Tuesday, May 3, 2011

വെള്ളിമോതിരം

സഹദേവൻ പതിവുപോലെ ആൽത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയിൽ പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരൻ സഹദേവനെ കണ്ട മാത്രയിൽ പേപ്പർ മടക്കി, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക്‌ കുടിച്ചുതീർത്ത്‌, ധൃതിയിൽ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ്‌ രൂപ കടം തരാൻ?” പുറത്തിറങ്ങിയ കുമാരൻ സൗമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അർത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട്‌ എന്തുപറയണമെന്നറിയാതെ സഹദേവൻ ഒരു നിമിഷം പരുങ്ങി. രണ്ട്‌ മാസം മുമ്പ്‌ തന്റെ കൈയ്യിൽ നിന്ന്‌ എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും വേഗം തിരിച്ചുതരണമെന്ന കുമാരന്റെ പരോക്ഷമായ ആവശ്യം സഹദേവന്റെ മുഖത്ത്‌ നിസ്സഹായതയുടെ കാർമേഘങ്ങൾ സൃഷ്ടിച്ചു. “കാശില്ല ചേട്ടാ!” സഹദേവന്റെ ജാള്യത കലർന്ന പ്രതികരണം വായുവിൽ പ്രസരിക്കുന്നതിന്‌ മുമ്പേ കുമാരൻ നടന്നുതുടങ്ങിയിരുന്നു, `ഇനിയൊന്നും താൻ പറയണ്ടടോ` എന്ന മട്ടിൽ! “കൈയ്യിലഞ്ച്‌ കാശ്‌ ഒത്തുവന്നാൽ കുമാരേട്ടന്റെ കടം ആദ്യം തീർക്കണം.” സഹദേവൻ നെടുവീർപ്പിട്ടു. പിന്നെ ചായക്കടയിലേക്ക്‌ കയറി.

“ഗോവിന്ദേട്ടാ... ഒരു കട്ടൻ.” ചായക്കടയുടെ അധികം പൊക്കമില്ലാത്ത കൂര തട്ടുമാറ്‌ ഉയർത്തി ചായ അടിക്കുകയായിരുന്ന ഗോവിന്ദൻ നായർ തൂങ്ങിക്കിടന്ന വാഴക്കുലകൾക്കിടയിലൂടെ സഹദേവനെ നോക്കി. “ങാ, സഹദേവാ! നീയിങ്ങ്‌ വന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്‌.” ഗ്ളാസുകൾ താഴെ വച്ച്‌ ഗോവിന്ദൻ സഹദേവനെ നാലഞ്ച്‌ കുലകൾ തൂങ്ങുന്ന ചെറിയ കലവറയിലേക്ക്‌ കൊണ്ടുപോയി.

“ചോദിക്കുന്നതുകൊണ്ട്‌ വിഷമം തോന്നരുത്‌! വേറെ വഴിയില്ലാത്തതുകൊണ്ടാണ്‌. പാലിന്റെ കാശും, പറ്റും ചേർത്ത്‌ എഴുനൂറ്റിയൻപത്‌ രൂപയാണ്‌ തന്റെ അക്കൗണ്ടിലുള്ളത്‌. തന്റെ അവസ്ഥ അറിയാൻ പാടില്ലാത്തതുകൊണ്ടല്ല. നിനക്ക്‌ ശകുന്തളയെ അറിയാല്ലോ! അവൾ എന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. തരാനുള്ള കാശിന്റെ പകുതിയെങ്കിലും കിട്ടാതെ നിന്റെ വീട്ടിൽ പാൽ കൊടുക്കണ്ടെന്ന വാശിയിലാണവൾ. എങ്ങനെയെങ്കിലും കാശ്‌ കൊടുക്കാനുള്ള ഏർപ്പാട്‌ ചെയ്യുന്നതാണ്‌ നമുക്ക്‌ രണ്ടാൾക്കും നല്ലത്‌.” ഗോവിന്ദൻ നായരുടെ വാർദ്ധക്യം ബാധിച്ച കണ്ണുകളിൽ സഹതാപത്തിന്റെ ആർദ്രത സഹദേവന്‌ കാണാമായിരുന്നു. “രണ്ട്‌ ദിവസത്തിനുള്ളിൽ കാശെത്തിക്കാം, ഗോവിന്ദേട്ടാ!” സഹദേവൻ പറഞ്ഞു.

സഹദേവനെ തോളിൽ തട്ടി സമാശ്വസിപ്പിച്ച ശേഷം ഗോവിന്ദൻ നായർ മുറിക്ക്‌ പുറത്തിറങ്ങി. “സാറിവിടെ ഉണ്ടായിരുന്നാ! ഞാൻ കരുതി വല്ല നാടാത്തിപ്പെണ്ണുങ്ങളുടെയും കൂടെ അടുക്കള വാരാൻ പോയിരിക്കൂന്ന്!” മുട്ടൻ പൂവൻപഴത്തിന്റെ കുല തോളിൽ നിന്നിറക്കി ഒരു ഭദ്രകാളിയുടെ ലാഘവത്തോടെ ദൃംഷ്ടകൾ കാട്ടി മുന്നിൽ നിന്നലറുന്ന ശകുന്തളയെ കണ്ട്‌ ഗോവിന്ദൻ നായർ പോലും ഒരു നിമിഷം ഞെട്ടി. “ഹല്ല, ഇതാര്‌.... സഹദേവനാ?” ഗോവിന്ദൻ നായരുടെ പുറകേയെത്തിയ സഹദേവനും ശകുന്തളയുടെ മുന്നിൽ കുടുങ്ങി. “സഹദേവോ... തന്നെ കടയിലെങ്ങും കാണാനേയില്ലല്ലോ! എന്തുപറ്റി?” ശകുന്തള നീട്ടിചോദിച്ചു, പിന്നെ വായിൽ കിടന്നരയുന്ന മുറുക്കാൻ വിജാവിരി ഒടിഞ്ഞ ജാനലയിലൂടെ പുറത്തേക്ക്‌ തുപ്പി. “ഒരു ജോലിയുടെ കാര്യത്തിനായി അൽപ്പം തിരക്കലായിരുന്നു.” “ജ്വാലികളൊക്കെ കിട്ടിക്കഴിഞ്ഞാൽ ഈ പാവങ്ങളെ മറന്നേക്കരുത്‌!” സഹദേവനെ അടിമുടി നോക്കി ശകുന്തള പറഞ്ഞു. അവളുടെ നാവിൽ ഉപ്പും പിളിയും തേയ്ക്കാൻ നിൽക്കാതെ സഹദേവൻ സാവധാനം ചായക്കടയുടെ പുറത്തേയ്ക്ക്‌ വലിഞ്ഞു. കാൽക്കാശിന്‌ ഗതിയില്ലാത്തവന്മാരെയൊക്കെ തന്റെ ചായക്കടയിൽ കയറ്റിപ്പോകരുതെന്നുള്ള ശകുന്തളയുടെ ആജ്ഞാപനം ആ കവലയിലുണ്ടായിരുന്ന സകല ചെവികളിലും കയറിയിറങ്ങി.

എട്ടരയ്ക്കുള്ള വണ്ടിയും പ്രതീക്ഷിച്ച്‌ ആൽത്തറയിൽ നിൽക്കുന്ന യാത്രക്കാരുടെ തിരക്കിനിടയിൽ നിന്ന്‌ സൗദാമിനി സഹദേവന്റെ രണ്ടും കെട്ട വരവ്‌ കണ്ട്‌ പുഞ്ചിരിച്ചു. ചായക്കടയിലെ നടന്ന ചവിട്ടുനാടകത്തിന്റെ തൽസമയ സംപ്രേക്ഷണം സൗദാമിനി കണ്ടുകാണുമോ എന്ന ചളിപ്പ്‌ മറച്ചുപിടിച്ച്‌, പ്രശ്നമൊന്നുമില്ല എന്ന്‌ വരുത്തിത്തീർക്കാൻ പാകത്തിൽ ഒരു ചിരിയും പാസാക്കി, സഹദേവൻ അവളുടെ സമീപത്തേക്ക്‌ നടന്നു.

“ഇന്നൽപ്പം നേരത്തെയാണല്ലോ സൗദാമിനി?”
“നേരത്തെ ചെന്നിട്ട്‌ അൽപ്പം ജോലിയുണ്ടായിരുന്നു.”
“ചില കല്യാണാലോചനകൾ വരുന്നുണ്ടെന്ന്‌ കേട്ടു! ഉള്ളതാണോ?”
“ങാ.. ആലോചനകൾ വരുണുണ്ട്‌.”
“അപ്പോ ഈ ചിങ്ങത്തിന്‌ നല്ലൊരു സദ്യ പ്രതീക്ഷിക്കാം, ല്ലേ?”
“ഒന്നിനും ഇതുവരെ തീരുമാനമായിട്ടില്ല. ജോലി കിട്ടിയതല്ലേയുള്ളൂ. അതൊന്ന്‌ സ്ഥിരമായിക്കഴിഞ്ഞിട്ടേയുള്ളൂ കല്യാണം.”
“സൗദാമിനിയുടെ അച്ഛനല്ലേ കക്ഷി! അദ്ദേഹത്തിന്റെ സ്വഭാവം വച്ച്‌ നോക്കുമ്പോൾ ചിങ്ങം താണ്ടില്ലെന്ന്‌ ഉറപ്പ്‌.”
“ങും. എല്ലാം ഒത്തുവന്നാൽ ആലോചിക്കാം.”

ഇരുവരുടെയും സംഭാഷണത്തിന്‌ പൂർണ്ണവിരാമം നൽകികൊണ്ട്‌ ബസ്‌ എവിടെ നിന്നോയെന്ന പോലെ പാഞ്ഞെത്തി. “സൗദാമിനി ഒരു മിനിറ്റ്‌.” ബസിൽ കയറാൻ തുടങ്ങിയ സൗദാമിനിയെ ഭവ്യമായി സഹദേവൻ പിടിച്ചുനിർത്തി. “കാശുണ്ടെങ്കിൽ ഒരു ഇരുനൂറ്‌ രൂപ കടം തരാമോ? ചോദിക്കാനുള്ള ചമ്മൽ ഒരുവിധം മറച്ചുപിടിച്ച്‌ സഹദേവൻ കേട്ടു. ”അയ്യോ! അത്രയും കാശ്‌ എന്റെ കൈയ്യിൽ ഇപ്പോ ഇല്ലല്ലോ ദേവേട്ടാ!“ ”ഉള്ളത്‌ മതി. ബാക്കി വൈകിട്ട്‌ തന്നാലും മതി.“ കൈയ്യിലുണ്ടായിരുന്ന അൻപതിന്റെ നോട്ട്‌ സഹദേവനെ ഏൽപ്പിച്ച ശേഷം സൗദാമിനി വേഗം ബസിലേക്ക്‌ കയറി. ആൽത്തറയാകെ പുകപടലങ്ങൾ പറത്തി, യാത്രക്കാരുമായി ഓടിയകലുന്ന വാഹനത്തെ സഹദേവൻ ഒരൽപ്പനേരം നോക്കി നിന്നു. പിന്നെ, നോട്ട്‌ മടക്കി പോക്കറ്റിൽ വച്ച്‌ ക്ഷേത്രക്കുളത്തിനരികിലൂടെയുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക്‌ തിരിച്ചു.

“എന്താ സഹദേവാ... ചായകുടിയും പത്രം വായനയും നേരത്തേ കഴിഞ്ഞോ?” - പിന്നിൽ നിന്നുള്ള ചോദ്യം കേട്ട്‌ സഹദേവൻ തിരിഞ്ഞു. മുന്നിൽ നിന്ന്‌ പല്ലിളിക്കുന്ന ജോസഫ്‌ മുതലാളി! “ൻഘാ...” സഹദേവൻ തലകുലുക്കി. “വീട്ടിലേക്കായിരിക്കും?” “അതേ.” - സഹദേവൻ പറഞ്ഞു. “മൂന്ന്‌ മാസത്തെ പലിശ കിട്ടാനുണ്ടെല്ലോ സഹദേവാ! തന്നെയാണെങ്കിൽ ഇപ്പൊ കവലയിലെങ്ങും കാണാറുമില്ല.” “ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.” “ങും... കാശ്‌ റെഡിയാവുമ്പോൾ കടയിൽ ഏൽപ്പിച്ചാൽ മതി. പിന്നെ, ആവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. വീടിന്റെയോ മറ്റോ പ്രമാണം മാത്രം മതി. ഒരു ലക്ഷം വരെ തരാൻ ഈ ജോസഫ്‌ തയാറാണ്‌. എന്നാ ശരി. വൈകിട്ട്‌ കാണാം.” കറുത്ത ബാഗ്‌ കക്ഷത്തിടുക്കി ജോസഫ്‌ മുതലാളി നടന്നകന്നു.

വീട്ടിലെത്തുമ്പോൾ ഉമ്മറം ശൂന്യമായിരുന്നു. “രാധേ...!” കിണറ്റിൽ നിന്ന്‌ വെള്ളം കോരി കൈയ്യും മുഖവും കഴുകുന്നതിനിടയിൽ സഹദേവൻ വിളിച്ചു. “എത്തിയോ... ഇന്നെന്താ ഇത്ര നേരത്തേ?” - സഹദേവന്റെ ഇളയസഹോദരി രാധ പൂമുഖത്ത്‌ മുഖം കാണിച്ചു. ഉണ്ടക്കണ്ണുകളും ചുരുണ്ട മുടിയുമുള്ള, വെളുത്ത്‌ പൊക്കം കുറഞ്ഞ ഒരു പാവാടക്കാരി. “പണം കിട്ടിയോ ചേട്ടാ” “ങും” സഹദേവൻ മൂളി. “കഴിക്കാൻ വല്ലതുമുണ്ടെങ്കിൽ എടുക്ക്‌. എനിക്ക്‌ വിശക്കുന്നു.” ഉടുപ്പ്‌ മാറ്റി അടുക്കളയിലെ അധികം പൊക്കമില്ലാത്ത പലകയിൽ സഹദേവൻ കുത്തിയിരുന്നു. “കഞ്ഞി ആയിട്ടില്ല. പഴങ്കഞ്ഞിയെടുക്കട്ടേ?” “അച്ചാറും കൂടിയെടുത്തോ.” ഇരുളടഞ്ഞ അടുക്കളയിൽ തങ്ങിനിന്ന മൂകതയെ തൊട്ടുനക്കി സഹദേവൻ പഴങ്കഞ്ഞി ആർത്തിയോടെ വാരിക്കഴിച്ചു. ഉപ്പൽപ്പം കുറവായിരുന്നു. എങ്കിലും ഒന്നും ആവശ്യപ്പെട്ടില്ല.

“നിന്റെ കൈയ്യിൽ പണയം വയ്ക്കാൻ വല്ലതുമുണ്ടോ?”പാത്രം രാധയെ ഏൽപ്പിച്ച്‌ സഹദേവൻ തിരക്കി. “ആകെയുണ്ടായിരുന്ന സ്വർണ്ണക്കമ്മൽ നാല്‌ മാസം മുമ്പ്‌ ജോസഫ്‌ മുതലാളിയുടെ പലിശ കൊടുക്കാൻ ഏട്ടൻ തന്നെയല്ലേ വിറ്റത്‌!” രാധയുടെ മറുപടിയിൽ പരിഭവം പ്രസരിച്ചു. “ങും.” എന്തോ ഓർത്തെടുത്തതുപോലെ സഹദേവൻ മൂളി. “അച്ഛനുള്ള കഞ്ഞി റെഡിയായാൽ ആൽത്തറയിൽ കൊണ്ടുവന്നാൽ മതി. ഞാനവിടെ ഉണ്ടാവും. അച്ഛന്റെ കരിമ്പടം എവിടെ?” “ഇതാ... ഞാനും വരട്ടേ ആശുപത്രിവരെ?” രാധയുടെ വൈകിയെത്തിയ ചോദ്യം ഗൗനിക്കാതെ കരിമ്പടം വാങ്ങി സഹദേവൻ ഇറങ്ങി നടന്നു. ശകുന്തളയുടെ ഒച്ചയും ബഹളവും ദൂരെനിന്നേ കേൾക്കാമായിരുന്നതിനാൽ സഹദേവൻ ഗോവിന്ദൻ നായരുടെ ചായക്കടയിലേക്ക്‌ പോകാതെ ആൽത്തറയിൽ തന്നെ ഇരുന്നു, ശങ്കുണ്ണിയമ്മാവനെ കാണാൻ ആൽത്തറയിൽ തന്നെയിരിക്കണം.

“സഹദേവനെന്താ ബസ്‌ കാത്തിരിക്കുകയാണോ?” ജോസഫ്‌ മുതലാളിയുടെ പരുക്കൻ ശബ്ദം! “ഹേയ്‌. അ... അതെ. ശങ്കുണ്ണിയമ്മാവനെ കാണേണ്ടതുണ്ടായിരുന്നു.” സഹദേവന്റെ ശബ്ദം പതറി. “എന്താ പ്രത്യേകിച്ച്‌?” “ഒന്നുമില്ല, വെറുതേ!” “കടം വാങ്ങാനാണെങ്കിൽ ചോദിക്കാതിരിക്കുന്നതാണ്‌ ഭേദം. കിഴവന്റെ കൈയ്യിൽ എവിടുന്നാ കാശ്‌? രാത്രി മുഴുവൻ ഉറക്കമിളച്ച്‌ കാവലിരുന്നാൽ കിട്ടുന്ന നക്കാപ്പിച്ചകൊണ്ട്‌ എന്താവാനാ, ല്ലേ? സഹദേവന്‌ പണത്തിന്റെ ആവശ്യമുണ്ടെങ്കിൽ പറയാൻ മറക്കരുത്‌, കേട്ടോ! കാര്യം ഭംഗിയായി നടക്കണമെങ്കിൽ പലിശ നോക്കാൻ പാടില്ല. പിന്നെ, അച്ഛന്‌ സുഖമില്ലെന്ന്‌ കേട്ടു. എന്താ അസുഖം?” ജോസഫ്‌ മുതലാളി തിരക്കി. “നാലഞ്ച്‌ ദിവസമായി കലശലായ പനി. ഇന്നലെ മുതൽ വയറ്റിളക്കവും ഛർദ്ദിയുമുണ്ട്‌.” “ഏതാശുപത്രിയിലാ കിടത്തിയിരിക്കുന്നേ?” “സർക്കാർ ആശുപത്രിയിൽ.” “ഛേയ്‌... ജീവനിൽ കൊതിയുള്ളവർ ഇക്കാലത്ത്‌ സർക്കാർ ആശുപത്രിയിൽ പോവുമോ? സ്വകാര്യ ആശുപത്രികളാണ്‌ എന്തുകൊണ്ടും ഉത്തമം. ഒന്നുമില്ലെങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ടല്ലോ! കാശൽപ്പം ചെലവാക്കിയാലും വേറെ വല്യ അസുഖങ്ങളുമായി വീട്ടിൽ തിരിച്ചുവരണ്ടല്ലോ!“ ജോസഫ്‌ മുതലാളി വാ തുറന്ന്‌ ഉറക്കെ ചിരിച്ചു. ”ഉച്ചതിരിഞ്ഞ്‌ എനിക്കും സർക്കാർ ആശുപത്രി വരെ ഒന്ന്‌ പോകേണ്ടതുണ്ട്‌. നമ്മുടെ പഴക്കാരി ജാനുവിന്റെ ഓപ്പറേഷന്‌ കുറച്ച്‌ കാശ്‌ കടം ചോദിച്ചിരുന്നു. സാധിക്കുമെങ്കിൽ സഹദേവന്റെ അച്ഛനെയും അവിടെവച്ച്‌ കാണാം, എന്താ? ഇപ്പോ ഞാനൽപ്പം തിരക്കിലാ സഹദേവാ.... വൈകിട്ട്‌ കാണാം.“ സഹദേവന്റെ തോളിൽ തട്ടി ജോസഫ്‌ മുതലാളി അതിവേഗം നടന്നു. നിമിഷങ്ങളെണ്ണി സഹദേവൻ ആൽത്തറയിൽ വീണ്ടും ചടഞ്ഞുകൂടി.

അൽപ്പം വൈകിയാണ്‌ ബസ്‌ എത്തിയത്‌. ”അച്ഛനെങ്ങനെയുണ്ട്‌?“ ബസിറങ്ങിയയുടൻ ശങ്കുണ്ണിയമ്മാവൻ തിരക്കി. ”അസുഖം കലശലാണ്‌. രക്തം പരിശോധിക്കാൻ കൊടുത്തിട്ടുണ്ട്‌. ഉച്ചയോടെ ഫലം വരും.“ ”നീ ആശുപത്രിയിലേക്കാണോ?“ ”അതെ.“ ”എന്നാ നീയീ കാശ്‌ കൈയ്യിൽ വച്ചോളൂ. ആവശ്യം വരും.“ ശങ്കുണ്ണിയമ്മാവൻ നൂറിന്റെ രണ്ട്‌ നോട്ടുകൾ സഹദേവന്റെ നേരെ നീട്ടി. കണ്ണുകൾ നിറഞ്ഞൊഴുകുമോ എന്ന്‌ സഹദേവൻ ഭയന്നു, എങ്കിലും അതുണ്ടായില്ല. ജീവിതവ്യഗ്രതകളുടെ അത്യുഷ്ണത്തിൽ ആ അശ്രുകണങ്ങൾ ഞെടിയിടയിൽ ബാഷ്പമായി കഴിഞ്ഞിരുന്നു. ശങ്കുണ്ണിയമ്മാവനെ കൃതജ്ഞതയോടെ യാത്രയാക്കി ആശുപത്രിയിലേക്കുള്ള ബസും കാത്ത്‌ സഹദേവൻ നിന്നു.

കഞ്ഞിയുമായി സഹദേവൻ ആശുപത്രിക്കുമുന്നിൽ വണ്ടിയിറങ്ങുമ്പോൾ സമയം ഒന്നര കഴിഞ്ഞിരുന്നു. ആശുപത്രി വളപ്പിലെ പുളിമരങ്ങളിൽ നിന്ന്‌ വീണ്‌ കരിയിലകൾ അഴുകിക്കുതിർന്ന കറുത്ത മണ്ണിന്റെ പ്രത്യേക മണം സഹദേവന്റെ നാസാരന്ത്രങ്ങളിലേക്ക്‌ ഇരച്ചുകയറി, ഒപ്പം തൊട്ടടുത്തുള്ള ഡിസ്പെൻസറിയിൽ നിന്നുള്ള മരുന്നിന്റെ കടുത്ത വാസനയും. അഴുക്കും പൊടിയും പിടിച്ച്‌ നിറം മാറിയ ബാൻഡേജുകളുമായി അസംഖ്യം രോഗികൾ അവിടവിടെയുള്ള കെട്ടിടവരാന്തകളിൽ കുത്തിയിരിപ്പുണ്ട്‌. കുഷ്ഠരോഗികൾക്ക്‌ സമാനരായ ചില രോഗികൾ ചെടിച്ചട്ടികളിലും, ഓടകളിലും കാർക്കിച്ച്‌ തുപ്പുന്നു. അവരുടെ കഫത്തിന്റെ നിറം കണ്ട ചിലർ മൂക്കുപൊത്തുന്നു. കൈകളിൽ ആഹാരപദാർത്ഥങ്ങളും മരുന്നുകളുമായി കുട്ടികളും യുവതികളും പരക്കം പായുന്നു. അതിനിടയിൽ കൈകൾ നീട്ടുന്ന ചില ഭിക്ഷക്കാർ, രോഗികൾ.... എങ്ങും അസുഖകരമായ അന്തരീക്ഷം. മനസ്‌ മരവിപ്പിക്കുന്ന കാഴ്ചകൾക്കിടയിലൂടെ സഹദേവൻ അതിവേഗം നടന്ന്‌ ജീർണ്ണത ബാധിച്ച മോർച്ചറിക്ക്‌ മുന്നിലെ ജനറൽ വാർഡിലെത്തി.

“അമ്മാ... വല്ലതും തരണേ?” ദയനീയമായ ഒരു വിളിയാണ്‌ മോർച്ചറിയിലേക്ക്‌ സഹദേവന്റെ ശ്രദ്ധയെ ആകർഷിച്ചത്‌. എല്ലും തോലുമായ ഒരു ശരീരം കൈയ്യിലെ ഓട്ടുപാത്രത്തിലെ ചില്ലറകൾ കിലുക്കി കാൽനടക്കാരുടെ കാരുണ്യത്തിനായി കെഞ്ചുന്നു. അയാൾ അന്ധനായിരുന്നു. അയാളുടെ മുഖത്തെ അഗാധ ഗർത്തങ്ങളിൽ രണ്ട്‌ ഗോളങ്ങൾ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു. കറുത്ത്‌ കരുവാളിച്ച ആ മുഖത്തുനിന്നുള്ള `അമ്മാ` എന്ന ദീനരോദനത്തോടൊപ്പം, അയാളുടെ വായിൽ നിന്ന്‌ തുപ്പൽകണങ്ങൾ ബലക്ഷയം ബാധിച്ച ചുണ്ടുകൾക്കിടയിലൂടെ ചുക്കിച്ചുളിഞ്ഞ നെഞ്ചിലേക്ക്‌ ഇടക്കിടെ കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. അന്ധതയുടെയും അവഗണനയുടെയും പാരമ്യതയിൽ കഴിയുന്ന ഒരു മനുഷ്യൻ! സഹദേവൻ അധികനേരം അവിടെ നിന്നില്ല.

വാർഡിലെ മുപ്പത്തിയഞ്ചാം കിടക്ക തേടിയുള്ള നടപ്പിനിടയിലും അന്ധയാചകന്റെ ദുർഗന്ധം വമിക്കുന്ന ചേഷ്ടകൾ സഹദേവന്റെ മനസിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടല്ല തനൊരു അന്ധനെ കാണുന്നത്‌. എങ്കിലും, പരസ്പരം പങ്കുവയ്ക്കുന്ന ഒരേ അസ്ഥിത്വത്തിന്റെ വകഭേദങ്ങങ്ങളിലെ വൈരുദ്ധ്യങ്ങളിൽ സംതൃപ്തനാകാതെ സഹദേവന്റെ മനസ്‌ മോർച്ചറിക്ക്‌ മുന്നിൽ ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യജീവിക്ക്‌ ചുറ്റും റോന്തുചുറ്റി. ആ ചിന്തകൾക്കിടയിലും, വാർഡിലെ ഇടുങ്ങിയ ചുവരുകൾക്കിടയിൽ അടുക്കടുക്കായി കിടക്കുന്ന രോഗികളുടെ ദീനതകളും കിടക്ക നമ്പറുകളുകളും സഹദേവന്റെ മസ്തിഷ്ക്കത്തിന്റെ മൂലയിലെവിടെയോ അവ്യക്തമായി തെളിയുന്നുണ്ടായിരുന്നു.

അനിവാര്യതകളില്ലാതെ വലിച്ചെറിയപ്പെട്ട ആപേക്ഷികത്വം, മനുഷ്യജന്മം...! അതിന്റെ സ്വാഭാവിക വ്യഗ്രതകളിലും ആത്മസംയമനം പാലിക്കാൻ കെൽപ്പുള്ള മനസുകളിൽ പോലും വെറുപ്പിന്റെയും നിരാശയുടെയും ആഗ്നേയശിലകൾ ചിലപ്പോൾ പുറത്തോട്ട്‌ നിർഗമിക്കാറുണ്ട്‌, പ്രത്യേകിച്ച്‌ ജീവിതത്തിന്റെ എച്ചിൽക്കൂനകളിൽ ഭക്ഷണം തിരയാൻ വിധിക്കപ്പെട്ട ഇത്തരം സഹജീവികളെ കാണുമ്പോൾ! ഇതിനെല്ലാം ആരാണ്‌ ഉത്തരവാദി? അനുവാദം പോലും ചോദിക്കാതെ സൃഷ്ടികർമ്മം എന്ന അവിവേകം കാട്ടിയ ഈശ്വരനോ? അതോ, അവന്റെ അതിശയോക്തി കലർന്ന കെട്ടുകഥകളെ വിശ്വസിച്ച്‌ സ്വന്തം അന്ധന്മാരായി തീർന്ന മനുഷ്യനോ? ഒഴിവാക്കപ്പെടേണ്ടിയിരുന്ന സൃഷ്ടികർമ്മത്തിലെ ന്യൂനതകൾ മനപ്പൂർവ്വം അവഗണിച്ച്‌, സൂഷ്മതയിലെവിടെയോ വിശ്രമം കൊള്ളുന്ന പരബ്രഹ്മത്തിനോട്‌ തോന്നാവുന്ന പുശ്ചവും, അപൂർണ്ണതകൾ കൊണ്ട്‌ വൈകൃതമാക്കിയ പ്രപഞ്ചത്തെ പുനരാവിഷ്ക്കരിക്കാൻ കഴിയാത്തതിലുള്ള കോപവും, സഹദേവന്റെ നടത്തത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു, ഉച്ചനീചത്വങ്ങൾക്ക്‌ നടുവിൽ സ്വയം മല്ലടിച്ച്‌ നശിക്കാൻ സൃഷ്ടജന്തുക്കളെ വലിച്ചെറിഞ്ഞ ശേഷം പിതൃകർമ്മത്തിന്റെ കടമകളിൽ നിന്ന്‌ ഓടി രക്ഷപ്പെട്ട സൃഷ്ടികർത്താവിനെ വകവരുത്താൻ ഇറങ്ങിപ്പുറപ്പെട്ട ഘാതകന്റേതുപോലെ! വാർഡിലെ ചുവരുകളിൽ അങ്ങോളമിങ്ങോളം തൂങ്ങിക്കിടക്കുന്ന ഉഗ്രദേവതകളുടെ ഛായാചിത്രങ്ങൾ ശുഭാബ്ദി വിശ്വാസമെന്ന അന്ധവിശ്വാസത്തിൽ കഴിയുന്ന രോഗികളെ നോക്കി പല്ലിളിക്കുന്നതുപോലെ! ആ ആതുരാരോഗ്യ കേന്ദ്രത്തിലെങ്ങും നിലനിന്നിരുന്ന അശാന്തിയുടെയും നിസഹായതയുടെയും പ്രേതബാധ സഹദേവന്റെ മനസിനെയും ബാധിക്കുകയായിരുന്നു.

“മോനേ സഹദേവാ...” അമ്മയുടെ നീട്ടിയുള്ള വിളിയാണ്‌ സഹദേവനെ പരിസരബോധത്തിലേക്ക്‌ തിരികെയെത്തിച്ചത്‌. ചിന്തയുടെ സുഖകരമായ ആലസ്യത്തിൽ നിന്ന്‌ വിമുക്തനാക്കാൻ മനപ്പുർവ്വം ശ്രമിച്ച്‌ കിടക്കയുടെ അരികിലേക്ക്‌ അയാൾ നടന്നു. കഠിനമായ പനിയും ശാരീരികാരിഷ്ടതകളും മൂലം അച്ഛൻ മൂടിപ്പുതച്ച്‌ കട്ടിലിൽ കിടന്നിരുന്നു. അച്ഛനുള്ള കഞ്ഞിയും കരിമ്പടവും അമ്മയെ ഏൽപ്പിച്ചശേഷം സഹദേവൻ ചുറ്റും കണ്ണോടിച്ചു. നിരയായി അടുക്കിയ നാൽപ്പതോളം കട്ടിലുകൾ, അതിൽ കിടക്കുകയും ഇരിക്കുകയും കുശലം പറയുകയും ചെയ്യുന്ന രോഗികൾ, വിവിധ പ്രായക്കാർ. എല്ലാവരുടെയും മുഖത്ത്‌ “എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്ന്‌ രക്ഷപ്പെടണം” എന്ന ഭാവം. വെള്ളവസ്ത്രം ധരിച്ച ചില നേഴ്സുമാർ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അവരുടെ സാന്നിധ്യത്തിൽ വിറക്കുന്ന കുട്ടികൾ, നല്ലപിള്ള ചമയുന്ന പെണ്ണുങ്ങൾ. ഉറക്കം കെടുത്താൻ കെട്ടിത്തൂക്കിയ വായാടി ഫാനിന്റെ ചുവട്ടിൽ വീശറിയാട്ടിയിരിക്കുന്ന തൈക്കിഴവികൾ. എല്ലാവരുടെ മുഖത്തും പരാതികൾ മാത്രം. പരാതികളോ പരിദേവനങ്ങളോ ഇല്ലാത്ത ഒരു ലോകം നമുക്കെന്നാണ്‌ ഉണ്ടാവുക?

“പണം കിട്ടിയോ മോനേ?” “ങും.” “എന്നാ വേഗം പോയി റിപ്പോർട്ട്‌ വാങ്ങിയിട്ട്‌ വാ. അത്‌ കിട്ടിയിട്ടുവേണം ഡോക്ടറെ ചെന്നുകാണാൻ.” ഒന്നും ഉരിയാടാതെ സഹദേവൻ എഴുന്നേറ്റ്‌ വാർഡിന്‌ വെളിയിലേക്ക്‌ നടന്നു, അപൂർണ്ണതകളുടെ പൂർണ്ണതയായി പുറത്തുകിടക്കുന്ന അന്ധനെ കാണാനിടയാകരുതേ എന്ന പ്രാർത്ഥനയോടെ! വാർഡിന്‌ പുറത്തിറങ്ങുമ്പോൾ മോർച്ചറിക്ക്‌ മുന്നിൽ ഒരാൾക്കൂട്ടം. കാര്യമെന്തെന്നറിയാൻ സഹദേവൻ അങ്ങോട്ട്‌ ചെന്നു. മൂന്ന്‌ ആശുപത്രി ജീവനക്കാർ അന്ധനെ ആട്ടിപ്പുറത്താക്കുന്നതാണ്‌ രംഗം. ആശുപത്രി വളപ്പിൽ ഭിക്ഷക്കാർക്ക്‌ പ്രവേശനമില്ലത്രേ! സംസാരിച്ച്‌ സമയം കളയാൻ നിൽക്കാതെ ജീവനക്കാർ അന്ധനെയും തൂക്കി നടന്നു. ഒടിഞ്ഞുതൂങ്ങിയ ആശുപത്രി ഗേറ്റിന്‌ വെളിയിൽ അയാളെ ഉപേക്ഷിച്ച്‌ അവർ മടങ്ങി. ഉപയോഗരഹിതമായ നേത്രഗോളങ്ങൾ വട്ടംചുറ്റി അന്ധൻ അൽപ്പനേരം മൂകനായി ഇരുന്നു, പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ യാചന പുനരാരംഭിച്ചു. സംഭവത്തിന്റെ വിവിധ ഭാഷ്യങ്ങൾ ചർച്ച ചെയ്തുനിന്ന ആളുകൾ സാവധാനം അവരവരുടെ പണിനോക്കി പിരിഞ്ഞു, ഒപ്പം സഹദേവനും.

തൊട്ടടുത്തുള്ള ക്ളിനിക്കിൽ നിന്ന്‌ രക്തവും മറ്റും പരിശോധിച്ച റിപ്പോർട്ടുമായി മടങ്ങുംവഴിയാണ്‌ സഹദേവൻ അന്ധനെ വീണ്ടും ഗൗനിക്കുന്നത്‌. ഒരിഞ്ച്‌ പോലും വ്യതിചലിക്കാതെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ണും കാഴ്ചയുമുള്ള ഒരു ശരാശരി മനുഷ്യൻ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക പീഡനങ്ങൾ പോലും അസഹനീയമാണെന്നിരിക്കേ, ശാരീരിക വൈകല്യങ്ങളോടെ ഇയാൾക്കെങ്ങനെ മുന്നോട്ടുപോകാൻ സാധിക്കുന്നുവെന്ന ചോദ്യം സഹദേവനിൽ അത്ഭുതവും സഹതാപവും ഉളവാക്കി. തന്നാലാവുന്ന എന്തെങ്കിലും സഹായം അയാൾക്ക്‌ ചെയ്യണമെന്ന്‌ സഹദേവന്റെ മനസ്‌ മന്ത്രിച്ചു. ആശുപത്രിക്കുള്ളിലേക്ക്‌ കയറുംവഴി കൈയ്യിലുണ്ടായിരുന്ന നാണയത്തുട്ട്‌ സഹദേവൻ അയാളുടെ ഭിക്ഷാപാത്രത്തിലേക്ക്‌ ഇട്ടുകൊടുത്തു. ഭാരമുള്ള തുട്ടിന്റെ വീഴ്ചാസ്വരത്തിൽ നാണയമൂല്യം മനസിലാക്കിയ അന്ധൻ നന്ദിയോടെ കൈകൾ കൂപ്പി. “നന്ദി സാറേ.” ഒരായുസ്സിന്റെ മുഴുവൻ കൃതജ്ഞത അയാളുടെ മുഖത്ത്‌ തെളിഞ്ഞു. ഇല്ലായ്മകളുടെ മരുഭൂമിയിലായിരുന്നിട്ട്‌ കൂടി ദുരിതമനുഭവിക്കുന്ന ഒരാളെ സഹായിക്കാൻ സാധിച്ചതിൽ സഹദേവന്‌ അഭിമാനവും സംതൃപ്തിയും തോന്നി. അന്ധന്റെ “നന്ദി സാറേ” എന്ന കൃതജ്ഞതാ വചസുകൾ സഹദേവന്റെ ചെവിയിൽ മാറ്റൊലി കൊണ്ടു.

റിപ്പോർട്ടുമായി വാർഡിലെത്തുമ്പോൾ അച്ഛൻ കഞ്ഞി കുടിച്ച്‌ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഉന്മേഷം അച്ഛന്റെ മുഖത്ത്‌ കാണാം. “റിപ്പോർട്ടിൽ വല്ല പ്രശ്നവുമുണ്ടോ മോനേ?” പാത്രവും സ്പൂണും കഴുകി കമിഴ്ത്തുന്ന കൂട്ടത്തിൽ അമ്മ തിരക്കി. “ഡോക്ടറെ കണ്ടാലേ എന്തെങ്കിലും പറയാനൊക്കൂ.” സഹദേവൻ പറഞ്ഞു. “എനിക്ക്‌ ഒരു പ്രശ്നവുമില്ലന്നേ! കഞ്ഞി കുടിച്ചതോടെ എന്റെ പകുതി അസുഖവും മാറി. രാധ മോളെ കൊണ്ടുവരാത്തതെന്താ? അവളെ കണ്ടാൽ എന്റെ ഉള്ള അസുഖവും മാറും.” അച്ഛൻ ഉത്സാഹത്തോടെ പറഞ്ഞു. “ജോസഫ്‌ മുതലാളി കൊടുക്കാനുള്ള കാശിനെ കുറിച്ച്‌ രണ്ടുതവണ സൂചിപ്പിച്ചു.” സഹദേവൻ ഗൗരവത്തോടെ അറിയിച്ചു. അച്ചുവാശാരിയുടെ മുഖം പെട്ടെന്ന്‌ കനത്തു. “എല്ലാ കടവും തീർത്തിട്ട്‌ കണ്ണടച്ചാൽ മതിയായിരുന്നു.” “എന്തൊക്കെ വേണ്ടാധീനങ്ങളാണ്‌ നിങ്ങളീ പറയുന്നത്‌. സഹദേവന്‌ നല്ലൊരു ജോലി കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരില്ലേ!” സഹദേവന്റെ അമ്മ ഇടയ്ക്കുകയറി. സുദീർഘമായ നെടുവീർപ്പോടെ അച്ചുവാശാരി കട്ടിലിലേക്ക്‌ ചാരി. “ദേ.. നിങ്ങളീ ഓരോ കാര്യങ്ങൾ ആലോചിച്ച്‌ ചടഞ്ഞുകൂടി കിടക്കുന്നതുകൊണ്ടാ അസുഖം കൂടുന്നത്‌. ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെങ്കിൽ ആ വരാന്തയിൽ പോയി രണ്ടാളും അൽപ്പം ശുദ്ധവായു ശ്വസിച്ചിട്ട്‌ വാ! ആ സമയം കൊണ്ട്‌ ഞാൻ ഡോക്ടറെ കണ്ടിട്ട്‌ വരാം.“ അമ്മ നിർദ്ദേശിച്ചു. അൽപ്പനേരം ആലോചിച്ചിരുന്ന ശേഷം കൈലി നന്നായുടുത്ത്‌ അച്ചുവാശാരി മകന്റെ തോളിൽ പിടിച്ച്‌ വരാന്തയിലേക്ക്‌ നടന്നു.

”സഹദേവാ... അച്ഛനോട്‌ എപ്പോഴെങ്കിലും വെറുപ്പ്‌ തോന്നിയിട്ടുണ്ടോ, നിനക്ക്‌?“ അൽപ്പനേരം നീണ്ടുനിന്ന മൗനം ഭേദിച്ച്‌ സഹദേവന്റെ തോളിൽ വിരലമർത്തി അച്ചുവാശാരി ചോദിച്ചു. ”ഉണ്ട്‌“ എന്നുപറയാനുള്ള സന്ദർഭവും സാഹചര്യം അല്ലാത്തതിനാൽ സഹദേവൻ അച്ഛനെ സസൂക്ഷ്മം നോക്കി. ”വെ... വെറുപ്പോ, എന്തിന്‌?“ സഹദേവന്റെ ശബ്ദം തൊണ്ടയിൽ തഞ്ഞ്. ”മക്കൾക്ക്‌ ദുരിതങ്ങളല്ലാതെ മറ്റൊന്നും കരുതി വയ്ക്കാത്ത, ശപിക്കപ്പെട്ട ഒരച്ഛൻ!“ അച്ചുവാശാരി വിങ്ങി. ”പാവം നിന്റെ അമ്മ. ഞാനവളെ വിവാഹം കഴിക്കാതിരുന്നെങ്കിൽ, നിങ്ങളെന്റെ മക്കളായി ജനിക്കാതിരുന്നെങ്കിൽ, ഒരു പക്ഷേ മെച്ചപ്പെട്ടൊരു ജീവിതം നിങ്ങൾക്ക്‌ ലഭിക്കുമായിരുന്നു.“ അച്ചന്റെ ജൽപ്പനങ്ങളിൽ പ്രതികരിക്കാൻ കഴിയാതെ സഹദേവൻ വിഷണ്ണനായി. എങ്കിലും, അച്ഛൻ പറഞ്ഞത്‌ ശരിയാണ്‌, നൂറുശതമാനവും. ജനിക്കാതിരുന്നെങ്കിൽ, അന്ധകാരത്തിന്റെ അബോധ മണ്ഡലങ്ങളിലെവിടെയെങ്കിലും സ്വസ്ഥമായി കഴിയാൻ സാധിക്കുമായിരുന്നു. നശ്വരമായ മാംസപേശികൾക്കുള്ളിൽ ബന്ധനസ്ഥനാകാതിരുന്നെങ്കിൽ, പ്രപഞ്ചത്തിലെ ഈശ്വര സാന്നിധ്യമില്ലാത്ത ഒരു കോണിൽ ഒളിച്ചുകഴിയാമായിരുന്നു, വൈവിധ്യമെന്ന്‌ പ്രഘോഷിക്കപ്പെടുന്ന പ്രാപഞ്ചിക സൃഷ്ടിയിൽ ഭാഗുഭാക്കാവാതെ! ജനിച്ച നിലയ്ക്ക്‌, മരണമെന്ന അനിവാര്യത പുൽകുംവരെ ജീവിച്ചല്ലേ പറ്റൂ... സഹദേവൻ മൗനമായി മന്ത്രിച്ചു.

അൽപ്പനേരത്തെ മൗനവാദപ്രതിവാദങ്ങൾക്ക്‌ ശേഷം അച്ചുവാശാരി മകന്റെ തോളിൽ നിന്ന്‌ കൈയ്യെടുത്തു. പിന്നെ, കുപ്പായത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു മോതിരമെടുത്ത്‌ അച്ചുവാശാരി സഹദേവന്റെ നേരെ നീട്ടി. മോതിരത്തിന്റെ കല്ല്‌ എങ്ങനെയോ ഇളകിപ്പോയിരുന്നു. വർഷങ്ങൾക്ക്‌ മുമ്പ്‌, വേലുപ്പിള്ള വൈദ്യർ അച്ചന്‌ ജപിച്ചുനൽകിയ വെള്ളിമോതിരമാണതെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ സഹദേവൻ തിരിച്ചറിഞ്ഞു. അന്ന്‌ താൻ സ്കൂളിൽ പഠിക്കുന്ന സമയം. ഉത്തരത്തിന്റെ പണിയിലായിരുന്ന അച്ചൻ ഏണിയിൽ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ കിടക്കുമ്പോൾ വൈദ്യർ നിർദ്ദേശിച്ച രക്ഷാമാർഗമാണ്‌ ആ മോതിരം. അത്‌ അണിഞ്ഞ ശേഷമാണ്‌ അച്ഛന്‌ അത്ഭുതകരമായ മാറ്റം ഉണ്ടായതായും രണ്ട്‌ മാസത്തിനുള്ളിൽ എഴുന്നേൽക്കാൻ കഴിഞ്ഞതും. അച്ഛന്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തു ഉടഞ്ഞതിലും, തന്നെ ഏൽപ്പിച്ചതിലും സഹദേവന്‌ അത്ഭുതം തോന്നി. സഹദേവൻ അച്ഛന്റെ കണ്ണുകളിലേക്ക്‌ നോക്കി.

“വേലുപ്പിള്ള വൈദ്യൻ മരിച്ചു, രണ്ട്‌ വർഷം മുമ്പ്‌! അദ്ദേഹത്തിന്റെ മകനെക്കൊണ്ട്‌ നീ പുതിയൊരു മോതിരം ജപിച്ചുവാങ്ങണം, നാളെ തന്നെ!“ അച്ഛന്റെ ശബ്ദത്തിൽ അശാന്തിയുടെയും ഭയത്തിന്റെയും മണൽക്കാറ്റുവീശുന്നത്‌ സഹദേവന്‌ കേൾക്കാമായിരുന്നു. ഒരുപക്ഷേ, തന്റെ ഇന്നത്തെ ദീനതകൾക്ക്‌ കാരണം ഈ മോതിരം ഉടഞ്ഞതിനാലാകും എന്ന സംശയം അച്ഛന്‌ ഉണ്ടായിരിക്കാം. ചവുട്ടിനിൽക്കാൻ ആകെയുണ്ടായിരുന്ന ചാളത്തടിയും തെന്നിമാറുന്നതുകാണുമ്പോൾ ഇത്തരം ഭയപ്പാടുകൾ സ്വാഭാവികം. ജീവിതത്തിന്റെ പ്രതാപവും പ്രശാന്തതയും ഇന്നല്ലെങ്കിൽ നാളെ തകർന്നുപോകാനിടയുള്ള ചില മോതിരങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന്‌ സഹദേവന്‌ തോന്നി. അജ്ഞതയിൽ നിന്ന്‌ പിച്ചവച്ച്‌ നടക്കാൻ ആരംഭിക്കുന്ന മനുഷ്യൻ വിവിധ ഘട്ടങ്ങളിൽ നിരവധി മോതിരങ്ങൾക്ക്‌ സ്വന്തക്കാരനാവുന്നു. ഒന്ന്‌ തകരുമ്പോൾ മറ്റൊന്ന്‌! ചിലർക്ക്‌ ചില പ്രത്യയ ശാസ്ത്രങ്ങൾ ആശ്വാസമാവുന്നു. ചിലർക്ക്‌ മതം, ഈശ്വരൻ! മറ്റ്‌ ചിലർക്ക്‌ ധനം, പ്രശസ്തി! സ്വന്തം അസ്ഥിത്വത്തിന്റെ ചുമടുതാങ്ങിയാണെന്ന്‌ കരുതി സ്വയം സമാശ്വസിച്ചിരിക്കുമ്പോൾ, ഒരു സുപ്രഭാതത്തിൽ ഹൃദയവിഗ്രഹങ്ങൾ കളിമണ്ണുപോലെ തകർന്നുവീഴുന്നു. ആ വീഴ്ചയുടെ ആഘാതത്തെ ഉൾക്കൊള്ളാൻ കഴിയാതെ വൈരുദ്ധ്യദിശകളിലേക്ക്‌ പ്രയാണമാരംഭിക്കുന്നവർ എത്രയോ പേർ. ചിലർ നിരീശ്വരവാദികളാവുന്നു. ചിലർ സന്ന്യാസികൾ. മറ്റു ചിലർ മദ്യപാനികൾ, തത്വജ്ഞാനികൾ, വ്യഭിചാരികൾ...! ഇതൊക്കെയാണ്‌ ഈ നാടകത്തിന്റെ ആകെ തുക. ഇവിടെ ഒന്നിനും പരിസമാപ്തികളില്ല. അച്ഛന്റെ അത്ഭുത മോതിരം ആദ്യമായി കൈയ്യിൽ കിട്ടിയതിലുള്ള ജിജ്ഞാസയോടും ഭയഭക്തിയോടും കൂടി സഹദേവൻ അതിനെ തിരിച്ചും മറിച്ചും നോക്കി. പിന്നെ ഭദ്രമായി പോക്കറ്റിൽ നിക്ഷേപിച്ചു.

അച്ഛനെയും കൂട്ടി വാർഡിന്റെ പുറത്തിറങ്ങുമ്പോൾ സഹദേവൻ കാണുന്നത്‌ മോർച്ചറിയുടെ മുന്നിൽ വീണ്ടും ഭിക്ഷയ്ക്ക്‌ വന്നിരിക്കുന്ന അന്ധനെയാണ്‌. “ഇയാൾ വീണ്ടുമെത്തിയോ?” സഹദേവൻ അത്ഭുതം പൂണ്ടു. ?നിന്റെ കൈയ്യിൽ കാശ്‌ വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ ആ ഭിക്ഷക്കാരന്‌ എന്തെങ്കിൽ കൊടുക്കൂ.“ അച്ഛന്റെ അഭ്യർത്ഥന കേട്ട്‌ സഹദേവൻ പോക്കറ്റ്‌ തപ്പി. അത്ഭുതസിദ്ധി നഷ്ടപ്പെട്ട മോതിരത്തിന്റെ കൂട്ടത്തിൽ അവശേഷിച്ച്‌ ഒരുരൂപ നാണയം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്ക്‌ സഹദേവൻ ഇട്ടുകൊടുത്തു. ഏറെ സമയത്തിന്‌ ശേഷം നാണയത്തുട്ട്‌ ലഭിച്ച സന്തോഷത്തിൽ അന്ധൻ നിരയില്ലാത്ത പല്ലുകൾ കാട്ടി. ”നന്ദി സാറേ.“ അയാൾ കൃതജ്ഞത ആവർത്തിച്ചു.

”വാ... നമുക്കൽപ്പം നടന്നിട്ട്‌ വരാം.“ സഹദേവനെയും കൂട്ടി അച്ചുവാശാരി ആശുപത്രി ഗേറ്റിലേക്കുള്ള വഴിയേ നടന്നു. ”എന്തെങ്കിലും കുടിക്കുന്നോ അച്ഛാ?“ സഹദേവൻ തിരക്കി. ”ഒരു ചായ ആവാം.“ സഹദേവൻ റോഡിനരികിലുള്ള കടയിൽ രണ്ട്‌ ചായയ്ക്ക്‌ ഓർഡർ കൊടുത്തു. ”അച്ചന്‌ ക്ഷീണം തോന്നുന്നുണ്ടോ?“ ”ങും. അൽപ്പനേരം കിടന്നാൽ കൊള്ളാമെന്നുണ്ട്‌.“ ചായ വേഗം തരണമെന്ന്‌ കടക്കാരന്‌ നിർദ്ദേശം നൽകിയശേഷം സഹദേവൻ അവിടെ കിടന്ന ഫൈബർ സ്റ്റൂളിൽ അച്ഛനെ ഇരുത്തി. ഓരോ തവണയും ചായഗ്ളാസ്‌ ചുണ്ടോടടുപ്പിക്കുമ്പോഴും സഹദേവൻ അച്ഛനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജീവിതത്തിൽ ഒന്നും നേടാൻ കഴിയാത്തതിലുള്ള ദുഃഖവും നിരാശയും അച്ഛനെ വല്ലാതെ അലട്ടുന്നതായി സഹദേവന്‌ തോന്നി. ചായയുടെ കാശ്‌ കൊടുത്ത്‌ ഇരുവരും ഇറങ്ങിനടന്നു, പരസ്പരം ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ.
വാർഡിൽ തിരികെയെത്തുമ്പോൾ അമ്മ തൊട്ടടുത്തുള്ള രോഗിയുമായി സംസാരിച്ചിരിക്കുന്നു. ”ഡോക്ടർ എന്തുപറഞ്ഞു?“ സഹദേവൻ തിരക്കി. ”കാര്യമായ പ്രശ്നം ഒന്നുമില്ലെന്നാണ്‌ ഡോക്ടർ പറയുന്നത്‌. ഒന്നുരണ്ട്‌ ടെസ്റ്റുകൾ കൂടി ചെയ്യണം പോലും. അതുവരെ അച്ഛൻ ഇവിടെ കിടക്കട്ടെന്ന്‌.“ അമ്മയുടെ വാക്കുകളിൽ പണമില്ലാത്തവന്റെ വ്യാകുലത നന്നായി പ്രതിഫലിച്ചു. അച്ഛന്റെ കൈക്ക്‌ പിടിച്ച്‌ അമ്മ അച്ഛനെ കട്ടിലിൽ ഇരുത്തി. ”എന്തോ ഒരസ്വസ്ഥത പോലെ.“ അച്ചുവാശാരി പറഞ്ഞു. ”അൽപ്പസമയം കിടന്നാൽ മതി. എല്ലാം മാറും.“ അമ്മ അദ്ദേഹത്തെ കട്ടിലിൽ കിടത്തി പുതപ്പ്‌ നെഞ്ചുവരെ മൂടി. വീശറികൊണ്ട്‌ വീശി അമ്മയും അവിടെയിരുന്നു. അച്ഛൻ സാവധാനം മയക്കത്തിലേക്ക്‌ വീഴുന്നുണ്ടെന്ന്‌ മനസിലാക്കി സഹദേവൻ വാർഡിന്റെ വെളിയിലേക്ക്‌ നടന്നു.

മോർച്ചറിയുടെ കൂരയെ തൊടാൻ കൈനീട്ടുന്ന സായാഹ്ന സൂര്യന്റെ രശ്മികൾക്ക്‌ ചൂട്‌ നന്നേ കുറവായിരുന്നു. ആ രശ്മിയിൽ സഹദേവന്റെ മുഖവും പ്രകാശിച്ചു. മോർച്ചറിയുടെ നിഴലിൻ കീഴിൽ യാചനാഭേരികൾ മുഴക്കി അന്ധൻ അവിടെ തന്നെ ഉണ്ടായിരുന്നു. വിധിയെന്നോ, കർമ്മഫലമെന്നോ ന്യായീകരിക്കാവുന്ന അയാളുടെ അന്ധതയുടെ മേൽ സഹദേവന്‌ അതൃപ്തി തോന്നി. ഈശ്വരന്റെ ലീലാവിലാസങ്ങൾ മഹിമകളായി പ്രകീർത്തിക്കപ്പെടുമ്പോൾ, അതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ അനുഭവിച്ചു തീർക്കുന്നത്‌ ഓരോ മനുഷ്യനുമാണ്‌. ഈശ്വരന്‌ ഭയമായിരുന്നു, തന്നേക്കാൾ പ്രതാപശാലിയായി മനുഷ്യൻ വളർന്നേക്കുമെന്ന്‌. അല്ലായിരുന്നെങ്കിൽ, താൽക്കലിക ഏദൻ തോട്ടങ്ങൾ നൽകി കബളിപ്പിച്ച്‌ നിത്യമായ യാതനകളിൽ അവൻ മനുഷ്യനെ അടിച്ചമർത്തുകയില്ലായിരുന്നു, ജീവിതപീഡകളെ കുറിച്ചുള്ള വ്യാകുലതകൾ ക്രമമായ ഇടവേളകൾ നൽകി അവനെ മുരടിപ്പിക്കുകയില്ലായിരുന്നു, സത്യത്തിനും മനുഷ്യനേത്രത്തിനുമിടയിൽ പുകമറകൾ സൃഷ്ടിക്കുകയില്ലായിരുന്നു. കഴിവുറ്റ ദൈവം നിസംഗത പാലിക്കുന്നുന്നതിന്റെ അർത്ഥവും ഇതുതന്നെയല്ലേ? അല്ലായിരുന്നെങ്കിൽ, പക്ഷാഭേദങ്ങൾ വെടിഞ്ഞ്‌ എല്ലാ ജനവിഭാഗങ്ങളെയും അവൻ സമൃദ്ധിയുടെ മകുടം ചാർത്തുമായിരുന്നു. ഈശ്വരൻ പോലും കൈവിടപ്പെട്ട അന്ധനും, ദരിദ്രനും മരണമെന്ന അനിവാര്യതയല്ലാതെ എന്താണ്‌ അഭികാമ്യമായിട്ടുള്ളത്‌? ജനതകൾക്കിടയിൽ എന്നും ആരാധിക്കപ്പെടാൻ സ്വന്തം ശക്തികളെ ദുർവിനിയോഗം ചെയ്ത്‌ മാനവനെ ദുർബലനാക്കുന്ന ഈശ്വരൻ മറഞ്ഞിരുന്ന ആത്മീയ ശത്രുവാണ്‌. സഹദേവന്റെ ശ്വസോച്ഛ്വാസത്തിന്റെ വേഗത വീണ്ടും കൂടി. അതിനെ നിയന്ത്രിക്കാൻ അസ്തമയ സൂര്യന്റെ കളങ്കമറ്റ വികിരണങ്ങൾ ഏറ്റുവാങ്ങി സഹദേവൻ അവിടെ ഇരുന്നു.

വാർഡിനുള്ളിലെ അപ്രതീക്ഷിത ബഹളം കേട്ടാണ്‌ സഹദേവൻ ചിന്തയിൽ നിന്നുണർന്നത്‌. വാർഡിന്റെ പലഭാഗങ്ങളിൽ നിന്നു ആളുകൾ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു, കാര്യമെന്തെന്നറിയാതെ ചിലർ പിറുപിറുക്കുന്നു. സഹദേവൻ വാർഡിനുള്ളിൽ ആകാംശയോടെ പ്രവേശിച്ചു. മുപ്പത്തിയഞ്ചാം കിടക്കയ്ക്ക്‌ മുന്നിലെ ആൾക്കൂട്ടം കണ്ട്‌ അയാൾ അമ്പരന്നു. “അച്ഛാ...” ആളുകളെ തള്ളിമാറ്റി സഹദേവൻ കട്ടിലിനരികിലേക്ക്‌ ഓടിയെത്തി. വിയർപ്പുകുമിളകൾ നിറഞ്ഞ്‌ ചലനമറ്റ്‌ കിടക്കുന്ന അച്ഛന്റെ നെഞ്ചിൽ തലയിടിച്ച്‌ കരയുന്ന അമ്മയെ കണ്ട്‌ സഹദേവൻ തരിച്ചുനിന്നു.

തന്നെ ദ്വേഷിക്കുന്നവരോടും ചോദ്യംചെയ്യുന്നവരോടും ഈശ്വരൻ പക തീർക്കുന്നത്‌ ഇങ്ങനെയാണ്‌! നേർക്കുനേർ യുദ്ധം ചെയ്യാൻ കെൽപ്പില്ലാത്ത ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന്‌ ആക്രമിക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഇരയെ മാനസികമായി തളയ്ക്കാനും ഈശ്വരൻ ബഹുമിടുക്കനാണ്‌. അല്ലായിരുന്നെങ്കിൽ, തന്നോടുള്ള പ്രതികാരം തീർക്കാൻ അച്ഛന്റെ ജീവൻ തട്ടിപ്പറിക്കുമായിരുന്നോ? നിരന്തമായ പീഡനങ്ങൾക്കൊടുവിലും കീഴടങ്ങാൻ തയാറാകാത്ത മനുഷ്യാത്മക്കളെ തളയ്ക്കാനുള്ള ഈശ്വരന്റെ അവസാന അടവാണിത്‌, രക്തബന്ധങ്ങളെ പിഴുതെറിയുക, അവരെ പീഡിപ്പിക്കുക. ഈശ്വരന്റെ അനീതികളെ ഒരു ഉളുപ്പുമില്ലാത്ത ന്യായീകരിക്കുന്ന മനുഷ്യസത്വങ്ങളും അവന്റെ മരണകിങ്കരന്മാരാണ്‌. ഈശ്വരന്റെ അസാന്നിധ്യമല്ല, സാന്നിധ്യമാണ്‌ നമ്മുടെ ഏറ്റവും വലിയ ശാപം.

അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സഹദേവനൊടൊപ്പം ജോസഫ്‌ മുതലാളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. പനമ്പായിൽ കെട്ടിയ മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത്‌ ആംബുലൻസിൽ കിടത്തിയതും അദ്ദേഹമായിരുന്നു. ഓർക്കാപ്പുറത്ത്‌ ഏൽക്കേണ്ടിവന്ന വിധിയുടെ ക്രൂരമായ പ്രഹരത്തിൽ വിവശയായി അമ്മ ആ മോർച്ചറിയുടെ വലിയ തൂണിൽ ചാരിയിരുന്ന്‌ കരയുന്നുണ്ട്‌. കാർമ്മിക നിയമങ്ങളുടെ തലയിൽ പഴിചാരി സ്വയം രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്ന ദേവഗണങ്ങളെ ശകാരിച്ചും പുശ്ചിച്ചും സഹദേവൻ നിശ്ചലനായി അവിടെ നിന്നു, ഒരിറ്റ്‌ കണ്ണീർപ്പോലും വാർക്കാതെ. “അമ്മാ... വല്ലതും തരണേ...” തൊട്ടടുത്തിരിക്കുന്ന അന്ധയാചകന്റെ തുടർച്ചയായ യാചനകൾ സഹദേവന്‌ ദുസഹമായി അനുഭവപ്പെട്ടു. ആരും രക്ഷിക്കാനില്ലാത്ത ഈ ലൗകീക തടവറയിൽ നിന്ന്‌ ആത്യന്തികമായ മോചനം ആഗ്രഹിക്കാതെ, നിത്യവൃത്തിയ്ക്കായി ഭിക്ഷ തെണ്ടുന്ന യാചകന്റെ നിലനിൽപ്പിനോട്‌ സഹദേവന്‌ പുശ്ചം തോന്നി. ഇയാൾക്കെന്തിനാണ്‌ ഇങ്ങനെയൊരു ജീവിതം? “മരിക്കുന്നതാണ്‌ ഇതിനെക്കാൾ നല്ലത്‌.” ജീവിതത്തോടുള്ള അമിത കാമമോ ഭയമോ മൂലം ഇത്രയും തരംതാഴാൻ പാടില്ല.

മരണം മണക്കുന്ന ആശുപത്രി അന്തരീക്ഷത്തിൽ നിന്ന്‌ അച്ഛന്റെ മരവിച്ച മൃതദേഹവുമായി വിടവാങ്ങും മുമ്പ്‌ സഹദേവൻ ആ അന്ധനെ അവസാനമായി ഒരിക്കൽ കൂടി നോക്കി. പാവം മനുഷ്യൻ! “സത്യത്തിൽ, അയാൾക്ക്‌ എന്തുചെയ്യാൻ കഴിയും?” നശ്വരമായ നാണയങ്ങൾക്ക്‌ പകരം ആത്യന്തിക സമാധാനം പ്രദാനം ചെയ്യുന്ന എന്തെങ്കിലും അയാൾക്ക്‌ നൽകണമെന്ന്‌ സഹദേവന്‌ തോന്നി. അച്ഛന്റെ ജീവൻ പറിച്ച മോതിരമല്ലാതെ സഹദേവന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. പോക്കറ്റിൽ നിന്ന്‌ മോതിരമെടുത്ത്‌ സഹദേവൻ ഒരു നിമിഷം നോക്കി. ഒരുപക്ഷേ, ഇതാവും ഈ അന്ധന്‌ നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ ഭിക്ഷ, ആർക്കും അഭിലഷിക്കാവുന്ന ആത്യന്തികമായ സുഖനിദ്ര! കൂടുതൽ ഒന്നും ആലോചിക്കാത സഹദേവൻ ആ മോതിരം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്കിട്ടു. “ക്ണിം...” പാത്രത്തിൽ വീണ വെള്ളിമോതിരത്തിന്റെ ധ്വനിയിൽ അന്ധയാചകന്റെ കണ്ണുകൾ വീണ്ടും കൃതാർത്ഥമായി. “നന്ദി സാറേ.” അന്ധന്റെ പതിവ്‌ വികാരപ്രകടനങ്ങൾ എത്തുന്നതിന്‌ മുമ്പേ ആംബുലൻസ്‌ മുന്നോട്ട്‌ ചലിച്ചുതുടങ്ങിയിരുന്നു.

No comments:

Post a Comment