Tuesday, June 14, 2011

പറക്കുന്ന പാഠപുസ്തകം


നൂലുപോലെയൊഴുകുന്ന സ്കൂൾ പൈപ്പിലെ വെള്ളം അവളുടെ കൈക്കുമ്പിളും നിറഞ്ഞ്‌ കവിഞ്ഞൊഴുകി. എങ്കിലും അവൾ അതറിഞ്ഞില്ല. അൽ‌പ്പം അകലെ, സ്കൂൾ വരാന്തയിൽ കൂട്ടം കൂടിയിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ. പരസ്പരം കുശലങ്ങൾ ചൊല്ലിയും, തമാശകൾ പറഞ്ഞും അവർക്കിടയിലിടുന്ന് ചോറുണ്ണുന്ന മറ്റൊരു കുട്ടിയായി അവൾ സ്വയം ഭാവനയിൽ കാണാൻ ശ്രമിച്ചു. എങ്കിലും കഴിഞ്ഞില്ല! വിശപ്പുമൂലം വിണ്ടുകീറിയ നേത്രപടലത്തിലെ അധോമുഖ പ്രതിബിംബത്തിൽ തന്നെയും ഉൾപ്പെടുത്താൻ മസ്തിഷ്ക്കം അവളെ അനുവദിച്ചില്ല, ക്ഷണികവും മാസ്മരികവുമായ അത്തരമൊരു മനക്കാഴ്ചകളിൽ സ്വയം ആശ്വസിക്കാൻ ശ്രമിക്കാമെന്നല്ലാതെ വേറെന്ത് പ്രയോജനമെന്ന് ഒരുപക്ഷേ അത് ചിന്തിച്ചിട്ടുണ്ടാവണം! എങ്കിലും, ആ കുട്ടികളുടെ മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞമർന്ന ഭക്ഷണ ശകലമെങ്കിലും ആവാൻ അവൾ കൊതിച്ചു..., പല്ലുകൾക്കിടയിലേക്ക് എറിയപ്പെട്ട്, ഉമിനീരിൽ അരയപ്പെട്ട്, പിന്നെ ആമാശയത്തിലെ അമ്ലങ്ങളിൽ വിഘടിക്കപ്പെട്ട് പ്രപഞ്ചത്തിന്റെ സുക്ഷ്മതയിലേക്ക് തന്നെ വീണ്ടും ലയിക്കുന്ന ഭക്ഷണ ശകലമാവാൻ! അതിന്റെ മനോഹാരിതയിൽ അവൾ ലയിച്ച് നിന്നു.

മനസാന്നിധ്യം മഹാശാപം. ചിന്തകളിൽ നിന്ന് ഉണർന്ന അവളുടെ മുഖം വീണ്ടും മ്ലാനമായി. കൈക്കുമ്പിളിലൂടെ അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന ക്ലോറിൻ വെള്ളത്തിൽ പ്രതിഫലിച്ച സൂര്യ പ്രകാശത്തിന്‌ പോലും അവളുടെ മുഖത്തെ പ്രസന്നമാക്കാൻ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങളുടെ നട്ടുച്ച വെയിലിൽ വാടിക്കരിഞ്ഞ സ്വപ്നങ്ങളുമായി അവൾ ആർത്തിയോടെ കൂടി വെള്ളം കുടിക്കാൻ തുടങ്ങി. അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിൻ ഗന്ധത്തിൽ ക്ഷമ നഷ്ടപ്പെട്ട ആമാശയ കോശങ്ങൾ മുകളിലേക്ക്‌ നോക്കി തെറിവിളിച്ചു. എങ്കിലും, വിശന്നുമരവിച്ച്‌ അവളുടെ മസ്തിഷ്ക്കം അതൊന്നും ഗൗനിച്ചതേയില്ല.

കുട്ടികൾ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതിയിൽ നിന്ന് പുറത്തുചാടിയ ചോറുമണികളും, അവിയലും, തോരനുമെല്ലാം പായൽ പിടിച്ച പൈപ്പിൻ ചുവടാകെ ചിതറിക്കിടക്കുന്നത് അവൾക്ക് കാണാം. ആ അർത്ഥ ശൂന്യതയിലേക്ക് ആദ്യം എറിയപ്പെട്ടത് അവളായിരുന്നതിനാൽ അവൾക്ക് അതിൽ വ്യസനം തോന്നിയില്ല. എങ്കിലും, അവയിൽ നിന്ന് പ്രവഹിച്ച ഉച്ചഭക്ഷണത്തിന്റെ വാസന അവളുടെ പഞ്ചേന്ദ്രിയങ്ങളെ ലഹരി പിടിപ്പിച്ചുകൊണ്ടിരുന്നു. എച്ചിൽ ചാലുകളിലൂടെ തത്തിത്തത്തിയൊഴുകുന്ന പയറുമണികളും, അവയെ വഴിയിൽ തടഞ്ഞുനിർത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങയ്ക്കാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും, അവിടവിടെ ഒട്ടിയിരിക്കുന്ന പപ്പട കഷ്ണങ്ങളും അവളിൽ കൗതുകമുണർത്തി. പൈപ്പിൻ ചുവട്ടിൽ ആളൊഴിയുന്നതും കാത്ത് സമയമെണ്ണിയിരിക്കുന്ന കോങ്കണ്ണി കാക്കകളുടെ അക്ഷമയും, റഫ്രിയുടെ വിസിൽ കേൾക്കാൻ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ അവറ്റകൾ നടത്തുന്ന തയാറെടുപ്പുകളും കണ്ട്‌ അവൾക്ക്‌ ചിരിവന്നു. അപ്രിയ സത്യങ്ങളുടെ കഠാര ഇടനെഞ്ചിലേക്ക് തുളച്ചുകയറുമ്പോൾ ചിരി വരിക സ്വാഭാവികം! ഒരു പരുധി കഴിഞ്ഞാൽ വേദനയുടെ സംവേദന ക്ഷമത ഉണ്ടാവില്ലല്ലോ! അപ്പോഴാണ് ഈ ചിരി..., അതും ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ! ചിലപ്പോഴത് തലതല്ലി ചിരിയായി വരെ മാറിയേക്കാം, ഒരു തരം ഭ്രാന്ത് പോലെ! പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്തുമാവാമല്ലോ! അവൾ കാക്കകളെ തന്നെ നോക്കി നിന്നു.

എത്ര ഭാഗ്യവാന്മാരാണ്‌ ഈ കാക്കകൾ...! വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നില്ല, എന്നിട്ടും അവറ്റകൾക്ക്‌ യാതൊരു കുറവുമില്ല. താനൊരു കാക്കയായിരുന്നെങ്കിൽ...! അനന്തതയുടെ വിഹായസിൽ പാറിപ്പറക്കുക എത്ര രസകരമാണ്...! ഭാരമില്ലായ്മയുടെ സുഖം... അതിർത്തികളില്ലാത്തതിന്റെ നിർവൃതി... അവയെല്ലാം ഉൾക്കൊണ്ട് വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം, വായു മണ്ഡലത്തിന്റെ ഉച്ചത്തിൽ നിന്ന് താഴേക്ക് നോക്കി ഭൂഗോള സൌന്ദര്യം ആസ്വദിക്കണം, പിന്നെ ചിറകുകൾ തളർത്തി ഗുരുത്വാകർഷണത്തിലേക്ക് കൂപ്പുകുത്തണം, നിലം മുട്ടാറാവുമ്പോൾ സർവ്വ ശക്തിയുമെടുത്ത്‌ വീണ്ടും പറന്നുയരണം.... ഗാഢനിദ്രയിൽ വിരിയുന്ന സ്വപ്നങ്ങളെ അവൾക്ക് ഇഷ്ടമായിരുന്നില്ല, കാരണം അവയിലൊന്നും ഇതുപോലെ രോമാഞ്ചം കൊള്ളാൻ കഴിയില്ലല്ലോ!

ഭക്ഷണപ്പൊതികൾ കൊത്തിക്കുടയുന്ന കാക്കകൾക്കിടയിൽ അവൾ സാവധാനം ചെന്നിരുന്നു. പരസ്പരം മത്സരിക്കുകയും ശണ്ഠ കൂടുകയും ചെയ്ത കാക്കകളെ ഇരുഭാഗത്തേക്കും വിരട്ട്. പിന്നെ, ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്തു, ചിറക്‌ വിരിച്ച്‌  അവൾ പറന്നുയർന്നു... അങ്ങ്‌ ദൂരെ... ഏതോ മരക്കൊമ്പിൽ സ്വസ്ഥമായിരുന്ന്‌ പൊതിയഴിക്കാൻ... പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങൾ കൊത്തിപ്പറിക്കാൻ...!

7 comments:

 1. ബോധപൂർവം സ്വപ്നം കാണാൻ എന്ത് സുഖമാണ്, ഇഷ്ടപ്പെട്ട വേഷങ്ങൾ തിരഞ്ഞെടുക്കാമെന്ന് വരുമ്പോൾ അത് തന്നെ സ്വർഗം.

  ReplyDelete
 2. കഥ കൊള്ളാം. എങ്കിലും വിശപ്പിന്റെ ദൈന്യതയാര്‍ന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ചിന്തകള്‍ വരച്ചിടുമ്പോള്‍ " വിശപ്പുമൂലം വിണ്ടുകീറിയ നേത്രപടലത്തിലെ അധോമുഖ പ്രതിബിംബത്തിൽ തന്നെയും ഉൾപ്പെടുത്താൻ മസ്തിഷ്ക്കം അവളെ അനുവദിച്ചില്ല, ക്ഷണികവും മാസ്മരികവുമായ..." എന്നിങ്ങനെയുള്ള കട്ടിയുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി ലളിതമായ ഭാഷ ഉപയോഗിച്ചാല്‍ കൂടുതല്‍ യോജിക്കുമെന്ന് തോന്നി.

  ReplyDelete
 3. ബോധപൂർവം സ്വപ്നം കാണാൻ സുഖമാണ്..!
  എന്നാല്‍,
  അബോധമനസ്സിലെ സ്വപ്നങ്ങള്‍ക്കാണ് മധുരംകൂടുതല്‍..!!

  കഥ നന്നായി കേട്ടോ.
  ഒത്തിരിയാശംസകള്‍..!

  ReplyDelete
 4. നിങ്ങളുടെ കാഴ്ചകള്‍ തീവ്രമാണ് .............
  മനസ്സില്‍ കൊള്ളുന്നതും .........

  ReplyDelete
 5. കഥ നന്നായി ബൈജൂ.. സോണി പറഞ്ഞ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്. കൂര്‍ത്ത കല്ല്‌ പാകിയ വഴിയിലൂടെ നടക്കുന്നത് പോലെയാണ് ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത വരികള്‍ വായിക്കുമ്പോള്‍ തോന്നുക.. അതോടൊപ്പം തന്നെ ചില വരികള്‍ മനോഹരങ്ങളായിരുന്നു എന്ന് പറയാതിരിക്കാനും വയ്യ
  ഉദാഹരണത്തിന് അവസാന ഭാഗം..
  ..

  ReplyDelete
 6. നന്നായി. എങ്കിലും ചില ചിലവരികള്‍ ഘടനകള്‍ കല്ലുകടിയായി. ........സസ്നേഹം

  ReplyDelete