Wednesday, October 23, 2013

വസ്തുതയ്ക്ക് നിരക്കാത്ത വാദങ്ങൾ...


എല്ലാവർക്കും പരിചയമുള്ള യുക്തിവാദിയുടെയും ദൈവവിശ്വാസിയുടെയും ഒരു കഥയിൽ നിന്നാവട്ടെ തുടക്കം. കഥ ഇങ്ങനെയാണ്:

ഒരു ഗ്രാമത്തിൽ ഒരു യുക്തിവാദിയും ഈശ്വരവിശ്വാസിയും ഉണ്ടായിരുന്നു. ഈശ്വരവിശ്വാസത്തെ നഖശിഖാന്തം എതിർത്തുവന്ന യുക്തിവാദി ഒരു ദിവസം “ഈശ്വരൻ ഉണ്ടെന്ന് തെളിയിക്കാൻ“ ഈശ്വരവാദി വെല്ലുവിളിച്ചു. സംവാദത്തിന്റെ വേദി തയ്യാറായി. ജനങ്ങള്‍ വാദം കേൾക്കാൻ സമ്മേളിച്ചു. യുക്തിവാദി കൃത്യസമയത്ത് തന്നെ എത്തി. എന്നാൽ ഈശ്വരവാദി മാത്രം എത്തിയില്ല.

സമയം വൈകിക്കൊണ്ടിരുന്നു. അക്ഷമരായ ജനവും യുക്തിവാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ച് ഈശ്വരവാദി വേദിയിലെത്തി. ക്ഷമാപണങ്ങളോടെ അയാൾ മൈക്കിന് മുന്നിലെത്തി.

“പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ്! മഴ കാരണമാണ് എത്താൻ വൈകിയത്. നമ്മുടെ ഗ്രാമത്തിലെ പുഴ കര കവിഞ്ഞൊഴുകുന്ന കാര്യവും, അതിന് കുറുകെ ഉണ്ടായിരുന്ന തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യവും നിങ്ങള്‍ക്ക് അറിയാമല്ലോ? കോരിച്ചൊരിയുന്ന മഴയിൽ പുഴക്കടവിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു അത്ഭുതം സംഭവിച്ചു. പുഴക്കരയിൽ നിന്ന വലിയ ഒരു മരം കട പുഴകി പുഴയിലേക്ക് വീണു. ഉടൻ തന്നെ അതിന്റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേർപെടുകയും, മരത്തടി സ്വയം പിളര്‍ന്ന് പലകകളായി രൂപം പ്രാപിക്കുകയും ചെയ്തു. ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും, പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു വള്ളമായി മാറുകയും ചെയ്തു. ആ വള്ളത്തിൽ കയറി പുഴ കടന്നാണ് ഞാന്‍ ഇവിടെ എത്തിയത്. വൈകിയതിന് ഒരിക്കൽ കൂടി മാപ്പ്.

ഈശ്വരവാദിയുടെ പ്രസംഗം കേട്ട് യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു. .ചിരിയടക്കാന്‍ പാട് പെട്ട് യുക്തിവാദി വിളിച്ചു പറഞ്ഞു: " ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു വള്ളമായി മാറുമോ?“

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ഈശ്വരവാദി വീണ്ടും സംസാരിക്കാന്‍ തുടങ്ങി: "ഒരു വള്ളം സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ? പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി! യുക്തിവാദിയും!!

***************************

ദൈവത്തിന്റെ അസ്ഥിത്വത്തിന്റെ സ്ഥാപിക്കാൻ നൂറ്റാണ്ടുകളായി ഈശ്വരവിശ്വാസികൾ പറഞ്ഞുവരുന്ന ഒരു കഥയാണ് ഇത്. ഒന്നും സ്വയംഭൂവായി ഉണ്ടാവുന്നില്ലെന്നും, സൃഷ്ടി നടക്കുന്നതിന് ഒരു സൃഷ്ടാവ് ആവശ്യമാണെന്നും, അതുകൊണ്ടുതന്നെ ദൈവത്തിന്റെ അസ്ഥിത്വം തെളിവ് ആവശ്യമില്ലാത്ത പ്രകൃതി സത്യമാണെന്നുമൊക്കെയാണ് ഈ കഥയിലൂടെ അവർ പറയാൻ ശ്രമിക്കുന്നത്. ഒറ്റ നോട്ടത്തിൽ, കഥയ്ക്കുള്ളിൽ മറുചോദ്യമില്ലെന്ന് തോന്നുമെങ്കിലും, “ഈശ്വരൻ എല്ലാറ്റിനെയും സൃഷ്ടിച്ചു” എന്ന ആശയം പുനർവിചിന്തനം ചെയ്യപ്പെടേണ്ട ഒന്നുതന്നെ. ബാഹ്യമായ ഒരു ശക്തിയുടെ പ്രചോദനം ഇല്ലാതെ പ്രകൃതിയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന തെറ്റിദ്ധാരണയാണ് നാം ആദ്യം മാറ്റിയെടുക്കേണ്ടത്. ഒരു കല്ലിന് ബാഹ്യശക്തികളുടെ പിൻബലമില്ലാതെ സ്വയം മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങാൻ സാധിക്കില്ല -- അത് വാസ്തവം. എന്നാൽ, പ്രകൃതി മുഴുവൻ ഈ കല്ലിനെ പോലെ സ്വയം അനങ്ങാൻ പറ്റാത്ത പരിതാപകര അവസ്ഥയിലാണെന്ന് [determinism] അർത്ഥമില്ല. പ്രത്യക്ഷത്തിൽ നമുക്കങ്ങനെ തോന്നുന്നെന്നേയുള്ളൂ. പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നുന്ന പുഴയുടെ മേൽ‌പ്പരപ്പിന് തൊട്ടുതാഴെ ശക്തമായ കുത്തൊഴുക്കുണ്ടെന്ന് പറയുന്നതുപോലെയാണ് പ്രകൃതിയുടെ കാര്യം. മേൽ‌പ്പരപ്പിൽ പ്രകൃതി കാണിക്കുന്ന സ്വഭാവമായിരിക്കണമെന്നില്ല ഉള്ളറകളിൽ. പ്രകൃതിയുടെ പ്രകടമായ പല സ്വഭാവങ്ങളും മായികമായിരിക്കാം. ഉദാഹരണമായി, കൃത്യമായ രൂപവും ഭാവവും മണവും രുചിയുമുള്ള ഏതെങ്കിലുമൊരു വസ്തുവിന്റെ കണികാ ലോകത്തിലേക്ക് നാം പ്രവേശിക്കുകയാണെങ്കിൽ അവിടെ സ്ഥായിയാണെന്ന് നാം കരുതുന്ന രൂപവും ഭാവവും മണവും രുചിയും ഒന്നും തന്നെയില്ല. അവിടെ എല്ലാം fluid പോലെ അനിശ്ചിതമായ അവസ്ഥയിലാണ്. ഈ അനിശ്ചിതത്തത്തിൽ നിന്ന് എങ്ങനെ നിയതമായ ഒരു വസ്തു ഉണ്ടായി? ഈ വസ്തു എന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സാധനം സത്യത്തിൽ ആ വസ്തു തന്നെയാണോ? അതോ വെറും തോന്നലോ? മായികമായ ഒരു തോന്നൽ മാത്രമാണെങ്കിൽ, അത്തരമൊരു തോന്നൽ സൃഷ്ടിക്കാൻ പ്രകൃതിയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്തിന്? ചുരുക്കത്തിൽ, പ്രകടമായതെല്ലാം സത്യമാവണമെന്നില്ല. യാഥാർത്ഥ്യത്തെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളിൽ പോലും ഇത്രമാത്രം അനിശ്ചിതത്വം നിലനിൽക്കുമ്പോൾ, സൃഷ്ടി നടക്കാൻ സൃഷ്ടാവിന്റെ ആവശ്യമുണ്ടെന്ന് വാദിക്കുന്നത് ബാലിശമായി എനിക്ക് തോന്നുന്നു.

ഏറെ നാളത്തെ വിചിന്തനങ്ങളുടെയും, ഗുരു പറഞ്ഞുപോയ സത്യത്തെക്കുറിച്ചുള്ള സൂചനകളിൽ നിന്നും എനിക്കിതുവരെ മനസിലായത്: “സൃഷ്ടി“ എന്നതുതന്നെ പ്രാപഞ്ചികമായ ഒരു മായിക പ്രതിഭാസമാണെന്നാണ്. സൃഷ്ടാവും സൃഷ്ടിയും യാഥാർത്ഥ്യത്തിന്റെ ആപേക്ഷികമായ രണ്ട് ഘടകങ്ങൾ മാത്രമാണ്. അവ രണ്ടിനും സ്ഥായിയായ/പരമാർത്ഥമായ യാതൊരു അസ്ഥിത്വവുമില്ല. എന്നാൽ പ്രാതിഭാസിക തലത്തിൽ ഇവ രണ്ടും മേൽക്കോയ്മ നേടുകയും, സത്യമെന്നാൽ ഇവ രണ്ടും മാത്രമാണെന്ന വിധത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ലോകത്തെ കഥ. മറ്റൊരു ലോകത്തിൽ, ചിലപ്പോൾ യാഥാർത്ഥ്യം സ്വയം വെളിപ്പെടുത്തുന്നത് മറ്റേതെങ്കിലും രൂപത്തിലോ തരത്തിലോ ആയിരിക്കാം. ഇതിനെ നമുക്ക് parallel worlds എന്ന് വിളിക്കാം. മായികമായ അസംഖ്യം parallel worlds അടങ്ങുന്ന ഒരു മാസ്മരികതയാണ് സൃഷ്ടി (യെന്ന് തോന്നുന്നു). മതങ്ങളുടെ സൃഷ്ടി സിദ്ധാന്തങ്ങൾക്ക് അതിന്റേതായ മാനം ഉണ്ടെങ്കിലും, ആ ചട്ടക്കൂടിന് വേളിയിൽ ഓരോ മനുഷ്യജീവിയും അന്വേഷിക്കേണ്ടുന്നതും കണ്ടെത്തേണ്ടതുമായ ഒട്ടവധി കാര്യങ്ങളുണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. മതങ്ങൾക്ക് ഒരു പരുധി വരെ മാത്രമേ മനുഷ്യനെ സഹായിക്കാൻ കഴിയൂ. ആ പരുധി കഴിഞ്ഞാൽ മനുഷ്യൻ അവന്റേതായ വഴികളിലാണ്: സ്വതന്ത്രമായ വഴികളിൽ. അവിടെ അവൻ സ്വയം സത്യത്തെ കണ്ടെത്തുന്നു...

4 comments:

  1. പക്ഷേ .. ദൈവം എന്ന അദൃശ്യവസ്തുവിലുള്ള വിശ്വാസം മനുഷ്യര്‍ ഉണ്ടാക്കിയതാണെങ്കിലും അല്ലങ്കിലും. ഒരുപാട് നല്ല കാര്യങ്ങള്‍ മതങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. വിശ്വസിക്കണമോ വേണ്ടയോ എന്നത് നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട്ടമാണ്.

    ഈ വിഷയത്തെക്കുറിച്ച് കുറേയേറെ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ചിലരുടെ വിലയിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ദൈവം എന്നുള്ളത് വലിയൊരു ശക്തിയാണെന്ന് തോന്നുകയും മറ്റു ചിലരുടെ വിലയിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ദൈവം എന്നത് വെറുമൊരു ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണെന്നും തോന്നും.

    എന്തായാലും ദൈവം സഹായിച്ച് ഞാനിപ്പോഴും നിരീശ്വരവാദിയാണെന്ന് ഏതോ ഒരു മഹാന്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.

    എന്തായാലും ചിന്തകളും ചിന്താഗതികളും ജീവിത വിജയത്തിലേക്കുള്ളതാകട്ടെ എന്നാശംസിക്കുന്നു.. :)

    ReplyDelete
  2. സൃഷ്ടിയെ പറ്റി ഉള്ള കാഴ്ചപ്പാടുകൾ ഓരോ കാലത്തും മാറുന്നു ..അല്ലെങ്കിൽ ആവശ്യങ്ങൾക്കായി മാറ്റുന്നു ...
    പക്ഷെ എന്തിൽ വിശ്വസിക്കുക എന്നത് തീര്ത്തും വ്യക്തിപരമായ കാര്യമാണ് എങ്കിലും സാമൂഹ്യ ജീവിതത്തിന്റെ ആവശ്യവും (അനാവശ്യവും) ഇതിനെ തീര്ച്ചയായും സ്വാധീനിക്കുന്നു ...

    എങ്കിലും ശരിയായ ഒരു കാഴ്ചപ്പാട് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ..

    ReplyDelete
  3. തന്നെ ആദ്യം വിശ്വസിക്കണം.. അതിനു ആദ്യം ഈശ്വരൻ യുക്തി വാദി ആണെന്ന് മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്കാം യുക്തി വാദി ആകണോ ഈശ്വര വിശ്വാസി ആകണോ എന്ന്
    ഈശ്വരൻ യുക്തി വാദി ആണെന്ന് മനസ്സിലാകത്തവൻ അന്ധവിശ്വാസി തന്നെ യുക്തി വാദി ആയാലും ഈശ്വര വിശ്വാസി ആയാലും

    ReplyDelete
  4. ദൈവം സഹായിച്ച് ഞാനിപ്പോഴും നിരീശ്വരവാദിയാ..........!!!

    ReplyDelete