ഇതൊരു സ്മരണയാണ്. യാദൃശ്ചികമായി, പരേതനായ ഫാ. ദാനിയേൽ കടകമ്പള്ളിയെ കുറിച്ച് എഴുതണമെന്ന് തോന്നി.
സെമിനാരി പഠനകാലത്ത്, തത്വശാസ്ത്രപഠനം കഴിഞ്ഞ് ആദ്യമായി ഞാൻ റീജൻസിയ്ക്ക് പോയത് കുണ്ടറയിലെ മലങ്കരപ്പള്ളി വികാരിയായിരുന്ന ദാനിയേലച്ചന്റെ അടുത്തേക്കായിരുന്നു. (റീജൻസി എന്ന് വച്ചാൽ സെമിനാരി പഠന കാലത്തിനിടയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തിപരിചയ കാലയളവ് എന്ന് കരുതിയാൽ മതി.) എനിക്കേതാണ്ട് 21-22 വയസ്. തീരെ ചെറുപ്പം, ഒപ്പം ഇഷ്ടം പോലെ വിവരക്കേടും. അച്ചനാവട്ടെ മലങ്കര സഭയിലെ ഏറ്റവും പ്രായം ചെന്ന പുരോഗിതൻ. കൃത്യമായി അറിയില്ലെങ്കിലും, അദ്ദേഹത്തിന് 68 വയസെങ്കിലും ഉണ്ടായിരുന്നു. കർക്കശ്യബുദ്ധിയിലും, ഭക്തിയിലും പ്രാർത്ഥനയിലും പേരുകേട്ട വയോധികൻ. 22 ഉം 68 ഉം! ബെസ്റ്റ് കോമ്പിനേഷൻ. അദ്ദേഹത്തെ കുറിച്ച് ഒരു നുണക്കഥ പോലും കേട്ടിട്ടില്ലാത്ത ഞാൻ ഒരു ദിവസം സന്ധ്യയ്ക്ക് പെട്ടിയും കിടക്കയുമായി അദ്ദേഹത്തിന്റെ പള്ളിമേടയിൽ ചെന്ന് കേറിക്കൊടുത്തു. ആ ദിവസം ഇന്നും എന്റെ ഓർമ്മയിൽ കിടപ്പുണ്ട്.
വൈകിട്ട് 6 മണിയെങ്കിലും ആയിക്കാണും. പള്ളിമേടയിലെ കോളിംഗ് ബല്ലടിച്ചപ്പോൾ ഒരു വൃദ്ധൻ പുറത്തേക്ക് വന്നു. കാവി നിറത്തിലുള്ള മുണ്ട് മാത്രമാണ് വേഷം. കുളത്തിൽ കുളിക്കാനിറങ്ങുന്ന പെണ്ണുങ്ങൾ പാവാട പൊക്കിക്കെട്ടുമ്പോലെയാണ് മുണ്ട് കെട്ടിയിരുന്നത്. "ങേ? ഇതാരാണപ്പ!" രൂപം കണ്ട് ഞാൻ മനസിൽ ചോദിച്ചു. "അച്ചനില്ലേ?" "ആരാ?" "ഞാൻ ബ്രദറാ... റീജൻസിയ്ക്ക് വന്ന...." "ഓ! അകത്ത് വാ..." ഓഫീസ്, കിടപ്പുമുറി, ലൈബ്രറി ഇവയെല്ലാം ചേർന്ന ഒരു ഇരുളടഞ്ഞ മുറിയിലെ സോഫയിൽ എന്ന് ഇരുത്തിയിട്ട് അദ്ദേഹം അവിടത്തെ പ്രധാന സീറ്റിൽ അമർന്നു. അപ്പോഴാണ് 'ഇദ്ദേഹമാണ് അദ്ദേഹം' എന്ന് എനിക്ക് മനസിലാകുന്നത്. ഞാൻ ഷോക്കടിച്ച പോലെയായി. കർത്താവേ, ഈ മൂപ്പിലാന്റെ കൂടെയാണോ ഞാൻ ആറ് മാസം താമസിക്കേണ്ടത്? ഞാനാകെ വല്ലാണ്ടായിപ്പോയി. ഉസ്താദ് ബാദുഷാ ഖാൻ എന്ന സിംഹത്തിന്റെ മടയിൽ ചെന്ന് പെട്ട ഓട്ടക്കീശക്കാരൻ ജഗന്നാഥന്റെ അവസ്ഥയായിരുന്നു എനിക്ക്. ഓടി രക്ഷപ്പെടാനും പറ്റൂല്ല; എന്നാപ്പിന്നെ തിന്നുകേം ഇല്ല. സുദീർഘമായ നെടുവീർപ്പിന് ശേഷം ഞാൻ ചുറ്റും നോക്കി. അച്ചനടക്കം ആ റൂമിലെ സകലമാന വസ്തുക്കളും പുരാവസ്തുക്കളായിരുന്നു. വൃദ്ധരുടെ ശരീരത്തുണ്ടാവാറുള്ള ഒരു പ്രത്യേകതരം മനംമറിക്കുന്ന ഗന്ധം മുറിയിൽ പറന്നിരുന്നു. അച്ചൻ പേരും വീട്ടുപേരും വീട്ടുകാരെയും കുറിച്ചൊക്കെ ചോദിച്ചു. ഞാനെല്ലാറ്റിനും മറുപടിയും പറഞ്ഞു. അതിന് ശേഷം എന്നെ തൊട്ടടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. നല്ല വൃത്തിയുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു മേശയും കസേരയും ഉണ്ട്. കട്ടിൽ കണ്ടപ്പോൾ എനിക്ക് സമാധാനമായി. കുറച്ച് നേരം ഞാൻ അതിൽ ഇരുന്നു; ഒന്നിനുപിന്നാലെ മറ്റൊന്നായി പത്തിരുപത് നെടുവീർപ്പുകൾ മുറിയാകെ നിറഞ്ഞു.
തെല്ല് നേരം കഴിഞ്ഞ് അച്ചൻ അത്താഴം കഴിക്കാൻ വിളിച്ചു. ഹോ! പിന്നേം സമാധാനം! അടുത്തുള്ള ഡൈനിംഗ് റൂമിലേക്ക് അച്ചൻ എന്നെ ആനയിച്ചു. നല്ല ബലമുള്ള ഒരു വലിയ മേശയും, ചന്തിവച്ചാൽ ആടുന്ന രണ്ട് ബഞ്ചുകളുമാണ് അവിടത്തെ ഉരുപ്പിടികൾ. ഞാൻ കൈകഴുകി. അച്ചൻ പാത്രം തുറക്കുന്നു. ചപ്പാത്തി...! മൂന്നെണ്ണം അച്ചന് നാലെണ്ണം എനിക്ക്. പാത്രം കാലി. അടുത്തുള്ള മഠത്തിൽ നിന്ന് കൊണ്ടുവന്നതാണ്. ഞാൻ ചപ്പാത്തിയെ നോക്കി. രാത്രി ചപ്പാത്തി കഴിച്ച് ശീലമില്ലാത്ത ഞാൻ "ചോറില്ലേ അച്ചാ" എന്ന് ചോദിക്കാൻ പോയില്ല. കാരണം, അച്ചൻ കഴിക്കുന്നതെന്തും നമ്മളും കഴിക്കണം. തന്നെയുമല്ല, അച്ചന് പ്രമേഹവും ഉണ്ട്. അപ്പൊപ്പിന്നെ ഭക്ഷണത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ! "അപ്പോ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി, ല്ലേ" -- ഞാൻ മനസിൽ കരുതി. അച്ചൻ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ചപ്പാത്തി കഴിക്കുകയാണ്. ഒരരികേന്ന് ഞാൻ തുടങ്ങി; പാതാളം പോലെ തുറന്ന എന്റെ വയറിന്റെ മൂലയിൽ പോലും കൊള്ളാത്ത ചപ്പാത്തി വയറുനിറയെ കഴിച്ചുവെന്ന് വരുത്താൻ പരമാവധി പ്രസന്നവദനായി, പുഞ്ചിരിതൂകി...! "വയറ് നെറഞ്ഞോ ബ്രദറേ?" കഴിച്ച് കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു. വന്നപ്പഴേ നിറഞ്ഞുവെന്ന് പറയാൻ ഒക്കൂല്ലല്ലോ. അതുകൊണ്ട്, "ഉം" എന്ന് ഉത്തരം മൂളി. ഇനിയൽപ്പം വെള്ളമെങ്കിലും കുടിച്ച് വിശപ്പടക്കാന്ന് കരുതി ജാറിൽ ഇരുന്ന വെള്ളം ഗ്ലാസിൽ ഒഴിച്ച് വായിൽ വച്ചു. ഇതെന്താ പാഷാണം വല്ലതുമാണോ? വെള്ളത്തിന് ഒരു പ്രത്യേക പുളിച്ച ചുവ. അച്ചനാവട്ടെ അതൊന്നും കാര്യമാക്കാതെ നിർലോഭം വെള്ളം കുടിക്കുന്നു. അച്ചൻ കുടിച്ചതുകൊണ്ട് ഞാനും കുടിച്ചു. കൊറേ നാളുകൾക്ക് ശേഷമാണ് എനിക്ക് മനസിലായത് അത് മല്ലിവെള്ളം ആയിരുന്നു. മഠത്തിൽ നിന്ന് ഉച്ചയ്ക്ക് ഫ്രെഷായി കൊണ്ടുവരുന്ന വെള്ളം വൈകിട്ട് അവുമ്പോഴേക്കും പുളിച്ച് നാശമാവും. എന്നാൽ അതൊന്നും കാര്യമാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അദ്ദേഹം വെള്ളം കുടിക്കുമായിരുന്നു. മല്ലിവെള്ളം പുളിച്ചുപോയെന്ന് പിന്നീടൊരിക്കൽ ഞാൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് അദ്ദേഹം അത് ശ്രദ്ധിക്കുന്നത് പോലും!
ഏതായാലും, ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ രാത്രി പ്രാർത്ഥനയ്ക്കായി തൊട്ടടുത്തുള്ള പള്ളിയിലേക്ക് കയറി. ബാഗിൽ നിന്ന് എന്റെ ശീമോ (പ്രാർത്ഥനപുസ്തകം) ഞാൻ എടുത്തു. മദ്ബഹായ്ക്ക് മുന്നിൽ കുമ്പിട്ട ശേഷം രാത്രി പ്രാർത്ഥനയുടെ പാട്ടുകൾക്ക് അച്ചൻ തുടക്കം കുറിച്ചു. ശിമോയിലെ പാട്ടുകളുടെ രാഗങ്ങളെല്ലാം എനിക്ക് കാണാപാഠമായിരുന്നു. എന്നാൽ അച്ചൻ തുടങ്ങിയതോ തെറ്റായ ട്യൂണിലും. ഞാനാദ്യം മിണ്ടാതെ നിന്നു. എന്റെ ഭാഗം പാടേണ്ട ഊഴം വന്നപ്പോൾ ഏത് ട്യൂണിൽ പാടണമെന്നറിയാതെ ഞാൻ പകച്ചു. പ്രാർത്ഥനയിൽ കണിശക്കാരനായിരുന്ന അച്ചൻ എന്നെ നോക്കി. രംഗം വഷളാക്കാതെ ഞാൻ യഥാർത്ഥ ട്യൂണിൽ വച്ച് പിടിച്ചു. യഥാർത്ഥ ട്യൂൺ എന്ന് പറഞ്ഞാ ലേശം പിച്ച് അധികമാണ്. അച്ചന്റെ ഊഴം വന്നപ്പോൾ അച്ചന് ആ പിച്ച് കിട്ടുന്നില്ല. "ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല" എന്ന് സന്തോഷ് പണ്ഡിറ്റ് പാടും പോലെ അദ്ദേഹം ഒപ്പിക്കാൻ ശ്രമിക്കുന്നു. അത് കേട്ട് എനിക്ക് ചിരി. ചിരിയെന്ന് പറഞ്ഞാ.... ഒടുക്കത്തെ ചിരി. ഇത് തന്നെയായിരുന്നു എല്ലാ ദിവസത്തെയും പ്രാർത്ഥനാ സമയത്തെ അവസ്ഥ. അച്ചൻ ട്യൂൺ തെറ്റിച്ച് പാടും. ഞാൻ അത് ശരിയാക്കും. ശരിയായ ട്യൂൺ അച്ചൻ കൊളമാക്കി എന്നെ ചിരിപ്പിക്കും. ചിരിച്ച് ചിരിച്ച് കൊടല് മാല പുറത്ത് വന്ന ദിവസം വരെ ഉണ്ടായിട്ടുണ്ട്. ചിരി കാരണം എന്റെ ഭാഗം പാടാൻ കഴിയാതെ എനിക്ക് ശ്വാസം മുട്ടുപോലും വന്നിട്ടുണ്ട്. പക്ഷേ, അന്നൊന്നും അദ്ദേഹം പ്രാർത്ഥന ഇടയ്ക്ക് വച്ച് നിർത്തുകയോ എന്നെ ശകാരിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ഒരു വല്ലാത്ത രീതിയിലാണ് ദാനിയേലച്ചനുമായുള്ള ജീവിതം ഞാൻ ആരംഭിക്കുന്നത്. അച്ചന്റെ മറ്റൊരു വല്ലാത്ത സ്വഭാവ സവിശേഷതയാണ് ഒരിക്കലും ഫാൻ ഉപയോഗിക്കില്ല എന്നത്. ഫാൻ കാറ്റ് കൊണ്ട് അച്ചന് അന്നേരം ജലദോഷം വരും. ഇത് അധികവും പാരയാവുന്നത് കൂടെ നടക്കുന്നവർക്കാണ്. വിയർത്ത് പുളിച്ച് ഏതേലും വീട്ടിൽ കേറിച്ചെന്നാലും അച്ചൻ കൂടെയുണ്ടെങ്കിൽ വീട്ടുകാർ ഫാൻ ഓഫാക്കും. സഹിക്കാനാവാത്ത ചൂടിൽ കറങ്ങാതെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഫാനിനെ കാണുമ്പോൾ എല്ലാം ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞിട്ട് എങ്ങൊട്ടെങ്കിലും പോവാൻ തോന്നും.
അച്ചനും ഞാനും തമ്മിൽ ഉണ്ടായിരുന്ന ഏതാണ്ട് 50 വർഷത്തെ പ്രായ വ്യത്യാസവും, മുകളിൽ പ്രസ്ഥാവിച്ച പോലുള്ള അദ്ദേഹത്തിന്റെ ഓരോ ശീലങ്ങളും മൂലം "പെട്ടു" എന്ന അവസ്ഥയിലായിരുന്നു ഞാൻ. അടുത്ത ആറ് മാസം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ഞാൻ കുഴഞ്ഞു. ഈ ആശയക്കുഴപ്പം എന്റെ ഊർജ്ജസ്വലത മുഴുവൻ കെടുത്തിക്കളയും എപ്പോഴും മുറിയിൽ തന്നെ അടച്ചിരിക്കാൻ പ്രേരിപ്പിക്കയും ചെയ്തു. അച്ചനോടൊപ്പം താമസം ആരംഭിച്ച് ഏതാണ്ട് രണ്ട് മാസത്തോളം ഈ നിർജീവാവസ്ഥ തുടർന്നു എന്നാണ് എന്റെ ഓർമ്മ. ലോകം അവസാനിക്കുവാണെന്ന് പറഞ്ഞാലും ഞാൻ പുറത്ത് വരൂല്ല. എപ്പോഴും മുറിയിൽ തന്നെ. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിലെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടുമുക്കാൽ പുസ്തകങ്ങളും ഞാൻ വായിച്ചുതീർത്തു. വായനയോട് വായന. വായിച്ച് വായിച്ച് എങ്ങനേലും ആറ് കടത്തുക എന്നതായിരുന്നു എന്റെ പ്ലാൻ. അതാവുമ്പം ആർക്കും ഒരു ചേതവും ഇല്ലല്ലോ. ഇടക്കിടെ അച്ചൻ റൂമിൽ വന്ന് എത്തിനോക്കും. ഞാൻ വായനയിൽ മൊഴുകിയിരിക്കുന്നത് കണ്ട് ഒന്നും പറയാതെ പിൻവാങ്ങും. പ്രാർത്ഥിക്കാനും, ഭക്ഷണം കഴിക്കാനും മാത്രമേ ഞാനാ മുറി വിട്ട് പുറത്തിറങ്ങുമായിരുന്നുള്ളൂ. (അതാലോചിചിക്കുമ്പോൾ എനിക്കിന്ന് അത്ഭുതം തോന്നുന്നു.) അക്കാലത്ത് ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങൾ ഞായറാഴ്ചകളിൽ കുർബാനയ്ക്കിടെ ഞാൻ നടത്തിയിരുന്ന പ്രസംഗങ്ങളെ സ്വാധീനിക്കുകയും, നല്ല പ്രാഗത്ഭ്യമുള്ള പ്രാസംഗികൻ എന്നൊരു സൽപേര് ഇടവാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ദാനിയേലച്ചന് എന്റെ പ്രസംഗം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യനാളുകളിൽ ഞാൻ വായനയ്ക്ക് വേണ്ടി മാത്രം സമയം ചെലവഴിച്ചപ്പോൾ അദ്ദേഹം അത് കണ്ടില്ലെന്ന് നടിച്ചത്. "പുതിയ ബ്രദറിനെ പുറത്തൊന്നും കാണാനില്ലല്ലോ" എന്ന് ഇടവകക്കാർ പരാതിപ്പെടുമ്പോഴെല്ലാം "ബ്രദർ പ്രസംഗത്തിനായി ഒരുങ്ങുകയാണ്" എന്ന് അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്.
ഏതായാലും, ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ദിവസം എന്റെ വായനയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് അദ്ദേഹം എന്റെ മുറിയിലേക്ക് കടന്നുവന്നു. എന്റെ നിഷ്ക്രിയത്ത്വത്തിൽ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചുവെന്ന് വ്യക്തമായിരുന്നു. കാരണം, അദ്ദേഹത്തോടൊപ്പം റീജൻസി ചെയ്ത 29-മത്തെ ബ്രദറായിരുന്നു ഞാൻ. എനിക്ക് മുമ്പുണ്ടായിരുന്ന ഒരു ബ്രദറും ഇതുപോലെ ഇത്ര നിരാശവഹമായി പെരുമാറിയിരുന്നില്ല. ഇതെല്ലാം മനസിൽ വച്ച് അദ്ദേഹം എന്നോട് പറഞ്ഞു: "ബ്രദറേ, വായനയും പഠനവുമെല്ലാം സെമിനാരിക്കുള്ളിൽ നടത്തിയാൽ മതി; ഈ റീജൻസി കാലം പ്രവർത്തിക്കാനുള്ളതാണ്. അതുകൊണ്ട് പുസ്തകമെല്ലാം അടിച്ച് വെളിയിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ." സൗമ്യമായ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ടപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി. എന്തിന് വേണ്ടിയാണ് ഞാനിങ്ങനെ പുസ്തവും വായിച്ചിരിക്കുന്നത്? ഞാൻ പുറത്തേക്കിറങ്ങി, ആദ്യമായി....! എനിക്കെന്ത് ചെയ്യാൻ കഴിയും എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ.
തുടർന്നുള്ള നാല് മാസം വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു. ഇരുട്ടടി കിട്ടിയപോലെ പെട്ടെന്നൊരു ദിവസം ഞാൻ കാണിച്ച ശുഷ്ക്കാന്തി കണ്ട് ദാനിയേലച്ചനും ഇടവകക്കാരും ഞെട്ടി. അത് അച്ചൻ എന്നോട് പറഞ്ഞിട്ടുമുണ്ട്. പള്ളിമേടയിൽ കല്ലും പുല്ലും നിറഞ്ഞ ഒരു ഭാഗത്ത് കൃഷി ആരംഭിച്ചുകൊണ്ടാണ് ഞാനെന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നങ്ങോട്ട് ഞാനെന്തൊക്കെ ചെയ്തെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അച്ചന് ഒരു സൈക്കിൾ ഉണ്ട്; അതിലായിരുന്നു ഓട്ടം മുഴുവൻ. മാറാല പിടിച്ച് കിടന്ന പള്ളിമേട പുനഃക്രമീകരിക്കുന്നത് മുതൽ, പള്ളിക്ക് മുന്നിലെ വൈദ്യുത പോസ്റ്റിലെ ബൾബ് തെളിയിക്കാൻ ഒരു ഫ്യൂസ് ഘടിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ... അതിൽ, ദാനിയേലച്ചന്റെ ചിരകാല സ്വപ്നമായിരുന്നു തന്നോടൊപ്പം റീജൻസി ചെയ്ത 29 ബ്രദേഴ്സിന്റെയും ഒരു മീറ്റിംഗ്. എല്ലാവരുടെയും അഡ്രസ് തപ്പിപ്പിടിച്ച് കത്തയച്ചു. ക്ഷണിച്ചതിൽ മിക്കവാറും എല്ലാവരും അച്ചനെ കാണാൻ വന്നു. ആ വയോവൃദ്ധന്റെ ജീവിതത്തിൽ എന്നും ഓർക്കാനാവുന്ന ഒരു ദിനമായിരുന്നു അത്. ഇതെല്ലാം ആയതോടെ അച്ചൻ ഫ്ലാറ്റ്, ഒപ്പം ഞാനും. എന്റെ റീജൻസി കാലത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും ഞാനും അച്ചനും ആത്മസുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.
വാക്കുകൾക്ക് അതീതമാണ് ദാനിയേലച്ചന്റെ സ്നേഹം. എന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിൽ അദ്ദേഹം അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്കോ, മാസധ്യാനത്തിന് പട്ടം സെമിനാരിയിലോ പോയി തിരികെയെത്താൻ എത്ര വൈകിയാലും അദ്ദേഹം ഉറക്കമിറച്ച് കാത്തിരിക്കുമായിരുന്നു, ഭക്ഷണം പോലും കഴിക്കാതെ...! പ്രമേഹരോഗിയായ അദ്ദേഹത്തിന് അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല, എന്നിട്ടും....! ഇതിലെല്ലാം മാതൃസഹജമെന്നോ, പിതൃസഹജമെന്നോ വിശേഷിപ്പിക്കാവുന്ന വാത്സല്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. അത്താഴം കഴിഞ്ഞുള്ള ഫ്രീ സമയങ്ങളിൽ ഞാനും അച്ചനും സംസാരിക്കാറുണ്ട്; ചിലപ്പോൾ മണിക്കൂറുകളോളം. പരിമിതമായ വാക്കുകളിലൂടെ... സമപ്രായക്കാരെ പോലെ. അദ്ദേഹം പഴയ പല കാര്യങ്ങളും പറയും. ഞാനതെല്ലാം ആകാശയോടെ കേട്ടിരിക്കും. ചിലപ്പോൾ ചോദ്യങ്ങൾ ചോദിക്കും. ചോദ്യം വിശ്വാസ സംബന്ധമായ ഗഹനമായ ചോദ്യമാണെങ്കിൽ "അതൊക്കെ വിശദീകരിക്കാൻ മാത്രം കഴിവെനിക്കില്ലെന്ന്" അദ്ദേഹം സമ്മതിക്കും. ഒടുവിൽ, നേരം ഏറെയാവുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിക്കും: "ഉറങ്ങണ്ടേ ബ്രദറേ?"
ദാനിയേലച്ചന് അദ്ദേഹത്തിന്റേതായ പരിമിതികൾ ഒട്ടനവധി ഉണ്ടായിരുന്നു, പലതും പ്രായം സംബന്ധിച്ചത്. ചിലത്, അദ്ദേഹം ജീവിച്ച കാലഘട്ടത്തെ സംബന്ധിച്ചത്... എങ്കിലും, അതിനെയെല്ലാം അതിലംഘിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിഷ്ക്കളങ്കത, അർപ്പണ മനോഭാവം. ആരെയും മുറിവേൽപ്പിക്കാത്ത വിധം മുന്നോട്ടുപോവാനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയാറുണ്ട്. പട്ടം അതിഭദ്രാസ പള്ളിയിലെ വികാരി എന്ന ഉന്നത പദവിയിൽ നിന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഇടവകകൾ തിരഞ്ഞെടുത്ത് അങ്ങോട്ടേയ്ക്ക് സ്വയം ചുരുങ്ങാൻ താൻ തീരുമാനിച്ചതിന് പിന്നിലും തന്റെ ആ ചിന്താഗതിയാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഓർത്തെടുക്കാൻ ശ്രമിച്ചാൽ ഇനിയുമുണ്ടാവും ഒട്ടനവധി കാര്യങ്ങൾ പറയാൻ. ഏതായാലും, അദ്ദേഹത്തോടൊപ്പമുള്ള എന്റെ ചുരുങ്ങിയ ജീവിതം പ്രായമായവരോട് ഒരു പ്രത്യേക വാത്സല്യം എന്നിൽ ഉരുവാക്കാൻ ഹേതുവായിട്ടുണ്ട്. ഒരുപക്ഷേ, സമപ്രായക്കരെക്കാൾ എനിക്കേറ്റവും ഇഷ്ടം എന്നെക്കാൾ പ്രായമേറിയ ആളുകളുടെ കൂടെ സമയം ചെലവഴിക്കാനാണ്. ഇത് ദാനിയേലച്ചൻ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സ്വഭാവ സവിശേഷതയാണ്. ഇത്രയൊക്കെ എഴുതണമെന്ന് ഞാനൊരിക്കലും കരുതിയതല്ല. പറയാൻ കഥകൾ ഒട്ടനവധി ഉണ്ടെങ്കിലും തൽക്കാലം ചുരുക്കുന്നു. ദാനിയേലച്ചനോട് വിടപറയുമ്പോൾ അദ്ദേഹം എനിക്ക് നൽകിയ ആശീർവാദം പോലെ, ഒരു പുരോഹിതൻ ആവാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ജീവിതപന്ഥാവിൽ എനിക്ക് എത്തിച്ചേരാനായി എന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ തീർച്ചയായും സന്തോഷിപ്പിക്കും എന്ന് ഞാൻ വിചാരിക്കുന്നു. പ്രമേഹരോഗിയായ അദ്ദേഹത്തിന് കൊണ്ടുവരാറുള്ള പഞ്ചസാരയിടാത്ത ചായ കുടിച്ച്, വിഷണ്ണനായി ജീവിതമാരംഭിച്ച എനിക്ക് പഞ്ചസാരയിടാത്ത ചായയ്ക്കും മധുരമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു.., അത് തന്നെയാണ് ദാനിയേലച്ചന്റെ വിജയവും...! ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.
congratulations.. then thanx for your free experiential and experimental life @ kundra
ReplyDelete