Friday, May 20, 2011

ഞാനൊരു നൂറാമൻ

സമയം എത്രയായിട്ടുണ്ടാവുമെന്ന്‌ വ്യക്തമല്ല. അതൊരു സുദീർഘമായ രാത്രിയായിരുന്നു, സ്വപ്നങ്ങളില്ലാത്ത, ഉറക്കമില്ലാത്ത, ചന്ദ്രനോ നക്ഷത്രങ്ങളോ ഉദിക്കാത്ത...! അതിന്റെ ഭയാനകത അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നു. നിശീഥിനിയുടെ അന്ധതയുടെ മറവിൽ സ്വൈര്യവിഹാരം നടത്താറുള്ള കുറുനായ്ക്കളും കൂമനും പാതിരാക്കോഴികളും പോലും നിശബ്ദരായിരിക്കുന്നു, നിശയിൽ വിരിയാറുള്ള പൂക്കളും ഭയന്നുവിറച്ച്‌ മൊട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നു. കാറ്റുപോലും വീശാൻ മടിക്കുന്ന ശ്മശാന സമമായ അന്തരീക്ഷം! ഒരുപക്ഷേ, ഇവയെല്ലാം അയാളുടെ തോന്നലുകൾ മാത്രമാവാം. ചന്ദ്രനും താരങ്ങളും പതിവുപോലെ പ്രത്യക്ഷപ്പെട്ടിട്ടും അയാൾ അതൊന്നും കാണാതിരിക്കുകയാവും, കണ്ണുകൾ തുറന്നിരുന്നിട്ടും...!  കൂമന്റെയും പാതിരാക്കോഴിയുടെയും നിശാസംഗീതം കേൾക്കാതിരിക്കുകയാവും, കാതുകൾ തുറന്നിരുന്നിട്ടും...! മനസും ശരീരവും ഇണചേരാൻ വിസമ്മതിച്ച്‌ നിൽക്കുമ്പോൾ ബാഹ്യ പ്രകൃതിയെ ഗൗനിക്കുന്നതെങ്ങനെ? ഉറക്കമില്ലാത്ത രാത്രികൾ പതിവായിരുന്നെങ്കിലും, ഇന്ദ്രിയങ്ങൾ മരവിച്ച സ്ഥിതിവിശേഷം അവസ്ഥ ഇതാദ്യമായാണ്‌. ജീവിതത്തിൽ ഇതുവരെ കുത്തിക്കുറിച്ച ഏടുകൾ ഓരോന്നും മറിച്ചുനോക്കി, അതിൽ അറിഞ്ഞും അറിയാതെയും വരുത്തിവച്ച അക്ഷരപ്പിശകുകളെ തിരുത്തിവായിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ... ഒരുപക്ഷേ, അതിന്‌ ഇനിയൊരു അവസരം ലഭിച്ചില്ലെങ്കിലോ? ഒന്നും മനപ്പൂർവം ആയിരുന്നില്ല... സാഹചര്യങ്ങൾ... സമ്മർദ്ദങ്ങൾ... അയാൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. എങ്കിലും, അന്നുവരെ അന്തരംഗത്തിലെവിടെയോ മൃതമായി കിടന്നിരുന്ന ഏതോ ഒരുൾവിളി അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

ചലനമറ്റ കണ്ണുകളിൽ പതിക്കുന്ന നിലാവെളിച്ചത്തിൽ അയാളുടെ മനസിലൂടെ ഓർമ്മകൾ മിന്നിമറയുന്നത്‌ വ്യക്തമായിരുന്നു. സാഹചര്യങ്ങൾ തനിക്കെതിരെയായിരുന്നു... ശരിതന്നെ! പക്ഷേ, അവയുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നിയന്ത്രണരഹിതമായ അടിയൊഴുക്കുകളിലേക്ക്‌ നിപതിക്കാതിരിക്കാൻ ഒരു ശ്രമമെങ്കിലും നടത്താതിരുന്നത്‌ അതിലും വലിയ അപരാധം! മുൻകരുതലുകളോടെ വർത്തിക്കേണ്ട സന്ദർഭങ്ങളിൽ പോലും ഒരു അവിവേകിയെ പോലെ കയ്യുംകെട്ടി നിന്നതിന്റെ ഫലം, അതാണ്‌ താനിന്ന്‌ അനുഭവിക്കുന്നത്‌... അയാളുടെ അന്തരംഗം പിറുപിറുത്തുകൊണ്ടിരുന്നു. ആത്മവിമർശനത്തിന്റെ മൂർച്ചയേറിയ മിന്നൽപ്പിണറുകൾ അയാളുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കിയപ്പോൾ, കാർമേഘങ്ങൾ മഴത്തുള്ളികളായി കവിളിലൂടെ പെയ്യാൻ തുടങ്ങി. ആ തുള്ളികളിൽ നിസഹായതയുടെ ഉപ്പുരസം കലർന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയെത്തിയ ദുരന്തങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി തന്നെയും തന്റെ ആത്മാവിനെയും ചവിട്ടിമെതിച്ച്‌ കടന്നുപോയതോർത്തപ്പോൾ അയാളുടെ അധരത്തിൽ നിന്ന്‌ അർത്ഥശൂന്യമായ പരിദേവനങ്ങൾ ഒരു ഗദ്ഗദം പോലെ പുറപ്പെടാൻ തുടങ്ങി.. എല്ലാം അവസാനിക്കാറായി... എല്ലാം! വികാരങ്ങൾ കടിച്ചമർത്തി തിരിഞ്ഞുകിടക്കുമ്പോൾ, അയാളുടെ കാലുകളെ ബന്ധിച്ചിരുന്ന ഉരുക്കുചങ്ങലകൾ പരുക്കൻ ശബ്ദത്തിൽ പ്രതിക്ഷേധഭേരികൾ മുഴക്കി. അതൊന്നും വകവയ്ക്കാതെ തന്നെ കാത്തിരിക്കുന്ന നിത്രമായ പ്രയാണത്തിന്‌ അയാൾ മാനസികമായി തയാറെടുത്തുകൊണ്ടിരുന്നു, ബന്ധനത്തിൽ നിന്ന്‌ ബന്ധനങ്ങളിലേക്കുള്ള പ്രയാണത്തിന്‌!

പാറാവുകാരുടെ കാലൊച്ചയും അടക്കംപറച്ചിലുകളും ആ തടവറയിൽ നിറഞ്ഞുനിന്നിരുന്ന മൂകതയെ നിരന്തരം വ്യഭിചരിച്ചുകൊണ്ടിരുന്നു. അവരുടെ തിളങ്ങുന്ന കണ്ണുകൾ ആ കാരാഗ്രഹത്തിന്റെ മുക്കിലും മൂലയിലും ജാഗ്രതയോടെ പ്രകാശിക്കുന്നു. ആ കണ്ണുകൾക്ക്‌ എങ്ങനെ ഉറങ്ങാൻ കഴിയും? നാളെ അയാളെ തൂക്കിലേറ്റുകയല്ലേ! അതോടെ നാടും നഗരവും ശാന്തമാവും, രക്തം ചിന്താത്ത സ്വപ്നങ്ങൾ കണ്ട്‌ അവർക്കിനി സ്വസ്ഥമായി കിടന്നുറങ്ങാം...

മരണം... അതിനുശേഷം എന്താവും സംഭവിക്കുക? പ്രഹേളിക പോലെ അനന്തതയിലേക്ക്‌ നീണ്ടുകിടക്കുന്ന ആ ചോദ്യം മാത്രമേ അയാളുടെ മുന്നിൽ ഇപ്പോൾ ബാക്കിയുള്ളൂ. ജനനം മുതൽ ഇന്നുവരെ സഞ്ചരിച്ച വഴികളെയും വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടിയ നേട്ടങ്ങളെയും കുറിച്ച്‌ വിചിന്തനം ചെയ്യുമ്പോൾ മരണം പലർക്കും പരാജയത്തിന്റെ പൂർത്തീകരണമാവും. അനശ്വരമെന്ന്‌ കരുതിയ ലൗകികാന്തസുകൾ ഓരോന്നും അടുക്കിവച്ച്‌ അതിനുമുകളിൽ കയറി മരണം എന്ന കടമ്പയെ ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ ഒരിഞ്ചുപോലും താണ്ടാനാവുകയില്ലെന്ന പരമമായ ദുഃഖസത്യം തിരിച്ചറിയുന്ന പരിതാപകരമായ നിമിഷങ്ങൾ... ഏതൊരു മനുഷ്യനും കടന്നുപോകേണ്ടുന്ന ഈ പ്രകൃതിനിയമത്തിൽ തനിക്കുമാത്രം ഇളവ്‌ വേണമെന്ന്‌ നിർബന്ധം പിടിക്കുകയോ, കെഞ്ചുകയോ ചെയ്യാത്തവർ വിരളം, പ്രത്യേകിച്ച്‌ ജഡത്തിൽ നിന്ന്‌ ആത്മാവ്‌ വേർപെടാനുള്ള പ്രാരംഭ തയാറെടുപ്പുകൾ തുടങ്ങിക്കഴിയുമ്പോൾ... ആ വെപ്രാളത്തിനിടയിൽ നാമറിയാതെ സംഭരിക്കപ്പെടുന്ന നിഷേധാത്മക, നൈരാശ്യ ചിന്തകൾ ആത്മാവിനെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ കയറിപ്പോകാൻ സമ്മതിക്കാതെ ബീഭത്സതയുടെ പൈശാചിക പ്രതീകമാക്കുന്നുവെന്ന്‌ ആരും അറിയാറില്ല. സ്വന്തം മരണത്തിൽ പോലും പ്രതികാരം ചെയ്യാൻ ശഠിക്കുന്ന ദുഷ്ടാത്മാക്കൾക്ക്‌ എളുപ്പം നേടിയെടുക്കാവുന്ന ആ നിഷേധാത്മക അന്തസത്ത പോലും അയാൾ ആഗ്രഹിച്ചില്ല. “ആരോട്‌ പ്രതികാരം ചെയ്യാൻ?“ തനിക്കിനി ലഭിക്കാവുന്ന ഏറ്റവും അഭികാമ്യമായ വിധിനിയോഗം മരണം മാത്രമാണെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. ശത്രുപാളയത്തിൽ പരാജിതനായി വെട്ടേറ്റുവീഴുന്ന തന്നെനോക്കി പലരും ആർത്തട്ടഹസിച്ചേക്കാം, മണ്ണിൽ വീണുപിടയുന്ന തന്റെ ശരീരത്തെ അവർ കാർക്കിച്ച്‌ തുപ്പിയേക്കാം... എന്നാൽ അതൊന്നും അയാളെ വ്യാകുലപ്പെടുത്തിയതേയില്ല. ചെയ്തുകൂട്ടിയെ തെറ്റുകളെ ഓർത്ത്‌ വിലപിക്കാൻ പോലും സമയം തികയാത്ത ആ മണിക്കൂറുകളിൽ അയൾ ഒരൽപ്പം കാരുണ്യത്തിനായി വിധിയോട്‌ യാചിച്ചുകൊണ്ടിരുന്നു, ജീവൻ പറിച്ച ശേഷവും തന്നോട്‌ കാട്ടിയ ക്രൂരത അവസാനിപ്പിക്കാൻ! വൈകാരികതയുടെ പാരമ്യതയിൽ അയാൾ മുഖംപൊത്തി വാവിട്ട്‌ കരയാൻ കൊതിച്ചു, എങ്കിലും അയാളുടെ ശരീരത്തെ കനത്ത ചങ്ങലകൾ അതിന്‌ അനുവദിച്ചില്ല. എങ്കിലും, അയാളുടെ ഓർമ്മകൾ മാത്രം ബന്ധനങ്ങളെ ഭേദിച്ച്‌ തടവറയുടെ നീണ്ട ഇടനാഴിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു.

”ജോനാഥൻ ഇവിടെ ഇരിക്കുകയായിരുന്നോ? താങ്കളെ ഈ തോട്ടത്തിൽ എവിടെയെല്ലാം അന്വേഷിച്ചു!“ തീപാറുന്ന ഉച്ചവെയിലിൽ നിന്ന്‌ ആശ്വാസം തേടി അത്തിമരച്ചില്ലകൾ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ചെറിയ മാടത്തിൽ പുകച്ചുരുളുകൾ ഊതിവിട്ട്‌ സ്വസ്ഥമായിരിക്കുമ്പോഴാണ്‌ പരിചയക്കാരൻ തദേവൂസിന്റെ കുശലാന്വേഷണം. “എന്താ കാര്യം?” “താങ്കളെ എത്രയും പെട്ടെന്ന്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ ചെല്ലാൻ ജോനാഥന്റെ അപ്പൻ തന്നെയാണ്‌ എന്നെ ഇങ്ങോട്ട്‌ പറഞ്ഞുവിട്ടത്‌.” മാടത്തിനുള്ളിലെ ചെറിയ ഇരുപ്പിടത്തിൽ ആസനസ്ഥനാകുന്ന കൂട്ടത്തിൽ അയാൾ ബോധിപ്പിച്ചു. “തോട്ടത്തിലെ പണി ഇനിയും തീർന്നിട്ടില്ലല്ലോ!” “അതെല്ലാം മാറ്റിവച്ച്‌ എത്രയും പെട്ടെന്ന്‌ തിരിക്കാൻ അദ്ദേഹം പ്രത്യേകം പറഞ്ഞു.” “എന്തെങ്കിലും പ്രത്യേകിച്ച്‌?” “കൃത്യമായി ഒന്നുമറിയില്ല, എങ്കിലും താങ്കളുടെ വീട്ടിൽ ഏതോ വിശിഷ്ടാതിഥി എത്തിയിട്ടുണ്ടെന്നാണ്‌ കേൾക്കുന്നത്‌.” “അതിഥിയോ?” ചോദ്യത്തിനൊപ്പം ജോനാഥനും എഴുന്നേറ്റു. “അതെ. അയാൾക്ക്‌ വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും അവിടെ നടക്കുന്നുണ്ട്‌.” തുകൽസഞ്ചി അരയിൽ തിരികി ജോനാഥൻ വണ്ടിയിലേക്ക്‌ കയറി. ദൂതൻ നോക്കിനിൽക്കേ കുതിരകൾ അതിവേഗം വീഥിയിലൂടെ പാഞ്ഞപ്രത്യക്ഷമായി.

വേലക്കാർക്കൊപ്പം ഓടിനടന്ന്‌ ആഘോഷ പരിപാടികൾ ക്രമീകരിക്കുന്ന അപ്പനെയാണ്‌ കുതിരവണ്ടിയിൽ നിന്ന്‌ പുറത്തിറങ്ങുമ്പോൾ ജോനാഥൻ ആദ്യം കാണുന്നത്‌. ജോനാഥന്റെ കുതിരകളെ കണ്ട്‌ അദ്ദേഹം വണ്ടിയുടെ അടുക്കലേക്ക്‌ ഓടിയെത്തി. “നമ്മുടെ കാത്തിരിപ്പിന്‌ ഫലമുണ്ടായി... അയാൾ വന്നു.” അപ്പന്റെ അത്യുത്സാഹം കണ്ട്‌ ജോനാഥനും അമ്പരന്നു. “ആര്‌?” അയാളുടെ കൗതുകം വർധിച്ചു. നാടുവാഴുന്ന സീസറിന്റെ രാജസഭയിലെ വിശിഷ്ട വ്യക്തികളിൽ ആരെങ്കിലുമാവുമോ? അല്ലെങ്കിൽ, ഇസ്രയേലിൽ ഉയർത്തെഴുന്നേറ്റ പുത്തൻ പ്രവാചകന്മാർ ആരെങ്കിലും ആവുമോ? ആഹ്ളാദം കൊണ്ട്‌ ഓടി നടക്കുന്ന അപ്പനിൽ നിന്ന്‌ വ്യക്തമായ സൂചനകൾ ലഭിക്കാതെ ജോനാഥൻ ആശയക്കുഴപ്പത്തിലായി. അയാൾ ജിജ്ഞാസയോടെ പൂമുഖത്തേക്ക്‌ നടന്നു.

ജോലിക്കാരെല്ലാം തിരക്കിലാണ്‌. സദ്യക്കുള്ള വലിയ ചെമ്പുപാത്രങ്ങളുമായി കുശിനിയിലേക്ക്‌ പോവുന്ന പാചകക്കാരുടെ പിന്നാലെ കറികൾക്കും കൂട്ടിനുമായുള്ള പച്ചക്കറികളുമായി ഒരു സംഘം പെണ്ണുങ്ങൾ. പട്ടണത്തിൽ നിന്നെത്തിയ പ്രസിദ്ധരായ പട്ടുവ്യാപാരികൾ സ്വീകരണമുറി മുഴുവൻ മുന്തിയ ഇനം തുണിത്തരങ്ങൾ കൊണ്ട്‌ നിറച്ചിരിക്കുന്നു, ഇഷ്ടമുള്ളത്‌ എത്രവേണമെങ്കിലും തിരിഞ്ഞെടുക്കാൻ പാകത്തിൽ. വസ്ത്രവ്യാപാരികളോട്‌ കുശലം പറഞ്ഞുനിൽക്കുന്ന രത്നവ്യാപാരികൾ. ജോനാഥന്റെ ആകാംശ ആകാശത്തോളം വളർന്നു. എങ്കിലും, ആരും ഒന്നും പറയുന്നില്ല, എല്ലാവരും തിരക്കിലാണ്‌.

“എന്താ ഇവിടെ നടക്കുന്നത്‌?” വീഞ്ഞ്‌ നിറച്ച കൽഭരണികളുമായി അതിലേ പോയ കലവറക്കാരിൽ നിന്ന്‌ ഒരാളെ പിടിച്ചുനിർത്തി ജോനാഥൻ ആരാഞ്ഞു. “ജോനാഥാ... നീ ഇവിടെ നിൽക്കുകയായിരുന്നോ?” കലവറക്കാരൻ കാര്യം പറയാൻ തുടങ്ങുന്നതിന്‌ മുമ്പേ പിന്നിൽ നിന്നുള്ള വിളി കേട്ട്‌ ജോനാഥൻ തിരിഞ്ഞു, അത്‌ അപ്പനായിരുന്നു. ജോനാഥന്റെ കയ്യിൽ പിടിച്ച്‌ അദ്ദേഹം മുകളിലത്തെ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അപ്പന്റെ പ്രൗഢഗംഭീരമായ മുറിയിലെ ആൾത്തിരക്കുകൾക്കിടയിൽ സർവഭൂഷാലംകൃതനായി അതാ അവനിരിക്കുന്നു... ജോഷ്വാ! അപ്രതീക്ഷിതമായി അനുജനെ കണ്ട ആഘാതത്തിൽ വികസിച്ച ജോനാഥന്റെ മുഖം പെട്ടെന്നുതന്നെ കറുത്തു. എങ്കിലും, ആഹ്ളാദം തിരതല്ലി നിൽക്കുന്ന അപ്പന്റെ അന്നേരത്തെ മട്ടും ബന്ധുമിത്രാധികളുടെ സാന്നിധ്യവും കണക്കിലെടുത്ത്‌ അയാൾ എല്ലാം ഹൃദയത്തിൽ അക്ക്.

ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ വീടുവിട്ടുപോയ ജോഷ്വായുടെ തിരിച്ചുവരവ്‌ കേട്ടറിഞ്ഞ്‌ തടിച്ചുകൂടിയ ജനസഹസ്രങ്ങളെ അഭിവാദനം ചെയ്ത്‌ അപ്പനും, അദ്ദേഹത്തിന്റെ ആഹ്ളാദിരേകങ്ങളെ ആസ്വദിച്ച്‌ മൗനിയായി ജോഷ്വായും മുറ്റത്ത്‌ കെട്ടിയ വലിയ പന്തലിൽ നിൽക്കുന്നു, ഏറെ അകലെയല്ലാതെ ജോനാഥനും. ഏറെ വൈകാതെ അപ്പൻ ഇരുകൈകളുമുയർത്തി. വീര്യം കൂടിയ വീഞ്ഞും മുന്തിരിച്ചാറും പൊരിച്ച മാംസവുമൊക്കെ ആസ്വദിച്ചുനിൽക്കുകയായിരുന്ന അതിഥികളും അവർക്ക്‌ ഹരം പകരാൻ നിന്ന്‌ പക്കമേളക്കാരും തൽക്ഷണം നിശബ്ദരായി.

“എന്റെ പ്രിയപ്പെട്ട രക്തബന്ധങ്ങളേ, ജീവിതത്തിന്റെ സായംസന്ധ്യയിൽ അനുഭവിക്കാവുന്ന ഏറ്റവും വലിയ പുണ്യനിമിഷങ്ങളിലൂടെയാണ്‌ ഞാനിന്ന്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌... ഇതാ എന്റെ മകൻ... മരിച്ചിരിക്കുമെന്ന്‌ നാമെല്ലാം വിധിയെഴുതിയ അവനിന്ന്‌ തിരിച്ചുവന്നിരിക്കുന്നു, വർഷങ്ങളുടെ പ്രാർത്ഥനകളുടെയും വൃതങ്ങളുടെയും സാക്ഷാത്ക്കാരമെന്ന പോലെ... അവനെ കാണുന്നതിന്‌ മുമ്പേ മരിച്ചുപോകേണ്ടി വരുമോ എന്ന്‌ ഞാനനുഭവിച്ചിരുന്ന ഭയം ഇന്നെനിക്കില്ല. സ്വർഗസ്ഥനായ നമ്മുടെ യഹോവ ഈ കുടുംബത്തിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. കുടിക്കുവിൻ... ആനന്ദിക്കുവിൻ...!“ സഭയിളകുന്ന ഹർഷാരവത്തോടെ അദ്ദേഹം ജോഷ്വായെ കെട്ടിപ്പിടിച്ച്‌ കണ്ണീർ പൊഴിച്ചു. സ്വത്തിന്റെ നല്ലൊരു പങ്കും വിറ്റഴിച്ച്‌ അന്യനാട്ടിൽ ധൂർത്തടിച്ച്‌ നടന്ന മകനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ അപ്പൻ കാട്ടിയ മഹാമനസ്ക്കതയെ സദസ്വർ വാനോളം പുകഴ്ത്തുന്നു. പക്കമേളക്കാർ അതിഗംഭീരമായി വാദ്യഘോഷങ്ങൾ മുഴക്കുന്നു. അതിന്റെ താളത്തിൽ തരുണീമണികൾ നൃത്തം ചവിട്ടുന്നു. എങ്ങും ഉത്സവ പ്രതീതി. എന്നാൽ ജോനാഥൻ മാത്രം അസ്വസ്ഥനായിരുന്നു.
എല്ലാം അവസാനിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അതിഥികളിൽ ഭൂരിപക്ഷവും പിരിഞ്ഞുകഴിഞ്ഞപ്പോൾ അപ്പൻ ജോനാഥനെ വിളിച്ചു. ”വരു... നമുക്കിന്ന്‌ എല്ലാവർക്കും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം.“ അമാന്തിച്ച്‌ നിൽക്കുന്ന മൂത്തമകന്റെ ഹൃദയവികാരങ്ങൾ ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞിരുന്ന അദ്ദേഹം അവന്റെ തോളിൽ കൈവച്ചു. “നീ എന്താണ്‌ ചിന്തിക്കുന്നതെന്ന്‌ എനിക്കറിയാം! ജീവിതത്തെ എന്നും ശുഭാബ്ദി വിശ്വാസത്തോടെ എടുക്കാറുള്ള നിനക്കെന്തുപറ്റി?” “ഒന്നുമില്ല.” “എങ്കിൽ വരൂ.” “എനിക്കൊന്നും വേണ്ട.” “അങ്ങനെ പറയരുത്‌. ഇന്ന്‌...” “എനിക്കൊന്നും വേണ്ടെന്ന്‌ പറഞ്ഞില്ലേ!” ജോനാഥന്റെ ശബ്ദം ഉയർന്നു. “നീയിങ്ങനെ കോപിക്കാൻ ഇവിടെ അതിനെന്താണുണ്ടായത്‌?” “എന്താണുണ്ടായതെന്ന്‌ അറിയില്ല അല്ലേ? നിങ്ങളെന്നെ ചതിക്കുകയായിരുന്നു. ഇക്കാലമത്രയും ഒരു ദാസനെ പോലെ നിങ്ങൾക്ക്‌ വേണ്ടി പണിയെടുത്തിട്ടും എന്റെ സുഹൃത്തുക്കളുമായി ആഘോഷിക്കാൻ നിങ്ങളെനിക്കൊരു ആട്ടിൻകുട്ടിയെ പോലും തന്നില്ല. പക്ഷേ, നിങ്ങളുടെ സമ്പത്ത്‌ മുഴുവൻ കണ്ട വേശ്യകളുമായി ധൂർത്തടിക്കുകയും ഇക്കാലമത്രയും വഴിപിഴച്ച്‌ നടക്കുകയും ചെയ്ത നിങ്ങളുടെ മകന്‌ വേണ്ടി നിങ്ങൾ ഒരു കാളക്കുട്ടിയെ കൊന്ന്‌ വിരുന്നൊരുക്കി. പക്ഷപാതത്തിന്റെ മേലങ്കി ധരിച്ച അങ്ങയുടെ പിതൃസ്നേഹത്തെ മാലോകർ വാനോളം പാടിപ്പുകഴ്ത്തുമായിരിക്കാം. എന്നാൽ ഇതെല്ലാം കാണുമ്പോൾ എനിക്ക്‌ അറപ്പുതോന്നുന്നു... ഇതാണോ ഇത്രയും നാൾ വിനയാന്വിതനായി കഴിഞ്ഞതിനുള്ള പണിക്കൂലി?” അപ്പന്റെ തുടർന്നുള്ള ന്യായീകരണങ്ങൾ ജോനാഥന്റെ ശിരകളിൽ കയറിയതേയില്ല. അതൊന്നും കേൾക്കാത്ത ഭാവത്തിൽ അയാൾ മുറിയിലേക്ക്‌ കയറിപ്പോയി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോനാഥന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. മുന്തിയ വീഞ്ഞിന്റെ ലഹരിക്കും അയാളെ കീഴ്പ്പെടുത്താനായില്ല. മറുപടിയില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങളും അവ സൃഷ്ടിച്ച ധാർമ്മിക അരക്ഷിതാവസ്ഥയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പൻ ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന്‌ താനൊരിക്കലും കരുതിയതല്ല. കുടുംബത്തിന്‌ മാനക്കേട്‌ വരുത്തിവച്ച മകൻ തിരിച്ചെത്തിയാൽ അവനെ അദ്ദേഹം വെട്ടിനുറുക്കി പന്നികൾക്ക്‌ ഭോജനമാക്കുമെന്നാണ്‌ താനിതുവരെ കരുതിയത്‌. അപ്പന്റെ സ്വത്ത്‌ മോഹിച്ചിട്ടല്ല. എന്നിട്ടും, ആത്മാഭിമാനത്തോടെ അപ്പന്റെ പാദസേവ ചെയ്ത തനിക്ക്‌ ലഭിക്കാത്ത അംഗീകാരവും വാത്സല്യവും ഇന്നലെ കയറിവന്ന ആ തെണ്ടിക്ക്‌ എങ്ങനെ തട്ടിപ്പറിക്കാൻ കഴിയും? അപ്പന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ അവൻ നാളെ തനിക്കൊരു പാരയാകില്ലെന്ന്‌ ആര്‌ കണ്ടു? സ്വന്തം ധൂർത്തപുത്രന്റെ സാമ്പത്തിക പുനരുദ്ധാരണത്തിനായി അപ്പൻ അദ്ദേഹത്തിന്റെ പേരിലുള്ള ഈ കുടുംബവീടും നാൽപ്പതേക്കർ മുന്തിരിത്തോപ്പും അവന്‌ ഇഷ്ടദാനം ചെയ്യില്ലെന്ന്‌ ആരറിഞ്ഞു? അന്ധമായ പുത്രവാത്സല്യത്തിന്റെ പേരിൽ ഇതിനോടകം തരംതാണുപോയ അപ്പൻ തന്റെ അസ്ഥിത്വത്തെ വെല്ലുവിളിക്കുന്ന ചടുല തീരുമാനങ്ങൾ എന്തെങ്കിലും കൈക്കൊണ്ടാൽ അതിൽ അതിശയിക്കാനില്ല. ഒരു പ്രായം കഴിഞ്ഞാൻ എല്ലാ തന്തമാരും ഇങ്ങനെയാണ്‌! മനസിന്റെയും ശരീരത്തിന്റെയും ആവേശങ്ങൾ കെട്ടടങ്ങുമ്പോൾ തള്ളിക്കയറുന്ന വ്യർത്ഥ വിശ്വാസങ്ങൾ മനുഷ്യനെ ബലഹീനനാക്കുക മാത്രമല്ല, പരജീവികളെ ഹനിക്കുകയും ചെയ്യാറുണ്ട്‌. മദ്യലഹരിയുടെ കാൽപ്പനികതയിൽ ഏറെ ദൂരം സഞ്ചരിച്ച ജോനാഥൻ ഒടുവിൽ ക്ഷീണിച്ചവശനായി കിടന്നുറങ്ങി.

ഏറെ വൈകിയാണ്‌ ജോനാഥൻ ഉറക്കമുണർന്നത്‌. കഴിഞ്ഞ ദിവസത്തിന്റെ മന്ദതയും വിഷാദവും അയാളുടെ മുഖത്ത്‌ നിന്ന്‌ വിട്ടുപോയിട്ടില്ല. തണുപ്പൻ വികാരങ്ങളുടെ ആ പ്രഭാതത്തിൽ വൈകിയാണെങ്കിലും അയാൾ തീൻ മേശയിലേക്ക്‌ പോയി. പ്രാതൽ കഴിച്ചുകഴിഞ്ഞിട്ടും അപ്പൻ അവിടെ ഉണ്ടായിരുന്നു, അപ്പന്റെ വലതുഭാഗത്ത്‌ വിനയാന്വിതനായി ജോഷ്വായും! അപ്പൻ തനിക്കുമാത്രമായി ഇത്രയും നാൾ മാറ്റിവച്ച, തന്റേതുമാത്രമായ പീഠത്തിൽ മറ്റൊരുവൻ! ജോനാഥന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. എങ്കിലും അയാൾ അങ്ങോട്ടുപോയി, അപ്പന്‌ വേണ്ടി. “വരൂ ജോനാഥാ...” അപ്പൻ അയാളെ തന്റെ ഇടതുവശത്തെ പീഠത്തിൽ ഉപവിഷ്ടനാക്കി. അപ്രിയ ദാസന്മാർക്ക്‌ വേണ്ടി സംസ്കൃതികളിൽ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള പീഠത്തിൽ ഉപവിഷ്ടനാവുമ്പോൾ ജോനാഥന്‌ അപ്പനോടും, ഐതിഹ്യങ്ങളുടെ അധിപതിയായ യഹോവയോടും വെറുപ്പ്‌ തോന്നി. പീഠം മുന്നോട്ട്‌ വലിച്ച്‌ അയാൾ അപ്പനോട്‌ ചേർന്നിരുന്നു.

“ജോഷ്വായെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. അവന്‌ എന്തെങ്കിലുമൊരു ജോലി നീ തരപ്പെടുക്കി കൊടുക്കണം.” അപ്പന്റെ നിർദ്ദേശം കേട്ടിട്ടും ജോനാഥൻ ഒന്നും മിണ്ടിയില്ല. “ഗത്സമെൻ തോട്ടത്തിന്റെ ചുമതല ജോഷ്വായെ ഏൽപ്പിച്ചാലോ?” ജോനാഥൻ ഞെട്ടി. താൻ ഭയന്നതൊക്കെ സംഭവിക്കുകയാണ്‌, ഒരോന്നായി. അയാൾ അപ്പന്റെ മുഖത്തേക്ക്‌ നോക്കി. വാർദ്ധക്യത്തിന്റെ പരാധീനതകളുടെ പിൻബലത്തിൽ അദ്ദേഹം മക്കളുടെ വിധേയത്വം ദുർവിനിയോഗം ചെയ്യുകയാണ്‌! തന്റെ ക്ഷമയും ആത്മസംയമനത്തെയും അപമാനിക്കുകയാണ്‌! വ്യാവസായിക ഇടപാടുകളിൽ കുശാഗ്ര ബുദ്ധിയോടെ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ള അദ്ദേഹത്തിൽ മിടുക്ക്‌ ക്ഷയിച്ചുപോയിരിക്കുന്നു. മുഖം നോക്കാതെ നീതി നടപ്പിലാക്കാനുള്ള ഇസ്രയേലിന്റെ കീഴ്‌വഴക്കങ്ങളെ അപമാനിച്ചിരിക്കുന്നു. പശ്ചാത്തപിക്കുന്ന പാപിയോടുള്ള അനുകമ്പയുടെ പേരിൽ സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കാമെന്നാണോ? പരിതപിക്കുന്ന കൊലപാതകിയെയും കളങ്കമേശാത്ത കന്യകയേയും ഒരേ തുലാസിൽ നിർത്താമെന്നാണോ? പകലന്തിയോളം പണിയെടുത്ത തൊഴിലാളികൾക്ക്‌ നൽകിയ അതേ കൂലി ഉച്ചതിരിഞ്ഞ്‌ ജോലിക്കെത്തിയ തൊഴിലാളികൾക്കും നൽകുന്നത്‌ അതിക്രമമാണ്‌, അതിനെ ചോദ്യം ചെയ്താൽ “സ്വത്തിന്റെ ഉടമസ്ഥൻ താനാണെന്നും അതിനാൽ തനിക്കിഷ്ടമുള്ളത്‌  കൊടുക്കുമെന്നും” പ്രതികരിക്കുന്നത്‌ അഹങ്കാരമാണ്‌, ഉച്ചനീചത്വങ്ങൾക്ക്‌ തിരികൊളുത്തുന്ന ഇത്തരം പ്രസ്ഥാവനകൾ പ്രകൃതിനിയമങ്ങളുടെ നഗ്നമായ ലംഘനമാണ്‌. തെറ്റുകൾ സൃഷ്ടിക്കുന്ന ധാർമ്മിക കുരുക്കുകളിൽ നിന്ന്‌ ശിക്ഷയേൽക്കാതെ രക്ഷ പ്രാപിക്കാനുള്ള കുറുക്കുവഴിയല്ല പശ്ചാത്താപം! ഈശ്വരനുപോലും രക്ഷിക്കാൻ കഴിയാത്ത ഈ ധാർമ്മിക പ്രതിസന്ധിയിൽ, മനപ്പുർവമായ മനസ്താപങ്ങൾ പുത്തൻ അധ്യായങ്ങൾ തുടങ്ങാൻ മാത്രം ഒരുപക്ഷേ നമ്മേ സഹായിച്ചേക്കാം... ജോനാഥനിൽ പൊട്ടിപ്പുറപ്പെട്ട ധാർമ്മിക രോഷം സഹിക്കാവുന്നതിലും അധികമായിരുന്നു, അയാളുടെ മുഖം ചുവന്നു. ജ്യോഷ്ഠനിലുണ്ടായ വികാരഭേദങ്ങൾക്ക്‌ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന്‌ ഊഹിക്കാൻ പ്രാപ്തിയുണ്ടായിട്ടും എല്ലാം കണ്ട്‌ രസിച്ചിരിക്കുന്ന ജോഷ്വായുടെ സാന്നിധ്യം ജോനാഥനെ പിന്നെയും പിന്നെയും അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

ഗത്സമനിലേക്ക്‌ തിരിക്കുമ്പോൾ അപ്പൻ ജോഷ്വായെയും സ്നേഹവായ്പ്പുകളോടെ വണ്ടിയിൽ കയറ്റി. കുതിരവണ്ടി കാഴ്ചയിൽ നിന്ന്‌ മറയുവോളം അദ്ദേഹം ഇമവെട്ടാതെ നോക്കിനിന്നു. “ഇനിയെന്താ നിന്റെ പരിപാടി.” കാഴ്ചകളിൽ നിന്ന്‌ അപ്പൻ മറഞ്ഞപ്പോൾ ജോനാഥൻ ചോദിച്ചു. “ഒന്നും തീരുമാനിച്ചിട്ടില്ല.” “നിനക്ക്‌ തീരുമാനങ്ങളെടുക്കാൻ പ്രത്യേകിച്ച്‌ ഇവിടെ ഒന്നും ശേഷിച്ചിട്ടില്ലല്ലോ! ഉള്ളതെല്ലാം  നീ വിറ്റുതുലച്ചില്ലേ!” ജോനാഥൻ പരുഷമായി അഭിപ്രായപ്പെട്ടു. “അപ്പന്റെ ഇംഗിതമനുസരിച്ച്‌ ശിഷ്ടകാലം ജീവിക്കുക, അതാണ്‌ എന്റെ ആഗ്രഹം.” “അപ്പോൾ അപ്പൻ നൽകുന്ന പരിഗണനയിൽ വീട്ടിൽ സ്ഥിരതാമസമാക്കാനാണ്‌ പരിപാടി അല്ലേ? പിന്നെ, കിട്ടുമെങ്കിൽ കുടുംബവീടും പത്തുനൂറേക്കർ മുന്തിരിത്തോട്ടങ്ങളും സ്വന്തമാക്കുക... അല്ലേടാ?” “ചേട്ടൻ അൽപ്പം കൂടി മാന്യമായി സംസാരിക്കണം.” പുരികം ചുളുക്കി ജോഷ്വാ അപേക്ഷിച്ചു. “നിനക്കെന്ത്‌ മാന്യതയാടാ...? വീട്ടിൽ തിരിച്ചെത്തിയാലും ധൂർത്തപുത്രന്മാർക്ക്‌ പുല്ലുവിലയാണ്‌, അറിയാമോടാ നിനക്ക്‌?”

കുതിരവണ്ടി പെട്ടെന്ന്‌ നിന്നു. വലിയൊരു കുലുക്കത്തോടെ നിശ്ചലമായ വണ്ടിയിൽ നിന്ന്‌ ജോഷ്വാ പുറത്തേക്ക്‌ വീഴുന്നു. “കൊന്നുകുഴിച്ചുമൂടും ഞാൻ! നീയൊരു ചെറ്റയാണെങ്കിൽ ഞാനൊരു പരമ ചെറ്റയാ... വന്നവഴി തിരിച്ചുപോയ്ക്കോ, അതാണ്‌ നിനക്ക്‌ നല്ലത്‌.” ജോനാഥൻ അലറി. ചാട്ടവാറിന്റെ ഉഗ്രപ്രഹരത്തിൽ ഞെട്ടിയ കുതിരകൾ വണ്ടിയെയും വലിച്ച്‌ ശരവേഗത്തിൽ കുതിച്ചു. വിജനമായ വഴിയിൽ ജോഷ്വാ ബാക്കിയായി!

അപ്പൻ കിടപ്പിലാണ്‌, രണ്ട്‌ ദിവസമായി എന്തെങ്കിലും നേരാംവണ്ണം കഴിച്ചിട്ട്‌. “ജോഷ്വായെ കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയോ മോനേ?” “ഇല്ലപ്പാ. ഭൃത്യന്മാർ അന്വേഷിക്കുന്നുണ്ട്‌. പിന്നെ...” ജോനാഥൻ എന്തോ പറയാൻ മടിക്കുന്നതുപോലെ. “എന്താ ജോനാഥാ... പറയൂ.” “അത്‌... അപ്പൻ ആത്മസംയമനത്തോടെ ഇത്‌ കേൾക്കണം. വീട്ടിൽ നിന്ന്‌ വിലപിടിപ്പുള്ള രത്നങ്ങളും സ്വർണ നാണയങ്ങളും കളവ്‌ പോയിട്ടുണ്ട്‌. അവയെല്ലാം കൈക്കലാക്കി ജോഷ്വാ വീണ്ടും നാടുവിട്ടിരിക്കാമെന്നാണ്‌ കാവൽ ഉദ്യോഗസ്ഥന്മാരുടെ ഊഹം.” “ഇല്ല...” വയോവൃദ്ധന്റെ നിലവിളി സാവധാനം പൊട്ടിക്കരച്ചിലായി പരിണമിച്ചു. ചുറ്റും കൂടി നിൽക്കുന്ന ബന്ധുമിത്രാധികൾ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. സുഖലോലുപതയ്ക്ക്‌ പണം തികയാതെ വന്നപ്പോൾ സൂത്രത്തിൽ വീട്ടിൽ തിരിച്ചെത്തി പൊന്നും പണവും അപഹരിച്ചുകടന്ന ധൂർത്തപുത്രന്റെ മ്ളേച്ഛ ജന്മത്തെ ചിലർ പഴിക്കുന്നു. `അപ്പനെ വഞ്ചിച്ചവൻ` എന്ന്‌ മുദ്രകുത്തി അതിക്ഷേപിക്കുന്നു. ഏതാനും ദിനങ്ങൾക്കുള്ളിൽ അപ്പൻ മരിച്ചു. രാജോചിതമായ സന്നാഹങ്ങളോടെ അദ്ദേഹത്തിന്റെ കബറടക്കം നടന്നു.

ജോഷ്വായുടെ പെട്ടെന്നുള്ള തിരോധാനവും തുടർന്നുണ്ടായ അപ്പന്റെ ദേഹവിയോഗവും സൃഷ്ടിച്ച കിംവദന്തികളുടെ കുന്തമുന ഏറെക്കുറെ ഉറഞ്ഞില്ലാതായ സന്ദർഭത്തിലാണ്‌ ജോനാഥന്റെ ചെവികളിൽ യാദൃശ്ചികമായി ആ വാർത്തയെത്തുന്നത്‌. ഗലീലിയുടെ പ്രാന്തപ്രദേശങ്ങളിൽ തന്നെ കുറിച്ചുള്ള ചില കഥകൾ പ്രചരിക്കുന്നുണ്ടെത്രേ! ധൂർത്തപുത്രനെ സ്വീകരിക്കാൻ അപ്പൻ കാട്ടിയ അപരിമിത സ്നേഹത്തെ ഉപമയാക്കി നസ്രായനായ ഏതോ ഒരാൾ ദൈവസ്നേഹത്തെ കുറിച്ച്‌ സിനഗോഗുകളിൽ പ്രഭാഷണം നടത്തുന്നുണ്ടത്രേ! അപ്പനുമായി അടുപ്പമുള്ള ചില പുരോഗിതന്മാരാണ്‌ ജോനാഥനെ വിവരം അറിയിച്ചത്‌. “എന്തായിരിക്കും അയാളുടെ ഉദ്ദ്യേശം?” “സനാതന തത്വങ്ങളെ ജനങ്ങളിലെത്തിക്കാൻ ചിലപ്പോഴൊക്കെ പുരോഹിതന്മാർ സംഭവകഥകളെ ആശ്രയിക്കാറുണ്ട്‌. അതുപോലെ, താങ്കളുടെ അപ്പനെ അറിയാവുന്ന ആരെങ്കിലും ചെയ്തതാവും ഇതും!” പുരോഹിതന്മാരിലൊരാൻ ഊഹിച്ചു. “എങ്കിലും, എന്റെ കുടുംബത്തിൽ നടന്ന ഒരു സ്വകാര്യ സംഭവത്തെ സമൂഹത്തിന്റെ മുന്നിലിട്ട്‌ വെട്ടിക്കീറുന്നത്‌ ശരിയാണോ? കുടുംബത്തിന്റെ സൽപ്പേരിന്‌ കളങ്കം ചാർത്താൻ ആരോ നടത്തിയ ഗൂഢാലോചനയാവുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.” ജോനാഥൻ പറഞ്ഞു. “ഏതായാലും, താങ്കൾ അത്തിടം വരെ പോയി അന്വേഷിക്കുന്നത്‌ ഉചിതമാവും.” ആ നിർദ്ദേശം ശരിയാണെന്ന്‌ ജോനാഥനും തോന്നി.

അപവാദങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുന്ന ഒരു കാപട്യക്കാരന്റെ മുഖമായിരുന്നില്ല ആ നസ്രായന്റേത്‌! സ്വന്തം അഭിപ്രായങ്ങൾ സ്ഥിപിച്ചെടുക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന വാചക കസർത്തുകളോ, ആത്മീയപുരുഷന്മാരുടെ അഭിനയ കസത്തുകളോ അദ്ദേഹത്തിന്റെ മുഖത്തില്ല. തികച്ചും ശാന്തനായ മനുഷ്യൻ! ലളിതമായ വേഷം. സരളമായ വാചകങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ജോനാഥനെ അതിശയിപ്പിച്ച ചൈതന്യം! “ആരാണിയാൾ?” ജോനാഥൻ പിന്നാമ്പുറങ്ങളിൽ ചില അന്വേഷണങ്ങൾ നടത്തി. നസ്രത്തിലെ പ്രസിദ്ധനായ ആശാരി ജോസഫിന്റെ മകൻ. അമ്മ മറിയം. അവിവാഹിതൻ. സ്നാപക യോഹന്നാൻ പോലും അംഗീകരിച്ച ഇസ്രയേലിന്റെ നവോദ്ധാന നായകൻ. കിട്ടിയ വിവരങ്ങൾ വച്ച്‌ നോക്കുമ്പോൾ താൻ കരുതിയതുപോലെ പ്രശ്നക്കാരനല്ല കക്ഷി. എങ്കിലും സൂക്ഷിക്കണം. ജോനാഥൻ അയാളെ അൽപ്പദൂരം കൂടി പിന്തുടർന്നു, ആരുടെയും മുന്നിൽ ശ്രദ്ധിക്കപ്പെടാതെ.

വിഭിന്നങ്ങളായിരുന്നു അയാളുടെ പ്രബോധനങ്ങളും പ്രവർത്തന ശൈലികളും. “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നുവെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ആൾക്കൂട്ടം കൊണ്ട്‌ നിറഞ്ഞ താഴ്‌വാരത്തിലെ കല്ലിന്മേൽ ശാന്തനായിരുന്ന്‌ അയാൾ തുടർന്നു. “നിങ്ങൾക്ക്‌ എന്തുതോന്നുന്നു? ഒരു മനുഷ്യന്‌ നൂറ്‌ ആടുകളിൽ ഒന്ന്‌ വഴിതെറ്റിപ്പോയാൽ അയാൽ തൊണ്ണൂറ്റിയൊമ്പതിന്റെയും വിട്ടശേഷം കാണാതെ പോയതിനെ അന്വേഷിച്ച്‌ പുറപ്പെടുകയില്ലേ? അതിനെ കണ്ടെത്തിയാൽ വഴി തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത്‌ ആടുകളെക്കുറിച്ചുള്ളതിലും അധികം സന്തോഷം ആ ഒരാടിനെക്കുറിച്ച്‌ ഉണ്ടാകുമെന്ന സത്യം ഞാൻ നിങ്ങളോട്‌ പറയുന്നു.“ ജോനാഥന്‌ ഉടൻ അപ്പനെ ഓർമ്മ വന്നു. ആട്ടിടയനായി ജീവിതം ആരംഭിച്ച അപ്പന്‌ തന്റെ ആടുകളോടുണ്ടായിരുന്ന അടുപ്പവും സ്നേഹവും കുട്ടിക്കാലം മുതലേ ജോനാഥൻ കണ്ടിട്ടുള്ളതാണ്‌. ആടുകൾക്കൊപ്പം മാസങ്ങളോളം മരുഭൂമിയിൽ കഴിഞ്ഞിട്ടുള്ള അപ്പൻ അനുഭവിച്ച വെല്ലുവിളികൾ അദ്ദേഹം വല്ലപ്പോഴും വീണുകിട്ടാറുള്ള സന്തോഷത്തിന്റെ രാത്രികളിൽ ഒരു മുത്തശ്ശിക്കഥ പോലെ തനിക്ക്‌ പറഞ്ഞുതരാറുണ്ട്‌. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപ്പെടുന്ന ആടുകളെ ഓർത്ത്‌ അദ്ദേഹം ഏറെ നാൾ വിലപിച്ചിരുന്നു. മിണ്ടാപ്രാണികളായ ആടുകളോട്‌ ഇത്രയേറെ വാത്സല്യം കാണിച്ചിരുന്ന അപ്പൻ സ്വന്തം മകൻ തന്നിഷ്ടപ്രകാരം വീടുവിട്ടിറങ്ങിയിട്ടും അവന്റെ തിരിച്ചുവരവിനായി കാത്തിരുന്നെങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ എങ്ങനെ സാധിക്കും? ജോനാഥന്‌ കുറ്റബോധം തോന്നി.

”എന്റെ സഹോദരൻ എന്നോട്‌ പാപം ചെയ്താൻ ഞാൻ എത്ര തവണ അവനോട്‌ ക്ഷമിക്കണം? ഏഴുതവണ മതിയോ?“ നസ്രായന്റെ ശിഷ്യഗണത്തിൽ നിന്നുണ്ടായ ചോദ്യമാണ്‌ ജോനാഥനെ പരിസരബോധത്തിലേക്ക്‌ പിന്നെ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. “ഏഴുപ്രാവശ്യമല്ല, ഏഴ്‌ എഴുപത്‌ പ്രാവശ്യമെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” ജോനാഥന്റെ പുരികം വീണ്ടും ചുളിഞ്ഞു. “സ്വർഗരാജ്യം, തന്റെ ദാസന്മാരുമായി കണക്കുതീർക്കാൻ ആഗ്രഹിച്ച്‌ ഒരു രാജാവിനോട്‌ സദൃശ്യം. കണക്കുതീർക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്‌ പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരാളെ അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. കൊടുത്തുതീർക്കാൻ അയാൾക്ക്‌ കഴിവില്ലാത്തതുകൊണ്ട്‌, അയാളുടെ ഭാര്യയെയും മക്കളെയും വസ്തുവകകളൊക്കെയും വിറ്റുകടം വീട്ടണമെന്ന്‌ യജമാനൻ കൽപ്പിച്ചു. ദാസൻ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: എജിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മുഴുവനും തന്നുതീർക്കാം. യജമാനന്‌ ആ ദാസനോട്‌ അനുകമ്പ തോന്നി, കടം ഇളച്ചുകൊടുക്കുകയും അയാളെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ആ ദാസൻ പോകുമ്പോൾ അയാൾക്ക്‌ നൂറ്‌ ദിനാർ കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അവന്റെ കഴുത്തുപിടിച്ച്‌ ഞെരിച്ചു കൊണ്ട്‌ നിന്റെ കടം തീർക്കുക എന്ന്‌ ആവശ്യപ്പെട്ടു. ആ സഹഭൃത്യൻ മുട്ടിന്മേൽ നിന്നുകൊണ്ട്‌ എനിക്ക്‌ അൽപ്പം സാവകാശം തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം എന്ന്‌ കേണപേക്ഷിച്ചു. എന്നാൽ അയാൾ അത്‌ നിരസിച്ചു. തന്നെയുമല്ല, മുഴുവൻ കടവും വീട്ടുന്നതുവരെ അവനെ തടവിലാക്കുകയും ചെയ്തു. ഈ സംഭവം കണ്ടിട്ട്‌ മറ്റുള്ള വേലക്കാർ വളരെ ദുഃഖിതരായി. അവർ സംഭവിച്ചതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ ആ ദാസനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ടനായ ഭൃത്യാ, നിന്റെ അപേക്ഷ കേട്ട്‌ ഞാൻ നിന്റെ സകല കടവും ഇളച്ചുതന്നു. എനിക്ക്‌ നിന്നോട്‌ കരുണ തോന്നിയതുപോലെ നിനക്ക്‌ നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ? അനന്തരം തന്റെ കടവും വീട്ടുന്നതുവരെ അയാളെ തടങ്കലിൽ വയ്ക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. നിങ്ങൾ സഹോദരനോട്‌ ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ പിതാവ്‌ നിങ്ങളോടും അങ്ങനെ തന്നെ ചെയ്യും.“ ജോനാഥൻ സ്തബ്ദനായി നിന്നു, വാക്കുകളോ ചിന്തകളോ ഇല്ലാതെ!

തന്നിൽ എന്താണ്‌ സംഭിക്കുന്നത്‌? ഈ മനുഷ്യൻ സത്യത്തിൽ ആരാണ്‌? അയാളുടെ ഓരോ വാക്കും ഒരായിരം ശരപ്രവാഹം പോലെ തന്റെ മനസാക്ഷിയിൽ വന്നുതറക്കുന്നത്‌ ജോനാഥന്‌ പകൽ പോലെ അനുഭവവേദ്യമായിരുന്നു. തീഷ്ണമായ മൗനത്തിലും വാചാലമാവുന്ന നസ്രായന്റെ കണ്ണുകളിൽ നോക്കാൻ പോലും അർഹതയില്ലാത്ത മഹാപാതകിയാണ്‌ താനെന്ന്‌ ജോനാഥന്‌ ഒരു നിമിഷം തോന്നി. അലമുറയിടുന്ന ആന്തരീക പ്രതിസന്ധികളെ തരംചെയ്യാൻ കഴിയാതെ അയാൾ ശൂന്യവൽക്കരിക്കപ്പെട്ടു. ദൈവം നൽകിയ കൽപ്പനകൾ തറയിലെറിഞ്ഞുടച്ചുവെന്ന ഒറ്റ കാരണത്താൽ വാഗ്ദത്ത ഭൂമി നിഷേധിക്കപ്പെട്ട മോശയുടെ സ്ഥിതി തനിക്കും ഉണ്ടാവുമോ? അയാൾ ഭയന്നു. അമാന്തിച്ചുനിന്നതുകൊണ്ട്‌ ഫലമൊന്നുമില്ലെന്ന്‌ മനസിലാക്കിയ ജോനാഥൻ മുന്നിൽ നിന്ന്‌ ആളുകളെ തള്ളിമാറ്റി അയാളുടെ അടുക്കലേക്ക്‌ നീങ്ങി.

“ഗുരു, നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ ഞാൻ എന്ത്‌ നന്മ പ്രവർത്തിയാണ്‌ ചെയ്യേണ്ടത്‌?” ജോനാഥന്റെ ചോദ്യം കേട്ട്‌ കൂടി നിന്നവർ പരസ്പരം നോക്കി, പിന്നെ നസ്രായന്റെ മറുപടിക്കായി കാതോർത്തു. “എന്നോട്‌ നന്മയെ കുറിച്ച്‌ ചോദിക്കുന്നതെന്ത്‌? നല്ലവൻ ഒരുവൻ മാത്രമേ ഉള്ളൂ. ജീവനിൽ കടക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപനകൾ അനുസരിക്കുക.” “അവയെല്ലാം ഞാൻ പാലിക്കുന്നുണ്ട്‌. ഇനിയും എന്തിലാണ്‌ എനിക്ക്‌ പോരായ്മയുള്ളത്‌?” “സമ്പൂർണ്ണനാവൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ പോയി നിന്റെ സ്വത്തു മുഴുവൻ വിറ്റ്‌ ദരിദ്രർക്ക്‌ കൊടുക്കുക, പിന്നെ എന്നെ വന്ന്‌ അനുഗമിക്കുക.” ജോനാഥന്‌ നന്നായി ആലോചിക്കണമായിരുന്നു. അയാൾ അവിടെ നിന്ന്‌ പോയി, ഒരൽപ്പം നിരാശയോടെ.

അപ്പന്റെ കണക്കില്ലാത്ത സമ്പത്ത്‌ വർഷങ്ങളായി നോക്കി നടത്തിയ പരിചയസമ്പത്തുണ്ടായിട്ടും ജോനാഥൻ അസ്വസ്ഥനായിരുന്നു, എല്ലാം കൈവിട്ടുപോകുന്നതുപോലെ. അപ്പന്റെ മരണം മൂലം രൂപാന്തരപ്പെട്ട ന്യൂനമർദ്ദം തന്റെ മാനസിക ചുറ്റുപാടുകളെ പിടിച്ചുലയ്ക്കുന്നതുപോലെ. ആ ദുർബലതയിൽ ചതിക്കുഴികൾ രൂപപ്പെടുന്നതുപോലെ. എവിടെ നിന്നും വെല്ലുവിളികൾ, മത്സരങ്ങൾ... ഒറ്റയ്ക്ക്‌ നുകം വലിക്കാൻ കഴിയാത്തതുപോലെ. ജോനാഥൻ സ്വയം പഴിച്ചു. ഭരണകാര്യങ്ങളിൽ മികവ്‌ പുലർത്താൻ കഴിയാതെ വന്നപ്പോൾ അയാൾക്ക്‌ അതിൽ താൽപര്യം കുറഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ. ജോഷ്വായെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ! അയാൾ അറിയാതെ ആശിച്ചുപോയി. അപ്പന്റെ ഇശ്ചാശക്തിക്ക്‌ മുന്നിൽ തലയുയർത്തിനിന്ന സാമ്രാജ്യം അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ തകർന്നുവീഴുകയാണെന്ന്‌ ജോനാഥന്‌ മനസിലായി തുടങ്ങിയിരുന്നു.

മോഷണം അഭ്യസിച്ചിട്ടില്ല, എന്നിട്ടും അയാൾക്കത്‌ ചെയ്യേണ്ടിവന്നു..., ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി. സിനഗോഗുകൾക്ക്‌ മുന്നിലും ദേവാലയങ്ങളിലും എത്രകാലം ഭിക്ഷ തെണ്ടാൻ കഴിയും? പരിചയമുള്ള മുഖങ്ങൾ പലതും തനിക്ക്‌ നാണയത്തുട്ടുകൾ എറിഞ്ഞുതന്നെങ്കിലും ആരും തന്നെ തിരിച്ചറിഞ്ഞില്ല. ഭിക്ഷാടനത്തെക്കാർ മാന്യമായ തൊഴിൽ മോഷണമാണെന്ന തിരിച്ചറിവ്‌ തുടർച്ചയായ ജയിൽവാസങ്ങളിൽ കൊണ്ടെത്തിച്ചു. കള്ളനെന്ന്‌ ലോകം മുദ്രകുത്തിയപ്പോൾ ആവേശം കൂടുകയായിരുന്നു, ഒരു ദിവസമെങ്കിൽ ഒരു ദിവസം... പഴയപ്രതാപത്തിൽ ജീവിക്കണമെന്ന മോഹം. എങ്കിലും നടന്നില്ല. ഇനി തന്നെ കാത്തിരിക്കുന്നത്‌ അർഹമായ കൊലമരം മാത്രമാണ്‌. ജോനാഥൻ ഓർമ്മകൾ മാറാലകളിൽ നിന്ന്‌ പുറത്തുവന്നു.

തടവറയിലെ ഉയർന്ന ജനാലയിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രരശ്മിയിൽ അയാളുടെ മുഖം വ്യക്തമായി കാണാം. അതിൽ അടിയേറ്റ്‌ വീങ്ങിയ പാടുകൾ, പൊടിപിടിച്ച പാറിയ ചെമ്പൻ മുടികൾ അലക്ഷ്യമായി എഴുന്നേറ്റുനിൽക്കുന്നു. ദാരുണമായ അയാളുടെ അവസ്ഥയിൽ വേദനപൂണ്ട ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ മുഖംമറച്ചു. അപ്പോൾ ആ തറവറ വീണ്ടും അന്ധകാരത്തിൽ കുളിച്ചു.

പടയാളികളുടെ കാൽപ്പെരുമാറ്റത്തിന്റെയും താക്കോൽക്കൂട്ടത്തിന്റെയും ശബ്ദം അധികരിച്ചുവരുന്നതായി അയാൾക്ക്‌ തോന്നി. അതെ, അവർ വരികയാണ്‌. ഇനി അധികം നേരമില്ല, എല്ലാം പര്യവസാനിക്കാൻ! താക്കോൽക്കൂട്ടം കൈവശമുണ്ടായിരുന്ന ഒരാൾ ജയിലഴികൾ തുറന്ന്‌ അകത്തുകടന്നു. പിന്നെ അയാളെ അവർ വലിച്ചെഴുന്നേൽപ്പിച്ചു. വിശപ്പും ദാഹവും മൂലം തളർന്ന സ്വന്തം ശരീരത്തെയും വഹിച്ച്‌ എത്രദൂരം നടന്നുവെന്നറിയില്ല. ബോധം വീഴുമ്പോൾ സ്വർഗത്തിനും ഭൂമിക്കും നടുവിൽ അയാൾ തൂങ്ങുകയായിരുന്നു, മരക്കുരിശിൽ!

തന്നെയോർത്ത്‌ വിലപിക്കാൻ ആരുമില്ലാത്ത പരിതാപകരമായ മാനസികാവസ്ഥയിൽ ആ ശരീരം ഏറെ നേരം തൂങ്ങിനിന്നു. പ്രാണവേദനയുടെ പാരമ്യതയിൽ ഗുരുവിനെ കുറിച്ചുള്ള ഓർമ്മകൾ അയാളിൽ തെളിഞ്ഞു. ഓർമ്മിക്കാൻ ഇമ്പമുള്ള കുറേ നിമിഷങ്ങളായിരുന്നു ഗുരുവിനൊടൊപ്പം ഉണ്ടായിരുന്നത്‌. അടിമത്വത്തിൽ വലിച്ചെറിയപ്പെട്ടവരെ രക്ഷിക്കാനെത്തിയ ഗുരു പോലും തന്നെ ഉപേക്ഷിച്ചു. ജോനാഥന്റെ കണ്ണുകൾ നിറഞ്ഞു. പിന്നെ അത്‌ നിറഞ്ഞൊഴുകി. “ഗുരുവിന്‌ തന്നെ തിരികെ വിളിക്കാമായിരുന്നു, പോകരുതെന്ന്‌ വിലക്കാമായിരുന്നു.” കുറ്റബോധത്തിന്റെ നീർച്ചുഴിയിൽ നട്ടംതിരിഞ്ഞ അയാളുടെ ശരീരവും ആത്മാവും ഒരിറ്റ്‌ ദാഹജലത്തിനായി കേണു. ഒരൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ! ഭൂമിയിലേക്ക്‌ തീങ്ങിക്കിടന്ന മുഖത്തെ അയാൾ ക്ളേശപൂർവം ഉയർത്തി. അപ്രതീക്ഷിതമായി കണ്ണിൽ പതിച്ച മനുഷ്യശരീരത്തെ മനസിലാകാതെ അയാൾ തുറിച്ചുനോക്കി. പിന്നെ ആണികളിൽ കോർത്ത ശരീരത്തിന്റെ വേദനകൾ മറന്ന്‌ അയാൾ ഉച്ചത്തിൽ നിലവിളിച്ചു. “ഗുരൂ...” ദാരുണമായ ആ നിലവിളി കേട്ട്‌ മുൾക്കിരീടം ധരിച്ച ആ മനുഷ്യൻ മുഖമുയർത്തി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

5 comments:

 1. ബൈബിളിലെ ചില സംഭവങ്ങളെ കോർത്തിണക്കി ഞാനെഴുതിയ കഥ.

  ReplyDelete
 2. ബൈബിളിലെ ചില സംഭവങ്ങള്‍ ആസ്പദമാക്കി പൌലോ കൊയലോ എഴുതിയ ദി ഫിഫ്ത് മൌണ്ടന്‍ എന്ന നോവല്‍ വായിക്കുന്ന ഒരു ഫീലിംഗ്.

  ReplyDelete
 3. കഥയുടെ ആശയം ഗംഭീരമായിരിക്കുന്നു. ധൂര്‍ത്ത പുത്രന്റെ ഉപമയില്‍ നിന്ന് നല്ല കള്ളനിലെയ്ക്കുള്ള യാത്ര അതിമനോഹരമായി..
  സത്യത്തില്‍ അടുത്തിടെ വായിച്ചതില്‍ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല...

  ഇവിടെയും ആദ്യത്തെ നാല് പാരഗ്രാഫുകള്‍ മടുപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

  "സാഹചര്യങ്ങൾ തനിക്കെതിരെയായിരുന്നു... ശരിതന്നെ! പക്ഷേ, അവയുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നിയന്ത്രണരഹിതമായ അടിയൊഴുക്കുകളിലേക്ക്‌ നിപതിക്കാതിരിക്കാൻ ഒരു ശ്രമമെങ്കിലും നടത്താതിരുന്നത്‌ അതിലും വലിയ അപരാധം! " ഇത്രയുമൊക്കെ വളച്ചു കെട്ടലുകള്‍ വേണമോ?

  "ആത്മവിമർശനത്തിന്റെ മൂർച്ചയേറിയ മിന്നൽപ്പിണറുകൾ അയാളുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കിയപ്പോൾ, കാർമേഘങ്ങൾ മഴത്തുള്ളികളായി കവിളിലൂടെ പെയ്യാൻ തുടങ്ങി. " ഇങ്ങനെ എഴുതിയാലും.. "കുറ്റബോധം സഹിക്കാനാവാതെ അയാള്‍ കരഞ്ഞു" എന്നെഴുതിയാലും വായനക്കാര്‍ മനസ്സിലാക്കുന്നത്‌ ഒന്ന് തന്നെ.

  പക്ഷെ ഇതിനിടയിലും മനോഹരമായ ഒരുപാടു പ്രയോഗങ്ങള്‍ കണ്ടു " പാറാവുകാരുടെ കാലൊച്ചയും അടക്കംപറച്ചിലുകളും ആ തടവറയിൽ നിറഞ്ഞുനിന്നിരുന്ന മൂകതയെ നിരന്തരം വ്യഭിചരിച്ചുകൊണ്ടിരുന്നു. " ഇത് വളരെ ഇഷ്ട്ടമായി..

  പക്ഷെ ആദ്യത്തെ നാല് പരഗ്രഫുകള്‍ക്ക് ശേഷം, കഥ മനോഹരമായി,

  ഇനിയും ഒരുപാട് എഴുതൂ... താങ്കളുടെ കഥകള്‍ക്കായി കാത്തിരിക്കുന്നു..

  ReplyDelete
 4. നിരൂപണത്തിന് നന്ദി ശാലിനി, അഭിനന്ദനങ്ങൾ അറിയിച്ചവർക്കും.

  ReplyDelete