Sunday, July 10, 2011

ചോരയ്ക്കെന്തിന് ചുവപ്പുനിറം?


ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്,
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

ചുവരിലും തറയിലും
സീലിങ്ങിലുമെല്ലാം
രക്തം, ചുടു രക്തം!
ചുറ്റും ഫാനിലും,
കത്തും ട്യൂബിലും,
ആണിയിലാടും ഫോട്ടോയിലും,
ക്ലോക്കിലും, ജനാലയിലും,
ഓടിക്കൊണ്ടിരിക്കും
ടിവിയിലുമെല്ലാം രക്തം!

സ്ഥാനം തെറ്റിയ സോഫ,
ഛിന്നിച്ചിതറിയ ഫ്ലവർവേയ്സ്,
മറിഞ്ഞുകിടക്കും കസേര,
അലങ്കോലമായ തുണികൾ,
ഒരു മൂലയിൽ വടി വാൾ,
അതിനരികിൽ അച്ഛൻ, മലർന്ന്!
അച്ഛനുമുകളിൽ ചേട്ടൻ
പത്ത് വയസുകാരൻ.
മറ്റൊരു മൂലയിൽ കത്തി,
അതിനരികിൽ അമ്മ, കമിഴ്ന്ന്!
സിഗററ്റ് കുറ്റികൾ, ചെരുപ്പുകൾ,
കാൽ‌പ്പാടുകൾ...
ഇതിനെല്ലാം പുറമേ അവൾ
അഞ്ചുവയസ്സുകാരി!
ടിവിക്ക് പിറകിൽ,
പേടിച്ചരണ്ട്,
വിറയാർന്ന്,
വാ പൊത്തി!

തൊട്ടുമുമ്പ് നടന്നതൊന്നും
അവൾ കണ്ടതേയില്ല
ചേട്ടനുമൊത്ത്
ഒളിച്ചുകളിക്കുമ്പോൾ
ടിവിക്ക് പിന്നിൽ
കയറിയതാണവൾ!
കുറേ കഴിഞ്ഞപ്പോൾ
കൂട്ട കാൽ‌പ്പെരുമാറ്റം...,
അട്ടഹാസം..., നിലവിളി...,
പിന്നെ,
നിശബ്ദത....
ടിവിയിലോടും വാർത്തയെ
അതിലംഘിക്കുന്ന
നിശബ്ദത....!

ചേട്ടൻ തന്നെ കണ്ടുപിടിക്കുമോ?
ഇനി, അവർ തന്നെ മറന്നതോ?
അച്ഛനും അമ്മയും
ടിവിയിൽ മൊഴുകി
ഇരിപ്പാണോ?
അതോ, ഉറങ്ങിയോ?
അവൾക്കറിയില്ല!
എങ്കിലും, അവൾക്ക് കാണാം...,
ചാലുപോലെ രക്തം ഒഴുകി
അവളുടെ പാദത്തെ
സ്പർശിക്കുന്നത്!
വഴിമാറിക്കൊടുക്കാൻ
മൂലയിലേക്ക് ആവത്
ഒതുങ്ങിയിട്ടും
രക്തം തന്നിലേക്ക്
പിന്നെയും അടുക്കുന്നത്!
ആ കടും ചോരയിൽ
അവളുടെ മുഖം
പ്രതിഫലിക്കുന്നത്...

ചോരയ്ക്കെന്തിന് ചുവപ്പുനിറം?
പച്ച, നീല, കറുപ്പ്
ഓറഞ്ച്, മഞ്ഞ
എന്നിങ്ങനെ
ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
ചോരയ്ക്കെന്തിന് ചുവപ്പുനിറം?

6 comments:

  1. കവിത നന്നായി... അനാഥത്വം വേദനിപ്പിക്കുന്നു...!!

    ReplyDelete
  2. വരികളിലും ചുവപ്പു നിറം.. ആശംസകൾ..

    ReplyDelete
  3. എഴുത്തിന് ഒരു ചോര നിറം മണം ......
    കടലാസില്‍ ആയിരുന്നെങ്കില്‍ പടരുമായിരുന്നു.
    നല്ല വരികള്‍

    ReplyDelete
  4. ആയിരത്തിയെട്ട് നിറമുള്ളപ്പോൾ
    ചോരയ്ക്കെന്തിന് ചുവപ്പുനിറം?

    എന്തിന്..?

    ReplyDelete
  5. ഒരു ചുവന്ന ഭീതി വളര്‍ന്നു ..

    ആശംസകള്‍

    ReplyDelete