Monday, June 27, 2011

അവളുടെ പേര് നിഷ!

അവളുടെ പേര് നിഷ!
സത്യത്തിൽ,
‘നിശ’ എന്നോ മറ്റോ
ആവണമായിരുന്നു
അവളുടെ പേര്!
അത്രയ്ക്ക് വൃത്തികെട്ടവൾ!
കണ്ണീച്ചോരയില്ലാത്തവൾ!
നാണമില്ലാത്തവൾ!
പട്ടി!
തെണ്ടി!
പിച്ചക്കാരി!

അവളെയിന്ന് പേപ്പട്ടി വിരട്ടട്ടെ!
സൈക്കിൾ മുട്ടി
ആശുപത്രിയിലാവട്ടെ!
കല്ലിൽ തട്ടി
കാൽ പൊട്ടട്ടെ!
ഓടയിൽ വീണ്
പല്ല് ഉടയട്ടെ!
വീട്ടിൽ നിന്ന്
ഇറക്കി വിടട്ടെ!
കോളറ വന്ന്
കിടപ്പിലാവട്ടെ!
ഇതൊന്നും നടന്നില്ലെങ്കിൽ,
അഞ്ചാം ക്ലാസിൽ
അവൾ തോൽക്കട്ടെ!

അന്നെനിക്ക്
ഇത്രയും തെറികൾ മാത്രമേ
അറിയാമായിരുന്നുള്ളൂ...
ബോർഡിൽ പേരെഴുതിയാൽ
പിന്നെ എന്നാ ചെയ്യും?
ചൊറിയൻ കുമാറിന്
പെൻസിൽ കൊടുക്കാൻ
ഒന്ന് തിരിഞ്ഞതേയുള്ളൂ!
അതിനിടയിൽ അവൾ
പേരെഴുതി വച്ചു.
തൊട്ടടുത്ത് കാരണവും.
“ക്ലാസിൽ തിരിഞ്ഞിരുന്ന്
സംസാരിച്ചു.”

കരിയൻ മാഷിന്റെ പേരക്കമ്പ്
മേശപ്പുറത്തിരുന്ന്
ചിരിക്കുന്നു.
ഒരു ദാക്ഷണ്യവുമില്ലാത്ത
കാട്ടുപോത്താണ്!
കഴിഞ്ഞ തവണത്തെ ചൂട്
ഇപ്പഴും മാറിയിട്ടില്ല.
ചന്തിയിൽ അത്
തണുത്ത് കിടപ്പുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക?

രണ്ടും കൽ‌പ്പിച്ച് നിഷയെ
ആംഗ്യം കാട്ടി
അടുത്ത് വിളിച്ചു.
“ആ പേരൊന്ന് മായ്ക്കാമോ?”
എന്ന് അപേക്ഷിച്ചു.
എവിടെ ഏൽക്കാൻ?
ഇവളൊന്നും കൊണം പിടിക്കില്ല.

“നീ മായ്ക്കുന്നോ ഇല്ലയോ?”
പിന്നെ ഭീഷണിയായി.
അതിലും ഫലമുണ്ടായില്ല.
ഒപ്പം, പേരിന് താഴെ
മറ്റൊരു കാരണം കൂടി
പ്രത്യക്ഷപ്പെട്ടു.
“മനപ്പൂർവം ക്ലാസിൽ
ഒച്ചയുണ്ടാക്കി.”

എന്തായാലും അടി ഉറപ്പ്!
എന്നാപ്പിന്നെ,
ഇവളെയിന്ന് ഒരു പാഠം
പഠിപ്പിച്ചിട്ടേയുള്ളൂ....
അരിശം മൂത്ത്
ചാടിയെണീറ്റു.
പിന്നെ,
കൈയ്യിൽ കിട്ടിയ
പേപ്പർ ചുരുട്ടി
ബോർഡിൽ കിടന്ന
പേര് മായ്ച്ചു.

അവൾ വിടുമോ?
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
അവൾ എഴുതുന്നു,
ഞാൻ മായ്ക്കുന്നു.
ഒടുക്കം അവൾ
ക്ലാസിൽ നിന്ന്
ഇറങ്ങിപ്പോയി.
ഹി ഹി....
എന്നോട് കളിച്ചാൽ
ഇങ്ങനെയിരിക്കും!
വിജയശ്രീ ലാളിതനായി
സഹപാഠികളുടെ കയ്യടി
ഏറ്റുവാങ്ങി
ഞാൻ ബഞ്ചിൽ പോയിരുന്നു.
“അവൾക്ക് അങ്ങനെ തന്നെ വേണം”
പിന്നിൽ നിന്ന്
തോളിൽ തട്ടി
അഭിനന്ദനം.
പെൺകുട്ടികളിൽ ചിലർ
ആരാധനയോടെ നോക്കുന്നു.
കിട്ടിയ തക്കത്തിന്
ചിലർ
റോക്കറ്റ് പറത്തുന്നു.
മഷി കുടയുന്നു.
ബഞ്ച് വലിച്ച്
മുതുകിൽ ഇടിക്കുന്നു.
ക്ലാസിൽ ആകെപ്പാടെ ബഹളം.

പ്രശംസകളും
അഭിവാദനങ്ങളും
വരവ് വച്ച്
തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ കരിയൻ മാഷ്,
കൂടെ അവളും!
സ്മശാനം പോലെ
നിശ്ചലമായ ക്ലാസിൽ
എന്റെ ഹൃദയം മാത്രം
നിർത്താതെ
പെരുമ്പറ മുഴക്കി.
ഏതാണ്ട് അതേ താളത്തിൽ
കിട്ടിയ അടിയുടെ ചൂട്
ഇന്നും എൻ
ഉള്ളം കൈയ്യിൽ!

അവളുടെ പേര് നിഷ!
അവൾക്കൊരു പക്ഷേ
എന്നെ
ഓർമ്മയുണ്ടാവില്ല.
അഞ്ചാം ക്ലാസ്
കഴിഞ്ഞപ്പോൾ
 അവളെ
വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഞങ്ങൾ
കണ്ടിട്ടേയില്ല,
ഇന്നുവരെ!