Sunday, January 6, 2013

ശ്മശാനത്തിൻ നടുവിൽ


ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ, എല്ലുകൾ കത്തിപ്പൊടിഞ്ഞ ചുടുചാരം പൂശി, അർദ്ധ നഗ്നനായ് അർദ്ധരാത്രിയിൽ തപസുചെയ്യണം....

ഭീതിജനകമെന്നതിലേറേ, ഭ്രാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള കൊതിയും പിന്നെ മരണഭയവും ഓടിയകലണം...

കത്തിക്കരിയുന്ന മാംസത്തിൻ ഗന്ധം അൽപ്പമാം ആസക്തികളെ വേരോടെ ചുട്ടുകരിക്കണം... മനസിൽ ആശകൾ ചാമ്പലാവണം...

കെട്ടിച്ചമഞ്ഞ ദേഹങ്ങൾ കാണുമ്പോൾ ചിതറിക്കിടക്കുന്ന പൊള്ള തലയോട്ടികൾ ഓർമ്മ വരണം....

ഹൃദ്യമാം പുഞ്ചിരികളെ, വശ്യമാം നോട്ടങ്ങളെ കാർക്കിച്ച് തുപ്പാൻ തോന്നണം...

നേട്ടങ്ങൾക്കായുള്ള നേട്ടോട്ടങ്ങളെ, ഭോഗങ്ങൾക്കായുള്ള  വ്യഗ്രതകളെ, നഷ്ടസ്വപ്നങ്ങളെ വ്യർത്ഥമായ് കരുതാനാകണം...

ഗർഭപാത്രത്തിന്റെ കണക്കുകളും രക്തബന്ധത്തിൻ കടങ്ങളും ആട്ടിപ്പായിക്കാൻ തോന്നണം...

ഹൃദയം ഭേദിക്കും കാഴ്ചകളെ, കഥനകഥകളെ, ആവേശമുണർത്തും വിജയഗാഥകളെ, നാഴികക്കല്ലുകളെ തൃണവൽഗണിക്കാൻ തോന്നണം...

പേമാരി പെയ്താലും, ഭൂമി ചുട്ടുപൊള്ളിയാലും കാലത്തിന്നതീതനായ് വടവൃക്ഷമായ് നിൽക്കണം...

മരുഭൂവിലും സാഗര മധ്യത്തിലും മഴയായ് പൊഴിയും വാനമായി മാറണം; പക്ഷംപിടിക്കാത്ത സൂര്യനായ് ജ്വലിക്കണം....

ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ അർദ്ധ രാത്രിയിൽ തപസുചെയ്യണം...

2 comments:

  1. ശവങ്ങൾ കത്തിയമരുന്ന ശ്മശാനത്തിൻ നടുവിൽ അർദ്ധ രാത്രിയിൽ തപസുചെയ്യണം...

    അപ്പോള്‍ കാളി വരും
    എന്ത് വരം വേണമെന്ന് ചോദിക്കും
    ഏത് കാലിലെ മന്ത് ഏത് കാലിലേയ്ക്ക് മാറ്റും?

    ReplyDelete
  2. തപസ്സു ചെയ്യാം.... എന്നാല്‍ എന്ത് കിട്ടും പകരമായി ?


    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.... ചങ്ങാതിയാകാനും ക്ഷണിക്കുന്നു.......

    ReplyDelete