Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

25 comments:

 1. അനുഭവ സാക്ഷ്യത്തിനു പകരം വയ്ക്കാന്‍ വേറെ എന്തുണ്ട്.

  ഒന്നോര്‍ത്താല്‍ എല്ലാം മണ്ടത്തരങ്ങള്‍ ആണ്. പക്ഷെ അവിടെ അവിടെയോ എന്തോ ഉണ്ട് എന്നത് സത്യം. ബൈബിളിന്‍റെ കെട്ടുറപ്പിനെ പറ്റി സംശയത്തോടെ നോക്കിയിരുന്ന ആളായിരുന്നു ഞാന്‍. അല്ലെങ്കില്‍ അത് അത്ര കാര്യമാക്കാത്ത ഒരാളായിരുന്നു . 2004 വരെ . ഇപ്പോള്‍ സംഗതികള്‍ മാറി. ഇപ്പോള്‍ ആ പുസ്തകങ്ങളില്‍ ഒരു സുദീര്‍ഘമായ കെട്ടുറപ്പ് കാണുന്നു.

  അബ്രാഹത്തിന്റെ ബലി വായിക്കുക. യേശുവിന്റെ ബലി വായിക്കുക. രണ്ടും ബന്ധമുണ്ട്. അല്ലെങ്കില്‍ ആദ്യത്തേത് രണ്ടാമത്തേതിന്റെ പ്രവചനമാണ്.

  "ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "
  ഈ സന്ദേശം അബ്രാഹത്തിന്റെ ബലിയില്‍ കാണുവാന്‍ പറ്റും.

  ഹാപ്പി ഈസ്റ്റര്‍ !

  ReplyDelete
 2. അവൻ നമ്മുടെ പാപമെല്ലാം തീർത്തു.ഇനി ധൈര്യായിട്ട്,ഓപിയാർ-പോത്ത് റോസ്റ്റ് അടികലാം.

  ReplyDelete
 3. ഈ വര്‍ഷത്തെ ഞാന്‍ വായിച്ച ഏറ്റവും നല്ല ഈസ്റ്റര്‍ സന്ദേശം ഇതു തന്നെയായിരുന്നു. യേശുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ സാധിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് ബൈജൂസ്. praise the Load.

  ReplyDelete
 4. "ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്."

  ശാസ്ത്രീയമായും യുക്തിപരമായും അടിസ്ഥാനമില്ലാത്തതും നിരര്‍ത്ഥകവും ആണെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന ഈ വികല സിദ്ധാന്തം മതപരമായ അന്ധവിശ്വാസത്തിന്‍റെ വീക്ഷണത്തില്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ താങ്കളുടെ ഈ വാദവും തികഞ്ഞ അസംബന്ധമാണെന്ന് പറയാതെ വയ്യ. എല്ലാമതങ്ങളും ഈ സിദ്ധാന്തം ശരിവെക്കുന്നു എന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ ഒരു മതവും ഈ സിദ്ധാന്തം ശരിവെക്കുന്നില്ല എന്നതാന് വാസ്തവം. കുറഞ്ഞ പക്ഷം ക്രിസ്തുമതമെങ്കിലും ഈ സിദ്ധാന്തം ശരിവെക്കുന്നുവെങ്കില്‍ താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കും എന്ന് താങ്കള്‍ക്ക് ആശ്വസിക്കാമായിരുന്നു. എന്നാല്‍, ക്രിസ്തുമതം തന്നെ താങ്കള്‍ ഇവിടെ ഉന്നയിച്ച ഈ പാപപ്പകര്‍ച്ചാ സിദ്ധാന്തത്തിന് തികച്ചും വിരുദ്ധമായ അദ്ധ്യാപനങ്ങളാണ് നല്‍കുന്നത് എന്നു കാണാം.

  ചില ഉദാഹരണങ്ങള്‍:-

  1. Fathers shall not be put to death for their children, nor children put to death for their fathers; each is to die for his own sin.(Deuteronomy 24:16)

  2. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.

  ഓരോരുത്തൻ താന്താന്‍റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു. (യിരേമ്യാവു: 31: 29-30)

  3. സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും. (എസെക്കിയേല്‍ 18:4)

  4. പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും. (എസെക്കിയേല്‍ 18:20).

  ഈ വിഷയംത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:

  http://mishiha.blogspot.com/2010/04/blog-post.html

  ReplyDelete
  Replies
  1. പാപിയായ ഒരുവന് വേറെ ഒരുവന്റെ പാപം ചുമക്കാന്‍ പറ്റില്ല. ഇത് കളി വേറെയാണ്. കഴുകി കളയാന്‍ സ്വന്തം പാപം ഇല്ലാത്ത നീതിമാന്റെ രക്തത്തിന്റെ വില ! ബൈബിള്‍ പ്രകാരം യേശുവിനു അങ്ങിനെയൊരു യുണീക്‌നെസ്സ് ഉണ്ട്.

   Delete
  2. യേശു എങ്ങനെ പാപരഹിതനായി? ആദാമിന്‍റെയും ഹവ്വയുടെയും പാപം ജനിതമായി സംക്രമിച്ചാണ് മനുഷ്യരെല്ലാം പാപികളായത് എന്നാണല്ലോ ക്രിസ്തീയ വിശ്വാസം. അങ്ങനെയെങ്കില്‍ മനുഷ്യസ്ത്രീയായ മറിയയില്‍ ജനിച്ച യേശു എങ്ങനെ പാപരഹിതനാകും? ആദാമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പേരിപ്പിച്ചത് സ്ത്രീയാണെന്ന് ബബിള്‍ പറയുന്നു. അങ്ങനെയെങ്കില്‍ സ്ത്രീയല്ലേ കൂടുതല്‍ പാപി? അപ്പോള്‍ സ്ത്രീയിലൂടെ മാത്രം ജനിച്ച യേശു ഇരട്ടി പായിയാകില്ലേ?

   ഇനി വാദത്തിനു വേണ്ടി യേശു പാപരഹിതനാണെന്നു സമ്മതിച്ചാല്‍ തന്നെ ഇതില്‍ യേശുവിനു ഒരു യുണീക്നെസ്സും ഇല്ല സാജന്‍. പാപികളല്ലാത്ത ധാരാളം പേര്‍ ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:

   ഉദാഹരണങ്ങള്‍:

   John the baptist:

   അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (Luke 1:15)

   മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു. (Mark 1:4)

   സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (Mt-11:11)

   Abel:

   നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. (Mt-23:35)

   Josiah:

   അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു. (King- ii 22:2)

   ഇതുപോലെ നിരവധി പരിശുദ്ധാത്മാക്കളെക്കുറിച്ച് ബബിള്‍ തന്നെ പ്രതിപാദിച്ചിരിക്കേ യേശുവിന് എന്ത് യുണീക്നെസ്സ് ആണ് ഉള്ളത്?

   Delete
  3. >>>യേശു എങ്ങനെ പാപരഹിതനായി? ആദാമിന്‍റെയും ഹവ്വയുടെയും പാപം ജനിതമായി സംക്രമിച്ചാണ് മനുഷ്യരെല്ലാം പാപികളായത് എന്നാണല്ലോ ക്രിസ്തീയ വിശ്വാസം. അങ്ങനെയെങ്കില്‍ മനുഷ്യസ്ത്രീയായ മറിയയില്‍ ജനിച്ച യേശു എങ്ങനെ പാപരഹിതനാകും? ആദാമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പേരിപ്പിച്ചത് സ്ത്രീയാണെന്ന് ബബിള്‍ പറയുന്നു. അങ്ങനെയെങ്കില്‍ സ്ത്രീയല്ലേ കൂടുതല്‍ പാപി? അപ്പോള്‍ സ്ത്രീയിലൂടെ മാത്രം ജനിച്ച യേശു ഇരട്ടി പായിയാകില്ലേ? >>>

   പിതാവിന്റെ പാരമ്പര്യമാണ് ബൈബിള്‍ ഉടനീളം കാണുന്നത്. ആദ്യം പാപം ചെയ്തതും ആദം തന്നെയാണ്. ആദത്തിന്റെ മക്കള്‍ എന്നാണു മനുഷ്യരെ പറയുന്നത് തന്നെ. യേശു ജനിച്ചത്‌ ആദത്തിന്റെ(പുരുഷന്റെ) പാരമ്പര്യത്തില്‍ അല്ല. അതുകൊണ്ട് മറ്റു മനുഷ്യരുടെത് പോലെ ഫാളന്‍ നെച്ചരില്‍ അല്ല യേശു ജനിച്ചത്‌. അത് യേശുവിന്റെ യുനെക്നെസ്സ്.

   >>> ഇനി വാദത്തിനു വേണ്ടി യേശു പാപരഹിതനാണെന്നു സമ്മതിച്ചാല്‍ തന്നെ ഇതില്‍ യേശുവിനു ഒരു യുണീക്നെസ്സും ഇല്ല സാജന്‍. പാപികളല്ലാത്ത ധാരാളം പേര്‍ ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്: >>>

   മുകളില്‍ പറഞ്ഞ യുനീക്നെസില്‍ ജനിച്ചത്‌ ബൈബിളില്‍ ഒരാലെയുള്ളൂ. യുണീക്നെസിനു അത് തന്നെ ധാരാളം.

   >>>>ഇതുപോലെ നിരവധി പരിശുദ്ധാത്മാക്കളെക്കുറിച്ച് ബബിള്‍ തന്നെ പ്രതിപാദിച്ചിരിക്കേ യേശുവിന് എന്ത് യുണീക്നെസ്സ് ആണ് ഉള്ളത്?

   പരിസുദ്ധ്താവ് നിറഞ്ഞതും പരിശുദ്ധത്മാവിനാല്‍ മനുഷ്യരൂപം കൈകൊണ്ടതും തമ്മില്‍ വളരെ വലിയ അന്തരം ഉണ്ട്.

   Delete
  4. മിസ്റ്റർ സലീം,

   മുകളിൽ കമന്റിയ സാജൻ താങ്കളുടെ ആദ്യത്തെ കമന്റിന് ഒരു പരുധിവരെ ഉത്തരം നൽകീട്ടുണ്ട്. ഒരാളുടെ പാപഫലം/കർമ്മഫലം മറ്റൊരാൾക്ക് ചുമക്കാൻ കഴിയില്ലെന്നും അത് ശാസ്ത്രീയമായും യുക്തിപരമായും വികലമെന്നതിനാൽ ഞാൻ അന്ധവിശ്വാസം പരത്തുന്നുവെന്നുമാണ് താങ്കൾ വാദിച്ചത്. തന്നെയുമല്ല, ക്രിസ്തുമതം എന്റെ വാദം പൂർണ്ണമായും നിരാകരിക്കുന്നുവെന്ന് കാണിക്കാൻ കുറേ ബൈബിൾ വചനങ്ങൾ താങ്കൾ കോട്ട് ചെയ്തിട്ടുമുണ്ട്. നല്ലത്!!!!

   ക്രിസ്തുമത വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപം പോക്കാൻ വന്ന രക്ഷനാണ്, മിശിഖായാണ്. ഇത് എന്റെ വാദമല്ല. ക്രൈസ്തവസഭയുടെ വാദമാണ്. ഇത് അംഗീകരിക്കുന്നല്ലോ? ഓക്കെ. യാതൊരാൾക്കും മറ്റൊരാളുടെ പാപങ്ങൾ ഏറ്റെടുക്കാനോ പരിഹാരം ചെയ്യാനോ സാധിക്കില്ല എന്ന താങ്കളുടെ വാദം കണക്കിലെടുക്കുകയാണെങ്കിൽ, ക്രിസ്തുവിനെ രക്ഷകനെന്ന് വിളിക്കുന്നതും ശുദ്ധ അബന്ധമാണ്. ക്രിസ്തുവിനും പാപമോചനം അസാധ്യമാണ്. പക്ഷേ, ഇതല്ലല്ലോ ബൈബിൾ പഠിപ്പിക്കുന്നത്! ക്രിസ്തുവിന് മറ്റുള്ളവരുടെ കർമ്മഫലങ്ങൾ വഹിക്കാൻ കഴിഞ്ഞെങ്കിൽ ഈ "പാപപ്പകർച്ചാ സിദ്ധാന്തം" സാധ്യമാണന്നല്ലേ അർത്ഥം? അങ്ങനെയെങ്കിൽ, "ക്രിസ്തുമതം തന്നെ താങ്കള്‍ ഇവിടെ ഉന്നയിച്ച ഈ പാപപ്പകര്‍ച്ചാ സിദ്ധാന്തത്തിന് തികച്ചും വിരുദ്ധമായ അദ്ധ്യാപനങ്ങളാണ് നല്‍കുന്നത്" എന്ന താങ്കളുടെ അഭിപ്രായം തെറ്റല്ലേ?

   Delete
  5. പ്രിയപ്പെട്ട സാജന്‍,

   "പിതാവിന്‍റെ പാരമ്പര്യമാണ് ബൈബിള്‍ ഉടനീളം കാണുന്നത്. ആദ്യം പാപം ചെയ്തതും ആദം തന്നെയാണ്."

   ഒന്നാമതായി, പാപം പാരമ്പര്യത്തിലൂടെ പകര്‍ന്നു കിട്ടുന്ന ഒരു കാര്യമല്ല എന്നുള്ളതിന് ബൈബിള്‍ വാക്യങ്ങള്‍ തന്നെ തെളിവായി ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇനി ക്രിസ്ത്യാനികള്‍ (ബൈബിള്‍ അല്ല) പറയുന്നതുപോലെ പാപം പാരമ്പര്യമായി പകരപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ തന്നെ പിതാവിന്‍റെയെന്ന പോലെ മാതാവിന്‍റെയും പാപം പകരപ്പെടും എന്നത് കേവല യുക്തിമാത്രമാണ്. മാത്രമല്ല പുരുഷനേക്കാള്‍ മുമ്പ് പാപം ചെയ്തത് സ്ത്രീയാണ്. പുരുഷനെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചതും സ്തീയാണെന്നും ബബിള്‍ പറയുന്നു.

   "ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു."(ഉല്പ്പത്തി 3:6)

   Delete
  6. പ്രിയപ്പെട്ട ബൈജു,

   "ക്രിസ്തുമത വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപം പോക്കാൻ വന്ന രക്ഷനാണ്, മിശിഖായാണ്. ഇത് എന്റെ വാദമല്ല. ക്രൈസ്തവസഭയുടെ വാദമാണ്. ഇത് അംഗീകരിക്കുന്നല്ലോ?"

   അതെ, ഇതാണ് ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ബബിളിന്‍റെ തന്നെ അധ്യാപനങ്ങള്‍ക്ക് എതിരാണെന്നാണ് മനസ്സിലാകുന്നത്. ഒരാളുടെ കര്‍മ്മഫലം മറ്റൊരാള്‍ക്ക് വഹിക്കാന്‍ കഴിയില്ല എന്നാണ് അസന്നിഗ്ധമായി ബൈബിള്‍ പ്രഖ്യാപിക്കുന്നത് (ഞാന്‍ ഉദ്ധരിച്ച ഉദ്ധരണികളില്‍ അത് കാണാം. ബൈബില്‍ പരിശോധിച്ചാല്‍ ഇനിയും ലഭിക്കും). അപ്പോള്‍ പിന്നെ ഇതില്‍ ഏതു സ്വീകരിക്കണം എന്നതാണ് പ്രശനം. പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ കണ്ടാല്‍ ബുദ്ധിക്കും യുക്തിക്കും യോജിച്ചത് സ്വീകരിക്കുക എന്നതാണ് ബുദ്ധിയുള്ള ജീവി എന്ന നിലയില്‍ ഒരു മനുഷ്യന്‍ സ്വീകരിക്കേണ്ട നയം എന്നാണ് എന്‍റെ അഭിപ്രായം.

   Delete
  7. പ്രിയ സലീം,

   നല്ല നിരീക്ഷണം. എനിക്ക് തോന്നുന്നത് ബൈബിളിൽ ഇത്തരം വൈരുദ്ധ്യങ്ങൾ ഒട്ടനവധി ഉണ്ടെന്നാണ്. പല കാര്യങ്ങളിലും ബൈബിൾ പൂർണ്ണമല്ല. ഉദാഹരണത്തിന്, യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ പ്രതിപാതിക്കുന്ന ബൈബിൾ, യേശുവിന്റെ 14-30 വയസിനിടയിലെ ജീവിതകാലത്തെയും, ഉത്ഥാനത്തിന് ശേഷമുള്ള 40 നാളത്തെ യേശുവിന്റെ ഇഹലോക കാലഘട്ടത്തെയും കുറിച്ച് ഒന്നും മിണ്ടുന്നില്ല. (ഉത്ഥാനത്തിന് ശേഷം 40 ദിവസങ്ങൾ കഴിഞ്ഞാണ് യേശു സ്വർഗാരോഹണം ചെയ്തത് എന്നറിയാമല്ലോ! ആ കാലഘട്ടത്തിനിടയിൽ യേശു പലർക്കും പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാരോടൊപ്പം ഉണ്ണുന്നു, അവരെ ധൈര്യപ്പെടുത്തുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രിസ്തുമതത്തിന്റെ കാതലായ ആശയങ്ങൾ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ഈ 40 ദിവസത്തിലാണ്. അതെന്തുമാവട്ടെ) അതുകൊണ്ട്, ഒരു ചരിത്രപുസ്തകമെന്ന നിലയിൽ ബൈബിളിനെ സമീപിക്കുന്നതിൽ അപാകതയുണ്ട്, താങ്കൾ സൂചിപ്പിച്ചതുപോലെയുള്ള വൈരുദ്ധ്യങ്ങളാണ് ഇതിന്റെ പ്രധാനകാരണം. ചിലപ്പോൾ ഈ വൈരുദ്ധ്യങ്ങൾ വന്നത് ബൈബിൾ എഴുതപ്പെട്ടത് വ്യത്യസ്തകാലഘട്ടങ്ങളിൽ, വ്യത്യസ്ത ആളുകളിലൂടെ ആയതുകൊണ്ടാവാം. ഏതായാലും, അടിസ്ഥാന തത്വങ്ങളെ കുറിച്ച് ക്രിസ്തുമതത്തിൽ ആശയക്കുഴപ്പങ്ങൾ ഇല്ല. ആ നിലയ്ക്ക്, ഒരാളുടെ കർമ്മഫലം മറ്റൊരാൾക്ക് വഹിക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

   Delete
  8. >>> ഒന്നാമതായി, പാപം പാരമ്പര്യത്തിലൂടെ പകര്‍ന്നു കിട്ടുന്ന ഒരു കാര്യമല്ല എന്നുള്ളതിന് ബൈബിള്‍ വാക്യങ്ങള്‍ തന്നെ തെളിവായി ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇനി ക്രിസ്ത്യാനികള്‍ (ബൈബിള്‍ അല്ല) പറയുന്നതുപോലെ പാപം പാരമ്പര്യമായി പകരപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ തന്നെ പിതാവിന്‍റെയെന്ന പോലെ മാതാവിന്‍റെയും പാപം പകരപ്പെടും എന്നത് കേവല യുക്തിമാത്രമാണ്. >>>

   ആദ്യം തന്നെ ഒന്ന് മനസിലാക്കേണ്ടത് ജന്മപാപം എന്ന് പറഞ്ഞാല്‍ ഒരു പകര്‍ച്ച വ്യാധിയല്ല. ആദത്തിന്റെ പാപത്തിനു ആദത്തിന് ശിക്ഷ കിട്ടി. ആദം ചെയ്ത പാപത്തിന്റെ പേരില്‍ ആര്‍ക്കും ഇനി വേറെ ശിക്ഷ കിട്ടുവാനില്ല. ജന്മപാപം എന്ന് പറഞ്ഞാല്‍ അതൊരു അവസ്ഥയാണ്. ഫാലെന്‍ നേച്ചര്‍ . അതില്ലായിരുന്നെന്കില്‍ മനുഷ്യര്‍ പറുദീസയില്‍ ജനിചെനെ.

   യേശു ഏറ്റെടുക്കുന്നത് മനുഷ്യരുടെ കര്‍മ്മ പാപങ്ങള്‍ ആണ്. വ്യത്യാസം മനസിലാക്കുമല്ലോ.

   >>> മാത്രമല്ല പുരുഷനേക്കാള്‍ മുമ്പ് പാപം ചെയ്തത് സ്ത്രീയാണ്. പുരുഷനെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചതും സ്തീയാണെന്നും ബബിള്‍ പറയുന്നു. >>>
   പ്രേരണ കുറ്റം മാത്രമേ സ്ത്രീക്കുള്ളൂ. (അതിന്റെ ശിക്ഷയും സ്ത്രീക്ക് കിട്ടിയിട്ടുണ്ട്).ദൈവത്തിന്റെ കല്പന ലംഘിച്ചത് ആദാമാണ്. സ്ത്രീയല്ല.


   >>> എന്നാല്‍ ഈ വിശ്വാസം ബബിളിന്‍റെ തന്നെ അധ്യാപനങ്ങള്‍ക്ക് എതിരാണെന്നാണ് മനസ്സിലാകുന്നത്. ഒരാളുടെ കര്‍മ്മഫലം മറ്റൊരാള്‍ക്ക് വഹിക്കാന്‍ കഴിയില്ല എന്നാണ് അസന്നിഗ്ധമായി ബൈബിള്‍ പ്രഖ്യാപിക്കുന്നത് >>>

   അത് പാപം ചെയ്തവരെ സംബന്ധിച്ച് വളരെ ശരിയാണ് എന്നാണു ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞത്.
   അപ്പന്‍ / മകന്‍ മുന്തിരി പുളിപ്പിന്റെ കാര്യം അല്ലേ? യേശു ആരുടേയും പിതാവല്ല.

   Delete
  9. ---പ്രേരണ കുറ്റം മാത്രമേ സ്ത്രീക്കുള്ളൂ. (അതിന്റെ ശിക്ഷയും സ്ത്രീക്ക് കിട്ടിയിട്ടുണ്ട്).ദൈവത്തിന്റെ കല്പന ലംഘിച്ചത് ആദാമാണ്. സ്ത്രീയല്ല.---

   ഉദ്ദേശിച്ചത്... റെസ്പോന്‍സിബിലിറ്റി പുരുഷനാണ്. ആദ്യ മനുഷ്യ സൃഷ്ടി എന്ന നിലയിലും പാരബര്യം തുടരുന്നത് പുരുഷനിലൂടെയാണ് എന്ന നിലയിലും.

   Delete
  10. (ഞാന്‍ പെട്ടന്ന് എഴുതി വന്നപ്പോള്‍ ഉദ്ദേശിച്ചതല്ല മുമ്പിലെ കമന്റുകളി വന്നത്. വിശദമായി എഴുതാം)

   ---റെസ്പോന്‍സിബിലിറ്റി പുരുഷനാണ്. ആദ്യ മനുഷ്യ സൃഷ്ടി എന്ന നിലയിലും പാരബര്യം തുടരുന്നത് പുരുഷനിലൂടെയാണ് എന്ന നിലയിലും.---

   ഇതിന്റെ കാരണം ബൈബിളില്‍ കാണാം.

   1തിമോത്തേയോസ് 2:13. അവൾ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാൽ, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്;14. പിന്നിടു ഹവ്വയും
   ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാൽ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു.
   15. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുഡ്ഢിയിലും ഉറച്ചു നില്ക്കുന്നെങ്കിൽ മാതൃത്വത്തിലൂടെ അവൾ രക്ഷിക്കപ്പെടും.

   റോമാ 5:12. ഒരു മനുഷ്യൻമൂലം പാപവും പാപം മൂ ലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.

   ആദം പാപം ചെയ്തില്ലായിരുന്നെങ്കില്‍ ആദം പറുദീസയില്‍ തന്നെ ഉണ്ടായാനെ. ആദത്തിന്റെ മക്കളും. പക്ഷെ ആദം പാപം ചെയ്യുകയും പറുദീസയില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു.തത്ഫലമായി പിന്നീട് ആദതില്‍ നിന്ന് ജനിച്ച മക്കള്‍ എല്ലാവരും പാപാവസ്തയിലാണ് ജനിച്ചു വീഴുന്നത്.

   യേശുവിന്റെ കുരിശുമരണം പറുദീസായിലെക്കുള്ള വീണ്ടെടുപ്പാണ് . പാപത്തില്‍ നിന്നും മോചനം.

   Delete
 5. ബൈജൂസ് ,
  വൈരുദ്ധ്യങ്ങള്‍ എന്ന് പറയുമ്പോള്‍ താങ്കള്‍ എന്താണ് മനസിലാക്കിയതെന്നു എനിക്ക് ഊഹിക്കാം. പക്ഷെ സലിം അതിനു ആ അര്‍ത്ഥത്തില്‍ അല്ല എടുക്കുക. അത് കൊണ്ട് ആ പദം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. വൈവിധ്യം എന്ന വാക്കാണ്‌ താങ്കള്‍ ഉദ്ദേശിക്കുന്ന ആശയത്തിനു ചേരുക.

  ഈ ബ്ലോഗുകള്‍ സമയം കിട്ടുമ്പോള്‍ നോക്കുക.
  http://www.me4what.blogspot.com/search/label/contradiction

  ReplyDelete
  Replies
  1. ---ആദം പാപം ചെയ്തില്ലായിരുന്നെങ്കില്‍ ആദം പറുദീസയില്‍ തന്നെ ഉണ്ടായാനെ. ആദത്തിന്റെ മക്കളും.---

   supporting verses for this comment

   സംഖ്യ 30:8. എന്നാൽ, അവളുടെ ഭർത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാൽ അവളുടെ നേർച്ചയും വിചാരശൂന്യമായ ശപഥത്തിന്റെ കടപ്പാടും അവൻ അസാധുവാക്കുന്നു; കർത്താവ് അവളോടു ക്ഷമിക്കും.

   Delete
  2. "ആദ്യം തന്നെ ഒന്ന് മനസിലാക്കേണ്ടത് ജന്മപാപം എന്ന് പറഞ്ഞാല്‍ ഒരു പകര്‍ച്ച വ്യാധിയല്ല. ആദത്തിന്റെ പാപത്തിനു ആദത്തിന് ശിക്ഷ കിട്ടി. ആദം ചെയ്ത പാപത്തിന്റെ പേരില്‍ ആര്‍ക്കും ഇനി വേറെ ശിക്ഷ കിട്ടുവാനില്ല."

   പ്രിയപ്പെട്ട സാജന്‍,

   എനിക്കു ഗുരുതരമായ തെറ്റു പറ്റി എന്നു തോന്നുന്നു. ഞാന്‍ ഇതുവരെ ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കിയതിന് വിരുദ്ധമായ ഒരു കാര്യമാണ് താങ്കള്‍ പറയുന്നത്. ആദം ചെയ്ത പാപത്താല്‍ മനുഷ്യകുലം മുഴുവനും പാപികളായിത്തീര്‍ന്നുവെന്നും ഓരോ മനുഷ്യനും ജനിച്ചു വീഴുന്നതുതന്നെ പാപിയായാണെന്നും പാപിയായി ജനിക്കുന്ന മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കാനാണ് ദൈവം തന്‍റെ പുത്രനെ ബലികൊടുത്തതെന്നുമാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ സാജന്‍ ഇപ്പോള്‍ പറയുന്നത് ആദത്തിന്‍റെ പാപത്തിനുള്ള ശിക്ഷ ആദത്തിനു കിട്ടി എന്നാണ്. അതായത് ആദം ചെയ്ത പാപം ആദം സന്തതികളിലേക്ക് വ്യാപിക്കുന്നില്ല എന്ന്. അപ്പോള്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവും പരിശുദ്ധനായാണ് ജനിക്കുന്നത് എന്നാണോ സാജന്‍ പറയുന്നത്?

   ഇക്കാര്യത്തില്‍ ഒരു തീരുമാനമാകാതെ നമ്മുടെ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല.

   Delete
 6. പ്രിയപ്പെട്ട ബൈജു,

  താങ്കളുടെ തുറന്ന സമീപനം സ്വാഗതാര്‍ഹമാണ്. താങ്കളുടെ ബ്ലോഗ്ഗിന്‍റെ ആകര്‍ഷണവും ഈ തുറന്ന സമീപനം തന്നെയാണ്. ഒന്നിനോടും ചായ്‌വില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു പോകുന്ന രീതി പ്രശംസനീയമാണ്.

  ക്രിസ്തുവിന്‍റെ 13 മുതല്‍ 30 വയസ്സു വരെയുള്ള കാലഘട്ടവും കുരിശില്‍ നിന്നു രക്ഷപ്പെട്ടതിനു ശേഷമുള്ള ചരിത്രവും ബബിളില്‍ കാണുന്നില്ല എന്നത് വളരെയേറെ ചര്‍ച്ചകള്‍ക്കു വിധേയമായിട്ടുള്ള കാര്യങ്ങളാണ്. പതിമൂന്നിനും മുപ്പതിനും ഇടയിലുള്ള കാലം യേശു കശ്മീര്‍ സന്ദര്‍ശിച്ചു എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉണ്ട്. എന്നാല്‍ യേശു കുരിശില്‍ നിന്നു രക്ഷപ്പെട്ട ശേഷമാണ് കശ്മീര്‍ സന്ദര്‍ശിച്ചത് എന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

  ഗവേഷണവിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണിത്. തങ്കളെപ്പോലുള്ള നിഷ്പക്ഷമതികല്‍ അതിനു മുന്നോട്ട് വന്നെങ്കില്‍ എന്നാശിക്കുന്നു.

  ReplyDelete
  Replies
  1. ഇനി കാശ്മീര്‍ സന്ദര്സനം.
   യേശു അവര്‍ക്ക് വിധേയനായി ജീവിച്ചു എന്ന് ആ കാലഘട്ടത്തെ ചുരുക്കി സുവിശേഷകര്‍ പറയുന്നുണ്ട്. അതിന്റെ അര്‍ഥം കാശ്മീരില്‍ പോയി എന്നല്ല.ബൈബിള്‍ പ്രകാരം ഒരു അടിസ്ഥാനവും ഇല്ലാത്ത കാര്യം.

   ഇനി താന്കള്‍ അങ്ങിനെ കരുതുന്നുവെങ്കില്‍ നല്ലത്. മറ്റൊരവസരത്തില്‍ "യേശു ഇസ്രായിലേക്ക് മാത്രം വന്ന പ്രവാചകനാണ് " എന്ന് മാത്രം താന്കലെങ്കിലും പറയരുതിരുന്നാല്‍ നല്ലത്.

   Delete
  2. "ഇനി താന്കള്‍ അങ്ങിനെ കരുതുന്നുവെങ്കില്‍ നല്ലത്. മറ്റൊരവസരത്തില്‍ "യേശു ഇസ്രായിലേക്ക് മാത്രം വന്ന പ്രവാചകനാണ് " എന്ന് മാത്രം താന്കലെങ്കിലും പറയരുതിരുന്നാല്‍ നല്ലത്."

   “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ." എന്നു പറഞ്ഞത് യേശു തന്നെയാണ്. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് വേണ്ടി മാത്രം നിയോഗിതനാണ് താന്‍ എന്ന് യേശു ഇതിലൂടെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

   യേശു കശ്മീരില്‍ പോയതും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെയായിരുന്നു. ഇസ്രായീല്‍ ഗോത്രങ്ങളിലെ കാണാതെപോയ പല ഗോത്രങ്ങളും കശ്മീരില്‍ എത്തപ്പെട്ടിരുന്നുവെന്നത് ചരിത്ര സത്യം.

   Delete
  3. അങ്ങിനെയന്കില്‍ യഹൂദര്‍ പോയടത് മുഴവന്‍ യേശു പോയിട്ടുണ്ടാകണം. അന്നത്തെ കാലത്ത് യഹൂദര്‍ എവിടെയൊക്കെ ഉണ്ടായിരുന്നു സലിം? യഹൂദര്‍ ‌ കാശ്മീരില്‍ മാത്രമേ പോയുള്ളൂ? എന്നാണു യഹൂദര്‍ കശ്മീരില്‍ എത്തിയത്.
   (താന്കള്‍ ഏതെന്കിലും ചരിത്രം പഠിച്ചിട്ടാണ് പറയുന്നതെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും എന്ന് കരുതുന്നു.

   Delete
 7. >>>> എനിക്കു ഗുരുതരമായ തെറ്റു പറ്റി എന്നു തോന്നുന്നു. ഞാന്‍ ഇതുവരെ ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കിയതിന് വിരുദ്ധമായ ഒരു കാര്യമാണ് താങ്കള്‍ പറയുന്നത്. ആദം ചെയ്ത പാപത്താല്‍ മനുഷ്യകുലം മുഴുവനും പാപികളായിത്തീര്‍ന്നുവെന്നും ഓരോ മനുഷ്യനും ജനിച്ചു വീഴുന്നതുതന്നെ പാപിയായാണെന്നും പാപിയായി ജനിക്കുന്ന മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കാനാണ് ദൈവം തന്‍റെ പുത്രനെ ബലികൊടുത്തതെന്നുമാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ സാജന്‍ ഇപ്പോള്‍ പറയുന്നത് ആദത്തിന്‍റെ പാപത്തിനുള്ള ശിക്ഷ ആദത്തിനു കിട്ടി എന്നാണ്. അതായത് ആദം ചെയ്ത പാപം ആദം സന്തതികളിലേക്ക് വ്യാപിക്കുന്നില്ല എന്ന്. അപ്പോള്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവും പരിശുദ്ധനായാണ് ജനിക്കുന്നത് എന്നാണോ സാജന്‍ പറയുന്നത്? >>>


  ശരി മനസിലാക്കുവാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

  ആദം തെറ്റ് ചെയ്തു. അതിന്റെ ശിക്ഷ കിട്ടി. പറുദീസയില്‍ നിന്ന് പുറത്തായി. അത്രയും മനസിലാക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന് കരുതുന്നു.
  പിന്നെ ജനിക്കുന്ന മനുഷ്യര്‍ സ്വര്‍ഗ്ഗീയമായ അവസ്ഥയില്‍ നിന്ന് താനേ പുറത്തായി. വീണു പോയ അവസ്ഥ എന്ന് പറയുന്നത് ഇതിനെയാണ്. ! ഫാളന്‍ സ്റ്റേറ്റ്. പാപത്തിന്റെ അവസ്ഥ.
  മനുഷ്യര്‍ ഈ അവസ്ഥയില്‍ ജനിക്കുന്നു എന്നാണു ജന്മപാപം സിന്താന്തം പഠിപ്പിക്കുന്നത്‌. ഇപ്പോഴത്തെ അവസ്ഥയെ പറ്റിയുള്ള ഓര്‍മ്മ പ്പെടുതലാണ് ജന്മപാപം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
  പദം കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ജനിച്ച കുട്ടികള്‍ പാപം ചെയ്യുമോ എന്ന് ഏതോരുതനും ചോദിക്കാവുന്ന കണ്ഫ്യൂഷന്‍ . പഠനം പറയുന്നത് മനസിലാക്കിയാല്‍ ആ കണ്ഫ്യൂഷന്‍ മാറി കിട്ടും.

  ഇനി യേശു വന്നത്. ആദത്തിന്റെ കര്‍മ്മ പാപത്തിനു മാത്രം പരിഹാരം ചെയ്യുവാന്‍ അല്ല. ഈ പാപാവസ്ഥയില്‍ ജനിക്കുന്ന ഏതൊരുവനും പാപം ചെയ്യും. അവരവുടെ കര്‍മ്മ പാപങ്ങള്‍ ! അതിന്റെ മറുവിലയായി ആണ് യേശു ബാലിയര്‍പ്പിക്കുന്നത്. യേശുവിനു സ്വന്തം പാപം പരിഹരിക്കേണ്ട ആവശ്യം ഇല്ല.കാരണം നിര്‍മലനാണ്. ജനിച്ചത്‌ പോലും പുരുഷന്റെ പാരമ്പര്യത്തില്‍ അല്ല.ഫാലെന്‍ സ്റ്റേറ്റ് യേശുവിനു ബാധകമാല്ലാതാവുന്നത് ആ ജനനത്തിന്റെ പ്രത്യേകത കൊണ്ടാണ്.


  യേശു എന്തിനാണ് വന്നത് എന്ന് യേശുവിനു വ്യക്തമായി അറിയാം.
  മത്തായി 20: 28. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ.

  ഈ വീണ്ടെടുപ്പിന്റെ ചില വചനങ്ങള്‍ പഴയനിയമത്തിലും കാണാം.
  പുറപ്പാട് 21:30. മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാൽ നിശ്ചയിച്ച തുകകൊടുത്ത് അവന് ജീവൻ വീണ്ടെടുക്കാം.
  ലേവ്യര്‍ 25:51. വർഷങ്ങൾ ഏറെബാക്കിയുണ്ടെങ്കിൽ അതിനുതക്കവിധം വീണ്ടെടുപ്പുവില കിട്ടിയ പണത്തിൽനിന്നു തിരികെ കൊടുക്കണം.
  സംഖ്യ 3: 49. ലേവ്യരാൽ വീണ്ടെടുക്കപ്പെടാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മോശ ശേഖരിച്ചു.
  സംഖ്യ 18:16. ഒരു മാസം പ്രായ മാകുമ്പോഴാണ് അവയെ വീണ്ടെടുക്കേണ്ടത്. അതിനുള്ള തുക, ഒരു ഷെക്കലിന് ഇരുപതു ഗേരാ എന്നു വിശുഡ്ഢസ്ഥലത്തു നിലവിലുള്ള നിരക്കനുസരിച്ച്, അഞ്ചു ഷെക്കൽ വെ ള്ളിയായിരിക്കണം.

  ഇതില്‍ പറയുന്ന വീണ്ടുടുപ്പുകള്‍ മനുഷ്യ ജീവനെ പറ്റിയാണ്. യേശു വീണ്ടെടുപ്പ് ചെറിയ വ്യത്യാസമുണ്ട് .ആത്മീയ ജീവന്‍ വീണ്ടെടുക്കുന്നു എന്ന് മാത്രം.

  ReplyDelete
 8. >>>> അപ്പോള്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവും പരിശുദ്ധനായാണ് ജനിക്കുന്നത് എന്നാണോ സാജന്‍ പറയുന്നത്? >>>

  ജനിക്കുന്ന ഓരോ കുഞ്ഞും പാപം ചെയ്യുന്നു എന്ന് ആരും പഠിപ്പിക്കുന്നില്ല. പക്ഷെ അവര്‍ ജനിക്കുന്നത് അവരുടെ പൂര്‍വ്വ പിതാവ്‌ വരുത്തി വച്ച പാപത്തിന്റെ അവസ്ഥയിലേക്കാണ് എന്ന് മാത്രം.
  ഇത് സന്കീര്തനതിലും പറയുന്നുണ്ട്. ജനിക്കുന്നതെ പാപിയായിയാണ് എന്ന്. ഉദ്ദേശിച്ചത് കുഞ്ഞു ജനിക്കുമ്പോഴേ പാപം ചെയ്തു എന്നര്‍ത്ഥത്തില്‍ അല്ല.
  ജനിക്കുമ്പോഴേ പാപാവസ്ഥ. തെറ്റ് ചെയ്യുവാനുള്ള അവസ്ഥയില്‍ ആണ് ആദത്തിന്റെ ഓരോ സന്തതിയും ജനിക്കുന്നത്.അത് മാറ്റുവാന്‍ ഒരു നിവര്‍ത്തിയും ഇല്ല. പക്ഷെ അവന്‍ അതിനു ശേഷം ചെയ്യുന്ന ഓരോ പാപത്തിനും യേശു പരിഹാരം ചെയ്തു .

  അപ്പോള്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമോ?
  പാപാവസ്ഥയില്‍ ജനിക്കാനുള്ള അവസരം ആദം ഉണ്ടാക്കിയ പോലെ സ്വര്‍ഗ്ഗത്തില്‍ പോകുവാനുള്ള അവസരം യേശുവും സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.
  "പശ്ചാതപിക്കുന്നില്ലെങ്കില്‍ നിങ്ങളും നശിക്കും" എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. പശ്ചാതപിക്കുന്നവര്‍ക്ക് യേശുവിന്റെ മറുവിലയില്‍ പങ്കു ചേരാം.


  യേശുവിന്റെ ആഗമനോദേശ്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇത് പിശാചിനും അറിയാം.
  ആദത്തിനെ വീഴ്ത്തിയ പോലെ യേശുവിനെയും വീഴ്ത്താന്‍ പുള്ളി ശ്രമിച്ചു. നടന്നില്ല.
  പത്രോസിലൂടെ ഒന്ന് കൂടി ശ്രമിച്ചു. പത്രോസ് പറഞ്ഞു "ഗുരോ നീ ഇത് ചെയ്യേണ്ട ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ"
  യേശു പ്രതികരിച്ചത് ഭീകരമായി തന്നെയായിരുന്നു. പത്രോസിനെ വിളിച്ചത് തന്നെ സാത്താനെ എന്ന് പറഞ്ഞു കൊണ്ടാണ്.
  കുരിശു മരണം നടക്കാതിരിക്കേണ്ടത് സാത്താന്റെ ആവശ്യം ആണെന്ന് വ്യക്തം. കളി യേശുവിന്റെ അടുത്ത് വിലപോയില്ല.

  യേശു കുരിശില്‍ മരിച്ചു. എല്ലാവരുടെയും പാപത്തിനു മറുവില നല്‍കി. അപ്പോള്‍ സാത്താന്‍ എന്ത് ചെയ്യും? വെറുതെ ഇരിക്കുമോ?

  യേശുവിന്റെ കുരിശു മരണം ജനങ്ങള്‍ സ്വീകരിച്ചാലേ അതിന്റെ ഗുണം അവര്‍ക്ക് കിട്ടൂ എന്ന് സാത്താനറിയാം.
  അപ്പോള്‍ അത് നിഷേധിക്കാന്‍ പഠിപ്പിക്കുകയാണ് സാത്താന് ഇനി ചെയ്യാവുന്ന ഏക മാര്‍ഗം. പലരൂപത്തില്‍ അവന്‍ വരും എന്ന് യേശു വ്യക്തമായി മുന്നറിയിപ്പ്‌ തന്നിട്ടുണ്ട്.

  ReplyDelete
  Replies
  1. "പദം കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്."

   "ജനിക്കുന്ന ഓരോ കുഞ്ഞും പാപം ചെയ്യുന്നു എന്ന് ആരും പഠിപ്പിക്കുന്നില്ല. പക്ഷെ അവര്‍ ജനിക്കുന്നത് അവരുടെ പൂര്‍വ്വ പിതാവ്‌ വരുത്തി വച്ച പാപത്തിന്റെ അവസ്ഥയിലേക്കാണ് എന്ന് മാത്രം."

   "ആദ്യം തന്നെ ഒന്ന് മനസിലാക്കേണ്ടത് ജന്മപാപം എന്ന് പറഞ്ഞാല്‍ ഒരു പകര്‍ച്ച വ്യാധിയല്ല."

   ഈ പ്രസ്താവനകള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു എന്നത് വളരെ വ്യക്തമാണ്. കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ കാരണം പരസ്പര വിരുദ്ധങ്ങളാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ച താങ്കളുടെ വാക്യങ്ങള്‍.

   ഒരസത്യത്തെ സത്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം കണ്‍ഫ്യൂഷനുകള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം. ഇതൊരിക്കലും അവസാനിക്കില്ല പ്രിയ സാജന്‍. ദൈവം താങ്കള്‍ക്ക് സത്യം മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച്ച നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുക മാത്രമേ നിവൃത്തിയുള്ളൂ. നന്ദി. നമസകാരം

   Delete
  2. ഏതൊക്കെയാണ് താങ്കളുടെ കണ്‍ഫ്യൂഷന്‍ എന്ന് പറഞ്ഞാല്‍ തിരുത്താന്‍ നോക്കാം. ഏതൊക്കെ കണ്ഫ്യൂഷനില്‍ ആണെന്ന് താങ്കള്‍ക്ക് തന്നെ അറിയില്ലെങ്കില്‍ ഒന്നിനും നിവര്‍ത്തിയില്ല.

   Delete