രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്താനുഭവങ്ങള്‍ മുഴുവൻ നെഞ്ചിലേറ്റി, ബൌദ്ധികമായും സാമൂഹികമായും അന്യവൽക്കരിക്കപ്പെട്ടുപോയ ഒരു വലിയ തലമുറ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു, അന്‍പതുകളില്‍! യുദ്ധം വരുത്തിവച്ച കൊടും ദാരിദ്രവും അരക്ഷിതാവസ്ഥയും മാത്രമായിരുന്നില്ല അന്ന് ആ തലമുറ നേരിട്ട വെല്ലുവിളികള്‍! സാമൂഹിക അരക്ഷിതാവസ്ഥയെക്കാള്‍, മാനസിക അരക്ഷിതാവസ്ഥ അന്നത്തെ യുവതലമുറയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി അന്നത്തെ സിനിമകളും കൃതികളും കണ്ടാല്‍ മനസിലാവും. അതിന്റെ പ്രാഭവത്തിൽ, നിരവധി ‘തലതിരിഞ്ഞ’ നിഷേധാത്മക, നൈരാശ്യവാദ ചിന്തകള്‍ തലപൊക്കുകയുണ്ടായി; വിപ്ലവം യുവമനസുകളിൽ ചേക്കേറുകയുണ്ടായി. പരമ്പരാഗതമായ മത-സാമൂഹിക-തത്വശാസ്ത്ര ചിന്തകളെ ഛിന്നഭിന്നമാക്കാൻ കെൽപ്പുള്ളതായിരുന്നു ആ സാമൂഹിക പരിവര്‍ത്തനം.
വെറും ആശയങ്ങളുടെ തലങ്ങളിൽ നിന്ന് മാത്രം ജീവിതത്തിന്റെ നിറവും മണവും നിർണ്ണയിച്ചിരുന്ന തത്വചിന്തകന്മാരുടെ വാക്കുകൾക്കും, വിശക്കുന്നവന് അപ്പം നൽകാത്ത ദൈവത്തെ പ്രകീർത്തിക്കുന്ന മതത്തിനും കാൽക്കാശിന്റെ വിലയില്ലാതായി. വിശപ്പിന്റെ മുന്നിൽ മതവും ചിന്തയും മുട്ടുമടക്കി. മനുഷ്യന്‍റെ അസ്ഥിത്വപരമായ പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ഇക്കാലഘട്ടത്താണ് അസ്ഥിത്വവാദം (Existentialism) ഉടലെടുക്കുന്നത്. ലോകം കണ്ട അസ്ഥിത്വവാദികള്‍ എല്ലാം തന്നെ ലോകമഹായുദ്ധം പ്രത്യക്ഷമായോ പരോക്ഷമായോ വരുത്തിയ വിനകളിലൂടെ കടന്നുപോയവരാണ്. അവരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫ്രഞ്ചുകാരനായ ഗബ്രിയേല്‍ മാര്‍സല്‍ (1889-1973).
ഗബ്രിയേല്‍ മാര്‍സല്‍ ഡിസംബര്‍ ഏഴിന് ജനിച്ചു. അച്ചന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. മാര്‍സലിന് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ തുടർന്നുള്ള ജീവിതം. അമ്മയെ കുറിച്ചുള്ള ചുരുക്കം ചില ഓര്‍മ്മകളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാലും, അമ്മയുടെ അദൃശ്യമായ സാന്നിധ്യം മാര്‍സലിനെ എന്നും നയിച്ചിരുന്നു. എട്ടാം വയസില്‍ തന്നെ മാര്‍സല്‍ നാടകങ്ങള്‍ രചിക്കാന്‍ തുടങ്ങി. 1910-ല്‍ തത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1919-ല്‍ വിവാഹിതനായി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, റെഡ് ക്രോസിന് വേണ്ടി യുദ്ധത്തില്‍ മരണമടഞ്ഞ/കാണാതായ സൈനികരുടെ കണക്കെടുക്കുന്ന അതിഭീകരമായ ജോലി ചെയ്യുമ്പോഴാണ് ഇതൊരു "തച്ചുടക്കപ്പെട്ട ലോകമായി" (The Broken World) മാര്‍സല്‍ വിഭാവനം ചെയ്തത്. തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായ ശരീരങ്ങൾക്ക് നടുവിൽ അദ്ദേഹത്തിന് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
തുടര്‍ന്നങ്ങോട്ട്, ക്ഷണപ്രഭാചഞ്ചലമായ ഒരു ലോകത്തിന്റെ അച്ചുതണ്ടിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ വികസിച്ചു. The Mystery of Being, Man Against Mass Society, The Existential Background of Human Dignity, Problematic Man, Being and Having തുടങ്ങിയ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത പുസ്തകങ്ങളെല്ലാം തന്നെ തച്ചുടക്കപ്പെട്ട ഈ ലോകത്തിന്‍റെ ആഖ്യാനങ്ങളായിരുന്നു.
2006-ലാണ് ഗബ്രിയേല്‍ മാര്‍സലിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വായിക്കുന്നതിനും എനിക്ക് അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളും അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും, അമൂല്യമായ നിരവധി ആശയങ്ങള്‍ അദ്ദേഹത്തിന്‍റെ പഠനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം ചിന്തകളെ ക്രോഡീകരിച്ച്, അക്കാലയളവിൽ ഞാൻ തയാറാക്കിയ "Intersubjectivity – A Treatise on the Philosophy of Gabriel Marcel" എന്ന ലഘുപഠനം വായനക്കാരുടെ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു! തത്വശാസ്ത്ര പഠനകാലത്ത് ഞാനെഴുതിയ ഈ തീസിസ് നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ഗബ്രിയേല്‍ മാര്‍സലിന്‍റെ അസ്ഥിത്വവാദ ചിന്തകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പഠന സഹായിയാവട്ടെ എന്ന് ആശിക്കുന്നു! നന്ദി.
വായിച്ചിട്ടില്ലാത്ത, എന്നാൽ വായിക്കാൻ ആഗ്രഹിച്ചിരുന്ന വിവരങ്ങളാണിത്. വിശദവിവരങ്ങൾ ലഭ്യമാക്കിയതും വളരെ ഉപകാരമായി. PDF ഡൗൺലോഡ് ചെയ്തു. മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാം. സാധാരണ കേൾക്കാറില്ലാത്തതും എന്നാൽ ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതുമായ ഒരു വ്യക്തിയെക്കുറിച്ചാണല്ലോ.
ReplyDelete