈകിട്ട് ഫോൺ ചെയ്തപ്പോൾ സ്വപ്നം വിവരിച്ചു. അദ്ദേഹം ഒരു വാക്കുപോലും പറയാതെ സശ്രദ്ധം കേട്ടു. ഇത്തരം experiences of divine oneness സ്വാഭാവികമാണെന്നും, ഒരു മുന്നാസ്വാദനമെന്ന/തുടക്കമെന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. A point of no return എന്നൊരു അവസ്ഥ ഇത്തരം അനുഭവത്തിന്റെ പരമകോടിയിൽ ഉണ്ടെന്നും, അവിടെയെത്തിക്കഴിഞ്ഞാൽ ശിഷ്ടകാലമത്രയും ഈ ഏകത്വ അനുഭവത്തിൽ നിരന്തരം ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടത് അപക്വതയുടെ ലക്ഷണമാണെന്നും, അതിൽ വ്യസനിക്കേണ്ടതില്ലന്നും, ഇതെല്ലാം വളർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം. സ്വപ്നത്തിന്റെ ഉള്ളടക്കവും കൃഷ്ണേട്ടന്റെ വ്യാഖ്യാനവും ഒരുപക്ഷേ പലർക്കും ഭ്രാന്തമായി തോന്നാം... ഈ ആധുനിക ലോകത്തിൽ ഇതെല്ലാം ആര് വിശ്വസിക്കാൻ, ല്ലേ? ഡിഗ്രികളും ഡോക്ടറേറ്റുകളും പോക്കറ്റിൽ വച്ച് നടക്കുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും എല്ലാം തികഞ്ഞ ശാസ്ത്രജ്ഞന്മാരുമാണെല്ലോ നാമെല്ലാം....! നമുക്കൊന്നും ഇത്തരം ഭ്രാന്തൻ അനുഭവങ്ങൾ ദഹിക്കില്ല. എന്നാലും ഒരു കാര്യം മാത്രം പകൽ പോലെ സത്യം! ഞാനൊരു സ്വപ്നം കണ്ടു, അതിൽ ഞാൻ പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള അദ്വൈതം എന്തെന്ന് അനുഭവിച്ചു! വർണ്ണപ്രകാശത്തിൽ തിളങ്ങുന്ന ജല്ലി  പോലെ മനോഹരമായിരുന്നു അത്, ആ അനുഭവം!

* ലാവണ്യയുടെ - എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടി. ;)

Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

Tuesday, July 5, 2011

മദയാനയ്ക്ക് മുന്നിലെ അദ്വൈതം

യാദൃശ്ചികമായി ചില പ്രമുഖ ബ്ലോഗുകളില്‍ കണ്ട പോസ്റ്റുകള്‍…! അവയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു എന്നറിയാം. ആ നിലയ്ക്ക്, ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ആലോചിച്ചു. ഒടുവിൽ, സത്യം മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.

അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? എനിക്കറിയില്ല. എങ്കിലും, വാസ്തവം ഇതാണ്... ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ പരപ്പും ആഴവും മനസിലാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിന്തിക്കുന്തോറും ആ‍ശയക്കുഴപ്പങ്ങളും, പുത്തൻ ആങ്കിളുകളും സമ്മാനിക്കുന്ന അദ്വൈതത്തെ കുറിച്ച് ശരിയായി വിശദീകരിക്കാൻ ശങ്കരാചാര്യർ തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുപോകാറുണ്ട്. ഒരു സിദ്ധാന്തം എന്നതിൽ ഉപരി,  അദ്വൈതം എന്നത് ഒരു അനുഭവമാണ്, ജന്മാന്തരങ്ങളിലൂടെയുള്ള കഠിന തപസിലൂടെ യോഗികൾ മാത്രം ആർജിച്ചെടുക്കുന്ന സാക്ഷാത്ക്കാരം! അതുകൊണ്ടുതന്നെ, സൈദ്ധാന്തികമായി അദ്വൈതത്തെ വ്യാഖ്യാനിച്ച് തൃപ്തിപ്പെടേണ്ട ഒരു ദുർഗതിയാണ് സാധാരണക്കാരായ നമ്മുടെ മുന്നിലുള്ളത്. പക്ഷേ, സൈദ്ധാന്തികമായ വ്യാഖ്യാനങ്ങൾ പോലും പലപ്പോഴും അസാധ്യമാവുന്നു. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്!

അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന പ്രസ്താവനയിലേക്ക് വീണ്ടും വരാം! അദ്വൈതത്തെ കുറിച്ച് മാത്രമല്ല, ദൈവം, ആത്മാവ്, തിന്മ, സ്വർഗനരകങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ മതസംബന്ധിയായ വിഷയങ്ങളെ കുറിച്ച് അപഗ്രഥിക്കാനും മനുഷ്യ തലച്ചോറിന് വികാസം പോരാ! ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായി നിലകൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളെ ഒരുപക്ഷേ അഞ്ഞൂറ് വർഷത്തിന് ശേഷമുള്ള മനുഷ്യൻ നിഷ്പ്രയാസം മനസിലാക്കുമായിരിക്കും! അതുവരെ, കണ്ണുമടച്ച് വിശ്വസിക്കുക എന്ന ഒറ്റ പോം‌വഴി മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ... നമ്മുടെയൊക്കെ ഓരോ ഗതികേടേയ്!!!!! എന്നും പറഞ്ഞ് മിണ്ടാതിരിക്കുന്നതും ശരിയല്ല.

ആദിശങ്കരന്റെ ചിന്തകളിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു അംശമാണ് മായ (Maya). “illusion” (മിഥ്യാബോധം, തോന്നല്‍) എന്നാണ് മായയെ പൊതുവേ വ്യാഖ്യാനിച്ച് കാണുന്നത്. എന്നാൽ അത്തരമൊരു വ്യാഖ്യാനത്തോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം, ഉപനിഷത്തുക്കൾക്ക് ഭാഷ്യം രചിക്കുകയും, ഭാരത തത്വചിന്തയ്ക്ക് തനതായ രൂ‍പവും ഭാവവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “സർവ്വം മായ” (സകലവും വെറും തോന്നൽ എന്ന അർത്ഥത്തിൽ) എന്ന നിലപാട് സ്ഥീകരിക്കുമോ? സർവ്വം മിഥ്യ എന്ന് പ്രഖ്യാപിച്ച ശങ്കരാചാര്യർ എന്തുകൊണ്ടാവാം മദയാനയെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? തെറ്റുപറ്റിയത് ആദിശങ്കരനോ, അതോ നമുക്കോ? ആദിശങ്കരന് പിഴയ്ക്കാൻ വഴിയില്ല. പിന്നെ പിഴച്ചത് നമുക്കാണെന്നാണോ? ഉവ്വ! ശങ്കരാചാര്യരെ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയതാണ് നാം ചെയ്ത തെറ്റ്! “നേതി നേതി”, “അഹം ബ്രഹ്മാസ്മി”, “മായ” തുടങ്ങിയ അതിസൂഷ്മ അദ്വൈത സിദ്ധാന്തങ്ങൾ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കാൻ പാടില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങള്‍ മുൻ‌കൂട്ടി കണ്ടതിനാലാവണം ശിഷ്യൻ നേരിട്ട് ഗുരുവിൽ നിന്നുതന്നെ അദ്വൈതം പഠിക്കണമെന്ന് ആദിശങ്കരന്‍ നിഷ്ക്കർഷിച്ചത്.

ഇനിയൽ‌പ്പം അദ്വൈതം

അദ്വൈതത്തിലെ ഒരോ ചിന്തയും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സസൂഷ്മം വേണം ഗൌനിക്കാൻ! നമുക്ക് ബ്രഹ്മനിൽ നിന്ന് തുടങ്ങാം.

ആരാണ് ഈ ബ്രഹ്മൻ? ബ്രഹ്മനെ ഈശ്വരനായി (ദൈവമായി) താരത്മ്യം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മതങ്ങളിൽ ഉള്ളതുപോലെ, വ്യക്തിരൂപം ധരിച്ച ഒരു ഈശ്വരനായി ആദിശങ്കരൻ ബ്രഹ്മനെ കാണുന്നില്ല. സര്‍വവ്യാപി, സര്‍വജ്ഞാനി, കാരണഭൂതൻ, പൂർണ്ണത, പരമാനന്ദം തുടങ്ങിയ വിശേഷ ലക്ഷണങ്ങൾ ബ്രഹ്മന് നൽകാമെങ്കിലും, അടിസ്ഥാനപരമായി ശങ്കരാചാര്യരുടെ ഭാഷ്യത്തിൽ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍‌മ” (Being, that which exists) മാത്രമാണ്. എന്താണ് ഈ ഉന്‍‌മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍‌മ. “നിലനിൽക്കുക“ എന്നാൽ ഭൌതീകമായ രൂപം ഉണ്ടായിരിക്കുക എന്ന് മാത്രമല്ല അർത്ഥം! രൂപഭാവങ്ങൾ ഇല്ലാത്ത ചിന്തകൾ ഉന്മയാണ്. കാൽ‌പ്പനികത ഉന്മയാണ്. യൂ‍ണിക്കോൺ ഉന്‍‌മയാണ്. ശൂന്യത (Nothingness) പോലും ഉന്‍‌മയാണ്. അങ്ങനെ, ഉന്‍‌മയുടെ പട്ടികയില്‍ വരാത്ത ഒന്നും ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ ഉന്മയായത് എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മൻ ആണ്. “Everything Is Brahman.” (ആശയം പിടികിട്ടിയില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു ചോക്ലേറ്റ് കൊട്ടാരത്തിൽ പ്രവേശിക്കുന്നുവെന്ന് കരുതുക. അവിടെ കാണുന്നതെല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണ്. തൂണും ചുവരും, കിരീടവും ചെങ്കോലും, സിംഹാസനങ്ങളും, പ്രതിമകളും, വിളക്കുകളും, പരവതാനികളും, ഛായാചിത്രങ്ങളും എല്ലാം. ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണെങ്കിലും, വിളക്കിനെ “വിളക്ക്“ എന്നേ നിങ്ങൾ വിളിക്കൂ... വാളിനെ “വാൾ“ എന്നേ വിളിക്കൂ... പക്ഷേ, അത് യഥാർത്ഥത്തിൽ വാൾ ആണോ എന്ന് ചോദിച്ചാൽ അല്ല. വാൾ അല്ലേ എന്ന് ചോദിച്ചാൽ ആണ്! ശരിയായ ഉത്തരം ഇതാണ്: വാളിന്റെ രൂപത്തിൽ കാണപ്പെടുന്ന ചോക്ലേറ്റ്! ഈ വിധത്തിൽ വേണം ബ്രഹ്മനെയും ചരാചരങ്ങളെയും കാണാൻ. പ്രപഞ്ച വസ്തുക്കൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാണപ്പെടുന്നു. പക്ഷേ, ആത്യന്തികമായി അവയെല്ലാം ബ്രഹ്മൻ സ്വയം ഉരുവായതാണ്. ഉന്മ മാത്രമായ ബ്രഹ്മൻ സകല ഗുണങ്ങളെയും സ്വീകരിച്ച് പ്രപഞ്ചമായി വിരാചിതമാവുന്നു.) ഈ അര്‍ത്ഥത്തിലാണ് “അഹം ബ്രഹ്മാസ്മി”യെയും മനസിലാക്കേണ്ടത്.

ബ്രഹ്മൻ എല്ലാമാണെന്നും, സഗുണനാണെന്നും പറഞ്ഞല്ലോ! അതിന് ഘടകവിരുദ്ധമായി, ബ്രഹ്മൻ നിർഗുണൻ കൂടിയാണ്. അതായത്, സകല ഗുണങ്ങളോടും കൂടി ബ്രഹ്മൻ വിരാചിതമായാലും, ആ ഗുണങ്ങൾക്കെല്ലാം അതീതനാണെന്ന്‌ ബ്രഹ്മൻ. ഉദാഹരണത്തിന്, ബ്രഹ്മൻ ആനയായി കാണപ്പെടുന്നുവെന്ന് കരുതുക. എന്നും പറഞ്ഞ്, ആനയെ ബ്രഹ്മൻ എന്ന് വിളിക്കാൻ പറ്റില്ല. കാരണം, “ആന“ എന്ന പരിമിതിക്കുള്ളിൽ ഒതുങ്ങാത്ത യാഥാർത്ഥ്യമാണ് ബ്രഹ്മൻ. മരം ബ്രഹ്മനാണ്. പക്ഷേ ബ്രഹ്മൻ മരമാണോ? അല്ല. ഈ സന്ദർഭത്തിലാണ് ചരാചരങ്ങളെ നോക്കി “നേതി നേതി” എന്ന് ശങ്കരാചാര്യർ വിളിച്ചത്. ഒരേ സമയം ബ്രഹ്മനും ബ്രഹ്മനല്ലാതായിരിക്കുകയും ചെയ്യുന്ന പ്രപഞ്ചം! ഒരേ സമയം എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും ചെയ്യുന്ന ബ്രഹ്മൻ! ഇതാണ് വൈരുദ്ധ്യം! നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള ബ്രഹ്മന്റെ ഈ വികാസത്തെ, അതായത് മൈക്രോകോസത്തിൽ (microcosm) നിന്ന് മാക്രോകോസത്തിലേക്കുള്ള (macrocosm) ബ്രഹ്മന്റെ ഈ ഉരുത്തിരിയലിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ വിളിക്കാം.

ഒരിക്കൽ കൂടി “നേതി നേതി”-യിലേക്ക് മടങ്ങിപ്പോകാം. നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുന്നു: നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? “എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണ്“ എന്ന് നിങ്ങള്‍ പറഞ്ഞാൽ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം. പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, പക്ഷേ പൂർണ്ണമായി ശരിയല്ല. കാരണം, ഉന്‍‌മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. ചുരുക്കിപ്പറഞ്ഞാൽ, “ബ്രഹ്മൻ കാണപ്പെടുന്നു, ബ്രഹ്മനല്ലത്ത മറ്റെന്തോ ആയി.” ഈ “കാണപ്പെടൽ“ ആണ് സത്യത്തിൽ “മായ”. ഇവിടെ കാണപ്പെടുന്ന വസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കപ്പെടുന്നില്ല. പേന നിലനിൽക്കുന്നുണ്ട്. മദയാനയ്ക്കും നിലനിൽ‌പ്പുണ്ട്. അതിനാൽ, മദയാന വിരട്ടിയാൽ ഓടണം, ശങ്കരാചാര്യർ ചെയ്തതുപോലെ!

പേനയും ആനയും മരവുമെല്ലാം ബ്രഹ്മനിൽ നിന്ന് വ്യത്യസ്തങ്ങളായി നമുക്ക് തോന്നാനുള്ള പ്രധാന കാരണമായി പറയുന്നത് അജ്ഞതയാണ്. പഞ്ചേന്ദ്രിയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബുദ്ധി താൻ ബ്രഹ്മനിൽ നിന്ന് വ്യത്യസ്തമായ, ശരീരവും ഇന്ദ്രിയങ്ങളും ഉള്ള ജീവാത്മാവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സത്യം കാഴ്ചയിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് സത്യം മനസിലാക്കാനുള്ള (ബോധോധയത്തിനുള്ള) ഒരേയൊരു പോംവഴി. ബുദ്ധിയും മനസും പരിപൂർണ്ണമായി കീഴടങ്ങുന്ന (surrender) സത്യാന്വേഷണ പരകോടിയിൽ ജ്ഞാനം ആത്മാവിൽ നിറയുകയും ഉന്മ വ്യക്തമാവുകയും ചെയ്യുന്നു. (ഇതിനുള്ള ദൃഷ്ടാന്തങ്ങൾ സെന്‍ കഥകള്‍ വായിച്ചാല്‍ മനസിലാക്കാം.)

അധികം കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. അതുകൊണ്ട് ഇവിടെ നിർത്തുന്നു. വിഷയത്തിൽ നിന്ന് വഴുതി മാറി കാടുകയറാതിരിക്കാൻ ചില ആശയങ്ങൾ (ഉദാ: microcosm and macrocosm) ഞാൻ വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. അവയെ കുറിച്ച് മറ്റേതെങ്കിലും ഒരവസരത്തിൽ കൂടുതൽ എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു.