Saturday, April 30, 2011

വേനൽ മേഘങ്ങൾ

നേരം പുലരുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിർമയും പ്രസരിപ്പും വഹിച്ചുകൊണ്ട്‌ ഇളംകാറ്റ്‌ ആ ചാപ്പലിന്റെ ഇ​ടുങ്ങിയ വാരാന്തയിലൂടെ ഇടക്കിടെ വീശിക്കൊണ്ടിരുന്നു. അടുത്തെടിവിടെയോ പൂത്ത മുല്ലപ്പൂവിന്റെ പരിമളം ആ കാറ്റിൽ ലയിച്ചുചേർന്നിരുന്നു, ഒപ്പം ചാപ്പലിനോട്‌ ചേർന്ന്‌ സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തിൽ നിന്നുള്ള സുഖമുള്ള ദുർഗന്ധവും! കറവക്കാരന്റെ വഴുവഴുപ്പുള്ള കരങ്ങളിൽ ഞെരിഞ്ഞമരുന്ന കാമ്പുകളിൽ നിന്ന് ചീറ്റുന്ന പാൽ പാത്രത്തിൽ പതിക്കുന്ന ശബ്ദവും, അതിനെതിരെ നടത്തുന്ന പ്രതിക്ഷേധമെന്ന പോലെ പശുവിന്നകിടിന്റെ തൊട്ടുമുകളിൽ നിന്ന് വീഴുന്ന ചാണകത്തിന്റെ “പൊത്തോ” എന്ന ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം. ചാപ്പലിന്റെ വരാന്തയിൽ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികൾ. അവയിൽ വിടർന്നു നിൽക്കുന്ന റോസാപ്പൂവുകളിൽ കുഞ്ഞനുറുമ്പുകൾ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച്‌ അവ പൂക്കളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. കോൺവെന്റിലെ വളർത്തുകോഴികളുടെ ഉറക്കച്ചടവ്‌ കലർന്ന അടക്കം പറച്ചിലുകൾ. കുർബാന തുടങ്ങാൻ ഇനി അധികം നേരമില്ല. പ്രകൃതിയും പ്രഭാതവും ആ ധന്യ മുഹൂർത്തത്തിനായി ഭക്തിപുരസരം ഒരുങ്ങുന്നതുപോലെ!

അൽപ്പനേരം കഴിഞ്ഞപ്പോൾ, കോൺവെന്റിൽ നിന്ന്‌ സുദീർഘമായ മണി നാദം ഉയർന്നു. അതിന്റെ പ്രതിധ്വനിയെന്ന പോലെ, തൂവെള്ള വസ്ത്രം ധരിച്ച നാല്‌ കന്യാസ്ത്രീകൾ കോൺവെന്റിനെയും ചാപ്പലിനെയും ബന്ധിപ്പിക്കുന്ന ഇടവഴിയിൽ പ്രത്യക്ഷരായി. ചുറുചുറുപ്പോടെ അവർ ചാപ്പലിനുള്ളിൽ പ്രവേശിച്ചു. പിന്നെ, മുട്ടികുത്തി അൾത്താരയിൽ ക്രൂശിതനായി കിടക്കുന്ന പരമകാരുണ്യവാനെ പ്രണമിച്ച്‌ പ്രാർത്ഥനാനിർഭരരായി. ചുവന്ന കാർപ്പറ്റ്‌ വിരിച്ച്‌ മനോഹരമാക്കിയ ചാപ്പലിന്റെ കിഴക്കേ മൂലയിൽ എരിയുന്ന കെടാവിളക്ക്‌ ഇളംകാറ്റിന്റെ ഇടക്കിടെയുള്ള തലോടലിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. ദിവ്യബലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മനോഹരമാക്കിയ പരിശുദ്ധ ബലിപീഠം. സക്രാരിയുടെ ഇരുവശവും നിരത്തിയ തിരിക്കാലുകളിൽ നാട്ടിയ മെഴുകുതിരികൾ എരിയാൻ തയാറായി നിൽക്കുന്നു. തൊട്ടടുത്തുള്ള ബൊക്കകളിൽ അന്ന്‌ വിരിഞ്ഞ ഏതാനും റോസാപ്പൂവുകൾ പരസ്പരം പുഞ്ചിരി തൂകുന്നു. അൾത്താരയ്ക്ക്‌ പിന്നിലെ ശുശ്രൂഷാ മുറിയിൽ നിന്ന്‌ അധികം പ്രായമില്ലാത്ത സിസ്റ്റർ ആൻസി സാവധാനം പുറത്തേക്ക്‌ വന്നു. കുർബാനയ്ക്കുള്ള ഓസ്തി, വീഞ്ഞ്‌, കാസ, പീലാസ, സഖീം, കാപ്പ, തക്സ, വെള്ളം എന്നിവ തയാറാണെന്ന്‌ ഒരിക്കൽ കൂടി ഉറപ്പുവരുത്തിയ ശേഷം, ക്രൂശിതരൂപത്തെ ഭക്തിപൂർവ്വം വണങ്ങി അവർ ചാപ്പലിന്റെ പടിഞ്ഞാറ് ഭാഗത്ത് ധ്യാനനിരതരായിരിക്കുന്ന കന്യാസ്ത്രീകൾക്കൊപ്പം ചെന്നിരുന്നു. ഓരോ പ്രഭാതവും കർത്താവിന്റെ മഹിമകൾ പ്രകീർത്തിക്കുന്നുവെന്ന്‌ സങ്കീർത്തകൻ പാടിയത്‌ എത്രയോ സത്യമാണ്‌! മനോഹരമായ ഈ ഭൂമിയിൽ ജീവിക്കാൻ ഒരു ദിവസം കൂടി നൽകിയ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌, ആൻസിയും ധ്യാനനിരതയായി. പിന്നെ നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ.

പ്രഭാത പ്രാർത്ഥനയ്ക്കുള്ള സമയമായപ്പോൾ സിസ്റ്റർ ആൻസി തൊട്ടടുത്തിരുന്ന ചെറിയ മണിയിൽ മെല്ലെയൊന്ന്‌ മുട്ടി. കുപ്പിവളകൾ പൊട്ടിച്ചിതറുന്ന ശബ്ദത്തോടെ കമ്പനം ചെയ്ത മണിനാദം കേട്ട്‌ സ്ത്രീജനങ്ങളെല്ലാം എഴുന്നേറ്റ്‌ മുട്ടുകുത്തി. പിന്നെ, ശീമോ നമസ്ക്കാരം കൈകളിലെടുത്ത്‌ എഴുന്നേറ്റു. പ്രാർത്ഥാനാ പുസ്തകത്തിലെ ബുധനാഴ്ച ചൊല്ലേണ്ട പ്രഭാത പ്രാർത്ഥന നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷമാകെ മുഖരിതമായി.

പ്രായാധിക്യം മൂലം തിരുസഭാശുശ്രൂഷകൾ നിർവ്വഹിക്കാൻ സാധിക്കാത്ത വൈദീകരെ പരിചരിച്ചിരുന്ന ക്ളർജി ഹോമായിരുന്നു അത്‌. അവിടുത്തെ അന്തേവാസികളായ ഏഴ്‌ വൈദീകരെ ശുശ്രൂഷിക്കുന്നത്‌ തൊട്ടടുത്തുള്ള സന്യാസമഠത്തിലെ ഈ കന്യാസ്ത്രീകൾ ആയിരുന്നു. പകലന്തിയോളം അവർ ആ ക്ളർജി ഫോമിൽ ഉണ്ടാവും. സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും, പത്ത്‌ വല്യച്ചന്മാർക്ക്‌ സുഖമായി താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആ ക്ളർജി ഹോമിൽ ഉണ്ട്‌. അവിടുത്തെ ജോലികളിൽ കന്യാസ്ത്രീകളെ സഹായിക്കാൻ രണ്ടുപേരെ കൂടി അരമന ചുമതലപ്പെടുത്തിയിട്ടുണ്ട്‌. കുശിനിയിൽ പാചകം ചെയ്യുന്ന അന്നക്കുട്ടിയാണ്‌ അതിൽ പ്രധാനി. പാല സ്വദേശി. പ്രത്യേകിച്ച്‌ ബന്ധുക്കളൊന്നും ഇല്ലാതിരുന്ന അവർ ക്ളർജി ഹോമിൽ പാചകക്കാരിയായി എത്തിയിട്ട്‌ പതിറ്റാണ്ട്‌ കഴിഞ്ഞു. പറമ്പിലെ ജോലികളുടെ മേൽനോട്ടം വഹിക്കുന്ന തദ്ദേശവാസിയായ അവറാച്ചനാണ്‌ അടുത്തയാൾ. തൊട്ടടുത്തുള്ള ഇടവകയിലെ കപ്യാരും പള്ളിക്കമ്മിറ്റി പ്രസിഡന്റും ഒക്കെയാണ്‌ കക്ഷി. രൂപതയുടെ ട്രഷറർ ഫാദർ തോമസ്‌ പ്ളാവിന്തോപ്പിനാണ്‌ ക്ളർജി ഹോമിന്റെ ഇൻചാർജ്‌. വല്യച്ചന്മാരുടെ സുഖക്ഷേമങ്ങൾ പരിശോധിക്കുന്നതിനായി അദ്ദേഹവും അനുദിനം അവിടെ സന്ദർശനം നടത്തിയിരുന്നു.

രാവിലത്തെ കുർബാന അവറാച്ചന്‌ പതിവാണ്‌. കൃത്യസമയത്തുതന്നെ അയാൾ അന്നും ചാപ്പലിലെത്തി. വെളുത്ത മുണ്ടും കുപ്പായവുമാണ്‌ വേഷം. ചാപ്പലിൽ കടന്നയുടൻ പുരുഷന്മാരുടെ വശത്തെ ഫാൻ ഓൺചെയ്ത്‌ മുട്ടുകുത്തി അവറാച്ചൻ അൽപ്പനേരം കണ്ണടച്ച്‌ നിന്നു. അതിനുശേഷം, മനപ്പാഠമായ പ്രാർത്ഥനകൾ കന്യാസ്ത്രീകൾക്കൊപ്പം അയാൾ ഉച്ചത്തിൽ ചൊല്ലാൻ തുടങ്ങി. അഞ്ച്‌ സ്ത്രീശബ്ദങ്ങൾക്കിടയിൽ അവറാച്ചന്റെ മുരടൻ ശബ്ദം ഏച്ചുകെട്ടിയ വേലി പോലെ മുഴച്ചുനിന്നു.

ക്രമപ്രകാരം, അന്ന്‌ കുർബാന അർപ്പിക്കേണ്ട ചുമതല വർഗീസച്ചന്റേതായിരുന്നു. പ്രഭാത പ്രാർത്ഥനയുടെ അന്ത്യയാമങ്ങൾ അടുക്കാറായിട്ടും അച്ചൻ ചാപ്പലിൽ എത്തിയതേയില്ല. അതിന്റെ പരിഭവം ആരുടെയും മുഖത്തില്ല, സിസ്റ്റർ ആൻസിയുടേതൊഴികെ! കുർബാന അർപ്പിക്കേണ്ട ഊഴമെത്തുമ്പോൾ പ്രഭാതപ്രാർത്ഥനയ്ക്ക്‌ മുമ്പേ ചാപ്പലിലെത്തുന്ന സ്വഭാവക്കാരനാണ്‌ വർഗീസച്ചൻ. അങ്ങനെയുള്ള ദിവസങ്ങളിൽ പ്രഭാതപ്രാർത്ഥനയ്ക്ക്‌ നേതൃത്വം നൽകുന്നതും അച്ചൻ തന്നെയായിരിക്കും. “എന്നിട്ടും, ഇന്നെന്താ അച്ചൻ ഇത്ര വൈകുന്നത്‌?” അവർ പ്രാർത്ഥനയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. എങ്കിലും, അവരുടെ കർണ്ണങ്ങൾ അച്ചന്റെ കാൽ‌പ്പെരുമാറ്റം തിരഞ്ഞുകൊണ്ടിരുന്നു. സിസ്റ്റർ ആൻസിക്ക്‌ വർഗീസച്ചനോട്‌ പ്രത്യേക കരുതൽ ഉണ്ടായിരുന്നുവെന്നത്‌ പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെ. അതിന്‌ പിന്നിൽ ഒരു കഥയുണ്ട്. ആൻസിയുടെ ഇടവക വികാരിയായി സേവനമഷ്ഠിച്ചിട്ടുള്ള ആളാണ്‌ വർഗീസച്ചൻ.

അന്ന്‌ ആൻസിക്ക്‌ പതിമൂന്ന്‌ വയസ്‌. എട്ടാം തരത്തിലെ വാർഷികപ്പരീക്ഷയിൽ മുഴുകി സർവ നേരവും പുസ്തകങ്ങളുമായി നടന്ന ആ കാലഘട്ടത്താണ്‌ വർഗീസച്ചൻ അൻപതോളം കുടുംബങ്ങളുള്ള ആൻസിയുടെ ഇടവകയുടെ ചാർജെടുക്കുന്നത്‌. പരീക്ഷാഭീതി മാറ്റാൻ പരിശുദ്ധ കന്യാമറിയത്തിന്റെ നോവേന ചൊല്ലാൻ ആൻസി എല്ലാ സായാഹ്നങ്ങളിലും പള്ളിക്കുരിശടിയിൽ പോകുമായിരുന്നു. അങ്ങനെയൊരു വൈകുന്നേരത്തിലാണ്‌ ആൻസി വർഗീസച്ചനെ ആദ്യമായി കാണുന്നത്‌. താടിയും മുടിയും പകുതിയോളം നരച്ച ഒരാൾ ഇടവകയിലേക്കുള്ള വഴി ചോദിക്കുമ്പോൾ അത്‌ തന്റെ ഭാവി വികാരിയായിരിക്കുമെന്ന്‌ ആൻസി കരുതിയതേയില്ല.

നൊവേന കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാൻ തുടങ്ങുമ്പോഴാണ്‌ ഇടവകയിൽ പുതിയൊരു അച്ചൻ ചാർജെടുത്ത വിവരം ആൻസി അറിയുന്നത്‌. പുതിയ അച്ചനെ കാണാനുള്ള ആകാംശയിൽ ആൻസി പള്ളിമേടയിലേക്കോടി. കമ്മിറ്റിയംഗങ്ങളുടെ സ്വീകരണങ്ങൾക്കും, കുശലന്വേഷണങ്ങൾക്കുമിടയിൽ നിൽക്കുന്ന അച്ചനെ ശരിക്കൊന്ന്‌ കാണാൻ കഴിയാതെ ആൻസി മേടയ്ക്ക്‌ വെളിയിൽ മാറി നിന്നു. അപ്രതീക്ഷിതമായി മേടയ്ക്ക്‌ വെളിയിലെത്തിയ അച്ചനെ കണ്ട ആൻസി ആദ്യം ഞെട്ടി. “ഇത്‌ മറ്റേ ആളല്ലേ!” മിഴിച്ചുനിൽക്കുന്ന ആൻസിയെ അച്ചൻ അടുത്തേയ്ക്ക്‌ വിളിച്ചു. തനിക്ക്‌ വഴികാട്ടിയ കുട്ടിയെ കമ്മറ്റിക്കാർക്ക്‌ പരിചയപ്പെടുത്തി. “ഇത്‌ നമ്മുടെ ജോസഫേട്ടന്റെ മോളല്ലേ!” അവർ ആൻസിയെയും പരിചയപ്പെടുത്തി. “എത്രയിലാ മോള് പഠിക്കുന്നേ?” “എട്ടിൽ.” “പരീക്ഷയെല്ലാം കഴിഞ്ഞോ?” “ഇല്ല. നാലെണ്ണം ബാക്കിയുണ്ട്‌.” “അപ്പോൾ പോയിരുന്ന്‌ പഠിച്ചോളൂ. ഞായറാഴ്ചത്തെ കുർബാനയ്ക്ക്‌ കാണാം.”

ആൻസി ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം അതിമനോഹരമായിരുന്നു ഞായറാഴ്ചയിലെ പള്ളിക്കുർബാന. പുതുതായി എത്തിയ അച്ചന്റെ ആദ്യ കുർബാന ആയിരുന്നതിനാൽ പള്ളിയിൽ തിരക്കൽപ്പം അധികവുമായിരുന്നു. കുട്ടികളും മുതിർന്നവരും പുതിയ അച്ചനെ അടുത്ത്‌ കാണാൻ തിക്കിത്തിരക്കി. അവരുടെയെല്ലാം ഇടയിൽ ‘അച്ചനെ ആദ്യം പരിചയപ്പെട്ടത്‌ താനാണ്‌’ എന്ന കുഞ്ഞഹങ്കാരത്തോടെ ആൻസി നിന്നു. സുവിശേഷം പ്രസംഗം ആരംഭിക്കേണ്ട സമയമായപ്പോൾ, അജഗണങ്ങളെ അഭിസംബോധന ചെയ്ത്‌ അച്ചൻ സ്വയം പരിചയപ്പെടുത്തി. “എന്റെ പേര്‌ വർഗീസ്‌ ആറ്റുമണലിൽ. പത്തനംതിട്ട സ്വദേശി. തിരുവനന്തപുരത്തെ ഒരിടകവകയിലായിരുന്നു ഇത്രയും നാൾ. കൂടുതൽ വിവരങ്ങൾ വഴിയേ പറയാം.” പരിചയപ്പെടുത്തൽ ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി വർഗീസച്ചൻ സുദീർഘമായ പ്രസംഗത്തിലേക്ക്‌ കടന്നു.

കുർബാന കഴിഞ്ഞ്‌ തിരക്കൊഴിഞ്ഞപ്പോൾ ആൻസിയും അമ്മയോടൊപ്പം അച്ഛനെ പള്ളിമേടയിൽ കാണാൻ ചെന്നു. പ്രാതൽ അതിവേഗം പൂർത്തിയാക്കി തന്റെ കീഴിലുള്ള മറ്റൊരു പള്ളിയിലേക്ക്‌ യാത്ര തിരിക്കാൻ ഒരുങ്ങുകയായിരുന്നു അച്ചനപ്പോൾ. “ഹാ... ആൻസിയോ! അമ്മയാണോ ഇത്‌?” അച്ചൻ തിരക്കി. “അതേയച്ചാ.” ആൻസി പറഞ്ഞു. “എന്റെ പേര്‌ മറിയക്കുട്ടി. അച്ചന്റെ വീട്ടിൽ ആരൊക്കെയുണ്ട്‌?” അമ്മ തിരക്കി. “എല്ലാവരും ഉണ്ട്‌. നമുക്ക്‌ ഉച്ചതിരിഞ്ഞ്‌ കാണാം. യുവജനങ്ങളുടെ ഒരു മീറ്റിംഗ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ആൻസിയും വരണം. എന്നാൽ ശരി.” ഇത്രയും പറഞ്ഞ്‌ അച്ചൻ ധൃതിയിൽ യാത്ര തിരിച്ചു.

അന്നാദ്യമായാണ്‌ ആൻസി യുവജനങ്ങൾക്കുള്ള മീറ്റിംഗിൽ പങ്കെടുക്കുന്നത്‌. പതിനെട്ട്‌ തികയാത്ത ആൻസിയെ പല അംഗങ്ങളും സൂക്ഷിച്ച്‌ നോക്കുന്നുണ്ടായിരുന്നെങ്കിലും ആൻസി അതൊന്നും കൂസാക്കിയില്ല. ‘അച്ചൻ പ്രത്യേകം വിളിച്ചിട്ട്‌ വന്നതാ.’ ആൻസി ഗൗരവത്തോടെ ഇരുന്നു. ഉച്ചഭക്ഷണത്തിന്‌ ശേഷം വർഗീസച്ചൻ പള്ളിയിൽ കൃത്യസമയത്തിന്‌ തന്നെ എത്തി. അച്ചനെ കണ്ടയുടൻ യുവജനങ്ങളെല്ലാം എഴുന്നേറ്റു, ഒപ്പം ആൻസിയും.

“പരസ്പരം പരിചയപ്പെടാൻ വേണ്ടി മാത്രമാണ്‌ ഇങ്ങനെയൊരു മീറ്റിംഗ്‌ വിളിച്ചുകൂട്ടാൻ ഞാൻ ആവശ്യപ്പെട്ടത്‌.” അച്ചൻ മുഖവുരയായി പറഞ്ഞു. “പള്ളികളിലെ പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്ക്‌ മുൻതൂക്കം നൽകണമെന്ന മൊത്രാപ്പോലിത്തയുടെ നിർദ്ദേശമനുസരിച്ചാണ്‌ ഇടവകയിലെ മറ്റ്‌ സംഘടനകളെ കാണുന്നതിന്‌ മുമ്പ്‌ നിങ്ങളെ കാണാൻ ഞാൻ തീരുമാനിച്ചത്‌. ഈ പള്ളിയിൽ ചാർജെടുത്തിട്ട്‌ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, പള്ളി പ്രവർത്തനങ്ങൾ യുവജനങ്ങൾ പിന്നോക്കം നിൽക്കുന്നുവെന്നാണ്‌ എനിക്ക്‌ ആദ്യം മനസിലാക്കാൻ സാധിച്ചത്‌. പ്രതിദിനമുള്ള കുർബാനയിൽ യുവജനങ്ങളെ കാണാനില്ല. ഞായറാഴ്ചത്തെ പ്രാർത്ഥനകൾക്ക്‌ നേതൃത്വം നൽകേണ്ടതും യുവജനങ്ങൾ തന്നെയാവണം. പ്രവർത്തനങ്ങൾ യുവജനങ്ങളിൽ നിന്ന്‌ തുടങ്ങാം എന്ന്‌ കരുതുന്നു. തന്നെയുമല്ല, വരാനിരിക്കുന്ന പള്ളിപ്പെരുനാൾ ശോഭയോടെ നടത്താനും യുവാക്കളുടെ സഹായം കൂടിയേ തീരു.“ അച്ചൻ പറഞ്ഞുനിർത്തി.

”എന്റെ പേര്‌ തോമസ്‌. സംഘടനയുടെ സെക്രട്ടറി. എനിക്ക്‌ ചില അഭിപ്രായങ്ങൾ ബോധിപ്പിക്കാനുണ്ട്‌.“ ആൻസിയുടെ ശ്രദ്ധ തോമസേട്ടനിലേക്ക്‌ തിരിഞ്ഞു. ”ഏതാനും ചില വർഷങ്ങൾക്ക്‌ മുമ്പുവരെ യുവജനസാന്നിധ്യം ശക്തമായിരുന്ന ഇടവകയായിരുന്നു ഇത്‌. മാറി വന്ന ചില വൈദീകരുടെയും പിന്തിരിപ്പക്കാരായ ചില പള്ളിപ്രമാണിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും അവിവേകപരമായ ചില രീതികളാണ്‌ യുവജനങ്ങളുടെ ശക്തി ക്ഷയിപ്പിച്ചത്‌. മുപ്പതോളം യുവാക്കൾ ഉണ്ടായിരുന്ന സംഘടനയിൽ ഇന്ന്‌ അവശേഷിക്കുന്നത്‌ വെറും ഏഴുപേരാണ്‌. വേരറ്റുപോയ അംഗങ്ങളെ പഴയപടി തിരിച്ചുകൊണ്ടുവരിക എന്നത്‌ നിസാര കാര്യമല്ല. അച്ചൻ ഓരോ വീടും സന്ദർശിച്ച്‌, ആളുകളെ നേരിട്ട്‌ കണ്ട്‌ വിളിച്ചാൽ ഒരു പക്ഷേ യുവാക്കൾ സഹകരിക്കാൻ തയാറായേക്കാം!“

”ഭവന സന്ദർശനം ഉടൻ ആരംഭിക്കാൻ തന്നെയാണ്‌ ഞാൻ ഉദ്ദ്യേശിക്കുന്നത്‌. എല്ലാ ഇടവക അംഗങ്ങളുടെയും വീടുകൾ അറിയാവുന്ന മൂന്നുനാല്‌ പേർ കൂടെ ഉണ്ടെങ്കിലേ അത്‌ നടക്കൂ. കൂടെ വരാൻ തോമസ്‌ തയാറാണോ?“ വർഗീസച്ചൻ ചോദിച്ചു. ”ഞാൻ തയാറാണച്ചോ.“ തോമസ്‌ പ്രതികരിച്ചു. ”വേറെ ആരെങ്കിലും?“ അച്ചൻ അംഗങ്ങളുടെ മുഖങ്ങളിലേക്ക്‌ കണ്ണോടിച്ചു. “ഞാനും വരാമച്ചോ!” ആൻസി കൈകൾ പൊക്കി പറഞ്ഞു. അംഗങ്ങളുടെ പൊട്ടിച്ചിരി കേട്ട്‌ ആൻസി ആദ്യം മിഴിച്ചു. “ആൻസിയും പോരട്ടെ, ഭവനസന്ദർശത്തിൽ കുട്ടികൾക്കും പങ്കെടുക്കാം.” അച്ചൻ ന്യായീകരിച്ചു.

അതായിരുന്നു വർഗീസച്ചനും ആൻസിയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. വ്യക്തമായ കാഴ്ചപ്പാടുകൾക്കും പ്രവർത്തന ശൈലികൾക്കും ഉടമയായിരുന്നു വർഗീസച്ചൻ. ഇടവകയിലെ വൻകിട ശക്തികളുടെ സ്വാധീനങ്ങൾക്ക്‌ പിടികൊടുക്കാതെ, നീതിയുക്തമായി പ്രവർത്തിക്കാൻ അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇടവകയ്ക്ക്‌ അകത്തും പുറത്തുമുള്ള സാമൂഹിക പ്രശ്നങ്ങളെ നേരിടാൻ അച്ചൻ കാണിച്ച ധൈര്യം അക്രൈസ്തവർ പോലും പലതവണ അംഗീകരിച്ചിട്ടുള്ളതാണ്‌. തൊട്ടടുത്തുള്ള അമ്പലവുമായി ഇടവകയ്ക്കുണ്ടായിരുന്ന അസുഖകരമായ ബന്ധം വേരോടെ പിഴുതെറിഞ്ഞുകൊണ്ടാണ്‌ വർഗീസച്ചൻ അന്നാട്ടിലെ ഹൈന്ദവരുടെ പ്രിയങ്കരനായി മാറിയത്‌. ആ കഥ ഇതാണ്‌:

ഇടവകാംഗമായ പത്രോസ്‌ പുന്നൂസും ഒരു ഹിന്ദുവും തമ്മിൽ നിലനിന്നിരുന്ന സ്വത്ത്‌ തർക്കമാണ്‌ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. പരിഹാരം കാണാനാവാതെ പ്രശ്നം വാദപ്രതിവാദങ്ങൾ മാത്രമായി നീണ്ടുപോയ പശ്ചാത്തലത്തിൽ പുന്നൂസ്‌ അന്നത്തെ വികാരിയായിരുന്ന മത്തായി ചാക്കോയെ മധ്യസ്ഥനായി വിളിച്ച്‌ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രണ്ട്‌ വിഭാഗക്കാരെയും അദ്ദേഹം ഒരുനാൾ പള്ളിമേടയിൽ ചർച്ചയ്ക്ക്‌ വിളിപ്പിച്ചു. മനസില്ലാമനസോടെ ആണെങ്കിലും, ക്ഷേത്രക്കമ്മറ്റിക്കാർ അടങ്ങുന്ന ഒരു ചെറുസംഘം ചർച്ചയ്ക്കെത്തി. ചർച്ച കൈവിട്ടുപോവുകയാണെന്ന്‌ മനസിലായിട്ടും അച്ചന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പള്ളിമുറ്റത്ത്‌ കൂട്ടത്തല്ലായി. അച്ചനും ചില കമ്മിറ്റിക്കാർക്കും പരിക്കേറ്റു. അച്ചനെ ക്ഷേത്രക്കാർ തല്ലിയെന്ന വാർത്ത കാട്ടുതീ പോലെ പരന്നതോടെ, നാട്ടിലെ സകല ക്രിസ്ത്യാനികളും പള്ളിയിലേക്ക്‌ പ്രവഹിച്ചു. മത്തായിയച്ചൻ ക്ഷേത്രക്കാരെ മേടയിൽ കയറ്റി വാതിലടച്ചതുകൊണ്ട്‌ മാത്രമാണ്‌ അവർ ജീവനോടെ രക്ഷപ്പെട്ടത്‌. പോലീസ്‌ കേസും തമ്മിലടിയുമായി പ്രശ്നം പിന്നീട്‌ ഗുരുതരമാവുകയാണുണ്ടായത്‌. രൂപതാ മെത്രാൻ ദേവസ്വവുമായി അനുരഞ്ജനത്തിന്‌ തയാറായതോടെയാണ്‌ കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമായത്‌. എങ്കിലും, ഇരുവിഭാഗക്കാരുടെയും ഓർക്കാപ്പുറത്തുള്ള അടിയും ലഹളയും തുടർന്നുകൊണ്ടേയിരുന്നു. പത്ത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്ന ഈ സംഭവം അപ്പച്ചൻ പറഞ്ഞ്‌ ആൻസി പലതവണ കേട്ടിട്ടുള്ളതാണ്‌.

ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയം. ക്ഷേത്രത്തിലെ ഒരു കാര്യത്തിനും പള്ളിക്കാർ പങ്കെടുക്കാറില്ലെന്ന്‌ മനസിലാക്കിയ വർഗീസച്ചൻ ഒരു ദിവസം വൈകുന്നേരം ക്ഷേത്രക്കമിറ്റി പ്രസിഡന്റ്‌ ശ്രീകണ്ഠൻ നായരുടെ വീട്ടിലേക്ക്‌ ചെന്നു. ളോഹ ധരിച്ച പാതിരിയെ കണ്ട്‌ ശ്രീകണ്ഠൻ നായർ ആദ്യമൊന്ന്‌ പരുങ്ങിയെങ്കിലും, ആഗമനോദ്ദ്യേശം മനസിലാക്കിയതോടെ കാര്യം കമ്മിറ്റിയിൽ ആലോചിച്ച്‌ അറിയിക്കാമെന്നേറ്റു.

കുടിക്കാനും കുളിക്കാനും വെള്ളമില്ല എന്നതായിരുന്നു ആ പ്രദേശത്തെ സകലമാന ജനങ്ങളും അനുഭവിച്ചിരുന്ന സുപ്രധാന പ്രശ്നം. കുടിവെള്ള പദ്ധതികൾ രംഗപ്രവേശനം ചെയ്തുതുടങ്ങിയിട്ടില്ലാത്ത അക്കാലത്ത്‌ ഭൂരിപക്ഷം പേരും ആശ്രയിച്ചിരുന്നത്‌ കിണറുകളെയായിരുന്നു. വേനൽക്കാലത്ത്‌ കിണറുകൾ വറ്റിയാൽ പിന്നെയുള്ള ആശ്രയം ക്ഷേത്രക്കുളം മാത്രം. വേനൽ കഠിനമായാൽ കുളവും വറ്റും. പിന്നെ വെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. അച്ഛന്റെ നിർദ്ദേശം മറ്റൊന്നും ആയിരുന്നില്ല. ഇടവകയുടെയും ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ മഴയ്ക്ക്‌ മുമ്പേ ക്ഷേത്രക്കുളം വൃത്തിയാക്കുക. ചിലവാകുന്ന പണത്തിന്റെ പകുതി പള്ളി നൽകും. ക്ഷേത്രക്കമ്മിറ്റിക്കാർ ആലോചിച്ചപ്പോൾ സംഗതി കൊള്ളാം. നാട്ടുകാർക്ക്‌ മുഴുവൻ പ്രയോജനം ചെയ്യുന്ന കാര്യമല്ലേ!

പരസ്പരം വെട്ടും കുത്തുമായി നടന്നിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും സഹകരിച്ച്‌ കുളം വൃത്തിയാക്കുന്നുവെന്ന്‌ കേട്ട്‌ നാട്ടുകാർക്കും ആവേശമായി. അങ്ങനെയാണ്‌ പഞ്ചായത്ത്‌ ധനസഹായം പ്രഖ്യാപിക്കുന്നതും, കുളനവീകരണം ജില്ലയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാവുന്നതും. ഏറെ കാലം പിണങ്ങിയിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും എങ്ങനെ സൗഹൃദത്തിലായി എന്നതായിരുന്നു എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്‌. ഈ സംരംഭത്തിന്‌ ശേഷമാണ്‌ പള്ളിപ്പെരുനാളും ക്ഷേത്രത്തിലെ ഉത്സവവും ഇരുകൂട്ടരും ഒരുമിച്ച്‌ നടത്താൻ ആരംഭിച്ചത്‌. സ്കൂൾ പഠനത്തിന്‌ ശേഷം ഒരു കന്യാസ്ത്രീ ആവണമെന്ന മോഹം ആൻസിയിൽ തളിരിട്ടതിനുള്ള പ്രധാന കാരണവും വർഗീസച്ചന്റെ നിസ്വാർത്ഥമായ പ്രവർത്തന ശൈലിയായിരുന്നു.

ആൻസി സ്കൂൾ പഠനം പൂർത്തിയാക്കി മഠത്തിൽ ചേരുന്നതിന്‌ മുമ്പുതന്നെ വർഗീസച്ചൻ ഇടവകയിൽ നിന്ന്‌ മാറ്റം ലഭിച്ച്‌ പോയി. മഠത്തിലെ പുത്തൻ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടനുഭവപ്പെട്ട നാളുകളിൽ വർഗീസച്ചന്റെ എഴുത്തുകൾ ആൻസിയ്ക്ക്‌ പ്രചോദനം നൽകിയിരുന്നു. ഏതാനും ചില വർഷങ്ങൾ കൂടി എഴുത്തുകുത്തുകൾ തുടർന്നു. എങ്കിലും, പെട്ടെന്നുള്ള സ്ഥലം മാറ്റങ്ങൾക്ക്‌ വിധേയനായ അച്ചന്റെ വിലാസം കണ്ടെത്താൻ കഴിയാതെ ആ ബന്ധം പിന്നെ മുറിയുകയാണുണ്ടായത്‌. നിത്യവൃതം സ്വീകരിച്ച്‌ ഈ കോൺവെന്റിലെ അന്തേവാസിയായി ക്ളർജി ഹോമിൽ എത്തുമ്പോഴാണ്‌ സിസ്റ്റർ ആൻസി വർഗീസച്ചനെ പിന്നെ കാണുന്നത്‌. അപ്പോഴേയ്ക്കും, വാർദ്ധക്യാതിഷ്ടിതകൾ മൂലം അദ്ദേഹത്തിന്റെ ഓർമ്മകളിൽ നിന്ന്‌ ആൻസി എന്ന പെൺകുട്ടി ഏറെക്കുറെ നീക്കംചെയ്യപ്പെട്ട്‌ കഴിഞ്ഞിരുന്നു.

വർഗീസച്ചൻ തന്റെ ഇടവകയിൽ ചെയ്ത സേവന പരമ്പരകളെ വാതോരാതെ പ്രകീർത്തിക്കുന്ന കൂട്ടത്തിലായിരുന്നു സിസ്റ്റർ ആൻസി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സേവനത്തിന്‌ പ്രത്യുപകാരമായി കഴിയുന്ന വിധത്തിലെല്ലാം അച്ചനെ സഹായിക്കണമെന്ന നിശ്ചയദാർഢ്യം സിസ്റ്റർ ആൻസി കാണിച്ചിരുന്നു. ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന വർഗീസച്ചനെ ശുശ്രൂഷിക്കാൻ സിസ്റ്റർ ആൻസി കാണിച്ചിരുന്ന അമിതതാൽപ്പര്യത്തിന്‌ പിന്നിലെ കാരണവും ഇതൊക്കെ തന്നെ.

മണി 6:15. പ്രഭാതപ്രാർത്ഥന കഴിഞ്ഞയുടൻ ആൻസി മദറിന്റെ അനുവാദത്തോടെ ചാപ്പലിൽ നിന്ന്‌ പുറത്തിറങ്ങി വർഗീസച്ചന്റെ മുറി ലക്ഷ്യമാക്കി നടന്നു. വിശുദ്ധ അന്തോണിയോസിന്റെ പെരുനാൾ ദിനമായ ഇന്ന്‌ കുർബാന മധ്യേ ഒരു ചെറിയ പ്രസംഗം നടത്താൻ അച്ഛനെ ഓർമ്മിപ്പിക്കണം. ആൻസി മനസിൽ കരുതി. ചാപ്പലിന്റെ വടക്കുഭാഗത്തുള്ള വർഗീസച്ചന്റെ മുറിയിൽ ലൈറ്റ്‌ കിടക്കുന്നത്‌ ദൂരെനിന്നുതന്നെ വ്യക്തമായി കാണാം. വാതിൽ പകുതി മാത്രമേ ചാരിയിരുന്നുള്ളൂ. മുറിക്കുള്ളിലെ കുളിമുറിയിൽ നിന്ന്‌ വെള്ളമൊഴുകുന്ന ശബ്ദവും വ്യക്തമായി കേൾക്കാം. അച്ചൻ കുളിക്കുകയാവും എന്ന്‌ കരുതി സിസ്റ്റർ ആൻസി അൽപ്പനേരം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

നടപ്പിനിടയിൽ, പൂച്ചട്ടികളിൽ അമിതമായി വളർന്നു നിൽക്കുന്ന കളകളെ പിഴുത്‌ അവർ അടുത്തുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. വരാന്തയിൽ അവിടവിടെ തെളിഞ്ഞുകിടന്നിരുന്ന വൈദ്യുതവിളക്കുകൾ അണച്ചു. ഗ്രില്ലിലൂടെ അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞ പത്രത്താളുകൾ പെറുക്കി സ്വീകരണമുറിയിലെ ടീപ്പോയിൽ അടുക്കിവച്ചു. പഴയ പത്രങ്ങൾ ഒരു ഭാഗത്ത്‌ മടക്കി വച്ചശേഷം സിസ്റ്റർ ആൻസി വീണ്ടും അച്ചന്റെ വാതിൽക്കലെത്തി.

നേരം ഏറെയായിട്ടും ആളനക്കം കേൾക്കാത്തതിനാൽ സിസ്റ്റർ ആൻസി കർട്ടൻ സ്വൽപ്പം മാറ്റി മുറിക്കുള്ളിലേക്ക്‌ നോക്കി. അവിടെ കണ്ട കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നു. വർഗീസച്ചൻ കുളിമുറി വാതിൽക്കൽ മലർന്നടിച്ച്‌ കിടക്കുന്നു, പരിപൂർണ്ണ നഗ്നനായി. അദ്ദേഹത്തിന്റെ ടൗവൽ അരയിൽ നിന്നുരിഞ്ഞ്‌ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. ശരീരമാകെ വിയർപ്പുകുമിളകൾ പൊട്ടിമുളച്ചിരുന്നു. അബോധാവസ്ഥയിൽ വീണുകിടക്കുന്ന വർഗീസച്ചനെ കണ്ട്‌ ഇടിവാളേറ്റപോലെ സിസ്റ്റർ ആൻസി നിന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ രക്തം കട്ടപിടിച്ചതുപോലെ! രക്തസമ്മർദ്ദമൂലം ചുവന്നുതുടുത്ത ആൻസിയുടെ മുഖം പെട്ടെന്ന്‌ വിയർത്തു. നിലവിളിക്കാനോ, ഉറക്കെ കരയാനോ കഴിയാതെ ആൻസിയുടെ ശരീരം വിറച്ചു. പെട്ടെന്നുള്ള ആഘാതത്തിൽ നിന്ന്‌ വിമുക്തയായ സിസ്റ്റർ ആൻസി, കഴുത്തിൽ തൂങ്ങിയ ക്രൂശിതരൂപത്തെ മുറുകെ പിടിച്ച്‌ ചാപ്പലിലേക്ക്‌ കുതിച്ചു.

ചാപ്പലിന്റെ മുന്നിലെത്തിയ അവർ വാതിൽക്കലുള്ള തൂണിൽ പിടിച്ച്‌ കിതച്ചു. അച്ചന്റെ വരവിനായി കാത്തിരുക്കുന്ന നാല്‌ അമ്മമാരും ധ്യാനനിരതരായിരുന്നു. പ്രാർത്ഥനകൾക്കിടെ ലഭിച്ച ഇടവേള പാഴാക്കാതെ ഫാനിന്റെ കാറ്റിൽ അവറാച്ചൻ പതിവുപോലെ ഉറക്കം തൂങ്ങുന്നുണ്ട ​‍്‌. വിവരമറിയിക്കാൻ നാവ്‌ പോന്തിച്ചെങ്കിലും, ശബ്ദം വെളിയിൽ വന്നതേയില്ല. ഇരുകൈകൾ കൊണ്ടും തൊണ്ടയെ അമർത്തി ആൻസി വീണ്ടും ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. പവിത്രമായ ദേവാലയത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടന്ന്‌ കരുതി ഒരു ഭ്രാന്തിയെ പോലെ അവർ അച്ചന്റെ മുറിയിലേക്ക്‌ തിരിച്ചോടി. ഓട്ടത്തിനിടെ പൂച്ചെട്ടിയിൽ കാൽ തട്ടി സിസ്റ്റർ മുഖമടിച്ച്‌ നിലത്തുവീണു. കാലിലെ ചെരുപ്പുകൾ വരാന്തയിൽ ചിതറി. നെറ്റി പൊട്ടി ചോര പൊടിഞ്ഞു. നിലത്ത്‌ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ അച്ചന്റെ മുറിയിലെ വാതിൽ ഓട്ടത്തിന്റെ അതേ അവേശത്തോടെ അവർ തള്ളിത്തുറന്നു. അവിടെ, ഒരു നവജാതശിശുവിന്റെ പരിതാപകരമായ അവസ്ഥയിൽ വർഗീസച്ചൻ കിടപ്പുണ്ടായിരുന്നു, യാതൊരു അനക്കവുമില്ലാതെ.

“നന്മ നിറഞ്ഞ മറിയമേ, നിനക്ക്‌ സ്വസ്തി. കർത്താവ്‌ നിന്നോട്‌ കൂടെ. നീ സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിൻ ഫലമായ ഈശോ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക്‌ വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ നേരത്തും തമ്പുരാനോട്‌ അപേക്ഷിക്കേണമേ.” ചെറിയൊരു മൊണ്ടലോടെ അച്ചന്റെ അരികിലേക്ക്‌ വേച്ചുവേച്ച്‌ നടക്കുമ്പോൾ സിസ്റ്ററിന്റെ ചുണ്ടുകളിൽ വിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥന ഒരു ഗദ്ഗദം പോലെ പുറത്തുവന്നുകൊണ്ടിരുന്നു. ആൻസിയുടെ കണ്ണുകളിൽ ‘കണ്മുന്നിലെ യാഥാർത്ഥ്യം വെറും സ്വപ്നമാവണേ’ എന്ന പ്രാർത്ഥന നിഴലിച്ചിരുന്നു. നെറ്റിയിൽ നിന്ന്‌ വിയർപ്പുകുമിളകൾ നിയന്ത്രണമില്ലാതെ ഒഴുകി. ത്രികാല ബോധം നഷ്ടപ്പെട്ട മനസും, നിഷ്ക്രിയമായ ആത്മാവുമായി അവർ അന്തരീകമായി ലഭിച്ച ഏതോ പ്രേരണക്കനുസരിച്ച്‌ എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചു. അവരുടെ അങ്കലാപ്പുകൾക്കിടയിൽ മേശപ്പുറത്ത്‌ നിരത്തിവച്ചിരുന്ന മരുന്നുകുപ്പികൾ നിലത്തുവീണുടഞ്ഞു. സ്ഥാനം തെറ്റിയ മേശയിൽ നിന്ന്‌ പുസ്തകങ്ങൾ നിലത്ത്‌ വീണ്‌ ചിതറി. ഒടുവിൽ, പിടി നൽക്കാത്ത പഞ്ചേന്ദ്രിയങ്ങളുടെ കടിഞ്ഞാൺ പൂർണ്ണമായും ഉപേക്ഷിച്ച്‌ അവർ അബോധമായ ഏതോ നിലയിലേക്ക്‌ നിപതിച്ചു. ബോധം വരുമ്പോൾ, ആൻസി കോൺവെന്റിലെ സ്വന്തം മുറിയിലായിരുന്നു.

കണ്ണുകൾ തുറന്ന ആൻസി സംഭ്രമത്തോടെ ചുറ്റും നോക്കി. ദേഹമാസകലം വല്ലാത്ത വേദന. സംഭവിച്ചതെന്നറിയാ നുള്ള വ്യഗ്രത ആൻസിയുടെ മുഖത്ത്‌ സാവധാനം പ്രകടമായി. അവർ അമ്പരപ്പോടെ ചുറ്റും നോക്കി. കിടക്കയ്ക്ക്‌ സമീപമുള്ള ഫൈബർ കസേരസിൽ വേറൊരു സിസ്റ്റർ പുസ്തകം വായിച്ചിരിപ്പുണ്ടായിരുന്നു. ആൻസി അവരോട്‌ സംസാരിക്കാൻ ശ്രമിച്ചു. ആൻസിയുടെ പരാക്രമങ്ങൾ കണ്ട്‌ ഭയന്ന സിസ്റ്റർ ആരെയോ വിവരമറിയിക്കാൻ മുറിയിൽ നിന്നിറങ്ങി ഓടി. കട്ടിലിൽ നിന്ന്‌ താഴെ ഇറങ്ങിയപ്പോൾ രൂപം കൊണ്ട കാൽമുട്ടിലെ വേദന സഹിക്കാൻ വയ്യാതെ ആൻസി നിശബ്ദം നിലവിളിച്ചു. വേദനയുടെ കാഠിന്യം തെല്ലൊന്ന്‌ കുറഞ്ഞപ്പോൾ അവർ മുടന്തിമുടന്തി വാതിൽക്കലെത്തി.

ചാപ്പലിന്റെ പരിസരത്തും റോഡിലും പതിവില്ലാതെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കോൺവെന്റിലെ രണ്ടാം നിലയിൽ നിന്ന്‌ നന്നായി കാണാം. കാര്യമെന്തെന്ന്‌ വ്യക്തമാവാതെ ആൻസി രണ്ടാം നിലയിലെ അഴികൾക്കിടയിലൂടെ ഉറ്റിനോക്കി. അപ്പോഴേയ്ക്കും, നാലഞ്ച്‌ സിസ്റ്റർമാർ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവർ ആൻസിയെ മുറിക്കുള്ളിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ചു. ബലം കുറഞ്ഞ കരങ്ങൾ തന്നെ മുറിയിലേക്ക്‌ തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ, ആൻസി അഴികൾക്കിടയിലൂടെ ആ കാഴ്ച കണ്ടു... പൂക്കൾ കൊണ്ട്‌ മനോഹരമാക്കിയ ശവമഞ്ചത്തിൽ ആരോ നടത്തുന്ന കാൽവരി യാത്ര! ക്ഷണനേരം കൊണ്ട്‌ വിടർന്നുചുരുങ്ങിയ ആൻസിയുടെ മിഴികൾ സാവധാനം ഈറനണിഞ്ഞു.

ദിവസങ്ങൾ പലത്‌ കഴിഞ്ഞിട്ടും ആൻസിയുടെ മനസ്‌ അസ്വസ്ഥമായിരുന്നു. പരിത്യാഗത്തിന്റെ വൃതങ്ങൾ പരിശീലിച്ച ആ സന്യാസിനി അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിൽ വിയർപ്പുമുട്ടുകയായിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ അവർ കൂടുതൽ സമയവും മുറിയിൽ തന്നെ കഴിച്ചുകൂട്ടി. രാവിലെ കുർബാന കഴിഞ്ഞ്‌ ചാപ്പലിൽ നിന്നിറങ്ങിയാൽ അവർ മഠത്തിലെ ജോലികളിൽ മാത്രം മുഴുകി. വർഗീസച്ചന്റെ അസാന്നിധ്യം പ്രതിധ്വനിക്കുന്ന ആ ക്ളർജി ഹോമിലേക്ക്‌ കണ്ണുകൾ പോകുന്നതുതന്നെ സിസ്റ്റർ ആൻസിയ്ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആൻസിയുടെ അസുഖകരമായ ഈ പെരുമാറ്റങ്ങൾ ഉൾക്കൊള്ളാൻ പലർക്കും കഴിയാതെ പോയെങ്കിലും, മഠത്തിലെ മദർ ആൻസിയെ സ്നേഹപൂർവം സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

വർഗീസച്ചന്റെ പെട്ടെന്നുള്ള ദേഹവിയോഗം ഏൽപ്പിച്ച മുറിപ്പാടിൽ നിന്ന്‌ സാവധാനം മോചിതയാകാൻ ശ്രമിക്കുമ്പോഴാണ്‌ അവറാച്ചൻ പതിവില്ലാതെ ആൻസിയെ കാണാൻ കോൺവെന്റിൽ എത്തുന്നത്‌. വർഗീസച്ചന്റെ മുറി വൃത്തിയാക്കിയ കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങൾ ആൻസിയെ ഏൽപ്പിക്കുകയായിരുന്നു അയാളുടെ ഉദ്ദ്യേശം. ആൻസിയ്ക്ക്‌ അച്ചനോടുണ്ടായിരുന്ന സ്നേഹവും മതിപ്പും അറിയാമായിരുന്ന അവറാച്ചൻ പുസ്തകങ്ങൾ സിസ്റ്ററിനെ ഏൽപ്പിച്ചു. കാലപ്പഴക്കം കൊണ്ടും നിരന്തര ഉപയോഗം കൊണ്ടും ജീർണ്ണിച്ച പുസ്തകക്കെട്ടുകൾ വാങ്ങുമ്പോൾ ആൻസിയുടെ മനസിൽ ആ തണുത്ത പ്രഭാതത്തിന്റെ ചൂടുള്ള ഓർമ്മകൾ തെളിഞ്ഞു. അവ ബാഷ്പകണങ്ങളായി ഇറ്റിറ്റുവീഴുമ്പോൾ അതിന്‌ അവറാച്ചൻ മാത്രം മൂകസാക്ഷിയായി.

“ഞാനൊരു പടക്കുതിരയാണ്‌...! കാഴ്ചകൾ കെട്ടിയടയ്ക്കപ്പെട്ട ഉഗ്രപ്രതാപിയായ കരിങ്കുതിര.” പുസ്തകക്കെട്ടുകൾക്കിടയിൽ നിന്ന്‌ കിട്ടിയ ഡയറിയിൽ വർഗീസച്ചൻ കുറിച്ച വരികളിലൂടെ ആൻസിയുടെ മിഴികൾ സഞ്ചരിച്ചു. “ജനനിബിഡമായ വഴികളിലൂടെയുള്ള എന്റെ യാത്രകൾ എപ്പോഴും ഏകാന്തത നിറഞ്ഞതാണ്‌, പുഴയുടെ പുളിപ്പും മധുരവും ഉറിഞ്ചിക്കുടിക്കാതെ സമുദ്രത്തിലേക്ക്‌ യാത്ര ചെയ്യുന്ന കാട്ടുതടിയെ പോലെ! വഴിയോരങ്ങളിലെ പുകപടലങ്ങൾ എന്നെ അലട്ടുന്നുണ്ടെങ്കിലും അവ എന്നെ ശ്വാസം മുട്ടിക്കുന്നില്ല. തെരുവുകളിലെ വർണ്ണ വൈരുദ്ധ്യങ്ങൾ നേത്രപടലത്തിൽ പതിക്കുന്നുണ്ടെങ്കിലും അവയും എന്നെ സ്വാധീനിക്കുന്നില്ല. ഇന്ദ്രിയങ്ങൾ മരവിപ്പിക്കുന്ന ദാരുണ ദൃശ്യങ്ങൾ രണഭൂമികളിൽ തുടരെതുടരെ കണ്ടതുകൊണ്ടാവാം, എന്റെ കൺകളിൽ ചോര പണ്ടേ വറ്റിയതുപോലെ. മണൽക്കാറ്റ്‌ വീശുമ്പോഴും തുറന്നുവയ്ക്കാൻ പ്രാപ്തമായ കണ്ണുകൾ... തൊണ്ട പൊട്ടിക്കുന്ന അലമുറകൾ കേട്ടാലും വിറയ്ക്കാത്ത കാതുകൾ... ഏതൊരു പ്രത്യാക്രമണത്തെയും ചെറുത്തുനിൽക്കാൻ കഴിയുമാറ്‌ പരീശീലനവും മെയ്‌വഴക്കവും സമ്പാദിച്ച പോരാളി. എന്നിട്ടും, തനിക്കൊപ്പം സഞ്ചരിക്കാൻ, സ്വന്തമെന്ന്‌ ചൂണ്ടിക്കാട്ടാൻ അദൃശ്യനും നിസംഗതനുമായ ദൈവമല്ലാതെ മറ്റാരുമില്ലെന്ന ഭീതികരമായ ശൂന്യത എന്നെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. ഏതോ പ്രവാഹത്തിലകപ്പെട്ട്‌ ലക്ഷ്യവും മാർഗവും തെറ്റിയതുപോലെ!“ വർഗീസച്ചന്റെ വാക്കുകളിൽ അവ്യക്തമായ എന്തോ ഒന്ന്‌ പ്രതിഫലിക്കുന്നതായി സിസ്റ്റർ ആൻസിയ്ക്ക്‌ തോന്നി. അവർ താളുകൾ മറിച്ചു.

”ചോര തിളക്കുന്ന യൗവനവും, ഒരു പുരുഷായുസ്‌ മുഴുവനും വിശ്വസിക്കാൻ ശ്രമിച്ച സങ്കൽപ്പങ്ങളും വാക്കുകൾക്കതീതമായ ആശയങ്ങൾക്കുമായി ഉഴിഞ്ഞുവച്ചിട്ടും, ജീവിതം എങ്ങും എത്താത്തതുപോലെ! മാനുഷികമായ അനിവാര്യതകളെ തൃപ്തിപ്പെടുത്താൻ അദൃശ്യശക്തികൾക്കും തത്വസംഹിതകൾക്കും എത്രനാൾ സാധിക്കും? ലൗകികമായ സുഖങ്ങൾക്കുവേണ്ടിയുള്ള, അവ നഷ്ടപ്പെടുത്തിക്കളഞ്ഞതിലുള്ള പരോക്ഷമായ കുറ്റസമ്മതമോ, അതൃപ്തമായ മനസിന്റെ വികാരവിക്ഷേപണങ്ങളോ അല്ലിത്‌. ചില പരിഭവങ്ങൾ..., പുലമ്പലുകൾ... അത്രമാത്രം.“ വർഗീസച്ചന്റെ വരികൾക്കിടയിലൂടെ വായിക്കാൻ ആൻസി ശ്രമിച്ചു.

”കർത്താവിന്റെ പൗരോഹിത്യത്തിൽ ഭാഗഭാക്കുവാകാൻ സാധിച്ച സുദീർഘമായ അഞ്ച്‌ പതിറ്റാണ്ടുകൾ... ഓർമ്മകൾക്ക്‌ എത്ര മധുരം! യൗവനത്തിന്റെ കൊടുമുടിയിൽ വച്ച്‌ മനുഷ്യപ്രകൃതിയ്ക്ക്‌ വൈരുദ്ധ്യമെന്ന്‌ തോന്നാവുന്ന വൃതവാഗ്ദാനങ്ങൾ നെഞ്ചിലേറ്റി വൈദീകപ്പട്ടം സ്വീകരിച്ച ആ പുണ്യദിനം, 1951 മേയ്‌ 4. അപ്പന്റെയും അമ്മച്ചിയുടെയും പള്ളിയങ്കണത്തിൽ തടിച്ചുകൂടിയ ജനസഹസ്രങ്ങളുടെയും മുന്നിൽ വച്ച്‌, ആവേശകരമായ തിരുബലി മധ്യേ, മെത്രാപ്പോലിത്തയിൽ നിന്ന്‌ വൈദീകപട്ടം സ്വീകരിക്കുമ്പോൾ ലോകത്തിന്റെ നെറുകയിലെത്തിയതുപോലെ...! സഭാമക്കളിൽ നിന്ന്‌ ആശീർവാദങ്ങൾ ഏറ്റുവാങ്ങി ഇടവകപ്പള്ളിയിൽ ദിവ്യബലിയർപ്പിച്ച മേയ്‌ 5. പ്രാർത്ഥനയുടെ സ്വർഗീയ പ്രതിധ്വനികൾ കർണ്ണപുടത്തിൽ ഏറ്റുവാങ്ങി അൾത്താരയിലേക്ക്‌ ചുവടുവയ്ക്കുമ്പോൾ സമൂഹം നൽകിയ പിന്തുണ എന്റെ ആത്മാവേശം ഉച്ചകോടിയിലെത്തിച്ചത്‌ ഞാൻ ഇന്നും ഓർക്കുന്നു. ലോകരക്ഷകന്റെ തിരുവുടലും രക്തവുമായി മാറിയ അപ്പവും വീഞ്ഞും ജനസഹസ്രങ്ങൾക്ക്‌ മുന്നിൽ ആദ്യമായി ഉയർത്തിപ്പിടിച്ചപ്പോൾ ഞാനുഭവിച്ച സായൂജ്യം വാക്കുകൾക്ക്‌ വർണ്ണിക്കാൻ കഴിയുമോ? എല്ലാം ഇന്നലെ കഴിഞ്ഞത്‌ പോലെ!“

”പള്ളിമുറ്റത്ത്‌ അന്ന്‌ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ഇന്ന്‌ തന്നോടൊപ്പം അവശേഷിക്കുന്നവർ കുറയും. ഓരോരുത്തരും പല സന്ദർഭങ്ങളിൽ വാങ്ങിപ്പോയി. അപ്പന്‌ പിന്നാലെ അമ്മച്ചി, വല്യച്ചൻ, പിന്നെ കുഞ്ഞച്ചൻ... അങ്ങനെ പലരും! അങ്ങനെ താൻ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത എത്രയെത്ര മുഖങ്ങൾ. ഇനി എന്റെ ഊഴം. എന്റെ മാത്രം! സമീപസ്ഥമായ മരണത്തെ കുറിച്ചുള്ള വ്യാകുലതകൾ എന്നെ അലട്ടിത്തുടങ്ങിയിട്ടില്ല. എങ്കിലും, ഈ ക്ളർജി ഹോമിലെ ഏകാന്തത എന്നെ മരണത്തോളം പീഡിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം സ്തുതിപാഠകരായി പിന്നാലെ നടന്നവർ എവിടെ? വർഗീസിന്റെ കുർബാനകളും പ്രസംഗവും പ്രവർത്തനശൈലികളും ആസ്വദിച്ചവർ എവിടെ? അസ്തമസൂര്യന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക്‌ കാണാൻ കഴിയുന്നത്‌ വിജനമായ പള്ളികളും, ആൾപ്പെരുമാറ്റമില്ലാത്ത ശ്മശാനങ്ങളും മാത്രം. വർഗീസിന്റെ കാർമ്മികത്വങ്ങളും നേതൃത്വങ്ങളും എന്നേ വിസ്മൃതിയിലാണ്ടുകഴിഞ്ഞു.“

”ക്ളർജി ഹോമിന്റെ ചുവരുകൾക്കുള്ളിൽ അകപ്പെട്ടിട്ട്‌ ഇന്ന്‌ ആറ്‌ വർഷം തികയുന്നു. ഇടവക ഭരണം മതിയാക്കാൻ മെത്രാൻ ആവശ്യപ്പെടുമെന്ന്‌ കരുതിയതല്ല, എങ്കിലും കൽപ്പന അനുസരിച്ചല്ലേ പറ്റൂ. കാൽ നൂറ്റാണ്ട്‌ നീളുന്ന വൈദീകവൃത്തിക്ക്‌ വിരാമമിടാൻ എത്തിയ തിരുമനസും ദൈവജനവും കൈകളിൽ പൂച്ചെണ്ടും മാലയും ഏൽപ്പിച്ച്‌ അവരവരുടെ വഴിക്ക്‌ പോയി. പ്രായാധിക്യം മൂലം ക്ഷീണിച്ച ശരീരവും യുവത്വം നഷ്ടമാവാത്ത ചിന്തകളുമായി ക്ളർജി ഹോമിലേക്ക്‌ വണ്ടി കയറുമ്പോൾ ഇനിയെന്ത്‌ എന്ന ചോദ്യം മനസിനെ അലട്ടുന്നുണ്ടായിരുന്നു.“

”കുഞ്ഞച്ചന്റെ കൈയ്യിൽ പിടിച്ച്‌ ക്ളർജി ഹോമിലെ പടികൾ കയറുമ്പോൾ മോണ കാട്ടി സ്വീകരിക്കാൻ അന്നുണ്ടായിരുന്ന വായോദികരെല്ലാം കർത്താവിൽ നിദ്രപ്രാപിച്ചിട്ട്‌ കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. കുഴിമാടത്തിലേക്കുള്ള എന്റെ അവസാന സ്ഥലം മാറ്റവും കാത്ത്‌ ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ട ഈ മുറിയിൽ സാധനങ്ങൾ ക്രമീകരിച്ചുകഴിഞ്ഞ്‌ യാത്ര ചൊല്ലിപ്പിരിയുമ്പോൾ കുഞ്ഞച്ചൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴുങ്ങുന്നു. ജ്യേഷ്ഠനെ വീട്ടിലേക്ക്‌ ഉടൻ കൂട്ടിക്കൊണ്ട്‌ പോകുമെന്നും ശിഷ്ടകാലം ഇടവകപ്പള്ളിയിൽ കുർബാനയർപ്പിക്കാമെന്നും! അവന്റെ വാഗ്ദാനങ്ങൾ ഒന്നും നടന്നില്ല. രോഗാതുരനായ ഒരു പടുകിഴവനെ ശുശ്രൂഷിക്കാനുള്ള മഹാമനസ്ക്കതയൊന്നും അവന്റെ മക്കളോ മരുമക്കളോ കാണിച്ചിട്ടുണ്ടാവില്ല! മാസത്തിൽ രണ്ട്‌ തവണ കുഞ്ഞച്ചൻ എന്നെ കാണാൻ എത്തുമായിരുന്നു, നിറഞ്ഞ പുഞ്ചിരിയുമായി. അവന്റെ മരണത്തോടെ അതും നിന്നു. ജന്മം നൽകിയ കുടുംബത്തിൽ എന്നെ ഓർക്കാൻ ഉണ്ടായിരുന്ന അവസാന കണ്ണിയും അതോടെ വേരറ്റുപോയി. ഈ ജീവിതസായാഹ്നത്തിൽ എനിക്കിനി ചുറ്റും അപരിചിതർ മാത്രം! നിങ്ങൾക്ക്‌ നൽകാൻ എന്റെ പക്കൽ യുവത്വമില്ല, ധമനികളിൽ ചുടുചോരയുമില്ല. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ വലിച്ചെറിഞ്ഞ മക്കളെ പോലെ എന്റെ ജനവും എന്നെ ഉപേക്ഷിച്ചു, ഉപയോഗശൂന്യമായ കടലാസുപോലെ!

“ഇനിയും എത്രനാൾ? ജീവനുള്ള കാലം വരെ, മരണം വരെ! അതുവരെ, ദൈവം തന്നിലൂടെ ചെയ്ത നന്മകളെ വീണ്ടും വീണ്ടും ഓർക്കാം, ഇടയനെ ഉപേക്ഷിച്ച ആടുകൾക്കുവേണ്ടി പ്രാർത്ഥിക്കാം....” തുടർന്നുള്ള വരികൾ മഷി പടർന്ന്‌ അവ്യക്തമായിരുന്നു. ആൻസി പുസ്തകം അടച്ചു. പിന്നെ, ഏറെ നേരം ശവമഞ്ചം കൊണ്ടുപോയ വഴിയുടെ അനന്തതയിലേക്ക്‌ നോക്കിനിന്നു, അടുത്ത ഊഴം കാത്തിരിക്കുന്ന ബലി മൃഗത്തിന്റെ വേദനയോടെ!