കറുത്ത കുർബാനയെ കുറിച്ച് ഞാനെഴുതിയ കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ? അതിൽ, അധികം കാട് കയറാതിരിക്കാൻ, മനപ്പൂർവം പറയാതെ വിട്ട ഒരു ഭാഗം ഉണ്ടായിരുന്നു. അതാണ് വിച്ച് ഹണ്ട് (Witch Hunt). കറുത്ത കുർബാനയെ കുറിച്ച് ഇത്രയൊക്കെ പ്രതിപാദിച്ച സ്ഥിതിക്ക് വിച്ച് ഹണ്ടിനെ കുറിച്ച് കൂടി എന്തെങ്കിലും പറയാതിരിക്കുന്നത് അന്യായമാവും. കാരണം, അത്രമാത്രം ചരിത്ര ബന്ധമാണ് ഇവ രണ്ടിനും ഉള്ളത്!
ആമുഖം
വിച്ച് (Witch) എന്ന വാക്കിന്റെ പൊതുവായ അർത്ഥം മന്ത്രവാദി എന്നാണെങ്കിലും, മന്ത്രവാദിനിയെ സൂചിപ്പിക്കാനാണ് ‘വിച്ച്‘ എന്ന പദം അധികവും ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിലെ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയിലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥാപാത്രങ്ങളുടെ ഉറവിടം പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ജീവിച്ചിരുന്ന മന്ത്രവാദിനികൾ (വിച്ചുകൾ) ആയിരുന്നു. പതിനാലാം നൂറ്റാണ്ടുവരെ, അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തി പ്രാപിക്കുന്നത് വരെ, വിച്ചുകൾക്ക് ഇപ്പറഞ്ഞ ഭീതിജനകമായ ഒരു ഇമേജ് ഉണ്ടായിരുന്നില്ല. പരമ്പരാഗത ചികിത്സാരീതികളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും, പ്രത്യേകിച്ച് പേഗൺ പാരമ്പര്യം അനുസരിച്ച്, രോഗസൌഖ്യം നൽകുക പോലുള്ള സദ്പ്രവർത്തികൾ ചെയ്തിരുന്ന ഒരു പറ്റം സ്ത്രീകളെയാണ് വിച്ചുകൾ എന്ന് വിളിച്ചിരുന്നത്. എന്നാൽ, കഥ കീഴ്മേൽ മറിയുന്നത് കറുത്ത കുർബാനയുടെ ആവീർഭാവത്തോടെയാണ്.
കത്തോലിക്കാ പള്ളികളിൽ നിന്ന് ചില വിച്ചുകൾ സൂത്രത്തിൽ തിരുവോസ്തി മോഷ്ടിക്കുകയും, അവയെ കറുത്ത കുർബാനയിൽ വച്ച് നിന്ദിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിപക്ഷം വരുന്ന നിർദോഷികളായ വിച്ചുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. തിരുവോസ്തി മോഷണവും, കറുത്ത കുർബാനയും കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽ പെടുകയും, സഭ വിച്ചുകൾക്കെതിരെ സായുധ പോരാട്ടം അഴിച്ചുവിടുകയും ചെയ്തു. ഇതിനെയാണ് വിച്ച് ഹണ്ട് (Witch Hunt) എന്ന് വിളിക്കുന്നത്. നിരപരാധികളെന്നോ നിർദോഷികളെന്നോ നോക്കാതെ സകല വിച്ചുകളെയും പട്ടാളക്കാർ വകവരുത്തി. അങ്ങനെ, പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍, ഏകദേശം 5 ദശലക്ഷത്തോളം വിച്ചുകള്‍ ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് കണക്ക്, അതിൽ 90 ശതമാനവും സ്ത്രീകൾ ആയിരുന്നു.
മുമ്പ് സൂചിപ്പിച്ചതുപോലെ, എല്ലാ വിച്ചുകളും പ്രശ്നക്കാർ ആയിരുന്നില്ല. എന്നിട്ടും, അത്തരമൊരു പരിഗണന അവർക്ക് ആർക്കും ലഭിച്ചില്ല എന്നത് വിച്ചുകളുടെയും സഭയുടെയും ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്. (The Burning Times എന്നാണ് ഈ കാലഘട്ടം പൊതുവേ അറിയപ്പെടുന്നത്) മുകളിൽ പ്രതിപാദിച്ചുപോലെ, വിച്ച് ഹണ്ടിന്റെ പ്രത്യക്ഷ കാരണം കറുത്ത കുർബാന ആണെങ്കിലും, അതിന് മറ്റുചില കാരണങ്ങളും ഇല്ലാതില്ല. അതിൽ സുപ്രധാനമാണ് വിച്ചുകളെ കുറിച്ച് അക്കാലത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങൾ.
വിച്ചുകൾ സാത്താന്‍റെ കൂട്ടാളികളാണെന്നും, ആഭിചാരത്തിലൂടെ അവർ മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നുവെന്നും പേഗൻ ചിന്തകളെ നഖശിഖാന്തം എതിർത്തിരുന്ന ക്രൈസ്തവ നേതൃത്വം വിശ്വസിച്ചു. മന്ത്രവാദിനികള്‍ സാത്താന്‍റെ വെപ്പാട്ടികളാണെന്നും (അതുകൊണ്ട് തന്നെ വിച്ച് ഹണ്ടിൽ പിടിക്കപ്പെട്ടവരെ വ്യഭിചാര കുറ്റം ചുമത്തി), അവർ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ആചാരങ്ങൾ (അഥവാ കറുത്ത കുർബാന) നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അവർ വിശ്വസിച്ചു. യുദ്ധം, അകാല മരണം, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നതിന് വിച്ചുകൾ കാരണമായത്രേ! ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാല്‍ സ്ത്രീകള്‍ക്ക് നേരെ അന്നത്തെ പുരോഹിതന്മാർ വിഭാഗീയത പുലർത്തിയിരുന്നു. സ്ത്രീ ഒരു അശുദ്ധ ജീവിയാണെന്ന വിശ്വാസവും ഈ വിഭാഗീയതയ്ക്ക് പിന്നിൽ ഉണ്ട്. ഇതെല്ലാം വിച്ച് ഹണ്ടിന്റെ ആക്കം കൂട്ടിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വിച്ച് ഹണ്ടിലെല്ലാം നിഴലിച്ച് നിൽക്കുന്നതും ഈ സ്ത്രീ വിരുദ്ധ സമീപനമാണ്. അതുകൊണ്ടുതന്നെ, കൊല്ലപ്പെട്ട വിച്ചുകളില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. തെളിവോ വിചാരണയോ ഇല്ലാതെ പേഗൻ വിശ്വാസത്തെ കിടപിടിച്ച സ്ത്രീകളെല്ലാം നിഷ്ക്കരുണം മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു.
ഇനി രാഷ്ടീയ കാരണങ്ങൾ നോക്കാം. ക്രിസ്തുമതത്തിനെതിരെയും, ഭരണകൂടത്തിനെതിരെയും സംസാരിക്കുന്നവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുക --- ഇതായിരുന്നു വിച്ച് ഹണ്ടുകൾക്ക് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ കാരണം! അങ്ങനെ, ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും ചേർന്ന് മന്ത്രവാദത്തിന്റെ പേരിൽ ശത്രുക്കളെ മുഴുവന്‍ ജീവനോടെ ദഹിപ്പിച്ചു. ശത്രുക്കൾ മാത്രമല്ല, ക്രിസ്തുമതത്തെ അംഗീകരിക്കാത്ത പല അതിപുരാതന സമൂഹങ്ങളും സംസ്ക്കാരങ്ങളും അങ്ങനെ വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു.
ഫ്രാന്‍സിന്‍റെ നാഷണല്‍ ഹീറോയായി കരുതപ്പെടുന്ന ജോൻ ഓഫ് ആർക്കിന്‍റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തില്‍ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാന്‍ വയ്യ. സ്വപ്നത്തിൽ ലഭിച്ച ദര്‍ശനമനുസരിച്ച്, ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കിയ ജോനിന് രണാങ്കണത്തില്‍ വച്ച് മുറിവേൽക്കുകയും, തുടർന്ന് അവർ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയില്‍ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാര്‍ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തി പീഡിപ്പിച്ചു. 1431-ല്‍ അവര്‍ ജോനിനെ തീയില്‍ എറിഞ്ഞ് കൊന്നു. 1920-ല്‍ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ച സഭയ്ക്ക് അദ്ദേഹത്തെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം തന്നെ!
ഇനി, വിച്ച് ഹണ്ടിലെ സാമ്പത്തിക കാരണങ്ങൾ! മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, മന്ത്രവാദികളെ തിരഞ്ഞെടുക്കുന്നതിൽ വൻ അഴിമതിയും ഗൂഢാലോചനയും നടന്നിരുന്നു. ധനികരായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ഇവർ അഗ്നിയ്ക്ക് ഇരയാക്കി. അങ്ങനെ കണ്ടുകെട്ടിയ സമ്പത്ത് അവർ പരസ്പരം പങ്കിട്ടെടുക്കുമായിരുന്നത്രേ, യേശുവിന്റെ മേലങ്കി പങ്കിട്ടതുപോലെ! അതുപോലെ, പക, അസൂയ എന്നിവയും വിച്ച് ഹണ്ടുകളിൽ മുഖ്യപങ്ക് വഹിച്ചു.
പീഡനങ്ങള്‍
"വിച്ചുകളെ ജീവനോടെ ചുട്ടെരിക്കുക" എന്ന ശിക്ഷാമുറയാണ് വിച്ച് ഹണ്ടുകളിൽ പൊതുവേ അനുവർത്തിച്ച് കാണുന്നത്. എന്തുകൊണ്ടാവും അത്?
മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉടലെടുക്കുന്നത് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ (354-430) വാക്കുകളില്‍ നിന്നാണ്. “that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church.” ഇത് കൂടാതെ, പത്താം നൂറ്റാണ്ടില്‍ പേഗനിസം അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രവണതകൾക്കെതിരെ നിലവിലുണ്ടായിരുന്ന നിയമവും ഈ ശിക്ഷാ രീതിയ്ക്ക് പ്രചോദനമായി. ആ നിയമം ഇപ്രകാരമാണ്;
“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…”
അതവിടെ നിൽക്കട്ടെ. നമുക്ക് പീഡനമുറകളെ കുറിച്ച് നോക്കാം. വിച്ചുകളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് പോലെ ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം, പിടിക്കപ്പെട്ട വിച്ചിനെ കുന്തത്തിലോ മറ്റോ കെട്ടി തന്തൂരി ചിക്കന്‍ പൊള്ളിച്ചെടുക്കുന്നത് പോലെ കത്തിക്കുകയാണ് പതിവ്. ഇതിനായി സ്കോട്ട്ലാന്‍റില്‍ ഓരോ ദിവസവും 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നു. വിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ, അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും വിച്ച് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടികൂടി വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. ജീവനോടെ കത്തിക്കുന്നതിന് പുറമേ, പട്ടിണിക്കിടുക, വെള്ളത്തില്‍ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ ശിക്ഷകളും നടപ്പിലാക്കപ്പെട്ടു.
ഒരാൾ മന്ത്രവാദിനിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന് പട്ടാളക്കാർ അവലംബിച്ചിരുന്ന ഒരു രീതി കൌതുകകരമാണ്. സംശയിക്കുന്ന ആളെ സൂചികൊണ്ട് കുത്തും. രക്തം വരാത്ത പക്ഷം അവളുടെ കാര്യം കട്ടപൊക! വിചാരണ അതിലും ഭ്രാന്തമായിരുന്നു. പ്രതിയെ മൂന്ന് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബാധിച്ച പ്രതി താന്‍ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തില്‍ ഒരുമിച്ചു കൂടുന്നതായും ഒക്കെ സമ്മതിച്ചു. കുറ്റം ഏറ്റുപറയാത്തവരെ മൃഗീയ പീഡിപ്പിച്ചു. ഇത്തരം പീഡനത്തില്‍ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നത്രേ.
കൊല്ലപ്പെട്ട വിച്ചുകളുടെ സംഖ്യ ചരിത്ര രേഖകളില്‍ നിന്ന്: റോം 100,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 10,000+ പേര്‍, ഇംഗ്ലണ്ട് 2,000+ പേര്‍, സ്കോട്ട്ലാന്‍റ് 3,069+ പേര്‍, സ്കന്‍ഡിനാവ 5,000+ പേര്‍, ഹംങ്കറി 1600+ പേര്‍, സ്പെയിന്‍ 3,686+! ഇതുവരെ എത്ര വിച്ചുകളാണ് കൊല്ലപ്പെട്ടെതെന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും, ഒരു ഏകദേശ കണക്കനുസരിച്ച് ജര്‍മനിയില്‍ മാത്രം 150 വര്‍ഷത്തിനിടയില്‍ 30,000 മുതല്‍ 100,000 വരെയുള്ള വിച്ചുകള്‍ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഈ നരഹത്യ തുടർന്നു.
ഉപസംഹാരം
കറുത്ത കുർബാനയുടെ ചരിത്രവുമായി ചേർന്ന് നിൽക്കുന്ന വിച്ച് ഹണ്ടിനെ കുറിച്ചുള്ള ലഘുവായ വിവരണം മാത്രമാണ് ഈ ലേഖനം. ചരിത്രത്തിന്റെ ഏടുകളിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിച്ച് ഹണ്ടിനെ ജനശ്രദ്ധയിലെത്തിക്കാനുള്ള എളിയ ശ്രമം! കൊല്ലപ്പെട്ട വിച്ചുകളുടെ നിരപരാധിത്വത്തെ കുറിച്ചോ, ഈ കൂട്ടക്കൊലയിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിനെ കുറിച്ചോ ലേഖകന് യാതൊരു വിധ അഭിപ്രായവും ഇല്ല, കുറ്റക്കാരായ വിച്ചുകൾക്കൊപ്പം ഒരു പറ്റം നിരുപദ്രവകാരികളായ സ്ത്രീകളും കുട്ടികളും ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുടെ പേരിൽ ഹോമിക്കപ്പെട്ടുവെന്നതിലെ ഒരു ചെറിയ ദുഃഖം ഒഴിച്ച്!
(പേഗൻ പാരമ്പര്യത്തിലെ വിച്ചുകളുടെ സ്ഥാനത്തെകുറിച്ചും, വിച്ച് ഹണ്ടുകളെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിലെ ഈ ഡോക്യുമെന്ററി പരമ്പര കാണുക.)
ഒരു പറ്റം നിരുപദ്രവകാരികളായ സ്ത്രീകളും കുട്ടികളും ചില രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളുടെ പേരിൽ ഹോമിക്കപ്പെട്ടുവെന്നതിലെ ഒരു ചെറിയ ദുഃഖം ഒഴിച്ച്!
ReplyDeleteഭീകരം..
ReplyDeleteRead something in Davinci Code Novel also..
മൃഗീയം. ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതെ ഇതൊന്നും (മന്ത്രവാദിനികള്‍, മനുഷ്യക്കുരുതികള്‍, etc.) ഇപ്പോള്‍ നടക്കുന്നില്ല എന്ന് കരുതി സമാധാനിക്കാം.
ReplyDeleteExcellent article man Keep it up.
ReplyDeleteഹോ.....എന്തൊക്കയാ ഞാനിനയും അറിയാന്‍ കിടക്കുന്നത്....
ReplyDeleteവ്യത്യസ്തമായ വിഷയങ്ങളിലെ ഈ എഴുത്തിനു ഒരു സലാം
ReplyDeleteഒരിക്കല്‍ താല്പര്യം കയറി കുറച്ചു വായിച്ചിരുന്നു ഈ വിഷയം.