Thursday, March 1, 2012

കറണ്ടടിച്ച കുട്ടിക്കാലം

വളരുമ്പോൾ ഇവനൊരു ശാസ്ത്രജ്ഞനായിത്തീരുമോ എന്ന് എന്റെ മാതാപിതാക്കൾ ഭയന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം! കയ്യിൽ കിട്ടുന്നതെന്തും പൊളിച്ചുനോക്കും, തിരിച്ച് അസംബ്ബിൾ ചെയ്യാനറിയാതെ മിഴിക്കും, പിന്നെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുമ്പോൾ സാധനം പഴയ പോലെ കുത്തിച്ചാരി വച്ചിട്ട് തന്ത്രപൂർവം സ്ഥലംവിടും... ഇതായിരുന്നു സ്വഭാവം. അങ്ങനെ ഞാൻ നശിപ്പിച്ച വീട്ടുസാധനങ്ങൾക്ക് കൈയ്യും കണക്കും ഇല്ല. ടേപ്പ് റെക്കോർഡർ മുതൽ ടോർച്ച് വരെയുള്ള പല "വിലപിടിച്ച" സാധനങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രൂ ഡ്രൈവർ, സ്പാനർ, കട്ടിംഗ് പ്ലെയർ, ചുറ്റിക ഇത്യാദി ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് എന്റെ തട്ടിപ്പൊളിക്കൽ പുരോഗമിച്ചത്. ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ച കുടക്കമ്പി, കത്തി, കല്ല് തുടങ്ങിയവയായിരുന്നു എന്റെ ആയുധങ്ങൾ. ഇവയെല്ലാം സൂക്ഷിക്കുന്നതിന് ഞാൻ തന്നെ ഉണ്ടാക്കിയ ഒരു മരപ്പെട്ടിയും ഉണ്ടായിരുന്നു. അങ്ങനെ ഞാൻ നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തെ കുറിച്ചാണ് ഈ പോസ്റ്റ്.

നാലാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു... കുടുംബ വീടിന് തൊട്ടടുത്ത് എന്റെപ്പൻ പുതുതായി ഒരു വീട് പണിഞ്ഞ സമയം. ഗൃഹപ്രവേശം കഴിഞ്ഞ് മാസങ്ങളോളം ഞങ്ങടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നത് വലിയ മണ്ണെണ്ണ വിളക്കുകൾ (മെഴുകുതിരി പോലും അന്നത്ര പോപുലർ അല്ലെന്ന് തോന്നു, ക്രിസ്ത്യൻ പള്ളികളിൽ മാത്രമേ അക്കാലത്ത് മെഴുകുതിരി ഞാൻ ഞാൻ കണ്ടിട്ടുള്ളൂ). സായംസന്ധ്യകളിൽ മണ്ണെണ്ണ വിളക്കിന്റെ ചോട്ടിൽ ഇരുന്നും കിടന്നും ഗൃഹപാഠങ്ങൾ ചെയ്തതും, വിളക്കിന് വേണ്ടി തല്ലുകൂടിയതും, ഈയമ്പാറ്റകളെ വിളക്കിൽ വച്ച് ചുട്ടതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ! അങ്ങനെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീട്ടിൽ കറണ്ടെത്തി. അന്നുമുതൽ, എന്റെ നിരന്തര നിരീക്ഷണത്തിന് വിധേയമായ ഒരു സംഭവമായിരുന്നു കറണ്ട്, നിങ്ങളുടെ ഭാഷയിൽ വൈദ്യുതി.

അതൊരു അവധി ദിവസമാണെന്ന് തോന്നുന്നു... ബാറ്ററിയിൽ നിർമ്മിച്ച ഉന്തുവണ്ടിയുമായി തേരാപാരാ നടക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു കഷ്ണം വയർ കൈയ്യിൽ കിട്ടുന്നത്. സാമാന്യം നീളമുണ്ടായിരുന്നു അതിന്. കിട്ടുന്നതൊന്നും കളയുന്ന സ്വഭാവമല്ല എന്റേത്, അതിനെ ഭദ്രമായി എന്റെ പണിപ്പെട്ടിയിൽ നിക്ഷേപിച്ചു. കൊറേ കഴിഞ്ഞപ്പോഴാണ് ആ വയർ വച്ച് എന്തേലും ചെയ്താലോ എന്ന ആലോചന മനസിൽ ഉദിക്കുന്നത്. അതോടെ, എന്റെയുള്ളിലെ ശാസ്ത്രജ്ഞൻ മാസ്ക്ക് ധരിച്ച് എന്തിനും സന്നദ്ധനായി. കുടുംബ വീട്ടിൽ പോയി അപ്പുപ്പന്റെ ടോർച്ച് അടിച്ചുമാറ്റി. ടോർച്ചിനെ ഡിസ്മാന്റിൽ ചെയ്ത് ഒരു പ്രാഥമിക നിരീക്ഷണം നടത്തി. (ബൾബ് തെളിയിക്കാൻ അതെങ്ങനെ ബാറ്ററിയിൽ കണക്ട് ചെയ്യണം എന്നുപോലും അറിയാത്ത സമയമായിരുന്നുവെന്ന് ഓർക്കണം.) എന്തൊക്കെയോ മനസിലായി എന്ന് തോന്നിയപ്പോൾ, സ്വന്തമായി ബൾബ് കത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

മൂർച്ചയേറിയ കുച്ചരിപ്പലുകൾ കൊണ്ട് വയറിന്റെ രണ്ടറ്റത്തെയും പ്ലാസ്റ്റിക് പറിച്ചുകളഞ്ഞ്, ടോർച്ചിൽ നിന്നെടുത്ത ബൾബിനെ മനസിൽ തോന്നിയപോലെ ചെമ്പുകമ്പി കൊണ്ട് വരിഞ്ഞു. സംഗതി തയാർ! അങ്ങനെ സന്തോഷിക്കുമ്പോഴാണ് കമ്പി സ്പർശിക്കാത്ത ഒരു ഭാഗം ബൾബിലുണ്ടെന്ന് ഞാൻ കാണുന്നത്. (ബൾബിന്റെ പിന്നിൽ പോസിറ്റീവ് ചാർജ് ടെച്ച് ആവുന്ന ലെഡ് പൂശിയ സ്ഥലം). ചുറ്റിയ കമ്പി അഴിച്ച്, കുറേകൂടി നീളത്തിൽ ചെമ്പുകമ്പി ബ്ലേഡ് കൊണ്ട് ചെത്തി, പിന്നെയും ബൾബിനെ ചുറ്റി. ബാക്കിവന്ന കമ്പിയുടെ അറ്റം പോസ്റ്റിറ്റീവ് ചാർജിൽ കൊടുത്തു. Twisted-wire pair-ലെ രണ്ട് വയറുകളും ചേർത്താണ് ബർബിൽ ചുറ്റിയതെന്ന് ഓർക്കണം. എല്ലാം ഭംഗിയായി നിർവഹിച്ച് കഴിഞ്ഞപ്പോൾ, വയറിന്റെ മറ്റേ രണ്ടറ്റത്തും ബാറ്ററി കൊടുത്തു നോക്കി. ബൾബ് കത്തുന്നില്ല. അതെന്താ കത്താത്തത്? കുറച്ച് നേരത്തെ മുടിഞ്ഞ ആലോചന... ഇത് ചാർജില്ലാത്ത ബാറ്ററി ആയിരിക്കുമോ, അപ്പൂപ്പനെ പോലെ? ഏതായാലും കറണ്ടിൽ കൊടുത്ത് നോക്കാം! എല്ലാ സാമഗ്രികളും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

സ്വിച്ചുകളെല്ലാം ഓഫ് ചെയ്ത്, വയറുകളുടെ രണ്ടറ്റവും സോക്കറ്റിൽ തിരുകി. പിന്നെ, അടുത്ത് കിടന്ന കസേരയിൽ സ്വസ്ഥമായി ഇരുന്നു. ഇനി സ്വിച്ചിട്ടാൽ മാത്രം മതി. അവസാന നിരീക്ഷണമെന്ന് നിലയിൽ അസംമ്പ്ലി മുഴുവൻ പരിശോധിച്ചു. അപ്പോഴാണ്, പോസ്റ്റിവ് ചാർജിലെ ലെഡിൽ ചേർന്നിരിക്കേണ്ട ചെമ്പുകമ്പി വിട്ടുനിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും അത് ചേർന്നിരിക്കുന്നില്ല. ങാഹാ...! എന്നോടാണോ കളി? കമ്പിയും ലെഡും ചേരുന്ന ഭാഗം തുടയിൽ വച്ച് അമർത്തി. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. അങ്ങനെ, ബൾബിനെ തുടയിൽ വച്ചമർത്തി എത്തിവലിഞ്ഞ് മുകളിലുള്ള സ്വിച്ചിട്ടു. ഠിം!

രക്ത ധമണികളിലൂടെ പേപിടിച്ച നാലഞ്ച് പെരുച്ചാഴികൾ അങ്ങൊട്ടുമിങ്ങോട്ടും ഓടിയാൽ എങ്ങനെയിരിക്കും? തുടയിലിരുന്ന ബൾബ് പൊട്ടിത്തെറിച്ചു. "എന്റമ്മോ" എന്ന് വിളിച്ച് കണ്ണിൽ കണ്ട വാതായനത്തിലൂടെ പുറത്തേക്ക് ഒറ്റ ഓട്ടം. ഇതെല്ലാം ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു. വിളിയും ഓട്ടവും instinct ആയിരുന്നതിനാൽ ഒരു നൂറ് മീറ്റർ കഴിഞ്ഞപ്പോഴാണ് ബോധം തിരിച്ചുകിട്ടുന്നത്. ഭാഗ്യത്തിന് ആരും കണ്ടില്ല. വിറക്കുന്ന മനസോടെ ഞാൻ തിരിച്ച് നടന്നു. പിന്നെ, പാടത്ത് ഞണ്ട് പിടിക്കാനിരിക്കുന്നത് പോലെ, പമ്മിപ്പമ്മി വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കി. പൊട്ടിയ ബൾബും വയറും സോക്കറ്റിൽ തൂങ്ങിക്കിടക്കുന്നു. മുറ്റത്ത് കുത്തിച്ചാരി വച്ചിരുന്ന മടലെടുത്ത് പമ്പ് ചത്തോന്നറിയാൻ വേണ്ടി കുത്തിനോക്കും പോലെ, ബൾബിനെ സാവധാനം തട്ടി. പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ, വിറകൈകളോടെ സ്വിച്ച് ഓഫ് ചെയ്ത് വയർ സോക്കറ്റിൽ നിന്നൂരി. പിന്നെ, എല്ലാം കൂടി ചുരുട്ടിക്കൂട്ടി ഒറ്റയേറ്. അന്ന് മുഴുവൻ വീട്ടിൽ കറണ്ടില്ലായിരുന്നു. രാത്രി മുഴുവൻ കുറ്റബോധം... ഈശ്വരാ ഞാനെന്താ ഈ ചെയ്തത്? പിറ്റേന്ന് ലൈൻമാൻ വന്ന് ഫ്യൂസ് ശരിയാക്കി. അതോടെ കറണ്ടിനോടുള്ള കൗതുകം അവസാനിച്ചു. ഇന്ന് അന്നത്തെ സംഭവത്തെ കുറിച്ചോർക്കുമ്പോൾ ചിരി വരാറുണ്ട്, ഒപ്പം അത്ഭുതവും! കറണ്ടടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു എന്ന് എന്റെ പേര് പിറ്റേന്ന് പത്രത്തിൽ വാർത്ത വരാതിരുന്നത് പൂർവജന്മപുണ്യം.

8 comments:

  1. ബൈജു,
    അസ്സലായി എഴുതി.
    നല്ലവണ്ണം ചിരിപ്പിച്ചു.
    ആ അന്തരീക്ഷം അങ്ങനെ വരച്ചു കാട്ടിയതിന് പ്രത്യേക അഭിനന്ദനം.

    ReplyDelete
  2. കറണ്ടിൽ ഇത്തരത്തിൽ ചെറുപ്പത്തിൽ നടത്തിയിട്ടുള്ള മണ്ടൻ പരീഷണങ്ങളെ ഓർമിപ്പിച്ചതിന് നന്ദി.രസകരമായും കുട്ടിക്കാലത്തെ ഓർമിപ്പിച്ചും മനോഹരമായ് പറഞ്ഞു.ആശംസകൾ...

    ReplyDelete
    Replies
    1. മുകളിലെ സ്വന്തം ചിത്രം കണ്ടാലും കറന്റടിച്ചപോലുണ്ട് കെട്ടോ...ഹ.ഹ..ഹി..ഹി..

      Delete
  3. അത് കലക്കി ..കറണ്ടടിച്ച് ചത്തില്ലല്ലോ, ഫാഗ്യം

    ReplyDelete
  4. ബാല്യകാലവികൃതികൾ തരക്കേടില്ലല്ലോ :)
    പരീക്ഷണത്വരയും വിഷയത്തിലുള്ള താൽപര്യവും എഴുത്തിലുടനീളം കാണാം. പത്രപ്രവർത്തനമാണെങ്കിലും ഒരു ഹോബിയായി പരീക്ഷണങ്ങൾ തുടരൂ.

    ReplyDelete
  5. തുടയില്‍ വെച്ച് ബള്‍ബ് പൊട്ടിച്ച ആദ്യ വിദ്വാന്‍ താങ്കളായിരിക്കും !

    ReplyDelete
  6. അന്ന് തുടയില്‍ വച്ച് ആ "ബോംബ്" പൊട്ടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ താങ്കള്‍ ഇന്നീ ബ്ലോഗ്‌ ലോകത്ത് കാണുമായിരുന്നില്ല.. അപ്പൊ ദൈവമായിട്ടു പൊട്ടിച്ചതാ ആ ബോംബ്‌ :-)

    ReplyDelete
  7. നഷ്ട ബോധം തോനുന്ന ഓര്‍മ്മകള്‍,.... കുട്ടികലത്തിന്റെ കാന്‍വാസില്‍ തെളിഞ്ഞു കിടന്നു കേട്ടോ..

    എല്ലാം കണ്ടിരുന്ന പോലെ ഒരു തോന്നല്‍... .....././///// ....

    എന്നാലും കഷ്ടിച്ച് രക്ഷപെട്ടു ലെ....

    ReplyDelete