Thursday, July 21, 2011

ഈ കോഴി ലോകത്തിൽ ഒറ്റപ്പെട്ട്!


മണി മൂന്ന്.
ഭയങ്കര വിശപ്പ്!
പാതിരാത്രിയാണ്,
ഭാര്യ ഉറക്കത്തിലാണ്,
മോനും.
രാത്രിയുറക്കം നമുക്കു പിന്നെ
പണ്ടേ ഇല്ലല്ലോ!
വയറ് കത്തുന്നു....
എന്താ ചെയ്ക?

അടുക്കളയിലേക്ക് ചെന്നു.
പാത്രങ്ങൾ പരിശോധിച്ചു.
ഒന്നും ബാക്കിയില്ല.
കഴുകിക്കമഴ്ത്തിയ പാത്രങ്ങൾ
ഉറക്കച്ചടവിൽ എന്നെ നോക്കി.
സമയം തെറ്റിവരുന്നവരെ
അവറ്റകൾ മയന്റ് ചെയ്യില്ല.
അഹങ്കാരികൾ....
പിന്നെ അവിടെ നിന്നില്ല.
ഫിഡ്ജ് തുറന്നു.
പച്ചക്കറികൾ മാത്രം.
രണ്ടുമൂന്ന് തക്കാളി തിന്നു.
എന്നിട്ടും വിശപ്പ് തന്നെ.
പിന്നെയുള്ളത് രണ്ടുമൂന്ന്
കോഴിമുട്ടകളാണ്.
രണ്ടെണ്ണം കയ്യിലെടുത്ത്
അടുക്കളയിലേക്ക് നടന്നു.

നീ പിന്നെയും വന്നോ?
എന്ന ഭാവത്തിൽ പാത്രങ്ങൾ
എന്നെ നോക്കി.
അവരെ ഗൌനിക്കാതെ
ദോശക്കല്ല് സ്റ്റൌവിൽ വച്ചു,
കല്ല് ചൂടായപ്പോൾ
എണ്ണ തടവി, പിന്നെ
ഒരു മുട്ട കയ്യിലെടുത്തു
ചട്ടുകം കൊണ്ട് ഒറ്റ തട്ട്.
മുട്ട പൊട്ടി, കല്ലിൽ ഒഴിച്ചു.
ശ്‌ശ്‌ശ്........

ബുൾസ് ഐയാണ്...
(ഹാഫ് ബോയിൽഡ് എന്ന്
ചെന്നൈയിൽ പറയും)
അതാവുമ്പോൾ
മറിച്ചിട്ട് ചുമ്മാ
സമയം കളയണ്ട.
അൽ‌പ്പം വെന്തപ്പോൾ
ചട്ടുകം കയറ്റി പൊക്കിയെടുത്തു
പാത്രത്തിൽ വച്ചപ്പോൾ ഒരു കാഴ്ച.
മഞ്ഞക്കരുവിൽ ചോര!
പാത്രം മുഖത്തോടടുപ്പിച്ച്
സൂക്ഷിച്ച് നോക്കി.
രക്തക്കുഴലുപോലെ എന്തോ ഒന്ന്!
ഇത് തിന്നാനോ?
എനിക്ക് ഓക്കാനം വന്നു.

കൊലപാതകം....
മറ്റൊരു വാക്കിൽ ഭ്രൂണഹത്യ....
ഈശ്വരാ....
ഭാവിയിൽ എന്തോ ആവേണ്ട
മുട്ടയായിരുന്നു....!
കോഴികളുടെ അഖിലേന്ത്യാ-
പ്രസിഡന്റോ, മാർപ്പാപ്പയോ,
ഐൻസ്റ്റീനോ, അമിതാഭ് ബച്ചനോ,
സച്ചിനോ, വിശ്വനാഥൻ ആനന്ദോ,
ബിൽ ഗേറ്റ്സോ, സോണിയാ ഗാന്ധിയോ,
ഒബാമയോ, സന്തോഷ് പണ്ഡിറ്റോ....
കോഴികൾക്കിടയിൽ
പ്രതിഭകളില്ലെന്ന് കരുതുന്നത്
അബദ്ധമാണ്.
കോഴികൾക്കുമില്ലേ ഒരു ലോകം?
മനുഷ്യമൃഗമില്ലാത്ത,
സംസ്ക്കാരസമ്പന്നമായ,
സ‌മൃദ്ധിയുടെയും
സാഹോദര്യത്തിന്റെയും
ഒരു കോഴി ലോകം?
ഇതൊന്നും മനുഷ്യന്റെ മാത്രം
കുത്തകയല്ലല്ലോ!!!!!
എല്ലാം നശിപ്പിച്ചു!
എനിക്ക് കുറ്റബോധം.
ഇനിയെന്താ ചെയ്ക?

തിന്നാൻ ഏതായാലും പറ്റില്ല.
കളയാനും മനസുവരുന്നില്ല.
അതുകൊണ്ട്,
വെള്ളക്കരു മാത്രം തിന്ന്
മഞ്ഞക്കരു മാറ്റിവച്ചു,
കാലത്ത്, ഔപചാരികമായി
അടക്കം ചെയ്യാൻ!
പിന്നെ, പോയി കിടന്നു.
രാവിലെ എഴുന്നേൽക്കാനുള്ളതാണ്....!

6 comments:

  1. ഈ കവിതയേയും ബൈജു ഭ്രൂണ ഹത്യ ചെയ്തില്ലേന്നൊരു............! എന്നാലും തിന്നാൻ പറ്റിയ ഒരു ഭാഗമുണ്ട്- ഒരു വെള്ളക്കരു. ആശംസോള്. സ്നേഹപൂർവ്വം വിധു.

    ReplyDelete
  2. സന്തോഷ് പണ്ഡിറ്റോ....

    കികികി അതു കലക്കി

    ReplyDelete
  3. താങ്ങളുടെ കവിതകള്‍ വിത്യസ്തമായിരിക്കുന്നല്ലോ......

    ReplyDelete
  4. അയ്യയ്യോ...എന്താ പറയുക

    ReplyDelete
  5. തുടരുന്ന അനുഭവങ്ങള്‍? അല്ലെങ്കിലും രാത്രി ഉണര്‍ന്നിരുന്നാല്‍ വല്ലാത്ത വിശപ്പാണ്.

    പിന്നെ, ഫ്രിഡ്ജില്‍ വച്ച സ്ഥിതിയ്ക്ക് ഇനി ഏതു പൊരുന്നക്കോഴി വിചാരിച്ചാലും ആ മുട്ട കോഴിയാവില്ലായിരുന്നു. അതോര്‍ത്തു സമാധാനിക്കാം.

    എന്നാലും ആ സന്തോഷ്‌ പണ്ഡിറ്റിന്റെ ഒരു ഭാഗ്യമേ...

    ReplyDelete
  6. "കോഴികൾക്കിടയിൽ
    പ്രതിഭകളില്ലെന്ന് കരുതുന്നത്
    അബദ്ധമാണ്......"
    അഞ്ച് ചിരിക്കട്ട.........

    ReplyDelete