Tuesday, January 10, 2017

രമണ മഹര്‍ഷിയും യുജിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും

1939. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ യുജി കൃഷ്ണമൂര്‍ത്തി തത്വശാസ്ത്രവും മനശാസ്ത്രവും പഠിക്കുന്ന കാലം. വയസ് 21. മദ്രാസില്‍ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുവണ്ണാമലൈ. ശ്രീ രമണ മഹര്‍ഷിയുടെ ആശ്രമം അവിടെയാണ്. അദ്ദേഹത്തെ ആശ്രമത്തില്‍ പോയി കാണാന്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത് യുജിക്ക് ഉണ്ടായിരുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നപ്പോള്‍ മനസില്ലാമനസോടെ ഒരു ദിവസം യുജി രമണമഹര്‍ഷിയെ കാണാന്‍ പോയി.

രമണ മഹര്‍ഷിമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് The Mystique of Enlightenment എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ യുജി പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്:

“So, reluctantly, hesitatingly, unwilling, I went to see Ramana Maharshi. That fellow dragged me. He said "Go there once. Something will happen to you." He talked about it and gave me a book, Search in Secret India by Paul Brunton, so I read the chapter relating to this man -- "All right, I don't mind, let me go and see." That man was sitting there. From his very presence I felt "What! This man -- how can he help me? This fellow who is reading comic strips, cutting vegetables, playing with this, that or the other -- how can this man help me? He can't help me." Anyway, I sat there. Nothing happened; I looked at him, and he looked at me. "In his presence you feel silent, your questions disappear, his look changes you" -- all that remained a story, fancy stuff to me. I sat there. There were a lot of questions inside, silly questions -- so, "The questions have not disappeared. I have been sitting here for two hours, and the questions are still there. All right, let me ask him some questions" -- because at that time I very much wanted moksha. This part of my background, moksha, I wanted. "You are supposed to be a liberated man" -- I didn't say that. "Can you give me what you have?" -- I asked him this question, but that man didn't answer, so after some lapse of time I repeated that question -- "I am asking 'Whatever you have, can you give it to me?'" He said, "I can give you, but can you take it?" Boy! For the first time this fellow says that he has something and that I can't take it. Nobody before had said "I can give you," but this man said "I can give you, but can you take it?" Then I said to myself "If there is any individual in this world who can take it, it is me, because I have done so much sadhana, seven years of sadhana. He can think that I can't take it, but I can take it. If I can't take it, who can take it?" -- that was my frame of mind at the time -- you know, (laughs) I was so confident of myself.”തിരുവണ്ണാമലൈയില്‍ രമണ മഹര്‍ഷിയെ കാണാന്‍ എത്തിയ യുജിയ്ക്ക് ആകർഷണീയമായി ഒന്നും രമണ മഹര്‍ഷിയില്‍ കണ്ടെത്താൻ കഴിഞ്ഞില്ല. തറയിലിരുന്ന് പച്ചക്കറി വെട്ടുകയും ഫലിതപുസ്തകങ്ങള്‍ വായിച്ച് രസിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍. ഇയാള്‍ക്കെങ്ങനെ എന്നെ സഹായിക്കാന്‍ കഴിയും? യുജി ആലോചിച്ചു. രമണ മഹര്‍ഷിയെ കുറിച്ചുള്ള കേട്ടറിവ് വച്ച്, സുവർണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരു മഹാത്മാവിനെ പ്രതീക്ഷിച്ചാണ് യുജി അവിടെയെത്തിയത്. പക്ഷേ കണ്ടതാവട്ടെ, നിലത്തിരുന്ന് പച്ചക്കറികൾ മുറിക്കുന്ന ഒരു സാധാരണക്കാരനെ! Take It Easy എന്ന പുസ്തകത്തില്‍ ഓഷോ പറയുന്നതുപോലെ, യുജി ഒരുപക്ഷേ നോക്കേണ്ടിയിരുന്നത് രമണ മഹര്‍ഷിയുടെ കണ്ണുകളിലേക്കായിരുന്നു; അവിടെ തുളുമ്പുന്ന സ്നേഹത്തിലേക്കായിരുന്നു. പക്ഷേ അയാള്‍ നോക്കിയതാവട്ടെ പച്ചക്കറിയരിയുന്ന അദ്ദേഹത്തിന്റെ കരങ്ങളിലും. യുജിയുടെ മുന്‍‌വിധിയും അഹന്തയും മൂലം, രമണ മഹര്‍ഷിയിലെ സാധാരണത്വവും അതിന്റെ സൗന്ദര്യവും മഹിമയും കാണുവാൻ അയാള്‍ക്ക് കഴിയാതെ പോയി.

രമണ മഹര്‍ഷിയുടെ മഹിമ മനസിലാക്കുന്നതില്‍ പരാജയപ്പെട്ട യുജി ഋഷികേശത്തിലെ ശിവാനന്ദന്‍ എന്ന യോഗ മാസ്റ്ററിനൊപ്പം കഴിച്ചുകുട്ടിയ ഏഴു വർഷങ്ങളെ കുറിച്ച് പ്രസ്താപിക്കുക അവസരോചിതമാണ്. യോഗയും ഒപ്പം ധ്യാനവും യുജി ഋഷികേശില്‍ അഭ്യസിച്ചു. ആ കാലയളവില്‍ ശിവാനന്ദന്റെ നിര്‍ദ്ദേശപ്രകാരം യുജി ഉപ്പ്, മുളക്, മസാലകള്‍ എന്നിയുടെ ഉപയോഗം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം, വളരെ രഹസ്യമായി ആരുമറിയാതെ ഉപ്പിലിട്ട അച്ചാര്‍ കഴിച്ചുകൊണ്ടിരുന്ന ശിവാനന്ദയെ യുജി കയ്യോടെ പിടികൂടി. ആത്മദ്രോഹപരമാം വിധം, ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന തന്റെ യോഗാ മാസ്റ്ററുടെ തനിനിറം മനസിലാക്കിയ യുജി ശിവാനന്ദനുമൊത്തുള്ള ജീവിതം വച്ചവസാനിപ്പിച്ചു. സുദീര്‍ഘമായ ഏഴ് വര്‍ഷങ്ങള്‍ വേണ്ടിവന്നു യുജിയ്ക്ക് ശിവാനന്ദനിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന്‌ തിരിച്ചറിയാന്‍. എന്നാല്‍, രമണ മഹര്‍ഷിയുടെ ശ്രേഷ്ഠത അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞതുമില്ല. യുജിയുടെ അപക്വവും അഹന്തയിൽ കേന്ദ്രീകൃതമായ മനസിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അഹന്ത എപ്പോഴും വലുതിനെ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഒരു യഥാർത്ഥ സന്യാസിക്ക് അഹന്തയില്ല; അയാള്‍ വെറുമൊരു സാധാരണക്കാരനെ പോലെ ജീവിക്കും. അയാള്‍ അത്യധികം സാധാരണക്കാരനായിരിക്കും - അതാണ് അയാളുടെ അസാധാരണത്വം! ഈ അസാധാരണത്വം അഹന്തയുള്ള ഒരാള്‍ക്ക് കാണാന്‍ കഴിയുകയുമില്ല.

രമണ മഹര്‍ഷിയില്‍ നിന്ന് ഇറങ്ങിപ്പോയ യുജി ഏതാണ്ട് 12 വര്‍ഷങ്ങള്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയ്ക്കൊപ്പം ചിലവഴിച്ചു. വളരെ വ്യത്യസ്തമായ ശൈലിയിലൂടെയാണ് ജെ. കൃഷ്ണമൂർത്തി തന്റെ ആശയങ്ങളെ പ്രകടിപ്പിച്ചിരുന്നത്. ബുദ്ധിപൂർവ്വവും വസ്തുനിഷ്ഠവുമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ അവതരിപ്പിക്കുക. മനസുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങാറുള്ള അദ്ദേഹം പതിയെ അനുവാചകരെ മനസിനുമപ്പുറമുള്ള വിഷയത്തിലേക്ക് നയിക്കുമായിരുന്നു. എന്നാൽ യുജിയാവട്ടെ, ജെ. കൃഷ്ണമൂർത്തിയുടെ ആശയങ്ങളെല്ലാം ഊഹാപോഹങ്ങളും നിഗൂഢ തത്വങ്ങളുമാണെന്ന് ചിത്രീകരിച്ച് പുശ്ചിച്ച് തള്ളിക്കളയുമായിരുന്നു. രമണമഹർഷിയില്‍ ശരിയായ തത്വചിന്താപദ്ധതി ഇല്ല എന്ന കാരണം കാട്ടി ഇറങ്ങിപ്പോയ യുജി, തത്വചിന്ത കൂടിപ്പോയി എന്ന കാരണം ആരോപിച്ച് ജെ. കൃഷ്ണമൂര്‍ത്തിയില്‍ നിന്നും താമസിയാതെ അകന്നു. അങ്ങനെ, സ്വന്തം അഹന്തയെ പ്രതി, രണ്ട് മഹാരഥന്മാരെ യുജി സ്വന്തം ജീവിതത്തില്‍ നിന്ന് പറിച്ചുമാറ്റി എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായി നിലനില്‍ക്കുന്നു.

മനസ് സൂത്രശാലിയായ വഞ്ചകനാണ്. ഏത് നിമിഷവും അത് നമ്മേ കബളിപ്പിക്കാം. യുജിയുടെ ഉദാഹരണവും അതുതന്നെയാണ് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. ഒരു ആചാര്യനെ ഒരാള്‍ സമീപിക്കുമ്പോള്‍, അയാള്‍ ആ ആചാര്യനെ അളക്കുന്നത് സ്വന്തം മനസ് എന്ന മാനദണ്ഡം വച്ചിട്ടായിരിക്കും. സ്വന്തം മനസുമായി പൊരുത്തപ്പെടുന്ന ആളാണ് ആ ആചാര്യനെങ്കില്‍, അയാള്‍ സന്തുഷ്ടനായി. പിന്നെ അയാള്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കുകയായി. ഇതുമൂലം അയാള്‍ക്ക് ഒരു ഉപകാരവും ഉണ്ടാകുന്നില്ല. കാരണം, അയാളുടെ മനസുമായി പൊരുത്തപ്പെടുന്ന ആചാര്യന്‍ അയാളുടെ മനസിന്റെ പ്രവണതകളെ മെരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് പകരം അവയെ കൂടുതൽ സുദൃഢമാക്കുകയാവും ചെയ്യുക. എന്നാല്‍, ഒരാള്‍ എത്തിപ്പെടുന്നത് ഒരു യഥാർത്ഥ ഗുരുവിന്റെ പക്കലാണെങ്കില്‍, അദ്ദേഹം അയാളുടെ മനസുമായി പൊരുത്തപ്പെടണമെന്നില്ല. നല്ലൊരു ഗുരു എങ്ങനെയായിരിക്കണം എന്നുള്ള അയാളുടെ പ്രതീക്ഷകളും ധാരണകളും തകിടം മറിക്കുകയും തച്ചുടയ്ക്കുകയും ചെയ്യുന്ന തരത്തിലാവും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മുഴുവന്‍. അദ്ദേഹം അയാളെ നിരാശനാക്കും; പല തരം മോഹഭംഗങ്ങളിലൂടെ കടത്തിവിടും. വ്യവസ്ഥാപിതമായ അഹംഭാവത്തെ സംസ്ക്കരിക്കാന്‍ അതുമാത്രമാണ് ഏക പോംവഴി.

Sunday, January 8, 2017

അടച്ചുവച്ച പാത്രം!

അടഞ്ഞ ചിന്താഗതിയാണ് ജ്ഞാനത്തിന്റെ മുഖ്യവിരോധി. ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രം “മനസിലായി” എന്നൊരു തോന്നലുണ്ടായാല്‍ മതി; പിന്നെ മനസ് തേങ്ങയ്ക്കുള്ളിലെ പിടിവിടാത്ത കുരങ്ങനെ പോലെ! കാരണങ്ങള്‍ പലതാണ്. പിടിവിട്ടാന്‍ അന്നുവരെ സമ്പാദിച്ച പ്രതിഛായ നഷ്ടമായേക്കുമോ എന്ന ഭയം. സമകാലീനരും സമൂഹവും ഭാവിയില്‍ തന്നെ എങ്ങനെ വിലയിരുത്തുമെന്ന ആശങ്ക. പ്രത്യാഘാതങ്ങളെ നേരിടാനുള്ള സങ്കോചം, ധൈര്യക്കുറവ്, പക്വതയില്ലായ്മ. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല. അവ മാറാം..., മാറണം! അനുഭവവും ബുദ്ധിയും വളരുന്നതിനനുസരിച്ച്... വ്യത്യസ്തതകളെയും വൈരുദ്ധ്യങ്ങളെയും ആലിംഗനം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ജ്ഞാനത്തിന്റെ പ്രാഥമിക ലക്ഷണം. ആശയപരമായ ചെറിയ ചെറിയ വിടവുകളെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാള്‍ക്ക്, യാഥാര്‍ത്ഥ്യത്തെ അതിന്റെ സമഗ്രതയിലും, അതായിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ തനിമയിലും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? സങ്കുചിതമായ മനസുകളില്‍ നിന്ന് അമ്പേ മുഖം തിരിച്ചുകളയുന്ന പ്രകൃതമാണ് ജ്ഞാനത്തിന്റേത്... മരണത്തില്‍ പോലും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് കരുതുന്ന ധീരന്റേയും; പടി തേയുവോളം വാതില്‍പ്പടികള്‍ കയറിയിറങ്ങുവാന്‍ സന്നദ്ധനായ സ്ഥിരോത്സാഹിയുടെയും; നമ്മേ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത് മരണം മാത്രമാണെങ്കില്‍, അതുവരെയും കാത്തിരിക്കാന്‍ ക്ഷമയുള്ള അര്‍പ്പിതന്റെയും മുന്നില്‍ മാത്രം തിരുനട തുറക്കുന്ന പ്രേമഭാജനമാണ് ജ്ഞാനം. അലസനും, ഭീരുവിനും, കപടവേഷധാരിക്കും ജ്ഞാനിയാവാന്‍ ഒരിക്കലുമാവില്ല.

Thursday, January 5, 2017

ചായക്കാരന്‍

വീട്ടിലേക്ക് രണ്ട് ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ കിട്ടാവുന്ന എല്ലാ ഇലട്രിക്കല്‍ കടകളിലും കയറി. ലൈറ്റുകള്‍ ഉണ്ടായിരുന്നു; പക്ഷേ അവരാരും ഡബിറ്റ് കാര്‍ഡ് സ്വീകരിക്കാതിരുന്നതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. മടങ്ങുമ്പോള്‍ ആലോചിച്ചു - എന്താ ഇവര്‍ക്കൊരു സ്വൈപ്പിംഗ് മിഷീന്‍ വാങ്ങിവച്ചാല്‍? അതെങ്ങനെ വയ്ക്കും? വച്ചാല്‍ ഒരുപക്ഷേ, വില്‍ക്കുന്ന സാധനങ്ങളിലൂടെ അവര്‍ കൊയ്യുന്ന കൊള്ളലാഭത്തിന്റെ യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നുപോയാലോ? അങ്ങനെയാണ് എനിക്ക് ചിന്തിക്കാന്‍ തോന്നിയത്.

ഉല്പാദകരില്‍ നിന്ന് തുശ്ചമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി, യഥാര്‍ത്ഥ വിലയുടെ മൂന്നും നാലും ഇരട്ടി വില എഴുതിയൊട്ടിച്ച് സാധാരണക്കാരന്റെ കൈവെള്ളയില്‍ വച്ചുകൊടുമ്പോള്‍, ഇടനിലക്കാരും വിതരണക്കാരും സമ്പാദിക്കുന്ന ലാഭത്തിന്റെ വിഹിതം എന്താണെന്ന് മനസിലാക്കാന്‍ ലേശം ലോകപരിചയവും സാമാന്യബുദ്ധിയും മതി. തമിഴ്നാട്ടിലെ തേനി എന്ന സ്ഥലത്ത് നിന്ന് വെറും 7 രൂപയ്ക്ക് ചെന്നൈയിലെത്തുന്ന ഒരു കിലോ മുന്തിരി 40+ രൂപയ്ക്ക് കടകളില്‍ വിറ്റഴിയുന്നത് നേരിട്ടറിയാവുന്ന ഒരാളാണ് ഞാന്‍. വെറും ഒരു കിലോ മുന്തിരിയില്‍ മാത്രം 33 രൂപ ലാഭം! ഇതൊരു ചെറിയ ഉദാഹരണം മാത്രം.

ലോകോത്തര കമ്പനികളുടെ പേരില്‍ മാര്‍ക്കറ്റില്‍ എത്തുന്ന പല ഉല്‍പ്പന്നങ്ങളും (ജീന്‍സ് മുതല്‍ മുളകുപൊടി വരെ) കുടില്‍ വ്യവസായം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പും അധ്വാനവുമാണെന്നതും, അവരുണ്ടാക്കുന്ന സാധനങ്ങള്‍ കമ്പനികളുടെ കവറിലാക്കി ലേബല്‍ ഒട്ടിച്ച് പതിന്മടങ്ങ് വിലയില്‍ വിറ്റ് വന്‍ലാഭം നേടുന്നത് ആരാണെന്നതും പകല്‍ പോലെ വ്യക്തമായ സത്യമാണ്. ഈ കൊള്ളലാഭങ്ങളുടെ യഥാര്‍ത്ഥ കണക്കുകളെ കുഴിച്ചുമൂടാന്‍ ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക സംവിധാനങ്ങള്‍ കൂട്ടുനിന്നിട്ടുണ്ടാവണം. അതിനെതിരെ ആദ്യമായി പ്രതികരിക്കാനെത്തിയത് ഒരു ചായക്കാരനാണെങ്കില്‍, ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള ക്രയവിക്രയ ശൃംഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ കൃത്യമായി മനസിലാക്കാന്‍ അയാള്‍ക്ക് സാധിച്ചുവെന്നല്ലേ നാം കരുതേണ്ടത്? സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്നവര്‍...‍, അനുദിന ജീവിതാനുഭവങ്ങളില്‍ നിന്ന് കണ്ടും കേട്ടും പഠിച്ചവര്‍... അവര്‍ക്കൊരുപക്ഷേ പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇല്ലാത്ത ചങ്കുറപ്പും ഇശ്ചാശക്തിയും ഉണ്ടായിപ്പോയാല്‍, അവര്‍ക്ക് മുതിരാന്‍ കഴിയാത്ത പലതും തുടങ്ങിവയ്ക്കാനായാല്‍, സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഇന്നേവരെ വോട്ടുരാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹ്യസേവകനും മെനക്കെടാന്‍ കഴിയാത്ത മാറ്റം സ്വപ്നം കാണാനായാല്‍, കൊള്ളലാഭക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും പണക്കൊതി മൂലം ദരിദ്ര നാരായണന്മാരായിത്തീര്‍ന്ന ഭാരതത്തിലെ അസംഖ്യം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്...?

“ഡിജിറ്റല്‍ ഇന്ത്യ” എന്ന കാലാനുസൃതമായ മാറ്റം കണ്ട് ഇവിടെ ആരും പരിഭ്രാന്തരാവുന്നില്ല. ആവുന്നുണ്ടെങ്കില്‍ അവര്‍ ലാഭക്കൊതിയന്മാരോ പൂഴ്ത്തിവയ്പ്പുകാരോ ആയിരിക്കും. അവരാവും ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതിയോഗികള്‍...!

എന്ന് ഒരു പാവം!!

വാചാലനായ മൌനി


മൌനം ഒരാളെ നിശബ്ദനാക്കിയേക്കാം, എങ്കിലും, നാവിനും നാഡികള്‍ക്കുമപ്പുറമുള്ള മനോമയ സഭയില്‍ അയാള്‍ നിരന്തരം വാചാലനായിരിക്കാം. പ്രതിയോഗിയോ പ്രതിബന്ധങ്ങളോ ഇല്ലാത്തതിന്റെ ഹുങ്കില്‍, ആ സ്പടിക മുറിയിലെ രാജസിംഹാസനത്തിലിരുന്ന്, ചതുരങ്കപ്പലകയില്‍ യഥേഷ്ടം കരുക്കള്‍ നിരത്തി അയാള്‍ ആവേശം കൊണ്ടേക്കാം. ഇന്നലെയുടെ നൂലാമാലകള്‍ നിറച്ച മധുചഷകവും, ആശകള്‍ ചേര്‍ത്ത് തുന്നിയ തലപ്പാവും അയാള്‍ക്ക് ചേര്‍ന്ന അലങ്കാരങ്ങളായിരിക്കാം. മൌനമെന്ന പേരില്‍ അയാള്‍ അനുഭവിക്കുന്ന ആത്മസുഖം ഇതൊക്കെയാവും. നിത്യതയുടെ താഴിട്ട് പൂട്ടിയ ശവക്കലറയില്‍ ജീവനോടെ അകപ്പെട്ടത് പോലെ ബീഭത്സമായ പാരതന്ത്ര്യമാണത്. അവിടെ നിന്നുള്ള മോചനമാണ് യഥാര്‍ത്ഥ മൌനവും നിശബ്ദതയും.