Tuesday, February 14, 2012

നെയ്ത്തുകാരൻ


നീയെന്നെ ഓർക്കുമോ
എന്നെനിക്കറിയില്ല;
ഓർക്കാം, ഒരുപക്ഷേ
ഓർക്കാതിരിക്കാം!
എന്നാലും നീയറിയുക...
നിന്നെ നിനയ്ക്കാത്ത,
നിന്നോർമ്മകളുണരാത്ത
ഒരു ദിനം പോലുമെൻ
ജീവനിനില്ല,
ഇനിയൊരിക്കലും
ഉണ്ടാവുകയില്ല!

പ്രണയ സുഗന്ധം
എന്നിലാദ്യമായ് പൊഴിച്ച
പനിനീർ പുഷ്പമേ...,
നീയെൻ മലർവാടിയിൽ
ഇല്ലാതെ പോയല്ലോ
എന്ന ദുഃഖമെനിക്കിന്നില്ല.
എങ്കിലും, നിൻ
മുഖം എന്നോർമ്മയിൽ
അവ്യക്തമായോ
എന്ന ഭയമെന്നെ
വിരഹത്തിലാഴ്ത്തുന്നു.
അതിൽ ഞാൻ
നിരാശനാവുന്നു.
ചിലപ്പോഴെങ്കിലും
കണ്ണീർ പൊഴിക്കുന്നു!
നിന്നെയൊന്നോർക്കാൻ,
ആ ചെഞ്ചുണ്ടിലെ
പുഞ്ചിരിയിലലിയാൻ
സംവത്സരങ്ങൾക്കപ്പുറം
എത്തിനോക്കേണ്ട
ദുരവസ്ഥ!
ഇനിയും അതെത്ര നാൾ?

പ്രണയത്തിൻ ആശകൾ
പണ്ടേ മാഞ്ഞുപോയ്;
ഇനിയുള്ളതൊക്കെയും
ഒരു നോക്കുകാണാ-
നുള്ള കൗതുകം!
ഇനി നിന്നെ കാണുമ്പോൾ
നിൻ കുട്ടികൾ
ഒപ്പമുണ്ടാവണം.
അവരെ എനിക്ക്
വാരിപ്പുണരണം,
ഓമന കവിളിൽ
ഉമ്മ കൊടുക്കണം,
പാവകൾ നൽകണം.
പിന്നെ,
നിൻ വീട്ടിലെ ഉമ്മറ-
ത്തിണ്ണയിലിരുന്നൊരു കപ്പ്
കാപ്പി കുടിക്കണം.
ഒക്കുമെങ്കിൽ നിൻ
പ്രാണനാഥൻ വരുമ്പോൾ
ഒപ്പമിരുന്ന് അത്താഴമുണ്ണണം,
നിങ്ങൾക്കൊപ്പം മുട്ടിന്മേൽ നി-
ന്നൽപ്പ നേരം നിത്യ
സഹായ മാതാവിനോട്
പ്രാർത്ഥിക്കണം.
ആ നല്ല വീട്ടിലൊരുനാൾ
അന്തിയുറങ്ങണം.
രാവിലെണീക്കുമ്പോൾ
നിൻ മന്ദഹാസം കാണണം,
അതിലെൻ,
മനസും ശരീരവും
മുല്ലമൊട്ടിലെ തണുത്ത
മഞ്ഞുതുള്ളി പോൽ
എന്നെന്നും ഉറഞ്ഞുനിൽക്കണം!
നീയൊരുക്കിയ
പ്രാതൽ കഴിക്കണം.
പിന്നെ മടങ്ങണം,
എന്നന്നേയ്ക്കുമായി...!
ഇത്രയേ വേണ്ടൂ പ്രിയ സഖീ...
എനിക്കായ് ചെയ്യുവാൻ
നിനക്കുള്ളതെല്ലാം...!

ഒരു നാൾ നിൻ
കുട്ടികൾ ചോദിക്കും
ആരമ്മേ അന്നുവന്ന
ആ അങ്കിൾ?
അന്നു നീ പറയണം:
"എൻ കൂടെ പഠിച്ച
സഹപാഠി, മക്കളേ!"
അങ്ങനെയവർ
എൻ പ്രണയത്തെ
പവിത്രമായ് കരുതട്ടേ!
സ്വന്തമമ്മതൻ തോഴനെ
മനസിൽ കരുതട്ടേ!
എന്നും നിലയ്ക്കുന്ന
ബന്ധങ്ങൾ നെയ്യുവാൻ
അവരും ശ്രമിക്കട്ടെ!

5 comments:

  1. എല്ലാവർക്കും എന്റെ വാലന്റയിൻസ് ഡേ ആശംസകൾ!

    ReplyDelete
  2. വാലന്റയിൻസ് ഡേ ആശംസകൾ!

    ReplyDelete
  3. വാലന്റയിൻസ് ഡേ ആശംസകൾ! ബൈജു ....

    ReplyDelete
  4. HapPy ValentineS DaY...........nannayitund

    ReplyDelete
  5. എങ്കിലും, നിൻ
    മുഖം എന്നോർമ്മയിൽ
    അവ്യക്തമായോ
    എന്ന ഭയമെന്നെ
    വിരഹത്തിലാഴ്ത്തുന്നു.

    ReplyDelete