Thursday, May 26, 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി


ഗ്രാമപ്രദേശത്തെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ മലയാളം മീഡിയമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളാണ് ഞാൻ. അക്കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്റെ നാട്ടിലില്ല, ചില മലയാളം മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷണലായി ഉണ്ടായിരുന്നെങ്കിലും! എന്റെ കൂട്ടുകാരും നാട്ടുകാരും മാതാപിതാക്കളും ഇംഗ്ലീഷ് സംസാരിക്കാത്തവരും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ നേരിട്ട് കണ്ടിട്ടില്ലാത്തവരും ആയിരുന്നു. അതുകൊണ്ടുതന്നെ, ഇംഗ്ലീഷ് ഭാഷ അവരെ പോലെ എനിക്കും ഒരു കീറാമുട്ടിയായി വന്നുഭവിച്ചു. എത്ര കോപ്പിയടിച്ചിട്ടും ഒരു ഇംഗ്ലീഷ് പരീക്ഷയ്ക്ക് പോലും ഞാൻ ജയിച്ചിട്ടില്ല (SSLC പരീക്ഷയ്ക്ക് എനിക്കെങ്ങനെ ജയിക്കാനുള്ള മാർക്ക് കിട്ടി എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യം.) ഒരൊറ്റ ഇംഗ്ലീഷ് അധ്യാപകൻ പോലും എന്നെ അഭിനന്ദിച്ചിട്ടില്ല. ഇംഗ്ലീഷ് അധ്യാപകരല്ലാതെ മറ്റൊരു അധ്യാപകനും എന്നെ അപഹസിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. മറ്റുവിഷയങ്ങൾക്കെല്ലാം ക്ലാസിൽ ഒന്നാം സ്ഥാനം വാങ്ങിയിട്ടും, പ്രോഗ്രസ് കാർഡിൽ ഇംഗ്ലീഷ് വരച്ച തുടർച്ചയായ ചുവപ്പ് വരകൾ മൂലം ഞാനൊരിക്കലും ക്ലാസ് ലീഡർ ആയിട്ടില്ല. മറ്റൊരു വിഷയത്തിനായും നേർച്ചകൾ നേർന്നിട്ടില്ല! എന്റെ കുട്ടിക്കാലവും ഇംഗ്ലീഷും തമ്മിലുള്ള ബന്ധം അനന്തതയിലേക്കങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ, എന്റെ ഇന്നത്തെ സുഹൃത്തുക്കൾ നെറ്റി ചുളിക്കുമെങ്കിലും, സ്കൂൾ ജീവിതകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എന്നതാണ് വാസ്തവം.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഇംഗ്ലീഷ് പഠിക്കാൻ ഞാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. അതിനായി ചെന്നുകയറാത്ത പാഠ്യപദ്ധതികളില്ല, സ്പെഷ്യൽ ക്ലാസുകളില്ല...! എന്നിട്ടും ഫലം തഥൈവ. സ്കൂൾ കാലത്തിന് ശേഷം, എന്നെ എല്ലാവരും കൂടെ ചേർന്ന് ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു, തമിഴ്നാട്ടിലെ ഒരു പ്ലസ് ടൂ സ്കൂളിൽ. (മകന് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന ആഗ്രഹിച്ച എന്റെ മാതാപിതാക്കൾ നല്ലവരാണ്, പക്ഷേ അവർക്ക് എന്റെ അവസ്ഥ അറിയില്ലല്ലോ!). എല്ലാ വിഷയങ്ങളും ഇംഗ്ലീഷിൽ! സഹപാഠികളെല്ലാം ഇംഗ്ലീഷിലെ പുലികൾ! കുറച്ച് മലയാളി കുട്ടികൾ ഉണ്ടായിരുന്നത് മാത്രമായിരുന്നു ഒരേയൊരു ആശ്വാസം. ഏതായാലും, ആദ്യ വർഷം നന്നായി വെള്ളം കുടിച്ചു. എന്നാൽ, പ്ലസ് ടൂ കഴിഞ്ഞതോടെ അത്യാവശ്യം “വെൾക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ” എന്നൊക്കെ പറയാമെന്നായി.

ഇതൊക്കെ തന്നെയാണ് മിക്കവാറും എല്ലാ മലയാളികളുടെയും അവസ്ഥ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത് (പറഞ്ഞതെല്ലാം സത്യമാണ്‌ട്ടാ!). ഇംഗ്ലീഷ് ഭാഷ പഠിക്കുക എന്നാൽ വ്യാകരണം പഠിക്കുക എന്ന ധാരണയാണ് എല്ല്ലാവർക്കും ഉള്ളത്, മിക്കവാറും എല്ലാ പഠനസഹായികളും ഈ രീതിയിലാണ് തയാറാക്കപ്പെട്ടിരിക്കുന്നതും! എന്നാൽ, ഈ ധാരണ തെറ്റാണ്. അമേരിക്കയിലെ പിച്ചക്കാർ പോലും ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്ന് കേട്ടിട്ടില്ലേ..? എന്നുവച്ചാൽ, ഒരു ഭാഷ പഠിക്കുന്നതിന് ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റോ ആവശ്യമില്ല. ഒരു ഭാഷ നിരന്തരം കേൾക്കുകയും, ആശയവിനിമയത്തിന് വേറെ യാതൊരു പോംവഴിയും ഇല്ലെന്ന് വരുകയും ചെയ്താൽ, പിച്ചക്കാരനല്ല സാക്ഷാൽ ശ്രീമതി ടീച്ചർ വരെ ഇംഗ്ലീഷ് പഠിച്ചുപോകും. (സൌദിയിൽ ജോലിക്കെത്തിയവർ അറബി പഠിച്ചത് വ്യാകരണം പഠിച്ചിട്ടാണോ എന്ന് ചോദിച്ച് നോക്കിക്കേ?) ശിശുക്കൾ സംസാരിക്കാൻ പഠിക്കുന്നത് പോലെയാണിത്. വ്യാകരണം പഠിക്കരുതെന്നല്ല. മറിച്ച്, കേട്ടും പറഞ്ഞും വേണം ഏതൊരു ഭാഷയും പഠിക്കാൻ, അത് ഭാഷയുടെ പ്രായോഗിക വശം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ സ്കൂളുകൾ ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിപ്പിക്കുന്നു, പക്ഷേ പഠിപ്പിച്ച വ്യാകരണം ‘എപ്പോള്‍, എങ്ങനെ, എവിടെ ഉപയോഗിക്കണം’ എന്ന പ്രായോഗിക പരിശീലനം (Practical training) ആരും നൽകുന്നില്ല. ഏതായാലും അതവിടെ നിൽക്കട്ടെ!

മറ്റ് പാശ്ചാത്യഭാഷകളെ അപേക്ഷിച്ച്, പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് ആവുന്നത്ര ഇംഗ്ലീഷ് വാക്കുകൾ അർത്ഥം മനസിലാക്കി മനപ്പാഠമാക്കുക എന്നതാണ്. ദിവസവും 20 പുതിയ ഇംഗ്ലീഷ് വാക്കുകൾ മനപ്പാഠമാക്കുക, ഒപ്പം വ്യാകരണവും. വ്യാകരണം കാണാപാഠം ആയിക്കഴിയുമ്പോൾ, ദിവസവും മനപ്പാഠമാക്കിയ വാക്കുകൾ എങ്ങനെയൊക്കെ തെറ്റുകൂടാതെ വാക്യങ്ങളായി അടുക്കണം എന്നത് വശമാവും. ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാനവും ശ്രമകരവുമായ ഘട്ടം ഇതാണ്. വ്യാകരണം പഠിക്കാതെ എങ്ങനെ എളുപ്പം ഇംഗ്ലീഷ് പഠിക്കാം എന്ന് ആലോചിക്കുന്നവരാണ് പലരും. ഇത്തരക്കാർ മടിയന്മാരാണെന്ന് മാത്രമല്ല, ഒരു കാലത്തും ഇവർ ഇംഗ്ലീഷ് പഠിക്കാനും പോകുന്നില്ല. വ്യാകരണവും, അത്യാവശ്യം വാക്കുകളും മനപ്പാഠമാക്കുന്നതോടെ തിയററ്റിക്കൽ ആയ ഇംഗ്ലീഷ് പഠനം അവസാനിച്ചു.

രണ്ടാം ഘട്ടം പ്രാക്ടിക്കൽ ആണ്. അതായത്, തിയററ്റിക്കൽ ആയി പഠിച്ച ഭാഷ അനുദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന പഠനം. അതിന് ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. 1. ഇംഗ്ലീഷ് കേൾക്കുക. 2. ഇംഗ്ലീഷിൽ സംസാരിക്കുക.

1. ഇംഗ്ലീഷ് കേൾക്കുക:

എന്തിനാണ് ഇംഗ്ലീഷ് കേൾക്കുന്നത്? ഭാഷയുടെ മാധ്യമം ശബ്ദമാണ്. അതുകൊണ്ടുതന്നെ, ശബ്ദത്തെ ഡി-കോഡ് ചെയ്യുന്ന ചെവിയുടെ കേൾവി ശക്തിക്കും ഭാഷയ്ക്കും തമ്മിൽ പൊക്കിൾക്കൊടിയുടെ ബന്ധമാണുള്ളത്. (സംസാരശേഷി ഉള്ള, എന്നാൽ കേൾവി ശക്തിയില്ലാത്ത വ്യക്തികൾക്ക് സംസാര ഭാഷ അസാധ്യമാവുന്നതിനുള്ള കാരണവും ഈ പൊക്കിൾക്കൊടി ബന്ധം ഇല്ലാത്തതുകൊണ്ടാണ്.) അതായത്, ഭാഷയുടെ 90 ശതമാനവും നാം പഠിക്കുന്നത് കേൾവിയിലൂടെയാണ്. അതിനാൽ, ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാന ഒരു ക്രമമാണ് ഇംഗ്ലീഷ് കേൾക്കുക എന്നത്. ഈ കേൾവിയിലൂടെ നാം ഭാഷ മറ്റുള്ളവർ ഉപയോഗിക്കുന്ന വിധം (സ്ലാങ്ങ്) പഠിക്കുന്നു, വാക്കുകളുടെ ഉച്ചാരണം പഠിക്കുന്നു, സന്ദർഭോചിതമായി ഉപയോഗിക്കേണ്ട വാക്കുകളെ കുറിച്ച് പഠിക്കുന്നു, പുതിയ വാക്കുകൾ പഠിക്കുന്നു, സന്ദർഭത്തിനനുസരിച്ച് വാക്കുകൾക്കുണ്ടാവുന്ന അർത്ഥ വ്യത്യാസം പഠിക്കുന്നു...

ഇനി, ഏതൊക്കെ വഴികളിലൂടെ ഇംഗ്ലീഷ് കേൾക്കാം (കേട്ട് പഠിക്കാം)? ഇതിന് നൂറ് കണക്കിന് വഴികളുണ്ട്. അതിൽ സുപ്രധാനികളാണ് ടെലിവിഷനും റേഡിയോയും. ബിബിസി വാർത്ത കേൾക്കുക, ഇംഗ്ലീഷ് സിനിമകൾ, സീരിയലുകൾ കാണുക... എന്നിങ്ങനെ പോകുന്നു ഇവയുടെ ഉപയോഗം. തുടക്കത്തിൽ ഒന്നും മനസിലായില്ലെങ്കിലും സംഭ്രമിക്കാൻ പാടില്ല. ആഴ്ചകൾക്കുള്ളിൽ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ വ്യത്യാസം നിങ്ങൾക്ക് തന്നെ ബോധ്യമാവും. ഇന്ത്യയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളിലെല്ലാം  sub-titles ഉള്ളതിനാൽ തുടക്കത്തിലുള്ള വിഷമം ഒഴിവാക്കാം. ഇംഗ്ലീഷ് സിനിമകളുടെ DVD-കളാണ് മറ്റൊരു ഉപാധിയാണ്. പിന്നെയുള്ളത് ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കുകൾ (Audio books) ആണ്. ഓഡിയോ ബുക്കുകളുടെ കൂട്ടത്തിൽ ബൈബിൾ MP3, ചെറുകഥകളുടെ MP3 എന്നിവ കേൾക്കാം (ഇവയെല്ലാം നെറ്റിൽ സുലഭം.) ഈ ഫയലുകൾ മൊബൈൽ ഫോണിലേക്കും iPod-ലേക്കും ട്രാൻസ്ഫർ ചെയ്താൽ യാത്രവേളകളിലും കേൾക്കാം, നമ്മടെ മീരാജാസ്മിൻ കസ്തൂരിമാനിൽ ചെയ്തതുപോലെ. പിന്നെയുള്ളത് YouTube വീഡിയോകളാണ്. അങ്ങനെ ഇംഗ്ലീഷ് കേട്ട് പഠിക്കാനുള്ള വഴികൾ അനന്തം. ഇങ്ങനെ തുടർച്ചയായി രണ്ട് മാ‍സം ചെയ്തുനോക്കൂ.... നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുമെന്നതിന് ഞാൻ ഗ്യാരണ്ടി.

2. ഇംഗ്ലീഷിൽ സംസാരിക്കുക:

ഇംഗ്ലീഷ് കേട്ടതുകൊണ്ട് മാത്രം ആയില്ലല്ല്ലോ! അത് നമ്മൾ തന്നെ പറയുമ്പോഴാണ് അതിന്റെ ഫലം ലഭിക്കുന്നത്. എന്റെ രണ്ട് വയസുകാരൻ മകൻ ഷൂസിനെ “സൂ” എന്നും, ബാറ്റിനെ “റ്റ്” എന്നും, ഫാനിനെ “ഫൂ” എന്നും, ഉടുപ്പിനെ “പ്പ്” എന്നുമൊക്കെയാണ് പറയുക. ഇവൻ തെറ്റായി ഉച്ചരിക്കുന്നുവെന്ന് പറഞ്ഞ് ഞാനവനെ തിരുത്താൻ പോവില്ല. കാരണം, കാലക്രമേണ അവന്റെ ആശയവിനിമയശേഷി വികസിക്കുന്നതോടൊപ്പം തെറ്റും ശരിയും അവൻ തിരിച്ചറിയുകയും, ശരിയായ രീതിയിൽ ഉച്ചരിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതുപോലെയാണ് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിലും. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഭാഷ വശമാവൂ.

“ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം” എന്ന സിനിമയിൽ “എന്നെ കണ്ടാൽ ഒരു പ്രോസ്റ്റിറ്റൂട്ട് ലുക്കിലേ” എന്ന് ബിന്ദു പണിക്കർ ചോദിക്കുന്നത് കേട്ട് നാമൊക്കെ ചിരിക്കുമെങ്കിലും, ബിന്ദു പണിക്കർ ചെയ്ത കഥാപാത്രത്തിന്റെ ഭാഷാപഠന ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. കാരണം, തെറ്റ് പറ്റുമെന്നോ, ഉച്ചാരണം ശരിയല്ലെന്നോ ഉള്ള ഭയം മൂലം ഭാഷ സംസാരിക്കാതിരുന്നാൽ പഠനം അസാധ്യമാവും. ഓഫീസിലും മറ്റും നടക്കുന്ന പൊതുപരിപാടികളിൽ സംസാരിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. വീട്ടിലും ഇംഗ്ലീഷാവാം. ഭാര്യയോടും മക്കളോടും ഇംഗ്ലീഷ് സംസാരിക്കാം. ആരെയും കിട്ടിയില്ലെങ്കിൽ, കസ്റ്റമർകെയറിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ നാലഞ്ച് ചോദ്യങ്ങൾ ചോദിക്കാം (ഉൽ‌പ്പന്നവുമായി ബന്ധമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.) ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞ് ധരിപ്പിച്ച്, കാമുകിയോടും ഇംഗ്ലീഷിൽ സൊള്ളാം. നിങ്ങളുടെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു കാമുകിയും ഇതിന് സഹകരിക്കും (പക്ഷേ, കാമുകിക്ക് ഇംഗ്ലീഷ് നന്നായി അറിയാമായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ കൊടുമൈ താങ്ങാൻ കഴിയാതെ അവൾ വേറെ ആളെ നോക്കി പോവും). വീട്ട് പരിസരത്തോ, കോളേജിലോ ഏതെങ്കിലുമൊരു സായിപ്പിനെ കണ്ടാൽ ആദ്യം ഹെഡ് ചെയ്യേണ്ടത് നമ്മളായിരിക്കണം. അവരുമായി സംസാരിക്കാൻ ശ്രമിക്കണം. അങ്ങനെ, ഓരോ ദിവസവും ഭാഷയിലെ വിവിധ നൂലാമാലകളെ കുറിച്ച് നാം പഠിക്കുകയും ഭാഷാപ്രാവീണ്യം നേടുകയും ചെയ്യും. പറയുന്നതുപോലെ നിസാരമല്ലെന്ന് അറിയാം, എങ്കിലും ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശം ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല.

ഇംഗ്ലീഷ് കേട്ട് പഠിക്കുന്നതിന് ഉപകരിക്കുന്ന ചില ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഏതാനും ലിങ്കുകൾ താഴെ കൊടുക്കുന്നു. ഫയലുകൾ ഡൌൺലോഡ് ചെയ്ത് സശ്രദ്ധം ദിവസവും കേൾക്കുക, കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും. (കൂടുതൽ ഫയലുകൾ ലഭിക്കുന്നതിന് “download free audio books“ എന്ന് ഗൂഗിൽ ചെയ്യുക.)

ബൈബിള്‍ ഓഡിയോ ബുക്ക്

കുട്ടികൾക്കുള്ള കഥകള്‍

കുട്ടികള്‍ക്കുള്ള ഓഡിയോ ബുക്കുകൾ

(കുറിപ്പ്: ഇംഗ്ലീഷ് പഠിച്ചേ അടങ്ങൂ എന്ന വാശിയോടെ തേരാപാരാ നടക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ അവർക്ക് ഈ ലേഖനം ഫോർ‌വേഡ് ചെയ്യുമല്ലോ. ആർക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കിൽ അതൊരു നല്ല കാര്യമല്ലേ!)

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കുക

25 comments:

 1. ഇംഗ്ലീഷ് പഠിക്കാൻ ഒരേയൊരു എഴുപ്പവഴിയേയുള്ളൂ - കഠിനാധ്വാനം. തുടക്കത്തിൽ അൽ‌പ്പം മെനക്കെട്ടാൽ പിന്നെ ഇംഗ്ലീഷ് പഠനം സുഗമമാവും.

  ആശംസകൾ

  ReplyDelete
 2. നല്ല ലേഖനം... എന്റെ ഒരു അനുഭവം പറയാം.. ഞാന്‍ പത്ത് വരെ മലയാളം മീഡിയം സ്കൂളില്‍ ആണ് പഠിച്ചത്.. +12 , കാര്യം ഇംഗ്ലീഷ് മീഡിയം ഒക്കെ ആയിരുന്നെങ്കിലും ഞങ്ങള്‍ അതിനെ ഒരു മംഗ്ലീഷ് മീഡിയം ആക്കി.. പിന്നെ എന്ജിനീയരിങ്ങിനു ഗോവ യിലെ BITS ക്യാമ്പസില്‍ ചെന്നപ്പോളാണ് സംഭവം... ചറ പറ ഇംഗ്ലീഷ് സംസാരിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ കുട്ടികളുടെ ഇടയില്‍ കുടുങ്ങി പോയെന്നു പറഞ്ഞാല്‍ മതിയെല്ലോ.. ക്ലാസ്സ്‌ തുടങ്ങിയാ ആദ്യത്തെ ദിവസം ക്ലാസ്സിലേയ്ക്ക് പോകാനുള്ള വഴി തപ്പി നിന്ന എന്നോട് ഒരു കുട്ടി ചോദിച്ചു. "what is your discipline?" ഞാന്‍ പഠിക്കുന്ന കോഴ്സ് എതാനെന്നാണ് ആ കുട്ടി ചോദിക്കുന്നത് എന്നു എനിക്ക് മനസ്സിലായില്ല.. മാത്രമല്ല, എനിക്ക് discipline ഇല്ലെന്നു ആ കുട്ടി പരിഹസിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.. ഞാന്‍ വേഗം അവിടുന്ന് സ്കൂട്ടായി...

  പിന്നെ കൊറേ നാളത്തെ അഭ്യാസത്തിനു ശേഷം ഞാനും പഠിച്ചു. :)
  ആദ്യം കൊറച്ചു ബുദ്ധിമുട്ട് ഉണ്ടെന്നെ ഉള്ളു... പക്ഷെ തുനിഞ്ഞിറങ്ങിയാല്‍ പഠിക്കാന്‍ പറ്റും എന്നു തന്നെയാണ് എന്റെ വിശ്വാസം..

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 3. ശാലിനീ... ഇതിനെക്കാൾ എമ്പാരസിംഗ് ആയ നിരവധി അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ പലതും ഓർമ്മയിൽ വരുന്നില്ല.

  ReplyDelete
 4. ഉപകാരപ്രദമായ ഈ ഒര്‍മ്മപ്പെടുത്തലിനു നന്ദി.
  പോസ്റ്റിന്റെ ഒരു ലിങ്ക് ചിത്രകാരനും ബസ്സിലിടുന്നു.

  ReplyDelete
 5. font problem. I can't read the article. The font seems to be blurred.

  ReplyDelete
 6. Pramod, please install Malayalam unicode fonts in your Windows' font folder.

  This link will help: http://news.mosc.in/index.php?option=com_content&view=article&id=5

  ReplyDelete
 7. ഉപകാരപ്രദമായ പോസ്റ്റ് നന്ദി

  ReplyDelete
 8. നല്ല ലേഖനം.
  ഇംഗ്ലീഷ് എനിക്ക് ഇഷ്ടമല്ല, അത് കാണുമ്പോൾ മുൻപ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്റെ അടിയാണ് ഓർമ്മവരിക,

  ReplyDelete
 9. ബൈജു: http://www.starfall.com/ ഉം അവരുടെ തന്നെ $10 (IRS: 380രൂപ) ചാര്‍ജ്ജ് ചെയ്യുന്ന
  More Starfall http://more.starfall.com/m/welcome/index/load.htm

  ലും കുഞ്ഞുകുട്ടികളെ engilsh born കുട്ടികളെ കൊണ്ട് നല്ല ഉച്ചാരണത്തോടെ കളിയും കഥയുമായി ഭാഷ എളുപ്പം പഠിപ്പിക്കാന്‍ കഴിയും. KG കുട്ടികള്‍ക്ക് റെകമെന്റ് ചെയ്യാവുന്നതാണ്. ഇതില്‍

  am reading ; learn to read ; More Phonics - 48 unit മുതിര്‍ന്നവര്‍ക്കും ഉപകരിച്ചേക്കും. :)

  ഇതില്‍ TALKING LIBRARY എന്ന ഒരു പാര്‍ട്ട് 14 കഥകള്‍ വായിച്ച് പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക.

  ReplyDelete
 10. വ്യത്യസ്തമായ വിഷയങ്ങള്‍.ഈ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.ഇംഗ്ലീഷ് മീഡിയത്തില്‍ ആണ് ഞാന്‍ പഠിച്ചത്.എങ്കിലും സംസാരിക്കാന്‍ അത്ര പോരായിരുന്നു.അത് നമ്മള്‍ മലയാളികളെ പറ്റി പൊതുവേയുള്ള കമന്റ്‌ ആണ്.വ്യാകരണം തെറ്റാതെ നല്ല ഭാഷയില്‍ എഴുതാന്‍ കഴിയുന്നവര്‍ പോലും സംസാരിക്കുന്നതില്‍ പിന്നോക്കം പോകുന്നു.

  ഇപ്പോള്‍ ദിവസേന പല accent കേള്‍ക്കുന്നു.ചിലപ്പോള്‍ ആകെ കൂടെ വെള്ളം ഒഴുകുന്ന പോലെ.ഒന്നും മനസ്സിലായിട്ടുണ്ടാവില്ല.BBC യുടെ ഓഡിയോ യും course ഉം ഒക്കെ കൊണ്ട് ജീവിച്ചു പോകുന്നു.പുതിയ തലവേദന ഓസ്ട്രല്യന്‍ accent ആണ്.അയാള് പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അയാള്‍ക്കും മനസ്സിലാകാത്ത കൊണ്ട്,മീറ്റിംഗ് എന്ന് പറയുന്നതെ ഒരു പേടി സ്വപ്നമായി മാറി കൊണ്ടിരിക്കുന്നു.പിന്നെ നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ധൈര്യത്തില്‍ മുന്‍പോട്ടു പോകുന്നു.ഒരു മാസം കഴിയുമ്പോള്‍ അയാള്‍ക്ക് എന്റെ ഇംഗ്ലീഷും എനിക്കയാളുടെ ഇംഗ്ലീഷും പിടി കിട്ടും..

  ReplyDelete
 11. Listening,Speaking and Writing എന്നതാണ് ഭാഷാ പഠനത്തിന്റെ രീതി. എത്രനാള്‍ കേട്ട്, സംസാരിച്ചതിനു ശേഷമാണ് നാം മലയാളം എഴുതാന്‍ പഠിക്കുന്നത്. എന്നാല്‍ ഇങ്ഗ്ലീഷിന്റെ കാര്യം അതല്ല. ആദ്യം തന്നെ ഏ ബീ സീ ഡി പഠനമാണ്. പിന്നെ ഒടുക്കത്തെ ഒരു ഗ്രാമറും. ഉച്ചാരണമാണെങ്കില്‍ phonetic ഭാഷകളെപ്പോലെയാണ്. tennis എന്നു കണ്ടാല്‍ ഏതു മലയാളിയും ടെന്നീസ് എന്നേ ഉച്ചരിക്കൂ. oven എന്നത് ഓവന്‍ എന്നുച്ചരിക്കും. അങ്ങനെ വര്‍ഷങ്ങളായി ഇങ്ഗ്ലീഷ് തെറ്റായി ഉച്ചരിച്ചു ശീലിച്ചാല്‍ ഒരിക്കലും ശരിയായ ഉച്ചാരണം പഠിക്കാനോ ഇങ്ഗ്ലീഷ് സംസാരിക്കുന്നതു കേട്ടാല്‍ മനസ്സിലാക്കാനോ സാധിക്കില്ല. താങ്കളുടെ ഈ പോസ്റ്റിന് അഭിനന്ദനം.

  ReplyDelete
 12. അതെ; കേരളത്തിൽ ജനിച്ചു വളർന്ന പലരും ഇംഗ്ലീഷ് ശരിയായ വിധമല്ല ഉച്ചരിക്കുന്നത്. കാരണം ശരിയായ രീതിയിലുള്ള ഉച്ചാരണം കേട്ടു പഠിക്കുന്നില്ല എന്നതു തന്നെ. എഴുതിയത് അതു പോലെ വായിക്കുകയാണു നമ്മൾ ചെയ്തത്. മലയാളത്തെ സംബന്ധിച്ചിടത്തോളം അതു മതി. പല ഇംഗ്ലീഷ് വാക്കുകളും എഴുതും പോലെയല്ലല്ലോ ഉച്ചരിക്കേണ്ടത്. അപ്പോൾ ശ്രാവ്യരീതിയിലുള്ള പഠനം പ്രാധാന്യമർഹിക്കുന്നു.

  ReplyDelete
 13. വളരെപ്രയോജനമായലേഖനം നന്ദി

  ReplyDelete
 14. കാര്യമൊക്കെ കൊള്ളാം. പക്ഷെ ഇത്രയും കാര്യങ്ങളെങ്കിലും ഇംഗ്ലീഷില്‍ പറയാന്‍ ശ്രമിചാല്‍ത്തന്നെ അത്രയും ഇംഗ്ലീഷ് പടിഞ്ഞുകിട്ടില്ലേ? മലയാളത്തില്‍ എത്രതന്നെ പറഞ്ഞാലും അത് മലയാളം തന്നെയാവില്ലേ?

  ReplyDelete
 15. ഞാനും കൂടാം...പരിഭവവുമായ്

  ReplyDelete
 16. നിങ്ങള്‍ തുടക്കത്തില്‍ എഴുതിയത് പോലെയാണ് എന്റെ ജീവിതത്തിലും ഇംഗ്ലീഷ്, ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് confidence level കൂടി, thanks.....

  ReplyDelete
 17. ഇംഗ്ലീഷില്‍ കുറച്ചു വാക്കുകളൊക്കെ അറിയാം. പക്ഷെ സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല .. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് സംസാരം ഒരു കീറാമുട്ടിയായി തുടരുന്നു .ഞാന്‍ അറബിയും ഹിന്ദിയും സംസാരിക്കും .അത് മറ്റുള്ളവരോട് സംസാരിച്ചു പഠിച്ചതാണ്.
  ഇംഗ്ലീഷ് സംസാരിക്കാനുള്ള എളുപ്പ വഴിയും അതുതന്നെ ...മറ്റുള്ളവരുമായി സംസാരിക്കാന്‍ അവസരം ഇല്ലാത്തവര്‍ എന്ത് ചെയ്യും ...?

  ReplyDelete
 18. ഇംഗ്ലീഷില്‍ കുറച്ചു വാക്കുകളൊക്കെ അറിയാം. പക്ഷെ സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല .. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് സംസാരം ഒരു കീറാമുട്ടിയായി തുടരുന്നു .ഞാന്‍ അറബിയും ഹിന്ദിയും സംസാരിക്കും .അത് മറ്റുള്ളവരോട് സംസാരിച്ചു പഠിച്ചതാണ്.
  ഇംഗ്ലീഷ് സംസാരിക്കാനുള്ള എളുപ്പ വഴിയും അതുതന്നെ ...മറ്റുള്ളവരുമായി സംസാരിക്കാന്‍ അവസരം ഇല്ലാത്തവര്‍ എന്ത് ചെയ്യും ...?

  ReplyDelete
 19. @Baijoos

  Good Article..Liked your Tips..:)
  പിന്നെ, മലയാളികളെ ഒരു പരിധിവരെ സഹായിക്കാൻ English-Malayalam Dictionary ( http://jenson.in/dicts_mal.php ) ഞാൻ തുടങ്ങിയാരുന്നു..:)

  ReplyDelete
 20. ബൈജു ഭായ് വളരെ നല്ല ഒരു ലേഖനം .. അഭിനന്ദനങ്ങള്‍

  ReplyDelete
 21. വളരെ നല്ല ശ്രമം. ഇംഗ്ലീഷ് വ്യാകരണം എന്നും ഒരു കീറാമുട്ടി തന്നെയാണ്. has എവിടെയാണ് പ്രയോഗിക്കേണ്ടത്, have എവിടെയാണ് പ്രയോഗിക്കേണ്ടത് എന്നൊന്നും എനിക്കറിയില്ല. വേർഡിലും ഗൂഗിളിലും ടൈപ്പ് ചെയ്യുമ്പോൾ റെഡ് അണ്ടർലൈൻ കാണുമ്പോൾ മാത്രമാണ് ഇവിടെ ഹാസ് തെറ്റാണെന്ന് മനസ്സിലാവുന്നത് തന്നെ. ഇതിനു പരിഹാരമായി ഒരു ഇംഗ്ലീഷ് വ്യാകരണം pdf ഹ്രസ്വരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ..?

  ReplyDelete
 22. hai baiju iam ahindi tr. i like english .but i didnot get any courage for that.

  ReplyDelete
 23. നന്നായിട്ട്. ഉണ്ട് എനിക്ക് ഒന്നും അറിയില്ലയിരുന്നു ഇപ്പോൾ മൊബൈൽ വഴി കുറച്ച് അറിയാം

  ReplyDelete
 24. സംഗീതാത്മകമായിട്ടാണ് താങ്കൾ ജീവിതാനുഭവം വിവരിച്ചത്. പലരെയും പോലെ ഇംഗ്ലീഷ് എനിക്കും ഒരു കീറാമുട്ടിയായി തുടരുന്നു. താങ്കളുടെ വാക്കുകൾ വലിയ ആത്മവിശ്വാസം നൽകുന്നു.

  ReplyDelete