Wednesday, May 30, 2012

നഖക്ഷതം ഏൽപ്പിക്കാതെ!


പരിപൂർണ്ണ നഗ്നയായി, മുഖത്തൽപ്പം നാണവും അതിലുപരി കള്ളച്ചിരിയുമായി മുന്നിൽ നിൽക്കുന്ന പ്രണയിനിയെ ശകാരിച്ചും തലയ്ക്കൊരു കൊട്ടുകൊടുത്തും അവൾ ഊരിയെറിഞ്ഞ ചുരിദാർ കയ്യിലെടുത്ത് ഉടുപ്പിക്കാൻ മുതിരുന്നവൻ... വായുവസ്ത്രം മാത്രമണിഞ്ഞ് പൂമെത്തയിൽ മലർന്നുകിടക്കുന്ന അവളുടെ കക്ഷത്തിനും അരക്കെട്ടിനും ഇടയിലേക്ക് മുഖം അടുപ്പിച്ച് മാതൃവാത്സല്യത്തോടും ഭക്തിയോടും കൂടി നിഷ്ക്കളങ്കനായ ഒരു കുട്ടിയെ പോലെ ചുരുങ്ങുകൂടാൻ ഇഷ്ടപ്പെടുന്നവൻ... സ്വന്തം നെഞ്ചിലേക്ക് പടരാൻ ശ്രമിക്കുന്ന അവളോട് "നീയെന്തായീ കാണിക്കുന്നത്?" എന്ന് ചോദിക്കുന്നവൻ... ഒടുവിൽ, ഒരു നഖക്ഷതം പോലും ഏൽപ്പിക്കാതെ അവളെ വീട്ടിലേക്ക് ബസ് കയറ്റിവിട്ട് തിരിഞ്ഞ് നടക്കുമ്പോൾ പുതുമഴ പെയ്താലെന്ന പോലെ ആകാശത്തേയ്ക്ക് മുഖമുയർത്തുന്നവൻ; വിരിച്ച കൈകളുമായി ഏതോ ഒരു നിർവൃതിയിൽ പുഞ്ചിരിക്കുന്നവൻ... മരണത്തോളം മറക്കാനാവാത്ത തന്റെയീ പ്രണയ മുഹൂർത്തങ്ങളെ ഓർമ്മച്ചെപ്പിൽ ജീവിതകാലമത്രയും മയിൽപ്പീലിത്തണ്ട് പോലെ സൂക്ഷിച്ച് വയ്ക്കുന്നവൻ... ജീവിത സായാഹ്നമെത്തുമ്പോൾ, കാലപ്പഴക്കം സംഭവിച്ച തന്റെ മനസിലെ ബ്ലാക്ക്-ആന്റ്-വൈറ്റ് തിരശീലയിൽ അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നവൻ... ഒടുവിൽ, അവളെക്കുറിച്ചുള്ള അവ്യക്തമായ ചില സൂചനകളും, ഒപ്പം അവൾ തനിക്ക് സമ്മാനിച്ച 'മാനസിക രതിമൂർച്ചകളും' മക്കൾക്ക് നൽകി മണ്ണോടുമണ്ണായ് എന്നന്നേയ്ക്കുമായി മറയുന്നവൻ... മൂകമായ ശ്മശാനത്തിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ആയിരക്കണക്കിന് കല്ലറകളിൽ അന്തിയുറങ്ങുന്ന ഒരാളെങ്കിലും അത്തരമൊരുവനായിരുന്നിരിക്കാം എന്ന് എന്റെ മനസ് മന്ത്രിച്ചു.

3 comments:

  1. വ്യത്യസ്ഥം വീക്ഷണം

    ReplyDelete
  2. പൂച്ച എലിയെ പിടിക്കുന്ന പോലെയാണ് മലയാളിയുടെ സെക്സ. ഒരു പരിധി വരെ ഉപഭോഗ സംസ്കരവും അവനെ സ്വാധീനിക്കുന്നു. എന്റേത് എന്നാ തോന്നല് പകരം എന്തെങ്കിലും(കാശോ, സ്വാധീനമോ....) കൊടുത്താല്‍ മാത്രെമേ ഉണ്ടാക്കുന്നഒള്ളൂ

    ReplyDelete