Wednesday, July 13, 2011

രാധാകൃഷ്ണന് ഭ്രാന്താണ്, എനിക്കും!

മിക്കവാറും എല്ലാ കഥകളും ഒരു ദുഃസ്വപ്നത്തിലാവും ആരംഭിക്കുക. അതാവുമ്പോൾ ഒരു ഫ്ലാഷ്ബാക്ക് പറയാനും, അതിന്റെ ചുവട് പിടിച്ച് കഥയെ മുന്നിലോട്ടോ സൈഡിലോട്ടോ കൊണ്ടുപോവാനും വളരെ എളുപ്പമാണ്. അതുകൊണ്ട്, ആ പതിവ് ഞാനും തെറ്റിക്കുന്നില്ല. രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു! ഇപ്പറഞ്ഞതുപോലെ, ദുഃസ്വപ്നമാണ് കാരണം! അയാൾ നന്നായി വിയർത്തിട്ടുണ്ട്. സ്വപ്നത്തിൻ കണ്ടത് എന്താണെന്നൊന്നും ഇപ്പോൾ ചോദിക്കരുത്. വഴിയേ പറയാം. ഏതായാലും, വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണൻ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി. സ്വപ്നങ്ങളെല്ലാം വെളുപ്പാം കാലമേ സംഭവിക്കാറുള്ളൂ.... അതിനാൽ, ക്ലോക്കിൽ സമയം മൂന്നര. അടുത്ത പരിപാടി വെള്ളം കുടി ആയിരിക്കും. സ്വപ്നത്തിന്റെ ഹാങ്ങ്‌ഓവറിൽ നിന്ന് മുക്തി നേടാനാണ് ഇത്. രാധാകൃഷ്ണൻ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്ത് വായിലേക്ക് കമഴ്ത്തി. ഒറ്റതുള്ളി വെള്ളം പോലുമില്ല. അയാൾ അടുത്ത് കിടന്ന ഭാര്യയെ രൂക്ഷമായി നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ദുഃസ്വപ്നം കാണുന്ന നായകന്മാരുടെ ഭാര്യമാരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിന് പിന്നിലെ അജണ്ട എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഒരുപക്ഷേ, നായകൻ കുടുംബ ജീവിതത്തിൽ അതൃപ്തനാണെന്ന് കാണിക്കാനാവുമോ ഇത്? ആർക്കറിയാം! ഏതായാലും, രാധാകൃഷ്ണൻ കിടക്കയിൽ നിന്നെഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് മടമടാന്ന് കുടിച്ചു.

നായകൻ ഇനി കിടക്കയിലേക്ക് തിരിച്ച് പോയാലും അയാൾക്ക് ഉറക്കം വരില്ല. അയാൾ ഉറങ്ങിയാൽ കഥ മുന്നോട്ട് പോകുന്നതെങ്ങനെ? തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ രാധാകൃഷ്ണൻ വീണ്ടും എഴുന്നേറ്റു. അൽ‌പ്പനേരം കട്ടിലിൽ തന്നെ ഇരുന്നശേഷം, എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്ത് ചൂരൽ കസേരയോ ചാരുകസേരയോ മറ്റോ ഉണ്ടാവും. അതിൽ അയാളെ ഇരുത്തിവേണം കഥയുടെ മർമ്മപ്രധാനമായ ഭാഗങ്ങളിലേക്ക് കടക്കാൻ! രാധാകൃഷ്ണന്‍ ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. കട്ടികൂടിയ തണുത്ത കാറ്റ് വീശുന്നുണ്ട്... മൂന്ന് ദിവസം കനത്ത മഴയായിരുന്നു. അന്തരീക്ഷമാകെ കുതിർന്ന് നിൽക്കുന്നു. ചൂരൽക്കസേരയിൽ ചാഞ്ഞിരുന്ന രാധാകൃഷ്ണൻ കാറ്റിന്റെ ഓളത്തിൽ അറിയാതെ മയങ്ങിപ്പോയി. പേടിക്കണ്ട! അയാൾ അങ്ങനെ ഉറങ്ങിപ്പോവുകയൊന്നുമില്ല. ഇതൊക്കെ ചെറിയ അടവുകളല്ലേ! അയാളെ ചെറുതായൊന്ന് മയക്കിക്കിടത്തിയാലല്ലേ അയാളെ കുറിച്ചുള്ള ലഘുവിവരണം നൽകാനൊക്കൂ....!

ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ആകെയുള്ളത് ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു. അതാണ് പ്രധാന വരുമാന മാർഗം. പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. ഇടത്തരം കുടുംബസ്ഥനാണ് നായകനെങ്കിൽ അയാൾ സൽഗുണ സമ്പന്നനും, കഠിനാധ്വാനിയും ആവുകയാണ് പതിവ്. പതിവുകളൊന്നും ഞാനും തെറ്റിക്കുന്നില്ല. ആ ഗ്രാമത്തിലെ സമാരാധ്യനായ ദേഹമാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ എന്ന് പറഞ്ഞാൽ നാട്ടുകാർ എല്ലാം അറിയും. ഗ്രാമത്തിൽ എന്ത് നടന്നാലും അയാൾ മുന്നിൽ ഉണ്ടാവും. പക്ഷേ, രാധാകൃഷ്ണന്റെ സ്വന്തം നാട് മറ്റെവിടെയോ ആണ്. ഇങ്ങനെയൊരു twist കഥയിൽ ഇടാനുള്ള കാരണം അറിയാമല്ലേ? കക്ഷി ആ നാട്ടിൽ വരാനുള്ള, പിന്നെ അവിടെ സെറ്റിലാവാനുള്ള കാരണങ്ങൾ വിവരിക്കുന്നതിലൂടെ കഥ രസകരമാവുമെന്ന് മാത്രമല്ല, നായകന്റെ സ്വഭാവം ഒരു പരുധി വരെ സ്ഥാപിച്ചെടുക്കുകയും ചെയ്യാം. ഏത്?

രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ, നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. ഇപ്പോ പിടി കിട്ടിയില്ലേ? നായകൻ പണ്ട് ലൈൻ വലിച്ച കഥയാണ്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി, സൌദാമിനി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതോടെ പോസ്റ്റുമാൻ പാട്ടിലായി. പോസ്റ്റുമാൻ ലൈൻ‌മാനായി എന്നും പറയാം. കത്ത് നൽകിക്കഴിഞ്ഞ് വെള്ളം ചോദിക്കുക, മറ്റുള്ള വിലാസങ്ങളുടെ വഴി ചോദിക്കുക, സൈക്കിൾ പഞ്ചറായ പോലെ ടയറിനരികിൽ കുനിഞ്ഞിരിക്കുക.... തുടങ്ങിയവയാണ് പണ്ടത്തെ അടവുകൾ. അതൊന്നും ഫലിക്കാതെ വന്നപ്പോൾ സൌദാമിനിയുടെ പേരിൽ ഊമക്കത്തുകൾ അയച്ചു. അത് കൊടുക്കാനെന്ന വ്യാജേന അവളുടെ ഉമ്മറം കയറിയിറങ്ങി. അങ്ങനെ, കത്ത് കൈമാറി കൈമാറി ഒടുക്കം ഇരുവരും ഹൃദയം കൈമാറുന്നു. അങ്ങനെ കല്യാണം നടക്കുന്നു. പോസ്റ്റുമാനായി വിരമിച്ചതിന് ശേഷം, കക്ഷി തടി ബിസിനസ് തുടങ്ങുന്നു, പിന്നെ കൃഷിയും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞുകൂടുന്നു. ഇതാണ് രാധാകൃഷ്ണൻ.

നമ്മൾ നേരത്തെ എവിടെയാ നിർത്തിയത്? ങാ.... കാറ്റേറ്റുള്ള പാതി മയക്കം! സൈക്കളിന്റെ ബെല്ല് കേട്ടാണ് രാധാകൃഷ്ണൻ പിന്നെ ഉണരുന്നത്. പാൽക്കാരൻ ചെക്കനാണ്. ഗേറ്റിൽ ചെന്ന് കവർപാൽ വാങ്ങി തിരിഞ്ഞതേയുള്ളൂ എവിടെ നിന്നോ എന്ന പോലെ മാതൃഭൂമി ദിനപത്രം മുറ്റത്ത് വന്ന് വീണൂ. പത്രവും പാലുമായി രാധാകൃഷ്ണൻ ഉമ്മറത്തേക്ക് കയറി. പാൽ ഗ്രില്ലിൽ വച്ച്, ചാരുകസേരയിൽ ഇരുന്ന് പത്രം നിവർത്തി. ഇനിയാണ് നായികയുടെ രംഗപ്രവേശനം. നായകനെ കുറിച്ച് ഏകദേശ ചിത്രം വായനക്കാരന് കിട്ടിക്കഴിഞ്ഞാൽ നായികയെ കുറിച്ച് ചോദ്യമുയരുക സ്വാഭാവികം.

കൊച്ചുവെളുപ്പാങ്കാലത്ത് പതിവില്ലാതെ ഉമ്മറത്ത് വന്നിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം -- എന്ന ഭാവേന അവൾ നോക്കി. അവർക്ക് ഈ നോട്ടം മാത്രമേയുള്ളൂ. ചോദിക്കാനോ ചോദ്യം ചെയ്യാനോ സൌദാമിനിക്ക് അവകാശമില്ല. അവകാശമില്ലെന്ന് പറഞ്ഞാൽ അവരേതാണ്ട് അടിമയാണെന്ന ശ്രുതി വരും. ഭർത്താവിന്റെ മുന്നിൽ പരിപൂർണ്ണ വിധേയ എന്നാണ് കഥാകൃത്ത് സത്യത്തിൽ വിവക്ഷിച്ചത്. നമ്മടെ സത്യൻ അന്തിക്കാട് സിനിമകളിലെ ശാലീനയായ അതേ വീട്ടമ്മ.

കുളിയും കാപ്പികുടിയും കഴിഞ്ഞ് രാധാകൃഷ്ണന്‍ ഇറങ്ങി. തടി മില്ലില്‍ എത്താൻ കുറഞ്ഞത് അര മണിക്കൂര്‍ വേണം. കവല വരെ നടന്നു. ബസ് സ്റ്റോപ്പ് എത്താറായപ്പോൾ രാധാകൃഷ്ണന്‍ ആഞ്ഞ് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. മുല്ലാക്കയുടെ കടയിൽ കയറി നല്ലൊരു ചുക്കുകാപ്പി കുടിക്കണം. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ച് രാധാകൃഷ്ണൻ മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. കൂടുതൽ കഥാപാത്രങ്ങളെ കഥയിൽ ഉൾപ്പെടുത്തി കഥാ സന്ദർഭം സ്വാഭാവികമാക്കാനുള്ള എഴുത്തുകാരന്റെ സൂത്രം മനസിലായില്ലേ? ഒന്ന് ആഞ്ഞ് തുമ്മിയപ്പോൾ കഥയിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് പുതിയ കഥാപാത്രങ്ങളാണ്: മുല്ലാക്കയും, ദിവാകരനും. ഇരുവരും കഥയിൽ സുപ്രധാന വേഷം ചെയ്യുന്നവർ തന്നെ. എങ്കിലും അവരെ കഥയിലേക്ക് കഥാകൃത്ത് സന്നിവേശിപ്പിച്ചിരിക്കുന്ന വിധം ശ്രദ്ധിച്ചോ? കൊച്ചു ഗള്ളൻ!

ഒന്നാന്തരം കാപ്പിയായിരുന്നു. ചുക്കും കുരുമുളകും കരുപ്പെട്ടിയും പിന്നെ മുല്ലാക്കയുടെ കൈപുണ്യവും ചേർത്ത് തയാറാക്കിയ ചുക്കുകാപ്പി. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ദിവാകരന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ദിവാകരൻ തിരക്കിലാണ്. രാധാകൃഷ്ണൻ ആദ്യമായി ആ ഗ്രാമത്തിൽ വരുമ്പോൾ താമസസൌകര്യം തരപ്പെടുത്തിക്കൊടുത്തത് ദിവാകരൻ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കൾ. രാധാകൃഷ്ണന്‍ ബാർബർ ഷോപ്പിലെ ബഞ്ചില്‍ ഇരുന്നു, ബസ് വരാൻ ഇനിയും സമയം ഉണ്ടല്ലോ! പിന്നെ, അവിടെ കിടന്ന ആഴ്ചപ്പതിപ്പ് മറിക്കാന്‍ തുടങ്ങി.

“ബസ് വൈകി, ല്ലേ?” നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണനെ നോക്കി ചോദിച്ചു. “എന്തുചെയ്യാനാ... റോഡ് നന്നാവണ്ടേ? കുണ്ടും കുഴിയും കയറിയിറങ്ങി ഒരു കണക്കിന് ബസ് വന്നുചേരുമ്പോഴാവും ടയറ് ഠോ...! ഇന്നലത്തെ കാര്യം അറിഞ്ഞില്ലേ? അവസാന ട്രിപ്പടിച്ച് ബസ് കടവത്ത് എത്തിയപ്പോൾ പഞ്ചറായി. ഒരു ബസ് നിറയെ ആളുകൾ പെരുവഴിയിൽ, അതും രാത്രിയിൽ. ഒടുക്കം സുദാകരന്റെ ഓട്ടോ പിടിച്ചാണത്രേ നാട്ടുകാരെ അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ചത്....” ദിവാകരന്‍ ഇങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. തന്നെയുമല്ല, എത്രതന്നെ സംസാരിച്ചാലും, അയാളുടെ പണി നടക്കും. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു. ബാർബറുടെ മൂർച്ചയുടെ കത്തിക്ക് മുന്നിൽ സ്വയം സമർപ്പിച്ച് തികഞ്ഞ ലാഘവത്തോടെ ഉറങ്ങുന്ന ആളുകൾ... യാതൊരു ശ്രദ്ധയുമില്ലാതെ, നൂറ് കൂട്ടം കാര്യങ്ങൾക്കിടയിൽ കത്തികൊണ്ട് കയ്യാങ്കളി കാണിക്കുന്ന ബാർബർ... കത്തി ഒന്ന് മാറിയാല്‍…? തല തറയില്‍ ഉരുളാന്‍ പിന്നെ എത്ര സമയം വേണം? ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍‍! രാധാകൃഷ്ണന് അതിശയം തോന്നി! സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഉൽക്കണ്ഠാ‍കുലരായ ആളുകൾ പോലും ബാർബർ ഷോപ്പിൽ എത്തിയാൽ നിഷ്ക്രിയരാവുന്നു, ബാർബർ എന്തുവന്നാലും തന്റെ കഴുത്തറുക്കില്ലെന്ന് അന്ധമായി വിശ്വസിക്കുന്നു. ഇത് തികഞ്ഞ മൌഢ്യം തന്നെ! പുലർച്ചെ കണ്ട സ്വപ്നത്തിലെ ചില ദൃശ്യങ്ങൾ രാധാകൃഷ്ണന്റെ ഓർമ്മയിൽ തെളിഞ്ഞു. അറവ് ശാല പോലൊരു ബാര്‍ബര്‍ ഷോപ്പ്‌‍… ചുവരുകളിലെല്ലാം രക്തക്കറ. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു ഉഗ്രരൂപി മൂര്‍ച്ചയേറിയ കത്തിയുമായി അട്ടഹസിക്കുന്നു… കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ യാതൊന്നും അറിയാതെ ഒരു മനുഷ്യന്‍ ഉറക്കം തൂങ്ങുന്നു... രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു, പിന്നെ ദിവാകരനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. ഇപ്പൊ പിടി കിട്ടിയില്ലേ രാധാകൃഷ്ണന്റെ പ്രശ്നം? അങ്ങേർ ഇഷ്ടം പോലെ സ്വപ്നം കാണും... പിന്നെ, അതിനെയെല്ലാം അനുദിന ജീവിതവുമായി ബന്ധപ്പെടുത്തും. ഇരുന്ന ഇരുപ്പിൽ തത്വശാസ്ത്രമോ, വേണമെങ്കിൽ മനശാസ്ത്രമോ വിളമ്പിക്കളയും!

ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. ടാറിട്ട റോഡിലെ കുന്നും കുഴികളും വകവയ്ക്കാതെ ബസ് അതിവേഗം മുന്നോട്ട് പോകുന്നു. ആ ചാഞ്ചാട്ടത്തില്‍ ആരായാലും ഒന്ന് ഉറങ്ങിപ്പോവും, പ്രത്യേകിച്ച് സ്ഥിര യാത്രക്കാർ! പക്ഷേ, രാധാകൃഷ്ണന് അന്ന് മാത്രം ഉറക്കം വന്നില്ല. അയാൾ ആ സ്വപ്നത്തിന്റെയും ബാർബർ ഷോപ്പിന്റെയും ഹാങ്ഓവറിൽ ആണ്. ബസിന്റെ പശ്ചാത്തലത്തിൽ പിന്നെയും ചിന്തകൾ... ഒരു വണ്ടി നിറയെ അറവ് മാടുകള്‍… കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മാടുകൾ ഉറക്കത്തിലാണ്, വണ്ടിയുടെ ഭീതികരമായ ആ കടകട ശബ്ദത്തിലും! രാധാകൃഷ്ണന്റെ ഉള്ള് കത്തി. ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? ഇതൊന്നുമറിയാതെ അയാളെ വിശ്വസിച്ച് വണ്ടിയിൽ കയറുന്നതും, പിന്നെ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്നതും അബദ്ധം അല്ലേ? രാധാകൃഷ്ണന് പിന്നെയും സംശയം!

ഒരു മിനിറ്റ്... രാധാകൃഷ്ണനെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ല. ഒന്നുമില്ലേലും അയാൾ പ്രായത്തിൽ മൂത്തതല്ലേ? അതുകൊണ്ട് അയാളുടെ സംശയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാം, കഥയിൽ നിന്ന് അൽ‌പ്പനേരം പുറത്തിറങ്ങി! ഇങ്ങനെയൊക്കെയല്ലേ കഥയിൽ ലേഖനവും ലേഖനത്തിൽ കഥയും കൂട്ടിക്കുഴയ്കാൻ പറ്റൂ... സത്യത്തിൽ എന്നതാ പ്രശ്നം?

ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ കഴുത്ത് കാണിച്ച് നിദ്രയിലേക്ക് വഴുതി വീഴുന്നതും, വാഹനമോടിക്കുന്ന ഡ്രൈവർ തന്നെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുമെന്നും വിശ്വസിക്കുന്നത് തെറ്റെന്നാണോ? ഒരിക്കലും അല്ല. പക്ഷേ, ഈ വിശ്വാസങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാൽ, തികഞ്ഞ അന്ധവിശ്വാസം. ജീവിതത്തിൽ ഇതുപോലെ ഒട്ടനവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ഹൈ വാൾട്ടേജ് ഇലട്രിക് കമ്പികൾക്ക് താഴെയുള്ള റോഡിലൂടെ നടന്നുപോകുമ്പോഴും കമ്പികൾ പൊട്ടി തന്റെ തലയിൽ വീഴില്ലെന്ന വിശ്വാസം... നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്ന വിശ്വാസം... ഏതോ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണം മൂലം തനിക്കൊന്നും സംഭവിക്കില്ലെന്ന വിശ്വാസം... ഓടുന്ന തീവണ്ടിയിലോ വിമാനത്തിലോ ഇരിക്കുമ്പോൾ താൻ സുരക്ഷിതനാണെന്ന വിശ്വാസം... ഇത്തരം അന്ധമായ വിശ്വാസങ്ങളുടെ ആകെ തുകയല്ലേ വാസ്തവത്തിൽ മനുഷ്യ ജീവിതം? ഇവയില്ലെങ്കിൽ മനുഷ്യൻ വെറും വട്ടപ്പൂജ്യം…!

രാധാകൃഷ്ണന്‍ മില്ലിൽ എത്തിയിട്ട് നേരമേറെയായെങ്കിലും അയാളുടെ മനസ് അസ്വസ്ഥമാണ്. ഓഫീസ് മുറിയിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ തൊഴിലാളികൾ മരം മുറിക്കുന്നത് നന്നായി കാണാം. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്നു. അതിൽ ചുറ്റിയിരിക്കുന്ന മൂർച്ചയേറിയ വാൾ. ഏത് നിമിഷവും എന്തും സംഭവിക്കാം. ആ അനിശ്ചിതത്വത്തിലും, ഒന്നും സംഭവിക്കില്ലെന്ന് ശുഭാബ്ധി വിശ്വാസത്തോടെ തൊഴിലാളികൾ ജോലി ചെയ്യുന്നു. വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള തലകള്‍… കൈകള്‍… കാലുകള്‍… നിലവിളികള്‍… കൂട്ടക്കരച്ചിലുകൾ... രാധാകൃഷ്ണൻ ചെവി പൊത്തിപ്പിടിച്ചു. “നിര്‍ത്തുന്നുണ്ടോ...!” അയാൾ അലറി. പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി. ആളുകൾ ഓഫീസ് മുറിയിൽ ഓടിക്കൂടി, സംഭവമെന്തന്നറിയാതെ അവർ പരസ്പരം കുശുകുശുത്തു! രാധാകൃഷ്ണൻ ഒരു വളിച്ച ചിരിയോടെ എല്ലാവരെയും നോക്കി, പിന്നെ അവരെ ജോലി ചെയ്യാൻ പറഞ്ഞയച്ചു.

8 comments:

  1. കൊള്ളാം
    ഒരു പുതിയ രീതിയിലുള്ള എഴുത്ത്, വായികാന്‍ രസകരം
    പോസ്റ്റ് കൊള്ളാം

    ReplyDelete
  2. വട്ടാണല്ലേ ?

    ഐ മീന്‍ രാധാകൃഷണന്

    ReplyDelete
  3. ഐ ലൈക്‌ ഇറ്റ്‌

    ReplyDelete
  4. വ്യത്യസ്തമായ അവതരണം ഇഷ്ട്ടപ്പെട്ടു കേട്ടാ

    ReplyDelete
  5. വട്ടു ആണെങ്കിലും സംഗതി കലക്കിട്ടോ..

    ReplyDelete
  6. രാധാകൃഷ്ണന്റെ പ്രാന്തുകളേ....

    ReplyDelete
  7. Razor's Edge ലൂടെ നടക്കല്‍ ആണ് ജീവിതം......
    മുറിയുന്ന ബോധം എപ്പോഴും തിരിച്ചു കിട്ടിക്കൊള്ളണമെന്നില്ല........

    ReplyDelete
  8. കൊള്ളാം. തടയാന്‍ കട്ടിയായ ഒന്നുമില്ലായിരുന്നതുകൊണ്ട് വളരെ വേഗം വായിച്ചുപോയി. പക്ഷെ ആ അവസാനഭാഗം അത്രയ്ക്കങ്ങ് ഇഷ്ടമായില്ല. ഒരു നിറുത്തില്ലായ്ക ഫീല്‍ ചെയ്തു. ആശയം കൊള്ളാം. ഒരു പരിചയവും ഇല്ലാത്ത എത്ര പേരെയാ നാം ദിവസവും വിശ്വസിക്കുന്നത്.

    ReplyDelete