Showing posts with label bible. Show all posts
Showing posts with label bible. Show all posts

Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

Monday, March 26, 2012

ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം!


അനുഭവത്തിൽ അധിഷ്ഠിതമാണ് ആത്മീയത! അത് കേവലം ആചാരനുഷ്ഠാനങ്ങളിലൂടെയോ, മതപഠനത്തിലൂടെയോ, തീർത്ഥാടനങ്ങളിലൂടെയോ, നേർച്ചകളിലൂടെയോ ഉണ്ടാവണമെന്നില്ല. അതിന് മാനദണ്ഡങ്ങളില്ല, മുഖംനോട്ടമില്ല. ആർക്കും എവിടെ വച്ചും ആത്മീയാനുഭവം സാധ്യമാക്കാം. ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നതും അങ്ങനെയൊരു ആത്മീയാനുഭവത്തെ കുറിച്ചാണ്, എനിക്കുണ്ടായ ഒരു എളിയ ബോധോദയത്തെ കുറിച്ച്! അതുണ്ടായിട്ട് മാസങ്ങളായെന്ന് തോന്നുന്നു...! അതിനെ കുറിച്ച് ഇതുപോലൊരു പൊതുവേദിയിൽ പറയണമെന്നോ, ഡോക്യുമെന്റ് ചെയ്യണമെന്നോ ഇതുവരെ തോന്നിയിരുന്നില്ല. ഇന്നെന്തോ..., അങ്ങനെ തോന്നി! വിശ്വസമുള്ളവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് വെറും മതിഭ്രമമെന്നോ തോന്നലെന്നോ മുദ്രകുത്തി വിശ്വസിക്കാതിരിക്കും! രണ്ടായാലും, എന്നെയത് ബാധിക്കുന്നില്ല.

ജന്മം കൊണ്ടും, ജീവിതം കൊണ്ടും ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ, ആ അനുഭവം ക്രിസ്തുവുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ തന്നെ പള്ളിയും പട്ടക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഓർമ്മ വച്ച നാളുകളിൽ, ഞാനാദ്യമായി പള്ളിയിൽ പോയ ദിവസത്തെ കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ ഇന്നും എന്റെ ബോധമനസിൽ മായാതെ കിടപ്പുണ്ട്. വീടിന് തൊട്ടടുത്ത് തന്നെയുള്ള മലങ്കരപ്പള്ളിയിലെ ഒരു മൂലയിൽ, എഴുന്നേറ്റ് നിൽക്കുന്ന ജനസമൂഹത്തിന് നടുവിൽ, ഇത്തിരിപ്പോന്ന ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നിന്നതും, അടുത്ത് നിന്ന അമ്മച്ചിമാരുടെ ഗോഷ്ടികൾ (പ്രാർത്ഥനകൾ) ശ്രദ്ധിച്ചതും, ഒടുവിൽ പ്രസംഗ സമയമെത്തിയപ്പോൾ സമൂഹമാകെ ഇരുന്നതും, ഞാൻ മാത്രം എഴുന്നേറ്റ് നിന്നതും, അങ്ങനെ ജീവിതത്തിലാദ്യമായി അൾത്താരയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ ശ്രദ്ധിക്കുന്നതും ഒക്കെ! ക്രൂശിതരൂപം കണ്ടപ്പോൾ ഞാനാകെ പതറിപ്പോയി. "ആരാണത്? എന്തിനാണയാളെ തൂക്കിയിട്ടിരിക്കുന്നത്...?" ഈ ചോദ്യങ്ങൾ അൾത്താരയിലേക്ക് ഉറ്റുനോക്കി ഞാൻ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അവയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്രകളാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതും, പിന്നെ ഒരു വൈദീകനാവണമെന്ന ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ കൊണ്ടെത്തിച്ചതും! കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അത്രമാത്രം തീഷ്ണവും ഭക്തിസാന്ദ്രവുമായിരുന്നു എന്റെ കുട്ടിക്കാലത്തെ ആത്മീയജീവിതം!

ദൗർഭാഗ്യകരമെന്ന് പറയാനാവുമോ എന്തോ? എന്നാലും, സെമിനാരി ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴേക്കും കുട്ടിക്കാലത്തുണ്ടായിരുന്ന ആത്മീയ നൈർമല്യം പൂർണ്ണമായും ചോർന്നുപോയിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ, സെമിനാരി പരിശീലനത്തിന്റെ ഭാഗമായി തത്വശാസ്ത്രം അഭ്യസിക്കേണ്ടി വന്നതിനാലും, വിശ്വാസങ്ങളെക്കാൾ ബുദ്ധിയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കേണ്ടി വന്നതിനാലുമാവും അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണത "വെറും" ബൗദ്ധിക തൃഷ്ണയായി പരിണമിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ പരിശീലിച്ചിരുന്ന പല നല്ല ആത്മീയ ചിട്ടകളും അന്യം നിന്നുപോയി. ഇതിൽ, ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും പെടും. ക്രിസ്തുവിന്റെയും അവന്റെ സഹനത്തിന്റെയും പ്രസക്തിയെ കുറിച്ചുള്ള അനേകം ചോദ്യങ്ങൾ എന്നെ എപ്പോഴും അലട്ടിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഞാൻ പറഞ്ഞ ആ ആത്മീയാനുഭവം എന്നിൽ ഉണ്ടായത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, കുറേ മാസങ്ങൾക്ക് മുമ്പാണ്...! എല്ലാ ദിവസവും വൈകിട്ട് ഇവിടെ അടുത്ത് CMI അച്ചന്മാരുടെ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കളിക്കാൻ ഞാൻ പോകുമായിരുന്നു. ഒക്ടോബർ മാസത്തെ കനത്ത മഴയെ തുടർന്ന് വോളിബോൾ കോർട്ട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഇനി മുതൽ ഫുട്ബോൾ കളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജീവിതത്തിൽ അന്നേവരെ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഞാൻ രണ്ടും കൽപ്പിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടന്നതിനാലും, ഇടക്കിടെ പെയ്ത ചാറ്റൽ മഴയാലും, ആദ്യ നാളുകൾ ആവേശകരമായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മപ്പെടുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചും പരസ്പരം തള്ളിയിട്ടും ഞങ്ങൾ ആ ദിവസങ്ങൾ ശരിക്കും അർമാദിച്ചു. പക്ഷേ, അധികം നാൾ അത് നീണ്ട് നിന്നില്ല. ബോളിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ കൂട്ടുകാരൻ കാല് മടക്കി ഒറ്റ അടി. ബോളിൽ കൊള്ളേണ്ട അടി എന്റെ പാദത്തിൽ! കാൽ ഛിന്നഭിന്നമാകുന്ന വേദനയോടെ ഞാൻ നിലത്ത് വീണു പിടഞ്ഞു. എല്ലാരും എന്റെ ചുറ്റും ഓടിക്കൂടി. നിലവിളിക്കിടയിൽ ആരും എന്നെ തൊടരുതെന്ന് ഞാൻ കേണപേക്ഷിച്ചു. മൃദുവായ ഒരു സ്പർശനം പോലും താങ്ങാനുള്ള കെൽപ്പ് എന്റെ ശരീരത്തിനപ്പോൾ ഉണ്ടായിരുന്നില്ല. അത്രമാത്രമുണ്ടായിരുന്നു ആ വേദനയുടെ കാഠിന്യം! കുറച്ച് നേരം ഞാനങ്ങനെ തന്നെ ഇരുന്നു. വേദനയ്ക്ക് ലേശം ശമനം കിട്ടിയെന്ന് തോന്നിയപ്പോൾ കളിക്കാൻ പിന്നെയും കൂടി, കുറച്ച് മൊണ്ടിയിട്ടാണെങ്കിലും! അങ്ങനെ ആ ദിവസം അവസാനിച്ചു. പക്ഷേ, കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഗതിയാകെ വഷളാകുന്നത്. കാലിൽ നല്ല നീര്... പിന്നെ അസഹനീയ വേദനയും! കളിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം.... അതുകൊണ്ട് ഞാനതിനെ വലിയ കാര്യമായി എടുത്തില്ല.

രാത്രി ഏതാണ്ട് 12 മണി ആയിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാലിന്റെ വേദന അപ്പോഴേക്കും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. കാലിലെ വേദന സന്ധിബന്ധങ്ങളിലൂടെ ശരീരമാകെ വ്യാപിക്കുന്നത് പോലെ! ആ വേദനയിൽ ശരീരമാകെ വിറച്ചു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി... പാദത്തിൽ തൊടാനാവാത്ത വിധം ദുസഹമായ വേദന. ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചുനോക്കി. കാൽ ഉയർത്തി തലയിണയിൽ വച്ചുനോക്കി. യാതൊരു ഫലവും കണ്ടില്ല. അവാച്യമായ വേദന മരണതുല്യമായപ്പോൾ, ഇരു കൈകളും വിരിച്ച്, കണ്ണുകളടച്ച് കട്ടിലിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നു; ഒന്നുമില്ലാത്തവനെ പോലെ....!

ആ നേരത്താണ് യേശുവിനെ കുറിച്ചുള്ള ചിന്തകൾ യാദൃശ്ചികമായി എന്റെ മനസിൽ ഉദിക്കുന്നത്. ഞാനനുഭവിച്ച കൊടിയ വേദനയുമായി താരതമ്യപ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലല്ലോ എന്ന ഗദ്ഗദമാവണം അവനെ കുറിച്ചുള്ള ചിന്തകൾ എന്നിൽ ഉണർത്തിയത്. കാരണം, ഭാവനയ്ക്ക് അതീതമാം വിധം പീഡകൾ സഹിച്ച ഒരാളാണ് യേശുവും. കട്ടിലിൽ കിടന്ന് ഞാൻ യേശുവിനെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാനനുഭവിച്ച വേദനയെയും ക്രിസ്തു കുരിശിൽ അനുഭവിച്ച വേദനയെയും സമാനപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ കാലിൽ ആണിയടിയേറ്റ അതേ ഭാഗത്ത് തന്നെയാണ് എനിക്കും ക്ഷതമേറ്റിരുന്നത്. അതുകൊണ്ടുതന്നെ, എന്റെ കാലിൽ ഞാനനുഭവിച്ച വേദനയെ ക്രിസ്തുവിന്റെ കാലിലെ ആണിപ്പഴുതുകളിലെ വേദനയുമായി അനുരൂപപ്പെടുത്തി ഞാനതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ക്രിസ്തുവിന്റെ വേദനയുടെ തീവ്രത ഉൾക്കൊള്ളാൻ കുരിശിൽ തറക്കപ്പെട്ട വിധം ഞാൻ കട്ടിലിൽ കൈ വിരിച്ച് കിടന്നു, ഒരു പാദത്തിന്മേൽ മറ്റൊരു പാദം കയറ്റിവച്ചു. സ്വർഗത്തിനും ഭൂമിക്കും നടുവിൽ കുരിശിൽ തൂക്കപ്പെട്ടവനായി ഞാൻ സ്വയം ഭാവനയിൽ കണ്ടു. ഞാനിപ്പോൾ ക്രിസ്തുവാണ്. ശരീരമാകെ മുറിവുകളാണെങ്കിലും എന്നെ ഏറെ അലട്ടുന്നത് കാലുകളിലേറ്റ ആണിയടിച്ച മുറിവുകളാണ്. ചർമ്മത്തിൽ നിന്നാരംഭിക്കുന്ന ആ മുറിവ് എല്ലുകൾക്കിടയിലൂടെ, മാംസത്തെ തുറച്ച്, ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിലൂടെ, കുരിശ് മരം വരെ നീണ്ട് നിൽക്കുന്നു. ആ ആണിപ്പഴുതിൽ നിന്ന് പ്രവഹിക്കുന്ന രക്തം കുരിശിലൂടെ വാർന്നിറങ്ങി ഭൂമിയെ തണുപ്പിക്കുന്നു. ശരീരഭാരം താങ്ങാനാവാതെ ആണിപ്പഴുതുകൾ വലിഞ്ഞ് വലുതാവുന്നു. ആ വിടവ് സ്വന്തം ആത്മാവിനെ രണ്ട് കഷ്ണമാക്കുന്നതുപോലെ! കാലുകളിൽ ആണിയടിച്ചപ്പോൾ മുഖരിതമായ ചുറ്റികശബ്ദം പ്രപഞ്ചമാകെ പ്രതിധ്വിനിക്കുന്നത് എനിക്ക് കേൾക്കാം, അതിന്റെ തരംഗദൈർഘ്യം എന്റെ നിലവിളിയെ നിഷ്പ്രഭമാക്കുന്നു. വേദന തിങ്ങിയ ആ ധ്യാനാത്മക നിമിഷങ്ങൾ കുറേ നേരം നീണ്ടുനിന്നു. ഒരു കോട്ടുവായയോടെ ആ നിമിഷങ്ങൾ സാവധാനം അവസാനിച്ചു.

ഞാൻ സാധാരണ നിലയിൽ എത്തി. എങ്കിലും കട്ടിലിൽ ആ കിടപ്പ് തുടർന്നു. ഞാനെന്റെ ശ്വാസോച്ഛാസത്തിന്റെ പ്രവേഗം ഉള്ളിന്റെയുള്ളിൽ ഫീൽ ചെയ്തു. ആ മുറയിലെ എന്റെ, എന്റെ ശരീരത്തിന്റെ സാന്നിധ്യം ഞാൻ ഫീൽ ചെയ്തു. അത്രമാത്രം സ്വച്ഛമായിരുന്നു ആ അന്തരീക്ഷം. എന്റെ ശ്രദ്ധ സാവധാനം എന്റെ കാലിലേക്ക് നീണ്ടു. പെട്ടെന്ന് എന്റെ നെറ്റി ചുളിഞ്ഞു... ഇതുവരെ വേദന കൊണ്ട് പുളയുകയായിരുന്നില്ലേ ഞാൻ? ഇപ്പോൾ ആ വേദന എവിടെ? എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. എന്റെ മനസാന്നിധ്യം ഉറപ്പുവരുത്തി. ശരിയാണ്, ഞാൻ സ്വപ്നം കാണുകയല്ല. പക്ഷേ, എന്റെ വേദന എവിടെ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതെന്ത് മറിമായം...?"

ക്രിസ്തുവിന്റെ പീഡകളുമായി സ്വയം അനുരൂപരാവാൻ ശ്രമിക്കുമ്പോൾ പലരുടെയും രോഗങ്ങൾ ശമിക്കാറുള്ളതായി നാം പല കരിസ്മാറ്റിക് ധ്യാനങ്ങളിലും എത്രയോ തവണ കേട്ടിരിക്കുന്നു. അന്നുവരെ എനിക്കതിൽ വിശ്വസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്? ക്രിസ്തു നമുക്ക് വേണ്ടി മരിച്ചെങ്കിൽ, അദ്ദേഹം ചൊരിഞ്ഞ രക്തത്തിനും സഹനത്തിനും അമൂല്യമായ വിലയുണ്ടെന്നും, വെറും രോഗശമനം എന്നതിലുപരി, ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തി അതിനുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. എനിക്കുണ്ടായ അനുഭവം ചെറുതാണ്, വിസ്മരിക്കാവുന്നതാണത്! ഇതിനെക്കാൾ മഹത്തരമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നുപോയി, എല്ലാ അർത്ഥത്തിലും ക്രിസ്തുവുമായി അനുരൂപരാവാൻ ശ്രമിച്ച ഒട്ടനവധി വിശുദ്ധന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും, വിശുദ്ധ ഫ്രാൻസിസ് അസീസിയെ പോലെയുള്ളവരെ, ആവിലായിലെ വിശുദ്ധ ത്രേസ്യയെ പോലെ, കൊച്ചുത്യേസ്യാ പുണ്യവതിയെ പോലെ! അവരുടെയെല്ലാം ആത്മീയാനുഭവത്തിന് മുന്നിൽ ഇതെന്ത്? എങ്കിലും ഒരു കാര്യം ഞാൻ മനസിലാക്കുന്നു; ക്രിസ്താനുഭവം സാധ്യം..! ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള ധ്യാനത്തിന്, അതുമായുള്ള താദാമ്യപ്പെടലിന് രോഗങ്ങളെ/വേദനകളെ ദൂരീകരിക്കുക സാധ്യം...! ഇവയെല്ലാം കേവലം മതിഭ്രമമല്ല, അന്ധവിശ്വാസമല്ല. മറിച്ച്, മാനുഷികമായ എല്ലാ പരിമിതികളോടും കൂടി തന്നെ സ്വന്തമാക്കാനാവുന്ന ദൈവീക വരപ്രസാദം... നന്ദി! ഇനിയും ഇത്തരം അനുഭവങ്ങൾക്കായി, അവയിലൂടെയുള്ള ബോധോദയത്തിനായി ആവലോടെ കാത്തിരിക്കുന്നു....!

Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

Saturday, June 25, 2011

കുരിശില്‍ നിന്ന് കാശ്മീരിലേക്ക്?

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
ആമുഖം

റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.

ചില സൂചനകൾ

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

എന്തിന് ഇന്ത്യയിലേക്ക്?

യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!

2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.

3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.


യേശുവിന്‍റെ കാശ്മീരിലെ കല്ലറ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.

Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!

തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

പുസ്തകങ്ങളിലൂടെ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.

കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.

Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്! യേശു എന്ന ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം. ഒരു സമഗ്രമായ പഠനം എന്നതിൽ ഉപരി, ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചില കറുത്ത അധ്യായങ്ങളെ വായനക്കാരുടെ മുന്നിൽ എത്തിക്കുക, അത്രമാത്രം!  ചരിത്രവും വിശ്വാസവും തമ്മിലുള്ള വടംവലി നടക്കട്ടെ! ചർച്ചകളും പഠനങ്ങളും എവിടം വരെ പോകുമെന്ന് കാണാം, ഒരു മൂലയിൽ മാറി നിന്ന്!

(ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു. വിവർത്തനം ചെയ്ത് വെറുതേ വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദ്ദേശത്തോടെയാണ് അത്.)

Monday, June 13, 2011

കറുത്ത കുർബാന: A form of Devil Worship


തിന്മ എന്നത് വെറും ആശയമോ (idea), അഭാവമോ (absence) അല്ല എന്നും, മറിച്ച്, നിയതമായ രൂ‍പവും സ്വഭാവവുമുള്ള മൂർത്തിയാണെന്നുമുള്ള ചർച്ചയാണ് സാത്താന് രൂപമുണ്ടോ? (How Satan looks like?) എന്ന എന്റെ കഴിഞ്ഞ പോസ്റ്റിൽ നടന്നത്. സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരുധിവരെ സ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ലോകപ്രസിദ്ധമായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തിയാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്? ആർക്കറിയാം? ഏതായാലും, സാത്താൻ ആരാധനയിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കാലഘട്ടത്തിന്റെ ആവശ്യകതയായി ഞാൻ കരുതുന്നു, അത് എത്രമാത്രം അപ്രിയമാണെങ്കിലും!

കറുത്ത കുർബാന

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോൽ തന്നെ മനസിൽ ആദ്യം വരിക കറുത്ത കുർബാനയുടെ (blass mass) ദൃശ്യങ്ങൾ ആയിരിക്കും. The Da Vinci code, Angels and Demons തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

ചരിത്രം

കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്. അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു. Richard Cavendish's “The Black Arts” (1967) , H.T.F. Rhodes' “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ. (കറുത്ത കുർബാനയുടെ ബൃഹത്തായ ചരിത്രം മുഴുവൻ പ്രതിപാദിക്കുക പ്രായോഗികമല്ലാത്തതിനാൽ വായനക്കാരുടെ സ്വകാര്യവായനയ്ക്ക് അത് വിടുന്നു.)

അനുഷ്ഠാനം

കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം ഇങ്ങനെയാണ്: നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ളയിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യദേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഉപസംഹാരം

കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. (അന്വേഷിച്ചപ്പോൾ ഒരു റിപ്പോർട്ട് കൈയ്യിൽ തടഞ്ഞു. അതിതാണ്.) ഏതായാലും, തിരുവനന്തപുരത്തും, പിന്നെ കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നതായി ചില സുഹൃത്തുക്കൾ മുഖേന എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന സന്ദർഭങ്ങൾ കേൾക്കുമ്പോൾ മനസ് മരവിച്ച് പോവും. ഇതൊക്കെ കാണുമ്പോൾ, സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചുകൊടുക്കുന്നുണ്ടാവുമോ? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവമുണ്ടാവുമോ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

Friday, June 10, 2011

സാത്താന് രൂപമുണ്ടോ? (How Satan looks like?)

തിന്മ എന്നാൽ എന്ത്? (What is Evil?)  എന്ന എന്റെ മുൻ ലേഖനം വായിച്ചിരിക്കുമല്ലോ? വിശ്വാസത്തിന്റെ പുന്തുണയില്ലാതെ, ‘തിന്മ‘ എന്ന യാഥാർത്ഥ്യത്തെ ബൌദ്ധികമായി നിർവചിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. അതിന്റെ തുടർച്ചയായി ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

“തിന്മ“ എന്ന യാഥാർത്ഥ്യത്തെ നിർവചിക്കുന്ന കൂട്ടത്തിൽ, ചില പ്രസ്താവനകൾ കഴിഞ്ഞ ലേഖനത്തിൽ ഞാൻ നടത്തിയിരുന്നു. അവയിതാണ്: “കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്“. ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മയ്ക്ക് (സാത്താന്) ഒരു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി --- ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂ‍പം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സാത്താന്റെ (തിന്മയുടെ) രൂപം എന്താണ്?  തിന്മ എന്നത് വെറും അഭാവം മാത്രമോ, അതോ ഒരു മൂർത്തിയോ? എന്നീ ചോദ്യങ്ങളാണ് ഈ ലേഖനത്തിലെ ചർച്ചാവിഷയം.

സത്യത്തിൽ, തിന്മ വെറുമൊരു അഭാവം മാത്രമല്ല എന്നാണ് എന്റെ പരിമിതാമായ ആലോചനയിലും പഠനത്തിലും മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മറിച്ച്, അതൊരു സത്തയാണ്, മൂർത്തിയാണ്. (ഇത് എത്രപേർ സമ്മതിച്ചു തരുമെന്ന് എനിക്കറിയില്ല.) കുറേകൂടി വ്യക്തമായി പറഞ്ഞാൽ, പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) ---- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്... സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി... ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്നും, മുസ്ലീംഗങ്ങൾ ജിന്നെന്നും, ഹിന്ദുക്കൾ രുദ്രന്മാർ (?) എന്നും വിളിക്കുന്നു. തിന്മയെ കൊമ്പും വാലും ഉള്ള ഒരു ദുഷ്ട ജന്തുവായി ചിത്രീകരിക്കുന്നത് മതപണ്ഡിതന്മാർക്കിടയിൽ എനിക്കൊരു അന്ധവിശ്വാസിയുടെ പരിവേഷം വാങ്ങിത്തരുമെന്ന് ഉറപ്പാണ്. സാമൂഹിക പരിവർത്തനം ലക്‌ഷ്യം വയ്ക്കുന്ന ഒരു ആത്മീയ ഗുരുവും/മത പണ്ഡിതനും തിന്മ ഒരു മൂർത്തിയാണെന്ന് സമ്മതിച്ച് തരില്ല. കാരണം അങ്ങനെ സമ്മതിച്ചാൽ, സാത്താൻസേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം എളുപ്പം വഴിപിഴയ്ക്കുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തിന്മയെ കുറിച്ച് അവർ പരമാവധി മൌനം പാലിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഏതായാലും, നമുക്കതിന്റെ ആവശ്യം ഇല്ലല്ലോ!

സാത്താന്റെ രൂപത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഡെവിൾസ് ബൈബിളിൾ (Devil's Bibile). പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഈ അത്യപൂർവ സാഹിത്യ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതിൽ സുപ്രധാനമായ ഒന്നാണ് സാത്താന്റെ രൂപം വെളിപ്പെടുത്തുന്ന ഒരു ചിത്രം. ഏതാണ്ട് 165 പൌണ്ട് ഭാരമുള്ള ഈ ഭീമൻ പുസ്തകത്തിലെ 290-മത്തെ പേജിൽ മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരിക ഘടന ഒത്തിണങ്ങിയ സാത്താന്റെ ചിത്രം കാണാം. (താഴെയുള്ള ചിത്രം നോക്കുക). ഒറ്റ നോട്ടത്തിൽ ഒരു കാർട്ടൂൺ കഥാപാത്രമായിട്ടോ വിശ്വസിക്കാൻ പ്രയാസമുള്ളതായിട്ടോ തോന്നാമെങ്കിലും, ഡെവിൾസ് ബൈബിളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് നമുക്ക് മനസിലാവും.


ഡെവിൾസ് ബൈബിളിൾ (Devil's Bibile)

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് (The Codex Gigas) ഡെവിൾസ് ബൈബിൾ. 900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 പന്നികളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസി ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാരികൾക്ക് വാക്കു നൽകുന്നു. (അച്ചടിയോ പേപ്പറോ ഇല്ലാതിരുന്ന ആ‍ കാലഘട്ടത്തിൽ ഒരു പുസ്തകം രചിക്കുക എന്നത് അഭ്യസ്തവിദ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹനീയ കർമ്മമായിരുന്നെന്ന് ഓർക്കുക.) അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരുധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! (ഡെവിൾസ് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ താൽ‌പ്പര്യമുള്ളവർ നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ അഞ്ച് ഭാഗങ്ങളടങ്ങിയ ഈ ഡോക്യുമെന്ററി കാണുക.)

നരക സമാന അനുഭവങ്ങൾ (Hell like experiences)


സാത്താന്റെ രൂപത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നരക സമാന അനുഭവങ്ങളെ (Hell like experiences) കുറിച്ച് പറയാതിരിക്കുക അസാധ്യം. മരണാനന്തര ജീവിതത്തിലൂടെ (Life after Death)  എന്ന എന്റെ മുൻ ലേഖനം വായിച്ച ഒരാൾക്ക് Near-death experience (NDE) എന്നാണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. (എങ്കിലും, സംഗതി എന്താണെന്ന് ചുരുക്കി പറയാം. മസ്തിഷ്ക്ക മരണം സംഭിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം, ചില ആത്മീയ അനുഭവങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന പ്രതിഭാസത്തെയാണ് Near-death experience എന്ന് പറയുന്നത്.) Near-death experience-ലൂടെ കടന്നുപോകുന്ന ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ള മറ്റൊരു അനുഭവമാണ് നരക സമാന അനുഭവങ്ങൾ അഥവാ hell like experiances. ഈ നരക സമാന അനുഭവങ്ങളിൽ നല്ലൊരു ശതമാനം പേർക്കും സാത്താനെ മുഖാഭിമുഖം ദർശിക്കേണ്ടിവന്നതായി പറയപ്പെടുന്നു. ഓരോ വ്യക്തികളുടെയും വിശ്വാസങ്ങൾക്കനുസൃതം സാത്താന്റെ രൂപത്തിൽ വ്യത്യാസം കാണുന്നെങ്കിലും, മനുഷ്യന്റെയും മൃഗത്തിന്റെയും ശാരീരികഘടന ഒത്തിണങ്ങിയ ഒരു രൂപമാണ് സാത്താന് ഈ ദർശനങ്ങളിലൂടെ പൊതുവായി കൽ‌പ്പിച്ച് നൽകിയിരിക്കുന്നത്.

ക്രിസ്ത്യൻ ചിന്തകൾ

സ്വർഗത്തിൽ നിന്ന് ഉച്ഛാടനം ചെയ്യപ്പെട്ട റിബലുകളായ മാലാഖമാരാണ് ക്രിസ്തുമതത്തിന്റെ ഭാഷ്യത്തിൽ പിശാച് അല്ലെങ്കിൽ സാത്താൻ. ഉൽ‌പ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താൻ ഒരു മൂർത്തിയല്ലെന്നും, മനുഷ്യന്റെ തിന്മയിലേക്കുള്ള ചായ്‌വിന്റെ പ്രതീകം മാത്രമാണെന്നും വാദിക്കാമെങ്കിലും, അതിൽ കാര്യമില്ല. കാരണം, യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.

ഉപസംഹാരം

സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഒരു സാത്താനും, എന്തിന് ദൈവത്തിന് പോലും നമ്മേ സ്പർശിക്കാൻ കഴിയില്ല. അതെന്തായാലും, ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ! ഭാവിയിലെപ്പോഴെങ്കിലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിലോ, ചർച്ചയിലോ ഏർപ്പെടേണ്ടിവരുമ്പോൾ നമ്മുടേതായൊരു വിശദീകരണം നൽകാൻ ഈ ലേഖനവും അതിനോടനുബന്ധിച്ച് നടന്നേക്കാവുന്ന അന്വേഷണങ്ങളും സഹായിക്കുമെന്ന് കരുതുന്നു. അത്രയൊക്കെയുള്ളൂ ഈ ലേഖനത്തിന്റെ ഉദ്ദേശവും!

Friday, May 20, 2011

ഞാനൊരു നൂറാമൻ

സമയം എത്രയായിട്ടുണ്ടാവുമെന്ന്‌ വ്യക്തമല്ല. അതൊരു സുദീർഘമായ രാത്രിയായിരുന്നു, സ്വപ്നങ്ങളില്ലാത്ത, ഉറക്കമില്ലാത്ത, ചന്ദ്രനോ നക്ഷത്രങ്ങളോ ഉദിക്കാത്ത...! അതിന്റെ ഭയാനകത അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നു. നിശീഥിനിയുടെ അന്ധതയുടെ മറവിൽ സ്വൈര്യവിഹാരം നടത്താറുള്ള കുറുനായ്ക്കളും കൂമനും പാതിരാക്കോഴികളും പോലും നിശബ്ദരായിരിക്കുന്നു, നിശയിൽ വിരിയാറുള്ള പൂക്കളും ഭയന്നുവിറച്ച്‌ മൊട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നു. കാറ്റുപോലും വീശാൻ മടിക്കുന്ന ശ്മശാന സമമായ അന്തരീക്ഷം! ഒരുപക്ഷേ, ഇവയെല്ലാം അയാളുടെ തോന്നലുകൾ മാത്രമാവാം. ചന്ദ്രനും താരങ്ങളും പതിവുപോലെ പ്രത്യക്ഷപ്പെട്ടിട്ടും അയാൾ അതൊന്നും കാണാതിരിക്കുകയാവും, കണ്ണുകൾ തുറന്നിരുന്നിട്ടും...!  കൂമന്റെയും പാതിരാക്കോഴിയുടെയും നിശാസംഗീതം കേൾക്കാതിരിക്കുകയാവും, കാതുകൾ തുറന്നിരുന്നിട്ടും...! മനസും ശരീരവും ഇണചേരാൻ വിസമ്മതിച്ച്‌ നിൽക്കുമ്പോൾ ബാഹ്യ പ്രകൃതിയെ ഗൗനിക്കുന്നതെങ്ങനെ? ഉറക്കമില്ലാത്ത രാത്രികൾ പതിവായിരുന്നെങ്കിലും, ഇന്ദ്രിയങ്ങൾ മരവിച്ച സ്ഥിതിവിശേഷം അവസ്ഥ ഇതാദ്യമായാണ്‌. ജീവിതത്തിൽ ഇതുവരെ കുത്തിക്കുറിച്ച ഏടുകൾ ഓരോന്നും മറിച്ചുനോക്കി, അതിൽ അറിഞ്ഞും അറിയാതെയും വരുത്തിവച്ച അക്ഷരപ്പിശകുകളെ തിരുത്തിവായിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ... ഒരുപക്ഷേ, അതിന്‌ ഇനിയൊരു അവസരം ലഭിച്ചില്ലെങ്കിലോ? ഒന്നും മനപ്പൂർവം ആയിരുന്നില്ല... സാഹചര്യങ്ങൾ... സമ്മർദ്ദങ്ങൾ... അയാൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. എങ്കിലും, അന്നുവരെ അന്തരംഗത്തിലെവിടെയോ മൃതമായി കിടന്നിരുന്ന ഏതോ ഒരുൾവിളി അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

ചലനമറ്റ കണ്ണുകളിൽ പതിക്കുന്ന നിലാവെളിച്ചത്തിൽ അയാളുടെ മനസിലൂടെ ഓർമ്മകൾ മിന്നിമറയുന്നത്‌ വ്യക്തമായിരുന്നു. സാഹചര്യങ്ങൾ തനിക്കെതിരെയായിരുന്നു... ശരിതന്നെ! പക്ഷേ, അവയുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നിയന്ത്രണരഹിതമായ അടിയൊഴുക്കുകളിലേക്ക്‌ നിപതിക്കാതിരിക്കാൻ ഒരു ശ്രമമെങ്കിലും നടത്താതിരുന്നത്‌ അതിലും വലിയ അപരാധം! മുൻകരുതലുകളോടെ വർത്തിക്കേണ്ട സന്ദർഭങ്ങളിൽ പോലും ഒരു അവിവേകിയെ പോലെ കയ്യുംകെട്ടി നിന്നതിന്റെ ഫലം, അതാണ്‌ താനിന്ന്‌ അനുഭവിക്കുന്നത്‌... അയാളുടെ അന്തരംഗം പിറുപിറുത്തുകൊണ്ടിരുന്നു. ആത്മവിമർശനത്തിന്റെ മൂർച്ചയേറിയ മിന്നൽപ്പിണറുകൾ അയാളുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കിയപ്പോൾ, കാർമേഘങ്ങൾ മഴത്തുള്ളികളായി കവിളിലൂടെ പെയ്യാൻ തുടങ്ങി. ആ തുള്ളികളിൽ നിസഹായതയുടെ ഉപ്പുരസം കലർന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയെത്തിയ ദുരന്തങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി തന്നെയും തന്റെ ആത്മാവിനെയും ചവിട്ടിമെതിച്ച്‌ കടന്നുപോയതോർത്തപ്പോൾ അയാളുടെ അധരത്തിൽ നിന്ന്‌ അർത്ഥശൂന്യമായ പരിദേവനങ്ങൾ ഒരു ഗദ്ഗദം പോലെ പുറപ്പെടാൻ തുടങ്ങി.. എല്ലാം അവസാനിക്കാറായി... എല്ലാം! വികാരങ്ങൾ കടിച്ചമർത്തി തിരിഞ്ഞുകിടക്കുമ്പോൾ, അയാളുടെ കാലുകളെ ബന്ധിച്ചിരുന്ന ഉരുക്കുചങ്ങലകൾ പരുക്കൻ ശബ്ദത്തിൽ പ്രതിക്ഷേധഭേരികൾ മുഴക്കി. അതൊന്നും വകവയ്ക്കാതെ തന്നെ കാത്തിരിക്കുന്ന നിത്രമായ പ്രയാണത്തിന്‌ അയാൾ മാനസികമായി തയാറെടുത്തുകൊണ്ടിരുന്നു, ബന്ധനത്തിൽ നിന്ന്‌ ബന്ധനങ്ങളിലേക്കുള്ള പ്രയാണത്തിന്‌!

പാറാവുകാരുടെ കാലൊച്ചയും അടക്കംപറച്ചിലുകളും ആ തടവറയിൽ നിറഞ്ഞുനിന്നിരുന്ന മൂകതയെ നിരന്തരം വ്യഭിചരിച്ചുകൊണ്ടിരുന്നു. അവരുടെ തിളങ്ങുന്ന കണ്ണുകൾ ആ കാരാഗ്രഹത്തിന്റെ മുക്കിലും മൂലയിലും ജാഗ്രതയോടെ പ്രകാശിക്കുന്നു. ആ കണ്ണുകൾക്ക്‌ എങ്ങനെ ഉറങ്ങാൻ കഴിയും? നാളെ അയാളെ തൂക്കിലേറ്റുകയല്ലേ! അതോടെ നാടും നഗരവും ശാന്തമാവും, രക്തം ചിന്താത്ത സ്വപ്നങ്ങൾ കണ്ട്‌ അവർക്കിനി സ്വസ്ഥമായി കിടന്നുറങ്ങാം...

മരണം... അതിനുശേഷം എന്താവും സംഭവിക്കുക? പ്രഹേളിക പോലെ അനന്തതയിലേക്ക്‌ നീണ്ടുകിടക്കുന്ന ആ ചോദ്യം മാത്രമേ അയാളുടെ മുന്നിൽ ഇപ്പോൾ ബാക്കിയുള്ളൂ. ജനനം മുതൽ ഇന്നുവരെ സഞ്ചരിച്ച വഴികളെയും വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടിയ നേട്ടങ്ങളെയും കുറിച്ച്‌ വിചിന്തനം ചെയ്യുമ്പോൾ മരണം പലർക്കും പരാജയത്തിന്റെ പൂർത്തീകരണമാവും. അനശ്വരമെന്ന്‌ കരുതിയ ലൗകികാന്തസുകൾ ഓരോന്നും അടുക്കിവച്ച്‌ അതിനുമുകളിൽ കയറി മരണം എന്ന കടമ്പയെ ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ ഒരിഞ്ചുപോലും താണ്ടാനാവുകയില്ലെന്ന പരമമായ ദുഃഖസത്യം തിരിച്ചറിയുന്ന പരിതാപകരമായ നിമിഷങ്ങൾ... ഏതൊരു മനുഷ്യനും കടന്നുപോകേണ്ടുന്ന ഈ പ്രകൃതിനിയമത്തിൽ തനിക്കുമാത്രം ഇളവ്‌ വേണമെന്ന്‌ നിർബന്ധം പിടിക്കുകയോ, കെഞ്ചുകയോ ചെയ്യാത്തവർ വിരളം, പ്രത്യേകിച്ച്‌ ജഡത്തിൽ നിന്ന്‌ ആത്മാവ്‌ വേർപെടാനുള്ള പ്രാരംഭ തയാറെടുപ്പുകൾ തുടങ്ങിക്കഴിയുമ്പോൾ... ആ വെപ്രാളത്തിനിടയിൽ നാമറിയാതെ സംഭരിക്കപ്പെടുന്ന നിഷേധാത്മക, നൈരാശ്യ ചിന്തകൾ ആത്മാവിനെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ കയറിപ്പോകാൻ സമ്മതിക്കാതെ ബീഭത്സതയുടെ പൈശാചിക പ്രതീകമാക്കുന്നുവെന്ന്‌ ആരും അറിയാറില്ല. സ്വന്തം മരണത്തിൽ പോലും പ്രതികാരം ചെയ്യാൻ ശഠിക്കുന്ന ദുഷ്ടാത്മാക്കൾക്ക്‌ എളുപ്പം നേടിയെടുക്കാവുന്ന ആ നിഷേധാത്മക അന്തസത്ത പോലും അയാൾ ആഗ്രഹിച്ചില്ല. “ആരോട്‌ പ്രതികാരം ചെയ്യാൻ?“ തനിക്കിനി ലഭിക്കാവുന്ന ഏറ്റവും അഭികാമ്യമായ വിധിനിയോഗം മരണം മാത്രമാണെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. ശത്രുപാളയത്തിൽ പരാജിതനായി വെട്ടേറ്റുവീഴുന്ന തന്നെനോക്കി പലരും ആർത്തട്ടഹസിച്ചേക്കാം, മണ്ണിൽ വീണുപിടയുന്ന തന്റെ ശരീരത്തെ അവർ കാർക്കിച്ച്‌ തുപ്പിയേക്കാം... എന്നാൽ അതൊന്നും അയാളെ വ്യാകുലപ്പെടുത്തിയതേയില്ല. ചെയ്തുകൂട്ടിയെ തെറ്റുകളെ ഓർത്ത്‌ വിലപിക്കാൻ പോലും സമയം തികയാത്ത ആ മണിക്കൂറുകളിൽ അയൾ ഒരൽപ്പം കാരുണ്യത്തിനായി വിധിയോട്‌ യാചിച്ചുകൊണ്ടിരുന്നു, ജീവൻ പറിച്ച ശേഷവും തന്നോട്‌ കാട്ടിയ ക്രൂരത അവസാനിപ്പിക്കാൻ! വൈകാരികതയുടെ പാരമ്യതയിൽ അയാൾ മുഖംപൊത്തി വാവിട്ട്‌ കരയാൻ കൊതിച്ചു, എങ്കിലും അയാളുടെ ശരീരത്തെ കനത്ത ചങ്ങലകൾ അതിന്‌ അനുവദിച്ചില്ല. എങ്കിലും, അയാളുടെ ഓർമ്മകൾ മാത്രം ബന്ധനങ്ങളെ ഭേദിച്ച്‌ തടവറയുടെ നീണ്ട ഇടനാഴിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു.

”ജോനാഥൻ ഇവിടെ ഇരിക്കുകയായിരുന്നോ? താങ്കളെ ഈ തോട്ടത്തിൽ എവിടെയെല്ലാം അന്വേഷിച്ചു!“ തീപാറുന്ന ഉച്ചവെയിലിൽ നിന്ന്‌ ആശ്വാസം തേടി അത്തിമരച്ചില്ലകൾ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ചെറിയ മാടത്തിൽ പുകച്ചുരുളുകൾ ഊതിവിട്ട്‌ സ്വസ്ഥമായിരിക്കുമ്പോഴാണ്‌ പരിചയക്കാരൻ തദേവൂസിന്റെ കുശലാന്വേഷണം. “എന്താ കാര്യം?” “താങ്കളെ എത്രയും പെട്ടെന്ന്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ ചെല്ലാൻ ജോനാഥന്റെ അപ്പൻ തന്നെയാണ്‌ എന്നെ ഇങ്ങോട്ട്‌ പറഞ്ഞുവിട്ടത്‌.” മാടത്തിനുള്ളിലെ ചെറിയ ഇരുപ്പിടത്തിൽ ആസനസ്ഥനാകുന്ന കൂട്ടത്തിൽ അയാൾ ബോധിപ്പിച്ചു. “തോട്ടത്തിലെ പണി ഇനിയും തീർന്നിട്ടില്ലല്ലോ!” “അതെല്ലാം മാറ്റിവച്ച്‌ എത്രയും പെട്ടെന്ന്‌ തിരിക്കാൻ അദ്ദേഹം പ്രത്യേകം പറഞ്ഞു.” “എന്തെങ്കിലും പ്രത്യേകിച്ച്‌?” “കൃത്യമായി ഒന്നുമറിയില്ല, എങ്കിലും താങ്കളുടെ വീട്ടിൽ ഏതോ വിശിഷ്ടാതിഥി എത്തിയിട്ടുണ്ടെന്നാണ്‌ കേൾക്കുന്നത്‌.” “അതിഥിയോ?” ചോദ്യത്തിനൊപ്പം ജോനാഥനും എഴുന്നേറ്റു. “അതെ. അയാൾക്ക്‌ വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും അവിടെ നടക്കുന്നുണ്ട്‌.” തുകൽസഞ്ചി അരയിൽ തിരികി ജോനാഥൻ വണ്ടിയിലേക്ക്‌ കയറി. ദൂതൻ നോക്കിനിൽക്കേ കുതിരകൾ അതിവേഗം വീഥിയിലൂടെ പാഞ്ഞപ്രത്യക്ഷമായി.

വേലക്കാർക്കൊപ്പം ഓടിനടന്ന്‌ ആഘോഷ പരിപാടികൾ ക്രമീകരിക്കുന്ന അപ്പനെയാണ്‌ കുതിരവണ്ടിയിൽ നിന്ന്‌ പുറത്തിറങ്ങുമ്പോൾ ജോനാഥൻ ആദ്യം കാണുന്നത്‌. ജോനാഥന്റെ കുതിരകളെ കണ്ട്‌ അദ്ദേഹം വണ്ടിയുടെ അടുക്കലേക്ക്‌ ഓടിയെത്തി. “നമ്മുടെ കാത്തിരിപ്പിന്‌ ഫലമുണ്ടായി... അയാൾ വന്നു.” അപ്പന്റെ അത്യുത്സാഹം കണ്ട്‌ ജോനാഥനും അമ്പരന്നു. “ആര്‌?” അയാളുടെ കൗതുകം വർധിച്ചു. നാടുവാഴുന്ന സീസറിന്റെ രാജസഭയിലെ വിശിഷ്ട വ്യക്തികളിൽ ആരെങ്കിലുമാവുമോ? അല്ലെങ്കിൽ, ഇസ്രയേലിൽ ഉയർത്തെഴുന്നേറ്റ പുത്തൻ പ്രവാചകന്മാർ ആരെങ്കിലും ആവുമോ? ആഹ്ളാദം കൊണ്ട്‌ ഓടി നടക്കുന്ന അപ്പനിൽ നിന്ന്‌ വ്യക്തമായ സൂചനകൾ ലഭിക്കാതെ ജോനാഥൻ ആശയക്കുഴപ്പത്തിലായി. അയാൾ ജിജ്ഞാസയോടെ പൂമുഖത്തേക്ക്‌ നടന്നു.

ജോലിക്കാരെല്ലാം തിരക്കിലാണ്‌. സദ്യക്കുള്ള വലിയ ചെമ്പുപാത്രങ്ങളുമായി കുശിനിയിലേക്ക്‌ പോവുന്ന പാചകക്കാരുടെ പിന്നാലെ കറികൾക്കും കൂട്ടിനുമായുള്ള പച്ചക്കറികളുമായി ഒരു സംഘം പെണ്ണുങ്ങൾ. പട്ടണത്തിൽ നിന്നെത്തിയ പ്രസിദ്ധരായ പട്ടുവ്യാപാരികൾ സ്വീകരണമുറി മുഴുവൻ മുന്തിയ ഇനം തുണിത്തരങ്ങൾ കൊണ്ട്‌ നിറച്ചിരിക്കുന്നു, ഇഷ്ടമുള്ളത്‌ എത്രവേണമെങ്കിലും തിരിഞ്ഞെടുക്കാൻ പാകത്തിൽ. വസ്ത്രവ്യാപാരികളോട്‌ കുശലം പറഞ്ഞുനിൽക്കുന്ന രത്നവ്യാപാരികൾ. ജോനാഥന്റെ ആകാംശ ആകാശത്തോളം വളർന്നു. എങ്കിലും, ആരും ഒന്നും പറയുന്നില്ല, എല്ലാവരും തിരക്കിലാണ്‌.

“എന്താ ഇവിടെ നടക്കുന്നത്‌?” വീഞ്ഞ്‌ നിറച്ച കൽഭരണികളുമായി അതിലേ പോയ കലവറക്കാരിൽ നിന്ന്‌ ഒരാളെ പിടിച്ചുനിർത്തി ജോനാഥൻ ആരാഞ്ഞു. “ജോനാഥാ... നീ ഇവിടെ നിൽക്കുകയായിരുന്നോ?” കലവറക്കാരൻ കാര്യം പറയാൻ തുടങ്ങുന്നതിന്‌ മുമ്പേ പിന്നിൽ നിന്നുള്ള വിളി കേട്ട്‌ ജോനാഥൻ തിരിഞ്ഞു, അത്‌ അപ്പനായിരുന്നു. ജോനാഥന്റെ കയ്യിൽ പിടിച്ച്‌ അദ്ദേഹം മുകളിലത്തെ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അപ്പന്റെ പ്രൗഢഗംഭീരമായ മുറിയിലെ ആൾത്തിരക്കുകൾക്കിടയിൽ സർവഭൂഷാലംകൃതനായി അതാ അവനിരിക്കുന്നു... ജോഷ്വാ! അപ്രതീക്ഷിതമായി അനുജനെ കണ്ട ആഘാതത്തിൽ വികസിച്ച ജോനാഥന്റെ മുഖം പെട്ടെന്നുതന്നെ കറുത്തു. എങ്കിലും, ആഹ്ളാദം തിരതല്ലി നിൽക്കുന്ന അപ്പന്റെ അന്നേരത്തെ മട്ടും ബന്ധുമിത്രാധികളുടെ സാന്നിധ്യവും കണക്കിലെടുത്ത്‌ അയാൾ എല്ലാം ഹൃദയത്തിൽ അക്ക്.

ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ വീടുവിട്ടുപോയ ജോഷ്വായുടെ തിരിച്ചുവരവ്‌ കേട്ടറിഞ്ഞ്‌ തടിച്ചുകൂടിയ ജനസഹസ്രങ്ങളെ അഭിവാദനം ചെയ്ത്‌ അപ്പനും, അദ്ദേഹത്തിന്റെ ആഹ്ളാദിരേകങ്ങളെ ആസ്വദിച്ച്‌ മൗനിയായി ജോഷ്വായും മുറ്റത്ത്‌ കെട്ടിയ വലിയ പന്തലിൽ നിൽക്കുന്നു, ഏറെ അകലെയല്ലാതെ ജോനാഥനും. ഏറെ വൈകാതെ അപ്പൻ ഇരുകൈകളുമുയർത്തി. വീര്യം കൂടിയ വീഞ്ഞും മുന്തിരിച്ചാറും പൊരിച്ച മാംസവുമൊക്കെ ആസ്വദിച്ചുനിൽക്കുകയായിരുന്ന അതിഥികളും അവർക്ക്‌ ഹരം പകരാൻ നിന്ന്‌ പക്കമേളക്കാരും തൽക്ഷണം നിശബ്ദരായി.

“എന്റെ പ്രിയപ്പെട്ട രക്തബന്ധങ്ങളേ, ജീവിതത്തിന്റെ സായംസന്ധ്യയിൽ അനുഭവിക്കാവുന്ന ഏറ്റവും വലിയ പുണ്യനിമിഷങ്ങളിലൂടെയാണ്‌ ഞാനിന്ന്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌... ഇതാ എന്റെ മകൻ... മരിച്ചിരിക്കുമെന്ന്‌ നാമെല്ലാം വിധിയെഴുതിയ അവനിന്ന്‌ തിരിച്ചുവന്നിരിക്കുന്നു, വർഷങ്ങളുടെ പ്രാർത്ഥനകളുടെയും വൃതങ്ങളുടെയും സാക്ഷാത്ക്കാരമെന്ന പോലെ... അവനെ കാണുന്നതിന്‌ മുമ്പേ മരിച്ചുപോകേണ്ടി വരുമോ എന്ന്‌ ഞാനനുഭവിച്ചിരുന്ന ഭയം ഇന്നെനിക്കില്ല. സ്വർഗസ്ഥനായ നമ്മുടെ യഹോവ ഈ കുടുംബത്തിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. കുടിക്കുവിൻ... ആനന്ദിക്കുവിൻ...!“ സഭയിളകുന്ന ഹർഷാരവത്തോടെ അദ്ദേഹം ജോഷ്വായെ കെട്ടിപ്പിടിച്ച്‌ കണ്ണീർ പൊഴിച്ചു. സ്വത്തിന്റെ നല്ലൊരു പങ്കും വിറ്റഴിച്ച്‌ അന്യനാട്ടിൽ ധൂർത്തടിച്ച്‌ നടന്ന മകനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ അപ്പൻ കാട്ടിയ മഹാമനസ്ക്കതയെ സദസ്വർ വാനോളം പുകഴ്ത്തുന്നു. പക്കമേളക്കാർ അതിഗംഭീരമായി വാദ്യഘോഷങ്ങൾ മുഴക്കുന്നു. അതിന്റെ താളത്തിൽ തരുണീമണികൾ നൃത്തം ചവിട്ടുന്നു. എങ്ങും ഉത്സവ പ്രതീതി. എന്നാൽ ജോനാഥൻ മാത്രം അസ്വസ്ഥനായിരുന്നു.
എല്ലാം അവസാനിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അതിഥികളിൽ ഭൂരിപക്ഷവും പിരിഞ്ഞുകഴിഞ്ഞപ്പോൾ അപ്പൻ ജോനാഥനെ വിളിച്ചു. ”വരു... നമുക്കിന്ന്‌ എല്ലാവർക്കും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം.“ അമാന്തിച്ച്‌ നിൽക്കുന്ന മൂത്തമകന്റെ ഹൃദയവികാരങ്ങൾ ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞിരുന്ന അദ്ദേഹം അവന്റെ തോളിൽ കൈവച്ചു. “നീ എന്താണ്‌ ചിന്തിക്കുന്നതെന്ന്‌ എനിക്കറിയാം! ജീവിതത്തെ എന്നും ശുഭാബ്ദി വിശ്വാസത്തോടെ എടുക്കാറുള്ള നിനക്കെന്തുപറ്റി?” “ഒന്നുമില്ല.” “എങ്കിൽ വരൂ.” “എനിക്കൊന്നും വേണ്ട.” “അങ്ങനെ പറയരുത്‌. ഇന്ന്‌...” “എനിക്കൊന്നും വേണ്ടെന്ന്‌ പറഞ്ഞില്ലേ!” ജോനാഥന്റെ ശബ്ദം ഉയർന്നു. “നീയിങ്ങനെ കോപിക്കാൻ ഇവിടെ അതിനെന്താണുണ്ടായത്‌?” “എന്താണുണ്ടായതെന്ന്‌ അറിയില്ല അല്ലേ? നിങ്ങളെന്നെ ചതിക്കുകയായിരുന്നു. ഇക്കാലമത്രയും ഒരു ദാസനെ പോലെ നിങ്ങൾക്ക്‌ വേണ്ടി പണിയെടുത്തിട്ടും എന്റെ സുഹൃത്തുക്കളുമായി ആഘോഷിക്കാൻ നിങ്ങളെനിക്കൊരു ആട്ടിൻകുട്ടിയെ പോലും തന്നില്ല. പക്ഷേ, നിങ്ങളുടെ സമ്പത്ത്‌ മുഴുവൻ കണ്ട വേശ്യകളുമായി ധൂർത്തടിക്കുകയും ഇക്കാലമത്രയും വഴിപിഴച്ച്‌ നടക്കുകയും ചെയ്ത നിങ്ങളുടെ മകന്‌ വേണ്ടി നിങ്ങൾ ഒരു കാളക്കുട്ടിയെ കൊന്ന്‌ വിരുന്നൊരുക്കി. പക്ഷപാതത്തിന്റെ മേലങ്കി ധരിച്ച അങ്ങയുടെ പിതൃസ്നേഹത്തെ മാലോകർ വാനോളം പാടിപ്പുകഴ്ത്തുമായിരിക്കാം. എന്നാൽ ഇതെല്ലാം കാണുമ്പോൾ എനിക്ക്‌ അറപ്പുതോന്നുന്നു... ഇതാണോ ഇത്രയും നാൾ വിനയാന്വിതനായി കഴിഞ്ഞതിനുള്ള പണിക്കൂലി?” അപ്പന്റെ തുടർന്നുള്ള ന്യായീകരണങ്ങൾ ജോനാഥന്റെ ശിരകളിൽ കയറിയതേയില്ല. അതൊന്നും കേൾക്കാത്ത ഭാവത്തിൽ അയാൾ മുറിയിലേക്ക്‌ കയറിപ്പോയി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോനാഥന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. മുന്തിയ വീഞ്ഞിന്റെ ലഹരിക്കും അയാളെ കീഴ്പ്പെടുത്താനായില്ല. മറുപടിയില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങളും അവ സൃഷ്ടിച്ച ധാർമ്മിക അരക്ഷിതാവസ്ഥയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പൻ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന്‌ താനൊരിക്കലും കരുതിയതല്ല. കുടുംബത്തിന്‌ മാനക്കേട്‌ വരുത്തിവച്ച മകൻ തിരിച്ചെത്തിയാൽ അവനെ അദ്ദേഹം വെട്ടിനുറുക്കി പന്നികൾക്ക്‌ ഭോജനമാക്കുമെന്നാണ്‌ താനിതുവരെ കരുതിയത്‌. അപ്പന്റെ സ്വത്ത്‌ മോഹിച്ചിട്ടല്ല. എന്നിട്ടും, ആത്മാഭിമാനത്തോടെ അപ്പന്റെ പാദസേവ ചെയ്ത തനിക്ക്‌ ലഭിക്കാത്ത അംഗീകാരവും വാത്സല്യവും ഇന്നലെ കയറിവന്ന ആ തെണ്ടിക്ക്‌ എങ്ങനെ തട്ടിപ്പറിക്കാൻ കഴിയും? അപ്പന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ അവൻ നാളെ തനിക്കൊരു പാരയാകില്ലെന്ന്‌ ആര്‌ കണ്ടു? സ്വന്തം ധൂർത്തപുത്രന്റെ സാമ്പത്തിക പുനരുദ്ധാരണത്തിനായി അപ്പൻ അദ്ദേഹത്തിന്റെ പേരിലുള്ള ഈ കുടുംബവീടും നാൽപ്പതേക്കർ മുന്തിരിത്തോപ്പും അവന്‌ ഇഷ്ടദാനം ചെയ്യില്ലെന്ന്‌ ആരറിഞ്ഞു? അന്ധമായ പുത്രവാത്സല്യത്തിന്റെ പേരിൽ ഇതിനോടകം തരംതാണുപോയ അപ്പൻ തന്റെ അസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന ചടുല തീരുമാനങ്ങൾ എന്തെങ്കിലും കൈക്കൊണ്ടാൽ അതിൽ അതിശയിക്കാനില്ല. ഒരു പ്രായം കഴിഞ്ഞാൻ എല്ലാ തന്തമാരും ഇങ്ങനെയാണ്‌! മനസിന്റെയും ശരീരത്തിന്റെയും ആവേശങ്ങൾ കെട്ടടങ്ങുമ്പോൾ തള്ളിക്കയറുന്ന വ്യർത്ഥ വിശ്വാസങ്ങൾ മനുഷ്യനെ ബലഹീനനാക്കുക മാത്രമല്ല, പരജീവികളെ ഹനിക്കുകയും ചെയ്യാറുണ്ട്‌. മദ്യലഹരിയുടെ കാൽപ്പനികതയിൽ ഏറെ ദൂരം സഞ്ചരിച്ച ജോനാഥൻ ഒടുവിൽ ക്ഷീണിച്ചവശനായി കിടന്നുറങ്ങി.

ഏറെ വൈകിയാണ്‌ ജോനാഥൻ ഉറക്കമുണർന്നത്‌. കഴിഞ്ഞ ദിവസത്തിന്റെ മന്ദതയും വിഷാദവും അയാളുടെ മുഖത്ത്‌ നിന്ന്‌ വിട്ടുപോയിട്ടില്ല. തണുപ്പൻ വികാരങ്ങളുടെ ആ പ്രഭാതത്തിൽ വൈകിയാണെങ്കിലും അയാൾ തീൻ മേശയിലേക്ക്‌ പോയി. പ്രാതൽ കഴിച്ചുകഴിഞ്ഞിട്ടും അപ്പൻ അവിടെ ഉണ്ടായിരുന്നു, അപ്പന്റെ വലതുഭാഗത്ത്‌ വിനയാന്വിതനായി ജോഷ്വായും! അപ്പൻ തനിക്കുമാത്രമായി ഇത്രയും നാൾ മാറ്റിവച്ച, തന്റേതുമാത്രമായ പീഠത്തിൽ മറ്റൊരുവൻ! ജോനാഥന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. എങ്കിലും അയാൾ അങ്ങോട്ടുപോയി, അപ്പന്‌ വേണ്ടി. “വരൂ ജോനാഥാ...” അപ്പൻ അയാളെ തന്റെ ഇടതുവശത്തെ പീഠത്തിൽ ഉപവിഷ്ടനാക്കി. അപ്രിയ ദാസന്മാർക്ക്‌ വേണ്ടി സംസ്കൃതികളിൽ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള പീഠത്തിൽ ഉപവിഷ്ടനാവുമ്പോൾ ജോനാഥന്‌ അപ്പനോടും, ഐതിഹ്യങ്ങളുടെ അധിപതിയായ യഹോവയോടും വെറുപ്പ്‌ തോന്നി. പീഠം മുന്നോട്ട്‌ വലിച്ച്‌ അയാൾ അപ്പനോട്‌ ചേർന്നിരുന്നു.

“ജോഷ്വായെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. അവന്‌ എന്തെങ്കിലുമൊരു ജോലി നീ തരപ്പെടുക്കി കൊടുക്കണം.” അപ്പന്റെ നിർദ്ദേശം കേട്ടിട്ടും ജോനാഥൻ ഒന്നും മിണ്ടിയില്ല. “ഗത്സമെൻ തോട്ടത്തിന്റെ ചുമതല ജോഷ്വായെ ഏൽപ്പിച്ചാലോ?” ജോനാഥൻ ഞെട്ടി. താൻ ഭയന്നതൊക്കെ സംഭവിക്കുകയാണ്‌, ഒരോന്നായി. അയാൾ അപ്പന്റെ മുഖത്തേക്ക്‌ നോക്കി. വാർദ്ധക്യത്തിന്റെ പരാധീനതകളുടെ പിൻബലത്തിൽ അദ്ദേഹം മക്കളുടെ വിധേയത്വം ദുർവിനിയോഗം ചെയ്യുകയാണ്‌! തന്റെ ക്ഷമയും ആത്മസംയമനത്തെയും അപമാനിക്കുകയാണ്‌! വ്യാവസായിക ഇടപാടുകളിൽ കുശാഗ്ര ബുദ്ധിയോടെ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ള അദ്ദേഹത്തിൽ മിടുക്ക്‌ ക്ഷയിച്ചുപോയിരിക്കുന്നു. മുഖം നോക്കാതെ നീതി നടപ്പിലാക്കാനുള്ള ഇസ്രയേലിന്റെ കീഴ്‌വഴക്കങ്ങളെ അപമാനിച്ചിരിക്കുന്നു. പശ്ചാത്തപിക്കുന്ന പാപിയോടുള്ള അനുകമ്പയുടെ പേരിൽ സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കാമെന്നാണോ? പരിതപിക്കുന്ന കൊലപാതകിയെയും കളങ്കമേശാത്ത കന്യകയേയും ഒരേ തുലാസിൽ നിർത്താമെന്നാണോ? പകലന്തിയോളം പണിയെടുത്ത തൊഴിലാളികൾക്ക്‌ നൽകിയ അതേ കൂലി ഉച്ചതിരിഞ്ഞ്‌ ജോലിക്കെത്തിയ തൊഴിലാളികൾക്കും നൽകുന്നത്‌ അതിക്രമമാണ്‌, അതിനെ ചോദ്യം ചെയ്താൽ “സ്വത്തിന്റെ ഉടമസ്ഥൻ താനാണെന്നും അതിനാൽ തനിക്കിഷ്ടമുള്ളത്‌  കൊടുക്കുമെന്നും” പ്രതികരിക്കുന്നത്‌ അഹങ്കാരമാണ്‌, ഉച്ചനീചത്വങ്ങൾക്ക്‌ തിരികൊളുത്തുന്ന ഇത്തരം പ്രസ്ഥാവനകൾ പ്രകൃതിനിയമങ്ങളുടെ നഗ്നമായ ലംഘനമാണ്‌. തെറ്റുകൾ സൃഷ്ടിക്കുന്ന ധാർമ്മിക കുരുക്കുകളിൽ നിന്ന്‌ ശിക്ഷയേൽക്കാതെ രക്ഷ പ്രാപിക്കാനുള്ള കുറുക്കുവഴിയല്ല പശ്ചാത്താപം! ഈശ്വരനുപോലും രക്ഷിക്കാൻ കഴിയാത്ത ഈ ധാർമ്മിക പ്രതിസന്ധിയിൽ, മനപ്പുർവമായ മനസ്താപങ്ങൾ പുത്തൻ അധ്യായങ്ങൾ തുടങ്ങാൻ മാത്രം ഒരുപക്ഷേ നമ്മേ സഹായിച്ചേക്കാം... ജോനാഥനിൽ പൊട്ടിപ്പുറപ്പെട്ട ധാർമ്മിക രോഷം സഹിക്കാവുന്നതിലും അധികമായിരുന്നു, അയാളുടെ മുഖം ചുവന്നു. ജ്യോഷ്ഠനിലുണ്ടായ വികാരഭേദങ്ങൾക്ക്‌ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന്‌ ഊഹിക്കാൻ പ്രാപ്തിയുണ്ടായിട്ടും എല്ലാം കണ്ട്‌ രസിച്ചിരിക്കുന്ന ജോഷ്വായുടെ സാന്നിധ്യം ജോനാഥനെ പിന്നെയും പിന്നെയും അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

ഗത്സമനിലേക്ക്‌ തിരിക്കുമ്പോൾ അപ്പൻ ജോഷ്വായെയും സ്നേഹവായ്പ്പുകളോടെ വണ്ടിയിൽ കയറ്റി. കുതിരവണ്ടി കാഴ്ചയിൽ നിന്ന്‌ മറയുവോളം അദ്ദേഹം ഇമവെട്ടാതെ നോക്കിനിന്നു. “ഇനിയെന്താ നിന്റെ പരിപാടി.” കാഴ്ചകളിൽ നിന്ന്‌ അപ്പൻ മറഞ്ഞപ്പോൾ ജോനാഥൻ ചോദിച്ചു. “ഒന്നും തീരുമാനിച്ചിട്ടില്ല.” “നിനക്ക്‌ തീരുമാനങ്ങളെടുക്കാൻ പ്രത്യേകിച്ച്‌ ഇവിടെ ഒന്നും ശേഷിച്ചിട്ടില്ലല്ലോ! ഉള്ളതെല്ലാം  നീ വിറ്റുതുലച്ചില്ലേ!” ജോനാഥൻ പരുഷമായി അഭിപ്രായപ്പെട്ടു. “അപ്പന്റെ ഇംഗിതമനുസരിച്ച്‌ ശിഷ്ടകാലം ജീവിക്കുക, അതാണ്‌ എന്റെ ആഗ്രഹം.” “അപ്പോൾ അപ്പൻ നൽകുന്ന പരിഗണനയിൽ വീട്ടിൽ സ്ഥിരതാമസമാക്കാനാണ്‌ പരിപാടി അല്ലേ? പിന്നെ, കിട്ടുമെങ്കിൽ കുടുംബവീടും പത്തുനൂറേക്കർ മുന്തിരിത്തോട്ടങ്ങളും സ്വന്തമാക്കുക... അല്ലേടാ?” “ചേട്ടൻ അൽപ്പം കൂടി മാന്യമായി സംസാരിക്കണം.” പുരികം ചുളുക്കി ജോഷ്വാ അപേക്ഷിച്ചു. “നിനക്കെന്ത്‌ മാന്യതയാടാ...? വീട്ടിൽ തിരിച്ചെത്തിയാലും ധൂർത്തപുത്രന്മാർക്ക്‌ പുല്ലുവിലയാണ്‌, അറിയാമോടാ നിനക്ക്‌?”

കുതിരവണ്ടി പെട്ടെന്ന്‌ നിന്നു. വലിയൊരു കുലുക്കത്തോടെ നിശ്ചലമായ വണ്ടിയിൽ നിന്ന്‌ ജോഷ്വാ പുറത്തേക്ക്‌ വീഴുന്നു. “കൊന്നുകുഴിച്ചുമൂടും ഞാൻ! നീയൊരു ചെറ്റയാണെങ്കിൽ ഞാനൊരു പരമ ചെറ്റയാ... വന്നവഴി തിരിച്ചുപോയ്ക്കോ, അതാണ്‌ നിനക്ക്‌ നല്ലത്‌.” ജോനാഥൻ അലറി. ചാട്ടവാറിന്റെ ഉഗ്രപ്രഹരത്തിൽ ഞെട്ടിയ കുതിരകൾ വണ്ടിയെയും വലിച്ച്‌ ശരവേഗത്തിൽ കുതിച്ചു. വിജനമായ വഴിയിൽ ജോഷ്വാ ബാക്കിയായി!

അപ്പൻ കിടപ്പിലാണ്‌, രണ്ട്‌ ദിവസമായി എന്തെങ്കിലും നേരാംവണ്ണം കഴിച്ചിട്ട്‌. “ജോഷ്വായെ കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയോ മോനേ?” “ഇല്ലപ്പാ. ഭൃത്യന്മാർ അന്വേഷിക്കുന്നുണ്ട്‌. പിന്നെ...” ജോനാഥൻ എന്തോ പറയാൻ മടിക്കുന്നതുപോലെ. “എന്താ ജോനാഥാ... പറയൂ.” “അത്‌... അപ്പൻ ആത്മസംയമനത്തോടെ ഇത്‌ കേൾക്കണം. വീട്ടിൽ നിന്ന്‌ വിലപിടിപ്പുള്ള രത്നങ്ങളും സ്വർണ നാണയങ്ങളും കളവ്‌ പോയിട്ടുണ്ട്‌. അവയെല്ലാം കൈക്കലാക്കി ജോഷ്വാ വീണ്ടും നാടുവിട്ടിരിക്കാമെന്നാണ്‌ കാവൽ ഉദ്യോഗസ്ഥന്മാരുടെ ഊഹം.” “ഇല്ല...” വയോവൃദ്ധന്റെ നിലവിളി സാവധാനം പൊട്ടിക്കരച്ചിലായി പരിണമിച്ചു. ചുറ്റും കൂടി നിൽക്കുന്ന ബന്ധുമിത്രാധികൾ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. സുഖലോലുപതയ്ക്ക്‌ പണം തികയാതെ വന്നപ്പോൾ സൂത്രത്തിൽ വീട്ടിൽ തിരിച്ചെത്തി പൊന്നും പണവും അപഹരിച്ചുകടന്ന ധൂർത്തപുത്രന്റെ മ്ളേച്ഛ ജന്മത്തെ ചിലർ പഴിക്കുന്നു. `അപ്പനെ വഞ്ചിച്ചവൻ` എന്ന്‌ മുദ്രകുത്തി അതിക്ഷേപിക്കുന്നു. ഏതാനും ദിനങ്ങൾക്കുള്ളിൽ അപ്പൻ മരിച്ചു. രാജോചിതമായ സന്നാഹങ്ങളോടെ അദ്ദേഹത്തിന്റെ കബറടക്കം നടന്നു.

ജോഷ്വായുടെ പെട്ടെന്നുള്ള തിരോധാനവും തുടർന്നുണ്ടായ അപ്പന്റെ ദേഹവിയോഗവും സൃഷ്ടിച്ച കിംവദന്തികളുടെ കുന്തമുന ഏറെക്കുറെ ഉറഞ്ഞില്ലാതായ സന്ദർഭത്തിലാണ്‌ ജോനാഥന്റെ ചെവികളിൽ യാദൃശ്ചികമായി ആ വാർത്തയെത്തുന്നത്‌. ഗലീലിയുടെ പ്രാന്തപ്രദേശങ്ങളിൽ തന്നെ കുറിച്ചുള്ള ചില കഥകൾ പ്രചരിക്കുന്നുണ്ടെത്രേ! ധൂർത്തപുത്രനെ സ്വീകരിക്കാൻ അപ്പൻ കാട്ടിയ അപരിമിത സ്നേഹത്തെ ഉപമയാക്കി നസ്രായനായ ഏതോ ഒരാൾ ദൈവസ്നേഹത്തെ കുറിച്ച്‌ സിനഗോഗുകളിൽ പ്രഭാഷണം നടത്തുന്നുണ്ടത്രേ! അപ്പനുമായി അടുപ്പമുള്ള ചില പുരോഗിതന്മാരാണ്‌ ജോനാഥനെ വിവരം അറിയിച്ചത്‌. “എന്തായിരിക്കും അയാളുടെ ഉദ്ദ്യേശം?” “സനാതന തത്വങ്ങളെ ജനങ്ങളിലെത്തിക്കാൻ ചിലപ്പോഴൊക്കെ പുരോഹിതന്മാർ സംഭവകഥകളെ ആശ്രയിക്കാറുണ്ട്‌. അതുപോലെ, താങ്കളുടെ അപ്പനെ അറിയാവുന്ന ആരെങ്കിലും ചെയ്തതാവും ഇതും!” പുരോഹിതന്മാരിലൊരാൻ ഊഹിച്ചു. “എങ്കിലും, എന്റെ കുടുംബത്തിൽ നടന്ന ഒരു സ്വകാര്യ സംഭവത്തെ സമൂഹത്തിന്റെ മുന്നിലിട്ട്‌ വെട്ടിക്കീറുന്നത്‌ ശരിയാണോ? കുടുംബത്തിന്റെ സൽപ്പേരിന്‌ കളങ്കം ചാർത്താൻ ആരോ നടത്തിയ ഗൂഢാലോചനയാവുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.” ജോനാഥൻ പറഞ്ഞു. “ഏതായാലും, താങ്കൾ അത്തിടം വരെ പോയി അന്വേഷിക്കുന്നത്‌ ഉചിതമാവും.” ആ നിർദ്ദേശം ശരിയാണെന്ന്‌ ജോനാഥനും തോന്നി.

അപവാദങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുന്ന ഒരു കാപട്യക്കാരന്റെ മുഖമായിരുന്നില്ല ആ നസ്രായന്റേത്‌! സ്വന്തം അഭിപ്രായങ്ങൾ സ്ഥിപിച്ചെടുക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന വാചക കസർത്തുകളോ, ആത്മീയപുരുഷന്മാരുടെ അഭിനയ കസത്തുകളോ അദ്ദേഹത്തിന്റെ മുഖത്തില്ല. തികച്ചും ശാന്തനായ മനുഷ്യൻ! ലളിതമായ വേഷം. സരളമായ വാചകങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ജോനാഥനെ അതിശയിപ്പിച്ച ചൈതന്യം! “ആരാണിയാൾ?” ജോനാഥൻ പിന്നാമ്പുറങ്ങളിൽ ചില അന്വേഷണങ്ങൾ നടത്തി. നസ്രത്തിലെ പ്രസിദ്ധനായ ആശാരി ജോസഫിന്റെ മകൻ. അമ്മ മറിയം. അവിവാഹിതൻ. സ്നാപക യോഹന്നാൻ പോലും അംഗീകരിച്ച ഇസ്രയേലിന്റെ നവോദ്ധാന നായകൻ. കിട്ടിയ വിവരങ്ങൾ വച്ച്‌ നോക്കുമ്പോൾ താൻ കരുതിയതുപോലെ പ്രശ്നക്കാരനല്ല കക്ഷി. എങ്കിലും സൂക്ഷിക്കണം. ജോനാഥൻ അയാളെ അൽപ്പദൂരം കൂടി പിന്തുടർന്നു, ആരുടെയും മുന്നിൽ ശ്രദ്ധിക്കപ്പെടാതെ.

വിഭിന്നങ്ങളായിരുന്നു അയാളുടെ പ്രബോധനങ്ങളും പ്രവർത്തന ശൈലികളും. “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നുവെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ആൾക്കൂട്ടം കൊണ്ട്‌ നിറഞ്ഞ താഴ്‌വാരത്തിലെ കല്ലിന്മേൽ ശാന്തനായിരുന്ന്‌ അയാൾ തുടർന്നു. “നിങ്ങൾക്ക്‌ എന്തുതോന്നുന്നു? ഒരു മനുഷ്യന്‌ നൂറ്‌ ആടുകളിൽ ഒന്ന്‌ വഴിതെറ്റിപ്പോയാൽ അയാൽ തൊണ്ണൂറ്റിയൊമ്പതിന്റെയും വിട്ടശേഷം കാണാതെ പോയതിനെ അന്വേഷിച്ച്‌ പുറപ്പെടുകയില്ലേ? അതിനെ കണ്ടെത്തിയാൽ വഴി തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത്‌ ആടുകളെക്കുറിച്ചുള്ളതിലും അധികം സന്തോഷം ആ ഒരാടിനെക്കുറിച്ച്‌ ഉണ്ടാകുമെന്ന സത്യം ഞാൻ നിങ്ങളോട്‌ പറയുന്നു.“ ജോനാഥന്‌ ഉടൻ അപ്പനെ ഓർമ്മ വന്നു. ആട്ടിടയനായി ജീവിതം ആരംഭിച്ച അപ്പന്‌ തന്റെ ആടുകളോടുണ്ടായിരുന്ന അടുപ്പവും സ്നേഹവും കുട്ടിക്കാലം മുതലേ ജോനാഥൻ കണ്ടിട്ടുള്ളതാണ്‌. ആടുകൾക്കൊപ്പം മാസങ്ങളോളം മരുഭൂമിയിൽ കഴിഞ്ഞിട്ടുള്ള അപ്പൻ അനുഭവിച്ച വെല്ലുവിളികൾ അദ്ദേഹം വല്ലപ്പോഴും വീണുകിട്ടാറുള്ള സന്തോഷത്തിന്റെ രാത്രികളിൽ ഒരു മുത്തശ്ശിക്കഥ പോലെ തനിക്ക്‌ പറഞ്ഞുതരാറുണ്ട്‌. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപ്പെടുന്ന ആടുകളെ ഓർത്ത്‌ അദ്ദേഹം ഏറെ നാൾ വിലപിച്ചിരുന്നു. മിണ്ടാപ്രാണികളായ ആടുകളോട്‌ ഇത്രയേറെ വാത്സല്യം കാണിച്ചിരുന്ന അപ്പൻ സ്വന്തം മകൻ തന്നിഷ്ടപ്രകാരം വീടുവിട്ടിറങ്ങിയിട്ടും അവന്റെ തിരിച്ചുവരവിനായി കാത്തിരുന്നെങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ എങ്ങനെ സാധിക്കും? ജോനാഥന്‌ കുറ്റബോധം തോന്നി.

”എന്റെ സഹോദരൻ എന്നോട്‌ പാപം ചെയ്താൻ ഞാൻ എത്ര തവണ അവനോട്‌ ക്ഷമിക്കണം? ഏഴുതവണ മതിയോ?“ നസ്രായന്റെ ശിഷ്യഗണത്തിൽ നിന്നുണ്ടായ ചോദ്യമാണ്‌ ജോനാഥനെ പരിസരബോധത്തിലേക്ക്‌ പിന്നെ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. “ഏഴുപ്രാവശ്യമല്ല, ഏഴ്‌ എഴുപത്‌ പ്രാവശ്യമെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ജോനാഥന്റെ പുരികം വീണ്ടും ചുളിഞ്ഞു. “സ്വർഗരാജ്യം, തന്റെ ദാസന്മാരുമായി കണക്കുതീർക്കാൻ ആഗ്രഹിച്ച്‌ ഒരു രാജാവിനോട്‌ സദൃശ്യം. കണക്കുതീർക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്‌ പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരാളെ അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. കൊടുത്തുതീർക്കാൻ അയാൾക്ക്‌ കഴിവില്ലാത്തതുകൊണ്ട്‌, അയാളുടെ ഭാര്യയെയും മക്കളെയും വസ്തുവകകളൊക്കെയും വിറ്റുകടം വീട്ടണമെന്ന്‌ യജമാനൻ കൽപ്പിച്ചു. ദാസൻ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: എജിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മുഴുവനും തന്നുതീർക്കാം. യജമാനന്‌ ആ ദാസനോട്‌ അനുകമ്പ തോന്നി, കടം ഇളച്ചുകൊടുക്കുകയും അയാളെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ആ ദാസൻ പോകുമ്പോൾ അയാൾക്ക്‌ നൂറ്‌ ദിനാർ കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അവന്റെ കഴുത്തുപിടിച്ച്‌ ഞെരിച്ചു കൊണ്ട്‌ നിന്റെ കടം തീർക്കുക എന്ന്‌ ആവശ്യപ്പെട്ടു. ആ സഹഭൃത്യൻ മുട്ടിന്മേൽ നിന്നുകൊണ്ട്‌ എനിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം എന്ന്‌ കേണപേക്ഷിച്ചു. എന്നാൽ അയാൾ അത്‌ നിരസിച്ചു. തന്നെയുമല്ല, മുഴുവൻ കടവും വീട്ടുന്നതുവരെ അവനെ തടവിലാക്കുകയും ചെയ്തു. ഈ സംഭവം കണ്ടിട്ട്‌ മറ്റുള്ള വേലക്കാർ വളരെ ദുഃഖിതരായി. അവർ സംഭവിച്ചതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ ആ ദാസനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ടനായ ഭൃത്യാ, നിന്റെ അപേക്ഷ കേട്ട്‌ ഞാൻ നിന്റെ സകല കടവും ഇളച്ചുതന്നു. എനിക്ക്‌ നിന്നോട്‌ കരുണ തോന്നിയതുപോലെ നിനക്ക്‌ നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ? അനന്തരം തന്റെ കടവും വീട്ടുന്നതുവരെ അയാളെ തടങ്കലിൽ വയ്ക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. നിങ്ങൾ സഹോദരനോട്‌ ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ പിതാവ്‌ നിങ്ങളോടും അങ്ങനെ തന്നെ ചെയ്യും.“ ജോനാഥൻ സ്തബ്ദനായി നിന്നു, വാക്കുകളോ ചിന്തകളോ ഇല്ലാതെ!

തന്നിൽ എന്താണ്‌ സംഭിക്കുന്നത്‌? ഈ മനുഷ്യൻ സത്യത്തിൽ ആരാണ്‌? അയാളുടെ ഓരോ വാക്കും ഒരായിരം ശരപ്രവാഹം പോലെ തന്റെ മനസാക്ഷിയിൽ വന്നുതറക്കുന്നത്‌ ജോനാഥന്‌ പകൽ പോലെ അനുഭവവേദ്യമായിരുന്നു. തീഷ്ണമായ മൗനത്തിലും വാചാലമാവുന്ന നസ്രായന്റെ കണ്ണുകളിൽ നോക്കാൻ പോലും അർഹതയില്ലാത്ത മഹാപാതകിയാണ്‌ താനെന്ന്‌ ജോനാഥന്‌ ഒരു നിമിഷം തോന്നി. അലമുറയിടുന്ന ആന്തരീക പ്രതിസന്ധികളെ തരംചെയ്യാൻ കഴിയാതെ അയാൾ ശൂന്യവൽക്കരിക്കപ്പെട്ടു. ദൈവം നൽകിയ കൽപ്പനകൾ തറയിലെറിഞ്ഞുടച്ചുവെന്ന ഒറ്റ കാരണത്താൽ വാഗ്ദത്ത ഭൂമി നിഷേധിക്കപ്പെട്ട മോശയുടെ സ്ഥിതി തനിക്കും ഉണ്ടാവുമോ? അയാൾ ഭയന്നു. അമാന്തിച്ചുനിന്നതുകൊണ്ട്‌ ഫലമൊന്നുമില്ലെന്ന്‌ മനസിലാക്കിയ ജോനാഥൻ മുന്നിൽ നിന്ന്‌ ആളുകളെ തള്ളിമാറ്റി അയാളുടെ അടുക്കലേക്ക്‌ നീങ്ങി.

“ഗുരു, നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ ഞാൻ എന്ത്‌ നന്മ പ്രവർത്തിയാണ്‌ ചെയ്യേണ്ടത്‌?” ജോനാഥന്റെ ചോദ്യം കേട്ട്‌ കൂടി നിന്നവർ പരസ്പരം നോക്കി, പിന്നെ നസ്രായന്റെ മറുപടിക്കായി കാതോർത്തു. “എന്നോട്‌ നന്മയെ കുറിച്ച്‌ ചോദിക്കുന്നതെന്ത്‌? നല്ലവൻ ഒരുവൻ മാത്രമേ ഉള്ളൂ. ജീവനിൽ കടക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപനകൾ അനുസരിക്കുക.” “അവയെല്ലാം ഞാൻ പാലിക്കുന്നുണ്ട്‌. ഇനിയും എന്തിലാണ്‌ എനിക്ക്‌ പോരായ്മയുള്ളത്‌?” “സമ്പൂർണ്ണനാവൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ പോയി നിന്റെ സ്വത്തു മുഴുവൻ വിറ്റ്‌ ദരിദ്രർക്ക്‌ കൊടുക്കുക, പിന്നെ എന്നെ വന്ന്‌ അനുഗമിക്കുക.” ജോനാഥന്‌ നന്നായി ആലോചിക്കണമായിരുന്നു. അയാൾ അവിടെ നിന്ന്‌ പോയി, ഒരൽപ്പം നിരാശയോടെ.

അപ്പന്റെ കണക്കില്ലാത്ത സമ്പത്ത്‌ വർഷങ്ങളായി നോക്കി നടത്തിയ പരിചയസമ്പത്തുണ്ടായിട്ടും ജോനാഥൻ അസ്വസ്ഥനായിരുന്നു, എല്ലാം കൈവിട്ടുപോകുന്നതുപോലെ. അപ്പന്റെ മരണം മൂലം രൂപാന്തരപ്പെട്ട ന്യൂനമർദ്ദം തന്റെ മാനസിക ചുറ്റുപാടുകളെ പിടിച്ചുലയ്ക്കുന്നതുപോലെ. ആ ദുർബലതയിൽ ചതിക്കുഴികൾ രൂപപ്പെടുന്നതുപോലെ. എവിടെ നിന്നും വെല്ലുവിളികൾ, മത്സരങ്ങൾ... ഒറ്റയ്ക്ക്‌ നുകം വലിക്കാൻ കഴിയാത്തതുപോലെ. ജോനാഥൻ സ്വയം പഴിച്ചു. ഭരണകാര്യങ്ങളിൽ മികവ്‌ പുലർത്താൻ കഴിയാതെ വന്നപ്പോൾ അയാൾക്ക്‌ അതിൽ താൽപര്യം കുറഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ. ജോഷ്വായെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ! അയാൾ അറിയാതെ ആശിച്ചുപോയി. അപ്പന്റെ ഇശ്ചാശക്തിക്ക്‌ മുന്നിൽ തലയുയർത്തിനിന്ന സാമ്രാജ്യം അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ തകർന്നുവീഴുകയാണെന്ന്‌ ജോനാഥന്‌ മനസിലായി തുടങ്ങിയിരുന്നു.

മോഷണം അഭ്യസിച്ചിട്ടില്ല, എന്നിട്ടും അയാൾക്കത്‌ ചെയ്യേണ്ടിവന്നു..., ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി. സിനഗോഗുകൾക്ക്‌ മുന്നിലും ദേവാലയങ്ങളിലും എത്രകാലം ഭിക്ഷ തെണ്ടാൻ കഴിയും? പരിചയമുള്ള മുഖങ്ങൾ പലതും തനിക്ക്‌ നാണയത്തുട്ടുകൾ എറിഞ്ഞുതന്നെങ്കിലും ആരും തന്നെ തിരിച്ചറിഞ്ഞില്ല. ഭിക്ഷാടനത്തെക്കാർ മാന്യമായ തൊഴിൽ മോഷണമാണെന്ന തിരിച്ചറിവ്‌ തുടർച്ചയായ ജയിൽവാസങ്ങളിൽ കൊണ്ടെത്തിച്ചു. കള്ളനെന്ന്‌ ലോകം മുദ്രകുത്തിയപ്പോൾ ആവേശം കൂടുകയായിരുന്നു, ഒരു ദിവസമെങ്കിൽ ഒരു ദിവസം... പഴയപ്രതാപത്തിൽ ജീവിക്കണമെന്ന മോഹം. എങ്കിലും നടന്നില്ല. ഇനി തന്നെ കാത്തിരിക്കുന്നത്‌ അർഹമായ കൊലമരം മാത്രമാണ്‌. ജോനാഥൻ ഓർമ്മകൾ മാറാലകളിൽ നിന്ന്‌ പുറത്തുവന്നു.

തടവറയിലെ ഉയർന്ന ജനാലയിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രരശ്മിയിൽ അയാളുടെ മുഖം വ്യക്തമായി കാണാം. അതിൽ അടിയേറ്റ്‌ വീങ്ങിയ പാടുകൾ, പൊടിപിടിച്ച പാറിയ ചെമ്പൻ മുടികൾ അലക്ഷ്യമായി എഴുന്നേറ്റുനിൽക്കുന്നു. ദാരുണമായ അയാളുടെ അവസ്ഥയിൽ വേദനപൂണ്ട ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ മുഖംമറച്ചു. അപ്പോൾ ആ തറവറ വീണ്ടും അന്ധകാരത്തിൽ കുളിച്ചു.

പടയാളികളുടെ കാൽപ്പെരുമാറ്റത്തിന്റെയും താക്കോൽക്കൂട്ടത്തിന്റെയും ശബ്ദം അധികരിച്ചുവരുന്നതായി അയാൾക്ക്‌ തോന്നി. അതെ, അവർ വരികയാണ്‌. ഇനി അധികം നേരമില്ല, എല്ലാം പര്യവസാനിക്കാൻ! താക്കോൽക്കൂട്ടം കൈവശമുണ്ടായിരുന്ന ഒരാൾ ജയിലഴികൾ തുറന്ന്‌ അകത്തുകടന്നു. പിന്നെ അയാളെ അവർ വലിച്ചെഴുന്നേൽപ്പിച്ചു. വിശപ്പും ദാഹവും മൂലം തളർന്ന സ്വന്തം ശരീരത്തെയും വഹിച്ച്‌ എത്രദൂരം നടന്നുവെന്നറിയില്ല. ബോധം വീഴുമ്പോൾ സ്വർഗത്തിനും ഭൂമിക്കും നടുവിൽ അയാൾ തൂങ്ങുകയായിരുന്നു, മരക്കുരിശിൽ!

തന്നെയോർത്ത്‌ വിലപിക്കാൻ ആരുമില്ലാത്ത പരിതാപകരമായ മാനസികാവസ്ഥയിൽ ആ ശരീരം ഏറെ നേരം തൂങ്ങിനിന്നു. പ്രാണവേദനയുടെ പാരമ്യതയിൽ ഗുരുവിനെ കുറിച്ചുള്ള ഓർമ്മകൾ അയാളിൽ തെളിഞ്ഞു. ഓർമ്മിക്കാൻ ഇമ്പമുള്ള കുറേ നിമിഷങ്ങളായിരുന്നു ഗുരുവിനൊടൊപ്പം ഉണ്ടായിരുന്നത്‌. അടിമത്വത്തിൽ വലിച്ചെറിയപ്പെട്ടവരെ രക്ഷിക്കാനെത്തിയ ഗുരു പോലും തന്നെ ഉപേക്ഷിച്ചു. ജോനാഥന്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ അത്‌ നിറഞ്ഞൊഴുകി. “ഗുരുവിന്‌ തന്നെ തിരികെ വിളിക്കാമായിരുന്നു, പോകരുതെന്ന്‌ വിലക്കാമായിരുന്നു.” കുറ്റബോധത്തിന്റെ നീർച്ചുഴിയിൽ നട്ടംതിരിഞ്ഞ അയാളുടെ ശരീരവും ആത്മാവും ഒരിറ്റ്‌ ദാഹജലത്തിനായി കേണു. ഒരൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ! ഭൂമിയിലേക്ക്‌ തീങ്ങിക്കിടന്ന മുഖത്തെ അയാൾ ക്ളേശപൂർവം ഉയർത്തി. അപ്രതീക്ഷിതമായി കണ്ണിൽ പതിച്ച മനുഷ്യശരീരത്തെ മനസിലാകാതെ അയാൾ തുറിച്ചുനോക്കി. പിന്നെ ആണികളിൽ കോർത്ത ശരീരത്തിന്റെ വേദനകൾ മറന്ന്‌ അയാൾ ഉച്ചത്തിൽ നിലവിളിച്ചു. “ഗുരൂ...” ദാരുണമായ ആ നിലവിളി കേട്ട്‌ മുൾക്കിരീടം ധരിച്ച ആ മനുഷ്യൻ മുഖമുയർത്തി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.