Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, May 10, 2012

ഗംഗയെ പോലെ....!


ഗംഗയെ പോലെ....!
ഒരിടത്തും നിൽക്കാതെ,
ആരെയും കാക്കാതെ,
കൂസാതെ,
കുശലം പറയാതെ,
കളിയോടങ്ങളിൽ
ശ്രദ്ധ പതറാതെ,
തിരയിളക്കത്തിൽ
ഭയക്കാതെ,
പരിഭവം പറയാതെ,
ഉറങ്ങാതെ,
വിശ്രമിക്കാതെ,
ധൃതിയിൽ ഒഴുകും
ഗംഗാ നദി പോലെ...!

മുന്നിൽ ഒരു ലക്ഷ്യം,
ഒരു ചിന്ത,
ഒരു സ്വപ്നം,
ഒരേയൊരു ആവേശം....

കടലിൽ പതിക്കുക...,
ലയിക്കുക,
പടരുക,
കടലലയായി മാറുക,
സ്വയം ഇല്ലാതാവുക...!
അതിനാണീ യാത്ര.
അതിനാണീ തിടുക്കം.
തുടക്കം മുതൽ ഒടുക്കം വരെ
ഒരേ വേഗം...
അതിൽ ഒരേ താളം,
ഒരേ ചടുലത,
ഒരേ ഉത്സാഹം....

ആ ഗംഗയെ പോലെ....,
ഞാനുമൊരു യാത്രയിൽ!
കടലിലേക്കുള്ള യാത്രയിൽ...

Tuesday, May 8, 2012

ആൾക്കൂട്ടമേ, നീയെൻ പ്രണയിനി!


ആൾക്കൂട്ടം...!
അതെനിക്കൊരു ആവേശമാണ്.
അപരിചിതരായ ആയിരങ്ങൾ
തിങ്ങിക്കൂടി നിൽക്കുമ്പോൾ,
എന്റെ മനസിൽ
അവളെക്കുറിച്ചുള്ള ഓർമ്മകൾ
എപ്പോഴും വിടരാറുണ്ട്...
ഇവർക്കിടയിൽ അവൾ ഉണ്ടാവുമോ?

ചിലപ്പോൾ!
ചിലപ്പോൾ ഉണ്ടെങ്കിലോ?
അതുകൊണ്ട്, എല്ലാ
ആൾക്കൂട്ടത്തിലും
ഞാനവളെ തിരയാറുണ്ട്;
ഞാനറിയാതെ എന്നിൽ നിന്ന്
പറിച്ചെടുക്കപ്പെട്ട,
എന്റെ പ്രണയവാടിയിൽ
ആദ്യമായ് വിരിഞ്ഞ
എന്റെ ആദ്യാനുരാഗത്തെ...!
ഒരു പക്ഷേ,
അവളിന്ന് വിവാഹിതയാവാം;
അമ്മയായിരിക്കാം...
പക്ഷേ,
അതൊന്നും എന്റെ മനസിന്റെ
ആവേശം കെടുത്തുന്നില്ല.
നഷ്ടപ്പെടലിന്റെയും
വേർപാടിന്റെയും
വേദനയെക്കാൾ വലുതാണോ
അവളിപ്പോൾ ആരെന്നുള്ള ചോദ്യങ്ങൾ?

അവളെ ഒരു നോക്ക് കാണുക...,
ആ മൃദുമന്ദഹാസത്തിൽ
ഒരിക്കൽ കൂടി
മനം മയങ്ങി നിൽക്കുക...
പിന്നെ, അവളുടെ വിരലുകളിൽ
മൃദുവായൊന്ന് സ്പർശിക്കുക...
അത്രമാത്രം!

ഞാൻ നിന്നെ തിരയാറുണ്ട്,
എല്ലാ ആൾക്കൂട്ടത്തിലും!
നീയവിടെ ഉണ്ടാവാനുള്ള
സാധ്യതയില്ലെന്ന്
അറിയാമെങ്കിലും...!
ഇന്നല്ലെങ്കിൽ നാളെ....
ഒരുനാൾ ഞാൻ
നിന്നെ കണ്ടെത്തും,
ഏതെങ്കിലും ജനക്കൂട്ടത്തിനിടയിൽ...!
അതുവരെ, ഞാനീ
ആൾക്കൂട്ടത്തെ പ്രണയിക്കും,
നിന്നെ പ്രണയിച്ചതുപോലെ!
നിന്നെക്കുറിച്ചോർത്ത്
അവർക്കിടയിലൂടെ സഞ്ചരിക്കും...
എന്നിലേക്ക് തിരിയുന്ന
ഓരോ മുഖവും
നീയായിരിക്കണേ
എന്ന പ്രാർത്ഥനയോടെ...!

Wednesday, April 4, 2012

കൃഷ് നീ ബേഗനേ ബാ!

പുഞ്ചിരി തൂകും
കൃഷ്ണ വിഗ്രഹം!
എന്തൊരു ലാളിത്യം
എന്തൊരു പ്രശാന്തത!
എന്തൊരു ചേതന!
പ്രേമം, കരുണ,
കുസൃതി, ദയ...
പിന്നെ, ലേശം കള്ളത്തരം!
ഇതെല്ലാം തികഞ്ഞ
സുന്ദര മുഖം!

ആ മന്ദഹാസത്തിൽ
അലിയാത്തവരുണ്ടോ?
ആ വേണുരാഗത്തിൽ
മെയ് മറക്കാത്തവരും?
സർവ്വ ലോകത്തിനും നാഥൻ നീ
പരംപുരുഷൻ നീ
ദുഷ്ടശക്തികൾ മുന്നിൽ
അച്യുതൻ നീ, പിന്നെ,
ഗോക്കളിൻ നാഥൻ
ഗോവിന്ദൻ നീ
കേശവൻ നീ
പാർത്ഥസാരഥി നീ
മുരളിയേന്തും
മുരളീധരനും നീ
എന്നെന്നും ജീവിക്കും
സനാതൻ നീ
ലീലകളിലാറാടും
ആനന്ദൻ നീ
ശ്രീ ഹരി നീ, അജയൻ നീ
ഇനിയുമെന്തൊക്കെയോ നീ
അതൊക്കെ ചൊല്ലാൻ സമയമില്ലിനീ...

അതുകൊണ്ട് നീയെൻ
പ്രാർത്ഥന കേൾക്കേണം നീ.
വേഷം കെട്ടെടുക്കാതെ
അവയെല്ലാം സാധിക്കണം നീ.
അധികമൊന്നുമില്ല;
കൂടിപ്പോയാ നാലെണ്ണം.
ഇല്ലെന്ന് പറയരുത്!
എന്റെ കണ്ണനല്ലേ?
ചക്കരയല്ലേ?
വാവയല്ലേ?
ഉണ്ണി കൃഷ്ണനല്ലേ?

ഗോപാലൻ തലകുലുക്കി.
ഞാനെൻ പോക്കറ്റ് തപ്പി
കിട്ടിയ ലിസ്റ്റ് പുറത്തെടുത്തു
പിന്നെ നീണ്ട വായന.

അപ്രൈസൽ മീറ്റിംഗ്
കഴിഞ്ഞിട്ടാഴ്ച മൂന്നായി, കണ്ണാ!
ഒരു വിവരവുമില്ല.
അതൊന്ന് തിരക്കേണം!
നല്ലൊരു ഇങ്ക്രിമെന്റ്,
ഒപ്പമൊരു പ്രമോഷനും...
ഏറെ നാളത്തെ ആശയാണ്,
അതൊന്ന് സാധിക്കണം.

എന്തൊരു വെയിലാ, കണ്ണാ!
വൃന്ദാവനത്തിലെങ്ങനെ?
അവിടെ മരങ്ങളുണ്ട്,
പോരാത്തതിന് ഗോപികമാരും...
ഗൊച്ചു ഗള്ളൻ...
അതുപോലാണോ ഇവിടെ?
ബൈക്കോടിച്ചുമടുത്തു
ഒരു കാറെന്താ വാങ്ങാത്തേന്ന്
ആളുകൾ ചോദിക്കുന്നു.
പ്രമോഷനാവട്ടേന്ന് ഞാൻ.
അതോണ്ട് കൈവിടരുത്...
പ്ലീസ്...

പ്രൊമോഷനായാലൊരു
മലേഷ്യൻ ട്രിപ്പ് വേണമെന്ന്
മക്കളും പെണ്ണുമ്പിള്ളേം
വാശിപിടിക്കുവാ...
അവർടെ സന്തോഷമല്ലേ എന്റെയും?
അതോണ്ട്,
അതൊന്ന് സാധിക്കണം.

മലേഷ്യേൽ സാധനങ്ങൾ ചീപ്പാത്രേ!
കൊറേ സാധനങ്ങളുടെ
ലിസ്റ്റുണ്ട് കൈയ്യിൽ
അത് പിന്നെ കാണിക്കാം
അതൊക്കെ വാങ്ങാൻ
കാശൊത്തിരി ചെലവാകും.
അതിനുള്ള വഴി
നീ തന്നെ കാണണം.
വീട്ടിന് മുന്നിൽ വളച്ചുപിടിച്ച
പൊറമ്പോക്ക് ഭൂമി
വിറ്റുതന്നാലും മതി.
കമ്മീഷൻ തരാം, 2%!

അതുപോലെ,
കോടതിക്കേസ് എളുപ്പം തീരണം,
യേട്ടന്റെ തലയിൽ
ഇടിത്തീ വീഴണം.
മൂത്തവൾക്ക് നല്ല
വരനെ നൽകണം.
യുഎസിൽ സെറ്റിലായ,
സ്ത്രീധനം വാങ്ങാത്ത
നായർ തറവാടി
തന്നെ വേണം.
പെണ്ണിന് പ്രായമേറുന്നു...
തൽക്കാലമവൾ
പ്ലസ് ടൂ ജയിച്ചിടേണം.

എന്തോ മറന്നു....
ങാ... പിടികിട്ടി!
പറമ്പിലെ തേങ്ങകൾ
കള്ളന്മാർ കക്കുന്നു.
കാവലിനാളെ കിട്ടിണില്ല, കണ്ണാ!
ആളെക്കിട്ടും വരെ
നിന്റെയൊരു കണ്ണവിടെ വേണം,
ട്ടാ?
നീയേ ശരണം, നിയേ ഗതി...

തൽക്കാലം വേറെയൊന്നുമില്ല.
ബാക്കി പിന്നെ!
വൈഫിനെ അയയ്ക്കാം.
അവൾക്കും പേഴ്സണലായെന്തോ
പറയണമെന്ന് കേട്ടു...
അപ്പോ ശരി...
പറഞ്ഞതൊന്നും മറക്കരുതേ,
കാർമുകിൽവർണ്ണാ,
ഗുരുവായൂരപ്പാ,
മാധവാ
വാസുദേവാ
നന്ദഗോപാലാ...

Tuesday, February 14, 2012

നെയ്ത്തുകാരൻ


നീയെന്നെ ഓർക്കുമോ
എന്നെനിക്കറിയില്ല;
ഓർക്കാം, ഒരുപക്ഷേ
ഓർക്കാതിരിക്കാം!
എന്നാലും നീയറിയുക...
നിന്നെ നിനയ്ക്കാത്ത,
നിന്നോർമ്മകളുണരാത്ത
ഒരു ദിനം പോലുമെൻ
ജീവനിനില്ല,
ഇനിയൊരിക്കലും
ഉണ്ടാവുകയില്ല!

പ്രണയ സുഗന്ധം
എന്നിലാദ്യമായ് പൊഴിച്ച
പനിനീർ പുഷ്പമേ...,
നീയെൻ മലർവാടിയിൽ
ഇല്ലാതെ പോയല്ലോ
എന്ന ദുഃഖമെനിക്കിന്നില്ല.
എങ്കിലും, നിൻ
മുഖം എന്നോർമ്മയിൽ
അവ്യക്തമായോ
എന്ന ഭയമെന്നെ
വിരഹത്തിലാഴ്ത്തുന്നു.
അതിൽ ഞാൻ
നിരാശനാവുന്നു.
ചിലപ്പോഴെങ്കിലും
കണ്ണീർ പൊഴിക്കുന്നു!
നിന്നെയൊന്നോർക്കാൻ,
ആ ചെഞ്ചുണ്ടിലെ
പുഞ്ചിരിയിലലിയാൻ
സംവത്സരങ്ങൾക്കപ്പുറം
എത്തിനോക്കേണ്ട
ദുരവസ്ഥ!
ഇനിയും അതെത്ര നാൾ?

പ്രണയത്തിൻ ആശകൾ
പണ്ടേ മാഞ്ഞുപോയ്;
ഇനിയുള്ളതൊക്കെയും
ഒരു നോക്കുകാണാ-
നുള്ള കൗതുകം!
ഇനി നിന്നെ കാണുമ്പോൾ
നിൻ കുട്ടികൾ
ഒപ്പമുണ്ടാവണം.
അവരെ എനിക്ക്
വാരിപ്പുണരണം,
ഓമന കവിളിൽ
ഉമ്മ കൊടുക്കണം,
പാവകൾ നൽകണം.
പിന്നെ,
നിൻ വീട്ടിലെ ഉമ്മറ-
ത്തിണ്ണയിലിരുന്നൊരു കപ്പ്
കാപ്പി കുടിക്കണം.
ഒക്കുമെങ്കിൽ നിൻ
പ്രാണനാഥൻ വരുമ്പോൾ
ഒപ്പമിരുന്ന് അത്താഴമുണ്ണണം,
നിങ്ങൾക്കൊപ്പം മുട്ടിന്മേൽ നി-
ന്നൽപ്പ നേരം നിത്യ
സഹായ മാതാവിനോട്
പ്രാർത്ഥിക്കണം.
ആ നല്ല വീട്ടിലൊരുനാൾ
അന്തിയുറങ്ങണം.
രാവിലെണീക്കുമ്പോൾ
നിൻ മന്ദഹാസം കാണണം,
അതിലെൻ,
മനസും ശരീരവും
മുല്ലമൊട്ടിലെ തണുത്ത
മഞ്ഞുതുള്ളി പോൽ
എന്നെന്നും ഉറഞ്ഞുനിൽക്കണം!
നീയൊരുക്കിയ
പ്രാതൽ കഴിക്കണം.
പിന്നെ മടങ്ങണം,
എന്നന്നേയ്ക്കുമായി...!
ഇത്രയേ വേണ്ടൂ പ്രിയ സഖീ...
എനിക്കായ് ചെയ്യുവാൻ
നിനക്കുള്ളതെല്ലാം...!

ഒരു നാൾ നിൻ
കുട്ടികൾ ചോദിക്കും
ആരമ്മേ അന്നുവന്ന
ആ അങ്കിൾ?
അന്നു നീ പറയണം:
"എൻ കൂടെ പഠിച്ച
സഹപാഠി, മക്കളേ!"
അങ്ങനെയവർ
എൻ പ്രണയത്തെ
പവിത്രമായ് കരുതട്ടേ!
സ്വന്തമമ്മതൻ തോഴനെ
മനസിൽ കരുതട്ടേ!
എന്നും നിലയ്ക്കുന്ന
ബന്ധങ്ങൾ നെയ്യുവാൻ
അവരും ശ്രമിക്കട്ടെ!

Thursday, January 5, 2012

പുല്ലുവില!










പിച്ചരുത്, മാന്തരുത്
ചുവരിൽ വരയ്ക്കരുത്
നഖം കടിക്കരുത്
മൂക്കിൽ കൈയ്യിടരുത്
മൂക്കിള നക്കരുത്
പേപ്പർ ചീന്തരുത്
ചോറ് ചിന്തരുത്
നിക്കറിൽ മുള്ളരുത്
ചോക്ലേറ്റ് തിന്നരുത്
ആരെയും കടിക്കരുത്
മുടിപിടിച്ച് വലിക്കരുത്
സൂചികൊണ്ട് കുത്തരുത്
മണ്ണുവാരിയെറിയരുത്
കൊഞ്ഞനം കുത്തരുത്
വഴക്കിടരുത്
കള്ളം പറയരുത്
കൈ ചപ്പരുത്
ചീപ്പ് കടിക്കരുത്
തുപ്പൽ പതയ്ക്കരുത്
വെള്ളം വായിൽ ചീറ്റരുത്
പെൻസിൽ കടിക്കരുത്
ചോക്ക് തിന്നരുത്
സോപ്പ് പതയ്ക്കരുത്
പഞ്ചസാര കക്കരുത്
പേന തുറക്കരുത്
തുണി കടിക്കരുത്
മൂത്രം പമ്പടിക്കരുത്
കണ്ടവരോട് മിണ്ടരുത്

ക്ലോസറ്റിൽ സോപ്പിടരുത്
വെറുതെ ഫ്ലെഷടിക്കരുത്
ഗ്യാസ് തുറക്കരുത്
കത്തിയെടുത്ത് അറുക്കരുത്
പാത്രം തറയിലിടരുത്
കുപ്പി പൊട്ടിക്കരുത്
പ്ലഗ്ഗിൽ കൈയ്യിടരുത്
സ്വിച്ചിൽ കളിക്കരുത്
പൈപ്പ് തുറക്കരുത്
വീട് എച്ചിലാക്കരുത്
ഫ്രിഡ്ജ് തുറക്കരുത്
ഫോണിൽ കളിക്കരുത്
എണ്ണക്കുപ്പി തുറക്കരുത്
പേപ്പർ കത്രിക്കരുത്
തീയിൽ കളിക്കരുത്
തീപ്പെട്ടി പെളിക്കരുത്
ചുവരിൽ പന്തെറിയരുത്
മോണിറ്ററിൽ തൊടരുത്
DVD എടുക്കരുത്
കണ്ണടയിൽ കൈ വയ്ക്കരുത്
കണ്ണാടി എടുക്കരുത്
പൗഡർ തട്ടിക്കളയരുത്
ന്യൂസ് പേപ്പർ പിരിക്കരുത്
കാർട്ടൂൺ ചാനൽ കാണരുത്
കളിപ്പാട്ടങ്ങൾ ഉടയ്ക്കരുത്
പൈസ വായിലിടരുത്
പേഴ്സ് എടുക്കരുത്
റബർ ചവയ്ക്കരുത്
മെഴുകുതിരി ഒടിക്കരുത്
ഉറക്കത്തിൽ ശല്യപ്പെടുത്തരുത്
മുഷിഞ്ഞ തുണി
വലിച്ചെറിയരുത്
ചെയറിൽ കയറി
അലമാര തുറക്കരുത്

വെളിയിൽ പോകരുത്
ഗേറ്റ് തുറന്നിടരുത്
ഗേറ്റിൽ തൂങ്ങരുത്
വാതിൽ ആഞ്ഞടിക്കരുത്
മണ്ണിൽ കളിക്കരുത്
വെള്ളത്തിൽ ഓടരുത്
നായയെ എറിയരുത്
നായ്ക്കുട്ടിയെ എടുക്കരുത്
അയയിൽ തൂങ്ങരുത്
തവളേം പാറ്റേം
പിടിക്കരുത്
ആരേലും വിളിച്ചാൽ
പോകരുത്
കണ്ടവർ തരുന്നത്
വാങ്ങി തിന്നരുത്
അപരിചിതരെ നോക്കി
ചിരിക്കരുത്
പള്ളിയിൽ ശബ്ദിക്കരുത്
റോഡിൽ വാശിപിടിക്കരുത്
അമ്മയെ നോക്കി
പഠിക്കരുത്....!

അതുകൊണ്ടാണെന്ന് തോന്നുണൂ,
എന്റെ മോന്
എന്നെ ഭയങ്കര വിലയാ;
പുല്ലുവില!

Tuesday, January 3, 2012

ഞങ്ങ പാവങ്ങളാണ്...


വീട് നിറയെ പൂച്ചികൾ...
രാത്രിയായാൽ,
ലൈറ്റിടാൻ തുടങ്ങിയാൽ
വീട് നിറയെ പ്രാണികൾ...

നോക്കൂ...
ആ ചുവരിലേക്ക് നോക്കൂ...
എത്ര തരം പ്രാണികളാണ്!
You name it! കാരണം,
ഇതിങ്ങടെയൊന്നിന്റെയും
പേരെനിക്കറിയില്ല!
വണ്ടുകളാണ് ഭൂരിപക്ഷം,
അതും പല ടൈപ്പിൽ!
നിറവ്യത്യാസമില്ല.
പിന്നെ, തൊട്ടാൽ നാറുന്ന
മറ്റേ പ്രാണി.
ദാണ്ട്രേ, ഒരു തുമ്പി.
കുട്ടിപ്പല്ലി.
ഇവിടെയെവിടെയോ ഒരു
തവളക്കുഞ്ഞ് ഉണ്ടായിരുന്നല്ലോ?
തേടുന്നില്ല...
തേടിയാൽ കിട്ടില്ല.
ജാതകദോഷം, ഹല്ലാതെന്ത്?
കൂട്ടത്തിൽ കൊതുകുകളുമുണ്ട്.
ആൺകൊതുകുകൾ!
ഇത്ര കൃത്യമായി എങ്ങനെ
എന്നല്ലേ?
ബുഹഹഹഹഹാ....
ചുവരിലിരിക്കുന്ന കൊതുകുകൾ
ആൺകൊതുകുകൾ.
നമ്മടെ നെഞ്ചത്തിരിക്കുന്നവ
പെൺകൊതുകുകൾ.
മനസിലായോ?

ഇവയെല്ലാം അപ്രത്തെ പറമ്പീന്ന്
വലിഞ്ഞ് കയറി വന്നതാ!
പറമ്പെന്ന് പറഞ്ഞാ പുഞ്ചപ്പാടം.
എന്തരാണീ "പുഞ്ച" എന്ന് മാത്രം
ചോദിക്കരുത്.
കൊറേ ഏക്കറ് വരും.
അതാണീ വീടിന്റെ
ഏറ്റവും വലിയ അട്രാക്ഷൻ!
പാടത്തിൽ വെള്ളപ്പൊക്കമാണ്;
നാലഞ്ച് നാളത്തെ
മഴ കസറി.
വെള്ളമിറങ്ങാൻ നാളേറെയാവും,
അതുവരെ തങ്ങാനാവും ഇവറ്റകൾ
ഈയുള്ളോന്റെ കുടിയിലേക്ക്
വലിഞ്ഞുകയറിയത്,
ഒരു വാക്കുപോലും
ചോദിക്കാതെ, പറയാതെ!

ഇതൊന്നും ശരിയല്ല, ക്ഷുദ്രജീവികളേ!
വീടിന്റെ കുടുംബസ്ഥൻ ഞാനല്ലേ?
അല്ലേ?
ആ നിലയിൽ
പടി കടക്കും മുമ്പ്
ഒരു വാക്ക്
ചോദിക്കണമായിരുന്നു!
അത് നാട്ടുനടപ്പ്.
നിങ്ങളോടെനിക്കൊരു
വിരോധവുമില്ല.
പക്ഷേങ്കില്,
നിങ്ങളെ കണ്ട് ഇനിയാ
എലികളും, പാറ്റകളും
പഴുതാരകളും
ഈ വീട്ടിൽ കയറി ഞരങ്ങും.
ചിലന്തികൾ വലകെട്ടും.
ശലഭങ്ങൾ കൂടുകെട്ടും.
കടിയെറുമ്പും ചോനന്മാരും
പാളയമടിക്കും.
പിന്നെ,
ഞാനൊരു പോങ്ങനാണെന്ന്
അവറ്റകൾ പറഞ്ഞ് പരത്തും.
കളിയാക്കി ചിരിക്കും.
നിങ്ങളെ പോലെയല്ല...,
വന്നാൽ പോകാത്ത ജാതികളാ....!
അതുകൊണ്ട് ഞാനൊന്ന്
തീരുമാനിച്ചു.
നാളെ തന്നെ, ഈ ജനാലകളിൽ
ഞാൻ നെറ്റടിപ്പിക്കും.
ആറ് മണിയായാൽ,
കതകുകൾ മുഴുവൻ അടയ്ക്കും.
പിന്നേം കടക്കാൻ ശ്രമിച്ചാൽ
ഇലട്രിക് ബാറ്റുകൊണ്ട് അടിക്കും.
ഒന്നും തോന്നരുത്!
ഞങ്ങ പാവങ്ങളാണ്,
ജീവിച്ച് പൊയ്ക്കോട്ടെ!

Monday, August 22, 2011

പൂട ദൈവം!



പട്ടി, പൂച്ച, കോഴി, ആട്...
ഇവയ്ക്കെല്ലാം പൂടയുണ്ട്!
ഇവയ്ക്ക് മാത്രമല്ല,
എല്ലാ മൃഗങ്ങൾക്കുമുണ്ട്.
മനുഷ്യന് മാത്രം പൂടയില്ല.
എന്നുവച്ചാൽ, ഒട്ടുമില്ലെന്നല്ല.
മൃഗങ്ങൾക്കുള്ള പോലെ ഇല്ല.
അതെന്താ? മനുഷ്യന് മാത്രം
പൂടയില്ലാത്തത്?
മനുഷ്യനും ഒരു മൃഗമാണെല്ലോ!

പരിണാമത്തിലെപ്പഴോ സംഭവിച്ച
കുതിച്ചു ചാട്ടമാവണം,
അക്ഷര പിശകാവണം,
ഈ പൂടയില്ലായ്മ!
ചരിത്രത്തിൽ തിരിഞ്ഞുനിന്നാൽ
തെളിവുകളില്ല. പിന്നെ,
ആകെയുള്ള തെളിവ്
ഏദൻ തോട്ടത്തെ സംഭവമാണ്.
ദൈവം സൃഷ്ടിക്കുമ്പോൾ
മനുഷ്യന് ഇഷ്ടം പോലെ
പൂടയുണ്ടായിരുന്നു, ശരീരമാസകലം.
പൂടയുള്ളപ്പോൾ വസ്ത്രം വേണ്ടല്ലോ!
അങ്ങനെ, നന്നായി കാറ്റൊക്കെ കയറി
സുഖമായി കഴിയുമ്പോഴാണ്
കഴിച്ച ഭക്ഷണം
എല്ലിന്റെ ഇടയിൽ കയറിയത്.
ആദി മനുഷ്യർ ആദവും ഹവ്വയും
വിലക്കപ്പെട്ട കനി തിന്നു.
തിന്നേണ്ട താമസം
രോമം മൊത്തം കൊഴിഞ്ഞു,
സൈഡ് എഫക്ട്...
ജനിതക വ്യതിയാനം....
ഭാഗ്യത്തിന് അവിടവിടെ സ്വൽപ്പം
രോമങ്ങൾ ബാക്കിയുണ്ട്,
കണ്ണുപെടാതിരിക്കാനെന്ന പോലെ!
രോമം കൊഴിഞ്ഞപ്പോൾ
സംഗതികളെല്ലാം പുറത്തായി.
പിന്നെങ്ങനെ നാണം വരാതിരിക്കും?
അങ്ങനെ നാണം വന്നു.
നാണം വന്നപ്പോൾ,
ചെടികൾക്കിടയിൽ ഒളിച്ചു.
അവിടെയിരുന്നാണ് അവർ
ആദ്യത്തെ പ്ലാവില ജട്ടി തുന്നുന്നത്.
മാറിടം ഹവ്വ
മുടി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു.
ഒടുവിൽ, ദൈവം മനുഷ്യനെ വിളിച്ചു.
ആദ്യം പരുങ്ങിയ ആദവും ഹവ്വയും
പ്ലാവില ജട്ടിയിൽ പുറത്തുവന്നു.
രൂപം കണ്ട് ദൈവം ഞെട്ടി.
"ഇതേത് ജീവികൾ?"
ദൈവം സൃഷ്ടിയുടെ ലിസ്റ്റ് പരിശോധിച്ചു.
അതിലൊന്നും ഇങ്ങനെയൊരു ജീവിയില്ല.
പിന്നെയാണ് ദൈവത്തിന്
കാര്യം പിടികിട്ടുന്നത്.
ദൈവമുണ്ടോ സഹിക്കുന്നു...
"കടക്കെടാ പുറത്ത്..."
രണ്ടെണ്ണവും ഏദന് പുറത്ത്.
ഇതാണ് പൂട പോയ കഥ!

ഇനി,
പൂടയുണ്ട് vs. പൂടയില്ല --
ഇതിൽ ഏതാ നല്ലത്?
ഏതാണ് കൂടുതൽ സുന്ദരം?
ഉത്തരം കിട്ടാൻ
വഴിയൊന്നേയുള്ളൂ.
പട്ടിയെ കുളിപ്പിച്ച് ഷേവ് ചെയ്തു.
പൂച്ചയിൻ രോമത്തിൽ
മണ്ണെണ്ണയൊഴുച്ച് തീ വച്ചു.
കോഴിയെ ഡ്രസ് ചെയ്തു.
പിന്നെ, മൂവരെയും റാമ്പിൽ നിർത്തി.


നഗ്നതയെന്നാൽ ഇതാണ്!
വൃത്തികേടെന്നും പറയാം.
പൂടയില്ലാത്ത പട്ടിയെ കണ്ടാൽ
നാലാഞ്ച് നാൾ ഭക്ഷണമിറങ്ങില്ല.
പൂച്ചയെ കണ്ടാൽ ഛർദ്ദി ഉറപ്പ്.
ഒരു മാതിരി പുഴുക്കടി ബാധിച്ച പോലെ!
കോഴിടെ നഗ്നതയിൽ പിന്നെ
പുതുമയില്ലാത്തതുകൊണ്ട്
ഇത്രേം പ്രശ്നമുണ്ടാവില്ല.
എങ്കിലും, അതിലുമുണ്ടൊരു
വൃത്തികേട്.
പൂടയില്ലെങ്കിൽ
മൃഗങ്ങളൊക്കെ കണക്കാ...!
അപ്പോ മനുഷ്യന്റെ കാര്യമോ?

ഇനി, മനുഷ്യനെ പൂടവസ്ത്രം
അണിയിച്ചാലോ?
അതായത്, കൈയ്യിലും കാലിലും
മുഖത്തും നെഞ്ചിലും
മുതുകത്തും എല്ലായിടത്തും
കാട് പോലെ പൂട!
ഭേഷ്... ഭേഷ്...
സായിപ്പിന്റെ ഭാഷയിൽ
Weird ആയി തോന്നാമെങ്കിലും,
എന്റെ കണ്ണുകളിൽ
ഇപ്പഴാണ് മനുഷ്യൻ സുന്ദരനായത്,
മൃഗങ്ങളെ പോലെ!
ഇഷ്ടം പോലെ പൂട....
സത്യത്തിൽ, ഇങ്ങനെയല്ലേ
ദൈവം മനുഷ്യനെ സൃഷ്ടിച്ചതും!
സ്വന്തം ഛായയിലും സാദൃശ്യത്തിലും!
എന്നുപറഞ്ഞാൽ,
ദൈവത്തിനും ശരീരമാസകലം
പൂടയുണ്ടെന്നല്ലേ അർത്ഥം?
കുരങ്ങനെ പോലെ?
ഉവ്വ!
അതിലെന്താ ഇത്ര സംശയം?

ദൈവത്തിന്റെ ശരീരമാസകലം പൂടയോ?
പൂടയില്ലാത്ത ഇന്നത്തെ മനുഷ്യൻ
സമ്മതിക്കുകേല എന്ന്
എനിക്കറിയാം!
പക്ഷേ, അതാണ് വാസ്തവം.
പൂടയില്ലാത്ത മനുഷ്യരെ കാണുമ്പോൾ
ഡ്രസ് ചെയ്ത കോഴിയെ കണ്ട
പ്രതീതിയാണ്, ദൈവത്തിനിപ്പോൾ!
രോമം കത്തിപ്പോയ പൂച്ചയുടെ ലുക്ക്!
മനുഷ്യനെ കാണുമ്പോൾ
ഒരുതരം അറപ്പ്, വിമ്മിഷ്ടം!
ഏദൻ തോട്ടത്തിൽ തുടങ്ങിയതാണ്.
ദൈവത്തെ കുറ്റം പറയാനും പറ്റില്ല.
ചുമ്മാതാണോ ദൈവം
മനുഷ്യന്റെ പ്രാർത്ഥന
കേൾക്കാത്തത്?
ആകാശത്തെ പറവകളെ
ഓസിന് തീറ്റുന്ന ദൈവത്തിന്
മനുഷ്യന്റെ കാര്യം വരുമ്പോൾ
രണ്ടാനമ്മേടെ സ്വഭാവം!
കാരണം, മനുഷ്യന് പൂടയില്ല;
അതുതന്നെ കാര്യം!
ദൈവത്തിനാണോൽ ഇഷ്ടം പോലെ പൂട.
അതാവുമോ യോഗികൾ
പരമാവധി പൂട വളർത്തുന്നത്?
ദൈവവുമായി അനുരൂപരാവുകയെന്നാൽ
"ഇഷ്ടം പോലെ പൂട വളർത്തുക"
എന്നാണോ അർത്ഥം?
ആയിരിക്കാം...

ഞാനേതായാലും കുറച്ച്
കരടി നെയ്യ് വാങ്ങാൻ തീരുമാനിച്ചു.
എന്നിട്ട്, ശരീരമാസകലം പുരട്ടണം,
പൂട വളരട്ടെ!
റിസേർവ്ഡ് ഫോറസ്റ്റ് പോലെ!
അങ്ങനെയെങ്കിലും
പൂട ദൈവം പ്രസാദിക്കട്ടെ!

Sunday, July 31, 2011

കെളവനാവൽ പ്രക്രിയ


നീണ്ട തീവണ്ടി...
അതിലും നീണ്ട യാത്ര,
ലോക്കൽ പെട്ടിയിൽ!
മണിക്കൂറുകൾ കുത്തിയിരുന്ന്
കുണ്ടി തരിച്ചപ്പോൾ,
സ്വൽപ്പനേരം
നിൽക്കാമെന്ന് കരുതി.
അപ്പോ ദേ വരുന്നു!
സമൂസേയ്... സമൂസേയ്...!!!

നാലെണ്ണം 10 രൂപ.
വാങ്ങി.
നിന്നുകൊണ്ട് രണ്ടെണ്ണം തിന്നു,
ഇരുന്നുകൊണ്ട് രണ്ടെണ്ണം.
തുപ്പൽ ചുരത്തി
നാക്കു കൊണ്ട്
പല്ലും വായും കഴുകി
കുടിച്ചിറക്കി.
അപ്പോഴുണ്ട്,
എന്തോ പല്ലിനിടയിൽ!
സ്ഥിരം സംഭവിക്കുന്നതാണ്.
ഉള്ളിത്തൊലിയോ,
മാവ് കട്ടയോ മറ്റോ
കയറിയതാവും!!!
നാശം!

നാക്കുകൊണ്ട് കിണ്ടി.
ഉള്ളിത്തൊലി തന്നെ!
പിന്നെയും കിണ്ടി,
തോണ്ടി, രക്ഷയില്ല.
അതവിടെയിരുന്നാൽ
നാക്ക് സ്വസ്ഥത തരില്ല,
ഉറക്കം വരില്ല.
ഒരേ അസ്വസ്ഥത...
വൈക്ലബ്യം...
വൈഷമ്യം...
അത് പുറത്തെടുക്കും വരെ!
ലൈൻ ഓഫ് കണ്ട്രോളിൽ പോലും
ഇത്രേം ടെൻഷൻ ഉണ്ടാവുകേല!!!
ഇനിയിപ്പോ എന്നതാ ഒരു വഴി?

ഈർക്കിൽ,
തീപ്പെട്ടിക്കൊള്ളി,
സേഫ്റ്റി പിൻ,
മൊട്ടുസൂചി,
നൂല്...
ഇതിലേതെങ്കിലും
കിട്ടിയാൽ മതിയായിരുന്നു.
ചുറ്റും പരതി.
കാൽ വയ്ക്കാൻ ഇടമില്ല,
എന്നിട്ടും...!
എന്റെ പരതൽ കണ്ട്,
തറ ടിക്കറ്റിൽ
തൊട്ടുരുമിയിരിക്കുന്ന
ചേട്ടനും പരതി,
കാര്യമറിയാതെ!
"കാശെന്തെങ്കിലും പോയോ?"
ഇല്ലെന്നും, വേണ്ടത്
ഒരു ഈർക്കിലാണെന്നും
എങ്ങനെ പറയും?
ഒന്നുമില്ലെന്ന് തലയാട്ടി,
പിന്നെ ഒരു ശബ്ദമുണ്ടെല്ലോ,
നാക്ക് കൊണ്ട്...
അതും പുറപ്പെടുവിച്ചു.
തൽക്കാലം തടി തപ്പി!

രക്ഷയില്ല.
കുത്തലും തോണ്ടലും
നാക്ക് തുടർന്നു.
ഉള്ളിത്തൊലി കയറിയ
പല്ലിന്റെ എതിർവശത്ത്
ഇതുപോലൊരു മുട്ടൻ പല്ല്
ഇരുന്നതാണ്, പണ്ട്!
ഇപ്പോ അവിടെ
വല്യൊരു ഓട്ട....
ഇപ്പറഞ്ഞപോലെ,
ഉള്ളീം, എറച്ചീം,
എല്ലും പുല്ലും കയറി
അതിനെ പറിക്കേണ്ടി വന്നു.
ഈ പല്ലിനെയും
പറിക്കേണ്ടി വരുമോ?
മനസിൽ ഭയം!
ഇങ്ങനെ പോയാൽ,
ചാവുമ്പോ എത്ര പല്ല്
കാണും?
ചുമ്മാതല്ല കെളവന്മാർക്ക്
പല്ലില്ലാത്തത്!!!
കെളവനാവൽ പ്രക്രിയ
തുടങ്ങിയെന്നാണോ,
അതും ഇത്രയും നേരത്തേ?
മുപ്പതുകളാവും മുമ്പ്...?
യുവത്വം വിട്ടുമാറും മുമ്പ്?
അങ്കിളാവും മുമ്പ്?
സ്വന്തമായി കാലണ
സമ്പാദിക്കും മുമ്പ്...?
കാറ് വാങ്ങും മുമ്പ്,
ഫ്ലാറ്റ് വാങ്ങും മുമ്പ്?
ഇതന്യായമല്ലേ?

നാല് മണിക്കൂർ കഴിഞ്ഞു....
ഇറങ്ങാനുള്ള സ്ഥലമെത്തി.
പുറത്തിറങ്ങി.
ആദ്യം കണ്ട കടയീന്ന്
സിഗററ്റ് വാങ്ങി.
ഒപ്പം കിട്ടിയ തീപ്പെട്ടിക്കൊള്ളി
രണ്ടായി പിളർത്തി.
ഒരു കഷ്ണം കൊണ്ട്
ഒരു കുത്ത്.
ഉള്ളിത്തൊലി പുറത്ത്!
വിടവിൽ കാറ്റ് കയറിയപ്പോ
ആശ്വാസം, പിന്നെ
ചെറിയൊരു വേദന...
ഈ പല്ലും ഉടൻ പോവും!!!
ഏതായാലും,
കെളവനാവൽ പ്രക്രിയ
നടക്കട്ടെ....!
മോണകാട്ടിച്ചിരി
എനിക്കിഷ്ടമാണ്!!!
ഞാൻ വീട്ടിലേക്ക് നടന്നു.

Thursday, July 28, 2011

മഴ പെയ്യുന്നത്!


മഴ പെയ്യുന്നത് നല്ലതാണ്!
അപ്പോൾ, മിഴികളിൽ
കണ്ണീർ നിറഞ്ഞാലും
ആരുമറിയില്ല.
വഴിയിലും വഴിവക്കിലും
ആൾക്കൂട്ടത്തിനിടയിലും
വിതുമ്പാം...
കണ്ണീരൊഴുക്കാം....
കണ്ണീരൊപ്പാം....
മുഖം പൊത്തിനിൽക്കാം...!
ആരുമറിയാതെ,
സന്ദേഹത്തിനിട നൽകാതെ!
മഴ പെയ്യുന്നത്
നല്ലതാണ്.

അപ്പോൾ,
മഴ നനയുന്നവരെല്ലാം
കരയുകയാണോ?
കണ്ണീരൊളിപ്പിക്കുകയാണോ?
ആവാം....!
അല്ലെങ്കിൽ എന്തിനവർ
മഴ നനയണം...?
ആളുകളെല്ലാം ഓരം തേടി
ഓടിയൊതുങ്ങുമ്പോൾ
അവർ മാത്രമെന്തിന്
നനയാൻ തുനിയണം?

"മഴ നനയരുത്!" --
അമ്മ പറഞ്ഞു!
"മഴ നനഞ്ഞാൽ പനി,
ചുമ, ചൊറി, കഫക്കെട്ട്
എല്ലാം വരും."
അമ്മ പറഞ്ഞാൽ വാസ്തവം!
അതാവും ഭൂരിപക്ഷവും
മഴ നനയാത്തത്!
അപ്പോൾ,
ഈ മഴ നനയുന്നവർ
മാതൃ ധിക്കാരികളാണോ?
അതോ,
അമ്മയില്ലാത്തവരോ?
രണ്ടായാലും,
അവർക്കേ ഈ
പെരുമഴ നനയാനൊക്കൂ....!
വളർത്ത് ദോഷം...,
തന്മൂലമുണ്ടായ ബുദ്ധിഭ്രമം...,
ഭ്രാന്ത്...!
ഹല്ലാതെന്ത്? അല്ലേ?
ഇതൊന്നുമല്ലെന്നാണ്
വാദമെങ്കിൽ,
അവർ കരയുകയാവണം!
തീർച്ച.

ദയവായി ആരും
മഴ നനയരുത്,
കരയാനല്ലാതെ!
കാരണം,
മഴ നനയുന്നവർ
കരയുകയാണ്!

Monday, July 25, 2011

ഈ നാട് നന്നാവില്ല!

മണി 10
മണി 11
മണി 12
മണി 1...
എന്നിട്ടും അവൾ വന്നില്ല.
കാത്തിരുന്ന് മടുത്ത്
പോകാനൊരുങ്ങിയപ്പോൾ
അവളെത്തി.
അപ്പോൾ മണി 2.
നീയെന്തേ ഫോൺ ചെയ്തില്ല,
നീയെന്തേ SMS അയച്ചില്ല
എന്നൊന്നും ചോദിച്ചില്ല.
വന്നപാടെ കഴുത്തിന് പിടിച്ച്
ഒരു തള്ള്!
ദേ കിടക്കുന്നു ഓടയിൽ!

പിന്നെ, അമാന്തിച്ചില്ല.
കിട്ടിയ ബസിൽ ചാടിക്കയറി.
അവൾ ചാവട്ടെ, നാശം!
മനസിൽ അമർഷം,
പക, വെറുപ്പ്!
മുന്നിൽ സീറ്റ് കാലി.
അതിൽ ചെന്നിരുന്നു.
എന്നിട്ടും ശരീരം
തണുക്കുന്നില്ല.
പറഞ്ഞിട്ട് കാര്യമില്ല.
ടിക്കറ്റെടുക്കാൻ
കീശ തപ്പി
കാശെടുത്തു.
പിന്നെ, മണിയനെ
കാത്തിരിപ്പായി.

മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ്
ചെക്കർമാർ കയറുന്നു.
ടിക്കറ്റ് ചോദിക്കുന്നു.
എന്നെ പൊക്കുന്നു.
വണ്ടിയിൽ നിന്നിറക്കുന്നു.
250 രൂപ ഫൈനടിക്കുന്നു.
"കണ്ടക്ടർ വന്നില്ല."
ന്യായം ഏൽക്കുന്നില്ല.
കൈയ്യിൽ കാശില്ല.
എത്ര പറഞ്ഞിട്ടും
ഇവർ വിടുന്നുമില്ല.
കോടതി, കേസ്, പിഴ...
എന്നൊക്കെ ഭീഷണി!
വേറെ രക്ഷയില്ല,
രണ്ടിനെയും ഉരുട്ടി താഴെയിട്ട്
ഒറ്റ ഓട്ടം!
കിട്ടിയ ബസിൽ
പിന്നേം ചാടിക്കയറി.
റോഡിൽ ബസില്ലെങ്കിൽ
തെണ്ടിയത് തന്നെ!
കെഎസ്ആർടിസി
എന്റെ കാവൽ ദൈവം!
സ്വയം സമാധാനിച്ചു.

കോളേജിലെത്തുമ്പോൾ
മണി 3.
പരീക്ഷാഫീസടക്കേണ്ട
അവസാന തീയതിയെന്ന്
കൂട്ടുകാരി!
കർത്താവേ കുഴഞ്ഞോ?
കണ്ടവരോടെല്ലാം കടം വാങ്ങി.
ചില തെണ്ടികൾ ഒഴിഞ്ഞുമാറി.
ഒടുവിൽ കാശൊപ്പിച്ചു.
ഫോം പൂരിപ്പിച്ച്
ഓഫീസിലേക്കോടി.

മണി 3.30
ഓഫീസിൽ വല്യ ക്യൂ.
അപേക്ഷാ ഫാം ചുരുട്ടി
തൂണിലും, ചുവരിലും ചാരി
നിന്നു ഏറെ നേരം.
മണി 4.00
ഒടുക്കം എന്റെ ഊഴം.
അഴിയിലൂടെ കാശും
ഫോമും നീട്ടി.
അത് വാങ്ങാതെ
അയാൾ എണീറ്റു.
അയാൾക്ക് പെടുക്കണം,
ചായ കുടിക്കണം,
പുകയ്ക്കണം...
ഇതുകൂടി ചെയ്തിട്ട് പോ അണ്ണാ...!
ഞാൻ കെഞ്ചി!
അതയാൾ ശ്രദ്ധിക്കുന്നില്ല.
ആവർത്തിച്ചിട്ടും
പ്രതികരിക്കുന്നില്ല.
പകരം,
അപ്പുറത്തെ ചേച്ചിയോട്
സല്ലാപം, ശൃംഗാരം...
എനിക്ക് സഹിക്കുന്നില്ല.
"ടാ പട്ടി കഴുവേറിവേറീടെ മോനേ!!!!"
ഒറ്റ പൊട്ടൽ.
ഓഫീസ് സ്തബ്ധം!
എല്ലാരും പരസ്പരം നോക്കുന്നു,
ഞാനും ചുറ്റും നോക്കുന്നു...
പ്രിൻസി വന്നെത്തി നോക്കുന്നു,
കൂട്ടത്തെ മുഴുവൻ തുരത്തുന്നു,
പ്രിൻസി തൻ കാലുകൾ
ഞാൻ പിടിക്കുന്നു.
"അവസാന തീയതിയണ്ണാ
കൈവിടരുത്."
ഒടുക്കം എനിക്ക് മാത്രം
പെർമിഷൻ!

ഇനിയെന്തേലും കഴിക്കണം!
രാവിലെ തൊട്ട് ജലപാനമില്ല.
'ഹോട്ടൽ ഉഷപൂജ'യിലേക്ക്!
മട്ടൻ ബിരിയാണിക്ക് ഓഡർ.
നിമിഷനേരം കൊണ്ട്
ബിരിയാണി മേശയിൽ.
കൈ തിരുമി
ഒരു പിടി വാരി
വായിൽ തള്ളി.
ഇത് എന്തര്?
ബിരിയാണിയോ അതോ
അവന്റെ അമ്മേടെ....?
സപ്ലയർ പയ്യൻ വന്നു.
എടുത്തോട് പോകാൻ പറഞ്ഞു
പിന്നെ വേറെ കൊണ്ടുവരാനും.
വേറെ ഇല്ലെന്നും
അവസാന പ്ലേറ്റെന്നും അവൻ!
"അവസാനം വടിച്ചെടുത്ത
എച്ചില് തിന്നാൻ
ഞാനെന്താ പട്ടിയാണോ?"
ചോദ്യം കേട്ട് പയ്യൻ മിഴിച്ചു,‌
കാഷിയറിലിരുന്ന ഓണറും!
"വേറെ എന്തെങ്കിലും?"
ഓണർ ചോദിച്ചു.
"ആനപ്പിണ്ടം കിട്ടുമോ?"
"എങ്കിൽ ഒരു പ്ലേറ്റ്!"
വാഷ് ബേസ്‌നിൽ
കാർക്കിച്ച് തുപ്പി
കൈ കഴുകി
ഞാനിറങ്ങിപ്പോയി.

വീട്ടിലെത്തുമ്പോൾ
മണി 6.
വയറ് വിശന്ന് കത്തുന്നു.
അമ്മയെ വിളിച്ചു.
മറുപടിയില്ല.
കതകും തുറക്കുന്നില്ല.
ക്ലാമ്പിൽ തൂങ്ങിയ
പൂച്ചെട്ടി തപ്പി.
കയ്യിൽ താക്കോൽ തടഞ്ഞു.
വീട് തുറന്നു, അടുക്കളയിൽ ചെന്നു.
"ഒന്നും ഉണ്ടാക്കിയില്ലേ?"
അടുത്തൊരു കല്യാണമുണ്ടെന്നും
അവിടെപ്പോയി കഴിക്കാൻ
അമ്മ നിർദ്ദേശിച്ചെന്നും
അയൽപക്കത്തെ കിഴവി.
അന്നാണ് ടിവിയും
ബാത്ത്റൂം കതകും
തരിപ്പണമായത്.
അങ്ങനെ ഞാനും പുറത്ത്!

പിന്നെ ഹോസ്റ്റലിൽ.
അവിടം ശരിയാകാതായപ്പോ
വാടക റൂമിൽ.
പിന്നെ, സുഹൃത്തിന്റെ റൂമിൽ.
അതുകഴിഞ്ഞ്,
സുഹൃത്തിന്റെ വീട്ടിൽ.
എവിടെപ്പോയാലും
സംഗതി മോശം.
ഈ നാട് നന്നാവില്ല!

Thursday, July 21, 2011

ഈ കോഴി ലോകത്തിൽ ഒറ്റപ്പെട്ട്!


മണി മൂന്ന്.
ഭയങ്കര വിശപ്പ്!
പാതിരാത്രിയാണ്,
ഭാര്യ ഉറക്കത്തിലാണ്,
മോനും.
രാത്രിയുറക്കം നമുക്കു പിന്നെ
പണ്ടേ ഇല്ലല്ലോ!
വയറ് കത്തുന്നു....
എന്താ ചെയ്ക?

അടുക്കളയിലേക്ക് ചെന്നു.
പാത്രങ്ങൾ പരിശോധിച്ചു.
ഒന്നും ബാക്കിയില്ല.
കഴുകിക്കമഴ്ത്തിയ പാത്രങ്ങൾ
ഉറക്കച്ചടവിൽ എന്നെ നോക്കി.
സമയം തെറ്റിവരുന്നവരെ
അവറ്റകൾ മയന്റ് ചെയ്യില്ല.
അഹങ്കാരികൾ....
പിന്നെ അവിടെ നിന്നില്ല.
ഫിഡ്ജ് തുറന്നു.
പച്ചക്കറികൾ മാത്രം.
രണ്ടുമൂന്ന് തക്കാളി തിന്നു.
എന്നിട്ടും വിശപ്പ് തന്നെ.
പിന്നെയുള്ളത് രണ്ടുമൂന്ന്
കോഴിമുട്ടകളാണ്.
രണ്ടെണ്ണം കയ്യിലെടുത്ത്
അടുക്കളയിലേക്ക് നടന്നു.

നീ പിന്നെയും വന്നോ?
എന്ന ഭാവത്തിൽ പാത്രങ്ങൾ
എന്നെ നോക്കി.
അവരെ ഗൌനിക്കാതെ
ദോശക്കല്ല് സ്റ്റൌവിൽ വച്ചു,
കല്ല് ചൂടായപ്പോൾ
എണ്ണ തടവി, പിന്നെ
ഒരു മുട്ട കയ്യിലെടുത്തു
ചട്ടുകം കൊണ്ട് ഒറ്റ തട്ട്.
മുട്ട പൊട്ടി, കല്ലിൽ ഒഴിച്ചു.
ശ്‌ശ്‌ശ്........

ബുൾസ് ഐയാണ്...
(ഹാഫ് ബോയിൽഡ് എന്ന്
ചെന്നൈയിൽ പറയും)
അതാവുമ്പോൾ
മറിച്ചിട്ട് ചുമ്മാ
സമയം കളയണ്ട.
അൽ‌പ്പം വെന്തപ്പോൾ
ചട്ടുകം കയറ്റി പൊക്കിയെടുത്തു
പാത്രത്തിൽ വച്ചപ്പോൾ ഒരു കാഴ്ച.
മഞ്ഞക്കരുവിൽ ചോര!
പാത്രം മുഖത്തോടടുപ്പിച്ച്
സൂക്ഷിച്ച് നോക്കി.
രക്തക്കുഴലുപോലെ എന്തോ ഒന്ന്!
ഇത് തിന്നാനോ?
എനിക്ക് ഓക്കാനം വന്നു.

കൊലപാതകം....
മറ്റൊരു വാക്കിൽ ഭ്രൂണഹത്യ....
ഈശ്വരാ....
ഭാവിയിൽ എന്തോ ആവേണ്ട
മുട്ടയായിരുന്നു....!
കോഴികളുടെ അഖിലേന്ത്യാ-
പ്രസിഡന്റോ, മാർപ്പാപ്പയോ,
ഐൻസ്റ്റീനോ, അമിതാഭ് ബച്ചനോ,
സച്ചിനോ, വിശ്വനാഥൻ ആനന്ദോ,
ബിൽ ഗേറ്റ്സോ, സോണിയാ ഗാന്ധിയോ,
ഒബാമയോ, സന്തോഷ് പണ്ഡിറ്റോ....
കോഴികൾക്കിടയിൽ
പ്രതിഭകളില്ലെന്ന് കരുതുന്നത്
അബദ്ധമാണ്.
കോഴികൾക്കുമില്ലേ ഒരു ലോകം?
മനുഷ്യമൃഗമില്ലാത്ത,
സംസ്ക്കാരസമ്പന്നമായ,
സ‌മൃദ്ധിയുടെയും
സാഹോദര്യത്തിന്റെയും
ഒരു കോഴി ലോകം?
ഇതൊന്നും മനുഷ്യന്റെ മാത്രം
കുത്തകയല്ലല്ലോ!!!!!
എല്ലാം നശിപ്പിച്ചു!
എനിക്ക് കുറ്റബോധം.
ഇനിയെന്താ ചെയ്ക?

തിന്നാൻ ഏതായാലും പറ്റില്ല.
കളയാനും മനസുവരുന്നില്ല.
അതുകൊണ്ട്,
വെള്ളക്കരു മാത്രം തിന്ന്
മഞ്ഞക്കരു മാറ്റിവച്ചു,
കാലത്ത്, ഔപചാരികമായി
അടക്കം ചെയ്യാൻ!
പിന്നെ, പോയി കിടന്നു.
രാവിലെ എഴുന്നേൽക്കാനുള്ളതാണ്....!

Friday, July 15, 2011

എങ്കിലും, ഞാനൊരു ഗേ അല്ല!

അസ്ഥിയിൽ പിടിച്ച പ്രണയം
എനിക്ക് അവനോട്!
കള്ളമല്ല, ഇതു സത്യം!
വർഷങ്ങൾക്ക് മുമ്പാണ്,
കൌമാരം പൂത്തുലഞ്ഞ്,
കായ്ക്കാൻ തുടങ്ങുമ്പോൾ!
വൈകിയെങ്കിലും
ഞാനത് തിരിച്ചറിഞ്ഞു.

അവനില്ലാത്തപ്പോൾ
ശ്വാസം മുട്ടുക;
കണ്ണുകൾ പരതുക;
ഇടനെഞ്ച് തുടിക്കുക;
സ്വൈര്യം നശിക്കുക;
പിന്നെ
അലസത, നിരാശ.
കാണുമ്പോഴാകട്ടെ,
ആ സാന്നിധ്യത്തിലാവട്ടെ,
മുഖത്ത് ആയിരം വസന്തം;
ആത്മാവിൽ ഉത്സവം;
കൊടിയും തോരണവും
ചെണ്ട മേളവും
പിന്നെ, വെടിക്കെട്ടും.
ആകപ്പാടെ ഉഷാർ!
അതിനെല്ലാം പിന്നിൽ
ഏതോ ഒരു നിർവൃതി.

അവനെന്റെ സഹപാഠി.
ഒരേ ബഞ്ചിൽ, ഒരേ മാർക്ക്
ഒരേ ഇഷ്ടങ്ങൾ
ഒരേ കുപ്പായങ്ങൾ
ഒരേ നോട്ടുബുക്കുകൾ
ഒരേ പേന
ഒരേ സോപ്പ്
ഒരേ ബക്കറ്റ്
ഒരേ ഹോസ്റ്റൽ മുറി
എന്തിനും ഏതിനും ഒപ്പം.

ഇതെങ്ങനെ സംഭവിച്ചു?
എനിക്കറിയില്ല.
കുറേ ആ‍ശയക്കുഴപ്പത്തിനും,
ചിന്തയ്ക്കുമൊടുവിൽ
ഞാൻ തിരിച്ചറിഞ്ഞു,
വൈകിയെങ്കിലും.

അവന്റെ കണ്ണുകൾ
എന്തൊരഴകാണ്!
കണ്മഷിയിട്ട പോലെ
ഇടതൂർന്ന കൺപീലികൾ!
അതിനിടയിൽ
നീലത്തടാകം പോലെ
കൃഷ്ണമണികൾ.
ബാല്യം വിടാത്ത കവിളുകൾ.
അതിലങ്ങിങ്ങായി
മുഖപ്പരുകൾ.
ആരും കൊതിക്കും
ചുവന്ന ചുണ്ടുകൾ.
അതിൽ വിടരും
കള്ള പുഞ്ചിരി.
ചിരിയിൽ തെളിയും
കുച്ചരിപ്പല്ലുകൾ.
കണ്ഠ മുഴയില്ലാത്ത
നഗ്നമാം കഴുത്ത്.
തടിച്ച മാറിടം
അതിൽ,
ഉന്തിൽ നിൽക്കും
റോസാപ്പൂ പോലെ
മുലക്കണ്ണുകൾ!
വീർത്ത വയറിൽ
കടൽച്ചുഴി പോലെ
അഴകാർന്ന പൊക്കിൾ.
തേൻ കുടം പോലെ
നിതംബം.
രോമം കിളിർക്കാത്ത
തുടകൾ.
ഈട്ടിത്തടി പോലെ
കാൽകൾ.
താമരപ്പൂ പോലെ
പാദം.
ആകെക്കൂടിയൊരു
പെൺ‌രൂപം.

“കുപ്പായമില്ലേൽ പെൺകുട്ടി“ എന്ന്
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്,
പലപ്പോഴും.
അതുകേട്ടവൻ
മുഖം ചുളിക്കാറുണ്ട്,
പിണങ്ങാറുമുണ്ട്.
എങ്കിലും,
എനിക്കവനോടുള്ള
പ്രണയം മാത്രം
ഞാൻ മറച്ചുവച്ചു.
ഒപ്പം, അവനോടുള്ള
അഭിനിവേശങ്ങളും.
ഒരു പക്ഷേ,
അവനെന്നിൽ നിന്ന്
അകന്നുപോയാലോ?

അവനുള്ള രാത്രികളിൽ
എനിക്ക് ഉറക്കം വന്നില്ല.
പ്രണയാതുരനായി,
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
പ്രകാശ കിരണങ്ങളുടെ
കണ്ണുവെട്ടിച്ച്
അവന്റെ കട്ടിലിൽ
ചെന്നിരിക്കാനും,
പിന്നെ പ്രണയാർദ്രമായി
ആ കാൽ വിരലുകളിൽ
സ്പർശിക്കാനും,
അവയെ ചുംബിക്കാനും,
കാലുകളിൽ
വിരലുകൾ ഓടിക്കാനും,
പൊക്കിൾ കുഴിയുടെ
ആഴമളക്കാനും
വിരലുകൾ വെമ്പി.
അടഞ്ഞിരിക്കും കൺകളിൽ
മുത്തമിടാനും,
ചെവികളിൽ ഊതാനും,
മൂക്കിൽ നാവ് കൊണ്ട്
സ്പർശിക്കാനും,
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
ഉരസാനും വ്യഗ്രത.
എങ്കിലും, അതിനൊന്നും
ഞാൻ മുതിർന്നില്ല.
ഭയം..., സദാചാര ബോധം....
പിന്നെ,
ഇതറിയുമ്പോൾ
അവനെന്നെ വെറുത്താലോ?

ഒടുവിൽ, എങ്ങനെയോ
ഞാൻ പറയാതെ തന്നെ
അവന് മനസിലായി
...

മനസിലൊളിപ്പിച്ച
എന്റെ അനുരാഗം.
എങ്കിലും, അവനെന്നെ
വെറുത്തില്ല, അകന്നുപോയില്ല.
പുരുഷമായി നോക്കിയില്ല.
കുത്തുവാക്കുപറഞ്ഞില്ല.
കുപിതനായില്ല.
മുഖം തിരിച്ചില്ല.
ശകാരിച്ചില്ല.
ആ ഒറ്റ മുറിയിൽ
ഞങ്ങൾ വീണ്ടും കഴിഞ്ഞു
ഏറെ നാളുകൾ!
കിടക്ക പങ്കിടാതെ,
പരസ്പരം പുണരാതെ.
ചുംബിക്കുകയോ,
സ്പർശിക്കുകയോ,
കൈ കോർക്കുകയോ,
ചെയ്യാതെ.
തികഞ്ഞ
സാത്വികരെ പോലെ!

Sunday, July 10, 2011

എനിക്ക് നൽകൂ ആയിരം ജന്മങ്ങൾ!


ഞാനൊരു സ്വപ്നം കണ്ടു,
ഉച്ച സമയത്തെ
പാതി മയക്കത്തിൽ!
സ്വപ്നം ആരംഭിച്ചത്
എങ്ങനെയെന്നറിയില്ല.
എങ്കിലും, പാതിയിൽ എപ്പഴോ
വെള്ളത്താടിയും,
കിരീടവും ചെങ്കോലും
മാലാഖ വൃന്ദങ്ങളുമായ്
ദൈവം പ്രത്യക്ഷപ്പെട്ടു!

ഞാൻ മിഴിച്ചുനിന്നു!
ഞാൻ മരിച്ചുപോയെന്നും,
ജീവിതത്തിൽ ചെയ്ത
ചില നന്മകൾ പരിഗണിച്ച്
സ്വർഗത്തിലേക്ക് എനിക്ക്
പ്രവേശനം ലഭിച്ചെന്നും,
ക്ഷണിക്കാനാണ് തങ്ങൾ
വന്നതെന്നും ദൈവം!

ഞാൻ ചുറ്റും നോക്കി.
തോജോന്മുഖനായി ദൈവം മുന്നിൽ.
പത്തടി പൊക്കവും
മസിലുകളും, ചിറകുകളുമായി
പത്തോളം മാലാഖമാർ പിന്നിൽ.
അവർക്കും പിന്നിൽ
വെള്ളക്കുതിരകളിൽ കെട്ടിയ
സ്വർണ്ണ തേര്.
എല്ലാവരും എനിക്കായി
കാത്ത് നിൽക്കുകയാണ്!
ഞാൻ എല്ലാവരെയും
മാറി മാറി നോക്കി?
അവരുടെ പുഞ്ചിരികളിൽ
സ്വാഗതത്തിന്റെ സ്വർഗീയത.

ഞാൻ വരാം! പക്ഷേ!
സ്വർഗത്തിൽ കപ്പേം കള്ളും കിട്ടുമോ?
പിന്നെ,
പൊറോട്ടയും ബീഫും?
ഒണക്ക മീനും പഴങ്കഞ്ഞിയും?
അപ്പവും ചിക്കൻ കറിയും?
പിന്നെ, ഐപി‌എൽ?
ഫേയ്സ്‌ബുക്കും, നൈറ്റ് ക്ലബും?
ഫാഷൻ ഷോയും, തീം പാർക്കും?
ചീട്ടുകളിയും, വാറ്റുചാരായവും?
കാ‍ജാ ബീഡിയും, നാടൻ തല്ലും?

ദൈവവും കൂട്ടരും
പരസ്പരം നോക്കുന്നു.
ഇതൊന്നും അവിടെ കിട്ടില്ലെന്ന്
ദൈവം!
പിന്നെ എന്നതാ ഒള്ളത്?

“നിരന്തര ഈശ്വര സാന്നിധ്യം.
ആ സാന്നിധ്യത്തിലെ അനന്തമായ
നിർവൃതി, നിത്യാനന്തം,
സമാധാനം, നിത്യ വസന്തം!”

കോപ്പ്!
ഈ സമാധാനവും നിത്യ വസന്തവും
ആർക്ക് വേണം!
വല്ല സാമിമാർക്കും കൊള്ളാം.
എന്നെപ്പോലുള്ള
സാധാരണക്കാരന് ഇതൊക്കെ
പരമ ബോറായിരിക്കും!
ഇതിലും ഭേദം നരകം!
പോയേ.... പോയേ....
ഞാനെങ്ങും വരുന്നില്ല.
എന്ന് ഞാൻ.

അത് പറ്റില്ലെന്ന് ദൈവം.
മരിച്ചാൽ ഒന്നുകിൽ സ്വർഗം
അല്ലെങ്കിൽ നരകം.
ഇതിനിടയിൽ ഒരു സ്ഥലമില്ല.

ഇത് എന്നാ ഏർപ്പാടാണ്?
എനിക്ക് രണ്ടിടത്തും പോകണ്ടന്ന്
പറഞ്ഞില്ലേ....!
രണ്ടും രണ്ട് എക്സ്ട്രീമുകൾ അല്ലേ?
ഒന്ന് നന്മയുടെ,
മറ്റൊന്ന് തിന്മയുടെ!
അതുകൊണ്ട് തൽക്കാലം
എനിക്ക് രണ്ടും വേണ്ട.

അത്രയ്ക്ക് നിർബന്ധമെങ്കിൽ
എനിക്കൊരു വരം താ....
ആയിരം ജന്മങ്ങൾ
ഈ ഭൂമിയിൽ
ജനിച്ച് മരിക്കാനുള്ള വരം!
അതു മതി.
എത്രയും നേരത്തെ
സാക്ഷാത്ക്കാരം നേടിയിട്ട്
എന്നാ എടുക്കാനാ...?
അല്ലേ?
ജീവിതം എത്ര സുന്ദരം!
ഞാൻ കേട്ടു.

ഞാൻ കണ്ണുതുറന്നു.
മുന്നിൽ ദൈവമില്ല, മാലാഖമാരും!
എങ്കിലും എനിക്ക് കേൾക്കാം
നാനാ ദിക്കിൽ നിന്നുള്ള
പ്രകൃതിയുടെ കരഘോഷം!

ചോരയ്ക്കെന്തിന് ചുവപ്പുനിറം?


ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്,
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

ചുവരിലും തറയിലും
സീലിങ്ങിലുമെല്ലാം
രക്തം, ചുടു രക്തം!
ചുറ്റും ഫാനിലും,
കത്തും ട്യൂബിലും,
ആണിയിലാടും ഫോട്ടോയിലും,
ക്ലോക്കിലും, ജനാലയിലും,
ഓടിക്കൊണ്ടിരിക്കും
ടിവിയിലുമെല്ലാം രക്തം!

സ്ഥാനം തെറ്റിയ സോഫ,
ഛിന്നിച്ചിതറിയ ഫ്ലവർവേയ്സ്,
മറിഞ്ഞുകിടക്കും കസേര,
അലങ്കോലമായ തുണികൾ,
ഒരു മൂലയിൽ വടി വാൾ,
അതിനരികിൽ അച്ഛൻ, മലർന്ന്!
അച്ഛനുമുകളിൽ ചേട്ടൻ
പത്ത് വയസുകാരൻ.
മറ്റൊരു മൂലയിൽ കത്തി,
അതിനരികിൽ അമ്മ, കമിഴ്ന്ന്!
സിഗററ്റ് കുറ്റികൾ, ചെരുപ്പുകൾ,
കാൽ‌പ്പാടുകൾ...
ഇതിനെല്ലാം പുറമേ അവൾ
അഞ്ചുവയസ്സുകാരി!
ടിവിക്ക് പിറകിൽ,
പേടിച്ചരണ്ട്,
വിറയാർന്ന്,
വാ പൊത്തി!

തൊട്ടുമുമ്പ് നടന്നതൊന്നും
അവൾ കണ്ടതേയില്ല
ചേട്ടനുമൊത്ത്
ഒളിച്ചുകളിക്കുമ്പോൾ
ടിവിക്ക് പിന്നിൽ
കയറിയതാണവൾ!
കുറേ കഴിഞ്ഞപ്പോൾ
കൂട്ട കാൽ‌പ്പെരുമാറ്റം...,
അട്ടഹാസം..., നിലവിളി...,
പിന്നെ,
നിശബ്ദത....
ടിവിയിലോടും വാർത്തയെ
അതിലംഘിക്കുന്ന
നിശബ്ദത....!

ചേട്ടൻ തന്നെ കണ്ടുപിടിക്കുമോ?
ഇനി, അവർ തന്നെ മറന്നതോ?
അച്ഛനും അമ്മയും
ടിവിയിൽ മൊഴുകി
ഇരിപ്പാണോ?
അതോ, ഉറങ്ങിയോ?
അവൾക്കറിയില്ല!
എങ്കിലും, അവൾക്ക് കാണാം...,
ചാലുപോലെ രക്തം ഒഴുകി
അവളുടെ പാദത്തെ
സ്പർശിക്കുന്നത്!
വഴിമാറിക്കൊടുക്കാൻ
മൂലയിലേക്ക് ആവത്
ഒതുങ്ങിയിട്ടും
രക്തം തന്നിലേക്ക്
പിന്നെയും അടുക്കുന്നത്!
ആ കടും ചോരയിൽ
അവളുടെ മുഖം
പ്രതിഫലിക്കുന്നത്...

ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

Thursday, July 7, 2011

വെളിച്ചം ഭയാനകം!

അംഗഭംഗം വന്ന
നിഴലുകള്‍ കണ്ട്
മടുത്തു, ഇനി
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
കാഴ്ചകൾ മതി,
വെളിച്ചം ഭയാനകം.

കുപ്പക്കൂനകൾ
ഇളകുന്നു, തുട്ടിനായ്
കുഷ്ഠം കാമിച്ച
കരങ്ങളുയരുന്നു!
വിശപ്പില്‍ വെന്ത
പ്രാണന്‍ ചീഞ്ഞു
നാറുമ്പോള്‍,
മൂക്കുകള്‍ പൊത്തി
നിറകീശകള്‍ നീങ്ങുന്നു!

നാലഞ്ചുനാളത്തെ
പഴകിയ ചോറിലെ
കെട്ടവാസനയിൽ
ഉമിനീരിറക്കി,
ഒരുപിടി ചോറിനായ്
വിറയാർന്ന കൈകൾ
ഇലകള്‍ പരതവേ...
അതു പകര്‍ത്തുവാന്‍
വിരലുകൾ അമരുന്നു!

ഒക്കത്തിരിക്കുന്ന
അസ്ഥികൂടത്തിന്
ഒരു തുള്ളി വെള്ള-
മെങ്കിലും നൽകാൻ
നീളുന്ന കൈകളും,
ഒട്ടി വലിഞ്ഞ നഗ്ന-
മാറും, പിന്നെ വയറും
കാണുമ്പോള്‍,
കടമിഴി കോണിലൊരു-
തുള്ളി ബീജം കലരുന്നു.

വായുവില്‍ ശേഷിച്ച
ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍
നാവ് തള്ളുന്നു.
നായ്ക്കളും കാക്കയും
കടിപിടി കൂടുന്ന
മത്സ്യ കമ്പോള
ഓടയിലൊരു വൃദ്ധൻ
മീനുകൾക്കൊപ്പം
ചീഞ്ഞു കിടക്കുമ്പോൾ,
പുച്ഛഭാവങ്ങൾ
അയിത്തം പുലമ്പുന്നു!

വയറ്റിൽ തെളിയുന്ന
നട്ടെല്ലും മുറുക്കി-
ത്തുണി ച്ചുറ്റി,
സർക്കസു കാട്ടുന്ന
വെടിച്ച കാല്‍പ്പാടുകള്‍!
അതിന്റെ വിടവിൽ
നിലവാരം തേടി
നീയും ഞാനും
കേമനാകുന്നു,
കണ്ണടയ്ക്കുന്നു!

ഇങ്ങനെ നീളും
ദുരന്ത കാഴ്ചകൾ,
ഇനി-
എവിടെ ചെന്നു നിൽക്കും?
ഓർക്കുമ്പോൾ
മനസ് നടുങ്ങുന്നു.
അതുകൊണ്ടിനി
കാഴ്ചകൾ ഇത്രമതി!
പൊട്ടിച്ചെറിയണം
കണ്ണും അകക്കണ്ണും!
വെളിച്ചം ഭയാനകം!

Monday, June 27, 2011

അവളുടെ പേര് നിഷ!

അവളുടെ പേര് നിഷ!
സത്യത്തിൽ,
‘നിശ’ എന്നോ മറ്റോ
ആവണമായിരുന്നു
അവളുടെ പേര്!
അത്രയ്ക്ക് വൃത്തികെട്ടവൾ!
കണ്ണീച്ചോരയില്ലാത്തവൾ!
നാണമില്ലാത്തവൾ!
പട്ടി!
തെണ്ടി!
പിച്ചക്കാരി!

അവളെയിന്ന് പേപ്പട്ടി വിരട്ടട്ടെ!
സൈക്കിൾ മുട്ടി
ആശുപത്രിയിലാവട്ടെ!
കല്ലിൽ തട്ടി
കാൽ പൊട്ടട്ടെ!
ഓടയിൽ വീണ്
പല്ല് ഉടയട്ടെ!
വീട്ടിൽ നിന്ന്
ഇറക്കി വിടട്ടെ!
കോളറ വന്ന്
കിടപ്പിലാവട്ടെ!
ഇതൊന്നും നടന്നില്ലെങ്കിൽ,
അഞ്ചാം ക്ലാസിൽ
അവൾ തോൽക്കട്ടെ!

അന്നെനിക്ക്
ഇത്രയും തെറികൾ മാത്രമേ
അറിയാമായിരുന്നുള്ളൂ...
ബോർഡിൽ പേരെഴുതിയാൽ
പിന്നെ എന്നാ ചെയ്യും?
ചൊറിയൻ കുമാറിന്
പെൻസിൽ കൊടുക്കാൻ
ഒന്ന് തിരിഞ്ഞതേയുള്ളൂ!
അതിനിടയിൽ അവൾ
പേരെഴുതി വച്ചു.
തൊട്ടടുത്ത് കാരണവും.
“ക്ലാസിൽ തിരിഞ്ഞിരുന്ന്
സംസാരിച്ചു.”

കരിയൻ മാഷിന്റെ പേരക്കമ്പ്
മേശപ്പുറത്തിരുന്ന്
ചിരിക്കുന്നു.
ഒരു ദാക്ഷണ്യവുമില്ലാത്ത
കാട്ടുപോത്താണ്!
കഴിഞ്ഞ തവണത്തെ ചൂട്
ഇപ്പഴും മാറിയിട്ടില്ല.
ചന്തിയിൽ അത്
തണുത്ത് കിടപ്പുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക?

രണ്ടും കൽ‌പ്പിച്ച് നിഷയെ
ആംഗ്യം കാട്ടി
അടുത്ത് വിളിച്ചു.
“ആ പേരൊന്ന് മായ്ക്കാമോ?”
എന്ന് അപേക്ഷിച്ചു.
എവിടെ ഏൽക്കാൻ?
ഇവളൊന്നും കൊണം പിടിക്കില്ല.

“നീ മായ്ക്കുന്നോ ഇല്ലയോ?”
പിന്നെ ഭീഷണിയായി.
അതിലും ഫലമുണ്ടായില്ല.
ഒപ്പം, പേരിന് താഴെ
മറ്റൊരു കാരണം കൂടി
പ്രത്യക്ഷപ്പെട്ടു.
“മനപ്പൂർവം ക്ലാസിൽ
ഒച്ചയുണ്ടാക്കി.”

എന്തായാലും അടി ഉറപ്പ്!
എന്നാപ്പിന്നെ,
ഇവളെയിന്ന് ഒരു പാഠം
പഠിപ്പിച്ചിട്ടേയുള്ളൂ....
അരിശം മൂത്ത്
ചാടിയെണീറ്റു.
പിന്നെ,
കൈയ്യിൽ കിട്ടിയ
പേപ്പർ ചുരുട്ടി
ബോർഡിൽ കിടന്ന
പേര് മായ്ച്ചു.

അവൾ വിടുമോ?
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
ഒടുക്കം അവൾ
ക്ലാസിൽ നിന്ന്
ഇറങ്ങിപ്പോയി.
ഹി ഹി....
എന്നോട് കളിച്ചാൽ
ഇങ്ങനെയിരിക്കും!
വിജയശ്രീ ലാളിതനായി
സഹപാഠികളുടെ കയ്യടി
ഏറ്റുവാങ്ങി
ഞാൻ ബഞ്ചിൽ പോയിരുന്നു.
“അവൾക്ക് അങ്ങനെ തന്നെ വേണം”
പിന്നിൽ നിന്ന്
തോളിൽ തട്ടി
അഭിനന്ദനം.
പെൺകുട്ടികളിൽ ചിലർ
ആരാധനയോടെ നോക്കുന്നു.
കിട്ടിയ തക്കത്തിന്
ചിലർ
റോക്കറ്റ് പറത്തുന്നു.
മഷി കുടയുന്നു.
ബഞ്ച് വലിച്ച്
മുതുകിൽ ഇടിക്കുന്നു.
ക്ലാസിൽ ആകെപ്പാടെ ബഹളം.

പ്രശംസകളും
അഭിവാദനങ്ങളും
വരവ് വച്ച്
തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ കരിയൻ മാഷ്,
കൂടെ അവളും!
സ്മശാനം പോലെ
നിശ്ചലമായ ക്ലാസിൽ
എന്റെ ഹൃദയം മാത്രം
നിർത്താതെ
പെരുമ്പറ മുഴക്കി.
ഏതാണ്ട് അതേ താളത്തിൽ
കിട്ടിയ അടിയുടെ ചൂട്
ഇന്നും എൻ
ഉള്ളം കൈയ്യിൽ!

അവളുടെ പേര് നിഷ!
അവൾക്കൊരു പക്ഷേ
എന്നെ
ഓർമ്മയുണ്ടാവില്ല.
അഞ്ചാം ക്ലാസ്
കഴിഞ്ഞപ്പോൾ
 അവളെ
വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഞങ്ങൾ
കണ്ടിട്ടേയില്ല,
ഇന്നുവരെ!

Monday, June 20, 2011

ഞാനിനി ഇതു വഴിയില്ല

വാൾമുനയിൽ
ഊറി നില്‍ക്കും
രക്തത്തുള്ളി പോലെൻ
കണ്ണീര്‍ കണങ്ങള്‍!
കണ്മുനയിൽ
ഊറി നിന്നെൻ
കാഴ്ച മറയ്ക്കുന്നു
അശ്രുകണങ്ങള്‍!

ഇന്നലെ കഴിഞ്ഞ
ദുരന്ത നാടകം
മായാതെ നില്‍പ്പൂ
കണ്ണുകൾക്കുള്ളിൽ!
പിറകോട്ട് ചെന്നവ
തിരുത്തിക്കുറിക്കാൻ
ആവുമോ? ഇനി ഞാൻ
ഇനി ഇതു വഴിയില്ല!

ജനനം മുതൽ
ഈ നിമിഷം വരെ
അശ്രുകണങ്ങള്‍
എന്റെ തോഴന്‍!
എന്നെ ഓര്‍ത്ത്
എന്നും കരയുവാന്‍
എന്‍ കണ്ണുകളെങ്കിലും
ഉണ്ടായല്ലോ!

പണിതീരും മുമ്പേ
ഒലിച്ചുപോയെന്‍
മണിഗോപുരങ്ങള്‍!
കെട്ടിയുയർത്താൻ
ആവില്ല അവയിനി,
കാലങ്ങളായി നിനച്ചതെല്ലാം.

പോകുന്നു ഞാനെൻ
ഗേഹം തേടി.
പോകുന്നു ഞാനെൻ
സത്യം തേടി.
തിരികെ വിളിക്കരുത്,
എന്നെ ആരും!
തിരിഞ്ഞുനിൽക്കാൻ
ശേഷിയുമില്ല!
എന്നെ മറന്നേക്കൂ...
ഞാൻ പോകട്ടെ!

നടപ്പിന്റെ വേഗം
ഇനിയും കൂട്ടണം
ലോകാതിർത്തി വന്നാലും
പിന്നെയും നടക്കണം!
അങ്ങനെയെങ്കിലും
എൻ ഭൂതകാലത്തിൽ
നിന്നെനിക്ക്
ഓടിയകലണം,
വിദൂരത്തിലെത്തണം.

ഇനിയൊരു വരവില്ലെന്ന്
കാണുമ്പോൾ
കണ്ണുകൾ ആവേശം കാട്ടുന്നു,
പലതും,
അവസാനമായിട്ട്
കണ്ടു തീർക്കാൻ!
എങ്കിലും, ഞാനിനി
തിരിഞ്ഞുനോക്കില്ല!
എനിക്കാവില്ല, പിന്നെയും
ദുരന്ത സ്മരണകളെ
തട്ടിയുണർത്താൻ!

തമ്മില്‍ കാണാനിടയില്ല തീരമേ,
തിരികെയെത്താനിടയില്ല ഓളമേ,
ഇനിയെന്നെ കാണാന്‍
കൊതിക്കുന്ന നേരം
രാത്രി ആകാശസീമയിൽ
പരതി നോക്കാം!

Wednesday, June 15, 2011

കാലിൽ മറുക്!

അവളുടെ കാലിൽ
ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ
വലത്തേ കാലിൽ
ഇമ്മിണി വല്യൊരു
പൊട്ടുണ്ട്!

അവൾ തന്നെ
എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ
കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന
പാവാട പൊക്കി
എന്നെ കാട്ടി
പരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”

സഞ്ചിയിലിരുന്ന
റബർ നൽകി
ഞാനത് നന്നായി
മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊ-
ണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”

പെൻസിൽ ചെത്താൻ
കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക്
ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!”
എന്നാവേണ്ടെന്ന് ഞാൻ!

ഇനിയെന്താ ചെയ്ക?
പരസ്പരം നോക്കി
ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീ‍ന്ന്
കൊണ്ടുവന്ന
സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ്
അവൾക്കൊത്തിരി
ഇഷ്ടം!
ശരിയെന്ന് അവൾ.

വീട്ടിൽ നിന്ന്
സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ
ഞാനും അവളും.
അലക്കുകല്ലിൽ
കാൽ വച്ച്,
പാവാട പൊക്കി
മറുകിനെ നോക്കി
അവൾ നിന്നു.
കണ്ണിൽ വിഷാദം!
അല്പം പ്രതീക്ഷ!

തൊട്ടിയിറക്കി
വെള്ളം കോരി
സോപ്പ് പതച്ച്
ഞാനും തയ്യാർ.
“വേഗം തേ...”
അവൾക്ക് ധൃതി.

മെലിഞ്ഞ കാലിൽ
സോപ്പ് തേച്ച്
പത്ത് നിമിഷം
നന്നായി ഉരച്ചു.
പിന്നെ,
തൊട്ടിൽ നിന്നും
വെള്ളം കോരി
കാലിലൊഴിച്ചു,
കൌതുകത്തോടെ!

“പോയില്ല!”
അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം”
എന്ന് ഞാൻ!
ഉരച്ചുരച്ച്
സോപ്പ് പാതി.
സോപ്പ് തീർന്നാൽ
അമ്മ അടിക്കും.
എല്ലാം നിർത്തി
വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട്
പിന്നെയും ബാക്കി.

ലേശം നനഞ്ഞ
പാവാട താഴ്ത്തി
അവൾ നടന്നു
ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ
സോപ്പും
മറുകയ്യിൽ
തൊട്ടിയും തൂക്കി
ഞാനും നിന്നു,
വെറുതേ!

“വൈകിട്ട് ഞങ്ങൾ
ഞാറ പറിക്കാൻ
പോണുണ്ട്, വരുന്നോ?”
തൊട്ടി വച്ച്
ഉറക്കെ ചോദിച്ചു.
തിരിഞ്ഞുനിന്ന
അവളിൽ വിടർന്നു
ഇന്നും മറക്കാത്ത
കുസൃതിപ്പുഞ്ചിരി!

വർഷം
പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു.
എങ്കിലും,
അടുത്ത തവണ
നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം,
വെറുതേ ഒന്നറിയാൻ!

Saturday, June 11, 2011

നീ കൂടെയെങ്കിൽ


രു തിരിവെട്ടമായ്
നീ കൂടെയെങ്കിൽ
നിലവറയ്ക്കുള്ളിൽ കിടക്കാം
മയിൽ‌പ്പീലി കണ്ണുപോൽ
നീ കൂടെയെങ്കിൽ
പുസ്തകത്താളിൽ ഉറങ്ങാം

ദുർഘടം വഴിയിലും
നീ കൂടെയെങ്കിൽ
മുള്ളും പൂമെത്തയാക്കാം
ഞാൻ വരുവോളം
നീ കാക്കുമെങ്കിൽ
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

എൻ ഗുരുവാകാൻ
നിനക്കിഷ്ടമെങ്കിൽ
വിരലുകളൊക്കെയും വെട്ടിത്തരാം
അടുത്ത ജന്മത്തിലെൻ
ഇണയാവുമെങ്കിൽ
ഈ ജന്മമിന്നു ഞാനുപേക്ഷിക്കാം

ഇനിയൊരിക്കലും
പിണങ്ങാതിരുന്നാൽ
ശത്രുവിന്‍ പാദവും കുമ്പിട്ടിടാം
ഒരു തവണയെങ്കിലും
നോക്കിച്ചിരിച്ചാൽ
നിൻ കണ്മുന്നിൽ വരാതിരിക്കാം

നിന്റെയിഷ്ടങ്ങൾ
എന്നോട് ചൊല്ലിയാൽ
ഇത്തലയും താലത്തിൽ ഏകാം!
എൻ സാമീപ്യമൊരു
ശല്യമാണെങ്കിൽ
ഈ ദേഹവും ഞാൻ തന്നെ ഭക്ഷിച്ചിടാം!



ചിത്രം കടപ്പാട്:
www.amsterdam-artgallery.com

Monday, June 6, 2011

ഞാനൊരു നിഷേധി!

 
ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തു ദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാ ഗാന്ധിയല്ല

നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചു നില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല

പറയുന്നതൊക്കെയും
കേട്ടു നില്‍ക്കുവാന്‍
ഞാനൊരു കല്‍‌പ്രതിമയല്ല
കാണുന്നതൊക്കെയും
കണ്ടില്ലെന്നു നടിക്കുവാൻ
ഞാനൊരു പക്ഷപാതിയല്ല

കേൾക്കുന്നതൊക്കെയും
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല

കല്‍പ്പിച്ചതൊക്കെയും
ചെയ്തു മറിക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ, കരയാനോ
ഞാനൊരു മനോരോഗിയല്ല

തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാൻ
ഞാനൊരു വര്‍ഗീയവാദിയല്ല

വാദിച്ചതൊക്കെയും
സ്ഥാപിച്ചെടുക്കുവാൻ
ഞാനൊരു ബുദ്ധിജീവിയല്ല
കാണുന്നോർക്കെല്ലാം
കാൽപന്തു തട്ടുവാൻ
ഞാനൊരു മദ്ധബുദ്ധിയല്ല

‘നേതി’ എന്നല്ലാതെ
എന്നെ വർണ്ണിക്കുവാൻ
വേറൊരു നല്ല വാക്കുമില്ല
‘നിഷേധി‘ എന്നല്ലാതെ
എന്നെ വിളിക്കുവാൻ
വേറൊരു നല്ല പേരുമില്ല.