Thursday, January 5, 2017

ചായക്കാരന്‍

വീട്ടിലേക്ക് രണ്ട് ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ കിട്ടാവുന്ന എല്ലാ ഇലട്രിക്കല്‍ കടകളിലും കയറി. ലൈറ്റുകള്‍ ഉണ്ടായിരുന്നു; പക്ഷേ അവരാരും ഡബിറ്റ് കാര്‍ഡ് സ്വീകരിക്കാതിരുന്നതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. മടങ്ങുമ്പോള്‍ ആലോചിച്ചു - എന്താ ഇവര്‍ക്കൊരു സ്വൈപ്പിംഗ് മിഷീന്‍ വാങ്ങിവച്ചാല്‍? അതെങ്ങനെ വയ്ക്കും? വച്ചാല്‍ ഒരുപക്ഷേ, വില്‍ക്കുന്ന സാധനങ്ങളിലൂടെ അവര്‍ കൊയ്യുന്ന കൊള്ളലാഭത്തിന്റെ യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നുപോയാലോ? അങ്ങനെയാണ് എനിക്ക് ചിന്തിക്കാന്‍ തോന്നിയത്.

ഉല്പാദകരില്‍ നിന്ന് തുശ്ചമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി, യഥാര്‍ത്ഥ വിലയുടെ മൂന്നും നാലും ഇരട്ടി വില എഴുതിയൊട്ടിച്ച് സാധാരണക്കാരന്റെ കൈവെള്ളയില്‍ വച്ചുകൊടുമ്പോള്‍, ഇടനിലക്കാരും വിതരണക്കാരും സമ്പാദിക്കുന്ന ലാഭത്തിന്റെ വിഹിതം എന്താണെന്ന് മനസിലാക്കാന്‍ ലേശം ലോകപരിചയവും സാമാന്യബുദ്ധിയും മതി. തമിഴ്നാട്ടിലെ തേനി എന്ന സ്ഥലത്ത് നിന്ന് വെറും 7 രൂപയ്ക്ക് ചെന്നൈയിലെത്തുന്ന ഒരു കിലോ മുന്തിരി 40+ രൂപയ്ക്ക് കടകളില്‍ വിറ്റഴിയുന്നത് നേരിട്ടറിയാവുന്ന ഒരാളാണ് ഞാന്‍. വെറും ഒരു കിലോ മുന്തിരിയില്‍ മാത്രം 33 രൂപ ലാഭം! ഇതൊരു ചെറിയ ഉദാഹരണം മാത്രം.

ലോകോത്തര കമ്പനികളുടെ പേരില്‍ മാര്‍ക്കറ്റില്‍ എത്തുന്ന പല ഉല്‍പ്പന്നങ്ങളും (ജീന്‍സ് മുതല്‍ മുളകുപൊടി വരെ) കുടില്‍ വ്യവസായം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പും അധ്വാനവുമാണെന്നതും, അവരുണ്ടാക്കുന്ന സാധനങ്ങള്‍ കമ്പനികളുടെ കവറിലാക്കി ലേബല്‍ ഒട്ടിച്ച് പതിന്മടങ്ങ് വിലയില്‍ വിറ്റ് വന്‍ലാഭം നേടുന്നത് ആരാണെന്നതും പകല്‍ പോലെ വ്യക്തമായ സത്യമാണ്. ഈ കൊള്ളലാഭങ്ങളുടെ യഥാര്‍ത്ഥ കണക്കുകളെ കുഴിച്ചുമൂടാന്‍ ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക സംവിധാനങ്ങള്‍ കൂട്ടുനിന്നിട്ടുണ്ടാവണം. അതിനെതിരെ ആദ്യമായി പ്രതികരിക്കാനെത്തിയത് ഒരു ചായക്കാരനാണെങ്കില്‍, ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള ക്രയവിക്രയ ശൃംഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ കൃത്യമായി മനസിലാക്കാന്‍ അയാള്‍ക്ക് സാധിച്ചുവെന്നല്ലേ നാം കരുതേണ്ടത്? സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്നവര്‍...‍, അനുദിന ജീവിതാനുഭവങ്ങളില്‍ നിന്ന് കണ്ടും കേട്ടും പഠിച്ചവര്‍... അവര്‍ക്കൊരുപക്ഷേ പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇല്ലാത്ത ചങ്കുറപ്പും ഇശ്ചാശക്തിയും ഉണ്ടായിപ്പോയാല്‍, അവര്‍ക്ക് മുതിരാന്‍ കഴിയാത്ത പലതും തുടങ്ങിവയ്ക്കാനായാല്‍, സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഇന്നേവരെ വോട്ടുരാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹ്യസേവകനും മെനക്കെടാന്‍ കഴിയാത്ത മാറ്റം സ്വപ്നം കാണാനായാല്‍, കൊള്ളലാഭക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും പണക്കൊതി മൂലം ദരിദ്ര നാരായണന്മാരായിത്തീര്‍ന്ന ഭാരതത്തിലെ അസംഖ്യം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്...?

“ഡിജിറ്റല്‍ ഇന്ത്യ” എന്ന കാലാനുസൃതമായ മാറ്റം കണ്ട് ഇവിടെ ആരും പരിഭ്രാന്തരാവുന്നില്ല. ആവുന്നുണ്ടെങ്കില്‍ അവര്‍ ലാഭക്കൊതിയന്മാരോ പൂഴ്ത്തിവയ്പ്പുകാരോ ആയിരിക്കും. അവരാവും ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതിയോഗികള്‍...!

എന്ന് ഒരു പാവം!!

No comments:

Post a Comment