Monday, January 30, 2012

നിസ്സഹകരണം വരുത്തിയ വിനകള്‍


അഹിംസ ഒരു മനോഭാവമാണ്; യുഗങ്ങളോളം പഴക്കമുള്ള ദർശനം. അതിന്റെ വക്താവായി ജീവിതാവസാനം വരെ സമരം ചെയ്ത നിരവധി നേതാക്കന്മാരെ/ആത്മീയ ഗുരുക്കന്മാരെ നമുക്ക് അറിയാം. അവരിൽ ഏറ്റം സുപരിചിതനായ മുഖമാണ് മഹാത്മാ ഗാന്ധി. "അഹിംസ" എന്ന മതപരമായ/തത്വശാസ്ത്രപരമായ ഒരു ആദര്‍ശത്തെ രാഷ്ട്രീയ മേഖലയിൽ പ്രതിയോഗികൾക്കെതിരെ ഒരു സമരതന്ത്രമായി ഉപയോഗിച്ച ആദ്യവ്യക്തി മഹാത്മാഗാന്ധിയാണെന്ന് തോന്നുന്നു. ആത്യന്തികമായ വിജയം അഹിംസാ മാര്‍ഗങ്ങളിലൂടെ മാത്രമേ ലഭ്യമാക്കാനാവൂ എന്ന ഗാന്ധി ദർശനം ക്രിസ്തുവിന്‍റെയും മുഹമ്മദിന്‍റെയും ഭാരതീയ ഋഷിമാരുടെയും ചിന്തകളുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. അതവിടെ നില്‍ക്കട്ടേ!

ഗാന്ധിയുടെ അഹിംസാ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിസ്സഹകരണം ചെലുത്തിയ സ്വാധീനം അനര്‍വ്വചനീയമാണ്. വെള്ളക്കാർ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ മനപ്പൂര്‍വ്വം ലംഘിക്കുകയും, അവയോട് നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്ത ഗാന്ധിജിയുടെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും നടന്ന സ്വാതന്ത്ര്യസമരങ്ങളെ ഏകോപിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തുവെന്നതിൽ സംശയമില്ല.

എന്നാല്‍, ആ മഹാത്മാവ് നമ്മേ പഠിപ്പിച്ച "നിയമം ലംഘിക്കുക" എന്ന കീഴ്വഴക്കം സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യന്‍ ജനതയുടെ "ശപിക്കപ്പെട്ട സ്വഭാവമായി" മാറി എന്ന സത്യം പറയാതെ വയ്യ. നിസ്സഹകരണ പ്രസ്ഥാനത്തിലെ സമര രീതികളിലൂടെ ഗാന്ധിജി പഠിപ്പിക്കാന്‍ ഉദ്ദേശിച്ച "ആത്മീയതയെ" ഉള്‍ക്കൊള്ളുന്നതിന് അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ/സാമൂഹിക ചുറ്റുപാടുകൾക്ക് സാധിക്കാതെ പോയി എന്നത് ഒരു ചരിത്ര വസ്തുതയാണ്. തികച്ചും അച്ചടക്ക രാഹിത്യത്തിലേക്കുള്ള/"നിയമ ലംഘന ഹീറോയിസ"ത്തിലേക്കുള്ള മഹാത്മജിയുടെ ലൈസൻസായി ഇന്ത്യൻ ജനത നിസ്സഹകരണ പ്രസ്ഥാനത്തെ മുതലെടുത്തുവെന്ന് വേണമെങ്കിൽ പറയാം.

ഉദാഹരണമായി, 1922-ലെ ചൌരി ചൌരാ സംഭവത്തില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതും, അതില്‍ അനേകം പൊലീസുകാര്‍ കൊല്ലപ്പെട്ടതും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധിജി സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും, അതിനെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പരിഷ്ക്കരണ വാദികളായ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ള നല്ലൊരു ശതമാനം വരുന്ന നേതാക്കളും എതിര്‍ക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയേക്കാവുന്ന തിക്തഫലങ്ങളെ കുറിച്ചുള്ള മുന്‍‌കരുതല്‍ ഗാന്ധിജിക്ക് ഇല്ലായിരുന്നുവെന്നതിന് തെളിവുകളാണിവയൊക്കെ. അഹിംസാ മാർഗമായ നിസ്സഹകരണ പ്രസ്ഥാനം നിയമ ലംഘനത്തിനുള്ള ഒരു ലൈസൻസായോ, അതിന് പ്രചോദനം നൽകുന്ന ഒരു തരം ഹിറോയിസമായി യുവമനസുകളിൽ വേരുറയ്ക്കുമെന്ന്, ഈ അച്ചടക്കരാഹിത്യം ഇന്ത്യയുടെ ഭാവിയെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഉള്ള ദീർഘവീഷണം മഹാത്മാഗാന്ധിക്ക് ഇല്ലാതെ പോയി. ആത്മീയതയെയും, പ്രായോഗിക ജീവിതത്തെയും കൂട്ടിക്കുഴയ്ക്കുമ്പോൾ സംഭവിച്ചേക്കാവുന്ന ന്യൂനതയായി ഇതിനെ കണ്ടാൽ മതിയാവും.

സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം 65 വർഷം നമുക്ക് മുന്നോട്ട് വരാം, ഈ വർത്തമാന കാലത്തിലേക്ക്! മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് ഭാരതം. എവിടെ നോക്കിയാലും നിയമലംഘനങ്ങളും അച്ചടക്കരാഹിത്യവും...! സമൂഹിക നിയമങ്ങളെ/കീഴ്വഴക്കങ്ങളെ ബഹുമാനിക്കാനോ, അവയോട് ക്രിയാത്മകമായി പ്രതികരിക്കാനോ കഴിയാത്ത ഒരുതരം കുത്തഴിഞ്ഞ സംസ്ക്കാരം ഇന്ത്യയുടെ മാത്രം സംഭാവനയാണ്. എന്തിനും ഏതിനും സമരം ചെയ്യുക, റോഡിലേക്കിറങ്ങി അരാചകത്വം സൃഷ്ടിക്കുക, റോഡിൽ തുപ്പുക, ചവറുകൾ തെരുവിലേക്ക് വലിച്ചെറിയുക, പൊതുസ്ഥലത്ത് മലമൂത്രവിസർജനം ചെയ്യുക ട്രാഫിക് നിയമം ലംഘിക്കുക എന്ന് തുടങ്ങി യാതൊരുവിധ നല്ല ശീലങ്ങളുമില്ലാത്ത ഭൂരിപക്ഷം! നിയമങ്ങളുണ്ടായിട്ടും തികഞ്ഞ അനാസ്ഥ. ദൗർഭാഗ്യകരമെന്ന് പറയട്ടെ; ഒരു വലിയ ജനതയുടെ നിയമങ്ങളോടുള്ള ബഹുമാനക്കുറവും, അടിസ്ഥാനപരമായ അച്ചടക്കരാഹിത്യവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇവയെല്ലാം നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ചാപിള്ളയാണെന്ന് പറഞ്ഞാൽ അതൊരിക്കലും തെറ്റാവില്ല; ഒന്നുമില്ലെങ്കിലും ഇവയെല്ലാം പരോക്ഷമായിട്ടെങ്കിലും തുടങ്ങിവച്ചത് നിസ്സഹകരണ പ്രസ്ഥാനം തന്നെയാണ്.

മുൻപ് സൂചിപ്പിച്ചതുപോലെ, മതപരമായ ഒരാദര്‍ശമാണ് അഹിംസ. ആത്മീയനായി വളരാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ആത്മീയ മനോഭാവമാണിത്. എന്നാൽ, ഇതിനെ അന്ധമായി രാഷ്ട്രീയത്തിൽ പ്രയോഗിക്കാം എന്ന കണ്ടുപിടുത്തം നടത്തിയ മഹാത്മാഗാന്ധി തന്റെ ശ്രമങ്ങളിൽ എത്രമാത്രം വിജയിച്ചുവെന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്.

ഋഷിവര്യന്മാരും, ക്രിസ്തുദേവനുമൊക്കെ ഉദ്ദേശിച്ച അഹിംസ എന്തെന്ന് ഗാന്ധിക്ക് മനസിലായിക്കാണുമോ? ക്രിസ്തു സ്വയം സഹിച്ചതും ക്രൂശിക്കപ്പെട്ടതും ദൈവരാജ്യം എന്ന "സങ്കല്‍പ്പത്തിന്" വേണ്ടിയായിരുന്നു; മനുഷ്യ ഹൃദയങ്ങളുടെ രാജാവാകാൻ വേണ്ടിയായിരുന്നു.

ദൈവരാജ്യത്തിന് സദൃശ്യമായ ഒരു സാമ്രാജ്യം ഭൂമിയിൽ സ്ഥാപിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചിരുന്നെങ്കില്‍ കുരിശ് വലിച്ചെറിഞ്ഞ് അദ്ദേഹം വാളെടുക്കുമായിരുന്നു. കാരണം, അഹിംസയ്ക്ക് പരിമിതികൾ ഉണ്ട്, ലൗകീകമായ/രാഷ്ട്രീയമായ ഒരു പശ്ചാത്തലത്തിൽ! തീർത്തും ആത്മീയമായ മനോഭാവമാണത്. എന്നാല്‍, ഭഗവത്ഗീതയില്‍ നിന്നും ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നും വായിച്ചറിഞ്ഞ ഈ ആത്മീയ സമീപനത്തെ ഭൗതീകമായ സ്വാതന്ത്ര്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ച മഹാത്മാഗാന്ധി വഴിവിട്ട് സഞ്ചരിക്കുകയായിരുന്നില്ലേ? ഭാഗീകമായെങ്കിലും പരാജയപ്പെടുകയായിരുന്നില്ലേ? അങ്ങനെ തോന്നാറുണ്ട്, പലപ്പോഴും!

9 comments:

  1. ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം... ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.

    ReplyDelete
  2. നന്നായിരിക്കുന്നു ,ആശംസകള്‍

    ReplyDelete
  3. സ്വാതന്ത്യം നേടിത്തരാന്‍ അദ്ദേഹം വഹിച്ച പങ്കിനെ കുറിച്ച് മാത്രം നമുക്ക് ഓര്‍ക്കാം.

    ReplyDelete
  4. അഹിംസയുടെ ദാര്‍ശനികപരമായ ഔന്യത്യം മൂന്നു മത വിഭാഗങ്ങള്‍ക്കും തുല്യമായി വീതിച്ച്നല്‍കി താങ്കള്‍ മത ജാതി സമവാക്യങ്ങള്‍ പൂര്‍ത്തിയാക്കി അല്ലെ ,അഭിനന്ദനങ്ങള്‍... ..അഹിംസാ സിദ്ധാന്തത്തെ വിമര്‍ശിക്കുകയാണ് താങ്കളുടെ ലക്ഷ്യമെങ്കിലും ഒരു കാര്യം പറയാതെ വയ്യ. അഹിംസ എന്ന ഒരു ആശയത്തിനു പ്രായോഗികമായും ആശയപരമായും ഊര്‍ജം നല്‍കി അതിനെ ഒരു മഹത്തായതും ലോക ഗതിയെ തന്നെ മാറ്റിമറിക്കാന്‍ വരെ ശേഷിയുള്ളതും ആക്കിത്തീര്‍ത്തതു ,ഭാരതം മാനവര്‍ക്ക് സമര്‍പ്പിച്ച അമൂല്യനിധിയായ ബുദ്ധ ദര്‍ശനങ്ങള്‍ ആണെന്ന് താങ്കള്‍ എന്തെ മറന്നു .ബുദ്ധനെയും ബുദ്ധദര്‍ശനങ്ങളെയും പരാമര്‍ശിക്കാതെ അഹിംസ എന്ന വാക്ക് എങ്ങനെ പൂര്‍ണമാകും .യേശു ദേവന്‍റെ അഹിംസ സിദ്ധാന്തത്തെ ബുദ്ധമത ദര്‍ശനങ്ങള്‍ സ്വാധീനം ചെലുത്തിയത് നമുക്ക് അറിയാമെന്നുല്ലവവയല്ലേ .(സ്വന്തം മസ്തിഷ്കം മതത്തിനു പണയം വെക്കാത്തവരുടെ കാര്യമാണ് പറഞ്ഞത് ) പിന്നെ പറയാതിരിക്കാന്‍ വയ്യാത്ത ഒരു കാര്യം ,അഹിംസ സിദ്ധാന്തത്തില്‍ "മുഹമ്മദിന്റെ" സംഭാവന എല്ലാവര്ക്കും അറിയാവുന്നതല്ലേ.. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇസ്ലാം രൂപമെടുത്തതിനു ശേഷം 500 കൊല്ലക്കാലം ലോകത്താകമാനം അവര്‍ ഒഴുക്കിയ ചോരപ്പുഴകള്‍ അതിനു തെളിവല്ലേ ,അത് ഇപ്പോഴും അവര്‍ ചെയ്യുന്നില്ലേ കഷ്ടമുണ്ട് സോദരാ

    ReplyDelete
  5. രണ്ടു മൂന്നു തലമുറ കുഞ്ഞുങ്ങളെ മുഴുവൻ പള്ളിക്കൂടങ്ങളിൽ നിന്നും വെളിയിലിറക്കി മുദ്രാവാക്യം വിളിപ്പിച്ച് വിധ്വംസകപ്രവർത്തനങ്ങൾ നടത്തിയാൽ പിന്നെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ അതു തൂത്തു കളയാൻ പറ്റുമൊ?

    അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെ ഇരിക്കും

    ReplyDelete
  6. അഹിംസയിലടിസ്ഥാനമായ സമരങ്ങളെ വിജയിപ്പിക്കുന്നത് ആ സമരം ആഹ്വാനം ചെയ്തവരോ, അധികാരികളോ ഒന്നുമല്ല. നമ്മുടെ ശ്രദ്ധയാണ് ആ സമരങ്ങളെ വിജയിപ്പിക്കുന്നത്. എന്താണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്?

    മതം ഒരിക്കലും സമാധാനത്തിന്റെ മാര്‍ഗ്ഗമല്ല. നിരപരാധികളെ കൊല്ലാത്ത ഏതെങ്കിലും ഒരു മതത്തെ ചൂണ്ടിക്കാണിക്കാനാവുമോ?

    ഒന്നിലും ആഴത്തില്‍ അറിവ് നേടാതെ എല്ലാത്തിനും വെള്ളത്തില്‍ വരച്ച ചിത്രങ്ങള്‍ പോലെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് താങ്കള്‍ ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെയുണ്ടാകുന്നത്. ഭൂമിയില്‍ ജീവിക്കുന്ന ഓരോ പൗരനും കാലത്തോട് ഉത്തരവാദിത്തമുണ്ട്. അല്ലാതെ ആരെങ്കിലും നമ്മേ സ്വതന്ത്രരാക്കുമെന്നോ നല്ല വ്യവസ്ഥ നല്‍കുമെന്നോ ഉള്ളത് വെറും വ്യാമോഹം ആണ്

    ReplyDelete
  7. ചരിത്രത്തെ ചരിത്രമായ് കാണാനാണെനിക്കിഷടം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
    ആശംസകൾ...

    ReplyDelete
  8. മഹാത്മാവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. എന്നുമെന്നും ഭാരതത്തില്‍ സമാധാനം വര്‍ഷിക്കാന്‍ അദ്ധേഹത്തിന്റെ മഹനീയമായ അദൃശ്യ സാന്നിദ്ധ്യം ഉണ്ടാവട്ടെ.

    ReplyDelete
  9. പൂർണ്ണമായി യോജിക്കുന്നില്ല. എന്താണ്‌ ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് വ്യക്തമാക്കാൻ ശ്രമിക്കുമ്പോൾ നീണ്ടുനീണ്ടുപോകുന്നു. മിക്കവാറും ഒരു പോസ്റ്റ് വേണ്ടിവരും.

    ഈ ലേഖനം എന്നെ ഏറെ ചിന്തിപ്പിച്ചു. നന്ദി.

    ReplyDelete