Monday, May 9, 2011

തിന്മ എന്നാൽ എന്ത്? (What is Evil?)


ദൈവത്തിന്‍റെ അസ്ഥിത്വം ബുദ്ധിയുടെ സഹായത്തോടെ തെളിയിക്കാനാവുമെന്ന് സമർത്ഥിക്കുന്ന വിശുദ്ധ തോമസ് അക്വീനാസിന്‍റെ അഞ്ച് വാദങ്ങളെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം. ദൈവത്തിന്‍റെ അസ്ഥിത്വം ബൌദ്ധികമായി തെളിയിക്കാനാവുമെന്ന് തോമസ് അക്വീനാസ് പറയുമ്പോള്‍, ഉയര്‍ന്ന് വരാവുന്ന സംശയങ്ങളും വെല്ലുവിളികളും നിരവധിയാണ്. “ദൈവമുണ്ടെങ്കിൽ, ദൈവത്തിനും തിന്മയ്ക്കും (Evil) എങ്ങനെ ഒരേ സമയം സഹവർത്തിത്വത്തോടെ നിലനിൽക്കാൻ കഴിയും?” എന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. നിരീശ്വരവാധികളും ഭൌതീകവാദികളും ഉന്നയിക്കുന്ന അത്തരം ചില ചോദ്യങ്ങളില്‍ നിന്ന് തിന്മയെ കുറിച്ചുള്ള ഈ എളിയ പഠനം ആ‍രംഭിക്കാം എന്ന് കരുതുന്നു.

പരിപൂര്‍ണ്ണനും അനന്തനും സര്‍വ്വശക്തനും സര്‍വവ്യാപിയുമായ ദൈവത്തിന്‍റെ അസ്ഥിത്വം സാധ്യമാണെങ്കില്‍‍, തിന്‍‌മ എന്തുകൊണ്ട് ഉണ്ടാകുന്നു? ദൈവത്തിനും തിന്മയ്ക്കും ഒരേ സമയം നിലനിൽക്കാൻ സാധിക്കുമോ? ദൈവം എന്തുകൊണ്ട് തിന്മയില്ലാത്ത (അപൂർണ്ണതകളില്ലാത്ത) ഒരു ലോകം സൃഷ്ടിച്ചില്ല? നിഷ്ക്കളങ്കരായ മനുഷ്യന്‍ എന്തിന് പട്ടിണിയും രോഗവും ദാരിദ്രവും മൂലം മരിക്കുന്നു? ദൈവം സ്നേഹനിധിയായിരുന്നെങ്കില്‍, ഇവയെല്ലാം തടയുമായിരുന്നില്ലേ? അതോ, മനുഷ്യന്‍റെ ക്ലേശങ്ങള്‍ കണ്ട് കൈകൊട്ടിച്ചിരിക്കാനാണോ ദൈവത്തിന് ഇഷ്ടം? അല്ലെങ്കിൽ, ഇതൊന്നും കാണാന്‍ കഴിയാത്ത കണ്ണുപൊട്ടനും നിർദയനുമാണോ ദൈവം? ലോകത്തില്‍ തിന്‍‌മ ചെയ്യുന്നവര്‍ സുഖസമൃദ്ധിയില്‍ കഴിയുന്നു, ഒരു തെറ്റും ചെയ്യാത്ത പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, ഇതാണോ ദൈവത്തിന്‍റെ നീതി? ഇതിന്‍റെയെല്ലാം അര്‍ത്ഥം ദൈവം ഇല്ലന്നല്ലേ? ദൈവം സര്‍വശക്തനാണെങ്കില്‍, എന്തുകൊണ്ട് തിന്‍‌മയെ ദൈവം നശിപ്പിക്കുന്നില്ല? ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ആ നീണ്ട പട്ടിക.

അസ്ഥിത്വവാദികളായ തത്വചിന്തകന്‍‌മാരുടെ (Existentialist philosophers) കൃതികള്‍ വായിച്ചാല്‍ ഭ്രാന്തുപിടിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ നമുക്ക് കാണാനാവും. ചിന്തിക്കുന്ന മനുഷ്യന്‍റെ അന്തമില്ലാത്ത ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതഗ്രന്ഥങ്ങള്‍ അപര്യാപ്തമാണെന്നത് ഒരു ദുഃഖസത്യം തന്നെയാണ്. അഥവാ അവ ഉത്തരം നൽകുന്നുണ്ടെങ്കിൽ തന്നെ, അത് വിശ്വാസികള്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളു. നിരീശ്വരവാദിയെ ബോദ്ധ്യപ്പെടുത്താന്‍ മതഗ്രന്ഥങ്ങൾ അപര്യാപ്തമാണെന്ന് ചുരുക്കം. അത്തരം സന്ദർഭത്തിൽ, വിശ്വാസങ്ങളുടെയോ മതഗ്രന്ഥങ്ങളുടെയോ പിൻ‌ബലമില്ലാതെ, നിരീശ്വരവാദികളെയും ബോധ്യപ്പെടുത്തുന്ന തരത്തിൽ, ബുദ്ധിപരമായ ഉത്തരം ഈ  വിഷയത്തെ സംബന്ധിച്ച് നൽകാനാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

നന്‍‌മയ്ക്കും തിന്‍‌മയ്ക്കും സഹവര്‍ത്തിത്വത്തോടെ ഒരേസമയം എങ്ങനെ നിലനിൽക്കുക എന്നത് യുക്തിപരമായി (Logically) അസാധ്യമാണ്. ഇരുട്ടിനും വെളിച്ചത്തിനും ഒരേ സമയം നിലനില്‍ക്കാകാത്തതു പോലെയാണിത്. ഒന്നുകില്‍ പരിപൂര്‍ണ്ണമായ നന്‍മ മാത്രം നിലനില്‍ക്കണം, അല്ലെങ്കില്‍ തിന്‍‌മ. വൈരുദ്ധ്യശക്തികളായ ചെകുത്താനും ദൈവത്തിനും ഒരേ സമയം എങ്ങനെ ഒരു സ്ഥലത്ത് നിലനില്‍ക്കാനാവും? സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും “The Problem of Evil” എന്നാണ് വിളിക്കുക. ദൈവാസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന Problem of Evil-ലെ രസകരമായ വാദങ്ങളിലേയ്ക്ക്….

1) ദൈവം സര്‍വശക്തനാണ്.
2) ദൈവം എല്ലാം അറിയുന്നവനാണ്.
3) ദൈവം പരിപൂര്‍ണ്ണമായ നന്‍‌മയാണ്.
4) പക്ഷേ, തിന്‍‌മ നിലനില്‍ക്കുന്നു.

5) ദൈവം പരിപൂര്‍ണ്ണ നന്‍‌മയായിരുന്നെങ്കില്‍, തിന്‍‌മ ഉണ്ടാവുമായിരുന്നില്ല.
6) ദൈവം യഥാര്‍ത്ഥത്തില്‍ സര്‍വശക്തനായിരുന്നെങ്കില്‍, എല്ലാ തിന്‍‌മകളെയും തടയാന്‍ ദൈവത്തിന് കഴിയുമായിരുന്നു.
7)‌ ദൈവം എല്ലാം അറിയുന്നവനായിരുന്നെങ്കില്‍, തിന്‍‌മയെ എങ്ങനെ തടയണമെന്ന് ദൈവത്തിന് അറിയുമായിരുന്നു. തിന്‍‌മയെ തടയാന്‍ ദൈവത്തിന് കഴിയുന്നില്ലെങ്കില്‍, ദൈവം സര്‍വശക്തനല്ല.
9) തിന്‍‌മയെ തടുക്കാനുള്ള വഴി ദൈവത്തിന് അറിയാമായിരുന്നിട്ടും ദൈവം തിന്മയെ തടുക്കുന്നില്ല, അതിനാൽ ദൈവം ക്രൂരനാണ്.
10) എന്നാല്‍ തിന്‍‌മ നിലനില്‍ക്കുന്നു, അതിന്‍റെ അര്‍ത്ഥം ദൈവം സര്‍വശക്തനോ, എല്ലാം അറിയുന്നവനോ, നന്‍‌മയോ അല്ലെന്നാണ്.

11) ഇതൊന്നുമല്ലാത്ത ഒന്ന് ദൈവമല്ല.
12) അതിനാല്‍, ദൈവം ഇല്ല.

ലളിതമെന്ന് തോന്നാവുന്ന ഈ വാദത്തില്‍ ഒളിഞ്ഞിരിക്കുന്ന “അപകടം” അല്‍പ്പം സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ മനസിലാവും. ദൈവം ഉണ്ടെന്നും, അവൻ സർവശക്തനാണെന്നുമൊക്കെ അംഗീകരിച്ച് വളരെ പോസിറ്റീവ് ആയി ആരംഭിക്കുന്ന മുകളിലത്തെ വാദം അവസാനിക്കുന്നതാകട്ടെ “ദൈവം ഇല്ല” എന്ന നിഷേധാത്മക പ്രസ്താവനയിലാണ്. സത്യത്തിൽ, ഈ വാദം യുക്തിസജഹവും ന്യായവുമാണ്. ഇവിടെ, ദൈവത്തിന്‍റെ മേല്‍ പ്രതിയോഗികള്‍ ഇവിടെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ പലതാണ്. 1. ശക്തനായ ദൈവം തിന്‍‌മയെ തടുക്കുന്നില്ല. (അതിനാല്‍ ദൈവം ശക്തനല്ല.) 2. സ്നേഹനിധിയായ ദൈവം തിന്‍‌മയെ കണ്ടില്ലെന്ന് നടിക്കുന്നു. (അതിനാല്‍ ദൈവം ക്രൂരനാണ്.) 3. പൂര്‍ണ്ണനായ ദൈവം ഉള്ളപ്പോള്‍ എങ്ങനെ അപൂർണ്ണതയായ തിന്‍‌മയുണ്ടാകും? (അതിനാൽ ദൈവം പൂര്‍ണ്ണനല്ല.) ദൈവത്തിന്‍റെ സ്വഭാവത്തിന് (Nature) നേരെയുള്ള ആക്രമണമാണ് Problem of Evil-ല്‍ അവലംബിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം. പഞ്ചസാരയാണെങ്കില്‍ അത് മധുരിക്കും, മധുരിക്കുന്നില്ലെങ്കില്‍ അത് പഞ്ചസാരയല്ല, ഇതാണ് സംഭവം. ഏതായാലും, സംശയങ്ങൾ തികച്ചും ന്യായം തന്നെ.

നിരീശ്വര വാദം പ്രചരിക്കുന്നതിനുള്ള ഒരു സുപ്രധാന കാരണമാണ് Problem of Evil. പ്രീയപ്പെട്ടവരുടെ അകാല മരണമോ, ജീവിത തകർച്ചയോ മൂലം നിരീശ്വരവാദികളായ വ്യക്തികള്‍ക്ക് പറയാനുള്ള വാദവും ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. പരമ്പരാഗത ഈശ്വര സങ്കല്‍പ്പത്തിന് ചിട്ടയാര്‍ന്ന രൂപവും ഭാവവും നല്‍കിയ തോമസ് അക്വീനാസ്, ലൈബിനിസ് (Leibniz) തുടങ്ങിയവരുടെ ദൈവശാസ്ത്ര ചിന്തകളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ Problem of Evil-ന് കഴിഞ്ഞിട്ടുണ്ടെന്ന് എടുത്തു പറയണം. കാ‍ര്‍മ്മിക നിയമത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനെ സംബന്ധിച്ച് ഇതൊരു പ്രശ്നമേ അല്ല എങ്കിലും, വ്യക്തിയായ ദൈവത്തില്‍ (God who is a Person) വിശ്വസിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീംഗങ്ങളെ സംബന്ധിച്ച് Problem of Evil ഒരു ഊരാക്കുടുക്ക് തന്നെ. മതപരമായ ഉദ്ധരിണികളോ കഥകളോ പറഞ്ഞ് ഇതില്‍ നിന്ന് തലയൂരാനും കഴിയില്ല. ഏതായാലും, മതചായ്‌വുകള്‍ ഒട്ടുമില്ലാതെ ബൌദ്ധികമായ പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് Problem of Evil എന്ന പ്രശ്നത്തെ കീറിമുറിക്കാന്‍ സാധിക്കുമോ?

തിന്‍‌മ (Evil)

തിന്‍‌മ (Evil) എന്നാല്‍ എന്താണ്? കൊമ്പും വാലും ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്‍‌മ ഒരു അവസ്ഥ മാത്രമാണ്. അതായത്, “ന്യായമായി ലഭിക്കേണ്ട ഒരു നന്‍‌മയുടെ അഭാവത്തെയാണ് തിന്‍‌മ എന്ന് പറയുന്നത്.” (Evil is the absence of a due good.) നന്മയുടെ അഭാവത്തെയെല്ലാം തിന്‍‌മ എന്ന് വിളിക്കാന്‍ കഴിയില്ല. മനുഷ്യന് ചിറകില്ലാത്തത് നന്‍‌മയുടെ അഭാവം തന്നെയാണ്, പക്ഷേ അത് തിന്‍‌മയാകുന്നില്ല. അതേ സമയം, കാക്കയ്ക്ക് ചിറകില്ലെങ്കില്‍ അത് തിന്‍‌മയാണ്, കാരണം കാക്കയ്ക്ക് ന്യായമായി ലഭിക്കേണ്ട ചിറക് അവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. തിന്‍‌മ എന്ന ആശയത്തെ കുറിച്ച് കുറേക്കൂടി അറിഞ്ഞാല്‍ മാത്രമേ നമ്മുടെ വിഷയം കൂടുതല്‍ വ്യക്തമാവൂ. മരണം ഒരു തിന്‍‌മയാണോ? അല്ല എന്ന് നിസംശയം പറയാം. ഒരു ജീവിതത്തിന്‍റെ ന്യായമായ അവസാനമാണെല്ലോ മരണം. അത് കൊണ്ട് ഇതിനെ തിന്‍‌മ എന്ന് വിളിക്കാനാവില്ല. പക്ഷേ കൊലപാതകവും ആത്മഹത്യയും തിന്‍‌മയാണ്, കാരണം ന്യായമായ ജീവിതത്തെ മനപൂര്‍വ്വം നിഷേധിക്കുകയാണ് ഇവ രണ്ടും ചെയ്യുന്നത്. അതുപോലെ നാം തിന്‍‌മയെന്ന് കരുതിയിരിക്കുന്ന പലതും തിന്‍‌മ ആവണമെന്നില്ല. ന്യായമായ അഭാവം എന്ന മാനദണ്ഡം ഉപയോഗിച്ചാവണം നന്‍‌മ-തിന്‍‌മകളെ നിര്‍വചിക്കേണ്ടത്. (അങ്ങനെയൊരു സമീപനം ജീവിതത്തിലുണ്ടായാൽ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും.)

തിന്‍‌മ‍ രണ്ടുതരം

തിന്‍‌മയെ രണ്ടായി തിരിക്കാം, സ്വാഭാവിക തിന്‍‌മയെന്നും (Natural evil), ധാര്‍മ്മിക തിന്‍‌മയെന്നും (Moral evil). പ്രകൃതിദത്തമായോ സ്വാഭാവികമായോ സംഭവിക്കുന്ന നന്‍‌മയുടെ അഭാവത്തെ സ്വാഭാവിക തിന്‍‌മ (Natural evil) എന്ന് വിളിക്കാം. ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച, സുനാമി ഇവയെല്ലാം സ്വാഭാവിക തിന്‍‌മയുടെ ഗണത്തില്‍പ്പെടുന്നു. അതേ സമയം, മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനം മൂലം വന്നുഭവിക്കുന്ന തിന്‍മകളെ ധാര്‍മ്മിക തിന്‍‌മകൾ (Moral evil) എന്ന് വിളിക്കുന്നു. സ്വാതന്ത്രത്തിന്റെ ദുരുപയോഗം മൂലം ഉണ്ടാക്കുന്ന തിന്‍‌മകളാണ് ഈ ഗണത്തില്‍ പെടുക. യുദ്ധം, കൊലപാതകം, അക്രമം, മോഷണം തുടങ്ങിയവയെല്ലാം ധാര്‍മ്മിക തിന്‍‌മകളാണ്. ചില ധാര്‍മ്മിക തിന്‍‌മകള്‍ (Moral evil) സ്വാഭാവിക തിന്‍‌മകളായി (Natural evil) ഭവിക്കാറുമുണ്ട്. ഉദാഹരണമായി, പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമൂലം കൊടിയ വരള്‍ച്ച ബാധിക്കുക, പകര്‍ച്ച വ്യാധികള്‍ ബാധിക്കുക, അമിത വ്യാവസായികവല്‍ക്കരണം മൂലം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുക… ഇങ്ങനെ പോകുന്നു അത്തരം തിന്‍‌മകളുടെ പട്ടിക.

മനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയിലൂടെ ആവീർഭവിക്കുന്ന തിന്‍‌മകളെ (Moral evil) ദൈവത്തിന്‍റെമേല്‍ നേരിട്ട് ആരോപിക്കാന്‍ കഴിയില്ല, എന്നാൽ പരോക്ഷമായ കുറ്റാരോപണം സാധ്യമാണ്. കാരണം, മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിക്കുകയും ആ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം തിന്മയുണ്ടാവുമ്പോൾ അതിൽ ദൈവവും പരോക്ഷമായി പങ്കുകാരനാവുന്നു. അതായത്, മകൻ ചെയ്ത കുറ്റത്തിന് പൊലീസ് അയാളുടെ അച്ഛനെ സ്റ്റേഷനിൽ കൊണ്ടിരുത്തുന്നതുപോലെ!

പക്ഷേ, മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നതിലൂടെ ആത്യന്തികമായ ഒരു നന്മയാണ് ദൈവം ചെയ്തത്. അതിനാൽ തന്നെ, സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന് ദൈവം ഉത്തരവാധിയാവില്ല. ഇനി, കുട്ടിയുടെ കൈയ്യില്‍ വാള്‍ കൊടുത്തിട്ട് വെട്ടരുത് എന്ന് പറയുന്നത് പോലെയല്ലേ ദൈവം മനുഷ്യന് സ്വാതന്ത്രം കൊടുത്തതും – എന്ന് വാദിച്ചാല്‍, ശരിയാണ്! പക്ഷേ, ഓർക്കേണ്ടതിതാണ് --  സ്വതന്ത്ര ഇച്ഛാശക്തിയില്ലാത്ത, പരിണാമ ചങ്ങലയിൽ താഴേ തട്ടിൽ കിടക്കുന്ന ഏതെങ്കിലുമൊരു ജീവിയായി നാം പിറവിയെടുക്കാതിരുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്ന്  മനസിലാക്കിയാൽ ഇത്തരം അനാവശ്യ വാദങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.

ഇനി, സ്വാഭാവിക തിന്‍‌മയുടെ (Natural evil) കാര്യമെടുക്കാം. മനുഷ്യന്‍ മൂലം ഉണ്ടാകുന്ന തിന്‍മകള്‍ മാത്രം മാറ്റിനിര്‍ത്തിയാല്‍, സ്വാഭാവിക തിന്‍‌മ എന്ന് പറയാന്‍ ഒന്നും ഉണ്ടാവില്ല എന്നതാണ് രസകരമായ ഒരു കാര്യം. എങ്കിലും, ചിലര്‍ അന്ധരായി ജനിക്കുന്നു, ആരുടെയും കുറ്റം കൊണ്ടല്ലാതെ വികലാംഗരാവുന്നു, ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നു, അപകടങ്ങള്‍ സംഭവിക്കുന്നു, പ്രിയപ്പെട്ടവര്‍ രോഗബാധിതരാവുന്നു, അവര്‍ മരിക്കുന്നു, പട്ടിണി അനുഭവിക്കേണ്ടി വരുന്നു… ഈ തിന്‍‌മകളെ ദൈവത്തിന്‍റെ മേല്‍ ആരോപിക്കാനാവുമോ?

അന്ധനായി ജനിച്ച ഒരു കുട്ടിയുടെ കാര്യം നോക്കാം. കുട്ടി അന്ധനായി ജനിച്ചതിനുള്ള കാരണങ്ങള്‍ പലതാകാം. അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ, പാരമ്പര്യം മൂലമാണെന്നോ, അതുമല്ലെങ്കിൽ മാതാപിതാക്കളുടെ അമിത മദ്യപാനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, റേഡിയേഷൻ പോലുള്ള അന്തരീക്ഷ മലിനീകരണം പോലുള്ള കാ‍രണങ്ങൾ മൂലമെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളിലും, ദൈവം പരോക്ഷമായിട്ടേ തിന്മയുടെ കാരണക്കാ‍രനാവുന്നുള്ളൂ. തെങ്ങില്‍ നിന്ന് തേങ്ങ മാത്രമേയുണ്ടാവൂ എന്നത് പ്രകൃതി നിയമമാണെങ്കിൽ, അപര്യാപ്തമായ ചുറ്റുപാടില്‍ നിന്ന് അന്ധനായ ഒരു കുട്ടി ജനിക്കുന്നുവെന്നതും ഒരു പ്രകൃതി നിയമം മാത്രമല്ലേ! മറ്റൊരു ഉദാഹരണം കൂടി നോക്കിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.

പോസ്റ്റുമാന്‍ കൃഷ്ണന്‍‌കുട്ടി യൌസേപ്പിന്‍റെ തെങ്ങിന്‍ പുരയിടത്തിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ. പ്രതികരിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പ് തേങ്ങ അദ്ദേഹത്തിന്‍റെ തിരുമുഖം തകര്‍ക്കുന്നു. ഈ സംഭവത്തിലെ കുറ്റക്കാരന്‍ ആരാണ്?

തെങ്ങിന്‍‌പുരയിടത്തിലൂടെ നടന്നാല്‍ തേങ്ങ തലയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും കൃഷ്ണന്‍‌കുട്ടി ആ വഴിക്ക് തന്നെ പോയി. കുറ്റക്കാരന്‍ കൃഷ്ണന്‍‌കുട്ടി തന്നെ. ഹേയ്! അത് ശരിയല്ല, കുറ്റക്കാരന്‍ യൌസേപ്പാണ്. അങ്ങേര്‍ സമയത്തിന് സ്വന്തം പുരയിടത്തെ തേങ്ങ ഇട്ടിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവുമായിരുന്നോ? പക്ഷേ, കഴിഞ്ഞ ആഴ്ച അയാള്‍ തേങ്ങ ഇടിയിച്ചതാണെല്ലോ! ഹോ, അപ്പോ തേങ്ങയിട്ട കുമാരനാണ് കുറ്റക്കാരന്‍! പാകമായ തേങ്ങ ഒരെണ്ണം അയാള്‍ വെട്ടാതെ വിട്ടു. പാവം, അയാളെന്ത് പിഴച്ചു? കുറ്റക്കാരന്‍ തെങ്ങാണ്. നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന തെങ്ങിന്‍‌പുരയിടത്തിൽ പോസ്റ്റുമാന്റെ തലയിൽ തന്നെ തേങ്ങയിടാൻ തെങ്ങിന് എങ്ങനെ തോന്നി? അങ്ങനെ പറയല്ലേ.... മിണ്ടാപ്രാണി തെങ്ങിന് എന്തറിയാം! വല്ല കാറ്റോ, അണ്ണാനോ മൂലം തേങ്ങ വീണതായിരിക്കാം. അല്ലല്ല..., എല്ലാറ്റിനും കാരണം ദൈവമാണ്. ദൈവം തെങ്ങിനെ സൃഷ്ടിക്കാതിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാവുമായിരുന്നില്ലല്ലോ!

നമുക്ക് കാര്യത്തിലേക്ക് വരാം. മുകളില്‍പ്പറഞ്ഞ സംഭവം ഒരേസമയം സ്വാഭാവിക തിന്‍‌മയും ധാര്‍മ്മിക തിന്‍‌മയുമാണ്. ദൈവം ഇവിടെ നിസഹായനാണ്. മനുഷ്യന് ഉപകാരപ്രദമാവാന്‍ ദൈവം നൂറ്റാങ്ങുകള്‍ക്ക് മുമ്പ് തെങ്ങിനെ ‘സൃഷ്ടിച്ചു’. തെങ്ങ് പ്രകൃതിയുടെ പ്രേരണയനുസരിച്ച് ലോകമെമ്പാടും പെരുകി. അതില്‍ ഒരു വിത്ത് യൌസേപ്പിന്‍റെ തോട്ടത്തിലും എത്തിപ്പെട്ടു. അത് കൃത്യമായി കൃഷ്ണന്‍‌കുട്ടിയുടെ

തലയില്‍ വീഴുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. ഈ തിന്‍‌മയുടെ ശൃംഖലയില്‍ ദൈവത്തിന്‍റെ സ്ഥാനം വിദൂരത്ത് (Remote) മാത്രമാണ്. അതായത്, ദൈവം തെങ്ങില്‍ കയറുകയോ കൃഷ്ണന്‍‌കുട്ടി വന്ന തക്കത്തില്‍ തേങ്ങ തലയിലിടുകയോ ചെയ്തില്ല. പ്രകൃതിയുടെ ചലനത്തില്‍ സംഭവിച്ച ആകസ്മിക സംഭവം (Accident) മാത്രമായിരുന്നു അത്.

ദശലക്ഷക്കണക്കിന് പൊട്ടിത്തെറികള്‍, കൂട്ടിമുട്ടലുകള്‍, ഛിന്നിച്ചിതറലുകള്‍… ഇതൊക്കെയാണ് അനുനിമിഷം പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പൊട്ടിത്തെറികളും കൂട്ടിമുട്ടലുകളും തിയറി അനുസരിച്ച് തിന്‍‌മയാകുമോ? ഇല്ല. ഇതെല്ലാം തന്നെ ആകസ്മിക സംഭവങ്ങളാണ് (Accidents). പരിണാമത്തിലൂടെ സ്വതന്ത്രമായി സ്വയം വിടരുകയും പെരുകുകയും (Evolve and develope) ചെയ്യുന്ന ഈ പ്രപഞ്ചത്തില്‍ ആകസ്മിക സംഭവങ്ങള്‍ സ്വാഭാവികം മാത്രമാണ്. പ്രകൃതിക്ക് അതിന്‍റേതായ ഒരു ചലനാത്മകതയുണ്ട് (Dynamism). ഈ ഡയനാമിസത്തിന്‍റെ കാരണഭൂതന്‍ ദൈവം എന്ന ശക്തിയാണെങ്കിലും, പ്രപഞ്ചം സ്വതന്ത്രമായ താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ദൈവം എല്ലാ ദിവസവും ചര്‍ക്ക തിരിക്കുന്നതുപോലെ ഭൂമിയെ തിരിച്ചുകൊണ്ടിരിക്കുന്നില്ല. ഇനേര്‍ഷ്യ (Inertia) എന്ന തിയറിയനുസരിച്ച് പ്രപഞ്ചം അതിന്‍റേതായ രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നെന്നേയുള്ളൂ. അതിനാല്‍, ഈ ഡയനാമിസത്തില്‍ ഉണ്ടാവുന്ന ആകസ്മികതയെ (Accident) ദൈവത്തിന്‍റെ തലയില്‍ വയ്ക്കുന്നത് യുക്തിക്ക് ചേര്‍ന്നതല്ല.

ചുരുക്കത്തില്‍, ആത്യന്തികമായി ദൈവത്തിന് നേരിട്ട് (Directly) തിന്‍‌മയുണ്ടാക്കാന്‍ കഴിയില്ല, കാരണം ദൈവത്തിന് അഭാവം ഉണ്ടാക്കാന്‍ കഴിയില്ല (God can not create absence, beacause He himself is presence). പക്ഷേ, നിരവധി കാരണങ്ങള്‍ മൂലം പ്രപഞ്ചത്തില്‍ സ്വാഭാവിക തിന്‍‌മ (Natural evil) ഉണ്ടാകുന്നു. വസ്തുക്കളുടെ കാരണഭൂതന്‍ (Ultimate cause) എന്ന നിലയില്‍, എല്ലാ തിന്‍‌മകള്‍ക്കും പരോക്ഷമായി (Indirectly) ദൈവം ഉത്തരവാധിയാണ്. എന്നാല്‍ ദൈവം തിന്‍‌മ ഉണ്ടാക്കുന്നില്ല, മനുഷ്യന്‍ മൂലമോ ആകസ്മികത്വം മൂലമോ ഉണ്ടാവുന്ന തിന്‍‌മയെ ദൈവം അനുവദിക്കുക (Allow) മാത്രമാണ് ചെയ്യുന്നത്. അതായത്; തേങ്ങ കൃഷ്ണന്‍‌കുട്ടിയുടെ തലയിലേയ്ക്ക് ഇപ്പോ വീഴും എന്ന് കണ്ടിട്ടും ദൈവം ഇടയ്ക്ക് കയറി തേങ്ങയെ പിടിക്കുന്നില്ല. അത് വീഴാന്‍ തന്നെ ദൈവം അനുവദിക്കുന്നു. ഇതുപോലെ, ദൈവം പലപ്പോഴും തിന്മയെ അനുവദിക്കുന്നതായി കാണാൻ കഴിയും.

അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു, കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു... ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

ക്ലൈമാക്സിലെത്തിയ ശേഷം “നിയോഗം” എന്നുപറഞ്ഞ് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണെന്ന് ധരിക്കരുത്. ഇത് മനുഷ്യബുദ്ധിയുടെ നിസഹായതയാണ്. ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു, അതും ഒരു പ്രകൃതിനിയമം തന്നെ!

ഉപസംഹാരം

“തിന്‍‌മ” എന്ന ആയുധം ഉപയോഗിച്ച് ദൈവാസ്ഥിത്വത്തിന് തുരങ്കം വയ്ക്കാന്‍ കഴിയില്ല എന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. മേക്കപ്പിനൊക്കെ ഒരു പരുധിയില്ലേടെയ്… എന്ന് പറയുന്നതുപോലെ വിശദീകരണങ്ങള്‍ക്ക് പരിമിതികളുണ്ട്. അതറിയാവുന്നതുകൊണ്ടുതന്നെ, തുടർന്നുള്ള പഠനങ്ങളും ചർച്ചകളും വായനക്കാരന്റെ വ്യക്തി ജീവിതത്തിലേക്ക് വിടുന്നു, ആത്മാന്വേഷണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, നിഗൂഢമായ ജീവിത സത്യങ്ങൾ പകൽ പോലെ വിരാചിതമാകട്ടെ എന്ന ആശംസയോടെ!

6 comments:

  1. അനേകം തിന്മകൾക്ക് ഹേതുവാകാനിടയുള്ള ഹിറ്റ്ലർമാർ ജനിക്കുന്നു .. ദൈവം ഇതെല്ലാം എന്തിന് അനുവദിക്കുന്നു? സൃഷ്ടികർമ്മത്തിന്റെ സന്തുലിതാവസ്ഥ പ്രളയത്തിലൂടെ തുടരുന്നതിനാണോ ഇങ്ങനെ സംഭവിക്കുന്നത്? അതല്ലെങ്കിൽ ഇവയെല്ലാം ഒരു നിയോഗമാണോ? ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

    On why God needs to allow the scale of suffering witnessed in the Holocaust, Christian apologist and Oxford Philosopher Richard Swinburne answers

    “The less he allows men to bring about large scale horrors, the less freedom and responsibility. We are asking that God should make a toy world, a world where things matter but not very much; where we can choose and our choices make a small difference but the real choices remain God’s. For he would simply not allow us the choice of real harm. He would be like an over-protective parent who will not let his child out of his sight for a moment.”

    ചുരുക്കി പറഞ്ഞാല്‍ ഭൂമിയില്‍ genocide തടയാന്‍ ദൈവം ശ്രമിക്കില്ല. Natural and moral evil സംഭവിക്കുന്നതില്‍ ദൈവത്തിനു വെറുതെ നോക്കി നില്‍ക്കാനെ കഴിയൂ. Problem of evil ചോദ്യം വരുമ്പോള്‍ ദൈവത്തെ ദൂരെ ആര്‍ക്കും തൊടാന്‍ പറ്റാത്ത ഒരു കോണില്‍ കൊണ്ട് പോയി നിര്‍ത്തും.

    പക്ഷെ Argument from Design വരുമ്പോള്‍ തിരികെ വിളിച്ചു കൊണ്ട് വരും. അപ്പോള്‍ ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും വെറും പ്രകൃതി നിയമങ്ങള്‍ കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് സമ്മതിച്ചു കൊടുക്കില്ല.

    ReplyDelete
  2. [Baiju]:ചില കാര്യങ്ങൾ മനുഷ്യബുദ്ധിയ്ക്ക് പോലും അപ്രാപ്യമാണ്. ഈ നിസഹായതയാണ് ജീവിതത്തെ സൌന്ദര്യവത്താക്കുന്നതും, കാവ്യാത്മകമാക്കുന്നതും, ക്രിയാത്മകമാക്കുന്നതും. നിനച്ചതെല്ലാം സംഭവിക്കുകയും, ചോദിച്ചതിനെല്ലാം ഉത്തരം കിട്ടുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര മുഷിപ്പനാകുമായിരുന്നു? ഇതാവുമ്പോൾ, ഉത്തരമില്ലാതെ ഭാവനാലോകത്ത് എത്രവേണമെങ്കിലും നമുക്ക് സഞ്ചരിക്കാം... ജീവിതത്തിൽ നിലനിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥകളാണ് മനുഷ്യനെ ഇന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എത്രതന്നെ ശാസ്ത്രീയമായി മുന്നേറിയാലും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരു പ്രഹേളിക പോലെ അവനെ എന്നും പിന്തുടരും. ഇവിടെയാണ് വിശ്വാസങ്ങൾ ജയിക്കുന്നതും, ശാസ്ത്രം തോൽക്കുന്നതും! ബുദ്ധി പരാജയപ്പെടുന്നിടത്ത് മതങ്ങൾ അവതരിക്കുന്നു

    ഇത് God of gaps argument അല്ലെ ? ഒരു കാലത്ത് മനുഷ്യന് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഭാവനയുടെ ചിറകില്‍ ഏറിയുള്ള ദൈവത്തിന്റെ വചനങ്ങള്‍ നമുക്ക് മതഗ്രന്ഥങ്ങളില്‍ കാണാം. ശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട് ചില കാര്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് ഒരു പക്ഷെ ഒരിക്കലും കണ്ടെത്താന്‍ പറ്റില്ലെന്ന്. ഇന്നത്തെ/ഭാവിയിലെ സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് മത ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ക്ക് ഒരു തരത്തിലുള്ള ഭാവനയില്‍ കാണാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ തീരുമാനം എടുക്കെണ്ടതായിട്ടു വരുന്നുണ്ട്. പക്ഷെ അതിനൊക്കെ മതങ്ങള്ക്കോ/അതിന്റെ നേതാകള്‍ക്കോ better answer തരാന്‍ സാധിക്കും എന്ന് വിചാരിക്കുന്നത് വെറും ബാലിശമാണ്.

    ഉദാ: As Christopher Hitchens asked "Would the Pope favor aborting a foetus with a gay gene* ?"

    *There is nothing called a gay gene now, but in future let us assume we have a technology which can predict sexual orientation

    ReplyDelete
  3. ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു വ്യക്തിയായി (personal) കാണുന്ന ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവയ്ക്കാണ് Problem of evil കൂടുതൽ തലവേദന സൃഷ്ടിക്കാറ്. ഹിന്ദുമതത്തിന് (vedic religion) ഈശ്വരൻ impersonal ആയ കാർമ്മിക് നിയമമാണ്. അതിനാൽ തന്നെ, വേദിക് ചിന്തകൾ കിടപിടിക്കുന്ന ഒരു ഹിന്ദുവിന് ഈ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ ഒരു പ്രശ്നമേയല്ല.

    ദൈവത്തെ കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുകൾ ഉണ്ടാവുക എന്നതാണ് Problem of Evil എന്ന പ്രശ്നത്തെ തരം ചെയ്യാനുള്ള ഏകമാർഗം. ആത്യന്തീകമായി, ദൈവം impersonal ആയ ഒരു കാർമ്മിക് നിയമമാണെന്നും, പ്രകൃതി നിയമം എന്നതില് കവിഞ്ഞ് അതിന് യാതൊരു പ്രാധാന്യവുമില്ലെന്നുമാണ് എന്റെ അഭിപ്രായം.

    ReplyDelete
  4. ്പ്രിയ ബൈജു...
    ആദ്യലേഖനം വായിച്ചിരുന്നു. രണ്ടാം ലേഖനം വായിച്ചപ്പോള്‍ കമന്റെഴുതാതിരിക്കാന്‍ കഴിയുന്നില്ല. ആത്മാന്വേഷണത്തിന്റെ പാതയില്‍ ചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ലേഖനം വളരെ നന്നായി. ഞാനടക്കം പലരുടെയും മനസ്സിലുള്ള ഒരുപാട് ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയായി ഇത്. പോസ്റ്റുമാന്‍ കൃഷ്ണന്‍കുട്ടിയുടെ തലയില്‍വേണ തേങ്ങ വളരെ ഹാസ്യാത്മകവും അതേസമയം ചിന്തോദ്ദീപകവും ആയിരുന്നു.
    പഴയൊരു മലയാളസിനിമയിലെ
    അല്ലാഹുവെച്ചതാമല്ലലൊന്നില്ലെങ്കില്‍
    അല്ലാഹുവെത്തന്നെ മറക്കില്ലേ ... നമ്മള്‍
    അല്ലാഹുവെത്തന്നെ മറക്കില്ലേ ...
    എല്ലാര്‍ക്കുമെപ്പോഴും എല്ലാം തികഞ്ഞാല്‍
    സ്വര്‍ലോകത്തിനെ വെറുക്കില്ലേ... നമ്മള്‍
    സ്വര്‍ലോകത്തിനെ വെറുക്കില്ലേ...
    എന്ന ഗാനം ഓര്‍മ്മ വന്നു.
    ഇത്തരം വിഷയങ്ങളില്‍ ഇനിയും ലേഖനങ്ങളെഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  5. ലേഖനത്തിൽ ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ഈശ്വരനെ ഒരു വ്യക്തിയായി (personal) കാണുന്ന ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവയ്ക്കാണ് Problem of evil കൂടുതൽ തലവേദന സൃഷ്ടിക്കാറ്. ഹിന്ദുമതത്തിന് (vedic religion) ഈശ്വരൻ impersonal ആയ കാർമ്മിക് നിയമമാണ്. അതിനാൽ തന്നെ, വേദിക് ചിന്തകൾ കിടപിടിക്കുന്ന ഒരു ഹിന്ദുവിന് ഈ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ ഒരു പ്രശ്നമേയല്ല.

    ദൈവത്തെ കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുകൾ ഉണ്ടാവുക എന്നതാണ് Problem of Evil എന്ന പ്രശ്നത്തെ തരം ചെയ്യാനുള്ള ഏകമാർഗം. ആത്യന്തീകമായി, ദൈവം impersonal ആയ ഒരു കാർമ്മിക് നിയമമാണെന്നും, പ്രകൃതി നിയമം എന്നതില് കവിഞ്ഞ് അതിന് യാതൊരു പ്രാധാന്യവുമില്ലെന്നുമാണ് എന്റെ അഭിപ്രായം.


    Karma concept in Eastern philosophies ഇതിനു ഒരു ഒരു പരിധി വരെ യുക്തിഭദ്രമായ ഉത്തരം നല്‍കുന്നുണ്ട് without invoking devil in discussion പക്ഷെ ഇത് താങ്കളുടെ ലേഖനത്തില്‍ കണ്ടില്ലായിരുന്നു. താങ്കള്‍ ഇങ്ങനെ ആയിരുന്നു അത് അവസാനിപ്പിച്ചത്. അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത്.

    ഏതായാലും, ഒരു മഹാരഹസ്യം പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അജ്ഞാതമായി തുടരുന്നു. അവയുടെ മർമ്മം കണ്ടെത്താനുള്ള ശേഷി മനുഷ്യബുദ്ധിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

    ReplyDelete
  6. ബൈജു, നല്ല ഒരു ലേഖനം. ദൈവത്തിന്റെ ആദ്യന്തിക ഇച്ഛ ഉണ്ടെന്നു വിശ്വസിക്കുന്നിടത്ത്, ദൈവം ഇല്ലെന്നു പറഞ്ഞാൽ പ്രശ്നമാവും.

    ReplyDelete