Tuesday, December 25, 2012

യോഗി ഒരു വികാര ജീവി


സ്നേഹം, സന്തോഷം, ആശ്ചര്യം, കോപം, ദുഃഖം, ഭയം എന്നിങ്ങനെ  മനുഷ്യന് അടിസ്ഥാനപരമായി ആറ് വികാരങ്ങളാണുള്ളത് (Primary emotions). ബാക്കിയെല്ലാ വികാരങ്ങളും അടിസ്ഥാന വികാരങ്ങളുടെ വകഭേദങ്ങളാണെന്ന് പറയാം. ഉദാഹരണമായി, വാത്സല്യം, പ്രിയം, ഇഷ്ടം, താല്പര്യം, സഹതാപം, കരുണ, കാമം, വിഷയാസക്തി, മോഹം എന്നിവയെല്ലാം സ്നേഹം എന്ന അടിസ്ഥാന വികാരത്തിന്റെ വകഭേദങ്ങളാണ്. അങ്ങനെ, Primary emotions, secondary emotions, tertiary emotions എന്നിങ്ങനെയായി ഏതാണ്ട് 138-ഓളം വികാരങ്ങൾ മനുഷ്യനുണ്ടെന്ന് കരുതപ്പെടുന്നു. അവയെല്ലാം താഴെ പറയുന്നവയാണ്.

Love: Affection, adoration, fondness, liking, attraction, caring, tenderness, compassion, sentimentality, lust, arousal, desire, passion, infatuation, longing

Joy: Cheerfulness, amusement, bliss, gaiety, glee, jolliness, joviality, joy, delight, enjoyment, gladness, happiness, jubilation, elation, satisfaction, ecstasy, euphoria, zest, enthusiasm, zeal, excitement, thrill, exhilaration, contentment, pleasure, pride, triumph, optimism, eagerness, hope, enthrallment, rapture, relief

Surprise: Amazement, astonishment

Anger: Irritation, aggravation, agitation, annoyance, grouchiness, grumpiness, exasperation, frustration, rage, outrage, fury, wrath, hostility, ferocity, bitterness, hate, loathing, scorn, spite, vengefulness, dislike, resentment, disgust, revulsion, contempt, envy, jealousy, torment

Sadness: Agony, suffering, hurt, anguish, depression, despair, hopelessness, gloom, glumness, unhappiness, grief, sorrow, woe, misery, melancholy, disappointment, dismay, displeasure, shame, guilt, regret, remorse, neglect, alienation, isolation, neglect, loneliness, rejection, homesickness, defeat, dejection, insecurity, embarrassment, humiliation, insult, sympathy, pity.

Fear: Horror, alarm, shock, fear, fright, terror, panic, hysteria, mortification, nervousness, anxiety, tenseness, uneasiness, apprehension, worry, distress, dread.

പറഞ്ഞുവന്ന സംഭവം ഇതൊന്നുമല്ല. ഈ 138 വികാരങ്ങളും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുവെന്ന് പറയുമ്പോൾ ഇതിനപ്പുറം വേറെ വികാരങ്ങൾ ഇല്ല എന്നർത്ഥമില്ല. മഹാജ്ഞാനികൾ നൽകുന്ന സൂചന അനുസരിച്ച്, പ്രപഞ്ചത്തിൽ ആകെയുള്ള വികാരങ്ങളുടെ 100-ൽ 10 ശതമാനം മാത്രമേ ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നുള്ളൂ!!!! അതായത്, ചില ജന്തുക്കളുടെ ഇന്ദ്രിയങ്ങൾക്കുള്ള ശക്തിയുടെ ഏഴയലത്ത് പോലും മനുഷ്യ ഇന്ദ്രിയങ്ങൾ എത്തുന്നില്ല എന്ന് പറയും പോലെ. അങ്ങനെയെങ്കിൽ, നിലവിലുള്ള 100 ശതമാനം വികാരങ്ങളും പൂർണ്ണമായും സ്വായത്തമായ ആരെങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉന്നയിക്കപ്പെടും. അതിന്റെ ഉത്തരം ഇതാണ്; യോഗി. ചുരുക്കിപ്പറഞ്ഞാൽ, ഒരു യോഗി കടന്നുപോവുന്ന വൈവിദ്ധ്യമാർന്ന  വൈകാരികതയുടെ 10% പോലും ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്നില്ല എന്ന് ചുരുക്കം.

Wednesday, December 19, 2012

മഴയത്ത് കിളിർത്ത പുൽച്ചെടി

ശാന്തമായി പൊഴിയുന്ന ചാറൽ മഴയിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്റെ ഹൃദയം മൂകമായ ആകാശത്തെക്കാൾ ശോകാർദ്രമാവുന്നു. എനിക്കുവേണ്ടി ഒരു മഴ തന്നെ പെയ്തിട്ടും, എനിക്ക് നനയാനായ മഴത്തുള്ളികളുടെ അളവ് തീരെ ചെറുതാണല്ലോ എന്ന കുണ്ഠിതം... എനിക്ക് നനയാനാവാതെ ഭൂമിയിൽ പതിച്ച് പാഴായിപ്പോയ മഴത്തുള്ളികളെ ഓർത്ത് നഷ്ടബോധം... പെയ്യുന്ന മഴ മുഴുവൻ ഒരു കുഴലിലൂടെന്ന പോലെ എന്റെ മേൽ പതിക്കുന്നത് ആപത്താണെന്ന് എനിക്കറിയാം; എങ്കിലും, ഒരു തുള്ളി പോലും പാഴാക്കാതെ, മുഴുവൻ മഴയും നനയാൻ ഒരു കൊതി. ഒരുപക്ഷേ, എന്റെ മരണശേഷം ഈ ശരീരം ഭൂമിയിൽ ലയിച്ച് ചേർമ്പോൾ മുഴുവൻ മഴയും കൊള്ളാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം. അന്ന്, മഴയുടെ ദേവന് പ്രണാമങ്ങൾ ചൊല്ലി ഞാനൊരു പുൽച്ചെടി എന്നിൽ കിളിർപ്പിക്കും.

കരടി


ഒരിടത്തൊരിടത്ത് ഒരു കരടി ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

എന്നിട്ട്?

കരടി ഉറങ്ങുകയല്ലേ? കരടി ഉറങ്ങുമ്പം കഥ പറയാൻ പറ്റൂല്ല. അത് ഉണരട്ടെ; അപ്പോ പറയാം.

ന്നാ, മുയലിന്റെ കഥ പറ.

ഒരിടത്തൊരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(നിശബ്ദത)

മാനിന്റെ കഥ...???

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു. വയറ് നിറയെ ആഹാരം കഴിച്ചപ്പോൾ അതിന് ഉറക്കം വന്നു. അങ്ങനെ അത് ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങാൻ ആരംഭിച്ചു.

(പിന്നേം നിശബ്ദത)

ന്നാ പാമ്പിന്റെ കഥ പറ....

ഒരിടത്തൊരിടത്ത് ഒരു മാൻ ഉണ്ടായിരുന്നു...

(അപ്പോഴേക്കും അവന്റെ ചുണ്ടിൽ പാൽ പുഞ്ചിരി... കവിളിൽ നുണക്കുഴി.... കണ്ണിൽ കുസൃതി....)

Friday, December 14, 2012

തോട്ടിയെ ആവശ്യമുണ്ട്

കാഴ്ചപ്പാടുകൾ എപ്പോൾ വേണമെങ്കിലും മാറാം... ഭൂമിയിൽ നിന്നുകൊണ്ട് ഭൗമവസ്തുക്കളെ വീക്ഷിച്ച് ശീലിച്ച ഒരാൾ ബഹിരാകാശത്തിലെത്തുമ്പോൾ ഭൂമിയെ കുറിച്ചുള്ള അയാളുടെ മുഴുവൻ സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. എന്തിന്? ഒറ്റ രാത്രി കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള സകല സങ്കൽപ്പങ്ങളും മാറുന്നതുപോലെയാണിത്. അതുകൊണ്ടുതന്നെ, ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം, ക്ഷണഭങ്കുരങ്ങളായ കാഴ്ചപ്പാടുകൾക്ക് വേണ്ടി നിലകൊള്ളുന്നത് 
അബദ്ധമെന്നതിലുപരി സമയംകൊല്ലിയും ശക്തിക്ഷയിപ്പിക്കലുമാണ്. ഇക്കാര്യത്തിൽ തീർത്തും സന്തുലിതമായ ഒരു മനോഭാവമാണ് നാം പുലർത്തേണ്ടതെന്ന് തോന്നുന്നു, ഗാന്ധിജിയെ പോലെ. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയെ മഹാത്മൻ എന്ന് വിളിക്കും. കാരണം, തന്റെ സത്യാന്വേഷണ പരീക്ഷണത്തിൽ, മുറുകെ പിടിച്ച കാഴ്ചപ്പാടുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോഴെല്ലാം അവയെ തൽക്ഷണം തിരസ്ക്കരിക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ശരിയെന്ന് തോന്നുന്നവ സ്വീകരിക്കുന്നതിലും അദ്ദേഹം ഉൾക്കൊണ്ട മനോഭാവവും ഇതുതന്നെയായിരുന്നു. സത്യങ്ങളിൽ നിന്ന് സത്യത്തിലേക്കുള്ള പ്രയാണം നിലയ്ക്കാതെ തുടരുന്നതിന് ഈ 'സ്വീകാര്യത' (receptivity) അനിവാര്യമാണ്. സത്യത്തിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിൽ സ്വയം വിട്ടുകൊടുക്കാതെ ഏതെങ്കിലുമൊരു തടുപ്പിൽ ഉടക്കിക്കിടക്കുകയും, പിന്നിൽ വരുന്നവരെയും മുന്നേറാൻ അനുവദിക്കാതെ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി 'സത്യാന്വേഷികൾ' നമുക്കിടയിൽ സുലഭം. അവരുടെ പിടിയിൽ നിന്ന് ഓരോരുത്തരെയായി കുത്തിയിളക്കി വീണ്ടും ഒഴിക്കിൽപ്പെടുത്താൻ ഒരു തോട്ടിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ സമീപിക്കുക.

Thursday, December 13, 2012

എന്റെയൊക്കെയൊരു കാര്യം!

തെളിഞ്ഞ മാനം പെട്ടെന്ന് കറുത്ത് കരുവാളിച്ചു. പിന്നെ, വഴിയാത്രക്കാരെ കൊഞ്ഞനം കുത്തി തകർത്ത് പെയ്യാൻ തുടങ്ങി. കവലയിലെ ആളുകൾ നാലുപാടും ചതറുന്നു. കുട്ടികൾ "കിയോ കിയോ" ന്നും വിളിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്നു. അപ്രതീക്ഷിത മഴയിൽ പ്രകോപിതരായ ചില ആഢംബര വസ്ത്രധാരികൾ എവിടെക്കേറി നിൽക്കുമെന്നറിയാതെ തെക്കും വടക്കും നോക്കുന്നു. പിന്നെ, തലയും പൊത്തി മരച്ചോട്ടിലേക്കും ആവുന്നിടത്തേക്കുമെല്ലാം കയറി ഒതുങ്ങുന്നു. വാഹനങ്ങളിൽ ഇരുന്നവർ കൈയ്യും തലയും ഉള്ളിലേക്ക് വലിക്കുന്നു. ചിലർ ഗ്ലാസ് ഉയർത്തുന്നു; ചിലർ ഷട്ടർ ഇടുന്നു. ഇതെല്ലാമായിട്ടും എനിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആ പെരുമഴ മുഴുവൻ നനഞ്ഞ് ഞാനങ്ങനെ നിന്നു. ഞാനപ്പഴേ പറഞ്ഞതാ..., ചത്തുകഴിയുമ്പം ആരും എന്റെ പ്രതിമകളൊന്നും സ്ഥാപിക്കരുതെന്ന്... അതിനും മാത്രം ഞാൻ മഹാനൊന്നുമല്ല. പക്ഷേ പറഞ്ഞാ കേക്കണ്ടേ? മഴയെ പിന്നേം സഹിക്കാം; അവിടെയിവിടെ തൂറി വയ്ക്കുന്ന പക്ഷികളെയാണ് സഹിക്കാൻ പറ്റാത്തത്. ഞങ്ങൾ പ്രതിമകളുടെ ഒരു അവസ്ഥയേ....!

Friday, September 14, 2012

ഓർമ്മ: ഫാദർ ദാനിയേൽ കടകമ്പള്ളി


ഇതൊരു സ്മരണയാണ്. യാദൃശ്ചികമായി, പരേതനായ ഫാ. ദാനിയേൽ കടകമ്പള്ളിയെ കുറിച്ച് എഴുതണമെന്ന് തോന്നി.

സെമിനാരി പഠനകാലത്ത്, തത്വശാസ്ത്രപഠനം കഴിഞ്ഞ് ആദ്യമായി ഞാൻ റീജൻസിയ്ക്ക് പോയത് കുണ്ടറയിലെ മലങ്കരപ്പള്ളി വികാരിയായിരുന്ന ദാനിയേലച്ചന്റെ അടുത്തേക്കായിരുന്നു. (റീജൻസി എന്ന് വച്ചാൽ സെമിനാരി പഠന കാലത്തിനിടയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തിപരിചയ കാലയളവ് എന്ന് കരുതിയാൽ മതി.) എനിക്കേതാണ്ട് 21-22 വയസ്. തീരെ ചെറുപ്പം, ഒപ്പം ഇഷ്ടം പോലെ വിവരക്കേടും. അച്ചനാവട്ടെ മലങ്കര സഭയിലെ ഏറ്റവും പ്രായം ചെന്ന പുരോഗിതൻ. കൃത്യമായി അറിയില്ലെങ്കിലും, അദ്ദേഹത്തിന് 68 വയസെങ്കിലും ഉണ്ടായിരുന്നു. കർക്കശ്യബുദ്ധിയിലും, ഭക്തിയിലും പ്രാർത്ഥനയിലും പേരുകേട്ട വയോധികൻ. 22 ഉം 68 ഉം! ബെസ്റ്റ് കോമ്പിനേഷൻ. അദ്ദേഹത്തെ കുറിച്ച് ഒരു നുണക്കഥ പോലും കേട്ടിട്ടില്ലാത്ത ഞാൻ ഒരു ദിവസം സന്ധ്യയ്ക്ക് പെട്ടിയും കിടക്കയുമായി അദ്ദേഹത്തിന്റെ പള്ളിമേടയിൽ ചെന്ന് കേറിക്കൊടുത്തു. ആ ദിവസം ഇന്നും എന്റെ ഓർമ്മയിൽ കിടപ്പുണ്ട്.

വൈകിട്ട് 6 മണിയെങ്കിലും ആയിക്കാണും. പള്ളിമേടയിലെ കോളിംഗ് ബല്ലടിച്ചപ്പോൾ ഒരു വൃദ്ധൻ പുറത്തേക്ക് വന്നു. കാവി നിറത്തിലുള്ള മുണ്ട് മാത്രമാണ് വേഷം. കുളത്തിൽ കുളിക്കാനിറങ്ങുന്ന പെണ്ണുങ്ങൾ പാവാട പൊക്കിക്കെട്ടുമ്പോലെയാണ് മുണ്ട് കെട്ടിയിരുന്നത്. "ങേ? ഇതാരാണപ്പ!" രൂപം കണ്ട് ഞാൻ മനസിൽ ചോദിച്ചു. "അച്ചനില്ലേ?" "ആരാ?" "ഞാൻ ബ്രദറാ... റീജൻസിയ്ക്ക് വന്ന...." "ഓ! അകത്ത് വാ..." ഓഫീസ്, കിടപ്പുമുറി, ലൈബ്രറി ഇവയെല്ലാം ചേർന്ന ഒരു ഇരുളടഞ്ഞ മുറിയിലെ സോഫയിൽ എന്ന് ഇരുത്തിയിട്ട് അദ്ദേഹം അവിടത്തെ പ്രധാന സീറ്റിൽ അമർന്നു. അപ്പോഴാണ് 'ഇദ്ദേഹമാണ് അദ്ദേഹം' എന്ന് എനിക്ക് മനസിലാകുന്നത്. ഞാൻ ഷോക്കടിച്ച പോലെയായി. കർത്താവേ, ഈ മൂപ്പിലാന്റെ കൂടെയാണോ ഞാൻ ആറ് മാസം താമസിക്കേണ്ടത്? ഞാനാകെ വല്ലാണ്ടായിപ്പോയി. ഉസ്താദ് ബാദുഷാ ഖാൻ എന്ന സിംഹത്തിന്റെ മടയിൽ ചെന്ന് പെട്ട ഓട്ടക്കീശക്കാരൻ ജഗന്നാഥന്റെ അവസ്ഥയായിരുന്നു എനിക്ക്. ഓടി രക്ഷപ്പെടാനും പറ്റൂല്ല; എന്നാപ്പിന്നെ തിന്നുകേം ഇല്ല. സുദീർഘമായ നെടുവീർപ്പിന് ശേഷം ഞാൻ ചുറ്റും നോക്കി. അച്ചനടക്കം ആ റൂമിലെ സകലമാന വസ്തുക്കളും പുരാവസ്തുക്കളായിരുന്നു. വൃദ്ധരുടെ ശരീരത്തുണ്ടാവാറുള്ള ഒരു പ്രത്യേകതരം മനംമറിക്കുന്ന ഗന്ധം മുറിയിൽ പറന്നിരുന്നു. അച്ചൻ പേരും വീട്ടുപേരും വീട്ടുകാരെയും കുറിച്ചൊക്കെ ചോദിച്ചു. ഞാനെല്ലാറ്റിനും മറുപടിയും പറഞ്ഞു. അതിന് ശേഷം എന്നെ തൊട്ടടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. നല്ല വൃത്തിയുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു മേശയും കസേരയും ഉണ്ട്. കട്ടിൽ കണ്ടപ്പോൾ എനിക്ക് സമാധാനമായി. കുറച്ച് നേരം ഞാൻ അതിൽ ഇരുന്നു; ഒന്നിനുപിന്നാലെ മറ്റൊന്നായി പത്തിരുപത് നെടുവീർപ്പുകൾ മുറിയാകെ നിറഞ്ഞു.

തെല്ല് നേരം കഴിഞ്ഞ് അച്ചൻ അത്താഴം കഴിക്കാൻ വിളിച്ചു. ഹോ! പിന്നേം സമാധാനം! അടുത്തുള്ള ഡൈനിംഗ് റൂമിലേക്ക് അച്ചൻ എന്നെ ആനയിച്ചു. നല്ല ബലമുള്ള ഒരു വലിയ മേശയും, ചന്തിവച്ചാൽ ആടുന്ന രണ്ട് ബഞ്ചുകളുമാണ് അവിടത്തെ ഉരുപ്പിടികൾ. ഞാൻ കൈകഴുകി. അച്ചൻ പാത്രം തുറക്കുന്നു. ചപ്പാത്തി...! മൂന്നെണ്ണം അച്ചന് നാലെണ്ണം എനിക്ക്. പാത്രം കാലി. അടുത്തുള്ള മഠത്തിൽ നിന്ന് കൊണ്ടുവന്നതാണ്. ഞാൻ ചപ്പാത്തിയെ നോക്കി. രാത്രി ചപ്പാത്തി കഴിച്ച് ശീലമില്ലാത്ത ഞാൻ "ചോറില്ലേ അച്ചാ" എന്ന് ചോദിക്കാൻ പോയില്ല. കാരണം, അച്ചൻ കഴിക്കുന്നതെന്തും നമ്മളും കഴിക്കണം. തന്നെയുമല്ല, അച്ചന് പ്രമേഹവും ഉണ്ട്. അപ്പൊപ്പിന്നെ ഭക്ഷണത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ! "അപ്പോ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി, ല്ലേ" -- ഞാൻ മനസിൽ കരുതി. അച്ചൻ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ചപ്പാത്തി കഴിക്കുകയാണ്. ഒരരികേന്ന് ഞാൻ തുടങ്ങി; പാതാളം പോലെ തുറന്ന എന്റെ വയറിന്റെ മൂലയിൽ പോലും കൊള്ളാത്ത ചപ്പാത്തി വയറുനിറയെ കഴിച്ചുവെന്ന് വരുത്താൻ പരമാവധി പ്രസന്നവദനായി, പുഞ്ചിരിതൂകി...! "വയറ് നെറഞ്ഞോ ബ്രദറേ?" കഴിച്ച് കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു. വന്നപ്പഴേ നിറഞ്ഞുവെന്ന് പറയാൻ ഒക്കൂല്ലല്ലോ. അതുകൊണ്ട്, "ഉം" എന്ന് ഉത്തരം മൂളി. ഇനിയൽപ്പം വെള്ളമെങ്കിലും കുടിച്ച് വിശപ്പടക്കാന്ന് കരുതി ജാറിൽ ഇരുന്ന വെള്ളം ഗ്ലാസിൽ ഒഴിച്ച് വായിൽ വച്ചു. ഇതെന്താ പാഷാണം വല്ലതുമാണോ? വെള്ളത്തിന് ഒരു പ്രത്യേക പുളിച്ച ചുവ. അച്ചനാവട്ടെ അതൊന്നും കാര്യമാക്കാതെ നിർലോഭം വെള്ളം കുടിക്കുന്നു. അച്ചൻ കുടിച്ചതുകൊണ്ട് ഞാനും കുടിച്ചു. കൊറേ നാളുകൾക്ക് ശേഷമാണ് എനിക്ക് മനസിലായത് അത് മല്ലിവെള്ളം ആയിരുന്നു. മഠത്തിൽ നിന്ന് ഉച്ചയ്ക്ക് ഫ്രെഷായി കൊണ്ടുവരുന്ന വെള്ളം വൈകിട്ട് അവുമ്പോഴേക്കും പുളിച്ച് നാശമാവും. എന്നാൽ അതൊന്നും കാര്യമാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അദ്ദേഹം വെള്ളം കുടിക്കുമായിരുന്നു. മല്ലിവെള്ളം പുളിച്ചുപോയെന്ന് പിന്നീടൊരിക്കൽ ഞാൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് അദ്ദേഹം അത് ശ്രദ്ധിക്കുന്നത് പോലും!

ഏതായാലും, ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ രാത്രി പ്രാർത്ഥനയ്ക്കായി തൊട്ടടുത്തുള്ള പള്ളിയിലേക്ക് കയറി. ബാഗിൽ നിന്ന് എന്റെ ശീമോ (പ്രാർത്ഥനപുസ്തകം) ഞാൻ എടുത്തു. മദ്ബഹായ്ക്ക് മുന്നിൽ കുമ്പിട്ട ശേഷം രാത്രി പ്രാർത്ഥനയുടെ പാട്ടുകൾക്ക് അച്ചൻ തുടക്കം കുറിച്ചു. ശിമോയിലെ പാട്ടുകളുടെ രാഗങ്ങളെല്ലാം എനിക്ക് കാണാപാഠമായിരുന്നു. എന്നാൽ അച്ചൻ തുടങ്ങിയതോ തെറ്റായ ട്യൂണിലും. ഞാനാദ്യം മിണ്ടാതെ നിന്നു. എന്റെ ഭാഗം പാടേണ്ട ഊഴം വന്നപ്പോൾ ഏത് ട്യൂണിൽ പാടണമെന്നറിയാതെ ഞാൻ പകച്ചു. പ്രാർത്ഥനയിൽ കണിശക്കാരനായിരുന്ന അച്ചൻ എന്നെ നോക്കി. രംഗം വഷളാക്കാതെ ഞാൻ യഥാർത്ഥ ട്യൂണിൽ വച്ച് പിടിച്ചു. യഥാർത്ഥ ട്യൂൺ എന്ന് പറഞ്ഞാ ലേശം പിച്ച് അധികമാണ്. അച്ചന്റെ ഊഴം വന്നപ്പോൾ അച്ചന് ആ പിച്ച് കിട്ടുന്നില്ല. "ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല" എന്ന് സന്തോഷ് പണ്ഡിറ്റ് പാടും പോലെ അദ്ദേഹം ഒപ്പിക്കാൻ ശ്രമിക്കുന്നു. അത് കേട്ട് എനിക്ക് ചിരി. ചിരിയെന്ന് പറഞ്ഞാ.... ഒടുക്കത്തെ ചിരി. ഇത് തന്നെയായിരുന്നു എല്ലാ ദിവസത്തെയും പ്രാർത്ഥനാ സമയത്തെ അവസ്ഥ. അച്ചൻ ട്യൂൺ തെറ്റിച്ച് പാടും. ഞാൻ അത് ശരിയാക്കും. ശരിയായ ട്യൂൺ അച്ചൻ കൊളമാക്കി എന്നെ ചിരിപ്പിക്കും. ചിരിച്ച് ചിരിച്ച് കൊടല് മാല പുറത്ത് വന്ന ദിവസം വരെ ഉണ്ടായിട്ടുണ്ട്. ചിരി കാരണം എന്റെ ഭാഗം പാടാൻ കഴിയാതെ എനിക്ക് ശ്വാസം മുട്ടുപോലും വന്നിട്ടുണ്ട്. പക്ഷേ, അന്നൊന്നും അദ്ദേഹം പ്രാർത്ഥന ഇടയ്ക്ക് വച്ച് നിർത്തുകയോ എന്നെ ശകാരിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ഒരു വല്ലാത്ത രീതിയിലാണ് ദാനിയേലച്ചനുമായുള്ള ജീവിതം ഞാൻ ആരംഭിക്കുന്നത്. അച്ചന്റെ മറ്റൊരു വല്ലാത്ത സ്വഭാവ സവിശേഷതയാണ് ഒരിക്കലും ഫാൻ ഉപയോഗിക്കില്ല എന്നത്. ഫാൻ കാറ്റ് കൊണ്ട് അച്ചന് അന്നേരം ജലദോഷം വരും. ഇത് അധികവും പാരയാവുന്നത് കൂടെ നടക്കുന്നവർക്കാണ്. വിയർത്ത് പുളിച്ച് ഏതേലും വീട്ടിൽ കേറിച്ചെന്നാലും അച്ചൻ കൂടെയുണ്ടെങ്കിൽ വീട്ടുകാർ ഫാൻ ഓഫാക്കും. സഹിക്കാനാവാത്ത ചൂടിൽ കറങ്ങാതെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഫാനിനെ കാണുമ്പോൾ എല്ലാം ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞിട്ട് എങ്ങൊട്ടെങ്കിലും പോവാൻ തോന്നും.

അച്ചനും ഞാനും തമ്മിൽ ഉണ്ടായിരുന്ന ഏതാണ്ട് 50 വർഷത്തെ പ്രായ വ്യത്യാസവും, മുകളിൽ പ്രസ്ഥാവിച്ച പോലുള്ള അദ്ദേഹത്തിന്റെ ഓരോ ശീലങ്ങളും മൂലം "പെട്ടു" എന്ന അവസ്ഥയിലായിരുന്നു ഞാൻ. അടുത്ത ആറ് മാസം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ഞാൻ കുഴഞ്ഞു. ഈ ആശയക്കുഴപ്പം എന്റെ ഊർജ്ജസ്വലത മുഴുവൻ കെടുത്തിക്കളയും എപ്പോഴും മുറിയിൽ തന്നെ അടച്ചിരിക്കാൻ പ്രേരിപ്പിക്കയും ചെയ്തു. അച്ചനോടൊപ്പം താമസം ആരംഭിച്ച് ഏതാണ്ട് രണ്ട് മാസത്തോളം ഈ നിർജീവാവസ്ഥ തുടർന്നു എന്നാണ് എന്റെ ഓർമ്മ. ലോകം അവസാനിക്കുവാണെന്ന് പറഞ്ഞാലും ഞാൻ പുറത്ത് വരൂല്ല. എപ്പോഴും മുറിയിൽ തന്നെ. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിലെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടുമുക്കാൽ പുസ്തകങ്ങളും ഞാൻ വായിച്ചുതീർത്തു. വായനയോട് വായന. വായിച്ച് വായിച്ച് എങ്ങനേലും ആറ് കടത്തുക എന്നതായിരുന്നു എന്റെ പ്ലാൻ. അതാവുമ്പം ആർക്കും ഒരു ചേതവും ഇല്ലല്ലോ. ഇടക്കിടെ അച്ചൻ റൂമിൽ വന്ന് എത്തിനോക്കും. ഞാൻ വായനയിൽ മൊഴുകിയിരിക്കുന്നത് കണ്ട് ഒന്നും പറയാതെ പിൻവാങ്ങും. പ്രാർത്ഥിക്കാനും, ഭക്ഷണം കഴിക്കാനും മാത്രമേ ഞാനാ മുറി വിട്ട് പുറത്തിറങ്ങുമായിരുന്നുള്ളൂ. (അതാലോചിചിക്കുമ്പോൾ എനിക്കിന്ന് അത്ഭുതം തോന്നുന്നു.) അക്കാലത്ത് ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങൾ ഞായറാഴ്ചകളിൽ കുർബാനയ്ക്കിടെ ഞാൻ നടത്തിയിരുന്ന പ്രസംഗങ്ങളെ സ്വാധീനിക്കുകയും, നല്ല പ്രാഗത്ഭ്യമുള്ള പ്രാസംഗികൻ എന്നൊരു സൽപേര് ഇടവാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ദാനിയേലച്ചന് എന്റെ പ്രസംഗം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യനാളുകളിൽ ഞാൻ വായനയ്ക്ക് വേണ്ടി മാത്രം സമയം ചെലവഴിച്ചപ്പോൾ അദ്ദേഹം അത് കണ്ടില്ലെന്ന് നടിച്ചത്. "പുതിയ ബ്രദറിനെ പുറത്തൊന്നും കാണാനില്ലല്ലോ" എന്ന് ഇടവകക്കാർ പരാതിപ്പെടുമ്പോഴെല്ലാം "ബ്രദർ പ്രസംഗത്തിനായി ഒരുങ്ങുകയാണ്" എന്ന് അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്.

ഏതായാലും, ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ദിവസം എന്റെ വായനയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് അദ്ദേഹം എന്റെ മുറിയിലേക്ക് കടന്നുവന്നു. എന്റെ നിഷ്ക്രിയത്ത്വത്തിൽ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചുവെന്ന് വ്യക്തമായിരുന്നു. കാരണം, അദ്ദേഹത്തോടൊപ്പം റീജൻസി ചെയ്ത 29-മത്തെ ബ്രദറായിരുന്നു ഞാൻ. എനിക്ക് മുമ്പുണ്ടായിരുന്ന ഒരു ബ്രദറും ഇതുപോലെ ഇത്ര നിരാശവഹമായി പെരുമാറിയിരുന്നില്ല. ഇതെല്ലാം മനസിൽ വച്ച് അദ്ദേഹം എന്നോട് പറഞ്ഞു: "ബ്രദറേ, വായനയും പഠനവുമെല്ലാം സെമിനാരിക്കുള്ളിൽ നടത്തിയാൽ മതി; ഈ റീജൻസി കാലം പ്രവർത്തിക്കാനുള്ളതാണ്. അതുകൊണ്ട് പുസ്തകമെല്ലാം അടിച്ച് വെളിയിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ." സൗമ്യമായ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ടപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി. എന്തിന് വേണ്ടിയാണ് ഞാനിങ്ങനെ പുസ്തവും വായിച്ചിരിക്കുന്നത്? ഞാൻ പുറത്തേക്കിറങ്ങി, ആദ്യമായി....! എനിക്കെന്ത് ചെയ്യാൻ കഴിയും എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ.

തുടർന്നുള്ള നാല് മാസം വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു. ഇരുട്ടടി കിട്ടിയപോലെ പെട്ടെന്നൊരു ദിവസം ഞാൻ കാണിച്ച ശുഷ്ക്കാന്തി കണ്ട് ദാനിയേലച്ചനും ഇടവകക്കാരും ഞെട്ടി. അത് അച്ചൻ എന്നോട് പറഞ്ഞിട്ടുമുണ്ട്. പള്ളിമേടയിൽ കല്ലും പുല്ലും നിറഞ്ഞ ഒരു ഭാഗത്ത് കൃഷി ആരംഭിച്ചുകൊണ്ടാണ് ഞാനെന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നങ്ങോട്ട് ഞാനെന്തൊക്കെ ചെയ്തെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അച്ചന് ഒരു സൈക്കിൾ ഉണ്ട്; അതിലായിരുന്നു ഓട്ടം മുഴുവൻ. മാറാല പിടിച്ച് കിടന്ന പള്ളിമേട പുനഃക്രമീകരിക്കുന്നത് മുതൽ, പള്ളിക്ക് മുന്നിലെ വൈദ്യുത പോസ്റ്റിലെ ബൾബ് തെളിയിക്കാൻ ഒരു ഫ്യൂസ് ഘടിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ... അതിൽ, ദാനിയേലച്ചന്റെ ചിരകാല സ്വപ്നമായിരുന്നു തന്നോടൊപ്പം റീജൻസി ചെയ്ത 29 ബ്രദേഴ്സിന്റെയും ഒരു മീറ്റിംഗ്. എല്ലാവരുടെയും അഡ്രസ് തപ്പിപ്പിടിച്ച് കത്തയച്ചു. ക്ഷണിച്ചതിൽ മിക്കവാറും എല്ലാവരും അച്ചനെ കാണാൻ വന്നു. ആ വയോവൃദ്ധന്റെ ജീവിതത്തിൽ എന്നും ഓർക്കാനാവുന്ന ഒരു ദിനമായിരുന്നു അത്. ഇതെല്ലാം ആയതോടെ അച്ചൻ ഫ്ലാറ്റ്, ഒപ്പം ഞാനും. എന്റെ റീജൻസി കാലത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും ഞാനും അച്ചനും ആത്മസുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.

വാക്കുകൾക്ക് അതീതമാണ് ദാനിയേലച്ചന്റെ സ്നേഹം. എന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിൽ അദ്ദേഹം അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്കോ, മാസധ്യാനത്തിന് പട്ടം സെമിനാരിയിലോ പോയി തിരികെയെത്താൻ എത്ര വൈകിയാലും അദ്ദേഹം ഉറക്കമിറച്ച് കാത്തിരിക്കുമായിരുന്നു, ഭക്ഷണം പോലും കഴിക്കാതെ...! പ്രമേഹരോഗിയായ അദ്ദേഹത്തിന് അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല, എന്നിട്ടും....! ഇതിലെല്ലാം മാതൃസഹജമെന്നോ, പിതൃസഹജമെന്നോ വിശേഷിപ്പിക്കാവുന്ന വാത്സല്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. അത്താഴം കഴിഞ്ഞുള്ള ഫ്രീ സമയങ്ങളിൽ ഞാനും അച്ചനും സംസാരിക്കാറുണ്ട്; ചിലപ്പോൾ മണിക്കൂറുകളോളം. പരിമിതമായ വാക്കുകളിലൂടെ... സമപ്രായക്കാരെ പോലെ. അദ്ദേഹം പഴയ പല കാര്യങ്ങളും പറയും. ഞാനതെല്ലാം ആകാശയോടെ കേട്ടിരിക്കും. ചിലപ്പോൾ ചോദ്യങ്ങൾ ചോദിക്കും. ചോദ്യം വിശ്വാസ സംബന്ധമായ ഗഹനമായ ചോദ്യമാണെങ്കിൽ "അതൊക്കെ വിശദീകരിക്കാൻ മാത്രം കഴിവെനിക്കില്ലെന്ന്" അദ്ദേഹം സമ്മതിക്കും. ഒടുവിൽ, നേരം ഏറെയാവുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിക്കും: "ഉറങ്ങണ്ടേ ബ്രദറേ?" 

ദാനിയേലച്ചന് അദ്ദേഹത്തിന്റേതായ പരിമിതികൾ ഒട്ടനവധി ഉണ്ടായിരുന്നു, പലതും പ്രായം സംബന്ധിച്ചത്. ചിലത്, അദ്ദേഹം ജീവിച്ച കാലഘട്ടത്തെ സംബന്ധിച്ചത്... എങ്കിലും, അതിനെയെല്ലാം അതിലംഘിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിഷ്ക്കളങ്കത, അർപ്പണ മനോഭാവം. ആരെയും മുറിവേൽപ്പിക്കാത്ത വിധം മുന്നോട്ടുപോവാനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയാറുണ്ട്. പട്ടം അതിഭദ്രാസ പള്ളിയിലെ വികാരി എന്ന ഉന്നത പദവിയിൽ നിന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഇടവകകൾ തിരഞ്ഞെടുത്ത് അങ്ങോട്ടേയ്ക്ക് സ്വയം ചുരുങ്ങാൻ താൻ തീരുമാനിച്ചതിന് പിന്നിലും തന്റെ ആ ചിന്താഗതിയാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഓർത്തെടുക്കാൻ ശ്രമിച്ചാൽ ഇനിയുമുണ്ടാവും ഒട്ടനവധി കാര്യങ്ങൾ പറയാൻ. ഏതായാലും, അദ്ദേഹത്തോടൊപ്പമുള്ള എന്റെ ചുരുങ്ങിയ ജീവിതം പ്രായമായവരോട് ഒരു പ്രത്യേക വാത്സല്യം എന്നിൽ ഉരുവാക്കാൻ ഹേതുവായിട്ടുണ്ട്. ഒരുപക്ഷേ, സമപ്രായക്കരെക്കാൾ എനിക്കേറ്റവും ഇഷ്ടം എന്നെക്കാൾ പ്രായമേറിയ ആളുകളുടെ കൂടെ സമയം ചെലവഴിക്കാനാണ്. ഇത് ദാനിയേലച്ചൻ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സ്വഭാവ സവിശേഷതയാണ്. ഇത്രയൊക്കെ എഴുതണമെന്ന് ഞാനൊരിക്കലും കരുതിയതല്ല. പറയാൻ കഥകൾ ഒട്ടനവധി ഉണ്ടെങ്കിലും തൽക്കാലം ചുരുക്കുന്നു. ദാനിയേലച്ചനോട് വിടപറയുമ്പോൾ അദ്ദേഹം എനിക്ക് നൽകിയ ആശീർവാദം പോലെ, ഒരു പുരോഹിതൻ ആവാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ജീവിതപന്ഥാവിൽ എനിക്ക് എത്തിച്ചേരാനായി എന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ തീർച്ചയായും സന്തോഷിപ്പിക്കും എന്ന് ഞാൻ വിചാരിക്കുന്നു. പ്രമേഹരോഗിയായ അദ്ദേഹത്തിന് കൊണ്ടുവരാറുള്ള പഞ്ചസാരയിടാത്ത ചായ കുടിച്ച്, വിഷണ്ണനായി ജീവിതമാരംഭിച്ച എനിക്ക് പഞ്ചസാരയിടാത്ത ചായയ്ക്കും മധുരമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു.., അത് തന്നെയാണ് ദാനിയേലച്ചന്റെ വിജയവും...! ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.


Thursday, July 19, 2012

ഉണ്ണിക്കഥ: യോഗിണി

ഒരിടത്തൊരിടത്തൊരിടത്ത്, ഒരു യോഗിണി ഉണ്ടായിരുന്നു. സദാസമയവും ധ്യാനവും പ്രാർത്ഥനയുമാണ് അവരുടെ ജോലി. കാണാൻ അധികം പ്രായമൊന്നും ആയിട്ടില്ല. അവരെ കാണാൻ പകലന്തിയോളം വൻതിരക്കാണ്. യോഗിണിയുടെ പോപ്പുലാരിറ്റി കണ്ട് അസൂയ മൂത്ത ചില കക്ഷികൾ അവർക്കിട്ടൊരു പണി കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം, വഴിയിൽ കഞ്ചാവടിച്ചോണ്ടിരുന്ന ഒരു നിരീശ്വരവാദി അക്കനൊരു പണി കൊടുക്കാന്നും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി അവരെ കാണാൻ ചെന്നു. അത്ര പെട്ടെന്നൊന്നും അക്കനെ കാണാൻ പറ്റൂല്ല. ന്നാലും, ഭാഗ്യവശാലോ, നിർഭാഗ്യവശാലോ യോഗിണിയെ കാണാൻ അയാൾക്ക് കുറി കിട്ടുന്നു. ചുറ്റുപാടും ഭക്തജനങ്ങൾ! എല്ലാവരും യോഗിണിയുടെ കൃപാകടാക്ഷങ്ങൾക്കായി ഉറ്റിനോക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ഊഴമെത്തിയപ്പോൾ മ്മ്ടെ കഥാനായകൻ യോഗിണിയുടെ മുന്നിൽ മുട്ടുകുത്തി തൊഴുതു, നെഞ്ചിനിട്ട് പൊട്ടിക്കും മുമ്പ് ഗാന്ധിജിയുടെ കാലിൽ വീണ ഗോഡ്സെയെ പോലെ! യോഗിണി കരുണാപൂർവം അയാളെ സ്പർശിച്ചു. കിട്ടിയ ഗ്യാപ്പിൽ നിരീശ്വരവാദി വന്ന കാര്യം അറിയിച്ചു. "മാതാശ്രീ, ഇന്ന് രാത്രി എനിക്ക് അവിടത്തോടൊപ്പം അന്തിയുറങ്ങണമെന്നുണ്ട്." ചുറ്റും നിന്നവർ ഇത് കേട്ട് ഞെട്ടി! നിരീശ്വരവാദിയുടെ അഗ്രചർമ്മം ഛേദിച്ച് അതിനെ ചൂണ്ടയിൽ കോർക്കാനുള്ള ദേഷ്യം വന്നിട്ടും അവർ പ്രതികരിച്ചില്ല. കാരണം, മുന്നിലിരിക്കുന്നത് ജഗതാംബയാണ്. "അത്രേയുള്ളോ? എന്നാ അങ്ങനെയാവട്ടേ"ന്ന് യോഗിണിയും! കലിപ്പ്... പയങ്കര കലിപ്പ്. ദൃക്സാക്ഷികൾക്ക് സഹിക്കാനാവുന്നില്ല. "യോഗിണിമാരെപ്പോലും വെറുതേ വിടില്ല." അവന്റെ കാര്യം പോട്ടേന്ന് വയ്ക്കാം.... ഈ യോഗിണിയ്ക്ക് എന്നാ പറ്റി? ആളുകൾ പുലമ്പുന്നു, ചിലർ പുലഭ്യം പറയുന്നു. ലോട്ടറിയടിച്ച സന്തോഷത്തിൽ മ്മ്ടെ നിരീശ്വരവാദി കൊറച്ച് നേരം ഒരു മൂലയിൽ കറങ്ങിക്കറങ്ങി നിന്നു, ഭക്തജനങ്ങളുടെ അസൂയാവഹമായ നോട്ടങ്ങളെ അവഗണിച്ച്! ഒടുക്കം, ദർശനമെല്ലാം കഴിഞ്ഞ് യോഗിണി അകത്തേയ്ക്ക് പോയപ്പോ കക്ഷിയും അവരുടെ സാരിത്തുമ്പും പിടിച്ച് കൂടെ കയറിപ്പോയി. അമ്മേടെ കൂടെ നിന്നില്ലെങ്കിൽ ഭക്തന്മാർ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. അങ്ങനെ സമയം രാത്രിയായി. ഭക്തന്മാർക്കാർക്കും ഉറക്കമില്ല. എങ്ങനെ ഒറങ്ങും? ചത്താപ്പോലും ഉറക്കം വരാത്ത രാത്രിയല്ലേ ഇത്! ഒരു ഭക്തൻ രാത്രി 12 മണിക്ക് അടുത്ത് ഉറങ്ങിക്കെടന്നിരുന്ന ഭാര്യയെ വിളിച്ച് ചോദിച്ചത്രേ: "ഇപ്പോ യോഗിണിയുടെ അവസ്ഥ എന്തരായിരിക്കുമോ എന്തോ?" "എന്റെ അവസ്ഥ അന്വേഷിക്കാൻ നിങ്ങൾക്ക് നേരമില്ല, അപ്പഴാണ് അവൾടെ അമ്മേടെ ഒരു അവസ്ഥ" ന്നും പറഞ്ഞ് ഭാര്യ മുട്ടൻ തെളിവിളിച്ചത്രേ! തിരിഞ്ഞും മറിഞ്ഞും കെടെന്നിട്ട് ഒറക്കം വരാതെ അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. പരപരാന്ന് സൂര്യൻ ഉദിച്ചപ്പോ അയാൾ നേരേ ആശ്രമത്തിൽ ഓടിക്കിതച്ചെത്തി. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക്ക്‌ചെയ്യാൻ ഓഫീസിൽ ഓടിക്കിതച്ചെത്തുന്നവരെ പോലെ! ആശ്രമം പതിവ് പോലെ ശാന്തമാണ്. യോഗിണി പതിവ് പോലെ അതിരാവിലെ എഴുന്നേറ്റ് പൂജാകർമ്മങ്ങൾ ചെയ്യുകയാണ്. "ഒന്നും നടന്നില്ലേ?" - അയാൾ സ്വയം ചോദിച്ചു. "ഈശ്വരാ.... ഈ ഐഡിയ എനിക്ക് തോന്നിയില്ലല്ലോ!" - അയാൾ പിറുപിറുക്കുന്നു. അതിനിടയിൽ അയാൾ മറ്റവനെ തിരയുന്നു, നിരീശ്വരവാദിയെ! "ശ്ശ്..ശ്ശ്.... ലവൻ എവിടെ?" അടുത്ത് നിന്ന മറ്റൊരു ഭക്തനോട് ഈ ഭക്തൻ ചോദിച്ചു. മറ്റേ ഭക്തൻ ഈ ഭക്തനെ പരുഷമായി നോക്കി, "നിനക്ക് കണ്ണ് കണ്ടൂട്രാ" ന്ന ഭാവത്തിൽ! നോക്കുമ്പോ, നിരീശ്വരവാദി കാവിയുടുത്ത്, കുറി തൊട്ട് ഒരു മൂലയിൽ കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്നു. "എന്റെ പള്ളീ... ഇത് എന്തര്?" ഏതായാലും, കഴിഞ്ഞ രാത്രി സംഭവിച്ചതെന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ലെങ്കിലും, യോഗിണിയ്ക്ക് പണി കൊടുക്കാൻ വന്നവന് ഒരു എട്ടിന്റെ പണി കിട്ടിയെന്ന് മാത്രം എല്ലാവർക്കും മനസിലായി. തരത്തിലുള്ളവരോട് കളിച്ചാൽ കളി തുടരാം; ഇല്ലെങ്കിൽ കളി പഠിക്കും.ഉണ്ണിക്കഥ: വഴിതെറ്റി

പണ്ട്, വളരെ പണ്ട്, സത്യാന്വേഷണ ത്വരയുമായി ഒരു യുവാവ് ഒരു ഗുരുവിനെ പോയി കണ്ടത്രേ! ഗുരു അയാളെ അടിമുടി നോക്കിയിട്ട് ചോദിച്ചു: "എന്താ വന്നത്?" അയാൾ പറഞ്ഞു: "ഗുരു എനിക്ക് സത്യത്തെ അറിയണം." ഗുരു പിന്നേം അയാളെ അടിമുടി നോക്കി. (ഗുരുക്കന്മാർ അല്ലേലും അങ്ങനാ.... ആവശ്യത്തിനും അനാവശ്യത്തിനും അടിമുടി നോക്കും.) അൽപ്പനേരത്തെ മൗനത്തിന് ശേഷം, ഗുരു പറഞ്ഞു: "നീ കുറച്ച് നാൾ ആശ്രമത്തിൽ തങ്ങണം, ബാക്കിയുള്ളത് പിന്നെ ആലോചിക്കാം." അന്നുമുതൽ അയാൾ ആ ആശ്രമവാസിയായി. ആശ്രമമെന്ന് പറഞ്ഞാ നിങ്ങളുദ്ദേശിക്കുന്ന നാല് കഴുക്കോല് വച്ച് കെട്ടിയ ചെറ്റക്കുടിലൊന്നുമല്ല. 350 അന്തേവാസികൾ, അവരെ സേവിക്കാൻ 150 വാല്യക്കാർ, 250 പശുക്കൾ, 50 എരുമകൾ, 80 ആട്, 600 കോഴി, 300 താറാവ്... അങ്ങനെ പോവുന്ന ഒരു വലിയ സെറ്റപ്പായിരുന്നു ആ ആശ്രമം. അന്തേവാസികളെല്ലാം രാവിലെ 4 മണിക്ക് എഴുന്നേക്കണം. എഴുന്നേറ്റയുടൻ പശൂനെ കറക്കണം, തൊഴുത്ത് വൃത്തിയാക്കണം, കറന്ന പാൽ സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം, കോഴീനെ തീറ്റിക്കണം, അപ്പിയിടിയിപ്പിക്കണം.... അങ്ങനെ പിടിപ്പത് പണിയാണ്. ജോലി ചെയ്ത് ചെയ്ത് നമ്മുടെ കഥാനായകൻ തളർന്നു. ഗുരുവാണെങ്കിൽ സത്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. സഹികെടുമ്പോൾ അയാൾ മനസിൽ ഗുരുവിനിട്ട് നാല് തെറിവിളിച്ചു. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്. വർഷം പലത് കഴിഞ്ഞു. സത്യാന്വേഷണമെന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന കഥാനായകൻ താനെന്തിനാണ് അവിടെ വന്നതെന്നുപോലും മറന്നു. കുശിനിയിലെ പെണ്ണുങ്ങളുടെ ചന്തിക്കിട്ടടിച്ചും, സൊറ പറഞ്ഞും, സൊസൈറ്റിയിൽ കൊടുക്കേണ്ട പാലിൽ വെള്ളം ചേർത്ത് കിട്ടുന്ന കാശ് പോക്കറ്റിലാക്കിയും, പിന്നെ നാക്ക് ചൊറിയുമ്പോൾ നല്ലൊരു പൂവൻകോഴിയെ തല്ലിക്കൊന്ന് ചിക്കൻ 65 ആക്കിയും അയാൾ കാലം തള്ളിനീക്കി. അങ്ങനെ, പിന്നേം വർഷങ്ങൾ ശ്ശടേന്നും പറഞ്ഞൊരു പോക്ക്. ഒരു ദിവസം രാവിലെ ഗുരു അയാളെ വിളിപ്പിച്ചു. "ആശ്രമ ജീവിതം എങ്ങനെയുണ്ട്?" "അങ്ങനെ പോവുന്നു ഗുരൂ...!" "ഇരിക്ക്!" അയാൾ ഗുരുവിന്റെ മുന്നിൽ ഇരുന്നു. "സത്യത്തെ കുറിച്ച് നിനക്ക് എന്താ അറിയേണ്ടത്?" ഗുരു ചോദിച്ചു. ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് അയാൾ ആദ്യം ഞെട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു: "സത്യനെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയാനില്ല ഗുരു. ആശ്രമത്തിലേക്ക് 450 തെങ്ങിൻ തൈയ്യും 35 കറവപ്പശുക്കളെയും വാങ്ങി തരാമെന്ന് പറഞ്ഞ് കാശും വാങ്ങിപ്പോയവനാ... അവന്റെ അഡ്രസ് പോലും ഇപ്പോ കിട്ടാനില്ല." ഉത്തരം കേട്ട് ഗുരുവിന്റെ കണ്ണുകൾ വിടർന്നും അടിമുടി നോക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. പുറത്ത് വന്ന അയാൾ തല ചൊറിഞ്ഞു. "അയ്യോ! രാസവളം വാങ്ങാനുള്ള കാശും സത്യൻ വാങ്ങിക്കൊണ്ട് പോയ കാര്യം പറയാൻ മറന്നു. ങാ... പോട്ടെ! അടുത്ത തവണ പറയാം." അധികം വൈകാതെ ഗുരു സമാധിയായി, അയാൾ ആ ആശ്രമത്തിലെ ഗുരുവുമായി.Wednesday, May 30, 2012

നഖക്ഷതം ഏൽപ്പിക്കാതെ!


പരിപൂർണ്ണ നഗ്നയായി, മുഖത്തൽപ്പം നാണവും അതിലുപരി കള്ളച്ചിരിയുമായി മുന്നിൽ നിൽക്കുന്ന പ്രണയിനിയെ ശകാരിച്ചും തലയ്ക്കൊരു കൊട്ടുകൊടുത്തും അവൾ ഊരിയെറിഞ്ഞ ചുരിദാർ കയ്യിലെടുത്ത് ഉടുപ്പിക്കാൻ മുതിരുന്നവൻ... വായുവസ്ത്രം മാത്രമണിഞ്ഞ് പൂമെത്തയിൽ മലർന്നുകിടക്കുന്ന അവളുടെ കക്ഷത്തിനും അരക്കെട്ടിനും ഇടയിലേക്ക് മുഖം അടുപ്പിച്ച് മാതൃവാത്സല്യത്തോടും ഭക്തിയോടും കൂടി നിഷ്ക്കളങ്കനായ ഒരു കുട്ടിയെ പോലെ ചുരുങ്ങുകൂടാൻ ഇഷ്ടപ്പെടുന്നവൻ... സ്വന്തം നെഞ്ചിലേക്ക് പടരാൻ ശ്രമിക്കുന്ന അവളോട് "നീയെന്തായീ കാണിക്കുന്നത്?" എന്ന് ചോദിക്കുന്നവൻ... ഒടുവിൽ, ഒരു നഖക്ഷതം പോലും ഏൽപ്പിക്കാതെ അവളെ വീട്ടിലേക്ക് ബസ് കയറ്റിവിട്ട് തിരിഞ്ഞ് നടക്കുമ്പോൾ പുതുമഴ പെയ്താലെന്ന പോലെ ആകാശത്തേയ്ക്ക് മുഖമുയർത്തുന്നവൻ; വിരിച്ച കൈകളുമായി ഏതോ ഒരു നിർവൃതിയിൽ പുഞ്ചിരിക്കുന്നവൻ... മരണത്തോളം മറക്കാനാവാത്ത തന്റെയീ പ്രണയ മുഹൂർത്തങ്ങളെ ഓർമ്മച്ചെപ്പിൽ ജീവിതകാലമത്രയും മയിൽപ്പീലിത്തണ്ട് പോലെ സൂക്ഷിച്ച് വയ്ക്കുന്നവൻ... ജീവിത സായാഹ്നമെത്തുമ്പോൾ, കാലപ്പഴക്കം സംഭവിച്ച തന്റെ മനസിലെ ബ്ലാക്ക്-ആന്റ്-വൈറ്റ് തിരശീലയിൽ അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നവൻ... ഒടുവിൽ, അവളെക്കുറിച്ചുള്ള അവ്യക്തമായ ചില സൂചനകളും, ഒപ്പം അവൾ തനിക്ക് സമ്മാനിച്ച 'മാനസിക രതിമൂർച്ചകളും' മക്കൾക്ക് നൽകി മണ്ണോടുമണ്ണായ് എന്നന്നേയ്ക്കുമായി മറയുന്നവൻ... മൂകമായ ശ്മശാനത്തിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ആയിരക്കണക്കിന് കല്ലറകളിൽ അന്തിയുറങ്ങുന്ന ഒരാളെങ്കിലും അത്തരമൊരുവനായിരുന്നിരിക്കാം എന്ന് എന്റെ മനസ് മന്ത്രിച്ചു.

Friday, May 25, 2012

തെങ്ങിൻ തോപ്പിലെ ദൈവങ്ങൾ!


മാസങ്ങളോളം നീണ്ടുനിന്ന ദേവി ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാവുകയാണ്. ചില മിനുക്കുപണികളും കുംഭ പ്രതിഷ്ഠയും മാത്രമേ പൂർത്തിയാക്കാനുള്ളൂ... കുംഭ പ്രതിഷ്ഠയുടെ നാളും സമയവും കുറിച്ച് ക്ഷേത്രപ്പണിക്കാൻ ജോലികളെല്ലാം ദ്രുതഗതിയിലാക്കുന്നു. ഒടുവിൽ മുഹൂർത്ത ദിവസം വന്നപ്പോൾ, പൂജകളും മറ്റും കഴിഞ്ഞ് കുംഭവുമായി മൂത്ത ആശാരി ക്ഷേത്രത്തിന്റെ മുകളിലേക്ക് കയറുന്നു. എന്നിട്ട്, അതവിടെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും കുംഭം ഉറയ്ക്കുന്നില്ല. അദ്ദേഹം അറിയാവുന്ന പണികളെല്ലാം തിരിച്ചും മറിച്ചും പയറ്റി നോക്കുന്നു. രക്ഷയില്ല. അദ്ദേഹം താഴെയിറങ്ങി ക്ഷേത്ര ഭാരവാഹികളുമായി ചർച്ചിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിന്റെ പരിശുദ്ധി കളങ്കപ്പെടുന്ന മാതിരി എന്തെങ്കിലും സംഭവിച്ചോ എന്ന് ആരായുന്നു. ക്ഷേത്ര ഭാരവാഹികൾ കൈമലർത്തുന്നു. ആശാരി പിന്നേം മുകളിൽ കയറി കുംഭമുറപ്പിക്കാൻ ശ്രമപ്പെടുന്നു. നീണ്ട നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ക്ഷമ നശിച്ച ആശാരി ഒരു പുളിച്ച തെറി പാസാക്കുന്നു. ഒരു സാമ്പിളിനായി, "മൈര്! ഇത് കേറുന്നില്ലല്ലോ!" എന്ന് നമുക്ക് അനുമാനിക്കാം. ചെലപ്പോ ഇതിനെക്കാളും ഡോസ് കൂടിയ തെറിയാവും ആശാരി വിളിച്ചത്. ഏതായാലും, ആശാരിയുടെ മുട്ടൻ തെറിയുടെ തൊട്ടുപിന്നാലെ കുംഭം തൽസ്ഥാനത്ത് ഉറയ്ക്കുന്നു. ആശാരി അന്തംവിടുന്നു. പുകഞ്ഞുകൂടിയ മാനസിക സമ്മർദ്ദവും ദേഷ്യവും പുറത്തുവിടാൻ, "Damm it" എന്ന അർത്ഥത്തിലാണ് ആശാരി തെറിവിളിച്ചതെന്ന് നിസംശയം. ഏതായാലും, ഓർക്കാപ്പുറത്ത് ആശാരിയിൽ നിന്നുണ്ടായ തെറിവിളി കേട്ട് ദേവിക്ക് ചിരി വന്നെന്നും, ആശാരിയുടെ സഹജമായ പ്രതികരണത്തിൽ സംപ്രീതയായ ദേവി കുംഭം ഉറപ്പിച്ചെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരണിയുടെ ഉൽഭവത്തെ കുറിച്ച് നിലനിൽക്കുന്ന പ്രസിദ്ധമായ ഐതീഹ്യമാണ് ഇത്.

ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യേശു, നബി, ബുദ്ധൻ എന്നുതുടങ്ങി നമുക്കറിയാവുന്ന എല്ലാ വല്യ കക്ഷികളും തെങ്ങിൻതോപ്പിലെ മാടത്തിൽ ചുറ്റിയിരുന്ന് അന്തിക്കള്ള് മോന്തുന്നതായും, കഞ്ചാവും ഹുക്കയും പുകച്ച് ചീട്ടുകളിക്കുന്നതായും, പിന്നെ കള്ളും കഞ്ചാവും തലയ്ക്ക് പിടിച്ചപ്പോൾ പരസ്പരം തുണിയഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും ലിംഗത്തിന്റെ വലിപ്പം പരിശോധിക്കുന്നതായും, പിന്നെ നാരദന്റെ ലാപ്‌ടോപ്പിന് ചുറ്റും കൂടി ശ്രീകൃഷ്ണൻ പണ്ട് ഷൂട്ട് ചെയ്ത ഗോപസ്ത്രീകളുടെ കുളി സീൽ ക്ലിപ്പ് കാണുന്നതായും, അതും മടുക്കുമ്പോൾ സായിപ്പിന്റെ ഹാർഡ്‌കോർ പോൺ വീഡിയോകൾ കണ്ട് സ്വയംഭോഗം ചെയ്യുന്നതായും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. കാരണം, ഇതൊന്നും ദൈവങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ! പക്ഷേ, സത്യം നേരെ തിരിച്ചാണെങ്കിൽ? മ്മടെ കൊടുങ്ങല്ലൂർ അമ്മയെപോലെ, തെറിവിളിയും മദ്യപാനവും ചീട്ടുകളിയും പെണ്ണുപിടിയും അടക്കം സകലമാന തല്ലുകൊള്ളിത്തരങ്ങളെയും അതിന്റേതായ സ്പിരിറ്റിൽ ഉൾക്കൊള്ളാനും അനുമോദിക്കാനും കഴിയുന്നവരാണ് നമ്മുടെ ദൈവങ്ങളെങ്കിൽ...? ഇവയെയൊന്നും ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അറുബോറന്മാരാണ് മ്മടെ ദൈവങ്ങളെന്ന് ഞാനൊരിക്കലും കരുതുന്നില്ല. ഒരു തമാശ പോലും രസിക്കാൻ കഴിയാത്തവരായിരിക്കുമോ ഈ ദൈവങ്ങൾ? എനിക്ക് തോന്നുന്നില്ല....! മനുഷ്യന്റെ പരിദേവനങ്ങളും കണ്ണീരും ദൈവങ്ങൾക്കെന്തിന്? അവന്റെ പാലഭിഷേകവും വെണ്ണനിവേദ്യങ്ങളും ദൈവങ്ങൾക്കെന്തിന്? ഒരുപക്ഷേ, അവർക്കിഷ്ടം കള്ളും കോഴിയുമാണെങ്കിലോ...?

ഏതായാലും, സത്യം എന്നത് നമ്മുടെ ധാരണകൾക്കും ചിന്തകൾക്കും അതീതമാണെന്ന് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. സത്യത്തെ കുറിച്ചുള്ള നമ്മുടെ നിർവചനങ്ങൾക്ക് യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഉണ്ടാവണമെന്നില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, സത്യത്തിന് ചുറ്റും ചട്ടക്കൂടുകൾ നിർമ്മിച്ച്, "സത്യം എങ്ങനെ വന്നാലും ഇങ്ങനെയേ ഇരിക്കാൻ തരമുള്ളൂ" എന്ന് സ്ഥാപിക്കുന്ന, അതിലൂടെ സത്യത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ഉപരിപ്ലവമായ മത-സാസ്ക്കാരികതയാണ് നമുക്ക് ചുറ്റും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ, യേശുവിന് മദ്‌ലന മറിയവുമായി ശാരീരിക ബന്ധമുണ്ടെന്ന് കേട്ടാൽ, അദ്ദേഹം കുരിശിൽ നിന്ന് രക്ഷപ്പെട്ടെന്ന് കേട്ടാൽ നമ്മുടെ രക്തം തിളയ്ക്കും. യേശുവിന് പരസ്ത്രീ ബന്ധമുണ്ടായാലും ഇല്ലെങ്കിലും, കുരിശിൽ നിന്ന് രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഒരു യോഗി എന്ന നിലയിൽ അദ്ദേഹത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. പക്ഷേ, നമ്മടെ ക്രിസ്ത്യാനികളുടെ പരക്കം പാച്ചിൽ കണ്ടാൽ യേശുവിന് ഏതാണ്ട് നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നും. ഹിന്ദുക്കളുടെയും മുസ്ലീംഗങ്ങളുടെയും സ്ഥിതിയും ഇതിൽ നിന്ന് വ്യത്യാസമൊന്നുമല്ല. ഏതായാലും, മതങ്ങളെ പോലുള്ള ആപേക്ഷിക സത്യങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ ഒരു പരുധിവരെ മാത്രമേ സ്ഥാനമുള്ളൂ... അതുകഴിഞ്ഞാൽ, ഓരോ മനുഷ്യനും മതത്തെയും അവന്റെ ധാരണകളെ തന്നെയും അതിലംഘിക്കേണ്ടതുണ്ട്. നാമിന്ന് സത്യമെന്ന് കരുതുന്നവ സത്യവുമായി പുലബന്ധം പോലും ഉള്ളവയായിരിക്കണമെന്നില്ല.

തെങ്ങിൻതോപ്പിലെ ദൈവങ്ങളുടെ 'ആഭാസത്തരങ്ങൾ' ഇനിയും അവസാനിച്ചിട്ടില്ല. ഇനി നടക്കാനിരിക്കുന്നത് ദേവിമാരുടെ ക്യാബറെ ആണ്, അത് കഴിഞ്ഞാൽ വെടിക്കെട്ട്. താല്പര്യമുള്ളവർക്ക് വരാം, പങ്കെടുക്കാം.... Gods are cool; അവർക്ക് മനുഷ്യന്റെ ചങ്ങലകളൊന്നും പുത്തരിയല്ല.

Saturday, May 19, 2012

മതവും പരിണാമവും

അക്കാഡമിക് തലത്തിലും അല്ലാതെയുമായി, കഴിഞ്ഞ 12 വർഷത്തെ തത്വശാസ്ത്രപഠന കാലത്തിനിടയിൽ 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അത്തരം ഒട്ടുമുക്കാൽ സന്ദർഭങ്ങളിലും, മതത്തെക്കാളേറെ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ് അധികമെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾ...! മതങ്ങൾ കാലഹരണപ്പെട്ടുപോയെന്നും, ജീവിതത്തെയും അതിന്റെ നൂലാമാലകളെയും കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രം തന്നെ ധാരാളം മതിയെന്നുമുള്ള ചിന്തകൾ യുവാക്കൾക്കിടയിൽ അന്നും ഇന്നും ശക്തമാണ്. ഈ വാർത്തമാനകാലത്തിൽ, ശാസ്ത്രത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ ശാസ്ത്രത്തിന് നൽകാൻ കഴിയുമെന്നും, അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നുമുള്ള അവരുടെ വാദങ്ങൾ ശ്രദ്ധേയമാണ്. ഈ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിപ്പോകുന്നവരാണ് ഭൂരിപക്ഷം മത പണ്ഡിതന്മാരും.

ശാസ്ത്രം ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുകയാണ്, ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഇന്നല്ലെങ്കിൽ നാളെ ഉത്തരം നൽകാൻ പര്യാപ്തവുമാണ്. എല്ലാം സമ്മതിക്കുന്നു...! എന്നാൽ ഇതിന്റെ അർത്ഥം ശാസ്ത്രം മാത്രമേ വികാസം പ്രാപിക്കുന്നുള്ളൂ എന്നോ, മതത്തിന് അത്തരമൊരു കഴിവില്ല (static) എന്നോ അല്ല. മതവും ചലനാത്മകമാണ് (dynamic), വികാസം പ്രാപിക്കുന്ന ഒന്നാണ്. എന്നാൽ, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം പേരും മതത്തിന്റെ ഈ ചലനാത്മകതെ മനപ്പൂർവം വിസ്മരിക്കുകയോ, നിസാരമായി കാണുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.... മതത്തിന് വളർച്ചയില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. (മതം എന്നതുകൊണ്ട് ഞാനിവിടെ അർത്ഥമാക്കുന്ന സ്ഥാപിതവൽക്കരിക്കപ്പെട്ട ഏതെങ്കിലുമൊരു സംവിധാനത്തെ അല്ലെന്നും, മനുഷ്യന്റെ ആത്മീയ ബോധത്തെയാണെന്നും (Religious Consciousness) എടുത്ത് പറയുകയാണ്.)

നമുക്കൊരു നിമിഷം ചരിത്രം പരിശോധിക്കാം... മനുഷ്യന്റെ ആത്മീയ ബോധം നൂറ്റാണ്ടുകളിലൂടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. ആ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല; അവസാനിക്കുകയുമില്ല. ശിലായുഗത്തെ മനുഷ്യനെയും ആധുനിക മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രാകൃതമായ വിശ്വാസങ്ങളിൽ നിന്ന് അദ്വൈതം വരെയുടെ ഉദാത്തമായ ചിന്തകളിലേക്ക് മനുഷ്യബോധത്തിന് വളരാൻ സാധിച്ചെങ്കിൽ, ഈ ബോധം ഇനിയും പക്വത പ്രാപിക്കുമെന്നും, മുമ്പില്ലാത്ത വിധം കുറേ കൂടി വ്യക്തമായ ഉൾക്കാഴ്ചകൾ മനുഷ്യകുലത്തിന് ലഭിക്കത്ത വിധം നിർണ്ണായകമായ വെളിപാടുകൾ സംഭവിക്കുമെന്നുമാണ് എന്റെ ആഴമായ വിശ്വാസം. യേശുവിന്റെയും, നബിയുടെയും ശങ്കരാചാര്യരുടെയും ജനനത്തോടെ മനുഷ്യന്റെ ആത്മീയബോധത്തിന് പുത്തൻ ഉണർവും കുതിച്ചുചാട്ടവും സംഭവിച്ചതുപോലെ, ഇനിയും അത്തരം പ്രതിഭാസങ്ങൾ സംഭവിച്ച് കൂടായ്കയില്ല. പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബോധത്തിന്റെ അടുത്ത നിർണ്ണായക വഴിത്തിരിവ് (turning point) എന്ന നിലയിൽ, മനുഷ്യൻ കുറേ കൂടി കാര്യങ്ങൾ സ്പഷ്ടമായി മനസിലാക്കാൻ കഴിയുന്ന ഒരു ഉന്നത ജീവിയായി (Higher Species) വളർന്നുകൂടായ്കയില്ല.

ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തിൽ 25 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെക്കാൾ ഏറെ മെച്ചപ്പെട്ടവരാണ് ഇന്നത്തെ മനുഷ്യൻ. (എന്തിനേറെ പറയുന്നു... നമ്മളെ കടത്തിവെട്ടുന്നവരാണ് നമ്മുടെ മക്കൾ.) വെറും 25 വർഷത്തിനുള്ളിൽ ജീവിച്ചിരുന്ന രണ്ട് തലമുറകൾ തമ്മിൽ ഇത്രയേറെ വ്യത്യാസം പ്രകടമാണെങ്കിൽ, 500 വർഷത്തിന് ശേഷം ജീവിക്കാനിരിക്കുന്ന മനുഷ്യരുടെ സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.... മനുഷ്യബോധത്തിന്റെ (Human Consciousness) ഈ സാധ്യത ആത്മീയബോധത്തിന്റെ (Religious Consciousness) സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല കാൽപ്പനിക സിനിമകളിലും കാണാറുള്ളതുപോലെ, അന്യഗ്രഹ ജീവികൾക്ക് സമാനമായ ഗ്രഹണശേഷിയോ (Extrasensory Perception - ESP) ബൃഹത്തായ തലച്ചോറോ മനുഷ്യനിൽ വികാസം പ്രാപിക്കുകയാണെങ്കിൽ, മതത്തിലെ കീറാമുട്ടികളെന്ന് കരുതപ്പെടുന്ന അദ്വൈത പോലുള്ള സിദ്ധാന്തങ്ങൾ പുഷ്പം പോല മനസിലാക്കാൻ ഈ Higher Species-ന് ഒരുപക്ഷേ കഴിഞ്ഞേക്കും.... 500 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടികൾ നേഴ്സറി സ്ക്കൂളിൽ പഠിക്കുന്നത് ഒരുപക്ഷേ Quantum Mechanics-ഉം, Theory of Relativity-യും, Space and Time travel-ഉം ഒക്കെയായിരിക്കും....! അതിനാൽ, മതത്തിന്റെ സാധ്യത ശാസ്ത്രത്തിൽ നിന്ന് ഒട്ടും പിന്നിലല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യേശുവിനെയും നബിയെയും ശങ്കരാചാര്യരെയും കുറിച്ച് പറയുന്നതിനിടയിൽ യാദൃശ്ചികമായാണ് പരിണാമത്തിലേക്ക് കയറിയത്. നമുക്ക് തിരിച്ച് വരാം...! സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജന്മമെടുത്ത വേദങ്ങൾ അന്തർലീനമായി കിടന്ന "അദ്വൈതം" എന്ന ചിന്താശകലത്തിന് ഇന്ന് കാണുന്ന ക്രോഡീകൃതരൂപം നൽകിയത് ശങ്കരാചാര്യരാണ്. അതിന് മുമ്പും പിമ്പും മതത്തിന് (മനുഷ്യന്റെ ആത്മീയ ബോധത്തിന്) വികാസം സംഭവിച്ചിട്ടുണ്ട്. ബുദ്ധമതം തന്നെ വിവിധ രൂപത്തിലും ഭാവത്തിലും, ഒടുവിൽ സെൻ ബുദ്ധിസമായും വിവിധ രാജ്യങ്ങളിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം മതത്തിന്റെ ചലനാത്മകതയല്ലേ സൂചിപ്പിക്കുന്നത്? അതുപോലെ, ആത്മീയ ബോധത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിക്കുകയാണെങ്കിൽ, മനുഷ്യ ബോധത്തിന് പുത്തൻ വഴിത്തിരിവുകൾ സംഭാവന ചെയ്തുകൊണ്ട് ഒട്ടനവധി യോഗികൾ രംഗപ്രവേശനം ചെയ്തതും കാണാനാവും....! സത്യം മനസിലാക്കിയ അത്തരം യോഗികളുടെ പരമ്പര ഭൂമിയിൽ അന്യം നിന്നുപോയെന്ന് കരുതാനാവില്ല. യോഗികൾ ഇനിയും പിറന്നുകൂടായ്കയില്ല. മനുഷ്യബോധത്തെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുകൂടായ്കയില്ല. ഈ സാധ്യതകൾ എല്ലാം തന്നെ, ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതെന്ന് നാം കരുതുന്ന ചലനാത്മകത മതത്തിനും ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഒരുവശത്ത് ശാസ്ത്രം വികാസം പ്രാപിക്കുമ്പോൾ, മറ്റൊരു വശത്ത് മതവും വികാസം പ്രാപിക്കുന്നുവെന്നതാണ് യാഥാർത്ഥം. വ്യത്യാസമെന്താന്ന് വച്ചാൽ, ശാസ്ത്രത്തിന്റെ വികാസം കൊട്ടിഘോഷിക്കപ്പെടുന്നു, മതത്തിന്റെ പരിണാമം കൊട്ടിഘോഷിക്കപ്പെടുന്നില്ല. ശാസ്ത്രപണ്ഡിതന്മാരുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മതത്തിന് ഉത്തരം നൽകാൻ സാധിക്കാത്തതായി ഒന്നുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം താമസംവിനാ ഭാവിയിൽ മതത്തിന് നൽകാൻ കഴിയും, കാരണം മനുഷ്യന്റെ ആത്മീയ ബോധം വികാസം പ്രാപിക്കുകയാണ്... അതിനാൽ അത്രയും കാലം കാത്തിരിക്കേണ്ട ഒരൊറ്റ കാര്യം മാത്രമേ നാം ചെയ്യേണ്ടതുള്ളൂ..."

ഉപസംഹരിക്കും മുമ്പ്.... മതവും ശാസ്ത്രവും ഒരമ്മ പെറ്റ രണ്ട് മക്കളാണെന്നതിൽ സംശയമില്ല. അവർ തമ്മിലുള്ള കലഹവും സ്വരച്ചേർച്ചകളും സ്വാഭാവികം. അതിന്റെ അർത്ഥം ആരെങ്കിലും മറ്റവനെക്കാൾ ശ്രേഷ്ഠനെന്നോ നിസാരനെന്നോ അല്ല. Let them fulfil each other! അത്രേ എനിക്ക് പറയാനുള്ളൂ...!

Thursday, May 10, 2012

മൂന്ന് കുട്ടികൾ...

മൂന്ന് കുട്ടികൾ... അതിലൊരുവന് മൂന്ന് വയസ്; അടുത്തവന് മൂന്നര, മറ്റവന് നാല്.... അവർ മൂവരും എന്റെ വസതിക്കടുത്തുള്ള പലവ്യഞ്ജന കടത്തിണ്ണയിൽ നിരയായിരുന്ന്, ആരെയും ഗൗനിക്കാതെ കളിക്കുകയാണ്. ചാരനിറത്തിലുള്ള ജട്ടി മാത്രമാണ് ഇളയകുട്ടീടെ വേഷം. ഒരുവന് നിക്കർ മാത്രം, ഒപ്പം ഒരു ചുവന്ന ചരട് അരയിലും. അടുത്തവൻ ഷർട്ടും നിക്കറും ഇട്ടിട്ടുണ്ട്. അടുത്തെവിടെയോ കെട്ടിടപ്പണി ചെയ്യുന്ന ആരുടെയോ മക്കളെന്ന് കണ്ടാ തോന്നും. മാതാപിതാക്കൾക്കൊപ്പം പണിസ്ഥലത്തെത്തി, ഒരു പണിയുമില്ലാതെ കളിച്ചുതിരിയുന്ന ചെറുമികളും ചെറുക്കന്മാരും ഇവിടെ സുലഭം. കരിക്കട്ട പോലെ കറുത്തിരിക്കുന്ന അവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം.

പതിവ് മുഷിച്ചിലിനിടയിൽ ഒന്ന് പുകവലിക്കാൻ എത്തിയതാണ് ഞാനവിടെ! പുകച്ചുരുളുകൾ ഊതിവിടുമ്പോൾ ഞാനവരെ ശ്രദ്ധിച്ചു. ഒരു ഡെനിം പെർഫ്യൂം ക്യാൻ കൈയ്യിൽ വച്ച് എന്തോ ചെയ്യുകയാണ് അവർ. ഒരുവൻ കല്ലുകൊണ്ട് അതിനെ ഇടിക്കുന്നു; ചെവിയോരം ചേർത്ത് കുലുക്കിനോക്കുന്നു. അടുത്തവൻ അത് പിടിച്ച് വാങ്ങി അവന്റെ വക കുറേ ഇടി സമ്മാനിക്കുന്നു. അതിനെ തുറക്കാൻ ശ്രമിക്കുകയാണെന്ന് നിശ്ചയം. കാരണം, എന്റെ കുട്ടിക്കാലത്തും ഇങ്ങനെ എത്രയോ കുപ്പികൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്, ആരോ അതിനകത്ത് നിധിയൊളിപ്പിച്ച് വച്ചപോലെ!

ഇടിയും  കുലുക്കും ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ചെറിയവൻ ക്യാൻ വായിൽ വച്ച് ഉറുഞ്ചി. ഞാൻ നെറ്റി ചുളിച്ചു. ഒരുപക്ഷേ, ഇതേതോ പാനിയ ബോട്ടിലാണെന്ന് കരുതീട്ടുണ്ടാവുമോ ഇവർ? എന്റെ ഊഹം തെറ്റിയില്ല. മറ്റവനത് പിടിച്ച് വാങ്ങാൻ ശ്രമിച്ചപ്പോ കാര്യം എനിക്കുറപ്പായി. പെർഫ്യൂം വയറ്റിൽ ചെന്നാൽ എന്താവും സ്ഥിതി? ഞാനടുത്ത് ചെന്ന്, ഒരു പുകച്ചുരുൾ ഊതിവിട്ട്, ഉരചെയ്തു: "ടേയ്... അത് വായിൽ വയ്ക്കക്കൂടാത്!" നിർദ്ദേശം കേട്ട് മൂവരും എന്നെ നോക്കി... ചമ്മി... പിന്നെ അത് മറയ്ക്കാൻ പാൽപ്പുഞ്ചിരി. കുച്ചരിപ്പല്ലിലെ നിഷ്ക്കളങ്കത എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരിവന്നു.

എന്റെ ശ്രദ്ധ മൂലമുണ്ടായ ലജ്ജയിലും, അപകർഷതയിലും നിന്ന് രക്ഷപ്പെടാൻ, കൊറച്ച് നേരം കറങ്ങിത്തിരിഞ്ഞ് നിന്നിട്ട് മൂവരും പതുക്കെ വലിഞ്ഞു. ക്യാനുമായി മറ്റൊരു വശത്തേക്ക് മാറി. എന്റെ കണ്ണുകളും അവരെ പിന്തുടർന്നു. ക്യാനിന്റെ കൈവശാവകാശത്തെ കുറിച്ച് തർക്കം. പിടിയും വലിയും...! മത്സരം മൂത്തപ്പോൾ, മൂത്തവൻ മൂപ്പ് കാണിച്ചു. ക്യാനെടുത്ത് ഒറ്റയേറ്, അടുത്തുള്ള കോമ്പൗണ്ടിലേക്ക്....! നടുക്കണ്ടം ചെക്കന് ഭാവഭേദമില്ല; മുഖത്ത് നിഷ്ക്രിയത്തം മാത്രം! പക്ഷേ, ഇളയവന് സഹിക്കാനാവുന്നില്ല. അവൻ ഒറ്റക്കരച്ചിൽ...., വിടർക്കെ തുറന്ന കുഞ്ഞൻ വായിലെ കുച്ചരിപ്പല്ലുകൾ പിന്നേം എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരി. എറിഞ്ഞവൻ പതുക്കെ വലിയുന്നു. "എറിഞ്ഞതും പോരാഞ്ഞിട്ട് വലിയുന്നോടാ, മൈ..." എന്ന ഭാവത്തിൽ കരഞ്ഞവൻ കരഞ്ഞുകൊണ്ടുതന്നെ ഒരു കല്ലെടുക്കുന്നു. മറ്റവൻ ഓടാൻ കാലെടുക്കുന്നു. അതിന് മുന്നേ കല്ല് വായുവിൽ സഞ്ചരിക്കുന്നു. എവിടെ കൊള്ളാൻ? അതിന് ഉന്നംവേണ്ടേ, ആരോഗ്യം വേണ്ടേ? എറി കൊള്ളേണ്ടവൻ പതറിയടിച്ച് നൂറ് വാര അകലെ ചെന്ന് നിന്ന് തിരിഞ്ഞ് നോക്കുന്നു. എനിക്ക് പിന്നേം ചിരി. ഒടുക്കം, മൂവരും പിരിയുന്നു..., ഒപ്പം ഞാനും...!

ഗംഗയെ പോലെ....!


ഗംഗയെ പോലെ....!
ഒരിടത്തും നിൽക്കാതെ,
ആരെയും കാക്കാതെ,
കൂസാതെ,
കുശലം പറയാതെ,
കളിയോടങ്ങളിൽ
ശ്രദ്ധ പതറാതെ,
തിരയിളക്കത്തിൽ
ഭയക്കാതെ,
പരിഭവം പറയാതെ,
ഉറങ്ങാതെ,
വിശ്രമിക്കാതെ,
ധൃതിയിൽ ഒഴുകും
ഗംഗാ നദി പോലെ...!

മുന്നിൽ ഒരു ലക്ഷ്യം,
ഒരു ചിന്ത,
ഒരു സ്വപ്നം,
ഒരേയൊരു ആവേശം....

കടലിൽ പതിക്കുക...,
ലയിക്കുക,
പടരുക,
കടലലയായി മാറുക,
സ്വയം ഇല്ലാതാവുക...!
അതിനാണീ യാത്ര.
അതിനാണീ തിടുക്കം.
തുടക്കം മുതൽ ഒടുക്കം വരെ
ഒരേ വേഗം...
അതിൽ ഒരേ താളം,
ഒരേ ചടുലത,
ഒരേ ഉത്സാഹം....

ആ ഗംഗയെ പോലെ....,
ഞാനുമൊരു യാത്രയിൽ!
കടലിലേക്കുള്ള യാത്രയിൽ...

Tuesday, May 8, 2012

ആൾക്കൂട്ടമേ, നീയെൻ പ്രണയിനി!


ആൾക്കൂട്ടം...!
അതെനിക്കൊരു ആവേശമാണ്.
അപരിചിതരായ ആയിരങ്ങൾ
തിങ്ങിക്കൂടി നിൽക്കുമ്പോൾ,
എന്റെ മനസിൽ
അവളെക്കുറിച്ചുള്ള ഓർമ്മകൾ
എപ്പോഴും വിടരാറുണ്ട്...
ഇവർക്കിടയിൽ അവൾ ഉണ്ടാവുമോ?

ചിലപ്പോൾ!
ചിലപ്പോൾ ഉണ്ടെങ്കിലോ?
അതുകൊണ്ട്, എല്ലാ
ആൾക്കൂട്ടത്തിലും
ഞാനവളെ തിരയാറുണ്ട്;
ഞാനറിയാതെ എന്നിൽ നിന്ന്
പറിച്ചെടുക്കപ്പെട്ട,
എന്റെ പ്രണയവാടിയിൽ
ആദ്യമായ് വിരിഞ്ഞ
എന്റെ ആദ്യാനുരാഗത്തെ...!
ഒരു പക്ഷേ,
അവളിന്ന് വിവാഹിതയാവാം;
അമ്മയായിരിക്കാം...
പക്ഷേ,
അതൊന്നും എന്റെ മനസിന്റെ
ആവേശം കെടുത്തുന്നില്ല.
നഷ്ടപ്പെടലിന്റെയും
വേർപാടിന്റെയും
വേദനയെക്കാൾ വലുതാണോ
അവളിപ്പോൾ ആരെന്നുള്ള ചോദ്യങ്ങൾ?

അവളെ ഒരു നോക്ക് കാണുക...,
ആ മൃദുമന്ദഹാസത്തിൽ
ഒരിക്കൽ കൂടി
മനം മയങ്ങി നിൽക്കുക...
പിന്നെ, അവളുടെ വിരലുകളിൽ
മൃദുവായൊന്ന് സ്പർശിക്കുക...
അത്രമാത്രം!

ഞാൻ നിന്നെ തിരയാറുണ്ട്,
എല്ലാ ആൾക്കൂട്ടത്തിലും!
നീയവിടെ ഉണ്ടാവാനുള്ള
സാധ്യതയില്ലെന്ന്
അറിയാമെങ്കിലും...!
ഇന്നല്ലെങ്കിൽ നാളെ....
ഒരുനാൾ ഞാൻ
നിന്നെ കണ്ടെത്തും,
ഏതെങ്കിലും ജനക്കൂട്ടത്തിനിടയിൽ...!
അതുവരെ, ഞാനീ
ആൾക്കൂട്ടത്തെ പ്രണയിക്കും,
നിന്നെ പ്രണയിച്ചതുപോലെ!
നിന്നെക്കുറിച്ചോർത്ത്
അവർക്കിടയിലൂടെ സഞ്ചരിക്കും...
എന്നിലേക്ക് തിരിയുന്ന
ഓരോ മുഖവും
നീയായിരിക്കണേ
എന്ന പ്രാർത്ഥനയോടെ...!

Sunday, April 29, 2012

ഒരു സത്യാന്വേഷിയുടെ ആത്മഗതം!

ജീവിതത്തിൽ അത്യന്തം അഭിലഷണീയമായി ഒരേയൊരു കാര്യമേയുള്ളൂ..., സത്യം (Truth)! സത്യത്തിന് 'ധാർമ്മിക മാനദണ്ഡം' (moral standard) എന്നൊരു അർത്ഥം മാത്രമല്ല ഉള്ളത്. ആ അർത്ഥവുമല്ല ഞാനിവിടെ ഉദ്ദേശിക്കുക. സത്യമെന്നാൽ, അപരിമേയമായ ഒരു അവസ്ഥയാണത്, അനന്യമായ അനുഭവമാണത്, ദീപ്തമായ അറിവാണത്; ഒറ്റ വാക്കിൽ പറയാനാവാത്ത, ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായ, യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിൽ അന്തർലീനമായി കിടക്കുന്ന എന്തോ ഒന്ന്! അതിനെ 'ഈശ്വരൻ' എന്ന് വിളിച്ച്, ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ 'പ്രായോഗിക അബദ്ധത്തെ' (practical blunder) ഞാൻ പിന്നെയും ന്യായീകരിക്കുന്നില്ല. സത്യത്തെ ഈശ്വരനായി സങ്കൽപ്പിക്കുന്നതിൽ പ്രായോഗിക ലാഭം അനവധി ഉണ്ടായിരിക്കാം.... എന്നാൽ, സത്യത്തെ ഈശ്വരൻ എന്ന് വിളിക്കാതിരിക്കാനാണ് എനിക്കിഷ്ടം! കാരണം, സത്യത്തിന് 'ഈശ്വരൻ' എന്നൊരു 'മൂർത്തീഭാവം' നൽകി പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം അതിനും അതീതമാണ്; വേണമെങ്കിൽ, പുലബന്ധം പോലുമില്ലെന്ന് പറയാം. ഈ അർത്ഥത്തിൽ ഞാനൊരു നിരീശ്വരവാദി തന്നെ..., ഉന്മയുടെ മൂലകാരണം ശൂന്യതയാണെന്നും, പ്രപഞ്ചം സ്വയംഭൂവാണെന്നും, അതിന് വിരാചിതമാവാൻ ഈശ്വരന്റെ ആവശ്യമില്ലെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു പാവം ചിന്തകൻ!

ജീവിതത്തിന്റെ അർത്ഥം മുഴുവൻ തിരിച്ചറിവുകളിലാണ് അടങ്ങിയിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്, സത്യത്തെ കുറിച്ചുള്ള തിരിച്ചറിവുകളിൽ...! നാം ജനിക്കുന്നു... ഒരു പുരുഷായുസ്സ് മുഴുവൻ ജീവിക്കുന്നു.... എന്തിന് വേണ്ടി? തിരിച്ചറിവുകൾക്ക് വേണ്ടി...! ആ അറിവുകൾ മാത്രമാണ് സ്ഥായിയായത്, നിരന്തരമായത്, വിമോചനകരമായത്... മറ്റെല്ലാം അപ്രസക്തമാണെന്നോ, അനാവശ്യമാണെന്നോ ഇതിനർത്ഥമില്ല. സത്യത്തിന് പുറത്ത് ഒന്നുമില്ലാത്തതുകൊണ്ട്, ആവശ്യ-അനാവശ്യങ്ങളെ / പ്രസക്ത-അപ്രസക്തങ്ങളെ നിർണ്ണയിക്കുന്നത് ഒരു അസംബന്ധമാണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം, സത്യത്തിൽ നിന്നുള്ളതെല്ലാം സത്യമാണ്, പ്രസക്തവുമാണ്. അതിനാൽ, ഒന്നിനെയും നിഷേധിക്കാത്ത, ഒന്നിനോടും പുറംതിരിഞ്ഞ് നിൽക്കാത്ത, സ്വാഭാവികതകളെ ഇഷ്ടപ്പെടുന്ന തുറന്ന മനസാണ്, സ്വീകാര്യതയാണ് (receptivity) സത്യാന്വേഷണത്തിലെ ആദ്യ പടി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അത്ര എളുപ്പമല്ല! കാരണം, ജനിക്കുമ്പോൾ തന്നെ ഓരോ മനുഷ്യനും അവന്റെ ചുറ്റുപാടുകൾക്ക് വിധേയനാവുന്നു; conditioned ആവുന്നു. മതം, സംസ്ക്കാരം, വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ ഘടകങ്ങളും അവനെ സ്വാധീനിക്കുന്നു. സാവധാനം ഇത്തരം conditions അവന്റെ ചുറ്റും ഒരു പുറന്തോട് സൃഷ്ടിക്കുകയും, സത്യാന്വേഷണം അമ്പേ അസാധ്യമാക്കുകയും ചെയ്യുന്നു. ഈ പുറന്തോടിനെ പൊട്ടിച്ചെറിഞ്ഞ് സ്വയം സ്വതന്ത്രനാവുക എന്നത് നിസാര കാര്യമല്ല. ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾക്കായി ത്യജിക്കപ്പെടേണ്ടിയിരിക്കുന്നു; കൂർത്ത് മൂർത്ത കല്ലുകൾ മിനുസമുള്ളതാവേണ്ടിയിരിക്കുന്നു. പ്രസവവേദന പോലെ തീഷ്ണമായ ഈ പ്രക്രിയ കാലക്രമേണ ഒരാളെ സ്വയം-പരിത്യാഗത്തിന് (self-surrender) സജ്ജനാക്കുമ്പോൾ സത്യത്തിലേക്കുള്ള വാതിൽ താനേ തുറക്കുന്നു. എത്ര മനോഹരമായ കാഴ്ചയാണത്, ഇവയെല്ലാം ഭാവനയിൽ കാണുക എന്നത്!

മുമ്പ് സൂചിപ്പിച്ചത് പോലെ, സത്യത്തിലേക്കുള്ള യാത്ര സാഹസികവും ദുസഹവുമാണെങ്കിലും, ഒരു ഘട്ടം കഴിയുമ്പോൾ അതെത്ര ആനന്ദകരമാണെന്നും, അതിലെ ഓരോ വഴിത്തിരിവും എത്ര നിർവൃതിദായകമാണെന്നും ഒരു സത്യാന്വേഷിക്ക് മാത്രമേ മനസിലാവൂ...! സത്യത്തിലേക്കുള്ള ദൂരം കുറയുന്തോറും, ഓരോ കാൽവയ്പ്പും പിന്നെ ആവേശഭരിതമാവുന്നു, പ്രചോദനകരമാവുന്നു, താനുടൻ കണ്ടുമുട്ടാനിരിക്കുന്ന സത്യത്തിന്റെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നത് അനുഭവിക്കാൻ കഴിയുക... അതിന്റെ സാന്നിധ്യം അടുത്തെവിടെയോ ഉണ്ടെന്ന് ഗ്രഹിക്കാൻ കഴിയുക... സത്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കോ ഊഹാപോഹങ്ങൾക്കോ ഇടം നൽകാതെ (conditioned ആവാതെ) അനങ്ങാതെ അങ്ങനേ നിൽക്കുക... ചക്രവാളത്തിൽ നിന്നെത്തുന്ന ശബ്ദതരംഗങ്ങളിൽ സത്യത്തിന്റെ അംശമുണ്ടോ എന്ന് ചികഞ്ഞുനോക്കുക... പിന്നെ, ആ ദിശയിലേക്ക് മുന്നോട്ട് നീങ്ങുക. നീർത്തടാകത്തിലെ മരച്ചുവട്ടിൽ രാത്രി മുഴുവൻ കാത്തിരിക്കുന്ന കാമിനിയുടെ അടുത്തേക്കുള്ള യാത്ര പോലെ പ്രണയാതുരമാണ് ഇത്. പ്രണയിനിയുടെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചുള്ള, പ്രകോപനകരമായ ആ സാമീപ്യത്തെ കുറിച്ചുള്ള ചിന്തകളുടെ ഉന്മാദതയിൽ വഴിയോരക്കാഴ്ചകൾ ഒന്നും അയാൾ ഗൗനിക്കുന്നതേയില്ല. ഗൗനിച്ചാൽ തന്നെ അതയാളെ സ്പർശിക്കുന്നില്ല. അയാളുടെ മനസ് മുഴുവൻ കാമിനി മാത്രമാണ്. അവളോടുള്ള പ്രേമ പാരമ്യതയിൽ അയാൾ നിരന്തരം തപസ്സിരിക്കുന്നു... നീർച്ചാലുകൾ തേടുന്ന മാൻ‌പേട പോലെ ആവലോടെ അയാൾ മുന്നോട്ട് നീങ്ങുന്നു. മരുപ്പച്ച തേടിയുള്ള ദാഹാർദ്രനായ പഥിതന്റെ തീഷ്ണതയോടെ... എങ്കിലും അയാൾ ഓടുന്നില്ല. നടക്കുന്നു, വളരെ സാവധാനം...! കാരണം, അവളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്ന് അയാൾ കരുതുന്നില്ല; കടമ്പകൾ ഇനിയും ഉണ്ടായേക്കാം... പൂട്ടുകൾ പലതും ഇനിയും തുറക്കേണ്ടതുണ്ടാവാം... അതിനാൽ അയാൾ സ്വയം ശാന്തനാക്കുന്നു; ഗുരുവിന്റെ ഉൾവിളികൾ ശ്രദ്ധിക്കുന്നു.... അതനുസരിച്ച് അയാൾ നടക്കുന്നു, തയാറെടുക്കുന്നു, മണിയറയിലേക്ക് പ്രവേശിക്കാനിരിക്കുന്ന നവവധു അമ്മയുടെ മൗനം ശ്രവിക്കും പോലെ!!!! ഇന്നല്ലെങ്കിൽ നാളെ ഞാൻ നിന്നെ കണ്ടെത്തും. ചുംബനങ്ങൾ നൽകും, നിന്റെ മടിയിൽ തലവച്ചുറങ്ങും, നിന്നോടൊപ്പം യുഗാന്ത്യം വരെ ശയിക്കും. ആ പ്രാപഞ്ചിക മുഹൂർത്തത്തിലൂടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നിന്നിൽ നിപതിക്കും മുമ്പ് നീയറിയുക... സത്യമേ, ഞാൻ നിന്നെ പ്രണയിക്കുന്നു, കാമിക്കുന്നു... നിൻ തിരുദർശനത്തിനായ് ഈ തിരുനടയിൽ കാത്തിരിക്കുന്നു, ഒരു പൂങ്കുലയുമായ്!

Sunday, April 15, 2012

ഒരു മാടപ്രാവിന്റെ രക്തം!


കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, ചിലപ്പോൾ അപ്രസക്തമെന്നും മറ്റ് ചിലപ്പോൾ അർത്ഥവത്തെന്നും തോന്നാറുള്ള ഒരു സംഭവമാണ് ഈ പോസ്റ്റിനാധാരം! ഞാനപ്പോൾ ഹൈസ്കൂളിൽ പഠിക്കുകയാണ്..., എട്ടിലോ ഒൻപതിലോ! അധികം ആരുമായും സംസാരിക്കാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടാതെ, വഴക്കിനോ വക്കാണത്തിനോ പോകാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന, പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെടുന്ന, നാണംകുണുങ്ങിയും, ശാന്തനും, അന്തർമുഖനുമായ ഒരു നാടൻ പയ്യനായിരുന്നു ഞാൻ!

എന്റെ ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കുട്ടികളും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവർ, ഏതാണ്ടിതേ സ്വഭാവക്കാർ തന്നെ, കാലത്തിന്റെ കുത്തൊഴുക്കിൽ പലരും പിന്നീട് മാറിയെങ്കിലും! തെക്കൻ കേരളത്തിൽ 80-കളിലും 90-ന്റെ ആദ്യപകുതിയിലും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളാണ് അതിനുള്ള പ്രധാന കാരണമെന്ന് ഞാൻ കരുതുന്നു. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. അവിടെയുള്ള കുട്ടികളെല്ലാം മാതാപിതാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും വിധേയരായിരിക്കും. തെറ്റ് ചെയ്താൽ തല്ല് ഉറപ്പാണ്. തല്ല് എന്ന് പറഞ്ഞാൽ പല തരം തല്ലാണ്. പേരക്കമ്പി, പുളിയങ്കമ്പ്, ചൂല്, മടൽ, തുടുപ്പ്, കയറ് എന്നിങ്ങനെ പോകുന്ന വിവിധ ഗുണമേന്മയിലുള്ള തല്ലുകൾക്ക് പുറമേ തല്ലുകളുടെ പശ്ചാത്തലവും മാറാം. തെറ്റിന്റെ കാഠിന്യമനുസരിച്ചാണ് ഇത്. മാവിലോ പ്ലാവിലോ കെട്ടിയിട്ട് തല്ലുക, ദേഹത്ത് മീറിൻ കൂട് പൊട്ടിച്ചിടുക, വിരളമായ ഘട്ടങ്ങളിൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കുക... ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവർക്കും തല്ല് കിട്ടുക എന്നൊരു ഐറ്റവും അന്നുണ്ടായിരുന്നു. (എന്റെ വീട്ടിൽ, തെറ്റ് ചെയ്തത് അനിയാണെങ്കിലും അടി കോമൺ ആണ്. ഏതെങ്കിലുമൊരു കുട്ടിയോട് പക്ഷപാതം കാട്ടിയെന്ന ചിന്ത വരാതിരിക്കാനാണ് അത്തരമൊരു നടപടിയെന്ന് അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോൾ ഇന്നത്തെ കുട്ടികൾ മഹാഭാഗ്യവാന്മാരാണ്. ഞങ്ങൾ വാങ്ങിയ തല്ലിന്റെ പകുതിയെങ്കിലും നിങ്ങക്ക് കിട്ടിയിരുന്നെങ്കിൽ നീയൊക്കെ പണ്ടേ നന്നായിപ്പോയേനേ!) ഞാനെന്റെ ജീവിതത്തിൽ വാങ്ങിക്കൂട്ടിയ അടിയുടെ മുക്കാൽ ശതമാനവും വാങ്ങിക്കൂട്ടിയത് സ്കൂളിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾ ഓഫീസിൽ പോകുന്നത് പോലെയാണ് സ്കൂളിൽ പോകുന്നത്. പണ്ട് അങ്ങനെയല്ല. സാറന്മാർ ക്ലാസിൽ വരുന്നത് തന്നെ തല്ലാനാണ്; കൈയ്യിൽ പുസ്തകം ഇല്ലെങ്കിലും ഒരു ചൂരൽ നിശ്ചയമായും കാണും. സാറ് എന്നെ അടിച്ചുവെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ ക്ലാസിൽ ചെയ്ത തെറ്റിന് വീട്ടിൽ നിന്നും കിട്ടും അടി.

അതുപോലെ, ഇന്നത്തെപോലെ കുട്ടികൾക്ക് അന്ന് സമൂഹത്തിൽ (വീട്ടിനുള്ളിലെ കാര്യമല്ല) മുന്തിയ പരിഗണനയോ, അനാവശ്യ ശ്രദ്ധയോ, പരിലാളനയോ കിട്ടിയിരുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. കല്യാണ വീടുകൾ, വാഹനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സിറ്റ് ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, മുതിർന്നവർ ചോദിച്ചാൽ അപ്പോ എഴുന്നേറ്റ് കൊടുത്തേക്കണം! അപരിചിതരായ മുതിർന്നവർക്ക് പോലും കുട്ടികളെ ശാസിക്കാൻ അധികാരമുണ്ടായിരുന്നു. എന്നെ പോലുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടിപ്പോയാൽ മൂന്നോ, നാലോ ജോഡി. അതിലപ്പുറം തുണി ഉണ്ടാവാറില്ല. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് ഇലട്രോണിക്സ് വിപ്ലവത്തിന്റെ അഭാവം! ഇന്നത്തെ പോലെ എല്ലാ വീടുകളിലും അന്ന് ടിവി ഇല്ല. കേബിൾ ടിവി ഇല്ല. മൊബൈൽ ഫോണില്ല... ഇതൊന്നും ഇല്ലാത്ത ആ കാലഘട്ടത്തെ കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഞാന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ശിലായുഗത്തിലായിരുന്നോ എന്ന് സംശയിച്ച് പോവാറുണ്ട്. ഏതായാലും, ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ കുട്ടികൾ താരതമ്യേന മിത-ഉൽസുകരോ, മന്ദരോ ആയിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വിധം ഉല്ലസിക്കാനോ, overexcited ആവാനോ ഉള്ള ഉപാധികൾ ഇല്ലാതിരുന്നതുകൊണ്ടാവാം ഞാനടക്കമുള്ള കുട്ടികൾ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, അച്ചടക്കമുള്ളവരും ദൈവഭയമുള്ളവരും, മൂല്യബോധമുള്ളവരോ ഒക്കെയായി മാറിയത്.

ഇത്രയും വായിച്ച് കഴിഞ്ഞിട്ട്, "പട്ടച്ചാരായം കുടിക്കും പോലെ" ഡ്രൈ ആയിരുന്നു എന്റെ കുട്ടിക്കാലമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! കറണ്ടടിച്ച കുട്ടിക്കാലം എന്ന പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ചൂടുള്ള പല അനുഭവങ്ങളെയും കൊണ്ട് സമ്പന്നവുമായിരുന്നു അത്, ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തവ, ഞങ്ങൾക്ക് മാത്രം ലഭിച്ച സൗഭാഗ്യം എന്ന് കരുതാവുന്നവ....!

കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്... പോകുംവഴി വാഴത്തോപ്പിൽ കയറി കൂമ്പിൽ വിരിഞ്ഞ പോളയടർത്തി തേൻ കുടിക്കുക... പിന്നെ, കൂമ്പിടിച്ച് അകത്തിരിക്കുന്ന മൃദുവായ ഭാഗം തിന്നുക. വയലുകളിലും തോടുകളിലും മൂഞ്ചൂട്ട കൊണ്ട് ഞണ്ട് പിടിക്കുക... തെങ്ങിൻ ചോട്ടിൽ വീണുകിടക്കുന്ന വലിയ വെള്ളയ്ക്കകളിൽ തുളയിട്ട് പുളിച്ചുതുടങ്ങിയ ഇളനീർ കുടിക്കുക... പിന്നെ, ദേഹത്തിലൊട്ടിയ സകലമാന ചേറോടും കൂടി കുളത്തിലേക്ക് കുതിക്കുക... വെള്ളത്തിലെ കളികൾ വേറെ! തൊട്ടുകളി, മുങ്ങാങ്കുഴിയിടൽ, താമരപറിക്കൽ, കരണംമറിയൽ, ചങ്ങാടം തുഴയൽ.... കുളിയും കളിയും ഒരു പരുവമായി ദേഹം ചൊറിഞ്ഞ് തുടങ്ങുമ്പോൾ, കരയിൽ ഉപേക്ഷിച്ച ചകിരിയിൽ അവശേഷിച്ച സോപ്പുകൊണ്ട് ദേഹം പതയ്ക്കുക. പിന്നേം വെള്ളത്തിലേക്ക് കരണം മറിയുക. ഒടുവിൽ, നീന്താൻ ഒരിറ്റ് ജീവൻ ബാക്കിയില്ലെന്ന് വരുമ്പോൾ, നല്ല വെള്ളത്തിൽ കുളിച്ചുകയറാനെന്നും പറഞ്ഞ് കുളത്തിന് നടുവിലോ ഏതെങ്കിലും മൂലയിലോ പോയി കലങ്ങാത്ത വെള്ളത്തിൽ ഔദ്യോഗിക സ്നാനം നടത്തുക. പിന്നെ തല തുവർത്തി വീട്ടിലേക്ക്... ഇനി ഈ വാനരപ്പട കണ്ടുമുട്ടുന്നത് അടുത്തുള്ള കൃഷ്ണക്ഷേത്രത്തിലെ ഭജനയ്ക്കാണ്. ഭക്തി മൂത്തിട്ടൊന്നുമല്ല; ഭജന കഴിഞ്ഞിട്ട് ക്ഷേത്രത്തിൽ എന്നും "പ്രസാദം" (അരി പായസം) വിളമ്പും. അതിനാണെങ്കിൽ ഒടുക്കലത്തെ മധുരവും. ക്ഷേത്രക്കുളത്തിലെ താമരയിലയിൽ വിളമ്പിയ പായസം നഖം ഇലയിൽ തൊടാതെ (നഖം താമരയിലയിൽ കൊണ്ടാൽ പായസം കയ്ക്കും) വളരെ ശ്രദ്ധിച്ച് ചൂടോടെ കഴിക്കുക. പിന്നെ, കൂടെ കിട്ടാറുള്ള പൊരിയും പഴവും വഴി നീളെ തിന്ന് വീട്ടിലേക്ക് മടങ്ങുക. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാവും... സ്പെഷ്യൽ ട്യൂഷനുകളില്ല, സീരിയൽ ഭ്രമമോ ടെലിവിഷൻ കമ്പമോ ഇല്ല. അതുകൊണ്ടുതന്നെ, അക്കാലത്ത് കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു, പ്രകൃതിയെയും അതിന്റെ വരദാനമായ ജീവിതത്തെയും ശരിക്കാസ്വദിക്കാൻ!

പുട്ടിന് തേങ്ങായിടുന്നത് പോലെ അൽപ്പനേരം എന്റെ ബാല്യകാലചരിതം പറഞ്ഞെന്നേയുള്ളൂ... കുട്ടിക്കാലത്ത് എന്തൊക്കെ കളികൾ കളിച്ചുവെന്ന് പറഞ്ഞാലും, എന്തുമാത്രം കുസൃതികൾ കാണിച്ചുവെന്ന് പറഞ്ഞാലും, അടിസ്ഥാനപരമായി ഞാനൊരു അന്തർമുഖനായിരുന്നു. എല്ലാം കഴിഞ്ഞാൽ ഒന്നുമറിയാത്ത കുട്ടീടെ ഭാവം! ഈ അന്തർമുഖതയിൽ നിന്ന് പുറത്തുവരുന്നത് കൂട്ടുകാരെ കാണുമ്പോഴായിരുന്നു... അപ്പോഴൊക്കെ എന്തെങ്കിലും ഒരബദ്ധം ഞാൻ കാണിക്കാറുണ്ട്.

പള്ളിപ്പെരുന്നാൾ അടുത്ത് വന്ന സമയമായിരുന്നു അത്. ഞാനന്ന് അൾത്താര ശുശ്രൂഷകൻ, നീണ്ട് മെലിഞ്ഞ ഒരു പയൽ! കുർബാനയ്ക്ക് ശേഷം ഞാനടക്കമുള്ള അൾത്താര ബാലന്മാരെ അച്ചനും യുവജനങ്ങളും പള്ളിയിൽ തന്നെ പിടിച്ച് നിർത്തി. പെരുന്നാൾ വരുന്നതിനാൽ, പള്ളിയുടെ കൂരയിലും ഉത്തരത്തിലും മറ്റുമിരിക്കുന്ന മാറാലകളും പ്രാവിൻ കൂടുകളുമെല്ലാം വൃത്തിയാക്കണം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച് തുടങ്ങിയിരുന്ന ഉത്തരത്തിൽ മുതിർന്ന ആളുകൾക്ക് കയറാൻ ഒരു മടി. തന്നെയുമല്ല, ഇത്തരം ജോലികൾ ചെയ്യാൻ മരംകേറികളായ ഞങ്ങൾ കുട്ടികൾക്ക് വലിയ ഉൽസാഹവുമായിരുന്നു. തന്നെയുമല്ല, പള്ളിക്ക് വേണ്ടി ഇത്തരം കടുപ്പമുള്ള ജോലികൾ ചെയ്താൽ അച്ചൻ ഞങ്ങളെ പള്ളിമേടയിൽ കൊണ്ട് പോയി വേണ്ട വിധം സൽക്കരിക്കുമെന്ന് ഞങ്ങൾക്കറിയാം. (അക്കാലത്ത്, പള്ളിമേടയിൽ പെട്ടെന്നൊന്നും ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. കൂടിപ്പോയാൽ സ്വീകരണമുറി വരെ. അച്ചൻ ഉപയോഗിക്കുന്ന കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവിടങ്ങളിൽ അച്ചനുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, അതും അത്യാവശ്യമെങ്കിൽ മാത്രം. പള്ളിമേടയിലെ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഉണ്ടാവും. പള്ളിയോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ നിന്നുള്ള, പഴുക്കാൻ വച്ചിരിക്കുന്ന കുലകളോ, മാമ്പഴങ്ങളോ അങ്ങനെ പലതും... അതിൽ നിന്ന് ഒരു പഴമോ മാമ്പഴമോ കിട്ടുക എന്നുപറഞ്ഞാൽ വലിയ കാര്യമായിരുന്നു, അന്നൊക്കെ.)

ചേട്ടന്മാരെല്ലാം ചേർന്ന് നടുവ് വളഞ്ഞ ഒരു ഏണി എവിടെനിന്നോ കൊണ്ടുവന്നു. എല്ലാരും കൂടി അതിനെ ചുവരിൽ ചാരി, ഓരോരുത്തരെയായി മുകളിലേക്ക് കയറ്റി. കുറച്ചുപേർ കഴിഞ്ഞ പെരുന്നാളിന് കെട്ടിയ തോരണങ്ങൾ നീക്കുന്നു, മറ്റുചിലർ മാറാലകൾ അടിക്കുന്നു, പിന്നെ ഒരു ത്രില്ലിന്റെ പേരിൽ അനാവശ്യമായി മുകളിൽ കയറിയ ചില ആശാന്മാർ ഉന്നതത്തിൽ നിന്നുള്ള അൾത്താരയുടെ വ്യൂ ആസ്വദിക്കുന്നു... ഇടക്കിടെ, ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. മാറാലകൾ അടിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ആൾപാർപ്പില്ലാത്ത ഏതാനും പ്രാവിൻ കൂടുകളും, അണ്ണാറക്കണ്ണന്റെ ചകിരിക്കൂടും വാരി താഴെയിട്ടു. ഒരുവശത്ത് കൂടി കയറി, ജോലിയെല്ലാം പൂർത്തിയാക്കി, മറ്റൊരു വശത്തുകൂടി താഴെ ഇറങ്ങുകയാണ് സാധാരണ പതിവ്. അങ്ങനെ, ജോലിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ഒരു പ്രാവിൻ കൂട് ശ്രദ്ധയിൽ പെടുന്നത്. മേൽക്കൂരയിൽ കുറുകെ വച്ചിട്ടുള്ള തടിയിൽ ഞാന്ന് കിടന്ന് ഞാൻ പ്രാവിൻ കൂട്ടിലേക്ക് തലനീട്ടി. നോക്കുമ്പോൾ, പൂട കിളിർക്കാത്ത രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ! "അണ്ണാ.... രണ്ട് പ്രാവണ്ണാ!!!" ഞാൻ വിളിച്ചുപറഞ്ഞു. "എടുക്കട്ടാ?" പിന്നെ ചോദിച്ചു. "ഓ... നീ എട്," ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഒരു ചേട്ടൻ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിൽ പ്രാവുകളെ വളർത്തുന്ന കുട്ടികൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ എടുത്ത് അവർക്ക് കൊടുക്കാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. അപ്പോഴാണ് ആരോ പറഞ്ഞത് മാടപ്രാവുകളെ വീട്ടിൽ വളർത്താൻ പാടില്ലത്രേ! അവറ്റകൾ കുറുകിയാൽ വീടിന് ദോഷം വരും! അപ്പോ, ഇനിയെന്ത് ചെയ്യും? വളർത്താനാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ സൂക്ഷിച്ച് ഇറക്കിയാൽ മതി. കൊല്ലാനാണെങ്കിൽ അതിന്റെ ആവശ്യമില്ല, ജോലിഭാരവും കുറയും! ഒടുവിൽ, പ്രാവിൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ടന്ന സ്ഥിതിയായപ്പോൾ ഒരു കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. നല്ല ഭാരം...! (പ്രായപൂർത്തിയായ പ്രാവുകളെക്കാൾ, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ഭാരവും വലിപ്പവും ഉണ്ടായിരിക്കും.) രണ്ടും കൽപ്പിച്ച്, മനസില്ലാമനസോടെ ആ കുഞ്ഞിനെ ഞാൻ താഴേക്കിട്ടു, ഏതാണ്ട് പത്ത്-പതിനഞ്ചടി മുകളിൽ നിന്ന്! പൊത്തോന്നൊരൊറ്റ വീഴ്ച! വീഴ്ചയുടെ ആഘാതത്തിൽ അത് കാഷ്ടിച്ചു, വയറിളകിയ പോലെ! "ചത്താടേയ്?" മുകളിലിരുന്ന് ഞാൻ കേട്ടു. "ഇല്ല!" ഹോ, ആശ്വാസം! അടുത്തതിനെയും അതുപോലെ താഴേക്കിട്ടു. പക്ഷേ, ആ വീഴ്ചയിൽ ആ പ്രാവിൽ നിന്ന് തെറിച്ചത് ചോരയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ, വീണയുടനെ അത് ചത്തു. ഞാൻ താഴെയിറങ്ങി.

വൃത്തിയാക്കൽ കഴിഞ്ഞതിനാൽ ചേട്ടന്മാരെല്ലാം ഏണിയുമായി പോയി. പള്ളിയുടെ വാതിലുകളെല്ലാം പൂട്ടി, താക്കോൽ മേടയിൽ വച്ചിട്ട് വീട്ടിലേക്ക് പോവുക എന്ന ജോലി മാത്രമേയുള്ളൂ ഇനി ഞങ്ങൾക്ക്. വീട്ടിൽ ചെന്നയുടൻ കളിക്കാൻ പോകേണ്ടുന്നതിനാൽ, ഞങ്ങൾ ചിലർ അതിവേഗം വാതിലുകളെല്ലാം പൂട്ടി. പക്ഷേ, താഴെ കിടക്കുന്ന പ്രാവുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലല്ലോ! "ഇതിനെ എന്തര് ചെയ്യോടേയ്?" "തൂക്കി വെളിയിലെറിയടേയ്!" കൂട്ടുകാർ നിർദ്ദേശിച്ചു. ചത്ത പ്രാവിനെ തൂക്കി വെളിയിൽ കൊണ്ട് പോയി അടുത്തുള്ള പറമ്പിലേക്ക് ഒറ്റയേറ്റ്! പുളിമരത്തിന്റെ മുകളിൽ കൂടി അത് എങ്ങോട്ടോ പോയി. പിന്നെ, പള്ളിയിലേക്ക് തിരിച്ചുകയറി അടുത്ത പ്രാവിനെ എടുത്തു. അതിന് ജീവനുണ്ട്. ഏതായാലും നുമ്മ ഇതിനെ കൊല്ലാൻ പോവുകയാണ്! അതിന് മുമ്പ്, ഇത് കൊണ്ടെന്തെങ്കിലും പരീക്ഷണം കാണിച്ചാലോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ, കൂട്ടുകൂടിയാൽ ഏത് അന്തർമുഖനും കുരുത്തം കെട്ടവനാവും. കൂട്ടുകാർ കൂടെയുള്ള ധൈര്യത്തിൽ, പ്രാവിനെ കൈകളിലെടുത്ത് ഞാൻ ചുറ്റും നോക്കി! അപ്പോഴാണ് മുകളിൽ ചുറ്റുന്ന ഫാനിനെ ഞാൻ കാണുന്നത്. അത് നല്ല ഐഡിയാ....! ചുറ്റുന്ന ഫാനിലേക്ക് ഇതിനെ എറിഞ്ഞുനോക്കിയാലോ? നല്ല രസമായിരിക്കും! ഫാനിന്റെ താഴെ പോയി നിന്ന്, റെഡി വൺ ടു ത്രീ പറഞ്ഞ് പ്രാവിനെ മുകളിലേക്ക് എറിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, മുകളിലേക്കുള്ള പോക്കിലും താഴേക്കുള്ള വരവിലും ഫാനിന്റെ പങ്കകളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ, ഒരു പോറൽ പോലും ഏൽക്കാതെ, പ്രാവ് എന്റെ കൈകളിലേക്ക് തന്നെ വന്നുവീണു. അങ്ങനെ വിട്ടാ പറ്റില്ലല്ലോ! ഒന്നിൽ പിഴച്ചാൽ മൂന്നിൽ - എന്നാണല്ലോ പ്രമാണം! ഞാൻ പ്രാവിനെ വീണ്ടും മുകളിലേക്ക് എറിഞ്ഞു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല. അതിവേഗം ചുറ്റുന്ന പങ്കകളിൽ തട്ടി ഛിന്നഭിന്നമായ പ്രാവിന്റെ ശരീരവും രക്തവും നാലുപാടും തെറിച്ചു. എന്റെ മുഖത്തും ഉടുപ്പിലുമെല്ലാം ചോര! കളറിൽ മുക്കിയ ബ്രഷ് ക്യാൻവാസിൽ കുടഞ്ഞതുപോലെ! അത്തരമൊരു നീണ്ട വർണ്ണചിത്രം പള്ളിയുടെ ചുവരിലും പ്രത്യക്ഷപ്പെട്ടു! കുടലും തലയും വേർപെട്ട് അവിടമാകെ ചിതറിക്കിടക്കുന്നു. ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നുപോയി! ഇതാണോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്? തികഞ്ഞ കുറ്റബോധത്തോടെ ഞാൻ വീട്ടിലേക്ക് പോയി.

കേവലം വെറുമൊരു പ്രാവിൻ കുഞ്ഞ്...! ആ ജീവിയോട് കാണിച്ച ക്രൂരത എന്നെ വേട്ടയാടാൻ തുടങ്ങി! ഭക്ഷണം കഴിക്കാനാവാതായി! എന്തെങ്കിലും വായിൽ വയ്ക്കുമ്പോൾ ഉടൻ ഓക്കാനം വരിക.... പ്രാവിൻ രക്തത്തിൽ രൂപം കൊണ്ട ചുവർചിത്രത്തിന്റെ ഓർമ്മകൾ എന്നെ ഭയപ്പെടുത്തി.... ഇതുപോലൊരു അന്ത്യം എനിക്കുണ്ടായാൽ...? രണ്ട് മൂന്ന് നാളത്തെ മാനസിക വൃഥയ്ക്കൊടുവിൽ എല്ലാം സാധാരണ ഗതിയിലായി. എങ്കിലും, ആ സംഭവത്തെ കുറിച്ചോർത്ത് ഞാനിന്നും പരിതപിക്കുന്നു. നിഷ്ക്കളങ്കയായ ഒരു പ്രാവിൻ കുഞ്ഞിന് ജീവൻ നിഷേധിച്ചതുകൊണ്ടല്ല; അതിലുപരി, എനിക്കെന്തോ വിവരിക്കാൻ കഴിയാത്ത മറ്റൊന്തോ കാരണങ്ങൾ മൂലം...!

Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

Wednesday, April 4, 2012

കൃഷ് നീ ബേഗനേ ബാ!

പുഞ്ചിരി തൂകും
കൃഷ്ണ വിഗ്രഹം!
എന്തൊരു ലാളിത്യം
എന്തൊരു പ്രശാന്തത!
എന്തൊരു ചേതന!
പ്രേമം, കരുണ,
കുസൃതി, ദയ...
പിന്നെ, ലേശം കള്ളത്തരം!
ഇതെല്ലാം തികഞ്ഞ
സുന്ദര മുഖം!

ആ മന്ദഹാസത്തിൽ
അലിയാത്തവരുണ്ടോ?
ആ വേണുരാഗത്തിൽ
മെയ് മറക്കാത്തവരും?
സർവ്വ ലോകത്തിനും നാഥൻ നീ
പരംപുരുഷൻ നീ
ദുഷ്ടശക്തികൾ മുന്നിൽ
അച്യുതൻ നീ, പിന്നെ,
ഗോക്കളിൻ നാഥൻ
ഗോവിന്ദൻ നീ
കേശവൻ നീ
പാർത്ഥസാരഥി നീ
മുരളിയേന്തും
മുരളീധരനും നീ
എന്നെന്നും ജീവിക്കും
സനാതൻ നീ
ലീലകളിലാറാടും
ആനന്ദൻ നീ
ശ്രീ ഹരി നീ, അജയൻ നീ
ഇനിയുമെന്തൊക്കെയോ നീ
അതൊക്കെ ചൊല്ലാൻ സമയമില്ലിനീ...

അതുകൊണ്ട് നീയെൻ
പ്രാർത്ഥന കേൾക്കേണം നീ.
വേഷം കെട്ടെടുക്കാതെ
അവയെല്ലാം സാധിക്കണം നീ.
അധികമൊന്നുമില്ല;
കൂടിപ്പോയാ നാലെണ്ണം.
ഇല്ലെന്ന് പറയരുത്!
എന്റെ കണ്ണനല്ലേ?
ചക്കരയല്ലേ?
വാവയല്ലേ?
ഉണ്ണി കൃഷ്ണനല്ലേ?

ഗോപാലൻ തലകുലുക്കി.
ഞാനെൻ പോക്കറ്റ് തപ്പി
കിട്ടിയ ലിസ്റ്റ് പുറത്തെടുത്തു
പിന്നെ നീണ്ട വായന.

അപ്രൈസൽ മീറ്റിംഗ്
കഴിഞ്ഞിട്ടാഴ്ച മൂന്നായി, കണ്ണാ!
ഒരു വിവരവുമില്ല.
അതൊന്ന് തിരക്കേണം!
നല്ലൊരു ഇങ്ക്രിമെന്റ്,
ഒപ്പമൊരു പ്രമോഷനും...
ഏറെ നാളത്തെ ആശയാണ്,
അതൊന്ന് സാധിക്കണം.

എന്തൊരു വെയിലാ, കണ്ണാ!
വൃന്ദാവനത്തിലെങ്ങനെ?
അവിടെ മരങ്ങളുണ്ട്,
പോരാത്തതിന് ഗോപികമാരും...
ഗൊച്ചു ഗള്ളൻ...
അതുപോലാണോ ഇവിടെ?
ബൈക്കോടിച്ചുമടുത്തു
ഒരു കാറെന്താ വാങ്ങാത്തേന്ന്
ആളുകൾ ചോദിക്കുന്നു.
പ്രമോഷനാവട്ടേന്ന് ഞാൻ.
അതോണ്ട് കൈവിടരുത്...
പ്ലീസ്...

പ്രൊമോഷനായാലൊരു
മലേഷ്യൻ ട്രിപ്പ് വേണമെന്ന്
മക്കളും പെണ്ണുമ്പിള്ളേം
വാശിപിടിക്കുവാ...
അവർടെ സന്തോഷമല്ലേ എന്റെയും?
അതോണ്ട്,
അതൊന്ന് സാധിക്കണം.

മലേഷ്യേൽ സാധനങ്ങൾ ചീപ്പാത്രേ!
കൊറേ സാധനങ്ങളുടെ
ലിസ്റ്റുണ്ട് കൈയ്യിൽ
അത് പിന്നെ കാണിക്കാം
അതൊക്കെ വാങ്ങാൻ
കാശൊത്തിരി ചെലവാകും.
അതിനുള്ള വഴി
നീ തന്നെ കാണണം.
വീട്ടിന് മുന്നിൽ വളച്ചുപിടിച്ച
പൊറമ്പോക്ക് ഭൂമി
വിറ്റുതന്നാലും മതി.
കമ്മീഷൻ തരാം, 2%!

അതുപോലെ,
കോടതിക്കേസ് എളുപ്പം തീരണം,
യേട്ടന്റെ തലയിൽ
ഇടിത്തീ വീഴണം.
മൂത്തവൾക്ക് നല്ല
വരനെ നൽകണം.
യുഎസിൽ സെറ്റിലായ,
സ്ത്രീധനം വാങ്ങാത്ത
നായർ തറവാടി
തന്നെ വേണം.
പെണ്ണിന് പ്രായമേറുന്നു...
തൽക്കാലമവൾ
പ്ലസ് ടൂ ജയിച്ചിടേണം.

എന്തോ മറന്നു....
ങാ... പിടികിട്ടി!
പറമ്പിലെ തേങ്ങകൾ
കള്ളന്മാർ കക്കുന്നു.
കാവലിനാളെ കിട്ടിണില്ല, കണ്ണാ!
ആളെക്കിട്ടും വരെ
നിന്റെയൊരു കണ്ണവിടെ വേണം,
ട്ടാ?
നീയേ ശരണം, നിയേ ഗതി...

തൽക്കാലം വേറെയൊന്നുമില്ല.
ബാക്കി പിന്നെ!
വൈഫിനെ അയയ്ക്കാം.
അവൾക്കും പേഴ്സണലായെന്തോ
പറയണമെന്ന് കേട്ടു...
അപ്പോ ശരി...
പറഞ്ഞതൊന്നും മറക്കരുതേ,
കാർമുകിൽവർണ്ണാ,
ഗുരുവായൂരപ്പാ,
മാധവാ
വാസുദേവാ
നന്ദഗോപാലാ...

Monday, April 2, 2012

എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)

കുറിപ്പ്: നമുക്കുണ്ടാവുന്ന അനുഭവങ്ങൾ എല്ലാം പുറത്ത് പറയരുതെന്നും, സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ/രഹസ്യങ്ങൾ പുറത്ത് പറയുമ്പോൾ മിതത്വം/വിവേകം പാലിക്കണമെന്നും എന്റെ പല സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. കാരണം, കേൾക്കുന്നവർ നമ്മേ ശരിയായി മനസിലാക്കണമെന്നില്ല, അംഗീകരിക്കണമെന്നില്ല. നല്ലതെന്ന് നാം കരുതുന്നവ ചിലപ്പോൾ ദോഷകരമായി ഭവിക്കാം, നാം പരിഹാസ്യരായി തീർന്നേക്കാം! ഏതായാലും, ആ ഭയം എനിക്കില്ല. കാരണം, എനിക്കുണ്ടായ ഒരനുഭവത്തെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമാണ് ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അതിനെ വായനക്കാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് തള്ളിക്കളയാം, നിർബാധം!

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അദ്വൈത ചിന്തകൾക്ക്, വേദ കാലഘട്ടത്തോളം! വേദങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്വൈത സത്യങ്ങളെ ക്രോഡീകരിച്ചതും, ചിട്ടയാർന്ന സംവിധാനമാക്കിയതും, അതിന്റെ ആദ്യ ബഹുജന പ്രചാരകനായതും ആദിശങ്കരനാണെന്നതിൽ സംശയമില്ല. അഹം ബ്രഹ്മാസ്മി (I am Brahman), തത്വമസി (That thou art), അയമാത്മ ബ്രഹ്മ (This Atman is Brahman) തുടങ്ങിയ അദ്വൈത ശ്ലോകങ്ങളുടെ പൊരുളും പെരുമയും ആദിശങ്കരന്റെ ജനനം കൊണ്ട് ധന്യമായ ഈ കേരളത്തിലെ ഓരോ മലയാളിക്കും സുപരിചിതമായതുകൊണ്ട് അദ്വൈത ചിന്തകളിലേക്ക് ഞാൻ കടക്കുന്നില്ല, ബോധപൂർവം! എങ്കിലും, അതിനെകുറിച്ചുള്ള എന്റെ ഒരേയൊരു വിലയിരുത്തൽ ഞാൻ പറയുകയാണ്. 2001-ൽ ആരംഭിച്ച എന്റെ തത്വശാസ്ത്ര പഠനത്തിനിടയിൽ ഒരിക്കൽ പോലും അദ്വൈത സിദ്ധാന്തത്തിലെ ഏതെങ്കിലുമൊരു കാര്യം സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതായി പറഞ്ഞ ഒരാളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല, അനന്തം സ്വാമിമാരുടെ അദ്വൈത ചിന്തകൾ കേട്ട് മടുത്തിട്ടുണ്ടെങ്കിലും! അദ്വൈതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിടവായി ഞാൻ കാണുന്നു, ഈ അനുഭവങ്ങളുടെ അഭാവം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ ഇടയിൽ തീർത്തും ബൗദ്ധിക/ആശയ തലത്തിൽ നിൽക്കുന്ന ഒന്നാണ് അദ്വൈത സിദ്ധാന്തം. അനുഭവത്തിന്റെ വെളിച്ചം അദ്വൈതചിന്തകളെ വിപ്ലവാത്മകമാക്കിയിട്ടില്ല എന്നതാണ് സത്യം! ഈ പശ്ചാത്തലത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ഒരു സ്വപ്നം പ്രാധാന്യമർഹിക്കുന്നത്, ഒന്നുമില്ലേലും വ്യക്തിപരമായ വീക്ഷണക്കോണിലൂടെ ചിന്തിക്കുമ്പോൾ...! അദ്വൈതം എന്താണെന്നും, "സർവ്വം ഒന്നാണ്" എന്ന് പറയുന്നതിന്റെ അനുഭവതലം എന്താണെന്നും വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം! വിസ്മയിപ്പിക്കുന്ന വെളിപാടായിരുന്നു അത്....! ഭാവിയിൽ വെറുതേയെങ്കിലും മറിച്ചുനോക്കാൻ ഞാനാ സ്വപ്നം ഇവിടെ അതേപടി പകർത്തുകയാണ്.

എന്റെ ഗുരുവും സുഹൃത്തുമായ ശ്രീ. കൃഷ്ണൻ കർത്തയുടെ പുളിയളക്കോണത്തുള്ള (തിരുവനന്തപുരം) സത്യസായി ആശ്രമം. ഇന്ന് കാണുന്ന ആശ്രമമല്ല സ്വപ്നത്തിലുള്ളത്. കുറച്ച് പഴക്കമുണ്ട്! ഓല മേഞ്ഞ്, വടക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ഭജനഹാൾ. ഞാൻ ഭജനഹാളിൽ ഒറ്റയ്ക്ക്! അവിടെങ്ങും ആരുമില്ല. സായംസന്ധ്യ... എങ്കിലും എങ്ങും പ്രകാശം നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് ആരുടെയോ അദൃശ്യമായ സാന്നിധ്യം ഭജനഹാളിൽ നിറയുന്നു..., അതിന്റെ ആധിക്യത്തിൽ എന്നിൽ ഭയം ജനിക്കുന്നു. ഭയം മൂലം ഞാൻ പെട്ടെന്ന് ഭജനഹാളിൽ നിന്ന് പുറത്തിറങ്ങുന്നു, പിന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഹാളിനുള്ളിൽ എന്റെ ബാഗ് വച്ച് മറന്ന കാര്യം ഞാൻ ഓർമ്മിക്കുന്നത്. ഞാൻ നിൽക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തിരിക്കുന്ന ബാഗിനെ അഴികൾക്കുള്ളിലൂടെ എനിക്ക് കാണാം. ഇനി എന്താ ചെയ്ക? ഭയം മൂലം അകത്ത് കേറാനും മടി. ഞാൻ ആലോചിക്കുന്നു... "ആ ബാഗ് എന്റെ കൈകളിലേക്ക് പറന്നുവന്നിരുന്നെങ്കിൽ?" മനസ് കൊണ്ട് ആശിച്ച് ഞാൻ വെറുതേ വലത് കൈ നീട്ടുന്നു. എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്, ഹാളിന് വെളിയിൽ നിൽക്കുന്ന എന്റെ കൈകളിലേക്ക് ബാഗ് പറന്നെത്തുന്നു. ഞാൻ സംഭ്രമിക്കുന്നു, സ്തംഭിച്ചുപോകുന്നു. ഇതെന്ത് മറിമായം? ഞാനെന്റെ കൈയെ തിരിച്ചും മറിച്ചും നോക്കുന്നു. ഇത് സ്വപ്നമല്ല. എനിക്കേതോ അത്ഭുതശക്തി കൈവന്നിരിക്കുന്നു. എന്നിൽ ആവേശം അലതല്ലുന്നു. സന്തോഷം കൊണ്ട് ഞാൻ നട്ടം കറങ്ങുന്നു. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല ഇപ്പൊ വെടിക്കും! ആദ്യം കൃഷ്ണേട്ടനോട് തന്നെ പറയാം. "കൃഷ്ണേട്ടാ..." ഉറക്കെ വിളിച്ച് ഞാനാ ആശ്രമത്തിലെങ്ങും ഓടി നടക്കുന്നു.

ഭജനഹാളിനടുത്തുള്ള റോഡിലൂടെ താഴേക്ക് ഇറങ്ങിവരികയാണ് കൃഷ്ണേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. "അതേ... ഇവിടെയൊരു അത്ഭുതം നടന്നു..." ഞാൻ ദൂരെ നിന്നേ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഓടിയെത്തിയ ഞാൻ അത്ഭുതസിദ്ധിയെ കുറിച്ച് പറയാൻ ഞാൻ നാവെടുക്കുന്നു. പക്ഷേ, കൂടെ ഉള്ള ആളുകളുമായി സംസാരിക്കുന്ന തിരിക്കിലാണ് അദ്ദേഹം. അതിൽ ഒരാൾ പൊലീസുകാരനാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നു. ഞാൻ അക്ഷമനായി കാത്തുനിൽക്കുന്നു. ഒടുവിൽ, തിരക്കൊഴിയുമ്പോൾ "എന്തത്ഭുതമാ നടന്നേ" എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാനും കൃഷ്ണേട്ടനും ആശ്രമത്തിന് താഴേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, സ്വൽപ്പം മുമ്പ് ഭജനഹാളിൽ നടന്ന സംഭവം ഞാൻ വിവരിക്കുന്നു. വിവരിച്ച് വിവരിച്ച് മെയ്‌മറന്ന് ഞാൻ നടക്കുകയാണ്. ഞാൻ കൃഷ്ണേട്ടനെ ശ്രദ്ധിക്കുന്നില്ല. കുറേ ദൂരം ചെന്ന് കഴിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നു. കൃഷ്ണേട്ടനെ കാണാനില്ല. ഞാൻ ചുറ്റും നോക്കുന്നു. അപ്പോൾ ഞാൻ കാണുന്നു, ധൂളി പോലെ സ്വയം വായുവിൽ അലിഞ്ഞില്ലാതായ അദ്ദേഹത്തിന്റെ ശരീരത്തെ! "കൃഷ്ണേട്ടാ..." ഞാൻ ഉറക്കെ വിളിക്കുന്നു. അപ്പോൾ ഒരു അശരീരി. "കൃഷ്ണൻ എന്നൊരാൾ നിലനിൽക്കുന്നില്ല." "ഞാനിത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് കൃഷ്ണേട്ടനോടാണല്ലോ," എന്ന് ഞാൻ. "നീ ഇത്രയും നേരം, ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്നത് നിന്നോട് തന്നെയായിരുന്നു" - എന്ന് അശരീരി. "എന്നോട് തന്നെയോ?" ഞാൻ സ്വയം ചോദിക്കുന്നു. ആ ചിന്തകൾക്കിടയിൽ, എന്റെ ചുറ്റുമുള്ള ലോകത്തിന് സാവധാനം പരിണാമം സംഭവിക്കുന്നു, വസ്തുക്കളെല്ലാം കാഴ്ചയിൽ ജല്ലിയായി (jelly) രൂപാന്തരം പ്രാപിക്കുന്നു, എന്റെ ശരീരം ഉൾപ്പെടെ!

എവിടെ നോക്കിയാലും ജല്ലിയായി, തിളങ്ങുന്ന ഒരു വസ്തു മാത്രം! കെട്ടിടങ്ങളുടെയും സാധനങ്ങളുടെയും ആകൃതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവ ഉണ്ടാക്കപ്പെട്ടിരുന്ന വസ്തുവിനാണ് മാറ്റം. സർവ്വം ജല്ലി മയം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു. അതും ജല്ലി തന്നെ. ഞാൻ താഴേക്ക് നോക്കുന്നു. ജല്ലിയായി മാറിയ എന്റെ പാദങ്ങൾ. അവ ഭൂമിയിലേക്ക് (ജല്ലിയിലേക്ക്) മുട്ടോളം ഇറങ്ങി നിൽക്കുന്നു, ചെളിയിൽ പുതഞ്ഞ പോലെ! ഞാൻ നടക്കാൻ ശ്രമിക്കുന്നു, വേച്ച് വേച്ച്! ഭൂമിയും ശരീരവും ഒന്നായി മാറിയതിനാൽ എനിക്ക് നടക്കാൻ കഴിയുന്നില്ല. സംഭ്രമത്തോടെ ഞാൻ ചുറ്റും നോക്കുന്നു. ഞാനല്ലാതെ മറ്റാരും തന്നെയില്ല. ഈ മഹാപ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരും നിലനിൽക്കാത്തതുപോലെ! എല്ലായിടത്തും ഞാൻ! എന്റെ പ്രതിബിംബം! ഞാനെന്ന ബോധം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു... എന്റെ കാലുകളിലൂടെ, എന്റെ തന്നെ ഭാഗമായി (extension) വിരാചിതമായി നിൽക്കുന്ന ഒരു ജല്ലി ഉലകം. എന്റെ കാലുകളെ feel ചെയ്യാവുന്നതുപോലെ ഈ പ്രപഞ്ചത്തെയും എനിക്ക് feel ചെയ്യാൻ കഴിയുന്നു..., എന്റെ തന്നെ ശ്വാസാച്ഛാസം പോലെ! എന്റെ ബോധം (consciousness) ഈ പ്രപഞ്ചവസ്തുക്കളിലൂടെ അനന്തതയിലേക്ക് നീണ്ടുകിടക്കുന്നതുപോലെ! എന്റെ ചുറ്റുമുള്ള വസ്തുക്കളെ ഞാൻ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ feel ചെയ്യാൻ കഴിയുന്നു, എന്റെ കൈകളിലേക്ക് നോക്കുമ്പോൾ ആ കൈകളെ എനിക്ക് feel ചെയ്യാനാവുന്നതുപോലെ! ഈ അനന്തതയുടെ അനന്തസാധ്യതയിൽ എന്റെയുള്ളിൽ എവിടെനിന്നോ ആനന്ദം വന്ന് നിറയുന്നു. ഞാനെന്ന ബോധം എന്നെ നിർവൃതിയിൽ ലയിപ്പിക്കുന്നു. എങ്കിലും, പെട്ടെന്ന് ഞാൻ നിരാശനാവുന്നു. എല്ലാമുണ്ടായിട്ടും ഈ ലോകത്തിൻ ഞാൻ ഏകനാണെന്ന തോന്നൽ. കുശലം പറയാനോ, തമാശ പറയാനോ ആരുമില്ലെന്ന ദുഃഖം. പെട്ടെന്ന് ഞാനാ ദുഃഖത്തിൽ നിന്ന് കരകയറുന്നു; ഇനിയെന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുന്നു. എനിക്ക് വേണ്ടി ഒരു ലോകം സൃഷ്ടിച്ചാലോ? അവിടത്തെ ലീലകളിൽ ആനന്ദനിർവൃതിയടഞ്ഞാലോ? പെട്ടെന്ന് എന്റെ ചുറ്റുമുള്ള ജല്ലി ഉലകത്തിന് പരിണാമം സംഭവിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് (as we see it now) ഞാൻ പ്രവേശിക്കുന്നു... ചെടികളും മരങ്ങളും ആകാശവും പറവകളുമെല്ലാം നാം കാണുന്നപോലെതന്നെ നിലനിൽക്കുന്ന ഒരു ലോകം. അവിടെ ഞാൻ യഥേഷ്ടം പറന്നുനടക്കുന്നു. ഞാനും ആ വസ്തുകളും രണ്ടാണെന്ന വ്യാജ പ്രതീതി ഞാൻ സ്വയം ജനിപ്പിക്കുന്നു. അതിലൂടെ ലഭിക്കുന്ന സ്വകാര്യതയിൽ ആനന്ദം കൊള്ളുന്നു. എനിക്കെന്ത് വേണമെങ്കിലും ഇപ്പോൾ കാട്ടിക്കൂട്ടാം! ഏത് കുസൃതിയാണ് ചെയ്യുക? ലാവണ്യയുടെ* വീട്ടിലേക്ക് പോയാലോ? അവളിപ്പോൾ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാലോ? എന്നാപ്പിന്നെ പോയ്ക്കളയാം. രണ്ടാലോചന ഇല്ല. ഞാൻ പറക്കുന്നു. നിനച്ച് തീരും മുമ്പ് അവളുടെ വീട്ടിലെത്തിക്കഴിഞ്ഞു. ഞാനകത്തേക്ക് ഒളിഞ്ഞ് നോക്കുന്നു. ഇത് ഞാനുദ്ദേശിച്ച ലാവണ്യയല്ല. വേറെയേതോ ലാവണ്യയാ...! ഇനി, പേരും അഡ്രസും കൃത്യമായി പറഞ്ഞാലേ കൊണ്ടാക്കൂ എന്നുണ്ടോ? സംശയം! അങ്ങനെയാണെങ്കീ അങ്ങനെ തന്നെ!!! (ഈ ഘട്ടത്തിൽ ഞാൻ ഉണരുകയാണ്.)

ഉണർന്നപ്പോൾ ഞാൻ തീർത്തും excited ആയിരുന്നു. ഉള്ളിൽ ആവേശം തിരതല്ലുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് ഉറക്കം വന്നില്ല. സ്വപ്നത്തെ കുറിച്ച് കൃഷ്ണേട്ടനോട് പറഞ്ഞേ തീരൂ. സ്വപ്നം മറന്നുപോകാതിരിക്കാൻ ഞാൻ പേപ്പറിൽ എഴുതിവച്ചു. വൈകിട്ട് ഫോൺ ചെയ്തപ്പോൾ സ്വപ്നം വിവരിച്ചു. അദ്ദേഹം ഒരു വാക്കുപോലും പറയാതെ സശ്രദ്ധം കേട്ടു. ഇത്തരം experiences of divine oneness സ്വാഭാവികമാണെന്നും, ഒരു മുന്നാസ്വാദനമെന്ന/തുടക്കമെന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. A point of no return എന്നൊരു അവസ്ഥ ഇത്തരം അനുഭവത്തിന്റെ പരമകോടിയിൽ ഉണ്ടെന്നും, അവിടെയെത്തിക്കഴിഞ്ഞാൽ ശിഷ്ടകാലമത്രയും ഈ ഏകത്വ അനുഭവത്തിൽ നിരന്തരം ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടത് അപക്വതയുടെ ലക്ഷണമാണെന്നും, അതിൽ വ്യസനിക്കേണ്ടതില്ലന്നും, ഇതെല്ലാം വളർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം. സ്വപ്നത്തിന്റെ ഉള്ളടക്കവും കൃഷ്ണേട്ടന്റെ വ്യാഖ്യാനവും ഒരുപക്ഷേ പലർക്കും ഭ്രാന്തമായി തോന്നാം... ഈ ആധുനിക ലോകത്തിൽ ഇതെല്ലാം ആര് വിശ്വസിക്കാൻ, ല്ലേ? ഡിഗ്രികളും ഡോക്ടറേറ്റുകളും പോക്കറ്റിൽ വച്ച് നടക്കുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും എല്ലാം തികഞ്ഞ ശാസ്ത്രജ്ഞന്മാരുമാണെല്ലോ നാമെല്ലാം....! നമുക്കൊന്നും ഇത്തരം ഭ്രാന്തൻ അനുഭവങ്ങൾ ദഹിക്കില്ല. എന്നാലും ഒരു കാര്യം മാത്രം പകൽ പോലെ സത്യം! ഞാനൊരു സ്വപ്നം കണ്ടു, അതിൽ ഞാൻ പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള അദ്വൈതം എന്തെന്ന് അനുഭവിച്ചു! വർണ്ണപ്രകാശത്തിൽ തിളങ്ങുന്ന ജല്ലി  പോലെ മനോഹരമായിരുന്നു അത്, ആ അനുഭവം!

* ലാവണ്യയുടെ - എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടി. ;)

Wednesday, March 28, 2012

എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം

ഇതും ഒരു അനുഭവക്കുറിപ്പാണ്. ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് തോന്നിക്കുന്ന എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.

കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.

തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! :) മുട്ടുവേദനയുടെ സീരിയസ്‌നെസ് ഞാൻ മനസിലാക്കുന്നത് ടോയ്‌ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL). എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)

പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.

അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.

മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.

പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.

അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ! :) അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന...

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Thursday, March 1, 2012

കറണ്ടടിച്ച കുട്ടിക്കാലം

വളരുമ്പോൾ ഇവനൊരു ശാസ്ത്രജ്ഞനായിത്തീരുമോ എന്ന് എന്റെ മാതാപിതാക്കൾ ഭയന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം! കയ്യിൽ കിട്ടുന്നതെന്തും പൊളിച്ചുനോക്കും, തിരിച്ച് അസംബ്ബിൾ ചെയ്യാനറിയാതെ മിഴിക്കും, പിന്നെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുമ്പോൾ സാധനം പഴയ പോലെ കുത്തിച്ചാരി വച്ചിട്ട് തന്ത്രപൂർവം സ്ഥലംവിടും... ഇതായിരുന്നു സ്വഭാവം. അങ്ങനെ ഞാൻ നശിപ്പിച്ച വീട്ടുസാധനങ്ങൾക്ക് കൈയ്യും കണക്കും ഇല്ല. ടേപ്പ് റെക്കോർഡർ മുതൽ ടോർച്ച് വരെയുള്ള പല "വിലപിടിച്ച" സാധനങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രൂ ഡ്രൈവർ, സ്പാനർ, കട്ടിംഗ് പ്ലെയർ, ചുറ്റിക ഇത്യാദി ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് എന്റെ തട്ടിപ്പൊളിക്കൽ പുരോഗമിച്ചത്. ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ച കുടക്കമ്പി, കത്തി, കല്ല് തുടങ്ങിയവയായിരുന്നു എന്റെ ആയുധങ്ങൾ. ഇവയെല്ലാം സൂക്ഷിക്കുന്നതിന് ഞാൻ തന്നെ ഉണ്ടാക്കിയ ഒരു മരപ്പെട്ടിയും ഉണ്ടായിരുന്നു. അങ്ങനെ ഞാൻ നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തെ കുറിച്ചാണ് ഈ പോസ്റ്റ്.

നാലാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു... കുടുംബ വീടിന് തൊട്ടടുത്ത് എന്റെപ്പൻ പുതുതായി ഒരു വീട് പണിഞ്ഞ സമയം. ഗൃഹപ്രവേശം കഴിഞ്ഞ് മാസങ്ങളോളം ഞങ്ങടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നത് വലിയ മണ്ണെണ്ണ വിളക്കുകൾ (മെഴുകുതിരി പോലും അന്നത്ര പോപുലർ അല്ലെന്ന് തോന്നു, ക്രിസ്ത്യൻ പള്ളികളിൽ മാത്രമേ അക്കാലത്ത് മെഴുകുതിരി ഞാൻ ഞാൻ കണ്ടിട്ടുള്ളൂ). സായംസന്ധ്യകളിൽ മണ്ണെണ്ണ വിളക്കിന്റെ ചോട്ടിൽ ഇരുന്നും കിടന്നും ഗൃഹപാഠങ്ങൾ ചെയ്തതും, വിളക്കിന് വേണ്ടി തല്ലുകൂടിയതും, ഈയമ്പാറ്റകളെ വിളക്കിൽ വച്ച് ചുട്ടതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ! അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീട്ടിൽ കറണ്ടെത്തി. അന്നുമുതൽ, എന്റെ നിരന്തര നിരീക്ഷണത്തിന് വിധേയമായ ഒരു സംഭവമായിരുന്നു കറണ്ട്, നിങ്ങളുടെ ഭാഷയിൽ വൈദ്യുതി.

അതൊരു അവധി ദിവസമാണെന്ന് തോന്നുന്നു... ബാറ്ററിയിൽ നിർമ്മിച്ച ഉന്തുവണ്ടിയുമായി തേരാപാരാ നടക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു കഷ്ണം വയർ കൈയ്യിൽ കിട്ടുന്നത്. സാമാന്യം നീളമുണ്ടായിരുന്നു അതിന്. കിട്ടുന്നതൊന്നും കളയുന്ന സ്വഭാവമല്ല എന്റേത്, അതിനെ ഭദ്രമായി എന്റെ പണിപ്പെട്ടിയിൽ നിക്ഷേപിച്ചു. കൊറേ കഴിഞ്ഞപ്പോഴാണ് ആ വയർ വച്ച് എന്തേലും ചെയ്താലോ എന്ന ആലോചന മനസിൽ ഉദിക്കുന്നത്. അതോടെ, എന്റെയുള്ളിലെ ശാസ്ത്രജ്ഞൻ മാസ്ക്ക് ധരിച്ച് എന്തിനും സന്നദ്ധനായി. കുടുംബ വീട്ടിൽ പോയി അപ്പുപ്പന്റെ ടോർച്ച് അടിച്ചുമാറ്റി. ടോർച്ചിനെ ഡിസ്മാന്റിൽ ചെയ്ത് ഒരു പ്രാഥമിക നിരീക്ഷണം നടത്തി. (ബൾബ് തെളിയിക്കാൻ അതെങ്ങനെ ബാറ്ററിയിൽ കണക്ട് ചെയ്യണം എന്നുപോലും അറിയാത്ത സമയമായിരുന്നുവെന്ന് ഓർക്കണം.) എന്തൊക്കെയോ മനസിലായി എന്ന് തോന്നിയപ്പോൾ, സ്വന്തമായി ബൾബ് കത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

മൂർച്ചയേറിയ കുച്ചരിപ്പലുകൾ കൊണ്ട് വയറിന്റെ രണ്ടറ്റത്തെയും പ്ലാസ്റ്റിക് പറിച്ചുകളഞ്ഞ്, ടോർച്ചിൽ നിന്നെടുത്ത ബൾബിനെ മനസിൽ തോന്നിയപോലെ ചെമ്പുകമ്പി കൊണ്ട് വരിഞ്ഞു. സംഗതി തയാർ! അങ്ങനെ സന്തോഷിക്കുമ്പോഴാണ് കമ്പി സ്പർശിക്കാത്ത ഒരു ഭാഗം ബൾബിലുണ്ടെന്ന് ഞാൻ കാണുന്നത്. (ബൾബിന്റെ പിന്നിൽ പോസിറ്റീവ് ചാർജ് ടെച്ച് ആവുന്ന ലെഡ് പൂശിയ സ്ഥലം). ചുറ്റിയ കമ്പി അഴിച്ച്, കുറേകൂടി നീളത്തിൽ ചെമ്പുകമ്പി ബ്ലേഡ് കൊണ്ട് ചെത്തി, പിന്നെയും ബൾബിനെ ചുറ്റി. ബാക്കിവന്ന കമ്പിയുടെ അറ്റം പോസ്റ്റിറ്റീവ് ചാർജിൽ കൊടുത്തു. Twisted-wire pair-ലെ രണ്ട് വയറുകളും ചേർത്താണ് ബർബിൽ ചുറ്റിയതെന്ന് ഓർക്കണം. എല്ലാം ഭംഗിയായി നിർവഹിച്ച് കഴിഞ്ഞപ്പോൾ, വയറിന്റെ മറ്റേ രണ്ടറ്റത്തും ബാറ്ററി കൊടുത്തു നോക്കി. ബൾബ് കത്തുന്നില്ല. അതെന്താ കത്താത്തത്? കുറച്ച് നേരത്തെ മുടിഞ്ഞ ആലോചന... ഇത് ചാർജില്ലാത്ത ബാറ്ററി ആയിരിക്കുമോ, അപ്പൂപ്പനെ പോലെ? ഏതായാലും കറണ്ടിൽ കൊടുത്ത് നോക്കാം! എല്ലാ സാമഗ്രികളും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

സ്വിച്ചുകളെല്ലാം ഓഫ് ചെയ്ത്, വയറുകളുടെ രണ്ടറ്റവും സോക്കറ്റിൽ തിരുകി. പിന്നെ, അടുത്ത് കിടന്ന കസേരയിൽ സ്വസ്ഥമായി ഇരുന്നു. ഇനി സ്വിച്ചിട്ടാൽ മാത്രം മതി. അവസാന നിരീക്ഷണമെന്ന് നിലയിൽ അസംമ്പ്ലി മുഴുവൻ പരിശോധിച്ചു. അപ്പോഴാണ്, പോസ്റ്റിവ് ചാർജിലെ ലെഡിൽ ചേർന്നിരിക്കേണ്ട ചെമ്പുകമ്പി വിട്ടുനിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും അത് ചേർന്നിരിക്കുന്നില്ല. ങാഹാ...! എന്നോടാണോ കളി? കമ്പിയും ലെഡും ചേരുന്ന ഭാഗം തുടയിൽ വച്ച് അമർത്തി. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. അങ്ങനെ, ബൾബിനെ തുടയിൽ വച്ചമർത്തി എത്തിവലിഞ്ഞ് മുകളിലുള്ള സ്വിച്ചിട്ടു. ഠിം!

രക്ത ധമണികളിലൂടെ പേപിടിച്ച നാലഞ്ച് പെരുച്ചാഴികൾ അങ്ങൊട്ടുമിങ്ങോട്ടും ഓടിയാൽ എങ്ങനെയിരിക്കും? തുടയിലിരുന്ന ബൾബ് പൊട്ടിത്തെറിച്ചു. "എന്റമ്മോ" എന്ന് വിളിച്ച് കണ്ണിൽ കണ്ട വാതായനത്തിലൂടെ പുറത്തേക്ക് ഒറ്റ ഓട്ടം. ഇതെല്ലാം ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു. വിളിയും ഓട്ടവും instinct ആയിരുന്നതിനാൽ ഒരു നൂറ് മീറ്റർ കഴിഞ്ഞപ്പോഴാണ് ബോധം തിരിച്ചുകിട്ടുന്നത്. ഭാഗ്യത്തിന് ആരും കണ്ടില്ല. വിറക്കുന്ന മനസോടെ ഞാൻ തിരിച്ച് നടന്നു. പിന്നെ, പാടത്ത് ഞണ്ട് പിടിക്കാനിരിക്കുന്നത് പോലെ, പമ്മിപ്പമ്മി വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കി. പൊട്ടിയ ബൾബും വയറും സോക്കറ്റിൽ തൂങ്ങിക്കിടക്കുന്നു. മുറ്റത്ത് കുത്തിച്ചാരി വച്ചിരുന്ന മടലെടുത്ത് പമ്പ് ചത്തോന്നറിയാൻ വേണ്ടി കുത്തിനോക്കും പോലെ, ബൾബിനെ സാവധാനം തട്ടി. പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ, വിറകൈകളോടെ സ്വിച്ച് ഓഫ് ചെയ്ത് വയർ സോക്കറ്റിൽ നിന്നൂരി. പിന്നെ, എല്ലാം കൂടി ചുരുട്ടിക്കൂട്ടി ഒറ്റയേറ്. അന്ന് മുഴുവൻ വീട്ടിൽ കറണ്ടില്ലായിരുന്നു. രാത്രി മുഴുവൻ കുറ്റബോധം... ഈശ്വരാ ഞാനെന്താ ഈ ചെയ്തത്? പിറ്റേന്ന് ലൈൻമാൻ വന്ന് ഫ്യൂസ് ശരിയാക്കി. അതോടെ കറണ്ടിനോടുള്ള കൗതുകം അവസാനിച്ചു. ഇന്ന് അന്നത്തെ സംഭവത്തെ കുറിച്ചോർക്കുമ്പോൾ ചിരി വരാറുണ്ട്, ഒപ്പം അത്ഭുതവും! കറണ്ടടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു എന്ന് എന്റെ പേര് പിറ്റേന്ന് പത്രത്തിൽ വാർത്ത വരാതിരുന്നത് പൂർവജന്മപുണ്യം.