Saturday, February 18, 2012

സ്ഥാപനവൽക്കരിക്കപ്പെടുന്ന മനസുകൾ!



"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന കാറല്‍ മാക്സ് പ്രസ്ഥാവന നൂറല്ല, ഇരുനൂറ് ശതമാനവും ശരിയാണ്. മതം മയക്കുമരുന്നിനെക്കാൾ അപകടകാരിയാണെന്ന് വേണമെങ്കിൽ പറയാം. മതം അതിന്റെ ആന്തരീകമായ അർത്ഥത്തിൽ ഒരു വ്യക്തിയുടെ ചേതനയിൽ സത്യന്വേഷണത്തിന്റെ വിത്തുകൾ പാകുന്നതിന് പകരം, തികച്ചും ഉപരിപ്ലവമായി സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് ഈ അപകടങ്ങളൊക്കെ സംഭവിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെടുക എന്ന് പറയുമ്പോൾ കുറേ ദേവാലയങ്ങളോ, അതിനെ ചുറ്റിപ്പറ്റി കുറേ സ്കൂളുകളോ കോളേജുകളോ ആശുപത്രികളോ കെട്ടിപ്പൊക്കി വിശ്വാസജീവിതമെന്നാൽ ഇവയെല്ലാം എന്ത് കളികളിച്ചും നടത്തുകൊണ്ട് പോവുക എന്ന അർത്ഥത്തിൽ മാത്രമല്ല; ഒപ്പം മനുഷ്യ മനസിനെ സത്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും വളരാൻ അനുവദിക്കാതെ തളച്ചിടുക എന്നുകൂടി അർത്ഥമുണ്ട്. ഉദാഹരണമായി, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ച ബുദ്ധനോ ക്രിസ്തുവോ നബിയോ ചിന്തിച്ച അതേ രീതിയിലൂടെ മാത്രം ചിന്തിക്കാൻ മനസുകളെ വാർത്തെടുക്കുന്ന, അതിനപ്പുറമോ അതീതമോ ആരും ചിന്തിച്ചുപോകരുതെന്ന കാർക്കശബുദ്ധിയുള്ള ഒരുതരം മുരടിച്ച ചിന്താഗതി. ഈ അർത്ഥത്തിൽ, സ്ഥാപനവൽക്കരിക്കപ്പെടുന്നത് മനുഷ്യ മനസുകളാണ്.

സ്വയം സ്ഥാപനവൽകൃതമാവാനുള്ള (institutionalized) പ്രേരണ/പ്രലോഭനം മനുഷ്യ മനസുകൾക്ക് സ്വതവേ ഉള്ളതുകൊണ്ട്, മത മേലാളന്മാരുടെ കുബുദ്ധികൾക്ക് വിശ്വാസികൾ എളുപ്പം വശംവദരാവുന്നു. Slow poisoning നടത്തി അവർ അവരുടെ ചിന്തകളെയും ജീവിതശൈലികളെയും തങ്കൾക്ക് അനുകൂലമാം വിധം മലീമസമാക്കുന്നു. അങ്ങനെ, പതിവായി കിട്ടാറുള്ള വിഷാംശത്തിന്റെ, വീര്യമേറിയ കറുപ്പിന്റെ മതിഭ്രമത്തിൽ (hallucination) അത് നൽകുന്ന നിര്‍വൃതിയില്‍ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് മരിക്കാനും വിശ്വാസികൾ സ്വയം തയാറാവുന്നു, മതത്തിന്റെ വ്യാമോഹങ്ങളിൽ മയങ്ങി സ്വന്തം ഇച്ഛാശക്തിയെയും ചിന്താശക്തിയെയും ഒരിക്കലും ഉപയോഗിക്കാതെ അറവുമേശയ്ക്ക് മുന്നിലും കിട്ടിയ പുല്ലിന്റെ നീരാസ്വദിക്കാൻ വെമ്പൽകാട്ടുന്ന മാടുകളെ പോലെ! എത്ര പരിതാപകരമായ അവസ്ഥ!

മുൻപ് സൂചിപ്പിച്ചതുപോലെ, മനസുകൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ആത്മീയതയിലെ പ്രതിസന്ധി ആരംഭിക്കുന്നു. മതങ്ങൾ ഏതുമാവട്ടെ, അവ പഠിപ്പിക്കുന്ന സത്യങ്ങൾ ഭാഗീകമാണെന്നും, പരിപൂർണ്ണമായ സത്യത്തിലേക്കുള്ള വെറും ചൂണ്ടുപലകകൾ (means, not ends) മാത്രമാണെന്നുമുള്ള വകതിരിവ് നഷ്ടമായാൽ ആത്മീയാന്വേഷണം അതോടെ വഴിമുട്ടുകയായി. പിന്നെ, ‘ഇത് തന്നെ ലോകം’ എന്ന് സങ്കല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖലോലുപനായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന ഭ്രൂണത്തിന്റെ ഒരു ജീവിതം. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന പ്രസവസമയങ്ങളെ ഈ ഭ്രൂണം വെറുക്കുന്നു. അതിനെതിരെ പരമാവധി പൊരുതുന്നു. ഒടുവിൽ, എല്ലാ പോരാട്ടവും വിഫലമായി, തനിക്കപരിചിതമായ ലോകത്തിന്റെ പിള്ളക്കച്ചയിലേക്ക് പിറന്ന് വീഴുമ്പോൾ, അതിന്റെ ചൂടും തണുപ്പും അംഗീകരിക്കാനാവാതെ വാവിട്ടൊരു കരച്ചിൽ! ഇതൊക്കെയല്ലേ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനങ്ങളില്ലാത്ത, മുൻവിധികളോ ഭയമോ ഇല്ലാത്ത ഒരു തുറന്ന സത്യാന്വേഷണത്തിന്റെ വക്താവ് എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരോ മതവും അപൂർണ്ണമായിരിക്കേ, മറ്റുള്ള മതങ്ങളിലെ സത്യത്തിന്റെ വെളിച്ചം ഉൾക്കൊള്ളാനും, അവയെ ആർശ്ലേഷിക്കാനും കഴിയാത്തത് എന്തുകൊണ്ടാണ്? "You complete me" എന്ന് ഭർത്താവ് ഭാര്യയെ നോക്കിപറയുന്നതുപോലെ, മതങ്ങൾ പരസ്പരം പൂർണ്ണമാക്കുന്നുവെന്നും, ബുദ്ധനും നബിയും ക്രിസ്തുവും വൈരുദ്ധ്യങ്ങൾക്ക് അതീതമായി ഒന്നിക്കുമ്പോൾ മാത്രമേ മതങ്ങളിൽ അന്തർലീനമായി കിടക്കുന്ന സത്യം നമുക്ക് മുന്നിൽ പ്രകാശിക്കുവെന്ന ആന്തരീക ജ്ഞാനം നമുക്കില്ലാതെ പോയത് എന്തുകൊണ്ടാണ്?

പലരുടെയും ആത്മീയജീവിതം പ്രായത്തിനൊത്ത് വളരാത്ത മന്ദബുദ്ധിയാണെന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്. അത് പാതിരിയായാലും, പൂജാരിയായാലും എല്ലാം കണക്ക് തന്നെ! എന്തുചെയ്യാൻ? മതത്തിന്‍റെ ആന്തരീക അര്‍ത്ഥങ്ങളിലേക്ക് വലിച്ചെറിയപ്പെടാന്‍ സ്വയം അനുവദിക്കാതെ, ആരുടെയൊക്കെയോ ചിന്തകള്‍ കാണാപ്പാഠം പഠിച്ച് ഇങ്ങനെയങ്ങ് ജീവിക്കുക. വിശ്വാസം എന്ന മൌലീകതയെ താഴ്ത്തിക്കെട്ടാനോ അതിക്ഷേപിക്കാനോ അല്ല ഇതിവിടെ പറയുന്നത്. ഉപരിപ്ലവമായ വിശ്വാസങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് എടുത്തുചാട്ടം നടത്താല്‍ പലരും മടിക്കുന്നുവെന്ന നഗ്നമായ സത്യം പറഞ്ഞന്നേയുള്ളൂ. ആ എടുത്തുചാട്ടത്തില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ, യാഥാസ്ഥിതിക സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ നാം ഭയക്കുന്നു. ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വയം വിശ്വാസത്തെ ആത്മാര്‍ത്ഥമായി പുനരവലോകനം ചെയ്യാതിരിക്കുന്നത് സ്വന്തം ആത്മാവിനെതിരെ ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ഞാൻ പറയും.

സ്വന്തം വിശ്വാസത്തെ കണ്ണുമടച്ച് നിഷേധിക്കുക എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം. അവ സത്യമാണോ അല്ലയോ എന്ന് ഉരച്ച് നോക്കുക, വിവിധ തലങ്ങളുമായി താരതമ്യം ചെയ്യുകയോ ഒത്തുനോക്കുകയോ ചെയ്ത് സത്യമെന്ന് ബോധ്യമാവുന്നതുവരെ നിഷേധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ശങ്കരാചാര്യരുടെ ആ മനോഭാവം - "നേതി, നേതി" - നമുക്കും ഉണ്ടാവണം. കാണപ്പെടുന്നവയെല്ലാം സത്യമാവണമെന്നില്ല എന്ന അറിവാണ് ശങ്കരാചാര്യരെ യഥാർത്ഥ സത്യാന്വേഷിയാക്കിയതും സത്യത്തിൽ കൊണ്ടെത്തിച്ചതും. "നിഷേധിക്കുക" എന്നത് ഒരു സത്യാന്വേഷണ ഉപാധിയായിട്ടാണ് (Method) ആദിശങ്കരന്‍ ഉപയോഗിച്ചത്. Cogito ergo sum -ന്റെ (I think, therefore I am) ഉപജ്ഞാതാവായ ഡെക്കാർട്ടും നിഷേധം (denial) എന്ന ഉപാധിയിലൂടെയാണ് സത്യത്തിലേക്ക് സഞ്ചരിച്ചത്. ശാസ്ത്രത്തിന്‍റെ മനോഭാവവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സിദ്ധാന്തങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെടുന്നതുവരെ നിഷേധിച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രത്തിന്‍റെയും നിലപാട്. ഇനി, സിദ്ധാന്തം തെളിയിക്കപ്പെട്ട് കഴിഞ്ഞാലോ? “തല്‍ക്കാലത്തേയ്ക്ക് (For the time being) ഈ സിദ്ധാന്തം ശരി” എന്ന നിലപാടാവും ശാസ്ത്രം പിന്നെ സ്വീകരിക്കുക. സിദ്ധാന്തങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്ന ഒരു ശാസ്ത്രജ്ഞന്‍ നിലവിലുള്ള സിദ്ധാന്തത്തെ അന്ധമായി പുല്‍കാറില്ല. അങ്ങനെ പുല്‍കിയാല്‍ അത് ഒരു ശാസ്ത്രജ്ഞന്‍റെ മരണമാണ്, ബൌദ്ധികമായ മരണം! ഏതൊരു സിദ്ധാന്തത്തെയും ഒരു Synthasis എന്ന നിലയില്‍ മാത്രം അംഗീകരിക്കുകയും, പരിപൂര്‍ണ്ണ സത്യത്തെ തേടിയുള്ള യാത്രകള്‍ക്ക് ഹൃദയവാതില്‍ തുറന്നിടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ഒരു യാഥാസ്ഥിതികനായ മതപണ്ഡിതനെക്കാള്‍ ഏറെ ശ്രേഷ്ഠന്‍.

ഇതെല്ലാം എന്താണ് നമുക്ക് തുറന്നുകാട്ടുന്നത്? വെറുതേ കുറേ കാര്യങ്ങൾ വിശ്വസിച്ചാൽ എല്ലാം തികഞ്ഞുവെന്ന് വരില്ല. വിശ്വസിക്കുന്നവ സത്യമാണോ എന്ന് ഉരച്ച് നോക്കണം; വലിയ സത്യങ്ങൾ മനസിലാക്കാൻ അവയെ നിഷേധിക്കണം.... ഇങ്ങനെയാണ് സത്യന്വേഷണം പുരോഗമിക്കുന്നത്, സാഹസികമായ വഴികളിലൂടെ!

ഏതെങ്കിലുമൊരു കാര്യം ആത്യന്തികമായി ശരിയാണെന്നോ തെറ്റാണെന്നോ ഉള്ള നിഗമനത്തിലെത്താൻ നമുക്കാവില്ല എന്ന സത്യം നമ്മെ എളിമയുള്ളവരാക്കട്ടെ! അത് സത്യന്വേഷണത്തിൽ നമ്മേ ഏറെ സഹായിക്കും. സത്യമെന്ന് നാം അവകാശപ്പെടുന്നവ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത തോന്നലുകള്‍ മാത്രമായെന്ന് വരാം. സൌരയുഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍ ഒരു ഫുട്ബോളിന്‍റെ വലിപ്പത്തില്‍ മാത്രം കാണപ്പെടുന്നതുപോലെ, ആകാശമുണ്ടെന്നും അതിന്‍റെ നിറം നീലയാണെന്നും നമുക്ക് തോന്നുന്നതുപോലെ, ഭൂമി പരന്നതാണെന്ന് തോന്നുന്നതുപോലെ, കാണപ്പെടുന്ന സത്യങ്ങള്‍ നമ്മുടെ തോന്നലുകള്‍ മാത്രമായിക്കൂടെ? ഏതിനെക്കുറിച്ചും ന്യായീകരണം കണ്ടെത്തുന്ന ബുദ്ധിയുടെ ഒഴിവുകഴിവുകളോ, മനസിന്‍റെ മരീചികകളോ ആയിക്കൂടേ നാം സത്യമെന്ന് കരുതുന്നവ?

ഭൌതീക വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് പോലും പറയാന്‍ കഴിയാത്ത നമുക്ക് ആത്മീയ കാര്യങ്ങളെ കുറിച്ച് എങ്ങനെ നൂറ് ശതമാനവും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയും? ബുദ്ധനും, യേശും, നബിയും, ശങ്കരാചാര്യരുമെല്ലാം അവർക്കാവുന്ന വിധം സത്യാന്വേഷണം നടത്തി. അവരെ പിന്തുടരുന്നതോടൊപ്പം, അവർ നിർത്തിയ സ്ഥലത്ത് നിന്ന് നമ്മുടെ യാത്ര ആരംഭിക്കാൻ നമുക്ക് കടമയുണ്ട്, അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ക്ക് അതീതമായ സത്യങ്ങള്‍ കണ്ടെത്താൻ! ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, 2000 വര്‍ഷത്തിന് മുമ്പ് യേശു നിന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടം! നബി ജീവിച്ച കാലഘട്ടത്ത് നിന്ന് ചിന്തിക്കാനാണ് മുസ്ലീംഗങ്ങൾക്കുമിഷ്ടം! ഇതൊന്നും അത്ര ശരിയല്ല; നമുക്ക് മാറാം നമുക്ക് വേണ്ടി തന്നെ...!

3 comments:

  1. മനുഷ്യന്‍ ചീത്തയായിപ്പോകാതിരിക്കാനാണ്‌ എന്ന ലേബലിലാണ്‌ എല്ലാ മതങ്ങളും രൂപികരിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യരെല്ലാവരും കൂടി മതത്തേയും അതിലൂടെ തങ്ങളെതന്നെയും മാലിന്യങ്ങളാക്കുകയാണ്‌ ഇപ്പോള്‍ കണ്ടുവരുന്നത്.

    ReplyDelete
  2. ബുദ്ധനെയും ക്രിസ്തുവെയും നബിയെയും സൗഹാർദ്ദപൂർവം വെല്ലുവിളിക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?
    അപരിമേയമായ സത്യത്തിന്റെ അപൂർണ്ണമായ പ്രകടനങ്ങളെന്ന നിലയിൽ, സത്യത്തിലെ വിവിധ വശങ്ങളെന്ന നിലയിൽ, ഒരോ മതവും അതിൽതന്നെ പരിമിതമാണെന്നും, അതിന്റെ പഠനങ്ങളിൽ തെറ്റുകൾ വന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും മനസിലാക്കാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?


    മതമേലധികാരികൾ തീർച്ചയായും ഉത്തരം തന്നേ മതിയാവൂ. മതത്തെ അന്ധമായി നിഷേധിച്ചുകൊണ്ടുള്ള ലേഖനങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ ലേഖനം അത്തരത്തിൽ ഒന്നല്ല. ഇത്തരം ചിന്തകളോട് നൂറല്ല ഇരുനൂറുശതമാനവും യോജിക്കുന്നു. എഴുതിയതിന്‌ അഭിനന്ദനങ്ങൾ മാത്രമല്ല, നന്ദിയും അറിയിക്കുന്നു.

    ReplyDelete
  3. baiju വിന്റെ അഭിപ്രായത്തിനോട് യോജിക്കാതിരിക്കാനാവില്ല കാരണം ശരിയായ ചിന്തയിലൂടെ മാത്രമെ ശരിയായ വിശ്വാസമുണ്ടാവുകയുള്ളു.വിശ്വാസം ശരിയായ താവണമെങ്കിൽ ചിന്തയിലൂടെയുണ്ടായതാവണമത് ആരും അടിച്ചെൽ‌പ്പിച്ചതാവരുത് മതങ്ങൾ പറയുന്നത് വിശ്വസിക്കണമെങ്കിൽ ശരിയായ ചിന്തയിലൂടെ ഊരിതിരിയുന്നവ മാത്രം ഉൾകൊൾലുമ്പോഴേ സാധ്യമാവൂ.മതത്തിലും ശരികളുണ്ട് പക്ഷെ അവ അടിച്ചേൽ‌പ്പിക്കുമ്പോൾ തെറ്റും വിശ്വസിക്കേണ്ടി വരുന്നു.

    ReplyDelete