Wednesday, October 23, 2013

വസ്തുതയ്ക്ക് നിരക്കാത്ത വാദങ്ങൾ...


എല്ലാവർക്കും പരിചയമുള്ള യുക്തിവാദിയുടെയും ദൈവവിശ്വാസിയുടെയും ഒരു കഥയിൽ നിന്നാവട്ടെ തുടക്കം. കഥ ഇങ്ങനെയാണ്:

ഒരു ഗ്രാമത്തിൽ ഒരു യുക്തിവാദിയും ഈശ്വരവിശ്വാസിയും ഉണ്ടായിരുന്നു. ഈശ്വരവിശ്വാസത്തെ നഖശിഖാന്തം എതിർത്തുവന്ന യുക്തിവാദി ഒരു ദിവസം “ഈശ്വരൻ ഉണ്ടെന്ന് തെളിയിക്കാൻ“ ഈശ്വരവാദി വെല്ലുവിളിച്ചു. സംവാദത്തിന്റെ വേദി തയ്യാറായി. ജനങ്ങള്‍ വാദം കേൾക്കാൻ സമ്മേളിച്ചു. യുക്തിവാദി കൃത്യസമയത്ത് തന്നെ എത്തി. എന്നാൽ ഈശ്വരവാദി മാത്രം എത്തിയില്ല.

സമയം വൈകിക്കൊണ്ടിരുന്നു. അക്ഷമരായ ജനവും യുക്തിവാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ച് ഈശ്വരവാദി വേദിയിലെത്തി. ക്ഷമാപണങ്ങളോടെ അയാൾ മൈക്കിന് മുന്നിലെത്തി.

“പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ്! മഴ കാരണമാണ് എത്താൻ വൈകിയത്. നമ്മുടെ ഗ്രാമത്തിലെ പുഴ കര കവിഞ്ഞൊഴുകുന്ന കാര്യവും, അതിന് കുറുകെ ഉണ്ടായിരുന്ന തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യവും നിങ്ങള്‍ക്ക് അറിയാമല്ലോ? കോരിച്ചൊരിയുന്ന മഴയിൽ പുഴക്കടവിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു അത്ഭുതം സംഭവിച്ചു. പുഴക്കരയിൽ നിന്ന വലിയ ഒരു മരം കട പുഴകി പുഴയിലേക്ക് വീണു. ഉടൻ തന്നെ അതിന്റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേർപെടുകയും, മരത്തടി സ്വയം പിളര്‍ന്ന് പലകകളായി രൂപം പ്രാപിക്കുകയും ചെയ്തു. ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും, പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു വള്ളമായി മാറുകയും ചെയ്തു. ആ വള്ളത്തിൽ കയറി പുഴ കടന്നാണ് ഞാന്‍ ഇവിടെ എത്തിയത്. വൈകിയതിന് ഒരിക്കൽ കൂടി മാപ്പ്.

ഈശ്വരവാദിയുടെ പ്രസംഗം കേട്ട് യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു. .ചിരിയടക്കാന്‍ പാട് പെട്ട് യുക്തിവാദി വിളിച്ചു പറഞ്ഞു: " ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു വള്ളമായി മാറുമോ?“

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ഈശ്വരവാദി വീണ്ടും സംസാരിക്കാന്‍ തുടങ്ങി: "ഒരു വള്ളം സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ? പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി! യുക്തിവാദിയും!!

***************************

ദൈവത്തിന്റെ അസ്ഥിത്വത്തിന്റെ സ്ഥാപിക്കാൻ നൂറ്റാണ്ടുകളായി ഈശ്വരവിശ്വാസികൾ പറഞ്ഞുവരുന്ന ഒരു കഥയാണ് ഇത്. ഒന്നും സ്വയംഭൂവായി ഉണ്ടാവുന്നില്ലെന്നും, സൃഷ്ടി നടക്കുന്നതിന് ഒരു സൃഷ്ടാവ് ആവശ്യമാണെന്നും, അതുകൊണ്ടുതന്നെ ദൈവത്തിന്റെ അസ്ഥിത്വം തെളിവ് ആവശ്യമില്ലാത്ത പ്രകൃതി സത്യമാണെന്നുമൊക്കെയാണ് ഈ കഥയിലൂടെ അവർ പറയാൻ ശ്രമിക്കുന്നത്. ഒറ്റ നോട്ടത്തിൽ, കഥയ്ക്കുള്ളിൽ മറുചോദ്യമില്ലെന്ന് തോന്നുമെങ്കിലും, “ഈശ്വരൻ എല്ലാറ്റിനെയും സൃഷ്ടിച്ചു” എന്ന ആശയം പുനർവിചിന്തനം ചെയ്യപ്പെടേണ്ട ഒന്നുതന്നെ. ബാഹ്യമായ ഒരു ശക്തിയുടെ പ്രചോദനം ഇല്ലാതെ പ്രകൃതിയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന തെറ്റിദ്ധാരണയാണ് നാം ആദ്യം മാറ്റിയെടുക്കേണ്ടത്. ഒരു കല്ലിന് ബാഹ്യശക്തികളുടെ പിൻബലമില്ലാതെ സ്വയം മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങാൻ സാധിക്കില്ല -- അത് വാസ്തവം. എന്നാൽ, പ്രകൃതി മുഴുവൻ ഈ കല്ലിനെ പോലെ സ്വയം അനങ്ങാൻ പറ്റാത്ത പരിതാപകര അവസ്ഥയിലാണെന്ന് [determinism] അർത്ഥമില്ല. പ്രത്യക്ഷത്തിൽ നമുക്കങ്ങനെ തോന്നുന്നെന്നേയുള്ളൂ. പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നുന്ന പുഴയുടെ മേൽ‌പ്പരപ്പിന് തൊട്ടുതാഴെ ശക്തമായ കുത്തൊഴുക്കുണ്ടെന്ന് പറയുന്നതുപോലെയാണ് പ്രകൃതിയുടെ കാര്യം. മേൽ‌പ്പരപ്പിൽ പ്രകൃതി കാണിക്കുന്ന സ്വഭാവമായിരിക്കണമെന്നില്ല ഉള്ളറകളിൽ. പ്രകൃതിയുടെ പ്രകടമായ പല സ്വഭാവങ്ങളും മായികമായിരിക്കാം. ഉദാഹരണമായി, കൃത്യമായ രൂപവും ഭാവവും മണവും രുചിയുമുള്ള ഏതെങ്കിലുമൊരു വസ്തുവിന്റെ കണികാ ലോകത്തിലേക്ക് നാം പ്രവേശിക്കുകയാണെങ്കിൽ അവിടെ സ്ഥായിയാണെന്ന് നാം കരുതുന്ന രൂപവും ഭാവവും മണവും രുചിയും ഒന്നും തന്നെയില്ല. അവിടെ എല്ലാം fluid പോലെ അനിശ്ചിതമായ അവസ്ഥയിലാണ്. ഈ അനിശ്ചിതത്തത്തിൽ നിന്ന് എങ്ങനെ നിയതമായ ഒരു വസ്തു ഉണ്ടായി? ഈ വസ്തു എന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സാധനം സത്യത്തിൽ ആ വസ്തു തന്നെയാണോ? അതോ വെറും തോന്നലോ? മായികമായ ഒരു തോന്നൽ മാത്രമാണെങ്കിൽ, അത്തരമൊരു തോന്നൽ സൃഷ്ടിക്കാൻ പ്രകൃതിയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്തിന്? ചുരുക്കത്തിൽ, പ്രകടമായതെല്ലാം സത്യമാവണമെന്നില്ല. യാഥാർത്ഥ്യത്തെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളിൽ പോലും ഇത്രമാത്രം അനിശ്ചിതത്വം നിലനിൽക്കുമ്പോൾ, സൃഷ്ടി നടക്കാൻ സൃഷ്ടാവിന്റെ ആവശ്യമുണ്ടെന്ന് വാദിക്കുന്നത് ബാലിശമായി എനിക്ക് തോന്നുന്നു.

ഏറെ നാളത്തെ വിചിന്തനങ്ങളുടെയും, ഗുരു പറഞ്ഞുപോയ സത്യത്തെക്കുറിച്ചുള്ള സൂചനകളിൽ നിന്നും എനിക്കിതുവരെ മനസിലായത്: “സൃഷ്ടി“ എന്നതുതന്നെ പ്രാപഞ്ചികമായ ഒരു മായിക പ്രതിഭാസമാണെന്നാണ്. സൃഷ്ടാവും സൃഷ്ടിയും യാഥാർത്ഥ്യത്തിന്റെ ആപേക്ഷികമായ രണ്ട് ഘടകങ്ങൾ മാത്രമാണ്. അവ രണ്ടിനും സ്ഥായിയായ/പരമാർത്ഥമായ യാതൊരു അസ്ഥിത്വവുമില്ല. എന്നാൽ പ്രാതിഭാസിക തലത്തിൽ ഇവ രണ്ടും മേൽക്കോയ്മ നേടുകയും, സത്യമെന്നാൽ ഇവ രണ്ടും മാത്രമാണെന്ന വിധത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ലോകത്തെ കഥ. മറ്റൊരു ലോകത്തിൽ, ചിലപ്പോൾ യാഥാർത്ഥ്യം സ്വയം വെളിപ്പെടുത്തുന്നത് മറ്റേതെങ്കിലും രൂപത്തിലോ തരത്തിലോ ആയിരിക്കാം. ഇതിനെ നമുക്ക് parallel worlds എന്ന് വിളിക്കാം. മായികമായ അസംഖ്യം parallel worlds അടങ്ങുന്ന ഒരു മാസ്മരികതയാണ് സൃഷ്ടി (യെന്ന് തോന്നുന്നു). മതങ്ങളുടെ സൃഷ്ടി സിദ്ധാന്തങ്ങൾക്ക് അതിന്റേതായ മാനം ഉണ്ടെങ്കിലും, ആ ചട്ടക്കൂടിന് വേളിയിൽ ഓരോ മനുഷ്യജീവിയും അന്വേഷിക്കേണ്ടുന്നതും കണ്ടെത്തേണ്ടതുമായ ഒട്ടവധി കാര്യങ്ങളുണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. മതങ്ങൾക്ക് ഒരു പരുധി വരെ മാത്രമേ മനുഷ്യനെ സഹായിക്കാൻ കഴിയൂ. ആ പരുധി കഴിഞ്ഞാൽ മനുഷ്യൻ അവന്റേതായ വഴികളിലാണ്: സ്വതന്ത്രമായ വഴികളിൽ. അവിടെ അവൻ സ്വയം സത്യത്തെ കണ്ടെത്തുന്നു...

Tuesday, October 1, 2013

ഇസ്ലാമിനെന്താ പ്രവാചകരെ വേണ്ടാത്തത്?

വിശുദ്ധ ഖുർആനിൽ പരാമശിച്ചിട്ടുള്ള 25 പ്രവാചന്മാർ അടക്കം, ഏതാണ്ട് 1,24,000-ലധികം പ്രവാചകന്മാർ അല്ലാഹുവിന്റെ (ദൈവത്തിന്റെ) സന്ദേശവുമായി ഭൂമിലിയെത്തിയിട്ടുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നതായി ഫേസ് ബുക്കിൽ ആരോ എഴുതിയത് ഞാൻ ഇപ്പോ വായിച്ചതേയുള്ളൂ. ഒരുലക്ഷത്തിഇരുപത്തിനാലായിരം എന്നത് ഒരു ചെറിയ സംഖ്യയൊന്നുമല്ല. അത്രയേറെ പ്രവാചകന്മാരോ?? ഞാൻ ആലോചിച്ചു. ചെലപ്പം കാണുമായിരിക്കും. നോഹ, ദാവീദ്, മോശ, യേശു, അബ്രഹാം, ഇസഹാക്ക്, ആദം എന്നിങ്ങനെയുള്ള പേരുകൾ മുഹമ്മദ് നബിയുടെ പേരിനൊപ്പം ഉണ്ടെന്ന് കണ്ടപ്പോൾ “കൊള്ളാലോ” എന്ന് തോന്നി. പക്ഷേ ഒരു കാര്യം മാത്രം എനിക്ക് മനസിലായില്ല. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിയ്ക്ക് മുമ്പ് വന്നുപോയ ഏതാണ്ട് 1,24,000 പേരെ പ്രചാകന്മാരായി അംഗീകരിച്ച ഇസ്ലാം, മുഹമ്മദിന് ശേഷം ഒറ്റ ആളെയും പ്രവാചകനായി അംഗീകരിക്കുന്നില്ല. അതായത്, നബിയ്ക്ക് ശേഷം കഴിഞ്ഞ 1500 വർഷത്തിനുള്ളിൽ ഒറ്റ പ്രവാചകൻ പോലും വന്നില്ലെന്ന്... പക്ഷേ അതിന് മുമ്പ്, 1,24,000 പേർ വന്നുപോലും... അതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതെന്താ അങ്ങനെ?

ഇക്കാര്യം പറയുമ്പോൾ പണ്ടൊരു അപ്പാപ്പന്റെ കഥയാണ് എനിക്ക് ഓർമ്മ വരുന്നത്. ചാവാൻ കെടക്കുന്ന ഒരു അപ്പാപ്പൻ മക്കൾക്ക് വിൽ‌പ്പത്രം എഴുതി വച്ചത്രേ. എന്റെ മരണശേഷം എന്റെ എല്ലാ സ്വത്തുക്കളും എന്റെ മക്കൾക്കുള്ളതാണെന്ന്. പക്ഷേ രസം അതല്ല. ഈ മക്കളുടെ മരണശേഷം സ്വത്തുക്കളുടെയെല്ലാം അവകാശം തന്നിലേക്ക് മടങ്ങിവരുമെന്നുകൂടി അപ്പാപ്പൻ എഴുതിച്ചേർത്തത്രേ; ഒന്നും അന്യം നിന്ന് പോകാതിരിക്കാൻ. എന്ന് പറഞ്ഞതുപോലെ, മുഹമ്മദിന് ശേഷം വീണ്ടും പ്രവാചകന്മാർ ഉണ്ടായാൽ മുഹമ്മദിന്റെ പഠിപ്പീരുകളിൽ ഒരു പക്ഷേ വെള്ളം ചേർക്കേണ്ട ഗതികേടോ, ഇസ്ലാമിന്റെ originality-ൽ കളങ്കമോ ഏൽക്കുമെന്ന ഭയം കൊണ്ടാവണം “വാതിൽ കൊട്ടിയടയ്ക്കും പോലെ” ഇത്തരമൊരു നിലപാട് ഇസ്ലാം സ്വീകരിച്ചത് എന്ന് ഞാൻ സംശയിച്ചു. അത്തരമൊരു ഭയമുണ്ടായാൽ തന്നെ അതിൽ കുറ്റം പറയാനും ഒക്കൂല്ല. ഉദാഹരണത്തിന്, ഇന്ന് ഹിന്ദുമതത്തിൽ എത്രയെത്ര സ്വാമിമാരാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോ ദിവസവും ഓരോന്ന് വീതം പുതുതായെത്തുന്നവരെല്ലാം അവതാരമായി രണ്ട് കൈയ്യും നീട്ടി ഹിന്ദുക്കൾ സ്വീകരിക്കുന്നുമുണ്ട്. ഇത് സത്യത്തിൽ ഒരു തരത്തിൽ “വെള്ളം ചേർക്കൽ” പരിപാടിയാണ്. വരുന്നവരെല്ലാം മതത്തിന്റെ തനതായ തത്വങ്ങളിൽ നിന്ന് മാറി അവർക്കിഷ്ടമുള്ള എന്തൊക്കെയോ തോന്നിയപോലെ പഠിപ്പിക്കുന്നു. ഈ ഗതികേട് ഇസ്ലാമിന് ഉണ്ടാവാത്തത് “മുഹമ്മദിന് ശേഷം പ്രവാചകരില്ല” എന്ന കർശനമായ നിലപാട് ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ കരുതുന്നു.

എങ്കിലും, ഒരു മതത്തിന്റെ കെട്ടിറുപ്പിന് അത്തരം കർശന നിലപാടുകൾ സഹായിക്കുമെങ്കിലും, ഒരു മതത്തിന്റെ മുന്നോട്ടുള്ള പുരോഗതിയ്ക്ക് അതൊരിക്കലും സഹായകരമാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, യേശുവായാലും നബിയായാലും, അവർ അഭിസംബോധന ചെയ്ത വിഷയങ്ങൾ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന് അനുയോജിച്ചവ ആയിരുന്നു. അന്നത്തെ മനുഷ്യന്റെ ബുദ്ധിയ്ക്കും മാനസിക വളർച്ചയ്ക്കും മനസിലാവുന്ന ഭാഷയിൽ അവർ സംസാരിച്ചു. എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇന്നത്തെ മനുഷ്യൻ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് നാമോർക്കണം. അടിസ്ഥാനപരമായി മനുഷ്യൻ ഒരുപക്ഷേ ഒന്നുതന്നെയായിരിക്കാം; എന്നാൽ ആധുനിക മനുഷ്യന്റെ സത്യാന്വേഷണ ത്വരയും ശൈലിയും പുരാതന മനുഷ്യനിൽ നിന്ന് ഏറെ വിഭിന്നമാണ്. ശൂന്യതയെ കുറിച്ചും ശൂന്യതയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തെക്കുറിച്ചും വരെ അവലോകനം ചെയ്യുന്നവനാണ് ആധുനിക മനുഷ്യൻ. അവന്റെ ബൌദ്ധിക വികാസം അത്രമാത്രം വലുതാണ്. അവനോട്, 1500 വർഷം പഴക്കമുള്ള ചിന്തകളുമായി/ശൈലിയുമായി ചെന്നാൽ ഒന്നും നടക്കില്ല. ഖുർആനിലും, ബൈബിളിലും സത്യമില്ലെന്നല്ല ഞാൻ പറയുന്നത്. ആ സത്യങ്ങൾ ലേശം പുരാതനമായിപ്പോയി എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അവയെ തീയിലിട്ട് തിരിച്ചും മറിച്ചും അടിച്ച് പതപ്പെടുത്തി ആധുനിയ മനുഷ്യന്റെ ലവലിൽ എത്തിക്കാൻ “മുഹമ്മദിന് ശേഷം നബിമാർ ഒട്ടനവധിയുണ്ടാവും അല്ലെങ്കിൽ ഒട്ടനവധി പേർ ഉണ്ടായേ മതിയാവൂ” എന്ന് വിശ്വസിച്ചേ തരമുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ, സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു മതം ഹിന്ദുമതമാണെന്ന് കരുതേണ്ടിവരും. കാരണം, അത് ജലം പോലെ അയഞ്ഞതാണ്.

[ഒത്തുകിട്ടിയാൽ ഒരു പ്രവാചനായിക്കളയാം എന്ന് വിചാരിച്ചിരിക്കുമ്പോ അതിനും സമ്മതിക്കൂല്ല എന്ന് വച്ചാ പിന്നെ എന്താ ചെയ്ക!!!]

Wednesday, March 27, 2013

പട്ടണത്തിലെ പാമ്പുകൾ


കാലത്ത്‌ പതിവ്‌ പോലെ അണ്ണൻ (ഈ ഞ്യാൻ തന്നെ) ഓഫീസിലേക്ക്‌ തിരിക്കുന്നു. അറുബോറൻ ബൈക്ക്‌ യാത്ര. ഒപ്പം ഭയങ്കര ട്രാഫിക്കും. ഓട്ടോമാറ്റിക്‌ പൈലറ്റ്‌ മോഡിൽ ഇന്ദ്രിയങ്ങളും ശരീരവും അതിന്റെ പാട്ടിന്‌ വണ്ടിയോടിക്കുന്നു. മനസ്‌ ലക്കും ലഗാനവുമില്ലാതെ പല പല വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു... രാമാപുരം സിഗ്നലിന്‌ സമീപം. മുപ്പതുകൾ തോന്നിക്കുന്ന ഒരു ദമ്പതികളുടെ ബൈക്കിന്‌ പിന്നിൽ ഞാൻ നിൽക്കുന്നു. റോഡിന്റെ ഇടതുവശത്ത്‌ വലിയൊരു ചാലാണ്‌. അതിന്റെ കരയിൽ പൊന്തക്കാടും നഗരമാലിന്യങ്ങളും... മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ മൂകനായി, അലസനായി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ബൈക്കിന്റെ പിന്നിലിരുന്ന സ്ത്രീ പൊന്തക്കാട്ടിലേക്ക്‌ കൈകൾ ചൂണ്ടി എന്തോ ഭർത്താവിനോട്‌ പറയുന്നു. അവരുടെ മുഖത്ത്‌ ചെറിയൊരു ശൃംഖാരം, ചമ്മൽ... എനിക്കെന്തോ അസാധാരണത തോന്നി. ങേ? പൊന്തക്കാട്ടിൽ എന്താവും, ഈശ്വരാ? എന്റെ അനുവാദമില്ലാതെ കണ്ണുകൾ പൊന്തക്കാട്ടിലേക്ക്‌ ചാടിവീണു. ഒന്നും കാണുന്നില്ല. ഞാൻ എത്തിയും വലിഞ്ഞും നോക്കി. (ചെലപ്പം ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?) ഒടുക്കം ദേ കെടക്കുന്നു സവാള ഗിരിഗിരി...

രണ്ട്‌ പാമ്പുകൾ...! നാണവും ചൊണയുമില്ലാതെ അവ പരസ്പരം രമിക്കുകയാണ്‌, അതും ചന്തിയിൽ വെയിലടിക്കുന്ന ഒൻപത്‌ മണി നേരത്ത്‌... ആവേശകരമായ കാഴ്ച. ഹായ്‌ ഹായ്‌...! പാമ്പുകളുടെ ആവേശം എന്റെ മനസിലിലേക്കും സംക്രമിച്ച്‌ മനുഷ്യന്‌ ഇരിക്കപ്പൊറുതിയില്ലാതായി. കൈയ്യും കാലും ഇല്ലെങ്കിലെന്താ...? പാമ്പുകൾ മനുഷ്യനെയും കടത്തിവെട്ടുന്നു. ഇതാണ്‌ മക്കളെ ഹാർഡ്‌കോർ. കേളികൾ കൊഴുത്ത്‌ നിയന്ത്രണം വിട്ട്‌ രണ്ട്‌ പാമ്പുകളും ചാലിലേക്ക്‌ മറിഞ്ഞ്‌ വീഴുന്നു. ഹോ, കമ്പ്ലീറ്റ്‌ മിസ്സായി! ഞാൻ നിരാശാഭൽഗുണനായി നിൽക്കുമ്പോൾ ദേ പിന്നേം അവറ്റകൾ കേറിവരുന്നു. മുന്നിൽ നിൽക്കുന്ന പെണ്ണുമ്പിള്ളയ്ക്ക്‌ ഇതൊന്നും കണ്ടിട്ട്‌ സഹിക്കുന്നില്ല... അവർ മുന്നിലിരിക്കുന്ന ഭർത്താവിനെ മാന്തുകളും നുള്ളുകയും പിന്നെ തോളിൽ കടിക്കുകയും ചെയ്യുന്നു. ഒടുക്കം, സൗജന്യമായി കാണാനൊത്ത "അശ്ലീല" ദൃശ്യങ്ങൾക്ക്‌ വിരാമമിട്ട്‌ വാഹനങ്ങൾ മുന്നോട്ട്‌ നീങ്ങി, ഒപ്പം ഞാനും....

നഗരത്തിലെ തിരക്കിൽ നിറംമങ്ങിയ ജീവിതത്തിനിടയിൽ അപൂർവ്വമായെങ്കിലും കണ്ണിൽപ്പെടാറുള്ള ഇത്തരം കാഴ്ചകൾ നമ്മെ വല്ലാതെ സ്വാധീനിക്കാറുണ്ട്‌, at least in a weird manner..., അവ ഗഥകാല ബാല്യകാല-ഗ്രാമാന്തരീക്ഷത്തിലേക്ക്‌ കൊണ്ടുപോവാറുണ്ട്‌. ബാക്കിയുള്ള യാത്ര മുഴുവൻ മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ പരിമിതമായ പാരിസ്ഥിതിയിൽ നമ്മുടെ കണ്ണിൽ പെടാൻ ഇഷ്ടപ്പെടാതെ ഒളിച്ചുകഴിയുന്ന അനേകായിരം ജീവജാലങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ... അവയുടെ അസ്ഥിത്വത്തെ കുറിച്ച്‌ നമുക്കൊരു അവബോധമില്ലെങ്കിലും അവ നമുക്കിടയിൽ ജീവിക്കുന്നുണ്ട്‌. പകൽ വെളിച്ചത്തിൽ അവ പുറത്ത്‌ വരുന്നില്ലായിരിക്കാം; എങ്കിലും നഗരത്തിലെ പാരിസ്ഥിതിയ്ക്ക്‌ അനുസൃതം അവയും ജീവിക്കുന്നു... പാമ്പുകളും, കുരങ്ങുകളും, കാട്ടുപന്നികളും, മലയണ്ണാനും, നരികളും, മുള്ളൻപന്നികളുമെല്ലാം....

Sunday, January 6, 2013

ശ്മശാനത്തിൻ നടുവിൽ


ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ, എല്ലുകൾ കത്തിപ്പൊടിഞ്ഞ ചുടുചാരം പൂശി, അർദ്ധ നഗ്നനായ് അർദ്ധരാത്രിയിൽ തപസുചെയ്യണം....

ഭീതിജനകമെന്നതിലേറേ, ഭ്രാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള കൊതിയും പിന്നെ മരണഭയവും ഓടിയകലണം...

കത്തിക്കരിയുന്ന മാംസത്തിൻ ഗന്ധം അൽപ്പമാം ആസക്തികളെ വേരോടെ ചുട്ടുകരിക്കണം... മനസിൽ ആശകൾ ചാമ്പലാവണം...

കെട്ടിച്ചമഞ്ഞ ദേഹങ്ങൾ കാണുമ്പോൾ ചിതറിക്കിടക്കുന്ന പൊള്ള തലയോട്ടികൾ ഓർമ്മ വരണം....

ഹൃദ്യമാം പുഞ്ചിരികളെ, വശ്യമാം നോട്ടങ്ങളെ കാർക്കിച്ച് തുപ്പാൻ തോന്നണം...

നേട്ടങ്ങൾക്കായുള്ള നേട്ടോട്ടങ്ങളെ, ഭോഗങ്ങൾക്കായുള്ള  വ്യഗ്രതകളെ, നഷ്ടസ്വപ്നങ്ങളെ വ്യർത്ഥമായ് കരുതാനാകണം...

ഗർഭപാത്രത്തിന്റെ കണക്കുകളും രക്തബന്ധത്തിൻ കടങ്ങളും ആട്ടിപ്പായിക്കാൻ തോന്നണം...

ഹൃദയം ഭേദിക്കും കാഴ്ചകളെ, കഥനകഥകളെ, ആവേശമുണർത്തും വിജയഗാഥകളെ, നാഴികക്കല്ലുകളെ തൃണവൽഗണിക്കാൻ തോന്നണം...

പേമാരി പെയ്താലും, ഭൂമി ചുട്ടുപൊള്ളിയാലും കാലത്തിന്നതീതനായ് വടവൃക്ഷമായ് നിൽക്കണം...

മരുഭൂവിലും സാഗര മധ്യത്തിലും മഴയായ് പൊഴിയും വാനമായി മാറണം; പക്ഷംപിടിക്കാത്ത സൂര്യനായ് ജ്വലിക്കണം....

ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ അർദ്ധ രാത്രിയിൽ തപസുചെയ്യണം...