നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂംമേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.
ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.
ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബിഎ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബിഎയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.
സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.
ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽപ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!
ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻകരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻകരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻകരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻകരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക.... അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!
വളരെ പ്രസക്തമായ ഒരു പോസ്റ്റ്. ഇതിന് മുന്‍പും പല സമകാലീന മാസികകളും പലവട്ടം മറിച്ചും തിരിച്ചുമിട്ട് പ്രയോഗിച്ച് ഉപേക്ഷിച്ച സബ്ജക്ട്. വാസ്തവത്തില്‍ മീരചേച്ചിയുടെ 'മോഹമഞ്ഞ്' ഞാനും വായിച്ചതാണ്. അതിലെ ആശയത്തേക്കാളേയും അതിന്റെ കഥാകഥന രീതിയെ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനാണ് ആ കഥ അതില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ അതിലെ ആശയം പ്രചരിപ്പിക്കുവാനാണെന്ന് എനിക്ക് തോന്നിയില്ല. അങ്ങിനെയാണെങ്കില്‍ (ഞാനടക്കമുള്ള) എല്ലാ എഴുത്തുകാരും സദാചാകഥകള്‍ മാത്രം എഴുതുന്നവരാകേണ്ടിവരും. അല്ലെങ്കിലും എന്താണീ സദാചാരം ?
ReplyDeleteആണും പെണ്ണും ഒരു സ്വതന്ത്ര ജീവിയാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ അവര്‍ക്ക് അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാം. ദൈവം നിങ്ങളോട് വീടുണ്ടാക്കുവാനോ, മതിലുകള്‍ കെട്ടുവാനോ, സ്വത്തുണ്ടാക്കുവാനോ മനുഷ്യരെ തരം തിരിക്കുവാനോ പറഞ്ഞിട്ടില്ല. പകരം അവന്‍ മനുഷ്യസഹജമായ ലൈംഗികതയെ അനുകൂലിച്ചിരിക്കുന്നു. ആദം -ഹവ്വ മുതല്‍ ദൈവം അത് തുടരുന്നു. എങ്കില്‍ ഒരു പുരുഷനും സ്ത്രീയും പരസ്പര ഇഷ്ടത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ എങ്ങിനെ തെറ്റാവും ? അടിച്ചാല്‍ വേദനിക്കുന്നതുപോലെ, സങ്കടപ്പെട്ടാല്‍ കരച്ചില്‍ വരുന്നതുപോലെ, സന്തോഷിക്കുമ്പോള്‍ ചിരിക്കുന്നതുപോലെ, എന്തിന് കാലത്ത് ഉറക്കമുണര്‍ന്നാല്‍ പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യുന്നതുപോലെയുള്ള ഒരു മനുഷ്യ സഹജമായ ഒന്നാണ് ലൈംഗികതയും. അത് പുരുഷന്‍ ചെയ്താല്‍ ന്യായീകരിക്കുകയും പെണ്ണ് ചെയ്താല്‍ ലോകത്തിലെ ഏറ്റവും വലീയ കുറ്റമാണെന്ന് ആരോപിക്കുന്നതും തെറ്റാണ്. സമൂഹത്തില്‍ ലൈംഗികത സ്വാതന്ത്ര്യം വേണം. അത് താങ്കള്‍ പറഞ്ഞതുപോലെ നമ്മുടെ അമ്മയ്ക്കും പെങ്ങള്‍ക്കും അത് ബാധകമാണ്. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ജീവിത പങ്കാളിയുമായുള്ള ശാരീരിക ബന്ധം ആ വ്യക്തികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ വിവാഹം കഴിച്ചുവെന്ന് കരുതി ജീവിത കാലം മുഴുക്കെ അവര്‍ സഹിക്കുന്നു. എന്നിട്ട് രഹസ്യമായി മറ്റു വഴികള്‍ തേടുന്നു....ഇതാണോ സദാചാരം...? ലൈംഗിക സ്വാതന്ത്ര്യം എന്നു കരുതി റോട്ടില്‍ പോയി നിന്ന് കണ്ടവരുമായൊക്കെ ശാരീരിക ബന്ധം തുടരുക എന്നതല്ല, മറിച്ച് അവനവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളത് തിരഞ്ഞെടുക്കുക എന്നതാണ്. 'മൂത്രമൊഴിക്കുമ്പോള്‍ അതിങ്ങനെ ഒഴിക്കുക, ഈ തരത്തില്‍ ഒഴിക്കുക...വളച്ചൊഴിക്കുക' എന്നൊക്കെ പറഞ്ഞാ നമ്മളെക്കൊണ്ടാവുമോ...?
വളരെ നല്ല ചിന്തനീയമായ ലേഘനം......
ReplyDelete.... പൂർണ്ണമായി യോജിക്കുന്നു.........
അതെ..സ്വന്തം അമ്മപെങ്ങന്മാരുടെ കാര്യം വരുമ്പോള്‍ നമെല്ലാം പിന്നോട്ടാവും..
ReplyDeleteഅങ്ങനെയൊരു ചിന്ത നമ്മില്‍ നഷ്ടപ്പെടുമ്പോഴാണ് സാംസ്കാരികമൂല്യങ്ങള്‍ നംഷ്ടപ്പെടുത്തുന്ന
ഇത്തരം അധമ വഴ്ചകള്‍ ആരംഭിക്കുന്നത്.
അതിനു ഓശാന പാടാന്‍ മാധ്യമ മീഡിയകള്‍ പല വിധത്തിലും കഥകള്‍ രൂപപ്പെടുത്തി ഇതൊക്കെ
നാട്ടുനടപ്പ് എന്ന രീതിയിലേക്ക് അഗമ്യഗമനം/ഡേറ്റിംഗ് തുടങ്ങിയവ സാമന്യ വല്‍ക്കരിക്കുന്നു.
ഒരു ജനതയും അഴിഞ്ഞാട്ടം കൊണ്ടും മൂല്യങ്ങളെ തച്ചുടച്ചും മുന്നോട്ട് പോയി വിജയിച്ച ചരിതമില്ല..
ഏതു മതവിശ്വസവും അതിനനുകൂലിക്കുന്നുമില്ല...
മൂല്യങ്ങള്‍ കൈമോശം വരാത്ത സമൂഹത്തിലേ ഇത്തരം പുഴുക്കുത്തുകള്‍ നശിച്ച് പോവുകയുള്ളൂ..
പക്ഷേ ഖേദമെന്ന് പറയട്ടെ..
നമ്മള്‍ പരിപാവനമായതൊന്ന് മറന്ന് പടിഞ്ഞാറോട്ട് നോക്കി മൂഡ്ഡസ്വര്‍ഗ്ഗം സൃഷ്ടിക്കുകയാണ്‍..
അതിന്റെ പരിണിത ഫലം നാളെ അനുഭവിക്കുക തന്നെ ചെയ്യും.
ഒരു അക്ഷരത്തെറ്റുകണ്ടു : .................... ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാധിച്ചാലും, ഉള്ളിന്റെ ഉള്ളില്‍..............
"വാദിച്ചാലും" രണ്‍ടിടത്തുണ്ട് ഈ തെറ്റ്..തിരുത്തുമല്ലോ..
നന്നായെഴുതിയതിന് ആശ്ംസകള്‍!
ഓരോന്ന് കാണുമ്പോളുള്ള ഒരാധി ഈ ലേഖനത്തില്‍ കാണാം ..
ReplyDeleteഡേറ്റിങ്ങിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ സാമാന്യമായ് അര്‍ത്ഥത്തില്‍നിന്ന് മാറിനിന്ന് ചിന്തിക്കാതിരിക്കുക. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം പരിചയപ്പെടാനും അടുത്ത് ഇടപഴകാനും വേണ്ടി ഒന്നിച്ചിരിക്കുന്ന ആ സമയത്തിനല്ലേ ഡേറ്റിംഗ് എന്ന് പറയുന്നത്. അവിടെ എവിടെയാണ് നമ്മുടെയൊക്കെ അച്ഛനും അമ്മയും ഭാര്യയും ഭര്‍ത്താവും വരുന്നത്? അതിനെ എങ്ങനെ ഡേറ്റിംഗ് എന്ന് വിളിക്കും? ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍നിന്നു മാറിപ്പോകാതിരിക്കുക.
ReplyDeleteപിന്നെ, അതുതന്നെ ആവശ്യമാണോ എന്ന്, "എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻകരുതൽ" എന്ന് ലേഖകന്‍ എഴുതിക്കണ്ടു. പിള്ളേര് രണ്ടായിട്ടാ അതിയാന്റെ മുഖം നേരെ ഒന്ന് കാണുന്നത് എന്ന് പറഞ്ഞുകേട്ട കാലം കടന്നിട്ട് കുറെയായി. ഇന്ന് എത്ര പേര്‍ക്ക് ആ ഒരു അവസ്ഥ ചിന്തിക്കാന്‍ കഴിയും? പെണ്ണുകണ്ട് കല്യാണം നിശ്ചയിച്ചാല്‍ കെട്ടുകഴിയുന്നതുവരെ പിന്നെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത കാലവും പോയി. ഇന്ന് arranged marriage ആണെങ്കില്‍ക്കൂടി സമയവും സാഹചര്യവും ഉള്ളവര്‍ അതിനിടയില്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്, സമൂഹം അത് അനുവദിക്കുന്നുണ്ട്. ഒരേ വീട്ടില്‍ ഒന്നിച്ചുകഴിയേണ്ടവര്‍, ഒരേ മുറിയില്‍ ഒന്നിച്ചുറങ്ങേണ്ടവര്‍ ആ ദിവസത്തിനു മുന്‍പ് അല്പം പരിചയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട് നല്ലതാണ് എന്നാണു എന്റെ അഭിപ്രായം. അത് പാശ്ചാത്യ രാജ്യങ്ങളിലെ പോലെ എന്തിനും സ്വാതന്ത്ര്യം കൊടുക്കുന്ന ഒന്നാവരുതെന്നു മാത്രം, അതിനോട് ഞാന്‍ യോജിക്കുന്നില്ല. പരസ്പരം സംസാരിക്കുകയോ ഒന്നിച്ചു ഭക്ഷണംകഴിക്കുകയോ, യാത്ര ചെയ്യുകയോ... അങ്ങനെ നമ്മുടെ സമൂഹം അനുവദിക്കുന്ന തലത്തില്‍ നിന്ന് കൊണ്ട് ഇതൊക്കെ ഉള്ളതാണ് ഇല്ലാത്തതിനേക്കാള്‍ നല്ലത്, അതിനെ ഇനി എന്ത് പേരിട്ടു വിളിച്ചാലും. പരസ്പരം കൂടുതല്‍ സംസാരിക്കുമ്പോള്‍ യോജിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി വിവാഹത്തില്‍ നിന്ന് പിന്മാറിയ കേസുകളും ഉണ്ട്. വിവാഹശേഷമാണ് അറിയുന്നതെങ്കില്‍ പൊരുത്തക്കേടുകളും സഹനങ്ങളുമായി തള്ളിനീക്കേണ്ട ജീവിതം.
പിന്നെ, "കല്യാണം കഴിയുന്നതോടെ കച്ചോടം അവസാനിക്കും" എന്ന് കരുതുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സഹജീവനം എന്നത് വെല്ലുവിളികളും സ്വൈരക്കേടുകളും മാത്രമായി അനുഭവപ്പെട്ടിട്ടുള്ളവര്‍ അങ്ങനെയൊക്കെ ചിന്തിച്ചില്ലെന്കിലെ അത്ഭുതമുള്ളൂ. (ഈ പറഞ്ഞത് ലേഖകനെ ഉദ്ദേശിച്ചല്ല)
എന്തു പറഞാലും ഈ ഡേറ്റിങ്ങ് എനിക്ക് പേടിയ
ReplyDeleteഅത് വല്ലാത്തൊരു ഇതാണ്, ഇത് എനിക് ഇഷ്ടമല്ലാ ഹിഹിഹി
suuuuuuuuuuuuuuuuuuuuuuuuuuuuuppppppppppppppppppeeeeeeeeeeeeeeeerrrrrrrrrrrrrrrr
ReplyDeleteനല്ല ലേഖനം, നല്ല ചിന്തകള്‍. എന്റെ ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ. ലേഖനം വായിക്കുന്ന ഒരാള്‍ക്ക് താങ്കള്‍ dating - ഉം premarital sex -ഉം ആയി identify ചെയ്യുന്നുണ്ടോ എന്ന് സംശയിക്കാം. താങ്കള്‍ അത് ഉദ്ദേശിച്ചോ എന്ന് വ്യക്തമല്ല. അങ്ങനെ ഉദ്ദേശിച്ചു എങ്കില്‍ ഒരു വിയോജിപ്പ് പ്രകടിപ്പിക്കട്ടെ. dating എന്നത് അതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥത്തില്‍ നമ്മുടെ നാട്ടിലെ ഒരു പെണ്ണ് കാണല്‍ ചടങ്ങിനു സമമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആണും പെണ്ണും തമ്മില്‍ സ്വകാര്യമായി കുറെ സമയം തമ്മില്‍ പരിചയപ്പെടാന്‍ ചെലവോഴിക്കുന്നു. അതില്‍ ശാരീരിക ബന്ധം എന്നത് അതില്‍ അനിവാര്യമായ ഒരു കാര്യമല്ല. എന്റെ അഭിപ്രായത്തില്‍ കൂടുതലും ഇങ്ങനെയുള്ള datings തന്നെയാണ് നടക്കുന്നതും. Arranged marriage സംസ്കാരത്തിന്റെ ഭാഗമല്ലാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള datings അനിവാര്യമാണ് താനും. എന്റെ അഭിപ്രായത്തില്‍ നമ്മുടെ രാജ്യത്തും arranged marriage (by parents) എന്നുള്ള സങ്കല്‍പം പതിയെ മാറിക്കൊണ്ടിരിക്കുകയാണ്.'വിവാഹ കച്ചവടങ്ങള്‍' ഒഴിവാക്കാന്‍ ഇത് ഒരു പരിധി വരെ ഇത് നല്ലതുമാണ്. മക്കളെ വിവാഹം കഴിപ്പിക്കുക എന്നത് ഇവിടെ മാതാപിതാക്കളുടെ responsibility ആണ്. എന്റെ അഭിപ്രായത്തില്‍ ഇതിനു മാറ്റം വരണം. അങ്ങനെ ഒരു സാഹചര്യത്തില്‍ പോസിറ്റീവ് ആയിട്ടുള്ള ഒരു dating സമ്പ്രദായത്തെ നാം പ്രോത്സാഹിപ്പിക്കേണ്ടത് അല്ലെ വേണ്ടത്.
ReplyDeleteനല്ല പോസ്റ്റ്..
ReplyDeleteനല്ല പോസ്റ്റ്.. ചിന്തിക്കണം.. തീർച്ചയായും ചിന്തിക്കണം ഇതെ കുറിച്ചൊക്കെ
ReplyDeleteസോണി,
ReplyDelete1. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം പരിചയപ്പെടാനും അടുത്ത് ഇടപഴകാനും വേണ്ടി ഒന്നിച്ചിരിക്കുന്ന സമയത്തെ തന്നെയാണ് ഡേറ്റിംഗ് എന്ന് വിളിക്കുന്നത്. ഈ “ഒന്നിച്ചിരിക്കുന്ന സമയത്ത്“ സംഭവിക്കാവുന്ന പിള്ളേരുകളിയുടെ ധാർമ്മികതയെ കുറിച്ച് ചിന്തിക്കുമ്പോഴാണ് നമ്മുടെ അച്ഛനെയും അമ്മയേയും ഭാര്യയുമൊക്കെ ചിന്തിക്കേണ്ടിവരുന്നത്. പിന്നെ, അവിവാഹിതരായ സ്ത്രീപുരുഷന്മാർക്കായി റിസർവ് ചെയ്തിട്ടുള്ള ഒരു സംഭവമല്ല ഡേറ്റിംഗ്. അതുകൂടി മനസിലാക്കണം.
2. "എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻകരുതൽ" എന്നത് ഒരു ഫലിതം മാത്രമായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചാലും അറേഞ്ചിഡ് മരേജ് ആയാലും ജീവിതപ്രശ്നങ്ങൾ രണ്ട് കൂട്ടർക്കും ഒന്നു തന്നെ. ഇവിടെ, പ്രണയ വിവാഹിതരെക്കാൾ പക്വത അറേഞ്ചിഡ് മരേജ് ചെയ്തവർ കാണിക്കുന്നുവെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരണം, എത്ര തന്നെ ഡേറ്റ് ചെയ്താലും, പ്രണയിച്ചാലും ഒരാൾക്ക് തന്റെ യഥാർത്ഥ സ്വഭാവം നിഷ്പ്രയാസം ഒളിച്ചുവയ്ക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ ഡേറ്റിംഗിന്റെയും പ്രണയത്തിന്റെയും പ്രസക്തി എന്ത്? പിന്നെ, ഓരോരുത്തർക്കും ജീവിതം ഓരോ തരത്തിലായിരിക്കും. അതുകൊണ്ടുതന്നെ, ഒരു ജനറലൈസേഷൻ ഞാനും നടത്തുന്നില്ല.
Joe,
ReplyDeletedating നെ premarital sex ആയി identify ചെയ്താൽ തന്നെ അതിൽ എന്താ കുഴപ്പം? താങ്കൾ പറയുന്നതുപോലെ, dating എന്നത് അതിന്റെ അടിസ്ഥാനപരമായി നമ്മുടെ നാട്ടിലെ ഒരു പെണ്ണ് കാണല്‍ ചടങ്ങിനു സമമെന്ന് ഞാനും സമ്മതിക്കുന്നു. എന്നാൽ, ഇങ്ങനെ ആണും പെണ്ണും തമ്മില്‍ സ്വകാര്യമായി കുറെ സമയം തമ്മില്‍ പരിചയപ്പെടാന്‍ ചെലവഴിക്കുമ്പോൾ അത് premarital sex-ലേക്ക് പോവില്ലെന്ന് എങ്ങനെ പറയാൻ കഴിയും? ഈ ഡേറ്റിംഗ് ചെയ്യുന്നവരെല്ലാം പരിപൂർണ്ണ ആത്മനിയന്ത്രണം ഉള്ളവരാണെന്നും, അതിർവരമ്പുകളിൽ ആത്മസംയമനം പാലിക്കുന്നവരുമാണെന്നാണോ താങ്കൾ പറയുന്നത്? 100-ൽ 10 പേർ താങ്കൾ പറയുന്നതുപോലെ ആയിരിക്കാം. ബാക്കിയുള്ളവരൊക്കെ വീണുകിട്ടിയ അവസരം മുതലാക്കുക തന്നെ ചെയ്യും എന്നാണ് എന്റെ നിരീക്ഷണത്തിൽ എനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്.
Arranged marriage സംസ്കാരത്തിന്റെ ഭാഗമല്ലാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള datings അനിവാര്യമാണെന്ന താങ്കളുടെ അഭിപ്രായത്തിലെ പരോഷമായ അർത്ഥം ഇതാണ്: Arranged marriage സംസ്കാരത്തിന്റെ ഭാഗമായ ഭാരതത്തിൽ datings അനാവശ്യമാണ്. ;) പിന്നെ, താങ്കൾ പറഞ്ഞതുപോലെ വിവാഹ കച്ചവടങ്ങൾ ഒഴിവാക്കാൻ ഡേറ്റിംഗും മറ്റും നല്ലത് തന്നെ. പക്ഷേ, പോസിറ്റീവ് ആയിട്ടുള്ള ഒരു dating സമ്പ്രദായം എത്രമാത്രം പ്രായോഗികമാണ് എന്നതാണ് എന്റെ ചോദ്യം... സ്വന്തം മകളെ സ്വമേധയാ ഒരു ചെക്കന്റെ കൂടെ മനസമാധനത്തോടെ ഡേറ്റിംഗിന് അയയ്ക്കാൻ നമ്മുടെ നാട്ടിലെ മാതാപിതാക്കൾ തയാറാവുമോ? ഡേറ്റിംഗ് എല്ലാം കഴിഞ്ഞ് തന്റെ മകളെ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് ആ ചെക്കൻ പറഞ്ഞാൽ ഈ മാതാപിതാക്കളുടെ നിലപാട് എന്തായിരിക്കും? എന്റെ വാദം ഇതാണ്... ഇപ്പോഴുള്ള വൈവാഹിക നാട്ടുനടപ്പുകളെ rectify ചെയ്യുന്നതിന് പകരം, തികച്ചും വൈദേശികമായ പ്രവണതകൾ നമ്മുടെ സംസ്ക്കാരത്തിലേക്ക് കുത്തിവയ്ക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ, ഈ ജനതയുടെ ധാർമ്മിക ബോധം ഇനിയും പരിണാമമടയുന്നതുവരെയെങ്കിലും...!
മുഴുവന്‍ വായിച്ചു.
ReplyDeleteനന്നായിട്ടുണ്ട് ചിന്തകള്‍.
പ്രീയപ്പെട്ട ബൈജുവെട്ട ,
ReplyDeleteആശയം നന്നായിരിക്കുന്നു . ആളുകള്‍ സ്വാടന്ത്രം ദുരുപയോഗിക്കാന്‍ സമര്തരാണ്. യൂറോപ്പില്‍ ഇത്തരം ഡേറ്റിങ്ങു നിലനില്‍ക്കുന്നു .ഇനി സുന്ദരിയായ ഒരു യുവതി ഇവിടെ തന്റെ ആണ്‍ സുഹൃത്തുമായി പിണങ്ങിയാല്‍ ഒരാഴ്ച്ചക്കുള്ളില്‍ അവള്‍ക്കു മറ്റൊരുത്തന്‍ തുണയായി ഉണ്ട് . അതുകൊണ്ട് ജീവിതത്തിലെ ചെറിയ കാര്യങ്ങല്കാന് ഇവിടെ ബന്ധങ്ങള്‍ മുറിയുന്നത് . പിന്നെ ഗവേഷകന്മാര്‍ക്ക് അങ്ങനെ ടെറ്റിങ്ങിനു ഒന്നും പോകാന്‍ സമയം ഇല്ല . അതുകൊണ്ട് ഇവിടെ ഉള്ള എന്റെ ഒരു സുഹൃത്തിന് പെണ് സുഹൃത്ത് ഇല്ല . അയാള്‍ സ്വന്തമായി കണ്ടു പിടിക്കണം ഒരു പെണ്ണിനെ . പുള്ളി ഗവേഷണം കഴിഞ്ഞു കണ്ടു പിടിക്കണം എന്ന് പറഞ്ഞു ഇരിക്കുന്നു . അപ്പോള്‍ ഞാന്‍ എന്റെ കാര്യം പറഞ്ഞു, എനിക്ക് നാട്ടില്‍ വീട്ടുകാര്‍ കണ്ടുപിടിച്ചു തന്നുകൊള്ളും എന്ന് . അത് പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു അതാണ് നല്ലത് എന്ന് . അതുകൊണ്ട് നമുക്ക് ലൈംഗീകത യൊക്കെ വിടാം . ഇവിടെ പ്രധാനം നമ്മുടെ സമൂഹം നമ്മുടെ കഴിവുകളെ മാനിച്ചു നമുക്ക് ഒരു ഇണയെ തിരഞ്ഞെടുക്കാന്‍ സാഹചര്യം തരുന്നുണ്ടോ എന്നതാണ് . ഇനി സ്ഥിരം ഡേറ്റിങ്ങും ആയി നടക്കുന്നവന്‍ സമൂഹത്തിനു എന്താണ് നല്‍കാന്‍ പോകുന്നത് . അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ നമ്മുടെ പഴയ വ്യവസ്ഥിതി തന്നെയാണ് നല്ലത് . അവിടെ നമ്മുടെ ആണുങ്ങളും തങ്ങളുടെ കന്യാകത്വം സുക്ഷിക്കുന്നു (ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് )
ബൈജു, താങ്കളുടെ മറുപടിക്ക് നന്ദി. വീണ്ടും ചില വിയോജന കുറിപ്പുകള്‍ എഴുതിക്കോട്ടെ. "dating നെ premarital sex ആയി identify ചെയ്താല്‍ തന്നെ അതില്‍ എന്താ കുഴപ്പം" എന്നാ താങ്കളുടെ ചോദ്യത്തോട് തന്നെ വിയോജിക്കുന്നു, കാരണം അത് അങ്ങനെ അല്ല എന്നുള്ളത് തന്നെ. Dating എന്ന പ്രസ്ഥാനം ഇല്ലാത്തത് കൊണ്ട് നമ്മുടെ നാട്ടിലെ ആരും വിവാഹത്തിന് മുമ്പ് sex -ഇല്‍ ഏര്‍പ്പെടുന്നില്ല എന്നാണോ താങ്കള്‍ പറയുന്നത്. സംയമനമില്ലാത്തവന്‍ അതിനുള്ള വഴി എവിടെയും എങ്ങനെയും കണ്ടെത്തും.
ReplyDeleteരണ്ടാമതായി താങ്കള്‍ വീണ്ടും dating എന്നതിനെ വിവാഹത്തിന് മുമ്പുള്ള ഒരുമിച്ചുള്ള താമസമായി ചിത്രീകരിച്ചിരിക്കുന്നു. അത് പൂര്‍ണമായും ശരിയല്ല. Dating എന്നത് വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന പുരുഷനും സ്ത്രീ യും ഒരുമിച്ചു ചെലവോഴിക്കുന്ന സമയം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. അത് ഒരു കോഫി ബാറിലോ ഒരു പാര്‍ക്കിലോ ഒരുമിച്ചു ആയിരിക്കുന്ന ചില മണിക്കൂറുകള്‍ മാത്രം ആയിരിക്കും ചിലപ്പോള്‍ . "Shall I date you? " എന്ന് ഒരു പെണ്കുട്ടിയോ ആണ്‍കുട്ടിയോ ഒരാളോട് ചോദിച്ചാല്‍ അതിനര്‍ത്ഥം നമുക്ക് കുറച്ചു ദിവസം ഒരുമിച്ചു താമസിച്ചാലോ അല്ലെങ്കില്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ടാലോ എന്നല്ല. അങ്ങനെ ആദ്യം കാണുമ്പോള്‍ തന്നെ ആരെങ്കിലും സമ്മതിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ (അങ്ങനെ ആഗ്രഹിക്കുന്നവര്‍ വല്ല prostitutes ന്റെ അടുത്തും അല്ലെ പോവുക.) മറിച്ച് ഇങ്ങനെ പലതവണകളായി കണ്ടും സംസാരിച്ചും പരിചയത്തില്‍ ആകുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒടുവില്‍ ഒരുമിച്ചു ജീവിക്കാനോ മറിച്ചോ ഒരു തീരുമാനത്തില്‍ എത്തുന്നു. ഇതിനിടയില്‍ തന്നെ ഇവര്‍ തങ്ങളുടെ കൂട്ടുകാരനെ/കാരിയെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുതിയിട്ടുണ്ടാകും. ഇതിനിടയില്‍ ഒരുമിച്ചു താമസിക്കണോ സെക്സില്‍ ഏര്‍പ്പെടാണോ സാധാരണ ഗതിയില്‍ വഴിയില്ല , സാഹചര്യവും. പിന്നെ വേണമെന്നുള്ളവര്‍ക്ക് എന്തും ഇപ്പോഴും സാധിക്കും എന്നത് മറക്കുന്നില്ല (ഇന്ത്യയില്‍ ആയാലും വിദേശത്ത് ആയാലും). ഈ process ആണ് dating എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നീടാണ് അവര്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങുകയോ (Living together ) വിവാഹിതരാവുകയോ ചെയ്യുന്നത്.
"സ്വന്തം മകളെ സ്വമേധയാ ഒരു ചെക്കന്റെ കൂടെ മനസമാധനത്തോടെ ഡേറ്റിംഗിന് അയക്കാന്‍ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ തയാറാവുമോ? ഡേറ്റിംഗ് എല്ലാം കഴിഞ്ഞ് തന്റെ മകളെ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് ആ ചെക്കന്‍ പറഞ്ഞാല്‍ ഈ മാതാപിതാക്കളുടെ നിലപാട് എന്തായിരിക്കും? " താങ്കളുടെ ഈ നിരീക്ഷണത്തില്‍ നിന്നും മനസ്സിലാക്കുന്നത് താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത് Living together ആണ് എന്നാണ്. അതിനെ dating ഉമായി കൂട്ടികുഴക്കരുത്. പാശ്ചാത്യ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ trend നെ പറ്റിയാണ് (Living together) താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ താങ്കളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. എനിക്ക് തോന്നുന്നു താങ്കളുടെ ഈ ലേഖനം dating നെ പറ്റി ചില തെറ്റിദ്ധാരണകള്‍ വായനക്കാരില്‍ ഉണ്ടാക്കുമെന്ന്. താങ്കളുടെ മറുപടി (ഈ വിഷയത്തില്‍ ചില അക്കാദമിക് താല്പര്യങ്ങള്‍ ഉള്ളതുകൊണ്ട്)പ്രതീക്ഷിക്കുന്നു.
Joe,
ReplyDeleteഡേറ്റിംഗിൽ physical intimacy ഇല്ലെന്നാണോ ഈ പറഞ്ഞുവരുന്നത്? പാർക്കിൽ പോവുന്നതും കോഫീ ഹൌസിൽ പോകുന്നതും വട്ടമേശ സമ്മേളനം നടത്താനാണെന്ന് ഞാനെതേയാലും കരുതുന്നില്ല. (physical intimacy എന്ന് പറയുമ്പോൾ ചുംബനം, സ്പർശനം തുടങ്ങിയ ലൈംഗിക വേഴ്ചയല്ലാത്ത എല്ലാം ഉൾപ്പെടും.) physical intimacy ഇല്ലാതെ ഡേറ്റിംഗ് ചെയ്യുന്നവരും ഉണ്ട്. എന്നാലും, ഭൂരിപക്ഷം ആണും പെണ്ണും ഒരു ബന്ധം തുടങ്ങാനുള്ള പ്രാധമിക ധാരണയിൽ എത്തിക്കഴിയുമ്പോൾ തന്നെ physical intimacy ആരംഭിക്കുന്നുവെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. physical intimacy ഉള്ളിടത്തോളം കാലം അതിനെ premarital sex എന്ന് പറയുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
ഇനി, Living Together എന്നാൽ കമ്പ്ലീറ്റ് different സാധനമെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതായത്, വിവാഹം എന്ന സംവിധാനത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടോ, അത്തരമൊരു ഉടമ്പടിയുടെ ഉത്തരവാധിത്തങ്ങൾ പങ്കാളിയുടെ തലയിൽ കെട്ടിവയ്ക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടോ, വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിനെയാണ് Living Together എന്ന് പറയുന്നത്. ഈയർത്ഥത്തിൽ ഡേറ്റിംഗിനെയും Living Togetherനെയും ഞാൻ കൂട്ടിക്കുഴച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ബൈജു , താങ്കളുടെ മറുപടിക്ക് നന്ദി . ചില കുറിപ്പുകളും കൂടി എഴുടട്ടെ :
ReplyDelete"physical intimacy ഉള്ളിടത്തോളം കാലം അതിനെ premarital sex എന്ന് പറയുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്." താങ്കളുടെ ഈ കമന്റില്‍ നിന്നും താങ്കള്‍ 'വളരെ' വിശാലമായ അര്‍ത്ഥത്തിലാണ് ഇതിനെ കണ്ടതെന്ന് മനസ്സിലാക്കുന്നു. എങ്കില്‍ ശരി. Dating കാലങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ള necking, petting എന്നിവയെ sex ന്റെ പരിധിയില്‍ പെടുതിയാണോ കാണേണ്ടത് ? . ഇവ കൂടുതല്‍ intimate ആയ ബന്ധങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ള അപകടം പിടിച്ച ഒരു കാര്യം ആണെന്ന് സമ്മതിക്കുന്നു . Dating കാലങ്ങളില്‍ ഇവ അനുവധിക്കപ്പെടാമെന്നും എനിക്ക് അഭിപ്രായമില്ല. താങ്കളുടെ ലേഖനത്തില്‍ ഇവയെല്ലാം Dating എന്നാ ഒരൊറ്റ സംജ്ഞയുടെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്പെടുതിയതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നത്. Dating നെ പറ്റി എഴുതിയപ്പോള്‍ അത് കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു അതിന്റെ context- ല്‍ നിന്നുകൊണ്ട് സംസാരിച്ച ശേഷം ഇവ പറയുക ആയിരുന്നെങ്കില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു. താങ്കളുടെ ലേഖനത്തിന്റെ പേര് തന്നെ "ചില ഡേറ്റിംഗ് വിശേഷങ്ങള്‍!" എന്നാണ് . ഈ അര്‍ത്ഥത്തില്‍ ഇത് കുഴപ്പമില്ല കാരണം ഇത് 'ചില' negative വിശേഷങ്ങള്‍ മാത്രമാണ് !!!
രണ്ടാമതായി, താങ്കള്‍ പറയുന്നു: "Living Together എന്നാൽ കമ്പ്ലീറ്റ് different സാധനമെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതായത്, വിവാഹം എന്ന സംവിധാനത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടോ, അത്തരമൊരു ഉടമ്പടിയുടെ ഉത്തരവാധിത്തങ്ങൾ പങ്കാളിയുടെ തലയിൽ കെട്ടിവയ്ക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടോ, വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിനെയാണ് Living Together എന്ന് പറയുന്നത്. ". ഇത് ഭാഗികമായി മാത്രമാണ് ശരി. വിവാഹത്തിന് മുമ്പ് പിന്നീട് സമയവും സാഹചര്യവും (സാമ്പത്തിക സുസ്ഥിതി , ജോലി etc .) ഉണ്ടാകുമ്പോള്‍ വിവാഹം (നിയമപരമായി ) കഴിക്കാമെന്ന ധാരണയില്‍ ഒരുമിച്ചു താമസിക്കുന്നവരുണ്ട്. ഇതിനെ ആണ് 'Living Together' എന്ന് സാധാരണ പറയാറുള്ളത്. എന്റെ അറിവില്‍ ഇക്കൂട്ടരാണ് മറ്റേതിനേക്കാള്‍ കൂടുതല്‍ . താങ്കള്‍ ഉദ്ദേശിച്ച കാര്യത്തിനു cohabitation എന്ന സംജ്ഞ ആണ് ഉപയോഗിക്കാറുള്ളത് . (ഇതിനു ചില രാജ്യങ്ങളില്‍ നിയമസാധുത ഉണ്ടെന്നാണ് ഞാന്‍ മാന്സ്സിലാക്കുന്നത് ) Living Together എന്നത് dating നും marriage/cohabitation ഉം ഇടയില്‍ വരുന്ന ഒരു stage ആണ്. ഈ അര്‍ത്ഥത്തിലാണ് ഞാന്‍ Living Together എന്ന പദം ഉപയോഗിച്ചത്. ഇത് എന്തുകൊണ്ടും ആശാവഹമല്ല .
ഒരിക്കല്‍ കൂടി പറയട്ടെ ഇവയൊന്നും സ്വീകരിക്കപ്പെടെണ്ടത് ആണെന്നോ നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതാണ് എന്നോ പറയാനല്ല ഞാന്‍ ഇത് പറഞ്ഞത് . മറിച്ച് dating എന്ന കാര്യത്തെ കുറിച്ച് വളരെ വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞു ആളുകളില്‍ അതിനെ പറ്റി തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ താങ്കളുടെ ലേഖനം ഇടയാക്കും എന്ന് സൂചിപ്പിക്കാനാണ് . നേരത്തെ ഒരു കമന്റില്‍ സോണി എന്ന കമന്റര്‍ സൂചിപ്പിച്ചതുപോലെ "ഇന്ന് arranged marriage ആണെങ്കില്‍ക്കൂടി സമയവും സാഹചര്യവും ഉള്ളവര്‍ അതിനിടയില്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്, സമൂഹം അത് അനുവദിക്കുന്നുണ്ട്." ഈ ഒരു സാഹചര്യം കൂടുതല്‍ ഉണ്ടാകുന്നത് നല്ലതല്ലേ ? സോണി പറഞ്ഞതുപോലെ "അത് പാശ്ചാത്യ രാജ്യങ്ങളിലെ പോലെ എന്തിനും സ്വാതന്ത്ര്യം കൊടുക്കുന്ന ഒന്നാവരുതെന്നു മാത്രം"
താങ്കള്‍ക്കുമുണ്ടോ കമന്റുകള്‍ 'മുക്കുന്ന' പരിപാടി... എതായാലും ഒന്നുകൂടി പരീക്ഷിക്കുന്നു (ഇത് കൂടി മാത്രം) കമന്റുകള്‍ hurt ചെയ്തെങ്കില്‍ മാപ്പ് !!!
നല്ല പോസ്റ്റ്..
ReplyDeleteഎല്ലാവർക്കും ബാധകമായ നിയമങ്ങൾ:-
ReplyDelete1. ആരും സഹജീവിയെ സഹനജീവിയായി കരുതരുത്.
2. സമൂഹത്തിന് സ്വതന്ത്രമായ കാഴ്ചപ്പാടൊക്കെ വേണം. അവനവന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതൊന്നും ആയിക്കൂടാ എന്നനിലപാട് ആരും സ്വീകരിക്കരുത്.
3. ഇരുവർക്കും Yes എങ്കിൽ YES. ഇരുവരിൽ ഒരാൾക്കെങ്കിലും No എങ്കിൽ NO. ഈ നിയമം പാലിക്കണം.
4. ബഹുജനം പലവിധം; ബഹുജനാഭിപ്രായവും. എന്ന് അറിയുക.
ഡേറ്റ് ചെയുമ്പോള്‍ അതില്‍ സെക്സ് ഭാഗമാകാതെ പരിചയ പെടാനും കൂടുതല്‍ മനസിലാകാനുള്ള അവസരമയീ എടുത്തു കൂടെ..
ReplyDeleteinformative...
ReplyDeleteFind some useful informative blogs below for readers :
ReplyDeleteHealth Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa