Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, March 8, 2014

Holy Hell: ഒരു അവലോകനം

ഞാനിതുവരെ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാളാണ് മാതാ അമൃതാനന്ദമയീ. അവരെ കുറിച്ച് എന്തൊക്കെ പരാമർശങ്ങളാണ് ഇന്റർനെറ്റിലും ഇതര മാധ്യമങ്ങളും കൂടി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നത്...!!! ഇതിനെല്ലാം തിരി കൊളുത്തിയതാവട്ടെ അവരുടെ തന്നെ ദീർഘകാല പേർസണൽ അസിസ്റ്റന്റായിരുന്ന ഗെയിൽ ട്രെഡ്‌വെൽ എന്ന ഓസ്ട്രേലിയൻ യുവതിയും... കാര്യങ്ങൾ തലയ്ക്ക് മുകളിൽ പോകുന്നുവെന്ന് കണ്ടപ്പോൾ തീർത്തും കൌതുകത്തിന്റെ പുറത്താണ് Holy Hell എന്ന പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. നമ്മളും കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമല്ലോ!! പുസ്തക വായന പകുതിയായപ്പോൾ തന്നെ മനസിൽ കരുതിയതാണ്.... ഒരു സത്യാന്വേഷിയെന്ന നിലയിൽ ആ പുസ്തകത്തിന് ഒരു നിരൂപണം എഴുതണമെന്ന്, ഗെയിൽ എന്ന സ്ത്രീയുടെ ആത്മീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമെന്ന നിലയിൽ...

ഇതൊരു പക്ഷപാതരഹിതമായ ഒരു നിരൂപണമാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെടുന്നില്ല. കാരണം, മാതാ അമൃതാനന്ദമയിയെ ഒരു ശരാശരി സ്ത്രീയായിട്ടല്ല, മറിച്ച് അവരെ ഒരു ഗുരുവായി അംഗീകരിച്ചുകൊണ്ടാണ് ഞാനെന്റെ നിരൂപണം നടത്തുന്നത്. ആ നിലപാട് അത്യന്താപേക്ഷിതവുമാണ്. കാരണം, എങ്കിൽ മാത്രമേ ഗെയിലിന്റെ അഭിപ്രായങ്ങളെയും ആശ്രമജീവിതത്തെയും ആത്മീയ പുരോഗതിയെയും വിലയിരുത്താൻ നമുക്ക് സാധിക്കുകയുള്ളൂ... കൃത്യമായി പറഞ്ഞാൽ “ഗെയിലിന്റെ ഗുരു” എന്ന നിലയിലാണ് അമൃതാനന്ദമയിയെ ഞാൻ അവതരിപ്പിക്കുക. അത് സത്യവുമായിരുന്നല്ലോ! 20 വർഷം അവർ ഗെയിലിന്റെ ഗുരു തന്നെയായിരുന്നു. ഏതായാലും, പുസ്തക വായനയിലൂടെ കടന്നുപോയ രണ്ട് ആഴ്ചക്കാലം എന്റെ മനസിനെ ഭരിച്ച ചില ചിന്തകൾ ഞാൻ കുറിക്കുകയാണ്.

1. കൂട്ടുകാരനൊപ്പം നടത്തിയ വിദേശ പര്യടനത്തിനിടയിൽ, ഭാരതത്തിന്റെ ആദ്ധ്യാത്മീയ പൈതൃകത്തിലേക്ക് ആകൃഷ്ടയാവുകയും, പിന്നെ തിരുവണ്ണാമലയിലും അതിനെ തുടർന്ന് വള്ളിക്കാവിലും സ്ഥിരതാമസമാക്കിയ ഒരു യുവതിയാണ് ഗെയിൽ എന്ന ഗായത്രി. നിരന്തര ധ്യാനത്തിലൂടെയും സാധനയിലൂടെയുമുള്ള ആത്മാന്വേഷണം... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം, തുടക്കത്തിൽ. എന്നാൽ, കാലക്രമേണ ധ്യാനിക്കാൻ പോലും സമയമില്ലാത്ത വിധം ആശ്രമത്തിലെ ലൌകീക കാര്യങ്ങളിൽ മുഴുവൻ സമയവും ചിലവഴിക്കുന്ന/പാഴാക്കുന്ന ഒരു അന്തേവാസിയായി തരം‌താഴുന്ന/പരിവർത്തനം ചെയ്യുന്ന ഒരു ഗെയിലിനെ ആ പുസ്തകത്തിലൂടെ വ്യസന സമേതം നമുക്ക് കാണാനാവും. പാചകം ചെയ്യാനും തുണിയലക്കാനും വേണ്ടിയാണോ ആത്മാന്വേഷണമെന്ന പേരിൽ ഗെയിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്? അതൊക്കെ ചെയ്യാൻ എത്രയോ ആളുകളുണ്ട്. ഗെയിൽ ഇല്ലെങ്കിൽ കൂടി, ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ആ ജോലികൾക്ക് വേണ്ടി അവർ പാഴാക്കിക്കളഞ്ഞത് വിലപ്പെട്ട 20 വർഷങ്ങളായിരുന്നുവെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. കാരണം, ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമേയല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് യഥാർത്ഥ ആത്മീയാന്വേഷണത്തെ കുറിച്ച് ഗെയിൽ പൂർണ്ണമായും വിസ്മരിച്ചു എന്നാണ് പുസ്തക വായനയ്ക്കിടയിൽ എനിക്ക് മനസിലായത്. അവിടെയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്നും ഞാൻ കരുതുന്നു. [ആശ്രമ ജോലികൾ ചെയ്തും, അമ്മയെ നിരന്തരം സേവിച്ചും ഭക്തിമാർഗത്തിലൂടെ ആത്മസമർപ്പണം ചെയ്ത് സത്യം മനസിലാക്കാൻ ഗെയിൽ നടത്തിയ ശ്രമം തെറ്റാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ആ ഭക്തിമാർഗത്തെ സന്തുലിതാവസ്ഥയിൽ നിർത്തുന്ന ജ്ഞാനമാർഗം (ധ്യാനം) ഗെയിലിന്റെ ജീവിതത്തിൽ അമ്പേ ഇല്ലാതെ പോയി എന്ന് മാത്രമേ ഞാൻ സൂചിപ്പിക്കുന്നുള്ളൂ...]

ഗെയിലിന്റെ ആശ്രമ ജീവിതത്തിൽ സംഭവിച്ച, ആത്മാന്വേഷണത്തിൽ നിന്ന് അനാവശ്യ കാര്യങ്ങളിലേക്കുള്ള മൂക്കിടിച്ച് വീഴലിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എനിക്ക് ഓർമ്മ വരുന്ന ബൈബിളിലെ ഒരു കഥ പറയാതിരിക്കാൻ തോന്നുന്നില്ല. മാർത്താ - മറിയം എന്ന് പേരുള്ള രണ്ട് സഹോദരിമാരുടെ കഥയാണ് അത്. യേശു വചനം പ്രഘോഷിച്ച് ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ മാർത്താ എന്ന് പേരുള്ള ഒരു സ്ത്രീ യേശുവിനെ അവളുടെ വീട്ടിലേക്ക് ആനയിക്കുന്നു. അവിടെ അവൾക്ക് മറിയ എന്നൊരു സഹോദരി ഉണ്ടായിരുന്നു. യേശു വീട്ടിലെത്തിയപ്പോൾ മറിയ അവന്റെ കാൽക്കൽ ഇരുന്ന് ഓരോ കാര്യങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു. മാർത്തയാവട്ടെ, യേശുവിന്റെ ശുശ്രൂഷിക്കുന്നതിന് അടുക്കളയിൽ തിരക്കിലും. കുറച്ച് കഴിഞ്ഞപ്പോൾ ക്ഷമ നശിച്ച മാർത്താ യേശുവിനെ സമീപിച്ച് മറിയത്തെ കൂടി അടുക്കള ജോലിയിൽ തന്നെ സഹായിക്കാൻ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ യേശു പറയുന്ന ഒരു വചനമുണ്ട്: “മാർത്തയേ, മാർത്തയേ..., നീ പല കാര്യങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലയായിരിക്കുന്നു. അതിന്റെയൊന്നും ആവശ്യമേയില്ല. മറിയ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

മാർത്തയെ പോലെ, ഗെയിലും അനാവശ്യ കാര്യങ്ങളാണ് തിരഞ്ഞെടുത്തതെന്ന് സംശയലേശമന്യേ പറയാനാവും. അത് പല വിധത്തിൽ അമൃതാനന്ദമയി തന്നെ വ്യക്തമാക്കുന്നതായി ഗെയിലിന്റെ പുസ്തകത്തിൽ തന്നെ കാണാൻ കഴിയും. തനിക്കൊരു ജോലിക്കാരിയുടെ ആവശ്യമില്ലെന്ന് കർക്കശമായി അമൃതാനന്ദമയി തന്നെ പറയുന്നുണ്ട്, പലപ്പോഴും. പക്ഷേ, അപ്പോഴെല്ലാം അവയുടെ ശരിയായ അർത്ഥം മനസിലാക്കാതെ, സ്വന്തം വ്യാഖ്യാനങ്ങൾ കണ്ടുപിടിച്ച് ഗെയിൽ അവരെ ധിക്കരിക്കുന്നതായും കാണാം. അപ്പോഴെല്ലാം അമൃതാനന്ദമയി അവരെ "crazy" എന്ന് വിശേഷിപ്പിക്കുന്നു. പശ്ചാത്യ പാരമ്പര്യത്തിൽ നിന്ന് വന്ന ഗെയിൽ ഒരു workaholic ആയി മാറിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി (objective) സമീപിക്കുന്ന, വ്യവസ്ഥാപിതമാക്കാൻ (organized) ശ്രമിക്കുന്ന പ്രവണത എല്ലാ പാശ്ചാത്യരുടെയും രക്തത്തിലുണ്ട്. പ്രായോഗിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ ഗുണങ്ങൾ ആത്മീയ ജീവിതത്തിൽ, പ്രത്യേകിച്ച് ഗുരുവുമൊന്നിച്ചുള്ള ജീവിതത്തിൽ തലവേദന സൃഷ്ടിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. തന്നെയുമല്ല, കുശവന്റെ കൈകളാൽ മൺകുടമായി രൂപാന്തരം പ്രാപിക്കാൻ സ്വയം നിന്നുകൊടുക്കുന്ന കളിമണ്ണുപോലെ, സ്വന്തം ഗുരുവിന്റെ മുന്നിൽ സകലവും അർപ്പിച്ച് സ്വയം തച്ചുടയ്ക്കപ്പെടാൻ നമ്രമുഖിയായി നിന്നുകൊടുക്കാൻ ഗെയിലിന്റെ ഈഗോ അവരെ "പൂർണ്ണമായി" അനുവദിച്ചിരുന്നില്ല എന്നതും [She was always rebellious. മനസിന്റെ വിപ്ലവാത്മകതയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാനുള്ള കഴിവ് അവർക്ക് ധ്യാനത്തിലുടെ നേടാനായില്ലെന്നും നാം നേരത്തെ കണ്ടു], ഗെയിലിനെ ഭരിച്ച ഈഗോയെ ഇല്ലായ്മ ചെയ്യാൻ ഒരു ഗുരു എന്ന നിലയിൽ അമൃതാനന്ദമയി നടത്തിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും, ആ പരാജയങ്ങളുടെ പരിണിതഫലമാണ് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ആരോപണങ്ങളെന്നും പുസ്തകം വായനക്കിടെ നമുക്ക് മനസിലാവും.

2. സുദീർഘമായ രണ്ട് പതിറ്റാണ്ടുകൾ അമ്മയെ രാപ്പകലോളം സേവിച്ചും, വിദേശ യാത്രകൾ അടക്കമുള്ള വിവിധ ആശ്രമ ജോലികളിൽ ഏർപ്പെട്ടും കഴിച്ചുകൂട്ടിയ ഗെയിൽ അടുത്തും അകലത്തും നിന്നുമായി മാതാ അമൃതാനന്ദമയുടെ അകവും പുറവും പൂർണ്ണമായി മനസിലാക്കി എന്നാണ് പുസ്തകത്തിലുടനീളം ഗെയിൽ അവകാശപ്പെടുന്നത്. ഒരു വ്യക്തിയെ ഏറെക്കുറേ പൂർണ്ണമായി ഗ്രഹിക്കാൻ 20 വർഷങ്ങൾ ധാരാളം മതിയെന്നും അവർ പറയുന്നു. അമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായി 20 വർഷം കഴിച്ചുകൂട്ടിയ ഒരാൾക്ക് ഇത് പറയാനുള്ള ആധികാരികത ഉണ്ടെന്ന് തന്നെ നമുക്ക് സമ്മതിക്കാം. എന്നിരിക്കിലും, ഒരാളെ പൂർണ്ണമായി മനസിലാക്കാൻ അയാളുടെ കൂടെ വർഷങ്ങളോളം കൂടെ താമസിച്ചാൽ മതിയെന്ന് പറയുന്ന വാദം തീർത്തും അസ്വീകാര്യമാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയായിരുന്നെങ്കിൽ, പതിറ്റാണ്ടുകളോളം കിടപ്പറ പങ്കിട്ട് ജീവിക്കുന്ന ഭൂമിയിലെ എല്ലാ ഭാര്യാഭർത്താക്കന്മാരും പരസ്പരം പൂർണ്ണമായും മനസിലാക്കിയവാരായിരിക്കണം. കിടപ്പറ പങ്കിടുന്നവർക്ക് പോലും പരസ്പരം പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്നില്ലിരിക്കേ, ഒരു ശിഷ്യ സ്വന്തം ഗുരുവിനെ മനസിലാക്കി എന്നുപറയുന്നതിൽ യാതൊരു അർത്ഥവും ഞാൻ കാണുന്നില്ല. തന്നെയുമല്ല, ലോകത്തിലെ ഒരു ശിഷ്യനും സ്വന്തം ഗുരുവിനെ പൂർണ്ണമായി മാനസിലാക്കി എന്ന് അവകാശപ്പെടില്ല. ശിഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനവുമാണത്. ഇതിൽ നിന്നുതന്നെ, ഗെയിലിന് മാതാ അമൃതാനന്ദമയിയോടുണ്ടായിരുന്ന ബന്ധം ഉപരിപ്ലവമായിരുന്നെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. 20 വർഷം കുടെ നടന്ന് എന്തൊക്കെയോ ചെയ്തുവെന്നല്ലാതെ, സ്വന്തം ഗുരുവിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ഗെയിലിന് ഒട്ടും സാധിച്ചിട്ടില്ല. ക്രിസ്തുവിന്റെ കൂടെ പണം പിരിക്കാനും കാശുണ്ടാക്കാനുമായി കുറേക്കാലം ഒറ്റുകാരൻ യൂദാസ് നടന്നതുപോലെ. അങ്ങനെയുള്ള ഒരാൾക്ക് അങ്ങനെയാണ് അമൃതാനന്ദമയിയെ വിചാരണ ചെയ്യാൻ കഴിയുക? അവരുടെ ആത്മീയ ദൌത്യത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക?

ഇതിനൊരു രസകരമായ മറ്റൊരു വശം കൂടിയുണ്ട്. ഭൂമുഖത്ത് ജീവിച്ച ഗുരുക്കന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അകലെ നിൽക്കുന്നവർ മനസിലാക്കിയതിന്റെ പകുതി പോലും കൂടെ നടക്കുന്നവർ ഗുരുവിനെ കുറിച്ച് മനസിലാക്കിയിരുന്നില്ല എന്ന് നമുക്ക് കാണാനാവും. കൂടെ നടക്കുന്നവർക്ക് എല്ലാം മനസിലായിരുന്നെങ്കിൽ ബുദ്ധന്റെ കൂടെ നടന്ന എല്ലാവരും ബുദ്ധന്മാർ ആവുമായിരുന്നില്ലേ? ക്രിസ്തുവിനോടൊപ്പം നടന്ന എല്ലാവരും ക്രിസ്തുമാർ ആവുമായിരുന്നില്ലേ? കൂടെ നടക്കുന്നവരാണ് പലപ്പോഴും ഒറ്റുകാരാവുന്നതെന്നതാണ് ഇതിലെ മറ്റൊരു രസകരമായ സംഗതി. ഇക്കാരണങ്ങൾകൊണ്ടുതന്നെ, "കുറേ കാലം കൂടെ കഴിഞ്ഞു" എന്ന ഒറ്റ കാരണം കൊണ്ട് മാതാ അമൃതാനന്ദമയി എന്ന ഗുരുവിനെ കുറിച്ച് അഭിപ്രായം പറയാൻ താൻ എന്തുകൊണ്ടും യോഗ്യയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമായിട്ടേ എനിക്ക് കരുതാൻ കഴിയുന്നുള്ളൂ... ഭാരതീയ പൈതൃകത്തിനും, ഗുരു സങ്കൽ‌പ്പങ്ങൾക്കും വിരുദ്ധമായ ഒരു കാര്യമാണത്. പിന്നെ, ഇതിൽ അത്ഭുതപ്പെടാനും ഒന്നുമില്ല താനും. ചരിത്രം ആവർത്തിക്കപ്പെടുന്നു, അത്ര മാ‍ത്രം!

3. മുകളിൽ ഞാൻ പ്രസ്ഥാവിച്ച രണ്ടുകാര്യങ്ങളും, സത്യാന്വേഷിയായ ഒരു യഥാർത്ഥ ശിഷ്യയ്ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സ്വഭാവ സവിശേഷതകൾ ഗെയിലിന് ആർജിച്ചെടുക്കാൻ കഴിയാതെ പോയി എന്നതിന്റെ തെളിവായി നിലനിൽക്കുമ്പോൾ, ഭാരതീയ ഗുരു-ശിഷ്യ സങ്കൽ‌പ്പങ്ങളെ കുറിച്ച് ഒന്നും മനസിലാക്കാത്ത സ്ഥിതി നിലനിൽക്കുമ്പോൾ, ഇതിൽക്കൂടുതൽ എന്തെങ്കിലും എഴുതിയിട്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, ചില വിഷയങ്ങൾ പറയാതെ വയ്യ.

അമൃതാനന്ദമയിക്കെതിരെ ഗെയിൽ നടത്തുന്ന ഏറ്റവും വലിയ ആരോപണമാണ് അവർക്ക് സ്വന്തം ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന ലൈംഗിക ബന്ധം. എന്നെ സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. കാരണം, ഗുരുക്കന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾ ഒരു പുത്തൻ സംഭവമേ അല്ല എന്നുള്ളതുകൊണ്ടുതന്നെ. ലൈംഗിക ആരോപണങ്ങൾ അഭിമുഖീകരിക്കാത്ത എത്ര ഗുരുക്കന്മാർ ഉണ്ടാവും ചരിത്രത്തിൽ? അക്കൂട്ടത്തിലെ വിവാദ പുരുഷന്മാരായ സത്യ സായി ബാബയെയും, ഓഷോയുമെല്ലാം തൽക്കാലം മാറ്റി നിർത്താം. എല്ലാവരാലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരാളാണെല്ലോ ശ്രീ നാരായണ ഗുരു. അദ്ദേഹം ഒരു സ്വവർഗഭോഗിയാണെന്നും, ആശ്രമത്തിലെ ബാലന്മാരെ അദ്ദേഹം ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നുവെന്നത് നാം മറക്കാൻ പാടില്ല. ക്രിസ്തുവിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് ഞാൻ തൽക്കാലം കടക്കുന്നില്ല. പറഞ്ഞുവന്നത് എന്താന്നുവച്ചാൽ, ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതുകൊണ്ട് മാത്രം അവ സത്യമാവണമെന്നില്ല.

ഇനി, അവ സത്യമാണെന്ന് തന്നെ ഇരിക്കട്ടെ! അമൃതാനന്ദമയി ശിഷ്യന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുവെന്നാണെല്ലോ ഗെയിലും പറയുന്നത്. അപ്പോൾ? വളരെ ശക്തമായി ലൈംഗിക വേഴ്ച കണ്ടൂവെന്ന് ഗെയിൽ പറയുന്നതുകൊണ്ട് അതിൽ സത്യമുണ്ടെന്ന് തന്നെ ധരിക്കാം. അങ്ങനെ ധരിച്ചാൽ തന്നെ, അത് അമൃതാനന്ദമയിയ്ക്ക് ഒരു കളങ്കമായി ഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല [വിവരമില്ലാത്തവർ അങ്ങനെ ധരിക്കുമെങ്കിലും.]. അതിനുള്ള കാരണങ്ങൾ പലതാണ്.

ലൈംഗികതയും ലൌകിക വസ്തുക്കളോടുള്ള താല്പര്യവും ആത്മീയതയ്ക്ക് വിരുദ്ധമാണെന്ന കാഴ്ചപാട് മനുഷ്യമനസുകളിൽ അടിച്ചേൽ‌പ്പിച്ചത് ക്രിസ്ത്യൻ മിഷണറിമാരാണെന്നതാണ് സത്യം. ആ കാഴ്ചപ്പാട് ഇന്ന് വളരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭാരതീയ ആത്മീയതയിൽ ലൈംഗികതയെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അതുകൊണ്ടുതന്നെയാണ് “കാമസൂത്ര” പോലുള്ള മഹത്ഗ്രന്ഥങ്ങൾ ഭാരതത്തിൽ ഉടലെടുത്തത്. ഒരു സാധകനെ/ശിഷ്യനെ സംബന്ധിച്ചിടത്തോളം, സ്വന്തം ഈഗോയെ നിയന്ത്രിക്കാനുള്ള പരിശീലനങ്ങളുടെ ഭാഗമായി വിഷയാസക്തികളിൽ നിയന്ത്രണം വയ്ക്കേണ്ടത് ആവശ്യമാണെങ്കിലും, ആത്മാന്വേഷണം എന്ന കടമ്പ കടന്ന ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം, ഇത്തരം നിബന്ധനകൾ അയാൾക്ക് ബാധകമേയല്ല. അതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യത്യാസം. രോഗിയ്ക്കാണ് ഔഷധത്തിന്റെ ആവശ്യം; രോഗമില്ലാത്ത ആൾക്ക് ഔഷധം എന്തിനാണ്? ലൈംഗീകതയ്ക്കും വിഷയാസക്തികൾക്കും അതീതനായ ഗുരുവിന് അത്തരം ശാരീരിക പ്രവണതകളിൽ അടിമപ്പെട്ടുപോവാതെ തന്നെ, അവയെ പൂർണ്ണമായി അനുഭവിക്കാനും വേണമെങ്കിൽ പൂർണ്ണമായി ഉപേക്ഷിക്കാനും ബോധപൂർവം സാധിക്കും. എന്നാൽ ഒരു ശിഷ്യന്റെ കാര്യം അങ്ങനെയല്ല. അവന് വിഷയാസക്തികളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ടാണ്, അക്കാര്യങ്ങളിൽ അച്ചടക്കം വേണമെന്ന് പറയുന്നത്. എന്നാൽ ഈ അച്ചടക്കം ഗുരുവിന് ബാധകമല്ല.

കുറേ കൂടി വ്യക്തമായി പറഞ്ഞാൽ, ഗുരുവിന് ഒന്നും നിഷിദ്ധമല്ലന്ന്... അത് ലൈംഗിക ആയാലും, മറ്റെന്തായാലും... അതുകൊണ്ടുതന്നെ, അമൃതാനന്ദമയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല. ക്രിസ്തുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് തെളിഞ്ഞാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല [വിവരദോഷികളും അല്പവിശ്വാസികളും ചിലപ്പോൾ അസ്വസ്ഥരായേക്കാം]. സിദ്ധാർത്ഥൻ ബുദ്ധനായ ശേഷം കിടപ്പറ പങ്കിട്ടത് സ്ത്രീകൾക്കൊപ്പമായിരുന്നെന്ന് പറഞ്ഞാലും, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാജി കുമാരിമാർക്കൊപ്പമാണ് കിടന്നുറങ്ങിയതെന്ന് ആരോപിച്ചാലും ഒരു സാധകനെ സംബന്ധിച്ച് ഒരു കുന്തവുമില്ല. കാരണം, ലൈംഗികത നിഷിദ്ധമാണെന്ന് ആരാണ് പറഞ്ഞത്? ഇതൊക്കെ പാശ്ചാത്യ മിഷണറിമാർ അടിച്ചേൽ‌പ്പിച്ച ചിന്താഗതികളല്ലേ?

പണ്ട് ഞാനെന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി: “ബോധോദയം (enlightenment) നേടിയ യോഗികൾ രാത്രി ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ?” അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: “തൂറിയിട്ട് യോഗി കുണ്ടി കഴുകാറുണ്ടോ എന്ന് ചോദിക്കുന്നത് പോലെയുണ്ട് തന്റെയീ ചോദ്യം.” ഒരു യോഗി സ്വപ്നം കാണാറില്ലെന്ന് കരുതാൻ എന്താണ് കാര്യം? തീർത്തും അജ്ഞത മാത്രമല്ലേ ആ ചോദ്യത്തിന് പിന്നിൽ? അതേ അജ്ഞതയാണ് ഒരു യോഗി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് പറയുന്നതിന് പിന്നിലും. മാനുഷികമായ ക്രിസ്ത്യൻ മാനദണ്ഡങ്ങൾ കൊണ്ട് യോഗികളെ അളക്കാൻ ശ്രമിക്കുന്നത് വിവരക്കേടാണ്. അതേ വിവരക്കേടാണ് ഗെയിൽ സ്വന്തം പുസ്തകത്തിലുടനീളം ചെയ്തിരിക്കുന്നത്.

ഗുരുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വ്യക്തി ജീവിതമോ ലൈംഗികതയോ ആവാൻ പാടില്ല എന്നതാണ് ഇവിടുത്തെ വലിയ പാഠം. അവയെ ചികയാൻ പോകുന്നവർ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടുകയേയുള്ളൂ, ഗെയിലിനെ പോലെ. കാരണം, തന്റെയുള്ളിൽ പ്രകാശിക്കുന്ന സത്യത്തിന്റെ ജ്വാലയെ മറച്ചുപിടിക്കാൻ യോഗികൾ പലപ്പോഴും ഉപയോഗിക്കുന്നത് മായികമായ ഇത്തരം വൈരുദ്ധ്യങ്ങളെയോ, ദൌർബല്യമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പ്രവണതകളെയോ ആയിരിക്കും. പതിരിൽ നിന്ന് കതിരിനെ വേർതിരിക്കാനും, ആവശ്യമുള്ളവരെ മാത്രം കൂടെ നിർത്താനും ഗുരു ചിലപ്പോൾ പല “തറ” പരിപാടികളും കാണിച്ചെന്നിരിക്കും. അവയെയൊന്നും സ്വന്തം ആത്മാന്വേഷണത്തെ ബാധിക്കുന്നില്ലെന്ന് മനസിലാക്കി, അവയെ അവഗണിച്ച്, വിശ്വാസപൂർവം കൂടെ നിൽക്കുന്നവർക്ക് മാത്രമേ അക്ഷയമായ ജ്ഞാനത്തിന്റെ താക്കോൽ ഗുരു നൽകാറുള്ളൂ. ഏതായാലും, ഗെയിലിന്റെ Holy Hell എന്ന പുസ്തകം അമൃതാനന്ദമയിക്കോ ഇന്ത്യൻ ആത്മീയതയ്ക്കോ ഏറ്റ കനത്ത തിരിച്ചടിയാണെന്നൊന്നും ഞാൻ കരുതുന്നില്ല. ചിലപ്പോൾ കുറച്ച് വിവരദോഷികൾ അങ്ങനെ ധരിക്കുന്നുണ്ടാവാം. മറ്റുചിലർ ഊറിച്ചിരിക്കുന്നുണ്ടാവാം, എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടാവാം. അല്ലെങ്കിലും വിവരദോഷികൾക്ക് എന്താ ചെയ്യാൻ പാടില്ലാത്തത്?

നിർത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി.... ഏതൊരു സത്യാന്വേഷിയും നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Holy Hell. "ഒരു സാധകൻ എങ്ങനെ ആയിരിക്കാൻ പാടില്ല" എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം... ഒപ്പം ഗെയിലിന്റെ ജീവിതവും!




Saturday, May 19, 2012

മതവും പരിണാമവും

അക്കാഡമിക് തലത്തിലും അല്ലാതെയുമായി, കഴിഞ്ഞ 12 വർഷത്തെ തത്വശാസ്ത്രപഠന കാലത്തിനിടയിൽ 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അത്തരം ഒട്ടുമുക്കാൽ സന്ദർഭങ്ങളിലും, മതത്തെക്കാളേറെ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ് അധികമെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾ...! മതങ്ങൾ കാലഹരണപ്പെട്ടുപോയെന്നും, ജീവിതത്തെയും അതിന്റെ നൂലാമാലകളെയും കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രം തന്നെ ധാരാളം മതിയെന്നുമുള്ള ചിന്തകൾ യുവാക്കൾക്കിടയിൽ അന്നും ഇന്നും ശക്തമാണ്. ഈ വാർത്തമാനകാലത്തിൽ, ശാസ്ത്രത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ ശാസ്ത്രത്തിന് നൽകാൻ കഴിയുമെന്നും, അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നുമുള്ള അവരുടെ വാദങ്ങൾ ശ്രദ്ധേയമാണ്. ഈ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിപ്പോകുന്നവരാണ് ഭൂരിപക്ഷം മത പണ്ഡിതന്മാരും.

ശാസ്ത്രം ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുകയാണ്, ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ ഉത്തരം നൽകാൻ പര്യാപ്തവുമാണ്. എല്ലാം സമ്മതിക്കുന്നു...! എന്നാൽ ഇതിന്റെ അർത്ഥം ശാസ്ത്രം മാത്രമേ വികാസം പ്രാപിക്കുന്നുള്ളൂ എന്നോ, മതത്തിന് അത്തരമൊരു കഴിവില്ല (static) എന്നോ അല്ല. മതവും ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുന്ന ഒന്നാണ്. എന്നാൽ, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം പേരും മതത്തിന്റെ ഈ ചലനാത്മകതെ മനപ്പൂർവം വിസ്മരിക്കുകയോ, നിസാരമായി കാണുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.... മതത്തിന് വളർച്ചയില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. (മതം എന്നതുകൊണ്ട് ഞാനിവിടെ അർത്ഥമാക്കുന്ന സ്ഥാപിതവൽക്കരിക്കപ്പെട്ട ഏതെങ്കിലുമൊരു സംവിധാനത്തെ അല്ലെന്നും, മനുഷ്യന്റെ ആത്മീയ ബോധത്തെയാണെന്നും (Religious Consciousness) എടുത്ത് പറയുകയാണ്.)

നമുക്കൊരു നിമിഷം ചരിത്രം പരിശോധിക്കാം... മനുഷ്യന്റെ ആത്മീയ ബോധം നൂറ്റാണ്ടുകളിലൂടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. ആ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല; അവസാനിക്കുകയുമില്ല. ശിലായുഗത്തെ മനുഷ്യനെയും ആധുനിക മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രാകൃതമായ വിശ്വാസങ്ങളിൽ നിന്ന് അദ്വൈതം വരെയുടെ ഉദാത്തമായ ചിന്തകളിലേക്ക് മനുഷ്യബോധത്തിന് വളരാൻ സാധിച്ചെങ്കിൽ, ഈ ബോധം ഇനിയും പക്വത പ്രാപിക്കുമെന്നും, മുമ്പില്ലാത്ത വിധം കുറേ കൂടി വ്യക്തമായ ഉൾക്കാഴ്ചകൾ മനുഷ്യകുലത്തിന് ലഭിക്കത്ത വിധം നിർണ്ണായകമായ വെളിപാടുകൾ സംഭവിക്കുമെന്നുമാണ് എന്റെ ആഴമായ വിശ്വാസം. യേശുവിന്റെയും, നബിയുടെയും ശങ്കരാചാര്യരുടെയും ജനനത്തോടെ മനുഷ്യന്റെ ആത്മീയബോധത്തിന് പുത്തൻ ഉണർവും കുതിച്ചുചാട്ടവും സംഭവിച്ചതുപോലെ, ഇനിയും അത്തരം പ്രതിഭാസങ്ങൾ സംഭവിച്ച് കൂടായ്കയില്ല. പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബോധത്തിന്റെ അടുത്ത നിർണ്ണായക വഴിത്തിരിവ് (turning point) എന്ന നിലയിൽ, മനുഷ്യൻ കുറേ കൂടി കാര്യങ്ങൾ സ്പഷ്ടമായി മനസിലാക്കാൻ കഴിയുന്ന ഒരു ഉന്നത ജീവിയായി (Higher Species) വളർന്നുകൂടായ്കയില്ല.

ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തിൽ 25 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ് ഇന്നത്തെ മനുഷ്യൻ. (എന്തിനേറെ പറയുന്നു... നമ്മളെ കടത്തിവെട്ടുന്നവരാണ് നമ്മുടെ മക്കൾ.) വെറും 25 വർഷത്തിനുള്ളിൽ ജീവിച്ചിരുന്ന രണ്ട് തലമുറകൾ തമ്മിൽ ഇത്രയേറെ വ്യത്യാസം പ്രകടമാണെങ്കിൽ, 500 വർഷത്തിന് ശേഷം ജീവിക്കാനിരിക്കുന്ന മനുഷ്യരുടെ സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.... മനുഷ്യബോധത്തിന്റെ (Human Consciousness) ഈ സാധ്യത ആത്മീയബോധത്തിന്റെ (Religious Consciousness) സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല കാൽപ്പനിക സിനിമകളിലും കാണാറുള്ളതുപോലെ, അന്യഗ്രഹ ജീവികൾക്ക് സമാനമായ ഗ്രഹണശേഷിയോ (Extrasensory Perception - ESP) ബൃഹത്തായ തലച്ചോറോ മനുഷ്യനിൽ വികാസം പ്രാപിക്കുകയാണെങ്കിൽ, മതത്തിലെ കീറാമുട്ടികളെന്ന് കരുതപ്പെടുന്ന അദ്വൈത പോലുള്ള സിദ്ധാന്തങ്ങൾ പുഷ്പം പോല മനസിലാക്കാൻ ഈ Higher Species-ന് ഒരുപക്ഷേ കഴിഞ്ഞേക്കും.... 500 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടികൾ നേഴ്സറി സ്ക്കൂളിൽ പഠിക്കുന്നത് ഒരുപക്ഷേ Quantum Mechanics-ഉം, Theory of Relativity-യും, Space and Time travel-ഉം ഒക്കെയായിരിക്കും....! അതിനാൽ, മതത്തിന്റെ സാധ്യത ശാസ്ത്രത്തിൽ നിന്ന് ഒട്ടും പിന്നിലല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യേശുവിനെയും നബിയെയും ശങ്കരാചാര്യരെയും കുറിച്ച് പറയുന്നതിനിടയിൽ യാദൃശ്ചികമായാണ് പരിണാമത്തിലേക്ക് കയറിയത്. നമുക്ക് തിരിച്ച് വരാം...! സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജന്മമെടുത്ത വേദങ്ങൾ അന്തർലീനമായി കിടന്ന "അദ്വൈതം" എന്ന ചിന്താശകലത്തിന് ഇന്ന് കാണുന്ന ക്രോഡീകൃതരൂപം നൽകിയത് ശങ്കരാചാര്യരാണ്. അതിന് മുമ്പും പിമ്പും മതത്തിന് (മനുഷ്യന്റെ ആത്മീയ ബോധത്തിന്) വികാസം സംഭവിച്ചിട്ടുണ്ട്. ബുദ്ധമതം തന്നെ വിവിധ രൂപത്തിലും ഭാവത്തിലും, ഒടുവിൽ സെൻ ബുദ്ധിസമായും വിവിധ രാജ്യങ്ങളിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം മതത്തിന്റെ ചലനാത്മകതയല്ലേ സൂചിപ്പിക്കുന്നത്? അതുപോലെ, ആത്മീയ ബോധത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിക്കുകയാണെങ്കിൽ, മനുഷ്യ ബോധത്തിന് പുത്തൻ വഴിത്തിരിവുകൾ സംഭാവന ചെയ്തുകൊണ്ട് ഒട്ടനവധി യോഗികൾ രംഗപ്രവേശനം ചെയ്തതും കാണാനാവും....! സത്യം മനസിലാക്കിയ അത്തരം യോഗികളുടെ പരമ്പര ഭൂമിയിൽ അന്യം നിന്നുപോയെന്ന് കരുതാനാവില്ല. യോഗികൾ ഇനിയും പിറന്നുകൂടായ്കയില്ല. മനുഷ്യബോധത്തെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുകൂടായ്കയില്ല. ഈ സാധ്യതകൾ എല്ലാം തന്നെ, ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതെന്ന് നാം കരുതുന്ന ചലനാത്മകത മതത്തിനും ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഒരുവശത്ത് ശാസ്ത്രം വികാസം പ്രാപിക്കുമ്പോൾ, മറ്റൊരു വശത്ത് മതവും വികാസം പ്രാപിക്കുന്നുവെന്നതാണ് യാഥാർത്ഥം. വ്യത്യാസമെന്താന്ന് വച്ചാൽ, ശാസ്ത്രത്തിന്റെ വികാസം കൊട്ടിഘോഷിക്കപ്പെടുന്നു, മതത്തിന്റെ പരിണാമം കൊട്ടിഘോഷിക്കപ്പെടുന്നില്ല. ശാസ്ത്രപണ്ഡിതന്മാരുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മതത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ മതത്തിന് നൽകാൻ കഴിയും, കാരണം മനുഷ്യന്റെ ആത്മീയ ബോധം വികാസം പ്രാപിക്കുകയാണ്... അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ..."

ഉപസംഹരിക്കും മുമ്പ്.... മതവും ശാസ്ത്രവും ഒരമ്മ പെറ്റ രണ്ട് മക്കളാണെന്നതിൽ സംശയമില്ല. അവർ തമ്മിലുള്ള കലഹവും സ്വരച്ചേർച്ചകളും സ്വാഭാവികം. അതിന്റെ അർത്ഥം ആരെങ്കിലും മറ്റവനെക്കാൾ ശ്രേഷ്ഠനെന്നോ നിസാരനെന്നോ അല്ല. Let them fulfil each other! അത്രേ എനിക്ക് പറയാനുള്ളൂ...!

Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

Monday, April 2, 2012

എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)

കുറിപ്പ്: നമുക്കുണ്ടാവുന്ന അനുഭവങ്ങൾ എല്ലാം പുറത്ത് പറയരുതെന്നും, സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ/രഹസ്യങ്ങൾ പുറത്ത് പറയുമ്പോൾ മിതത്വം/വിവേകം പാലിക്കണമെന്നും എന്റെ പല സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. കാരണം, കേൾക്കുന്നവർ നമ്മേ ശരിയായി മനസിലാക്കണമെന്നില്ല, അംഗീകരിക്കണമെന്നില്ല. നല്ലതെന്ന് നാം കരുതുന്നവ ചിലപ്പോൾ ദോഷകരമായി ഭവിക്കാം, നാം പരിഹാസ്യരായി തീർന്നേക്കാം! ഏതായാലും, ആ ഭയം എനിക്കില്ല. കാരണം, എനിക്കുണ്ടായ ഒരനുഭവത്തെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമാണ് ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അതിനെ വായനക്കാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് തള്ളിക്കളയാം, നിർബാധം!

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അദ്വൈത ചിന്തകൾക്ക്, വേദ കാലഘട്ടത്തോളം! വേദങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്വൈത സത്യങ്ങളെ ക്രോഡീകരിച്ചതും, ചിട്ടയാർന്ന സംവിധാനമാക്കിയതും, അതിന്റെ ആദ്യ ബഹുജന പ്രചാരകനായതും ആദിശങ്കരനാണെന്നതിൽ സംശയമില്ല. അഹം ബ്രഹ്മാസ്മി (I am Brahman), തത്വമസി (That thou art), അയമാത്മ ബ്രഹ്മ (This Atman is Brahman) തുടങ്ങിയ അദ്വൈത ശ്ലോകങ്ങളുടെ പൊരുളും പെരുമയും ആദിശങ്കരന്റെ ജനനം കൊണ്ട് ധന്യമായ ഈ കേരളത്തിലെ ഓരോ മലയാളിക്കും സുപരിചിതമായതുകൊണ്ട് അദ്വൈത ചിന്തകളിലേക്ക് ഞാൻ കടക്കുന്നില്ല, ബോധപൂർവം! എങ്കിലും, അതിനെകുറിച്ചുള്ള എന്റെ ഒരേയൊരു വിലയിരുത്തൽ ഞാൻ പറയുകയാണ്. 2001-ൽ ആരംഭിച്ച എന്റെ തത്വശാസ്ത്ര പഠനത്തിനിടയിൽ ഒരിക്കൽ പോലും അദ്വൈത സിദ്ധാന്തത്തിലെ ഏതെങ്കിലുമൊരു കാര്യം സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതായി പറഞ്ഞ ഒരാളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല, അനന്തം സ്വാമിമാരുടെ അദ്വൈത ചിന്തകൾ കേട്ട് മടുത്തിട്ടുണ്ടെങ്കിലും! അദ്വൈതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിടവായി ഞാൻ കാണുന്നു, ഈ അനുഭവങ്ങളുടെ അഭാവം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ ഇടയിൽ തീർത്തും ബൗദ്ധിക/ആശയ തലത്തിൽ നിൽക്കുന്ന ഒന്നാണ് അദ്വൈത സിദ്ധാന്തം. അനുഭവത്തിന്റെ വെളിച്ചം അദ്വൈതചിന്തകളെ വിപ്ലവാത്മകമാക്കിയിട്ടില്ല എന്നതാണ് സത്യം! ഈ പശ്ചാത്തലത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ഒരു സ്വപ്നം പ്രാധാന്യമർഹിക്കുന്നത്, ഒന്നുമില്ലേലും വ്യക്തിപരമായ വീക്ഷണക്കോണിലൂടെ ചിന്തിക്കുമ്പോൾ...! അദ്വൈതം എന്താണെന്നും, "സർവ്വം ഒന്നാണ്" എന്ന് പറയുന്നതിന്റെ അനുഭവതലം എന്താണെന്നും വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം! വിസ്മയിപ്പിക്കുന്ന വെളിപാടായിരുന്നു അത്....! ഭാവിയിൽ വെറുതേയെങ്കിലും മറിച്ചുനോക്കാൻ ഞാനാ സ്വപ്നം ഇവിടെ അതേപടി പകർത്തുകയാണ്.

എന്റെ ഗുരുവും സുഹൃത്തുമായ ശ്രീ. കൃഷ്ണൻ കർത്തയുടെ പുളിയളക്കോണത്തുള്ള (തിരുവനന്തപുരം) സത്യസായി ആശ്രമം. ഇന്ന് കാണുന്ന ആശ്രമമല്ല സ്വപ്നത്തിലുള്ളത്. കുറച്ച് പഴക്കമുണ്ട്! ഓല മേഞ്ഞ്, വടക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ഭജനഹാൾ. ഞാൻ ഭജനഹാളിൽ ഒറ്റയ്ക്ക്! അവിടെങ്ങും ആരുമില്ല. സായംസന്ധ്യ... എങ്കിലും എങ്ങും പ്രകാശം നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് ആരുടെയോ അദൃശ്യമായ സാന്നിധ്യം ഭജനഹാളിൽ നിറയുന്നു..., അതിന്റെ ആധിക്യത്തിൽ എന്നിൽ ഭയം ജനിക്കുന്നു. ഭയം മൂലം ഞാൻ പെട്ടെന്ന് ഭജനഹാളിൽ നിന്ന് പുറത്തിറങ്ങുന്നു, പിന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഹാളിനുള്ളിൽ എന്റെ ബാഗ് വച്ച് മറന്ന കാര്യം ഞാൻ ഓർമ്മിക്കുന്നത്. ഞാൻ നിൽക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തിരിക്കുന്ന ബാഗിനെ അഴികൾക്കുള്ളിലൂടെ എനിക്ക് കാണാം. ഇനി എന്താ ചെയ്ക? ഭയം മൂലം അകത്ത് കേറാനും മടി. ഞാൻ ആലോചിക്കുന്നു... "ആ ബാഗ് എന്റെ കൈകളിലേക്ക് പറന്നുവന്നിരുന്നെങ്കിൽ?" മനസ് കൊണ്ട് ആശിച്ച് ഞാൻ വെറുതേ വലത് കൈ നീട്ടുന്നു. എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്, ഹാളിന് വെളിയിൽ നിൽക്കുന്ന എന്റെ കൈകളിലേക്ക് ബാഗ് പറന്നെത്തുന്നു. ഞാൻ സംഭ്രമിക്കുന്നു, സ്തംഭിച്ചുപോകുന്നു. ഇതെന്ത് മറിമായം? ഞാനെന്റെ കൈയെ തിരിച്ചും മറിച്ചും നോക്കുന്നു. ഇത് സ്വപ്നമല്ല. എനിക്കേതോ അത്ഭുതശക്തി കൈവന്നിരിക്കുന്നു. എന്നിൽ ആവേശം അലതല്ലുന്നു. സന്തോഷം കൊണ്ട് ഞാൻ നട്ടം കറങ്ങുന്നു. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല ഇപ്പൊ വെടിക്കും! ആദ്യം കൃഷ്ണേട്ടനോട് തന്നെ പറയാം. "കൃഷ്ണേട്ടാ..." ഉറക്കെ വിളിച്ച് ഞാനാ ആശ്രമത്തിലെങ്ങും ഓടി നടക്കുന്നു.

ഭജനഹാളിനടുത്തുള്ള റോഡിലൂടെ താഴേക്ക് ഇറങ്ങിവരികയാണ് കൃഷ്ണേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. "അതേ... ഇവിടെയൊരു അത്ഭുതം നടന്നു..." ഞാൻ ദൂരെ നിന്നേ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഓടിയെത്തിയ ഞാൻ അത്ഭുതസിദ്ധിയെ കുറിച്ച് പറയാൻ ഞാൻ നാവെടുക്കുന്നു. പക്ഷേ, കൂടെ ഉള്ള ആളുകളുമായി സംസാരിക്കുന്ന തിരിക്കിലാണ് അദ്ദേഹം. അതിൽ ഒരാൾ പൊലീസുകാരനാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നു. ഞാൻ അക്ഷമനായി കാത്തുനിൽക്കുന്നു. ഒടുവിൽ, തിരക്കൊഴിയുമ്പോൾ "എന്തത്ഭുതമാ നടന്നേ" എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാനും കൃഷ്ണേട്ടനും ആശ്രമത്തിന് താഴേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, സ്വൽപ്പം മുമ്പ് ഭജനഹാളിൽ നടന്ന സംഭവം ഞാൻ വിവരിക്കുന്നു. വിവരിച്ച് വിവരിച്ച് മെയ്‌മറന്ന് ഞാൻ നടക്കുകയാണ്. ഞാൻ കൃഷ്ണേട്ടനെ ശ്രദ്ധിക്കുന്നില്ല. കുറേ ദൂരം ചെന്ന് കഴിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നു. കൃഷ്ണേട്ടനെ കാണാനില്ല. ഞാൻ ചുറ്റും നോക്കുന്നു. അപ്പോൾ ഞാൻ കാണുന്നു, ധൂളി പോലെ സ്വയം വായുവിൽ അലിഞ്ഞില്ലാതായ അദ്ദേഹത്തിന്റെ ശരീരത്തെ! "കൃഷ്ണേട്ടാ..." ഞാൻ ഉറക്കെ വിളിക്കുന്നു. അപ്പോൾ ഒരു അശരീരി. "കൃഷ്ണൻ എന്നൊരാൾ നിലനിൽക്കുന്നില്ല." "ഞാനിത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് കൃഷ്ണേട്ടനോടാണല്ലോ," എന്ന് ഞാൻ. "നീ ഇത്രയും നേരം, ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്നത് നിന്നോട് തന്നെയായിരുന്നു" - എന്ന് അശരീരി. "എന്നോട് തന്നെയോ?" ഞാൻ സ്വയം ചോദിക്കുന്നു. ആ ചിന്തകൾക്കിടയിൽ, എന്റെ ചുറ്റുമുള്ള ലോകത്തിന് സാവധാനം പരിണാമം സംഭവിക്കുന്നു, വസ്തുക്കളെല്ലാം കാഴ്ചയിൽ ജല്ലിയായി (jelly) രൂപാന്തരം പ്രാപിക്കുന്നു, എന്റെ ശരീരം ഉൾപ്പെടെ!

എവിടെ നോക്കിയാലും ജല്ലിയായി, തിളങ്ങുന്ന ഒരു വസ്തു മാത്രം! കെട്ടിടങ്ങളുടെയും സാധനങ്ങളുടെയും ആകൃതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവ ഉണ്ടാക്കപ്പെട്ടിരുന്ന വസ്തുവിനാണ് മാറ്റം. സർവ്വം ജല്ലി മയം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു. അതും ജല്ലി തന്നെ. ഞാൻ താഴേക്ക് നോക്കുന്നു. ജല്ലിയായി മാറിയ എന്റെ പാദങ്ങൾ. അവ ഭൂമിയിലേക്ക് (ജല്ലിയിലേക്ക്) മുട്ടോളം ഇറങ്ങി നിൽക്കുന്നു, ചെളിയിൽ പുതഞ്ഞ പോലെ! ഞാൻ നടക്കാൻ ശ്രമിക്കുന്നു, വേച്ച് വേച്ച്! ഭൂമിയും ശരീരവും ഒന്നായി മാറിയതിനാൽ എനിക്ക് നടക്കാൻ കഴിയുന്നില്ല. സംഭ്രമത്തോടെ ഞാൻ ചുറ്റും നോക്കുന്നു. ഞാനല്ലാതെ മറ്റാരും തന്നെയില്ല. ഈ മഹാപ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരും നിലനിൽക്കാത്തതുപോലെ! എല്ലായിടത്തും ഞാൻ! എന്റെ പ്രതിബിംബം! ഞാനെന്ന ബോധം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു... എന്റെ കാലുകളിലൂടെ, എന്റെ തന്നെ ഭാഗമായി (extension) വിരാചിതമായി നിൽക്കുന്ന ഒരു ജല്ലി ഉലകം. എന്റെ കാലുകളെ feel ചെയ്യാവുന്നതുപോലെ ഈ പ്രപഞ്ചത്തെയും എനിക്ക് feel ചെയ്യാൻ കഴിയുന്നു..., എന്റെ തന്നെ ശ്വാസാച്ഛാസം പോലെ! എന്റെ ബോധം (consciousness) ഈ പ്രപഞ്ചവസ്തുക്കളിലൂടെ അനന്തതയിലേക്ക് നീണ്ടുകിടക്കുന്നതുപോലെ! എന്റെ ചുറ്റുമുള്ള വസ്തുക്കളെ ഞാൻ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ feel ചെയ്യാൻ കഴിയുന്നു, എന്റെ കൈകളിലേക്ക് നോക്കുമ്പോൾ ആ കൈകളെ എനിക്ക് feel ചെയ്യാനാവുന്നതുപോലെ! ഈ അനന്തതയുടെ അനന്തസാധ്യതയിൽ എന്റെയുള്ളിൽ എവിടെനിന്നോ ആനന്ദം വന്ന് നിറയുന്നു. ഞാനെന്ന ബോധം എന്നെ നിർവൃതിയിൽ ലയിപ്പിക്കുന്നു. എങ്കിലും, പെട്ടെന്ന് ഞാൻ നിരാശനാവുന്നു. എല്ലാമുണ്ടായിട്ടും ഈ ലോകത്തിൻ ഞാൻ ഏകനാണെന്ന തോന്നൽ. കുശലം പറയാനോ, തമാശ പറയാനോ ആരുമില്ലെന്ന ദുഃഖം. പെട്ടെന്ന് ഞാനാ ദുഃഖത്തിൽ നിന്ന് കരകയറുന്നു; ഇനിയെന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുന്നു. എനിക്ക് വേണ്ടി ഒരു ലോകം സൃഷ്ടിച്ചാലോ? അവിടത്തെ ലീലകളിൽ ആനന്ദനിർവൃതിയടഞ്ഞാലോ? പെട്ടെന്ന് എന്റെ ചുറ്റുമുള്ള ജല്ലി ഉലകത്തിന് പരിണാമം സംഭവിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് (as we see it now) ഞാൻ പ്രവേശിക്കുന്നു... ചെടികളും മരങ്ങളും ആകാശവും പറവകളുമെല്ലാം നാം കാണുന്നപോലെതന്നെ നിലനിൽക്കുന്ന ഒരു ലോകം. അവിടെ ഞാൻ യഥേഷ്ടം പറന്നുനടക്കുന്നു. ഞാനും ആ വസ്തുകളും രണ്ടാണെന്ന വ്യാജ പ്രതീതി ഞാൻ സ്വയം ജനിപ്പിക്കുന്നു. അതിലൂടെ ലഭിക്കുന്ന സ്വകാര്യതയിൽ ആനന്ദം കൊള്ളുന്നു. എനിക്കെന്ത് വേണമെങ്കിലും ഇപ്പോൾ കാട്ടിക്കൂട്ടാം! ഏത് കുസൃതിയാണ് ചെയ്യുക? ലാവണ്യയുടെ* വീട്ടിലേക്ക് പോയാലോ? അവളിപ്പോൾ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാലോ? എന്നാപ്പിന്നെ പോയ്ക്കളയാം. രണ്ടാലോചന ഇല്ല. ഞാൻ പറക്കുന്നു. നിനച്ച് തീരും മുമ്പ് അവളുടെ വീട്ടിലെത്തിക്കഴിഞ്ഞു. ഞാനകത്തേക്ക് ഒളിഞ്ഞ് നോക്കുന്നു. ഇത് ഞാനുദ്ദേശിച്ച ലാവണ്യയല്ല. വേറെയേതോ ലാവണ്യയാ...! ഇനി, പേരും അഡ്രസും കൃത്യമായി പറഞ്ഞാലേ കൊണ്ടാക്കൂ എന്നുണ്ടോ? സംശയം! അങ്ങനെയാണെങ്കീ അങ്ങനെ തന്നെ!!! (ഈ ഘട്ടത്തിൽ ഞാൻ ഉണരുകയാണ്.)

ഉണർന്നപ്പോൾ ഞാൻ തീർത്തും excited ആയിരുന്നു. ഉള്ളിൽ ആവേശം തിരതല്ലുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് ഉറക്കം വന്നില്ല. സ്വപ്നത്തെ കുറിച്ച് കൃഷ്ണേട്ടനോട് പറഞ്ഞേ തീരൂ. സ്വപ്നം മറന്നുപോകാതിരിക്കാൻ ഞാൻ പേപ്പറിൽ എഴുതിവച്ചു. വൈകിട്ട് ഫോൺ ചെയ്തപ്പോൾ സ്വപ്നം വിവരിച്ചു. അദ്ദേഹം ഒരു വാക്കുപോലും പറയാതെ സശ്രദ്ധം കേട്ടു. ഇത്തരം experiences of divine oneness സ്വാഭാവികമാണെന്നും, ഒരു മുന്നാസ്വാദനമെന്ന/തുടക്കമെന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. A point of no return എന്നൊരു അവസ്ഥ ഇത്തരം അനുഭവത്തിന്റെ പരമകോടിയിൽ ഉണ്ടെന്നും, അവിടെയെത്തിക്കഴിഞ്ഞാൽ ശിഷ്ടകാലമത്രയും ഈ ഏകത്വ അനുഭവത്തിൽ നിരന്തരം ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടത് അപക്വതയുടെ ലക്ഷണമാണെന്നും, അതിൽ വ്യസനിക്കേണ്ടതില്ലന്നും, ഇതെല്ലാം വളർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം. സ്വപ്നത്തിന്റെ ഉള്ളടക്കവും കൃഷ്ണേട്ടന്റെ വ്യാഖ്യാനവും ഒരുപക്ഷേ പലർക്കും ഭ്രാന്തമായി തോന്നാം... ഈ ആധുനിക ലോകത്തിൽ ഇതെല്ലാം ആര് വിശ്വസിക്കാൻ, ല്ലേ? ഡിഗ്രികളും ഡോക്ടറേറ്റുകളും പോക്കറ്റിൽ വച്ച് നടക്കുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും എല്ലാം തികഞ്ഞ ശാസ്ത്രജ്ഞന്മാരുമാണെല്ലോ നാമെല്ലാം....! നമുക്കൊന്നും ഇത്തരം ഭ്രാന്തൻ അനുഭവങ്ങൾ ദഹിക്കില്ല. എന്നാലും ഒരു കാര്യം മാത്രം പകൽ പോലെ സത്യം! ഞാനൊരു സ്വപ്നം കണ്ടു, അതിൽ ഞാൻ പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള അദ്വൈതം എന്തെന്ന് അനുഭവിച്ചു! വർണ്ണപ്രകാശത്തിൽ തിളങ്ങുന്ന ജല്ലി  പോലെ മനോഹരമായിരുന്നു അത്, ആ അനുഭവം!

* ലാവണ്യയുടെ - എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടി. ;)

Wednesday, March 28, 2012

എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം

ഇതും ഒരു അനുഭവക്കുറിപ്പാണ്. ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് തോന്നിക്കുന്ന എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.

കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.

തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! :) മുട്ടുവേദനയുടെ സീരിയസ്‌നെസ് ഞാൻ മനസിലാക്കുന്നത് ടോയ്‌ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL). എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)

പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.

അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.

മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.

പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.

അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ! :) അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന...

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Monday, February 20, 2012

തച്ചുടക്കപ്പെട്ട ലോകം (The Broken World)



രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്താനുഭവങ്ങള്‍ മുഴുവൻ നെഞ്ചിലേറ്റി, ബൌദ്ധികമായും സാമൂഹികമായും അന്യവൽക്കരിക്കപ്പെട്ടുപോയ ഒരു വലിയ തലമുറ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു, അന്‍പതുകളില്‍! യുദ്ധം വരുത്തിവച്ച കൊടും ദാരിദ്രവും അരക്ഷിതാവസ്ഥയും മാത്രമായിരുന്നില്ല അന്ന് ആ തലമുറ നേരിട്ട വെല്ലുവിളികള്‍! സാമൂഹിക അരക്ഷിതാവസ്ഥയെക്കാള്‍, മാനസിക അരക്ഷിതാവസ്ഥ അന്നത്തെ യുവതലമുറയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി അന്നത്തെ സിനിമകളും കൃതികളും കണ്ടാല്‍ മനസിലാവും. അതിന്റെ പ്രാഭവത്തിൽ, നിരവധി ‘തലതിരിഞ്ഞ’  നിഷേധാത്മക, നൈരാശ്യവാദ ചിന്തകള്‍ തലപൊക്കുകയുണ്ടായി; വിപ്ലവം യുവമനസുകളിൽ ചേക്കേറുകയുണ്ടായി. പരമ്പരാഗതമായ മത-സാമൂഹിക-തത്വശാസ്ത്ര ചിന്തകളെ ഛിന്നഭിന്നമാക്കാൻ കെൽപ്പുള്ളതായിരുന്നു ആ സാമൂഹിക പരിവര്‍ത്തനം.

വെറും ആശയങ്ങളുടെ തലങ്ങളിൽ നിന്ന് മാത്രം ജീവിതത്തിന്റെ നിറവും മണവും നിർണ്ണയിച്ചിരുന്ന തത്വചിന്തകന്മാരുടെ വാക്കുകൾക്കും, വിശക്കുന്നവന് അപ്പം നൽകാത്ത ദൈവത്തെ പ്രകീർത്തിക്കുന്ന മതത്തിനും കാൽക്കാശിന്റെ വിലയില്ലാതായി. വിശപ്പിന്റെ മുന്നിൽ മതവും ചിന്തയും മുട്ടുമടക്കി. മനുഷ്യന്‍റെ അസ്ഥിത്വപരമായ പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ഇക്കാലഘട്ടത്താണ് അസ്ഥിത്വവാദം (Existentialism) ഉടലെടുക്കുന്നത്. ലോകം കണ്ട അസ്ഥിത്വവാദികള്‍ എല്ലാം തന്നെ ലോകമഹായുദ്ധം പ്രത്യക്ഷമായോ പരോക്ഷമായോ വരുത്തിയ വിനകളിലൂടെ കടന്നുപോയവരാണ്. അവരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫ്രഞ്ചുകാരനായ ഗബ്രിയേല്‍ മാര്‍സല്‍ (1889-1973).

ഗബ്രിയേല്‍ മാര്‍സല്‍ ഡിസംബര്‍ ഏഴിന് ജനിച്ചു. അച്ചന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. മാര്‍സലിന് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ തുടർന്നുള്ള ജീവിതം. അമ്മയെ കുറിച്ചുള്ള ചുരുക്കം ചില ഓര്‍മ്മകളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാലും, അമ്മയുടെ അദൃശ്യമായ സാന്നിധ്യം മാര്‍സലിനെ എന്നും നയിച്ചിരുന്നു. എട്ടാം വയസില്‍ തന്നെ മാര്‍സല്‍ നാടകങ്ങള്‍ രചിക്കാന്‍ തുടങ്ങി. 1910-ല്‍ തത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1919-ല്‍ വിവാഹിതനായി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, റെഡ് ക്രോസിന് വേണ്ടി യുദ്ധത്തില്‍ മരണമടഞ്ഞ/കാണാതായ സൈനികരുടെ കണക്കെടുക്കുന്ന അതിഭീകരമായ ജോലി ചെയ്യുമ്പോഴാണ് ഇതൊരു "തച്ചുടക്കപ്പെട്ട ലോകമായി" (The Broken World) മാര്‍സല്‍ വിഭാവനം ചെയ്തത്. തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായ ശരീരങ്ങൾക്ക് നടുവിൽ അദ്ദേഹത്തിന് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

തുടര്‍ന്നങ്ങോട്ട്, ക്ഷണപ്രഭാചഞ്ചലമായ ഒരു ലോകത്തിന്റെ അച്ചുതണ്ടിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ വികസിച്ചു. The Mystery of Being, Man Against Mass Society, The Existential Background of Human Dignity, Problematic Man, Being and Having തുടങ്ങിയ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത പുസ്തകങ്ങളെല്ലാം തന്നെ തച്ചുടക്കപ്പെട്ട ഈ ലോകത്തിന്‍റെ ആഖ്യാനങ്ങളായിരുന്നു.

2006-ലാണ് ഗബ്രിയേല്‍ മാര്‍സലിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വായിക്കുന്നതിനും എനിക്ക് അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളും അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും, അമൂല്യമായ നിരവധി ആശയങ്ങള്‍ അദ്ദേഹത്തിന്‍റെ പഠനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം ചിന്തകളെ ക്രോഡീകരിച്ച്, അക്കാലയളവിൽ ഞാൻ തയാറാക്കിയ "Intersubjectivity – A Treatise on the Philosophy of Gabriel Marcel" എന്ന ലഘുപഠനം വായനക്കാരുടെ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു! തത്വശാസ്ത്ര പഠനകാലത്ത് ഞാനെഴുതിയ ഈ തീസിസ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ഗബ്രിയേല്‍ മാര്‍സലിന്‍റെ അസ്ഥിത്വവാദ ചിന്തകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പഠന സഹായിയാവട്ടെ എന്ന് ആശിക്കുന്നു! നന്ദി.

Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

Saturday, February 4, 2012

സ്വപ്നങ്ങളെ നമുക്ക് വ്യാഖ്യാനിക്കാം



ഏതാനും നാളുകൾക്ക് മുമ്പ് കണ്ട ദുഃസ്വപ്നം...! അതാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ പ്രേരണയായത്. സ്വപ്നം കണ്ടുണർന്നത് മുതല്‍ ഭീകരമായ ഒരു മാനസിക മന്ദത എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. പിന്നെ, സ്വപ്നങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു.

ശാസ്ത്രത്തിനും, അതിന്റെ സാങ്കേതികത്വങ്ങൾക്കും ഒരിക്കലും പിടി നല്‍കാത്ത പ്രഹേളികയാണ് "സ്വപ്നം"! ശാസ്ത്രം എത്രയൊക്കെ വളർന്നെന്ന് പറഞ്ഞാലും, നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരു നിര്‍വചനവും സ്വപ്നം എന്ന പ്രതിഭാസത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും, അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അവയിൽ, ഏറെ ശ്രദ്ധയാകർഷിച്ചത് ആധുനിക മനശാസ്ത്രജ്ഞത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ നിര്‍വചനമാണ്: "അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".

പക്ഷേ, സഫലമാവാത്ത ആഗ്രഹങ്ങളുടെ ബഹിർഗമനം മാത്രമാണോ സ്വപ്നങ്ങൾ? ആണെന്നും പറയാം, അല്ലെന്നും പറയാം! സാങ്കൽപ്പികം (Fiction) എന്നോ, റിയലിസ്റ്റിക് (Realistic) എന്നോ, വെളിപാട് (Revelation) എന്നോ വിശേഷിപ്പിക്കാവുന്ന, പരസ്പര ബന്ധമില്ലാത്തതും വിസ്മയഭരിതവുമായ എത്രയോ സ്വപ്നങ്ങൾ അനുദിനം നാം കണ്ട് തീർക്കുന്നു... അവയെല്ലാം സഫലമാവാത്ത ആഗ്രഹങ്ങളാണെന്ന് വാദിച്ചാൽ കുഴഞ്ഞത് തന്നെ. അതുകൊണ്ടുതന്നെ, ഫ്രോയിഡിന്റെ സിദ്ധാന്തം പൂർണ്ണമാണെന്ന് കരുതാനാവില്ല. എങ്കിലും, "ഒരോ വ്യക്തിയുടെയും അബോധ മനസിലെ വിവിധ പാളികളുമായി സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട്" എന്ന ഫ്രോയിഡ് നിഗമനത്തെ തള്ളിക്കളയാനും പറ്റുന്നില്ല. ഈ രണ്ടുംകെട്ട അവസ്ഥയിൽ, സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനമെഴുതുക അക്ഷരാർത്ഥത്തിൽ അസാധ്യം തന്നെ. അതിനാൽ, ഈ ബൃഹത്തായ ജോലി നിർവഹിക്കാൻ മതങ്ങളുടെ കൂട്ടുപിടിക്കുക എന്ന ഒറ്റ പോംവഴി മാത്രമേയുള്ളൂ.

മുൻപ് സൂചിപ്പിച്ചത് പോലെ, പല സ്വഭാവത്തിൽ പെടുന്ന (Fiction, Realistic and Revelation) സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്നങ്ങൾ, ഫ്രോയിഡ് പറഞ്ഞതുപോലെ, അബോധ മനസിൽ അടക്കപ്പെട്ടിരിക്കുന്ന വിവിധ ആശകളെയും, ഭയം, കോപം, അരക്ഷിതാവസ്ഥ, നിരാശ, ദൈന്യത തുടങ്ങിയ വികാരങ്ങളെയും പ്രതിഫലിപ്പിക്കുമ്പോൾ, മറ്റ് ചിലവ ദീര്‍ഘ ദര്‍ശനങ്ങളോ വെളിപാടുകളോ ആയിരിക്കാം. അബോധ മനസിൽ ചുരുളഴിയുന്ന പാളികൾക്കനുസൃതം (layers) സ്വപ്നങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. അതിനാൽ തന്നെ, തനിക്ക് തന്നെ അജ്ഞാതമായ സ്വന്തം മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ട് പോകാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്, ഒരു വിശകലനത്തിന് സ്വയം മെനക്കെട്ടാൽ! അതിനാൽ, ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന ചെറിയ സ്വപ്നങ്ങൾ പോലും നിസാരങ്ങളായി തള്ളിക്കളയാന്‍ പാടില്ല എന്നാണ് പറഞ്ഞുവരുന്നത്. പ്രത്യക്ഷത്തിൽ വൈരുദ്ധ്യമെന്ന് തോന്നുന്ന സ്വപ്നങ്ങൾ ഒരോന്നിനെയും സസൂഷ്മം വിശകലനം ചെയ്ത് ബന്ധിപ്പിച്ചാല്‍‍, വിലയേറിയ ആത്മീയ-മാനസിക നിഗമനങ്ങളില്‍ എത്തിച്ചേരാനാവുമെന്നതില്‍ സംശയം വേണ്ട. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.

സ്വപ്നങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് അനുസരിച്ച്, പാമ്പിനെയോ ഇഴജന്തുക്കളെയോ സ്വപ്നം കാണുന്നത് കുണ്ഡലിനിയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. പാമ്പിനെ കുറിച്ച് ഫ്രോയിഡിന്‍റെ കാഴ്ച്ചപ്പാടും ഏതാണ്ടിതൊക്കെ തന്നെ. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ആത്മീയ ശക്തിയുടെ ബഹിർഗമനമായി ഫ്രോയിഡ് പാമ്പുകളെ വിലയിരുത്തുന്നു. എന്നാൽ, അൽപ്പം വ്യത്യസ്തമായി, യുങ് (Jung) എന്ന മനശാസ്ത്രപണ്ഡിതന്‍ പാമ്പിനെ ജന്‍‌മവാസന (instincts), ബോധം എന്നിവ തമ്മിലുള്ള പൊരുത്തക്കേടിനെ കുറിക്കുന്നതായി വിശദീകരിക്കുന്നു.

ഒരു വീടിനെ സ്വപ്നം കാണുകയാണെന്നിരിക്കട്ടെ! അഭിസാരിണിയെ തേടിപ്പോകാനുള്ള മാനസിക പ്രവണതയായിട്ടാണ് ഫ്രോയിഡ് അതിന്റെ കാണുന്നത്. എന്നാൽ യുങിനെ സംബന്ധിച്ച്, വീടും മുറികളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഛായയാണ്. ഇതുപോലെ, സ്വപ്നത്തിന്റെ കാര്യത്തിൽ ഫ്രോയിഡും യുങും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരവധിയാണ്. പറവകളെ ശക്തിയുടെ അടയാളങ്ങളായി ഫ്രോയിഡ് കാണുമ്പോള്‍, സ്വാതന്ത്ര്യത്തിന് അഭിവാഞ്ചിക്കുന്ന ആത്മാവായി യുങ് പക്ഷികളെ വീക്ഷിക്കുന്നു. (അതായത്, പറവകളുടെ ശാരീരിക ഘടന ആത്മാവിന്‍റെ ഘടനയെ കുറിക്കുന്നതായി യുങ് പറയുന്നു.

പറക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് ലൈംഗിക അഭിനിവേശത്തെ കുറിക്കുന്നതായി ഫ്രോയിഡ് വാദിക്കുമ്പോള്‍, ധൈര്യം, സ്വാതന്ത്ര്യം, അതീന്ദ്രിയാവസ്ഥ എന്നിവയെ സൂചിപ്പിക്കുന്നതായി യുങും വാദിക്കുന്നു. അതേസമയം, ആധുനിക മനശാസ്ത്രം അനുസരിച്ച്, പറക്കുന്നതായുള്ള സ്വപ്നങ്ങള്‍ അസാമാന്യ കഴിവുകളെ കുറിക്കുന്നു പോലും. ലൈംഗികാവയവങ്ങളെ പ്രദര്‍ശിപ്പിക്കുന്ന, അതിന് പ്രേരണയുള്ളതായുള്ള സ്വപ്നം കണ്ടാല്‍ അനിയന്ത്രിതമായ ലൈംഗികാഭിവാഞ്ചയെ കുറിക്കുന്നതായി ഫ്രോയിഡും, മാനസികമായി മുറിവേല്‍ക്കപ്പെടാനുള്ള സാധ്യതയെ കുറിക്കുന്നതായി യുങും വിശദീകരിക്കുന്നു. ഇനി, ആരെങ്കിലും വിരട്ടുന്നതായോ ഓടിക്കുന്നതായോ സ്വപ്നം കണ്ടാലോ? അത്തരം സ്വപ്നങ്ങള്‍ ബാല്യകാല സംബന്ധിയായ ഭയം, മാനസിക സമ്മര്‍ദ്ദം, ഭീഷണി എന്നിവയെ സൂചിപ്പിക്കുന്നതായിട്ടാണ് ഭൂരിപക്ഷം മനശാസ്ത്രജ്ഞന്മാരും വ്യാഖ്യാനിക്കുന്നത്.

പരാജയം സ്വപ്നം കണ്ടാല്‍ അത് ഫ്രോയിഡിനെ സംബന്ധിച്ച് ലൈംഗിക പരാധീനതകളെ കുറിക്കുമ്പോള്‍, ആധുനിക വ്യാഖ്യാനമനുസരിച്ച് അത് ആത്മനിയന്ത്രണം നഷ്ടമായേക്കുമോ എന്ന ഭയത്തെ സൂചിപ്പിക്കുന്നു. കുതിരകളെ സ്വപ്നം കാണുന്നത് ലൈംഗികാഭിനിവേശത്തെ സൂചിപ്പിക്കുന്നതായി ഫ്രോയിഡ് വ്യാഖ്യാനിക്കുമ്പോള്‍, അത് ആരോഗ്യനിലയെ കുറിക്കുന്നതായി യുങ് പറയുന്നു. (കുതിരകള്‍ ബീജസംയോഗം, സ‌മൃദ്ധി, അതീന്ദ്രിയജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നതായും ചിലര്‍ പറയുന്നു.)

പര്‍വതാരോഹണമോ, കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നതായോ സ്വപ്നം കണ്ടാല്‍ അത് ശാരീരിക-സാമ്പത്തിക അഭിവൃത്തിയെ കുറിക്കുന്നതായി ഫ്രോയിഡും, ഉന്നതമായ ഏതോ ഘട്ടത്തിലേക്കുള്ള ജീവിതത്തിന്‍റെ മുന്നേറ്റമായി യുങും വിദശീകരിക്കുന്നു. എന്നാല്‍, ആധുനിക മനശാസ്ത്രജ്ഞരുടെ വീക്ഷണമനുസരിച്ച്, ഇത്തരം പര്‍വതാരോഹണങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുക. ഇങ്ങനെ, നാം കാണുന്ന ഓരോ സ്വപ്നത്തെയും ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ അവയ്ക്ക് പിന്നില്‍ അനവധി അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഒളിഞ്ഞുകിടക്കുന്നതായി കണ്ടെത്താനാവും.

ഭൂരിപക്ഷം സ്വപ്നങ്ങളും ഉണര്‍ന്നുകഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മറന്നുപോവുകയാണ് പതിവ്. അതിനാല്‍, തുടര്‍ദിവസങ്ങളില്‍ കാണാനിടയുള്ള മറ്റ് സ്വപ്നങ്ങളുമായുള്ള താരതമ്യ പഠനം പലർക്കും അസാധ്യമാവുന്നു. സ്വന്തം സ്വപ്നങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഇനി നോക്കാം.

ഉണര്‍ന്നയുടനെ സ്വപ്നങ്ങൾ മറന്നുപോകാന്‍ ഇടയുള്ളതിനാല്‍, ഉണർന്നയുടനെ സ്വപ്നത്തിൽ എന്താണോ കണ്ടത് അത് നോട്ടുബുക്കില്‍ കുറിച്ചിടുക. താമസംവിനാ ചെയ്യേണ്ട ഒരു കാര്യമാണിത്. പിന്നീട് എഴുതാം എന്ന് കരുതിയാല്‍, ഒരിക്കലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം സ്വപ്നം മറന്നുപോകാനിടയുണ്ടെന്ന് മാത്രമല്ല, സ്വപ്നത്തിന്റെ കാതലായ അംശം വിട്ടുപോകാനും ഇടയുണ്ട്.

എഴുതാൻ സാധിക്കാത്ത വിധം സ്വപ്നം അത്ര സങ്കീര്‍ണ്ണമാണെങ്കില്‍, കണ്ട കാര്യങ്ങള്‍ വോയിസ് റെക്കോർഡർ ഉപയോഗിച്ച് മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ റെക്കോർഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുകയാണെങ്കിൽ, വാക്കുകൾക്ക് അതീതമായ ദൃശ്യങ്ങളുടെ ഭീകരതയും തീവ്രതയും എളുപ്പം വിനിമയം ചെയ്യാനുമാവും. തന്നെയുമല്ല, സ്വപ്നത്തിലൂടെ നിങ്ങള്‍ അനുഭവിച്ച മാനസികാവസ്ഥ (Feel) ശബ്ദത്തിലൂടെ പ്രതിഫലിക്കുകയും ചെയ്യും. ഏതായാലും, സ്വപ്നം കുറിച്ചിടാനുള്ള എല്ലാ സാമഗ്രികളും കിടക്കരികില്‍ തന്നെ കരുതുക.

ഇനി, എല്ലാ സാമഗ്രികളും തയാറാണെങ്കിൽ തന്നെ, ഉണർന്നയുടൻ ഓർത്തെടുക്കാൻ കഴിയാത്ത വിധം സ്വപ്നങ്ങൾ മറന്നുപോകാം. "ഇന്ന് കാണുന്ന സ്വപ്നം തീർച്ചയായും ഞാൻ എഴുതിവയ്ക്കും" -- എന്ന കൽപ്പന മനസിന് നൽകി, ദൃഢനിശ്ചയത്തോടെ ഉറങ്ങാന്‍ കിടക്കുക എന്നതാണ് ഇതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്. കൂടാതെ, പ്രശാന്തതയോടെ, ധ്യാനാത്മകതയോടെ സാവധാനം ഉണരുക എന്നതും സ്വപ്നങ്ങൾ മറന്നുപോവാതിരിക്കാൻ ആവശ്യമാണ്. ഇതിൽ, "സാവധാനം ഉണരുക" വളരെ പ്രധാനപ്പെട്ടതാണ്. കോലാഹലങ്ങള്‍ കൊണ്ട് മലീമസമായ ചുറ്റുപാടില്‍, അതിശീഘ്രം ഉറക്കമുണരുമ്പോഴാണ് സ്വപ്നങ്ങൾ കൈവിട്ട് പോകാറുള്ളത്.

ഉണര്‍ന്നയുടന്‍, കണ്ട സ്വപ്നത്തിന്‍റെ മർമ്മപ്രധാനമായ ഭാഗം (climax) ആലോചിച്ച്, അതിനെ ചുറ്റിപ്പറ്റിയുള്ള സീനുകൾ കൃത്യമാക്കി ഒരു തിരക്കഥ രൂപീകരിക്കുക. നിങ്ങള്‍ ഒരു കാട്ടിലൂടെ യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടെന്ന് കരുതുക. അവിടെ കാണുന്ന മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എല്ലാം തന്നെ സ്വപ്നത്തിൽ സുപ്രധാനങ്ങളാണ്. പിന്നെ ക്ലൈമാക്സ്! കണ്ട മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്ലൈമാക്സ് വിശദീകരിക്കുമ്പോഴേ സ്വപ്നത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാവൂ.

(അടുത്ത കാലത്ത്, ഞാൻ സത്യസായി ബാബയെ സ്വപ്നം കണ്ടു... അദ്ദേഹത്തെ ഞാൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു പ്രതിബദ്ധതയും എനിക്കില്ല, എന്റെ അനേകം സുഹൃത്തുക്കൾ തികഞ്ഞ സായി ഭക്തന്മാർ ആണെങ്കിലും. സായിബാബയും ഞാനും എന്റെ കുടുംബ വീട്ടിന് അടുത്തുള്ള കുളത്തിന്റെ അരികിലെ റോഡിലൂടെ നടക്കുന്നതായിട്ടാണ് സ്വപ്നം. നടക്കുമ്പോൾ സായിബാബ എന്നോട് ജീവിതത്തിനാവശ്യമായ അഞ്ച് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു; ഞാനതെല്ലാം കേൾക്കുന്നു. അദ്ദേഹം പറഞ്ഞ ആ അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് എനിക്കോർമ്മയില്ലെങ്കിലും, "ധാർമ്മീകത തികച്ചും ആപേക്ഷികമായ ഒന്നാണ്" എന്നതാണ് അദ്ദേഹത്തിന്റെ സംഭാഷണത്തിലെ രത്നച്ചുരുക്കം എന്ന് ഞാനിപ്പോഴും ഓർമ്മിക്കുന്നു. ഏതായാലും, നടന്ന് നടന്ന് ഞങ്ങൾ ഒരു കടയിൽ കയറുന്നു. ചായ കുടിക്കുന്നോ എന്ന് ഞാൻ ചോദിക്കുന്നു. വേണ്ട എന്നദ്ദേഹം പറയുന്നു. പിന്നെ എന്താണ് വേണ്ടത് എന്ന് ഞാൻ. ഒരു മുറുക്കാൻ വേണമെന്ന് അദ്ദേഹം. കടക്കാരൻ വെറ്റിലത്തട്ടം നീട്ടുന്നു. അതിൽ നിന്ന് ഒരു വെറ്റില എടുത്ത്, ചുണ്ണാമ്പ് പുരട്ടി സായിബാബ വായിലിടുന്നു. "അദ്ദേഹത്തിന് പാക്ക് വേണ്ടേ?" എന്ന് കടക്കാരൻ എന്നോട് ചോദിക്കുന്നു. ഞാൻ സായിബാബയെ നോക്കുമ്പോൾ "വേണ്ട" എന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടുന്നു. ഞാനും ഒരു ചായ കുടിക്കുന്നു. അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടക്കുന്നു. ഇതായിരുന്നു സ്വപ്നം. രാവിലെ ഉണർന്നയുടനെ സ്വപ്നം അതേപടി ഒന്നുപോലും വിടാതെ ഞാൻ എഴുതിവച്ചു. വൈകിട്ട്, എന്റെ ഗുരുവും ഉറ്റ സുഹൃത്തുമായ കൃഷ്ണൻ കർത്തയെ ഫോൺ ചെയ്ത് സ്വപ്നം വിശദീകരിച്ചു. സ്വപ്നം കേട്ടിട്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചു. വെളിപാട് (vision) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്വപ്നമായിരുന്നു അതെന്നും, അത് സ്ഥാപിക്കാനാണ് അപ്രസക്തമെന്ന് തോന്നിക്കുന്ന ആ മുറുക്കാൻ കടയിലെ എപ്പിസോഡെന്നും അദ്ദേഹം. കാരണം, എൻപതുകളിൽ സായിബാബ മുറുക്കുമായിരുന്നത്രേ! മുറുക്കുമ്പോൾ അദ്ദേഹം ഒരിക്കലും പാക്ക് ഉപയോഗിച്ചിരുന്നില്ല. സ്വപ്നത്തിൽ കണ്ട പോലെ വെറ്റിലയും ചുണ്ണാമ്പും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ഇക്കാര്യം എനിക്ക് കേട്ടുകേൾവി പോലുമില്ല. പിന്നെങ്ങനെ അത് സ്വപ്നത്തിൽ വന്നു? സ്വപ്നത്തിന്റെ സാധുത സുദൃഢമാക്കുന്നതിനുള്ള ഒരു signature (അല്ലെങ്കിൽ divine touch)  ആണ് ആ മുറുക്കൽ സംഭവം. അത് ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇതൊരു സാധാരണ സ്വപ്നമായി എന്റെ ഗുരു പോലും തള്ളിക്കളയുമായിരുന്നു.) ഞാൻ പറഞ്ഞുവന്നത് ഇതാണ്: എല്ലാ സ്വപ്നങ്ങളിലും ഇതുപോലെ ഒരു signature ഉണ്ടായിരിക്കും. അതിനാൽ സ്വപ്നം അതേപടി ഓർത്തെടുക്കുക വളരെ പ്രധാനപ്പെട്ടതാണ്. ചില സ്വപ്നങ്ങള്‍ക്ക് ഇപ്പറഞ്ഞതുപോലെ ഒരു signature-റോ, പ്രമേയമോ ഇല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ, സ്വപ്നത്തിലെ സന്ദർഭവും സാഹചര്യവും വിലയിരുത്തി യോജിച്ച പ്രമേയം ബുദ്ധിപൂർവം കണ്ടെത്തുകയാണ് വേണ്ടത്.

ഇങ്ങനെ ഒരാഴ്ച തുടര്‍ച്ചയായി കാണുന്ന സ്വപ്നങ്ങളുടെ പ്രമേയങ്ങള്‍ എഴുതിവച്ചാല്‍, അവയെലെല്ലാം പരസ്പരം ബന്ധിപ്പിച്ച് ആ ആഴ്ചയുടെ മുഴുവന്‍ സ്വഭാവത്തെയും വ്യാഖ്യാനിച്ചറിയാന്‍ നിഷ്പ്രയാസം സാധിക്കും. ഇതാണ് ഈ ലേഖനത്തിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ച ഗുട്ടന്‍സ്. വിവിധ തരം കൊച്ചുകൊച്ചു പ്രമേയങ്ങള്‍ ചേര്‍ത്ത് വച്ച്, മനസിന്‍റെ ബൃഹത്തായ ചിത്രം ആവിഷ്ക്കരിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇത്. അത്തരമൊരു ആവിഷ്ക്കാരം നടന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല, ഭാവിയിൽ സ്വപ്നങ്ങളുമായി ബന്ധമുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ കാണുമ്പോൾ അതിന് നിങ്ങൾ സാധിച്ചേക്കാം. (സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ഓരോന്നിനും സാർവത്രീകമായ ഒരു അർത്ഥം മനശാസ്ത്രജ്ഞന്മാർ കൽപ്പിച്ച് നൽകീട്ടുണ്ട്, പാമ്പ് ലൈംഗികതയെ കുറിക്കുന്ന എന്ന് പറയുന്നതുപോലെ! വസ്തുക്കളുടെ സാര്‍വ്വത്രീകമായ അര്‍ത്ഥം മനസിലാക്കുന്നതിന് ചില വെബ്സൈറ്റുകള്‍ നമ്മേ സഹായിക്കും. ഉദാഹരണത്തിന് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് നോക്കൂ.)

സ്വപ്നങ്ങൾക്കും വേണം ഒരു ഡയറിക്കുറിപ്പ്. ഇന്ന് കണ്ട സ്വപ്നം ഇന്നത്തെ എന്റെ ഡയറിക്കുറിപ്പ്. പുക മറയ്ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ ചികഞ്ഞറിയാൻ ഒരുപക്ഷേ അവ നമ്മേ സഹായിച്ചേക്കാം. നന്ദി.

Friday, July 22, 2011

വിരാചിതമാവുന്ന പ്രകൃതി സത്യങ്ങൾ!


മനുഷ്യബുദ്ധിക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വ്യാപിച്ചുകിടക്കുന്ന മഹാ പ്രപഞ്ചം! അതിന്റെ സങ്കീർണ്ണതകളിലും മനോഹാരിതയിലും വശംവദരാകാത്ത, പ്രണയബദ്ധരാവാത്ത ഒറ്റ മനുഷ്യക്കുഞ്ഞെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മനസും കാഴ്ചയും തുറക്കുന്തോറും വിസ്മയങ്ങളിൽ നിന്ന് വിസ്മയങ്ങളിലേക്കും, നിഗൂഢതകളിൽ നിന്ന് നിഗൂഢതകളിലേക്കും നമ്മേ നയിക്കുന്ന ഈ പ്രപഞ്ചം നമുക്ക് ചുറ്റും ഇല്ലായിരുന്നെങ്കിൽ...? ഹോ...! അത്തരമൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല! ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം: വ്യാപകമായ അർത്ഥത്തിൽ, പ്രപഞ്ചം എന്ന് പറയുമ്പോൾ അതിൽ മനുഷ്യനും ഉൾപ്പെടുമെങ്കിലും, മനുഷ്യനെയും പ്രകൃതിയെയും രണ്ട് വ്യത്യസ്ത അസ്ഥിത്വങ്ങളായി (entity) എടുക്കുമ്പോൾ പ്രകൃതി മനുഷ്യന്റെ ആശ്രയിക്കുന്നതിനെക്കാൾ ഏറെ മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, പേഗൻ ചിന്തകൾക്കും ഹിന്ദുമതം പോലുള്ള പൗരസ്ത്യ സംസ്കൃതികൾക്കും പുറത്ത് നിൽക്കുന്ന പാശ്ചാത്യ തത്വചിന്തകളിലെല്ലാം മനുഷ്യനെ പ്രകൃതിയെക്കാൾ ശ്രേഷ്ഠനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത്, മനുഷ്യ-പ്രകൃതി ബന്ധത്തിൽ മനുഷ്യൻ പ്രഥമൻ (primary), പ്രകൃതി രണ്ടാമൻ (secondary). ഇതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ചില വ്യവസ്ഥാപിത-മതപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിസ്തുമതവും ഇസ്ലാമുമൊക്കെ അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യ-കേന്ദ്രീകൃത (man centric) തത്വശാസ്ത്രത്തിന്റെ വക്താക്കളായിരിക്കുകയാണ്. അത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, ഭൂമി സൂര്യനെയല്ല, മറിച്ച് സൂര്യനാണ് ഭൂമിയെ ചുറ്റുന്നതെന്ന് വിശ്വസിച്ച കാലഘട്ടത്തെ മനുഷ്യൻ ശാസ്ത്രത്തോടും മാനവികതയോടും കാട്ടിയ അക്രമം പോലെ, ഇന്ന് കാണുന്ന സകല പ്രകൃതിവിരുദ്ധ ജീവിത ശൈലികളുടെയും പ്രയോജനാചാരവാദ (utilitarianism) ചിന്താഗതികളുടെയും മൂലകാരണം ഈ മനുഷ്യ-കേന്ദ്രീകൃത നിലപാടല്ലേ എന്ന ചോദ്യം മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്...! പ്രകൃതിയുടെ ഭാഗമെന്ന നിലയിൽ പ്രകൃതിയുമായി മനുഷ്യന് അനുരൂപനാവാൻ സാധിക്കാതെ പോകുന്നതും, പ്രകൃതിവിഭവങ്ങളെ സ്വന്തം ജന്മാവകാശം പോലെ ദുരുപയോഗിക്കാൻ അവൻ പ്രേരിതനാവുന്നതും മനുഷ്യ-കേന്ദ്രീകൃത തത്വചിന്തകൾ നമ്മുടെയൊക്കെ മനസുകളിൽ ഉറച്ചുപോയതുകൊണ്ടല്ലേ?

"മനുഷ്യന്‍ സൃഷ്ടിയുടെ കിരീടമാണെന്ന" (man is the crown of the creation) ആശയത്തോട് എനിക്ക് വിയോജിപ്പില്ല. കാരണം, ഭൗതീകതയിൽ (materiality) നിന്ന് ജീവനിലേക്കും (life) --- മറ്റൊരു വിധത്തിൽ പറഞ്ഞാൽ അചേതനയിൽ നിന്ന് സചേതനയിലേക്കും --- ജീവനിൽ നിന്ന് ആത്മബോധത്തിലേക്കും (consciousness) പ്രകൃതി സ്വയം പരിണാമം പ്രാപിച്ചിരിക്കുന്നത് മനുഷ്യനിലൂടെയാണ്. പ്രപഞ്ച ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സംഭവിച്ച സത്താപരമായ ഈ “കുതിച്ചുചാട്ടത്തിലൂടെ” (Leap), ഭൗതീകത (gross matter), ജീവൻ (life), ബോധം (consciousness or divinity) എന്നീ യാഥാർത്ഥ്യത്തിന്റെ മൂന്ന് അവസ്ഥകൾ മനുഷ്യനിൽ സമഞ്ജസം സംഗമിച്ചു. യാഥാർത്ഥ്യത്തിന്റെ രണ്ട് ധ്രുവങ്ങളെ (materiality and divinity) കോർത്തിണക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ, മനുഷ്യൻ പ്രകൃതിയുടെ മകുടമാണെന്ന് പറയുന്നതിൽ തെറ്റില്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ, ഈ മഹാ പ്രപഞ്ചത്തില്‍ ഇത്തിരിയോളം വരുന്ന മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. യുഗാന്തരങ്ങള്‍ നീണ്ടുനിന്ന പരിണാമ പ്രക്രിയയിലൂടെയുള്ള പ്രകൃതിയുടെ ആത്മാവിഷ്ക്കാരമാണ് മനുഷ്യന്‍. മനുഷ്യന്റെ ജന്മത്തോടെ, ഭൗതീക അടിമത്തത്തില്‍ നിന്ന് വസ്തുക്കളെല്ലാം ആത്മീയമായ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നു. സ്വന്തം ഭൗതീകതയിൽ (ശരീരത്തിൽ) കുടികൊള്ളുന്ന ബോധത്തിലൂടെ (ആത്മാവിലൂടെ) പ്രകൃതിയെയും, താൻ പ്രതിനിധാനം ചെയ്യുന്ന ചാരചരങ്ങളെയും മനുഷ്യൻ മഹത്വവല്‍ക്കരിക്കുന്നു, ഭൗതീക അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാക്കുന്നു, ഭൗതീകതയെ (matter) ആത്മീയമാക്കുന്നു (spiritual).

ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം നാം കൃത്യമായി മനസിലാക്കണം. മനുഷ്യൻ പ്രപഞ്ചത്തിന്റെ മകുടമായി മാറിയത് അവന്റെ സ്വന്തം മിടുക്ക് കൊണ്ട് അല്ല. കല്ലായും മണ്ണായും മരമായും മൃഗമായും, പിന്നെ ബോധമുള്ള മനുഷ്യനായും പരിണാമമടയുന്നത് പ്രകൃതി തന്നെയാണെന്നും, പ്രപഞ്ചത്തിന്റെ വൈചിത്ര്യങ്ങളെല്ലാം പ്രകൃതിയുടെ തന്നെ ആവിഷ്ക്കാരങ്ങളാണെന്നും (manifestation) നാം വിസ്മരിക്കാൻ പാടില്ല. (ഇവിടെ പ്രകൃതി എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ബ്രഹ്മൻ എന്ന സൂഷ്മമായ അർത്ഥത്തിലാണ്. അതിനാൽ, ആശയക്കുഴപ്പം ഉണ്ടാവാൻ ഇടയുണ്ട്.) പറഞ്ഞുവന്നത് ഇതാണ്: ആത്യന്തീകമായി പ്രകൃതി തന്നെ താരം, മനുഷ്യൻ ഒരു നിമിത്തം മാത്രം!

പരിണാമങ്ങളിലൂടെ പ്രകൃതി ഈ പ്രപഞ്ചമായി വിരാചിതമായി നിൽക്കുവെന്ന വസ്തുത വിസ്മരിച്ചതാണ് പാശ്ചാത്യ ചിന്തകളിലെ ഏറ്റവും വലിയ പാരാധീനത. തന്മൂലം, മനുഷ്യന് അനാവശ്യ പ്രാധാന്യം കൈവരികയും, പ്രകൃതി രണ്ടാം തരമായി പിന്തള്ളപ്പെടുകയും ചെയ്തു. അതിന്റെ പരിണിതഫലം എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വളരെ ദൂരം അകന്നു, പ്രകൃതിയെ ചൂഷണം ചെയ്തും ലാഭം നേടുകയെന്ന വ്യാവസായവൽക്കരണം ശക്തിപ്രാപിച്ചു, ലാഭക്കൊതി യുദ്ധങ്ങളിലും സാമൂഹിക ഉച്ചനീചത്വങ്ങളും കൊണ്ടെത്തിച്ചു, മനുഷ്യന് മനുഷ്യനെ തന്നെ വിലയില്ലാതായി... മനുഷ്യ-കേന്ദ്രീകൃത ചിന്തകളുടെ വിളനിലമായിരുന്ന യൂറോപ്പിനെ അപേക്ഷിച്ച്, പ്രകൃതി-കേന്ദ്രീകൃത (nature centric) സംസ്ക്കാരം അനുവർത്തിച്ചിരുന്ന ഭാരതം പോലുള്ള പൗരസ്ത നാടുകൾ ആത്മീയ അഭിവൃദ്ധിയുടെ വിളനിലമായിത്തീർന്നു. ഇവിടെ ബുദ്ധമതം ജനിച്ചു, അദ്വൈതം ജനിച്ചു. പ്രകൃതിയുമായി അനുരൂപരായ മഹാരഥന്മാരിൽ നിന്ന് ഉടലെടുത്ത  ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകം അതിന്റെ തനതായ സ്വഭാവം കൈവെടിഞ്ഞ് വൈരുദ്ധ്യ ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതിനുള്ള പ്രധാന കാരണം പാശ്ചാത്യവൽക്കരണവും, പാശ്ചാത്യശക്തികളുടെ അധിനിവേശവുമാണെന്ന് പറയാതിരിക്കാൻ വയ്യ.

അങ്ങനെ പാശ്ചാത്യരെ പൂർണ്ണമായി എഴുതിത്തള്ളാൻ വരട്ടെ! മനുഷ്യനിൽ നിന്ന് പ്രകൃതിയിലേക്ക് തിരിഞ്ഞ് പ്രകൃതിയുമായി അനുരൂപനാവാൻ ശ്രമിച്ച് നിരവധി നവോദ്ധാന നായകന്മാർ പാശ്ചാത്യ ലോകത്തും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായ  ഒരു വ്യക്തിയാണ് രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി. ഭാരതത്തിന്റെ ആത്മീയ പൈതൃകം വിസ്മരിച്ച് പാശ്ചാത്യവൽക്കരണത്തിന്റെ പിന്നാലെ പോകുന്ന യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ബൈബിളാണ് ഫ്രാൻസിസിന്റെ ജീവചരിത്രം. പ്രകൃതിയുമായി അനുരൂപനായി സകല സരാചരങ്ങളെയും ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്ത ആ വിശുദ്ധന്റെ ജീവിതത്തിന്റെ സംഭവങ്ങൾ ഏതൊരാളെയും പിടിച്ചുലയ്ക്കുന്നതാണ്. പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുക മാത്രമല്ല, അവയോട് ദൈവവചനം പ്രസംഗിക്കുക പോലും ചെയ്തു വിശുദ്ധ ഫ്രാൻസിസ്. സമൂഹത്തിലെ പ്രകൃതിവിരുദ്ധ പ്രവണതകളിൽ നിന്ന് രക്ഷ നേടാന്‍ അദ്ദേഹം വനാന്തരങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു. പാമ്പും പഴുതാരയും, ആനയും കാട്ടുചെന്നായയും നിർഭരം വിരാചിക്കുന്ന ആ കാട്ടിൽ കിന്നരം മീട്ടിയും, പ്രകൃതിയോട് സംസാരിച്ചും ആ വിശുദ്ധൻ ധ്യാനനിരതനായി. താനും പ്രകൃതിയിലെ ഒരു കണ്ണിയാണെന്ന ബോധത്തിലുപരി, താനും പ്രകൃതിയും ഒന്നാണെന്ന അദ്വൈത ചിന്തകൾ അദ്ദേഹത്തെ ആത്മീയതയുടെ ഉച്ചസ്ഥായിലെത്തിച്ചു. ആത്മബോധത്തിന്റെ ഉന്നതമായ ആ നിലയിൽ, വന്യമൃഗങ്ങള്‍ അദ്ദേഹത്തിന് കാവല്‍ കിടന്നു. ഞാനെന്ന ഭാവത്തെ താലോലിക്കാൻ തുന്നിയ വസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരു ദിഗംബരനെ പോലെ ചുറ്റിനടന്നു. വിശ്വാസം കൊണ്ട് ഫ്രാന്‍സിസ് അസീസി ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും, ജീവിതം കൊണ്ട് അദ്ദേഹം തികഞ്ഞ ഭാരതീയനായിരുന്നുവെന്ന് എന്റെ മതം. പ്രകൃതിയ്ക്ക് അതീ‍തമായി ഒരു ആദ്ധ്യാത്മീയതയില്ല... ഒരു കുട്ടിയുടെ മനോഭാവത്തോടെ മരത്തോടും പക്ഷികളോടും കിന്നാരം പറയാനുള്ള ലാളിത്യം തന്നെയാണ് ആദ്ധ്യാത്മീയതയുടെ ഏറ്റവും വലിയ തെളിവ്, പത്മാസനത്തിലിരുന്നതുകൊണ്ടോ കാവിധരിച്ചതുകൊണ്ടോ ആരും ആത്മീയനാവുന്നില്ല, ഒരിക്കലും!

Monday, July 18, 2011

നിഷേധികളേ, ഇതിലെ ഇതിലെ!

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാറല്‍ മാക്സ് നിർവചനം 100 ശതമാനവും ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മതത്തിനും, ആത്മീയതയുടെ പേരിൽ അത് വിളമ്പുന്ന അമേദ്യത്തിനും ഒരു ലഹരിയുണ്ട്, ഒരു തവണ വീണുപോയാൽ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കാത്ത അടിമത്വമുണ്ട്. പണ്ഢിതനോ പാമരനോ, ധനവാനോ ദരിദ്രവാസിയോ ആരുമാവട്ടെ! ഒരു തവണ വീണാൽ തീർന്നു. ആ ലഹരിയിൽ അയാൾ പിന്നെ സ്വന്തം തലച്ചോറ് പണയം വയ്ക്കുന്നു... തന്നിലെ അടിസ്ഥാന മനുഷ്യ സ്വഭാവമായ അന്വേഷണ ത്വരയെയും യുക്തിയെയും കുഴിച്ച് മൂടുന്നു.... പിന്നെ, ഭൂമിയോളം വിനയാന്വിതനായി കാണാമറയത്തിരിക്കുന്ന ഈശ്വരന്മാരുടെയും ആത്മീയഗുരുക്കന്മാരുടെയും ഉഡായിപ്പുകൾക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നു, വെറും വിശ്വാസങ്ങളുടെ പേരിൽ, ആദർശങ്ങളുടെ പേരിൽ! ഒന്നും കാണാനും കേൾക്കാനും ചിന്തിക്കാനും കെൾപ്പില്ലാത്ത അടിമയെ പോലെ! എന്തിന്? മതം നൽകുന്ന ബാഹ്യമായ ‘നിര്‍വൃതിയിലും‍’ മതിഭ്രമത്തിലും ഒതുങ്ങിക്കൂടാനുള്ളതാണോ ഈ ജീവിതം? മതത്തിനും അതിന്റെ സംവിധാനങ്ങൾക്കും തഴച്ചുവളരാൻ മണ്ണിലെ വളമാവേണ്ടവരാണോ നാം?

പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാനുള്ള മാർഗം തേടി മതത്തിന്റെ പിന്നാലെ പോകുന്നത് ഒരു വിധത്തിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ഈ ബുദ്ധിജീവികൾക്ക് എന്ത് സംഭവിച്ചു എന്നാണ് മനസിലാകാത്തത്. തന്റെ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവന് അപ്പൊ ചൊറിയും. ബൈബിളും ഖുർ ആനും ഗീതയുമെല്ലാം അപ്രമാദിത്വങ്ങളും ആത്യന്തങ്ങളുമാണത്രേ! ആരും അവയെ ചോദ്യം ചെയ്യാൻ പാടില്ല. യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ചിന്തിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ സ്വർഗ രാജ്യത്തിലെ നിഷേധികൾ, ശപിക്കപ്പെട്ടവർ, പിശാചിന്റെ സന്തതികൾ, അന്ത്യവിധിയിൽ അവർക്ക് തക്കതായ ശിക്ഷ കിട്ടും! ഇതൊക്കെയാണ് പട്ടങ്ങൾ, ഭീഷണികൾ! കഷ്ടം! ഇത്തരം യാഥാസ്ഥിതികരായ മതവിശ്വാസികളോട് പറഞ്ഞിട്ട് ഒരു കാര്യമില്ലെന്നറിയാം, എങ്കിലും പറയാനുള്ളത് പറയണമല്ലോ! (ഞാനിങ്ങനെയൊക്കെ പറയുമ്പോൾ എന്റെ മനസിലുള്ള ചിത്രം ഞാനടുത്തിടെ പരിചയപ്പെട്ട ഒരു മുസ്ലീം സുഹൃത്തിന്റേതാണ്. ഇസ്ലാമിന്റെ ആത്മാവ് കണ്ടെത്തിയ ആളാണോ അദ്ദേഹം എന്നൊന്നും എനിക്കറിയില്ല. എങ്കിലും, മണിക്കൂറുകൾ നീണ്ട സംവാദത്തിനൊടുവിലും, മാലോകരെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തേ അടങ്ങു എന്ന നിലപാടിലാണ് അദ്ദേഹം. അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നില്ല. തന്നെയുമല്ല, ഇസ്ലാം അല്ലാത്ത ഒന്നും അയാൾക്ക് സ്വീകാര്യവുമല്ല. മതമൌലീകവാദിയായ ഒരു ചെറുപ്പക്കാരനെ ജീവിതത്തിലാദ്യമായി കണ്ട നിമിഷങ്ങളായിരുന്നു അവ, അത്ഭുതപ്പെടുത്തലുകളുടെയും ഭയപ്പാടുകളുകയും നിമിഷങ്ങൾ...)

നിഷേധാത്മക ചിന്തകള്‍, അത് എന്തുമായിക്കൊള്ളട്ടെ, പ്രകൃതി വിരുദ്ധമാണെന്ന ധാരണ തീരെ ശരിയല്ല. ഏതെങ്കിലുമൊരു വ്യവസ്ഥാപിത സംവിധാനത്തെ സംബന്ധിച്ച് അവ നിഷിദ്ധങ്ങളായിരിക്കാം. എന്നാല്‍, സത്യത്തിന്‍റെ വൈവിദ്ധ്യങ്ങളായ വശങ്ങളെ കൂടുതല്‍ നന്നായി മനസിലാക്കാനും, ശരിയെന്ന് നാം കരുതിവച്ചിരിക്കുന്ന ആദര്‍ശങ്ങളുടെ ആധികാരികതയെ പരീക്ഷിച്ചറിയാനും നിഷേധാര്‍ത്മക ചിന്തകള്‍ എപ്പോഴും നമ്മേ സഹായിക്കാറുണ്ട്. അതുകൊണ്ട്, സത്യമെന്ന് തോന്നുന്നതിനെയും അബദ്ധമെന്ന് തോന്നുന്നതിനെയും ഒരു പ്രാധാന്യത്തോടെ സമീപിക്കുന്നതാണ് ആരോഗ്യപരം. ഒന്നിനെയും അന്ധമായി വിശ്വസിക്കേണ്ട, നിഷേധിക്കുകയും വേണ്ട.

വ്യക്തിപരമായ അഭിപ്രായത്തില്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ “നിഷേധി” അദ്വൈതിയായ ശങ്കരാചാര്യരാണ്. “നേതി നേതി” എന്ന് കാണപ്പെട്ടവയെ എല്ലാം നിഷേധിച്ച ശങ്കരാചാര്യര്‍ തന്നിലേക്ക് തന്നെ തിരിയുന്നതിന് പഠിപ്പിക്കുകയായിരുന്നു. “നിഷേധിക്കുക” എന്നതിനെ ഒരു സത്യാന്വേഷണ രീതിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. സ്വന്തം അസ്ഥിത്വത്തെ അടക്കം എല്ലാറ്റിനെയും നിഷേധിക്കുകയും, ഒടുവില്‍ “ഞാന്‍ ചിന്തിക്കുന്നു” (I think) എന്നും, “അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നുവെന്നും” (Therefore I exist) പറഞ്ഞു വച്ച ഡെക്കാര്‍ട്ട് അടക്കമുള്ളവര്‍ നിഷേധാത്മക രീതി പിന്‍‌തുടര്‍ന്നവരാണ്.

ശാസ്ത്രത്തിന്‍റെ മനോഭാവം തന്നെ നോക്കൂ! സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. ഏതൊരു സിദ്ധാന്തത്തെയും ഒരു സിന്തസിസ് എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഏതെങ്കിലുമൊരു സംഗതി ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള തീരുമാനത്തിലെത്താന്‍ പരിമിതമായ മനുഷ്യബുദ്ധി കൊണ്ട് സാധ്യമല്ല എന്ന വസ്തുത നാം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ, മനുഷ്യ ബുദ്ധിയ്ക്ക് തെറ്റ് സംഭവിക്കാനുള്ള സാധ്യതയും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി പുല ബന്ധം പോലും ഇല്ലാത്തവ ആയിക്കൂടെന്നില്ല.

സത്യമെന്ന് നാം കരുതുന്നവ സൌരയുഥത്തിന്‍റെ കേന്ദ്രമായ ഭീമൻ സൂര്യന്‍ പോലെ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ വെറും തോന്നലുകളോ മരീചികയോ ആവാം. ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ തോന്ന്യാസങ്ങളുമാവാം അവ. “അപ്പോ കാണുന്നവനെ അപ്പാ” എന്ന് വിളിക്കുന്ന മനസിന്‍റെ ഈ അടിസ്ഥാന സ്വഭാവം മനസിലാക്കിയതുകൊണ്ടാവാം ശങ്കരാചാര്യര്‍ പോലും യാഥാര്‍ത്ഥ്യത്തെ നിഷേധാത്മകമായി “നേതി നേതി“ എന്ന് വിളിച്ചത്.

അങ്ങനെ നോക്കുമ്പോൾ, ഉദാസീനത (Indifference) എന്ന “സമീപനമാണ്” സമുചിതമെന്ന് കാണാം. നാം അറിയാനിരിക്കുന്നവയുമായി താരത‌മ്യം ചെയ്യുമ്പോൾ നമുക്ക് അറിയാവുന്നവ വിഷയങ്ങൾ തികച്ചും നിസാരങ്ങളാണ്. മഞ്ഞുമലയുടെ ശിഖരങ്ങളെ മാത്രം കണ്ടിട്ട് മഞ്ഞുമലയെ മനസിലായി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ? ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? യേശു, നബി, ശങ്കരാചാര്യര്‍ എന്നിങ്ങനെ തുടങ്ങുന്ന മഹാത്മാക്കള്‍ അവരുടെ കാലഘട്ടത്ത് ജീവിതത്തെ കുറിച്ച് അന്വേഷണം നടത്തി, അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം അതോടെ എല്ലാം തീര്‍ന്നുവെന്നാണോ? അവര്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് നാം ഇന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം. നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങള്‍ക്കിഷ്ടം! യേശുവും നബിയും ശങ്കരാചാര്യരും നടന്ന വഴികളും താണ്ടി നാം നടക്കേണ്ടിയിരിക്കുന്നു, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താന്‍, വ്യാഖ്യാനിക്കാൻ വിട്ടുപോയ സത്യങ്ങളുടെ പുത്തൻ അർത്ഥതലങ്ങൾ കണ്ടെത്താൻ!

യാഥാ‍സ്ഥിതികനായിരിക്കുക എത്രയോ എളുപ്പം, അല്ലേ? അതുപോലെ എളുപ്പമല്ല നിഷേധിയാവുക എന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ നിഷേധിച്ച ശേഷം, ആകാശത്തിന്‍റെ പുതിയ സ്വപ്നങ്ങളിലേക്ക് അതിശക്തമായി കുതിച്ചുയരുന്ന റോക്കറ്റിന്‍റെ കരുത്തുവേണമതിന്. നിഷേധിക്കുക എന്നത് എളുപ്പമാണെന്നും, വിശ്വസിക്കുക എന്നത് കഠിനമെന്നും ആരോ പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍, എന്‍റെ നിലപാട് നേരെ തിരിച്ചാണ്, “വിശ്വസിക്കുക എത്രയോ എളുപ്പം, നിഷേധിക്കുക എത്രയോ കഠിനം.” നമുക്ക് നിഷേധികളാവാം... എല്ലാറ്റിനെയും ചോദ്യം ചെയ്യാം..., സത്യത്തിലെത്തി എന്ന പൂർണ്ണ ബോധ്യമായാൽ കൂടി! സംശയത്തിന്റെ കടുക് മണി ആ മൂലയിലെങ്ങാനും കിടക്കട്ടെ. ഒരുപക്ഷേ, ദൈവത്തിന്റെ രൂപത്തിൽ സ്വർഗം ഭരിക്കുന്നത് ചെകുത്താൻ ആണെങ്കിലോ?

Thursday, July 14, 2011

ചില ഡേറ്റിംഗ് വിശേഷങ്ങള്‍!

നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂം‌മേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.

ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.

ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബി‌എ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബി‌എയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.

സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.

ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽ‌പ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!

ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻ‌കരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻ‌കരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻ‌കരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻ‌കരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക....  അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Tuesday, July 5, 2011

മദയാനയ്ക്ക് മുന്നിലെ അദ്വൈതം

യാദൃശ്ചികമായി ചില പ്രമുഖ ബ്ലോഗുകളില്‍ കണ്ട പോസ്റ്റുകള്‍…! അവയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു എന്നറിയാം. ആ നിലയ്ക്ക്, ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ആലോചിച്ചു. ഒടുവിൽ, സത്യം മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.

അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? എനിക്കറിയില്ല. എങ്കിലും, വാസ്തവം ഇതാണ്... ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ പരപ്പും ആഴവും മനസിലാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിന്തിക്കുന്തോറും ആ‍ശയക്കുഴപ്പങ്ങളും, പുത്തൻ ആങ്കിളുകളും സമ്മാനിക്കുന്ന അദ്വൈതത്തെ കുറിച്ച് ശരിയായി വിശദീകരിക്കാൻ ശങ്കരാചാര്യർ തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുപോകാറുണ്ട്. ഒരു സിദ്ധാന്തം എന്നതിൽ ഉപരി,  അദ്വൈതം എന്നത് ഒരു അനുഭവമാണ്, ജന്മാന്തരങ്ങളിലൂടെയുള്ള കഠിന തപസിലൂടെ യോഗികൾ മാത്രം ആർജിച്ചെടുക്കുന്ന സാക്ഷാത്ക്കാരം! അതുകൊണ്ടുതന്നെ, സൈദ്ധാന്തികമായി അദ്വൈതത്തെ വ്യാഖ്യാനിച്ച് തൃപ്തിപ്പെടേണ്ട ഒരു ദുർഗതിയാണ് സാധാരണക്കാരായ നമ്മുടെ മുന്നിലുള്ളത്. പക്ഷേ, സൈദ്ധാന്തികമായ വ്യാഖ്യാനങ്ങൾ പോലും പലപ്പോഴും അസാധ്യമാവുന്നു. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്!

അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന പ്രസ്താവനയിലേക്ക് വീണ്ടും വരാം! അദ്വൈതത്തെ കുറിച്ച് മാത്രമല്ല, ദൈവം, ആത്മാവ്, തിന്മ, സ്വർഗനരകങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ മതസംബന്ധിയായ വിഷയങ്ങളെ കുറിച്ച് അപഗ്രഥിക്കാനും മനുഷ്യ തലച്ചോറിന് വികാസം പോരാ! ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായി നിലകൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളെ ഒരുപക്ഷേ അഞ്ഞൂറ് വർഷത്തിന് ശേഷമുള്ള മനുഷ്യൻ നിഷ്പ്രയാസം മനസിലാക്കുമായിരിക്കും! അതുവരെ, കണ്ണുമടച്ച് വിശ്വസിക്കുക എന്ന ഒറ്റ പോം‌വഴി മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ... നമ്മുടെയൊക്കെ ഓരോ ഗതികേടേയ്!!!!! എന്നും പറഞ്ഞ് മിണ്ടാതിരിക്കുന്നതും ശരിയല്ല.

ആദിശങ്കരന്റെ ചിന്തകളിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു അംശമാണ് മായ (Maya). “illusion” (മിഥ്യാബോധം, തോന്നല്‍) എന്നാണ് മായയെ പൊതുവേ വ്യാഖ്യാനിച്ച് കാണുന്നത്. എന്നാൽ അത്തരമൊരു വ്യാഖ്യാനത്തോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം, ഉപനിഷത്തുക്കൾക്ക് ഭാഷ്യം രചിക്കുകയും, ഭാരത തത്വചിന്തയ്ക്ക് തനതായ രൂ‍പവും ഭാവവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “സർവ്വം മായ” (സകലവും വെറും തോന്നൽ എന്ന അർത്ഥത്തിൽ) എന്ന നിലപാട് സ്ഥീകരിക്കുമോ? സർവ്വം മിഥ്യ എന്ന് പ്രഖ്യാപിച്ച ശങ്കരാചാര്യർ എന്തുകൊണ്ടാവാം മദയാനയെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? തെറ്റുപറ്റിയത് ആദിശങ്കരനോ, അതോ നമുക്കോ? ആദിശങ്കരന് പിഴയ്ക്കാൻ വഴിയില്ല. പിന്നെ പിഴച്ചത് നമുക്കാണെന്നാണോ? ഉവ്വ! ശങ്കരാചാര്യരെ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയതാണ് നാം ചെയ്ത തെറ്റ്! “നേതി നേതി”, “അഹം ബ്രഹ്മാസ്മി”, “മായ” തുടങ്ങിയ അതിസൂഷ്മ അദ്വൈത സിദ്ധാന്തങ്ങൾ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കാൻ പാടില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങള്‍ മുൻ‌കൂട്ടി കണ്ടതിനാലാവണം ശിഷ്യൻ നേരിട്ട് ഗുരുവിൽ നിന്നുതന്നെ അദ്വൈതം പഠിക്കണമെന്ന് ആദിശങ്കരന്‍ നിഷ്ക്കർഷിച്ചത്.

ഇനിയൽ‌പ്പം അദ്വൈതം

അദ്വൈതത്തിലെ ഒരോ ചിന്തയും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സസൂഷ്മം വേണം ഗൌനിക്കാൻ! നമുക്ക് ബ്രഹ്മനിൽ നിന്ന് തുടങ്ങാം.

ആരാണ് ഈ ബ്രഹ്മൻ? ബ്രഹ്മനെ ഈശ്വരനായി (ദൈവമായി) താരത്മ്യം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മതങ്ങളിൽ ഉള്ളതുപോലെ, വ്യക്തിരൂപം ധരിച്ച ഒരു ഈശ്വരനായി ആദിശങ്കരൻ ബ്രഹ്മനെ കാണുന്നില്ല. സര്‍വവ്യാപി, സര്‍വജ്ഞാനി, കാരണഭൂതൻ, പൂർണ്ണത, പരമാനന്ദം തുടങ്ങിയ വിശേഷ ലക്ഷണങ്ങൾ ബ്രഹ്മന് നൽകാമെങ്കിലും, അടിസ്ഥാനപരമായി ശങ്കരാചാര്യരുടെ ഭാഷ്യത്തിൽ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍‌മ” (Being, that which exists) മാത്രമാണ്. എന്താണ് ഈ ഉന്‍‌മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍‌മ. “നിലനിൽക്കുക“ എന്നാൽ ഭൌതീകമായ രൂപം ഉണ്ടായിരിക്കുക എന്ന് മാത്രമല്ല അർത്ഥം! രൂപഭാവങ്ങൾ ഇല്ലാത്ത ചിന്തകൾ ഉന്മയാണ്. കാൽ‌പ്പനികത ഉന്മയാണ്. യൂ‍ണിക്കോൺ ഉന്‍‌മയാണ്. ശൂന്യത (Nothingness) പോലും ഉന്‍‌മയാണ്. അങ്ങനെ, ഉന്‍‌മയുടെ പട്ടികയില്‍ വരാത്ത ഒന്നും ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ ഉന്മയായത് എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മൻ ആണ്. “Everything Is Brahman.” (ആശയം പിടികിട്ടിയില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു ചോക്ലേറ്റ് കൊട്ടാരത്തിൽ പ്രവേശിക്കുന്നുവെന്ന് കരുതുക. അവിടെ കാണുന്നതെല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണ്. തൂണും ചുവരും, കിരീടവും ചെങ്കോലും, സിംഹാസനങ്ങളും, പ്രതിമകളും, വിളക്കുകളും, പരവതാനികളും, ഛായാചിത്രങ്ങളും എല്ലാം. ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണെങ്കിലും, വിളക്കിനെ “വിളക്ക്“ എന്നേ നിങ്ങൾ വിളിക്കൂ... വാളിനെ “വാൾ“ എന്നേ വിളിക്കൂ... പക്ഷേ, അത് യഥാർത്ഥത്തിൽ വാൾ ആണോ എന്ന് ചോദിച്ചാൽ അല്ല. വാൾ അല്ലേ എന്ന് ചോദിച്ചാൽ ആണ്! ശരിയായ ഉത്തരം ഇതാണ്: വാളിന്റെ രൂപത്തിൽ കാണപ്പെടുന്ന ചോക്ലേറ്റ്! ഈ വിധത്തിൽ വേണം ബ്രഹ്മനെയും ചരാചരങ്ങളെയും കാണാൻ. പ്രപഞ്ച വസ്തുക്കൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാണപ്പെടുന്നു. പക്ഷേ, ആത്യന്തികമായി അവയെല്ലാം ബ്രഹ്മൻ സ്വയം ഉരുവായതാണ്. ഉന്മ മാത്രമായ ബ്രഹ്മൻ സകല ഗുണങ്ങളെയും സ്വീകരിച്ച് പ്രപഞ്ചമായി വിരാചിതമാവുന്നു.) ഈ അര്‍ത്ഥത്തിലാണ് “അഹം ബ്രഹ്മാസ്മി”യെയും മനസിലാക്കേണ്ടത്.

ബ്രഹ്മൻ എല്ലാമാണെന്നും, സഗുണനാണെന്നും പറഞ്ഞല്ലോ! അതിന് ഘടകവിരുദ്ധമായി, ബ്രഹ്മൻ നിർഗുണൻ കൂടിയാണ്. അതായത്, സകല ഗുണങ്ങളോടും കൂടി ബ്രഹ്മൻ വിരാചിതമായാലും, ആ ഗുണങ്ങൾക്കെല്ലാം അതീതനാണെന്ന്‌ ബ്രഹ്മൻ. ഉദാഹരണത്തിന്, ബ്രഹ്മൻ ആനയായി കാണപ്പെടുന്നുവെന്ന് കരുതുക. എന്നും പറഞ്ഞ്, ആനയെ ബ്രഹ്മൻ എന്ന് വിളിക്കാൻ പറ്റില്ല. കാരണം, “ആന“ എന്ന പരിമിതിക്കുള്ളിൽ ഒതുങ്ങാത്ത യാഥാർത്ഥ്യമാണ് ബ്രഹ്മൻ. മരം ബ്രഹ്മനാണ്. പക്ഷേ ബ്രഹ്മൻ മരമാണോ? അല്ല. ഈ സന്ദർഭത്തിലാണ് ചരാചരങ്ങളെ നോക്കി “നേതി നേതി” എന്ന് ശങ്കരാചാര്യർ വിളിച്ചത്. ഒരേ സമയം ബ്രഹ്മനും ബ്രഹ്മനല്ലാതായിരിക്കുകയും ചെയ്യുന്ന പ്രപഞ്ചം! ഒരേ സമയം എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും ചെയ്യുന്ന ബ്രഹ്മൻ! ഇതാണ് വൈരുദ്ധ്യം! നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള ബ്രഹ്മന്റെ ഈ വികാസത്തെ, അതായത് മൈക്രോകോസത്തിൽ (microcosm) നിന്ന് മാക്രോകോസത്തിലേക്കുള്ള (macrocosm) ബ്രഹ്മന്റെ ഈ ഉരുത്തിരിയലിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ വിളിക്കാം.

ഒരിക്കൽ കൂടി “നേതി നേതി”-യിലേക്ക് മടങ്ങിപ്പോകാം. നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുന്നു: നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? “എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണ്“ എന്ന് നിങ്ങള്‍ പറഞ്ഞാൽ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം. പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, പക്ഷേ പൂർണ്ണമായി ശരിയല്ല. കാരണം, ഉന്‍‌മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. ചുരുക്കിപ്പറഞ്ഞാൽ, “ബ്രഹ്മൻ കാണപ്പെടുന്നു, ബ്രഹ്മനല്ലത്ത മറ്റെന്തോ ആയി.” ഈ “കാണപ്പെടൽ“ ആണ് സത്യത്തിൽ “മായ”. ഇവിടെ കാണപ്പെടുന്ന വസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കപ്പെടുന്നില്ല. പേന നിലനിൽക്കുന്നുണ്ട്. മദയാനയ്ക്കും നിലനിൽ‌പ്പുണ്ട്. അതിനാൽ, മദയാന വിരട്ടിയാൽ ഓടണം, ശങ്കരാചാര്യർ ചെയ്തതുപോലെ!

പേനയും ആനയും മരവുമെല്ലാം ബ്രഹ്മനിൽ നിന്ന് വ്യത്യസ്തങ്ങളായി നമുക്ക് തോന്നാനുള്ള പ്രധാന കാരണമായി പറയുന്നത് അജ്ഞതയാണ്. പഞ്ചേന്ദ്രിയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബുദ്ധി താൻ ബ്രഹ്മനിൽ നിന്ന് വ്യത്യസ്തമായ, ശരീരവും ഇന്ദ്രിയങ്ങളും ഉള്ള ജീവാത്മാവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സത്യം കാഴ്ചയിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് സത്യം മനസിലാക്കാനുള്ള (ബോധോധയത്തിനുള്ള) ഒരേയൊരു പോംവഴി. ബുദ്ധിയും മനസും പരിപൂർണ്ണമായി കീഴടങ്ങുന്ന (surrender) സത്യാന്വേഷണ പരകോടിയിൽ ജ്ഞാനം ആത്മാവിൽ നിറയുകയും ഉന്മ വ്യക്തമാവുകയും ചെയ്യുന്നു. (ഇതിനുള്ള ദൃഷ്ടാന്തങ്ങൾ സെന്‍ കഥകള്‍ വായിച്ചാല്‍ മനസിലാക്കാം.)

അധികം കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. അതുകൊണ്ട് ഇവിടെ നിർത്തുന്നു. വിഷയത്തിൽ നിന്ന് വഴുതി മാറി കാടുകയറാതിരിക്കാൻ ചില ആശയങ്ങൾ (ഉദാ: microcosm and macrocosm) ഞാൻ വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. അവയെ കുറിച്ച് മറ്റേതെങ്കിലും ഒരവസരത്തിൽ കൂടുതൽ എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു.