Sunday, February 23, 2014

വിരസമായ പ്രപഞ്ചവും ഈ ഞാനും

തന്നിലേക്ക് ഉറ്റിനോക്കുന്ന ഏതൊരു ജീവജാലത്തെയും അത്ഭുത പരവശത്തിലാഴ്ത്തുന്ന മാസ്മരികതയാണ് ഈ മഹാപ്രപഞ്ചം. അതിനെക്കുറിച്ച് വർണ്ണിക്കാൻ പോയാൽ വാക്കുകൾ തികഞ്ഞൂവെന്ന് വരില്ല. ഉള്ളിലേക്ക് പോവുന്തോറും അധികരിക്കുന്ന അതിന്റെ അതുല്യ വശ്യതയും സൌന്ദര്യവും ചലനാത്മകതയും, ഒരിക്കലും അനാവരണം ചെയ്യപ്പെടാൻ ഇടയില്ലാത്ത നിഗൂഢതകളും മനുഷ്യ മനസിനെ ആവേശം കൊള്ളിക്കുക മാത്രമല്ല, അതിന്റെ രഹസ്യച്ചുരുളുകൾ പൊളിച്ച് സത്യമെന്തന്നറിയാൻ അവനെ അവിശ്രാന്തം പ്രകോപിപ്പിച്ചുകൊണ്ടുമിരിക്കും. മണ്ണിൽ നിന്ന് വിണ്ണിലേക്ക് പ്രയാണിക്കാൻ... ഇന്നലകളെ പോലെ എല്ലാ കാലത്തും! എന്നാൽ, ഈ പ്രപഞ്ചം എന്നെ മാത്രം ഒരു വിധത്തിലും ഉത്തേജിപ്പിക്കാത്തത് എന്തുകൊണ്ടാണ്? പ്രയണാതുരമായ ഒരു മനസോ, കവി ഹൃദയമോ, ഒരു ശാസ്ത്രജ്ഞന്റെ അന്വേഷണ ത്വരതയോ ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ നഷ്ടപ്പെടുന്നതുകൊണ്ടോ ആവുമോ അത്?

ദൃശ്യവിസ്മയം തീർക്കുന്ന നിറക്കൂട്ടുകളുടെ മിശ്രണമാണ് പ്രപഞ്ചമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. കണ്ണുകളെ കുളിർമയിൽ കൊള്ളിക്കുന്ന അതിന്റെ ആകാരത്തെ മാറ്റിനിർത്തിയാൽ, നിർജീവമായ കല്ലും മണ്ണും, ഇതര വാതകങ്ങളും ചേർന്ന് സൃഷ്ടിക്കപ്പെട്ട അതിഭീമൻ പദാർത്ഥ കൂമ്പാരം മാത്രമാണ് ഈ പ്രപഞ്ചം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഏതൊരു രാത്രിയെയും പ്രണയാതുരമാക്കുന്ന ചന്ദ്രനിൽ ഒരാഴ്ചയെങ്കിലും ആവേശപൂർവം ചെലവഴിക്കാൻ നമുക്കാവില്ലെന്ന് തോന്നുന്നു. കാരണം, അവിടെ കല്ലും മണ്ണുമല്ലാതെ മറ്റൊന്നും തന്നെയില്ല. ശൂന്യതയിൽ പൊന്തിക്കിടക്കുന്ന അതിഭീമന്മാരായ ഇതര ഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമൊന്നുമല്ല. എങ്കിലും അകലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അവ നമ്മേ ആകർഷിക്കുന്നു, ഭൌതികമായും നൌസർഗികമായും. അവയുടെ ജ്വലനം നമ്മെ കണ്ണഞ്ചിപ്പിക്കുന്നു. പക്ഷേ, അടുത്ത് ചെല്ലുമ്പോൾ അവ വിരസമായ മരുഭൂമികൾ മാത്രം. പ്രപഞ്ചത്തെ ക്കുറിച്ചുള്ള സൌന്ദര്യസങ്കൽ‌പ്പങ്ങളിൽ, അതിലെ അനന്തമായ വിരസതയെ കുറിച്ച് മാത്രം ആരും പ്രതിപാദിച്ച് കാണാത്തത് എന്തുകൊണ്ടാണ്?

ഏതായാലും, വിരസമായ ആകാശ ഗോളങ്ങളിലൂടെ അനാദി മുതൽ പ്രാപഞ്ചിക യാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഈശ്വരന്റെ കാര്യത്തെ കുറിച്ച് ഞാനാലോചിച്ച് നോക്കുകയാണ്. അറുബോറൻ യാത്രകൾ അദ്ദേഹത്തെ ഇതിനോടകം ഒരു അറുബോറൻ ആക്കീട്ടുണ്ടാവണം. അല്ലെങ്കിൽ, പ്രാപഞ്ചിക യാത്രയ്ക്കുള്ള സഞ്ചിയും സാമഗ്രികളും എവിടെയെങ്കിലും കുഴിച്ചുമൂടി ബോറടി മാറ്റാൻ പണ്ടേ തന്നെ അദ്ദേഹം ഭൂമിയിൽ സ്ഥിരതാമസമാക്കീട്ടുണ്ടാവണം. അതിനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്. അങ്ങനെ, ആരുമറിയാതെ ഭൂമിയിൽ സ്വയം ഒതുങ്ങിക്കൂടിയ ആ ഈശ്വരനെ തേടിയാണ് ഞാനും നമ്മളും നടക്കേണ്ടത്. അവൻ ആരുടെയോ വേഷത്തിൽ നമുക്കിടയിൽ ചുറ്റിത്തിരിയുന്നുണ്ട്...