Thursday, January 5, 2017

വാചാലനായ മൌനി


മൌനം ഒരാളെ നിശബ്ദനാക്കിയേക്കാം, എങ്കിലും, നാവിനും നാഡികള്‍ക്കുമപ്പുറമുള്ള മനോമയ സഭയില്‍ അയാള്‍ നിരന്തരം വാചാലനായിരിക്കാം. പ്രതിയോഗിയോ പ്രതിബന്ധങ്ങളോ ഇല്ലാത്തതിന്റെ ഹുങ്കില്‍, ആ സ്പടിക മുറിയിലെ രാജസിംഹാസനത്തിലിരുന്ന്, ചതുരങ്കപ്പലകയില്‍ യഥേഷ്ടം കരുക്കള്‍ നിരത്തി അയാള്‍ ആവേശം കൊണ്ടേക്കാം. ഇന്നലെയുടെ നൂലാമാലകള്‍ നിറച്ച മധുചഷകവും, ആശകള്‍ ചേര്‍ത്ത് തുന്നിയ തലപ്പാവും അയാള്‍ക്ക് ചേര്‍ന്ന അലങ്കാരങ്ങളായിരിക്കാം. മൌനമെന്ന പേരില്‍ അയാള്‍ അനുഭവിക്കുന്ന ആത്മസുഖം ഇതൊക്കെയാവും. നിത്യതയുടെ താഴിട്ട് പൂട്ടിയ ശവക്കലറയില്‍ ജീവനോടെ അകപ്പെട്ടത് പോലെ ബീഭത്സമായ പാരതന്ത്ര്യമാണത്. അവിടെ നിന്നുള്ള മോചനമാണ് യഥാര്‍ത്ഥ മൌനവും നിശബ്ദതയും.

No comments:

Post a Comment