കാലത്ത് പതിവ് പോലെ അണ്ണൻ (ഈ ഞ്യാൻ തന്നെ) ഓഫീസിലേക്ക് തിരിക്കുന്നു. അറുബോറൻ ബൈക്ക് യാത്ര. ഒപ്പം ഭയങ്കര ട്രാഫിക്കും. ഓട്ടോമാറ്റിക് പൈലറ്റ് മോഡിൽ ഇന്ദ്രിയങ്ങളും ശരീരവും അതിന്റെ പാട്ടിന് വണ്ടിയോടിക്കുന്നു. മനസ് ലക്കും ലഗാനവുമില്ലാതെ പല പല വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു... രാമാപുരം സിഗ്നലിന് സമീപം. മുപ്പതുകൾ തോന്നിക്കുന്ന ഒരു ദമ്പതികളുടെ ബൈക്കിന് പിന്നിൽ ഞാൻ നിൽക്കുന്നു. റോഡിന്റെ ഇടതുവശത്ത് വലിയൊരു ചാലാണ്. അതിന്റെ കരയിൽ പൊന്തക്കാടും നഗരമാലിന്യങ്ങളും... മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ മൂകനായി, അലസനായി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ബൈക്കിന്റെ പിന്നിലിരുന്ന സ്ത്രീ പൊന്തക്കാട്ടിലേക്ക് കൈകൾ ചൂണ്ടി എന്തോ ഭർത്താവിനോട് പറയുന്നു. അവരുടെ മുഖത്ത് ചെറിയൊരു ശൃംഖാരം, ചമ്മൽ... എനിക്കെന്തോ അസാധാരണത തോന്നി. ങേ? പൊന്തക്കാട്ടിൽ എന്താവും, ഈശ്വരാ? എന്റെ അനുവാദമില്ലാതെ കണ്ണുകൾ പൊന്തക്കാട്ടിലേക്ക് ചാടിവീണു. ഒന്നും കാണുന്നില്ല. ഞാൻ എത്തിയും വലിഞ്ഞും നോക്കി. (ചെലപ്പം ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?) ഒടുക്കം ദേ കെടക്കുന്നു സവാള ഗിരിഗിരി...
രണ്ട് പാമ്പുകൾ...! നാണവും ചൊണയുമില്ലാതെ അവ പരസ്പരം രമിക്കുകയാണ്, അതും ചന്തിയിൽ വെയിലടിക്കുന്ന ഒൻപത് മണി നേരത്ത്... ആവേശകരമായ കാഴ്ച. ഹായ് ഹായ്...! പാമ്പുകളുടെ ആവേശം എന്റെ മനസിലിലേക്കും സംക്രമിച്ച് മനുഷ്യന് ഇരിക്കപ്പൊറുതിയില്ലാതായി. കൈയ്യും കാലും ഇല്ലെങ്കിലെന്താ...? പാമ്പുകൾ മനുഷ്യനെയും കടത്തിവെട്ടുന്നു. ഇതാണ് മക്കളെ ഹാർഡ്‌കോർ. കേളികൾ കൊഴുത്ത് നിയന്ത്രണം വിട്ട് രണ്ട് പാമ്പുകളും ചാലിലേക്ക് മറിഞ്ഞ് വീഴുന്നു. ഹോ, കമ്പ്ലീറ്റ് മിസ്സായി! ഞാൻ നിരാശാഭൽഗുണനായി നിൽക്കുമ്പോൾ ദേ പിന്നേം അവറ്റകൾ കേറിവരുന്നു. മുന്നിൽ നിൽക്കുന്ന പെണ്ണുമ്പിള്ളയ്ക്ക് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല... അവർ മുന്നിലിരിക്കുന്ന ഭർത്താവിനെ മാന്തുകളും നുള്ളുകയും പിന്നെ തോളിൽ കടിക്കുകയും ചെയ്യുന്നു. ഒടുക്കം, സൗജന്യമായി കാണാനൊത്ത "അശ്ലീല" ദൃശ്യങ്ങൾക്ക് വിരാമമിട്ട് വാഹനങ്ങൾ മുന്നോട്ട് നീങ്ങി, ഒപ്പം ഞാനും....
നഗരത്തിലെ തിരക്കിൽ നിറംമങ്ങിയ ജീവിതത്തിനിടയിൽ അപൂർവ്വമായെങ്കിലും കണ്ണിൽപ്പെടാറുള്ള ഇത്തരം കാഴ്ചകൾ നമ്മെ വല്ലാതെ സ്വാധീനിക്കാറുണ്ട്, at least in a weird manner..., അവ ഗഥകാല ബാല്യകാല-ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുപോവാറുണ്ട്. ബാക്കിയുള്ള യാത്ര മുഴുവൻ മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ പരിമിതമായ പാരിസ്ഥിതിയിൽ നമ്മുടെ കണ്ണിൽ പെടാൻ ഇഷ്ടപ്പെടാതെ ഒളിച്ചുകഴിയുന്ന അനേകായിരം ജീവജാലങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ... അവയുടെ അസ്ഥിത്വത്തെ കുറിച്ച് നമുക്കൊരു അവബോധമില്ലെങ്കിലും അവ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. പകൽ വെളിച്ചത്തിൽ അവ പുറത്ത് വരുന്നില്ലായിരിക്കാം; എങ്കിലും നഗരത്തിലെ പാരിസ്ഥിതിയ്ക്ക് അനുസൃതം അവയും ജീവിക്കുന്നു... പാമ്പുകളും, കുരങ്ങുകളും, കാട്ടുപന്നികളും, മലയണ്ണാനും, നരികളും, മുള്ളൻപന്നികളുമെല്ലാം....
ഭൂമിയുടെ അവകാശികള്‍
ReplyDelete