Monday, June 27, 2011

അവളുടെ പേര് നിഷ!

അവളുടെ പേര് നിഷ!
സത്യത്തിൽ,
‘നിശ’ എന്നോ മറ്റോ
ആവണമായിരുന്നു
അവളുടെ പേര്!
അത്രയ്ക്ക് വൃത്തികെട്ടവൾ!
കണ്ണീച്ചോരയില്ലാത്തവൾ!
നാണമില്ലാത്തവൾ!
പട്ടി!
തെണ്ടി!
പിച്ചക്കാരി!

അവളെയിന്ന് പേപ്പട്ടി വിരട്ടട്ടെ!
സൈക്കിൾ മുട്ടി
ആശുപത്രിയിലാവട്ടെ!
കല്ലിൽ തട്ടി
കാൽ പൊട്ടട്ടെ!
ഓടയിൽ വീണ്
പല്ല് ഉടയട്ടെ!
വീട്ടിൽ നിന്ന്
ഇറക്കി വിടട്ടെ!
കോളറ വന്ന്
കിടപ്പിലാവട്ടെ!
ഇതൊന്നും നടന്നില്ലെങ്കിൽ,
അഞ്ചാം ക്ലാസിൽ
അവൾ തോൽക്കട്ടെ!

അന്നെനിക്ക്
ഇത്രയും തെറികൾ മാത്രമേ
അറിയാമായിരുന്നുള്ളൂ...
ബോർഡിൽ പേരെഴുതിയാൽ
പിന്നെ എന്നാ ചെയ്യും?
ചൊറിയൻ കുമാറിന്
പെൻസിൽ കൊടുക്കാൻ
ഒന്ന് തിരിഞ്ഞതേയുള്ളൂ!
അതിനിടയിൽ അവൾ
പേരെഴുതി വച്ചു.
തൊട്ടടുത്ത് കാരണവും.
“ക്ലാസിൽ തിരിഞ്ഞിരുന്ന്
സംസാരിച്ചു.”

കരിയൻ മാഷിന്റെ പേരക്കമ്പ്
മേശപ്പുറത്തിരുന്ന്
ചിരിക്കുന്നു.
ഒരു ദാക്ഷണ്യവുമില്ലാത്ത
കാട്ടുപോത്താണ്!
കഴിഞ്ഞ തവണത്തെ ചൂട്
ഇപ്പഴും മാറിയിട്ടില്ല.
ചന്തിയിൽ അത്
തണുത്ത് കിടപ്പുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക?

രണ്ടും കൽ‌പ്പിച്ച് നിഷയെ
ആംഗ്യം കാട്ടി
അടുത്ത് വിളിച്ചു.
“ആ പേരൊന്ന് മായ്ക്കാമോ?”
എന്ന് അപേക്ഷിച്ചു.
എവിടെ ഏൽക്കാൻ?
ഇവളൊന്നും കൊണം പിടിക്കില്ല.

“നീ മായ്ക്കുന്നോ ഇല്ലയോ?”
പിന്നെ ഭീഷണിയായി.
അതിലും ഫലമുണ്ടായില്ല.
ഒപ്പം, പേരിന് താഴെ
മറ്റൊരു കാരണം കൂടി
പ്രത്യക്ഷപ്പെട്ടു.
“മനപ്പൂർവം ക്ലാസിൽ
ഒച്ചയുണ്ടാക്കി.”

എന്തായാലും അടി ഉറപ്പ്!
എന്നാപ്പിന്നെ,
ഇവളെയിന്ന് ഒരു പാഠം
പഠിപ്പിച്ചിട്ടേയുള്ളൂ....
അരിശം മൂത്ത്
ചാടിയെണീറ്റു.
പിന്നെ,
കൈയ്യിൽ കിട്ടിയ
പേപ്പർ ചുരുട്ടി
ബോർഡിൽ കിടന്ന
പേര് മായ്ച്ചു.

അവൾ വിടുമോ?
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
ഒടുക്കം അവൾ
ക്ലാസിൽ നിന്ന്
ഇറങ്ങിപ്പോയി.
ഹി ഹി....
എന്നോട് കളിച്ചാൽ
ഇങ്ങനെയിരിക്കും!
വിജയശ്രീ ലാളിതനായി
സഹപാഠികളുടെ കയ്യടി
ഏറ്റുവാങ്ങി
ഞാൻ ബഞ്ചിൽ പോയിരുന്നു.
“അവൾക്ക് അങ്ങനെ തന്നെ വേണം”
പിന്നിൽ നിന്ന്
തോളിൽ തട്ടി
അഭിനന്ദനം.
പെൺകുട്ടികളിൽ ചിലർ
ആരാധനയോടെ നോക്കുന്നു.
കിട്ടിയ തക്കത്തിന്
ചിലർ
റോക്കറ്റ് പറത്തുന്നു.
മഷി കുടയുന്നു.
ബഞ്ച് വലിച്ച്
മുതുകിൽ ഇടിക്കുന്നു.
ക്ലാസിൽ ആകെപ്പാടെ ബഹളം.

പ്രശംസകളും
അഭിവാദനങ്ങളും
വരവ് വച്ച്
തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ കരിയൻ മാഷ്,
കൂടെ അവളും!
സ്മശാനം പോലെ
നിശ്ചലമായ ക്ലാസിൽ
എന്റെ ഹൃദയം മാത്രം
നിർത്താതെ
പെരുമ്പറ മുഴക്കി.
ഏതാണ്ട് അതേ താളത്തിൽ
കിട്ടിയ അടിയുടെ ചൂട്
ഇന്നും എൻ
ഉള്ളം കൈയ്യിൽ!

അവളുടെ പേര് നിഷ!
അവൾക്കൊരു പക്ഷേ
എന്നെ
ഓർമ്മയുണ്ടാവില്ല.
അഞ്ചാം ക്ലാസ്
കഴിഞ്ഞപ്പോൾ
 അവളെ
വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഞങ്ങൾ
കണ്ടിട്ടേയില്ല,
ഇന്നുവരെ!

Sunday, June 26, 2011

കൊഴിയാത്ത ധാന്യമണികള്‍

ലേഖ വീണ്ടും ഗര്‍ഭിണിയായി! ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, അവള്‍ അക്കാര്യം ആരെയും അറിയിച്ചില്ല. ഗര്‍ഭധാരണം ആ വേശ്യാലയത്തിൽ ഒരു വാർത്തയല്ല. അങ്ങനെയെങ്ങാനും സംഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് മണിച്ചേച്ചിയുടെ നിയമം. ചേരിയിലെ ജീർണ്ണിച്ചു തുടങ്ങിയ ആ ഇരുനില കെട്ടിടത്തിന്റെ ഉടമയാണ് മണിച്ചേച്ചി. പട്ടണത്തിൽ നടക്കുന്ന സകല കൂട്ടിക്കൊടുപ്പുകൾക്കും ഒത്താ‍ശ ചെയ്യുന്ന മണിച്ചേച്ചിയെ ചേരിയിലുള്ള ആബാലവൃദ്ധം ജനങ്ങൾക്കും ഭയമാണ്, എന്തിന് അവിടത്തെ രാഷ്ട്രീയക്കാർക്ക് പോലും! എങ്കിലും, ലേഖയ്ക്ക് അത് പറയാൻ തോന്നിയില്ല. വഴിയാത്രക്കാരുടെ ഓട്ടക്കീശയില്‍ നിന്ന് വീഴുന്ന ധാന്യമണികൾ ആരും പെറുക്കാറില്ല, എന്നാലും...! ലേഖയുടെ മനസ് മടിച്ചു.

കഴിഞ്ഞ ആറ് തവണയും ലേഖയ്ക്ക് ഗർഭഛിദ്രം നടത്തിയത് ഒരു നേഴ്സാണ്. വൈകുന്നേരങ്ങളിലാണ് അവർ എത്തുക. ആ കെട്ടിടത്തിൽ അവർക്ക് പ്രത്യേകം ഒരു മുറിയുണ്ട്, അതിൽ പൊക്കമുള്ള ഒരു ഇരുമ്പ് കട്ടിലും. ഓരോരുത്തരായി വേണം ചെല്ലാൻ. അകത്തുകടന്നാൽ കയറിയ ആൾ തന്നെ വാതിലടച്ച് കുറ്റിയിടണം, തുണിയഴിച്ച് കട്ടിലിൽ കിടക്കണം, പിന്നെ കാലുകൾ വിടർത്തണം. ആ സ്ത്രീ ഒന്നും പറയുകയോ മിണ്ടുകയോ ചെയ്യില്ല. അവർ പറയാതെ തന്നെ ഇവ ചെയ്തില്ലെങ്കിൽ മുതുകത്ത് അടിയാണ്, ചിലപ്പോൾ കട്ടിലേക്ക് പിടിച്ച് തള്ളും. ചികിത്സയ്ക്കിടയിൽ കരയാനോ ശബ്ദിക്കാനോ പാടില്ല. ശബ്ദിച്ചാൽ കൈയ്യിലിരിക്കുന്നത് വച്ച് തുടയിൽ കുത്തും. ആദ്യ രണ്ട് ഗർഭഛിദ്രങ്ങളോടെ ലേഖ പഠിച്ചു. ആ താടകയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചു. പക്ഷേ, ഫലമുണ്ടായില്ല! ക്വാണ്ഡം ഉപയോഗിച്ചാൽ സുഖം നഷ്ടമാവുമെന്ന് പറയുന്ന കസ്റ്റമേഴ്സിനെ പിന്നെ എന്തുചെയ്യാൻ കഴിയും?

ഇടനാഴിയില്‍ കേട്ട കാലൊച്ചയാണ് ലേഖയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് അവൾ എഴുന്നേറ്റു. സ്വൽ‌പ്പം നേരം മുമ്പ് വന്നുപോയ മനുഷ്യന്റെ പരാക്രമങ്ങള്‍ മൂലം അലങ്കോലമായ കട്ടിലിലെ കിടക്കവിരിയും തലയിണയും നേരെയാക്കി അവള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു. അരക്കെട്ടിലൂടെ അയഞ്ഞുതൂങ്ങുന്ന സാരിയുടെ അറ്റം കണ്ടുപിടിക്കുന്നതിനിടയിൽ, ആ കാലൊച്ച കതക് തുറന്ന് ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്നു. ആ കാലൊച്ച ആവേശത്തോടെ തന്നെ സമീപിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, പൊക്കിൾ താഴ്ത്തി തിരുകാൻ സ്വരൂപിച്ച സാരിത്തുമ്പിന്‍റെ പിടി അവൾ മെല്ലെ വിട്ടു. മുഖത്ത് നിന്ന് വിയര്‍പ്പുകണികകള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ സാരി മുഴുവന്‍ സാവധാനം നിലം പതിച്ചു. പിന്നെ, വില കൊടുത്തു വാങ്ങിയ ശരീരത്തിന്റെ നഗ്നത യാതൊരു പരിശ്രമവും കൂടാതെ വെളിവാക്കപ്പെട്ടതിന്റെ ലഹരിയിൽ ചുണ്ടുകൾ നുണയുന്ന ശബ്ദം തന്റെ പിന്നിൽ നിന്ന് വരുന്നത് അവൾ കേട്ടു.

വഴിയമ്പലങ്ങളില്‍ എണ്ണവിളക്കുമായി നില്‍ക്കുന്ന കല്‍‌പ്രതിമയെ പോലെ ലേഖ നിന്നു. എന്നിട്ടും, പിന്നിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവില്ലെന്ന് കണ്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു... പിന്നെ സ്വയം തിരിഞ്ഞ് തനിക്ക് മുന്നിൽ നിൽക്കുന്ന പുരുഷത്വത്തിന്റെ കണ്ണുകളിലേക്ക് നോക്കി, അപരിചിതമായ മരണ താഴ്വരയില്‍ ചെന്നകപ്പെട്ട പഥിതന്‍റെ ഭയപ്പാടുകള്‍ അവൾക്ക് ആ കണ്‍കളില്‍ കാണാമായിരുന്നു! അവ നന്നായി ആസ്വദിച്ച ശേഷം, ലേഖ കട്ടിലില്‍ ഇരുന്നു.

സങ്കോച രഹിതമായ അവളുടെ കണ്‍കളില്‍ നിന്ന് നിര്‍ഭരം പ്രസരിക്കുന്ന ഉദാസീനതയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ യുവത്വം കൈകൾ തുരുമി. മുൻ‌കൈയ്യെടുക്കേണ്ടത് താനാണെന്ന് അറിയാമായിരുന്നിട്ടും, ലേഖ അയാളുടെ ചേഷ്ടകളെ ആസ്വദിച്ച് കട്ടിലിൽ തന്നെ ഇരുന്നു, പുഞ്ചിരിക്കുന്ന ഒരു മനസുമായി! ഒടുവിൽ, സ്വന്തം കഴിവുകേട് സമ്മതിച്ച് ആ യുവാവ് കതക് തുറന്ന് ഇടനാഴിയിലൂടെ അതിവേഗം നടന്നകന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ! ലേഖയുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു, ഏറെ നാളുകൾക്ക് ശേഷം!

മനുഷ്യ ശ്രവങ്ങളുടെ മനം പുരട്ടുന്ന ദുർഗന്ധം വമിക്കുന്ന ആ കെട്ടിടത്തിലെ ഇടനാഴിയിൽ പിന്നെയും കാലൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. അവയെല്ലാം അവളുടെ മജ്ജയും മാംസവും ആവോളം രുചിച്ചു. എങ്കിലും, അവള്‍ ഗര്‍ഭിണിയാണെന്ന വിവരം മാത്രം അവിടെ ആരും അറിഞ്ഞില്ല. ഏറെ വൈകി, തന്‍റെയുള്ളില്‍ വളരുന്ന ഗര്‍ഭ ശ്രീമാനെ കുറിച്ച് പുറം‌ ലോകമറിയുമ്പോള്‍ ഈ മാംസച്ചന്തയില്‍ നിന്ന് താന്‍ പുറത്താവുമെന്ന് ലേഖയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ കെട്ടിടത്തിന്റെ ചുവരുകൾ ചാടിക്കടക്കാന്‍ വേറെ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, എങ്കിലും ഇവിടെ നിന്നും തനിക്ക് അജ്ഞാതമായ മരുപ്രദേശങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന അര്‍ത്ഥ ശൂന്യതകളിലും ഏകാന്തതയിലും ആവേശം പകരാന്‍..., പാപ പങ്കിലമായ ചുറ്റുപാടില്‍ കിടന്ന് ജീർണ്ണമായ തന്‍റെ നിഷ്ക്കളങ്ക വികാരങ്ങളെ ഒരു താരാട്ടുപാട്ടിലൂടെ പുനര്‍ജനിപ്പിക്കുവാന്‍..., മനുഷ്യമൃഗങ്ങൾ കടിച്ച് വലിച്ച നീരില്ലാത്ത മുലകളിൽ നിന്നും മാതൃത്വം ചുരത്തി സായൂജ്യമടയുവാൻ..., മനുഷ്യ വൈകൃതങ്ങൾ ഉഴുതുമറിച്ച തന്റെ ജനനേന്ദ്രിയങ്ങളെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവീകരിക്കാൻ..., സ്നേഹവായ്പ്പുകളോടെ ചുടു ചുംബനങ്ങൾ ആവോളം നൽകാൻ..., പിന്നെ അരോടും പരിഭവം പറയാതെ ഒരു നാള്‍ ആ കൈകളിൽ കിടന്ന് ചത്തൊടുങ്ങാൻ...  ഒരു തുണ! ലേഖ മൌനം ഭജിച്ചു.

Saturday, June 25, 2011

കുരിശില്‍ നിന്ന് കാശ്മീരിലേക്ക്?

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
ആമുഖം

റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.

ചില സൂചനകൾ

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

എന്തിന് ഇന്ത്യയിലേക്ക്?

യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!

2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.

3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.


യേശുവിന്‍റെ കാശ്മീരിലെ കല്ലറ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.

Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!

തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

പുസ്തകങ്ങളിലൂടെ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.

കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.

Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം!  ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!

(ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു. വിവർത്തനം ചെയ്ത് വെറുതേ വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദ്ദേശത്തോടെയാണ് അത്.)

Tuesday, June 21, 2011

എബിയുടെ പള്ളിയുറക്കം!

പാതിരാത്രി വരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ചില കമ്മറിയംഗങ്ങളുമായി പള്ളിക്കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്ന ഇടവക വികാരി ഫാദർ വര്‍ഗീസ് കരോള്‍ സംഘത്തെ പള്ളിമേടയിൽ സ്വീകരിച്ചിരുത്തി. “എങ്ങനെയൊണ്ടായിരുന്നു ഇക്കൊല്ലത്തെ കരോൾ?” അച്ചൻ തിരക്കി. “കൊള്ളാമായിരുന്നച്ചോ!” - സംഘം കൂട്ടത്തോടെ പറഞ്ഞു. “കൊള്ളാം, കഴിഞ്ഞ കൊല്ലം കരോളിന് കുറേ കൂടി ആ‍ളുണ്ടായിരുന്നു. ങാ...സാരമില്ല. അടുത്ത ഞായറാഴ്ച ആവട്ടെ... എല്ലാറ്റിനും വച്ചിട്ടുണ്ട്.” ക്ഷീണിച്ചവശരായ ഗായക സംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാറും അച്ചനെ സഹായിയുമായ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞു. പക്ഷേ ആര്‍ക്കും കാപ്പി വേണ്ട. ഭൂരിപക്ഷത്തിനും ചുക്കുകാപ്പിയെന്ന് പറഞ്ഞാൽ അലർജിയാണ്. തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം കിട്ടിയതുമാണ്. അപ്പവും ആട്ടിറച്ചിയും വാഴപ്പഴവും പലഹാരങ്ങളും കഴിച്ച് അനങ്ങാന്‍ മേലാതിരിക്കുമ്പോഴാണ് ഒരു ഒണക്ക കാപ്പി! സംഘം പിറുപിറുത്തു!

“എന്നതാടാ എബിയേ നീയീ പിറുപിറുക്കുന്നേ?” കാപ്പി ഊതിക്കുടിച്ച് അച്ചന്‍ ചോദിച്ചു. പള്ളിയിലെ എന്ത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന കുഞ്ഞാടാണ് എബി. “ഒന്നുമില്ലച്ചോ! ഒറക്കം വരുന്നൂന്ന് പറഞ്ഞതാ!” അവൻ പറഞ്ഞു. “നിന്‍റെ പരൂക്ഷയൊക്കെ കഴിഞ്ഞായിരുന്നോ?” “കഴിഞ്ഞു.” “എത്ര മാര്‍ക്ക് കിട്ടും?” “ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നച്ചോ!” “അങ്ങനെ ജയിച്ചാ മാത്രം മതിയോടാ, കൊച്ചനേ! നിന്‍റെ തന്ത അവറാച്ചന്‍ അതിന് സമ്മതിക്കുമോ?” അച്ചന്‍ വിടുന്ന ലക്ഷണമില്ല. “പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ നില്‍ക്കുന്ന കൊച്ചനാ! നന്നായി പഠിക്കണം കേട്ടോ!” “ശരിയച്ചോ...” എബി മൂളി.

എബിയുമായുള്ള വര്‍ഗീസച്ചന്‍റെ സംഭാഷണത്തിനിടയില്‍ കിട്ടിയ തക്കത്തിന് ഗായക സംഘത്തിലെ തലമൂത്ത കുഞ്ഞാടുകൾ പള്ളിമേടയിൽ നിന്ന് പുറത്തേക്ക് വലിഞ്ഞു. വേണമെങ്കില്‍ നേരം വെളുക്കുന്നതുവരെ സംസാരിച്ചിരിക്കുന്ന പ്രകൃതക്കാരനാണ് വികാരിയച്ചന്‍. “നിനക്ക് വിശപ്പുണ്ടോടാ എബിയേ…! അടുക്കളേല്‍ നല്ല കോഴിക്കറിയും ചപ്പാത്തിയും ഇരുപ്പുണ്ട്. നമ്മടെ കൊച്ചുത്രേസ്യാ കൊണ്ടത്തന്നതാ…!” അച്ചന്‍റെ വീണ്ടും എബിയിലേക്ക് തിരിച്ചറിഞ്ഞു. “വേണ്ടച്ചോ, വയറില്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.” “വേണ്ടെങ്കില്‍ വേണ്ട. ഈ സമയത്തിന് വീട്ടില്‍ ചെന്നാല്‍ നിന്‍റെ അപ്പന്‍ വീട്ടില്‍ കയറ്റുമോടാ?” “ഇന്ന് ഞങ്ങള്‍ വീട്ടില്‍ പോകുന്നല്ലച്ചോ! പള്ളിയില്‍ കിടന്നുറങ്ങാനാണ് പരിപാടി.” “ങാ… അതുകൊള്ളാം, വീട്ടുകാരെ ശല്യപ്പെടുത്തണ്ടല്ലോ! ആരൊക്കെയാ പള്ളിയില്‍ കിടക്കുന്നത്?” “ഞാന്‍, ജോസ്, മാത്യു, പിന്നെ ജേക്കബ്.” “കൊള്ളാം, സമപ്രായക്കാരെല്ലാം കൂടി പള്ളിയെ പൊളിച്ചടുക്കിയേക്കരുത്! ശരിയെന്നാ…. നാളത്തെ കുര്‍ബാനയ്ക്ക് കാണാം. ഗുഡ്നൈറ്റ്!” അവശേഷിച്ച കാപ്പി ഒറ്റക്കവിളില്‍ അകത്താക്കി അച്ചന്‍ അകത്തുകടന്ന് വാതിലടച്ചു. അച്ചന്‍റെ ഓഫീസ് മുറിയിലെ ആണിയില്‍ തൂങ്ങിയ താക്കോലുകള്‍ കൈക്കലാക്കി എബിയും സംഘവും അടുത്തുള്ള പള്ളിയിലെത്തി.

പള്ളിപ്പരിസരത്താകെ കുറ്റാക്കൂരിരുട്ട്! തൊട്ടടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്നും അതിനോട് ചേർന്നുള്ള സെമിത്തേരിയിൽ നിന്നും തണുത്ത കാറ്റ് വീശുന്നു. ചീവീടുകളുടെയും കരത്തവളകളുടെയും കരച്ചിൽ. ഇടക്കിടെ പട്ടികള്‍ ഓരിയിടുന്നു. പള്ളിമേടയിൽ നിന്നുള്ള ലൈറ്റ് വെളിച്ചത്തിന്റെ ധൈര്യത്തിൽ എബിയും സംഘവും പള്ളി വരാന്തയിലെത്തി. അവിടമാകെ പ്രാവിൻ കാഷ്ടത്തിന്റെ ഉഗ്രഗന്ധം. പള്ളിവാതിലിലെ താക്കോല്‍ പഴുത് തപ്പിപ്പിടിച്ച് എബി താക്കോല്‍ക്കൂട്ടത്തിലെ ഏറ്റവും വലിയ താക്കോല്‍ പഴുതില്‍ കയറ്റി. പിന്നെ, ശക്തിയായി തിരിച്ചു. ഉള്ള് കാളിപ്പോകുന്ന ശബ്ദത്തില്‍ താഴ് തുറന്നു‍, ഒപ്പം പള്ളിയുടെ മച്ചിൽ നിന്നെവിടെ നിന്നോ ഒരുകൂട്ടം പ്രാവുകൾ ചിറകടിച്ച് പറന്നുപോയി. എബിയും കൂട്ടരും ഒരുനിമിഷം ഞെട്ടി. കൂടെയുള്ള സുഹൃത്തുക്കളുടെ ഭാവഭേദങ്ങള്‍ കാണാന്‍ വകുപ്പില്ലാതിരുന്നതിനാല്‍, കൂടുതലൊന്നും ആലോചിക്കാതെ എബി പള്ളിയിലേക്ക് പ്രവേശിച്ചു. ഒപ്പം, കുന്തിരിക്കത്തിന്‍റെയും, മെഴുകുതിരിയുടെയും ഇടകലര്‍ന്ന മണം അവന്റെ നാസാരന്ത്രങ്ങളിലേക്ക് തുളച്ചുകയറി.

അൾത്താരയിലെ കെടാവിളക്ക് അല്ലാതെ പള്ളിയിൽ ഒരു തരി വെട്ടമില്ല. കണ്ണുകാണാതെ എബിയും സംഘവും സ്വിച്ച് തേടി ചുവരാകെ തപ്പാൻ തുടങ്ങി. സഹജമായി പേടി മാറ്റാനെന്നോണം അവർ ഇടക്കിടെ പരസ്പരം എന്തൊക്കെ പറയുന്നുണ്ട്. സ്വിച്ച് കണ്ടെത്താന്‍ വൈകുംന്തോറും എബിയുടെ മനസില്‍ ആദി. കരോള്‍ കേട്ട് രസിച്ച ഏതെങ്കിലും അനാഥ പ്രേതം തങ്ങളോടൊപ്പം പള്ളിക്കകത്ത് കയറിയിട്ടുണ്ടാവുമോ? ഹേയ്... പള്ളിക്കകത്ത് കയറാൻ അവറ്റകൾ ധൈര്യപ്പെടുമോ? തപ്പിത്തപ്പി ഒടുവില്‍ എബിയുടെ കൈ ഏതോ ഒന്നില്‍ മുട്ടി. “സാധനം സ്വിച്ചല്ല, അതിന് ഇത്രയും മൃദുലതയില്ലല്ലോ!” എബി ഒരു നിമിഷം സംശയിച്ചു. “കൈയ്യീന്ന് വിടടാ, കോപ്പേ… ലൈറ്റിടാനും സമ്മതിക്കില്ല.” ജോസിന്റെ ആട്ടൽ പൂർണ്ണമാവുന്നതിന് മുമ്പേ ഒരു കൂട്ടം ബള്‍ബുകള്‍ തെളിഞ്ഞു. “ഹാവൂ ആശ്വാസമായി,” എബി മനസിൽ പറഞ്ഞു. ഇനി സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കണം.

ഉറക്കഭാരം താങ്ങാനാവാതെ മാത്യുവും ജേക്കബും കിട്ടിയ പായ നിവര്‍ത്തിയിട്ട് കടന്നുകഴിഞ്ഞു. അള്‍ത്താരയൊന്ന് തപ്പിയാല്‍ മൂടാന്‍ വല്ല കമ്പിളിയോ പുതുപ്പോ കിട്ടാതിരിക്കില്ല. അൾത്താരാ ബാലന്മാരായ എബിയും ജോസും തിരശ്ശില ഒതുക്കി അള്‍ത്താര പ്രവേശിച്ചു. കുരിശില്‍ തൂങ്ങുന്ന ഈശോമിശിഹായെ വണങ്ങി, മദ്‌ഹബയുടെ പടിയിൽ വിരിച്ചിരുന്ന കമ്പിളി മെലെ വലിച്ചെടുത്തു. “അള്‍ത്താരയില്‍ തന്നെ കിടന്നാലോ!” ജോസ് പതിയെ ചോദിച്ചു. ഇവിടെയാവുമ്പോ പ്രാവിൻ കാഷ്ടത്തിന്റെ ഗന്ധമോ, തണുപ്പോ ഇല്ല. പിന്നെ കെടാ വിളക്ക് ഉള്ളതിനാൽ പേടിയും വരില്ല. “അതുവേണ്ട!” എബി പറഞ്ഞു. സ്ഥലം അള്‍ത്താരയാണ്, സക്രാരിയുള്ള സ്ഥലമാണ്… സൂക്ഷിക്കണം. വിശുദ്ധ കുർബാനയെ അവഹേളിച്ചാലുണ്ടാവുന്ന ശിക്ഷ നരകമായിരിക്കും. കര്‍ത്താവോ, ഏതെങ്കിലും മാലാഖമാരോ കയറി ഇടപെട്ടാല്‍ സംഗതി കുഴപ്പമാവും. കര്‍ത്താവിന്‍റെ അൾത്താരയിൽ തിരുവസ്ത്രം മോഷ്ടിച്ചത് തന്നെ വലിയ കുറ്റം. മോഷണം കര്‍ത്താവ് ക്ഷമിക്കും, പക്ഷേ മോഷണവും നടത്തി അവിടെതന്നെ ക്കിടന്നുറങ്ങിയാൽ കർത്താവ് പോയിട്ട് വികാരിയച്ചൻ പോലും പൊറുക്കില്ല. തന്നെയുമല്ല, പത്താം ക്ലാസ് പരീക്ഷയാണ് അടുത്തുവരുന്നത്! വൈരാഗ്യം മനസില്‍ വച്ച് കര്‍ത്താവ് തന്നെ തോല്‍പ്പിക്കുകയെങ്ങാനും ചെയ്താല്‍ എല്ലാം തീര്‍ന്നു… എബിയുടെ മനസിലൂടെ ചിന്തകള്‍ മിന്നല്‍പ്പിണര്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. പിന്നെ, കിട്ടിയ തുണികളെല്ലാം കൈയ്യിലെടുത്ത് രണ്ടുപേരും അള്‍ത്താരയില്‍ നിന്നിറങ്ങി.

മാത്യുവും ജേക്കബും കൂര്‍ക്കം വലിച്ചുതുടങ്ങിയിരുന്നു. തടിയന്‍‌മാര്‍! പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ! എബി ചിരിച്ചു. കാണ്ടാമൃഗത്തിന്‍റെ തോല് തന്നെ, ഇവന്‍‌മാര്‍ക്ക് തണുക്കുന്നില്ലേ? കുമ്പസാരക്കൂടിന്‍റെ ഒരു മൂലയില്‍ തുണിയെല്ലാം വിരിച്ച് എബിയും ജോസും കിടന്നു. “എടാ ജോസേ… ലൈറ്റണക്കെടാ!” “ങും!” പറഞ്ഞിട്ട് കാര്യമില്ല, എബി നിവര്‍ത്തിയില്ലാതെ എഴുന്നെറ്റു. സ്വിച്ചില്‍ വിരല്‍ വച്ച ശേഷം, ഇരുട്ടത്ത് നടന്നുപോകേണ്ട ദിശ അവസാനമായി മനസില്‍ കണക്കാക്കി, എബി വിരല്‍ അമര്‍ത്തി. വീണ്ടും കുറ്റാക്കൂരിരുട്ട്! സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…. പമ്മിപ്പമ്മി നടക്കുന്നതിനിടയില്‍ എബിയുടെ നാവില്‍ നിന്ന് അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. “അയ്യോ…. കാലിലാണോടാ ചവിട്ടുന്നത്, കോപ്പേ!” ജോസിന്‍റെ ശകാരം കേട്ടപ്പോൾ എബിയുടെ ശ്വാസം വീണു. ഇത്ര പെട്ടെന്ന് എത്തിയോ...? ഇരുട്ടത്ത് നടന്നാൽ ദൂരം പോകുന്നത് അറിയുകയേ ഇല്ല. കുരിശ് വരച്ച്, നന്‍‌മ നിറഞ്ഞ മറിയം ചൊല്ലി എബി കിടന്നു.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും... ആരോ അടക്കിച്ചിരിക്കുന്ന ശബ്ദം എബിയുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും കാണാന്‍ കഴിയില്ലെങ്കിലും, എബി തലയുര്‍ത്തി ചുറ്റും നോക്കി. ഏതവനാടാ അത്? എബി മനസില്‍ പിറുപിറുത്തു. പിന്നെ, കർത്താവിനെ വിചാരിച്ച് കണ്ണടച്ച് കിടന്നു. പിന്നെയും കുശുകുശുപ്പ്. അടുത്തുകിടക്കുന്ന ജോസിന്‍റെ അനക്കമില്ല. എബി എഴുന്നേറ്റിരുന്നു. മാത്യുവും ജേക്കബും കിടക്കുന്ന ഭാഗത്ത് നിന്നാണ് ചിരി വരുന്നത്. ഈ നട്ടപ്പാതിരായ്ക്ക് ഇവന്മാർക്ക് ഉറക്കവും ഇല്ലേ? ഇവന്മാർക്ക് ഇത്ര കാര്യമായി എന്താ സംസാരിക്കാനുള്ളത്? അറിഞ്ഞിട്ട് തന്നെ കാര്യം എന്ന ഭാവേന എബി ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞു. ചിരിയും സംസാരവും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ദൂരത്തെത്തിയപ്പോൾ എബി ശ്വാസം അടക്കിപ്പിടിച്ചു.

“നമ്മുടെ ജോളിയില്ലേ, അവളുടെ കുളിസീന്‍ നീ കണ്ടിട്ടുണ്ടോ….? മുട്ടം ചരക്കാ!” മാത്യുവിന്റെ ശബ്ദം. “ഹോ! ജോളി വെറും ശിശുവാടാ കോപ്പേ! അവള്‍ക്ക് ഒന്നുമില്ല. അവളുടെ അമ്മയാടാ ചരക്ക്! എന്നാ മുഴുമുഴുപ്പാ!” “നീ ശരിക്കും കണ്ടിട്ടുണ്ടോ കൊച്ചുത്രേസ്യായെ?” “കണ്ടിട്ടുണ്ടോന്നോ! ഞങ്ങടെ റബര്‍ തോട്ടത്തിലെ തോട്ടിലല്ലേ അവൾ തുണിയലക്കുന്നത്. കിണ്ണം കാല്! രണ്ടെണ്ണത്തെ പെറ്റതാണെങ്കിലും ആള് ജഗജില്ലിയാ. ഒരു ദിവസം കേറി മുട്ടണം. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരാന.” “അളിയാ, നീ ആരെയെങ്കിലും @#$%&* ചെയ്തിട്ടുണ്ടോ?” “ഉണ്ടോന്നോ! എത്രയെണ്ണത്തിനെ!” “എന്നാ ഒരു സംഭവം പറ അളിയാ....” “അ... അത് പിന്നെ.... ഇത് പള്ളിയല്ലേ? അതൊക്കെ ഇവിടെ പറയാമോ?” “അളിയാ... നീ അങ്ങനെ പറയരുത്!” “ഓ ശരി... എന്നാ ഞാൻ ഒരു സംഭവം പറയാം....”

എബിയുടെ തകര്‍ത്ത ചിരി കേട്ടാണ് കുമ്പസാരക്കൂട്ടിനരികിൽ കിടന്ന ജോസ് ചാടിയെഴുന്നേൽക്കുന്നത്. അവൻ എബിയുടെ കിടക്ക തപ്പി. കിടക്ക കാലി. ഇതിവൻ എവിടെപ്പോയി? ജോസ് പതിയെ എഴുന്നേറ്റ്, സ്വിച്ചിന്റെ സ്ഥാനം മനസിൽ ഗണിച്ച് നടന്നു. ലൈറ്റിട്ട് നോക്കുമ്പോൾ, എബിയും മറ്റ് രണ്ട് പഹയന്‍‌മാരും കെട്ടിപ്പിടിച്ചിരുന്ന് എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നു! ഈ പാതിരായ്ക്ക് എന്നതാ ഇവന്‍‌മാര്‍ സംസാരിക്കുന്നതെന്നറിയാന്‍  ജോസും ഒപ്പം കൂടി. കപ്പിയാര്‍ രാവിലെ പള്ളിമണി അടിച്ചപ്പോഴാണ് നേരം വെളുത്ത കാര്യം പിന്നെ അവര്‍ അറിയുന്നത്! “ഛേയ്... നേരം ഇത്ര പെട്ടെന്ന് വെളുത്തോ?”  എബി പിറുപിറുത്തു... പള്ളീലച്ചനാവാൻ പോകുന്ന എബിയെ മറ്റ് സുഹൃത്തുകൾ രൂക്ഷമായി നോക്കി, പിന്നെ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു! കാര്യം പിടികിട്ടാതെ എബിയും അവരുടെ ചിരിയിൽ പങ്കുചേർന്നു.

Monday, June 20, 2011

ഞാനിനി ഇതു വഴിയില്ല

വാൾമുനയിൽ
ഊറി നില്‍ക്കും
രക്തത്തുള്ളി പോലെൻ
കണ്ണീര്‍ കണങ്ങള്‍!
കണ്മുനയിൽ
ഊറി നിന്നെൻ
കാഴ്ച മറയ്ക്കുന്നു
അശ്രുകണങ്ങള്‍!

ഇന്നലെ കഴിഞ്ഞ
ദുരന്ത നാടകം
മായാതെ നില്‍പ്പൂ
കണ്ണുകൾക്കുള്ളിൽ!
പിറകോട്ട് ചെന്നവ
തിരുത്തിക്കുറിക്കാൻ
ആവുമോ? ഇനി ഞാൻ
ഇനി ഇതു വഴിയില്ല!

ജനനം മുതൽ
ഈ നിമിഷം വരെ
അശ്രുകണങ്ങള്‍
എന്റെ തോഴന്‍!
എന്നെ ഓര്‍ത്ത്
എന്നും കരയുവാന്‍
എന്‍ കണ്ണുകളെങ്കിലും
ഉണ്ടായല്ലോ!

പണിതീരും മുമ്പേ
ഒലിച്ചുപോയെന്‍
മണിഗോപുരങ്ങള്‍!
കെട്ടിയുയർത്താൻ
ആവില്ല അവയിനി,
കാലങ്ങളായി നിനച്ചതെല്ലാം.

പോകുന്നു ഞാനെൻ
ഗേഹം തേടി.
പോകുന്നു ഞാനെൻ
സത്യം തേടി.
തിരികെ വിളിക്കരുത്,
എന്നെ ആരും!
തിരിഞ്ഞുനിൽക്കാൻ
ശേഷിയുമില്ല!
എന്നെ മറന്നേക്കൂ...
ഞാൻ പോകട്ടെ!

നടപ്പിന്റെ വേഗം
ഇനിയും കൂട്ടണം
ലോകാതിർത്തി വന്നാലും
പിന്നെയും നടക്കണം!
അങ്ങനെയെങ്കിലും
എൻ ഭൂതകാലത്തിൽ
നിന്നെനിക്ക്
ഓടിയകലണം,
വിദൂരത്തിലെത്തണം.

ഇനിയൊരു വരവില്ലെന്ന്
കാണുമ്പോൾ
കണ്ണുകൾ ആവേശം കാട്ടുന്നു,
പലതും,
അവസാനമായിട്ട്
കണ്ടു തീർക്കാൻ!
എങ്കിലും, ഞാനിനി
തിരിഞ്ഞുനോക്കില്ല!
എനിക്കാവില്ല, പിന്നെയും
ദുരന്ത സ്മരണകളെ
തട്ടിയുണർത്താൻ!

തമ്മില്‍ കാണാനിടയില്ല തീരമേ,
തിരികെയെത്താനിടയില്ല ഓളമേ,
ഇനിയെന്നെ കാണാന്‍
കൊതിക്കുന്ന നേരം
രാത്രി ആകാശസീമയിൽ
പരതി നോക്കാം!

Friday, June 17, 2011

വിച്ച് ഹണ്ട്: The Burning Times


കറുത്ത കുർബാനയെ കുറിച്ച് ഞാനെഴുതിയ കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ? അതിൽ, അധികം കാട് കയറാതിരിക്കാൻ, മനപ്പൂർവം പറയാതെ വിട്ട ഒരു ഭാഗം ഉണ്ടായിരുന്നു. അതാണ് വിച്ച് ഹണ്ട് (Witch Hunt). കറുത്ത കുർബാനയെ കുറിച്ച് ഇത്രയൊക്കെ പ്രതിപാദിച്ച സ്ഥിതിക്ക് വിച്ച് ഹണ്ടിനെ കുറിച്ച് കൂടി എന്തെങ്കിലും പറയാതിരിക്കുന്നത് അന്യായമാവും. കാരണം, അത്രമാത്രം ചരിത്ര ബന്ധമാണ് ഇവ രണ്ടിനും ഉള്ളത്!

ആമുഖം

വിച്ച് (Witch) എന്ന വാക്കിന്റെ പൊതുവായ അർത്ഥം മന്ത്രവാദി എന്നാണെങ്കിലും, മന്ത്രവാദിനിയെ സൂചിപ്പിക്കാനാണ് ‘വിച്ച്‘ എന്ന പദം അധികവും ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിലെ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയിലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥാപാത്രങ്ങളുടെ ഉറവിടം പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ജീവിച്ചിരുന്ന മന്ത്രവാദിനികൾ (വിച്ചുകൾ) ആയിരുന്നു. പതിനാലാം നൂറ്റാണ്ടുവരെ, അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തി പ്രാപിക്കുന്നത് വരെ, വിച്ചുകൾക്ക് ഇപ്പറഞ്ഞ ഭീതിജനകമായ ഒരു ഇമേജ് ഉണ്ടായിരുന്നില്ല. പരമ്പരാഗത ചികിത്സാരീതികളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും, പ്രത്യേകിച്ച് പേഗൺ പാരമ്പര്യം അനുസരിച്ച്, രോഗസൌഖ്യം നൽകുക പോലുള്ള സദ്പ്രവർത്തികൾ ചെയ്തിരുന്ന ഒരു പറ്റം സ്ത്രീകളെയാണ് വിച്ചുകൾ എന്ന് വിളിച്ചിരുന്നത്. എന്നാൽ, കഥ കീഴ്മേൽ മറിയുന്നത് കറുത്ത കുർബാനയുടെ ആവീർഭാവത്തോടെയാണ്.

കത്തോലിക്കാ പള്ളികളിൽ നിന്ന് ചില വിച്ചുകൾ സൂത്രത്തിൽ തിരുവോസ്തി മോഷ്ടിക്കുകയും, അവയെ കറുത്ത കുർബാനയിൽ വച്ച് നിന്ദിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിപക്ഷം വരുന്ന നിർദോഷികളായ വിച്ചുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. തിരുവോസ്തി മോഷണവും, കറുത്ത കുർബാനയും കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽ പെടുകയും, സഭ വിച്ചുകൾക്കെതിരെ സായുധ പോരാട്ടം അഴിച്ചുവിടുകയും ചെയ്തു. ഇതിനെയാണ് വിച്ച് ഹണ്ട് (Witch Hunt) എന്ന് വിളിക്കുന്നത്. നിരപരാധികളെന്നോ നിർദോഷികളെന്നോ നോക്കാതെ സകല വിച്ചുകളെയും പട്ടാളക്കാർ വകവരുത്തി. അങ്ങനെ, പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍, ഏകദേശം 5 ദശലക്ഷത്തോളം വിച്ചുകള്‍ ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് കണക്ക്, അതിൽ 90 ശതമാനവും സ്ത്രീകൾ ആയിരുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, എല്ലാ വിച്ചുകളും പ്രശ്നക്കാർ ആയിരുന്നില്ല. എന്നിട്ടും, അത്തരമൊരു പരിഗണന അവർക്ക് ആർക്കും ലഭിച്ചില്ല എന്നത് വിച്ചുകളുടെയും സഭയുടെയും ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്. (The Burning Times എന്നാണ് ഈ കാലഘട്ടം പൊതുവേ അറിയപ്പെടുന്നത്) മുകളിൽ പ്രതിപാദിച്ചുപോലെ, വിച്ച് ഹണ്ടിന്റെ പ്രത്യക്ഷ കാരണം കറുത്ത കുർബാന ആണെങ്കിലും, അതിന് മറ്റുചില കാരണങ്ങളും ഇല്ലാതില്ല. അതിൽ സുപ്രധാനമാണ് വിച്ചുകളെ കുറിച്ച് അക്കാലത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങൾ.

വിച്ചുകൾ സാത്താന്‍റെ കൂട്ടാളികളാണെന്നും, ആഭിചാരത്തിലൂടെ അവർ മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നുവെന്നും പേഗൻ ചിന്തകളെ നഖശിഖാന്തം എതിർത്തിരുന്ന ക്രൈസ്തവ നേതൃത്വം വിശ്വസിച്ചു. മന്ത്രവാദിനികള്‍ സാത്താന്‍റെ വെപ്പാട്ടികളാണെന്നും (അതുകൊണ്ട് തന്നെ വിച്ച് ഹണ്ടിൽ പിടിക്കപ്പെട്ടവരെ വ്യഭിചാര കുറ്റം ചുമത്തി), അവർ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ആചാരങ്ങൾ (അഥവാ കറുത്ത കുർബാന) നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അവർ വിശ്വസിച്ചു. യുദ്ധം, അകാല മരണം, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നതിന് വിച്ചുകൾ കാരണമായത്രേ! ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാല്‍ സ്ത്രീകള്‍ക്ക് നേരെ അന്നത്തെ പുരോഹിതന്മാർ വിഭാഗീയത പുലർത്തിയിരുന്നു. സ്ത്രീ ഒരു അശുദ്ധ ജീവിയാണെന്ന വിശ്വാസവും ഈ വിഭാഗീയതയ്ക്ക് പിന്നിൽ ഉണ്ട്. ഇതെല്ലാം വിച്ച് ഹണ്ടിന്റെ ആക്കം കൂട്ടിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വിച്ച് ഹണ്ടിലെല്ലാം നിഴലിച്ച് നിൽക്കുന്നതും ഈ സ്ത്രീ വിരുദ്ധ സമീപനമാണ്. അതുകൊണ്ടുതന്നെ, കൊല്ലപ്പെട്ട വിച്ചുകളില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. തെളിവോ വിചാരണയോ ഇല്ലാതെ പേഗൻ വിശ്വാസത്തെ കിടപിടിച്ച സ്ത്രീകളെല്ലാം നിഷ്ക്കരുണം മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു.

ഇനി രാഷ്ടീയ കാരണങ്ങൾ നോക്കാം. ക്രിസ്തുമതത്തിനെതിരെയും, ഭരണകൂടത്തിനെതിരെയും സംസാരിക്കുന്നവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുക --- ഇതായിരുന്നു വിച്ച് ഹണ്ടുകൾക്ക് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ കാരണം! അങ്ങനെ, ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും ചേർന്ന് മന്ത്രവാദത്തിന്റെ പേരിൽ ശത്രുക്കളെ മുഴുവന്‍ ജീവനോടെ ദഹിപ്പിച്ചു. ശത്രുക്കൾ മാത്രമല്ല, ക്രിസ്തുമതത്തെ അംഗീകരിക്കാത്ത പല അതിപുരാതന സമൂഹങ്ങളും സംസ്ക്കാരങ്ങളും അങ്ങനെ വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഫ്രാന്‍സിന്‍റെ നാഷണല്‍ ഹീറോയായി കരുതപ്പെടുന്ന ജോൻ ഓഫ് ആർക്കിന്‍റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തില്‍ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാന്‍ വയ്യ. സ്വപ്നത്തിൽ ലഭിച്ച ദര്‍ശനമനുസരിച്ച്, ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കിയ ജോനിന് രണാങ്കണത്തില്‍ വച്ച് മുറിവേൽക്കുകയും, തുടർന്ന് അവർ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയില്‍ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാര്‍ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തി പീഡിപ്പിച്ചു. 1431-ല്‍ അവര്‍ ജോനിനെ തീയില്‍ എറിഞ്ഞ് കൊന്നു. 1920-ല്‍ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ച സഭയ്ക്ക് അദ്ദേഹത്തെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം തന്നെ!

ഇനി, വിച്ച് ഹണ്ടിലെ സാമ്പത്തിക കാരണങ്ങൾ! മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, മന്ത്രവാദികളെ തിരഞ്ഞെടുക്കുന്നതിൽ വൻ അഴിമതിയും ഗൂഢാലോചനയും നടന്നിരുന്നു. ധനികരായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ഇവർ അഗ്നിയ്ക്ക് ഇരയാക്കി. അങ്ങനെ കണ്ടുകെട്ടിയ സമ്പത്ത് അവർ പരസ്പരം പങ്കിട്ടെടുക്കുമായിരുന്നത്രേ, യേശുവിന്റെ മേലങ്കി പങ്കിട്ടതുപോലെ! അതുപോലെ, പക, അസൂയ എന്നിവയും വിച്ച് ഹണ്ടുകളിൽ മുഖ്യപങ്ക് വഹിച്ചു.

പീഡനങ്ങള്‍

"വിച്ചുകളെ ജീവനോടെ ചുട്ടെരിക്കുക" എന്ന ശിക്ഷാമുറയാണ് വിച്ച് ഹണ്ടുകളിൽ പൊതുവേ അനുവർത്തിച്ച് കാണുന്നത്. എന്തുകൊണ്ടാവും അത്?

മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉടലെടുക്കുന്നത് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ (354-430) വാക്കുകളില്‍ നിന്നാണ്. “that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church.” ഇത് കൂടാതെ, പത്താം നൂറ്റാണ്ടില്‍ പേഗനിസം അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രവണതകൾക്കെതിരെ നിലവിലുണ്ടായിരുന്ന നിയമവും ഈ ശിക്ഷാ രീതിയ്ക്ക് പ്രചോദനമായി. ആ നിയമം ഇപ്രകാരമാണ്;

“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…”

അതവിടെ നിൽക്കട്ടെ. നമുക്ക് പീഡനമുറകളെ കുറിച്ച് നോക്കാം. വിച്ചുകളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് പോലെ ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം, പിടിക്കപ്പെട്ട വിച്ചിനെ കുന്തത്തിലോ മറ്റോ കെട്ടി തന്തൂരി ചിക്കന്‍ പൊള്ളിച്ചെടുക്കുന്നത് പോലെ കത്തിക്കുകയാണ് പതിവ്. ഇതിനായി സ്കോട്ട്ലാന്‍റില്‍ ഓരോ ദിവസവും 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നു. വിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ, അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും വിച്ച് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടികൂടി വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. ജീവനോടെ കത്തിക്കുന്നതിന് പുറമേ, പട്ടിണിക്കിടുക, വെള്ളത്തില്‍ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ ശിക്ഷകളും നടപ്പിലാക്കപ്പെട്ടു.

ഒരാൾ മന്ത്രവാദിനിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് പട്ടാളക്കാർ അവലംബിച്ചിരുന്ന ഒരു രീതി കൌതുകകരമാണ്. സംശയിക്കുന്ന ആളെ സൂചികൊണ്ട് കുത്തും. രക്തം വരാത്ത പക്ഷം അവളുടെ കാര്യം കട്ടപൊക! വിചാരണ അതിലും ഭ്രാന്തമായിരുന്നു. പ്രതിയെ മൂന്ന് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബാധിച്ച പ്രതി താന്‍ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തില്‍ ഒരുമിച്ചു കൂടുന്നതായും ഒക്കെ സമ്മതിച്ചു. കുറ്റം ഏറ്റുപറയാത്തവരെ മൃഗീയ പീഡിപ്പിച്ചു. ഇത്തരം പീഡനത്തില്‍ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നത്രേ.

കൊല്ലപ്പെട്ട വിച്ചുകളുടെ സംഖ്യ ചരിത്ര രേഖകളില്‍ നിന്ന്: റോം 100,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 10,000+ പേര്‍, ഇംഗ്ലണ്ട് 2,000+ പേര്‍, സ്കോട്ട്ലാന്‍റ് 3,069+ പേര്‍, സ്കന്‍ഡിനാവ 5,000+ പേര്‍, ഹംങ്കറി 1600+ പേര്‍, സ്പെയിന്‍ 3,686+! ഇതുവരെ എത്ര വിച്ചുകളാണ് കൊല്ലപ്പെട്ടെതെന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും, ഒരു ഏകദേശ കണക്കനുസരിച്ച് ജര്‍മനിയില്‍ മാത്രം 150 വര്‍ഷത്തിനിടയില്‍ 30,000 മുതല്‍ 100,000 വരെയുള്ള വിച്ചുകള്‍ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഈ നരഹത്യ തുടർന്നു.

ഉപസംഹാരം

കറുത്ത കുർബാനയുടെ ചരിത്രവുമായി ചേർന്ന് നിൽക്കുന്ന വിച്ച് ഹണ്ടിനെ കുറിച്ചുള്ള ലഘുവായ വിവരണം മാത്രമാണ് ഈ ലേഖനം. ചരിത്രത്തിന്റെ ഏടുകളിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിച്ച് ഹണ്ടിനെ ജനശ്രദ്ധയിലെത്തിക്കാനുള്ള എളിയ ശ്രമം! കൊല്ലപ്പെട്ട വിച്ചുകളുടെ നിരപരാധിത്വത്തെ കുറിച്ചോ, ഈ കൂട്ടക്കൊലയിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിനെ കുറിച്ചോ ലേഖകന് യാതൊരു വിധ അഭിപ്രായവും ഇല്ല, കുറ്റക്കാരായ വിച്ചുകൾക്കൊപ്പം ഒരു പറ്റം നിരുപദ്രവകാരികളായ സ്ത്രീകളും കുട്ടികളും ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുടെ പേരിൽ ഹോമിക്കപ്പെട്ടുവെന്നതിലെ ഒരു ചെറിയ ദുഃഖം ഒഴിച്ച്!

(പേഗൻ പാരമ്പര്യത്തിലെ വിച്ചുകളുടെ സ്ഥാനത്തെകുറിച്ചും, വിച്ച് ഹണ്ടുകളെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിലെ ഈ ഡോക്യുമെന്ററി പരമ്പര കാണുക.)

Wednesday, June 15, 2011

കാലിൽ മറുക്!

അവളുടെ കാലിൽ
ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ
വലത്തേ കാലിൽ
ഇമ്മിണി വല്യൊരു
പൊട്ടുണ്ട്!

അവൾ തന്നെ
എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ
കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന
പാവാട പൊക്കി
എന്നെ കാട്ടി
പരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”

സഞ്ചിയിലിരുന്ന
റബർ നൽകി
ഞാനത് നന്നായി
മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊ-
ണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”

പെൻസിൽ ചെത്താൻ
കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക്
ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!”
എന്നാവേണ്ടെന്ന് ഞാൻ!

ഇനിയെന്താ ചെയ്ക?
പരസ്പരം നോക്കി
ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീ‍ന്ന്
കൊണ്ടുവന്ന
സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ്
അവൾക്കൊത്തിരി
ഇഷ്ടം!
ശരിയെന്ന് അവൾ.

വീട്ടിൽ നിന്ന്
സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ
ഞാനും അവളും.
അലക്കുകല്ലിൽ
കാൽ വച്ച്,
പാവാട പൊക്കി
മറുകിനെ നോക്കി
അവൾ നിന്നു.
കണ്ണിൽ വിഷാദം!
അല്പം പ്രതീക്ഷ!

തൊട്ടിയിറക്കി
വെള്ളം കോരി
സോപ്പ് പതച്ച്
ഞാനും തയ്യാർ.
“വേഗം തേ...”
അവൾക്ക് ധൃതി.

മെലിഞ്ഞ കാലിൽ
സോപ്പ് തേച്ച്
പത്ത് നിമിഷം
നന്നായി ഉരച്ചു.
പിന്നെ,
തൊട്ടിൽ നിന്നും
വെള്ളം കോരി
കാലിലൊഴിച്ചു,
കൌതുകത്തോടെ!

“പോയില്ല!”
അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം”
എന്ന് ഞാൻ!
ഉരച്ചുരച്ച്
സോപ്പ് പാതി.
സോപ്പ് തീർന്നാൽ
അമ്മ അടിക്കും.
എല്ലാം നിർത്തി
വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട്
പിന്നെയും ബാക്കി.

ലേശം നനഞ്ഞ
പാവാട താഴ്ത്തി
അവൾ നടന്നു
ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ
സോപ്പും
മറുകയ്യിൽ
തൊട്ടിയും തൂക്കി
ഞാനും നിന്നു,
വെറുതേ!

“വൈകിട്ട് ഞങ്ങൾ
ഞാറ പറിക്കാൻ
പോണുണ്ട്, വരുന്നോ?”
തൊട്ടി വച്ച്
ഉറക്കെ ചോദിച്ചു.
തിരിഞ്ഞുനിന്ന
അവളിൽ വിടർന്നു
ഇന്നും മറക്കാത്ത
കുസൃതിപ്പുഞ്ചിരി!

വർഷം
പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു.
എങ്കിലും,
അടുത്ത തവണ
നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം,
വെറുതേ ഒന്നറിയാൻ!

Tuesday, June 14, 2011

പറക്കുന്ന പാഠപുസ്തകം


നൂലുപോലെയൊഴുകുന്ന സ്കൂൾ പൈപ്പിലെ വെള്ളം അവളുടെ കൈക്കുമ്പിളും നിറഞ്ഞ്‌ കവിഞ്ഞൊഴുകി. എങ്കിലും അവൾ അതറിഞ്ഞില്ല. അൽ‌പ്പം അകലെ, സ്കൂൾ വരാന്തയിൽ കൂട്ടം കൂടിയിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ. പരസ്പരം കുശലങ്ങൾ ചൊല്ലിയും, തമാശകൾ പറഞ്ഞും അവർക്കിടയിലിടുന്ന് ചോറുണ്ണുന്ന മറ്റൊരു കുട്ടിയായി അവൾ സ്വയം ഭാവനയിൽ കാണാൻ ശ്രമിച്ചു. എങ്കിലും കഴിഞ്ഞില്ല! വിശപ്പുമൂലം വിണ്ടുകീറിയ നേത്രപടലത്തിലെ അധോമുഖ പ്രതിബിംബത്തിൽ തന്നെയും ഉൾപ്പെടുത്താൻ മസ്തിഷ്ക്കം അവളെ അനുവദിച്ചില്ല, ക്ഷണികവും മാസ്മരികവുമായ അത്തരമൊരു മനക്കാഴ്ചകളിൽ സ്വയം ആശ്വസിക്കാൻ ശ്രമിക്കാമെന്നല്ലാതെ വേറെന്ത് പ്രയോജനമെന്ന് ഒരുപക്ഷേ അത് ചിന്തിച്ചിട്ടുണ്ടാവണം! എങ്കിലും, ആ കുട്ടികളുടെ മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞമർന്ന ഭക്ഷണ ശകലമെങ്കിലും ആവാൻ അവൾ കൊതിച്ചു..., പല്ലുകൾക്കിടയിലേക്ക് എറിയപ്പെട്ട്, ഉമിനീരിൽ അരയപ്പെട്ട്, പിന്നെ ആമാശയത്തിലെ അമ്ലങ്ങളിൽ വിഘടിക്കപ്പെട്ട് പ്രപഞ്ചത്തിന്റെ സുക്ഷ്മതയിലേക്ക് തന്നെ വീണ്ടും ലയിക്കുന്ന ഭക്ഷണ ശകലമാവാൻ! അതിന്റെ മനോഹാരിതയിൽ അവൾ ലയിച്ച് നിന്നു.

മനസാന്നിധ്യം മഹാശാപം. ചിന്തകളിൽ നിന്ന് ഉണർന്ന അവളുടെ മുഖം വീണ്ടും മ്ലാനമായി. കൈക്കുമ്പിളിലൂടെ അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന ക്ലോറിൻ വെള്ളത്തിൽ പ്രതിഫലിച്ച സൂര്യ പ്രകാശത്തിന്‌ പോലും അവളുടെ മുഖത്തെ പ്രസന്നമാക്കാൻ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങളുടെ നട്ടുച്ച വെയിലിൽ വാടിക്കരിഞ്ഞ സ്വപ്നങ്ങളുമായി അവൾ ആർത്തിയോടെ കൂടി വെള്ളം കുടിക്കാൻ തുടങ്ങി. അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിൻ ഗന്ധത്തിൽ ക്ഷമ നഷ്ടപ്പെട്ട ആമാശയ കോശങ്ങൾ മുകളിലേക്ക്‌ നോക്കി തെറിവിളിച്ചു. എങ്കിലും, വിശന്നുമരവിച്ച്‌ അവളുടെ മസ്തിഷ്ക്കം അതൊന്നും ഗൗനിച്ചതേയില്ല.

കുട്ടികൾ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതിയിൽ നിന്ന് പുറത്തുചാടിയ ചോറുമണികളും, അവിയലും, തോരനുമെല്ലാം പായൽ പിടിച്ച പൈപ്പിൻ ചുവടാകെ ചിതറിക്കിടക്കുന്നത് അവൾക്ക് കാണാം. ആ അർത്ഥ ശൂന്യതയിലേക്ക് ആദ്യം എറിയപ്പെട്ടത് അവളായിരുന്നതിനാൽ അവൾക്ക് അതിൽ വ്യസനം തോന്നിയില്ല. എങ്കിലും, അവയിൽ നിന്ന് പ്രവഹിച്ച ഉച്ചഭക്ഷണത്തിന്റെ വാസന അവളുടെ പഞ്ചേന്ദ്രിയങ്ങളെ ലഹരി പിടിപ്പിച്ചുകൊണ്ടിരുന്നു. എച്ചിൽ ചാലുകളിലൂടെ തത്തിത്തത്തിയൊഴുകുന്ന പയറുമണികളും, അവയെ വഴിയിൽ തടഞ്ഞുനിർത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങയ്ക്കാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും, അവിടവിടെ ഒട്ടിയിരിക്കുന്ന പപ്പട കഷ്ണങ്ങളും അവളിൽ കൗതുകമുണർത്തി. പൈപ്പിൻ ചുവട്ടിൽ ആളൊഴിയുന്നതും കാത്ത് സമയമെണ്ണിയിരിക്കുന്ന കോങ്കണ്ണി കാക്കകളുടെ അക്ഷമയും, റഫ്രിയുടെ വിസിൽ കേൾക്കാൻ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ അവറ്റകൾ നടത്തുന്ന തയാറെടുപ്പുകളും കണ്ട്‌ അവൾക്ക്‌ ചിരിവന്നു. അപ്രിയ സത്യങ്ങളുടെ കഠാര ഇടനെഞ്ചിലേക്ക് തുളച്ചുകയറുമ്പോൾ ചിരി വരിക സ്വാഭാവികം! ഒരു പരുധി കഴിഞ്ഞാൽ വേദനയുടെ സംവേദന ക്ഷമത ഉണ്ടാവില്ലല്ലോ! അപ്പോഴാണ് ഈ ചിരി..., അതും ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ! ചിലപ്പോഴത് തലതല്ലി ചിരിയായി വരെ മാറിയേക്കാം, ഒരു തരം ഭ്രാന്ത് പോലെ! പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്തുമാവാമല്ലോ! അവൾ കാക്കകളെ തന്നെ നോക്കി നിന്നു.

എത്ര ഭാഗ്യവാന്മാരാണ്‌ ഈ കാക്കകൾ...! വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നില്ല, എന്നിട്ടും അവറ്റകൾക്ക്‌ യാതൊരു കുറവുമില്ല. താനൊരു കാക്കയായിരുന്നെങ്കിൽ...! അനന്തതയുടെ വിഹായസിൽ പാറിപ്പറക്കുക എത്ര രസകരമാണ്...! ഭാരമില്ലായ്മയുടെ സുഖം... അതിർത്തികളില്ലാത്തതിന്റെ നിർവൃതി... അവയെല്ലാം ഉൾക്കൊണ്ട് വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം, വായു മണ്ഡലത്തിന്റെ ഉച്ചത്തിൽ നിന്ന് താഴേക്ക് നോക്കി ഭൂഗോള സൌന്ദര്യം ആസ്വദിക്കണം, പിന്നെ ചിറകുകൾ തളർത്തി ഗുരുത്വാകർഷണത്തിലേക്ക് കൂപ്പുകുത്തണം, നിലം മുട്ടാറാവുമ്പോൾ സർവ്വ ശക്തിയുമെടുത്ത്‌ വീണ്ടും പറന്നുയരണം.... ഗാഢനിദ്രയിൽ വിരിയുന്ന സ്വപ്നങ്ങളെ അവൾക്ക് ഇഷ്ടമായിരുന്നില്ല, കാരണം അവയിലൊന്നും ഇതുപോലെ രോമാഞ്ചം കൊള്ളാൻ കഴിയില്ലല്ലോ!

ഭക്ഷണപ്പൊതികൾ കൊത്തിക്കുടയുന്ന കാക്കകൾക്കിടയിൽ അവൾ സാവധാനം ചെന്നിരുന്നു. പരസ്പരം മത്സരിക്കുകയും ശണ്ഠ കൂടുകയും ചെയ്ത കാക്കകളെ ഇരുഭാഗത്തേക്കും വിരട്ട്. പിന്നെ, ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്തു, ചിറക്‌ വിരിച്ച്‌  അവൾ പറന്നുയർന്നു... അങ്ങ്‌ ദൂരെ... ഏതോ മരക്കൊമ്പിൽ സ്വസ്ഥമായിരുന്ന്‌ പൊതിയഴിക്കാൻ... പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങൾ കൊത്തിപ്പറിക്കാൻ...!

Monday, June 13, 2011

കറുത്ത കുർബാന: A form of Devil Worship


തിന്മ എന്നത് വെറും ആശയമോ (idea), അഭാവമോ (absence) അല്ല എന്നും, മറിച്ച്, നിയതമായ രൂ‍പവും സ്വഭാവവുമുള്ള മൂർത്തിയാണെന്നുമുള്ള ചർച്ചയാണ് സാത്താന് രൂപമുണ്ടോ? (How Satan looks like?) എന്ന എന്റെ കഴിഞ്ഞ പോസ്റ്റിൽ നടന്നത്. സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരുധിവരെ സ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ലോകപ്രസിദ്ധമായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തിയാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്? ആർക്കറിയാം? ഏതായാലും, സാത്താൻ ആരാധനയിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കാലഘട്ടത്തിന്റെ ആവശ്യകതയായി ഞാൻ കരുതുന്നു, അത് എത്രമാത്രം അപ്രിയമാണെങ്കിലും!

കറുത്ത കുർബാന

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോൽ തന്നെ മനസിൽ ആദ്യം വരിക കറുത്ത കുർബാനയുടെ (blass mass) ദൃശ്യങ്ങൾ ആയിരിക്കും. The Da Vinci code, Angels and Demons തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

ചരിത്രം

കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്. അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു. Richard Cavendish's “The Black Arts” (1967) , H.T.F. Rhodes' “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ. (കറുത്ത കുർബാനയുടെ ബൃഹത്തായ ചരിത്രം മുഴുവൻ പ്രതിപാദിക്കുക പ്രായോഗികമല്ലാത്തതിനാൽ വായനക്കാരുടെ സ്വകാര്യവായനയ്ക്ക് അത് വിടുന്നു.)

അനുഷ്ഠാനം

കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം ഇങ്ങനെയാണ്: നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ളയിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യദേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഉപസംഹാരം

കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. (അന്വേഷിച്ചപ്പോൾ ഒരു റിപ്പോർട്ട് കൈയ്യിൽ തടഞ്ഞു. അതിതാണ്.) ഏതായാലും, തിരുവനന്തപുരത്തും, പിന്നെ കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നതായി ചില സുഹൃത്തുക്കൾ മുഖേന എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന സന്ദർഭങ്ങൾ കേൾക്കുമ്പോൾ മനസ് മരവിച്ച് പോവും. ഇതൊക്കെ കാണുമ്പോൾ, സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചുകൊടുക്കുന്നുണ്ടാവുമോ? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവമുണ്ടാവുമോ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

Sunday, June 12, 2011

വെള്ളക്കടലാസിലെ വരി


“I love you too” – എന്ന് ഭാവന.

ആ വെള്ള കടലാസില്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അനന്തുവിന്റെ ചേച്ചിക്ക് അത് ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” കത്തും പൊക്കിപ്പിടിച്ച് അവൾ കൂവി വിളിച്ചു.

“എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ!. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” ചേച്ചിയുടെ കയ്യിൽ നിന്ന് കടലാസ് തട്ടിപ്പറിക്കാൻ അനന്തു ആവത് ശ്രമിച്ചു. “അമ്മേ ഇത് കണ്ടോ, ഇവനെന്നെ ഉപദ്രവിക്കുന്നു” ചേച്ചി വീണ്ടും ഒരു നമ്പര്‍ ഇറക്കി. “എന്താടാ ഇത്?” അമ്മ ഇടയ്ക്ക് കയറി. “ഒന്നുമില്ല!” കടലാസ് കിട്ടാത്തതിന്റെ കുണ്ഠിതം മറച്ച് ചേച്ചിയെ പിന്നിലേക്ക് തള്ളി അനന്തു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയി, അവനൊട്ടും ചേരാത്ത ഗൌരവത്തോടെ! അമ്മയറിഞ്ഞാൽ വിഷയം അച്ഛന്റെ ചെവിയിലുമെത്തുമെന്ന് അനന്തുവിന് നന്നായി അറിയാം.

വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് അനന്തു. അനന്തുവും ചേച്ചിയും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസമേയുള്ളൂ. പക്ഷേ, അവന്റെ അമ്മയാണെന്നാണ് അവളുടെ ഭാവം. അനന്തുവിന്റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക ചേച്ചിയുടെ സ്ഥിരം ഏർപ്പാടാണ്. അനന്തുവിനെ അച്ഛന് വലിയ ഇഷ്ടമാണ്. അതിന്റെ അസൂയയും അവൾക്ക് ഇല്ലാതില്ല. പിന്നെയുള്ളത് ഒരു ചേട്ടൻ. അനന്തുവിനേക്കാൾ അഞ്ച് വയസിന്‍റെ പ്രായ വ്യത്യാസമുള്ള കക്ഷിക്ക് എപ്പോഴും ഗൌരവമാണ്. അധികം ചിരിക്കില്ല, സംസാരിക്കില്ല. അതുകൊണ്ടുതന്നെ, അനന്തുവിന് ചേട്ടനെ അത്ര ഇഷ്ടമല്ല. അവർ തമ്മിൽ അധികം മിണ്ടാറുമില്ല.

ഉച്ചയായപ്പോള്‍ ചേട്ടന്‍ വന്നു. അയാളെ കണ്ട മാത്രയില്‍ ചേച്ചി കത്തും പൊക്കിപ്പിടിച്ച് ചേട്ടന്‍റെ അടുക്കലെത്തി. “ഇത് കണ്ടോ?” അവള്‍ ചോദിച്ചു. “ആരാ ഈ ഭാവന?” കത്ത് വാങ്ങി സസൂഷ്മം നോക്കി അയാള്‍ ആരാഞ്ഞു. “അനന്തുവിന്റെ ക്ലാസിലെ കുട്ടിയാ. അവര്‍ തമ്മില്‍ പൊരിഞ്ഞ പ്രേമമാ.” കള്ളച്ചിരിയോടെ ചേച്ചി വിസ്തരിച്ചു. അയാളുടെ മുഖം ചുവന്നു. “അവനെവിടെ?” അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ ചോദിച്ചു. “രാവിലെ തന്നെ കെട്ടിയെഴുന്നെള്ളി പോയി.” ചേച്ചി അറിയിച്ചു. അത് കേട്ടയുടന്‍ കതക് ആഞ്ഞടച്ച് അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴിച്ചു!

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി എതിരെ വന്ന ചേട്ടന്റെ ബൈക്ക് കണ്ട് അനന്തു സൈക്കിള്‍ റോഡിനരികിലേക്ക് അടുപ്പിച്ചു. അനന്തുവിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് അമരുന്ന കടുത്ത സ്വരത്തോടെ ബൈക്ക് നിന്നു. “സൈക്കിള്‍ പൂട്ടി, വണ്ടിയില്‍ കയറ്.“ ചേട്ടന്റെ സ്വരത്തിലെ ആജ്ഞയുടെ ശകലങ്ങൾ അനന്തു തിരിച്ചറിഞ്ഞു. എവിടെ പോകുന്നു എന്നൊന്നും അവൻ ചോദിച്ചില്ല. സൈക്കിള്‍ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് അവൻ ബൈക്കില്‍ കയറി. പിന്നെ, ഞൊടിയിടയില്‍ ഒരു മിന്നായം പോലെ ബൈക്ക് അവിടെ നിന്ന് മറഞ്ഞു.

ഇടതൂര്‍ന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ അവർ സഞ്ചരിക്കുകയാണ്. അച്ഛന് ഭാഗം കിട്ടിയ നൂറേക്കര്‍ റബര്‍ തോട്ടത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് അനന്തു ഊഹിച്ചു. അച്ഛനോ പണിക്കാരോ ആരെങ്കിലും തോട്ടത്തിലുണ്ടാവും. എന്തെങ്കിലും ജോലി ചെയ്യാനുമുണ്ടാവും. അനന്തു കരുതി. തോട്ടത്തിലെത്തിയപ്പോള്‍ അച്ഛനുമില്ല, പണിക്കാരുമില്ല. അനന്തുവിന് സംശയം തുടങ്ങി. “നമ്മളെന്താ ചേട്ടാ ഇവിടെ?” മനസില്ലാമനസോടെ അവൻ ചോദിച്ചു.

“എനിക്ക് നിന്നോടല്‍പ്പം സംസാരിക്കാനുണ്ട്!“ ബൈക്കിന്റെ സ്റ്റാന്റിട്ട് ചേട്ടൻ ഇറങ്ങി. പിന്നെ, അടുത്തു നിന്ന അനന്തുവിന്റെ കണ്ണുകളെ ഈമ്പിയെടുക്കാനെന്ന പോലെ മുഖമടുപ്പിച്ച് ചോദിച്ചു: “ആരാടാ ഈ ഭാവന?” “എന്‍റെ ക്ലാസിലെ കുട്ടിയാ” അനന്തു അസ്വസ്ഥനായെങ്കിലും പറഞ്ഞൊപ്പിച്ചു. “നീയും അവളും തമ്മില്‍?” ചേട്ടന്റെ ചോദ്യം കേട്ട് അനന്തു പരുങ്ങി. എന്ത് പറയണമെന്നറിയാതെ വിഷമിച്ചു. “പറയെടാ” അയാളുടെ ശബ്ദം ഉയര്‍ന്നു. “അവളെന്‍റെ സുഹൃത്താ” അനന്തു പറഞ്ഞു. “കള്ളം പറയുന്നോടാ…. പട്ടി.” അയാളുടെ അടിയേറ്റ് അനന്തു വീണു. പിന്നെ ഒന്നും ഓർമ്മയില്ല, അവനെ ഉപേക്ഷിച്ച് ബൈക്ക് അവിടെ നിന്ന് പോയത് പോലും!

എതിരേ വീശുന്ന കാറ്റിനെ തുളച്ച് ബൈക്ക് അതിവേഗം നീങ്ങുന്നു. കാറ്റിൽ അയാളുടെ മുടി പാറിപ്പറക്കുന്നു. സായംസന്ധ്യയുടെ സ്വര്‍ണ്ണ കിരണങ്ങൾ അയാളുടെ മുഖത്തടിക്കുന്നു. എന്നിട്ടും, മുഖം പ്രസന്നമാകുന്നില്ല. കുണ്ടും കുഴികളും അവഗണിച്ച് ബൈക്കിന്‍റെ ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. എതിരെ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോൾ ആ ചക്രങ്ങള്‍ പെട്ടെന്ന് നിന്നു. സഡൺ ബ്രേക്കിന്റെ പെട്ടെന്നുള്ള അലർച്ച കേട്ട് പെണ്‍കുട്ടി നടുങ്ങി, അവള്‍ ഭാവനയായിരുന്നു! തനിക്ക് കുറുകേ നിൽക്കുന്ന ബൈക്കുകാരനെ ഒഴിഞ്ഞ് മാറി അവൾ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. “നിക്കടീ” അയാൾ അലറി. “നിനക്ക് പ്രേമിക്കാന്‍ ആ പട്ടിയെ മാത്രമേ കിട്ടിയുള്ളോ?“ അവൾ അയാളെ നോക്കി. ആ കണ്ണുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഞാനൊരു മണ്ടനെന്ന് നീ കരുതിയോ? നിന്‍റെ പുറകേ നടക്കാന്‍ എനിക്ക് അത്ര ഭ്രാന്തൊന്നുമില്ല. നിനക്കെന്നെ ഇഷ്ടമല്ലെങ്കില്‍ അത് നേരിട്ട് പറയണം. അല്ലാതെ, അനുജന് പ്രേമലേഖനം നൽകി എന്നെ വെറും വിഡ്ഢിയാക്കരുത്.” അയാളുടെ തൊണ്ടയിടറി. പിന്നെ കണ്ണുകള്‍ നിറഞ്ഞു, അതിൽ കോപത്തിന്റെയും നൈരാശ്യത്തിന്റെയും ലവണങ്ങൾ കലർന്നിരുന്നു. നിയന്ത്രണം നഷ്ടമാവുകയാണെന്ന് മനസിലാക്കിയ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനൊരുങ്ങി. അവള്‍ അയാളുടെ കൈയ്യില്‍ കടന്നുപിടിച്ചു. കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീഴുന്നതൊന്നും ഗൌനിക്കാതെ അവൾ ആ കൈ അമർത്തി, പിന്നെ ചോദിച്ചു: “എന്ത് പറ്റി, അനന്തു കത്ത് തന്നില്ലേ?”

(ചിത്രം കടപ്പാട്: ഗൂഗിൾ)

Saturday, June 11, 2011

നീ കൂടെയെങ്കിൽ


രു തിരിവെട്ടമായ്
നീ കൂടെയെങ്കിൽ
നിലവറയ്ക്കുള്ളിൽ കിടക്കാം
മയിൽ‌പ്പീലി കണ്ണുപോൽ
നീ കൂടെയെങ്കിൽ
പുസ്തകത്താളിൽ ഉറങ്ങാം

ദുർഘടം വഴിയിലും
നീ കൂടെയെങ്കിൽ
മുള്ളും പൂമെത്തയാക്കാം
ഞാൻ വരുവോളം
നീ കാക്കുമെങ്കിൽ
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

എൻ ഗുരുവാകാൻ
നിനക്കിഷ്ടമെങ്കിൽ
വിരലുകളൊക്കെയും വെട്ടിത്തരാം
അടുത്ത ജന്മത്തിലെൻ
ഇണയാവുമെങ്കിൽ
ഈ ജന്മമിന്നു ഞാനുപേക്ഷിക്കാം

ഇനിയൊരിക്കലും
പിണങ്ങാതിരുന്നാൽ
ശത്രുവിന്‍ പാദവും കുമ്പിട്ടിടാം
ഒരു തവണയെങ്കിലും
നോക്കിച്ചിരിച്ചാൽ
നിൻ കണ്മുന്നിൽ വരാതിരിക്കാം

നിന്റെയിഷ്ടങ്ങൾ
എന്നോട് ചൊല്ലിയാൽ
ഇത്തലയും താലത്തിൽ ഏകാം!
എൻ സാമീപ്യമൊരു
ശല്യമാണെങ്കിൽ
ഈ ദേഹവും ഞാൻ തന്നെ ഭക്ഷിച്ചിടാം!



ചിത്രം കടപ്പാട്:
www.amsterdam-artgallery.com

Friday, June 10, 2011

സാത്താന് രൂപമുണ്ടോ? (How Satan looks like?)

തിന്മ എന്നാൽ എന്ത്? (What is Evil?)  എന്ന എന്റെ മുൻ ലേഖനം വായിച്ചിരിക്കുമല്ലോ? വിശ്വാസത്തിന്റെ പുന്തുണയില്ലാതെ, ‘തിന്മ‘ എന്ന യാഥാർത്ഥ്യത്തെ ബൌദ്ധികമായി നിർവചിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. അതിന്റെ തുടർച്ചയായി ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

“തിന്മ“ എന്ന യാഥാർത്ഥ്യത്തെ നിർവചിക്കുന്ന കൂട്ടത്തിൽ, ചില പ്രസ്താവനകൾ കഴിഞ്ഞ ലേഖനത്തിൽ ഞാൻ നടത്തിയിരുന്നു. അവയിതാണ്: “കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്“. ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മയ്ക്ക് (സാത്താന്) ഒരു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി --- ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂ‍പം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സാത്താന്റെ (തിന്മയുടെ) രൂപം എന്താണ്?  തിന്മ എന്നത് വെറും അഭാവം മാത്രമോ, അതോ ഒരു മൂർത്തിയോ? എന്നീ ചോദ്യങ്ങളാണ് ഈ ലേഖനത്തിലെ ചർച്ചാവിഷയം.

സത്യത്തിൽ, തിന്മ വെറുമൊരു അഭാവം മാത്രമല്ല എന്നാണ് എന്റെ പരിമിതാമായ ആലോചനയിലും പഠനത്തിലും മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മറിച്ച്, അതൊരു സത്തയാണ്, മൂർത്തിയാണ്. (ഇത് എത്രപേർ സമ്മതിച്ചു തരുമെന്ന് എനിക്കറിയില്ല.) കുറേകൂടി വ്യക്തമായി പറഞ്ഞാൽ, പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) ---- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്... സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി... ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്നും, മുസ്ലീംഗങ്ങൾ ജിന്നെന്നും, ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു. തിന്മയെ കൊമ്പും വാലും ഉള്ള ഒരു ദുഷ്ട ജന്തുവായി ചിത്രീകരിക്കുന്നത് മതപണ്ഡിതന്മാർക്കിടയിൽ എനിക്കൊരു അന്ധവിശ്വാസിയുടെ പരിവേഷം വാങ്ങിത്തരുമെന്ന് ഉറപ്പാണ്. സാമൂഹിക പരിവർത്തനം ലക്‌ഷ്യം വയ്ക്കുന്ന ഒരു ആത്മീയ ഗുരുവും/മത പണ്ഡിതനും തിന്മ ഒരു മൂർത്തിയാണെന്ന് സമ്മതിച്ച് തരില്ല. കാരണം അങ്ങനെ സമ്മതിച്ചാൽ, സാത്താൻസേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം എളുപ്പം വഴിപിഴയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തിന്മയെ കുറിച്ച് അവർ പരമാവധി മൌനം പാലിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഏതായാലും, നമുക്കതിന്റെ ആവശ്യം ഇല്ലല്ലോ!

സാത്താന്റെ രൂപത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഡെവിൾസ് ബൈബിളിൾ (Devil's Bibile). പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഈ അത്യപൂർവ സാഹിത്യ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതിൽ സുപ്രധാനമായ ഒന്നാണ് സാത്താന്റെ രൂപം വെളിപ്പെടുത്തുന്ന ഒരു ചിത്രം. ഏതാണ്ട് 165 പൌണ്ട് ഭാരമുള്ള ഈ ഭീമൻ പുസ്തകത്തിലെ 290-മത്തെ പേജിൽ മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരിക ഘടന ഒത്തിണങ്ങിയ സാത്താന്റെ ചിത്രം കാണാം. (താഴെയുള്ള ചിത്രം നോക്കുക). ഒറ്റ നോട്ടത്തിൽ ഒരു കാർട്ടൂൺ കഥാപാത്രമായിട്ടോ വിശ്വസിക്കാൻ പ്രയാസമുള്ളതായിട്ടോ തോന്നാമെങ്കിലും, ഡെവിൾസ് ബൈബിളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് നമുക്ക് മനസിലാവും.


ഡെവിൾസ് ബൈബിളിൾ (Devil's Bibile)

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് (The Codex Gigas) ഡെവിൾസ് ബൈബിൾ. 900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 പന്നികളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസി ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാരികൾക്ക് വാക്കു നൽകുന്നു. (അച്ചടിയോ പേപ്പറോ ഇല്ലാതിരുന്ന ആ‍ കാലഘട്ടത്തിൽ ഒരു പുസ്തകം രചിക്കുക എന്നത് അഭ്യസ്തവിദ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹനീയ കർമ്മമായിരുന്നെന്ന് ഓർക്കുക.) അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരുധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! (ഡെവിൾസ് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താൽ‌പ്പര്യമുള്ളവർ നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ അഞ്ച് ഭാഗങ്ങളടങ്ങിയ ഈ ഡോക്യുമെന്ററി കാണുക.)

നരക സമാന അനുഭവങ്ങൾ (Hell like experiences)


സാത്താന്റെ രൂപത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നരക സമാന അനുഭവങ്ങളെ (Hell like experiences) കുറിച്ച് പറയാതിരിക്കുക അസാധ്യം. മരണാനന്തര ജീവിതത്തിലൂടെ (Life after Death)  എന്ന എന്റെ മുൻ ലേഖനം വായിച്ച ഒരാൾക്ക് Near-death experience (NDE) എന്നാണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. (എങ്കിലും, സംഗതി എന്താണെന്ന് ചുരുക്കി പറയാം. മസ്തിഷ്ക്ക മരണം സംഭിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം, ചില ആത്മീയ അനുഭവങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന പ്രതിഭാസത്തെയാണ് Near-death experience എന്ന് പറയുന്നത്.) Near-death experience-ലൂടെ കടന്നുപോകുന്ന ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ള മറ്റൊരു അനുഭവമാണ് നരക സമാന അനുഭവങ്ങൾ അഥവാ hell like experiances. ഈ നരക സമാന അനുഭവങ്ങളിൽ നല്ലൊരു ശതമാനം പേർക്കും സാത്താനെ മുഖാഭിമുഖം ദർശിക്കേണ്ടിവന്നതായി പറയപ്പെടുന്നു. ഓരോ വ്യക്തികളുടെയും വിശ്വാസങ്ങൾക്കനുസൃതം സാത്താന്റെ രൂപത്തിൽ വ്യത്യാസം കാണുന്നെങ്കിലും, മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരികഘടന ഒത്തിണങ്ങിയ ഒരു രൂപമാണ് സാത്താന് ഈ ദർശനങ്ങളിലൂടെ പൊതുവായി കൽ‌പ്പിച്ച് നൽകിയിരിക്കുന്നത്.

ക്രിസ്ത്യൻ ചിന്തകൾ

സ്വർഗത്തിൽ നിന്ന് ഉച്ഛാടനം ചെയ്യപ്പെട്ട റിബലുകളായ മാലാഖമാരാണ് ക്രിസ്തുമതത്തിന്റെ ഭാഷ്യത്തിൽ പിശാച് അല്ലെങ്കിൽ സാത്താൻ. ഉൽ‌പ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താൻ ഒരു മൂർത്തിയല്ലെന്നും, മനുഷ്യന്റെ തിന്മയിലേക്കുള്ള ചായ്‌വിന്റെ പ്രതീകം മാത്രമാണെന്നും വാദിക്കാമെങ്കിലും, അതിൽ കാര്യമില്ല. കാരണം, യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.

ഉപസംഹാരം

സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല. അതെന്തായാലും, ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ! ഭാവിയിലെപ്പോഴെങ്കിലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിലോ, ചർച്ചയിലോ ഏർപ്പെടേണ്ടിവരുമ്പോൾ നമ്മുടേതായൊരു വിശദീകരണം നൽകാൻ ഈ ലേഖനവും അതിനോടനുബന്ധിച്ച് നടന്നേക്കാവുന്ന അന്വേഷണങ്ങളും സഹായിക്കുമെന്ന് കരുതുന്നു. അത്രയൊക്കെയുള്ളൂ ഈ ലേഖനത്തിന്റെ ഉദ്ദേശവും!

Thursday, June 9, 2011

പൂര്‍ത്തിയാക്കാനാവാത്ത കവിത

ഗ്രം കടൽ കാറ്റില്‍ പട്ടം പറത്തുന്ന
കുട്ടികള്‍ക്കുള്ളൊരു വാശി കണ്ടോ!
നേരേ പറക്കാത്ത പട്ടത്തിന്‍ പള്ളയില്‍
വെട്ടിവലിക്കുന്ന കാഴ്ച കണ്ടോ?”

ഈ നാലുവരി കവിത ഡയറിയില്‍ കുത്തിക്കുറിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു! എന്നിട്ടും, ഞാനത് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ചില കവിതകൾ അങ്ങനെയാണ്, ഒന്നോ രണ്ടോ ഖണ്ഡിക എഴുതിക്കഴിഞ്ഞാൽ പിന്നെ വെടി തീരും. അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെ ഒറ്റ നിപ്പാണ്, ശുണ്ഠി പിടിച്ച കുതിരയെ പോലെ! ഇനി, ചക്ക ഇടിച്ച് പഴുപ്പിക്കുന്നതുപോലെ അൽ‌പ്പം ബലം പ്രയോഗിക്കാമെന്ന് വച്ചാലോ! ചക്ക പിതുങ്ങുമെന്നല്ലാതെ ചുളകൾക്ക് സ്വാദ് തീരെയുണ്ടാവില്ല, വരികൾക്കും! അത്തരം കൃത്രിമത്വങ്ങളൊന്നും മനസ് അനുവദിച്ചില്ല. ഏതായാലും, എഴുതിയത് വെറും നാല് വരികൾ മാത്രമാണെങ്കിലും, കവിതയുടെ താളവും എഴുത്തിന്റെ വിധവും കാണുമ്പോൾ, “താങ്കൾക്കിത് എങ്ങനെയെങ്കിലും പൂർത്തിയാക്കാമായിരുന്നില്ലേ?” എന്നുള്ള ചോദ്യം ഉണ്ടാവുക സ്വാഭാവികം! പക്ഷേ, എന്നാ പറയാനാ....! എഴുതാൻ പറ്റണ്ടേ? ഇതാണ് ഒരു ശരാശരി കവിയുടെ അവസ്ഥ! കിട്ടിയാ ഊട്ടി, അല്ലെങ്കിൽ ചട്ടി!

ഈ കവിത മനസിൽ ആവീർഭവിച്ച സന്ദർഭം ഞാൻ ഇന്നും ഓർക്കുന്നു. മൌനഭാരം താങ്ങാനാവാതെ, ഏതോ ഒരു സായംസന്ധ്യയില്‍ കടല്‍ത്തീരത്തിലൂടെ അലക്‌ഷ്യമായി നടക്കുമ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരുപറ്റം കുട്ടികൾ! അവരായിരുന്നു പ്രചോദനം. ശക്തമായ കടല്‍ക്കാറ്റിനെ വകവയ്ക്കാതെ പട്ടം പറത്തുന്ന അവരെ ഞാനാദ്യം ഗൌനിച്ചതേയില്ല. പിന്നെ, യാദൃശ്ചികമായി തിരിഞ്ഞ് നോക്കേണ്ടി വന്നപ്പോൾ, ദൂരത്ത് നിന്ന് പട്ടം പറത്തുന്ന കുട്ടികളെ കാണാൻ ഒരു രസം. കടലിന്റെ പശ്ചാത്തലത്തിൽ, പട്ടങ്ങളുടെമേൽ വീറും വാശിയും കാണിക്കുന്ന കുട്ടികളുടെ ചിത്രം ഒരു ലാൻഡ്സ്കേപ്പായി മനസിൽ തെളിഞ്ഞപ്പോൾ ഒരു കൌതുകം. അതൊരു കവിതയായി രൂപം പ്രാപിക്കുകയായിരുന്നു. പെട്ടെന്ന് മനസില്‍ തോന്നിയ വരികള്‍ ഉടന്‍ തന്നെ കൈവെള്ളയില്‍ കുറിച്ചിട്ടു, പിന്നീട് മറന്നുപോയാലോ? ആ വരികളാണ് മുകളിൽ!

ബട്ടൻസില്ലാതെ പാറിപ്പറക്കുന്ന മുഷിഞ്ഞ കുപ്പായവും, ചന്തി കീറിയ നിക്കറുമായിരുന്നു മിക്കവാറും കുട്ടികളുടെ വേഷം. നിക്കറിൽ ബട്ടന്‍സുണ്ടായിരിന്നോ എന്ന് ചോദിച്ചാല്‍ അതും ഇല്ല. കീറിപ്പറിഞ്ഞ കുപ്പായത്തിലൂടെ പുറത്തുകണ്ട എല്ലുന്തിയ നെഞ്ചും, ഒട്ടിയ വയറും ആ കുട്ടികളുടെ ശോചനീയമായ ആവാസ വ്യവസ്ഥയിലേക്ക് എന്നെ തിരയടിച്ച് കൊണ്ടുപോയി. അന്നദാതാവായ കടലമ്മയുടെ മടിയിൽ കെട്ടിയുയര്‍ത്തിയ ചെറ്റക്കുടിലുകളാവും ഒരു പക്ഷേ ഇവരുടെ അന്തിയുറക്കം... കൊതുകുകളുടെ താരാട്ടുപാട്ടിലും, അകലങ്ങളിൽ നിന്ന് കേൾക്കാവുന്ന കടലിന്റെ ഇരമ്പലിലും സ്വപ്നം കണ്ടുറങ്ങുന്ന ഇവരുടെ വയറുകൾ അത്താഴപ്പട്ടിണിയിലാവും... പാഠപുസ്തകത്തിന്റെ പകുതിയെരിഞ്ഞ ഏടുകൾ അടുപ്പിലും പരിസരത്തും ചിതറി കിടപ്പുണ്ടാവും... മദ്യപാനിയായ അപ്പന്റെ ക്രൂരതയിൽ, അല്ലെങ്കിൽ തീരാവ്യാധിയിൽ ഇവരുടെ അമ്മമാർ തേങ്ങുന്നുണ്ടാവും... ദൈന്യമായ ചിന്തകൾ എന്റെ മനസിൽ വലിയ തിരമാലകൾ സൃഷ്ടിച്ചിട്ടും, അതൊന്നുമറിയാതെ ആ കുട്ടികൾ ഓടിക്കളിച്ചു. ശരീരത്തിന്റെ ദുരവസ്ഥ അവരുടെ മനോഭാവങ്ങളെ ബാധിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ജീവിതത്തിലെ അരക്ഷിതാവസ്ഥകളിലും ചിരിക്കുന്ന മുഖം നിലനിർത്തുക അത്ര എളുപ്പമല്ല. കൂരിരുട്ടിലേക്ക് ആ കുട്ടികൾ ഓടിയകലുന്നതുവരെ ഈ ചിന്തകൾ നിലയ്ക്കാത്ത തിരമാലകൾ പോലെ എന്നിൽ നുരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാനും വീട്ടിലേക്ക് തിരിച്ചു.

ചിന്തോദ്ദീപകമായ സ്മരണകളെ എത്രയും പെട്ടെന്ന് കവിതയാക്കാനുള്ള തത്രപ്പാടായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍! വീട്ടിലെത്തിയയുടനെ, മേശപ്പുറത്തെ ഡയറി തുറന്ന് കൈവെള്ളയില്‍ എഴുതിവച്ച വരികള്‍ പകര്‍ത്തി. പിന്നെ, കടല്‍ത്തീരത്തെ കാഴ്ചകളും, ചിന്തകളും പരസ്പരം ചാലിച്ച് വരികൾക്ക് ജന്മം നൽകാൻ ശ്രമമാരംഭിച്ചു. ചിന്തകൾ തീവ്രമായാലും വാക്കുകൾ ജനിക്കില്ല. കുറഞ്ഞാൽ ഒട്ടും ജനിക്കില്ല. ഇതൊരു വല്ലാത്ത അവസ്ഥ തന്നെ! വാക്കുകൾക്കൊത്ത ഒഴുക്കും, ഒഴുക്കിനൊത്ത വാക്കുകളും കിട്ടാതെ ഞാൻ കസേരയിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്നു... പേന കൊണ്ട് തല ചൊറിഞ്ഞു, പിന്നെ പേന വായിൽ വച്ച് കടിച്ചു... നീണ്ട നേരത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ, ഡയറി മടക്കി വച്ചു, പൂർത്തിയാക്കാത്ത മറ്റൊരു കവിതയ്ക്ക് കൂടി ജന്മം നൽകിയതിലുള്ള കുറ്റബോധത്തോടെ!

Tuesday, June 7, 2011

ശരത്തിന്റെ കുഞ്ഞമ്മ

ശരത് തിരക്കിലാണ്. മെഡിക്കൽ എൻട്രൻസ്‌ തുടങ്ങാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. പത്താം ക്ളാസിൽ സ്കൂൾ ഫസ്റ്റ്‌ വാങ്ങിയ കുട്ടിയാണ് ശരത്. അതുകൊണ്ട് തന്നെ വീട്ടുകാർക്ക് അവന്റെ മേൽ വല്യ പ്രതീക്ഷയാണുള്ളത്. കാശ്മീരിൽ മിലിട്ടറി മേധാവിയായി ജോലി ചെയ്യുന്ന  ശരത്തിന്റെ അച്ഛൻ കൃഷ്ണൻ നായർ എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്യും, പിന്നെ ശരത്തിനെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിക്കൂ... ശരത്ത് ഉപയോഗിക്കുന്ന പേപ്പർ ക്ലിപ്പ് മുതൽ അണ്ടർവറിൽ വരെ കൃഷ്ണൻ നായരുടെ ഉപദേശമുണ്ടാവും. എങ്കിലും, പഠിത്തത്തിന്റെ കാര്യത്തിൽ മാത്രം അദ്ദേഹം ശരത്തിനെ ഉപദേശിക്കാറില്ല. ശരത്ത് പഠിത്തത്തിൽ ഉഴപ്പില്ലെന്ന അദ്ദേഹത്തിന് നന്നായി അറിയാം. എങ്കിലും, അധികം ഉറക്കം മെനക്കെടരുതെന്ന്‌ മാത്രം അദ്ദേഹം അവനെ അടിക്കടി ഓർമ്മിപ്പിച്ചു.

പരീക്ഷാ ചൂടിൽ മകനെ ശല്യപ്പെടുത്തരുതെന്ന കൃഷ്ണൻ നായരുടെ ഉത്തരവ്‌ മാനിച്ച്‌ ശരത്തിന്റെ അമ്മ ഗിരിജ മകന്‌ സർവ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. രാത്രിയിൽ എത്ര മണിവരെ വേണമെങ്കിലും പഠിക്കാം, രാവിലെ എപ്പോൾ വേണമെങ്കിലും ഉണരാം, കമ്പൈൻ സ്റ്റഡിക്ക്‌ ആരെ വേണമെങ്കിലും വീട്ടിൽ കൊണ്ടുവരാം, എവിടെ വേണമെങ്കിലും പോകാം... എന്നിങ്ങനെ പോകുന്നു ശരത്തിന്റെ വിശേഷാധികാരങ്ങൾ! മകനെ കയറൂരി വിടേണ്ടി വന്നതിനെ കുറിച്ച്‌ ഗിരിജയ്ക്ക്‌ പരിഭവമുണ്ടെങ്കിലും, എൻട്രൻസ്‌ കഴിയുന്നതോടെ എല്ലാം നിയന്ത്രണ വിധേയമാക്കാമല്ലോ എന്ന്‌ അവർ സമാധാനിച്ചു. എങ്കിലും, മകന്റെ എല്ലാ നീക്കങ്ങളും അവന്റെ സുഹൃത്തുക്കളിലൂടെ അവർ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

കമ്പൈൻ ക്ലാസിന് ശരത്‌ വെളിയിൽ പോകാറുള്ളപ്പോൾ, ഗിരിജ രാത്രി കൂട്ടിന്‌ വിളിക്കാറുള്ളത്‌ ശരത്തിന്റെ കുഞ്ഞമ്മ സീതയെ ആയിരുന്നു. മുപ്പത്‌ വയസുള്ള ആ സ്ത്രീരത്നം രണ്ട്‌ മക്കളെയും കൂട്ടി ഗിരിജയുടെ വീട്ടിൽ വരും. രാത്രി പതിനൊന്ന്‌ മണിവരെ കുടുംബ വിശേഷങ്ങൾ സംസാരിച്ചിരുന്ന ശേഷം സീതയും മക്കളും ഡൈനിംഗ്‌ ഹാളിൽ പായ വിരിച്ചുറങ്ങും. തന്നോടൊപ്പം മുറിയിൽ കിടക്കാൻ ഗിരിജ എത്ര നിർബന്ധിച്ചാലും സീത കേൾക്കാറില്ല. കൃഷ്ണേട്ടനോടും ഗിരിജയോടും ഉണ്ടായിരുന്ന വിധേയത്വം മൂലമായിരുന്നു അത്. കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയ സ്വത്ത്‌ മുഴുവൻ മുൻപരിചയമില്ലാത്ത ബിസിനസുകൾ ചെയ്ത്‌ നശിപ്പിച്ചയാളാണ്‌ സീതയുടെ ഭർത്താവ്‌, അതായത്‌ കൃഷ്ണൻ നായരുടെ അനുജയൻ ലക്ഷ്മണൻ. കടത്തിൽ മുങ്ങിയിരിക്കുമ്പോൾ സീതയെ സഹായിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിച്ചത്‌ ഗിരിജയായിരുന്നു. അതിന്റെ നന്ദി സീതയ്ക്കുണ്ട്. രണ്ട്‌ കുടുംബങ്ങളിൽ നിന്ന്‌ കയറി വന്ന മരുമക്കളായിരുന്നിട്ടും ഗിരിജയും സീതയും എല്ലാ കാര്യങ്ങളിലും ഒറ്റ മനസാണ്.

ശരത്തിനെ കുറിച്ചായിരുന്നു അന്നത്തെ അവരുടെ ചർച്ച. അവനെ പോലെ പഠനത്തിൽ ശ്രദ്ധാലുവായ മറ്റൊരു കുട്ടി ആ പഞ്ചായത്തിൽ തന്നെ ഇല്ലെന്നാണ്‌ സീതയുടെ അഭിപ്രായം. തന്നെയുമല്ല, സ്വഭാവശുദ്ധിയിലും അച്ചടക്കത്തിലും കൃഷ്ണൻ നായരുടെ തനിപകർപ്പ്‌! അതിനോട്‌ ഗിരിജ പൂർണ്ണമായും യോജിച്ചുവെങ്കിലും, എൻട്രൻസിലെ ജയപരാജയ സാധ്യതകളായിരുന്നു ഗിരിജയുടെ വ്യാകുലതകൾ. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനൊടുവിൽ “ഈശ്വരൻ നല്ലവർക്ക്‌ നല്ലതേ വരുത്തൂ“ എന്ന നിഗമനത്തിലെത്തി സീത നീണ്ട കോട്ടുവായിട്ടു. സീതയ്ക്ക് ഉറക്കം വരുന്നുവെന്ന് മനസിലാക്കിയ ഗിരിജ സംഭാഷണം മതിയാക്കി സീതയോടെ കിടക്കാൻ പറഞ്ഞു. പിന്നെ, ശരത്തിനുള്ള അത്താഴം വിളമ്പി ഡൈനിംഗ്‌ ഡേബിളിൽ മൂടിവച്ചശേഷം മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന്‌ താഴിട്ട്‌ ഗിരിജ മുറിയിലേക്ക്‌ പോയി. ഹാളിലെ ലൈറ്റണച്ച്‌ ഉറങ്ങിക്കിടന്ന മക്കളോട്‌ ചേർന്ന്‌ സീതയും കിടന്നു.

ഒരു ദു:സ്വപ്നം കണ്ടാണ്‌ ഗിരിജ ഞെട്ടിയുണർന്നത്‌! വിയർത്തൊലിച്ച മുഖം മുന്താണി കൊണ്ട്‌ തുടച്ച്‌ തലയിണയ്ക്ക് അരികിലിരുന്ന ടോർച്ചെടുത്ത്‌ അവ പ്രകാശിപ്പിച്ചു. മണി 12:20. “ശരത്‌ വന്നോ ആവോ?” ലൈറ്റിട്ട് അവർ കട്ടിലിൽ നിന്ന് എഴുന്നേറ്റു. മുറിക്ക് പുറത്തുവരുമ്പോൾ ഡൈനിംഗ്‌ ടേബിളിലിരുന്ന്‌ ഭക്ഷണം കഴിക്കുകയായിരുന്നു ശരത്‌. “നീ എപ്പോ വന്നു?” ഗിരിജ തിരക്കി. “പത്ത്‌ മിനിറ്റായി.” സീതയെയും മക്കളെയും ശല്യപ്പെടുത്താതെ ഗിരിജ ശരത്തിന്റെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. “നീയെന്താ ഇത്ര വിയർത്തിരിക്കുന്നേ?” അമ്മയുടെ ചോദ്യം കേട്ടപ്പോൾ അടുത്തിരുന്ന ടൗവലെടുത്ത്‌ അവൻ മുഖം തുടച്ചു. “അമ്മ പോയിക്കിടന്നുറങ്ങിക്കോളൂ...” മകന്റെ കഠിനാധ്വാനത്തെ കുറിച്ചോർത്ത്‌ നിശ്വാസിച്ച് ഗിരിജ മുറിയിലേക്ക്‌ പോയി. അമ്മ ലൈറ്റണച്ച്‌ കിടന്നുവെന്ന്‌ ഉറപ്പായപ്പോൾ ശരത്തിന്റെ നോട്ടം വീണ്ടും താഴേക്ക്‌ പോയി...! അവിടെ അഴകൊത്ത സ്തനങ്ങൾ അലക്ഷ്യമായി മറച്ച്‌ സീത ചരിഞ്ഞൂകിടപ്പുണ്ടായിരുന്നു.

ശരത്‌ നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ്‌ കൊച്ചച്ചൻ സീതയെ വിവാഹം കഴിക്കുന്നത്‌. എല്ലാവരോടും സരസമായി പെരുമാറാറുള്ള സീതയ്ക്ക്‌ ശരത്തിനെ ജീവനായിരുന്നു. ‘കൃഷ്ണേട്ടനെ പോലെ‘ എന്നാവും ശരത്തിന്റെ കുറിച്ച്‌ എന്തുപറഞ്ഞാലും സീത വിശേഷിപ്പിക്കുക. വീട്ടിലിരുന്ന്‌ മുഷിയുമ്പോൾ ശരത്‌ പോകാറുള്ളതും സീതയുടെ വീട്ടിലേക്കാണ്. കുട്ടികളെ കൊഞ്ചിച്ചും, കുഞ്ഞമ്മയുമായി സംസാരിച്ചും മണിക്കൂറുകളോളം അവൻ അവിടെയിരിക്കും. ശരത്ത് വളർന്നു. പണ്ടൊന്നും തന്റെ ശ്രദ്ധയിലെ പെടാത്ത ഒരപാര സൗന്ദര്യം സീതയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ശരത്തിന്റെ അടിവയറിൽ അനുഭവപ്പെട്ടത് ഏതാനും ചില വർഷങ്ങൾക്ക് മുമ്പാണ്. മാംസളതയുടെ അമിതഭാരം മൂലം താഴേക്ക്‌ തൂങ്ങുന്ന അവരുടെ ചുണ്ടുകളും, ഗിരിശിഖിരം പോലെ ഉന്തിനിൽക്കുന്ന സ്തനങ്ങളും, അരിച്ചാക്ക് പോലെ മുഴുത്ത് നിതംബങ്ങളും, ഇടക്കിടെ മാത്രം കാണാൻ കിട്ടുന്ന വടിവൊത്ത കാലുകളും ശരത്തിനെ വല്ലാതെ അസ്വസ്ഥനാക്കി. വായിലൂറിയ തുപ്പൽ കണങ്ങൾ കുടിച്ചിറക്കി ശരത്‌ ഒരു നിമിഷം നിർന്നിമേഷനായി. പിന്നെ, പരിസരബോധം വീണ്ടെടുത്ത്‌ മുറിയിലേക്ക്‌ പോയി.

ടേബിൾ ലാമ്പ്‌ തെളിയിച്ച്‌ പഠിക്കാനിരിക്കുമ്പോഴും ശരത്തിന്റെ ചിന്തകൾ താനാദ്യമായി കണ്ടുമുട്ടിയ മാദക സൗന്ദര്യത്തിന്‌ മുമ്പിൽ താണ്ഡവനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ഭാവനയുടെ അതിപ്രസരം മൂലം അന്ധമായ അവന്റെ കണ്ണുകൾ കൺകുഴികളിൽ അലക്ഷ്യമായി വട്ടം ചുറ്റി. ഉള്ളിലെവിടെയോ ഇരുന്ന്‌ അലമുറയിടുന്ന സഹജ വാസനകളുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ ശരത്‌ എഴുന്നേറ്റു. എങ്കിലും, ആരോ പിന്നോട്ട്‌ നിന്ന്വലിക്കുന്നതുപോലെ! തന്റെ നവജാത വികാരപ്രകടനങ്ങളോട്‌ സീത എങ്ങനെ പ്രതികരിക്കുമെന്ന സംശയവും, ഉറക്കെയൊന്ന്‌ നിലവിളിച്ചാൽ സംഭവിക്കാനിരിക്കുന്ന മാനഹാനിയെ കുറിച്ചുള്ള ആശങ്കകളും അവനെ ഭീതിയിലാഴ്ത്തി. ഒടുവിൽ, ഗത്യന്തരമില്ലാതെ ലൈറ്റണച്ച്‌ അവൻ കമിഴ്ന്ന്‌ കിടന്നു. എന്നിട്ടും...!

പാതിരാത്രി വെള്ളം കുടിക്കുന്നത്‌ ശരത്തിന്റെ ശീലമായിരുന്നില്ല, എങ്കിലും അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ്‌ ഡൈനിംഗ്‌ ടേബിളിനെ ലക്ഷ്യമാക്കി നടന്നു. ഫ്രിഡ്ജ്‌ തുറക്കുമ്പോൾ ഹാളിൽ പരന്ന അരണ്ട വെളിച്ചത്തിൽ സീതയുടെ ദിവ്യസൗന്ദര്യം ശരത്‌ വീണ്ടും കൺകുളിർക്കെ കണ്ടു. അവളുടെ മാറിടത്തെ ഭാഗികമായി മറച്ചിരുന്ന സാരി അപ്പോഴേക്കും പൂർണ്ണമായും സ്വതന്ത്രമായിരുന്നു. തണുത്ത വെള്ളം ശരത്‌ ശ്വാസം വിടാതെ വായിലേക്കൊഴിച്ചു. പിന്നെ, ജഗ്ഗ്‌ അകത്തുവച്ച്‌ ഫ്രിഡ്ജിന്റെ വാതിലടച്ചു. ഹാളിൽ പരന്ന അന്ധകാരത്തിന്റെ മറവിൽ ശരത്‌ ശബ്ദമുണ്ടാക്കാതെ അവിടെ തന്നെ നിന്നു. പ്രപഞ്ചത്തിൽ അതിവേഗം സ്പന്ദിക്കുന്ന ഒരേയൊരു വസ്തു തന്റെ ഹൃദയം മാത്രമാണെന്ന്‌ ശരത്തിന്‌ അപ്പോൾ തോന്നി. ഇരുകൈകളും കൊണ്ട്‌ ശരത്‌ മുഖം അമർത്തിത്തുടച്ചു, അപ്പോൾ കൈകളിലേറ്റ ശ്വാസവായുവിന്‌ അഗ്നിപർവ്വതത്തിന്റെ ചൂടുണ്ടായിരുന്നു.

മനസും ശരീരവും വൈരുദ്ധ്യ ദിശകളിലേക്ക്‌ വികർഷിക്കാൻ വെമ്പുന്ന നിമിഷങ്ങൾ...! തന്റെ ബോധപൂർവമായ സമ്മതമില്ലാതിരുന്നിട്ടും, കാലുകൾ സീതയുടെ നേരെ നിരങ്ങിനീങ്ങുന്നതായി ശരത്‌ തിരിച്ചറിഞ്ഞു. സ്വബോധമനസിന്റെ അന്ത്യശാസനകൾ കാറ്റിൽ പറത്തി സീതയുടെ അരികിലെത്തിയ അവന്റെ കാലുകൾ തറയിൽ മുട്ടുകുത്തി. സന്ധികൾ മടങ്ങുമ്പോൾ പെട്ടിയ ഞൊട്ടകളുടെ ശബ്ദം ഒരു മുന്നറിയിപ്പെന്ന പോലെ വായുവിൽ പ്രസരിച്ചിട്ടും അവന്റെ ചെവികൾ അവയെ അവഗണിച്ചു. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇടിച്ചുകുത്തിപെയ്യുന്ന വൈകാരിക പേമാരിയിൽ ശരത്തിന്റെ കരങ്ങൾ മുന്നോട്ട്‌ നീണ്ട്‌ സീതയുടെ വെളുത്ത കാലുകളെ മെല്ലെ സ്പർശിച്ചു.

“ആരാത്‌?” പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഇടിവാളേറ്റ പോലെ ശരത്‌ ഞെട്ടി. ഒറ്റ നിമിഷം കൊണ്ട്‌ കൂപ്പുകുത്തിയ വൈകാരിക തീവ്രതയ്ക്ക്‌ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ശരത്‌ പമ്മി. “ശരത്തേ...!” അവർ വിളിച്ചു. കുഞ്ഞമ്മ തന്നെ കൈയ്യോടെ പിടികൂടിയെന്ന്‌ ഉറപ്പാക്കിയ ശരത്‌ കുതറിയെഴുന്നേറ്റ് എന്തുപറയണമെന്നറിയാതെ വിറച്ചു. “കുഞ്ഞമ്മേ.... ഞ...ഞാൻ... വെള്ളം കുടിക്കാൻ വന്നതാ!!!” ശരത്‌ ഒരു വിധം പറഞ്ഞൊപ്പിച്ചു. പിന്നെ, അതിവേഗം ഫ്രിഡ്ജിൽ നിന്ന്‌ വാട്ടർ ബോട്ടിലെടുത്ത്‌ മുറിയിലേക്ക്‌ പാഞ്ഞ്‌ കതകടച്ചു. കഴിഞ്ഞ നിമിഷം സംഭിച്ചതൊന്നും അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല. അവന്റെ മസ്തിഷ്ക്കം പെരുത്തു. പിന്നെ, സകല ദൈവങ്ങളെയും വിളിച്ച്‌ അവൻ മാപ്പിനായി കരഞ്ഞു. “കുഞ്ഞമ്മ എന്താവും തന്നെ കുറിച്ച്‌ വിചാരിച്ചിട്ടുണ്ടാവുക? താനിനി എങ്ങനെ അവരുടെ മുഖത്ത്‌ നോക്കും?“ അവിവേകമായി പെരുമാറാൻ തോന്നിയ ദുർബലനിമിഷത്തെ ഓർത്ത് അവൻ സ്വയം പഴിച്ചു. നേരം വെളുക്കുന്നതുവരെ അവൻ എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിരാവിലെ കയറിവന്ന ഉറക്കത്തിന്‌ ശേഷം എഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. വായും മുഖവും കഴുകി അവൻ അടുക്കളയിലേക്ക്‌ ചെന്നു. അപ്പോൾ, തലേന്ന്‌ രാത്രി ലൈറ്റിടാതെ വെള്ളമെടുക്കാൻ വന്ന ശരത്‌ തന്റെ കാലിൽ ചവുട്ടിയ കാര്യം ഒരു തമാശയെന്നോണം സീത ഗിരിജയുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ശരത്തിന്റെ കണ്ണുകൾ പിന്നെ ഈറനണിഞ്ഞു...!

(ചിത്രം കടപ്പാട്: ഗൂഗിൾ)

Monday, June 6, 2011

ഞാനൊരു നിഷേധി!

 
ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തു ദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാ ഗാന്ധിയല്ല

നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചു നില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല

പറയുന്നതൊക്കെയും
കേട്ടു നില്‍ക്കുവാന്‍
ഞാനൊരു കല്‍‌പ്രതിമയല്ല
കാണുന്നതൊക്കെയും
കണ്ടില്ലെന്നു നടിക്കുവാൻ
ഞാനൊരു പക്ഷപാതിയല്ല

കേൾക്കുന്നതൊക്കെയും
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല

കല്‍പ്പിച്ചതൊക്കെയും
ചെയ്തു മറിക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ, കരയാനോ
ഞാനൊരു മനോരോഗിയല്ല

തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാൻ
ഞാനൊരു വര്‍ഗീയവാദിയല്ല

വാദിച്ചതൊക്കെയും
സ്ഥാപിച്ചെടുക്കുവാൻ
ഞാനൊരു ബുദ്ധിജീവിയല്ല
കാണുന്നോർക്കെല്ലാം
കാൽപന്തു തട്ടുവാൻ
ഞാനൊരു മദ്ധബുദ്ധിയല്ല

‘നേതി’ എന്നല്ലാതെ
എന്നെ വർണ്ണിക്കുവാൻ
വേറൊരു നല്ല വാക്കുമില്ല
‘നിഷേധി‘ എന്നല്ലാതെ
എന്നെ വിളിക്കുവാൻ
വേറൊരു നല്ല പേരുമില്ല.

Sunday, June 5, 2011

ഒരു സാഹസികന്റെ പാതിരാത്രി!

അരവിന്ദന്റെ സുഹൃത്തുക്കളിൽ ആദ്യമായി ഒളിച്ചോട്ടം നടത്തി ചരിത്രം കുറിച്ചത് കൃഷ്ണനുണ്ണി ആയിരുന്നു! പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിന്‌ തലേനാളായിരുന്നു ആ സാഹസം. കൃഷ്ണനുണ്ണി ഭയന്നതുപോലെ, അക്കൊല്ലവും അവൻ പത്താം ക്ലാസിൽ തോറ്റു. അച്ഛൻ അടിച്ചിറക്കുന്നതിന്‌ മുമ്പേ വീട്ടിൽ നിന്ന് സ്വയം ഇറങ്ങിക്കൊടുക്കുക എന്ന ‘മാന്യത‘. സുദീർഘമായ യാത്രകൾക്കൊടുവിൽ കൃഷ്ണനുണ്ണി എത്തിപ്പെട്ടത് ബാംഗ്ലൂരിലായിരുന്നു. ഏതാണ്ട്‌ ഒരു വർഷത്തോളം ആർക്കും പിടികൊടുക്കാതെ കക്ഷി പല ജോലികൾ ചെയ്ത്‌ അവിടെ ചുറ്റിത്തിരിഞ്ഞു. അക്കാലമത്രയും കൃഷ്ണനുണ്ണിയായിരുന്നു അരവിന്ദന്റെ ഗ്രാമത്തിലെ ചൂടുള്ള ചർച്ചാവിഷയം!

“കൃഷ്ണനുണ്ണിയുടെ വിവരം വല്ലതുമുണ്ടോ?, അവനിപ്പോൾ എവിടെയാണ്‌?, പൊലീസ്‌ അന്വേഷിക്കുന്നുണ്ടോ?, പത്രത്തിൽ പരസ്യം ചെയ്തിട്ട്‌ പ്രതികരണം വല്ലതുമുണ്ടോ?, ആൾ വടിയായിട്ടുണ്ടാവുമോ?” എന്നു തുടങ്ങുന്ന നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ദുർഗതി അരവിന്ദനായിരുന്നു. കൃഷ്ണനുണ്ണി അരവിന്ദന്റെ ഉറ്റസുഹൃത്തായിരുന്നല്ലോ! തന്നെയുമല്ല, അന്നാട്ടിൽ അറിയപ്പെടുന്ന പ്രമാണി വത്സലന്റെ മകൻ കൂടിയാണ്‌ കൃഷ്ണനുണ്ണി. വത്സലൻ മുതലാളിയുടെ വീട്ടിൽ അത്ര പെട്ടെന്നൊന്നും കയറിച്ചെല്ലാൻ കഴിയാത്ത നാട്ടുകാർക്ക്‌ ആ വീട്ടിലെ അടുക്കള രഹസ്യങ്ങൾ അറിയാൻ അരവിന്ദൻ തന്നെ തുണയ്ക്കണം. അച്ഛന്റെ പീഡനം സഹിക്കവയ്യാതെ കൃഷ്ണനുണ്ണി നാടുവിട്ടുവെന്നാണ്‌ പൊതുസംസാരം. സത്യാവസ്ഥ അറിയാമായിരുന്ന അരവിന്ദൻ ആ ധാരണ തിരുത്താനും പോയില്ല.

വീട്ടിൽ നിന്ന്‌ സ്വയം ഇറങ്ങിപ്പോയ കോടീശ്വരപുത്രൻ കൃഷ്ണനുണ്ണിയുടെ ചങ്കുറപ്പിനോട്‌ നാട്ടിലെ പലർക്കും, പ്രത്യേകിച്ച്‌ പെൺകൊടികൾക്ക്‌, ഒരു അനുഭാവവും ആരാധനയും ഉണ്ടായിരുന്നതായി അരവിന്ദൻ മനസിലാക്കിയത്‌ അൽപ്പം വൈകിയാണ്‌. ഇട്ടുമൂടാൻ പണമുണ്ടായിരുന്നിട്ടും, അതൊന്നും വകവയ്ക്കാതെ സ്വന്തം കൂട്‌ തേടിപ്പോയ കൃഷ്ണനുണ്ണി! കൃഷ്ണനുണ്ണിയെ കുറിച്ച് പറയുമ്പോൾ ചില പെണ്ണുങ്ങൾക്ക് ആയിരം നാവാണ്. ഏതായാലും, കൃഷ്ണനുണ്ണിയുടെ സാഹസം മൂലം പ്രയോജനമുണ്ടായത്‌ അരവിന്ദനാണ്‌. കൃഷ്ണനുണ്ണി പേര് പോലും പറയാൻ കൂട്ടാക്കാത്ത അവന്റെ നാലഞ്ച്‌ കാമുകിമാർ കക്ഷിയുടെ ഒളിച്ചോട്ടത്തോടെ അരവിന്ദനെ തേടിയെത്തി. പിന്നെ, കൃഷ്ണനുണ്ണിയുടെ പുതിയ വിവരങ്ങൾ കിട്ടിയെന്നും പറഞ്ഞ് അരവിന്ദൻ അങ്ങോട്ട് ചെല്ലാൻ തുടങ്ങി, നാഴികയിൽ നാൽ‌പ്പത് തവണ! സ്കൂളിലെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുമായുള്ള സഹവാസം അരവിന്ദനെ ക്ഷണനേരം കൊണ്ട് പ്രസിദ്ധനാക്കി. ഒൻപതാം ക്ളാസിലെ അരവിന്ദൻ എന്ന്‌ പറഞ്ഞാൽ സ്കൂൾ മുഴുവൻ അറിയും. “ഇവനാര്‌ മന്മദനോ?” എന്ന വിധേനയുള്ള സഹപാഠികളുടെ അസൂയാവഹമായ നോട്ടം. ഇവയെല്ലാം അരവിന്ദൻ നന്നായി ആസ്വദിച്ചു. ഇതിൽപ്പരം എന്തുവേണം? ഏതായാലും, ഒളിച്ചോടാൻ കൃഷ്ണനുണ്ണിയുടെ കാണിച്ച ചങ്കുറപ്പും ധീരതയും അരവിന്ദനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അങ്ങനെയാണ് തനിക്കും ഒരു നാൾ ഒളിച്ചോടണമെന്ന് അരവിന്ദൻ തീരുമാനിക്കുന്നത്.

തക്കതായ കാരണം കൂടാതെ ഒളിച്ചോട്ടത്തിന്‌ മുതിർന്നാൽ ഗുണത്തിന്‌ പകരം ദോഷമാവും ഭവിക്കുക! ഇതറിയാമായിരുന്ന അരവിന്ദൻ പല രാത്രികളിലും തന്റെ ഉദ്യമം താൽക്കാലികമായി മാറ്റിവച്ചു. മതിയായ കാരണങ്ങൾ മെനയാൻ തലപുകഞ്ഞ്‌ ആലോചന നടത്തി. നിസാര കാര്യങ്ങൾക്ക്‌ പോലും വീട്ടിൽ വഴക്കുണ്ടാക്കി, ചേച്ചിയുമായി ഗുസ്തി നടത്തി. എത്ര ചൊറിഞ്ഞിട്ടും കാരണങ്ങൾ വലുതാകുന്നില്ലെന്ന്‌ കണ്ടപ്പോൾ നിരാശയായിരുന്നു ഫലം. അങ്ങനെ, പുതിയ പുതിയ വഴികൾ ആലോചിച്ച്‌ തല പുണ്ണാക്കുന്ന നാളുകളിലാണ്‌ യാദൃശ്ചികമായി ഒരു കച്ചിത്തുരുമ്പ്‌ വീണുകിട്ടുന്നത്‌.

ഓണപ്പരീക്ഷയെത്താൻ നാളുകൾ മാത്രം ബാക്കി. അങ്ങനെയിരിക്കെയാണ്‌ സ്വത്ത്‌ ഭാഗം വയ്ക്കാനുള്ള ആലോചന വീട്ടിൽ ഉണ്ടായത്‌. മുത്തശ്ചന്റെ നാല്‌ ആണ്മക്കളും ചൂടുപിടിച്ച ചർച്ചകളിൽ വ്യാപൃതരായിരിക്കുമ്പോൾ, അച്ഛനും ഇളയച്ചനും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനുള്ള കാരണം വ്യക്തമായില്ലെങ്കിലും, അരവിന്ദന്റെ അച്ഛനും അയൽവാസിയായ ഇളയച്ചനും തമ്മിൽ എവിടെവച്ച്‌ കണ്ടാലും പൊരിഞ്ഞ വഴക്കാണ്‌. ഭർത്താക്കന്മാരുടെ തർക്കം ഭാര്യമാർ ഏറ്റുപിടിച്ചതോടെ പ്രശ്നം ഗുരുതരമായി. കേൾവിക്കാരന്റെ ചെവിക്കല്ല്‌ തകർക്കുന്ന മുട്ടൻ തെറികൾ മതിലുകൾ കടന്ന്‌ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഒരു കൂസലും കൂടാതെ “പച്ചമലയാളത്തിൽ“ വാചകക്കസർത്ത്‌ കാണിക്കുന്ന പെണ്ണുങ്ങളെ കണ്ട്‌ അരവിന്ദനും സമീപവാസികളും അന്തംവിട്ടു. താരതമ്യം ചെയ്താൽ, ഈ അച്ഛന്മാർ എത്രയോ പാവം! വഴക്കും വക്കാണവും ഒത്തുതീർപ്പാക്കാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്നത്തിൽ ഇടപെടാനുള്ള പ്രായവും പക്വതയും ഇല്ലാത്തതിനാൽ അരവിന്ദൻ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുനിന്നു. ഒടുവിൽ, പ്രശ്നം ഒത്തുതീർപ്പാക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രംഗപ്രവേശനം ചെയ്തു.

ഒരു ദിവസം വൈകിട്ട് കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുവരുത്തി പ്രസിഡന്റ്‌ ചർച്ച ആരംഭിച്ചു. പ്രശ്നം ഇത്ര രൂക്ഷമായ നിലയ്ക്ക്‌, വസ്തു ഭാഗംവയ്ക്കൽ താൽക്കാലികമായി മാറ്റി വയ്ക്കാനാണ്‌ പ്രസിദ്ധന്റിന്റെ നിർദ്ദേശം. അച്ഛനും ഇളയച്ചനും മനസില്ലാമനസോടെ അതിനോട് യോജിച്ചുനിൽക്കുമ്പോഴാണ്‌ അമ്മ ഇടപെടുന്നതും, ചർച്ച കൈയ്യാങ്കളിയിൽ കലാശിച്ചതും! പെണ്ണുങ്ങൾ പൊതുവേദിയിൽ സംസാരിക്കരുതെന്ന ഇളയച്ചന്റെ പ്രസ്താവനയാണ് അച്ഛനെ ചൊടുപ്പിച്ചത്. അവൾ സംസാരിച്ചില്ലെങ്കിൽ പിന്നെ നിന്റെ അച്ചിവീട്ടുകാർ വരുമോടാ എന്ന് അച്ഛൻ! അതോടെ ഇളയച്ഛന്റെ ഭാര്യയും ഇടഞ്ഞു. സംഭവ വികാസങ്ങൾ ഒരു കോണിൽ നിന്ന്‌ വീക്ഷിക്കുകയായിരുന്ന അരവിന്ദൻ സ്ത്രീജനങ്ങളുടെ പ്രകടനം കണ്ട്‌ ഉരുകിയില്ലാതായി. പാവം അച്ഛൻ! ഭാവിയിൽ തനിക്കും ഈ ദുർഗതിയുണ്ടാവുമോ? പരിസര ബോധം വീണുകിട്ടിയപ്പോൾ, രംഗം ശാന്തമാക്കാൻ അമ്മയുടെ കാലുപിടിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനെയാണ് അരവിന്ദൻ കാണുന്നത്‌. ദിവസങ്ങളായി നടക്കുന്ന മുടിഞ്ഞ വഴക്ക്‌ മൂലം അയലത്തെ കുട്ടികൾക്ക്‌ പഠിക്കാൻ കഴിയുന്നില്ലെന്ന്‌ നാട്ടുകാരിലൊരുവൻ ബഹളത്തിനിടെ ആക്രോശിച്ചു. അതോടെയാണ്‌ അരവിന്ദന്റെ ഒളിച്ചോട്ട ചിന്തകൾ പുനർജനിക്കുന്നത്‌. ഇതാണ്‌ തക്ക സമയം! പരീക്ഷ തുടങ്ങാൻ രണ്ട്‌ ദിവസം കൂടേയുള്ളൂ. രണ്ടും കൽപ്പിച്ച്‌ അവൻ മുറിയിലേക്കോടി.

വാതിലും ജനാലകളും ഭദ്രമായി അടച്ച്‌, കണ്ണാടി മുന്നിലൂടെ അരവിന്ദൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിന്‌ അതിന്റേതായ ടെൻഷൻ ഉണ്ടല്ലോ! കത്ത്‌ എഴുതി വച്ച്‌ നാടുവിടുന്നതാണ്‌ പരമ്പരാഗതമായ കീഴ്‌വഴക്കം. അതേതായാലും തെറ്റിക്കണ്ട. എങ്ങോട്ട്‌ പോകണം, എന്തൊക്കെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങൾ എത്രയും പെട്ടെന്ന്‌ തീരുമാനിച്ചുറപ്പിക്കണം. വണ്ടിക്കൂലിക്കുള്ള വക കണ്ടെത്തണം. അങ്ങനെ, നൂറുകൂട്ടം കാര്യങ്ങൾ! അരവിന്ദൻ സജീവനായി. നോട്ടുബുക്കിൽ നിന്ന്‌ രണ്ട്‌ താളുകൾ കീറിയെടുത്ത്‌ അവൻ ‘ഒളിച്ചോട്ടക്കുറിപ്പ്‌‘ എഴുതാൻ തുടങ്ങി.

പ്രിയപ്പെട്ട അച്ഛൻ അറിയുന്നതിന്‌,

ഞാൻ പോവുകയാണ്‌, മനസമാധാനം കിട്ടുന്ന ഏതെങ്കിലുമൊരു ലോകത്തേക്ക്‌! വഴക്കും വക്കാണവും പതിവായ ഈ വീട്ടിൽ അപഹാസ്യനായി കഴിയുന്നതിൽ എന്തുകാര്യം? എന്നെ അന്വേഷിക്കരുത്‌.

എന്ന്‌ അച്ഛന്റെ മകൻ,
അരവിന്ദൻ

കത്ത്‌ മടക്കി മേശപ്പുറത്ത്‌ വച്ചശേഷം, അരവിന്ദൻ കുളിക്കാനോടി. ഏഴ്‌ മണിക്ക്‌ തന്നെ അത്താഴം കഴിച്ച്‌ നേരത്തേ കിടന്നതായി ഭാവിച്ചു. വല്ലാത്ത പിരിമുറുക്കം. മുൻപരിചയം ഇല്ലാത്തതുകൊണ്ടാണ്‌. ഒളിച്ചോട്ടം നാളത്തേക്ക്‌ മാറ്റിയാലോ? വേണ്ട, കഷ്ടകാലത്തിന്‌ അച്ഛനും ഇളയച്ചനും അതിനിടയിൽ രമ്യതയിലായാൽ എല്ലാം കഴിഞ്ഞു. പന്ത്രണ്ട്‌ മണിക്ക്‌ ഇറങ്ങിയാൽ ആരും കാണാതെ രക്ഷപ്പെടാം, പക്ഷേ ഏറെ നടക്കേണ്ടി വരും. ആ നേരം ബസില്ലല്ലോ! പിന്നെ രാവിലെ നാല്‌ മണിക്കാണ്‌ ആദ്യ ബസ്‌. നാല്‌ മണിക്കുള്ള ബസ്‌ യാത്ര സുരക്ഷിതമല്ല. അതിരാവിലെ ജോലിക്ക്‌ പോവുന്ന അച്ഛന്റെ പരിചയക്കാരായ പണിക്കാർ തിരിച്ചറിഞ്ഞാൽ എല്ലാം കുഴയും. അതിനാൽ, വീട്ടിൽ നിന്ന്‌ ഏറെ അകലെയുള്ള ബസ്റ്റാന്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ വിവേകം. താലൂക്ക്‌ ബസ്റ്റാൻഡാണ്‌ എല്ലാം കൊണ്ടും ഉത്തമം. അവിടെ നിന്നാവുമ്പോൾ ദീർഘദൂര സർവീസുകളും കിട്ടും. പക്ഷെ, താലൂക്ക്‌ ബസ്റ്റാൻഡിലെത്താൻ പത്ത് കിലോമീറ്റർ നടക്കണം‌. ഓ... അത്‌ സാരമില്ല. പന്ത്രണ്ട്‌ മണിക്ക്‌ വീട്ടിൽ നിന്നിറങ്ങിയാൽ നാല്‌ മണിക്ക് മുമ്പേ ബസ്‌ സ്റ്റാൻഡിൽ എത്താം. പിന്നെ, അവിടെ നിന്ന് ആദ്യ ദീർഘദൂര സർവീസിൽ കയറി രക്ഷപ്പെടാം. അരവിന്ദൻ കണക്കുകൂട്ടി.

പുറപ്പെടും മുമ്പ്‌ എങ്ങനെയെങ്കിലും കുറച്ച്‌ കാശ്‌ കൈക്കലാക്കണം. മേശയിലുള്ളതെല്ലാം തപ്പിയെടുത്തപ്പോൾ കിട്ടിയത്‌ വെറും പതിനഞ്ച്‌ രൂപ. ഇറങ്ങുന്നതിന്‌ മുമ്പ്‌ അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട്‌ നോക്കാം. തടഞ്ഞാൽ ഒരു ഇരുനൂറ്‌ രൂപ! ബസിലിരുന്ന്‌ ബോറടിച്ചാൽ വായിക്കാൻ കൈയ്യിൽ കിട്ടിയ ചില പുസ്തകങ്ങളും എടുത്തിട്ടുണ്ട്‌. ഒരു കുപ്പിയിൽ വെള്ളം, ടൗവൽ, കൈലി മുണ്ട്‌, ചീപ്പ്‌, സോപ്പ്‌... ഇത്രയും മതി. തന്തയുടെ സമ്പാദ്യമെല്ലാമെടുത്ത്‌ മകൻ മുങ്ങിയെന്ന പേരുദോഷം വേണ്ടല്ലോ!

പന്ത്രണ്ട്‌ മണി വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതിരുന്നതിനാൽ പതിനൊന്ന്‌ മണിക്കേ അരവിന്ദൻ വീടുവിട്ടിറങ്ങി. അടുക്കള വാതിലിലൂടെ പുറത്തുകടക്കും മുമ്പ്‌ ഫ്രിഡ്ജിന്‌ മുകളിൽ അച്ഛൻ പതിവായി വയ്ക്കാറുള്ള പേഴ്സ്‌ തപ്പിയെങ്കിലും കിട്ടിയില്ല. ആകെ കിട്ടിയത് അടുക്കളയിൽ അമ്മ സൂക്ഷിച്ചിരുന്ന ചില്ലറകൾ മാത്രമായിരുന്നു. പിൻവശത്തെ മതിൽ ചാടിയപ്പോൾ ലാൻഡ്‌ ചെയ്തത്‌ ഒരു കൂർത്ത കല്ലിൽ! @#%$^&*(%.... അരവിന്ദൻ മുകളിലേക്ക് നോക്കി തേങ്ങി. ഈ നേരത്താണോ നിന്റെ ഒരു ക്ണാഞ്ചിയ പരീക്ഷണം! വേദന കടിച്ചമർത്തി, തെങ്ങിൻ തോട്ടത്തിലൂടെയുള്ള കുറുക്കുവഴിയിലൂടെ അരവിന്ദൻ അതിവേഗം നടന്നു. കുറ്റാക്കൂരിരുട്ട്‌! ഒരു ടോർച്ച്‌ എടുക്കേണ്ടതായിരുന്നു! അരവിന്ദൻ ഓർത്തു. ഇനി പറഞ്ഞിട്ട് കാര്യമില്ല.സ് തെങ്ങിൻ തോട്ടത്തിന്റെ മസ്തിഷ്ക്ക ചിത്രത്തിന്റെ സഹായത്തോടെ അരവിന്ദൻ ഒരുവിധം ഹൈവേയിൽ എത്തിപ്പെട്ടു.

ഇനി നടക്കാനുള്ളത്‌ സുദീർഘമായ പത്ത്‌ കിലോമീറ്ററുകളാണ്. തനിക്കിത്‌ സാധിക്കുമോ? അരവിന്ദൻ ആലോചിച്ചു. സ്കൂളിലേക്കുള്ള രണ്ട്‌ കിലോമീറ്റർ നടക്കുമ്പോഴേക്കും വിയർത്ത്‌ കുളിച്ച്‌ അവശനാവുന്ന ആളാണ്‌ അരവിന്ദൻ. ദൗത്യം ഉപേക്ഷിച്ച്‌ തിരിച്ച്‌ പോയാലോ? അരവിന്ദന്റെ ഉള്ളിലിരുന്ന്‌ ആരോ ചോദിച്ചു. മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാനോ? അസംഭവ്യം! ഉള്ളിൽ നിന്ന്‌ മറ്റൊരാൾ ആക്രോശിച്ചു. സഹികെട്ടപ്പോൾ, രണ്ടിനെയും ആട്ടിപ്പുറത്താക്കി അരവിന്ദൻ വച്ചുപിടിച്ചു.

വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നു. കണ്ടാൽ തന്നെ പേടി തോന്നും. ഇടക്കിടെ ഇഴഞ്ഞുനീങ്ങുന്ന തടി ലോറികളും വൈക്കോൽ ലോറികളുമാണ്‌ ഒരാശ്വാസം. ഇതിലേതെങ്കിലും ഒന്നിൽ ചാടിക്കയറി യാത്ര സുഗമമാക്കിയാലോ? അരവിന്ദൻ ആലോചിക്കാതിരുന്നില്ല. വേണ്ട, നടക്കുന്നതാണ്‌ ഒരു സുഖം. ഹൈവേ പട്രോളിംഗിന്‌ പൊലീസുകാർ വന്നാൽ ഗുലുമാലാവും. അരവിന്ദൻ ഭയന്നു. ചോദിച്ചാൽ കമ്പൈൻ ക്ളാസ്‌ കഴിഞ്ഞ്‌ മടങ്ങുകയാണെന്ന്‌ പറയാം. നല്ലൊരു പേര്‌ കണ്ടുപിടിക്കണം. യഥാർത്ഥ പേര്‌ പുറത്തുപറഞ്ഞാൽ പ്രശ്നമാണ്‌. അങ്ങനെ മഹേഷ് എന്ന പേര് അരവിന്ദൻ ഉറപ്പിച്ചു. ഹൈവേയിലെ ചവറുകൂനകളുടെ മേൽനോട്ടം വഹിക്കുന്ന തെരുവുപട്ടികൾ അരവിന്ദനെ നോക്കി കുരച്ചു. ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു, അരവിന്ദൻ പ്രാർത്ഥിച്ചു. അടുത്ത് ചെല്ലുമ്പോൾ, പട്ടികൾ അവർക്കിടയിലെ ആഭ്യന്തരപ്രശ്നം മൂലമാണ് കുരയ്ക്കുന്നതെന്ന് മനസിലായി. ഹാവൂ.... അരവിന്ദൻ ശ്വാസം വിട്ടു.

എതിരെ വന്ന കാറിന്റെ വെളിച്ചത്തിൽ അരവിന്ദൻ വാച്ചിലേക്ക്‌ നോക്കി. മണി 12. സമയം പോയത്‌ അറിഞ്ഞതേയില്ല. ഇനിയും കൊറേ ദൂരം നടക്കാനുണ്ട്‌. ബാഗിലിരുന്ന വെള്ളമെടുത്ത്‌ ഒരു കവിൾ കുടിച്ച്‌ തൂവാല കൊണ്ട്‌ മുഖം തുടച്ചു. “അനിയൻ എങ്ങോട്ടാ...?” കടന്നുപോയ കാറിൽ നിന്ന്‌ ഒരാൾ വിളിച്ചുചോദിച്ചു. ചോദിക്കാൻ എല്ലാവർക്കും പറ്റും, ഒരു ലിഫ്റ്റ്‌ തരണമെന്ന്‌ ആ പഹയന്‌ തോന്നിയില്ലല്ലോ! അടുത്ത്‌ വരുന്ന കാറിന്‌ കൈകാണിച്ചാലോ? ഒത്താൽ കൊച്ചി വരെ സൗജന്യ കാർ യാത്ര. അരവിന്ദൻ അടുത്ത കാറിന്‌ കൈ കാണിക്കാൻ തയാറെടുത്തു. എതിരെ വരുന്നത്‌ കാറാണോ, വാനാണോ? അതോ ലോറിയാണോ? ഹെഡ്ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ വാഹനങ്ങളെ തിരിച്ചറിയാനാവാതെ അരവിന്ദൻ കുഴങ്ങി. വണ്ടിയേതാണെന്ന്‌ തിരിച്ചറിയുമ്പോഴേക്കും ഒന്ന്‌ വാ തുറക്കാ പോലും സമയം നൽകാതെ അത്‌ കടന്നുപോയിരിക്കും. ഇക്കളി നമുക്ക്‌ ശരിയാവില്ല! ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അരവിന്ദൻ തീരുമാനിച്ചു. കാർയാത്ര എന്ന ചിന്ത ഉപേക്ഷിച്ച്‌ അരവിന്ദൻ നടപ്പ്‌ തുടർന്നു.

കുപ്പിയിലെ വെള്ളം കാലിയായപ്പോൾ അരവിന്ദൻ ഒരു വിധം ബസ്സ്റ്റാൻഡിൽ എത്തി. സമയം രണ്ടര കഴിഞ്ഞു. ആരെങ്കിലും എന്നെയൊന്ന്‌ പിടിക്കണേ...! ബസ്‌ സ്റ്റാൻഡിലെ വലിയ തൂണിൽ ചാരിയിരുന്ന്‌ അരവിന്ദൻ കാലുകൾ തുരുമി. താനൊരു വലിയ അബദ്ധമാണ് കാട്ടിയത്‌. രാത്രി ഇറങ്ങിത്തിരിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പിന്നെ, നടക്കാൻ തീരുമാനിച്ചത് അതിലും വല്യ അബദ്ധം. പട്ടാപ്പകൽ ഒളിച്ചോട്ടം നടത്തിയാലും ഒരു കുഞ്ഞും അറിയാൻ പോകുന്നില്ല. അനുഭവക്കുറവ്! എല്ലാതെ എന്ത് പറയാൻ! ആവശ്യത്തിന്‌ പണം കയ്യിലില്ലെന്ന കാര്യവും അരവിന്ദനെ അലട്ടി. പണത്തിന്റെ കാര്യം ഓർത്തപ്പോഴാണ്‌ അടുക്കളയിൽ നിന്നെടുത്ത ചില്ലറകളുടെ കാര്യം അരവിന്ദന് ഓർമ്മ വന്നത്‌. തൊട്ടടുത്തുള്ള ഹീലിയം വിളക്കിന്റെ ശോഭയിൽ അരവിന്ദൻ ചില്ലറകൾ എണ്ണി. കൈയ്യിലുള്ളതും ചേർത്തുവച്ചാൽ ആകെയുള്ളത്‌ മുപ്പത്‌ രൂപ. അടുത്തുള്ള സിറ്റി വരെ എത്താൻ ഇത്‌ ധാരാളം. പക്ഷേ, പിന്നെങ്ങോട്ട്‌ യാത്ര ചെയ്യണമെങ്കിൽ കള്ളവണ്ടി തന്നെ കയറണം. അരവിന്ദൻ നെടുവീർപ്പിട്ടു. എവിടെ നിന്നെങ്കിലും മോഷ്ടിച്ചാലോ? തൊട്ടടുത്ത്‌ അടഞ്ഞുകിടക്കുന്ന കടകളിലെല്ലാം അരവിന്ദന്റെ കണ്ണുകൾ പാഞ്ഞു. കട കുത്തിപ്പൊളിക്കാൻ കൈയ്യിൽ ഏറ്റവും കുറഞ്ഞത്‌ ഒരു കട്ടപ്പാരയെങ്കിലും വേണം. തന്നെയുമല്ല, പൊലീസുപിടിച്ചാൽ കള്ളനെന്ന പേരും, പിന്നെ പൂരത്തല്ലും. സിറ്റിയിൽ ചെന്നാൽ എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല, അരവിന്ദൻ ആശ്വസിച്ചു.

“മോനെങ്ങോട്ടാ?” തോളിൽ തട്ടി ആരോ വിളിച്ചപ്പോഴാണ് അരവിന്ദൻ ഞെട്ടിയുണർന്നത്‌. കണ്ണ്‌ തിരുമി നോക്കുമ്പോൾ സൂര്യൻ കെട്ടിടങ്ങൾക്ക് മുകളിൽ! ബസ്‌സ്റ്റാൻഡിൽ നിറയെ ആളുകൾ! മണി എത്രയായോ എന്തോ? അരവിന്ദൻ ചാടിയെഴുന്നേറ്റു. “മോന്‌ എന്നെ മനസിലായില്ലേ?” അരവിന്ദൻ അയാളെ സൂക്ഷിച്ച്‌ നോക്കി. വീട്ടിലെ അടുക്കള നന്നാക്കാൻ വന്ന മേസ്തിരി! ചതിച്ചോ ഗുരുവായുരപ്പാ...! “മോൻ എങ്ങോട്ടാ?” അരവിന്ദൻ പരുങ്ങി.

ഏകദേശം ഒൻപത്‌ മണി ആയിക്കാണും. മകൻ നാടുവിട്ട വിവരം വീട്ടിൽ ഒരു കുഞ്ഞുപോലും അറിഞ്ഞിരുന്നില്ല. രാവിലെ തന്നെ വീട്ടിന്റെ മുന്നിൽ വന്നുനിൽക്കുന്ന മേസ്തിരിയെ കണ്ട്‌ ഉമ്മറത്തിൽ പത്രം വായിക്കുകയായിരുന്ന അച്ഛൻ അന്തിച്ചു. “എന്താ മേസ്തിരി രാവിലെ?” “അത്‌.... പിന്നെ...“ മേസ്തിരി വാക്കുകൾ കിട്ടാതെ വിഷമിച്ചു. മുഖവുര പരാജയപ്പെട്ടപ്പോൾ മേസ്തിരി അരവിന്ദനെ വിളിച്ചു. “മോനേ, യിങ്ങ്‌ വാ...” മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മതിലിനരികിൽ മറഞ്ഞുനിൽക്കുകയായിരുന്ന അരവിന്ദൻ സാവധാനം രംഗപ്രവേശനം ചെയ്തു. ഉറക്കമിളച്ച അവന്റെ കണ്ണുകൾ കരഞ്ഞ്‌ കലങ്ങിയിരുന്നു. അച്ഛന്റെ മുഖത്തേക്ക്‌ നോക്കാനുള്ള ത്രാണിയില്ലാതെ, തലകുനിച്ച്‌ അവൻ വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. അച്ഛന്‌ അപ്പോഴും ഒന്നും പിടികിട്ടിയിരുന്നില്ല!