Monday, July 18, 2011

നിഷേധികളേ, ഇതിലെ ഇതിലെ!

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാറല്‍ മാക്സ് നിർവചനം 100 ശതമാനവും ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മതത്തിനും, ആത്മീയതയുടെ പേരിൽ അത് വിളമ്പുന്ന അമേദ്യത്തിനും ഒരു ലഹരിയുണ്ട്, ഒരു തവണ വീണുപോയാൽ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കാത്ത അടിമത്വമുണ്ട്. പണ്ഢിതനോ പാമരനോ, ധനവാനോ ദരിദ്രവാസിയോ ആരുമാവട്ടെ! ഒരു തവണ വീണാൽ തീർന്നു. ആ ലഹരിയിൽ അയാൾ പിന്നെ സ്വന്തം തലച്ചോറ് പണയം വയ്ക്കുന്നു... തന്നിലെ അടിസ്ഥാന മനുഷ്യ സ്വഭാവമായ അന്വേഷണ ത്വരയെയും യുക്തിയെയും കുഴിച്ച് മൂടുന്നു.... പിന്നെ, ഭൂമിയോളം വിനയാന്വിതനായി കാണാമറയത്തിരിക്കുന്ന ഈശ്വരന്മാരുടെയും ആത്മീയഗുരുക്കന്മാരുടെയും ഉഡായിപ്പുകൾക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നു, വെറും വിശ്വാസങ്ങളുടെ പേരിൽ, ആദർശങ്ങളുടെ പേരിൽ! ഒന്നും കാണാനും കേൾക്കാനും ചിന്തിക്കാനും കെൾപ്പില്ലാത്ത അടിമയെ പോലെ! എന്തിന്? മതം നൽകുന്ന ബാഹ്യമായ ‘നിര്‍വൃതിയിലും‍’ മതിഭ്രമത്തിലും ഒതുങ്ങിക്കൂടാനുള്ളതാണോ ഈ ജീവിതം? മതത്തിനും അതിന്റെ സംവിധാനങ്ങൾക്കും തഴച്ചുവളരാൻ മണ്ണിലെ വളമാവേണ്ടവരാണോ നാം?

പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാനുള്ള മാർഗം തേടി മതത്തിന്റെ പിന്നാലെ പോകുന്നത് ഒരു വിധത്തിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ഈ ബുദ്ധിജീവികൾക്ക് എന്ത് സംഭവിച്ചു എന്നാണ് മനസിലാകാത്തത്. തന്റെ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവന് അപ്പൊ ചൊറിയും. ബൈബിളും ഖുർ ആനും ഗീതയുമെല്ലാം അപ്രമാദിത്വങ്ങളും ആത്യന്തങ്ങളുമാണത്രേ! ആരും അവയെ ചോദ്യം ചെയ്യാൻ പാടില്ല. യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ചിന്തിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ സ്വർഗ രാജ്യത്തിലെ നിഷേധികൾ, ശപിക്കപ്പെട്ടവർ, പിശാചിന്റെ സന്തതികൾ, അന്ത്യവിധിയിൽ അവർക്ക് തക്കതായ ശിക്ഷ കിട്ടും! ഇതൊക്കെയാണ് പട്ടങ്ങൾ, ഭീഷണികൾ! കഷ്ടം! ഇത്തരം യാഥാസ്ഥിതികരായ മതവിശ്വാസികളോട് പറഞ്ഞിട്ട് ഒരു കാര്യമില്ലെന്നറിയാം, എങ്കിലും പറയാനുള്ളത് പറയണമല്ലോ! (ഞാനിങ്ങനെയൊക്കെ പറയുമ്പോൾ എന്റെ മനസിലുള്ള ചിത്രം ഞാനടുത്തിടെ പരിചയപ്പെട്ട ഒരു മുസ്ലീം സുഹൃത്തിന്റേതാണ്. ഇസ്ലാമിന്റെ ആത്മാവ് കണ്ടെത്തിയ ആളാണോ അദ്ദേഹം എന്നൊന്നും എനിക്കറിയില്ല. എങ്കിലും, മണിക്കൂറുകൾ നീണ്ട സംവാദത്തിനൊടുവിലും, മാലോകരെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തേ അടങ്ങു എന്ന നിലപാടിലാണ് അദ്ദേഹം. അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നില്ല. തന്നെയുമല്ല, ഇസ്ലാം അല്ലാത്ത ഒന്നും അയാൾക്ക് സ്വീകാര്യവുമല്ല. മതമൌലീകവാദിയായ ഒരു ചെറുപ്പക്കാരനെ ജീവിതത്തിലാദ്യമായി കണ്ട നിമിഷങ്ങളായിരുന്നു അവ, അത്ഭുതപ്പെടുത്തലുകളുടെയും ഭയപ്പാടുകളുകയും നിമിഷങ്ങൾ...)

നിഷേധാത്മക ചിന്തകള്‍, അത് എന്തുമായിക്കൊള്ളട്ടെ, പ്രകൃതി വിരുദ്ധമാണെന്ന ധാരണ തീരെ ശരിയല്ല. ഏതെങ്കിലുമൊരു വ്യവസ്ഥാപിത സംവിധാനത്തെ സംബന്ധിച്ച് അവ നിഷിദ്ധങ്ങളായിരിക്കാം. എന്നാല്‍, സത്യത്തിന്‍റെ വൈവിദ്ധ്യങ്ങളായ വശങ്ങളെ കൂടുതല്‍ നന്നായി മനസിലാക്കാനും, ശരിയെന്ന് നാം കരുതിവച്ചിരിക്കുന്ന ആദര്‍ശങ്ങളുടെ ആധികാരികതയെ പരീക്ഷിച്ചറിയാനും നിഷേധാര്‍ത്മക ചിന്തകള്‍ എപ്പോഴും നമ്മേ സഹായിക്കാറുണ്ട്. അതുകൊണ്ട്, സത്യമെന്ന് തോന്നുന്നതിനെയും അബദ്ധമെന്ന് തോന്നുന്നതിനെയും ഒരു പ്രാധാന്യത്തോടെ സമീപിക്കുന്നതാണ് ആരോഗ്യപരം. ഒന്നിനെയും അന്ധമായി വിശ്വസിക്കേണ്ട, നിഷേധിക്കുകയും വേണ്ട.

വ്യക്തിപരമായ അഭിപ്രായത്തില്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ “നിഷേധി” അദ്വൈതിയായ ശങ്കരാചാര്യരാണ്. “നേതി നേതി” എന്ന് കാണപ്പെട്ടവയെ എല്ലാം നിഷേധിച്ച ശങ്കരാചാര്യര്‍ തന്നിലേക്ക് തന്നെ തിരിയുന്നതിന് പഠിപ്പിക്കുകയായിരുന്നു. “നിഷേധിക്കുക” എന്നതിനെ ഒരു സത്യാന്വേഷണ രീതിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. സ്വന്തം അസ്ഥിത്വത്തെ അടക്കം എല്ലാറ്റിനെയും നിഷേധിക്കുകയും, ഒടുവില്‍ “ഞാന്‍ ചിന്തിക്കുന്നു” (I think) എന്നും, “അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നുവെന്നും” (Therefore I exist) പറഞ്ഞു വച്ച ഡെക്കാര്‍ട്ട് അടക്കമുള്ളവര്‍ നിഷേധാത്മക രീതി പിന്‍‌തുടര്‍ന്നവരാണ്.

ശാസ്ത്രത്തിന്‍റെ മനോഭാവം തന്നെ നോക്കൂ! സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. ഏതൊരു സിദ്ധാന്തത്തെയും ഒരു സിന്തസിസ് എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഏതെങ്കിലുമൊരു സംഗതി ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള തീരുമാനത്തിലെത്താന്‍ പരിമിതമായ മനുഷ്യബുദ്ധി കൊണ്ട് സാധ്യമല്ല എന്ന വസ്തുത നാം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ, മനുഷ്യ ബുദ്ധിയ്ക്ക് തെറ്റ് സംഭവിക്കാനുള്ള സാധ്യതയും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി പുല ബന്ധം പോലും ഇല്ലാത്തവ ആയിക്കൂടെന്നില്ല.

സത്യമെന്ന് നാം കരുതുന്നവ സൌരയുഥത്തിന്‍റെ കേന്ദ്രമായ ഭീമൻ സൂര്യന്‍ പോലെ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ വെറും തോന്നലുകളോ മരീചികയോ ആവാം. ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ തോന്ന്യാസങ്ങളുമാവാം അവ. “അപ്പോ കാണുന്നവനെ അപ്പാ” എന്ന് വിളിക്കുന്ന മനസിന്‍റെ ഈ അടിസ്ഥാന സ്വഭാവം മനസിലാക്കിയതുകൊണ്ടാവാം ശങ്കരാചാര്യര്‍ പോലും യാഥാര്‍ത്ഥ്യത്തെ നിഷേധാത്മകമായി “നേതി നേതി“ എന്ന് വിളിച്ചത്.

അങ്ങനെ നോക്കുമ്പോൾ, ഉദാസീനത (Indifference) എന്ന “സമീപനമാണ്” സമുചിതമെന്ന് കാണാം. നാം അറിയാനിരിക്കുന്നവയുമായി താരത‌മ്യം ചെയ്യുമ്പോൾ നമുക്ക് അറിയാവുന്നവ വിഷയങ്ങൾ തികച്ചും നിസാരങ്ങളാണ്. മഞ്ഞുമലയുടെ ശിഖരങ്ങളെ മാത്രം കണ്ടിട്ട് മഞ്ഞുമലയെ മനസിലായി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ? ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? യേശു, നബി, ശങ്കരാചാര്യര്‍ എന്നിങ്ങനെ തുടങ്ങുന്ന മഹാത്മാക്കള്‍ അവരുടെ കാലഘട്ടത്ത് ജീവിതത്തെ കുറിച്ച് അന്വേഷണം നടത്തി, അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം അതോടെ എല്ലാം തീര്‍ന്നുവെന്നാണോ? അവര്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് നാം ഇന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം. നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങള്‍ക്കിഷ്ടം! യേശുവും നബിയും ശങ്കരാചാര്യരും നടന്ന വഴികളും താണ്ടി നാം നടക്കേണ്ടിയിരിക്കുന്നു, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താന്‍, വ്യാഖ്യാനിക്കാൻ വിട്ടുപോയ സത്യങ്ങളുടെ പുത്തൻ അർത്ഥതലങ്ങൾ കണ്ടെത്താൻ!

യാഥാ‍സ്ഥിതികനായിരിക്കുക എത്രയോ എളുപ്പം, അല്ലേ? അതുപോലെ എളുപ്പമല്ല നിഷേധിയാവുക എന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ നിഷേധിച്ച ശേഷം, ആകാശത്തിന്‍റെ പുതിയ സ്വപ്നങ്ങളിലേക്ക് അതിശക്തമായി കുതിച്ചുയരുന്ന റോക്കറ്റിന്‍റെ കരുത്തുവേണമതിന്. നിഷേധിക്കുക എന്നത് എളുപ്പമാണെന്നും, വിശ്വസിക്കുക എന്നത് കഠിനമെന്നും ആരോ പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍, എന്‍റെ നിലപാട് നേരെ തിരിച്ചാണ്, “വിശ്വസിക്കുക എത്രയോ എളുപ്പം, നിഷേധിക്കുക എത്രയോ കഠിനം.” നമുക്ക് നിഷേധികളാവാം... എല്ലാറ്റിനെയും ചോദ്യം ചെയ്യാം..., സത്യത്തിലെത്തി എന്ന പൂർണ്ണ ബോധ്യമായാൽ കൂടി! സംശയത്തിന്റെ കടുക് മണി ആ മൂലയിലെങ്ങാനും കിടക്കട്ടെ. ഒരുപക്ഷേ, ദൈവത്തിന്റെ രൂപത്തിൽ സ്വർഗം ഭരിക്കുന്നത് ചെകുത്താൻ ആണെങ്കിലോ?

8 comments:

 1. ജീവിതം മുഴുവന്‍ ഒരു സന്ദേഹവാദിയായി ജീവിക്കണം എന്നാണോ ബൈജുവിന്‍റെ അഭിപ്രായം? സത്യം കണ്ടെത്താനുള്ള മനുഷ്യന്‍റെ ത്വരയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. 'ഏതെങ്കിലുമൊരു സംഗതി ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള തീരുമാനത്തിലെത്താന്‍ പരിമിതമായ മനുഷ്യബുദ്ധി കൊണ്ട് സാധ്യമല്ല' എന്നു താങ്കള്‍ തന്നെ പറയുന്നു. ഇവിടെയാണ് ഞാന്‍ വെളിപാടുകളുടെ പ്രസക്തി കാണുന്നത്. ദൈവിക വെളിപാടുകളുടെ സഹായത്തോടെയല്ലാതെ മനുഷന് ആത്യന്തിക സത്യം കണ്ടെത്താന്‍ സാധ്യമല്ല.

  ReplyDelete
 2. കൽക്കി,

  എന്താണീ വെളിപാടുകൾ...? വെളിപ്പെടുത്തപ്പെട്ട സത്യത്തെ വെളിപാടുകൾ എന്ന് വിളിക്കാമെന്ന് തോന്നുന്നു. ഇത്തരം വെളിപാടുകൾ കൽക്കി എന്ന വ്യക്തിയ്ക്ക് ഉണ്ടായാൽ നല്ലത്. പക്ഷേ, കൽക്കി മറ്റൊരാൾക്കുണ്ടായ വെളിപാടിനെ ആശ്രയിക്കുമ്പോൾ പ്രശ്നം ആരംഭിക്കുന്നു. തേർഡ് ഹാൻഡ് അനുഭവങ്ങളെ ആശ്രയിക്കുന്നതിനാലാണിത്. അത്തരം അനുഭവങ്ങളെ പൂർണ്ണമായും വിസ്മരിക്കണം എന്നല്ല. ഒരു പരുധിവരെ സ്വീകരിക്കാം. അത് കഴിഞ്ഞാൽ ആത്മീയ അനുഭവങ്ങൾ വ്യക്തിപരമാവണം. ജീവിതാവസാനം വരെ ബൈബിളോ ഖുർ ആനോ, ഗീതയോ വായിച്ചിരുന്നാൽ ആരും ഒരു യഥാർത്ഥ ഭക്തനോ സത്യാന്വേഷിയോ ആവുന്നില്ല. മറിച്ച്, സ്വന്തം ജീവിതത്തിൽ സത്യം വെളിവാക്കപ്പെടണം, അയാൾ സത്യത്തെ അനുഭവിക്കണം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം വ്യക്തിഗത ആത്മീയ അനുഭവങ്ങൾ നമ്മുടെ ഇന്നത്തെ വ്യവസ്ഥാപിത മതത്തിൽ തീരെയില്ല. ഉണ്ടെങ്കിൽ തന്നെ അതിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ടിയിരിക്കുന്നു.

  ജീവിതം മുഴുവൻ സന്ദേഹവാദിയായി ജീവിക്കുന്നതിൽ എന്താ തെറ്റ്? സന്ദേഹവാഹി എന്നത് ഒരു നെഗറ്റിവ് അർത്ഥത്തിലല്ല എടുക്കേണ്ടത്. “ബി ഓപ്പൺ” എന്ന അർത്ഥത്തിൽ മരണം വരെ സത്യത്തെ ഉൾക്കൊള്ളാനും, വിശ്വസിച്ചവ തെറ്റാണെന്ന് ബോധ്യമാവുന്ന ഘട്ടത്തിൽ അത് മരണക്കിടക്കയിലാണെങ്കിലും പോലും തെറ്റ് തിരുത്താനുള്ള തുറവി നമുക്കുണ്ടായിരിക്കണമെന്നുമാണ് ഞാൻ ഉദ്ദേശിച്ചത്.

  ReplyDelete
 3. താങ്കള്‍ പറഞ്ഞത് ശെരിയാണ്, ജീവിതകാലം മുഴുവനും ബൈബ്ലും ഖുര്‍-ആനും വായിച്ചിരുനിട്ട് കാര്യമില്ലാ
  അതെ
  അവ പഠിക്കണം എനിട്ട് അതില്‍ പറയുന്നു സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തികണം അപ്പോഴെ സത്ത്യം എന്താണ് എന്നും, സന്മാര്‍കം എങ്ങിനെയാണ് എന്നും മനസ്സിലാകൂ
  . താങ്കള്‍ പറയുന്നത് മതപുസ്തകങ്ങള്‍ പഠിച്ച ഒരാളെ കുറിച്ച് മാത്രമാണ് അവ പ്രവര്‍ത്തികുന്ന ഒരാളെ നോക്കുക അയാളില്‍ നന്മയുണ്ടാകും ,സത്യം അയാളില്‍ ഉണ്ടെങ്കില്‍

  ReplyDelete
 4. എന്റെ അഭിപ്രായത്തില്‍ വിശ്വാസിയും അവിശ്വാസിയും വിശ്വസിക്കുകയാണ് ചെയ്യുന്നത്. വിശ്വാസി ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു അവിശ്വാസി ദൈവം ഇല്ലെന്നു വിശ്വസിക്കുന്നു. രണ്ടിനും വിശ്വാസയോഗ്യമായ തെളിവില്ല. അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ രണ്ടു പേരുടെ പക്കലും തെളിവുണ്ട്. എന്നാല്‍ മരുഭാഗത്തെ ബോധിപ്പിക്കാന്‍ രണ്ടു കൂട്ടര്‍ക്കും കഴിയില്ല. ഞാന്‍ എന്റെ രാമായണമേ വായിക്കൂ എന്ന് മുത്തശ്ശി പറയുന്നത് പോലെയുള്ള നിര്‍ബന്ധം.ശാസ്ത്രം പറയുന്ന പല കാര്യങ്ങളും വേദ ഗ്രന്ഥത്തില്‍ മുന്‍പ്‌ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ചിലര്‍. പിന്നെ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കുറച്ചു പേര്‍ നല്ലത് ചെയ്യുന്നെങ്കില്‍ അത് എന്തിന്റെ പേരിലായാലും നല്ലതാണെന്ന് ഞാന്‍ പറയുന്നു. നന്മയുടെ ആധികാരികത നല്‍കാന്‍ അവിശ്വാസിക്ക് കഴിയുന്നില്ല. അതവന്റെ കുറ്റമല്ല വ്യവസ്ഥിതിയുടെതാണ്. നാളെ ശാസ്ത്രം എല്ലാറ്റിനും തെളിവ് നല്‍കിയാലും വിശ്വാസം മാറ്റാന്‍ അവര്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല. ശാസ്ത്രത്തിന്റെ നന്മ മനുഷ്യന്റെ സാഹചര്യങ്ങള്‍ നന്നാക്കാന്‍ ഉപകരിക്കട്ടെ. മനസ്സിനെ വ്യാഖ്യാനിക്കാന്‍ വിശ്വാസമാണ് കൂടുതല്‍ നല്ലത്. തെറ്റായാലും ശരി ആയാലും.

  നാളെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം കണ്ടു പിടിക്കുന്ന ഒരു ഉപകരണം കണ്ടെത്തി എന്നിരിക്കട്ടെ. ബൈജൂസ്‌ അതറിയുന്നില്ല എന്നുമിരിക്കട്ടെ. അത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ അതുപയോഗിച്ച് നിരന്തരം നിങ്ങളുടെ മനസ്സില്‍ ഉള്ളത് വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് ദിവ്യ ദൃഷ്ടി ആണെന്ന് വാദിച്ചാല്‍ നിങ്ങളുടെ അവിശ്വാസ മനസ്സിന് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയും പിന്നല്ലേ സാധാരണ മനുഷ്യന്‍ ?

  ReplyDelete
 5. യേശുവിനെതിരെയോ നബിക്കെതിരെയോ സംസാരിക്കാൻ പാടില്ല, ചിന്തിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ സ്വർഗ രാജ്യത്തിലെ നിഷേധികൾ, ശപിക്കപ്പെട്ടവർ, പിശാചിന്റെ സന്തതികൾ, അന്ത്യവിധിയിൽ അവർക്ക് തക്കതായ ശിക്ഷ

  ഏതേലും ഒരു പാര്‍ട്ടിക്കാ‍രുടെ നേതാക്കളെ പറ്റിപറഞ്ഞാല്‍ എന്താകും സ്ഥിതി? സ്കറിയ ഒരു വിടുവായ പറഞ്ഞപ്പോള്‍ കണ്ണൂരില്‍ ഇടതുപക്ഷം എങ്ങനെയാണു പെരുമാറിയത്? അവനവന്റെ വിശ്വാസം അവനവനെ ഊമ്പിക്കട്ടേന്ന്! അല്ലാതെന്ത് പറയാന്‍!

  ReplyDelete
 6. പാവം വീട്ടമ്മമാരും, അത്താഴപ്പഷ്ണിക്കാരും ജീവിക്കാനുള്ള മാർഗം തേടി മതത്തിന്റെ പിന്നാലെ പോകുന്നത് ഒരു വിധത്തിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ഈ ബുദ്ധിജീവികൾക്ക് എന്ത് സംഭവിച്ചു എന്നാണ് മനസിലാകാത്തത്.

  :D

  ReplyDelete
 7. "അത്തരം അനുഭവങ്ങളെ പൂർണ്ണമായും വിസ്മരിക്കണം എന്നല്ല. ഒരു പരുധിവരെ സ്വീകരിക്കാം. അത് കഴിഞ്ഞാൽ ആത്മീയ അനുഭവങ്ങൾ വ്യക്തിപരമാവണം. ജീവിതാവസാനം വരെ ബൈബിളോ ഖുർ ആനോ, ഗീതയോ വായിച്ചിരുന്നാൽ ആരും ഒരു യഥാർത്ഥ ഭക്തനോ സത്യാന്വേഷിയോ ആവുന്നില്ല. മറിച്ച്, സ്വന്തം ജീവിതത്തിൽ സത്യം വെളിവാക്കപ്പെടണം, അയാൾ സത്യത്തെ അനുഭവിക്കണം"

  നൂറൂ ശതമാനം യോജിക്കുന്നു.

  if you are interested please read this book
  Philosophy of Teachings of Islam

  ReplyDelete
 8. നിങ്ങളുടെ ഭാഷ നന്നായി ഇരിക്കുന്നു ...ചില ആശയങ്ങളോട് സ്നേഹപൂര്‍വ്വം

  വിയോജിക്കുന്നു .....

  Marx എതിര്‍ത്തതും ഇല്ല എന്ന് പറഞ്ഞതും SEMITIC മതങ്ങളെ ആണ് ....marx മാത്രമല്ല മറ്റു പാശ്ചാത്യ യുക്തി വാദികളും...

  ആത്മീയ വഴി കളില്‍ ലഭ്യമാകുന്ന അനുഭൂതി യെ കുറിച്ച് ABRAHAM MASLOW വ്യക്തമായീ തന്നെ പഠിച്ചിരിക്കുന്നു , അതേഹത്തിന്റെ തിയറി പറയുന്നു മനുഷ്യന് അവന്റെ ആവശ്യങ്ങളെ കുറിച്ച് മന്സസ്ത്ര്പരമആയെ പഠനം നടത്തിയാല്‍ , മനസിലാക്കും അറ്റവും ഉയര്‍ന്ന സംതൃപ്തി നല്‍കുന്നത് , SELF ACTULZATION ആണെന്നും അത്ത് ഉണ്ടാകുമ്പോള്‍ ഒരു പീക്ക് EXPERIANCE ഉണ്ടാക്കും എന്നും ..ഇത് തന്നെ ആണ് ബോധോദയം എന്ന് പൊതുവേ പറയാറ്..എല്ലാ PAGEN ആചാരങ്ങളും ലക്ഷ്യമാക്കുനത് ഇതാണ് (എത്ര പേര്‍ മനസിലാക്കുന്നു എന്നത് ചോദ്യം ആണ് ) ഇത് തന്നെ ആണ് എല്ലാ EASTERN മതങ്ങളുടെയും ലക്‌ഷ്യം

  മാത്രമല്ല ഇന്നത്തെ ഭൌതിക ശാസ്ത്രം വളരെ വളര്‍ന്നു , വൈരുദ്ധ്യാത്മക ഭൌതിക വാദം ശുദ്ധ വിഡ്ഢിത്തരം ആണന്നു

  HAWKINGS അടക്കം ഉള്ളവര്‍ അഭിപ്രായ പെടുന്നു ....CARL SAGEN നെ പോലെ ഉള്ളവര്‍ ബോധ സിന്താന്തത്തില്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു ...

  ഒരു പക്ഷെ മിക്ക ഭൌതിക വാദികള്‍ക്കും പോലെ ഇദ്ദേഹത്തിനും .... PAGEN മതങ്ങളും , സെമിറ്റിക് മതങ്ങളും തമ്മില്‍ ഉള്ള അന്തരം ശ്രദിച്ചു കാണില്ല ..

  ശങ്കരന്‍ നേതി പറഞ്ഞത് , നേരാണ് ....ഞാന്‍ ബുദ്ധി അല്ല , അഹങ്കാരം അല്ല , ചിത്തല്ല ജീവനല്ല എനൊക്കെ പറഞ്ഞു എങ്കിലും

  ആ ശ്ലോകത്തിന്റെ ഒടുവില്‍ ശങ്കരന്‍ പറയുന്നു ...പാടുന്നു ....ശിവോഹം .....

  .ഞാന്‍ ശിവന്‍ ആണ് എന്ന് .....ശിവത്വം അനുഭവിക്കുന്നു എന്ന്

  ReplyDelete