Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Saturday, February 4, 2012

സ്വപ്നങ്ങളെ നമുക്ക് വ്യാഖ്യാനിക്കാം



ഏതാനും നാളുകൾക്ക് മുമ്പ് കണ്ട ദുഃസ്വപ്നം...! അതാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ പ്രേരണയായത്. സ്വപ്നം കണ്ടുണർന്നത് മുതല്‍ ഭീകരമായ ഒരു മാനസിക മന്ദത എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. പിന്നെ, സ്വപ്നങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു.

ശാസ്ത്രത്തിനും, അതിന്റെ സാങ്കേതികത്വങ്ങൾക്കും ഒരിക്കലും പിടി നല്‍കാത്ത പ്രഹേളികയാണ് "സ്വപ്നം"! ശാസ്ത്രം എത്രയൊക്കെ വളർന്നെന്ന് പറഞ്ഞാലും, നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരു നിര്‍വചനവും സ്വപ്നം എന്ന പ്രതിഭാസത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും, അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അവയിൽ, ഏറെ ശ്രദ്ധയാകർഷിച്ചത് ആധുനിക മനശാസ്ത്രജ്ഞത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ നിര്‍വചനമാണ്: "അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".

പക്ഷേ, സഫലമാവാത്ത ആഗ്രഹങ്ങളുടെ ബഹിർഗമനം മാത്രമാണോ സ്വപ്നങ്ങൾ? ആണെന്നും പറയാം, അല്ലെന്നും പറയാം! സാങ്കൽപ്പികം (Fiction) എന്നോ, റിയലിസ്റ്റിക് (Realistic) എന്നോ, വെളിപാട് (Revelation) എന്നോ വിശേഷിപ്പിക്കാവുന്ന, പരസ്പര ബന്ധമില്ലാത്തതും വിസ്മയഭരിതവുമായ എത്രയോ സ്വപ്നങ്ങൾ അനുദിനം നാം കണ്ട് തീർക്കുന്നു... അവയെല്ലാം സഫലമാവാത്ത ആഗ്രഹങ്ങളാണെന്ന് വാദിച്ചാൽ കുഴഞ്ഞത് തന്നെ. അതുകൊണ്ടുതന്നെ, ഫ്രോയിഡിന്റെ സിദ്ധാന്തം പൂർണ്ണമാണെന്ന് കരുതാനാവില്ല. എങ്കിലും, "ഒരോ വ്യക്തിയുടെയും അബോധ മനസിലെ വിവിധ പാളികളുമായി സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട്" എന്ന ഫ്രോയിഡ് നിഗമനത്തെ തള്ളിക്കളയാനും പറ്റുന്നില്ല. ഈ രണ്ടുംകെട്ട അവസ്ഥയിൽ, സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനമെഴുതുക അക്ഷരാർത്ഥത്തിൽ അസാധ്യം തന്നെ. അതിനാൽ, ഈ ബൃഹത്തായ ജോലി നിർവഹിക്കാൻ മതങ്ങളുടെ കൂട്ടുപിടിക്കുക എന്ന ഒറ്റ പോംവഴി മാത്രമേയുള്ളൂ.

മുൻപ് സൂചിപ്പിച്ചത് പോലെ, പല സ്വഭാവത്തിൽ പെടുന്ന (Fiction, Realistic and Revelation) സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്നങ്ങൾ, ഫ്രോയിഡ് പറഞ്ഞതുപോലെ, അബോധ മനസിൽ അടക്കപ്പെട്ടിരിക്കുന്ന വിവിധ ആശകളെയും, ഭയം, കോപം, അരക്ഷിതാവസ്ഥ, നിരാശ, ദൈന്യത തുടങ്ങിയ വികാരങ്ങളെയും പ്രതിഫലിപ്പിക്കുമ്പോൾ, മറ്റ് ചിലവ ദീര്‍ഘ ദര്‍ശനങ്ങളോ വെളിപാടുകളോ ആയിരിക്കാം. അബോധ മനസിൽ ചുരുളഴിയുന്ന പാളികൾക്കനുസൃതം (layers) സ്വപ്നങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. അതിനാൽ തന്നെ, തനിക്ക് തന്നെ അജ്ഞാതമായ സ്വന്തം മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ട് പോകാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്, ഒരു വിശകലനത്തിന് സ്വയം മെനക്കെട്ടാൽ! അതിനാൽ, ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന ചെറിയ സ്വപ്നങ്ങൾ പോലും നിസാരങ്ങളായി തള്ളിക്കളയാന്‍ പാടില്ല എന്നാണ് പറഞ്ഞുവരുന്നത്. പ്രത്യക്ഷത്തിൽ വൈരുദ്ധ്യമെന്ന് തോന്നുന്ന സ്വപ്നങ്ങൾ ഒരോന്നിനെയും സസൂഷ്മം വിശകലനം ചെയ്ത് ബന്ധിപ്പിച്ചാല്‍‍, വിലയേറിയ ആത്മീയ-മാനസിക നിഗമനങ്ങളില്‍ എത്തിച്ചേരാനാവുമെന്നതില്‍ സംശയം വേണ്ട. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.

സ്വപ്നങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് അനുസരിച്ച്, പാമ്പിനെയോ ഇഴജന്തുക്കളെയോ സ്വപ്നം കാണുന്നത് കുണ്ഡലിനിയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. പാമ്പിനെ കുറിച്ച് ഫ്രോയിഡിന്‍റെ കാഴ്ച്ചപ്പാടും ഏതാണ്ടിതൊക്കെ തന്നെ. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ആത്മീയ ശക്തിയുടെ ബഹിർഗമനമായി ഫ്രോയിഡ് പാമ്പുകളെ വിലയിരുത്തുന്നു. എന്നാൽ, അൽപ്പം വ്യത്യസ്തമായി, യുങ് (Jung) എന്ന മനശാസ്ത്രപണ്ഡിതന്‍ പാമ്പിനെ ജന്‍‌മവാസന (instincts), ബോധം എന്നിവ തമ്മിലുള്ള പൊരുത്തക്കേടിനെ കുറിക്കുന്നതായി വിശദീകരിക്കുന്നു.

ഒരു വീടിനെ സ്വപ്നം കാണുകയാണെന്നിരിക്കട്ടെ! അഭിസാരിണിയെ തേടിപ്പോകാനുള്ള മാനസിക പ്രവണതയായിട്ടാണ് ഫ്രോയിഡ് അതിന്റെ കാണുന്നത്. എന്നാൽ യുങിനെ സംബന്ധിച്ച്, വീടും മുറികളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഛായയാണ്. ഇതുപോലെ, സ്വപ്നത്തിന്റെ കാര്യത്തിൽ ഫ്രോയിഡും യുങും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരവധിയാണ്. പറവകളെ ശക്തിയുടെ അടയാളങ്ങളായി ഫ്രോയിഡ് കാണുമ്പോള്‍, സ്വാതന്ത്ര്യത്തിന് അഭിവാഞ്ചിക്കുന്ന ആത്മാവായി യുങ് പക്ഷികളെ വീക്ഷിക്കുന്നു. (അതായത്, പറവകളുടെ ശാരീരിക ഘടന ആത്മാവിന്‍റെ ഘടനയെ കുറിക്കുന്നതായി യുങ് പറയുന്നു.

പറക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് ലൈംഗിക അഭിനിവേശത്തെ കുറിക്കുന്നതായി ഫ്രോയിഡ് വാദിക്കുമ്പോള്‍, ധൈര്യം, സ്വാതന്ത്ര്യം, അതീന്ദ്രിയാവസ്ഥ എന്നിവയെ സൂചിപ്പിക്കുന്നതായി യുങും വാദിക്കുന്നു. അതേസമയം, ആധുനിക മനശാസ്ത്രം അനുസരിച്ച്, പറക്കുന്നതായുള്ള സ്വപ്നങ്ങള്‍ അസാമാന്യ കഴിവുകളെ കുറിക്കുന്നു പോലും. ലൈംഗികാവയവങ്ങളെ പ്രദര്‍ശിപ്പിക്കുന്ന, അതിന് പ്രേരണയുള്ളതായുള്ള സ്വപ്നം കണ്ടാല്‍ അനിയന്ത്രിതമായ ലൈംഗികാഭിവാഞ്ചയെ കുറിക്കുന്നതായി ഫ്രോയിഡും, മാനസികമായി മുറിവേല്‍ക്കപ്പെടാനുള്ള സാധ്യതയെ കുറിക്കുന്നതായി യുങും വിശദീകരിക്കുന്നു. ഇനി, ആരെങ്കിലും വിരട്ടുന്നതായോ ഓടിക്കുന്നതായോ സ്വപ്നം കണ്ടാലോ? അത്തരം സ്വപ്നങ്ങള്‍ ബാല്യകാല സംബന്ധിയായ ഭയം, മാനസിക സമ്മര്‍ദ്ദം, ഭീഷണി എന്നിവയെ സൂചിപ്പിക്കുന്നതായിട്ടാണ് ഭൂരിപക്ഷം മനശാസ്ത്രജ്ഞന്മാരും വ്യാഖ്യാനിക്കുന്നത്.

പരാജയം സ്വപ്നം കണ്ടാല്‍ അത് ഫ്രോയിഡിനെ സംബന്ധിച്ച് ലൈംഗിക പരാധീനതകളെ കുറിക്കുമ്പോള്‍, ആധുനിക വ്യാഖ്യാനമനുസരിച്ച് അത് ആത്മനിയന്ത്രണം നഷ്ടമായേക്കുമോ എന്ന ഭയത്തെ സൂചിപ്പിക്കുന്നു. കുതിരകളെ സ്വപ്നം കാണുന്നത് ലൈംഗികാഭിനിവേശത്തെ സൂചിപ്പിക്കുന്നതായി ഫ്രോയിഡ് വ്യാഖ്യാനിക്കുമ്പോള്‍, അത് ആരോഗ്യനിലയെ കുറിക്കുന്നതായി യുങ് പറയുന്നു. (കുതിരകള്‍ ബീജസംയോഗം, സ‌മൃദ്ധി, അതീന്ദ്രിയജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നതായും ചിലര്‍ പറയുന്നു.)

പര്‍വതാരോഹണമോ, കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നതായോ സ്വപ്നം കണ്ടാല്‍ അത് ശാരീരിക-സാമ്പത്തിക അഭിവൃത്തിയെ കുറിക്കുന്നതായി ഫ്രോയിഡും, ഉന്നതമായ ഏതോ ഘട്ടത്തിലേക്കുള്ള ജീവിതത്തിന്‍റെ മുന്നേറ്റമായി യുങും വിദശീകരിക്കുന്നു. എന്നാല്‍, ആധുനിക മനശാസ്ത്രജ്ഞരുടെ വീക്ഷണമനുസരിച്ച്, ഇത്തരം പര്‍വതാരോഹണങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുക. ഇങ്ങനെ, നാം കാണുന്ന ഓരോ സ്വപ്നത്തെയും ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ അവയ്ക്ക് പിന്നില്‍ അനവധി അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഒളിഞ്ഞുകിടക്കുന്നതായി കണ്ടെത്താനാവും.

ഭൂരിപക്ഷം സ്വപ്നങ്ങളും ഉണര്‍ന്നുകഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മറന്നുപോവുകയാണ് പതിവ്. അതിനാല്‍, തുടര്‍ദിവസങ്ങളില്‍ കാണാനിടയുള്ള മറ്റ് സ്വപ്നങ്ങളുമായുള്ള താരതമ്യ പഠനം പലർക്കും അസാധ്യമാവുന്നു. സ്വന്തം സ്വപ്നങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഇനി നോക്കാം.

ഉണര്‍ന്നയുടനെ സ്വപ്നങ്ങൾ മറന്നുപോകാന്‍ ഇടയുള്ളതിനാല്‍, ഉണർന്നയുടനെ സ്വപ്നത്തിൽ എന്താണോ കണ്ടത് അത് നോട്ടുബുക്കില്‍ കുറിച്ചിടുക. താമസംവിനാ ചെയ്യേണ്ട ഒരു കാര്യമാണിത്. പിന്നീട് എഴുതാം എന്ന് കരുതിയാല്‍, ഒരിക്കലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം സ്വപ്നം മറന്നുപോകാനിടയുണ്ടെന്ന് മാത്രമല്ല, സ്വപ്നത്തിന്റെ കാതലായ അംശം വിട്ടുപോകാനും ഇടയുണ്ട്.

എഴുതാൻ സാധിക്കാത്ത വിധം സ്വപ്നം അത്ര സങ്കീര്‍ണ്ണമാണെങ്കില്‍, കണ്ട കാര്യങ്ങള്‍ വോയിസ് റെക്കോർഡർ ഉപയോഗിച്ച് മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ റെക്കോർഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുകയാണെങ്കിൽ, വാക്കുകൾക്ക് അതീതമായ ദൃശ്യങ്ങളുടെ ഭീകരതയും തീവ്രതയും എളുപ്പം വിനിമയം ചെയ്യാനുമാവും. തന്നെയുമല്ല, സ്വപ്നത്തിലൂടെ നിങ്ങള്‍ അനുഭവിച്ച മാനസികാവസ്ഥ (Feel) ശബ്ദത്തിലൂടെ പ്രതിഫലിക്കുകയും ചെയ്യും. ഏതായാലും, സ്വപ്നം കുറിച്ചിടാനുള്ള എല്ലാ സാമഗ്രികളും കിടക്കരികില്‍ തന്നെ കരുതുക.

ഇനി, എല്ലാ സാമഗ്രികളും തയാറാണെങ്കിൽ തന്നെ, ഉണർന്നയുടൻ ഓർത്തെടുക്കാൻ കഴിയാത്ത വിധം സ്വപ്നങ്ങൾ മറന്നുപോകാം. "ഇന്ന് കാണുന്ന സ്വപ്നം തീർച്ചയായും ഞാൻ എഴുതിവയ്ക്കും" -- എന്ന കൽപ്പന മനസിന് നൽകി, ദൃഢനിശ്ചയത്തോടെ ഉറങ്ങാന്‍ കിടക്കുക എന്നതാണ് ഇതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്. കൂടാതെ, പ്രശാന്തതയോടെ, ധ്യാനാത്മകതയോടെ സാവധാനം ഉണരുക എന്നതും സ്വപ്നങ്ങൾ മറന്നുപോവാതിരിക്കാൻ ആവശ്യമാണ്. ഇതിൽ, "സാവധാനം ഉണരുക" വളരെ പ്രധാനപ്പെട്ടതാണ്. കോലാഹലങ്ങള്‍ കൊണ്ട് മലീമസമായ ചുറ്റുപാടില്‍, അതിശീഘ്രം ഉറക്കമുണരുമ്പോഴാണ് സ്വപ്നങ്ങൾ കൈവിട്ട് പോകാറുള്ളത്.

ഉണര്‍ന്നയുടന്‍, കണ്ട സ്വപ്നത്തിന്‍റെ മർമ്മപ്രധാനമായ ഭാഗം (climax) ആലോചിച്ച്, അതിനെ ചുറ്റിപ്പറ്റിയുള്ള സീനുകൾ കൃത്യമാക്കി ഒരു തിരക്കഥ രൂപീകരിക്കുക. നിങ്ങള്‍ ഒരു കാട്ടിലൂടെ യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടെന്ന് കരുതുക. അവിടെ കാണുന്ന മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എല്ലാം തന്നെ സ്വപ്നത്തിൽ സുപ്രധാനങ്ങളാണ്. പിന്നെ ക്ലൈമാക്സ്! കണ്ട മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്ലൈമാക്സ് വിശദീകരിക്കുമ്പോഴേ സ്വപ്നത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാവൂ.

(അടുത്ത കാലത്ത്, ഞാൻ സത്യസായി ബാബയെ സ്വപ്നം കണ്ടു... അദ്ദേഹത്തെ ഞാൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു പ്രതിബദ്ധതയും എനിക്കില്ല, എന്റെ അനേകം സുഹൃത്തുക്കൾ തികഞ്ഞ സായി ഭക്തന്മാർ ആണെങ്കിലും. സായിബാബയും ഞാനും എന്റെ കുടുംബ വീട്ടിന് അടുത്തുള്ള കുളത്തിന്റെ അരികിലെ റോഡിലൂടെ നടക്കുന്നതായിട്ടാണ് സ്വപ്നം. നടക്കുമ്പോൾ സായിബാബ എന്നോട് ജീവിതത്തിനാവശ്യമായ അഞ്ച് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു; ഞാനതെല്ലാം കേൾക്കുന്നു. അദ്ദേഹം പറഞ്ഞ ആ അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് എനിക്കോർമ്മയില്ലെങ്കിലും, "ധാർമ്മീകത തികച്ചും ആപേക്ഷികമായ ഒന്നാണ്" എന്നതാണ് അദ്ദേഹത്തിന്റെ സംഭാഷണത്തിലെ രത്നച്ചുരുക്കം എന്ന് ഞാനിപ്പോഴും ഓർമ്മിക്കുന്നു. ഏതായാലും, നടന്ന് നടന്ന് ഞങ്ങൾ ഒരു കടയിൽ കയറുന്നു. ചായ കുടിക്കുന്നോ എന്ന് ഞാൻ ചോദിക്കുന്നു. വേണ്ട എന്നദ്ദേഹം പറയുന്നു. പിന്നെ എന്താണ് വേണ്ടത് എന്ന് ഞാൻ. ഒരു മുറുക്കാൻ വേണമെന്ന് അദ്ദേഹം. കടക്കാരൻ വെറ്റിലത്തട്ടം നീട്ടുന്നു. അതിൽ നിന്ന് ഒരു വെറ്റില എടുത്ത്, ചുണ്ണാമ്പ് പുരട്ടി സായിബാബ വായിലിടുന്നു. "അദ്ദേഹത്തിന് പാക്ക് വേണ്ടേ?" എന്ന് കടക്കാരൻ എന്നോട് ചോദിക്കുന്നു. ഞാൻ സായിബാബയെ നോക്കുമ്പോൾ "വേണ്ട" എന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടുന്നു. ഞാനും ഒരു ചായ കുടിക്കുന്നു. അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടക്കുന്നു. ഇതായിരുന്നു സ്വപ്നം. രാവിലെ ഉണർന്നയുടനെ സ്വപ്നം അതേപടി ഒന്നുപോലും വിടാതെ ഞാൻ എഴുതിവച്ചു. വൈകിട്ട്, എന്റെ ഗുരുവും ഉറ്റ സുഹൃത്തുമായ കൃഷ്ണൻ കർത്തയെ ഫോൺ ചെയ്ത് സ്വപ്നം വിശദീകരിച്ചു. സ്വപ്നം കേട്ടിട്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചു. വെളിപാട് (vision) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്വപ്നമായിരുന്നു അതെന്നും, അത് സ്ഥാപിക്കാനാണ് അപ്രസക്തമെന്ന് തോന്നിക്കുന്ന ആ മുറുക്കാൻ കടയിലെ എപ്പിസോഡെന്നും അദ്ദേഹം. കാരണം, എൻപതുകളിൽ സായിബാബ മുറുക്കുമായിരുന്നത്രേ! മുറുക്കുമ്പോൾ അദ്ദേഹം ഒരിക്കലും പാക്ക് ഉപയോഗിച്ചിരുന്നില്ല. സ്വപ്നത്തിൽ കണ്ട പോലെ വെറ്റിലയും ചുണ്ണാമ്പും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ഇക്കാര്യം എനിക്ക് കേട്ടുകേൾവി പോലുമില്ല. പിന്നെങ്ങനെ അത് സ്വപ്നത്തിൽ വന്നു? സ്വപ്നത്തിന്റെ സാധുത സുദൃഢമാക്കുന്നതിനുള്ള ഒരു signature (അല്ലെങ്കിൽ divine touch)  ആണ് ആ മുറുക്കൽ സംഭവം. അത് ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇതൊരു സാധാരണ സ്വപ്നമായി എന്റെ ഗുരു പോലും തള്ളിക്കളയുമായിരുന്നു.) ഞാൻ പറഞ്ഞുവന്നത് ഇതാണ്: എല്ലാ സ്വപ്നങ്ങളിലും ഇതുപോലെ ഒരു signature ഉണ്ടായിരിക്കും. അതിനാൽ സ്വപ്നം അതേപടി ഓർത്തെടുക്കുക വളരെ പ്രധാനപ്പെട്ടതാണ്. ചില സ്വപ്നങ്ങള്‍ക്ക് ഇപ്പറഞ്ഞതുപോലെ ഒരു signature-റോ, പ്രമേയമോ ഇല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ, സ്വപ്നത്തിലെ സന്ദർഭവും സാഹചര്യവും വിലയിരുത്തി യോജിച്ച പ്രമേയം ബുദ്ധിപൂർവം കണ്ടെത്തുകയാണ് വേണ്ടത്.

ഇങ്ങനെ ഒരാഴ്ച തുടര്‍ച്ചയായി കാണുന്ന സ്വപ്നങ്ങളുടെ പ്രമേയങ്ങള്‍ എഴുതിവച്ചാല്‍, അവയെലെല്ലാം പരസ്പരം ബന്ധിപ്പിച്ച് ആ ആഴ്ചയുടെ മുഴുവന്‍ സ്വഭാവത്തെയും വ്യാഖ്യാനിച്ചറിയാന്‍ നിഷ്പ്രയാസം സാധിക്കും. ഇതാണ് ഈ ലേഖനത്തിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ച ഗുട്ടന്‍സ്. വിവിധ തരം കൊച്ചുകൊച്ചു പ്രമേയങ്ങള്‍ ചേര്‍ത്ത് വച്ച്, മനസിന്‍റെ ബൃഹത്തായ ചിത്രം ആവിഷ്ക്കരിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇത്. അത്തരമൊരു ആവിഷ്ക്കാരം നടന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല, ഭാവിയിൽ സ്വപ്നങ്ങളുമായി ബന്ധമുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ കാണുമ്പോൾ അതിന് നിങ്ങൾ സാധിച്ചേക്കാം. (സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ഓരോന്നിനും സാർവത്രീകമായ ഒരു അർത്ഥം മനശാസ്ത്രജ്ഞന്മാർ കൽപ്പിച്ച് നൽകീട്ടുണ്ട്, പാമ്പ് ലൈംഗികതയെ കുറിക്കുന്ന എന്ന് പറയുന്നതുപോലെ! വസ്തുക്കളുടെ സാര്‍വ്വത്രീകമായ അര്‍ത്ഥം മനസിലാക്കുന്നതിന് ചില വെബ്സൈറ്റുകള്‍ നമ്മേ സഹായിക്കും. ഉദാഹരണത്തിന് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് നോക്കൂ.)

സ്വപ്നങ്ങൾക്കും വേണം ഒരു ഡയറിക്കുറിപ്പ്. ഇന്ന് കണ്ട സ്വപ്നം ഇന്നത്തെ എന്റെ ഡയറിക്കുറിപ്പ്. പുക മറയ്ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ ചികഞ്ഞറിയാൻ ഒരുപക്ഷേ അവ നമ്മേ സഹായിച്ചേക്കാം. നന്ദി.

Tuesday, July 5, 2011

മദയാനയ്ക്ക് മുന്നിലെ അദ്വൈതം

യാദൃശ്ചികമായി ചില പ്രമുഖ ബ്ലോഗുകളില്‍ കണ്ട പോസ്റ്റുകള്‍…! അവയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു എന്നറിയാം. ആ നിലയ്ക്ക്, ഇങ്ങനെയൊരു പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ആലോചിച്ചു. ഒടുവിൽ, സത്യം മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.

അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.” അദ്ദേഹത്തിന്റെ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? എനിക്കറിയില്ല. എങ്കിലും, വാസ്തവം ഇതാണ്... ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ പരപ്പും ആഴവും മനസിലാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിന്തിക്കുന്തോറും ആ‍ശയക്കുഴപ്പങ്ങളും, പുത്തൻ ആങ്കിളുകളും സമ്മാനിക്കുന്ന അദ്വൈതത്തെ കുറിച്ച് ശരിയായി വിശദീകരിക്കാൻ ശങ്കരാചാര്യർ തന്നെ പുനർജനിക്കേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുപോകാറുണ്ട്. ഒരു സിദ്ധാന്തം എന്നതിൽ ഉപരി,  അദ്വൈതം എന്നത് ഒരു അനുഭവമാണ്, ജന്മാന്തരങ്ങളിലൂടെയുള്ള കഠിന തപസിലൂടെ യോഗികൾ മാത്രം ആർജിച്ചെടുക്കുന്ന സാക്ഷാത്ക്കാരം! അതുകൊണ്ടുതന്നെ, സൈദ്ധാന്തികമായി അദ്വൈതത്തെ വ്യാഖ്യാനിച്ച് തൃപ്തിപ്പെടേണ്ട ഒരു ദുർഗതിയാണ് സാധാരണക്കാരായ നമ്മുടെ മുന്നിലുള്ളത്. പക്ഷേ, സൈദ്ധാന്തികമായ വ്യാഖ്യാനങ്ങൾ പോലും പലപ്പോഴും അസാധ്യമാവുന്നു. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്!

അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന പ്രസ്താവനയിലേക്ക് വീണ്ടും വരാം! അദ്വൈതത്തെ കുറിച്ച് മാത്രമല്ല, ദൈവം, ആത്മാവ്, തിന്മ, സ്വർഗനരകങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ മതസംബന്ധിയായ വിഷയങ്ങളെ കുറിച്ച് അപഗ്രഥിക്കാനും മനുഷ്യ തലച്ചോറിന് വികാസം പോരാ! ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായി നിലകൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളെ ഒരുപക്ഷേ അഞ്ഞൂറ് വർഷത്തിന് ശേഷമുള്ള മനുഷ്യൻ നിഷ്പ്രയാസം മനസിലാക്കുമായിരിക്കും! അതുവരെ, കണ്ണുമടച്ച് വിശ്വസിക്കുക എന്ന ഒറ്റ പോം‌വഴി മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ... നമ്മുടെയൊക്കെ ഓരോ ഗതികേടേയ്!!!!! എന്നും പറഞ്ഞ് മിണ്ടാതിരിക്കുന്നതും ശരിയല്ല.

ആദിശങ്കരന്റെ ചിന്തകളിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു അംശമാണ് മായ (Maya). “illusion” (മിഥ്യാബോധം, തോന്നല്‍) എന്നാണ് മായയെ പൊതുവേ വ്യാഖ്യാനിച്ച് കാണുന്നത്. എന്നാൽ അത്തരമൊരു വ്യാഖ്യാനത്തോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം, ഉപനിഷത്തുക്കൾക്ക് ഭാഷ്യം രചിക്കുകയും, ഭാരത തത്വചിന്തയ്ക്ക് തനതായ രൂ‍പവും ഭാവവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “സർവ്വം മായ” (സകലവും വെറും തോന്നൽ എന്ന അർത്ഥത്തിൽ) എന്ന നിലപാട് സ്ഥീകരിക്കുമോ? സർവ്വം മിഥ്യ എന്ന് പ്രഖ്യാപിച്ച ശങ്കരാചാര്യർ എന്തുകൊണ്ടാവാം മദയാനയെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? തെറ്റുപറ്റിയത് ആദിശങ്കരനോ, അതോ നമുക്കോ? ആദിശങ്കരന് പിഴയ്ക്കാൻ വഴിയില്ല. പിന്നെ പിഴച്ചത് നമുക്കാണെന്നാണോ? ഉവ്വ! ശങ്കരാചാര്യരെ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയതാണ് നാം ചെയ്ത തെറ്റ്! “നേതി നേതി”, “അഹം ബ്രഹ്മാസ്മി”, “മായ” തുടങ്ങിയ അതിസൂഷ്മ അദ്വൈത സിദ്ധാന്തങ്ങൾ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കാൻ പാടില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങള്‍ മുൻ‌കൂട്ടി കണ്ടതിനാലാവണം ശിഷ്യൻ നേരിട്ട് ഗുരുവിൽ നിന്നുതന്നെ അദ്വൈതം പഠിക്കണമെന്ന് ആദിശങ്കരന്‍ നിഷ്ക്കർഷിച്ചത്.

ഇനിയൽ‌പ്പം അദ്വൈതം

അദ്വൈതത്തിലെ ഒരോ ചിന്തയും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സസൂഷ്മം വേണം ഗൌനിക്കാൻ! നമുക്ക് ബ്രഹ്മനിൽ നിന്ന് തുടങ്ങാം.

ആരാണ് ഈ ബ്രഹ്മൻ? ബ്രഹ്മനെ ഈശ്വരനായി (ദൈവമായി) താരത്മ്യം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മതങ്ങളിൽ ഉള്ളതുപോലെ, വ്യക്തിരൂപം ധരിച്ച ഒരു ഈശ്വരനായി ആദിശങ്കരൻ ബ്രഹ്മനെ കാണുന്നില്ല. സര്‍വവ്യാപി, സര്‍വജ്ഞാനി, കാരണഭൂതൻ, പൂർണ്ണത, പരമാനന്ദം തുടങ്ങിയ വിശേഷ ലക്ഷണങ്ങൾ ബ്രഹ്മന് നൽകാമെങ്കിലും, അടിസ്ഥാനപരമായി ശങ്കരാചാര്യരുടെ ഭാഷ്യത്തിൽ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍‌മ” (Being, that which exists) മാത്രമാണ്. എന്താണ് ഈ ഉന്‍‌മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍‌മ. “നിലനിൽക്കുക“ എന്നാൽ ഭൌതീകമായ രൂപം ഉണ്ടായിരിക്കുക എന്ന് മാത്രമല്ല അർത്ഥം! രൂപഭാവങ്ങൾ ഇല്ലാത്ത ചിന്തകൾ ഉന്മയാണ്. കാൽ‌പ്പനികത ഉന്മയാണ്. യൂ‍ണിക്കോൺ ഉന്‍‌മയാണ്. ശൂന്യത (Nothingness) പോലും ഉന്‍‌മയാണ്. അങ്ങനെ, ഉന്‍‌മയുടെ പട്ടികയില്‍ വരാത്ത ഒന്നും ഇല്ല. ഈ മഹാപ്രപഞ്ചത്തിൽ ഉന്മയായത് എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മൻ ആണ്. “Everything Is Brahman.” (ആശയം പിടികിട്ടിയില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു ചോക്ലേറ്റ് കൊട്ടാരത്തിൽ പ്രവേശിക്കുന്നുവെന്ന് കരുതുക. അവിടെ കാണുന്നതെല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണ്. തൂണും ചുവരും, കിരീടവും ചെങ്കോലും, സിംഹാസനങ്ങളും, പ്രതിമകളും, വിളക്കുകളും, പരവതാനികളും, ഛായാചിത്രങ്ങളും എല്ലാം. ചോക്ലേറ്റ് കൊണ്ട് നിർമ്മിതമാണെങ്കിലും, വിളക്കിനെ “വിളക്ക്“ എന്നേ നിങ്ങൾ വിളിക്കൂ... വാളിനെ “വാൾ“ എന്നേ വിളിക്കൂ... പക്ഷേ, അത് യഥാർത്ഥത്തിൽ വാൾ ആണോ എന്ന് ചോദിച്ചാൽ അല്ല. വാൾ അല്ലേ എന്ന് ചോദിച്ചാൽ ആണ്! ശരിയായ ഉത്തരം ഇതാണ്: വാളിന്റെ രൂപത്തിൽ കാണപ്പെടുന്ന ചോക്ലേറ്റ്! ഈ വിധത്തിൽ വേണം ബ്രഹ്മനെയും ചരാചരങ്ങളെയും കാണാൻ. പ്രപഞ്ച വസ്തുക്കൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാണപ്പെടുന്നു. പക്ഷേ, ആത്യന്തികമായി അവയെല്ലാം ബ്രഹ്മൻ സ്വയം ഉരുവായതാണ്. ഉന്മ മാത്രമായ ബ്രഹ്മൻ സകല ഗുണങ്ങളെയും സ്വീകരിച്ച് പ്രപഞ്ചമായി വിരാചിതമാവുന്നു.) ഈ അര്‍ത്ഥത്തിലാണ് “അഹം ബ്രഹ്മാസ്മി”യെയും മനസിലാക്കേണ്ടത്.

ബ്രഹ്മൻ എല്ലാമാണെന്നും, സഗുണനാണെന്നും പറഞ്ഞല്ലോ! അതിന് ഘടകവിരുദ്ധമായി, ബ്രഹ്മൻ നിർഗുണൻ കൂടിയാണ്. അതായത്, സകല ഗുണങ്ങളോടും കൂടി ബ്രഹ്മൻ വിരാചിതമായാലും, ആ ഗുണങ്ങൾക്കെല്ലാം അതീതനാണെന്ന്‌ ബ്രഹ്മൻ. ഉദാഹരണത്തിന്, ബ്രഹ്മൻ ആനയായി കാണപ്പെടുന്നുവെന്ന് കരുതുക. എന്നും പറഞ്ഞ്, ആനയെ ബ്രഹ്മൻ എന്ന് വിളിക്കാൻ പറ്റില്ല. കാരണം, “ആന“ എന്ന പരിമിതിക്കുള്ളിൽ ഒതുങ്ങാത്ത യാഥാർത്ഥ്യമാണ് ബ്രഹ്മൻ. മരം ബ്രഹ്മനാണ്. പക്ഷേ ബ്രഹ്മൻ മരമാണോ? അല്ല. ഈ സന്ദർഭത്തിലാണ് ചരാചരങ്ങളെ നോക്കി “നേതി നേതി” എന്ന് ശങ്കരാചാര്യർ വിളിച്ചത്. ഒരേ സമയം ബ്രഹ്മനും ബ്രഹ്മനല്ലാതായിരിക്കുകയും ചെയ്യുന്ന പ്രപഞ്ചം! ഒരേ സമയം എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും ചെയ്യുന്ന ബ്രഹ്മൻ! ഇതാണ് വൈരുദ്ധ്യം! നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള ബ്രഹ്മന്റെ ഈ വികാസത്തെ, അതായത് മൈക്രോകോസത്തിൽ (microcosm) നിന്ന് മാക്രോകോസത്തിലേക്കുള്ള (macrocosm) ബ്രഹ്മന്റെ ഈ ഉരുത്തിരിയലിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ വിളിക്കാം.

ഒരിക്കൽ കൂടി “നേതി നേതി”-യിലേക്ക് മടങ്ങിപ്പോകാം. നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുന്നു: നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? “എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണ്“ എന്ന് നിങ്ങള്‍ പറഞ്ഞാൽ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം. പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, പക്ഷേ പൂർണ്ണമായി ശരിയല്ല. കാരണം, ഉന്‍‌മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. ചുരുക്കിപ്പറഞ്ഞാൽ, “ബ്രഹ്മൻ കാണപ്പെടുന്നു, ബ്രഹ്മനല്ലത്ത മറ്റെന്തോ ആയി.” ഈ “കാണപ്പെടൽ“ ആണ് സത്യത്തിൽ “മായ”. ഇവിടെ കാണപ്പെടുന്ന വസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കപ്പെടുന്നില്ല. പേന നിലനിൽക്കുന്നുണ്ട്. മദയാനയ്ക്കും നിലനിൽ‌പ്പുണ്ട്. അതിനാൽ, മദയാന വിരട്ടിയാൽ ഓടണം, ശങ്കരാചാര്യർ ചെയ്തതുപോലെ!

പേനയും ആനയും മരവുമെല്ലാം ബ്രഹ്മനിൽ നിന്ന് വ്യത്യസ്തങ്ങളായി നമുക്ക് തോന്നാനുള്ള പ്രധാന കാരണമായി പറയുന്നത് അജ്ഞതയാണ്. പഞ്ചേന്ദ്രിയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബുദ്ധി താൻ ബ്രഹ്മനിൽ നിന്ന് വ്യത്യസ്തമായ, ശരീരവും ഇന്ദ്രിയങ്ങളും ഉള്ള ജീവാത്മാവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സത്യം കാഴ്ചയിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് സത്യം മനസിലാക്കാനുള്ള (ബോധോധയത്തിനുള്ള) ഒരേയൊരു പോംവഴി. ബുദ്ധിയും മനസും പരിപൂർണ്ണമായി കീഴടങ്ങുന്ന (surrender) സത്യാന്വേഷണ പരകോടിയിൽ ജ്ഞാനം ആത്മാവിൽ നിറയുകയും ഉന്മ വ്യക്തമാവുകയും ചെയ്യുന്നു. (ഇതിനുള്ള ദൃഷ്ടാന്തങ്ങൾ സെന്‍ കഥകള്‍ വായിച്ചാല്‍ മനസിലാക്കാം.)

അധികം കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. അതുകൊണ്ട് ഇവിടെ നിർത്തുന്നു. വിഷയത്തിൽ നിന്ന് വഴുതി മാറി കാടുകയറാതിരിക്കാൻ ചില ആശയങ്ങൾ (ഉദാ: microcosm and macrocosm) ഞാൻ വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. അവയെ കുറിച്ച് മറ്റേതെങ്കിലും ഒരവസരത്തിൽ കൂടുതൽ എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

Monday, May 9, 2011

തിന്മ എന്നാൽ എന്ത്? (What is Evil?)


ദൈവത്തിന്‍റെ അസ്ഥിത്വം ബുദ്ധിയുടെ സഹായത്തോടെ തെളിയിക്കാനാവുമെന്ന് സമർത്ഥിക്കുന്ന വിശുദ്ധ തോമസ് അക്വീനാസിന്‍റെ അഞ്ച് വാദങ്ങളെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം. ദൈവത്തിന്‍റെ അസ്ഥിത്വം ബൌദ്ധികമായി തെളിയിക്കാനാവുമെന്ന് തോമസ് അക്വീനാസ് പറയുമ്പോള്‍, ഉയര്‍ന്ന് വരാവുന്ന സംശയങ്ങളും വെല്ലുവിളികളും നിരവധിയാണ്. “ദൈവമുണ്ടെങ്കിൽ, ദൈവത്തിനും തിന്മയ്ക്കും (Evil) എങ്ങനെ ഒരേ സമയം സഹവർത്തിത്വത്തോടെ നിലനിൽക്കാൻ കഴിയും?” എന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. നിരീശ്വരവാധികളും ഭൌതീകവാദികളും ഉന്നയിക്കുന്ന അത്തരം ചില ചോദ്യങ്ങളില്‍ നിന്ന് തിന്മയെ കുറിച്ചുള്ള ഈ എളിയ പഠനം ആ‍രംഭിക്കാം എന്ന് കരുതുന്നു.

പരിപൂര്‍ണ്ണനും അനന്തനും സര്‍വ്വശക്തനും സര്‍വവ്യാപിയുമായ ദൈവത്തിന്‍റെ അസ്ഥിത്വം സാധ്യമാണെങ്കില്‍‍, തിന്‍‌മ എന്തുകൊണ്ട് ഉണ്ടാകുന്നു? ദൈവത്തിനും തിന്മയ്ക്കും ഒരേ സമയം നിലനിൽക്കാൻ സാധിക്കുമോ? ദൈവം എന്തുകൊണ്ട് തിന്മയില്ലാത്ത (അപൂർണ്ണതകളില്ലാത്ത) ഒരു ലോകം സൃഷ്ടിച്ചില്ല? നിഷ്ക്കളങ്കരായ മനുഷ്യന്‍ എന്തിന് പട്ടിണിയും രോഗവും ദാരിദ്രവും മൂലം മരിക്കുന്നു? ദൈവം സ്നേഹനിധിയായിരുന്നെങ്കില്‍, ഇവയെല്ലാം തടയുമായിരുന്നില്ലേ? അതോ, മനുഷ്യന്‍റെ ക്ലേശങ്ങള്‍ കണ്ട് കൈകൊട്ടിച്ചിരിക്കാനാണോ ദൈവത്തിന് ഇഷ്ടം? അല്ലെങ്കിൽ, ഇതൊന്നും കാണാന്‍ കഴിയാത്ത കണ്ണുപൊട്ടനും നിർദയനുമാണോ ദൈവം? ലോകത്തില്‍ തിന്‍‌മ ചെയ്യുന്നവര്‍ സുഖസമൃദ്ധിയില്‍ കഴിയുന്നു, ഒരു തെറ്റും ചെയ്യാത്ത പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, ഇതാണോ ദൈവത്തിന്‍റെ നീതി? ഇതിന്‍റെയെല്ലാം അര്‍ത്ഥം ദൈവം ഇല്ലന്നല്ലേ? ദൈവം സര്‍വശക്തനാണെങ്കില്‍, എന്തുകൊണ്ട് തിന്‍‌മയെ ദൈവം നശിപ്പിക്കുന്നില്ല? ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ആ നീണ്ട പട്ടിക.

അസ്ഥിത്വവാദികളായ തത്വചിന്തകന്‍‌മാരുടെ (Existentialist philosophers) കൃതികള്‍ വായിച്ചാല്‍ ഭ്രാന്തുപിടിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ നമുക്ക് കാണാനാവും. ചിന്തിക്കുന്ന മനുഷ്യന്‍റെ അന്തമില്ലാത്ത ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതഗ്രന്ഥങ്ങള്‍ അപര്യാപ്തമാണെന്നത് ഒരു ദുഃഖസത്യം തന്നെയാണ്. അഥവാ അവ ഉത്തരം നൽകുന്നുണ്ടെങ്കിൽ തന്നെ, അത് വിശ്വാസികള്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളു. നിരീശ്വരവാദിയെ ബോദ്ധ്യപ്പെടുത്താന്‍ മതഗ്രന്ഥങ്ങൾ അപര്യാപ്തമാണെന്ന് ചുരുക്കം. അത്തരം സന്ദർഭത്തിൽ, വിശ്വാസങ്ങളുടെയോ മതഗ്രന്ഥങ്ങളുടെയോ പിൻ‌ബലമില്ലാതെ, നിരീശ്വരവാദികളെയും ബോധ്യപ്പെടുത്തുന്ന തരത്തിൽ, ബുദ്ധിപരമായ ഉത്തരം ഈ  വിഷയത്തെ സംബന്ധിച്ച് നൽകാനാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

നന്‍‌മയ്ക്കും തിന്‍‌മയ്ക്കും സഹവര്‍ത്തിത്വത്തോടെ ഒരേസമയം എങ്ങനെ നിലനിൽക്കുക എന്നത് യുക്തിപരമായി (Logically) അസാധ്യമാണ്. ഇരുട്ടിനും വെളിച്ചത്തിനും ഒരേ സമയം നിലനില്‍ക്കാകാത്തതു പോലെയാണിത്. ഒന്നുകില്‍ പരിപൂര്‍ണ്ണമായ നന്‍മ മാത്രം നിലനില്‍ക്കണം, അല്ലെങ്കില്‍ തിന്‍‌മ. വൈരുദ്ധ്യശക്തികളായ ചെകുത്താനും ദൈവത്തിനും ഒരേ സമയം എങ്ങനെ ഒരു സ്ഥലത്ത് നിലനില്‍ക്കാനാവും? സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും “The Problem of Evil” എന്നാണ് വിളിക്കുക. ദൈവാസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന Problem of Evil-ലെ രസകരമായ വാദങ്ങളിലേയ്ക്ക്….

1) ദൈവം സര്‍വശക്തനാണ്.
2) ദൈവം എല്ലാം അറിയുന്നവനാണ്.
3) ദൈവം പരിപൂര്‍ണ്ണമായ നന്‍‌മയാണ്.
4) പക്ഷേ, തിന്‍‌മ നിലനില്‍ക്കുന്നു.

5) ദൈവം പരിപൂര്‍ണ്ണ നന്‍‌മയായിരുന്നെങ്കില്‍, തിന്‍‌മ ഉണ്ടാവുമായിരുന്നില്ല.
6) ദൈവം യഥാര്‍ത്ഥത്തില്‍ സര്‍വശക്തനായിരുന്നെങ്കില്‍, എല്ലാ തിന്‍‌മകളെയും തടയാന്‍ ദൈവത്തിന് കഴിയുമായിരുന്നു.
7)‌ ദൈവം എല്ലാം അറിയുന്നവനായിരുന്നെങ്കില്‍, തിന്‍‌മയെ എങ്ങനെ തടയണമെന്ന് ദൈവത്തിന് അറിയുമായിരുന്നു. തിന്‍‌മയെ തടയാന്‍ ദൈവത്തിന് കഴിയുന്നില്ലെങ്കില്‍, ദൈവം സര്‍വശക്തനല്ല.
9) തിന്‍‌മയെ തടുക്കാനുള്ള വഴി ദൈവത്തിന് അറിയാമായിരുന്നിട്ടും ദൈവം തിന്മയെ തടുക്കുന്നില്ല, അതിനാൽ ദൈവം ക്രൂരനാണ്.
10) എന്നാല്‍ തിന്‍‌മ നിലനില്‍ക്കുന്നു, അതിന്‍റെ അര്‍ത്ഥം ദൈവം സര്‍വശക്തനോ, എല്ലാം അറിയുന്നവനോ, നന്‍‌മയോ അല്ലെന്നാണ്.

11) ഇതൊന്നുമല്ലാത്ത ഒന്ന് ദൈവമല്ല.
12) അതിനാല്‍, ദൈവം ഇല്ല.

ലളിതമെന്ന് തോന്നാവുന്ന ഈ വാദത്തില്‍ ഒളിഞ്ഞിരിക്കുന്ന “അപകടം” അല്‍പ്പം സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ മനസിലാവും. ദൈവം ഉണ്ടെന്നും, അവൻ സർവശക്തനാണെന്നുമൊക്കെ അംഗീകരിച്ച് വളരെ പോസിറ്റീവ് ആയി ആരംഭിക്കുന്ന മുകളിലത്തെ വാദം അവസാനിക്കുന്നതാകട്ടെ “ദൈവം ഇല്ല” എന്ന നിഷേധാത്മക പ്രസ്താവനയിലാണ്. സത്യത്തിൽ, ഈ വാദം യുക്തിസജഹവും ന്യായവുമാണ്. ഇവിടെ, ദൈവത്തിന്‍റെ മേല്‍ പ്രതിയോഗികള്‍ ഇവിടെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ പലതാണ്. 1. ശക്തനായ ദൈവം തിന്‍‌മയെ തടുക്കുന്നില്ല. (അതിനാല്‍ ദൈവം ശക്തനല്ല.) 2. സ്നേഹനിധിയായ ദൈവം തിന്‍‌മയെ കണ്ടില്ലെന്ന് നടിക്കുന്നു. (അതിനാല്‍ ദൈവം ക്രൂരനാണ്.) 3. പൂര്‍ണ്ണനായ ദൈവം ഉള്ളപ്പോള്‍ എങ്ങനെ അപൂർണ്ണതയായ തിന്‍‌മയുണ്ടാകും? (അതിനാൽ ദൈവം പൂര്‍ണ്ണനല്ല.) ദൈവത്തിന്‍റെ സ്വഭാവത്തിന് (Nature) നേരെയുള്ള ആക്രമണമാണ് Problem of Evil-ല്‍ അവലംബിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം. പഞ്ചസാരയാണെങ്കില്‍ അത് മധുരിക്കും, മധുരിക്കുന്നില്ലെങ്കില്‍ അത് പഞ്ചസാരയല്ല, ഇതാണ് സംഭവം. ഏതായാലും, സംശയങ്ങൾ തികച്ചും ന്യായം തന്നെ.

നിരീശ്വര വാദം പ്രചരിക്കുന്നതിനുള്ള ഒരു സുപ്രധാന കാരണമാണ് Problem of Evil. പ്രീയപ്പെട്ടവരുടെ അകാല മരണമോ, ജീവിത തകർച്ചയോ മൂലം നിരീശ്വരവാദികളായ വ്യക്തികള്‍ക്ക് പറയാനുള്ള വാദവും ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. പരമ്പരാഗത ഈശ്വര സങ്കല്‍പ്പത്തിന് ചിട്ടയാര്‍ന്ന രൂപവും ഭാവവും നല്‍കിയ തോമസ് അക്വീനാസ്, ലൈബിനിസ് (Leibniz) തുടങ്ങിയവരുടെ ദൈവശാസ്ത്ര ചിന്തകളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ Problem of Evil-ന് കഴിഞ്ഞിട്ടുണ്ടെന്ന് എടുത്തു പറയണം. കാ‍ര്‍മ്മിക നിയമത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ല എങ്കിലും, വ്യക്തിയായ ദൈവത്തില്‍ (God who is a Person) വിശ്വസിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീംഗങ്ങളെ സംബന്ധിച്ച് Problem of Evil ഒരു ഊരാക്കുടുക്ക് തന്നെ. മതപരമായ ഉദ്ധരിണികളോ കഥകളോ പറഞ്ഞ് ഇതില്‍ നിന്ന് തലയൂരാനും കഴിയില്ല. ഏതായാലും, മതചായ്‌വുകള്‍ ഒട്ടുമില്ലാതെ ബൌദ്ധികമായ പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് Problem of Evil എന്ന പ്രശ്നത്തെ കീറിമുറിക്കാന്‍ സാധിക്കുമോ?

തിന്‍‌മ (Evil)

തിന്‍‌മ (Evil) എന്നാല്‍ എന്താണ്? കൊമ്പും വാലും ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്‍‌മ ഒരു അവസ്ഥ മാത്രമാണ്. അതായത്, “ന്യായമായി ലഭിക്കേണ്ട ഒരു നന്‍‌മയുടെ അഭാവത്തെയാണ് തിന്‍‌മ എന്ന് പറയുന്നത്.” (Evil is the absence of a due good.) നന്മയുടെ അഭാവത്തെയെല്ലാം തിന്‍‌മ എന്ന് വിളിക്കാന്‍ കഴിയില്ല. മനുഷ്യന് ചിറകില്ലാത്തത് നന്‍‌മയുടെ അഭാവം തന്നെയാണ്, പക്ഷേ അത് തിന്‍‌മയാകുന്നില്ല. അതേ സമയം, കാക്കയ്ക്ക് ചിറകില്ലെങ്കില്‍ അത് തിന്‍‌മയാണ്, കാരണം കാക്കയ്ക്ക് ന്യായമായി ലഭിക്കേണ്ട ചിറക് അവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. തിന്‍‌മ എന്ന ആശയത്തെ കുറിച്ച് കുറേക്കൂടി അറിഞ്ഞാല്‍ മാത്രമേ നമ്മുടെ വിഷയം കൂടുതല്‍ വ്യക്തമാവൂ. മരണം ഒരു തിന്‍‌മയാണോ? അല്ല എന്ന് നിസംശയം പറയാം. ഒരു ജീവിതത്തിന്‍റെ ന്യായമായ അവസാനമാണെല്ലോ മരണം. അത് കൊണ്ട് ഇതിനെ തിന്‍‌മ എന്ന് വിളിക്കാനാവില്ല. പക്ഷേ കൊലപാതകവും ആത്മഹത്യയും തിന്‍‌മയാണ്, കാരണം ന്യായമായ ജീവിതത്തെ മനപൂര്‍വ്വം നിഷേധിക്കുകയാണ് ഇവ രണ്ടും ചെയ്യുന്നത്. അതുപോലെ നാം തിന്‍‌മയെന്ന് കരുതിയിരിക്കുന്ന പലതും തിന്‍‌മ ആവണമെന്നില്ല. ന്യായമായ അഭാവം എന്ന മാനദണ്ഡം ഉപയോഗിച്ചാവണം നന്‍‌മ-തിന്‍‌മകളെ നിര്‍വചിക്കേണ്ടത്. (അങ്ങനെയൊരു സമീപനം ജീവിതത്തിലുണ്ടായാൽ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും.)

തിന്‍‌മ‍ രണ്ടുതരം

തിന്‍‌മയെ രണ്ടായി തിരിക്കാം, സ്വാഭാവിക തിന്‍‌മയെന്നും (Natural evil), ധാര്‍മ്മിക തിന്‍‌മയെന്നും (Moral evil). പ്രകൃതിദത്തമായോ സ്വാഭാവികമായോ സംഭവിക്കുന്ന നന്‍‌മയുടെ അഭാവത്തെ സ്വാഭാവിക തിന്‍‌മ (Natural evil) എന്ന് വിളിക്കാം. ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച, സുനാമി ഇവയെല്ലാം സ്വാഭാവിക തിന്‍‌മയുടെ ഗണത്തില്‍പ്പെടുന്നു. അതേ സമയം, മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനം മൂലം വന്നുഭവിക്കുന്ന തിന്‍മകളെ ധാര്‍മ്മിക തിന്‍‌മകൾ (Moral evil) എന്ന് വിളിക്കുന്നു. സ്വാതന്ത്രത്തിന്റെ ദുരുപയോഗം മൂലം ഉണ്ടാക്കുന്ന തിന്‍‌മകളാണ് ഈ ഗണത്തില്‍ പെടുക. യുദ്ധം, കൊലപാതകം, അക്രമം, മോഷണം തുടങ്ങിയവയെല്ലാം ധാര്‍മ്മിക തിന്‍‌മകളാണ്. ചില ധാര്‍മ്മിക തിന്‍‌മകള്‍ (Moral evil) സ്വാഭാവിക തിന്‍‌മകളായി (Natural evil) ഭവിക്കാറുമുണ്ട്. ഉദാഹരണമായി, പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമൂലം കൊടിയ വരള്‍ച്ച ബാധിക്കുക, പകര്‍ച്ച വ്യാധികള്‍ ബാധിക്കുക, അമിത വ്യാവസായികവല്‍ക്കരണം മൂലം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുക… ഇങ്ങനെ പോകുന്നു അത്തരം തിന്‍‌മകളുടെ പട്ടിക.

മനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയിലൂടെ ആവീർഭവിക്കുന്ന തിന്‍‌മകളെ (Moral evil) ദൈവത്തിന്‍റെമേല്‍ നേരിട്ട് ആരോപിക്കാന്‍ കഴിയില്ല, എന്നാൽ പരോക്ഷമായ കുറ്റാരോപണം സാധ്യമാണ്. കാരണം, മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിക്കുകയും ആ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം തിന്മയുണ്ടാവുമ്പോൾ അതിൽ ദൈവവും പരോക്ഷമായി പങ്കുകാരനാവുന്നു. അതായത്, മകൻ ചെയ്ത കുറ്റത്തിന് പൊലീസ് അയാളുടെ അച്ഛനെ സ്റ്റേഷനിൽ കൊണ്ടിരുത്തുന്നതുപോലെ!

പക്ഷേ, മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നതിലൂടെ ആത്യന്തികമായ ഒരു നന്മയാണ് ദൈവം ചെയ്തത്. അതിനാൽ തന്നെ, സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന് ദൈവം ഉത്തരവാധിയാവില്ല. ഇനി, കുട്ടിയുടെ കൈയ്യില്‍ വാള്‍ കൊടുത്തിട്ട് വെട്ടരുത് എന്ന് പറയുന്നത് പോലെയല്ലേ ദൈവം മനുഷ്യന് സ്വാതന്ത്രം കൊടുത്തതും – എന്ന് വാദിച്ചാല്‍, ശരിയാണ്! പക്ഷേ, ഓർക്കേണ്ടതിതാണ് --  സ്വതന്ത്ര ഇച്ഛാശക്തിയില്ലാത്ത, പരിണാമ ചങ്ങലയിൽ താഴേ തട്ടിൽ കിടക്കുന്ന ഏതെങ്കിലുമൊരു ജീവിയായി നാം പിറവിയെടുക്കാതിരുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്ന്  മനസിലാക്കിയാൽ ഇത്തരം അനാവശ്യ വാദങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.

ഇനി, സ്വാഭാവിക തിന്‍‌മയുടെ (Natural evil) കാര്യമെടുക്കാം. മനുഷ്യന്‍ മൂലം ഉണ്ടാകുന്ന തിന്‍മകള്‍ മാത്രം മാറ്റിനിര്‍ത്തിയാല്‍, സ്വാഭാവിക തിന്‍‌മ എന്ന് പറയാന്‍ ഒന്നും ഉണ്ടാവില്ല എന്നതാണ് രസകരമായ ഒരു കാര്യം. എങ്കിലും, ചിലര്‍ അന്ധരായി ജനിക്കുന്നു, ആരുടെയും കുറ്റം കൊണ്ടല്ലാതെ വികലാംഗരാവുന്നു, ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നു, അപകടങ്ങള്‍ സംഭവിക്കുന്നു, പ്രിയപ്പെട്ടവര്‍ രോഗബാധിതരാവുന്നു, അവര്‍ മരിക്കുന്നു, പട്ടിണി അനുഭവിക്കേണ്ടി വരുന്നു… ഈ തിന്‍‌മകളെ ദൈവത്തിന്‍റെ മേല്‍ ആരോപിക്കാനാവുമോ?

അന്ധനായി ജനിച്ച ഒരു കുട്ടിയുടെ കാര്യം നോക്കാം. കുട്ടി അന്ധനായി ജനിച്ചതിനുള്ള കാരണങ്ങള്‍ പലതാകാം. അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ, പാരമ്പര്യം മൂലമാണെന്നോ, അതുമല്ലെങ്കിൽ മാതാപിതാക്കളുടെ അമിത മദ്യപാനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, റേഡിയേഷൻ പോലുള്ള അന്തരീക്ഷ മലിനീകരണം പോലുള്ള കാ‍രണങ്ങൾ മൂലമെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളിലും, ദൈവം പരോക്ഷമായിട്ടേ തിന്മയുടെ കാരണക്കാ‍രനാവുന്നുള്ളൂ. തെങ്ങില്‍ നിന്ന് തേങ്ങ മാത്രമേയുണ്ടാവൂ എന്നത് പ്രകൃതി നിയമമാണെങ്കിൽ, അപര്യാപ്തമായ ചുറ്റുപാടില്‍ നിന്ന് അന്ധനായ ഒരു കുട്ടി ജനിക്കുന്നുവെന്നതും ഒരു പ്രകൃതി നിയമം മാത്രമല്ലേ! മറ്റൊരു ഉദാഹരണം കൂടി നോക്കിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.

പോസ്റ്റുമാന്‍ കൃഷ്ണന്‍‌കുട്ടി യൌസേപ്പിന്‍റെ തെങ്ങിന്‍ പുരയിടത്തിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ. പ്രതികരിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പ് തേങ്ങ അദ്ദേഹത്തിന്‍റെ തിരുമുഖം തകര്‍ക്കുന്നു. ഈ സംഭവത്തിലെ കുറ്റക്കാരന്‍ ആരാണ്?

തെങ്ങിന്‍‌പുരയിടത്തിലൂടെ നടന്നാല്‍ തേങ്ങ തലയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും കൃഷ്ണന്‍‌കുട്ടി ആ വഴിക്ക് തന്നെ പോയി. കുറ്റക്കാരന്‍ കൃഷ്ണന്‍‌കുട്ടി തന്നെ. ഹേയ്! അത് ശരിയല്ല, കുറ്റക്കാരന്‍ യൌസേപ്പാണ്. അങ്ങേര്‍ സമയത്തിന് സ്വന്തം പുരയിടത്തെ തേങ്ങ ഇട്ടിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവുമായിരുന്നോ? പക്ഷേ, കഴിഞ്ഞ ആഴ്ച അയാള്‍ തേങ്ങ ഇടിയിച്ചതാണെല്ലോ! ഹോ, അപ്പോ തേങ്ങയിട്ട കുമാരനാണ് കുറ്റക്കാരന്‍! പാകമായ തേങ്ങ ഒരെണ്ണം അയാള്‍ വെട്ടാതെ വിട്ടു. പാവം, അയാളെന്ത് പിഴച്ചു? കുറ്റക്കാരന്‍ തെങ്ങാണ്. നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന തെങ്ങിന്‍‌പുരയിടത്തിൽ പോസ്റ്റുമാന്റെ തലയിൽ തന്നെ തേങ്ങയിടാൻ തെങ്ങിന് എങ്ങനെ തോന്നി? അങ്ങനെ പറയല്ലേ.... മിണ്ടാപ്രാണി തെങ്ങിന് എന്തറിയാം! വല്ല കാറ്റോ, അണ്ണാനോ മൂലം തേങ്ങ വീണതായിരിക്കാം. അല്ലല്ല..., എല്ലാറ്റിനും കാരണം ദൈവമാണ്. ദൈവം തെങ്ങിനെ സൃഷ്ടിക്കാതിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാവുമായിരുന്നില്ലല്ലോ!

നമുക്ക് കാര്യത്തിലേക്ക് വരാം. മുകളില്‍പ്പറഞ്ഞ സംഭവം ഒരേസമയം സ്വാഭാവിക തിന്‍‌മയും ധാര്‍മ്മിക തിന്‍‌മയുമാണ്. ദൈവം ഇവിടെ നിസഹായനാണ്. മനുഷ്യന് ഉപകാരപ്രദമാവാന്‍ ദൈവം നൂറ്റാങ്ങുകള്‍ക്ക് മുമ്പ് തെങ്ങിനെ ‘സൃഷ്ടിച്ചു’. തെങ്ങ് പ്രകൃതിയുടെ പ്രേരണയനുസരിച്ച് ലോകമെമ്പാടും പെരുകി. അതില്‍ ഒരു വിത്ത് യൌസേപ്പിന്‍റെ തോട്ടത്തിലും എത്തിപ്പെട്ടു. അത് കൃത്യമായി കൃഷ്ണന്‍‌കുട്ടിയുടെ

തലയില്‍ വീഴുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. ഈ തിന്‍‌മയുടെ ശൃംഖലയില്‍ ദൈവത്തിന്‍റെ സ്ഥാനം വിദൂരത്ത് (Remote) മാത്രമാണ്. അതായത്, ദൈവം തെങ്ങില്‍ കയറുകയോ കൃഷ്ണന്‍‌കുട്ടി വന്ന തക്കത്തില്‍ തേങ്ങ തലയിലിടുകയോ ചെയ്തില്ല. പ്രകൃതിയുടെ ചലനത്തില്‍ സംഭവിച്ച ആകസ്മിക സംഭവം (Accident) മാത്രമായിരുന്നു അത്.

ദശലക്ഷക്കണക്കിന് പൊട്ടിത്തെറികള്‍, കൂട്ടിമുട്ടലുകള്‍, ഛിന്നിച്ചിതറലുകള്‍… ഇതൊക്കെയാണ് അനുനിമിഷം പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പൊട്ടിത്തെറികളും കൂട്ടിമുട്ടലുകളും തിയറി അനുസരിച്ച് തിന്‍‌മയാകുമോ? ഇല്ല. ഇതെല്ലാം തന്നെ ആകസ്മിക സംഭവങ്ങളാണ് (Accidents). പരിണാമത്തിലൂടെ സ്വതന്ത്രമായി സ്വയം വിടരുകയും പെരുകുകയും (Evolve and develope) ചെയ്യുന്ന ഈ പ്രപഞ്ചത്തില്‍ ആകസ്മിക സംഭവങ്ങള്‍ സ്വാഭാവികം മാത്രമാണ്. പ്രകൃതിക്ക് അതിന്‍റേതായ ഒരു ചലനാത്മകതയുണ്ട് (Dynamism). ഈ ഡയനാമിസത്തിന്‍റെ കാരണഭൂതന്‍ ദൈവം എന്ന ശക്തിയാണെങ്കിലും, പ്രപഞ്ചം സ്വതന്ത്രമായ താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ദൈവം എല്ലാ ദിവസവും ചര്‍ക്ക തിരിക്കുന്നതുപോലെ ഭൂമിയെ തിരിച്ചുകൊണ്ടിരിക്കുന്നില്ല. ഇനേര്‍ഷ്യ (Inertia) എന്ന തിയറിയനുസരിച്ച് പ്രപഞ്ചം അതിന്‍റേതായ രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നെന്നേയുള്ളൂ. അതിനാല്‍, ഈ ഡയനാമിസത്തില്‍ ഉണ്ടാവുന്ന ആകസ്മികതയെ (Accident) ദൈവത്തിന്‍റെ തലയില്‍ വയ്ക്കുന്നത് യുക്തിക്ക് ചേര്‍ന്നതല്ല.

ചുരുക്കത്തില്‍, ആത്യന്തികമായി ദൈവത്തിന് നേരിട്ട് (Directly) തിന്‍‌മയുണ്ടാക്കാന്‍ കഴിയില്ല, കാരണം ദൈവത്തിന് അഭാവം ഉണ്ടാക്കാന്‍ കഴിയില്ല (God can not create absence, beacause He himself is presence). പക്ഷേ, നിരവധി കാരണങ്ങള്‍ മൂലം പ്രപഞ്ചത്തില്‍ സ്വാഭാവിക തിന്‍‌മ (Natural evil) ഉണ്ടാകുന്നു. വസ്തുക്കളുടെ കാരണഭൂതന്‍ (Ultimate cause) എന്ന നിലയില്‍, എല്ലാ തിന്‍‌മകള്‍ക്കും പരോക്ഷമായി (Indirectly) ദൈവം ഉത്തരവാധിയാണ്. എന്നാല്‍ ദൈവം തിന്‍‌മ ഉണ്ടാക്കുന്നില്ല, മനുഷ്യന്‍ മൂലമോ ആകസ്മികത്വം മൂലമോ ഉണ്ടാവുന്ന തിന്‍‌മയെ ദൈവം അനുവദിക്കുക (Allow) മാത്രമാണ് ചെയ്യുന്നത്. അതായത്; തേങ്ങ കൃഷ്ണന്‍‌കുട്ടിയുടെ തലയിലേയ്ക്ക് ഇപ്പോ വീഴും എന്ന് കണ്ടിട്ടും ദൈവം ഇടയ്ക്ക് കയറി തേങ്ങയെ പിടിക്കുന്നില്ല. അത് വീഴാന്‍ തന്നെ ദൈവം അനുവദിക്കുന്നു. ഇതുപോലെ, ദൈവം പലപ്പോഴും തിന്മയെ അനുവദിക്കുന്നതായി കാണാൻ കഴിയും.

അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു, കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു... ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

ക്ലൈമാക്സിലെത്തിയ ശേഷം “നിയോഗം” എന്നുപറഞ്ഞ് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണെന്ന് ധരിക്കരുത്. ഇത് മനുഷ്യബുദ്ധിയുടെ നിസഹായതയാണ്. ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു, അതും ഒരു പ്രകൃതിനിയമം തന്നെ!

ഉപസംഹാരം

“തിന്‍‌മ” എന്ന ആയുധം ഉപയോഗിച്ച് ദൈവാസ്ഥിത്വത്തിന് തുരങ്കം വയ്ക്കാന്‍ കഴിയില്ല എന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. മേക്കപ്പിനൊക്കെ ഒരു പരുധിയില്ലേടെയ്… എന്ന് പറയുന്നതുപോലെ വിശദീകരണങ്ങള്‍ക്ക് പരിമിതികളുണ്ട്. അതറിയാവുന്നതുകൊണ്ടുതന്നെ, തുടർന്നുള്ള പഠനങ്ങളും ചർച്ചകളും വായനക്കാരന്റെ വ്യക്തി ജീവിതത്തിലേക്ക് വിടുന്നു, ആത്മാന്വേഷണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, നിഗൂഢമായ ജീവിത സത്യങ്ങൾ പകൽ പോലെ വിരാചിതമാകട്ടെ എന്ന ആശംസയോടെ!

Saturday, May 7, 2011

ദൈവമുണ്ടോ? (Does God exist?)

ചിന്തിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ മനുഷ്യന്‍ ദൈവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു എന്നുവേണം കരുതാൻ! ഈശ്വരനെ കുറിച്ചുള്ള അവന്റെ സംശയങ്ങളെ പ്രകോപിപ്പിച്ചത് അനന്തതയിൽ വിരാചിക്കുന്ന ഈ പ്രകൃതി തന്നെയാണ്. ആകാശഗോളങ്ങളും, പുഴയും, മരവും, മണ്ണും സകലചരാചരങ്ങളും അടങ്ങുന്ന ഈ മഹാപ്രപഞ്ചത്തിലെ വൈവിധ്യങ്ങൾ  ആത്മീയമായ ഒരസ്ഥിത്വത്തിന്റെ സാധ്യതയെ കുറിച്ചാലോചിക്കാൻ മനുഷ്യനെ ഇടയാക്കിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പ്രകൃതി മനുഷ്യനെ ഈശ്വരനിലേക്ക് നയിക്കുന്ന മദ്ധ്യവർത്തിയാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. എന്നാൽ ഇതിൽനിന്നെല്ലാം ഉപരിയായി, ഈശ്വരാന്വേഷണം എന്നത് മനുഷ്യ സ്വഭാവത്തിന്‍റെ ഭാഗമാണെന്നാണ് മിക്ക തത്വചിന്തന്മാരും അഭിപ്രായപ്പെടുന്നത്. ആത്യന്തിക സൌന്ദര്യത്തെ കണ്ടെത്താനുള്ള ത്വര, പൂർണ്ണതയോട് അടുത്തുനിൽക്കുന്ന എന്തിനെയും അഭിവാഞ്ജിക്കാനും പ്രാപിക്കുവാനുമുള്ള വ്യഗ്രത, അറിയുന്തോറും കൂടുതൽക്കൂടുതൽ അറിയമെന്നുള്ള ജിജ്ഞാസ... ഇവയെല്ലാം തന്നെ മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ഈശ്വരാന്വേഷണ ഉന്മുഖതയുടെ വ്യത്യസ്ത ഭാവങ്ങളാണ്. ഈ അർത്ഥത്തിൽ, ഓരോ മനുഷ്യനും അവരുടേതായ രീതിയില്‍ പൂര്‍ണ്ണതയെ (ദൈവത്തെ) അന്വേഷിച്ചുകൊണ്ടിരിക്കുന്നു, നിരീശ്വരവാദികള്‍ അടക്കം. സാമൂഹിക ജീവിതത്തിലെ അനുദിന സംഭവങ്ങൾ ഈശ്വരാന്വേഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്ന് തോന്നാമെങ്കിലും, ആത്യന്തികമായി ഇവയെല്ലാം പരോക്ഷമായ ഈശ്വരാന്വേഷണം തന്നെ. ഏതൊരന്വേഷണവും ഈശ്വരനിൽ ചെന്നവസാനിക്കുന്നു, കാരണം ഈശ്വരനാണ് എല്ലാറ്റിനെയും ഉറവിടം!

വിശ്വാസത്തെ ഒരുനിമിഷം മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍‍, മനുഷ്യന്‍റെ സാമാന്യബുദ്ധി ഉപയോഗിച്ച് ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കാനാവുമോ? മാനുഷികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ, ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദേശം. രാത്രിയുടെ അന്ധകാരത്തില്‍ നിഗൂഢമായിക്കിടക്കുന്ന ഒരു വസ്തു പകല്‍ വെളിച്ചത്തില്‍ വെളിവാക്കപ്പെടുന്നതുപോലെ, ബൌദ്ധിക മാനദണ്ഡങ്ങളിലൂടെ പ്രപഞ്ചത്തില്‍ അന്തര്‍ലീനനായിരിക്കുന്ന ദൈവാസ്ഥിത്വത്തെ അനുമാനിക്കാൻ സാധിക്കുമോ? വിശ്വാസത്തിന്റെ പിൻബലം ഇല്ലാതെ, ബുദ്ധി കൊണ്ടുമാത്രം ഈശ്വരാസ്ഥിത്വം തെളിയിക്കാൻ കഴിയും എന്നുതന്നെയാണ് തത്വശാസ്ത്രം അഭിപ്രായപ്പെടുന്നത്. അങ്ങനെ, ചരിത്രത്തിന്റെ താളുകളിൽ ബുദ്ധിയിലൂടെ ഈശ്വരാസ്ഥിത്വം സമർദ്ധിക്കാൻ ശ്രമിച്ച തത്വശാസ്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനുമായ വിശുദ്ധ തോമസ് അക്വീനാ‍സിന്റെ ചിന്താധാരകളിലൂടെ നമുക്കൽ‌പ്പനേരം സഞ്ചരിക്കാം.

തോമസ് അക്വീനാസ് (1224-1274)

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമനിക്കന്‍ വൈദീകനായിരുന്നു തോമസ് അക്വീനാസ്. ക്രിസ്ത്യന്‍ തത്വചിന്തകന്‍‌മാര്‍ക്കിടയില്‍ അഗ്രഗണ്യനായ തോമസ് അക്വീനാസ് വേദപാരംഗതനായും വിശുദ്ധനായും കത്തോലിക്കാസഭ ആദരിക്കുന്നു. ദൈവാസ്ഥിത്വം അടക്കുള്ള മത, ധാര്‍മ്മിക സത്യങ്ങളെ വെളിപാടിലൂടെയല്ലാതെ (Revelation) സാമാന്യ മനുഷ്യബുദ്ധി (Reason or Human rationality) ഉപയോഗിച്ചും വിശദീകരിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ യുക്തിവല്‍ക്കരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ ദൈവശാസ്ത്രത്തിലുണ്ടായ വന്‍‌കുതിച്ചു ചാട്ടം തന്നെയായിരുന്നു.


സുമ്മ തിയോളജിക്ക (Summa Theologiae) എന്ന അദ്ദേഹത്തിന്‍റെ ബൃഹത്ഗ്രന്ഥത്തിലാണ് ദൈവാസ്ഥിത്വത്തെ ബൌദ്ധികമായി അക്വീനാസ് തെളിയിച്ചിരിക്കുന്നത്. തോമസ് അക്വീനാസിന്‍റെ അഞ്ച് വഴികള്‍ (Five Ways of Thomas Aquinas) എന്നാണ് അവ അറിയപ്പെടുന്നതു തന്നെ. “വഴികൾ"  എന്നാല്‍ “തെളിവുകൾ" (Proofs) എന്നാണ് അര്‍ത്ഥം. ഗ്രീക്ക് തത്വചിന്തകന്‍മാരുടെ ദര്‍ശനങ്ങള്‍ അക്വീനാസിന്‍റെ പഠനങ്ങളെ ഏറെ സ്വാധീ‍നിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. അരിസ്റ്റോട്ടിലിന്‍റെ മാറ്റത്തെ (Change) കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് അക്വീനാസിന്‍റെ സുപ്രധാന വാദങ്ങളെല്ലാം ആരംഭിക്കുന്നത് തന്നെ. ദൈവാസ്ഥിത്വത്തെ കുറിച്ചുള്ള അക്വിനാസിന്‍റെ അഞ്ച് വാദങ്ങളിലേയ്ക്ക്!

ആദ്യ വഴി: ചലനം (The way of MOTION)

“പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലിക്കുന്നുവെന്ന് ഇന്ദ്രിയങ്ങളിലൂടെ നമുക്ക് സ്പഷ്ടമാണ്”- എന്ന പ്രസ്താവനയോടെയാണ് അക്വീനാസ് തന്‍റെ വാദം ആരംഭിക്കുക. ഇവിടെ, “ചലനം” എന്നതുകൊണ്ട് അക്വീനാസ് വിവക്ഷിക്കുന്നത് അരിസ്റ്റോട്ടിലിന്‍റെ ചലന സിദ്ധാന്തത്തെയാണ്. സാധ്യതയില്‍ നിന്നും യാഥാര്‍ത്ഥസ്ഥിതിയിലേയ്ക്കുള്ള മാറ്റത്തെയാണ് ചലനം എന്നതുകൊണ്ട് അരിസ്റ്റോട്ടില്‍ അര്‍ത്ഥമാക്കിയത്. (Motion is nothing else than the reduction of something from potentiality to actuality.) ഉദാഹരണമായി; മുട്ടക്കുള്ളിലിരിക്കുന്ന ഭ്രൂണം ഒരു സാധ്യത (Potentiality) മാത്രമാണ്. അത് കോഴിക്കുഞ്ഞാവുമ്പോള്‍ സാധ്യത യാഥാര്‍ത്ഥ്യമായി (Actuality) എന്ന് പറയാം. അങ്ങനെ ഭ്രൂണം കോഴിക്കുഞ്ഞാവുന്നത് ചലനത്തിന് ഒരുദാഹരണമാണ്.

ചലനം എല്ലാ വസ്തുക്കള്‍ക്കും സംഭവിക്കുന്നു. ഭ്രൂണം കോഴിയാവുന്നു, പച്ച മാങ്ങ പഴുക്കുന്നു, ശരീരം ജീര്‍ണ്ണിക്കുന്നു. എന്നാല്‍ ഒരു വസ്തുവും സ്വയംഭൂവായി മാറ്റത്തിന് വിധേയമാവുന്നില്ല, വസ്തുക്കള്‍ ചലിക്കുന്നു എന്നതിനെക്കാള്‍ അവ “ചലിപ്പിക്കപ്പെടുന്നു” എന്ന് വേണം പറയാൻ. അതായത്, ഭ്രൂണം കോഴിക്കുഞ്ഞാവുന്നതിന് പിന്നില്‍ ഒരു ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഘടകം പ്രവര്‍ത്തിക്കാതിരുന്നാല്‍ ഭ്രൂണത്തിന് കോഴിക്കുഞ്ഞാവാന്‍ പറ്റില്ല. അങ്ങനെയെങ്കിൽ, പ്രപഞ്ചത്തിലെ ചലിക്കുന്ന വസ്തുക്കളെല്ലാം തന്നെ മറ്റൊരു വസ്തുവിനാല്‍ ചലിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

കുളത്തില്‍ ഒരാള്‍ ചൂണ്ടയിടുന്നതായി സങ്കല്‍പ്പിക്കുക! ചൂണ്ടയില്‍ കൊരുത്ത ഇര ചലിക്കുന്നു, ആ ഇരയെ ചലിപ്പിക്കുന്നത് ചൂണ്ടയാണ്. ചൂണ്ടയെ ചലിപ്പിക്കുന്നത് വടിയില്‍ കെട്ടിയ നാരാണ്. നാരിനെ ചലിപ്പിക്കുന്നത് വടിയാണ്, വടിയെ ചലിപ്പിക്കുന്നത് മീന്‍‌പിടുത്തക്കാരന്‍റെ കൈകളാണ്, കൈകളെ ചലിപ്പിക്കുന്നത് മീന്‍‌പിടുത്തക്കാരനാണ്, മീന്‍പിടുത്തക്കാരന്‍ ചലിക്കാന്‍ തുടങ്ങിയത് അയാളുടെ മാതാപിതാക്കളിലൂടെയാണ്, മാ‍താപിതാക്കള്‍ ചലിക്കാന്‍ തുടങ്ങിയത് അവരിടെ മാതാപിതാക്കളിലൂടെയാണ്… ഇങ്ങനെ കാലത്തിന്‍റെ അനാദിയിലേയ്ക്ക് നമ്മേ കൊണ്ടു പോകുന്നു ആ ശൃംഖല.

ഈ ശൃംഖല ഒടുവിൽ ഒരിക്കലും ചലിക്കാതിരിക്കുകയും മറ്റുള്ളവ ചലിപ്പിക്കുകയും ചെയ്യുന്ന “ഒന്നിൽ” അവസാനിക്കുന്നതായും, ആ ഒന്നിനെ (Unmoved mover) ദൈവം എന്ന് വിളിക്കാമെന്നും അക്വീനാസ് വാദിച്ചു. ആകാശഗോളങ്ങളുടെ ചലനം സംബന്ധിച്ചും അക്വീനാസ് ഈ വാദം തന്നെയാണ് നിരത്തുന്നത്. ഇനേര്‍ഷ്യയില്‍ (Inertia) ആയിരിക്കുന്ന ആകാശ ഗോളങ്ങളുടെയെല്ലാം ചലനകാരണം ഒരിക്കലും ചലിക്കാത്ത (മാറ്റത്തിന് വിധേയമാവാത്ത) ഒന്നാണ്. അക്വീനാസിന്‍റെ ഈ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍വാദങ്ങള്‍ നിരവധിയാണ്. എങ്കിലും അക്വീനാസിന്‍റെ ഈ വാദത്തിന്‍റെ രത്നച്ചുരുക്കം നോക്കാം.

രത്നച്ചുരുക്കം;

1. Objects are in motion.
2. If something is in motion, then it must be caused to be in motion by something outside of itself.
3. There can be no infinite chain of movers/movees.
4. So there is a first, unmoved mover.
5. Therefore, God exists.

രണ്ടാം വഴി: കാരണഹേതു (The way of CAUSATION)

പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും ഓരോ കാരണഹേതുവുണ്ട് (Efficient causes). മാവില്‍ നിന്ന് മാങ്ങയുണ്ടായി, മാങ്ങയുടെ കാരണഹേതു മാവാണ്. കോഴിയില്‍ നിന്ന് മുട്ടയുണ്ടായി, മുട്ടയുടെ കാരണഹേതു കോഴിയുമാണ്. ഇനി, സ്വയംഭൂവായ ഒന്നും തന്നെ കാണപ്പെടുന്ന ഈ പ്രപഞ്ചത്തിലില്ല. എല്ലാ വസ്തുക്കളും മറ്റൊന്നില്‍ നിന്ന് ഉണ്ടായി എന്ന് തന്നെയാണ് ഇതിന്‍റെ അര്‍ത്ഥം.

ജോണിക്കുട്ടി ജോസഫേട്ടനില്‍ നിന്ന് പിറന്നു, ജോസഫേട്ടന്‍ അവറാച്ചനില്‍ നിന്ന് പിറന്നു, അവറാച്ചന്‍ പൌലോസില്‍ നിന്നും പൌലോസ് തോമാച്ചനില്‍ നിന്നും പിറന്നു… ഇങ്ങനെ അച്ഛനപ്പുപ്പന്‍മാരുടെ കാരണഹേതുക്കളെ തേടിപ്പോയാല്‍ ഏതെങ്കിലും ഒരു വ്യക്തിയില്‍ ചെന്ന് നില്‍ക്കുകയേ തരമുള്ളൂ. ആ വ്യക്തിയെ തല്‍ക്കാലം ആദം എന്ന് വിളിക്കാം. ആദം പിന്നെ എവിടെ നിന്നുണ്ടായി എന്ന ചോദ്യമാവും പിന്നെയുണ്ടാവുക! ഒന്നുകില്‍ ആദം സ്വയംഭൂവായി. ഒരു ഭൌതീക ജീവിക്ക് സ്വയംഭൂവായി ജന്‍‌മമെടുക്കാന്‍ കഴിയില്ല എന്നത് പ്രകൃതിനിയമമാണ്. അങ്ങനെയെങ്കില്‍ ആദം സ്വയംഭൂവായി എന്ന കാരണം ശരിയല്ല. ഇനി, ആദത്തെയും ആരെങ്കിലും സൃഷ്ടിച്ചതാവാം. പക്ഷേ, ആദത്തെ സൃഷ്ടിച്ചയാള്‍ എവിടെ നിന്നുണ്ടായി? ചോദ്യം വീണ്ടും നീളുന്നു. ആരില്‍ നിന്നും ഉടലെടുക്കാത്ത, കാരണഹേതുവില്ലാത്ത, സ്വയംഭൂവായ ദൈവത്തില്‍ നിന്ന് ആദം ഉണ്ടായി എന്ന് പറയുന്നതാണ് ന്യായമെന്ന് അക്വീനാസ് വാദിച്ചു. ദൈവത്തെ സര്‍വ്വവസ്തുക്കളുടെയും ആത്യന്തകാരണമായിട്ടാണ് (First cause of all things) അക്വീനാസ് വിവരിക്കുക.

ഇവിടെ ഒരു ആശയക്കുഴപ്പം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദൈവം ആദത്തെ (ഒരു മുതുമുത്തശ്ചനെ) സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍, ദൈവം നേരിട്ട് കളിമണ്ണോ ചെളിയോ കൊണ്ട് ഉണ്ടാക്കി എന്നല്ല അര്‍ത്ഥം. ബൈബിളിലെ ഒന്നാം അദ്ധ്യായത്തില്‍ ദൈവം ആറ് ദിവസം കൊണ്ട് ലോകത്തെ സൃഷ്ടിക്കുന്ന ഒരു കഥയുണ്ട്. ആ കഥ പ്രതീകാത്മകമാണ്. പരിണാമത്തിന് തുടക്കം കുറിച്ചശേഷം സ്വയം വിടരുന്നതിനും പെരുകുന്നതിനും (Evolve and develope) ദൈവം ഈ പ്രപഞ്ചത്തെ അനുവദിച്ചതാവാം. ദൈവം തുടക്കം കുറിച്ച പരിണാമ പ്രക്രിയ ഇപ്പോഴും തുടരുന്നതാവാം. ഏതായാലും, ഡാർവിന്റെ പരിണാമസിദ്ധാന്തം പ്രപഞ്ചസൃഷ്ടിയിലെ ദൈവത്തിന്‍റെ നിര്‍ണ്ണായക പങ്ക് അംഗീകരിക്കുന്നുണ്ട്.

രത്നച്ചുരുക്കം;

1. There exists things that are caused or created by other things.
2. Nothing can be the cause of itself.
3. There can be no infinite cause/effect chains.
4. Therefore, ther must be an uncaused first cause called God.
5. Therefore God exists.

മൂന്നാം വഴി: യാദൃച്ഛീകം (The way of CONTINGENCY)

ആദ്യ രണ്ടു വഴികളും നിസാരമായി ഗ്രഹിക്കാനാവുമെങ്കിലും മൂന്നാമത്തെ വഴി അല്‍പ്പം ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. ഈ പ്രപഞ്ചത്തില്‍ അനിവാര്യതയായി (Necessity) എന്തെങ്കിലും ഉണ്ടോ? ജോലി ചെയ്യുന്ന കമ്പനിയില്‍ നാം ഒരു അനിവാര്യതയാണോ? ആണെന്ന് തോന്നുമായിരിക്കാം, നാം വിരമിച്ചാല്‍ നമുക്ക് പകരം മറ്റൊരാള്‍ നമ്മുടെ കസേരയില്‍ ഇരിക്കുക തന്നെ ചെയ്യും. ആത്യന്തീകമായി, ഈ പ്രപഞ്ചത്തിലെ ഒന്നും അതില്‍ തന്നെ അനിവാര്യതകളേ അല്ല. ഇതിനെ കുറിച്ച് ഫെഡറിക് നീഷേ, ഴാങ് പോള്‍ സാര്‍ത്ത് തുടങ്ങിയ അസ്ഥിത്വവാദ തത്വചിന്തകന്‍‌മാര്‍ സവിസ്താരം വര്‍ണ്ണിക്കുന്നുണ്ട്.

വസ്തുക്കളെല്ലാം യാദൃച്ഛികങ്ങളാണ് (Contingent). എന്നാല്‍ പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ എന്തോ ഒന്നുണ്ട്. പ്രപഞ്ചത്തെ ഏകോപിപ്പിച്ച് നിര്‍ത്തുന്ന, അതിന്‍റെ ഓരോ സ്പന്ദനത്തെയും നിയന്ത്രിക്കുന്ന ആ നിയമം (Law of nature) ഇല്ലാതിരുന്നുവെങ്കില്‍ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. വൈദ്യുതിയുള്ളപ്പോള്‍ ബള്‍ബ് കത്തുന്നതുപോലെയും വൈദ്യുതി പോകുമ്പോള്‍ ബള്‍ബ് അണയുകയും ചെയ്യുന്നതുപോലെയാണത്. ഏതോ ഒന്നിന്‍റെ സാന്നിധ്യം തന്നെയാണ് പ്രപഞ്ചത്തിന്‍റെ അനിവാര്യത. അനിവാര്യമായ (Necessary) ആ ഒന്നിനെ അക്വീനാസ് ദൈവം എന്ന് വിളിച്ചു. ദൈവത്തെ “ഒരു വ്യക്തിയായി” ഒരിക്കലും സങ്കല്‍പ്പിക്കരുതേ എന്ന് ഇടയ്ക്കുകയറി പറഞ്ഞുകൊള്ളട്ടെ!

രത്നച്ചുരുക്കം;

1. Contingent beings are caused.
2. Not every being can be contingent.
3. There must exist a being which is necessary to cause contingent beings.
4. This necessary being is God.

നാലം വഴി: നന്‍‌മ (The way of GOODNESS)

വസ്തുക്കളുടെ ഗുണമേന്‍‌മയില്‍ ഏറ്റക്കുറച്ചിലുകള്‍ (gradation) കാണാറുണ്ടെല്ലോ. വസ്തുക്കളിലെ സൌന്ദര്യം (Beauty), നന്‍‌മ (Good), സത്യം (Truth) എന്നിവയുടെ അനുപാതത്തിലും ഏറ്റക്കുറച്ചില്‍ കാണാം. ഈ ഏറ്റക്കുറച്ചിലുകള്‍ അര്‍ത്ഥമാക്കുന്നത് ഒരു പൂര്‍ണ്ണതയെയാണ്. ഉദാരഹണമായി, വെള്ള നിറത്തിലുള്ള പത്ത് വസ്തുക്കളെ തമ്മില്‍ താരതമ്യം ചെയ്യുകയാണെന്ന് കരുതുക. പത്തെണ്ണത്തില്‍ ഏതാണ് തൂവെള്ള നിറമുള്ളത് എന്നതാണ് കണ്ടുപിടിക്കേണ്ടത്. അവസാനം ഒരു വസ്തുവിനെ തിരഞ്ഞെടുക്കുന്നു. അതിന്‍റെ അര്‍ത്ഥം അതിനെക്കാള്‍ തൂവെള്ളയായ വസ്തു ഇനി ഇല്ലെന്നാണോ? അല്ല. അതായത് അപൂര്‍ണ്ണതകളെയോ അര്‍ദ്ധ സുന്ദരികളെയോ കാണുമ്പോള്‍ തന്നെ പൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാന്‍ നമുക്ക് കഴിയുന്നു. ചുരുക്കത്തില്‍, ദൈവത്തിന്‍റെ പൂര്‍ണ്ണത വസ്തുക്കളിലൂടെ പ്രതിഫലിക്കുന്നുവെന്നും, അപൂര്‍ണ്ണമായ വസ്തുക്കളിലൂടെ പൂ‍ര്‍ണ്ണനായ ദൈവത്തെ തിരിച്ചറിയാനാവുമെന്നും അക്വീനാസ് വാദിച്ചു.

രത്നച്ചുരുക്കം;

1. Objects have properties (Qualities) to greater or lesser extents.
2. If an object has a property to a lesser extent, then there exists some other object that has the property to the maximum possible degree.
3. So there is an entity that has all properties to the maximum possible degree.
4. Hence God exists.

അഞ്ചാം വഴി: രൂപകല്‍പ്പന (The way of DESIGN)

ഏതോ ഒരന്ത്യത്തിലേയ്ക്കെന്ന പോലെ ക്രമീകൃതമായിരിക്കുന്ന പ്രപഞ്ച വസ്തുക്കളുടെ രൂപകല്‍പ്പനയിലുടെ ദൈവത്തിന്‍റെ അസ്ഥിത്വം തിരിച്ചറിയാം എന്നാണ് അക്വീനാസ് പറയുന്നത്. മനോഹരമായ പ്രഭാതം കാണുമ്പോള്‍, മഴവില്ല് കാണുമ്പോള്‍, പൂക്കളെ കാണുമ്പോള്‍, നക്ഷത്രങ്ങളെയും ആകാശഗോളങ്ങളെയും കണ്ട് അന്തംവിട്ട് നില്‍ക്കുമ്പോള്‍… ഇവയുടെയെല്ലാം കാരണഭൂതനായ ഒരു ശക്തിയെക്കുറിച്ച് ചിന്തിച്ച് പോകാറില്ലേ! ഈ പ്രകൃതിയും പ്രപഞ്ചവും അതിലെ നിയമങ്ങളും യാദൃശ്ചികമായി പൊട്ടി മുളച്ചതാണെന്ന് ചിന്തിക്കുന്നതിനെക്കാള്‍ എളുപ്പം, ഒരു ശക്തിയുടെ കരവിരുതാണ് ഇതെന്ന് വിശ്വസിക്കുന്നതാണ്. ഒരു ബിഗ് ബാങ് സിദ്ധാന്തത്തിനും നിര്‍വചിക്കാനാകാത്ത പ്രകൃതിയുടെ സന്തുലിതാവസ്ഥയും (സൃഷ്ടിയും പ്രളയവും) സങ്കീര്‍ണ്ണതയും അപരിമേയ ശക്തിയുടെ ഇച്ഛാശക്തി മൂലമാണെന്ന് വാദമാണ് അക്വീനാസിനുള്ളത്.

രത്നച്ചുരുക്കം;

1. Among objects that act for an end, some have minds, whereas others do not.
2. An object that acts for an end, but does not itself have a mind, must have been created by a being that has a mind.
3. So there exists a being with a mind who designed all mindless objects that act for an end.
4. Hence, God exists.

*********************************************

ഇനി, ദൈവം ഉണ്ട് എന്ന് തന്നെ വയ്ക്കുക! എങ്കില്‍ ആ ദൈവത്തിന്‍റെ സ്വഭാവമെന്താണ്? അക്വീനാസിന്‍റെ വഴികളെ കുറിച്ച് പ്രതിപാദിച്ച നിലയ്ക്ക് അതുകൂടി ചുരുക്കിപ്പറയാം.

ദൈവത്തിന്‍റെ സ്വഭാവം (Nature of God)

1. ദൈവം ഒന്നാണ് (One), അതായത് ദൈവത്തിന്‍റെ സത്തയും (Essence), നിലനില്‍പ്പും (Existence) ഒന്നാണ്. ദൈവത്തിന്‍റെ “നിലനില്‍പ്പ്” തന്നെയാണ് “സത്ത”. 2. ദൈവം സരളമാണ് (Simple), അതായത് ദൈവത്തിന്‍റെ സത്തയില്‍ മിശ്രണങ്ങള്‍ ഇല്ല (without composition of parts such as body and soul) 3. ദൈവം പൂര്‍ണ്ണനാണ് (Perfect – complete actuality) 4. ദൈവം അപരിമേയനാണ് (Infinite, unlimited or perfect) 5. ദൈവം മാറ്റമില്ലാത്തവനാണ് (Immutable or changeless)

ഈശ്വരാനുഭവവും ധാര്‍മ്മീയതയും

അക്വീനാസിന്‍റെ അഞ്ച് വഴികള്‍ പോലെ തന്നെ അവഗണിക്കാനാവാത്ത മറ്റൊരു തെളിവാണ് “ഈശ്വരാനുഭവം”(Religious experience). ഏതെങ്കിലുമൊരു വ്യക്തിക്ക് വ്യക്തിപരമായി ഉണ്ടാവുന്ന ദൈവീക വെളിപാടുകളെയോ, അത്ഭുതങ്ങളെയോ, ദര്‍ശനങ്ങളെയോ, അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെയോ റിലീജിയസ് എക്സ്പീരിയന്‍ എന്ന് വിളിക്കാം. ദൈവാനുഭത്തിന് നിതാന്തമായ നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നും, ഖുറാനില്‍ നിന്നും, ഭഗവത്ഗീതയില്‍ നിന്നും നമുക്ക് ലഭ്യമാണ്. അനുദിന ജീവിതത്തില്‍ പോലും നാം ഇത്തരം കഥകള്‍ കേട്ടെന്നും വരാം. ദൈവസാന്നിധ്യം അനുഭവിക്കുക, അനര്‍വചനീയമായ ആനന്ദമോ ദര്‍ശനമോ ഉണ്ടാവുക, പ്രകൃതിനിയമങ്ങളെ ഭേദിക്കുന്ന അത്ഭുതങ്ങളോ അടയാളങ്ങളോ സംഭവിക്കുക, ദൈവവുമായി സംഭാഷണം നടത്തുക എന്നിങ്ങനെ നിരവധി രീതിയില്‍ ഈ അനുഭവം ഉണ്ടാവാം. മനുഷ്യശക്തിയ്ക്ക് അതീതമായതും പ്രകൃതിനിയമത്തിന് വിരുദ്ധമായതുമായ പ്രതിഭാസങ്ങളെയാണ് “അത്ഭുതങ്ങള്‍” എന്ന് ഇവിടെ ഉദ്ദേശിച്ചത്, കണ്‍കെട്ട് വിദ്യകളെ അല്ല.

വ്യക്തികള്‍ക്ക് ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങളെ ദൈവാസ്ഥിത്വത്തിനുള്ള തെളിവായി ഉപയോഗിക്കാമെന്ന് ചിലര്‍ വാദിക്കുമെങ്കിലും, ഈ വാദത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരും ഉണ്ട്. അനുഭവങ്ങള്‍ വ്യക്തപരമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍, വിശ്വസനീയമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചാല്‍ ഇത്തരം അനുഭവങ്ങളില്‍ വാസ്തവമുണ്ടെന്ന് തോന്നാറുണ്ട്.

മനുഷ്യന്‍റെ ധാര്‍മ്മിയ സ്വഭാവം (Moral nature) തന്നെ ദൈവമുണ്ടെന്നതിനുള്ള തെളിവാണെന്ന മറ്റൊരു വാദവും നിലവിലുണ്ട്. ശരിയും തെറ്റും വിവേചിച്ച് ശരി മാത്രം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന മനസാക്ഷി (Conscience) എന്നത്, പരമമായ നന്‍‌മയുടെ (highest good) പ്രതിഫലമാണെന്നാണ് ഇമ്മാനുവേല്‍ കാന്‍റ് (Immanuel Kant) വിശേഷിപ്പിച്ചിട്ടുള്ളത്. മനസാക്ഷിയുടെ ആഗോളസ്വഭാവവും (Universality) വാദത്തിന് ശക്തി പകരുന്നുണ്ട്. എങ്കിലും ഇതിനെ എതിര്‍ക്കുന്നവര്‍ വിരളമല്ല.

ഉപസംഹാരം

മുകളില്‍ പ്രസ്താവിച്ച ദര്‍ശനങ്ങള്‍ക്ക് സ്ഥായിയായ വിവരണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ! പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചതുമൂലം ചിന്തകള്‍ വികൃതമായെങ്കില്‍ ക്ഷമിക്കുക. വിഷയം ദൈവമാണെന്നതിനാലും, ആശയപരമാണെന്നതിനാലും ലേഖനം ഇവിടെ അപൂര്‍ണ്ണമായി അവസാനിപ്പിക്കുകയേ തരമുള്ളൂ. കറകളഞ്ഞ സത്യാന്വേഷികൾക്ക് ഈ ലേഖനം ഒരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

(പ്രപഞ്ച സൃഷ്ടിയെയും ഈശ്വരാസ്ഥിത്വത്തെയും കുറിച്ച് താവോയിസം അനുശ്യാസിക്കുന്ന ചില ചിന്തകൾ ഏറെ ആകർഷണിയമാണെന്നും, ഈ ലേഖനത്തിലെ അവ്യക്തമായ ചില ഭാഗങ്ങളെയും സംശയങ്ങളെയും നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്റെ എളിയ ബുദ്ധിയ്ക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ, ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ പ്രസക്തിയും ഈശ്വരനുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ എടുത്തുപറയേണ്ട ഒന്നാണ്. അവയെ കുറിച്ചെല്ലാം മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാൻ കഴിയുമെന്ന് കരുതാം.)