Monday, May 2, 2011

ആത്മശാപങ്ങൾ

കരിനാഗങ്ങൾ പുളയുന്നു മിഴികളിൽ
കൃഷ്ണമണിയിൽച്ചുറ്റി തിരിഞ്ഞുകൊത്തുന്നു
ആത്മശാപങ്ങൾ ശൽക്കങ്ങളുരസുമ്പോൾ
കണ്മുനകളിൽ മണൽക്കാറ്റുവീശുന്നു

ശബ്ദം കുരുങ്ങിയ വായിലൊരുപിടി
മണ്ണുവാരിയിട്ട മാനദണ്ഡങ്ങളേ!
ഈ ജന്മമിനിയൊരു മാപ്പിനായ്‌ നിൽക്കുമ്പോൾ
പരിഹസിക്കാതിരിക്കുക മൗന കുറ്റസമ്മതങ്ങളെ!

വെട്ടിപ്പിളർന്ന ഈ ചങ്കും, ചിതറിയ മാംസവും
ശുദ്ധവെള്ളത്തിൽ കഴുകിയെടുത്തോളൂ
ഇനിയുമൊരിക്കൽ വീണ്ടും കൈതരിക്കുമ്പോൾ
തേടേണ്ടിവരില്ല എൻ മറുജന്മങ്ങളെ!

ഏതോ പ്രവാഹത്തിലകപ്പെട്ടുപോയ എൻ
വേരറ്റ വരികളും അതിന്റെ അർത്ഥങ്ങളും
തിരികെ തരാമോ? കടമായിട്ടെങ്കിലും
ഈടുവയ്ക്കാനുണ്ട്‌ വിലയറ്റ മൗനങ്ങൾ

ഓർമ്മയ്ക്ക്‌ മീതെ പറക്കുന്ന ദുഃസ്വപ്ന-
ക്കാഴ്ച്ചകൾ പെറ്റുപെരുകുമ്പോൾ
നഗ്നനൃത്തം ചവിട്ടുന്നു പ്രേതങ്ങൾ
ഉയിരിന്റെ ഭാരമളക്കുന്നു

ഇന്നലെയുടെ കത്തുന്ന ചിതയ്ക്ക്‌ മുന്നിലെ
എൻ നിഴൽപോലും എനിക്കന്യമായ്‌ മാറവേ,
ചുവടുകൾ പുതയുന പൂഴിയിൽ ആയിരം
കൈകളുയരുന്നു, വലുച്ചുതാഴ്ത്തുന്നു

കാലം കൈയ്ക്ക്‌ പിടിച്ചെഴുതി തെറ്റിച്ച വരകൾ
കഴുത്തിന്‌ ചുറ്റും ചുറ്റിവരിയുമ്പോൾ
പിന്നിൽത്തട്ടി വിളിക്കുന്നു കരിവണ്ടുകൾ
കൊഞ്ഞനം കാട്ടി ചുറ്റിപ്പറക്കുന്നു

ചെയ്തുതീർക്കാനുണ്ട്‌ കാര്യങ്ങൾ അനവധി!
പുതയുന്ന ചുവടുകൾ ചവിട്ടിയുറപ്പിക്കണം,
എന്നസ്ഥികൾ പാകണം, പിഴച്ച വരകൾ
പിറകോട്ട്‌ ചെന്ന്‌ മായ്ക്കണം, പിന്നെ തിരുത്തണം!

ഞാൻ തന്നെ വെട്ടിയ കവിൾ ചാലുകളിൽ
അശ്രുകണത്തിന്‌ പകരമൊഴുക്കണം എനിക്കിനി
കട്ടപിടിക്കാത്ത മോഹതീർത്ഥങ്ങളെ!
ഉപ്പുകലരാത്ത ജലബിന്ദുക്കളെ!

1 comment:

  1. ഏതോ പ്രവാഹത്തിലകപ്പെട്ടുപോയ എൻ
    വേരറ്റ വരികളും അതിന്റെ അർത്ഥങ്ങളും
    തിരികെ തരാമോ? കടമായിട്ടെങ്കിലും
    ഈടുവയ്ക്കാനുണ്ട്‌ വിലയറ്റ മൗനങ്ങൾ

    ReplyDelete