Monday, July 20, 2020

ടോമി തടത്തിൽ അച്ചൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ!

പട്ടം സെൻ്റ് അലോഷ്യസ് മലങ്കര മൈനർ സെമിനാരിയുടെ സുദീർഘമായ ചരിത്രത്തിൽ, 1999 എന്ന വർഷം വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത കൊല്ലമാവാനാണ് സാധ്യത! എന്നാൽ, ആ വർഷം വൈദീക വിദ്യാർത്ഥികളായി മൈനർ സെമിനാരിയിൽ ചേർന്ന ഞാൻ അടങ്ങുന്ന 33 കൗമാര പ്രായക്കാർക്ക് അതൊരു സുവർണ്ണ വർഷമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച്... ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ച വർഷം. ഒരിക്കലും മറക്കാനാവാത്ത ആ നല്ല നാളുകളുടെ ഓർമ്മകളിൽ, ഒരിക്കലും അസ്തമിക്കാത്ത നക്ഷത്രമായി പരേതനായ ഫാദർ ടോമി തടത്തിൽ (ഗിവറുഗീസ്) ഉദിച്ച് നിൽക്കുന്നു.

വെറും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്നതാണ് അച്ചനും ഞാനും തമ്മിലുള്ള ബന്ധം. 2004-ൽ ആകസ്മികമായി ഇഹലോകവാസം വെടിഞ്ഞ ആ വൈദീക ശ്രേഷ്ഠനെ കുറിച്ചുള്ള ഓർമ്മകൾ 2020 ലെ ലോക്ക്ഡൗൺ കാലത്ത് തികട്ടിവന്നു. എൻ്റെ സഹപാഠിയായിരുന്ന റോബിൻ മണക്കലേത്ത് അച്ചൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ടോമിയച്ചൻ്റെ ഫോട്ടോ ആയിരുന്നു അതിന് പിന്നിൽ. ഏറെ വൈകിയെങ്കിലും, ഇങ്ങനെയൊരു സ്മരണ എഴുതാനുള്ള പ്രേരണ ലഭിക്കുന്നത് അങ്ങനെയാണ്. ടോമിയച്ചനെ ഞാൻ അവസാനമായി കാണുന്നത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല. എങ്കിലും, പ്രസന്നമായ ആ ചിരി... വലിയ കണ്ണട... ചിന്തയിൽ മുഴുകിയുള്ള ഒരു പ്രത്യേക തരം നടപ്പ്... ആരെയും വിഷമിപ്പിക്കാത്ത സംസാരം... അവയെല്ലാം ഈ സ്മരണ എഴുതുമ്പോൾ കണ്മുമ്പിൽ ഉണ്ട്. മനസിലെ ആ ചിത്രം ഒരിക്കലും മങ്ങാതിരിക്കാൻ ഈ കുറിപ്പ് ഉപകരിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന.

വർഷം 1999. തിരുവനന്തപുരം അതിഭദ്രാസനത്തിൻ്റെ അങ്ങോളമിങ്ങോളമുള്ള പള്ളികളിൽ നിന്ന് ദൈവവിളി സ്വീകരിച്ച് പട്ടത്ത് വണ്ടിയിറങ്ങിയ കുഞ്ഞനിയന്മാരായ ഞങ്ങൾ 33 പേരെയും പാർപ്പിക്കാൻ പട്ടം മൈനർ സെമിനാരിയിൽ സ്ഥലം തികയുമായിരുന്നില്ല. സ്ഥലപരിമിതി കാരണം അക്കൊല്ലം വന്ന കുട്ടികളെ കുറവൻ കോണത്ത് പ്രവർത്തിച്ചുവന്ന കാറ്റക്കിസം സെൻ്ററിലേക്ക് താൽക്കാലികമായി താമസിപ്പിക്കാൻ കൊണ്ടുപോയി. പട്ടത്ത് പുതിയ സെമിനാരി കെട്ടിടത്തിൻ്റെ പണി തീർന്ന ശേഷമാണ് ഞങ്ങളെ പട്ടത്ത് തിരികെ കൊണ്ടുവരുന്നത്. അതുവരെ, ഒരു വർഷത്തോളം കുറവൻ കോണത്ത് താൽക്കാലിമായി പ്രവർത്തിച്ച മൈനർ സെമിനാരിയുടെ വൈസ് റെക്ടറും ആനിമേറ്ററുമായിരുന്നു ഫാദർ ടോമി തടത്തിൽ.പ്രീഡിഗ്രി കഴിഞ്ഞ ശേഷം സെമിനാരിയിൽ ചേർന്ന എന്നെപ്പോലെയുള്ള 10 പേരെ ഒഴിച്ചാൽ, ബാക്കിയുള്ള 23 പേരും പത്താം ക്ലാസ് കഴിഞ്ഞ് എത്തിയ കുട്ടികൾ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി മാതാപിതാക്കളിൽ നിന്നും, വീട്ടിൽ നിന്നും മാറി താമസിക്കുന്നവർ. നിയതമായ സമയക്രമമോ അച്ചടക്കമോ ശീലമില്ലാത്തവർ. സ്വന്തം തുണി അലക്കാൻ പോലും അറിഞ്ഞുകൂടാത്തവർ. ചുരുക്കത്തിൽ, മീശ പോലും കിളിർത്തിട്ടില്ലാത്തവർ. അകലെ നിന്ന് നോക്കുമ്പോൾ പൗരോഹിത്യത്തിനുള്ള പകിട്ടിൽ ആകൃഷ്ടരായി, സെമിനാരിയെ കുറിച്ച് സാധ്യമായ എല്ലാ സങ്കൽപ്പങ്ങളും മനസിൽ ഊതിവീർപ്പിച്ചാണ് ഞങ്ങളുടെ വരവ്. എന്നാൽ, കണ്ടും കേട്ടും പഠിക്കാൻ മുതിർന്ന ബാച്ചുകാരോ, വൈദീകരോ ഇല്ലാത്ത, ഒരു ഹോസ്റ്റലിൻ്റെ പ്രതീതിയുണർത്തുന്ന ഇടമായിരുന്നു കുറവൻ കോണത്തെ മൈനർ സെമിനാരി. കേട്ടുകേൾവി മാത്രമുള്ള ഒരു സമർപ്പിത ജീവിതത്തിലേക്ക് ഭ്രമാത്മകമായി എടുത്തുചാടിയ കുറേ "സ്ക്കൂൾ കുട്ടികളെ" ഒരു വർഷം ഒറ്റയ്ക്ക് മേയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ് ടോമിയച്ചൻ്റെ ചുമരിൽ ഉണ്ടായിരുന്നത്.

അന്നത്തെ കാറ്റക്കിസം ഡയറക്ടർ ആയിരുന്ന ഫാദർ ജോൺസൺ ചരുവുകാലായിൽ, കവിയും ഇംഗ്ലീഷ് ഭാഷാപണ്ഡിതനായ ഫാദർ ആന്നിയിൽ നൈനാൻ തരകൻ എന്നിവരാണ് ടോമിയച്ചനെ കൂടാതെ കുറവൻ കോണത്ത് താമസിച്ചിരുന്ന മറ്റ് വൈദീകർ. ഒപ്പം, അക്കാലത്ത് റീജൻസി ചെയ്യുകയായിരുന്ന ഫാദർ ദാനിയേൽ തെക്കേടത്ത്, ഫാദർ ഫ്രാൻസിസ് മൂലമുറി, ഫാദർ ഏലിയാസ് (അബ്രഹാം) പറപ്പള്ളിയിൽ (കാറ്റക്കിസം റീജൻ്റ്) എന്നിവരോടൊപ്പം, തൊട്ടടുത്തുള്ള മഠത്തിൽ താമസിച്ച് കാറ്റക്കിസം സെൻ്ററിൽ പ്രവർത്തിച്ച ഏതാനും ബഹുമാനപ്പെട്ട കന്യാസ്ത്രീകളും കുറവൻ കോണത്ത് ഉണ്ടായിരുന്നു. ഞങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ദാനിയേൽ, ഫ്രാൻസിസ് ശെമ്മാശന്മാർ ഒഴികെ, മറ്റാരും കുട്ടി സെമിനാരിക്കാരുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നില്ല. ഇത് ടോമിയച്ചൻ്റെ ജോലി കൂടുതൽ കഠിനമുള്ളതാക്കി.

സണ്ടേസ്ക്കൂൾ നിലവാരമുള്ള കുട്ടികൾക്ക് ദൈവ വിളിയിലേക്ക് ശരിയായ മാർഗദീപം തെളിക്കുക എന്നത് നിസാര കാര്യമല്ല. ആരാധന, പ്രാർത്ഥന, ധ്യാനം, ഉപചാരം, കായികം, ആരോഗ്യം എന്നീ മേഖലകളിൽ സമഗ്രമായ വികാസം ഉണ്ടായാൽ മാത്രമേ വൈദീക പരിശീലനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കൂ എന്നതിനാൽ, അടിസ്ഥാനപരമായ ഉദ്‌ബോധനം, പ്രേരണ, പ്രചോദനം എന്നിവ നൽകുകയാണ് ഒന്നാം വർഷത്തിൻ്റെ കാതലായ ഉദ്ദേശം. ചുരുക്കത്തിൽ ഒരു പ്രൊബേഷൻ കാലഘട്ടം -- അതായിരുന്നു ഒന്നാം വർഷം. ഇംഗ്ലീഷ് (ഫാദർ നൈനാൻ തരകൻ), മലയാളം (വൈസ് റെക്ടർ ജോൺസൺ പുതുവേലി), സുറിയാനി (ഫാദർ മൂലവീട്ടിൽ), സ്പോക്കൺ ഇംഗ്ലീഷ് (ഡോ. ജോജു ജോൺ), ആരാധന (ഫാദർ ജോൺസൺ ചരുവിള), ആരോഗ്യശീലങ്ങളും ഉപചാരങ്ങളും (റക്ടറായിരുന്ന ഫാദർ ജോൺ കൊച്ചുതുണ്ടിയിൽ -- ഇപ്പോൾ, ബഹുമാനപ്പെട്ട യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ്), പ്രാർത്ഥനാക്രമം (ഫാദർ സാമുവേൽ തൈക്കൂട്ടം), ആദ്ധ്യാത്മീയത (ഫാദർ ടോമി തടത്തിൽ) എന്നീ വിഷയങ്ങളാണ് ഒന്നാം വർഷത്തിൽ പഠിക്കാൻ ഉണ്ടായിരുന്നത്.

ആദ്ധ്യാത്മീയതയെ കുറിച്ചുള്ള ടോമിയച്ചൻ്റെ ക്ലാസുകളെ കുറിച്ചുള്ള രസകരമായ ചില ഓർമ്മകൾ എൻ്റെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. പരിമിതമായ സണ്ടേസ്ക്കൂൾ വിജ്ഞാനമാണ് ആത്മീയതയെ കുറിച്ച് ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നത് എന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചു. എന്നാൽ, സെമിനാരിയിൽ ചേർന്നതിൻ്റെ ആവേശവും, കൗമാരത്തിൻ്റെ ചോരത്തിളപ്പും ചോദ്യ ശരങ്ങളായി പെയ്തിറങ്ങി ടോമിയച്ചനെ ശര ശയ്യയിൽ കിടത്തിയിട്ടുണ്ട്, പലപ്പോഴും! ആത്മീയതയ്ക്ക് ഒരു ആമുഖം എന്ന നിലയിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ ക്ലാസ് വളരെ പെട്ടെന്ന് ബൈബിളിലേക്ക് തിരിയുകയും, സമരാങ്കണം പോലെ രൂക്ഷമാവുകയും ചെയ്തു. ഉൽപ്പത്തി പുസ്തകത്തിൽ പരാമശിച്ചിട്ടുള്ള സൃഷ്ടി, ജന്മപാപം എന്നിവയ്ക്ക് യുക്തിഭദ്രമായ ഒരു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ അച്ചനെ ഉപരോധിച്ചത്.

അത്രയും തീഷ്ണതയോടെ, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജവം ഞങ്ങൾക്ക് എവിടെ നിന്ന് കിട്ടി എന്ന് ഇന്നും എനിക്കറിയില്ല. ചോദ്യം ചോദിക്കുന്നവരെ ക്ലാസിലെ മറ്റ് കുട്ടികൾ കരഘോഷത്തോടെ പ്രോൽസാഹിപ്പിച്ചു. കുട്ടികളുടെ ആവേശം കണ്ട് ടോമിയച്ചൻ പൊട്ടിച്ചിരിക്കുമായിരുന്നു. അവരുടെ ചേതന ഉൾക്കൊണ്ട അദ്ദേഹം എല്ലാ വിമശനങ്ങളെയും സ്വാഗതം ചെയ്തു. വരും വർഷങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് അദ്ദേഹം ഉറപ്പ് തന്നു. എന്നാൽ, യുക്തി ഭദ്രമല്ലാത്തതൊന്നും സ്വീകരിക്കാൻ ബാലന്മാർ തയാറല്ല. ഒരു ചെറുത്ത് നിൽപ്പിന് മുതിരാതെ അദ്ദേഹം കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രോൽസാഹിപ്പിച്ചു. അങ്ങനെ, ടോമിയച്ചൻ്റെ ക്ലാസിൽ ബൗദ്ധികമായ കോളിളക്കങ്ങൾ പതിവ് സംഭവമായി. എന്നിട്ടും, ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ, മുഖം കനപ്പിച്ച് സംസാരിക്കുകയോ, വിദ്യാർത്ഥികൾ ക്ലാസിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് പ്രസംഗിക്കുകയോ ചെയ്തില്ല. "അധ്യാപകൻ പറയുന്നത് മാത്രം കേട്ടാൽ മതി" എന്ന് ശഠിക്കുന്ന അനേകം ആളുകളെ മുമ്പും പിൽക്കാലത്തും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ടോമിയച്ചൻ്റെ മുഖത്ത് ഉണ്ടായിരുന്നത് അർത്ഥ ഗർഭമായ പുഞ്ചിരി മാത്രമായിരുന്നു. എപ്പോഴും...!

അങ്ങനെ ക്ലാസുകൾ സജീവമായി പുരോഗമിക്കുമ്പോൾ, അന്നത്തെ ഞങ്ങളുടെ റെക്ടർ ആയിരുന്ന ഫാദർ ജോൺ കൊച്ചുതുണ്ടിയിൽ ഒരു വെള്ളിയാഴ്ച അദ്ദേഹത്തിൻ്റെ പതിവ് ക്ലാസെടുക്കാൻ കുറവൻ കോണത്ത് എത്തി. ടോമിയച്ചൻ്റെ ക്ലാസിലെ താരങ്ങൾ റക്ടറച്ചൻ്റെ ക്ലാസിൽ തലപൊക്കാറില്ല. പ്രാഥമിക ഉപചാരങ്ങൾ (etiquette) പഠിപ്പിക്കുന്നതിനിടയിൽ, അദ്ദേഹം യാദൃശ്ചികമായി ടോമിയച്ചൻ്റെ ക്ലാസിനെ കുറിച്ച് തിരക്കി. ടോമിയച്ചൻ്റെ ക്ലാസ് ഞങ്ങൾക്ക് വളരെ ഇഷ്ടമാണെന്നും ക്ലാസ് വളരെ സജീവമായിട്ടാണ് പോവുന്നതെന്നും ഞങ്ങൾ ഒന്നടങ്കം പറഞ്ഞു. കുട്ടികളുടെ അത്യുൽസാഹം ശ്രദ്ധിച്ച അദ്ദേഹം  ടോമിയച്ചൻ പഠിപ്പിക്കുന്ന വിഷയത്തെ കുറിച്ച് കൗതുകത്തോടെ ചോദിച്ചു. ടോമിയച്ചൻ ബൈബിളാണ് പഠിപ്പിക്കുന്നതെന്ന് ആരോ ചാടിക്കേറി പറഞ്ഞു. അച്ചൻ നെറ്റി ചുളിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളെ എന്തിന് ബൈബിൾ പഠിപ്പിക്കണം? -- എന്ന സംശയം അച്ചൻ്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന്, വിശദമായ ഒരു ചോദ്യം ചെയ്യൽ നടന്നു. ഒരു വിധേന ഞങ്ങൾ ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. അങ്ങനെ, ബൈബിളിൻ്റെ പശ്ചാത്തലത്തിൽ ആദ്ധ്യാത്മീയത അവതരിപ്പിക്കുകയായിരുന്നു ടോമിയച്ചൻ എന്ന് കൊച്ചുതുണ്ടീലച്ചന് ബോധ്യമായി. ടോമിയച്ചൻ്റെ അധ്യാപന ശൈലിയെ കുറിച്ച് ഞാൻ എന്നും ഓർമ്മിക്കാറുള്ള ഒരു സംഭവമാണ് ഇത്.

അക്കാലത്ത്, ഞങ്ങളെ ശ്ഹീമോ നമസ്ക്കാരത്തിലെ (യാമ പ്രാർത്ഥന) പാട്ടുകൾ പഠിപ്പിക്കാൻ പട്ടത്ത് നിന്ന് ആഴ്ചതോറും സാമുവേൽ തൈക്കൂട്ടത്തിൽ അച്ചൻ എത്തുമായിരുന്നു. വിവാഹ കൂദാശയ്ക്ക് പള്ളിയിൽ പാടുന്ന പാട്ടുകളുമായി സാമ്യം ഉണ്ടെങ്കിലും, പെട്ടെന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ള പാട്ടുകളാണ് ശ്ഹീമോയിലെ പാട്ടുകൾ. സീനിയേഴ്സിൽ നിന്ന് കേട്ടുപഠിക്കുന്ന പതിവാണ് പൊതുവേ സെമിനാരികളിൽ ഉള്ളത്. എന്നാൽ, ഞങ്ങളുടെ കാര്യത്തിൽ സീനിയേഴ്സിൻ്റെ അഭാവം വലിയൊരു തലവേദനയായി. ഇക്കാലങ്ങളിൽ, ചാപ്പലിലെ യാമപ്രാർത്ഥനയ്ക്കിടയിൽ പാട്ടുകളുടെ ഈണം തെറ്റുക സ്ഥിരം കലാപരിപാടിയായിരുന്നു. ഒരു ഈണത്തിൽ പാട്ട് ആരംഭിച്ച് മറ്റൊരു ഈണത്തിലൂടെ വഴിതെറ്റി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ഈണത്തിൽ പ്രവേശിക്കുക നിത്യസംഭവമായി. ചിലർ സ്വധർമ്മം അനുസരിച്ച് പുതിയ ഈണങ്ങൾ ഉണ്ടാക്കി. ചാടിക്കേറി തെറ്റായ ഈണത്തിൽ പാട്ട് തുടങ്ങിവച്ചവർ എവിടെ കൊണ്ട് അവസാനിപ്പിക്കും എന്നറിയാതെ പലപ്പോഴും വിഷമിച്ചു, ശെമ്മാശന്മാരും ടോമിയച്ചനും ഉൾപ്പെടെ. കൂടെപ്പാടിയുള്ള പരിചയമേ അവർക്കും ഉണ്ടായിരുന്നുള്ളൂ.

എത്ര പഠിപ്പിച്ചിട്ടും പാട്ടുകൾ ഹൃദ്യമാക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെ മുമ്പിൽ തൈക്കൂട്ടം അച്ചൻ ആകെ വിഷമിച്ചു. പാട്ടുകളുടെ ഈണങ്ങൾ പിള്ളേർ മറന്നുപോയത് ക്ഷമിക്കാമെന്ന് വയ്ക്കാം; ആരും കേട്ടിട്ടില്ലാത്ത പുതിയ ഈണത്തിൽ പഠിച്ച് വച്ചാലോ? പാട്ടിൽ പ്രതീക്ഷയറ്റ ഞങ്ങളെ അദ്ദേഹം "മണ്ടൂസ്" എന്ന് വിളിക്കുമായിരുന്നു. ഇത് കേൾക്കുമ്പോൾ ക്ലാസിൽ വലിയ ചിരിയുയരുമായിരുന്നു.

അങ്ങനെ, ഒരു വിധേന വെള്ളിയാഴ്ചത്തെ യാമ പ്രാർത്ഥനകൾ മാത്രം എല്ലാവരും ഹൃദ്യസ്ഥമാക്കി. വെള്ളിയാഴ്ചത്തെ പാട്ടുകൾക്ക് കുറേ കൂടി ഇമ്പമുണ്ട് എന്നതിനാലാവും ഇത്. ഏതായാലും, അതാത് ദിവസങ്ങളിലെ യാമപ്രാർത്ഥകൾ ചൊല്ലി കഷ്ടപ്പെടാതെ, ആഴ്ചയിലെ മുഴുവൻ ദിവസങ്ങളിലും വെള്ളിയാഴ്ചയിലെ ശ്ഹീമോ ചൊല്ലുക എന്നത് ഒരു കുരുക്കുവഴിയായി പരിണമിച്ചു. അങ്ങനെ, ദിവസവും വെള്ളിയാഴ്ചത്തെ പാട്ടുകൾ മാത്രം പാടി ഞങ്ങൾ യാമപ്രാർത്ഥനകൾ കൊഴുപ്പിച്ചു. എന്നും ഒരേ പാട്ടുകൾ പാടിപ്പാടി ടോമിയച്ചന് മടുത്തോ എന്ന് അറിയില്ല; അതോ എല്ലാ ദിവസവും ഒരേ പാട്ടുകൾ പാടിയാൽ മറ്റുള്ള ദിവസത്തെ പ്രാർത്ഥനകൾ പഠിക്കില്ല എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവുമോ! ഏതായാലും, ഒരു സാഹസം എന്ന നിലയിൽ അദ്ദേഹം ചില ദിവസങ്ങളിൽ അതാത് ദിവസത്തെ ശ്ഹീമോ തുടങ്ങുമായിരുന്നു. അപ്പോൾ ഞങ്ങളെല്ലാം പരസ്പരം നോക്കും. ഇത് ആര്, എവിടെ, എങ്ങനെ മുഴുമിക്കും? പാട്ടറിയാത്ത പലരും കൂടെ മൂളി അച്ചനെയും തെറ്റിച്ചു. പാട്ട് തെറ്റിപ്പോയാൽ തെറ്റിയ സ്ഥലത്ത് നിന്ന് തുടങ്ങാൻ നമ്മൾ യേശുദാസ് ഒന്നും അല്ലല്ലോ. അങ്ങനെ പാട്ടുകൾ വായനയായി പരിണമിച്ചു. വല്ല കാര്യവുമുണ്ടോ? ചിലർ പിറുപുറുത്തു. വെള്ളിയാഴ്ചത്തെ പ്രാർത്ഥന ചൊല്ലിയാൽ പോരായിരുന്നോ? അധികം വൈകാതെ എല്ലാവരും ശ്ഹീമോ പഠിച്ചു. പിന്നെ, കുറവൻ കോണം നടുങ്ങുന്ന ശബ്ദത്തിൽ ശ്ഹീമോ ചെല്ലുക പതിവായി.

കുറവൻ കോണത്ത് താമസമാക്കിയ ആദ്യനാളുകളിൽ കുട്ടികൾക്ക് കളിക്കാൻ മൈതാനം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ എല്ലാം ശ്രമഫലമായി റഫക്ടറിയോട് ചേർന്ന് ഒരു വോളിബോൾ കോർട്ട് തയാറാക്കി. അതിന് മുമ്പ് വോളിബോൾ കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരായിരുന്നു ഭൂരിപക്ഷവും. എന്നാൽ വെറും ആറ് മാസം കൊണ്ട് എല്ലാവരും ഒരു വിധം നന്നായി കളി പഠിച്ചു. ഞങ്ങളോടൊപ്പം കളിക്കാൻ ടോമിയച്ചൻ ഇടക്കിടെ രംഗത്ത് ഇറങ്ങാറുണ്ട്. ഈ സന്ദർഭങ്ങൾ കുട്ടികൾ വലിയ ആഘോഷമാക്കി. വീറും വാശിയും കാട്ടി വോളിബോൾ പുരോഗമിച്ചു. എന്നാൽ, കുട്ടികളോടൊപ്പം ഇടിച്ച് നിൽക്കാൻ ആരോഗ്യം അച്ചനെ അനുവദിച്ചിരുന്നില്ല. അതിനാൽ, കുട്ടികളുടെ കൃഷിയിൽ സഹായിക്കാൻ ഒപ്പം കൂടി. വെണ്ടയും പയറും ചീരയും മറ്റും കൃഷി ചെയ്ത അവർ നല്ല വിളവെടുപ്പ് നടത്തിയിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെയാണ് സ്പൂണും ഫോർക്കും ഉപയോഗിക്കേണ്ടത് എന്ന് ഞങ്ങളെ പഠിപ്പിച്ചത് കൊച്ചുതുണ്ടിയിൽ അച്ചനാണ്. എന്നാൽ അത് പരിശീലിച്ചതാവട്ടെ ടോമിയച്ചനോടൊപ്പവും. സ്പൂണും ഫോർക്കും ഉപയോഗിച്ച് മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നതാണ് സെമിനാരിയിലെ ചട്ടം. എന്നാൽ സ്പൂണും ഫോർക്കും നന്നായി ഉപയോഗിക്കാൻ നല്ല പരിശീലനം വേണം. തുടക്കത്തിൽ കുട്ടികളെല്ലാം ബുദ്ധിമുട്ടി. 33 പേരുടെ കൈകളിലിരിക്കുന്ന കട്ട്ലറികൾ കൂട്ടിമുട്ടുന്ന ശബ്ദം ചല്ലിയടിക്കുന്ന വലിയ ശബ്ദമുണ്ടാക്കുമായിരുന്നു. ഭക്ഷണത്തിൻ്റെ മുമ്പിലിരുന്ന് കുട്ടികൾ കാണിക്കുന്ന പരാക്രമങ്ങൾ കണ്ട് ടോമിയച്ചൻ ഊറിച്ചിരിക്കുമായിരുന്നു. ഇതിനിടയിൽ, ഇംഗ്ലീഷിൽ മാത്രം സംസാരിക്കാൻ അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിക്കും. കയ്യിൽ കരണ്ടി; വായിൽ ഇംഗ്ലീഷ്. സെമിനാരിയിലെ നിബന്ധനകൾ കുട്ടികളെ നന്നേ വലച്ചു. സ്പൂണും ഫോർക്കും ഉപയോഗിച്ച് ടോമിയച്ചൻ അതിസമർത്ഥമായി ഭക്ഷണം കഴിക്കുമായിരുന്നു. കുട്ടികൾ അത്ഭുതത്തോടെ അത് നോക്കി അനുകരിക്കാൻ ശ്രമിച്ചു. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ആഹാരക്രമമാണ് ടോമിയച്ചന് ഉണ്ടായിരുന്നത്. അധികവും പച്ചക്കറികൾ. കുട്ടികൾ കൃഷി ചെയ്ത വെണ്ടയ്ക്കയും പയറും അതിൽ സ്ഥിരമായി സ്ഥാനം പിടിക്കുമായിരുന്നു. അച്ചൻ പച്ചക്കറികൾ കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും അന്ന് ആർക്കും ഉണ്ടായിരുന്നില്ല. പിൽക്കാലത്ത്, വളരെ ചെറുപ്പം മുതലേ ടോമിയച്ചന് പ്രമേഹം ഉണ്ടായിരുന്നതായി അറിഞ്ഞു.

ദീർഘകാലമായി ടോമിയച്ചനെ അലട്ടിയിരുന്ന ആരോഗ്യ സ്ഥിതിയെ കുറിച്ചും, പെട്ടെന്നുള്ള മരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ എനിക്ക് നൽകിയത് ടോമിയച്ചൻ്റെ സഹപ്രവർത്തകയായിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ നമിത SIC ആണ്. നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന മിസ്സിയോളജിക്കൽ-തിയോളജിക്കൽ സെൻ്ററിൻ്റെ ഡയക്ടറായിരുന്നു ടോമിയച്ചൻ. ബാംഗ്ലൂരിൽ ഡോക്ടറേറ്റ് ചെയ്യുന്ന കാലം മുതൽ നീണ്ട പത്ത് വർഷത്തെ പരിചയം ഇരുവർക്കും ഉണ്ടായിരുന്നു. തിയോളജിക്കൽ സെൻ്ററിൽ ഇരുവരും സേവനമനുഷ്ഠിക്കുമ്പോൾ, "രക്ഷ എന്ന രഹസ്യവും അമർത്യതയ്ക്ക് വേണ്ടിയുള്ള മനുഷ്യൻ്റെ അന്തർദാഹവും" (The Mystery of Salvation & Man's Quest for Immortality) എന്ന വിഷയം ആസ്പദമാക്കി ടോമിയച്ചൻ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിൽ അച്ചനെ സഹായിച്ചിരുന്നത് സിസ്റ്റർ ആയിരുന്നു. സിസ്റ്ററാണ് ടോമിയച്ചൻ്റെ യഥാർത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പൂർണ്ണ ചിത്രം എനിക്ക് തന്നത്. ഈ സ്മരണ എഴുതുന്നതിന് സിസ്റ്ററിൻ്റെ സഹായം ഞാൻ അഭ്യർത്ഥിച്ചിരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാമ്പുകടി ഏറ്റതോടെയാണ് ടോമിയച്ചൻ്റെ ആരോഗ്യനില ആകെ തകരാറിൽ ആവുന്നത്. വിഷമിറക്കാൻ അദ്ദേഹത്തിന് നൽകിയ മരുന്നുകളുടെ പാര്‍ശ്വഫലമായി അധികം വൈകാതെ അദ്ദേഹത്തിന് പ്രമേഹം പിടിപെട്ടു. മിക്കവാറും എല്ലാ വർഷങ്ങളിലും മഞ്ഞപ്പിത്തവും വരുമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ശാരീരിക ബുദ്ധിമുട്ടുകൾ പുറംലോകത്തെ അറിയിക്കാതെ, ചിരിക്കുന്ന മുഖവുമായി അദ്ദേഹം ജീവിച്ചു.

തിയോളജിക്കൽ സെൻ്ററിൻ്റെ ഡയക്ടർ എന്ന ജോലിയ്ക്ക് പുറമേ മലങ്കര മേജർ സെമിനാരിയിലെ ഫിലോസഫി വിദ്യാർത്ഥികളുടെ ആനിമേറ്ററായും ആത്മീയ ഗുരുവായും അച്ചൻ സേവനം അനുഷ്ഠിച്ചിരുന്നു. പെരപ്പൻകോടിൽ താമസിക്കുന്ന ഉപ്പാപ്പൻ്റെ കൂടെയായിരുന്നു അച്ചൻ കുറേ നാൾ. അത് കഴിഞ്ഞ്, എത്രയും പെട്ടെന്ന് ഗവേഷണം പൂർത്തിയാക്കണം എന്ന ദൃഢ നിശ്ചയമെടുത്ത് ബാംഗ്ലൂരിലേക്ക് പോയി. ഗൈഡ് നൽകിയ ഉപദേശം അനുസരിച്ച് പ്രബന്ധത്തിൽ ചില തിരുത്തലുകൾ വരുത്തിയശേഷം 2004 ഒക്ടോബർ 10 ന് ഗ്രിഗോറിയസ് പിതാവിൻ്റെ ഓർമ്മപ്പെരുനാൾ ആചരിക്കുന്നതിനായി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തി. സിസ്റ്റർ നമിതയെ കണ്ട് പ്രബന്ധം ഏൽപ്പിച്ചു. എത്രയും പെട്ടെന്ന് പ്രബന്ധം വായിച്ച് തെറ്റുകൾ തിരുത്താനായിരുന്നു അത്. "ഒക്ടോബർ 26 ന് മുമ്പുതന്നെ തീർക്കണം. അല്ലെങ്കിൽ തീരില്ല," എന്ന് പ്രത്യേകം പറഞ്ഞുകൊണ്ടാണ് പ്രബന്ധം കൈമാറിയത്.

രണ്ട് ദിവസം കഴിഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി അദ്ദേഹം പുഷ്പഗിരിയിലേക്ക് പോയി. അവിടെ വച്ച് പനി ബാധിച്ചു. ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഇടക്കിടെ വരാറുള്ള മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ചേർന്ന് അച്ചൻ്റെ സ്ഥിതി വഷളാക്കി. പീഢാ സഹനത്തിൻ്റെ നാളുകളായിരുന്നു തുടർന്നുള്ള ഏതാനും ദിവസങ്ങൾ. നാല് ദിവസം ആശുപത്രിയിൽ കിടന്ന ടോമിയച്ചൻ, സിസ്റ്ററിനോട് പ്രബന്ധം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ഒക്ടോബർ 26 ന് മരണമടഞ്ഞു. അപ്പോൾ, 39 വയസ് മാത്രമായിരുന്നു ടോമിയച്ചൻ്റെ പ്രായം. "ഒക്ടോബർ 26 ന് മുമ്പുതന്നെ തീർക്കണം. അല്ലെങ്കിൽ തീരില്ല," എന്ന ടോമിയച്ചൻ്റെ വാക്കുകൾക്ക് ഇത്ര ബലം ഉണ്ടാവുമെന്ന് സിസ്റ്റർ നമിത കരുതിയതേ ഇല്ല. അതൊരു യാത്ര പറച്ചിൽ ആയിരുന്നുവെന്ന് പിൽക്കാലത്ത് സിസ്റ്റർ ദുഃഖത്തോടെ ഓർമ്മിച്ചു.

ഗവേഷണം പൂർത്തിയാക്കാൻ അത്യുൽസാഹത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടോമിയച്ചൻ്റെ വിയോഗം. "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ" എന്ന് പറഞ്ഞുകൊണ്ട്, അവസാന നിമിഷം വരെ യാതൊരു മടിയും കൂടാതെ അദ്ദേഹം സഹനത്തെ പുൽകി. ഹ്രസ്വമായ 14 വർഷങ്ങൾ പൗരോഹിത്യ ശുശ്രൂഷ ചെയ്തു. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ അപ്പച്ചനും കൊച്ചമ്മയ്ക്കും അർബുധം ബാധിച്ചത് ടോമിയച്ചനെ അത്യധികം വിഷമിപ്പിച്ചിരുന്നു. "ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് കർത്താവ് സഹനങ്ങളാണല്ലോ നൽകുന്നത്? എങ്കിലും, എനിക്കതിൽ പരാതിയില്ല," എന്ന് ടോമിയച്ചൻ പറഞ്ഞത് 2005-ൽ സിസ്റ്റർ നമിത എഴുതിയ ഓർമ്മകുറിപ്പിൽ ഉദ്ദരിച്ചിട്ടുണ്ട്.

വർഗീസ് എന്ന മാമോദീസ പേരുള്ള ടോമി തടത്തിൽ അച്ചൻ 1965 ജൂൺ 29-ന് ജനിച്ചു. അതിരുങ്കൽ എൽപി സ്ക്കൂളിലും, സിഎംഎസ് മിഡിൽ സ്ക്കൂളിലും, കൂടൽ ഹൈസ്ക്കൂളിലും പഠിച്ചു. "സ്നേഹിക്കാൻ, സേവിക്കാൻ, വിശുദ്ധീകരിക്കാൻ" എന്ന ആപ്തവാക്യം നെഞ്ചിലേറ്റി, 1990 ഡിസംബർ 26 ന് വൈദീക പട്ടം സ്വീകരിച്ചു. ഡിസംബർ 27-ന് പ്രഥമ ബലി അർപ്പിച്ചു. ബാംഗ്ലൂരിലെ സെൻ്റ് പിറ്റേഴ്സിൽ നിന്ന് സ്പിരിച്വൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. പെരുനാടിൽ സഹവൈദീകനും, കോന്നി, മഞ്ചവിളാകം (നെയ്യാറ്റിൻകര), കുറവൻ കോണം എന്നീ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചു. പിൽക്കാലത്ത് തിയോളജിക്കൽ സെൻ്ററിൻ്റെ ഡയറക്ടറും, മൈനർ സെമിനാരിയുടെ വൈസ് റെക്ടറും, മലങ്കര മേജർ സെമിനാരി അധ്യാപകനും ആത്മീയ ഉപദേഷ്ടാവും ആയി പ്രവർത്തിച്ചു.

ടോമിയച്ചൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ എൻ്റെ ഈ കുറിപ്പ് സമർപ്പിക്കുന്നു. സിസ്റ്റർ നമിതയോടൊപ്പം, ടോമിയച്ചനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ഫോട്ടോകൾ കണ്ടെത്തുന്നതിനും എന്നെ സഹായിച്ചത് എൻ്റെ സഹപാഠിയായ ഷൈജു പുന്നമൂട്ടിൽ അച്ചനാണ്. ഇരുവർക്കും എൻ്റെ കൃതജ്ഞതകൾ.

ടോമിയച്ചൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.