Wednesday, May 11, 2011

കാമസൂത്ര (Kamasutra) എന്ന ജീവനകല


“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” ശൃംഗാര കലയെ കുറിച്ച്, പച്ചയായി പറഞ്ഞാൽ സെക്സിനെ കുറിച്ച്, ശാസ്ത്രീയമായി പ്രതിപാദിക്കുന്ന “കാമസൂത്ര” എന്നൊരു പൌരാണിക ഗ്രന്ഥം ഭാരതത്തിലുണ്ടെന്നറിഞ്ഞ് ഇവിടെ വരികയും, 1883-ൽ “The Kama Sutra of Vatsyayana” എന്ന പേരിൽ ആ‍ ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത വിഖ്യാത ഇംഗ്ലീഷുകാരൻ റിച്ചാർഡ് ഫ്രാൻസിസ് ബുർട്ടൻ അത്ഭുതത്തോടെ കുറിച്ച വരികളാണ് മുകളിൽ. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. കാമസൂത്രയെ കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നത് ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങൾ മാത്രമായിരുന്നിരിക്കില്ല; കാമന്ധതയും ഒപ്പം അതിനേക്കാൾ ഭയാനകമായ അജ്ഞതയും ഛിന്നഭിന്നമാക്കിയ ആയിരക്കണക്കിന് വരുന്ന ഭാരതീയ യുവതികളുടെ ജീവിതങ്ങളുമായിരുന്നു. ഓരോ വ്യക്തിക്കും ന്യായമായും ലഭിച്ചിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, അതുമൂലമുണ്ടാകുന്ന തിരുത്താൻ കഴിയാത്ത ദുരന്തങ്ങളും റിച്ചാർഡിന്റെ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, ക്രിസ്ത്യൻ യാഥാസ്ഥിതികയുടെ ശക്തി പ്രവാഹത്തിൽ വികൃതമാക്കപ്പെട്ട (ആശയക്കുഴപ്പത്തിലാക്കപ്പെട്ട) ലൈംഗീകത ചിന്തകളെ കുറിച്ചോർത്ത് അദ്ദേഹം പരിതപിച്ചിട്ടുണ്ടാവാണം. വേണ്ടത്ര ലൈംഗിക പരിജ്ഞാനമില്ലാതെ കിടക്കറ പങ്കിടാൻ തള്ളിവിടപ്പെട്ട്, ഒടുവിൽ അജ്ഞതയും തെറ്റിദ്ധാരണകളും സമ്മാനിച്ച പേക്കിനാവുകളോടെ വ്യത്യസ്ത ദ്രുവങ്ങളിൽ കിടന്നുറങ്ങാൻ പരിശീലിച്ച ദമ്പതിമാരെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ, ലൈംഗികത മാത്രമാണ് ജീവിതമെന്ന് കരുതി പങ്കാളിയുടെ മൃദുല വികാരങ്ങളെ കടിച്ചുമുറിച്ച സഹകാരികളെ അദ്ദേഹം പുശ്ചിച്ചിട്ടുണ്ടാവണം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ വാക്കുകളിലെ ഗൌരവം മനസിലാക്കാൻ നമുക്ക് ഇന്നും കഴിയാതെ പോകുന്നു, അതുകൊണ്ടാണെല്ലോ കാമസൂത്ര എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റി ചുളിയുന്നത്! കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. എന്നാല്‍, ആ ധാരണ തീരെ ശരിയല്ല. അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യുന്നതിന് മുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം അഭികാമ്യമെന്ന് കരുതുന്നു.

ആമുഖം

കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, എഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്‍റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മിലുള്ള ശൃംഗാര സംഭാഷണം കേട്ടശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവഭക്തനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. എന്തുതന്നെയായാലും, “വാത്സ്യായന കാമസൂത്ര” എന്നാണ് കാമസൂത്ര പരക്കെ അറിയപ്പെടുക.

ബീഹാറിലെ പാലിപുത്രയില്‍ (Paliputra) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍, അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്താണ്. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നുവെന്നും (Materialist) കാമസൂത്രയെ കൂടാതെ “ന്യായസൂത്രഭാഷ്യം” എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം. വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സ്ഥാനങ്ങളെ (Sexual Positions) കുറിച്ച് കാമസൂത്ര വിശദമാക്കുന്നു. ഈ 64 സ്ഥാനങ്ങളെയും “64 കലകള്‍” എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗിക വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീ വ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്‍റെ ഭാര്യയെ സ്വാധീക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. കാമസൂത്രയെ കുറിച്ച് എഴുതുന്നതു കൊണ്ട് ചുരുക്കം ചില നുറുങ്ങുകള്‍ കുറിച്ചു എന്നു മാത്രം. അതവിടെ നില്‍ക്കട്ടെ!

ഭാരത സംസ്ക്കാരത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം പഠന വിഷയമാക്കേണ്ട ഒന്നാണ്. ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പങ്ങളിലും കൊത്തുപണികളിലും പ്രതിഫലിച്ചു നില്‍ക്കുന്ന പൊതുവായ സ്വഭാവം ലൈംഗികതയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും പറയാനാവും. അടിസ്ഥാനപരമായ ഇത്തരം സങ്കല്‍പ്പങ്ങളില്‍ ലൈംഗികത എങ്ങനെ കടന്നുകൂടിയെന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നാം. നൂറ്റാണ്ടുകളുടെ ആദ്ധ്യാത്മീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കാമസൂത്ര പോലൊരു ഗ്രന്ഥം എങ്ങനെയുണ്ടായി? ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി കാമസൂത്ര രചിച്ചതിന് പിന്നിലെ പ്രചോദനം എന്തായിരിക്കും? കാമസൂത്രത്തിന് പിന്നിലുള്ള തത്വശാസ്ത്രമെന്താ‍ണ്?

കാമസൂത്ര അശ്ലീല പുസ്തകമോ?

കാമസൂത്രയില്‍ 37 അദ്ധ്യായങ്ങളുണ്ടെന്നും ശൃംഗാര കലയെ ഒരു പ്രഫഷണലിസത്തിന്‍റെ ശൈലിയില്‍ തന്നെ വിശകലം ചെയ്തിട്ടുണ്ടെന്നും പറഞ്ഞല്ലോ! എന്നാല്‍ കാമസൂത്രയുടെ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗിക സ്ഥാനങ്ങളെ കുറിച്ചും സംഭോഗ രീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്ര ചര്‍ച്ച ചെയ്യുന്നത്. ഇവിടെ “കാമം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗീകത മാത്രമല്ല, പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നുവെന്നത് രസകരമായ ഒരു സംഗതിയാണ്.

എങ്ങനെ നല്ല പൌരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃത്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങള്‍ കാമസൂത്ര ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു വിലകുറഞ്ഞ അശ്ലീല പുസ്തകമായി കാണുന്നത് നമ്മുടെ സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനമായിരിക്കും. “സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനം” എന്ന പ്രയോഗം മനപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കൊമേഴ്സ്യലായി പുസ്തകം വിറ്റഴിക്കുക എന്ന കച്ചവട തന്ത്രമല്ല കാമസൂത്ര എന്ന ആശയത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്, മറിച്ച് ഒരു സംസ്ക്കാരത്തിന്‍റെ മുഴുവല്‍ തത്വശാസ്ത്രമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

കാമസൂത്രയുടെ തത്വശാസ്ത്രം

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതം ഒരു ആത്മീയ തീര്‍ത്ഥയാത്രയാണ്. ഇതൊരു പുതിയ അറിവല്ല. എന്നാല്‍, ഈ ആത്മീയ യാത്രയില്‍ ലൈംഗീയതയ്ക്ക് എത്രമാത്രം സ്ഥാനമാണുള്ളത് എന്ന ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. ജീവിതത്തെ നാല് പ്രധാന ഘടകങ്ങളായി കാണാന്‍ കഴിയും. 1. ധര്‍മ്മം (Dharma), 2. അര്‍ത്ഥം (Artha), 3. കാമം (Kama), 4. മോക്ഷം (Moksha or Liberation). ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥം എന്നാൽ ലൌകീക സമൃദ്ധി, മോക്ഷം എന്നത് സാക്ഷാത്കാരം.

ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. അതായത്, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര! ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്യാസത്തില്‍ ആത്മാന്വേഷണം. കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്താണ്? ഒരു ഭാര്യയെന്ന നിലയില്‍, ഒരു ഭര്‍ത്താവെന്ന നിലയില്‍ നാം ഓരോരുത്തരും എന്തൊക്കെ ചെയ്യണം? അങ്ങനെ, ഗാർഹസ്ഥ്യം എന്ന ആശ്രമത്തിൽ ഒരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടുന്നതും അനുഷ്ഠിക്കേണ്ടുന്നതുമായ ധർമ്മങ്ങളെ കുറിച്ച് മാത്രമേ കാമസൂത്ര പഠിപ്പിക്കുന്നുള്ളൂ.

ഇവിടെ വാത്സ്യായനന്‍ കാമം പരമാമാണെന്ന് കാണിക്കുകയല്ല, കാമം ജീവിതത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. (മറ്റ് ചിലര്‍ കാമം പരമമാണെന്ന് പഠിപ്പിക്കുന്നുണ്ട്, അതവിടെ നില്‍ക്കട്ടെ!) ലൈംഗീകതയെ ശരിയായ രീതിയില്‍ തന്നെ നാം മനസിലാക്കുന്നതിന് വേണ്ടി കൂടിയാണിത്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ, അതാണ് ഹിന്ദുമതവും ഒപ്പം ബുദ്ധമതവും (Middle Path) അനുശാസിക്കുന്നത്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല. (മറ്റൊരു രസകരമായ കാര്യം ഓര്‍മ്മിച്ചു പോകുന്നു. വിവാഹിതനാകാതെ, ലൌകീക സുഖങ്ങളെ വെടിഞ്ഞ് എല്ലാറ്റിനോടും വിരക്തി കാണിക്കുന്നതിനെയാണ് സന്യാസം എന്ന് നാം പറയാറ്. എന്നാൽ അത്തരമൊരു സന്യാസം പ്രകൃതി വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം. ഭാരത സംസ്ക്കാരത്തിൽ അത്തരമൊരു സന്ന്യാസത്തിന് സ്ഥാനമില്ലെന്ന് തന്നെ പറയാം. ബ്രഹ്മചര്യത്തിനും ഗാര്‍ഹസ്ഥ്യത്തിനും വാനപ്രസ്ഥത്തിനും ശേഷം വരുന്ന ഒരു ജീവിതാവസ്ഥയാണ് സന്ന്യാസമെന്നത്. ഇവിടെ കാമമോ ധനമോ ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല.) ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന വാത്സ്യാനനന്‍റെ ആ സമീപനം നമുക്കുണ്ടായിരുന്നെങ്കില്...‍! കുടുംബ ജീവിതത്തെ ഇത്രയേറെ സന്തുലിതമായി കാണുന്ന മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന സംശയമാണ്, മതഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പോലും!

ജീവനകലയെ കുറിച്ചൊക്കെ നാം കേള്‍ക്കാറുണ്ടെല്ലോ! കാമസൂത്രയും അത്തരമൊരു ജീവനകലയാണ് പഠിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്. വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ഇന്നും “മ” പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലാണെന്നത് അതിനേക്കാൾ ശോചനീയം. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും, കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ. അഞ്ച് വര്‍ഷം തത്വശാസ്ത്രം പഠിക്കാന്‍ സര്‍വകലാശാലകള്‍ കയറിയിറങ്ങിയ ഞാന്‍ കാമസൂത്രയില്‍ ആരെങ്കിലും ഒരു പ്രബന്ധം അവതരിപ്പിച്ചതായിട്ടോ, ഒരു ക്ലാസെങ്കിലും എടുത്തയിട്ടോ കേട്ടിട്ടില്ല. താത്വിക ചര്‍ച്ചകളില്‍ പോലും കാമസൂത്ര ഒരു വിഷയമായിട്ടില്ല. ഇത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു പാളിച്ച തന്നെയാണ്. വാത്സ്യായന മഹര്‍ഷി ഒരു ഭൌതീകവാദിയായതുകൊണ്ടാണോ ഈ തീണ്ടല്‍? അതോ, നമ്മുടെ കപട സദാചാരം അതിന് നമ്മേ അനുവദിക്കാത്തതോ? ഒരുപക്ഷേ, ഏതെങ്കിലും ഒരു ഫോറിൻ യൂണിവേഴ്സിറ്റി കാമസൂത്രയെ സിലബസിൽ ഉൾപ്പെടുത്തി, അതിനെ മാധ്യമങ്ങള്‍ ചെണ്ട കൊട്ടി, സാസ്ക്കാരിക നായകന്മാരുടെ രാഷ്ട്രീയക്കാരും ‘കോപ്പിയടിക്കപ്പെട്ട’ പൈതൃകത്തിന്റെ പേരിൽ തല്ലുണ്ടാക്കി, പിന്നെ എല്ലാം കഴിയുമ്പോൾ, നമ്മുടെ കലാലയങ്ങള്‍ ഇതിനെ ഒരു പാഠ്യവിഷയമാക്കിയേക്കാം. (അല്ലെങ്കിലും, സായിപ്പ് ചെയ്യുന്നത് അനുകരിക്കാനാണെല്ലോ നമുക്കിഷ്ടം! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പൊടിപിടിച്ച് കിടന്ന “യോഗ” അടക്കമുള്ള പ്രാചീന വിദ്യകള്‍ നമ്മള്‍ തോളിലേറ്റാന്‍ തുടങ്ങിയത് എപ്പോഴാണ്?) അതുവരെ, കാമസൂത്രം വെറും പുരാണമായി തുടരും…!

16 comments:

 1. നല്ല വിവരണം. ഭാഷ കൊള്ളാം.
  കൂടുതല്‍ മികച്ച വായനകള്‍ സമ്മാനിക്കുവാന്‍ കഴിയട്ടെ..!!

  ReplyDelete
 2. Excellent narration,really i like this,and final conclusion is amazing.
  Ippolanu ithinte praadhanythe kurichu manasilaakkunnthu,njnum entho ashleela grandhamanennu dharichirunnu.
  Thudarnnum ezhuthuka.

  ReplyDelete
 3. കാമസൂത്രം വായിച്ചിട്ടുണ്ട്.
  പലതും നമുക്കെത്തിപ്പിടിക്കാൻ കഴിയാത്ത തലങ്ങളിലുള്ളവ...

  നല്ല ലേഖനം.

  ReplyDelete
 4. ‘കാമസൂത്ര‘ സ്കൂളിൽ പഠിപ്പിക്ക്യേ. ഹായ് ഹായ് എന്താ ഈ കേക്കണേ. ഹൈന്ദവ ഉഢായിപ്പുകൾ നിഷിദ്ധമാണെന്നറിയില്ലേ, മഠയാ. പിന്നെ നമ്മുടെ വിദ്യഭ്യാസം എപ്പോഴും ന്യൂനപക്ഷത്തിന്റെ കയ്യിലല്ലെ. സായിപ്പ് പോകുമ്പോൾ ഇതൊക്കെ പറഞ്ഞൊപ്പിച്ചിട്ടല്ലെ സ്വാതന്ത്ര്യം കൊടുത്തതുതന്നെ.

  ReplyDelete
 5. സന്യാസികള്‍ വിവാഹിതര്‍ ആകരുത് എന്ന തെറ്റിദ്ധാരണ ആധുനിക ഭാരതത്തില്‍ എങ്ങനെയോ ഉറച്ചുപോയതാണ്. ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഗാര്‍ഹസ്ഥ്യം സ്വീകരിക്കാത്ത ഒരാള്‍ക്ക്‌ ഹിന്ദു ധര്‍മ്മം അനുസരിച്ച് മോക്ഷം അപ്രാപ്യമാണ്. (ശങ്കരാചാര്യര്‍ മോക്ഷം ലഭിക്കാത്തതുമൂലം ഗാര്‍ഹസ്ഥ്യം സ്വീകരിക്കാന്‍ തന്റെ ആത്മാവിനെ മറ്റൊരു ശരീരത്തില്‍ സന്നിവേശിപ്പിച്ചു എന്ന കഥ ഓര്‍ത്തുപോകുന്നു.) മാത്രവുമല്ല രതിയെ ഹിന്ദു ധര്‍മ്മം ഏറ്റവും വിശുദ്ധിയോടെ ആണ് കാണുന്നത്. രതിയുടെ മൂര്‍ത്ത രൂപമായ ശിവനും പാര്‍വ്വതിയും തന്നെയാണ് ഉദാഹരണം. രതിക്ക് ദേവനും ദേവിയും ഉണ്ടല്ലോ. ശിവ പാര്‍വ്വതിമാര്‍ യുഗങ്ങളോളം രതിയില്‍ ഏര്‍പ്പെട്ടെന്നും അങ്ങനെയാണ് ഈ പ്രപഞ്ചം ഉരുത്തിരിഞ്ഞതെന്നും പറയുന്നു. ഇങ്ങനെ ഒക്കെ എങ്കില്‍ എന്നാണ് രതി പാപമായി നമ്മുടെ സമൂഹത്തില്‍ വേരുറച്ചത്. എന്റെ അറിവനുസരിച്ച് ക്രിസ്ത്യന്‍ മിഷനെറികളുടെ അധിനിവേശമാണ് ഇത്തരം ചിന്തകളെ നമ്മുടെ സമൂഹം സ്വാംശീകരിച്ചതെന്നാണ്.

  താങ്കളുടെ ലേഖനം ഇപ്പോളും കാമസൂത്രം വായിക്കാതെ അതിനെ അശ്ലീലം എന്നു വിലയിരുത്തുന്നവരെ ചിന്തിപ്പിക്കാന്‍ ഉപകരിക്കട്ടെ. ആശംസകള്‍.

  ReplyDelete
 6. 'കാമസൂത്ര'യില്‍ കുമാരിമാരെ എങ്ങനെ വശീകരിക്കാം, അവരുമായി എങ്ങനെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാം എന്നൊക്കെ ഒരു അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഇതെങ്ങിനെ ശരിയാകും? തികഞ്ഞ അഭാസത്തരമല്ലേ ആ പറയുന്നത്?

  ReplyDelete
 7. കുമാരിമാരെ വശീകരിക്കുന്നതും അവരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പെടുന്നതും ആഭാസത്തരമാണോ? ആണോ? :)

  ReplyDelete
 8. ലൈങ്ങികത എന്താണന്നു ലോകത്തെ പഠിപിച്ച രാജ്യത്തില്‍ ലൈംഗിക പട്ടിണി കേടക്കേണ്ടി വന്നതില്‍ എനിക്ക് ദുക്കം ഉണ്ട്.
  വളരെ നല്ല പോസ്റ്റ്‌ ...

  ReplyDelete
 9. നല്ല ലേഖനം.സ്കൂളില്‍ പഠിപ്പിക്കുക എന്നതൊക്കെ വിദൂര സ്വപ്നമായി പോലും കാണാന്‍ കഴിയുന്നില്ല.കാരണം നമ്മുടെ സമൂഹത്തിന്റെ ചിന്ത അത്രമേല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു.ഇതിനെ ഒരു അശ്ലീല പുസ്തകമായി മാത്രമേ ഞാനും കേട്ടിരുന്നുള്ളു.

  ReplyDelete
 10. നല്ല ഒരു പോസ്റ്റ്‌ .........ശിവന്റെ ലിംഗം ആരാധിക്കുന്ന നാട്ടില്‍ ലൈംഗിക അരാജകത്വം കളം ആടുന്നു...നമ്മുടെ നാട്ടില്‍ ലൈംഗിക വിദ്യാഭ്യാസം വരേണ്ട കാലം അതിക്രമിച്ചിരിക്കുക ആണ്.......നമ്മുടെ നാട്ടിലെ പിള്ളാരോട് മാസമുറ എന്ന് ചോദിച്ചാല്‍ പോലും അറിയില്ല.....സ്വന്തം ശരീരത്തെ കുറിച്ച് അറിയേണ്ടത് അത്യാവശ്യം ആണ്.....

  ReplyDelete
  Replies
  1. ഇത്തരം അബദ്ധജഡിലമായ വിമർശനങ്ങൾ നടത്തുന്നതിന് മുൻപ് ഭാരതീയ പുരാണങ്ങളെപ്പറ്റിയും മലയാള ഭാഷയെപ്പറ്റിയും ഒരു അത്യാവശ്യ ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കുക.കാരണം ഒന്നുമില്ലെങ്കിലും താങ്കൾ ഒരു ഭാരതീയ നല്ലേ.ശിവലിംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശിവന്റെ ലൈംഗികാവയവം എന്നല്ല ഉദ്ദേശിക്കുന്നത്. അതിന് വിശാലമായ അർഥങ്ങളുണ്ട്. പക്ഷേ അതിവിടെ വിവരിക്കാൻ കുറച്ച് പ്രയാസമുണ്ട്. പിന്നെ ലിംഗത്തിന്റെ കാര്യം പുരുഷലൈംഗികാവയവത്തിന്റെ ശരിയായ പേര് ശിശ്നം എന്നാണെന്നറിയുക. ലിംഗത്തിനുള്ള അർഥങ്ങൾ വേറെയാണ്.അതുകൊണ്ട് ദയവായി മൂഡത്തരങ്ങൾ ഇനിയും എഴുന്നള്ളിച്ചുകൊണ്ട് ഒരു വേദിയിൽ വരരുത്.

   Delete
 11. കാമ സൂത്ര ഒരു ശാസ്ത്രം ആണെന്ന് പലര്‍ക്കും അറിയില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയം തന്നെയാണ് ബൈജൂസ് നല്ല ഭാഷയാല്‍ ലളിതമായി ഇവിടെ വിവരിച്ചത്. ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 12. കാമസൂത്ര ഇന്‍റര്‍നെറ്റില്‍ വായിക്കാനൊ ഡൌണ്‍ലോഡ് ചെയ്യുവാനോ പറ്റുമോ. എന്കില്‍ ആ ലിങ്ക് ഒന്നു കിട്ടുമോ. എന്‍റെ e-mail id tinugv@gmail.com please

  ReplyDelete
  Replies
  1. Kittiyirunno can u share with me... dxbnice@gmail.com

   Delete
 13. Ithevide kittum pdf aayi

  ReplyDelete