Saturday, July 16, 2011

കുമാരന്‍റെ പെണ്‍സുഖം


കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ ജോലിക്കാരനാണ് കുമാരൻ. കഠിനാധ്വാനി. ഏത് ജോലിയും ചെയ്യും. ജോലിക്കിടയിൽ കുമാരൻ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. കാട്ടുപോത്ത് വന്നാലും കുമാരൻ അനങ്ങില്ല, അതാണ് ഡെഡീക്കേഷൻ. പക്ഷേ, ആകാശത്തെങ്ങാനും വിമാനത്തിന്റെ ശബ്ദം കേട്ടാൽ എല്ലാം തീരുന്നു. കുമാരനെ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വിമാനത്തെ കണ്ടുപിടിച്ചിട്ടേയുള്ളൂ വേറെ പണി. മുകളിലേക്ക് നോക്കി വാപൊളിച്ച് ലക്കും‌ ലഗാനവുമില്ലാതെ നടക്കും. പാടത്തായാലും, തെങ്ങിന്റെ മണ്ടേലായാലും ഇതുതന്നെ സ്ഥിതി. ദുബായിൽ നിന്ന് മുത്തശ്ചന്റെ കാണാൻ തറവാട്ടിലെത്തിയ കാരണവരുടെ കൊച്ചുമോൻ പറഞ്ഞ ചില കഥകൾ കേട്ടതിന് ശേഷമാണ് കുമാരന് വിമാന കമ്പം തുടങ്ങിയത്. അന്ന് തീരുമാനിച്ചതാണ്, മരിക്കുന്നതിന് മുമ്പ് ഒരു വിമാ‍നത്തെ നേരിട്ട് കാണണം. അതാണ് കുമാരന്‍റെ ജന്‍‌മാഭിലാഷം. കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ചാടി പുറപ്പെട്ടതിന്റെ പിന്നെ കാരണവും മറ്റൊന്നല്ല. ഇരവയ്ക്ക് വാങ്ങിയ പാന്‍സും ഷര്‍ട്ടും ഇന്‍സേര്‍ട്ട് ചെയ്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും, കാലില്‍ റബ്ബര്‍ ചെരുപ്പുമായി “തനി എക്സിക്യൂട്ടിവ് സ്റ്റൈലില്‍“ വിമാനത്താ‍വളത്തിൽ ബസിറങ്ങുമ്പോള്‍ കുമാരന്‍റെ മനസില്‍ നൂറുകണക്കിന് ബോയിംഗ് വിമാനങ്ങള്‍ തൂവാനത്തുമ്പികളെ പോലെ പറക്കുന്നുണ്ടായിരുന്നു.

പ്രൌഢ ഗംഭീരമായ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും കുമാരന്റെ നിയന്ത്രണം നഷ്ടമാവുമെന്ന് കരുതിയ കൂട്ടുകാരൻ കാണുന്നത് മുന്നോട്ട് ഒരടി പോലും വയ്ക്കാതെ വിഷണ്ണനായി നിൽക്കുന്ന കുമാരനെയാണ്. കൂട്ടുകാരന്‍ കാര്യം തിരക്കി. “വിമാന സ്റ്റാന്‍ഡിന്‍റെ മുന്നില്‍ ഒരൊറ്റ വിമാനം കൂടിയില്ലല്ലോ!” കൂട്ടുകാരന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ കുമാരന്റെ സംശയം കൂടി. “ഇനി ഇവനെങ്ങാനും തന്നെ പറ്റിക്കുകയാണോ? വിമാനം കാണിക്കാനെന്നും പറഞ്ഞ് കൊണ്ട് വന്ന് തന്നെ ഈ കാർ സ്റ്റാൻഡിൽ ഇറക്കിവിടാനുള്ള പരിപാടിയാണോ? ങാഹാ... കുമാരനെ അങ്ങനെ എളുപ്പമൊന്നും പറ്റിക്കാൻ പറ്റില്ല. ഇതല്ല, ഇതിന്റെ അപ്പുറത്തെ കാറുകൾ കുമാരൻ കണ്ടിട്ടുണ്ട്.“ കുമാരന്റെ വിമാനം കാണിച്ച് നാട്ടിലേക്ക് ബസ് കയറ്റി വിടാനുള്ള സമയവും സാവകാശവും ഇല്ലാത്തതിനാൽ കുട്ടുകാരൻ കുമാരന്റെ കൈയ്ക്ക് പിടിച്ച് യാത്ര പറഞ്ഞു. “നാട്ടിൽ വരുമ്പോൾ കുമാരന്റെ എന്താ കൊണ്ട് വരേണ്ടത്?” കൂട്ടുകാരൻ തിരക്കി. “നീയെനിക്ക് ഒരു കോപ്പും കൊണ്ട് വരണ്ട. മര്യാദയ്ക്ക് നീയെനിക്ക് വിമാനം കാണിച്ച് താ.” കുമാരന്റെ കൂടെ കൂട്ടിയത് വലിയ തലവേദനയായെന്ന് മനസിലാക്കിയ കൂട്ടുകാരൻ എങ്ങനെയെങ്കിലും തലയൂരാൻ അടുത്തുനിന്ന് പൊലീസുകാരന്റെ അടുക്കലേക്ക് കുമാരനെ പറഞ്ഞയച്ചു. പിന്നെ അയാൾ സൂത്രത്തിൽ അപ്രത്യക്ഷനായി.

ആരോരുമില്ലാത്തവർക്ക് ഈശ്വരൻ തുണ. ആ പൊലീസുകാരന്റെ സഹായത്തോടെ കുമാരൻ അങ്ങനെ സന്ദര്‍ശകർക്ക് വിമാനം കാണാനുള്ള വലിയ ഗ്യാലറിയിലെത്തി! മൂന്ന് വശവും കണ്ണാടി കൊണ്ട് മറച്ച ഒരു കണ്ണാടി കൂടായിരുന്നു അത്. വലിയ തിരക്കില്ലെങ്കിലും ഗ്യാലറിയുടെ മുന്‍‌നിരയിൽ മുഴുവൻ ഉന്തും തള്ളുമാണ്. സൌകര്യപ്രദമായ ഒരിടം കിട്ടാതെ, പേ പിടിച്ച നായയെ പോലെ കുമാരന്‍ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഗത്യന്തരമില്ലാതായപ്പോള്‍, മുന്‍പന്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിന് ബലക്ഷയം ബാധിച്ച ഒരിടം കണ്ടുപിടിക്കുക എന്ന അവസാന അടവ് പയറ്റാന്‍ കുമാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുറേ ചെറുപ്പക്കാരികളും തള്ളമാരും നിന്ന സ്ഥലത്ത് കുമാരന്‍ എത്തിപ്പെടുന്നത്.

നുഴഞ്ഞു കയറാൻ പറ്റിയ വിടവിനായി കുമാരന്‍ ഏറെ നേരം സഹിഷ്ണുതയോടെ കാത്തുനിന്നു. അതിനിടയില്‍, പറന്നുയരുന്ന വിമാനങ്ങളെ കഴുത്ത് നീട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കാന്‍ കുമാരന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, ഇങ്ങനെ അരകുറയായി വിമാനം കണ്ടിട്ട് കാര്യമില്ലല്ലോ! “കുറച്ചുകൂടി പൊക്കം വയ്ക്കേണ്ടതായിരുന്നു...!“ ഏതോ നല്ല ജനിസിൽ പെട്ട ചില ചേച്ചിമാരുടെ പൊക്കം കണ്ട് കുമാരൻ അസൂയപ്പെട്ടു. തരത്തിനുള്ള ചില ചേച്ചിമാരെ കയറി മുട്ടണമെന്ന് കുമാരന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും തൽക്കാലം ഇന്നത്തെ അജണ്ടയിൽ ഇല്ല. ആദ്യം വിമാനം കാണുക, അതുകഴിഞ്ഞാലോചിക്കാം തട്ടണോ മുട്ടണോ എന്ന്!

കുമാരന്‍റെ വെപ്രാളവും വേഷവും കണ്ട് ഭയന്ന ഒരു ഇളം‌മുറക്കാരി പേടിച്ച് അമ്മയുടെ കരവലയത്തിലേക്ക് കയറിയതോടെയാണ് കുമാരൻ അതുവരെ കാത്തിരുന്ന ന്യൂനമര്‍ദ്ദ പ്രദേശം സഫലമായത്. ഇനി, മുന്നില്‍ നില്‍ക്കുന്ന ഒരുത്തിയെ കൂടി ഒഴിവാക്കിയാല്‍ സൌകര്യമായി വിമാനം കാണാം. ആ പെണ്ണിന്‍റെ കഴുത്തിനിടയില്‍ കൂടിയും, ഇടക്കിടെ പാറുന്ന തലമുടിക്കിടയിലൂടെയും കുമാരന്‍ ഭാഗീകമായിട്ടെങ്കിലും വിമാനത്താവളത്തിന്‍റെ ഭൂപടം വരച്ചെടുത്തു. പിന്നെയും ചില സംശയങ്ങള്‍! വിമാനത്താവളത്തിന്‌ വിമാനത്താവളം എന്ന പേര് വരാൻ കാരണമെന്താണ്? കാറ്റ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പേരുകൾ വച്ചുനോക്കുമ്പോൾ വിമാന സ്റ്റാൻഡ് എന്ന പേരല്ലേ വരേണ്ടിരുന്നത്? പിന്നെ, വിമാനത്തിന്‌ മാത്രം ഹോണില്ലാത്തത് എന്തുകൊണ്ടാ‍ണ്? പാടത്തും പറമ്പത്തും നിന്നും താൻ എത്ര കൈ കാട്ടിയിട്ടും വിമാനം നിർത്താതെ പോകുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ പോവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ ഒരു ആൺ‌തരിയെങ്കിലും അടുത്തുണ്ടാവുമോ എന്നറിയാൻ കുമാരൻ തിരിയാന്‍ തുടങ്ങിയതേയുള്ളൂ. “എന്‍റമ്മോ....” എന്നൊരു നിലവിളിയോടെ കുമാരന്‍ ദേ കിടക്കുന്നു. അസൂയപൂണ്ട ഏതോ പട്ടണപ്പരിശ പിന്നില്‍ നിന്ന് തള്ളിയതാണ്. തള്ളലിന്‍റെ ഊക്കില്‍ സകല നിയന്ത്രണവും വിട്ട് കുമാരന്‍ മുന്നില്‍ നിന്ന പെണ്ണിന്‍റെ പുറത്തേക്ക് ചെന്നുവീണു. രണ്ട് ശരീരങ്ങളും മുന്നിലുണ്ടായിരുന്ന കണ്ണാടിയില്‍ അല്‍പ്പനേരം ഒട്ടിയിരുന്നു. കുമാരന്‍ മുകളില്‍ പെണ്ണ് അടിയില്‍! അതുവരെ ഇംഗ്ലീഷിലും മംഗ്ലീഷിലും വാചകമടിക്കുകയായിരുന്ന പെണ്ണുങ്ങളെല്ലാം “എന്റെമ്മച്ചിയേ” എന്ന് വിളിച്ച് നാലുപാടും ചിതറി. സ്പോഞ്ച് മെത്തയിൽ വീണ പോലെ കുമാരന്റെ ശരീരം കുളിര് കോരി. “ഹോ... ഇത്രയ്ക്ക് സോഫ്റ്റാണോ?” കുമാരന് ആ റിലേഷൻഷിപ്പിനെ അടുത്ത ലവലിലേക്ക് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിന് ആ പെണ്ണ് സമ്മതിക്കില്ലല്ലോ! എന്തുചെയ്യും? കിട്ടിയത് ആട്ടേ എന്ന് തൽക്കാലം സമാധാനിച്ച് കുമാരൻ സമനില വീണ്ടെടുത്തു, പിന്നെ ചിതറിയോടിയ പെണ്ണുങ്ങളുടെ സ്ഥാനം അപഹരിച്ച് കണ്ണാടിക്കൂടിലേക്ക് ചേർന്ന് നിന്നു. അതിന് ശേഷം ഒന്നുമറിയാത്തതു പോലെ, വിമാനത്തിന് കൈകാട്ടാനും ടാറ്റാ പറയാനും തുടങ്ങി.

ഇതുവരെ മുന്നില്‍ നിന്ന പെണ്ണിപ്പോള്‍ കുമാരന്‍റെ പിന്നിലാണ് നില്‍പ്പ്. കുമാരന്റെ തൂമ്പാ തട്ടി അവളുടെ ഡിക്കി ചളുങ്ങിയെന്ന് തോന്നുന്നു, ഇടക്കിടെ അവൾ പിന്നാമ്പുറം നോക്കുകയും അവിടം തടവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരോ തവണ തിരിയുമ്പോഴും അവളുടെ കൈ കുമാരന്‍റെ മുതുകില്‍ സ്പർശിച്ചു. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയില്‍ ആദ്യമൊന്നും കുമാരന്‍ അത് ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, വേദനയും അസ്വസ്ഥതയും മൂലം ഞെരിപിരി കൊള്ളുന്ന അവളുടെ ആട്ടവും അനക്കവും കുമാരൻ ശ്രദ്ധിക്കാൻ തുടങ്ങി, ചെവിയും തൊലിയും ഉപയോഗിച്ച്! തിരിഞ്ഞു നോക്കിയാൽ ഇതുവരെ ലഭിച്ച സ്പര്‍ശനസുഖം എന്നന്നേക്കുമായി നഷ്ടമായാലോ? അതുവരെ കൈ കാണിച്ചും പല്ലിളിച്ചും ഖുഷിയായി നിന്ന കുമാരൻ പെട്ടെന്ന് വടിയായി. ടെൻഷൻ! ടെൻഷൻ!

പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു. പരാജയമായിരുന്നു പരിണിത ഫലം. എങ്കിലും കുമാരൻ വിടുമോ? മുഖം കാണാൻ പറ്റീല്ലേങ്കിലും വേണ്ടില്ല. വേറെന്തെങ്കിലും കണ്ടാലും മതിയായിരുന്നു. കുമാരൻ കക്ഷത്തിനിടയിലൂടെ താഴേക്ക് നോക്കി. തൊട്ടുവന്ദിക്കാൻ തോന്നുന്ന സുന്ദരമായ പാദങ്ങൾ... ഹാവൂ..... അങ്ങനെ നെടുവീർപ്പിട്ട് നിൽക്കുമ്പോഴാണ് തനിക്ക് മുന്നിലെ കണ്ണാടിയില്‍ അവളുടെ മുഖം പ്രതിഫലിക്കുന്ന കാര്യം കുമാരന്റെ ശ്രദ്ധയിൽ പെടുന്നത്. തല പിന്നിലേക്ക് അഡ്ജസ്റ്റ് ചെയ്ത്, കണ്ണിന്‍റെ ലെന്‍സ് പരമാവധി ക്രമീകരിച്ച് കുമാരൻ നോക്കി. ചെന്താമര പോലെ ചുവന്നു തുടുത്ത ഒരു പെണ്‍കുട്ടി. അതിനടുത്ത് കറുത്ത് കരുവാളിച്ച ഒരു കോന്തൻ. സ്വന്തം രൂപം അവഗണിച്ച് കുമാരൻ വീണ്ടും വീണ്ടും നോക്കി. അവളുടെ സൌന്ദര്യം വ്യക്തമാവുന്തോറും കുമാരന്റെ ചങ്കടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി. ജീ‍വിതത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി ഇത്ര അടുത്ത്! മിന്നല്‍പ്പിണര്‍ പോലെ എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് മേലോട്ട് കയറിപ്പോവുന്നതുപോലെ! അതിന്റെ ചൂടിൽ മസ്തിഷ്ക്കവും നാവും വരളുന്നു. കണ്‍ധമനികള്‍ ചൂടുപിടിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു, അതിൽ ശ്വാസോച്ഛാസത്തിന്റെ നൃത്തം പാളുന്നു. അങ്ങനെ, ജീവിതത്തിനും മരണത്തിനുമുടയിൽ ഘടികാര സൂചിയാടുമ്പോഴാണ് വീണ്ടും ഒരു തണുപ്പ് മുതുകത്ത് അനുഭവപ്പെടുന്നത്. “ഈശ്വരാ… ഇതെന്ത് പരീക്ഷണമാണ്?” മുഖത്ത് പൊട്ടിയ സന്തോഷം മറച്ചുവച്ച്, മുഖം പരമാവധി ശോകമയമാക്കി കുമാരൻ മുകളിലേക്ക് നോക്കി ചോദിച്ചു. പിന്നെ, അപ്രതീക്ഷിതമായി വീണുകിട്ടിയ രതിസാഫല്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കുമാരന്‍ അനങ്ങാതെ സ്വയം നിന്നുകൊടുത്തു.

നിമിഷങ്ങളും മിനിറ്റുകളും ആരെയും വകവയ്ക്കാതെ മാർച്ച്‌പാസ് ചെയ്തുകൊണ്ടിരുന്നു. മൂക്കിലെ പാലം തകരുന്ന മാതിരി ആരോ അമർത്തി വിട്ട അധോവായുവാണ് കുമാരന്റെ തലയ്ക്ക് തട്ടി അയാളെ പരിസര ബോധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അശുദ്ധ വായുവിന്റെ മന്ദത മാറിയപ്പോൾ കുമാരന്‍റെ മനസില്‍ ലജ്ജയും അതിലുപരി ഒരു തരം ഭീതിയും രൂപപ്പെട്ടു. “ഛേ... എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും താനീ കാണിച്ചതെല്ലാം! തനിക്ക് അപരിചയമായ ഒരു സ്ഥലമാണെങ്കില്‍ കൂടി, ഇത്ര തരംതാഴാന്‍ പാടില്ലായിരുന്നു.” തനിക്ക് ഇപ്പോഴെങ്കിലും പരിസര ബോധം ഉണ്ടായതിൽ കുമാരൻ ആ‍രുടെയോ ഗ്യാസ് ട്രബിളിന് നന്ദി പറഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി! ഇടംവലം നോക്കാതെ അവിടെ നിന്ന് പതിയെ പിന്‍‌വാങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. അതിനുമുമ്പ്, തന്‍റെ പിന്നില്‍ നില്‍ക്കുന്ന ‘പ്രിയതമയുടെ’ മുഖം ശരിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!! കുമാരന്‍ കൊതിച്ചു. എവിടെയെങ്കിലും വച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പറയാമല്ലോ! സ്വന്തം വികാരങ്ങളെ തട്ടിയുണര്‍ത്തി ഇത്രയും നേരം മുലയൂട്ടിയ ആ പെണ്‍കുട്ടിയോടുള്ള ലജ്ജാവഹമായ കൃതജ്ഞതയോടും പ്രണയാതുര ഭാവത്തോടും കുമാരന്‍ മെല്ലെ തിരിഞ്ഞു. അവിടെ പെണ്ണ് പോയിട്ട് ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല! ഗ്ലാസ് കൊണ്ടടച്ച ഗ്യാലറിയിലെ ഉഷ്ണത്തില്‍ വിയർത്തൊഴുകിയ മുതുകില്‍ ഷര്‍ട്ട് ഒട്ടിപ്പിടിച്ചപ്പോള്‍ മനസില്‍ രൂപംകൊണ്ട മരീചികകളായിരുന്നു തനിക്ക് ലഭിച്ച തണുപ്പും, ‘പെണ്‍സുഖമെന്ന്’ കുമാരന്‍ വീട്ടിലെത്തിയപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

3 comments:

 1. പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു
  പ്രയോഗം കൊള്ളാം.ആശംസകള്‍

  ReplyDelete
 2. നന്നായിരിക്കുന്നു .. താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട് , ചുരുക്കമായേ കമന്റാരുള്ളൂ എങ്കിലും.
  Dating നെ പറ്റിയുള്ള ലേഖനത്തില്‍ എന്‍റെ അവസാനത്തെ കമന്റു ഇടാത്തതില്‍ ഉള്ള ചെറിയ വിഷമവും അറിയിക്കുന്നു
  എന്നാലും ഞാന്‍ തന്റെ ഒരു ഫാന്‍ ആണ് !!!

  ReplyDelete
 3. നന്ദി ജിയോ, സങ്കൽ‌പ്പങ്ങൾ. ;)

  ReplyDelete