അടച്ചുവച്ച പാത്രം!
അടഞ്ഞ ചിന്താഗതിയാണ് ജ്ഞാനത്തിന്റെ മുഖ്യവിരോധി. ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രം “മനസിലായി” എന്നൊരു തോന്നലുണ്ടായാല്‍ മതി; പിന്നെ മനസ് തേങ്ങയ്ക്കുള്ളിലെ പിടിവിടാത്ത കുരങ്ങനെ പോലെ! കാരണങ്ങള്‍ പലതാണ്. പിടിവിട്ടാന്‍ അന്നുവരെ സമ്പാദിച്ച പ്രതിഛായ നഷ്ടമായേക്കുമോ എന്ന ഭയം. സമകാലീനരും സമൂഹവും ഭാവിയില്‍ തന്നെ എങ്ങനെ വിലയിരുത്തുമെന്ന ആശങ്ക. പ്രത്യാഘാതങ്ങളെ നേരിടാനുള്ള സങ്കോചം, ധൈര്യക്കുറവ്, പക്വതയില്ലായ്മ. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല. അവ മാറാം..., മാറണം! അനുഭവവും ബുദ്ധിയും വളരുന്നതിനനുസരിച്ച്... വ്യത്യസ്തതകളെയും വൈരുദ്ധ്യങ്ങളെയും ആലിംഗനം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ജ്ഞാനത്തിന്റെ പ്രാഥമിക ലക്ഷണം. ആശയപരമായ ചെറിയ ചെറിയ വിടവുകളെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാള്‍ക്ക്, യാഥാര്‍ത്ഥ്യത്തെ അതിന്റെ സമഗ്രതയിലും, അതായിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ തനിമയിലും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? സങ്കുചിതമായ മനസുകളില്‍ നിന്ന് അമ്പേ മുഖം തിരിച്ചുകളയുന്ന പ്രകൃതമാണ് ജ്ഞാനത്തിന്റേത്... മരണത്തില്‍ പോലും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് കരുതുന്ന ധീരന്റേയും; പടി തേയുവോളം വാതില്‍പ്പടികള്‍ കയറിയിറങ്ങുവാന്‍ സന്നദ്ധനായ സ്ഥിരോത്സാഹിയുടെയും; നമ്മേ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത് മരണം മാത്രമാണെങ്കില്‍, അതുവരെയും കാത്തിരിക്കാന്‍ ക്ഷമയുള്ള അര്‍പ്പിതന്റെയും മുന്നില്‍ മാത്രം തിരുനട തുറക്കുന്ന പ്രേമഭാജനമാണ് ജ്ഞാനം. അലസനും, ഭീരുവിനും, കപടവേഷധാരിക്കും ജ്ഞാനിയാവാന്‍ ഒരിക്കലുമാവില്ല.
No comments:
Post a Comment